Devi

Devi

Monday, October 30, 2017

ദിവസം 299 ശ്രീമദ്‌ ദേവീഭാഗവതം. 11.14.ഭസ്മമാഹാത്മ്യ കീർത്തനം

ദിവസം 299   ശ്രീമദ്‌ ദേവീഭാഗവതം. 11.14. ഭസ്മമാഹാത്മ്യ കീർത്തനം

ഭസ്മ ദിഗ്ദ്ധ ശരീരായയോ ദദാതി ധനം മുദാ
തസ്യ സർവാണി പാപാ നി വിനശ്യന്തി ന സംശയ:
ശ്രുതയ: സ്മൃതയ: സർവാ: പുരാണാന്യഖിലാന്യപി
വദന്തിഭൂതി മാഹാത്മ്യം തസ്മാത്തദ്ധാരയേദ്വിജ:

ശ്രീ നാരായണൻ പറഞ്ഞു: വിഭൂതി ധരിച്ചവന് ആരാണോ സന്തോഷത്തോടെ ധനം കൊടുക്കുന്നത്, തീർച്ചയായും അവന്റെ പാപങ്ങൾ എല്ലാം നശിക്കും. ശ്രുതിസ്മൃതികൾ വാഴ്ത്തുന്ന മഹനീയമായ ഭസ്മധാരണം ബ്രാഹ്മണർ മുടക്കം കൂടാതെ നിത്യവും ചെയ്യേണ്ടതാണ്. മൂവന്തികളിലും ശുഭ്രമായ വെൺചാരം കൊണ്ട് നെറ്റിയിൽ മൂന്നു കുറിയിടുന്നവൻ എല്ലായിടത്തും പൂജിതനാവും. അവന് ശിവലോകത്ത് ഉത്തമമായ ഒരിടവും ലഭിക്കും.

മൂന്നു സന്ധ്യകളിലും ആപാദചൂഡം ഭസ്മം പൂശുന്നവന് സിദ്ധികൾ സ്വായത്തമാവും. അവൻ അതിനാൽത്തന്നെ തന്റെ വംശത്തെ ഉദ്ധരിക്കും. ഭസ്മസ്നാനം ജലസ്നാനത്തേക്കാൾ പല മടങ്ങ് ഗുണമുള്ളതാണ്. സർവ്വ ജലതീർത്ഥങ്ങളിലും സ്നാനം ചെയ്തതിന്റെ ഫലം ഭസ്മസ്നാനം ഒന്നുകൊണ്ട് ലഭ്യമാണ്. കാട്ടുതീയെങ്ങിനെ കാടിനെ കത്തിച്ചു ചാമ്പലാക്കുന്നുവോ അപ്രകാരം ഭസ്മസ്നാനം ചെയ്യുന്നവന്റെ മഹാപാപങ്ങൾ പോലും എരിഞ്ഞടങ്ങുന്നു.

ഭസ്മസ്നാനത്തേക്കാൾ മഹത്തായ മറ്റൊരു സ്നാനമില്ലെന്ന് പരമശിവൻ അരുളിച്ചെയ്തിട്ടുണ്ട്. ആദ്യമായി മഹാദേവനാണ് ഭസ്മസ്നാനം ആരംഭിച്ചത്.പിന്നീട് മറ്റ് ദേവൻമാരും മുനികളും അത് ആചാരമായി തുടർന്നു വന്നു. ആഗ്നേയമായ ശിരോസ്നാനം ആചരിക്കുന്നവൻ ജീവൻമുക്തനായ രുദ്രന് തുല്യനാകുന്നു. ഭസ്മധാരിയെക്കണ്ട് തുഷ്ടരാവുന്നവർ ദേവൻമാർക്കുപോലും പൂജിതരാണ്. സർവ്വാംഗം വിഭൂതി പൂശിയവനെക്കണ്ടാൽ എഴുന്നേറ്റ് നമസ്ക്കരിക്കുന്നവനെ ദേവേന്ദ്രൻ പോലും ബഹുമാനിക്കും.

ഭസ്മധാരി അഭക്ഷ്യം കഴിച്ചാലും അത് ഭക്ഷ്യമായിത്തീരും. ജലസ്നാന ശേഷം ഭസ്മം പൂശുന്ന ബ്രഹ്മചാരിക്കും ഗൃഹസ്ഥനും സർവ്വപാപവിമുക്തിയുണ്ടാവും. ആഗ്നേയ ശിരോസ്നാനം സന്യാസിമാർക്ക് ഉത്തമമാണ്. ഭസ്മക്കുളി ജലസ്നാനത്തേക്കാൾ ഉത്തമമാണ്. കാരണം അത് പ്രകൃതിയിൽ സ്വതവേയുള്ള ആർദ്രതയെന്ന ബന്ധനത്തെ ഇല്ലാതാക്കുന്നു. ഭസ്മസ്നാനം പ്രകൃതിയെ ജയിക്കാനായി വിധിച്ചിട്ടുള്ളതത്രേ. ഇതിനു തുല്യമായി മൂന്നു ലോകങ്ങളിലും മറ്റൊന്നില്ല.

