Devi

Devi

Wednesday, May 24, 2017

ദിവസം 257. ശ്രീമദ്‌ ദേവീഭാഗവതം. 9- 35. കര്‍മ്മഫലാനുരൂപ നരകവര്‍ണ്ണനം

ദിവസം 257.  ശ്രീമദ്‌ ദേവീഭാഗവതം. 9- 35. കര്‍മ്മഫലാനുരൂപ നരകവര്‍ണ്ണനം 

ദേവസേവാം വിനാ സാദ്ധ്വി ന ഭവേത് കര്‍മ്മ കൃന്തനം 
ശുദ്ധകര്‍മ്മ ശുദ്ധബീജം നരകശ്ച കുകര്‍മ്മണാ
പുംശ്ചല്യന്നം ച യോ ഭുംക്തേ  യോfസ്യാത്   ഗച്ഛേത് പതിവ്രതേ 
സ ദ്വിജ: കാലസൂത്രം ച മൃതോ യാതി സു ദുര്‍ഗ്ഗമം 

ധർമ്മരാജൻ പറഞ്ഞു: ദേവോപാസന ചെയ്യാതെ കർമ്മക്ഷയം ഉണ്ടാവുകയില്ല. സത്കർമ്മത്തിന് സത്കർമ്മം തന്നെയാണ് കാരണം. അതുപോലെ ദുഷ്കർമ്മഹേതു ദുഷ്കർമ്മം തന്നെയാണ്. അവ നരകത്തിലേക്കാണ് ജീവനെ നയിക്കുക. വേശ്യ നൽകുന്ന ഭക്ഷണം കഴിക്കുന്ന വിപ്രനും വേശ്യയെ പ്രാപിക്കുന്ന ദ്വിജനും കാലസൂത്രമെന്ന നരകത്തിൽ എത്തിച്ചേരും എന്ന് നിശ്ചയം. അവിടെയവൻ നൂറു വർഷം കിടന്നു നരകിക്കും. പിന്നീട് ജനിക്കുമ്പോൾ രോഗിയായി ജീവിച്ച് ഒടുവിൽ അവൻ ശുദ്ധനാവും.

പതിവ്രതയെന്നാൽ ഒരേയൊരു കാന്തൻ മാത്രമാണവൾക്ക്. രണ്ടുപേർ ഒരുവള്‍ക്ക് ഇഷ്ടക്കാരായി ഉണ്ടെങ്കിൽ അവൾ കുലട. മൂന്നു പേരുണ്ടെങ്കിൽ ധർഷിണി. നാലാണെങ്കിൽ പുംശ്ചലി. ആറുപേരെ പ്രാപിക്കുന്നവൾ വേശ്യ. ഏഴും എട്ടും പേരെ വരിക്കുന്നവൾ പുംഗി. അതിലേറെപ്പേരുമായി സംഗമിക്കുന്നവൾ മഹാവേശ്യയാണ്. കുലട, ധർഷിണി,പുംശ്ചലി, പുംഗി, വേശ്യ, മഹാവേശ്യ എന്നിവരിൽ ആരെയെങ്കിലും പ്രാപിക്കുന്ന ബ്രാഹ്മണൻ മൽസ്യോദമെന്ന നരകത്തിൽ വീഴും. കുലടാ സംസർഗ്ഗത്താൽ നൂറു വർഷം, ധർഷിണിയാണെങ്കിൽ നാനൂറ് വർഷം, പൂംശ്ചലിയാണെങ്കിൽ അറുനൂറ് വർഷം, വേശ്യയാണെങ്കിൽ എണ്ണൂറ് വർഷം പുംഗിയാണെങ്കിൽ ആയിരം വർഷം മഹാവേശ്യയാണെങ്കിൽ പതിനായിരം വർഷം എന്നിങ്ങിനെയാണ് അവനു നരകവാസക്കാലം പറഞ്ഞിട്ടുള്ളത്. യമദൂതൻമാർ അവനെയവിടെ പ്രഹരിച്ചു പീഡിപ്പിക്കും.

കുലടയെ പ്രാപിച്ചവൻ തിത്തിരിപ്പക്ഷിയായും, മറ്റുള്ളവർ ക്രമത്തിൽ കുയിൽ, കാക്ക, ചെന്നായ്, പന്നി, എന്നീ ജീവികളായും ഏഴു ജന്മം കഴിയണം. മഹാവേശ്യയെ പ്രാപിച്ചവന്റെ ഏഴു ജന്മങ്ങൾ നിലവുമരമായിട്ടാണ് ജീവിച്ച് തീര്‍ക്കേണ്ടത്.

ചന്ദ്രഹണസമയത്ത് അല്ലെങ്കിൽ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നവൻ, അവൻ കഴിച്ച ധാന്യത്തിന്റെ എണ്ണമെത്രയോ അത്രകാലം അരുന്തദമെന്ന നരകത്തിൽ കഴിയണം. അതുകഴിഞ്ഞ് ജനിക്കുമ്പോൾ ഗുൻമം പോലുള്ള ഉദരവ്യാധികൾ പിടിപെട്ട് അവന്‍ വലയും. ഒടുവില്‍ പല്ലില്ലാത്തവനും ഒറ്റക്കണ്ണനും രോഗബാധിതനുമായി കഷ്ടപ്പെട്ടു ജീവിച്ച് അവൻ ശുദ്ധനാവും.

ഒരാൾക്ക് തന്റെ മകളെ കന്യാദാനം ചെയ്യാമെന്നു വാക്കുകൊടുത്തിട്ട് മറ്റൊരാൾക്ക് അവളെ കൊടുക്കുന്നവൻ പാംസുകുണ്ഡത്തിൽ ഒരു നൂറ്റാണ്ടു് ശരശയ്യയിൽ യമഭടതാഡനങ്ങളേറ്റ് കഴിയണം.

മണ്ണുകൊണ്ടുണ്ടാക്കിയ ശിവലിംഗത്തെ പൂജിക്കാത്ത ബ്രാഹ്മണൻ ശൂലികോപത്താൽ ശൂലപ്രോതമെന്ന നരകത്തിൽ വീഴും. നൂറ് വർഷം അവിടെക്കഴിഞ്ഞ് ഒടുവിൽ ഏഴു ജന്മം നരിയായി ജീവിച്ച് പിന്നെയൊരേഴു ജന്മം അവന്‍ ദേവലനാവും.

വിപ്രനെ ഭീഷണിപ്പെടുത്തി ദ്രോഹിക്കുന്നവൻ ആ വിപ്രന്റെ രോമസംഖ്യയെത്രയോ അത്ര കൊല്ലം പ്രകമ്പനം എന്നു പേരായ നരകത്തിൽ വസിക്കണം.

കോപത്തോടെ തന്റെ ഭർത്താവിനെ നോക്കുകയും കൊള്ളിവാക്കുകൾ പറയുകയും ചെയ്യുന്ന സ്ത്രീ ഉൽക്കാമുഖമെന്ന നരകത്തിൽ വീഴും. യമകിങ്കരൻമാർ അവളുടെ വായിൽ തീക്കൊള്ളിവയ്ക്കും. അവളുടെ ദേഹരോമങ്ങളുടെ എണ്ണമെത്രയോ അത്ര കൊല്ലം യമഭടൻമാർ അവളുടെ മൂർദ്ധാവിൽ തൊഴിച്ച് പീഡിപ്പിക്കും. പിന്നെ ഏഴുജന്മങ്ങളില്‍  അവള്‍ വിധവയായിരിക്കും. ഒടുവിൽ വ്യാധി പിടിച്ച് വികൃതരൂപമാർജിച്ച് ജീവിച്ച്  അവളുടെ പാപമൊഴിയും.

ശൂദ്രനെ പ്രാപിക്കുന്ന ബ്രാഹ്മണസ്ത്രീ അന്ധകൂപത്തിൽ പതിക്കും. തിളച്ചു കിടക്കുന്ന മലിനജലത്തിലവൾ യമദൂതൻമാരുടെ അടിയും കൊണ്ട് നീറിപ്പുകഞ്ഞ് തികഞ്ഞ അന്ധകാരത്തിൽ പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം കഴിയേണ്ടതായി വരും. പിന്നെ ആയിരം ജന്മങ്ങൾ കാക്കയായും, നൂറ് വീതം ജന്മങ്ങൾ, പന്നിയായിട്ടും പിടക്കോഴിയായിട്ടും, പെൺകറുക്കനായിട്ടും,  ഏഴു ജന്മങ്ങൾ വീതം പ്രാവായിട്ടും, പെൺ കുരങ്ങായിട്ടും ജീവിച്ച് ഒടുവിൽ ചണ്ഡാലസ്ത്രീ, അലക്കുകാരി, ക്ഷയരോഗം പിടിച്ച വേശ്യ, കുഷ്ഠം പിടിച്ച ചക്കാല സ്ത്രീ, എന്നീ ജന്മങ്ങളും എടുത്ത് അവള്‍ പാപമോക്ഷം നേടണം.

വേശ്യയ്ക്ക് വേധനം, പുംഗിക്ക് ദണ്ഡതാഡനം, മഹാവേശ്യക്ക് ജലരന്ധ്രകുണ്ഡം, സ്വൈരിണിക്ക് ദളനകുണ്ഡം, ധൃഷ്ടയ്ക്ക് ശോഷണകുണ്ഡം എന്നീ നരകങ്ങൾ പറഞ്ഞിരിക്കുന്നു.  യമദൂതതാഡനം അനുഭവിച്ച് മലമൂത്രാദികൾ ആഹരിച്ച് ഒരു മന്വന്തരക്കാലം അവരവിടെ കിടക്കണം. പിന്നെ ഒരു ലക്ഷം വർഷം അമേധ്യത്തിലെ കൃമികളായി ജീവിച്ച് അവരും ശുദ്ധരാവും.

നാലു വർണ്ണത്തിലുള്ളവരും അതത് വർണ്ണത്തിലുള്ള പരനാരിമാരെ പ്രാപിക്കുന്നതായാൽ അവർ ആ നാരിമാരോടു കൂടി കഷായകുണ്ഡത്തിൽ പതിക്കും. നൂറ് വർഷം തിളച്ചു കിടക്കുന്ന കഷായത്തിൽ കിടന്നു നരകിച്ചിട്ട് അവർ അതതു കുലങ്ങളിൽത്തന്നെ പിറവിയെടുക്കും. അങ്ങിനെയവർ വീണ്ടും ശുദ്ധരാവും.

ബ്രാഹ്മണസ്ത്രീയെ പ്രാപിക്കുന്ന ക്ഷത്രിയനും വൈശ്യനും സ്വന്തം മാതാവിനെ പ്രാപിക്കുന്നത്ര പാപമാണ് ചെയ്യുന്നത്. അവർക്ക് ശൂർപ്പകുണ്ഡനരകമാണ് വിധി. മുറം പോലെ വലുപ്പമുള്ള കീഡങ്ങൾ അവരെയും ആ സ്ത്രീയേയും കാർന്നുതിന്നും. അവിടെ മൂത്രം കുടിച്ച് പതിന്നാല് ഇന്ദ്രൻമാരുടെ ആയുസ്സ് കാലം അവരവിടെ കഴിയണം. പിന്നെയവർ ഏഴു ജന്മങ്ങൾ വീതം പന്നിയായും ചെമ്മരിയാടായും ജനിച്ച് ശുദ്ധരാവും.

കൈയിൽ തുളസിപിടിച്ച് കള്ളസത്യം ചെയ്യുന്നവനും പ്രതിജ്ഞാലംഘനം ചെയ്യുന്നവനും ജ്വാലാമുഖത്തിൽ പതിക്കും. അതപോലെയാണ് സാളഗ്രാമം, ദേവബിംബം, ഗംഗാജലം, പശു, ബ്രാഹ്മണൻ എന്നിവരെ തൊട്ടു കൊണ്ടും ദേവസന്നിധിയിൽ വച്ചു കള്ളശപഥം ചെയ്യുന്നത്. കള്ളസാക്ഷി പറയുന്നതും വിശ്വാസവഞ്ചന നടത്തുന്നതും കൃതഘ്നത കാണിക്കുന്നതും ഒരുവനെ ജ്വാലാമുഖമെന്ന നരകത്തിലേക്ക് നയിക്കുന്നു. അവിടെയവന്‍ തീയിൽ വെന്തുനീറി യമദൂതതാഡനങ്ങളേറ്റ്   കഴിയണം.  ആ നരകവാസം കഴിഞ്ഞാൽ തുളസിതൊട്ട് ശപഥം ചെയ്തവൻ ഏഴുജന്മം ചണ്ഡാളനാവും. ഗംഗാജലം തൊട്ട് സത്യം ചെയ്തവൻ അഞ്ചുജന്മം മ്ലേച്ഛനാവും. സാളഗ്രാമ സത്യം ചെയ്തവൻ ഏഴുജന്മം മലത്തിലെ കൃമിയാവും. ദേവവിഗ്രഹം തൊട്ടു് സത്യം ചെയ്തവനും ഏഴുജന്മം വിപ്രഗൃഹത്തിൽ  കൃമിയാകം. വലംകൈ തൊട്ട് സത്യം ചെയ്തവൻ ഏഴുജന്മം പാമ്പാവും. ക്ഷേത്രത്തിൽ കള്ള ശപഥം ചെയ്തവൻ ഏഴുജന്മം ദേവലനാവും.

ബ്രാഹ്മണനെ തൊട്ട് സത്യം ചെയ്തവൻ കടുവയായി ജനിക്കും. പിന്നെയവൻ മൂന്നു ജന്മം മൂകനും ബധിരനുമായി ജനിക്കും. ഭാര്യാഹീനനും ബന്ധുമിത്രാദികൾ ഇല്ലാത്തവനുമായി ജീവിച്ച് അവനൊടുവിൽ ശുദ്ധനാവും.

മിത്രദ്രോഹി കീരിയായിപ്പിറക്കും. കൃതഘ്നൻ വാപ്പുലിയായും വിശ്വാസവഞ്ചകൻ കടുവയായും ഏഴുജന്മങ്ങൾ കഴിയണം. കളളസാക്ഷി പറയുന്നവൻ ഏഴുജന്മം തവളയായി പിറക്കും. ഇവർ തങ്ങളുടെ മുമ്പും പിമ്പുമുള്ള ഏഴു തലമുറകളെ നശിപ്പിക്കും.

നിത്യകർമ്മം അനുഷ്ഠിക്കാത്ത ബ്രാഹ്മണൻ, അനാസ്ഥകൊണ്ട് ദേവനിന്ദ ചെയ്തവൻ, വ്രതം ഉപവാസം എന്നിവയില്ലാത്തവന്‍, സദ് വാക്യങ്ങളെ നിന്ദിക്കുന്നവന്‍, എന്നിവരെല്ലാം  ധൂമ്രാന്ധം എന്ന നരകത്തിൽ നൂറ് വർഷം കഴിയും. പിന്നെയൊരു നൂറ് ജന്മം ജലജീവികളാവും. ഒടുവിൽ പലവിധ മത്സ്യങ്ങളായി ജനിച്ച് അവർക്ക് ശുദ്ധരാവാം.

ദേവൻമാരുടേയും ബ്രാഹ്മണരുടേയും ഐശ്വര്യത്തിൽ അസൂയാലുക്കളായവർ അവർക്ക് മുമ്പും പിമ്പുമുള്ള പത്തു തലമുറകളെ മുച്ചൂടും നശിപ്പിക്കും. അവനും ധൂമ്രകുണ്ഡത്തിൽ വീഴും. ഒരു നൂറ്റാണ്ടു് അവിടെ ജീവിച്ച് നരകിച്ച ശേഷം ഏഴുജന്മങ്ങൾ വീതം എലിയായും പക്ഷിയായും കൃമികളായും നാനാജാതി മരങ്ങളായും പശക്കളായും ജീവിച്ച് അവന്‍ മർത്യജന്മമെടുക്കും.

ദൈവജ്ഞനായും, വൈദ്യനായും, അരക്ക്, ഇരുമ്പ്, ഉപ്പ് എന്നിവയുടെ വില്പനക്കാരനായും, ജീവിക്കുന്ന ബ്രാഹ്മണൻ നാഗവേഷ്ടകുണ്ഡത്തിൽ പാമ്പുകളാൽ ചുറ്റപ്പെട്ടു് ദേഹരോമസംഖ്യാബ്ദക്കാലം കഴിയണം. പിന്നെ നാനാതരം പക്ഷികളായി ജനിക്കണം. ഒടുവിൽ മനുഷ്യനായി ജനിക്കുമ്പോൾ ജ്യോതിഷിയായും വൈദ്യനായും, കൊല്ലനായും, ഗോപാലനായും, ചായപ്പണിക്കാരനായും ഏഴേഴു ജന്മം കഴിഞ്ഞ് അവനു ശുദ്ധതയാർജിക്കാം .

അല്ലയോ സതീമണി സാവിത്രീ, പ്രസിദ്ധമായ നരകകുണ്ഡങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ പറഞ്ഞുതന്നു. അപ്രസിദ്ധങ്ങളും ക്ഷുദ്രങ്ങളുമായ മറ്റനേകം നരകങ്ങൾ വേറെയുമുണ്ട്. സ്വകർമ്മഫലം അനുഭവിക്കാനായി നാനായോനികളിൽ ജനിച്ചും മരിച്ചും പാപികൾ സദാ ചുറ്റിക്കറങ്ങുന്നു. ഇനിയും നിനക്ക് എന്താണറിയേണ്ടത്?

Tuesday, May 23, 2017

ദിവസം 256. ശ്രീമദ്‌ ദേവീഭാഗവതം 9- 34. നരകാര്‍ഹലക്ഷണം

ദിവസം 256.  ശ്രീമദ്‌ ദേവീഭാഗവതം 9- 34.  നരകാര്‍ഹലക്ഷണം 

ഛിനത്തി ജീവം ഖഡ്ഗേന ദയാഹീന: സുദാരുണ:
നരഘാതീ ഹന്തി നരമര്‍ത്ഥ ലോഭേന ഭാരതേ
അസിപത്രേ വസേത് സൊfപി യാവദിന്ദ്രാശ്ചതുര്‍ദശ
തേഷു യോ ബ്രാഹ്മണാന്‍ ഹന്തി   ശതമന്വന്തരം വസേത് 

യമൻ പറഞ്ഞു: ഭാരതഭൂമിയിൽ ധനമോഹത്തോടെ അന്യനെ വാളുകൊണ്ട് വെട്ടിക്കൊല്ലുന്ന ഘാതകൻ പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം അസിപത്ര നരകത്തിൽ കഴിയേണ്ടിവരും. കൊന്നതൊരു ബ്രാഹ്മണനെയാണെങ്കിൽ അവന്‍ നൂറു് മന്വന്തരക്കാലം അവിടെക്കിടന്ന് നരകിക്കേണ്ടി വരും. അവിടെ യമഭടൻമാർ വാൾത്തല കൊണ്ട് ദേഹമാകെ കീറി വരയുകയും താഡിക്കുകയും ചെയ്യും. ആഹരിക്കാൻ ഒന്നും കിട്ടാതെ കിടന്നുവലഞ്ഞ് അവൻ വാവിട്ടു കരയും. അതു കഴിഞ്ഞ് നൂറ് ജന്മം വീതം മെരുവായും പന്നിയായും ഏഴു ജന്മം വീതം കോഴിയായും കുറുക്കനായും കടുവയായും തവളയായും മൂന്നു ജന്മം ചെന്നായായും പിറക്കണം. ഒടുവിൽ ഭാരതത്തിൽ ഒരു പോത്തിന്റെ ജന്മമെടുത്ത് അവൻ ശുദ്ധനാവും.

