Devi

Devi

Monday, October 31, 2016

ദിവസം 187 ശ്രീമദ്‌ ദേവീഭാഗവതം. 7- 29. ഗൗരീവൃത്താന്ത കഥനം

ദിവസം 187  ശ്രീമദ്‌ ദേവീഭാഗവതം7- 29. ഗൗരീവൃത്താന്ത കഥനം

ഇത്യേവം സൂര്യവംശ്യാനാം രാജ്ഞാം ചരിതമുത്തമം
സോമവംശോദ് ഭവാനാം ച വർണ്ണനീയം മയാ കിയത്
പരാശക്തിപ്രസാദേന മഹത്വം പ്രതിപേദിരേ
രാജൻ സുനിശ്ചിതം വിദ്ധി പരാശക്തിപ്രസാദത:

വ്യാസൻ പറഞ്ഞു: ‘രവി വംശത്തിലെ രാജാക്കൻമാരുടെ കഥകളാണ് ഇതുവരെ പറഞ്ഞത്. ചന്ദ്രവംശ രാജാക്കൻമാരും പരാശക്തി പ്രസാദമുള്ള മഹത്തുക്കൾ ആയിരുന്നു. അമ്മയുടെ അനുഗ്രഹം ഒന്നു മാത്രമാണ് അവരുടെ പ്രാഭവത്തിനു നിദാനം. ഭൂതി, മികവ്, ശ്രീത്വം, ശക്തി, മുതലായ എല്ലാ പ്രാഭവങ്ങളും ദേവിയുടെ അംശഭൂതങ്ങൾ മാത്രമാണെന്ന് അറിയുക. ചന്ദ്രവംശത്തിലെ രാജാക്കൻമാർ ദേവീ ഉപാസകരാണ്. സംസാരവൃക്ഷത്തിന്റെ വേരറുക്കാൻ ഈ ഉപാസന കൊണ്ടു് സാധിക്കും. ധാന്യം വിളയിക്കുന്ന കർഷകൻ വൈക്കോൽ കളയുന്നതു പോലെ ഭുവനേശ്വരിയിൽ നിന്നും അന്യമായ എല്ലാം സാധകൻ ഉപേക്ഷിക്കണം.

രാജാവേ, പാൽക്കടൽ കടയുന്നേരം എനിക്ക് ദേവിയുടെ പദമലര്‍ എന്ന അപൂർവ്വമായൊരു രത്നം ലഭിച്ചതിനാൽ ഞാനിപ്പോൾ കൃതാർത്ഥനാണ്. ദേവി ഇരുന്നരുളുന്ന പഞ്ചബ്രഹ്മാസനത്തിന്റെ നാലു കാലുകൾ ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, എന്നിവയാണ്. സദാശിവനാണ് ആസനത്തിന്റെ പലക. ഇങ്ങിനെയൊരാസനത്തിന് അധികാരിയായി പരാശക്തിയല്ലാതെ മറ്റൊരാളില്ലതന്നെ. വേദങ്ങൾ പറയുന്നത് ഇപ്പറഞ്ഞ അഞ്ചിനുമപ്പുറം അവ്യക്തമാണെന്നാണ്. അവ്യക്തമെന്ന മായോപാധികമായ ബ്രഹ്മത്തിന്റെ ഊടും പാവും ശ്രീ ഭുവനേശ്വരിയാണ്.
മനുഷ്യന് മുക്തനാകാൻ ഈ ദേവിയെ അറിയണം. ആകാശത്തെ കേവലം ഒരു തോലുറകൊണ്ടു് മൂടാമെങ്കിൽ മാത്രമേ ദേവിയുടെ സഹായമില്ലാതെ മനുഷ്യന് ദു:ഖനിവൃത്തി സാദ്ധ്യമാവൂ. 

ശേതാശ്വരശാഖയിൽ ദേവൻമാർ സ്വഗുണങ്ങളെ ധ്യാനിച്ച് ചിച്ഛക്തിയെ കണ്ടെത്തുന്ന രീതിയുണ്ട്. മാർഗ്ഗം ഏതായാലും, ലജ്ജ കൊണ്ടോ, ഭയം കൊണ്ടോ, പ്രേമഭക്തിയാലോ, സംഗം വെടിഞ്ഞ് ദേവീനിഷ്ഠനാവാൻ വേദങ്ങൾ ആഹ്വാനിക്കുന്നു. ഊണിലും ഉറക്കത്തിലും കിടപ്പിലും നടപ്പിലും ദേവിയെ സ്മരിക്കുന്ന ഒരുവൻ സംസാരബന്ധനത്തിൽ കുടുങ്ങിപ്പോവുകയില്ല.

ആദ്യം വിരാഡ് രൂപിണിയായി സ്ഥൂല പ്രപഞ്ച ഭാവത്തിൽ അമ്മയെ ആരാധിക്കുക. അടുത്ത പടി സൂത്ര രൂപത്തിലുള്ള ആരാധനയാണ്. ഇതിൽ സമഷ്ടിയും വൃഷ്ടിയും പെടും. പിന്നീടു് സർവ്വാന്തര്യാമിയായ ദേവിയെ ഭജിക്കുക. മായാശബള ബ്രഹ്മരൂപമാണിത്. ഇങ്ങിനെ ക്രമീകമായ ഉപാസനയിലൂടെ നിർമലമാക്കിയ മനസ്സ് നിർഗുണബ്രഹ്മസ്വരൂപയായ ദേവിയെ ഉപാസിക്കാൻ യോഗ്യമാവുന്നു. ബ്രഹ്മസ്വരൂപമായ ദേവിയിൽ മനസ്സ് ലയിക്കുന്നതാണ് ശരിയായ ആരാധന.'

വ്യാസന്‍ ചോദിച്ചു: ‘ധർമനിഷ്ഠരായ പരാശക്തീഭക്തൻമാർ സൂര്യവംശത്തിലും ചാന്ദ്രവംശത്തിലും നിറയെ ഉണ്ടായിരുന്നു. അവരുടെ ചരിതങ്ങളും നാം കേട്ടു. ഇനിയെന്താണ് അങ്ങേയ്ക്ക് കേൾക്കാൻ താല്പര്യം?’

ജനമേജയൻ പറഞ്ഞു. ‘ ജഗദംബിക, ഗൗരി, ലക്ഷ്മി, സരസ്വതി, എന്നീ ദേവിമാരെ, ഹരനും ഹരിക്കും വിരിഞ്ചനും കൂട്ടായി നല്‍കിയിരുന്നു എന്ന് നേരത്തേ പറഞ്ഞുവല്ലോ. ഗൗരി ഹിമവാന്റെ പുത്രിയാണെന്നത് പ്രസിദ്ധം. അതു പോലെ ലക്ഷ്മീദേവി  പാലാഴി മങ്കയാണ് എന്നുമെല്ലാവര്‍ക്കുമറിയാം. ആദിപരാശക്തിയാണ് അവരുടെയെല്ലാം മാതാവെങ്കിൽ അവരെ മറ്റുള്ളവരുടെ പുത്രിമാരായി കണക്കാക്കുന്നത് എന്തുകൊണ്ടാണ്? എന്നിലെ സംശയങ്ങളെല്ലാം വേരോടെ അറുക്കാൻ അങ്ങയെപ്പോലെ മറ്റാരുണ്ട്?’

