Devi

Devi

Sunday, February 28, 2016

ദിവസം 120. ശ്രീമദ്‌ ദേവീഭാഗവതം. 5. 28. രക്തബീജയുദ്ധവിസ്താരം

ദിവസം 120. ശ്രീമദ്‌ ദേവീഭാഗവതം. 5. 28. രക്തബീജയുദ്ധവിസ്താരം

കൃത്വാ ഹാസ്യം തതോ ദേവീ തമുവാച വിശാംപതേ
മേഘഗാംഭീരയാ വാചാ യുക്തിയുക്തമിദം വച:
പൂര്‍വ്വമേവ മയാ പ്രോക്തം മന്ദാത്മന്‍ കോം വികത്ഥസേ
ദൂതസ്യാഗ്രേ യഥായോഗ്യം വചനം ഹിത സംയുതം

വ്യാസന്‍ തുടര്‍ന്നു: ദേവി പുഞ്ചിരിച്ചുകൊണ്ട് എന്നാല്‍ ഘനഗംഭീരമായ സ്വരത്തില്‍ രക്തബീജനോടു പറഞ്ഞു: ‘നീയെന്തിനാണ്‌ ആവശ്യമില്ലാതെ പുലമ്പുന്നത്? നിങ്ങളുടെ ദൂതനോട് ഞാനെന്തിനാണ് ആഗതയായിട്ടുള്ളതെന്നു ഞാന്‍ പറഞ്ഞയച്ചിരുന്നല്ലോ. മാത്രമല്ല എനിക്ക് അനുരൂപനാവാന്‍ യോഗ്യതയുള്ള പുരുഷന്‍ എന്നെക്കാളും ബലവാനും ബുദ്ധിമാനും സമ്പന്നനും ആയിരിക്കണം. എനിക്കങ്ങിനെയൊരു വ്രതമുണ്ടെന്നു നിന്‍റെ രാജാവിനോടും അവന്‍റെ അനുജനോടും പറയുക. അവര്‍ക്ക് എന്നെ ജയിച്ചിട്ടു വിവാഹം കഴിക്കാമല്ലോ! ഇനി നിന്‍റെ കാര്യം – നമുക്ക് ഒന്ന് പൊരുതി നോക്കാം. അതിനു ധൈര്യമില്ലെങ്കില്‍ നിന്‍റെ പ്രഭുവിനോപ്പം നിനക്കും പാതാളത്തിലേയ്ക്ക് ഒടിപ്പോവാം.’

ദേവി ഇങ്ങിനെ പറഞ്ഞപ്പോള്‍ അസുരനില്‍ ക്രോധവും യുദ്ധാവേശവും ഉണ്ടായി. അവന്‍ സിംഹത്തെ ലക്ഷ്യമാക്കി കുറേ അമ്പുകള്‍ എയ്തു. ദേവി ആ സര്‍പ്പതുല്യശരങ്ങളെ ലക്ഷ്യമെത്തുന്നതിന്‍ മുന്‍പ് തന്‍റെ ബാണങ്ങളാല്‍ മുറിച്ചിട്ടു. രക്തബീജന്‍റെ നേര്‍ക്ക് ദേവി അനേകം ശരങ്ങള്‍ തൊടുത്തുവിട്ടു. അവന്‍ പെട്ടെന്ന് തേരില്‍ മോഹാലസ്യപ്പെട്ടു വീണു. അസുരന്മാര്‍ നിലവിളിച്ചുകൊണ്ട് ചുറ്റുംകൂടി. ‘കൊല്ലുന്നേ’ എന്ന് മുഖത്തു കയ്യടിച്ച് അവര്‍ അലമുറയിട്ടു. ശുംഭന്‍ ആ ശബ്ദം കൊട്ടാരത്തിലിരുന്നു കേട്ട് അസുരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘കാംബോജരും കാലകേയരുമായ ദാനവന്മാര്‍ സൈന്യസമേതം യുദ്ധത്തിനിറങ്ങട്ടെ’ എന്നയാള്‍ ആജ്ഞാപിച്ചു.

ശുംഭന്‍ സൈന്യബലം വര്‍ദ്ധിപ്പിച്ചു യുദ്ധത്തിനാക്കം കൂട്ടിയപ്പോള്‍ ചണ്ഡിക മണിനാദവും അംബിക ഞാണൊലിയും മുഴക്കി. കാളിക വാ പിളര്‍ന്നലറി. കൂടെ സിംഹവും ഗര്‍ജ്ജിച്ചു. ഈ ശബ്ദകോലാഹലം അസുരന്മാരുടെ വീറു കൂട്ടാന്‍ ഉതകി. അവര്‍ ദേവിയുടെ നേരെ കൂരമ്പുകള്‍ അയച്ചു തുടങ്ങി. അപ്പോള്‍ ബ്രഹ്മാദി ദേവതകള്‍ ചണ്ഡികയുടെ സമീപം അവരവരുടേതായ ദേവ ഭാവത്തില്‍ വേഷഭൂഷകള്‍ അണിഞ്ഞ് അതത് വാഹനങ്ങളില്‍ ആഗതരായി.

അരയന്നത്തിന്റെ പുറത്തുകയറി ബ്രഹ്മാണിയായി അക്ഷസൂത്രവും കമണ്ഡലുവും കയ്യിലെടുത്ത് ബ്രഹ്മശക്തി വന്നെത്തി. ഗരുഡവാഹനത്തില്‍ ശംഖ്, ചക്രം, ഗദ, എന്നിവ ധരിച്ചു പത്മം കയ്യില്‍ പിടിച്ചു മഞ്ഞപ്പട്ടുടുത്ത് വിഷ്ണുശക്തി ആഗതയായി. ശങ്കരശക്തി വൃഷഭാരൂഢയായി ത്രിശൂലം കയ്യിലേന്തി ചന്ദ്രക്കല ചൂടി സര്‍പ്പമാലകള്‍ അണിഞ്ഞു വന്നു. സ്കന്ദകുമാരന്‍ മയില്‍ വാഹനത്തിലേറി തന്റെ വേലും പിടിച്ച് യുദ്ധോല്‍സുകയായ സുന്ദരിയായി വന്നണഞ്ഞു. ഇന്ദ്രാണി പുഞ്ചിരി തൂകി വെള്ളാനപ്പുറത്ത് ആഗതയായി. കയ്യില്‍ വജ്രം പിടിച്ച് ഉള്ളിലുറഞ്ഞ ക്രോധത്തോടെ ഇന്ദ്രാണി യുദ്ധസന്നദ്ധയായി നിന്നു. വാരാഹീ ശക്തി ശവാസനസ്ഥയായി പന്നിയുടെ രൂപത്തില്‍ നിലകൊണ്ടു. അപ്പോള്‍ നരസിംഹഭാവത്തില്‍ നാരസിംഹിക എത്തി. യാമ്യ ഒരു പോത്തിന്‍റെ പുറത്ത് യമദണ്ഡും കയ്യിലേന്തി ഉഗ്രരൂപത്തില്‍ പ്രത്യക്ഷയായി. വാരുണിയും കൌബേരയും അപ്പോഴേയ്ക്ക് അവിടെയെത്തി. എല്ലാ ദേവതകളുടെയും ശക്തി വിശേഷം സമൂര്‍ത്തമായി ആഗതരായത് കണ്ടു ദേവി സംപ്രീതയായി.
   
അപ്പോള്‍ ലോകമംഗളകാരകനായ ശങ്കരന്‍ ചണ്ഡികയോട് ദേവകാര്യത്തിനായി ദൈത്യരെ വധിക്കാനിനി അമാന്തം അരുതേ എന്ന് അഭ്യര്‍ത്ഥിച്ചു. ശുംഭനെയും നിശുംഭനെയും മറ്റ് അസുരപ്പരിഷകളെയും വധിച്ച ശേഷം ദേവതകള്‍ അവരവരുടെ വാസസ്ഥലങ്ങള്‍ തുടര്‍ന്നും അലങ്കരിക്കട്ടെ എന്ന് ശങ്കരന്‍ ആഹ്വാനം ചെയ്തു. അങ്ങിനെ ലോകത്തില്‍ നിന്നും ‘ഈതി ബാധകള്‍’ നിശ്ശേഷം ഇല്ലാതാകട്ടെയെന്നും ഭൂമി ഫലഭൂയിഷ്ടമായി വിളങ്ങട്ടെയെന്നും പരമശിവന്‍ അരുളിച്ചെയ്തു.

അപ്പോള്‍ ചണ്ഡികയുടെ ദേഹത്തുനിന്നും മഹാശക്തി പുറത്തുവന്നു. അതിപ്രചണ്ഡയായ അവളുടെ കൂടെ ഓരിയിടുന്ന അനേകം കുറുനരികളും ഉണ്ടായിരുന്നു. ആ ഘോരരൂപിണി പുഞ്ചിരി തൂകിക്കൊണ്ട് പരമശിവനോട് പറഞ്ഞു: ‘ഭവാന്‍ എന്‍റെയൊരു ദൂതനായി ശുംഭനെയും നിശുംഭനെയും പോയി കാണുക. അവസാനമായി അവര്‍ക്ക് പാതാളഗമനത്തിനായി ഞാന്‍ ഒരവസരം കൂടി നല്‍കാമെന്ന് പറയുക. ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകട്ടെ. ഇന്ദ്രന് സിംഹാസനം തിരികെ ലഭിക്കട്ടെ.  ദേവകള്‍ക്കുള്ള യജ്ഞാംശം അവര്‍ക്ക് തന്നെ ചെന്ന് ചേരട്ടെ. ജീവനില്‍ കൊതിയുണ്ടെങ്കില്‍ അവര്‍ പാതാളവാസം സ്വീകരിക്കട്ടെ. അല്ല, യുദ്ധമാണ് വേണ്ടതെങ്കില്‍ എന്‍റെ കുറുനരികള്‍ക്ക് വിശപ്പടക്കാന്‍ അവരുടെ മാംസം പ്രയോജനപ്പെടും എന്നും അവരെ അങ്ങ് അറിയിക്കുക.'

ശൂലപാണിയായ ശിവന്‍ ഉടനെതന്നെ ശുംഭസദസ്സില്‍ ചെന്നു. ‘ഹിതമായത് നിനക്ക് പറഞ്ഞു തരാനാണ് ഞാന്‍ വന്നിട്ടുള്ളത്. വേഗം തന്നെ നിങ്ങള്‍ പാതാളത്തിലേയ്ക്ക് പൊയ്ക്കൊള്ളുക. അവിടെ പ്രഹ്ലാദനും മഹാബലിയും ഉണ്ട്. അഥവാ നിങ്ങള്‍ക്ക് മരിക്കാനാണ് ആഗ്രഹമെങ്കില്‍ യുദ്ധക്കളത്തിലേയ്ക്ക് വന്നാലും. ആ മഹാരാജ്ഞിയുടെ കല്‍പ്പന ഇതാണ്. നിങ്ങള്‍ക്ക് ശ്രേയസ്ക്കരമായത് പറയാന്‍ എന്നെ ഏല്‍പ്പിച്ചു, ഞാനത് ചെയ്തു.’