ഗ്രാമങ്ങളോ നഗരങ്ങളോ തീവെച്ചു നശിപ്പിക്കുന്നവൻ മൂന്ന് യുഗക്കാലം ക്ഷുരധാരാകുണ്ഡത്തിൽ കിടക്കേണ്ടി വരും. അവിടെ അവന്റെ അവയവങ്ങൾ യമഭടന്മാര്‍ കൊത്തി മുറിക്കും. അതു കഴിഞ്ഞാലവൻ ഒരു കൊള്ളിപിശാചായി ലോകം ചുറ്റും. പിന്നെ ഏഴു ജന്മങ്ങൾ വീതം അമേധ്യം തിന്നുന്നവനായും മാടപ്പിറാവായും മഹാശൂലവ്യാധി പിടിച്ചവനായും കുഷ്ഠരോഗിയായും ജനിച്ചു ജീവിച്ച് ശുദ്ധനാവും.

അന്യന്റെ കുറ്റം പറഞ്ഞ് ഏഷണി കൂട്ടുന്നവനും, അന്യന്റെ ദോഷങ്ങളെ വാഴ്ത്തുന്നവനും ദേവബ്രാഹ്മണരെ നിന്ദിക്കുന്നവനും സൂചിമുഖ നരകത്തിലാണ് എത്തുക. അവിടെ കൂർത്ത സൂചികൾ അവനെ കുത്തിക്കീറും.പിന്നെ ഏഴു ജന്മങ്ങൾ വീതം തേള്, സർപ്പം വജ്ര കീടം, ഭസ്മ കീടം എന്നീ വക ജന്തുക്കളായി ജീവിച്ച് ഒടുവിൽ മഹാരോഗം പിടിപെട്ട മനുഷ്യനായി ജനിച്ച് ശുദ്ധതയെ പ്രാപിക്കും.

ഒരു ഗൃഹസ്ഥന്റെ ഭവനം ആക്രമിച്ച് അവിടെയുള്ള ആടുമാടുകളെ മോഷ്ടിക്കുന്നവന് ഗോകാമുഖനരകത്തിലാണ് ശിക്ഷയനുഭവിക്കേണ്ടത്. അവൻ മൂന്നുയുഗങ്ങൾ യമഭടന്മാരുടെ തല്ലുകൊണ്ട് അവിടെക്കഴിയണം. പിന്നെ മാറാവ്യാധി പിടിപെട്ട പശുവായി ഏഴു ജന്മവും അതു കഴിഞ്ഞ് മൂന്നു ജന്മങ്ങൾ വീതം ആട് ചെമ്മരിയാട് എന്നിവയായും ജന്മമെടുത്ത് ഒടുവിൽ അവനു മനുഷ്യ ജന്മം കിട്ടും. നിത്യരോഗിയും ദരിദ്രനുമായി ജീവിക്കുന്ന അവന് ബന്ധുമിത്രാദികൾ ഉണ്ടാവില്ല. എങ്കിലും ദുരിത ജീവിതത്തിനൊടുവിൽ അവനും ശുദ്ധതയെ പ്രാപിക്കും.

സാധാരണ വസ്തുക്കൾ മോഷ്ടിക്കുന്ന കള്ളൻമാർ നക്രമുഖ നരകത്തിൽ യമഭടൻമാരുടെ അടിയും കൊണ്ടു് മൂന്നു വർഷം കിടക്കണം. പിന്നെയവൻ അസുഖം പിടിച്ച ഒരു കാളയായി ഏഴു ജന്മം ജീവിച്ച് ഒടുവിൽ മനുഷ്യജന്മം കിട്ടി ശുദ്ധനാവും.

പശുക്കൾ, ആനകൾ, കുതിരകൾ, എന്നിവയെ ഉപദ്രവിക്കുകയും വൃക്ഷങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന കശ്മലൻമാർ എട്ടു  യുഗപര്യന്തം ഗജദംശം എന്ന നരകത്തിൽ കഴിയേണ്ടി വരും. ആനക്കൊമ്പു കൊണ്ടുള്ള അടി കൊണ്ടു് അവിടെക്കഴിഞ്ഞ ശേഷം മമ്മൂന്നു ജന്മങ്ങൾ വീതം ആനയായും കുതിരയായും പശുവായും മ്ലേച്ഛനായും പിറന്ന് അവനും ശുദ്ധനാവാം.

ദാഹിച്ചു വെള്ളം കുടിക്കുന്ന പശുക്കളെ തടയുന്നവൻ ഗോമുഖ നരകത്തിൽ വീഴും. അവിടെ ഒരു മന്വന്തരം കൃമികടി കൊണ്ട് ചൂടുവെള്ളത്തിലാണ് അവന്‍ വെന്തുനീറി കഴിയേണ്ടത്. അതു കഴിഞ്ഞുള്ള മനുഷ്യ ജന്മത്തിൽ അവൻ പശു സമ്പത്തുക്കളില്ലാത്തവനും മഹാദരിദ്രനും ചണ്ഡാലനുമായിരിക്കും.

ഗോഹത്യ, ബ്രാഹ്മണഹത്യ, ഗുരുഹത്യ, ഭ്രൂണഹത്യ, സ്ത്രീഹത്യ, ഭിക്ഷുഹത്യ എന്നിവ ചെയ്തവരും അഗമ്യഗമനം നടത്തുന്നവരും കുംഭീപാകമെന്ന നരകത്തിലേക്കാണ് എത്തുക. പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം അവിടെയവരെ യമഭടൻമാർ താഡിച്ചും തീയിലിട്ടു പൊള്ളിച്ചും എണ്ണയിൽ വറുത്തും മുള്ളിലിട്ടു വലിച്ചും ലോഹദ്രവത്തിൽ മുക്കിയും രസിക്കും. അതു കഴിഞ്ഞാൽ ആയിരം ജന്മങ്ങൾ കഴുകനായും നൂറു ജന്മങ്ങൾ പന്നിയായും ഏഴു ജന്മങ്ങൾ കാക്കയായും പിന്നെ ഏഴു ജന്മങ്ങൾ പാമ്പായും, അറുപതിനായിരം കൊല്ലം മലത്തിലെ കൃമിയായും കുറേ ജന്മങ്ങൾ കാളയായും ജീവിച്ച് ഒടുവിൽ കുഷ്ഠം പിടിച്ച മനുഷ്യനായി ജനിച്ചാണ് അവനും ശുദ്ധനാവുക.

സാവിത്രി ചോദിച്ചു.: ഭഗവൻ, ഗോഹത്യയും ബ്രഹ്മഹത്യയും മറ്റും എത്രവിധത്തിലാണ് ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത്? പുരുഷന് അഗമ്യരായുള്ള സ്ത്രീകൾ ആരൊക്കെയാണ്? സന്ധ്യാവിഹീനനായി ആരാണുള്ളത്? ആരാണ് അദീക്ഷിതൻ? തീർത്ഥ പ്രതിഗ്രാഹി ആരാണ്? ആരാണ് ദേവലൻ? ആരാണ് ഗ്രാമയാജി? പ്രമത്തൻ ആരാണ്? ആരാണ് വൃഷലീപതി ? ശൂദ്രർക്ക് പാചകം ചെയ്യുന്ന ബ്രാഹ്മണൻ ആരാണ്? അവരുടെ ലക്ഷണങ്ങളും മറ്റും പറഞ്ഞു തന്നാലും.

ധർമ്മരാജൻ പറഞ്ഞു: അല്ലയോ സതീമണീ, ശ്രീകൃഷ്ണനിലും ശ്രീകൃഷ്ണവിഗ്രഹത്തിലും മറ്റു ദേവൻമാരിലും അവരുടെ പ്രതിമകളിലും ശിവനിലും ശിവലിംഗത്തിലും ഗണേശനിലും ഗണേശ വിഗ്രഹത്തിലും ദുർഗ്ഗയിലും ദുർഗ്ഗാ പ്രതിമയിലും സൂര്യനിലും സൂര്യമണിയിലും ഭേദബുദ്ധിയുള്ളവൻ ബ്രഹ്മഹത്യാ പാപത്തെ വരുത്തിവയ്ക്കുന്നു.

വിഷ്ണുഭക്തരേയും ബ്രാഹ്മണരേയും മറ്റും ഭേദബുദ്ധിയോടെ കാണുന്നവരും ബ്രഹ്മഹത്യാ പാപികളാണ്. അതുപോലെ തന്നെയാണ് വിപ്രപാദതീർത്ഥത്തേയും സാളഗ്രാമതീർത്ഥത്തേയും വേറിട്ടു കാണുന്നത്. ശിവ നൈവേദ്യവും വിഷ്ണു നൈവേദ്യവും വെവ്വേറെ കാണുന്നതും ബ്രഹ്മഹത്യക്ക് തുല്യമാണ്.

സർവ്വേശ്വരനും സകലതിനും ആശ്രയവും സർവ്വവന്ദ്യനും സർവ്വാന്തര്യാമിയും ആയ കൃഷ്ണനും മഹേശ്വരനും തമ്മിൽ അന്തരമുണ്ടെന്നു കരുതുന്നതു പോലും ബ്രഹ്മഹത്യാ പാപമാണ്.

പരാശക്തിഭജനവും ശക്തിശാസ്ത്രവും ഭേദബുദ്ധിയോടെ കാണുന്നത് ബ്രഹ്മഹത്യയാണ്.

ഏകനും നിർഗുണനുമാണെങ്കിലും മായ കൊണ്ട് വൈവിദ്ധ്യമാർന്ന രൂപഭാവങ്ങൾ കൈക്കൊള്ളുന്ന കൃഷ്ണ ഭഗവാനും മഹാദേവനും ഒന്നാണെന്ന അറിവ് ഇല്ലാതിരിക്കുന്നതും  ബ്രഹ്മഹത്യ പോലുള്ള പാപമത്രേ.

വേദോക്തങ്ങളായ പിതൃപൂജകളും ദേവാരാധനകളും ചെയ്യാതിരിക്കുന്നവരും നിഷിദ്ധാചാരങ്ങൾ അനുഷ്ഠിക്കുന്നവരും ബ്രഹ്മഹത്യാപാപികളാണ്.

ആനന്ദചിന്മയനും നിത്യനും സർവ്വദേവ നമസ്കൃത്യനും വൈഷ്ണവ മുഖ്യനുമായ ഹൃഷീകേശനെയും തദ്മ ന്ത്രോപാസകനേയും നിന്ദിക്കുന്നവൻ ബ്രഹ്മഹത്യാ പാപത്തെ വരുത്തി വയ്ക്കുന്നു.

സർവ്വ വന്ദിതയും, സർവ്വദേവസ്വരൂപിണിയും മൂലപ്രകൃതിയും സർവ്വശക്തിസ്വരൂപിണിയും ചിന്മയിയും കാരണബ്രഹ്മ രൂപയും സകലർക്കും അമ്മയുമായ പരാശക്തിയെ നിന്ദിക്കുന്നത് ബ്രഹ്മഹത്യയാണ്.

രാമനവമി, കൃഷ്ണജന്മാഷ്ടമി, ശിവരാത്രി, ഏകാദശി, രവിവാരം, എന്നിവ ആചരിക്കാത്തവർ ചണ്ഡാളരേക്കാൾ പാപികളാണ്. അവരും ബ്രഹ്മഹത്യയാണ് ചെയ്യുന്നത്.

ഭൂമി ഋതുവായിരിക്കുമ്പോൾ ഭൂമി കിളച്ചു മറിക്കുന്നതും ജലശൗചാദികൾ ചെയ്യുന്നതും ബ്രഹ്മഹത്യയാണ്.

ഗുരു,മാതാപിതാക്കൾ എന്നിവരെ നിന്ദിക്കുന്നതും ഭാര്യാ പുത്രാദികളെ സംരക്ഷിക്കാതിരിക്കുന്നതും അപ്രകാരമുളള പാപമാണ്.

അവിവാഹിതനും പുത്രനെ കാണാൻ ഭാഗ്യമില്ലാത്തവനും ഹരി ഭക്തിയില്ലാത്തവനും ഭഗവാന് നിവേദിക്കാതെ ഉണ്ണുന്നവനും വിഷ്ണുപൂജയോ ശിവലിംഗാർച്ചനയോ ചെയ്യാത്തവനും പശുവിനെ തല്ലുന്നവനും അത് തടയാത്തവനും പശുവിനും ബ്രാഹ്മണനും ഇടക്ക് നടക്കുന്നവനും ബ്രഹ്മഹത്യാ പാപികളാണ്.

പശുക്കൾക്ക് എച്ചിൽ ഭക്ഷണം കൊടുക്കുക, കാളപ്പുറത്തേറി നടക്കുന്നവനെ ഊട്ടുക, അവന്റെ ചോറുണ്ണുക എന്നിവയെല്ലാം ഗോഹത്യ പോലെയാണ്. ദാസീ പതിയെക്കൊണ്ട് യാഗം ചെയ്യിപ്പിക്കുന്നതും അവന്റെ അന്നം കഴിക്കുന്നതും നൂറ് ഗോഹത്യക്ക് തുല്യമത്രേ.

പശുവിനെ ചവിട്ടുക, തീയിൽ കാലിടുക, കുളിച്ചിട്ട് കാലു കഴുകാതെ ക്ഷേത്രദർശനം ചെയ്യുക, കാലിൽ എണ്ണ പുരട്ടിയിട്ട് ഭക്ഷണം കഴിക്കുക, അങ്ങിനെ ഉറങ്ങുക, വെളുപ്പിനേ തന്നെ ചോറുണ്ണുക എന്നിവയെല്ലാം ഗോഹത്യാപാപത്തെ വിളിച്ചു വരുത്തുന്നു.

ഭർത്താവും സന്താനവുമില്ലാത്ത സ്ത്രീ, വ്യഭിചാരിണി എന്നിവരിൽ നിന്നും ആഹാരം വാങ്ങിക്കഴിക്കുന്ന വിപ്രനും സന്ധ്യാവന്ദനമാചരിക്കാത്ത ബ്രാഹ്മണനും ഗോഹത്യാ പാപം ലഭിക്കും.

സ്വകാന്തനേയും ദൈവത്തേയും ഭേദബുദ്ധിയോടെ കാണുക, ഭർത്താവിനോട് കയർത്ത പറയുക എന്നിവയും ഗോഹത്യക്ക് തുല്യമായ പാപമാണ്.

പശുക്കൾക്ക് മേയാനുള്ള ഇടങ്ങൾ അവയ്ക്ക് തിന്നാന്‍ പറ്റാത്ത മറ്റു സസ്യജാലങ്ങളെക്കൊണ്ടു് നിറച്ച് തടസ്സമുണ്ടാക്കുന്നത് ഗോഹത്യക്ക് തുല്യമാണ്.

ഗോഹത്യാ പാപം ചെയ്ത സ്വപുത്രനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കാതെ പുത്ര സ്നേഹം പ്രകടിപ്പിക്കുന്നത് ഗോഹത്യാ പാപം തന്നെയാണ്.

ഗോക്കളെ വേണ്ട പോലെ സംരക്ഷിക്കാതെ അവയെ പീഡിപ്പിക്കുന്നവൻ ഗോഹത്യാ ഫലം അനുഭവിക്കും.

പ്രാണികൾ, വിഗ്രഹങ്ങൾ, പൂജാദ്രവ്യങ്ങൾ, അഗ്നി, ജലം, നൈവേദ്യം, പുഷ്പം, അന്നം എന്നിവയെ മറികടന്ന് ചാടി നടക്കുന്നവർ ഗോഹത്യാഫലം അനുഭവിക്കും.

ഭിക്ഷാംദേഹിയോടും അതിഥിയോടും  'ഇവിടെയൊന്നുമില്ല' എന്ന കള്ളംപറയുക, ഗുരുക്കൻമാരെയും ദേവൻമാരെയും ദുഷിച്ചു സംസാരിക്കുക, ഗുരു, ബ്രാഹ്മണൻ, എന്നിവരെ വണങ്ങാതിരിക്കുക, ദേവവിഗ്രഹത്തെ വണങ്ങാതിരികുക എന്നിവയെല്ലാം ഗോഹത്യക്ക് തുല്യമാണ്.

തന്നെ നമസ്ക്കരിക്കുന്നവന് ആശിസ്സു നൽകാത്തവനും, വിദ്യ ചോദിച്ചു വരുന്നവന് അത് നൽകാത്തവനും ഗോഹത്യാ പാപിയാണ്.

ഇനി പുരുഷൻമാർക്ക് ഗമ്യഗമ്യകളായ സ്ത്രീകൾ ആരൊക്കെയെന്ന് പറയാം. സ്വന്തം പത്നിയാണ് പുരുഷന് ഗമ്യ. സാമാന്യ നിയമമനുസരിച്ച് മറ്റു സ്ത്രീകൾ എല്ലാം അവന് അഗമ്യകളാണ്.

ശൂദ്രൻമാർക്ക് വിപ്രപത്നിയും വിപ്രന് ശൂദ്രപത്നിയും അത്യാഗമ്യകളാണ്. അത് നിന്ദ്യവുമാണ്. ശൂദ്രൻ ബ്രാഹ്മണ സ്ത്രീയെ പ്രാപിച്ചാൽ നൂറ് ബ്രഹ്മഹത്യക്ക് തുല്യമാണത്. ആ വിപ്രപത്നിയും പതിതയായി കുംഭീപാകത്തിൽ പതിക്കും.

വിപ്രൻ ശൂദ്ര സ്ത്രീയെ പ്രാപിക്കുമ്പോൾ അയാൾ വൃഷലീപതിയായി. അവൻ ബ്രാഹ്മണ്യം നഷ്ടപ്പെട്ടു ചണ്ഡാലനേക്കാൾ നികൃഷ്ടനാവും. അവൻ നൽകുന്ന പിണ്ഡതർപ്പണാദികൾ പിതൃക്കൾ സ്വീകരിക്കില്ല. അവൻ കോടിജന്മങ്ങൾ കൊണ്ട് നേടിയ പുണ്യം മുഴുവൻ നഷ്ടമാവും.

മദ്യ സേവ ചെയ്യുന്ന വിപ്രനും വൃഷലീപതിയായ ബ്രാഹ്മണനും ദേഹത്ത് മുദ്രകുത്താനായി പൊള്ളിച്ചവനും ശൂലമുദ്ര ദേഹത്തു ധരിച്ചവനും ഹരിവാസര സമയത്ത് ഭക്ഷണം കഴിക്കുന്നവനും കുംഭീപാകത്തിൽ വീഴുമെന്ന് നിശ്ചയം.

ഗുരു പത്നി, രാജപത്നി , പുത്രി, പുത്രവധു. സപത്നീ മാതാവ്, ഗർഭിണി, ഭാര്യാമാതാവ്, പത്രിവ്രത, അമ്മായി, സഹോദര ഭാര്യ, സഹോദര പുത്രി, സഹോദരി, മുത്തശ്ശി, അച്ഛമ്മ ,അവരുടെ സഹോദരിമാർ, ശിഷ്യ, ശിഷ്യന്റെ ഭാര്യ, അനന്തിരവന്റെ ഭാര്യ, സഹോദരപുത്രന്റെ ഭാര്യ എന്നിവരെ പ്രാപിക്കുന്നത് സ്വന്തം മാതാവിനെ പ്രാപിക്കുന്നത്ര നീചമാണ്. അങ്ങിനെ ചെയ്യുന്നവന്‍ ബ്രഹ്മഹത്യാ പാപം അനുഭവിക്കണം. അവന് കർമ്മാവകാശമില്ല. കുംഭീപാകമെന്ന ഭീകരനരകം അവനെ കാത്തിരിക്കുന്നു.

വിധിപോലെ സന്ധ്യാവന്ദനം ചെയ്യാത്ത ബ്രാഹ്മണൻ സന്ധ്യാഹീനനാണ്. വൈഷ്ണവ, ശൈവ, ശാക്ത, സൗര, ഗാണപത്യ, മന്ത്രങ്ങൾ അഹങ്കാരത്തോടെ നിരാകരിക്കുന്നവൻ അദീക്ഷിതനാണ്.