വ്യാസൻ പറഞ്ഞു. ‘അത്ഭുതകരമായ ഒരു കാര്യമാണത്. അതിരഹസ്യമാണെങ്കിലും അങ്ങയോടു ഞാനത്  പറയാം. ത്രിമൂർത്തികൾക്ക് കൂട്ടായി അമ്മ മൂന്നു ദേവിമാരെ നൽകിയപ്പോൾ മുതൽ അവർ സൃഷ്ടി ആരംഭിച്ചു. ഒരിക്കല്‍  ഹാലാഹലർ എന്നു പേരുള്ള അസുരൻമാർ അതിശക്തരായി മൂന്നു ലോകങ്ങളും കീഴടക്കി വരവേ കൈലാസവും വൈകുണ്ഡവും പോലും അവർ വളഞ്ഞു. ഹരിഹരൻമാർ അവരുമായി നീണ്ടൊരു യുദ്ധം ചെയ്തു. ആറായിരം കൊല്ലം ആ സംഗരം നീണ്ടുനിന്നു. ഒടുവിൽ രാക്ഷസൻമാർ പരാജയപ്പെട്ടു. ഹരിഹരൻമാർ തങ്ങളുടെ വിജയത്തിൽ അഹങ്കാരത്തോടെ ആഹ്ലാദിച്ചു. ആരുടെ പ്രഭാവം കൊണ്ടാണോ അവർക്കീ ശക്തി കൈവന്നത് ആ ദേവിമാർ, ഗൗരിയും ലക്ഷ്മിയും, ഒരു കള്ളച്ചിരിയോടെ അവരുടെ ആഘോഷങ്ങൾ കണ്ട് ആസ്വദിച്ചു. എന്നാൽ സഹധര്‍മ്മിണിമാരുടെ പരിഹാസരൂപേണയുള്ള ചിരി കണ്ടു് മായാബദ്ധരായ ഹരിഹരൻമാർ കോപിഷ്ഠരായി. അവർ ക്രോധത്തോടെ കൊള്ളിവാക്കുകൾ പറഞ്ഞപ്പോൾ ദേവിമാർ അവരെ ഉപേക്ഷിച്ച് പോയി.

ശക്തിയും ബുദ്ധിയും കൂടെയില്ലാതെ തേജസ്സറ്റ ഹരിഹരൻമാരെക്കണ്ടു് ബ്രഹ്മാവ് ആകുലപ്പെട്ടു. ‘ഇവരാണ് ദേവന്മാരുടെ കൂട്ടത്തിൽ കേമൻമാർ. എന്നാലിപ്പോള്‍ എന്താണിങ്ങിനെ സംഭവിക്കാൻ കാരണം?’ എന്നദ്ദേഹം ആലോചിച്ചു. കണ്ണടച്ചു ധ്യാനിക്കേ പരാശക്തിയുടെ കോപമാണ് പരിഹരൻമാരെ നിസ്തേജരാക്കിയത് എന്നദ്ദേഹം മനസ്സിലാക്കി. ബ്രഹ്മാവ് തന്റെ ശക്തിയുമായി ചേർന്ന് ഹരിഹരൻമാരുടെ ജോലികൾ കൂടി ചെയ്തുവന്നു.

ഒടുവില്‍ ബ്രഹ്മാവ് ഹരിഹരൻമാർക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ഉദ്ദേശത്തോടെ സ്വപുത്രൻമാരായ സനകാദികളെയും മന്വാദികളെയും വിളിച്ചുകൂട്ടി.   ‘ഹരിഹരൻമാർ പരാശക്തിയുടെ കോപത്തിനു പാത്രങ്ങളായി ശക്തിഹീനരായിരിക്കുന്നു. എനിക്കിപ്പോൾ അവരുടെ ജേലികൾ കൂടി ചെയ്യുവാനുണ്ടു്. അതുകൊണ്ടു് തപം ചെയ്യാനുളള സമയമില്ല'. അതിനാൽ നിങ്ങൾ തപസ്സിലൂടെ പരാശക്തിയെ സംപ്രീതയാക്കുക. ഹരിഹരൻമാരെ പഴയതുപോലെ ഭക്തരായും ശക്തരായും മാറ്റാനായി നിങ്ങൾ പൂർണ്ണഭക്തിയോടെ വർത്തിക്കുക. നിങ്ങൾ കീർത്തിമാൻമാരാവട്ടെ. ഹരിഹരൻമാരെ പിരിഞ്ഞു പോയ ശക്തികൾ അവരെ വീണ്ടും സന്ധിക്കാൻ അവർ വീണ്ടും ജനിക്കേണ്ടതുണ്ട്. അവരുടെ ജനനം കൊണ്ട് ആ കുലങ്ങൾ മൂന്നു ലോകത്തെയും പാവനമാക്കിത്തീർക്കും.’

ബ്രഹ്മാവിന്റെ പുത്രൻമാർ പിതൃവാക്യത്താൽ പ്രചോദിതരായി തപസ്സാരംഭിച്ചു.

Sunday, October 30, 2016

ദിവസം 186 ശ്രീമദ്‌ ദേവീഭാഗവതം. 7- 28. ശതാക്ഷീ പ്രാദുര്‍ഭാവം

ദിവസം 186  ശ്രീമദ്‌ ദേവീഭാഗവതം7- 28. ശതാക്ഷീ പ്രാദുര്‍ഭാവം

വിചിത്രമിദമാഖ്യാനം ഹരിശ്ചന്ദ്രസ്യ കീര്‍ത്തിതം
ശതാക്ഷീ പാദഭക്തസ്യ രാജര്‍ഷേര്‍ ധാര്‍മ്മികസ്യ ച
ശതാക്ഷീ സാ കുതോ ജാതാ ദേവീ ഭഗവതീ ശിവാ
തദ് കാരണം വദ മുനേ സാര്‍ത്ഥകം ജന്മ മേ കുരു

ജനമേജയൻ പറഞ്ഞു: 'ഭഗവതിയുടെ പരമഭക്തനും രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ അത്ഭുതാവഹം തന്നെ. ശതാക്ഷിയെന്നു പ്രസിദ്ധയായ ആ ദേവിയുടെ ഉത്ഭവകഥ കൂടി അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ദേവിയുടെ സത്കഥകൾ കേട്ടു് മതി വന്ന ആരുണ്ടീ ലോകത്ത് ? ഓരോ പദത്തിലും അശ്വമേധഫലം നൽകുന്നതാണാ ചരിതശ്രവണം.'

വ്യാസൻ പറഞ്ഞു: രാജാവേ, ദേവീ ഭക്തനായ അങ്ങയോടു് ശതാക്ഷീചരിതം പറയാൻ സന്തോഷമേയുള്ളൂ.   ഹിരണ്യാക്ഷന്റെ കൂട്ടത്തില്‍ രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നു പേരുള്ള ഒരു രാക്ഷസൻ ജനിച്ചു. മഹാബലവാനായ അവൻ ഹിമാലയത്തിൽ പോയി കഠിന തപം ചെയ്തു. ‘ദേവൻ മാർക്ക് വേദമാണല്ലോ ബലം നൽകുന്നത്. ആയതിനാൽ വേദങ്ങളെയെല്ലാം നശിപ്പിക്കണം' എന്നതായിരുന്നു അവന്റെ ഉദ്ദേശം. വായു മാത്രം ഭക്ഷിച്ചുകൊണ്ടു് ആയിരം കൊല്ലമവൻ ഉഗ്രമായ തപസ്സു ചെയ്തു. ദേവൻമാരും അസുരൻമാരും അവന്‍റെ തേജസ്സിനാൽ തപിക്കപ്പെട്ടു.

ഒടുവിൽ ചതുമുഖൻ തന്റെ വാഹനമായ അരയന്നത്തിലെത്തി അവനു മുന്നിൽ പ്രത്യക്ഷനായി. ‘നിന്റെ തപസ്സിൽ സന്തുഷ്ടനായി വരദാനത്തിനായി ഞാനിതാ വന്നിരിക്കുന്നു’ എന്ന് നാന്മുഖൻ ദൈത്യനോടു് പറഞ്ഞു.

ദുർഗ്ഗമൻ പറഞ്ഞു: ‘സുരേശ്വരാ, വേദങ്ങളാണ് എനിക്കു വേണ്ടത്. മൂന്നു ലോകങ്ങളിലും നില നിൽക്കുന്നതും  ദേവൻമാരിലും ബ്രാഹ്മണരിലും നിരന്തരം നിലകൊള്ളുന്നതുമായ വേദമന്ത്രങ്ങൾ ഇനി മുതൽ എന്റെ കീഴിലാവണം. അങ്ങിനെ ദേവൻമാരെ പരാജയപ്പെടുത്താൻ എനിക്കു കഴിയണം.’

‘തഥാസ്തു’ എന്നു പറഞ്ഞ്‌ വിരിഞ്ചൻ വേദങ്ങളെ ദുർഗ്ഗമനു നൽകി അപ്രത്യക്ഷനായി.