ഭഗവാന്‍ ശങ്കരന്‍ ഉടനെ അവിടം വിട്ടു. സാക്ഷാല്‍ ശങ്കരനെ തന്‍റെ ദൂതനാക്കിയ ദേവി ‘ശിവദൂതി’ എന്ന പേരില്‍ പ്രശസ്തയായി. അസുരന്മാരാകട്ടെ യുദ്ധത്തിനിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പടച്ചട്ടയും ആയുധങ്ങളും അണിഞ്ഞ് അവര്‍ യുദ്ധക്കളത്തിലെത്തി. അവര്‍ ചണ്ഡികയ്ക്ക് നേരെ കൂര്‍ത്തു മൂര്‍ത്ത ശരങ്ങള്‍ വര്‍ഷിച്ചു. കാളികയുടെ ശൂലവും ഗദയും വേലും ആ ശരങ്ങളെ പൊടിച്ചു കളഞ്ഞു. ദാനവരെ കാളിക വായിലിട്ടു ചവച്ചു തുപ്പി. ബ്രഹ്മാണി കമണ്ഡലുവിലെ വെള്ളം തളിച്ച് ദാനവരെ കൊന്നൊടുക്കി. കാളപ്പുറത്തു നിന്നും ശൂലമുപയോഗിച്ചു മഹേശ്വരി അസുരന്മാരെ വകവരുത്തി. ചക്രവും ഗദയും കൊണ്ട് വൈഷ്ണ്വി ദാനവരെ തച്ചുകൊന്നു. ഐന്ദ്ര ഐരാവതത്തിനു മുന്നില്‍ വന്നുപെട്ട അരക്കരെ വജ്രം കൊണ്ട് വീഴ്ത്തി കാലപുരിക്കയച്ചു. വാരാഹി തന്റെ തേറ്റകൊണ്ട്‌ എതിരാളികളെ കുത്തി മലര്‍ത്തി. നാരസിംഹി കൂര്‍ത്ത നഖമുനകള്‍ ആഴ്ത്തി അസുരന്മാരെ കൊന്നു ഭക്ഷിച്ചു. ശിവദൂതി അട്ടഹാസത്തോടെ ദൈത്യസംഹാരം ചെയ്തു. കൌമാരി മയിലിന്‍റെ പുറത്തു പറന്നു വന്നു ശരങ്ങളെയ്ത് അനേകം അസുരന്മാരെ കൊന്നു. വാരുണി തന്റെ കയറുകൊണ്ട് ശത്രുക്കളെ ബന്ധിച്ചു തള്ളി. ഇങ്ങിനെ ‘അമ്മമാര്‍’ ദാനവരെ കൊന്നൊടുക്കവേ, സൈന്യം ഹാഹാരവം മുഴക്കി ഓടിത്തുടങ്ങി. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ദേവന്മാരുടെ ജയജയ ശബ്ദവും ദാനവരുടെ പാലായനവും ദൈത്യ സേനാധിപന്മാരെ അതീവകോപിഷ്ഠരാക്കി. രക്തബീജന്‍ യുദ്ധസന്നദ്ധനായി രംഗത്തിറങ്ങി. കോപത്താല്‍ ചുവന്ന കണ്ണുകളും കയ്യില്‍ ആയുധങ്ങളുമായി അവന്‍ ദേവിയെ ആക്രമിക്കാന്‍ തേരിലേറി. 

Friday, February 26, 2016

ദിവസം 119. ശ്രീമദ്‌ ദേവീഭാഗവതം. 5. 27. രക്തബീജയുദ്ധം

ദിവസം 119. ശ്രീമദ്‌ ദേവീഭാഗവതം. 5. 27. രക്തബീജയുദ്ധം

ഹതൌ തൌ ദാനവൌ ദൃഷ്ട്വാ ഹത ശേഷാശ്ച സൈനികാ:
പാലായനം തത: കൃത്വാ ജഗ്മു: സര്‍വേ നൃപം പ്രതി
ഭിന്നാംഗാ വിശിഖൈ കേചിത് കേചിച്ഛിന്നകരാസ്തഥാ
രുധിരസ്രാവ ദേഹാശ്ച രുദന്തോfഭിയയു:പരേ  

വ്യാസന്‍ തുടര്‍ന്നു: ചണ്ഡമുണ്ഡന്മാര്‍ യുദ്ധത്തില്‍ മരണപ്പെട്ടപ്പോള്‍ ബാക്കിയായ അസുരന്മാരില്‍ ചിലര്‍ നേരെ രാജാവായ ശുംഭന്‍റെയടുക്കല്‍ ചെന്ന് വിവരമറിയിച്ചു. അവരുടെ കൈകാലുകള്‍ മുറിഞ്ഞും ദേഹമാകെ ചോരക്കറ പുരണ്ടും കാണപ്പെട്ടു. വാവിട്ടുകരഞ്ഞു കൊണ്ട് ‘ഞങ്ങളെ രക്ഷിച്ചാലും’ എന്നവര്‍ ആര്‍ത്തു വിളിച്ചു. 

‘അവള്‍ ദേവന്മാരെപ്പോലും വിജയിച്ച ചണ്ഡമുണ്ഡന്മാരെ കൊന്നുകളഞ്ഞു. ബാക്കിവന്ന ഭടന്മാരെ ചവച്ചരച്ചു തിന്നു. ആന, ഒട്ടകം, കുതിര, കാലാള്‍പ്പട എല്ലാമേ നശിച്ചു. കാളി അവിടെ യുദ്ധഭൂമിയില്‍ ചെയ്തു കൂട്ടുന്ന കോലാഹലങ്ങള്‍ അത്യത്ഭുതങ്ങളും ഭീതിജനകവുമാണ്. തലനാരിന്‍റെ ചണ്ടിയും, തലയോട്ടികളുടെ ചുരക്കയും കൈകാലുകളാവുന്ന മീനുകളും തേരുരുണ്ടുണ്ടായ ചാലുകളില്‍ കൂടി ഒഴുകുന്ന ചോരപ്പുഴയില്‍ കാണാം. യുദ്ധഭൂമിയില്‍ എങ്ങും മാംസച്ചെളിയാണ്. അതുകണ്ടിട്ട് നമ്മുടെ ധീരന്മാര്‍ക്ക് പോലും ധൈര്യം ചോരുന്നു. എന്നാല്‍ സുരന്മാര്‍ സന്തോഷിക്കുകയാണ്. രാജാവേ, വംശം രക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാതാളത്തിലേയ്ക്ക് പോയാലും. ആ ദേവിയുടെ കോപത്തിന് മുന്നില്‍ ഒന്നിനും നിലകൊള്ളാനാവില്ല. ദേവിയുടെ വാഹനമായ് സിംഹം അസുരന്മാരെപ്പിടിച്ചു തിന്നും ബാക്കിയുള്ളവര്‍ കാളിയുടെ അമ്പ്കൊണ്ട് കൊല്ലപ്പെടും. അതിനാല്‍ നിങ്ങള്‍ സഹോദരര്‍ വെറുതെ പോരിനിറങ്ങി മരിക്കാന്‍ നില്‍ക്കണ്ട. ഒരു പെണ്ണിനുവേണ്ടി വംശം മുടിക്കരുതേ. ദൈവാധീനമാണ് ജയവും തോല്‍വിയും. ചെറിയ കാര്യങ്ങള്‍ നേടാനായി പെരും ദുഃഖം വരുത്താനിടയാക്കരുത്. ഈയൊരു പെണ്ണ് കാരണം ദൈത്യന്മാര്‍ എത്രപേരാണ് കൊല്ലപ്പെട്ടത്! എന്നിട്ടിപ്പോഴും ആ പെണ്ണ് യുദ്ധക്കൊതി തീരാതെ ദേവസേനയെ ജയിച്ചു പേരെടുത്ത നിന്നെയും കാത്ത് നില്‍ക്കുകയാണ്. 

നീ പുഷ്കരത്തില്‍ തപസ്സുചെയ്യുമ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടുവല്ലോ. അന്ന് നീ ചോദിച്ചത് ‘അമരത്വം’ ആണ്. പുരുഷവര്‍ഗ്ഗത്തില്‍പ്പെട്ട ദേവാസുരമാനുഷഗന്ധര്‍വയക്ഷകിന്നരാദികള്‍ക്കൊന്നും നിന്നെ കൊല്ലാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ യുദ്ധക്കലിപൂണ്ടു വന്നിട്ടുള്ളത് ഒരു സ്ത്രീയാണ്. അവളുടെ ലക്ഷ്യം നിന്നെ കൊല്ലുകയാണ്.

അവള്‍ മൂലപ്രകൃതിയാണ്. കല്‍പ്പാന്തത്തിലെല്ലാറ്റിനെയും സംഹരിക്കുന്നത് ആ ദേവിയാണ്. ലോകസൃഷ്ടാവും ദേവന്മാര്‍ക്ക് അമ്മയും അവളാകുന്നു. ത്രിഗുണാത്മികയും താമസിയും സര്‍വ്വശക്തയും ആണവള്‍. ഒരിക്കലും നാശമില്ലാത്ത, ആരാലും തോല്‍പ്പിക്കാനരുതാത്ത, സര്‍വ്വജ്ഞയും വേദജനനിയും സന്ധ്യയും ആനന്ദസ്വരൂപിണിയുമാണ്. നാശമില്ലാത്തവളും ഒരേ സമയം സിദ്ധിയും, സിദ്ധിപ്രദയും അവളാകുന്നു. അങ്ങിനെയുള്ള ദേവിയോടുള്ള വിരോധം കളഞ്ഞ് അവളെ അഭയം പ്രാപിക്കുകയാണ് ബുദ്ധി. അവളുടെ ആജ്ഞയനുസരിച്ച് കഴിഞ്ഞാല്‍ അസുരകുലത്തെ മുടിക്കാതെ രക്ഷിക്കാം.’

ഭടന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശുംഭന്‍ രാജോചിതമായി ഇങ്ങിനെ പറഞ്ഞു: ‘യുദ്ധത്തില്‍ തോറ്റവര്‍ക്കും മാനമില്ലേ? നിങ്ങള്‍ക്ക് ചുണയുണ്ടോ? ഭീരുക്കളാണെങ്കില്‍ പാതാളത്തില്‍ പോയി ഒളിക്കുക. ഈ ലോകം മുഴുവനും വിധിയുടെ വിളയാട്ടമല്ലേ? അപ്പോള്‍പ്പിന്നെ ഈ സമയത്ത് നാമെന്തിനു ഭയക്കണം? ദേവന്മാരും ദൈവവശഗന്മാരാണ്. മാത്രമോ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ഇന്ദ്രാദി ദേവകളും ദൈവത്തിന്‍റെ കയ്യിലെ ആയുധങ്ങള്‍ മാത്രം. വരുന്നത് വരട്ടെ. അതിനേതായാലും മാറ്റമൊന്നും ഉണ്ടാവുകയില്ല. വരാന്‍ പോകുന്നതിനനുകൂലമായാണ് പ്രയത്നങ്ങള്‍ നടക്കുക. അതുകൊണ്ട് വിദ്വാന്മാര്‍ക്ക് ഭയമില്ല. അവര്‍ സ്വധര്‍മ്മം ചെയ്യും. ഫലത്തെപ്പറ്റി ആകുലചിത്തരാവുകയില്ല. സുഖം, ദുഃഖം, ആയുസ്സ്, മരണം, ഇവയെല്ലാം വിധിക്കനുസരിച്ചേ നടക്കൂ. ദൈവനിര്‍മ്മിതമാണിതെല്ലാം. ആയുസ്സൊടുങ്ങിയാല്‍ ബ്രഹ്മാവിനും വിഷ്ണുവിനും രുദ്രനും ഒരേ ഗതിയാണ്. ഇന്ദ്രാദിദേവന്മാരും ഞാനുമൊക്കെ കാലന് കീഴ്പ്പെട്ടിരിക്കുന്നു. നന്മതിന്മകള്‍ എന്താണെങ്കിലും വന്നുകൊള്ളട്ടെ. ഒരു പെണ്‍കൊടി വന്നു പോരിനു വിളിക്കുമ്പോള്‍ അതിനെ നേരിടാതെ നൂറുകൊല്ലം ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? യുദ്ധം ചെയ്യുക തന്നെയാണ് ധര്‍മ്മം. അതിന്റെ ഫലം എന്തുമായിക്കൊള്ളട്ടെ.