ഗംഗയുടെ ജലനിരപ്പിന് നാലടി കീഴെയാണ് ഗംഗാ ഗർഭം. നാരായണസ്വാമിയുടെ ധാമം അവിടെയാണ്. അവിടെ വച്ച് മരിക്കുന്നയാൾ ഹരിപദമണയും എന്നു നിശ്ചയം.

ഗംഗ കടലിൽ ചെന്ന് ചേരുന്നയിടം, കാശി, ബദരി, പുഷ്കരം, ത്ര്യംബകം പ്രഭാവം, കാമരൂപം, ഹരിദ്വാരം, കേദാരം, രേണുകാ സ്ഥാനം, സരസ്വതീ തീരം, ത്രിവേണി, ഹിമാലയം, മുതലായ തീർത്ഥ സ്ഥാനങ്ങളിൽ വച്ച് അത്യാഗ്രഹത്തോടെ ദക്ഷിണ വാങ്ങുന്നവൻ തീർത്ഥ പ്രതിഗ്രാഹിയാകുന്നു. അവനും കുംഭീപാകത്തിൽ പതിക്കും.

ശൂദ്രനെ സേവിക്കുന്നവനും ശൂദ്രനെക്കൊണ്ട് യാഗം ചെയ്യിക്കുന്നവനും ഗ്രാമയാജി എന്നറിയപ്പെടുന്നു. ശൂദ്രനെ ആശ്രയിച്ചു കഴിയുന്നവൻ ദേവലൻ. ശൂദ്രന് വെച്ചുവിളമ്പുന്നവൻ സുപ്രകാരകൻ. സന്ധ്യാ പൂജയില്ലാത്ത വിപ്രൻ പ്രമത്തൻ. ഇവർക്കും വൃഷലീപതിയായ വിപ്രനും കുംഭീപാക നരകത്തിൽ വസിക്കേണ്ടി വരും. മറ്റു നരകങ്ങളിൽ വീഴുന്നവരുടെ കാര്യം ഇനിപ്പറയാം.

Thursday, May 18, 2017

ദിവസം 255. ശ്രീമദ്‌ ദേവീഭാഗവതം 9-33. പാപനിര്‍ണ്ണയം

ദിവസം 255.  ശ്രീമദ്‌ ദേവീഭാഗവതം 9-33.  പാപനിര്‍ണ്ണയം 

ഹരിസേവാരത: ശുദ്ധോ യോഗസിദ്ധോ വ്രതീ സതീ 
തപസ്വീ ബ്രഹ്മചാരീ ച ന യാതി നരകം ധ്രുവം
കടുവാചാ ബാന്ധവാംശ്ച ബാലാ ലേപേന യോ നര:
ദഗ്ധാന്‍ കരോതി ബലവാന്‍ വഹ്നി കുണ്ഡം പ്രയാതി സ:

ധര്‍മ്മരാജന്‍ പറഞ്ഞു: ഭഗവാൻ ഹരിയെ സേവിക്കുന്നവരും യോഗസിദ്ധികൾ ഉള്ളവരും ബ്രഹ്മജ്ഞനായ മുനിയും നരകത്തിൽ പോവേണ്ടതായി വരില്ല. ബലത്താലും ക്രൂരമായ വാക്കുകളാലും ബന്ധു ദ്രോഹം ചെയ്യുന്നവൻ തീർച്ചയായും വഹ്നികുണ്ഡത്തിൽ നിപതിക്കും. അവിടെ തന്റെ ദേഹത്തുള്ളത്ര രോമങ്ങളുടെ എണ്ണമെത്രയോ അത്ര വർഷങ്ങൾ കഴിഞ്ഞിട്ട് പിന്നീട് ജനിക്കുമ്പോൾ അവൻ ആ മണൽക്കാട്ടിൽ ഒരു പശുവായി ജനിക്കും.

വെയിലത്ത് വിശന്നുവലഞ്ഞു വരുന്ന വിപ്രന് ഭക്ഷണം കൊടുക്കാത്തവന് തപ്തകുണ്ഡമാണ് വിധിച്ചിട്ടുള്ളത്. അവിടെ അവന്റെ രോമങ്ങളുടെ എണ്ണ മെത്രയോ അത്ര വർഷം നരകിച്ചിട്ടു് വീണ്ടും ജനിക്കുമ്പോൾ അവന്‍ ഏഴു ജന്മങ്ങൾ പക്ഷിയായി ചുട്ടുപൊള്ളുന്ന മണൽക്കാട്ടിൽ വാഴും.

സംക്രാന്തി, ഞായറാഴ്ച, അമാവാസി, ശ്രാദ്ധം ദിനങ്ങളിൽ ചാരമിട്ടു വെളുപ്പിച്ച വസ്ത്രം ധരിക്കുക മാത്രം ആചാരമാക്കിയവൻ ആ വസ്ത്രത്തിൽ എത്ര നൂലുണ്ടോ അത്ര വർഷങ്ങൾ ക്ഷാരകുണ്ഡത്തിൽ കിടക്കും. അവന്റെ പിന്നീടുള്ള ഏഴു ജന്മങ്ങൾ മറ്റുള്ളവരുടെ വസ്ത്രം വെളുപ്പിക്കുന്ന രജകനായിട്ടായിരിക്കും.

മൂലപ്രകൃതിയേയും വേദശാസ്ത്ര പുരാണങ്ങളേയും ത്രിമൂർത്തികളെയും ഗൗരി, വാണി മുതലായ മാതാക്കളെയും നിന്ദിക്കുന്ന മൂഢജനങ്ങൾക്ക് ഭയാനകം എന്നു പേരായ നരകത്തിൽ വാസമുറപ്പാണ്. അതിദു:ഖപ്രദായിയായ ആ കുണ്ഡത്തിൽ അനേകം കൽപ്പകാലം കിടന്നിട്ട് പിന്നീട് ജനിക്കുന്നത് സർപ്പമായിട്ടായിരിക്കും. ദേവനിന്ദ എന്ന അപരാധത്തിന് പ്രായശ്ചിത്തമില്ല.

ബ്രാഹ്മണരുടെയും ദേവൻമാരുടേയും സ്വത്ത് അപഹരിക്കുന്നവന് അറുപതിനായിരം വർഷം വിട് കുണ്ഡത്തിൽ കിടക്കേണ്ടതായി വരും. അവിടെ മലമാണവന്റെ ഭക്ഷണം. അവന്‍ വീണ്ടും ഭൂമിയിൽ ജനിക്കുന്നത് വിട് കൃമിയായിട്ടായിരിക്കും. അവിടെയും അത്ര കാലം കഴിയണം.

അന്യന്റെ തടാകത്തെ നന്നാക്കി സ്വന്തമാക്കിയെടുക്കുന്നവനും അതിൽ മൂത്രമൊഴിക്കുന്നവനും മൂത്ര കുണ്ഡത്തിലാണ് വീഴുക. തടാകത്തിലെത്ര രേണക്കളുണ്ടോ അത്ര കാലം അവൻ മൂത്രം കുടിച്ചു കഴിയണം. പിന്നെയൊരു നൂറാണ്ടു് ഭൂമിയിൽ കാളയായി കഴിയണം.

മധുരഭക്ഷണം മറ്റാർക്കും കൊടുക്കാതെ കഴിക്കുന്നവൻ ശ്ലേഷ്മ കുണ്ഡത്തിലാണ് വീഴുക .അവിടെ കഫമാണ് ഭക്ഷണം. ഒരു നൂറ്റാണ്ട് കാലം അവന്‍ അവിടെയങ്ങിനെ കഴിയണം. പിന്നീട് ഒരു നൂറ്റാണ്ടു് ഭാരതത്തിൽ പ്രേതമായി കഴിയണം. ശ്ലേഷ്മമൂത്രാദികൾ ഭക്ഷിച്ചാണ് അവന്‍  ഒടുവിൽ ശുദ്ധനാകേണ്ടത്.

മാതാപിതാക്കളെയും പത്നി, പുത്രൻമാർ, പുത്രിമാർ, ഗുരുക്കന്മാർ, അനാഥർ, എന്നിവരെ വേണ്ടപോലെ നോക്കാത്തവർ ഗരകുണ്ഡത്തിൽ പതിക്കും. വിഷവും കഴിച്ച് ഒരു നൂറ്റാണ്ടു് കഴിയുമ്പോൾ അവന്റെ ജന്മം പ്രേതയോനിയിൽ ആയിരിക്കും. അങ്ങിനെ നൂറു കൊല്ലം കഴിയുമ്പോൾ അവൻ ശുദ്ധീകരിക്കപ്പെടും.

അതിഥിയെ ക്രുദ്ധഭാവത്തിൽ നോക്കുന്നവൻ തർപ്പണം ചെയ്യുന്ന ജലം പിതൃക്കൾ സ്വീകരിക്കുകയില്ല. അവൻ ഈ ജീവിതത്തിൽത്തന്നെ ബ്രഹ്മഹത്യാദി പാപങ്ങൾ ചെയ്ത് അതിന്റെ ഫലങ്ങൾ അനുഭവിച്ച് ഒടുവിൽ ദൂഷികാ കുണ്ഡത്തിൽ പതിക്കും. അവിടെ കണ്ണിൽ പീളയാണ് ഭക്ഷണം. നൂറാണ്ട് അവിടെയും പിന്നെയൊരു നൂറ്റാണ്ടു് കാലം ഭൂതയോനിയിലും അവൻ കഴിയേണ്ടിവരും.

ബ്രാഹ്മണന് ഒരിക്കൽ ദാനം ചെയ്ത വസ്തു മറ്റൊരാൾക്ക് വീണ്ടും ദാനമായി നൽകുന്നവൻ വസാകുണ്ഡത്തിൽ നൂറു കൊല്ലം കഴിയണം. പിന്നെ ഭാരതത്തിൽ ഏഴു ജന്മം ഓന്തായി ജീവിക്കണം. അവിടെ ദരിദ്രനും ക്രൂരനും അൽപ്പായുസ്സും ആയി വേണം അവൻ കഴിയാൻ.

ആണൊരാൾ പെണ്ണിനെക്കൊണ്ടും അതുപോലെ തിരിച്ചും ശുക്ളം കുടിക്കാൻ നിർബ്ബന്ധിച്ചാൽ അവർ ശുക്ള കുണ്ഡത്തിൽത്തന്നെയാണ് വീഴുക. അവിടെയതുതന്നെ ഭക്ഷണമാക്കി നൂറുകൊല്ലവും അതു കഴിഞ്ഞ് കൃമിയായി നൂറു കൊല്ലവും കഴിഞ്ഞേ അവർ ശുദ്ധരാവൂ.

ഗുരുവിനെയോ ബ്രാഹ്മണനെയോ തല്ലി ചോര വീഴ്ത്തുന്നവൻ രക്തകുണ്ഡത്തിൽ ഒരു നൂറ്റാണ്ട് രക്തപാനം ചെയ്ത് കഴിഞ്ഞുകൂടും. പിന്നീട് ഏഴു ജന്മം വ്യാഘ്രമായി ജീവിച്ചാലേ അവൻ ശുദ്ധനാവൂ.

ഗദ്ഗദകണ്ഠനായി കൃഷ്ണഗാനം പാടുന്നവനെക്കണ്ട് പുച്ഛിക്കുന്ന കശ്മലൻ കണ്ണീരു കുടിച്ച് ഒരു നൂറ്റാണ്ട് കാലം കണ്ണീർ കുണ്ഡത്തിൽ കഴിയും. പിന്നീട് മൂന്നു ജന്മം ചണ്ഡാല ജന്മം നയിച്ച് അവന് ശുദ്ധനാവാം.

ബന്ധുമിത്രാദികളോട് സ്ഥിരമായി വഴക്കിട്ടു ജീവിക്കുന്നവൻ ഗാത്രമലകുണ്ഡത്തിൽ എത്തിച്ചേരും. അവിടെ നൂറ് വർഷം കഴിഞ്ഞ് മൂന്നുജന്മം കഴുതയായും മൂന്നു ജന്മം കുറുക്കനായും ജീവിച്ച് അവനും ശുദ്ധനാവാം.

ചെവി കേൾക്കാത്തവനെ കളിയാക്കി ചിരിക്കുന്നവൻ മരിച്ചാൽ വീഴുന്നത് ചെവിക്കായം നിറഞ്ഞ നരക കുണ്ഡത്തിലാണ്. അവിടെ കർണ്ണമലമാണ് ഭക്ഷണം. ദരിദ്രനായും പൊട്ടനായും അംഗഹീനനായും ഏഴേഴു ജന്മങ്ങൾ അവൻ ജീവിച്ച് ശുദ്ധിയാർജ്ജിക്കണം.

സ്വന്തം വയർ നിറയ്ക്കാൻ അന്യജീവികളെ കൊന്നു തിന്നുന്നവൻ മജ്ജയും തിന്ന് മജ്ജാ കുണ്ഡത്തിൽ ഒരു ലക്ഷം വർഷം കിടക്കണം. അവൻ എഴുജന്മം വീതം മുയലായും മീനായും പിന്നെ മൂന്നു ജന്മം പന്നിയായും ഏഴു ജന്മം വീതം കോഴിയായും മാനായും ജീവിച്ച ശേഷം ശുദ്ധതയാർജിക്കണം.

സ്വന്തം മകളെ വളർത്തി വലുതാക്കി വിൽക്കുന്നവൻ ആ മകൾക്ക് എത്ര ദേഹരോമങ്ങളുന്നോ അത്ര കൊല്ലം മാംസകുണ്ഡ നിവാസിയാകും. യമകിങ്കരൻമാരുടെ അടിയും മാംസത്തിന്റെ ചൂടും കൊണ്ട് വാർന്നൊലിക്കുന്ന ചോര നക്കിത്തുടച്ച് ദാഹമടക്കി അവനവിടെ കഴിഞ്ഞുകൂടും. പിന്നീട് ഭൂമിയിൽ കന്യാമലത്തിലെ കൃമിയായി അറുപതിനായിരം വർഷം കഴിയണം. പിന്നീട് ഏഴു ജന്മം വ്യാധനായാണ് ജീവിക്കേണ്ടത്. തുടർന്ന് മൂന്നു ജന്മം പന്നി, ഏഴു ജന്മം കോഴി, ഏഴു ജന്മം തവള, ഏഴുജന്മം അട്ട , ഏഴു ജന്മം കാക്ക എന്നിവയായി പിറക്കണം .

വ്രതോപാസ ദിനങ്ങളിൽ ക്ഷൗരം ചെയ്യിപ്പിക്കുന്നവൻ എല്ലാ കർമ്മങ്ങൾക്കും അശുദ്ധനാണ്. ഒരു ദേവവർഷക്കാലം അവൻ നഖങ്ങൾ തിന്നുകൊണ്ട് യമകിങ്കരൻമാരുടെ താഡനമേറ്റ് കഴിയണം.

മുടി ചൂടിയ മൺപ്രതിമയെ പൂജിക്കുന്നവൻ ആ പ്രതിമയിലെ മൺ തരികളുടെ എണ്ണമെത്രയോ അത്രയും കൊല്ലം കേശകുണ്ഡത്തിൽ കഴിയണം. പിന്നീടവൻ ഒരു യവനനായി ജനിക്കും. ഒടുവിലൊരു രാക്ഷസനായി നൂറ് വർഷം ജീവിച്ച് ശുദ്ധതയെ പുൽകും.

പുണ്യതീർത്ഥങ്ങളിൽ വച്ച് പിതൃശ്രാദ്ധം ചെയ്യാത്തവൻ അവന്റെ ദേഹ രോമം എത്രയുണ്ടോ അത്ര വർഷം കാലം അസ്ഥികുണ്ഡവാസിയാവും. പിന്നീട് ഏഴു ജന്മം മുടന്തനായി ജനിക്കണം. അങ്ങിനെ മഹാദാരിദ്യമനുഭവിച്ച് ജീവിച്ച് അവർ ശുദ്ധനാവും.

മൂഢതമൂലം ഗർഭിണിയായ ഭാര്യയെ ഭോഗിക്കുന്നവൻ പൊള്ളുന്ന താമ്രകുണ്ഡത്തിൽ നൂറു വർഷം കിടക്കും. ഭർത്തൃസന്താനങ്ങൾ ഇല്ലാത്ത സ്ത്രീകൾ നൽകുന്ന ഭക്ഷണം കഴിക്കുന്നവൻ ഒരു നൂറ്റാണ്ട് കാലം പൊള്ളുന്ന ലോഹ കുണ്ഡത്തിൽ വസിക്കണം. ഏഴേഴു ജന്മങ്ങൾ രജകനായും കാക്കയായും വ്രണിത ശരീരനായും ദരിദ്ര്യനായും ജനിച്ച് ജീവിച്ച് ശുദ്ധനാവും.

അശുദ്ധമായ കൈ കൊണ്ട് ദേവദ്രവ്യം തൊടുന്നവൻ ഒരു നൂറ്റാണ്ട് ചർമ്മ കുണ്ഡത്തിൽ കിടക്കണം. ശൂദ്രന്റെ ക്ഷണപ്രകാരം അവന്റെ അന്നം ഭുജിക്കുന്ന വിപ്രൻ ഒരു നൂറ്റാണ്ട് തപ്തസുരാകുണ്ഡത്തിൽ വാഴണം. പിന്നീടവൻ ഏഴു ജന്മം ശൂദ്ര പുരോഹിതനാവും. അങ്ങിനെ ശൂദ്ര ശുദ്ധാന്നം ഭുജിച്ച് അവൻ ശുദ്ധനാവും.

യജമാനനെതിരെ ക്രൂര വാക്കുകൾ പ്രയോഗിക്കുന്നവർ തീക്ഷ്ണകണ്ട കുണ്ഡത്തിൽ പതിക്കും. അവിടെ മുള്ളും തിന്ന് യമഭടന്മാരുടെ തല്ലും കൊണ്ട് കിടക്കണം. പിന്നെ ശുദ്ധനാവാൻ അവൻ ഏഴു ജന്മം കുതിരയായി കഴിയണം. വിഷം കൊടുത്ത് മറ്റുള്ളവരെ കൊല്ലുന്നവൻ ആയിരം കൊല്ലം വിഷകുണ്ഡത്തിൽ കഴിയണം. പിന്നെ നൂറ് ജന്മം അവൻ നരഘാതിയായും ശരീരം മുഴുവൻ വ്രണം നിറഞ്ഞവനായും ജീവിക്കണം. ഒടുവിൽ ഏഴു ജന്മം കുഷ്ഠരോഗിയായി ജീവിച്ച് അവനും ശുദ്ധനാവാം.

കാളയേയോ പശുവിനേയോ അടിക്കുന്നവർ അല്ലെങ്കിൽ ഭൃത്യരെക്കൊണ്ടു് തല്ലിക്കുന്നവർ തിളച്ച എണ്ണയിൽ നാലു യുഗം കിടക്കേണ്ടി വരും.പിന്നെ ആ ഗോക്കളുടെ രോമങ്ങളുടെ എണ്ണമെത്രയോ അത്ര ജന്മം അവർ കാളയായിത്തീരും.

ചുട്ടുപഴുത്ത കുന്തംകൊണ്ടു് ജീവികളെ ഉപദ്രവിച്ച് രസിക്കുന്നവർ പതിനായിരം കൊല്ലം കുന്തകുണ്ഡത്തിൽ കഴിയണം. പിന്നീടുള്ള ജന്മം അവൻ ഉദരരോഗത്താൽ വലയുമെങ്കിലും പിന്നീട് ശുദ്ധനായിത്തീരും.