അന്നു മുതൽ ബ്രാഹ്മണർക്ക് വേദമന്ത്രങ്ങൾ മനസ്സിൽ തോന്നാതെയായി. നിത്യ കർമ്മങ്ങളും വിശേഷാൽ പൂജകളും ഇല്ലാതെയായി. സന്ദ്യാവന്ദനം, ശ്രാദ്ധം, യജ്ഞതപോകർമ്മങ്ങൾ എന്നിവയൊന്നും നടക്കുന്നില്ല.   ‘കഷ്ടം! കഷ്ടം!’ എന്ന് ബ്രാഹ്മണർ വിലപിച്ചു. വേദമന്ത്രങ്ങൾ അപ്പാടെ മറക്കാൻ എന്താണ് കാരണമെന്ന് അവർ പരസ്പരം ചോദിച്ചു. ഭൂമിയിൽ വിപത്തുകൾ കണ്ടുതുടങ്ങി. അർഘ്യം കിട്ടാതെ ദേവൻമാരും കഷ്ടത്തിലായി. നിർജരൻമാരെ ജര ബാധിക്കാൻ തുടങ്ങി. ദൈത്യൻമാർ അമരാവതീ നഗരം ആക്രമിച്ചു കീഴടക്കി. ദേവൻമാർ നഗരം വിട്ട് ഓടിപ്പോയി. മലമുകളിലും മേരുപർവ്വതത്തിലുള്ള ഗുഹകളിലുമൊക്കെയാണ് അവരപ്പോൾ കഴിഞ്ഞു വന്നത്. എങ്കിലും അവിടെയിരുന്നും ദേവൻമാർ ഭഗവതിയെ പൂജിച്ചിരുന്നു.

നാട്ടിൽ ഹോമങ്ങൾ നിലച്ചപ്പോൾ മഴയില്ലാതായി. കിണറും കുളങ്ങളും നദികളും വറ്റിവരണ്ടു. നൂറു വർഷത്തോളം ഭൂമി വരണ്ടു കിടന്നു. അനേകം മനുഷ്യരും പശുക്കളും ചത്തൊടുങ്ങി. ഇങ്ങിനെയുള്ള അനർത്ഥങ്ങൾ നടക്കുമ്പോഴും പരാശക്തിയായ ജഗദംബയെ പൂജിക്കുക എന്ന ഉദ്ദേശത്തോടെ ബ്രാഹ്മണർ ഹിമവാന്റെ അടിത്തട്ടിൽ ഒത്തുചേർന്നു. നിരാഹാരരായി ഏകാഗ്ര ചിത്തത്തോടെ അവർ ദേവിയെ സ്തുതിച്ചു. ‘അമ്മേ, ദേവീ ഞങ്ങളിൽ കരുണ ചെയ്താലും. ഞങ്ങൾ തെറ്റുകാരാണെങ്കിൽ കൂടി അമ്മ ഞങ്ങളെ ഉപേക്ഷിക്കരുതേ. ഞങ്ങളുടെ അജ്ഞാനമാണ് ആ തെറ്റുകൾക്കു കാരണം. അവിടുന്നല്ലേ സകല ജീവികൾക്കും അന്തര്യാമി? ഞങ്ങളിൽ കോപമരുതേ. അവിടുത്തെ നിയന്ത്രണത്തിലാണ് ഏവരും കർമ്മം ചെയ്യുന്നത്. ഞങ്ങളുടെ ഈ ദു:സ്ഥിതിയിൽ നിന്നും ഞങ്ങളെ കരകയറ്റിയാലും. വെള്ളമില്ലാതെ ഞങ്ങൾ കഷ്ടപ്പെടുന്നു. ഞങ്ങളെ രക്ഷിച്ചാലും. മഹേശാനി, ജഗദംബികേ, കൂടസ്ഥരൂപേ, ചിദ്രൂപേ, വേദാന്തവേദ്യ, ഭുവനേശീ, നമസ്കാരം.

‘ഇതല്ല! ഇതല്ല!’ (നേതി, നേതി) എന്ന് വേദങ്ങൾ വാഴ്ത്തിയത് നിന്നെയല്ലേ? അങ്ങിനെ ദുർജ്ഞേയയായ അമ്മയെ ഞങ്ങളിതാ കമ്പിടുന്നു. സർവ്വകാരണരൂപിണിയാണമ്മ.’

ഇങ്ങിനെ വാഴ്ത്തി സ്തുതിച്ചപ്പോൾ ദേവി അവർക്ക് പ്രത്യക്ഷയായി. നീലാഞ്ജനാഭ നിറഞ്ഞ നീലത്താമരയിതളുകൾ പോലെ കമനീയമായ എണ്ണമറ്റ കണ്ണുകളുള്ള ഭുവനേശ്വരി, തടിച്ചുയർന്ന സ്തനദ്വയങ്ങളോടെ, അനേകം കൈകളോടെ, വരദയായി ജഗദംബയുടെ ദിവ്യരൂപത്തില്‍ അവർക്ക് ദൃശ്യമായി. ദാഹവും വിശപ്പുമടക്കുന്ന ദിവ്യഫലങ്ങൾ, പച്ചക്കറിക്കൂട്ടങ്ങൾ, പൂക്കൾ, വില്ല്, എന്നിവയെല്ലാം അമ്മയുടെ കൈകളിൽ കാണാം.അതീവ ലാവണ്യമോലുന്ന അമ്മയുടെ കണ്ണിൽ കരുണാസാഗരം അലതല്ലുന്നു. കോടി സൂര്യപ്രഭ ചിന്നുന്ന അസംഖ്യം കണ്ണകളിൽ നിന്നുമായി ദേവി ജലം നിറഞ്ഞ നദികളെയും അരുവികളെയും ഒഴുക്കിവിട്ടു. ആ ജലധാര ഒൻപതു ദിനരാത്രങ്ങൾ അനുസ്യൂതം പ്രവഹിക്കുകയുണ്ടായി.

ജീവരാശികൾ ദുഖിക്കുന്നതു കണ്ടു് ജഗദംബിക തൂകിയ അശ്രുബാഷ്പമായിരുന്നു അത്. അങ്ങിനെ മനുഷ്യരും മറ്റ് ജീവജാലങ്ങളും സസ്യങ്ങളും ഓജസ്സ് വീണ്ടെടുത്തു. മഹാമാരി കൊണ്ട് നദികളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു. ദേവൻമാർ ഒളിത്താവളങ്ങളിൽ നിന്നും പുറത്തു വന്ന് ദേവിയെ വാഴ്ത്തി.

‘വേദാന്തവേദ്യയും ബ്രഹ്മസ്വരൂപിണിയുമായ അമ്മയ്ക്ക് നമസ്കാരം. നിന്നെ ഞങ്ങൾ കൈകൂപ്പി സ്തുതിക്കുന്നു. സ്വമായാ പ്രഭാവം കൊണ്ട് ജഗത്തിനെ സൃഷ്ടിക്കുന്ന അമ്മ ഭക്തർക്കായി രൂപം കൊണ്ട മഹേശ്വരിയാണ്. നിത്യ തൃപ്തയും നിരുപമയുമായ ഭുവനേശ്വരി ഭക്തജനപാലനത്തിനായി ആയിരം കണ്ണുകളെ ദേഹത്തണിഞ്ഞു. അതിനാൽ ‘ശതാക്ഷി’ എന്നു നിന്റെ പുകൾ എങ്ങും പരക്കട്ടെ. ഞങ്ങൾക്ക് യജ്ഞവീതം കിട്ടാത്തതിനാൽ വിശപ്പോടെ അവിടുത്തെ അപദാനങ്ങൾ വാഴ്ത്താൻ പോലും ആവുന്നില്ല. മാഹേശ്വരീ, വേദങ്ങളെ വീണ്ടെടുക്കാൻ ദയ കാട്ടണേ.’