യുക്തിവാദികള്‍ വിധി എന്നൊന്നില്ല എന്ന് വാദിക്കുന്നു. ഉദ്യമം ചെയ്യാതെ ഒന്നും നടക്കില്ലല്ലോ. വെറുതെയിരുന്ന് വിധിപോലെ വരട്ടെ എന്ന് വിചാരിക്കുന്നവര്‍ ഭീരുക്കളും മടിയന്മാരുമാണ്. അദൃഷ്ടം (വിധി) എന്താണെന്ന് കണ്ടിട്ടുള്ളവര്‍ ആരുണ്ട്‌? അതിനു തെളിവുണ്ടോ? മൂഢന്മാരെ പേടിപ്പിക്കാനുള്ള സങ്കല്പം മാത്രമാണത്. പണ്ഡിതന്മാര്‍ക്ക് ഇത് ബാധകമല്ല. നമ്മുടെ പ്രയത്നത്തില്‍ യാതൊരു കുറവും ഉണ്ടാവരുത്. ധാന്യം പൊടിക്കണമെങ്കില്‍ അത് വെറുതെ കല്ലിന്‍റെയടുത്ത് കൊണ്ടുവെച്ചാല്‍ പോര. അത് കല്ലിലിട്ടു തിരിക്കുകതന്നെ വേണം. ദേശം, കാലം, സ്വബലം, ശത്രുബലം എന്നിവയെ അപഗ്രഥിച്ചു  ചെയ്‌താല്‍ ദേവഗുരുവായ ബൃഹസപതി പറഞ്ഞതുപോലെ നേട്ടം ഉറപ്പാണ്.’

ഇങ്ങിനെ ഉറപ്പിച്ചു പറഞ്ഞ് ശുംഭന്‍ തന്‍റെ വീരസേനാധിപന്‍ രക്തബീജനെ വലിയൊരു സേനയോടൊപ്പം യുദ്ധത്തിനയച്ചു. ‘നീ പോയി നിന്‍റെ ബലം മുഴുവനും ഉപയോഗിച്ച് പൊരുതി വിജയിച്ചു വരിക’. ‘ഞാനവളെ തീര്‍ച്ചയായും തോല്‍പ്പിച്ചു നിന്റെ മുന്നില്‍ കൊണ്ടുവരാം. എന്‍റെ പോരിന്‍റെ ബലം നിനക്ക് കാണാമല്ലോ’ എന്ന് രക്തബീജന്‍ സര്‍വ്വാത്മനാ സമ്മതിച്ചു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. ആന, തേര്, കാലാള്‍, അശ്വം, എന്ന് വേണ്ട അവന്‍ എല്ലാ തയ്യാറെടുപ്പുകളുമായാണ് ദേവിയെ നേരിടാനെത്തിയത്. അവന്‍റെ വരവ് കണ്ടപ്പോള്‍ ദേവി ഉച്ചത്തില്‍ ശംഖൂതി. ദേവകള്‍ക്ക് സന്തോഷമായി. ദൈത്യരുടെയുള്ളില്‍ ഭീതി വര്‍ദ്ധിച്ചു.

രക്തബീജന്‍ ചാമുണ്ഡിയുടെ സമീപമെത്തി ഇങ്ങിനെ പറഞ്ഞു. ’മറ്റുള്ളവരെപ്പോലെ ഞാന്‍ ഭീരുവാണെന്ന് കരുതിയാണോ ശംഖൂതി പേടിപ്പിക്കാന്‍ നോക്കുന്നത്? ഞാന്‍ ധൂമ്രനല്ല. രക്തബീജനാണ്. യുദ്ധമാണ് ആവശ്യമെങ്കില്‍ നമുക്ക് തുടങ്ങാം. നീയിതുവരെ കണ്ടത് ഭീരുക്കളെയായിരിക്കാം. എന്നെ അക്കൂട്ടത്തില്‍ പെടുത്തണ്ട. 

പിന്നെ, നീ മുതിര്‍ന്നവരെ അനുസരിക്കുന്നവളും നല്ല കുടുംബത്തില്‍ വളര്‍ന്നവളും ആണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ടാലും. അല്‍പ്പമെങ്കിലും ശാസ്ത്രം പഠിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍, നീതിശാസ്ത്രം നിനക്ക് മനസ്സിലാവുമെങ്കില്‍, നിന്നില്‍ സാഹിത്യാഭിരുചിയുണ്ടെങ്കില്‍ നിനക്ക് എന്റെ വാക്കുകള്‍ ഹിതമാവും. നവരസങ്ങളില്‍ രണ്ടെണ്ണമാണ് കേമം എന്ന് വിദ്വാന്മാര്‍ പറയുന്നു. ശൃംഗാരവും ശാന്തവും ആണവ. അവയില്‍ത്തന്നെ ശൃംഗാരം ബഹുകേമം. വിഷ്ണു മലര്‍മങ്കയിലും ശങ്കരന്‍ മലമങ്കയിലും ചേര്‍ന്ന് കഴിയുന്നത് ശൃംഗാരരസം ഒന്നുകൊണ്ടാണ്. ബ്രഹ്മാവിന് സരസ്വതിയുമുണ്ട്. ഇന്ദ്രന് സചി. മരത്തിനു ചുറ്റിപ്പടരുന്ന വള്ളികളുണ്ട്. മാനുകള്‍ക്ക് പേടമാന്‍. ആണ്‍ താറാവിന് പെണ്‍താറാവ് കൂട്ടുണ്ട്. ഇക്കൂട്ടരെല്ലാം സംയോഗസുഖം അനുഭവിക്കുന്നു. ഇതിനു യോഗമില്ലാത്തവരും ഇങ്ങിനെയുള്ള ഇണകളെ കിട്ടാത്തവരുമാണ് മുനിമാരായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത്. സംസാരസുഖം അറിയാത്ത അവരെ പഞ്ചാരവാക്കുകള്‍ പറയാന്‍ മിടുക്കരായവര്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു. കാമന്‍റെ മുന്നില്‍ ജ്ഞാനവും ധൈര്യവും വൈരാഗ്യവും എങ്ങിനെ പിടിച്ചു നില്‍ക്കും? അതുകൊണ്ട് സുന്ദരിയായ നീ ശുംഭനെയോ നിശുംഭനേയോ ഭര്‍ത്താവായി സ്വീകരിച്ചു സസുഖം വാഴുക.’


ഇങ്ങിനെ പറഞ്ഞു മുന്നില്‍ നില്‍ക്കുന്ന രക്തബീജനെനോക്കി ദേവിയുടെ നെറ്റിത്തടത്തില്‍ നിന്നുണ്ടായ ചാമുണ്ഡയും ദേവീദേഹത്തില്‍ നിന്നുത്ഭൂതയായ കാളികയും ഉറക്കെയുറക്കെ അട്ടഹസിച്ചു. 

Tuesday, February 23, 2016

ദിവസം 118. ശ്രീമദ്‌ ദേവീഭാഗവതം. 5. 26 ചണ്ഡമുണ്ഡവധം.

ദിവസം 118. ശ്രീമദ്‌ ദേവീഭാഗവതം. 5. 26 ചണ്ഡമുണ്ഡവധം.
              
ഇത്യാജ്ഞപ്തൌ തദാ വീരൌ ചണ്ഡമുണ്ഡൌ മഹാ ബലൌ
ജഗ്മതുസ്തരസൈവാജൌ സൈന്യേന മഹതാന്വിതൌ
ദൃഷ്ട്വാ തത്ര സ്ഥിതാം ദേവീം ദേവാനാം ഹിത കാരിണീം
ഊചസ്തൌ മഹാവീര്യൌ തദാ സാമാന്വിതം വച:

വ്യാസന്‍ തുടര്‍ന്നു: ശുംഭന്‍റെ ആജ്ഞയനുസരിച്ച് ചണ്ഡമുണ്ഡന്മാര്‍ പടയുമായി പുറപ്പെട്ടു. ദേവന്മാര്‍ക്ക് ഒത്താശചെയ്യുന്ന ദേവിയെക്കണ്ട് അവര്‍ ആദരവോടെ സാമോപായം പരീക്ഷിച്ചുനോക്കി. ‘ഇന്ദ്രാദി വീരന്മാരെയൊക്കെ വിജയിച്ച ശൂരന്മാരായ ശുംഭനിശുംഭന്മാരെപ്പറ്റി, ദേവീ, നീ കേട്ടിട്ടില്ലേ? നീ ഇവിടെ വന്നിട്ടുള്ളത് കൂടെയൊരു കാളികയും കൂട്ടിനൊരു സിംഹവും മാത്രമായാണ്. ശുംഭന്‍റെ സേനാബലം എന്തെന്ന് നിനക്കറിയില്ല. ആ മഹാശക്തനെ ജയിക്കാമെന്ന് നിനക്ക് തോന്നുന്നത് വെറും വ്യാമോഹം മാത്രം. നിനക്ക് നല്ല ഉപദേശം തരാന്‍ ആണായും പെണ്ണായും ഉറ്റവര്‍ ആരുമില്ലാത്തതാണ് നിന്‍റെ പ്രശ്നം. നിന്‍റെ കൂട്ടുകാരാണെങ്കില്‍ ദുര്‍ബ്ബലരായ ദേവന്മാരല്ലേ? അവനവന്‍റെ ബലമറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. കൈകള്‍ പതിനെട്ടുണ്ട് എന്ന് വച്ച് എല്ലാമായി എന്ന് ധരിക്കരുത്. ശുംഭനോടു യുദ്ധം ചെയ്യാന്‍ നിന്‍റെ കൈകളും അതിലെ ആയുധങ്ങളും പോര. ഐരാവതത്തിന്റെ തുമ്പിക്കൈ അരിയാനും മദയാനയെ തകര്‍ക്കാനും ദേവന്മാരെ പരാജയപ്പെടുത്താനും കഴിവുള്ള ശുംഭന് നീയൊരു ശത്രുവേയല്ല. വെറുതെ ചാവാന്‍ നില്‍ക്കാതെ എന്‍റെ നല്ല വാക്കുകള്‍ കേട്ടാലും. അവനെ സ്വീകരിക്കുന്നതാണ് നിനക്ക് നല്ലത്.

ശാസ്ത്ര തത്വമറിഞ്ഞവര്‍ ദുഃഖം ഒഴിവാക്കി സുഖം ലഭിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുന്നു. തേന്മൊഴിയായ സുന്ദരീ, ശുംഭന്‍റെ സൈന്യബലം നീയൊന്നു കാണണം. അത് കണ്ടു കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് സംശയലേശം ഉണ്ടാവുകയില്ല. നിന്നെ വെറുതെ ദ്രോഹിക്കുന്നത് ദേവന്മാര്‍ തന്നെയാണ്. അവര്‍ക്ക് ദൈത്യരെ പേടിയാണല്ലോ. അവരുടെ വാചകമടിയില്‍ നീ കുടുങ്ങി എന്ന് പറഞ്ഞാല്‍ മതി. വെറുതെ പകല്‍ക്കിനാവ് കാണാതെ. കാര്യം കാണാന്‍ സ്വബന്ധുക്കളെ തള്ളിയും ധര്‍മ്മബന്ധുക്കളെ സ്വീകരിക്കാം എന്നല്ലേ ശാസ്ത്രമതം? ദേവന്മാര്‍ സ്വാര്‍ത്ഥത്തിനായി നിന്നെ ഉപയോഗിക്കുകയാണ്. നിന്‍റെ നന്മയ്ക്കായാണ് ഞാനിത് പറയുന്നത്. സുന്ദരനും സുഭഗനും വീരനുമായ ശുംഭന്‍ കാമകലാവിധഗ്ദ്ധനുമാണ്. അവനെ സ്വീകരിക്കുക. മൂന്നുലോകങ്ങളില്‍ കിട്ടാവുന്ന വിലപിടിപ്പുള്ളതെല്ലാം നിന്‍റെ കാല്‍ക്കല്‍ അവന്‍ കൊണ്ട് വന്നു തരും. അവന്‍ നിനക്ക് ഉത്തമനായ ഭര്‍ത്താവായിരിക്കും.’