മാംസത്തിലുളള കൊതി കൊണ്ട് യജ്ഞബാഹ്യമായ മാംസം ഭുജിക്കുന്ന ബ്രാഹ്മണൻ അത് ഭഗവാന് നിവേദിക്കാതെയാണ് ആഹരിക്കുന്നതെങ്കിൽ അവൻ തന്റെ രോമങ്ങളുടെയത്ര കൊല്ലം കൃമികുണ്ഡത്തിൽ വസിക്കും. പിന്നീടവൻമൂന്നു ജന്മം മ്ലേച്ഛനായി ജനിക്കും. പിന്നെ വിപ്രനായി ജനിച്ച് ശുദ്ധനാവും.

ശൂദ്രന്റെ പുരോഹിതനായ ബ്രാഹ്മണർ, ശൂദ്രന്റെ അന്നം ഭുജിക്കുന്ന ബ്രാഹ്മണർ, അവരുടെ പ്രേതം ചുടുന്ന അന്തണർ എന്നിവരെല്ലാം പൂയ കുണ്ഡത്തിൽ വീഴുമെന്നു നിശ്ചയം. അവിടെ യമഭടൻമാരുടെ തല്ലും കൊണ്ട് ചലം ഭക്ഷിച്ച് രോമസംഖ്യയുടെയത്ര വർഷം കാലം കഴിഞ്ഞ് പിന്നെ, ഏഴു ജന്മം ശൂദ്രയോനിയിൽ പിറന്ന്, രോഗപീഢയും ദാരിദ്ര്യവും ബധിരതയും അനുഭവിച്ച് ശുദ്ധനാവും.

കൃഷ്ണ സർപ്പത്തെയും ശിരസ്സിൽ പത്മഛിന്നമുള്ള സർപ്പത്തെയും മറ്റും കൊല്ലുന്നവൻ അവന്‍റെ രോമസംഖ്യയുടെയത്രവർഷം സർപ്പകുണ്ഡത്തിൽ കഴിയണം. സർപ്പദംശനവും യമഭടൻമാരുടെ തല്ലും കിട്ടി വലഞ്ഞ് സർപ്പമലം തിന്ന് ജീവിച്ച് അവൻ ജന്മമെടുക്കുന്നത് സർപ്പമായിട്ടാണ്. പിന്നെ മനുഷ്യ ജന്മത്തിൽ അല്പായുസ്സും മഹാരോഗിയുമായി കുഷ്ഠം പിടിച്ച് പാമ്പുകടിച്ച് മരിക്കും.

ദൈവേച്ഛപോലെ ജീവിക്കുന്ന ക്ഷുദ്രജീവികളെ കൊല്ലുന്നവൻ താൻ കൊന്ന കൃമികീടങ്ങളുടെ എണ്ണമെത്രയോ അത്ര കാലം സദംശമശകകുണ്ഡത്തിൽ കൊതുകുകടിയും ഭടൻമാരുടെ അടിയും കൊണ്ട് വലഞ്ഞ് ഒടുവിൽ ക്ഷുദ്രജന്തുവായി പിറവിയെടുക്കും. പിന്നീട് മനുഷ്യ ജന്മമെടുക്കുമ്പോൾ അവന്‍ യവനനും മ്ലേച്ഛനും അംഗഹീനനും മറ്റും ആയി ജീവിച്ച് ഒടുവില്‍ ശുദ്ധനാകും.

തേനീച്ചയെ കൊന്ന് തേൻ കുടിക്കുന്നവൻ ആ ഈച്ചകളുടെ എണ്ണമെത്രയോ അത്ര വർഷം വിഷകുണ്ഡത്തിൽ കഴിയും. കടുന്നൽക്കത്തും യമഭടൻമാരുടെ തല്ലും വാങ്ങി വിഷപാനം ചെയ്തു വേണം ആ നരകവാസം അനുഭവിക്കാൻ. പിന്നെയവസാനം ഒരു ഈച്ചയുടെ ജന്മമെടുത്ത് അവനും ശുദ്ധതയാർജ്ജിക്കും.

നിരപരാധിയേയും ബ്രാഹ്മണനേയും ദണ്ഡിക്കുന്നവൻ വജ്രദംഷ്ട്രകീടകുണ്ഡത്തിൽ നിപതിക്കും. അവിടെയവന്റെ രോമസംഖ്യയെത്രയോ അത്ര വർഷങ്ങൾ അടി കൊണ്ടും കൃമി പീഢയേറ്റും ഹാ ഹാ എന്നു കരഞ്ഞുകൊണ്ട് കഴിയണം. ഏഴേഴു ജന്മങ്ങൾ പന്നിയായും കാക്കയായും ജീവിച്ച് ഒടുവിൽ മർത്യ ജന്മമെടുത്ത് അവൻ ശുദ്ധനാവും.

ദ്രവ്യ ലോഭിയായി പ്രജകളെ ദണ്ഡിപ്പിക്കുന്ന നൃപൻ അവന്റെ രോമസംഖ്യാ കാലം തേളുകൾ നിറഞ്ഞ കുഴിയിൽ പതിക്കും. പിന്നീട് ഏഴു ജന്മം തേളും മറ്റുമായി ജനിച്ച് ഒടുവിൽ മുഷ്യജന്മമെടുക്കും. ആ ജന്മത്തിൽ അംഗഹീനനും രോഗഗ്രസ്ഥനുമായി കഷ്ടപ്പെട്ട് ജീവിച്ച് അയാൾക്ക് ശുദ്ധനാവാം.

അമ്പും വില്ലുമേന്തുന്നവനും, അന്യരുടെ തുണിയലക്കുന്നവനും സന്ധ്യാവന്ദനം ചെയ്യാത്തവനും ഹരിഭക്തിയില്ലാത്തവനും ആയ ബ്രാഹ്മണൻ രോമസംഖ്യാവർഷത്തോളം ശരാദികുണ്ഡങ്ങളിൽ വസിക്കും. അമ്പിന്റെ മുറിവേറ്റ് ചോര വാർന്ന് അവനും ശുദ്ധനാവും.

സ്വന്തം ദോഷം കാണാതെ മദം കൊണ്ട് നിർദ്ദോഷികളെ കൽത്തുറുങ്കിൽ അടയ്ക്കുന്നവന് ഗോളകുണ്ഡത്തിൽ കിടക്കേണ്ടി വരും. അവിടെ തിളച്ച വെള്ളവും ചെളിയും നിറഞ്ഞ കിണറ്റില്‍ കൂർത്ത പല്ലുള്ള കീടങ്ങളുമുണ്ട്. ഇരുട്ടു നിറഞ്ഞ ആ കൂപത്തില്‍ പീഡിപ്പിക്കപ്പെട്ടവന്റെ രോമസംഖ്യാ വർഷം കിടന്ന് ഒടുവിലവന്റെ ഭൃത്യനായി പിറന്ന് ശുദ്ധനാവാം.

ചീങ്കണ്ണിയെയും മറ്റും കൊല്ലുന്നവൻ ആ നക്രത്തിന്റെ മുള്ളിന്റെയത്ര വർഷം നക്രകുണ്ഡത്തിൽ വസിച്ചേ തീരൂ. പിന്നീടുള്ള ജന്മം ഒരു നക്രം തന്നെയായിട്ടാണ്. ആ ജന്മത്തിൽ വളരെയധികം താഡനങ്ങൾ കിട്ടി അവനും ശുദ്ധനാവും.

പുണ്യക്ഷേത്രമായ ഭാരതത്തിൽ പരസ്ത്രീകളുടെ മാറും കടിതടവും മുഖവും കാമത്തോടെ വീക്ഷിക്കുന്നവർ കാകതുണ്ഡത്തിലാണ് ചെന്നെത്തുക. അവിടെയവരുടെ കണ്ണുകൾ കൊത്തിക്കീറാൻ ഭീകരൻമാരായ കാക്കകൾ ഉണ്ടു്. രോമസംഖ്യാവർഷങ്ങൾ അവിടെക്കഴിഞ്ഞ് പിന്നീടുള്ള മൂന്നു ജന്മങ്ങൾ തീയിൽ വെന്തുമരിച്ചാലേ അവന് ശുദ്ധനാവാൻ കഴിയൂ.

ദേവൻമാരുടെയും ബ്രാഹ്മണരുടേയും സ്വർണ്ണം കവരുന്നവർ രോമസംഖ്യാ വർഷത്തോളം മന്ഥാനകുണ്ഡത്തിൽ വസിക്കണം. യമഭടൻമാരുടെ താഡനമേറ്റ് അവർ മാന്തിപ്പൊളിക്കയാൽ കണ്ണിനു കാഴ്ച നഷ്ടമായി, മലം ഭക്ഷിച്ച് അവിടെ കഴിച്ചുകൂട്ടും. പിന്നീടുള്ള ജന്മത്തിലവൻ അന്ധനായിരിക്കും. ഏഴു ജന്മം നിർദ്ധനനും ക്രൂരനും പാതകിയും ആയിക്കഴിഞ്ഞ് ഒടുവിൽ സ്വർണ്ണപ്പണിക്കാരും വ്യാപാരിയും ആവും.

ചെമ്പോ മറ്റ് ലോഹങ്ങളോ മോഷ്ടിക്കുന്നവൻ രോമസംഖ്യാബ്ദം ബീജകുണ്ഡത്തിൽ വസിക്കണം. അവിടെ ബീജമലമാഹരിച്ച് യമഭടൻമാരുടെ തല്ലേറ്റ് വലഞ്ഞ് കാഴ്ച നഷ്ടപ്പെട്ട് ജീവിക്കുന്നതായാൽ അവനൊടുവിൽ ശുദ്ധതയാർജിക്കാം.

ദേവവിഗ്രഹങ്ങളോ ദേവദ്രവ്യങ്ങളോ മോഷ്ടിക്കുന്നവർ വജ്രകുണ്ഡത്തിൽ രോമസംഖ്യാബ്ദം അടിയേറ്റും വിശന്നുവലഞ്ഞും കരഞ്ഞും വസിക്കണം. അങ്ങിനെ മാത്രമേ അവൻ ശുദ്ധനാവൂ. ദേവൻമാരുടേയോ ബ്രാഹ്മണരുടേയോ വെള്ളി, ഗവ്യങ്ങൾ, വസ്ത്രങ്ങൾ, എന്നിവ മോഷ്ടിക്കുന്നവൻ സ്വരോമസംഖ്യാബ്ദം തപ്തപാഷാണകുണ്ഡത്തിൽ കഴിഞ്ഞിട്ട് പിന്നീട് മുമ്മൂന്നു ജന്മം വെള്ളാമയായും കുഷ്ഠരോഗിയായും ഒരു ജന്മം പാണ്ഡു രോഗബാധിതനായും ഒരു ജന്മം വെളുത്ത പക്ഷിയായും ഒടുവിൽ രക്തശൂലവ്യാധിതനായും ജീവിക്കും. അവസാനത്തെ ഏഴു ജന്മം അൽപ്പായുസ്സായി ജീവിച്ച് അവനും ശുദ്ധനാവും.

ദേവൻമാരുടേയോ ബ്രാഹ്മണരുടേയോ പിത്തള പാത്രവും ഓട്ടുപാത്രവും മോഷ്ടിക്കുന്നവൻ തീക്ഷ്ണ പാഷാണ കുണ്ഡത്തിൽ രോമതുല്യാബ്ദം വസിക്കണം. ഏഴു ജമങ്ങൾ കുതിരയായും പിന്നീട് അണ്ഡവൃദ്ധ്യാദി രോഗവും പാദരോഗവും ബാധിച്ചു ജീവിച്ചു കഴിഞ്ഞ് വീണ്ടും ശുദ്ധനാവും. വേശ്യ വിളമ്പുന്ന അന്നമുണ്ണുന്നവനും  വേശ്യയുടെ വരുമാനം കൊണ്ട് ജീവിക്കുന്നവനും സ്വരോമതുല്യം വർഷം ലാലാകുണ്ഡ നരകത്തിൽ കഴിയണം. യമഭടൻമാരുടെ താഡനം ഏറ്റുവാങ്ങണം. അവിടെ വായ്നീരു മാത്രമാണ് ഭക്ഷണം. ഒടുവിൽ നേത്രശൂലം മുതലായ രോഗം പിടിപെട്ട രോഗിയായി ഒരു ജന്മം കൂടി കഴിച്ചുകൂട്ടിയാൽ അവനും ശുദ്ധനാകാം.

ഭാരതത്തിൽ മഷി നോട്ടക്കാരനേയും മ്ലേച്ഛരേയും സേവിക്കുന്ന ബ്രാഹ്മണർ മഷികുണ്ഡത്തിലാണ് എത്തിച്ചേരുക . അവിടെ സ്വരോമസംഖ്യാബ്ദം മഷി കുടിച്ചും അടി കൊണ്ടും കഴിഞ്ഞ് അടുത്ത മുമ്മൂന്നു ജന്മങ്ങൾ കറുത്ത പശുവായും ആടായും കരിമ്പനയായും ജനിക്കും. അങ്ങിനെയവൻ ശുദ്ധനാവും.

ദേവ - ബ്രാഹ്മണ ജനങ്ങളുടെ ധാന്യം, സസ്യം, താംബൂലം, ആസനം, കിടക്ക എന്നിവകൾ മോഷ്ടിക്കുന്നവൻ ചെന്നെത്തുന്ന നരകമാണ് ചൂർണ്ണകുണ്ഡം. നൂറു വർഷം അവിടെ യമ ഭടന്മാരുടെ അടിയും തല്ലും കൊണ്ട് കിടക്കണം. പിന്നീട് ആടിന്റെ ജന്മമാണ്. പിന്നെ മൂന്നു ജന്മം കോഴി, കുരങ്ങ് എന്നീ ജന്മങ്ങളും താണ്ടി ഒടുവിൽ മനുഷ്യജന്മമാകുമ്പോൾ കാസരോഗിയായ ഒരൽപായുസ്സായിട്ടായിരിക്കും. അവന് പുത്രനുമുണ്ടാകില്ല. എങ്കിലുമൊടുവിൽ അവൻ ശുദ്ധനാവും.

ബ്രഹ്മസ്വം അപഹരിച്ച് ചക്രപൂജയും മറ്റും നടത്തുന്നവൻ യമഭടൻമാരുടെ തല്ലും കൊണ്ട് നൂറു വർഷം ചക്രകുണ്ഡത്തിൽ വസിക്കും. പിന്നീടുള്ള ഈ ജന്മം അവർ എണ്ണയാട്ടുന്നവനായിരിക്കും. അപ്പോളവൻ വന്ധ്യനും മഹാരോഗിയുമായിരിക്കും. വിപ്രൻമാരുടെ പശുക്കളെ കക്കാനായി തക്കം പാർത്ത് കാത്തിരിക്കുന്നവൻ മുമ്മൂന്ന് ജന്മങ്ങൾ വീതം കഴുകൻ, പന്നി, പൂച്ച, മയിൽ എന്നിവയായും ജനിച്ച് പിന്നീട് ഏഴു ജന്മം വികലാംഗനായും ദരിദ്രനായും വന്ധ്യനായും വിഭാര്യനായും ജീവിച്ച് ശുദ്ധനാകും.

നിഷിദ്ധമാംസമായ ആമയെ ഭക്ഷണമാക്കുന്ന ബ്രാഹ്മണൻ കൂർമ്മകുണ്ഡത്തിൽ നൂറു വർഷം വസിക്കണം. ആമകൾ അവനെ കൊത്തിക്കീറുന്നതും സഹിച്ച ശേഷം ഉള്ള ജന്മങ്ങൾ ഇപ്രകാരമാണ്. മൂന്നു ജന്മം കൂർമ്മം, മൂന്നു ജന്മം പന്നി, മൂന്നു ജന്മം പൂച്ച, ഒരു ജന്മം മയിൽ.

ബ്രഹ്മസ്വമായ നെയ്യും എണ്ണയും അപഹരിക്കുന്നവൻ ജ്വാലാകുണ്ഡത്തിലും ഭസ്മകുണ്ഡത്തിലും നിപതിക്കും. അവിടെ എണ്ണയിലിട്ടു വറുത്ത് നൂറു വർഷങ്ങൾ അവൻ പീഡിപ്പിക്കപ്പെടും. അതു കഴിഞ്ഞാൽ ഏഴേഴു ജന്മങ്ങൾ മത്സ്യം, എലി എന്നിവയായ ശേഷം ശുദ്ധതയെ പ്രാപിക്കാം.

ദേവബ്രാഹ്മണാദികളുടെ സുഗന്ധതൈലം, നെല്ലിക്കാപ്പൊടി, എന്നിവയെല്ലാം കട്ടുകൊണ്ടു പോകുന്നവൻ ദഗ്ദ്ധകുണ്ഡത്തിൽ സ്വരോമസംഖ്യാബ്ദം കാലത്തോളം ദഹിച്ചു കഴിയും. പിന്നെ അവനിൽ ദുർഗന്ധം നിറഞ്ഞു നിൽക്കും. ഏഴു ജന്മമാ ദുർഗന്ധം തുടരും. പിന്നെയുള്ള മൂന്നു ജന്മം കസ്തൂരി മാനായും പിന്നെ ഏഴു ജന്മം പൂമെരുകായും ജീവിച്ച് ഒടുവിൽ മനുഷ്യ ജന്മമെടുക്കും.

ഈ ഭാരത വർഷത്തിൽ ബലം പ്രയോഗിച്ച് അല്ലെങ്കിൽ ചതിപ്രയോഗത്തിൽ പൈതൃക ഭൂമികൾ തട്ടിയെടുക്കുന്നവനെ തപ്ത സൂചീകുണ്ഡത്തിൽ വീഴ്ത്തി യമഭടൻമാർ പീഡിപ്പിക്കും. എണ്ണയിലിട്ടു വറക്കുന്നത്ര തീവ്രമായ എരിപൊരിസഞ്ചാരം അവനെ സദാ ബാധിക്കും. അവൻ ഭസ്മമാകാതെയും നശിക്കാതെയും  ഏഴു മന്വന്തരക്കാലം വെന്തു നീറിക്കഴിയും. യമഭടൻമാരുടെ തല്ലുകൊണ്ട് അയ്യോ എന്ന് നിലവിളിച്ചവർ കരയും. ആ പീഡനകാലം കഴിഞ്ഞാൽ പിന്നെ അറുപതിനായിരം കൊല്ലം മലത്തിൽ കൃമിയായുള്ള വാസവും അവനുള്ളതത്രേ. ഒടുവിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് ശുഭകർമ്മങ്ങൾ ചെയ്ത് അവന്‍ ശുദ്ധിയാർജിക്കും.

Monday, May 15, 2017

ദിവസം 254. ശ്രീമദ്‌ ദേവീഭാഗവതം 9- 32. നരകകുണ്ഡകഥനം

ദിവസം 254.  ശ്രീമദ്‌ ദേവീഭാഗവതം  9- 32.  നരകകുണ്ഡകഥനം 

മായാബീജം മഹാമന്ത്രം പ്രദത്വാ വിധിപൂര്‍വ്വകം
കര്‍മ്മാശുഭവിപാകം ച താമുവാച രവേ: സുത:
ശുഭാകര്‍മ്മവിപാകാന്ന നരകം യാതി മാനവ:
കര്‍മ്മാശുഭവിപാകം ച കഥയാമി നിശാമയ  

ശ്രീ നാരായണൻ പറഞ്ഞു.: മായാബീജസഹിതം മഹാമന്ത്രത്തെ ഉപദേശിച്ചശേഷം യമധർമ്മൻ അശുഭമായ കർമവിപാകത്തെപ്പറ്റി സാവിത്രിക്ക് പറഞ്ഞു കൊടുത്തു.