വ്യാസൻ തുടർന്നു. ദേവൻമാർ ഇങ്ങിനെ വാഴ്ത്തി അപേക്ഷിച്ചപ്പോൾ ഭഗവതി തന്റെ കയ്യിലിരുന്ന ഫലമൂലങ്ങൾ അവർക്ക് വിശപ്പടക്കാൻ നൽകി. മനുഷ്യർക്കുള്ള ഫലങ്ങളും ധാന്യവർഗ്ഗങ്ങളും മൃഗങ്ങൾക്കായുള്ളവയും അമ്മയുടെ കൈവശം ധാരാളമുണ്ടായിരുന്നു. രസമൂറുന്ന വിവിധാന്നങ്ങളും പശുഭക്ഷ്യങ്ങളും പുതുതായി കൃഷി ചെയ്തുണ്ടാക്കും വരേയ്ക്കുളളതെല്ലാം അമ്മ അവർക്കു നൽകി. അങ്ങിനെ ദേവിക്ക് ‘ശാകംഭരി’ എന്ന നാമവും സിദ്ധിച്ചു.

ദേവ കോലാഹലം കേട്ട് ദുർഗ്ഗമൻ സൈന്യസമേതം എത്തി ശരവർഷം ആരംഭിച്ചു. ആയിരം അക്ഷൗഹിണികൾ ദേവസൈന്യത്തെ വളഞ്ഞു. ‘രക്ഷിക്കണേ!’ എന്നു നിലവിളിച്ച ബ്രാഹ്മണരും ദേവൻമാരും ദേവിയെ അഭയം പ്രാപിച്ചു. ദേവി അവർക്കു ചുറ്റും അഗ്നി വലയം സൃഷ്ടിച്ച് അതിനു പുറത്തു നിന്ന് അസുരനോടു് ഒറ്റയ്ക്ക് യുദ്ധം തുടങ്ങി. പരസ്പരം എയ്ത അമ്പുകള്‍ കൊണ്ടുള്ള മഴയാൽ വിണ്ഡലം മേഘാവൃതമായി. കാതടയ്ക്കുന്ന ടണൽക്കാര ശബ്ദത്തോടെ ഞാണുകൾ വലിഞ്ഞു മുറുകി. ദേവിയുടെ ദേഹത്തു നിന്നും അനേകം ഉഗ്ര ശക്തികളായ സത്വങ്ങൾ പുറത്തുവന്നു.
കാളിക, താരിണി, ബാലാ, ത്രിപുരാ, ഭൈരവി, രമാ, ബഗളാ, ലക്ഷ്മി, മാതംഗി, ത്രിപുര സുന്ദരി, പതിനായിരം കൈകളുള്ള ഗുഹൃകാളിക, ജംഭിനി തുടങ്ങി തൊണ്ണൂറ്റിയാറ് ശക്തികൾ അവിടെ പ്രകടമായി. ആയുധധാരികളായ ദേവിമാർ അങ്ങിനെ അനേകം പേർ യുദ്ധക്കളത്തിൽ വിന്യസിക്കപ്പെട്ടു. മൃദംഗാദിവാദ്യങ്ങളും പടക്കളത്തിൽ മുഴങ്ങിക്കേട്ടു. ദേവിമാർ അസുരന്റെ നൂറ് അക്ഷൗഹിണികളെ വകവരുത്തിയപ്പോൾ ദുർഗ്ഗമൻ നേരിട്ട് യുദ്ധത്തിനിറങ്ങി. പത്തു ദിവസത്തിൽ അവന്റെ ആയിരം അക്ഷൗഹിണികളും നശിച്ചു. 

എന്നാൽ പതിനൊന്നാം നാൾ അസുരൻ രക്തമാല്യവും രക്താംബരവുമണിഞ്ഞ് ഉത്സാഹത്തോടെ വീണ്ടും പടക്കളത്തിലിറങ്ങി. ദേവിമാര്‍ക്കു മുന്നിൽ രഥം നിർത്തി അവൻ പോരു തുടങ്ങി. രണ്ടു യാമത്തോളം അവിടെ നടന്ന സംഗരം അതിഭീകരമായിരുന്നു. പിന്നെ ദേവിയുടെ പതിനഞ്ചു ശരങ്ങൾ അവന്റെ നാലു കുതിരകളെയും സാരഥിയെയും രണ്ടു് കൈകളെയും രണ്ട് കണ്ണകളെയും ധ്വജത്തെയും തകര്‍ത്തു. പിന്നെയുള്ള അഞ്ചെണ്ണം അവന്റെ  ഹൃദയത്തിലാണ് ചെന്നു കൊണ്ടത്. രക്തവര്‍ണ്ണത്തില്‍ അണിഞ്ഞൊരുങ്ങി വന്ന ദുർഗ്ഗമൻ രക്തത്തിൽ മുങ്ങി ദേവിയുടെ മുന്നിൽ മരിച്ചുവീണു. ആ ദേഹത്തു നിന്നും ഒരു തേജ: പുഞ്ജം പുറത്തു വന്ന് ദേവിയിൽ ലയിച്ച് ചേർന്നു. മൂന്നു ലോകവും അങ്ങിനെ വീണ്ടും പ്രശാന്തമായി. ബ്രഹ്മാദിദേവ വൃന്ദം ഹരിഹരൻമാരെ മുന്നിൽ നിർത്തി ജഗദംബികയെ ഭക്തിപൂർവ്വം സ്തുതിച്ചു.

‘ലോകമെന്ന മിഥ്യാഭ്രമത്തിനു കാരണഭൂതയായ അമ്മ ശാകംഭരിയാണ്. നമസ്കാരം! നമസ്കാരം! ആയിരം കണ്ണുകളുള്ള അമ്മയ്ക്ക് നമസ്കാരം!. മഹേശ്വരീ, ശിവേ, പഞ്ചകോശാന്തരസ്ഥിതേ, ദേവീ,  വേദോപനിഷദുക്കൾ പ്രകീർത്തിക്കുന്നത് നിന്നെ മാത്രമാണ്. ദുർഗ്ഗമാസുരനെ നശിപ്പിച്ച് ദേവരക്ഷചെയ്ത അമ്മേ നമസ്കാരം!. ആരെയാണോ  മാമുനിമാർ നിർവികല്പസമാധിയിൽ ധ്യാനിക്കുന്നത്, ആരാണോ പ്രണവാർത്ഥസ്വരൂപയായി നിലകൊള്ളുന്നത്, ആ ദേവിയെ ഞങ്ങൾ സ്തുതിക്കുന്നു. അനന്തകോടി ബ്രഹ്മാണ്ഡങ്ങൾക്കും മാതാവായ ജനനി ബ്രഹ്മാവിഷ്ണു രുദ്രാദികൾക്കും അമ്മയാണ്. ശതാക്ഷീ മാതാവല്ലാതെ അജ്ഞരായ ഞങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കാൻ മറ്റാരുണ്ട്?’

ദേവപൂജയാൽ സംതൃപ്തയായ ദേവി പ്രസന്ന ഭാവത്തിൽ മാമറകളാകുന്ന നാലു വേദങ്ങളെ വീണ്ടെടുത്ത് അവര്‍ക്ക് നൽകി. മധുരോദാരമായി  അമ്മ ഇങ്ങിനെ പറഞ്ഞു: ‘എന്റെ വേദശരീരത്തെ ആദരപൂർവ്വം കൈകാര്യം ചെയ്യുക. സദാ സേവിക്കുക. എന്നെ സദാ പൂജിക്കുക. മംഗള പ്രദമായ കർമ്മങ്ങൾ ഇതിൽ കൂടുതലായി മറ്റൊന്നുമില്ല. എന്റെ മാഹാത്മ്യത്തെ പഠിക്കുന്നതുകൊണ്ടു് നിങ്ങളിലെ ആപത്തുകൾ നീങ്ങിപ്പോവട്ടെ. ദുർഗ്ഗമനെ കൊന്നതിനാൽ ‘ദുർഗ്ഗ’യെന്നും ആയിരം കണ്ണുകളിൽ നിന്നും ജലധാരയുണ്ടായതിനാൽ ‘ശതാക്ഷി’യെന്നും എനിക്കു സംസിദ്ധമായ നാമങ്ങൾ ജപിക്കുന്നവന് മായയെ വെല്ലാനാകും. ദേവൻമാർക്കും ദൈത്യൻമാർക്കും ഞാൻ ഒരു പോലെ സമാരാദ്ധ്യയാണ് എന്നുമോർക്കുക.’