ചണ്ഡന്‍റെ വാക്കുകള്‍ കേട്ട അംബിക ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദത്തില്‍ ഒന്നലറി. ‘വെറുതെ വീമ്പു പറയാതെ രാക്ഷസാ. രുദ്രനെയും വിഷ്ണുവിനെയും മറ്റും വേണ്ടെന്നു വെച്ചിട്ട് വെറുമൊരു ദൈത്യനെ വേള്‍ക്കാനാണോ നിന്‍റെ ഉപദേശം? എനിക്ക് ഭര്‍ത്താവിന്‍റെ ആവശ്യമില്ല. ഞാനാണ് എല്ലാറ്റിന്റെയും ഭര്‍ത്ത്രി. (സ്വാമിനി). ഞാനെത്രയോ ശുംഭന്മാരെയും നിശുംഭന്മാരെയും ഇതിനു മുന്‍പേ വകവരുത്തിയിട്ടുണ്ട്! കോടിക്കണക്കിനു ദൈത്യന്മാരും എന്‍റെ കൈകൊണ്ട് ചത്തിട്ടുണ്ട്. ദേവന്മാരും യുഗം തോറും നശിക്കുന്നതിനു ഞാന്‍ സാക്ഷിയാണ്. ദൈത്യന്മാരുടെ അന്ത്യത്തിന് കാലമായി. രക്ഷിക്കാന്‍ ശ്രമിക്കുന്നതെല്ലാം വെറുതെ. എന്നാല്‍ ധര്‍മ്മമാണെന്നു കരുതി പോരിനിറങ്ങുക. അതാണ്‌ മഹാത്മാക്കള്‍ക്ക് കീര്‍ത്തിപ്രദം. ശുംഭനിശുംഭന്മാരെക്കൊണ്ട് നിങ്ങള്‍ക്കെന്തു പ്രയോജനം. നിങ്ങള്‍ക്ക് പിറകെ അവരും കാലപുരി പൂകും എന്ന് നിശ്ചയം. വിഷാദമെല്ലാം വെടിഞ്ഞ് ഉശിരോടെ അടരാടുക. എല്ലാ ദൈത്യരുടേയും അന്ത്യമടുത്തു. വെറുതെ വര്‍ത്തമാനം പറയാതെ ആയുധമെടുത്ത് പോരാടുക. അല്ലെങ്കില്‍ ഓടി രക്ഷപ്പെടാം.’

ദേവി വെല്ലുവിളിച്ചപ്പോള്‍ അസുരസഹോദരന്മാര്‍ പോര് തുടങ്ങി. അവര്‍ ദേവിയുടെ നേരെ ശസ്ത്രജാലം പൊഴിച്ചു. അവരുടെ ഞാണൊലിയും ദേവി മുഴക്കിയ ശംഖുനാദവും ആകാശത്ത് മാറ്റൊലിക്കൊണ്ടു. ഇന്ദ്രാദികള്‍ ആ നാദം കേട്ടു സന്തോഷിച്ചു. ദേവിയും ചണ്ഡമുണ്ഡന്മാരുമായി ഗദ, വാള്‍, ഉലക്ക, അസ്ത്രം എന്നിവ കൊണ്ടുള്ള യുദ്ധം വര്‍ണ്ണനകള്‍ക്കതീതമായി ഭീകരമായിരുന്നു. അസുരന്മാരുടെ അസ്ത്രങ്ങളെ ദേവിയുടെ അസ്ത്രങ്ങള്‍ ഖണ്ഡിച്ചു.

അംബികയുടെ അസ്ത്രങ്ങള്‍ സര്‍പ്പസമാനമായിരുന്നു. പുതുമഴയില്‍ പൂച്ചികള്‍ ആകാശം മൂടി നിറയുന്നതുപോലെ ആകാശത്ത് അമ്പുകള്‍ കൊണ്ടൊരു പുകമറതന്നെ കാണപ്പെട്ടു. അസുരന്മാര്‍ തന്‍റെ നേരെ എയ്യുന്ന അമ്പുകള്‍ കണ്ടിട്ട് ദേവിയുടെ മുഖം കാര്‍മേഘം പോലെ ഇരുണ്ടു. കണ്ണുകള്‍ കദളിപ്പൂപോലെ ചുവന്നു. പുരികം വില്ലുപോലെ വളഞ്ഞു. വിശാലമായ നെറ്റിത്തടത്തില്‍ നിന്നും കാളിക പുറത്തുവന്നു.

പുലിത്തോലുകൊണ്ടുള്ള പാവാട. ആനത്തോലുകൊണ്ടുള്ള ഉത്തരീയം. തലയോട്ടികള്‍ കൊണ്ടുള്ള മാല. വെള്ളം വറ്റിയ കുളം പോലെയുള്ള വയറ്. ഭീകരമായ ആകാരം. നീണ്ടു മൂര്‍ച്ചയേറിയ ദംഷ്ട്രങ്ങള്‍. കയ്യില്‍ വാളും കയറും ഗദയും. മറ്റൊരു കാളരാത്രി മൂര്‍ത്തമായി യുദ്ധക്കളം നിറഞ്ഞു നിന്നു. അസുരന്മാരെ നീണ്ട കൈകള്‍ കൊണ്ട് കൂട്ടിപിടിച്ച്‌ അവള്‍ വായിലിട്ടു ചവച്ചു. 

അലങ്കരിച്ചു വന്ന ആനകളെ ആനക്കാരോടോപ്പം അവള്‍ വായിലാക്കി. അവളുടെ ഗര്‍ജ്ജനം എങ്ങും മുഴങ്ങിക്കേട്ടു. കുതിരകളും ഒട്ടകങ്ങളും അവളുടെ പല്ലിനിടയില്‍പ്പെട്ടു ഞെരിഞ്ഞു. ചണ്ഡമുണ്ഡന്മാര്‍ ശരമാരി വര്‍ഷിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ചണ്ഡന്‍ സൂര്യസമാനം ജാജ്വല്യപ്രഭയാര്‍ന്ന വിഷ്ണുചക്രം പ്രയോഗിച്ചു. കാളി ആ ചക്രത്തെയും അസുരനേയും ക്ഷണത്തില്‍ ഒരൊറ്റ അമ്പിനാല്‍ മുറിച്ചുപൊടിച്ചു കളഞ്ഞു. ചണ്ഡന്‍ മോഹാലസ്യപ്പെട്ടു. സഹോദരന്‍ വീണത്‌ കണ്ട മുണ്ഡന്‍ ചണ്ഡികയ്ക്ക് നേരെ കൂര്‍ത്ത് മൂര്‍ത്ത അസ്ത്രങ്ങള്‍ തുരുതുരാ വര്‍ഷിച്ചു. ആ അസ്ത്രങ്ങള്‍ എല്ലാം കാളി എള്ളിന്‍ മണികളെന്നപ്പോലെ പൊടിപൊടിയാക്കി. 

പിന്നെ ഒരര്‍ദ്ധചന്ദ്രാസ്ത്ര പ്രയോഗത്താല്‍ കാളിക അവനെയും വീഴ്ത്തി. അസുരന്മാര്‍ ഹാഹാരവവും ദേവന്മാര്‍ ആഹ്ലാദശബ്ദവും പുറപ്പെടുവിച്ചു. അപ്പോഴേയ്ക്കും മോഹാലസ്യം വിട്ടുണര്‍ന്ന ചണ്ഡന്‍ വലിയൊരു  ഗദയുമായി ദേവിയെ ആഞ്ഞടിച്ചു. എന്നാല്‍ ദേവി തന്‍റെ വലം കയ്യുകൊണ്ട് അതിനെ തടുത്തു. ഉടനെതന്നെ ദേവി ബാണപാശം മന്ത്രജപത്തോടെ അയച്ച് അവനെ ബന്ധിച്ചു. അപ്പോഴതാ മോഹാലസ്യം വിട്ട മുണ്ഡന്‍ ഒരു വേലുമായി ദേവിയുടെ നേരെ കുതിച്ചുവരുന്നു. അവനെയും ചണ്ഡിക ബന്ധിച്ചു. കയറില്‍ കെട്ടിത്തൂക്കി മുയല്‍ക്കുഞ്ഞുങ്ങളെ തൂക്കിയെടുക്കുന്നതുപോലെ കാളിക ആ രണ്ടുപേരെയും എടുത്ത് ദേവിയുടെ സവിധമണഞ്ഞു.

‘നിന്‍റെ യുദ്ധയജ്ഞത്തിനായി കൊണ്ടുവന്ന പശുക്കളാണിവര്‍. ഇവരെ എറ്റു വാങ്ങിക്കൊള്ളൂ’ എന്നവള്‍ അംബികയോട് പറഞ്ഞു. അപ്പോള്‍ അംബിക കാളിയോട്‌ ‘ഇവരെ കൊല്ലണ്ട, എന്നാല്‍ വിടുകയും വേണ്ട. യുദ്ധസമര്‍ത്ഥയായ നിനക്ക് ഇഷ്ടം പോലെ ചെയ്യാം.’

‘അതിപ്രശസ്തമായ യുദ്ധത്തില്‍ വാളാണ് പ്രതിഷ്ഠ. അതിനാല്‍ ഹിംസയാകാത്തപോലെ എന്‍റെ വാളുകൊണ്ട് ഞാന്‍ ഇവരെ ബലി കൊടുക്കാം.’ എന്ന് പറഞ്ഞു കാളി അവരുടെ തലകള്‍ അറുത്തു മാറ്റി. അവരുടെ നിണം കാളിക ആചമനം ചെയ്തു. ദൈത്യരുടെ അന്ത്യം കണ്ട് ദേവി സന്തുഷ്ടയായി.

‘ദേവകാര്യം നടത്താനായി നീ ചണ്ഡമുണ്ഡന്മാരെ കൊന്നതിനാല്‍ നീയിനി ചാമുണ്ഡി എന്ന പേരില്‍ വിശ്വമെങ്ങും അറിയപ്പെടും.’ എന്ന്‍ ജഗദംബിക അരുളിച്ചെയ്തു. 

Sunday, February 21, 2016

ദിവസം 117. ശ്രീമദ്‌ ദേവീഭാഗവതം. 5. 25 ധൂമ്രനേത്ര വധം.

ദിവസം 117. ശ്രീമദ്‌ ദേവീഭാഗവതം. 5. 25 ധൂമ്രനേത്ര വധം.

ഇത്യുക്ത്വാ വേരരാമാസൌ വചനം ധൂമ്രലോചന:
പ്രത്യുവാച തദാ കാളീ പ്രഹസ്യ ലളിതം വച:
വിദൂഷകോ f സി ജാല്മ ത്വം ശൈലൂഷ ഇവ ഭാഷസേ
വൃഥാ മനോരഥാംശ്ചിത്തേ കരോഷി മധുരം വദന്‍ 

ധൂമ്രലോചനന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ കാളിക ചിരിച്ചുകൊണ്ട് ‘നീയൊരു വിദൂഷകന്‍ തന്നെ’ എന്ന് കളിയാക്കി. ‘പാഴ്ക്കിനാവ് കണ്ടു മധുരവര്‍ത്തമാനം പറയുകയാണ്‌ നീ. നിന്നെ അയാള്‍ പടയും കൂട്ടി പറഞ്ഞയച്ചത് ഇങ്ങിനെ വന്നു ചിലയ്ക്കാനാണോ? വേഗം യുദ്ധത്തിനു തയ്യാറാവുക. ഈ ദേവി നിന്നെ മാത്രമല്ല നിന്‍റെ പ്രഭുക്കന്മാരായ ശുംഭനെയും നിശുംഭനെയും കാലപുരിക്കയക്കും. നിന്‍റെ മന്ദബുദ്ധിയായ രാജാവ് ശുംഭനെവിടെ? ഈ വിശ്വമോഹിനിയെവിടെ? ഇവര്‍ രണ്ടാളും തമ്മില്‍ ചേര്‍ന്നാല്‍ സിംഹവും കുറുക്കനും തമ്മില്‍ ബാന്ധവമാവാം എന്ന് വരും. പിടിയാനയും കഴുതയും തമ്മിലും കാമധേനുവും കാട്ടുമാനും തമ്മിലും ഉള്ള ബന്ധം പോലെ വിചിത്രമായിരിക്കും അത്. അങ്ങിനെ സംഭവിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അതുകൊണ്ട് നീ പോയി ആ സഹോദരന്മാരോട് നേര് പറയുക. യുദ്ധത്തിനു തയ്യാറായി ഞങ്ങള്‍ നില്‍ക്കുന്നു. അല്ല അതില്‍ പേടിയുണ്ടെങ്കില്‍ ഈ ക്ഷണം പാതാളത്തിലേയ്ക്ക് പോയ്ക്കൊള്ളുക എന്ന് ഞങ്ങള്‍ കല്‍പ്പിച്ച കാര്യം അവരെ അറിയിക്കുക.’