ധർമ്മരാജാവ് പറഞ്ഞു: ശുഭകർമ്മങ്ങൾ ഒരുവനെ നരകത്തിലേക്ക് കൊണ്ടുപോവുകയില്ല. അശുഭങ്ങളായ കർമ്മങ്ങൾ എങ്ങിനെയാണ് ഒരുവനെ വൈവിധ്യമാർന്ന നരകങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുന്നതെന്ന് ഇനി പറയാം. പലപല പുരാണങ്ങളിലായി വിവിധങ്ങളായ സ്വർഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ട്. അതുപോലെ പല തരം നരകങ്ങളുമുണ്ട്. കർമ്മഭേദാനുസാരം ജീവികൾ അവിടങ്ങളിൽ എത്തിച്ചേരുന്നു. ദുഷ്ടകർമ്മങ്ങൾ ചെയ്തവന്‍ നരകങ്ങളിലേയ്ക്ക് എത്തും  എന്ന് നിശ്ചയം.

പല ശാസ്ത്രങ്ങളിലുമായി വൈവിദ്ധ്യമാർന്ന തരങ്ങളിൽ ഉള്ള നരകങ്ങളെപ്പറ്റി വർണ്ണനകൾ കാണാം. അവയിൽ ചിലത് അഗാധമാണ്. ചിലത് അതിവിസ്തൃതവുമാണ്. കർമ്മഭേദമനുസരിച്ചാണ് ആ നരകങ്ങളിലേയ്ക്കുള്ള പ്രവേശനം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഘോരമായ നിന്ദ്യപാപങ്ങൾ ചെയ്തവരെ തപിപ്പിക്കാൻ ഭയാനകങ്ങളായ നരകുണ്ഡങ്ങൾ തയ്യാറാക്കി വച്ചിട്ടുണ്ട്. അവയിൽ എൺപത്തിയാറെണ്ണമാണ് ഏറ്റവും പ്രമുഖം.

വഹ്നികുണ്ഡം, തപ്തകുണ്ഡം, ക്ഷാരകുണ്ഡം, വിട്കുണ്ഡം, മൂത്രകുണ്ഡം, ശ്ലേഷ്മകുണ്ഡം, ഗരകുണ്ഡം, ദുഷീകുണ്ഡം, വസാകുണ്ഡം, ശുക്രകുണ്ഡം, അസൃക്കുണ്ഡം, അശ്രുകുണ്ഡം,  ഗാത്രമലകുണ്ഡം, കർണ്ണമലകുണ്ഡം, മജ്ജാകുണ്ഡം, മാംസകുണ്ഡം, നക്രകുണ്ഡം,  ലോമകുണ്ഡം, കേശകുണ്ഡം, അസ്ഥികുണ്ഡം, താമ്രകുണ്ഡം, ലോഹകുണ്ഡം, ചർമ്മകുണ്ഡം, സുരാകുണ്ഡം, കണ്ടകകുണ്ഡം, വിഷ കുണ്ഡം, തൈലകുണ്ഡം, കുന്തകുണ്ഡം, കൃമികുണ്ഡം, പൂയകുണ്ഡം, സർപ്പകുണ്ഡം, മശകുണ്ഡം, ദംശകകുണ്ഡം, ഗരളകകുണ്ഡം,  വജ്രതപ്തപാഷാണകുണ്ഡം,  തീക്ഷ്ണപാഷാണകുണ്ഡം,  ലാലാകുണ്ഡം,  മസീകുണ്ഡം,  ചൂർണ്ണകുണ്ഡം, ചക്രകുണ്ഡം, വക്രകുണ്ഡം, കൂർമ്മകുണ്ഡം, ജ്വാലാകുണ്ഡം,  ഭസ്മകുണ്ഡം, ദഗ്ദ്ധകുണ്ഡം, തപ്തസൂചികുണ്ഡം, അസിപത്രം ക്ഷൂരധാരം, ഗോകാമുഖം നക്രമുഖം, ഗോമുഖം, ഗജദംശം, കുംഭീപാകം, കാലസൂത്രം, മത്സ്യോദം, കൃമിതന്തുകം, പാംസുഭോജ്യം, പാശവേഷ്ടം, ശൂലപ്രോതം, പ്രകമ്പനം, ഉൽക്കാമുഖം, അന്ധകൂപം, വേധനം, താഡനം, ജാലരന്ധ്രം, ദേഹചൂർണ്ണം, ദലനം, ശോഷണം, കഷം, ശൂർപ്പം, ജ്വാലാമുഖം, ധൂമാന്ധം, നാഗവേഷ്ടനം, എന്നീ കുണ്ഡങ്ങളിൽ പാപികൾക്കുള്ള ശിക്ഷാവിധികൾ നടപ്പിലാക്കാൻ ആയിരക്കണക്കായ കിങ്കരൻമാർ കാത്തിരിക്കുന്നു.

അവർ കയറും ദണ്ഡും വേലും വാളുമൊക്കെ പിടിച്ച് ഭയാനകരൂപത്തോടെ നിലകൊള്ളുന്നു. അവരെ ആർക്കും തടുക്കാനാവില്ല. തമസ്സുമുറ്റിയ ദയാഹീനരാണവർ. ചുവന്നകണ്ണുകളോടെ  നിശ്ശങ്കരായി നിൽക്കുന്ന ഇവർ യോഗയുക്തരും സിദ്ധരും തേജോമയരുമാണ്. മരണസമയത്ത് പാപികൾക്ക് ഇവരെ കാണാൻ കഴിയും. എന്നാൽ സ്വകർമനിരതരായ ശാക്തൻമാരും സൗരൻമാരും ഗണപത്യരും പുണ്യവാൻമാരും യോഗികളുമൊന്നും ഇക്കൂട്ടരെ കാണുന്നതേയില്ല. സ്വപ്നത്തിലെങ്കിലും ഈശ്വരദർശന സൗഭാഗ്യം ലഭിച്ചവർക്കും ഈ നരകകിങ്കരന്മാരെ കാണേണ്ടതായി വരില്ല.

നരകകുണ്ഡങ്ങളുടെ പേരുകൾ കേട്ടല്ലോ. ഇനി ഏതെല്ലാം പാപങ്ങളാണ് ജീവനെ ഓരോരോ കുണ്ഡങ്ങളിലേക്ക് തള്ളിയിടുന്നതെന്ന് പറയാം.

Friday, May 12, 2017

ദിവസം 253. ശ്രീമദ്‌ ദേവീഭാഗവതം. 9- 31. യമസ്തുതി

ദിവസം 253.  ശ്രീമദ്‌ ദേവീഭാഗവതം. 9-  31.  യമസ്തുതി

ശക്തേരുത്കീര്‍ത്തനം ശ്രുത്വാ സാവിത്രീ യമ വക്തൃത:
സാശ്രുനേത്രാ സ പുളകാ യമം പുനരുവാച സാ
ശക്തേരുത് കീര്‍ത്തനം ധര്‍മ്മ സകലോധാരണ കാരണം 
ശ്രോതൃണാം ചൈവ വക്തൃണാം ജന്മമൃത്യുജരാഹരം

ശ്രീനാരായണന്‍ പറഞ്ഞു: യമധര്‍മ്മന്‍ പരാശക്തിയെ സ്തുതിച്ചതുകേട്ട സാവിത്രി പുളകിതഗാത്രയായി കണ്ണുനീരോടെ ഇങ്ങിനെ പറഞ്ഞു: “കേള്‍ക്കുന്നമാത്രയില്‍ത്തന്നെ ആരെയും ഉദ്ധരിക്കാന്‍ പോന്നതാണ് അങ്ങ് പറഞ്ഞു തന്നതായ മൂലപ്രകൃതിവര്‍ണ്ണനം. പരാശക്തിയുടെ പുണ്യവൃത്താന്തം പറയുന്നവനും കേള്‍ക്കുന്നവനും ജരാനരകള്‍ ഇല്ലാത്ത അവസ്ഥയില്‍ അചിരേണ എത്തിച്ചേരും.

ദാനവര്‍ക്കും സിദ്ധന്മാര്‍ക്കും അത് തപസ്സിന്‍റെ പരമപദമാകുന്നു. യോഗത്തെയും വേദത്തെയും പ്രകീര്‍ത്തിക്കുന്നതിനു തുല്യമാണ് പരാശക്തിയെ കീര്‍ത്തിക്കുന്നത്. അമരത്വവും മുക്തിയും സിദ്ധിയുമൊന്നും ശക്തിപ്രകീര്‍ത്തനത്തിന്റെ പതിനാറില്‍ ഒരംശംപോലും പ്രാധാന്യമുള്ളതല്ല. ഇനി വിധിപ്രകാരം ശക്തിപൂജചെയ്യേണ്ടത് എങ്ങിനെയെന്ന് അങ്ങുതന്നെ പറഞ്ഞു തന്നാലും. ശുഭകര്‍മ്മവിപാകം ഉപദേശിച്ച അങ്ങില്‍ നിന്നുതന്നെ അത് കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. അതുപോലെ ദുഷ്കര്‍മ്മ വിപാകവും വിശദമായി പ്രതിപാദിച്ചാലും.”

ഇത്രയും പറഞ്ഞ് തലകുമ്പിട്ടു നമസ്കരിച്ച് സാവിത്രി ധര്‍മ്മദേവനെ ഇങ്ങിനെ സ്തുതിച്ചു: "പണ്ട് പുഷ്കരത്തില്‍ വച്ച് ആദിത്യന്‍ ധര്‍മ്മദേവനെ തപസ്സുചെയ്ത് പുത്രഭാഗ്യം നേടി. അങ്ങിനെയുള്ള ധര്‍മ്മദേവനെ ഞാന്‍ വണങ്ങുന്നു.

സകലചരാചരങ്ങളിലും സാക്ഷീഭാവത്തില്‍ സമബുദ്ധിയോടെ വര്‍ത്തിക്കുന്നവനും അതിനാല്‍ത്തന്നെ ശമനന്‍ എന്നറിയപ്പെടുന്നവനുമായ ധര്‍മ്മദേവനെ ഞാന്‍ നമസ്കരിക്കുന്നു.

ജീവജാലങ്ങള്‍ക്ക് സമയമാകുമ്പോള്‍ അന്തം വരുത്തുന്ന കൃതാന്തനെ ഞാനിതാ നമിക്കുന്നു.

പാപികള്‍ക്ക് അര്‍ഹതപ്പെട്ട ദണ്ഡനമേകി അവരെ പരിശുദ്ധരാക്കുന്നതും അവിടുന്നല്ലേ? ദണ്ഡം ധരിച്ചുനില്‍ക്കുന്ന ശാസ്താവായ ദണ്ഡധരനെ ഞാന്‍ തൊഴുന്നു.

വിശ്വത്തെ സദാ കലനം ചെയ്യുന്നതിനാല്‍ കാലന്‍ എന്ന് പേരുള്ള യമനെ ഞാനിതാ നമസ്കരിക്കുന്നു. ഇന്ദ്രിയങ്ങളെ വെന്നവനും യമനും ബ്രഹ്മനിഷ്ഠനുമായ അവിടുന്നാണ് കര്‍മ്മഫലത്തെ കാലാനുസാരം വിതരണം ചെയ്യുന്നത്.

അങ്ങ് പാപികള്‍ക്ക് ശിക്ഷനല്‍കുന്നവനും പുണ്യവാന്മാര്‍ക്ക് സുഹൃത്തുമായ ആത്മാരാമനാണ്. അതിനാല്‍ മിത്രനെന്ന അവിടുത്തെ നാമം അന്വര്‍ത്ഥമാണ്. ബ്രഹ്മാംശമായ, ബ്രഹ്മതേജസ്സിനാല്‍ പ്രോജ്വലിക്കുന്ന യമദേവനെ ഞാനിതാ തലകുമ്പിട്ടു നമസ്കരിക്കുന്നു.”

ഇങ്ങിനെ സ്തുതിചെയ്ത് സാവിത്രി യമദേവനെ നമസ്കരിച്ചു. യമാഷ്ടകം എന്നറിയപ്പെടുന്ന ഈ സ്തുതി അതിരാവിലെ ചൊല്ലുന്നവന് മരണഭീതിയുണ്ടാവുകയില്ല. എത്രപാപിയാണെങ്കിലും ഭക്തിയോടെ നിത്യവും ഈ സ്തുതി ജപിക്കുകയാണെങ്കില്‍ ജന്മജന്മാന്തരങ്ങള്‍ കഴിയുമ്പോള്‍ യമദേവന്‍ അവനെ പരിശുദ്ധനാക്കും.  

Tuesday, May 9, 2017

ദിവസം 252. ശ്രീമദ്‌ ദേവീഭാഗവതം 9-30. കർമ്മവിപാകം

ദിവസം 252.  ശ്രീമദ്‌ ദേവീഭാഗവതം 9-30.  കർമ്മവിപാകം

പ്രയാന്തി സ്വർഗ്ഗമന്യം ച യേനൈവ കർമ്മണാ യമ
മാനവാ: പുണ്യവന്തശ്ച തന്മേ വ്യാഖ്യാതുമർഹസി
അന്നദാനം ച വിപ്രായ യ: കരോതി ച ഭാരതേ
അന്നപ്രമാണവർഷം ച ശിവലോകേ മഹീയതേ

സാവിത്രി ചോദിച്ചു: "ധർമ്മരാജാവേ പുണ്യം ചെയ്ത മനുഷ്യർ സ്വർഗ്ഗാദി ലോകങ്ങളിലേക്ക് പോകുന്നു എന്നു പറഞ്ഞുവല്ലോ. ഏതെല്ലാം തരത്തിലുള്ള കർമ്മങ്ങൾ മൂലമാണ്  നിയതി അവരെ അവിടേയ്ക്ക്  കൊണ്ടുപോവുന്നത്?"

ധർമ്മരാജാവ് പറഞ്ഞു: ഭാരതത്തിൽ ബ്രാഹ്മണർക്കായി അന്നദാനം നടത്തുന്നത് പുണ്യപ്രദമാണ്. അങ്ങിനെയുള്ള ദാനശീലര്‍ക്ക് അവര്‍ കൊടുത്ത അന്നത്തിന്‍റെ സംഖ്യയെത്രയോ അത്ര കൊല്ലം ശിവലോകവാസം ലഭിക്കും. മഹാദാനമായ അന്നദാനം മറ്റുള്ളവർക്കായി ചെയ്യുന്നതും ഒരുവനെ ശിവലോകത്ത് പൂജാർഹനാക്കും. അന്നദാനത്തേക്കാൾ മറ്റൊരു ദാനവും മഹത്തരമല്ല. അതിനു കാലവും പാത്രവും നോക്കേണ്ടതില്ല.

ദേവൻമാർക്കും ബ്രാഹ്മണർക്കും ആസനം ദാനം ചെയ്യുന്നവർ പതിനായിരം കൊല്ലം വിഷ്ണുലോകത്ത് പൂജിതനാകും. നല്ലൊരു കറവപ്പശുവിനെ ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നവർക്ക് ആ പശുവിന്റെ രോമങ്ങളുടെയത്ര വർഷം വിഷ്ണുലോകത്ത് വസിക്കാം. ഈ ദാനം പുണ്യദിനത്തിൽ നടത്തിയാൽ ഫലം നാലിരട്ടിയാണ്. അത് പുണ്യതീർത്ഥങ്ങളിൽ വെച്ചാണെങ്കിൽ നൂറിരട്ടിഫലമാണ്. വിഷ്ണു ക്ഷേത്രത്തിലാണെങ്കിൽ അതിന് ഒരു കോടി മടങ്ങ് ഗുണമാണ് പറയുന്നത്.

ബ്രാഹ്മണന് ഗോദാനം ചെയ്യുന്നത് കൊണ്ടു് പതിനായിരം വർഷം ചന്ദ്രലോകത്ത്  വാസമുറപ്പിക്കാം. ഒരു പാല്‍ക്കറവയുള്ള എരുമയെ ദാനം ചെയ്താൽ അതിന്റെ രോമങ്ങൾ എത്രയോ അത്രയും കൊല്ലം വിഷ്ണുലോകത്ത് അവന്‍ പൂജിതനാവും. നല്ലൊരു വെൺകൊറ്റക്കുട ബ്രാഹ്മണന് ദാനമായി നൽകുന്നവൻ പതിനായിരം വർഷം വരുണലോകത്ത് പൂജിതനാവും. അംഗവൈകല്യമുള്ളവര്‍ക്ക് ഇണപ്പുടവകൾ ദാനം ചെയ്യുന്നത് കൊണ്ടു് പതിനായിരം കൊല്ലം വായുലോകത്ത് സംപൂജ്യനായി ജീവിക്കാം. വസ്ത്രത്തോടു കൂടി സാളഗ്രാമം ദാനം ചെയ്യുന്നവൻ ആദിത്യചന്ദ്രൻമാർ ഉള്ള കാലത്തോളം വിഷ്ണുലോകത്ത് പൂജിതനാവും. അതുപോലെ തന്നെ വിപ്രന് നല്ലൊരു കിടക്കയും കട്ടിലും ദാനം ചെയ്യുന്നവൻ സൂര്യചന്ദ്രൻമാർ ഉള്ള കാലത്തോളം ചന്ദ്രലോകത്ത് പൂജിതനായി വാഴും.

ദേവൻമാർക്കും ബ്രാഹ്മണർക്കും ദീപം ദാനം ചെയ്യുന്നവൻ ഒരു മന്വന്തരക്കാലം അഗ്നിലോകത്ത് വസിക്കും. ഭാരതത്തിൽ ബ്രാഹ്മണന് ഒരാനയെ ദാനം ചെയ്യുന്നതായാൽ അവന് ഇന്ദ്രലോകത്ത് ഇന്ദ്രനുമൊത്ത് അർദ്ധാസനത്തിൽ വിരാജിച്ച് ഇന്ദ്രായുസ്സോളം കഴിയാം. കുതിരയെയാണ് ദാനം ചെയ്യുന്നതെങ്കിൽ ഒരു മന്വന്തരക്കാലം വരുണലോകവാസം ഫലം. ഒരു പല്ലക്കുണ്ടാക്കി വിപ്രനു നൽകുന്നവന് പതിന്നാല് ഇന്ദ്രായുസ്സോളം വരുണലോകത്ത് വസിക്കാം.

നല്ലൊരു ഫലവൃക്ഷത്തോട്ടം ബ്രാഹ്മണനു ദാനം ചെയ്താൽ അവന് വായുലോകത്ത് ഒരു മന്വന്തരക്കാലം സുഖജീവിതം ഉറപ്പാക്കാം. ബ്രാഹ്മണന് ആലവട്ടവും വെഞ്ചാമരവും നൽകുന്നതുകൊണ്ട് ദാനി വായുലോകത്ത് പതിനായിരം കൊല്ലം വസിക്കാനിടയാവും. ബ്രാഹ്മണന് ധാന്യവും രത്നവും നല്കുന്നവൻ ചിരംജീവിയാവും. അങ്ങിനെ ദാനം നൽകിയവനും വാങ്ങിയവനും വൈകുണ്ഠം പൂകും. ചിരംജീവികൾ സദാ വിഷ്ണുനാമം ജപിക്കുന്നതിനാൽ മൃത്യു അവരെ തീണ്ടുകയില്ല.

ഭാരതവർഷത്തിൽ വെളുത്തവാവിന് ദോളോൽസവം നടത്തിക്കുന്നവൻ ജീവൻമുക്തനാവും. അവൻ ഇഹലോകസുഖങ്ങൾ ആസ്വദിച്ചശേഷം വൈകുണ്ഠത്തിൽ ഏറെക്കാലം കഴിയും. ഉത്സവം നടത്തുന്നത് ഉത്രം നാളിലാണെങ്കിൽ അതിന്‍റെ ഫലമിരട്ടിയാണ്. അവൻ കൽപാന്തകാലം ജീവിക്കുമെന്നാണ് ബ്രഹ്മാവ് പറഞ്ഞിട്ടുള്ളത്. ബ്രാഹ്മണന് എള്ള് ദാനം ചെയ്താൽ അവന്‍ ആ എള്ളിൻ മണികളുടെയത്ര കൊല്ലം ശിവലോകത്ത് വിരാജിക്കും. അവർ പിന്നീട് ഉന്നതകുലത്തിൽ ഭൂജാതനാവും. എള്ള് ദാനം ചെയ്യുന്നത് ചെമ്പു പാത്രത്തിലായാൽ അതിന്‍റെ ഫലമിരട്ടിയാണ്.