ദേവൻമാർക്ക് ഇങ്ങിനെ ഉപദേശം നൽകി ജഗദംബിക അപ്രത്യക്ഷയായി. അങ്ങിനെ ദേവിയുടെ ഒരേ അവതാരത്തിൽത്തന്നെ കർമ്മഭേദാനുസാരമായി ശാകംഭരി, ശതാക്ഷി, ദുർഗ്ഗ, എന്നീ നാമങ്ങൾ ഉണ്ടായതിന്റെ കഥ കേൾക്കുന്നതു പോലും സർവ്വാഭീഷ്ടപ്രദായകമാണ്.

Friday, October 28, 2016

ദിവസം 185 ശ്രീമദ്‌ ദേവീഭാഗവതം. 7.27. ഹരിശ്ചന്ദ്ര സ്വർഗ്ഗഗമനം

ദിവസം 185  ശ്രീമദ്‌ ദേവീഭാഗവതം7.27. ഹരിശ്ചന്ദ്ര സ്വർഗ്ഗഗമനം

തത: കൃത്വാ ചിതാം രാജാ ആരോപ്യ തനയം സ്വകം
ഭാര്യയാ സഹിതോ രാജാ ബദ്ധാഞ്ജലിപുടസ്തദാ
ചിന്തയൻ പരമേശാനീം ശതാക്ഷീം ജഗതീശ്വരീം
പഞ്ചകോശാന്തരഗതാം പുച്ഛബ്രഹ്മസ്വരൂപിണീം

ഹരിശ്ചന്ദ്രൻ ചിതയുണ്ടാക്കി മകന്റെ ദേഹം അതിനു മുകളിൽ വച്ചു. കൈകൂപ്പി പത്നീ സമേതം ലോകമാതാവായ പരമേശ്വരിയെ സ്തുതിച്ചു. ശതാക്ഷിയും അന്നമയാദി പഞ്ചകോശങ്ങളിൽ അധിവസിക്കുന്നവളും ബ്രഹ്മപുച്ഛ സ്വരൂപിണിയുമായ ദേവി, രക്താംബരം ധരിച്ചും പലവിധ ആയുധങ്ങൾ കൈയിലേന്തിയും ജഗദ് പാലനോൽസുകയായി വിളങ്ങുന്ന കരുണാസമുദ്രമാണെന്നു മനസ്സിലുറപ്പിച്ച് ദമ്പതികൾ ചിതയിൽ കയറാൻ തുനിഞ്ഞു.

പെട്ടെന്ന് ധർമ്മദേവന്റെ നേതൃത്വത്തിൽ സകലദേവൻമാരും അവിടെയാ ചുടുകാട്ടില്‍ ആഗതരായി. ‘ ദേവന്മാര്‍ പറഞ്ഞു: ‘അല്ലയോ മഹാരാജാവേ, സാഹസമരുത്. സാക്ഷാൽ  ധർമ്മദേവനാണ് അങ്ങയെ കാണാന്‍ വന്നിരിക്കുന്നത്. പിതാമഹനും കൂടെയുണ്ട്. സാദ്ധ്യൻമാരും സിദ്ധചാരണ ഗന്ധർവ്വൻമാരും രുദ്രൻമാരും നാഗൻമാരും മരുത്തുക്കളുമെല്ലാം ഇതാ വന്നിരിക്കുന്നു. മാത്രമല്ലാ വിശ്വത്തിന്റെ സൗഹൃദം കാംഷിക്കുന്ന വിശ്വാമിത്രമഹർഷിയും കൂടെയുണ്ട്. അങ്ങയുടെ അഭീഷ്ടമെന്തെന്നു വച്ചാൽ അത് നിറവേറ്റാൻ തയ്യാറായാണ് ഗാധി പുത്രനായ മുനി വന്നിട്ടുള്ളത്.’

ധർമ്മദേവൻ പറഞ്ഞു: ‘രാജാവേ സാഹസം വേണ്ട. സാക്ഷാൽ യമനായ ഞാൻ അങ്ങയുടെ അടുത്ത് വന്നത് അങ്ങയുടെ ശമദമതിതിക്ഷാദി ഗുണങ്ങളാൽ സംപ്രീതനായിട്ടാണ്.’

ഇന്ദ്രൻ പറഞ്ഞു: ‘ഇതാ ഞാനുമുണ്ട് കൂടെ. അങ്ങേയ്ക്ക് സ്വർഗ്ഗത്തിലേക്ക് നേരിട്ടെത്താനുള്ള ക്ഷണവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ഭാര്യാപുത്രസമേതം സ്വർഗ്ഗത്തിലേക്ക് വന്നാലും. മറ്റാർക്കും ലഭിക്കാത്ത കാര്യമാണിത് എന്നറിയാമല്ലോ.’

ആ സമയത്ത് പട്ടടയ്ക്ക് മുകളിലായി മൃത്യുനാശകമായ സുധാ വർഷമുണ്ടായി. ആകാശത്തു നിന്നും പുഷ്പ വൃഷ്ടിയും, ദുന്ദുഭിനാദവും ഉണ്ടായി. മരിച്ചു പോയ രാജപുത്രൻ ഉന്മേഷവാനായി  ചൈതന്യമാർന്ന മുഖത്തോടെ എഴുന്നേറ്റ് വന്നു. രാജാവ് മകനെ ഗാഢം പുണർന്നു. ഐശ്വര്യ സമ്പൽ സമൃദ്ധിയും ദിവ്യമാലാംബരങ്ങളും ആഭരണങ്ങളും  സഭാര്യനായ രാജാവിനെ വന്നു പൊതിഞ്ഞു.

‘രാജാവേ, ഭാര്യയോടും പുത്രനോടും കൂടി നാക ലോകത്തേക്ക് പുറപ്പെട്ടാലും’, എന്ന് ശക്രൻ പറഞ്ഞപ്പോൾ 'ദേവേന്ദ്രാ, എന്റെ യജമാനനായ ചണ്ഡാളന്റെ അനുവാദമില്ലാതെ ഞാൻ ഇവിടം വിട്ടു പോവുകയില്ല. അദ്ദേഹത്തോടു് കൃതഘ്നത കാണിക്കാൻ എനിക്കാവില്ല.’ എന്നായി ഹരിശ്ചന്ദ്രന്‍.

അപ്പോൾ ധർമരാജാവ് പറഞ്ഞു: ‘അങ്ങയുടെ കഷ്ടസ്ഥിതി കണ്ടിട്ട് അന്ന് ഞാൻ തന്നെയാണ് ചണ്ഡാളനായി വന്ന് ആ കുടിലിലേക്ക് അങ്ങയെ കൂട്ടിക്കൊണ്ടുപോയത്.’

ഇന്ദ്രൻ പറഞ്ഞു: ‘ഭുമിയിലെ മനുഷ്യർക്കെല്ലാം ഞാന്‍ അങ്ങയെ ക്ഷണിച്ചതായ സ്വര്‍ഗ്ഗത്തിലേക്ക് പോകാനാണ് ആഗ്രഹം. അങ്ങയുടെ സുകൃതത്താൽ അങ്ങേയ്ക്ക് ആ ഭാഗ്യം തനിയേ വന്നു ചേർന്നിരിക്കുന്നു.

ഹരിശ്ചന്ദ്രൻ പറഞ്ഞു: ‘വാസവാ എന്റെ പ്രജകളുടെ കാര്യം നോക്കാൻ ഞാനല്ലാതെ ആരുണ്ട്?കോസലരാജ്യത്തെ ജനങ്ങൾ ഞാൻ കാരണം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നിട്ടിപ്പോൾ ഞാൻ തൻകാര്യം നോക്കി സ്വർഗ്ഗത്തിൽ പോവുന്നത് ഉചിതമല്ല.  തന്നെ  ആശ്രയിക്കുന്നവരെ കൈവിടുന്നത്, ബ്രഹ്മഹത്യ, ഗോവധം നാരീവധം എന്നിവയെപ്പോലെ പാപമാണ്. അതുകൊണ്ടു് എന്റെ പ്രജകൾക്കില്ലാത്ത സ്വഗ്ഗം എനിക്കു വേണ്ട. അങ്ങ് മടങ്ങിപ്പൊയ്ക്കൊള്ളുക . എന്റെ പ്രജകൾ കൂടെയുണ്ടെങ്കിൽ നരകവും എനിക്കു സമ്മതം തന്നെ.’