കാളി ഇങ്ങിനെ ആജ്ഞാപിച്ചപ്പോള്‍ ക്രോധം കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളോടെ ധൂമ്രന്‍ അലറി: ‘ദുഷ്ടേ, നിന്നെയും ഈ സിംഹത്തെയും കൊന്ന് ആ സുന്ദരിയെ ഞാന്‍ പിടിച്ചു കൊണ്ട് പോയി എന്‍റെ രാജാവിനെ കാല്‍ക്കല്‍ കൊണ്ട് വയ്ക്കും. രതിയില്‍ രസഭംഗം വരണ്ടാ എന്ന് കരുതി ഞാനല്‍പ്പം സാവകാശം തന്നുവെന്നേയുള്ളൂ.’

‘നാക്കിട്ടലയ്ക്കാതെ ചുണയുണ്ടെങ്കില്‍ അമ്പെയ്ത് നിന്‍റെ വീരസ്യം കാണിക്ക്’ എന്ന് അവനെ കാളിക തിരികെ വെല്ലുവിളിച്ചു. ധൂമ്രന്‍ വില്ലുകുലച്ചു കാളികയുടെ നേര്‍ക്ക് ശരമാരി തൂകി. അപ്പോഴേയ്ക്കും ദേവന്മാര്‍ ആകാശത്ത് യുദ്ധരംഗം കാണാന്‍ കൊതിയോടെ നിരന്നു നിന്നു. വാള്‍, ഗദ, വേല്‍, ഉലക്ക മുതലായ ആയുധങ്ങള്‍ കാളികയും ധൂമ്രനും പരസ്പരം പ്രയോഗിച്ചു. കാളിക ദൈത്യന്‍റെ കഴുതകളെ കൊന്നു. രഥം പൊടിച്ചു ഭസ്മമാക്കി. എന്നാല്‍ അവന്‍ മറ്റൊരു രഥത്തിലേറി പോര് തുടര്‍ന്നു. അവന്‍റെ അമ്പുകള്‍ ഓരോന്നും കാളിയുടെ പ്രത്യസ്ത്ര പ്രയോഗത്താല്‍ തകര്‍ന്നു. തേരുകളും, ആയിരക്കണക്കിന് പടയാളികളും മൃഗങ്ങളും അവിടെ ചത്തു വീണു. അസുരന്‍റെ വില്ല് ഉടഞ്ഞതിന്‍റെ ശബ്ദം ദിഗന്തങ്ങളില്‍ മുഴങ്ങിക്കേട്ടു. കാളിക മുഴക്കിയ ശംഖധ്വനി കേട്ട് ദേവന്മാര്‍ സന്തോഷിച്ചു. 

തന്‍റെ തേര് തകര്‍ന്നപ്പോള്‍ ലോഹ നിര്‍മ്മിതമായ വലിയൊരു പരിഘയുമായി ഓടിവന്ന് ധൂമ്രന്‍ ‘വിരൂപേ, നിന്നെയിന്നു തകര്‍ക്കും ഞാന്‍’ എന്ന് വീമ്പു പറഞ്ഞ് അടിക്കാനോങ്ങി. ഒരു ഹുങ്കാരശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ ദേവി അവനെ ക്ഷണത്തില്‍ ഭസ്മമാക്കി. ചാരമായിക്കിടക്കുന്ന ധൂമ്രനെക്കണ്ട് ദൈത്യന്മാര്‍ അലറിവിളിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി. പടക്കളം നിറയെ ഭടന്മാരുടെയും മൃഗങ്ങളുടെയും ശവം ചിതറിക്കിടന്നു. പരുന്തിനും കഴുകനും കാക്കയ്ക്കും ഈച്ചയ്ക്കും മൃഷ്ടാന്നമായി. ശവംതീനികളായ പിശാചുക്കളും കുറുനരിയും ആഹ്ലാദനൃത്തം ചെയ്തു. ജഗദംബിക പടക്കളം വിട്ടു മറ്റൊരു സ്ഥലത്തെത്തി അവിടെ നിന്നും ശംഖു മുഴക്കി.

ശംഖുനാദം മാറ്റൊലിക്കൊള്ളവേ, തോറ്റമ്പിയ ഭടന്മാര്‍ ശുംഭന്‍റെ കൊട്ടാരത്തിലെത്തി. രക്തത്തില്‍ക്കുളിച്ച ഭടന്മാര്‍- ചിലര്‍ക്ക് കയ്യില്ല. ചിലര്‍ക്ക് കാലില്ല. നാടു പൊട്ടിയും കഴുത്തൊടിഞ്ഞും വാവിട്ടു കരയുന്ന അനേകം പേരെ ശുംഭന്‍ കണ്ടു. ‘എന്താണ് സംഭവിച്ചത്? എവിടെ നിന്നാണ് ആ ശംഖധ്വനി കേള്‍ക്കുന്നത്? വീരനായ ധൂമ്രന് എന്ത് സംഭവിച്ചു? ആ സുന്ദരിയെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് പറ്റിയില്ലെന്നോ?’ ശുംഭന്‍ ക്രുദ്ധനായി ചോദിച്ചു.

യുദ്ധവൃത്താന്തം രാജഭടന്മാര്‍ വിവരിച്ചു.: ‘പ്രഭോ, നമ്മുടെ സൈന്യങ്ങള്‍ ചത്തു വീണു. ധൂമ്രനും അക്കൂട്ടത്തില്‍ കാലപുരി പൂകി. ദേവന്മാരുടെ കാതിനിമ്പം നല്‍കി ആ ദേവിയാണ് ശംഖൂതുന്നത്. ദേവിയുടെ വാഹനമായ സിംഹം എല്ലാടവും തട്ടിത്തകര്‍ത്ത് അശ്വങ്ങളെ കൊന്നു വിഹരിക്കുകയായിരുന്നു. ഈ ദുരന്തദൃശ്യം കണ്ടു ദേവന്മാര്‍ അപ്പോള്‍ പുഷ്പവൃഷ്ടി നടത്തി. ഒരു കാര്യം ഞങ്ങള്‍ക്ക് ബോദ്ധ്യമായി. ആ ദേവിയെ ജയിക്കാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ട് അങ്ങ് മറ്റു മന്ത്രിമാരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുക. ഒറ്റയ്ക്ക് യുദ്ധം ചെയ്യുന്ന ഈ അത്ഭുതവനിതയ്ക്ക് ഭയലേശം ഇല്ല. സിംഹത്തിനുമുകളില്‍ ഇരുന്നു സഞ്ചാരം ചെയ്ത് നിങ്ങളെ വെല്ലുവിളിക്കുന്ന അവള്‍ സാധാരണക്കാരിയല്ല. സ്ന്ധിയാണോ, യുദ്ധമാണോ അല്ല, ഓടി രക്ഷപ്പെടുകയാണോ നല്ലതെന്ന് നിങ്ങള്‍ ബുദ്ധിമാന്മാര്‍ തീരുമാനിച്ചാലും. അവള്‍ക്ക് സൈന്യബലമില്ല എന്നത് കാര്യമായി എടുക്കരുത്. ദേവന്മാര്‍ ഒത്താശയ്ക്ക് തയ്യാറായി നില്‍ക്കുന്നത് കൊണ്ടാണ് അവളിത്ര മദിക്കുന്നത്. ഹരിയും രുദ്രനും, ഗന്ധര്‍വ്വന്മാരും കിന്നരന്മാരും മനുഷ്യരും അവള്‍ക്കനുകൂലമാണ്. അവള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ബ്രഹ്മാണ്ഡത്തെ നശിപ്പിക്കാനൊക്കും എന്നെനിക്ക് തോന്നുന്നു. ഞങ്ങള്‍ അങ്ങയോടു ചൊന്നതെല്ലാം സത്യമാണ്. ദൂതഭൃത്യന്‍റെ ധര്‍മ്മം ഞങ്ങള്‍ ചെയ്യുന്നു. ഇനി അങ്ങയുടെ യുക്തം പോലെ ചെയ്താലും.’

പടത്തലവന്മാരുടെ വാക്കുകള്‍ കേട്ട ശുംഭന്‍ അനുജനെ വിളിച്ചു. ‘ധൂമ്രനെ ആ കാളി കൊന്നുവത്രേ! നമ്മുടെ സൈന്യം തോറ്റോടി വന്നിരിക്കുന്നു. മദംകൊണ്ട് മത്തയായി അവള്‍ ശംഖൂതുന്നത് നീ കേള്‍ക്കുന്നില്ലേ? എല്ലാം കാലക്കേട്‌ എന്നല്ലാതെ എന്ത് പറയാന്‍! പുല്ലിനെ വജ്രമാക്കാനും വജ്രത്തെ പുല്ലാക്കാനും കാലത്തിനു കഴിയും. എത്ര ബലവാനെയും ക്ഷീണിതനാക്കാന്‍ കാലത്തിനു കഴിയും. ഇനി നാമെന്തുവേണം? ദേവിയെ നമുക്ക് കിട്ടില്ല എന്ന് തീര്‍ച്ചയാണ്. നന്നായി തീരുമാനിച്ചാണ് അവളുടെ പുറപ്പാട്. നീയെന്‍റെ അനുജനാണെങ്കിലും ആപത്തില്‍ നീയെന്‍റെ ജ്യേഷ്ഠനെപ്പോലെ എനിക്കരുനില്‍ക്കും എന്നെനിക്കറിയാം. ഏതാണ് നല്ലത്? യുദ്ധമോ അതോ പാലായനമോ?”

നിശുംഭന്‍ പറഞ്ഞു: ‘പ്രഭോ, ഒളിച്ചോടിപ്പോയി സ്വരക്ഷ ചെയ്യുന്നത് വീരോചിതമല്ല. അവളോടു പൊരുതുന്നത് തന്നെയാണ് നല്ലത്. ഞാന്‍ പടയെക്കൂട്ടിപ്പോയി അവളോടു യുദ്ധം ചെയ്യാം. അബലയായ അവളെ ഞാന്‍ കൂട്ടിക്കൊണ്ടു വരാം. അഥവാ എനിക്ക് വിജയിക്കാന്‍ ആയില്ലെങ്കില്‍ എന്‍റെ മരണ ശേഷം മാത്രം അങ്ങ് വേണ്ടതെന്തെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇപ്പോള്‍ ഞാനുണ്ടല്ലോ’

ഇത് കേട്ട ശുംഭന്‍ പറഞ്ഞു: ‘നില്‍ക്ക്, ആദ്യം സൈന്യത്തെക്കൂട്ടി ചണ്ഡമുണ്ഡന്മാര്‍ പോയി വരട്ടെ. വെറും മുയലിനെ പിടിക്കാന്‍ ആനയെ പറഞ്ഞു വിടണ്ടല്ലോ. അതിബലശാലികളായ അവര്‍ക്ക് തീര്‍ച്ചയായും അവളെ തോല്‍പ്പിക്കാന്‍ കഴിയും. ‘നാണമില്ലാതെ കൂത്താടുന്ന ആ പെണ്ണിനെ പിടിച്ചു കൊണ്ടുവരാന്‍’ ശുംഭന്‍ ചണ്ഡമുണ്ഡന്മാരെ ഏര്‍പ്പാടാക്കി. ‘ആ പൂച്ചക്കണ്ണി കാളിയെ കൊന്ന് നിങ്ങള്‍ ദേവിയെ പിടിച്ചു കൂട്ടിക്കൊണ്ടു വരിക. അവള്‍ മദമൊടുങ്ങി കൂടെ വരാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ നിഷ്ക്കരുണം കൊന്നു കളയുക.’