സുന്ദരിയും സുശീലയുമായ കന്യകയെ അണിയിച്ചൊരുക്കി വിപ്രന് നല്കുന്നതുകൊണ്ട്  ദാനിക്ക് ചന്ദ്രലോകവാസം കിട്ടും. അവിടെ അപ്സരകന്യകമാർ അയാളെ സേവിക്കും. അങ്ങിനെ പതിന്നാല് ഇന്ദ്രൻമാരുടെ ആയുസ്സിന്‍റെയത്ര കാലം അയാള്‍ സുഖിച്ചു വാഴും. അതു കഴിഞ്ഞ് ഗന്ധർവ്വലോകത്ത് ഉർവ്വശിയുമൊത്ത് പതിനായിരം വർഷം സുഖിക്കാം. പിന്നീട് ഭൂവാസമാവുമ്പോൾ അവന് സുന്ദരിയും സുഭഗയും പതിവ്രതയുമായ ഒരുത്തമപത്നിയെത്തന്നെ ലഭിക്കും.

വിപ്രന് പഴങ്ങൾ ദാനം ചെയ്യുന്നതായാൽ ആ പഴത്തിന്റെ എണ്ണമെത്രയോ അത്ര വർഷം ഇന്ദ്രലോകവാസം ലഭിക്കും. പിന്നീട് ഭൂമിയിൽ വന്നു പിറക്കുന്നത് ഉത്തമ കുടുംബങ്ങളിലായിരിക്കും. ഫലവൃക്ഷങ്ങൾ ആയിരം എണ്ണം ദാനം ചെയ്‌താലോ അല്ലെങ്കിൽ അവയിലെ ഫലങ്ങൾ ബ്രാഹ്മണർക്ക് നല്കിയാലോ സ്വർഗ്ഗവാസം കിട്ടും. അതുകഴിഞ്ഞ് ഭാരതവർഷത്തിൽ ധനികനായി, വലിയ ഒരു ഭൂവുടമയായി ജനിക്കും. ബ്രാഹ്മണനു വേണ്ടി ഒരു വലിയ ഗൃഹം നിർമ്മിച്ചു നല്കുന്നവൻ നൂറു മന്വന്തരക്കാലം സ്വർഗ്ഗസുഖമനുഭവിക്കും. അവന്റെ അടുത്ത ജന്മം ധനികഗൃഹത്തിലായിരിക്കും. ബ്രാഹ്മണന് ഫലഭൂയിഷ്ഠമായ ഭൂമി ദാനം ചെയ്യുന്നവനു വൈകുണ്ഠവാസവും അതുകഴിഞ്ഞു് പുനർജനിക്കുമ്പോൾ  വലിയ ഭൂവിസ്തൃതികൾക്കുടമയാവാനും സാധിക്കും. നൂറു ജന്മത്തിലും ആ ഭൂമി അവനു നഷ്ടമാവില്ല. അവൻ ഐശ്വര്യവാനായ ഒരു രാജാവായി ഭൂമിയെ ഭരിക്കും.

നല്ല പശുത്തൊഴുത്തോടു കൂടിയുള്ള ഒരു ഗ്രാമമാണ് വിപ്രന് നൽകുന്നതെങ്കിൽ അവന് ലക്ഷം മന്വന്തരക്കാലം വൈകുണ്ഠവാസം ലഭിക്കും. പിന്നീടു് ഭൂമിയിൽ പുനർജനിക്കുമ്പോൾ അവൻ ലക്ഷം ഗ്രാമങ്ങൾക്ക് അധിപനാവും. ലക്ഷം ജന്മങ്ങൾ കഴിഞ്ഞാലും അവന്റെ കയ്യിൽ നിന്നും ഭൂമി നഷ്ടപ്പെടുകയില്ല. വിളഞ്ഞ സസ്യങ്ങളും പൊയ്കകളും നിറഞ്ഞ ഐശ്വര്യസമ്പൂർണ്ണമായ ഒരു നഗരമാണ് ദാനം ചെയ്യുന്നത് എങ്കിൽ ദാനിക്ക് പത്തുലക്ഷം ഇന്ദ്രായുസ്സ് കാലം കൈലാസത്തിൽ വസിക്കാനാവും. ഭൂമിയിൽ തിരിച്ചെത്തുമ്പോൾ രാജപദവി അവനെ കാത്തിരിക്കും. എണ്ണമറ്റ നഗരങ്ങളെ അവൻ ഭരിക്കും.

കുളവും തടാകങ്ങളും വൃക്ഷസഞ്ചയങ്ങളും നിറഞ്ഞ ദേശവും നൂറുഗ്രാമങ്ങളും ദാനം ചെയ്യുന്നവന് ഒരു കോടി മന്വന്തരക്കാലം വൈകുണ്ഠവാസം ലഭിക്കും. പിന്നീടവന്‍ അഭിജാതമായൊരു കുടുംബത്തിൽ പിറന്ന് ഇന്ദ്രസമാനമായ ഐശ്വര്യത്തോടെ  ജംബൂദ്വീപിന്റെ അധിപനാവും. ഒരുവൻ അവന്റെ എല്ലാ അധികാരങ്ങളും ബ്രാഹ്മണനു ദാനം ചെയ്താൽ അതിന്റെ നാലിരട്ടി ഭോഗസൗഖ്യം തീർച്ചയായും അവനു ലഭിക്കും. തപസ്വിയായ വിപ്രന് ജംബുദ്വീപുതന്നെ ദാനമായി നല്കിയാൽ ഫലം നൂറിരട്ടിയാണ്.

ഇങ്ങിനെ അത്യുൽക്കഷ്ടമായ ദാനങ്ങൾ ചെയ്യുന്നവനു പോലും പുനർജന്മമുണ്ട്. എന്നാൽ ഒരു ദേവീഭക്തന് വീണ്ടും ജനിക്കേണ്ടതായില്ല. ഭുവനേശ്വരിയായ ദേവിയുടെ മണിദ്വീപിൽ നിവസിച്ചു കൊണ്ട് അനേകം ബ്രഹ്മപ്രളയങ്ങൾക്കവന്‍ സാക്ഷിയാവും. അങ്ങിനെയുള്ളവർ മർത്യദേഹം വെടിഞ്ഞ് ജന്മമൃത്യുജരാഹീനരായി ദിവ്യരൂപവിഭൂതികൾ അണിഞ്ഞ് ദേവിയുടെ സേവകരായി വർത്തിക്കുന്നു. ബ്രഹ്മാണ്ഡങ്ങൾ ഉണ്ടാകുന്നതും നശിക്കുന്നതും വിഭൂതി വിശേഷങ്ങളും വിശ്വവും സിദ്ധദേവാദികളേയും എന്നുവേണ്ട എല്ലാം മഹാപ്രളയത്തിനു വഴങ്ങുന്നതുപോലും അവർ കാണും. എന്നാൽ ഈ മാറ്റങ്ങൾ ദേവീഭക്തരെ ബാധിക്കയില്ല.

കാർത്തികമാസത്തിൽ വിഷ്ണുഭക്തർക്ക് തുളസിപ്പൂ ദാനമായി നല്കുന്നവന് വൈകുണ്ഠത്തിൽ മൂന്നുയുഗം ഹരിമന്ദിരത്തിൽ വാഴാനാവും. അതുകഴിഞ്ഞ് ഭൂമിയിൽ ജനിക്കുമ്പോൾ അയാള്‍ ഒരു സത്കുലത്തിൽ പിറന്ന് ഉത്തമ ഹരിഭക്തനായി, ഇന്ദ്രിയജിതനായി ഏറെക്കാലം ജീവിക്കും. സൂര്യോദയത്തിൽ ഗംഗാസ്നാനം ചെയ്യുന്ന ഭക്തന് അറുപതിനായിരം കൊല്ലം ശ്രീഹരിമന്ദിരത്തിൽ സുഖിച്ചു വാഴാനാവും. വീണ്ടും ഭൂമിയിൽ പിറന്ന് വിഷ്ണുമന്ത്രം കൈക്കൊണ്ട് ഒടുവിൽ വിഷ്ണുപദത്തിൽ അവന്‍ വിലയിക്കും. വിഷ്ണുവിന്റെ പാർഷദനായി മാറിയ അവന് ഇനിയൊരു ജന്മമെടുക്കേണ്ടതില്ല.

നിത്യവും രാവിലെ ഗംഗാസ്നാനം ചെയ്യുന്നവൻ സൂര്യനെപ്പോലെ പരിശുദ്ധനാവും. അവന്റെ ഓരോ കാൽവെപ്പും യാഗഫലത്തെ പ്രദാനം ചെയ്യുന്നു. അവന്റെ കാലടികൾ ഈ മണ്ണിനെ പവിത്രമാക്കും. ആചന്ദ്രാർക്കം വിഷ്ണു ലോകത്ത് വസിക്കാനും സുഖിക്കാനും അവനു കഴിയും. വീണ്ടും ഭൂമിയിൽ വന്നു പിറക്കുമ്പോൾ ഹരിഭക്തനും ജിതേന്ദ്രിയനുമായി, ഐശ്വര്യവാനും വിദ്യാസമ്പന്നനുമായിത്തീർന്ന് അവന്‍ മുക്തിപദമണയും.

സൂര്യൻ കത്തിജ്വലിക്കുന്ന മീനം മുതൽ കർക്കിടകം വരെയുള്ള കാലഘട്ടത്തിൽ സുഗന്ധപൂരിതമായ ജലം കുടിക്കാന്‍ നല്കുന്നവൻ പന്ത്രണ്ട് ഇന്ദ്രായുസ്സോളം കൈലാസത്തിൽ സസുഖം കഴിയും. പിന്നെയുള്ള അവന്‍റെ ജന്മം സുന്ദരനും ശിവഭക്തനുമായിട്ടായിരിക്കും. വേദത്തിലുള്ള അവഗാഹമായ അറിവും കീർത്തിയും അവനെ അലങ്കരിക്കും. വൈശാഖത്തിൽ ശർക്കര ചേർത്ത അരിമാവ് ദാനം കൊടുക്കുന്നവൻ അതിലെ അരി നുറുങ്ങിന്റെ എണ്ണമെത്രയോ അത്ര കൊല്ലം ശിവലോകത്ത് സുഖജീവിതം നയിക്കും.

ഭാരതത്തിൽ കൃഷ്ണജന്മാഷ്ടമീവ്രതം നോൽക്കുന്നതു കൊണ്ട്  ഒരുവന്‍റെ നൂറുജന്മങ്ങളിൽ ചെയ്ത പാപങ്ങൾ ഇല്ലാതാവും. പതിന്നാല് ഇന്ദ്രായുസ്സ് കാലം അവന് വൈകുണ്ഠവാസം ലഭിക്കും. പിന്നീടുള്ള അവന്റെ ജന്മം ഒരുത്തമകുലത്തിൽ കൃഷ്ണഭക്തനായിട്ടായിരിക്കും.  ഭാരതവർഷത്തിൽ ശിവരാത്രിവ്രതം നോൽക്കുന്ന പുണ്യവാൻ ഏഴുമന്വന്തരക്കാലം കൈലാസത്തിൽ സുഖിമാനായി വാഴും. ശിവരാത്രി ദിവസം പരമശിവനെ വില്വപത്രങ്ങൾ കൊണ്ടു് പൂജിക്കുന്നവൻ ആ ഇലകൾ എത്രയെണ്ണമുണ്ടോ അത്രയും വർഷങ്ങൾ ശിവലോകത്ത് വസിക്കും. പിന്നെ ശിവഭക്തനായി ജനിച്ച് വിദ്യാധനം, പുത്രധനം, ഭൂസ്വത്ത്, എന്നിവയ്ക്കെല്ലാം അവന്‍ അധിപനാവും.

കുംഭത്തിലോ മേടത്തിലോ വ്രതാനുഷ്ഠാനപൂർവ്വം ചൂരക്കോലുമെടുത്ത് ശിവനെ അർച്ചിച്ചു പൂജിക്കുന്നവൻ എത്രദിവസം ഈ സാധന ചെയ്യുന്നുവോ അത്ര യുഗങ്ങൾ ശിവലോകത്ത് വിരാജിക്കുന്നതാണ്.  ഭാരതവർഷത്തിൽ മുടങ്ങാതെ ശ്രീരാമനവമീ വ്രതം ആചരിക്കുന്നവൻ ഏഴുമന്വന്തരങ്ങൾ വിഷ്ണുലോകത്ത് സുഖിയായി വാഴും. അവന്‍റെ പിന്നീടുള്ള ജന്മം ഒരു സുയോനിയിലായിരിക്കും. അവൻ രാമഭക്തനും ധനികനും ജിതേന്ദ്രിയുമായിത്തീരും.

ശരത്കാലത്ത് വെളളാട്, പോത്ത്, വാൾപ്പുലി, ചുകന്നയാട്, എന്നീ മൃഗങ്ങളെ ബലി കൊടുത്ത് ധൂപനൈവേദ്യങ്ങൾ അർപ്പിച്ച് ഗീതങ്ങളും വാദ്യഘോഷങ്ങളും നൃത്തങ്ങളുമായി ദേവീപൂജകൾ നടത്തുന്നവന് ഏഴു മന്വന്തരക്കാലം ശിവലോകത്ത് വസിക്കാൻ കഴിയും. അവൻ പുനർജനിക്കുമ്പോൾ അതുല്യശ്രീയാർന്ന്  പുത്രപൗത്രന്മാരും അശ്വഗജാദി സമ്പത്തുക്കളുമായി രാജപദവിയിൽ വാഴുന്നതാണ്.

ഭാരതഭൂമിയിൽ വച്ച് ശുക്ളാഷ്ടമിതൊട്ടുള്ള പതിനഞ്ചുദിനങ്ങളിൽ ഷോഡശാചാര പൂജകളോടെ ദേവീപൂജ ചെയ്യുന്നവൻ പതിന്നാല് ഇന്ദ്രായുസ്സിന്റെയത്രകാലം ഗോലോകത്ത് വസിക്കും. പിന്നെ സുയോനീ ജാതനായി രാജപദവിയലങ്കരിക്കും. വൃശ്ചികപൂർണ്ണിമയ്ക്ക് നൂറ് ഗോപീഗോപൻമാരെ ബിംബത്തിലോ ശിലയിലോ ഉണ്ടാക്കി രാധാകൃഷ്ണൻമാര്‍ക്ക് ഷോഡശാചാരപൂജകൾ ചെയ്യുന്നവൻ ഒരു ബ്രഹ്മായുസ്സ് കാലം ഗോലോകത്ത് സുഖമായിക്കഴിയും. അതു കഴിഞ്ഞുള്ള ജന്മം ഭാരതത്തിൽ ഒരു കൃഷ്ണഭക്തനായിട്ടായിരിക്കും. കൃഷ്ണമന്ത്രവും ഭക്തിയും അവന്റെ ജീവിതത്തിനു ലക്ഷ്യമേകും. ഇഹലോകജീവിതം അവസാനിക്കുമ്പോൾ അവൻ ഗോലോകത്താണ് ചെന്നെത്തുക. അവിടെ കൃഷ്ണസാരൂപ്യം നേടി അവിടുത്തെ സ്ഥിരം പാർഷദനായിത്തീരും. അവന് വീണ്ടും ജനിക്കേണ്ടി വരികയില്ല.

കൃഷ്ണപക്ഷ ഏകാദശിയോ ശുക്ളപക്ഷ ഏകാദശിയോ നോൽക്കുന്നവൻ ഒരു ബ്രഹ്മായുസ്സോളം വൈകുണ്ഠത്തിൽ വാഴും. പിന്നീടവന്‍  ഭാരതത്തിൽ പുനർജനിച്ച് കൃഷ്ണഭക്തിയുറപ്പിക്കും. ഒടുവില്‍ ദേഹം വെടിയുമ്പോൾ ഗോലോകത്ത് എത്തി ഭഗവദ്പാർഷദരിൽ ഒരാളാവും. ഒരുവന്‍ കന്നിമാസത്തിലെ ശുക്ളദ്വാദശിയിൽ ഇന്ദ്രപൂജ നടത്തിയാൽ  അവന് അറുപതിനായിരം കൊല്ലം ഇന്ദ്രലോകത്ത് കഴിയാനാവും.

ഞായറാഴ്ചയും ശുക്ളപക്ഷസപ്തമിയിലും സംക്രാന്തി ദിനത്തിലും ആദിത്യപൂജ ചെയ്ത് ഹവിഷ്യാന്നം കഴികുന്നവർക്ക് പതിന്നാല് ഇന്ദ്രായുസ്സോളം ആദിത്യലോകത്ത് വാഴാം. പിന്നീട് ആരോഗ്യവും ഐശ്വര്യവും തികഞ്ഞ ഒരുവനായിട്ടാവും അവന്‍റെ ജനനം. ജ്യേഷ്ഠ കൃഷ്ണചതുർദ്ദശിയിൽ സാവിത്രിയെ പൂജിക്കുന്നവൻ ബ്രഹ്മലോകത്ത് ഏഴു മന്വന്തരങ്ങൾ സസുഖം വാഴും.  പിന്നെ ഭൂജാതനാവുമ്പോൾ ചിരംജീവിയും ജ്ഞാനിയും സമ്പന്നനും അതുല്യശക്തനുമായി ഭവിക്കും.

മാഘത്തിലെ ശുക്ളപഞ്ചമിദിനത്തിൽ വാണീദേവിയെ സർവ്വ ഉപചാരങ്ങളോടും കൂടി പൂജിക്കുന്ന പക്ഷം ഒരുവന് ബ്രഹ്മായുസ്സിന്‍റെ കാലത്തോളം മണിദ്വീപിൽ നിവസിക്കാൻ കഴിയും. പിന്നെ പുനർജനിക്കുന്നത് കവിയും പണ്ഡിതനും ആയിട്ടാവും. ബ്രാഹ്മണർക്കായി പശുവും സ്വർണ്ണവും മറ്റും സ്ഥിരമായി ദാനം ചെയ്യുന്നവൻ പശുരോമസംഖ്യയെത്രയോ അതിന്റെയിരട്ടി വർഷം വൈകുണ്ഠവാസിയാകും. ശ്രീഹരിയുമൊത്ത് വിഹരിക്കാനും അവന് അവസരം ലഭിക്കും. അടുത്ത ജന്മത്തിൽ അവൻ രാജാധിരാജനാവും. ഐശ്വര്യധനസമ്പത്തും പുത്രഭാഗ്യവും അവനുണ്ടാവും.