‘പ്രജകൾ ഓരോരുത്തരും ഓരോ വ്യക്തികളാണ് രാജാവേ. അവരുടെ പാപ പുണ്യക്കണക്കുകളാണ് അവർക്ക് സ്വർഗ്ഗവും നരകവുമൊക്കെ വിധിക്കുന്നത്. അങ്ങേക്ക് അക്കാര്യം അറിയാവുന്നല്ലേ? പിന്നെ എന്താണ് അവരെ കൂടെ കൂട്ടാൻ വാശി പിടിക്കുന്നത്?’

‘ദേവേന്ദ്രാ, പ്രജകളില്ലെങ്കിൽ രാജാവുണ്ടോ? എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നത് പ്രജകളാണ്. കർമ്മങ്ങളും മഹായാഗങ്ങളും എന്നല്ല ഒരു കിണർ കുഴിക്കണമെങ്കിലും ജനങ്ങൾ വേണം. അവരുടെ പ്രഭാവമില്ലെങ്കിൽ എനിക്കിപ്പോഴുള്ള പേരും പെരുമയും ഒന്നും കിട്ടുമായിരുന്നില്ല. സ്വർഗ്ഗത്തിലെത്താനുള്ള കൊതി കൊണ്ടു് ഞാനവരെ മറക്കുന്നത് ശരിയല്ല. അവരുടെ കയ്യിൽ നിന്നും കരം വാങ്ങി ഞാൻ യാഗങ്ങളും മറ്റും ചെയ്തു. അപ്പോൾപ്പിന്നെ അതിന്റെ ഗുണഫലങ്ങളും  അവരുമായി പങ്കിട്ടു മാത്രമേ ഞാൻ അനുഭവിക്കാന്‍ പാടുള്ളൂ. വ്യക്തിപരമായി എന്റെ കർമഫലം മൂലം ഏറെക്കാലത്തെ സ്വർഗ്ഗവാസം കിട്ടുമായിരിക്കാം. എങ്കിലും അതിനു പകരമായി എന്റെ നാട്ടുകാരുമൊത്ത് ഒരു ദിവസം കിട്ടിയാൽ ഞാൻ തൃപ്തനാണ്.’

‘ശരി, അങ്ങിനെയാകട്ടെ’, എന്ന് ശക്രൻ അനുഗ്രഹിച്ചു.

ധർമ്മദേവനും വിശ്വാമിത്രനും  തുഷ്ടരായി. നാലു വർണ്ണങ്ങളിലുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ   തിങ്ങിപ്പാർക്കുന്ന കോസലത്തേക്ക് എല്ലാവരും കൂടി  പോയി. അവിടെ വച്ച് ഇന്ദ്രൻ പ്രഖ്യാപിച്ചു: ‘പൗരമുഖ്യരേ എല്ലാവരും സ്വർഗ്ഗത്തിലേക്ക് പോവാൻ തയ്യാറായിക്കൊള്ളു. ധർമ്മദേവന്റെ പ്രസാദം കൊണ്ട് നിങ്ങൾക്കീ അവസരം കൈവന്നു. നിങ്ങളുടെ ധർമ്മിഷ്ഠനായ രാജാവ് സ്വന്തം പ്രജകളുമൊത്തുള്ള സ്വർഗ്ഗവാസമാണ് ആഗ്രഹിക്കുന്നത്.’  ഹരിശ്ചന്ദ്രനും പ്രജകളെ പ്രോത്സാഹിപ്പിച്ചു.

സംസാരജീവിത വിരക്തി വന്ന കുറച്ചു പൌരന്മാര്‍ അവരുടെ ചുമതലകൾ മക്കളെ ഏൽപ്പിച്ച് സ്വർല്ലോകത്തിലേക്ക് പോവാന്‍ ശ്രേഷ്ഠമായ വിമാനത്തിൽ കയറിയിരുന്നു.

ഹരിശ്ചന്ദ്രന്‍ രോഹിതനെ രാജാവായി അഭിഷേകം ചെയ്തു. മകനെ അഭിനന്ദിച്ച്, മഹത്തായ കോസല രാജ്യഭാരം അവനെ ഏല്പിച്ച് സന്തുഷ്ടനായി ഹരിശ്ചന്ദ്രൻ ദേവൻമാർക്കു പോലും ദുർലഭമായ കീർത്തിയും പെരുമയും നേടി. 

കിങ്ങിണികളാലും തോരണജാലങ്ങളാലും  മറ്റും അലംകൃതമായ ആ ദേവവിമാനത്തിൽ ഹരിശ്ചന്ദ്രൻ കയറിയിരുന്നപ്പോൾ ദൈത്യ ഗുരുവായ ശുക്രൻ മംഗളകരമായ ഒരു ശ്ലോകം ചൊല്ലി: 'ദാനഫലം എത്ര ശ്രേഷ്ഠം! അഹോ! തിതിക്ഷയുടെ മാഹാത്മ്യം എത്ര വലുത് ! ഇതാ ഹരിശ്ചന്ദ്രന് ദേവേന്ദ്ര സാലോക്യം ലഭിച്ചിരിക്കുന്നു.’

ഇതാണ് മഹാനായ ഹരിശ്ചന്ദ്രന്റെ കഥ. ദുഃഖത്താൽ വലയുന്നവന്റെ അഴലൊഴിക്കാൻ ഈ കഥ ശ്രവിച്ചാല്‍ മതിയാകും. സ്വർഗ്ഗാർത്ഥിക്ക് സ്വർഗ്ഗപ്രാപ്തിയും സുതാർത്ഥിക്ക് പുത്രനും, രാജ്യാർത്ഥിക്ക് രാജ്യവും, ഭാര്യാർത്ഥിക്ക് ഭാര്യയും, ദുഖിതന് സുഖവും കിട്ടാൻ ഹരിശ്ചന്ദ്രോപാഖ്യാനം ഉത്തമമത്രേ.

Sunday, October 23, 2016

ദിവസം 184 ശ്രീമദ്‌ ദേവീഭാഗവതം. 7.26. ഹരിശ്ചന്ദ്രപത്നീ സമാഗമം

ദിവസം 184  ശ്രീമദ്‌ ദേവീഭാഗവതം7.26. ഹരിശ്ചന്ദ്രപത്നീ സമാഗമം

തഥോfഥ ഭൂപതി: പ്രാഹ രാജ്ഞീം സ്ഥിത്വാ ഹൃധോമുഖ:
അത്രോപവിശ്യതാം ബാലേ പാപസ്യ പുരതോ മമ
ശിരസ്തേ  ഛേദയിഷ്യാമി ഹന്തും ശക്നോതി ചേത്കര:
ഏവമുക്ത്വാ  സമുദ്യമ്യ ഖഡ്ഗം ഹന്തും ഗതോ നൃപഃ

തന്‍റെ യജമാനനായ ചണ്ഡാളന്‍ വീണ്ടും ആജ്ഞാപിച്ചപ്പോള്‍  ഹരിശ്ചന്ദ്രൻ   മുഖം കുനിച്ച് അവളോടു്,  'ഈ പാപിയുടെ മുന്നിൽ വന്നിരിക്ക് പെണ്ണേ' എന്നു പറഞ്ഞു. 

‘എന്റെ കൈ പൊങ്ങുമെങ്കിൽ ഈ വാളുകൊണ്ട് നിന്റെ തല ഞാൻ ഇപ്പോൾത്തന്നെ അറുത്തേക്കാം.' ഇത്രയും പറഞ്ഞു് അദ്ദേഹം വാളുയർത്തി. അപ്പോഴും അവർ പരസ്പരം അറിഞ്ഞില്ല.