Saturday, February 20, 2016

ദിവസം 116. ശ്രീമദ്‌ ദേവീഭാഗവതം. 5. 24 ദൂത സംവാദം

ദിവസം 116. ശ്രീമദ്‌ ദേവീഭാഗവതം. 5. 24 ദൂത സംവാദം

ദേവ്യാസ്തദ്വചനം ശ്രുത്വാ സ ദൂത: പ്രാഹ വിസ്മിത:
കിം ബ്രൂഷേ രുചിരാപാംഗി സ്ത്രീസ്വഭാവാദ്ധി സാഹസം
ഇന്ദ്രാദ്യാ നിര്‍ജിതാ യേന ദേവാ ദൈത്യാസ്തഥാപരേ
തം കഥം സമരേ ദേവി ജേതുമിച്ഛസി ഭാമിനി

വ്യാസന്‍ തുടര്‍ന്നു: ദേവിയുടെ നിബന്ധന കേട്ട ദൂതന്‍ ചോദിച്ചു: ‘ദേവി എന്താണിങ്ങിനെ സാഹസം പറയുന്നത്? ഇന്ദ്രാദിദേവന്മാരെയും ലോകവീരന്മാരെയും രണത്തില്‍ തോല്‍പ്പിച്ച ശുംഭനുമായി മല്ലിട്ട് വേണം വിവാഹം നിശ്ചയിക്കാന്‍ എന്നോ? നിന്നെപ്പോലുള്ള സുന്ദരിക്ക് ശുംഭന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുമോ? പെണ്‍ബുദ്ധിയുടെ എടുത്തുചാട്ടം ഭാവതിക്കുണ്ടാവും എന്ന് കരുതിയില്ല. എന്തും ഏതും ആലോചിച്ചിട്ട് വേണം പറയാന്‍. ഓരോരുത്തരും അവരവര്‍ക്ക് ചേരുന്ന മട്ടിലുള്ള കാര്യങ്ങളേ പറയാവൂ. നിന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ശുംഭന്‍ നിന്നെ വരിക്കാനായി ആഗ്രഹിക്കുന്നു. അതിന്‍റെ ദൂതുമായാണ് ഞാന്‍ വന്നത്. ഞാന്‍ നിനക്ക് ഹിതമുപദേശിക്കാം. നിനക്ക് ശുംഭനെയോ നിശുംഭനെയോ ആരെങ്കിലും ഒരാളെ വരിക്കാമല്ലോ. 

ഒന്‍പതു രസങ്ങള്‍ ഉള്ളതില്‍ ശൃംഗാരം വളരെ മഹത്തരമാണ്. ബുദ്ധിയുള്ളവര്‍ എല്ലാം നവരസങ്ങളില്‍ ശൃംഗാരത്തെ ഏറ്റവും ഉത്തമമായി കണക്കാക്കുന്നു. നീ എന്‍റെ കൂടെ കൊട്ടാരത്തിലേയ്ക്ക് വന്നാലും. ഇനി വരാന്‍ ഭാവമില്ലെങ്കില്‍ ബലമായി പിടിച്ചു കൊണ്ടുപോകാന്‍ കിങ്കരന്മാരെ അയക്കാനും രാജാവ് മടിക്കില്ല. നിന്‍റെ മാനം കാക്കുക. വെറുതെ ഭടന്മാര്‍ നിന്‍റെ മുടിയ്ക്ക് പിടിച്ചു രാജാവിന്‍റെ മുന്നിലേയ്ക്ക് എത്തിക്കുന്നതില്‍പ്പരം നാണക്കേടുണ്ടോ? നീയങ്ങിനെ അപമാനിക്കപ്പെടേണ്ടവളല്ല. നിശിതമായ ശരങ്ങള്‍ പരസ്പരം എയ്യുന്നതും രതിസുഖം നുകരുന്നതും രണ്ടും രണ്ടാണെന്ന് ഞാന്‍ പറഞ്ഞു തരണോ? നീ ശുംഭനെയോ നിശുംഭനെയോ സ്വീകരിച്ചു സുഖിയായി വാഴുക.’

ദേവി പറഞ്ഞു: ‘നീ നല്ലൊരു ദൂതന്‍ തന്നെ. സംശയമില്ല. നീ പറഞ്ഞതില്‍ സത്യമുണ്ട്. നിന്റെ പ്രഭുക്കന്മാര്‍ അതീവ ബാലശാലികളാണ്. പക്ഷേ, ഞാന്‍ ചെറുപ്പത്തിലെടുത്ത ശപഥം വിസ്മരിക്കുന്നതെങ്ങിനെ? അതുകൊണ്ട് നീ ചെന്ന് ശുംഭനോടും നിശുംഭനോടും എന്റെയീ നിബന്ധനയെപ്പറ്റി പറയുക. എന്നോടു പോരിനുവരാതെ ഞാന്‍ ആരെയും സ്വീകരിക്കുകയില്ല എന്നത് നിശ്ചയം. ബലം കൊണ്ട് ആരെന്നെ കീഴടക്കുന്നുവോ അയാള്‍ക്ക് എന്‍റെ കൈ പിടിക്കാം. വീരധര്‍മ്മം എന്തെന്ന് അവര്‍ക്കറിയാതെ വരില്ല. അല്ല, എന്‍റെ കയ്യിലുള്ള ശൂലവും മറ്റും കണ്ടു ഭയന്നിട്ടാണെങ്കില്‍ രാജാവിനും കൂട്ടര്‍ക്കും നേരെ പാതാളത്തിലേയ്ക്ക് പോവാം. ചിന്തിച്ചു വേണ്ടതുപോലെ ചെയ്യാന്‍ പറയുക. ദൂതധര്‍മ്മം നീ നന്നായി നിറവേറ്റുമല്ലോ. തന്‍റെ പ്രഭുവിനോടും ശത്രുവിനോടും സത്യം പറയുക എന്നത് ഒരു നല്ല ദൂതന്‍റെ ധര്‍മ്മമത്രേ.’

അംബിക ഇങ്ങിനെ യുക്തിസഹമായി പറഞ്ഞ വാക്കുകള്‍ കേട്ട ദൂതന്‍ രാജാവിന്‍റെ സവിധമണഞ്ഞു നമസ്കരിച്ചു. എന്താണ് പറയേണ്ടതെന്ന് ചിന്തിച്ച് മൃദുവായി സൌമ്യ സ്വരത്തില്‍ അവന്‍ പറഞ്ഞു: ‘രാജാവേ, സത്യവും പ്രിയവും പറയുക എപ്പോഴും അത്ര എളുപ്പമല്ല. അതാണെന്നെ കുഴയ്ക്കുന്നത്. അപ്രിയം പറയുന്ന ദൂതന്മാരോടു ചില രാജാക്കന്മാര്‍ കോപിച്ചുവെന്നും വരാം. 

ഞാന്‍ അങ്ങേയ്ക്ക് വേണ്ടി വിവരം അന്വേഷിക്കാന്‍ പോയ ആ സുന്ദരി എവിടെനിന്ന് വന്നു ആരാണവള്‍ എന്നും മറ്റും അറിയാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ അവള്‍ യുദ്ധോല്‍സുകയാണ് എന്ന് മനസ്സിലാക്കി. സ്വബലത്തില്‍ ഗര്‍വ്വവും അവള്‍ കാണിക്കുന്നു. അവള്‍ പറഞ്ഞത് വളരെ വിചിത്രമായിരിക്കുന്നു. ‘ഞാന്‍ ചെറുപ്പത്തില്‍ കളിയായി ഒരു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. എന്നെ ആരാണോ ബലപരീക്ഷണത്തില്‍ തോല്‍പ്പിക്കുന്നത്, അവനായിരിക്കും എന്റെ വരന്‍. എനിക്ക് തുല്യനായ അവനെയല്ലാതെ മറ്റാരെയും ഞാന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ട് വീരനും ധര്‍മ്മിഷ്ഠനുമായ രാജാവേ, എന്നെ കീഴ്പ്പെടുത്തി നേടിയാലും’ എന്നാണവളുടെ വീരവാദം. രാജാവേ, ഇനി അവിടുത്തെ ഇഷ്ടം പോലെ ചെയ്യാം. അവള്‍ക്ക് ആയുധമുണ്ട്. വാഹനമായി സിംഹവുമുണ്ട്.’.

സുഗ്രീവന്‍റെ വാക്കുകള്‍ കേട്ട രാജാവ് നിശുംഭനോടു ചോദിച്ചു: ’ബുദ്ധിമാനായ വീരാ, നിന്‍റെ  അഭിപ്രായം എന്താണ്? നാം എന്താണ് ചെയ്യേണ്ടത്? ഒരു പെണ്ണ് ഏകയായി വന്നു വെല്ലുവിളിക്കുന്നു. ഞാന്‍ പോകണോ അതോ നീയും സൈന്യവും പോകണോ? നിന്‍റെ അഭിപ്രായം പോലെ ചെയ്യാം.’

അപ്പോള്‍ നിശുംഭന്‍ പറഞ്ഞു: ’നാം രണ്ടും ഇപ്പോള്‍ പോകേണ്ടതില്ല. നമുക്ക് ധൂമ്രലോചനനെ അയക്കാം. അവന്‍ ആ പെണ്ണിനെ തോല്‍പ്പിച്ച് അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരും. അങ്ങ് വിവാഹത്തിനു തയ്യാറായി നിന്നാല്‍ മതി’.

അനുജന്‍ പറഞ്ഞതിന്‍ പ്രകാരം ശുംഭന്‍ ധൂമ്രാക്ഷനെ ദേവിയുടെ മുന്നിലേയ്ക്ക് പറഞ്ഞയച്ചു. ‘ധൂമ്രാ, നീയാ അഹങ്കാരിയെ കൂട്ടിക്കൊണ്ടു വരിക. അവളെ തുണയ്ക്കാന്‍ വരുന്ന ദേവനോ അസുരനോ മര്‍ത്യനോ ആരായാലും അവനെ ഇല്ലാതാക്കുക. അവളുടെ അടുത്ത് കാളി എന്നോരുത്തിയുണ്ട്. അവളെയും കൊന്നുകളയുക. പിന്നെ ഒന്ന് ശ്രദ്ധിച്ചാലും. ആ സുന്ദരിയുടെ മൃദുലശരീരത്തില്‍ അമ്പെയ്തു വല്ലാതെ നോവിക്കരുത്. ഒരു വിധത്തിലും അവളെ കൊല്ലാന്‍ പാടില്ല.’