ഭാരതത്തിൽ ബ്രാഹ്മണർക്ക് മൃഷ്ടാന്നഭോജനം നൽകുന്നവൻ ആ വിപ്രന്മാർക്ക് എല്ലാം കൂടി എത്ര ദേഹരോമങ്ങളുണ്ടോ അത്രകാലം വൈകുണ്ഠത്തിൽ സുഖിമാനായി വാഴും. അവന്‍റെ പിന്നെയുള്ള ജന്മം ഭാരതത്തിൽ ധനികനും ചിരായുസ്സും ജ്ഞാനിയും പുത്രവാനുമായിട്ടായിരിക്കും. ഭാരതത്തിൽ ഹരിനാമം ഉച്ചരിക്കാൻ അത്യുൽസുകനായിരിക്കുന്നവൻ ജപിക്കുന്ന നാമസംഖ്യയക്കനുസരണം വിഷ്ണുലോകത്ത് പൂജിതനാവും. അത് വിഷ്ണുക്ഷേത്രത്തിൽ വച്ചായാൽ  കോടിഫലമാണ് ഉണ്ടാവുക. ഒരുകോടി നാമം വിഷ്ണു ക്ഷേത്രത്തിൽവച്ച് ജപിക്കുന്ന പക്ഷം സർവ്വപാപവിമുക്തനായ ആ ഭക്തൻ ജീവൻമുക്തനാവും. വൈകുണ്ഠത്തിൽ സ്ഥിരവാസമുറപ്പിച്ച ഭക്തന് പിന്നെ പുനർജന്മമില്ല. വിഷ്ണുസാരൂപ്യത്തോടെ അവന് സായൂജ്യവുമടയാം.

മണ്ണുകൊണ്ട് ദിനവും ശിവപ്രതിമയുണ്ടാക്കി പൂജിക്കുന്നവർ ശിവമന്ദിരയണയും. ആ പ്രതിമകളിലെ മൺതരികൾ എത്രയാണോ അത്രയും കൊല്ലം അവന് ശിവലോകത്ത് വാഴാം. പിന്നീടവൻ ഭാരതത്തിൽ രാജാവായി ജനിക്കും. നിത്യവും സാളഗ്രാമശിലയെ പൂജിച്ച് ആ തീർത്ഥം സേവിക്കുന്ന ഭക്തന് വൈകുണ്ഠത്തിൽ നൂറ് ബ്രഹ്മായുസ്സ് കാലത്തോളം കഴിയാം. വീണ്ടും ജനിക്കുമ്പോൾ അവനിൽ അചഞ്ചലമായ വിഷ്ണുഭക്തിയുണ്ടാവുകയും ഒടുവിൽ ഇനിയൊരു ജന്മമില്ലാത്ത അവസ്ഥയിൽ വിഷ്ണുലോകവാസിയായിത്തീരുകയും ചെയ്യും.

എല്ലാ വ്രതങ്ങളും തപസ്സുകളും മുടക്കമില്ലാതെ അനുഷ്ഠിക്കുന്നവൻ പതിന്നാല് ഇന്ദ്രായുസ്സ് കാലം വിഷ്ണുലോകത്ത് വസിക്കും. പിന്നീട് രാജരാജനായി ഭാരതത്തിൽ ജന്മമെടുത്ത് ഒടുവിൽ ജീവൻ മുക്തനാവും. അവനിനി ജന്മമില്ല. സർവ്വതീർത്ഥങ്ങളിലും മുങ്ങി ഭൂപ്രദക്ഷിണം ചെയ്ത് ഭാരതനാടു ചുറ്റുന്നവർ നിർവ്വാണപദത്തെ പുൽകുന്നു. അവനും ഇനി ജന്മമില്ല.

പുണ്യഭൂമിയായ ഭാരതത്തിൽ വച്ച് അശ്വമേധയാഗം നടത്തുന്നവൻ ആ കുതിരയ്ക്ക് എത്ര രോമങ്ങളുണ്ടോ അത്രയുംവർഷം ഇന്ദ്രനോടൊപ്പം സിംഹാസനം പങ്കിടും. അവന്‍ രാജസൂയം നടത്തിയാൽ മേല്‍പ്പറഞ്ഞതിന്റെ നാലിരട്ടിയാണ് ഫലം.

എന്നാല്‍ എല്ലാ യജ്ഞങ്ങളിലും വച്ച് ശ്രേഷ്ഠതമമായത് ദേവീയജ്ഞമത്രേ. അതിനു കിടനിൽക്കാൻ മറ്റൊന്നുമില്ല. മഹാനായ ദക്ഷനും ഈ യജ്ഞം ചെയ്യുകയുണ്ടായി. ആ യജ്ഞവേളയിലാണ് ദക്ഷനും ശങ്കരനും തമ്മിൽ കലഹമുണ്ടായത്. വിപ്രൻമാർ നന്ദിയെ ശപിച്ചു. നന്ദി അവർക്ക് മറുശാപം നൽകി. അങ്ങിനെ ശിവൻ ദക്ഷയാഗം മുടക്കിയെന്നാണ് ചരിതം. ദക്ഷൻ മാത്രമല്ലാ ധർമ്മനും, കശ്യപനും, ശേഷനും, കപിലനും, ധ്രുവനും, കർദ്ദമനും, പ്രിയവ്രതനും, മനുവും, ശിവനും, സനൽക്കുമാരനും, ഈ യജ്ഞം നടത്തി. ആയിരം രാജസൂയത്തിന്റെ ഫലമാണീ യജ്ഞംകൊണ്ട്‌ ലഭിക്കുക. ഇതിലും ഫലപ്രദമായ ഒരു യജ്ഞത്തെപ്പറ്റി ശാസ്ത്രങ്ങൾ പ്രതിപാദിക്കുന്നില്ല.

ദേവീയജ്ഞം ചെയ്താൽ നൂറുവർഷം ആയുസ്സോടെ ജീവൻ മുക്തനായി ജീവിക്കാം. വിഷ്ണുവിനു സമം ജ്ഞാനതേജസ്സുകൾ ഉള്ളവനാകാം. ദേവൻമാർക്കിടയിൽ വിഷ്ണു, വൈഷ്ണവൻമാരിൽ നാരദൻ, ശാസ്ത്രങ്ങളിൽ വേദം, വർണ്ണങ്ങളിൽ ദ്വിജൻ, തീർത്ഥങ്ങളിൽ ഗംഗ, വിശുദ്ധർക്കിടയിൽ ശിവൻ, വ്രതങ്ങളിൽ ഏകാദശി, പൂക്കളിൽ തുളസി, താരകളിൽ ചന്ദ്രൻ, പക്ഷികളിൽ ഗരുഡൻ, സ്ത്രീകളിൽ രാധ, വാണി, ഭൂമി എന്നിവർ, ഇന്ദ്രിയങ്ങളിൽ മനസ്സ്, പ്രജാപതികളിൽ ബ്രഹ്മാവ്, പ്രജകളിൽ പ്രജാപതി, വനങ്ങളിൽ വൃന്ദാവനം, രാജ്യങ്ങളിൽ ഭാരതം, ഐശ്വര്യവാന്മാരിൽ ലക്ഷ്മി, വിദ്വാന്മാരിൽ സരസ്വതി, സതികളിൽ ദുർഗ്ഗ, എന്നതു പോലെയാണ് യാഗങ്ങളിൽ വച്ച് അംബാമഖത്തിനുള്ള അനന്യപ്രാധാന്യം.

ഇന്ദ്രപദവി കിട്ടാൻ നൂറ് അശ്വമേധം ചെയ്യണം. ആയിരം ചെയ്താൽ വിഷ്ണുപദം നേടാമെന്ന് പൃഥുരാജാവ് കാണിച്ചു തന്നു. സർവ്വതീർത്ഥസനാനം, സർവ്വയജ്ഞങ്ങൾ, സർവ്വവ്രതങ്ങൾ, സകല തപസ്സുകൾ എന്നിവ ചെയ്താലുള്ള ഫലം, നാലുവേദങ്ങൾ പഠിച്ചാലുള്ള ഫലം, ഭൂപ്രദക്ഷിണം ചെയ്താലുള്ള ഫലം, എന്നിവയെല്ലാം കിട്ടാൻ ശക്തിയജ്ഞം ഒന്നു മാത്രം മതി. വേദേതിഹാസങ്ങൾ അസന്നിഗ്ദ്ധമായി ഇതാണ് പറയുന്നത്. ദേവീവർണ്ണനം, ധ്യാനം, നാമജപം, മനനം, ഗുണകീർത്തനം, സ്തോത്രസ്മരണ, നിത്യപൂജ,വന്ദനം, തത്പാദപൂജാനൈവേദ്യഭോജനം, എന്നിവയെല്ലാം ഭക്തർക്ക് സർവ്വസമ്മതമത്രേ.

അതു കൊണ്ട് മകളേ, നീയും ആ നിർഗുണബ്രഹ്മമായ ദേവിയെ ഭജിച്ചാലും. നിന്റെ പതിയേയും സ്വീകരിച്ച് സ്വഗൃഹത്തിൽ സുഖിയായി വാഴുക. മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന കർമ്മവിപാകത്തെക്കുറിച്ച് നീ ചോദിച്ചതിൻ പ്രകാരം ഞാൻ പറഞ്ഞു തന്നു. സർവ്വമംഗളപ്രദമായ ഈ തത്വജ്ഞാനം അതിശ്രേഷ്ഠമാണെന്നു മനസ്സിലാക്കിയാലും.'

Monday, May 8, 2017

ദിവസം 251. ശ്രീമദ്‌ ദേവീഭാഗവതം. 9- 29. ദാനഫലം

ദിവസം 251.  ശ്രീമദ്‌ ദേവീഭാഗവതം. 9- 29.  ദാനഫലം

സാവിത്രീ വചനം ശ്രുത്വാ ജഗാമ വിസ്മയം യമ:
പ്രഹസ്യ വക്തുമാരേഭേ കർമ്മപാകം തു ജീവിനാം.
കന്യാ ദ്വാദശ വർഷീയാ വത്സേത്വം വയസാfധുനാ
ജ്ഞാനം തേ പൂർവ്വവിദുഷാം ജ്ഞാനിനാം യോഗിനാം പരം

ജീവകർമ്മവിപാകത്തെക്കുറിച്ചുള്ള  സാവിത്രിയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ടു് ധർമ്മരാജാവ് ഇങ്ങിനെ പറഞ്ഞു: നീ പന്ത്രണ്ടു വയസ്സു മാത്രം പ്രായമായ ചെറിയൊരു പെൺകുട്ടിയാണെങ്കിലും നിനക്ക് വൃദ്ധജ്ഞാനികളായ യോഗികളേക്കാൾ അറിവുണ്ട്. സാവിത്രീദേവിയുടെ വരം മൂലം ആ ദേവിക്കു സമയായി നീയൊരു  രാജപുത്രിയായി ജനിച്ചു. നിന്റെ പിതാവ് തപസ്സനുഷ്ഠിച്ചതു മൂലമാണ് നിന്നെ അദ്ദേഹത്തിനു ലഭിച്ചത്. ഹരിക്ക് ലക്ഷ്മി, ഹരന് ഗൗരി, കശ്യപന് അദിതി, ഗൗതമന് അഹല്യ, മഹേന്ദ്രന് ശചീദേവി, ചന്ദ്രന് രോഹിണി, കാമദേവന് രതീദേവി, അഗ്നിക്ക് സ്വാഹാദേവി, പിതൃക്കൾക്ക് സ്വധാദേവി, ദിവാകരന് സന്ധ്യ, വരുണന് വരുണാനി, യജ്ഞന് ദക്ഷിണാദേവി, വരാഹമൂർത്തിക്ക് ഭൂമി, കാർത്തികേയന് ദേവസേന, എന്നിങ്ങിനെ പ്രശസ്തരായ ദമ്പതിമാർ എങ്ങിനെയോ അപ്രകാരം നീയും കാന്തനായ സത്യവാന് പ്രിയപ്പെട്ടവളായി വാഴുക. ഞാൻ നിനക്ക് ആവശ്യമുള്ള വരങ്ങൾ എല്ലാം നല്കാം. ചോദിച്ചാലും.

സാവിത്രി പറഞ്ഞു: എന്റെ ആഗ്രഹം നൂറ് ഔരസപുത്രൻമാർ ഉണ്ടാകണം എന്നതാണ്. എന്റെ പിതാവിനും നൂറു പുത്രന്മാർ ഉണ്ടാകണം. കണ്ണിനു കാഴ്ചയില്ലാത്ത എന്റെ ഭർത്തൃപിതാവിന്റെ കാഴ്ച വീണ്ടു കിട്ടുകയും അദ്ദേഹത്തിനു തന്റെ രാജ്യം തിരികെ ലഭിക്കുകയും വേണം. പ്രഭോ എന്റെ കാന്തനായ സത്യവാനുമൊത്ത് ഒരു ലക്ഷം വർഷം വാഴാനും ഒടുവിൽ വിഷ്ണുപദം പ്രാപിക്കാനും എന്നെ അനുഗ്രഹിച്ചാലും. ജീവകർമ്മ വിപാകത്തെപ്പറ്റി വിശദമായി കേൾക്കാനും എനിക്കാഗ്രഹമുണ്ട്. സംസാരസാഗരതരണത്തിനുള്ള ഉപായവും അവിടുന്നു തന്നെ പറഞ്ഞു തരണം.

ധർമ്മരാജാവ് പറഞ്ഞു: മകളേ, അങ്ങിനെയാകട്ടെ. നിന്‍റെ അഭീഷ്ടങ്ങൾ സാധിക്കുമാറാകട്ടെ. ജീവകർമ്മ വിപാകത്തെപ്പറ്റിയാണല്ലോ നിനക്കറിയേണ്ടത്? കർമ്മങ്ങൾ ശുഭവും അശുഭവും എന്നിങ്ങിനെ രണ്ടാണ്. അവ രണ്ടും നടപ്പിലാവുന്നത് പുണ്യഭൂമിയായ ഭാരതത്തിലാണ്. മറ്റൊരിടത്തും അവയുടെ പ്രാഭവം പ്രകടമല്ല തന്നെ. സുരൻമാർ, ദൈത്യൻമാർ, മനുഷ്യർ, ഗന്ധർവ്വൻമാർ, രാക്ഷസൻമാർ, ദാനവർ, എന്നിവരെല്ലാം കർമ്മാധികാരികളാണ്. എന്നാൽ മൃഗങ്ങൾക്ക് കർമ്മത്തിനധികാരമുണ്ടെന്നു പറയാൻ വയ്യ. കർമ്മാധികാരികളായവർ കർമ്മസ്വഭാവമനുസരിച്ച് നാനായോനികളിൽ ജനിച്ച് മരിക്കുന്നു. ആ ജന്മങ്ങളിൽ പൂർവ്വജന്മാർജിതമായ കർമ്മഫലങ്ങൾ അനുഭവിക്കുന്നു. ശുഭകർമ്മങ്ങൾ ജീവനെ സ്വർഗ്ഗാദിലോകങ്ങളിൽ എത്തിക്കുമ്പോൾ അശുഭകർമ്മങ്ങൾ ജീവനെ നരകങ്ങളിലേക്ക് നയിക്കുന്നു.

കർമ്മങ്ങൾ അവസാനിപ്പിക്കാനായി ഒരുവൻ അനുഷ്ഠിക്കേണ്ട രണ്ടു വിധത്തിലുള്ള ഭക്തിസാധനയെപ്പറ്റി ശാസ്ത്രം പറയുന്നുണ്ട്. നിർഗുണബ്രഹ്മത്തിലുള്ള ഭക്തിയും സഗുണമായ ഭക്തിയും ആണവ. ഒരുവൻ തന്റെ  പൂർവ്വജന്മദുഷ്കർമ്മത്താൽ രോഗിയായും സദ്കർമ്മത്താൽ സുഖിയായും ജനിക്കുന്നു. അൽപ്പായുസ്സ്, ദീർഘായുസ്സ്, ഇവയെല്ലാം കർമ്മഫലമാണ്. അംഗവൈകല്യം, അന്ധത, എന്നിവയ്ക്കെല്ലാം കാരണം ദുഷ്കർമ്മഫലമാണ്. ഉൽകൃഷ്ടസിദ്ധികൾക്കു കാരണം സദ്കർമ്മഫലമാണ്. ഇതാണ് സാമാന്യനിയമം.

അത്യധികം ഗോപ്യമായ ഒരു കാര്യം ഇനി പറയാം. ഭാരതത്തിൽ മർത്ത്യജന്മം ദുർലഭ്യമാണെന്നറിയുക. വർണ്ണങ്ങളിൽ ശ്രേഷ്ഠമായത് ബ്രാഹ്മണ്യമാണ്. ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണൻ. അവരിൽത്തന്നെ കാമി, നിഷ്കാമി, എന്നിങ്ങിനെ രണ്ടുതരമുണ്ട്. സകാമന്മാരേക്കാൾ നിഷ്കാമഭക്തിയുള്ളവരാണ് ഉത്തമർ. സകാമൻ കർമ്മഫലം അനുഭവിക്കുന്നു. എന്നാൽ നിഷ്കാമിയുടെ ജീവനൊടുങ്ങുമ്പോൾ അവനു വീണ്ടും ജനിക്കേണ്ടി വരുന്നില്ല. മരണശേഷം അവൻ പോയി ഗോലോകത്ത് ശ്രീകൃഷ്ണനെ സേവിച്ചു കഴിയുന്നു.

സകാമന്മാരായ വിഷ്ണുഭക്തർ  വൈകുണ്ഠത്തിലെത്തുമെങ്കിലും അവർ വീണ്ടും ഭാരതത്തിലെത്തി ബ്രാഹ്മണകുടുംബങ്ങളിൽ പിറവിയെടുക്കുന്നു. അവരും കാലക്രമത്തിൽ നിഷ്കാമന്മാരായിത്തീരും.അവർക്ക് നിർമ്മലഭക്തിയാണ് ഞാൻ നൽകുന്നത്. എല്ലാ ജന്മങ്ങളിലും സകാമൻമാരായി ജനിക്കുന്ന ബ്രാഹ്മണർക്ക് ഭക്തിയുണ്ടാകുമെങ്കിലും ചിത്തശുദ്ധിയുണ്ടാവുകയില്ല. തപസ്സിലും തീർത്ഥാടനത്തിലും മുഴുകിയ ബ്രാഹ്മണർ ബ്രഹ്മലോക സന്ദർശനം ചെയ്തശേഷം ഭാരതത്തിൽ വീണ്ടും ജനിക്കാനിടയാവുന്നു. അതുപോലെ സൂര്യോപാസകർ സൂര്യലോകം ദർശിച്ചശേഷം വീണ്ടും ഭാരതത്തില്‍ ജന്മമെടുക്കുന്നു.

നിഷ്കാമന്മാരായി പരാശക്തിയെ ഭജിക്കുന്നവർ മണിദ്വീപിൽ എത്തും. അവിടെയെത്തിയാൽപ്പിന്നെ  അവർക്ക് പുനർജന്മമില്ല. സ്വധർമ്മനിരതരായ ഭക്തൻമാർ ശൈവരായാലും, ശാക്തരായാലും, ഗാണപത്യരായാലും, അവരെല്ലാം ശിവലോകം പ്രാപിച്ചശേഷം ഭാരതത്തിൽ വന്ന് വീണ്ടും ജനിക്കും. അന്യദേവതമാരെ ഭജിക്കുന്ന ധർമ്മനിരതരായ വിപ്രരും അതത് ദേവന്മാരുടെ ലോകങ്ങളിൽ ചെന്നിട്ട്, വീണ്ടും ഭാരതത്തിൽ വന്നു ജനിക്കും. അവരും ക്രമേണ ഹരിഭക്തരായി വിഷ്ണുപദത്തെ പ്രാപിക്കും.

എന്നാൽ സ്വധർമ്മം വിട്ടു നടക്കുന്ന, ആചാരങ്ങളെ ധിക്കരിച്ച് അന്യദേവതോപാസകരായിക്കഴിയുന്ന ദ്വിജൻമാർ സകാമികളാണ്. അവർക്ക് നരകവാസമാണ് ലഭിക്കുക. ഭാരതമെന്ന കർമ്മഭൂമി അവർക്ക് വീണ്ടും ലഭിക്കുകയില്ല. അതുകൊണ്ട് നാലുവർണ്ണത്തിലുള്ളവരും സ്വധർമ്മമാചരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങിനെയവർക്ക് ശുഭകർമ്മഫലങ്ങൾ അനുഭവിക്കാനാവും. സ്വധർമ്മമാചരിക്കാത്തവർക്ക് വീണ്ടുമീ കർമ്മഭൂമിയിൽ ജന്മം ലഭിക്കുകയില്ല.