രാജ്ഞി പറഞ്ഞു. ‘അല്ലയോ ചണ്ഡാളാ, ദയവു ചെയ്ത് മനസ്സുണ്ടായി  എന്റെ വാക്കുകൾ കേട്ടാലും. കാശി നഗരത്തിനു വെളിയിൽ പെരുവഴിയിൽ ഒരിടത്ത് എന്റെ മകൻ മരിച്ചു കിടക്കുന്നുണ്ട്. അവന്റെ ദേഹം കൊണ്ടുവന്നു സംസ്കരിക്കുവോളം സാവകാശം തന്നാലും. അതിനു ശേഷം ഈ വാൾ എന്റെ കഴുത്തിൽ വീണുകൊള്ളട്ടെ.’

‘ശരി നീ വേഗം പോയി ആ പിണം കൊണ്ടുവാ’, എന്ന് ചണ്ഡാളൻ സമ്മതിച്ചു. 

മകന്റെ ദേഹത്തിനരികെ അവളോടിയെത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു. വിലപിച്ച് ഓരോന്നു പറഞ്ഞു് കരഞ്ഞുകൊണ്ടു് ആ മെലിഞ്ഞുണങ്ങിയ ബാലദേഹം അവൾ ചുടലക്കാട്ടിൽ എടുത്തുകൊണ്ടുവന്നു കിടത്തി.

'രാജാവേ, കൂട്ടുകാരുമൊത്ത് കാട്ടിൽപ്പോയ നമ്മുടെ മകൻ സർപ്പദംശനമേറ്റ് മരിച്ചു കിടക്കുന്നത് കണ്ടുവോ?.' എന്നെല്ലാം പറഞ്ഞു് രാജ്ഞി വിലപിക്കുന്നതു കേട്ട ഹരിശ്ചന്ദ്രൻ മൃതദേഹത്തിന്റെ മുഖം മൂടിയിരുന്ന തുണി മാറ്റി നോക്കി.

രാജാവും രാജ്ഞിയും പരസ്പരം കണ്ടാൽ അറിയാത്ത വിധം  രൂപം കെട്ടു് മാറിപ്പോയിരുന്നു. രാജാവ് മുടിയെല്ലാം ജടപിടിച്ചും ദേഹം ചടച്ചുമെല്ലിച്ചുണങ്ങി കറുത്തിരുണ്ടും പോയിരുന്നു. എന്നാൽ വിഷബാധയേറ്റ് കിടക്കുന്ന ബാലൻ ക്ഷീണിതനെങ്കിലും രാജലക്ഷണങ്ങൾ ഉളളവനാണെന്ന് ആ ശ്മശാന ജോലിക്കാരനായ ഹരിശ്ചന്ദ്രന് തോന്നി. ഉയർന്ന മൂക്ക്, പൂർണ്ണചന്ദ്രാഭ തിളങ്ങുന്ന മുഖം, കണ്ണാടി പോലെ മിന്നുന്ന കവിൾത്തടം, കറുത്ത് നീണ്ടിടതൂർന്ന മുടി, ചെന്തൊണ്ടിപ്പഴച്ചുണ്ടുകൾ, വിശാലമായ മാറും നീണ്ട ബാഹുക്കളും, കുഴിഞ്ഞ നാദിച്ചുഴി, ഉയർന്ന തടിച്ച കഴുത്ത്, മൃദുവായ പാദങ്ങൾ. ‘കഷ്ടം!, ഇവനെ കണ്ടിട്ട് ഒരു രാജകുമാരനെപ്പോലെ തോന്നുന്നു.’

പെട്ടെന്ന് ഇവൻ തന്റെ മകനാണ് എന്നാ ഹതഭാഗ്യൻ തിരിച്ചറിഞ്ഞു. ‘ഭയങ്കരനായ യമൻ ഇവനെ എടുത്തല്ലോ’ എന്നദ്ദേഹം മനസാ വിലപിച്ചു മൗനം പൂണ്ടുനിന്നു.

അപ്പോൾ രാജ്ഞി ഇങ്ങിനെ ഓരോന്ന് ചൊല്ലി കരയാൻ തുടങ്ങി. ‘ആരുടെ പാപഫലമാണീശ്വരാ ഇവനീ ഗതി വന്നത്? ഹാ കാന്താ, അങ്ങിപ്പോൾ എവിടെയാണ്? രാജ്യം പോയി, സുഹൃത്തുക്കൾ നഷ്ടപ്പെട്ടു, ഭാര്യയേയും മകനേയും വില്ക്കേക്കണ്ടതായി വന്നു. എന്‍റെ നാഥനായ  രാജാ ഹരിശ്ചന്ദ്രന് എന്തൊക്കെ ദുരിതങ്ങളാണ് സഹിക്കേണ്ടി വന്നത്?’

ഇതു കേട്ടപ്പോൾ അദ്ദേഹത്തിന് തന്റെ പ്രിയ പത്നിയെ തിരിച്ചറിയാനായി. രാജ്ഞിയും അദ്ദേഹത്തെ തിരിച്ചറിഞ്ഞപാടേ മോഹാലസ്യപ്പെട്ടു താഴെ വീണു. പിന്നീടു് ബോധം തെളിഞ്ഞപ്പോൾ ദുഖപാരവശ്യത്തിൽ ആർത്തരായി രണ്ടാളും  ദീനദീനം വിലപിച്ചു.

‘ഹാ മകനേ,  കുറുനിരകൾ കൊണ്ട് മനോഹരമായിരുന്ന നിന്റെ മുഖം  ഇങ്ങിനെ കണ്ടിട്ടും എന്റെ ഹൃദയം എന്തു കൊണ്ടു് താനേ പിളരുന്നില്ല? നീ അച്ഛാ എന്നു വിളിച്ച് ഓടി വരുമ്പോൾ, മോനേയെന്നു വിളിച്ചു നിന്നെ പുണരുവാന ഇനിയെനിക്കാവില്ലല്ലോ. നിന്റെ കാൽമുട്ടിലെ മണ്ണും പൊടിയും എന്റെ ഉത്തരീയത്തെ അഴുക്കാക്കാൻ ഇനി കഴിയില്ലല്ലോ. എനിക്ക് നിന്നെ താലോലിച്ച് മതി വന്നിട്ടില്ല. അങ്ങിനെയുള്ള നിന്നെ ഞാൻ കേവലം ധനത്തിനായി വിറ്റവനാണ്. എന്റെ രാജ്യവും ധനവുമെല്ലാം നഷ്ടപ്പെട്ടു. ഇപ്പോളിതാ സർപ്പദംശനമേറ്റ നിന്റെ മുഖകമലം ഇങ്ങിനെ കാണാനും ഇടയായി. വിധിയുടെ ഘോരസർപ്പത്തിന്റെ വിഷം എന്നെയും  തീണ്ടിയിരിക്കുന്നു’ എന്നു പറഞ്ഞ് ആ നൃപൻ ബാലന്റെ ദേഹത്തിനു മുകളിൽ മൂർച്ഛിച്ചു വീണു.

'ഇദ്ദേഹം, നരവ്യാഘ്രമായി വിലസിയിരുന്ന എന്റെയാ  രാജാവ് തന്നെ. ശബ്ദം കേട്ടാൽ അറിയാം. എന്നാൽ അദ്ദേഹമെങ്ങിനെ ഈ ചുടുകാട്ടിൽ പണിയെടുക്കുന്നു? എള്ളിൻ പൂവു പോലുള്ള നാസികയും മുല്ലപ്പൂദന്തങ്ങളും ഇപ്പോഴും തിരിച്ചറിയാം.’ പെട്ടെന്നവൾ ഭർത്താവിനെ തിരികെ കിട്ടിയതിൽ ഒന്നു സന്തോഷിച്ചു. പിന്നെ അത്ഭുതപ്പെട്ടു. ദുഖം താങ്ങാനാവാതെ വീണ്ടും മൂർച്ഛിച്ചു വീണു.

ബോധം തെളിഞ്ഞ പാടേ അവൾ വിലാപം തുടർന്നു. ‘വിധിയെത്ര ക്രൂരൻ! ദേവതുല്യനായ രാജാവിനെ നീ ചണ്ഡാളനാക്കി. നിന്ദ്യനും കാരുണ്യമില്ലാത്തവനുമാണ് വിധി. നാടും ധനവും അപഹരിച്ച് ഭാര്യയെയും പുത്രനെയും വില്പിച്ച് അദ്ദേഹത്തെ നിസ്വനാക്കി.’