രക്ഷയ്ക്കും മംഗളത്തിനും ഭസ്മം മഹത്തരമാണ്. മഹാദേവൻ ദേവിക്കാണ് ഇതാദ്യം നൽകിയത്. നിത്യവും ഭസ്മസ്നാനം ചെയ്യുന്നവന്റെ സംസാരപാശം അറ്റുപോയി അവന് ശിവലോക പ്രാപ്തിയുണ്ടാവും. ഭൂതപ്രേതപിശാചുക്കൾ എന്നിവയിൽ നിന്നും ഗ്രഹങ്ങളിൽ നിന്നും വ്യാഘ്രചോരാദികളിൽ നിന്നും ഭസ്മധാരിക്ക് ഭയമുണ്ടാവില്ല. എൺപതു തരം വാതരോഗങ്ങളും അറുപത്തിനാലിനം പിത്തരോഗങ്ങളും നൂറ്റിയഞ്ച് വിധം കഫരോഗങ്ങളും അവനെ ബാധിക്കില്ല. ഭഗന്ദരം, ജ്വരം, ഗുൽമം, കുഷ്ഠം എന്നിവയും അവനുണ്ടാവില്ല.  ആനക്കൂട്ടത്തെ സിംഹം എങ്ങിനെ ഓടിച്ചകറ്റുന്നുവോ അങ്ങിനെ സകല ഭയത്തെയും ഭസ്മം അകറ്റുന്നു.

കുളുർജലം കൂട്ടി ഭസ്മം കുഴച്ച് നിത്യവും മൂന്നു കുറികൾ നെറ്റിയിലിടുന്നവന് ബ്രഹ്മലോകപ്രാപ്തിയുണ്ടാവും. ലലാടലിഖിതമായ മൃത്യു രേഖയെ മായ്ക്കാൻ പോലും ഭസ്മക്കുറിക്ക് കഴിയും. കഴുത്തിനു മേലേ ചെയ്ത പാപങ്ങളെല്ലാം നെറ്റിയിലെ ഭസ്മക്കുറി ഇല്ലാതാക്കും. കണ്ഠത്തിൽ ഭസ്മമണിഞ്ഞാൽ വാക്കുകളാല്‍ ചെയ്ത പാപങ്ങളും കൈകളിൽ ഭസ്മമിട്ടാൽ കൈകളാൽ ചെയ്ത പാപങ്ങളും മാറിൽ ഭസ്മം ധരിച്ചാൽ മന:കൃത പാപങ്ങളും നാഭിയിൽ ഭസ്മമിട്ടാൽ ലിംഗം കൊണ്ട് ചെയ്ത പാപങ്ങളും ഗുദത്തിൽ ഭസ്മം തൊട്ടാൽ ഗുദം കൊണ്ട് ചെയ്ത പാപവും ദേഹത്തിന്റെ വശങ്ങളിലാണെങ്കിൽ പരസ്ത്രീ സ്പർശപാപവും ഇല്ലാതാവും.

മൂന്നു ഭസ്മക്കുറികൾ ധരിക്കുന്നതാണ് എല്ലാം കൊണ്ടും ഉത്തമം. മൂർത്തി ത്രയങ്ങളെയും മൂന്നു ലോകങ്ങളെയും ത്രിഗുണങ്ങളെയും അഗ്നിത്രയത്തെയും നെറ്റിയിൽ അണിയുന്നതിനു തുല്യമാണത്. ഭസ്മനിഷ്ഠന്റെ ദോഷങ്ങൾ പെട്ടെന്നു തന്നെ ഇല്ലാതാകും. ത്രിപുണ്ഡ്രം ധരിച്ചവൻ, ദസ്മസ്നാനം കൊണ്ട് വിശുദ്ധ ചിത്തനായി ഭസ്മത്തിൽത്തന്നെ ശയിക്കുന്നവൻ ഭസ്മനിഷ്ഠനാണ്. ഭൂതപ്രേതപിശാചുക്കളും രോഗങ്ങളും ഭസ്മനിഷ്ഠനെ തീണ്ടുകയില്ല. രുദ്രസ്മരണ മാത്രയിൽ പാപങ്ങൾ നശിക്കുന്നതുപോലെയാണിത്.

വെൺതിളക്കമുള്ളതിനാൽ ഭസ്മത്തിന് ഭാസിതം എന്നു പറയുന്നു. പാപത്തെ ഭക്ഷിക്കുന്നതിനാൽ അതിന് ഭസ്മം എന്ന പേരും സിദ്ധിച്ചു. ഭൂതിയേകുന്ന വസ്തുവാകയാൽ അത് വിഭൂതിയാണ്. ഭസ്മത്തിന് രക്ഷ എന്നും പേരുണ്ട്.