ധൂമ്രാക്ഷന്‍ ഉടനെതന്നെ യുദ്ധത്തിനായി പുറപ്പെട്ടു. കൂടെ ആറായിരം പടയും അവനെ സഹായിക്കാന്‍ കൂടെപ്പോയി. അവന്‍ ജഗദംബികയുടെ സവിധമണഞ്ഞു. ദേവിയെ വന്ദിച്ചു. വിനയത്തോടെ യുക്തിയുക്തമായി അവന്‍ ദേവിയോട് സാമം പറഞ്ഞു. ‘ശുംഭന്‍ നീതിമാനാണ്. നിന്നെക്കിട്ടാന്‍ ആകാംക്ഷയോടെ കൊട്ടാരത്തില്‍ കാത്തിരിക്കുന്നു. രസഭംഗം ഉണ്ടാവാതിരിക്കാന്‍ ഒരു ദൂതനെ അദ്ദേഹം പറഞ്ഞു വിട്ടതാണ്. അവന്‍ തിരികെ വന്നു പറഞ്ഞതെല്ലാം വിപരീതവാക്കുകളാണ്. രാജാവ് ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ‘എന്‍റെ വരന്‍   എന്നെ പോരില്‍ ജയിക്കുന്നവനാവണം’ എന്ന കടുഭാഷണം കേട്ട രാജാവ് കാമമോഹിതനായിത്തീര്‍ന്നു. നീ പറഞ്ഞതിന്‍റെ പൊരുള്‍ ആ മൂഢനായ സുഗ്രീവന് മനസ്സിലായില്ല. ഉത്സാഹജം, രതിജം എന്നിങ്ങിനെ രണ്ടു തരത്തില്‍ പോരുണ്ടെന്ന് അവനുണ്ടോ അറിയുന്നു? ശത്രുവില്‍ ഉത്സാഹജവും നാരികളില്‍ രതിജവും ആണ് രണം. എനിക്ക് നിന്‍റെ മനസ്സ് അറിയാനാവുന്നുണ്ട്. രതിയുദ്ധമാണ് നീ കൊതിക്കുന്നത്. അതറിയാവുന്ന എന്നെത്തന്നെയാണ് രാജാവ് അയച്ചിരിക്കുന്നത്. നീ ബുദ്ധിമതിയാണെന്ന് കണ്ടാലറിയാം. എന്‍റെ വാക്കുകള്‍ കേട്ടാലും. മൂന്നു ലോകവും കീഴടക്കിയ രാജാവിന്‍റെ പട്ടമഹിഷിയായി വാണു സുഖമെല്ലാം അനുഭവിച്ചു കഴിയുകയാണ് നിനക്ക് നല്ലത്. കാമകലയിലും ശുംഭന്‍ അജയ്യനാണ്. നിന്നെ രതിജരണത്തില്‍ നിന്‍റെ ഹിതാനുസാരം അദ്ദേഹം തോല്‍പ്പിക്കും. നിന്‍റെ തോഴിയായ കാളികയും കൂടെവന്നു നിങ്ങളുടെ പോര് കണ്ടോട്ടെ. സുഖത്തിന്‍റെ പട്ടുമെത്തയില്‍ നിന്നെ വീഴ്ത്തി മേനിയില്‍ നഖക്ഷതങ്ങള്‍ ഏല്‍പ്പിച്ചും ദന്തക്ഷതം കൊണ്ട് ചുണ്ടുകളില്‍ ചോരപ്പാട് വരുത്തിയും അവന്‍ നിന്നെ കീഴ്പ്പെടുത്തും. രതിരണത്തില്‍ നിന്നെയവന്‍ ജയിക്കും. അങ്ങിനെ നിന്‍റെ കാമവും ശമിക്കും. നിന്നെ കണ്ടാല്‍ത്തന്നെ ശുംഭന്‍ നിന്‍റെ അടിമയാവും. എന്‍റെ ഹിതവാക്കുകള്‍ കേട്ടാലും. വീരശൂരനായ ശുംഭനെ വരിച്ചു നീ സുഖിയായി വാഴുക. യുദ്ധവും വഴക്കുമെല്ലാം ഭാഗ്യം കെട്ടവരുടെ വിധിയാണ്. രതിപ്രിയയായ നിനക്കത് ചേരില്ല. നിന്‍റെ കാല്‍ച്ചവിട്ടേറ്റ് അശോകം പോലെ രാജാവ് പുഷ്പിക്കട്ടെ. ഇലഞ്ഞിയും ചെങ്കുറിഞ്ഞിയും പൂക്കുന്നതുപോലെ നിന്‍റെ മുഖമാകുന്ന ലഹരി നുകര്‍ന്ന് രാജാവ് ഹര്‍ഷപുളകിതനാകട്ടെ.' 

Friday, February 19, 2016

ദിവസം 115. ശ്രീമദ്‌ ദേവീഭാഗവതം. 5. 23. കൌശികീ പ്രത്യക്ഷം

ദിവസം 115. ശ്രീമദ്‌ ദേവീഭാഗവതം. 5. 23. കൌശികീ പ്രത്യക്ഷം

ഏവം സ്തുതാ തദാ ദേവി ദൈവതൈ: ശത്രുതാപിതൈ:
സ്വ ശരീരാത്പരം രൂപം പ്രാദുര്‍ ഭൂതം ചകാര ഹ
പാര്‍വത്യാസ്തു ശരീരാദ്വൈ നീ:സൃതാ ചാംബികാ തദാ
കൌശികീതി സമസ്തേഷു തതോ ലോകേഷു പഠ്യതേ   

വ്യാസന്‍ തുടര്‍ന്നു: ശത്രുക്കളാല്‍ പീഡിതരായി വലഞ്ഞ ദേവന്മാര്‍ ഇങ്ങിനെ സ്തുതിക്കുന്ന സമയം ദേവിയില്‍ നിന്നും വേറൊരു ദേവി പുറത്തുവന്നു. ദേവിയുടെ കോശത്തില്‍ നിന്നും ഉദ്ഭൂതയായി വന്നതിനാല്‍ അവള്‍ക്ക് കൌശികി എന്ന് പേരുണ്ടായി. പാര്‍വ്വതിക്ക് ശ്വേതവര്‍ണ്ണമാണല്ലോ. അതില്‍ നിന്നും ഭിന്നമായി അവള്‍ക്ക് ശ്യാമനിറമായതിനാല്‍ കാളിക എന്ന പേരിലും അവള്‍ അറിയപ്പെട്ടു. അസുരന്മാരുടെ ഉള്‍ത്തടത്തില്‍ ഭീതി വിതച്ച കാളരാത്രിയായും അവള്‍ പ്രസിദ്ധയായി. ദേവിയുടെ ആദിമരൂപം അതീവ ലാവണ്യം നിറഞ്ഞതായിരുന്നു. ലാവണ്യഭാവത്തിലുള്ള ജഗദംബിക പറഞ്ഞു: ‘പേടി വേണ്ട സുരന്മാരെ. ശത്രുനിഗ്രഹം ചെയ്യാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നിശുംഭാദികളെ കൊന്നു നിങ്ങള്‍ക്ക് സുഖമേകാന്‍ ഞാനെത്തിയിരിക്കുന്നു.’ എന്ന് പറഞ്ഞു ദേവി സിംഹത്തിന്‍റെ പുറത്ത് കൌശികിയോടു കൂടി ശത്രുനിഗ്രഹത്തിനായി പുറപ്പെട്ടു.

ശത്രുനഗരത്തിലെ ഒരു പൂന്തോപ്പില്‍ ചെന്ന് അമ്മ ഒരു മനോഹരഗാനം ആലപിക്കാന്‍ തുടങ്ങി. മനോമോഹനമായ ആ ഗാനത്തില്‍ മയങ്ങി പശുപക്ഷികള്‍ ആനന്ദമുഗ്ദ്ധരായി. ആകാശത്ത് ദേവന്മാരും സാനന്ദം ആ ഗാനമാധുരി നുകര്‍ന്ന് നിന്നു.  ആ സമയത്ത് ശുംഭന്‍റെ കിങ്കരന്മാരായ ചണ്ഡനും മുണ്ഡനും ആകസ്മികമായി അവിടെയെത്തി. ഗാനമാലപിക്കുന്ന ദേവിയെയും അടുത്തിരിക്കുന്ന കാളികയെയും കണ്ടു. അവര്‍ രാജാവിനെ ചെന്ന് കണ്ടു കാര്യം പറഞ്ഞു.

‘സാക്ഷാല്‍ കാമദേവന് പോലും കാമം ഉണ്ടാവാന്‍ പോന്നത്ര സൌന്ദര്യമുള്ള ഒരു സ്ത്രീരത്നം അതാ കാട്ടില്‍ വന്നിരുന്നു ഗാനമാലപിക്കുന്നു. സര്‍വ്വലക്ഷണ സമ്പന്നയും സിംഹത്തെ വാഹനമാക്കിയവളുമാണാ ദിവ്യവനിത. ലോകത്തില്‍ ഇത്ര ലാവണ്യവതിയായി മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല. മൃഗങ്ങള്‍ പോലും ആ ശബ്ദമധുരിമയില്‍ മയങ്ങി നില്‍ക്കുന്നു. ഇവള്‍ ആരാണെന്നൊക്കെ അറിഞ്ഞു നീയിങ്ങു കൂട്ടിക്കൊണ്ടു പോന്നാലും. നിനക്ക് നല്ല ചേര്‍ച്ചയായിരിക്കും ഈ കന്യക. ഇത്ര സുന്ദരിയായ തരുണിയെ മറ്റെവിടെയും കിട്ടുകില്ല. ദേവന്മാരുടെ സമ്പത്തെല്ലാം നിന്‍റെ കയ്യിലല്ലേ, അപ്പോള്‍പ്പിന്നെ ഈ സുന്ദരിയും നിനക്ക് തന്നെ യോജിച്ചവള്‍. ഇന്ദ്രന്റെ ഐരാവതം, സ്വര്‍ഗ്ഗത്തിലെ പാരിജാതം, ഏഴുമുഖമുള്ള കുതിര, ബ്രഹ്മാവിന്‍റെ അരയന്നമുഖമുള്ള വിമാനം, കുബേരന്‍റെ ദിവ്യപത്മം, വരുണന്‍റെ വെണ്‍കൊറ്റക്കുട, എന്നിവയെല്ലാം നിന്‍റെ കയ്യൂക്കിന്റെ ബലത്തില്‍ കൊട്ടാരത്തില്‍ത്തന്നെ ഉണ്ടല്ലോ! മാത്രമല്ല നിശുംഭന്‍ വരുണന്‍റെ പാശം കൈക്കലാക്കി വച്ചിട്ടുമുണ്ട്. പരാജിതനായ വരുണന്‍ തന്‍റെ വാടാമലര്‍ മാലയും അനേകം രത്നങ്ങളും നിങ്ങള്‍ക്ക് തന്നു. യമന്‍റെ ദണ്ഡും ശൂലവും നിങ്ങള്‍ക്ക് സ്വന്തമാണിപ്പോള്‍. പാല്‍ക്കടലില്‍ നിന്നും കിട്ടിയ കാമധേനുവിനെയും അപ്സരസ്സുകളേയും നിങ്ങള്‍ സ്വന്തമാക്കി. മൂന്നു ലോകത്തുമുള്ള വിലപിടിച്ച എല്ലാം നിങ്ങള്‍ക്ക് സ്വന്തമാകുമ്പോള്‍ ഈ സ്ത്രീ രത്നത്തെ സ്വന്തമാക്കാന്‍ എന്തിനു മടിക്കണം?’

ചണ്ഡമുണ്ഡന്മാര്‍ ഇങ്ങിനെ ഹിതം പറഞ്ഞപ്പോള്‍ രാജാവ് സന്തോഷത്തോടെ മന്ത്രിയായ സുഗ്രീവനോടു പറഞ്ഞു: ‘നീ പോയി വേണ്ടവിധത്തില്‍ കാര്യം പറഞ്ഞു മനസ്സിലാക്കി ആ വരാംഗിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരണം. സുന്ദരികളെ വശത്താക്കാന്‍ സാമവും ദാനവും മാത്രമേ പാടുള്ളൂ. ഭേദവും ദണ്ഡവും പ്രയോഗിച്ചാല്‍ രസഭംഗമുണ്ടാവും. സാമദാനങ്ങള്‍ ചേര്‍ത്ത് നര്‍മ്മവും നയവും കലര്‍ത്തി അവതരിപ്പിച്ചാല്‍ ഏതു പെണ്ണും കാമാര്‍ത്തയായി നമുക്ക് വശഗതയാവും.’