നാട്ടിലെ പ്രഭുക്കളും സാമന്തരും അവരുടെ ഉത്തരീയം കൊണ്ടു് അദ്ദേഹത്തിന്റെ നടപ്പാത പോലും തുടച്ചു കൊടുക്കുമായിരുന്നു. ആ രാജാവിപ്പോൾ ശവക്കോടിയും തലയോടും മൺകലവും ശവമാലയും കൈകാര്യം ചെയ്യുന്നു. ചാരം, പാതിവെന്ത അസ്ഥി, മജ്ജ, വസ, എന്നിവയാൽ അദ്ദേഹത്തിന്‍റെ മുടി മലിനമായി ഒട്ടിയും തലയില്‍ പൊറ്റ പിടിച്ചുമിരിക്കുന്നു. അദ്ദേഹത്തിനിവിടെ കൂട്ടിന് കഴുകനും കറുനരിയും ശവം തിന്നാനെത്തുന്ന തടിച്ചുകൊഴുത്ത പക്ഷിമൃഗാദികളും മാത്രം. ശവപ്പുക കൊണ്ട് കറുത്ത കരിമ്പടക്കെട്ടുയർത്തിയ അന്തരീക്ഷം.’

‘രാജാവേ ഇത് സത്യമാണോ? അതോ സ്വപ്നമോ?’ എന്നു പറഞ്ഞു കൊണ്ടു് അവർ രാജാവിന്റെ കഴുത്ത് തന്റെ കൈകളാൽ തഴുകി. ഇത് സത്യമാണെങ്കിൽ ‘ധർമ്മം എന്നും രക്ഷിക്കും’ എന്നു പറയുന്നത് ശരിയല്ല എന്ന് പറയേണ്ടതായി വരും. ബ്രാഹ്മണപൂജ ചെയ്തിട്ടും ദേവൻമാർക്ക് അർഘ്യം നൽകിയിട്ടും എന്താണ് ഫലം? മഹാധർമിഷ്ഠനായ നിനക്കിതാണല്ലോ അനുഭവം. നേരും നെറിയും അഹിംസയും ആർജ്ജവവും ദയയുമെല്ലാം ആവശ്യമില്ലാത്ത കാര്യങ്ങളാണെന്ന് ഇപ്പോൾ തെളിഞ്ഞു.’

രാജാവ് തന്റെ അവസ്ഥ ഭാര്യയെ  പറഞ്ഞു കേൾപ്പിച്ചു. സ്വയം ചണ്ഡാളന് വിറ്റതും. ചുടലക്കാരനായതുമായ കഥ അദ്ദേഹം ഭാര്യയോട് പറഞ്ഞു. പുത്രന്റെ മരണവൃത്താന്തം രാജ്ഞിയും പറഞ്ഞു. രാജാവ് വീണ്ടും മോഹാലസ്യപ്പെട്ടു. മകന്റെ ജഡത്തെ പുൽകി. ചുംബിച്ചു.

അപ്പോൾ സധൈര്യം രാജ്ഞി പറഞ്ഞു. ‘ഇനി അങ്ങയുടെ യജമാനൻ പറഞ്ഞതുപോലെ എന്റെ ഗളച്ഛേദം നടത്തുക. സ്വാമിദ്രോഹി എന്നൊരു ചീത്തപ്പേര്‌ അങ്ങേയ്ക്ക് ഉണ്ടാവരുത്.’

‘നിഷ്ഠൂരമായ ഇക്കാര്യം പറയാൻ നിനക്കെങ്ങിനെ സാധിച്ചു? പറയാൻ പോലും മടിക്കുന്ന കാര്യം എങ്ങിനെയാണ് എനിക്കു ചെയ്യാനാവുക’ എന്ന് ഹരിശ്ചന്ദ്രൻ  വിലപിക്കേ അദ്ദേഹം വീണ്ടും മോഹാലസ്യപ്പെട്ടു

‘ഞാൻ ഭഗവതിയെയും ദേവൻമാരെയും ബ്രാഹ്മണരെയും എന്നും പൂജിച്ചിട്ടേ യുള്ളൂ . അടുത്ത ജന്മത്തിലും അങ്ങെന്റെ കാന്തനായിരിക്കും എന്നെനിക്കുറപ്പുണ്ട്.’ എന്നവള്‍ ആശ്വസിപ്പിച്ചു.

‘എനിക്കീ ദുഖം താങ്ങാനുള്ള കഴിവില്ല ദേവീ. ഞാനിപ്പോൾ എന്റെ വരുതിയിലല്ല. എന്റെ ഭാഗ്യദോഷം നോക്കൂ. സ്വയം തീയിൽ ചാടി മരിക്കാമെന്നു വച്ചാൽ ചണ്ഡാളന്റെ അനുവാദമില്ലാതെ പോയിട്ട്  വീണ്ടും ചണ്ഡാളദാസനായി പുനര്‍ജനിക്കേണ്ടി വരും. അതുകഴിഞ്ഞാലും രൗരവ നരകം അങ്ങിനെയുള്ളവർക്കാണ്. എന്റെ കുലം നിലനിർത്താനായി ഒരു മകനുണ്ടായി. എന്നാൽ അവന്റെ ഗതി കണ്ടില്ലേ?’

‘ഞാനെങ്ങിനെ ഈ പ്രാണനുപേക്ഷിക്കും? എന്നാല്‍ ഈ അഴൽക്കടൽ തന്നെ എന്റെ പ്രാണനെടുത്തേക്കും എന്ന് തോന്നുന്നു. അസിപത്രവന നരകം, വൈതരണി, ഇവകളിലെ കഠിനജീവിതം പുത്രദുഖത്തിനു തുല്യം ദുരിതമയമാവില്ല എന്നു തീർച്ച. എന്റെ മകനെ ദഹിപ്പിക്കുന്ന പട്ടടയിൽ ചാടി ഞാനും ജീവനൊടുക്കും. നീയെന്നെ തടുക്കരുത്. പ്രിയേ എന്നോടു് ക്ഷമിക്കുക.എനിക്കിനി ഈ ദുഖം താങ്ങാൻ വയ്യ.’

‘ഞാൻ പറയുന്ന ഒരു കാര്യം മാറി കൂടാതെ നീ അനുസരിക്കണം. നിന്നെ ഞാൻ കൊല്ലാതെ വിടുന്നു. നീ നിന്റെ യജമാനനായ ബ്രാഹ്മണന്‍റെ  ഗൃഹത്തിലേക്ക് തിരികെപ്പോയാലും.  ഈ ജന്മത്തില്‍  ഗുരുക്കൻമാരെ തൃപ്തരാക്കിയും ദാനം നൽകിയും ഞാൻ എന്തെങ്കിലും പുണ്യമാർജ്ജിച്ചുവെങ്കിൽ പരലോകത്ത് ഞാൻ നിന്നെയും മകനെയും സന്ധിക്കും. നിന്നോടു് കളിയായി ഞാൻ എന്തെങ്കിലും അഹിതം പറഞ്ഞിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നേരമ്പോക്കിന് നിന്നോട് അരുതാത്തതെന്തെങ്കിലും ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. അവിടെ, ആ  വിപ്രഗൃഹത്തിൽ രാജപത്നിയാണെന്ന ഭാവം നീ കാണിക്കരുത്. ഞാന്‍ നിന്നെ അവര്‍ക്ക് വിറ്റതാണല്ലോ. ദാസിയെന്ന നിലയിൽ അവരെ പ്രസാദിപ്പിക്കലാണ് നിന്റെ കടമ.’

അപ്പോൾ രാജ്ഞി പറഞ്ഞു. ‘ഞാനും ഈ ചിതയിൽ ചാടി മരിക്കാൻ പോവുന്നു. പ്രഭോ അങ്ങയോടൊപ്പം സ്വർഗ്ഗനരകങ്ങൾ അനുഭവിക്കാൻ എന്നെ അനുവദിച്ചാലും.’

‘എന്നാലങ്ങിനെയാവട്ടെ’ എന്ന് ഹരിശ്ചന്ദ്രന്‍ സമ്മതം നൽകി.