ഒരുവൻ അകാര്യം ചെയ്തിട്ട് ഭസ്മം പൂശിയാൽപ്പോലും അവനെ പാപം ബാധിക്കയില്ല. ഘോരപാപം ചെയ്തവനാണെങ്കിലും അന്ത്യകാലത്ത് ഭസ്മസ്നാനം ചെയ്താലവന്റെ പാപങ്ങൾ ഇല്ലാതാവും. അവന് പുനർജനിയില്ലാത്ത മുക്തിപദം ലഭിക്കും.

തിങ്കളാഴ്ച ചേർന്ന കറുത്തവാവിന്റെയന്ന് ശരീരമാകെ ഭസ്മം ധരിച്ച് ശിവപൂജ ചെയ്യുന്നവൻ പാപവിമുക്തനാവും. ആയുസ്സ്, ഐശ്വര്യം, മോക്ഷം എന്നിവയാഗ്രഹിക്കുന്നവൻ ബ്രഹ്മവിഷ്ണുശിവാത്മകമായ ത്രിപുണ്ഡ്രം ധരിക്കണം. ഘോര രാക്ഷസരും ക്ഷുദ്രജീവികളും ത്രിപുണ്ഡ്രധാരിയെക്കണ്ടാൽ ഓടിയൊളിക്കും.

ബ്രാഹ്മണർ ശൗചാദികൾ കഴിഞ്ഞ് ജലത്തിൽ മുങ്ങിക്കുളിച്ച് ദേഹമാസകലം വിഭൂതിയണിയണം. ജലം ബാഹ്യമായ ചെളിയെ ഇല്ലാതാക്കുമ്പോൾ ഭസ്മം ആന്തരമായ മലത്തെക്കൂടി ഇല്ലാതാക്കുന്നു. അതിനാൽ ജലസ്നാനം വെടിഞ്ഞും ഭസ്മസ്നാനം മുടക്കരുത്. ഭസ്മസ്നാനം ഇല്ലെങ്കിൽ ചെയ്ത കാര്യത്തിനു പോലും ഫലമില്ലാതാവും. നിത്യവും പല തവണ കുളിച്ചാലും വിഭൂതി പൂശാതെ പരിശുദ്ധിയുണ്ടാവില്ല.

വേദങ്ങൾക്കേ ഭസ്മത്തിന്റെ മാഹാത്മ്യം ശരിക്കും അറിയൂ. പിന്നെ വേദജ്ഞാനത്തിൽ അഗ്രഗണ്യനായ മഹേശ്വരനും അതറിയാം. ഭസ്മസ്നാനം കൂടാതെ എത്രവേദ കർമ്മങ്ങൾ അനുഷ്ഠിച്ചാലും അവയ്ക്ക് നാലിലൊന്നു ഫലം പോലും കിട്ടുകയില്ല. മാത്രമല്ലാ സർവ്വകർമ്മങ്ങൾക്കും യോഗ്യതയുണ്ടാവാനും ഭസ്മസ്നാനം കൂടിയേ തീരൂ. വേദോക്തമായ ഭസ്മസ്നാനം അതീവപുണ്യപ്രദമത്രേ. മൂഢത മൂലം വിഭൂതി ധരിക്കാൻ മടി കാട്ടുന്നവർക്ക് മഹാപാതക പാപഫലം കിട്ടും. അതിനാൽ വിപ്രൻമാർ ഏതു വിധേനെയും മൂന്നു നേരം ഭസ്മക്കുറിയിടുന്നതിന് മുടക്കം വരുത്തരുത് .

അനന്ത പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്യുന്നതിന്റെയെല്ലാം പുണ്യം നിത്യവും ഭസ്മം ധരിക്കുന്നതു കൊണ്ട് തന്നെ ലഭിക്കന്നതാണ്. വേദോക്തമായ ഭസ്മധാരണം ചെയ്യാത്ത ബ്രാഹ്മണൻ ഭൃഷ്ടനായിത്തീരും. മൂത്രാദി വിസർജ്ജനം കഴിഞ്ഞാൽ നിർബ്ബന്ധമായും ഭസ്മ സ്നാനം ചെയ്യണം. ശൗചവിധിയനുസരിച്ച് വേണ്ട പോലെ എല്ലാ സ്നാനവും തെറ്റിക്കാതെ ചെയ്താലും ഭസ്മക്കുളി കൂടാതെ സത്കർമ്മങ്ങൾക്കു് അർഹതയുണ്ടാവുകയില്ല. കോട്ടുവായിടുക, ഛർദ്ദിക്കുക, അധോവായുവിടുക, തുമ്മുക, ചുമച്ചു തപ്പുക, എന്നിവയ്ക്കെല്ലാം ശേഷം ഭസ്മ സ്നാനം ഒഴിച്ചുകൂട്ടാൻ വയ്യാത്തതാണ്.

ഇനി ഭസ്മസ്നാന ഫലങ്ങൾ എന്തെന്ന് വിശദമായി നോക്കാം.

No comments:

Post a Comment