സ്വധർമ്മനിഷ്ഠ പുലർത്തുന്ന ബ്രാഹ്മണൻ, അങ്ങിനെയുള്ള മറ്റൊരു ബ്രാഹ്മണന് സ്വപുത്രിയെ കന്യാദാനം ചെയ്യുന്നതായാൽ അദ്ദേഹത്തിന് ചന്ദ്രലോകപ്രാപ്തിയുണ്ടാവും. അവിടെ പതിന്നാല് ചന്ദ്രൻമാരുടെ കാലത്തോളം അദ്ദേഹത്തിന് വസിക്കുവാനുമാവും. കന്യകയ്ക്ക് വേണ്ടത്ര ഭൂഷകളോടെ ദാനം ചെയ്യുന്നതിന് ഇരട്ടിഫലമാണെന്നു പറയപ്പെടുന്നു. ചാന്ദ്രലോകത്ത് ചെല്ലുന്നവർ സകാമികളാണ്.

എന്നാൽ നിഷ്കാമികൾ വിഷ്ണുലോകമാണ് പ്രാപിക്കുക. പാൽ, നെയ്യ്, സ്വർണ്ണം, വെള്ളി, ജലം, വസ്ത്രം, ഫലം, എന്നിവ ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നവരും ചാന്ദ്രലോകം പ്രാപിക്കും. അവിടെയവർ ഒരു മന്വന്തരക്കാലം ചന്ദ്രനോടൊപ്പം ജീവിക്കും. സ്വർണ്ണം, പശു, ചെമ്പ്, മുതലായവ ബ്രാഹ്മണർക്ക് നല്കുന്നവർ സൂര്യലോകമണയും. അവിടെയവര്‍ക്ക് പതിനായിരം വർഷം സുഖമായി ജീവിക്കാം. അതുപോലെ സ്വർണ്ണവും ഭൂമിയും ധാരാളമായി നൽകുന്നവൻ വിഷ്ണുലോകത്തും ശ്വേതദ്വീപിലും ആദിത്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം നിലകൊള്ളും.

വിപ്രന് ഒരു  ഗൃഹം നിർമ്മിച്ച് ദാനം ചെയ്യുന്നവന് വിഷ്ണുലോകം പ്രാപിക്കാം. അവിടെ ആ ഗൃഹത്തിൽ എത്ര രേണുക്കൾ ഉണ്ടോ അത്ര കാലം അവനവിടെ ജീവിക്കാം. അതുപോലെ ദേവപ്രീതിക്കായി ക്ഷേത്രം നിർമ്മിക്കുന്നവൻ ക്ഷേത്രരേണുക്കൾ എത്രയുണ്ടോ അത്രകാലം അതത് ദേവൻമാരുടെ ലോകത്ത് സുഖമായി വാഴും. ഒരു സൗധം ദാനം ചെയ്താൽ ഫലം നാലിരട്ടിയാണ്. ഒരു ദേശം ദാനം ചെയ്താൽ ഫലം പത്തിരട്ടിയാണ്. ദേശം ഉൽകൃഷ്ടമാണെങ്കിൽ ഫലം വീണ്ടും അതിന്റെയും ഇരട്ടിയാവും.

ഒരു തടാകമുണ്ടാക്കി ദാനം ചെയ്താൽ സമസ്തപാപനാശനമാണ് ഫലം. ഭൂമിയിലെത്ര പൂഴിപ്പൊടികൾ ഉണ്ടോ അത്രയും വർഷം ദാനിക്ക് ജനലോകത്ത് വസിക്കാനുമാവും. ഒരു വലിയ കുളം കുഴിക്കുന്നതിന്റെ പത്തിരട്ടി പുണ്യം ഇതുകൊണ്ട് ലഭിക്കും. വാപിയെന്നാൽ അതിന് നാലായിരം വിൽപ്പാട് നീളം വേണം. അത്രതന്നെ വീതിയും കൂടി ഉണ്ടെങ്കിൽ അതൊരു തടാകമായി.  പത്തു വാപികൾ ഉണ്ടാക്കി നൽകുന്ന പുണ്യമാണ് ഉത്തമനായ വരന് കന്യാദാനം ചെയ്താൽ ലഭിക്കുക. സകലഭൂഷകളോടും കൂടി കന്യാദാനം ചെയ്യുന്നതായാൽ അതിന്‍റെ പുണ്യമിരട്ടിക്കും. ഒരു തടാകം ചെളിപോക്കി വൃത്തിയാക്കിയാലും കേടുപാടുകൾ തീർത്താലും അത് തടാകദാനത്തിന്റെയത്ര പുണ്യം ലഭിക്കുന്ന പ്രവൃത്തിയാണ്.

അരയാൽത്തൈ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നവൻ തപോലോകം പ്രാപിച്ച് അവിടെ പതിനായിരം വർഷം ജീവിക്കും. ഉദ്യാനമുണ്ടാക്കി ദാനം ചെയ്യുന്നവന് ധ്രുവലോകപ്രാപ്തിയാണ് ഫലം. നല്ലൊരു വിമാനത്തേരുണ്ടാക്കി വിഷ്ണുക്ഷേത്രത്തിനു നല്കുന്നയാൾ ഒരു മന്വന്തരക്കാലം വിഷ്ണുലോകത്ത് വസിക്കും. അതിൽ ശില്പകലകൾ സന്നിവേശിപ്പിക്കുന്ന പക്ഷം അതിന്‍റെ ഫലം നാലിരട്ടിയാണ്. വിഷ്ണുവിനായി പല്ലക്കുണ്ടാക്കി നൽകിയാൽ ഫലം പകുതിയാണ്. ഭക്തിയോടെ വിഷ്ണഭഗവാനു വേണ്ടി ഡോളാമന്ദിരമുണ്ടാക്കുന്നവൻ നൂറുമന്വന്തരക്കാലം വിഷ്ണുലോകത്ത് നിവസിക്കും. സൗധങ്ങൾ അലങ്കരിക്കുന്ന ഒരു രാജവീഥി നിർമ്മിച്ചു നൽകുന്നവൻ ഇന്ദ്രലോകത്ത് പതിനായിരമാണ്ടുകൾ സുഖമായി കഴിയും.

ദാനം ചെയ്യുന്നവന് സദ്ഫലങ്ങൾ അനുഭവിക്കാം. ദാനം ചെയ്യാത്തവന് സുഖമുണ്ടാവുക അസാദ്ധ്യം. ദാനം ചെയ്ത് സ്വർഗ്ഗസുഖമനുഭവിച്ചവർ ഭാരതഭൂമിയിൽ ഉത്തമവിപ്രകുലത്തിൽ  വന്നു പിറക്കുന്നു. അങ്ങിനെതന്നെയാണ് ക്ഷത്രിയാദി വർണ്ണങ്ങളും.

ക്ഷത്രിയനോ വൈശ്യനോ നൂറുകോടി കല്പങ്ങൾ തപസ്സനുഷ്ഠിച്ചാലും അവര്‍ക്ക് ബ്രാഹ്മണത്വം ലഭിക്കില്ലെന്ന് ചില ശ്രുതികൾ പറയുന്നുണ്ട്. കാരണം എത്ര കോടി കല്പങ്ങൾ കഴിഞ്ഞാലും കർമ്മഫലങ്ങള്‍ അനുഭവിച്ചേ തീരൂ. എന്നാൽ പലപല ജന്മങ്ങളെടുത്തും തീർത്ഥാദികൾ ചെയ്തും ഒരുവന് ശുദ്ധി നേടാവുന്നതാണ്.

നീ ചോദിച്ചതനുസരിച്ച് ഞാൻ ചിലകാര്യങ്ങൾ പറഞ്ഞുതന്നു. ഇനിയെന്താണ് നിനക്ക് അറിയേണ്ടത്?

Saturday, May 6, 2017

ദിവസം 250. ശ്രീമദ്‌ ദേവീഭാഗവതം. 9- 28. സാവിത്രീ പ്രശ്നം

ദിവസം 250.  ശ്രീമദ്‌ ദേവീഭാഗവതം. 9- 28.  സാവിത്രീ പ്രശ്നം

യമസ്യ വചനം ശ്രുത്വാ സാവിത്രീ ച പതിവ്രതാ
തുഷ്ടാവ പരയാ ഭക്ത്യാ തമുവാച മനസ്വിനീ
കിം കർമ്മ തദ്ഭവേദ് കേനകോ വാ തദ്ധേതുരേവ ച
കോ വാ ദേ ഹീ ച ദേഹ: ക: കോ വാfത്ര കർമ്മകാരക:

ശ്രീ നാരായണൻ പറഞ്ഞു: യമന്റെ വാക്കുകൾ കേട്ട് ആ സതീമണി സാവിത്രി ഭക്തിപൂർവ്വം ഇങ്ങിനെ പറഞ്ഞു: കർമ്മം എന്നാലെന്താണ്? അതെങ്ങിനെ, എന്തു കാരണത്താൽ ഉണ്ടാവുന്നതാണ്? ദേഹവും ദേഹിയും എന്നാൽ ആരൊക്കെയാണ്? ആരാണ് കർമ്മം ചെയ്യുന്നത്? അതുപോലെ ജ്ഞാനം, ബുദ്ധി, പ്രാണൻ, ഇന്ദ്രിയങ്ങൾ, എന്നിവയുടെ ലക്ഷണ വിശേഷങ്ങളെന്താണ്? അവയുടെ നാഥനായി നില്ക്കുന്നതാരാണ്? ഭോഗം എന്നാലെന്താണ്? ആരാണ് ഭോക്താവ്? എന്താണ് മുക്തി? ആരാണ് ജീവൻ? ആരാണ് പരമാത്മാവ്? ഇക്കാര്യങ്ങളെല്ലാം അറിയാൻ എനിക്കാഗ്രഹമുണ്ട്. ദയവായി പറഞ്ഞു തന്നാലും.

ധർമ്മരാജാവ് പറഞ്ഞു: വേദോക്തങ്ങളായ കർമ്മങ്ങൾ മംഗളകരമാണ്. എന്നാൽ വേദോക്തമല്ലാത്തവ അശുഭകരമാണ്. നിഷ്കാമമായി കാരണമൊന്നും കൂടാതെ ചെയ്യുന്ന ദേവാരാധന കർമ്മത്തെ ഇല്ലാതാക്കുന്നു. പരാഭക്തിപ്രദായകമാണ് സങ്കൽപ്പരഹിതമായ ആരാധനകൾ. ശാസ്ത്രമനുസരിച്ച് നിർല്ലേപനായി കർമ്മഫലം ഭുജിക്കുന്നവൻ ആരോ അവൻ മുക്തനാകുന്നു എന്നാണ് പ്രസിദ്ധമായിട്ടുള്ളത്. അവനെ ജന്മമൃത്യുജരാഭീതികൾ ബാധിക്കുന്നില്ല. അവനിൽ ശോകഭീതികളും ഇല്ല.

ഭക്തി രണ്ടു വിധമാണെന്ന് ശ്രുതികൾ പറയുന്നു. അവ നിർഗ്ഗുണാത്മകവും സഗുണാത്മകവും എന്നിങ്ങിനെ രണ്ടാണ്. ആദ്യത്തേത് മർത്യന് കൈവല്യപ്രദമാണ്. രണ്ടാമത്തേത് ഭക്തന് ബ്രഹ്മസാരൂപ്യം നല്കുന്നു. വിഷ്ണുഭക്തൻമാർ ഹരിയുടെ സാരൂപ്യം നല്കുന്ന സഗുണോപാസനയിൽ അഭിരമിക്കുന്നു. എന്നാൽ യോഗികൾ പൊതുവേ നിർഗുണോപാസകരാണ്. ബ്രഹ്മവിത്തമരായ അവർ അതിന് ഉത്തയാധികാരികളാണ്.

കർമ്മത്തിന്റെ ബീജരൂപവും കർമ്മഫലദാതാവും കർമ്മരൂപനും ആയ ആത്മാവ് മൂലപ്രകൃതിയോട് ചേർന്നിരിക്കുന്നു. അതിനും കാരണഭൂതനായ പരമാത്മാവ് എല്ലാ കർമ്മങ്ങൾക്കും ഹേതുവാണ്. ദേഹം നശ്വരമാണെങ്കിലും ആത്മാവിനു നാശമില്ല. ഭൂമി, ആകാശം, അഗ്നി, വായം, ജലം എന്നിവ സൂത്രരൂപത്തിൽ വർത്തിച്ചാണ് സൃഷ്ടി നടപ്പിലാവുന്നത്. ഒരു മണിമാലയിലെ ചരടെന്നപോലെ പഞ്ചഭൂതങ്ങൾ വർത്തിക്കുന്നു.

കർമ്മം ചെയ്യുന്നവൻ ദേഹിയാണ്. അതിന്റെ ഫലങ്ങൾ ദേഹിയെ ഭുജിപ്പിക്കുന്നത് ഈശ്വരനാണ്. സുഖ-ദുഖാനുഭവങ്ങളാണ് ഭോഗം. അവയുടെ അഭാവമാണ് മോക്ഷം. ആത്മാനാത്മവിവേകമാണ് ജ്ഞാനം. അതായത് വിഷയഭേദങ്ങളെ വിവേചിച്ച് അറിയുന്നത് തന്നെയാണ് ജ്ഞാനം. ജ്ഞാനത്തിനു ബീജമാവുന്നത് ബുദ്ധിയാണ്. അത് വിവേചനശക്തിയാണ്. അന്തർമുഖമാകുന്ന ബുദ്ധി ജ്ഞാനമെന്നും ബ്രഹ്മവിദ്യയെന്നും അറിയപ്പെടുന്നു. അത് പുറമേയ്ക്ക് പ്രകടമാവുമ്പോൾ ബുദ്ധി, ചിത്തം, എന്നിങ്ങിനെയുള്ള പേരുകളില്‍ അറിയുന്നു. മുകളിലേയ്ക്കും താഴേയ്ക്കും സഞ്ചരിച്ച് ജീവികൾക്ക് ഉയിരേകുന്ന വായുവിന് പ്രാണൻ എന്നു പറയുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതും പരമാത്മാവിന്റെ പ്രതിബിംബമെന്ന പോലെ വർത്തിക്കുന്നതും സംശയാത്മക സ്വഭാവമുള്ളതും ആയ ജ്ഞാനഭേദമാണ് മനസ്സ്. ഇന്ദ്രിയ വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന മനസ്സ് അതിചഞ്ചലമായതിനാൽ അതിനെ നിയന്ത്രിക്കുക അതികഠിനമാകുന്നു. പുറത്തേയ്ക്ക് ഉന്മുഖമായിരിക്കുന്ന  കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ ജ്ഞാനേന്ദ്രിയങ്ങൾ സകല കർമേന്ദ്രിയങ്ങളേയും സ്വാധീനിക്കുന്നു.  ഇവ സദ് വിഷയങ്ങളിൽ മിത്രഭാവത്തിലും ദുഷ് വിഷയങ്ങളിൽ ശത്രുക്കളുമായി ജീവന് സുഖദുഖങ്ങൾ നല്കി വ്യാപരിക്കുന്നു.

സൂര്യൻ, വായു, ഭൂമി, ബ്രഹ്മാവ്, തുടങ്ങിയവരാണ് ഇന്ദ്രിയദേവതകൾ. പ്രാണനോടു കൂടി ദേഹത്തിലെ അന്തക്കരണത്തിൽ പ്രതിഭാസിക്കുന്ന ചൈതന്യമാണ് ജീവൻ. ജീവനാണ് പ്രാണനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നത്. നിർഗ്ഗുണവും പരാപരവും സർവ്വവ്യാപകവും എല്ലാത്തിനും ബീജമായ  കാരണവുമാണ് ബ്രഹ്മം. അതു തന്നെ പരമാത്മാവ്.

മകളേ, നിന്റെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം നല്കി.  ജ്ഞാനികൾ ജ്ഞാനമെന്നു കരുതുന്നതെന്തോ അതാണ് നിനക്കായി ഞാൻ പറഞ്ഞു തന്നത്! മുക്തിപ്രദമാണീ ജ്ഞാനം. ഈ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഭർതൃവിയോഗദുഖം വെടിഞ്ഞ് നീ സുഖിയായിരുന്നാലും.

സാവിത്രി പറഞ്ഞു: എന്റെ നാഥനെയും ജ്ഞാനക്കടലായ അങ്ങയേയും വിട്ട് ഞാനെങ്ങു പോകാനാണ്? എന്നിലെ സന്ദേഹങ്ങൾ ഇനിയും തീർന്നിട്ടില്ല. ഏതേതു കർമ്മങ്ങളാണ് ജീവനെ ഏതു യോനികളിലാണ് തനിക്ക് ജനിക്കേണ്ടതെന്ന ഗതി നിശ്ചയിക്കുക? ഏതേതു കർമ്മങ്ങളാണ് കർമഫലമായി  സ്വർഗ്ഗനരകങ്ങളെ അനുഭവിപ്പിക്കുന്നത്?. ഗുരുഭക്തിയും മുക്തിയും ഉണ്ടാവാൻ എന്തൊക്കെ കർമ്മങ്ങളാണുത്തമം? ഒരാളെ രോഗിയായും ഭോഗിയായും യോഗിയായും മാറ്റുന്നത് ഏതു വിധത്തിലുള്ള കർമ്മങ്ങളാണ്? ദീർഘായുസ്സും അൽപ്പായുസ്സും നൽകുന്ന കർമ്മങ്ങൾ ഏവ? ഏതേതു കർമ്മങ്ങളാണ് ഒരുവനെ വികലാംഗനും അന്ധനും ഒരു കണ്ണു മാത്രമുള്ളവനും മുടന്തനും ഭ്രാന്തനും ബധിരനുമൊക്കെ ആക്കുന്നത്?

ഒരുവനെ ഭ്രഷ്ടനും, കള്ളനും, ലുബ്ധനും, ആക്കുന്നത് ഏതേതു കർമ്മങ്ങളാണ്? സിദ്ധികളും സാലോക്യം, സാമീപ്യം, സ്വരൂപ്യം, സായൂജ്യം എന്നിവയും ലഭിക്കാൻ എന്തു ചെയ്യണം? ഒരുവനെ തപസ്വിയും ബ്രാഹ്മണോത്തമനും ആക്കി മാറ്റുന്ന കർമ്മങ്ങൾ എന്തൊക്കെയാണ്? സ്വർഗ്ഗഭോഗങ്ങളും വൈകുണ്ഠവാസവും ലഭിക്കാൻ എന്താണൊരുവൻ ചെയ്യേണ്ടത്?

സർവ്വോൽക്കഷ്ടമായ ഗോലോകമണയാൻ ചെയ്യേണ്ട കർമ്മങ്ങൾ ഏവ? അതുപോലെ ഒരുവനു നരകവാസം ഉറപ്പാക്കുന്നത് എവ്വിധമുള്ള ദുഷ്കർമ്മങ്ങളാണ്. എത്ര തരം നരകങ്ങളാണ് അത്തരം കർമ്മികളെ കാത്തിരിക്കുന്നത്? അവിടങ്ങളിൽ പാപികൾ എത്രനാൾ നരകിച്ചു കഴിയേണ്ടി വരും? ഏതേതു പാപങ്ങളാണ് വൈവിദ്ധ്യമാർന്ന രോഗങ്ങളെ ഉണ്ടാക്കുന്നത്?  ഭഗവാനേ, എന്നിൽ പ്രിയമുണ്ടെങ്കിൽ ഇവയ്ക്കെല്ലാം ഉത്തരം തന്നാലും.