ശുംഭന്‍ പറഞ്ഞത് കേട്ട സുഗ്രീവന്‍ ഉടനെ ദൂതുമായി ദേവിയെ കാണാന്‍ പോയി. സിംഹത്തിന്‍റെ മുകളില്‍ ഇരുന്നരുളുന്ന ദേവിയെ കുമ്പിട്ടു തൊഴുത് അവന്‍ കാര്യമവതരിപ്പിച്ചു. ‘സുന്ദരീ, ദേവന്മാരെ നിഷ്പ്രയാസം തോല്‍പ്പിച്ച വീരനായ ശുംഭന്‍ മൂന്നു ലോകങ്ങളെയും കീഴടക്കി വാഴുന്നത് നീ അറിഞ്ഞിട്ടില്ലേ? ആ മഹാന്‍ എന്നെ അയച്ചത് നിന്നിലുള്ള പ്രേമോദാരതകൊണ്ടാണ്. അവന്‍റെ സന്ദേശം കേട്ടാലും. ‘യജ്ഞഭാഗങ്ങള്‍ ഇവിടിരുന്നു ഭുജിക്കുന്ന ഞാന്‍ സകല ദേവന്മാരെയും തോല്‍പ്പിച്ചു. ലോകത്തില്‍ വിലപിടിപ്പുള്ള സ്വത്തെല്ലാം എന്‍റെ വരുതിയിലാണ്. സകലവിധ രത്നങ്ങളും എന്‍റെ കയ്യിലാണിപ്പോള്‍. ദേവന്മാരും മനുഷ്യരും അസുരന്മാരും എനിക്കധീനര്‍. അങ്ങിനെയുള്ള ഞാനിപ്പോള്‍ നിന്‍റെ സൌന്ദര്യത്തെപ്പറ്റി കേട്ട് നിനക്കധീനനായിരിക്കുന്നു. നിന്‍റെ ദാസനാണ് ഞാന്‍. എന്നെ പീഡിപ്പിക്കുന്ന കാമബാണങ്ങളെ തടുക്കാന്‍ നിനക്കേ ആവൂ. എന്നെ നീ സ്വീകരിക്കുക. ഞാന്‍ പുരുഷന്മാരാല്‍ അവധ്യനാണെന്ന് നിനക്കറിയാമോ? മരണം വരെ നിന്റെ ആജ്ഞാനുവര്‍ത്തിയായി ഞാന്‍ കഴിയാം. എന്‍റെ ആഗ്രഹത്തിന് എതിരൊന്നും പറയാതെ വന്നാലും. നിനക്ക് ഇഷ്ടമുള്ളയിടത്ത് നമുക്ക് സുഖിച്ചു കഴിയാം. നന്നായി ആലോചിച്ചു ശുംഭന്‍റെ വാക്കുകള്‍ക്ക് നീ അനുകൂലമായ ഒരു മറുപടി പറയുക. ഞാനത് രാജാവിനെ അറിയിക്കാം’

സുഗ്രീവന്‍ ഇങ്ങിനെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദേവി പുഞ്ചിരി തൂകിക്കൊണ്ട്‌ പറഞ്ഞു: ‘ശുംഭനെയും നിശുംഭനെയും എനിക്കറിയാം. സര്‍വ്വ സുരന്മാരെയും അവര്‍ ജയിച്ചിരിക്കുന്നു. സര്‍വ്വഗുണസമ്പന്നനും സര്‍വ്വസമ്പത്തുകള്‍ കൈവശം ഉള്ളവനും ദാനശീലനും ശൂരനും മന്മഥസമാനമായ സൌന്ദര്യത്തിനുടയവനുമായ ശുംഭന് എട്ടു ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മനുഷ്യരാലും ദേവന്മാരാലും അവധ്യനുമാണല്ലോ അവന്‍? ഈ മഹാന്‍റെ കാര്യം കേട്ടറിഞ്ഞ് ആളെയോന്നു നേരില്‍ കാണാന്‍ വന്നതാണ് ഞാന്‍. രത്നവും കനകവും ചേരുമ്പോഴാണല്ലോ രണ്ടിനും ചാരുതയേറുന്നത്? എനിക്ക് ചേര്‍ന്ന ഒരാളെ പതിയായി കിട്ടാന്‍ ഞാന്‍ മനുഷ്യരിലും ദേവന്മാരിലും തിരഞ്ഞു നോക്കി. ഗന്ധര്‍വ്വന്മാരെയും രാക്ഷസന്മാരെയും നോക്കി. അവര്‍ക്ക് അഴകൊക്കെയുണ്ട്. എങ്കിലും അവര്‍ എല്ലാവരും ശുംഭനെ പേടിച്ചു കഴിയുന്നു. അവന്‍റെ ഗുണങ്ങള്‍ കേട്ട് തമ്മിലൊന്നു കാണാന്‍ ആകാംഷയോടെയാണ് ഞാന്‍ വന്നിട്ടുള്ളത്. 

അവനോടു രഹസ്യമായി പറയൂ, ദാനശീലനും സര്‍വ്വഗുണസമ്പന്നനുമായ വീരനെ, ദേവന്മാരെ ജയിച്ച അജയ്യനായ ഒരുവനെ, പ്രബലനും സമ്പത്തിനുടമയും ആയ സുന്ദരപുരുഷനെയാണ് ഞാന്‍ വരിക്കാന്‍ ആഗ്രഹിക്കുന്നത്. നിന്‍റെ രാജാവിന് ചേരുന്നൊരു രാജ്ഞിയാണ് ഇവിടെ വന്നിട്ടുള്ളതെന്ന് പറയൂ. പിന്നെയൊരു കാര്യം, എന്‍റെ വിവാഹത്തിനു ചെറിയൊരു പന്തയമുണ്ട്. അത് ബാല്യത്തില്‍ ഞാന്‍ അറിയാതെയെടുത്തൊരു വ്രതമാണ്. എനിക്ക് തുല്യം ശക്തനും എന്നെ കായബലത്തില്‍ കീഴ്പ്പെടുത്തുന്നവനുമായ ഒരുവനെ മാത്രമേ ഞാന്‍ വരിക്കൂ എന്ന് ചെറുപ്പത്തിലേ ഞാന്‍ തോഴിമാരോടു വീമ്പു പറഞ്ഞുപോയി. അന്ന് ഞാന്‍ പറയുന്നത് കേട്ട് അവര്‍ കളിയാക്കി ചിരിച്ചു. അതുകൊണ്ട് എന്‍റെ ബലാബലം പരീക്ഷിച്ചറിഞ്ഞു കീഴ്പ്പെടുത്തി അങ്ങയുടെ ആഗ്രഹം സാധിക്കാം. ശുംഭനോ നിശുംഭനോ ആരെങ്കിലുമാവട്ടെ എന്നെ പരാജയപ്പെടുത്തിയാല്‍ അയാള്‍ക്ക് എന്നെ വിവാഹം കഴിക്കാം’

Tuesday, February 16, 2016

ദിവസം 114. ശ്രീമദ്‌ ദേവീഭാഗവതം. 5. 22. പരാദേവീ പ്രാദുര്‍ഭാവം

ദിവസം 114. ശ്രീമദ്‌ ദേവീഭാഗവതം. 5. 22. പരാദേവീ പ്രാദുര്‍ഭാവം 

പരാജിതാ: സുരാ: സര്‍വ്വേ രാജ്യം ശുംഭ: ശശാസ ഹ
ഏവം വര്‍ഷസഹസ്രം തു ജഗാമ നൃപസത്തമ
ഭ്രഷ്ടരാജ്യസ്തതോ ദേവാശ്ചിന്താമാപു: സുദുസ്തരാം
ഗുരും ദുഖാതുരാസ്തേ തു പപ്രച്ഛുരിദമാദൃതാ: 

വ്യാസന്‍ തുടര്‍ന്നു: ദേവന്മാര്‍ പരാജിതരായപ്പോള്‍ ശുംഭന്‍ ഒരായിരം കൊല്ലക്കാലം ഭരണം നടത്തി. എല്ലാമെല്ലാം നഷ്ടപ്പെട്ട ദേവന്മാര്‍ ദേവഗുരുവിനെക്കണ്ട് സങ്കടം പറഞ്ഞു. ‘ഗുരോ പമജ്ഞാനിയായ അങ്ങ് ഞങ്ങള്‍ക്ക് ദുഖനിവൃത്തിക്കുള്ള ഉപായം പറഞ്ഞു തരണം. ഇനി ഇത് താങ്ങാന്‍ ഞങ്ങള്‍ക്ക് ശേഷിയില്ല. അഭീഷ്ടങ്ങള്‍ സിദ്ധിക്കാന്‍ ഉതകുന്ന മന്ത്രങ്ങള്‍ ഉണ്ടെന്നു കേട്ടിരിക്കുന്നു. അതുപോലെ യാഗങ്ങളും ഉണ്ടല്ലോ. അങ്ങ് ഉചിതമായുള്ള യാഗങ്ങളും മന്ത്രജപവും നടത്തൂ. ശത്രുനാശം വരുത്താനുള്ള മാര്‍ഗ്ഗം കണ്ടെത്തണം. ആഭിചാരക്രിയകള്‍ ഉടനെ തുടങ്ങണം എന്നാണു ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്’.

ബൃഹസ്പതി പറഞ്ഞു: ‘മന്ത്രഫലം ദൈവാധീനമനുസരിച്ചുമാത്രമേ പ്രകടമാവുകയുള്ളു. നിങ്ങളും മന്ത്രദേവതകള്‍ തന്നെയാണല്ലോ. എന്നാലീ മന്ത്രങ്ങള്‍ ഒന്നും സ്വതന്ത്രമല്ല. ലോകം നിങ്ങളില്‍ നിന്നും എന്തെങ്കിലും ലഭിക്കാനായി യാചിക്കുന്നു. എന്നാല്‍ നിങ്ങളോ, ഈയൊരു ദുരവസ്ഥയിലുമാണ്. ഏതായാലും നമുക്കൊരു വഴി കണ്ടെത്തണം. ദൈവമാണ് പ്രബലമായുള്ളത് എന്ന തിരിച്ചറിവോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍. 

വിധിയും പ്രയത്നവും, രണ്ടും സമ്യക്കായി പ്രവര്‍ത്തിക്കണം. സ്വബുദ്ധിയുപയോഗിച്ച് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ഞാനാലോചിച്ചിട്ട് ഒരു മാര്‍ഗ്ഗമാണ് തെളിഞ്ഞു വരുന്നത്. പണ്ട് മഹിഷാസുരനെ നിഗ്രഹിച്ചു മടങ്ങിയ ഭഗവതി നിങ്ങള്‍ക്കൊരു വരം നല്‍കിയിരുന്നല്ലോ? ‘എന്നെയെപ്പോള്‍ സ്മരിച്ചാലും ഞാന്‍ നിങ്ങള്‍ക്ക് തുണയായി വന്ന് ആപത്തുകളില്‍ നിന്നും രക്ഷിച്ചുകൊള്ളാം’ എന്നല്ലേ അമ്മ പറഞ്ഞിട്ടുള്ളത്? പിന്നെ എന്തിനാണ് മടിക്കുന്നത്? ആ ഹിമാദ്രിയില്‍ ചെന്ന് ഭഗവതിയെ ഭജിക്കുക. പുരശ്ചരണത്തോടെ ബീജമന്ത്രം ജപിക്കുക. ജപത്തിന്റെ അംഗമായി ഹോമവും മുപ്പത്തിരണ്ട് ലക്ഷം മായാബീജമന്ത്രം ജപിക്കുകയും വേണം. അതോടെ നിങ്ങളുടെ കഷ്ടപ്പാടുകള്‍ തീരും എന്നെന്‍റെയുള്ളില്‍ തോന്നുന്നു. സ്തുതിച്ചു ഭജിച്ച് അഭയം തേടുന്നവരെ അമ്മ ഉപേക്ഷിക്കുകയില്ല.’

ദേവഗുരുവിന്റെ ഉപദേശം സ്വീകരിച്ച ദേവന്മാര്‍ ഹിമാലയത്തിലെത്തി. മായാ ബീജത്തോടെ വിധിപ്രകാരം ദേവിയെ ധ്യാനിച്ചു. ഭക്താഭയദായിനിയായ ദേവിയെ അവരിങ്ങിനെ സ്തുതിച്ചു.: ‘ഭക്തിയാല്‍ മാത്രം സമീപിക്കാന്‍ കഴിയുന്ന അമ്മേ, ദേവന്മാര്‍ക്ക് അഭയവും ആനന്ദവും നല്‍കി കാത്തരുളുന്ന ദേവീ, പ്രാണനാഥേ, ദാനവനാശിനി, സര്‍വ്വാര്‍ത്ഥപ്രദേ, നമസ്കാരം. നിനക്ക് എണ്ണമില്ലാത്ത നാമരൂപങ്ങളുണ്ട്. അവയുടെ സൃഷ്ടിസ്ഥിതി സംഹാര കാലങ്ങളിലെല്ലാം നീയാണ് പരം പൊരുളായി പരിലസിക്കുന്നത്. മഹാലക്ഷ്മിയും വിദ്യയും കീര്‍ത്തിയും ബുദ്ധിയും പുഷ്ടിയും തുഷ്ടിയും കാന്തിയും ജഗദ്‌ബീജവും ശാന്തിയും എല്ലാം നീയാകുന്നു. ദേവന്മാരെ രക്ഷിക്കാനായി നീ എത്രയെത്ര രൂപങ്ങളെ കൈക്കൊണ്ടു? ക്ഷമ, യോഗനിദ്ര, ദയ, വിവക്ഷ മുതലായ ഭാവരൂപങ്ങളായി സകലജീവികളിലും കുടികൊള്ളുന്നത് ദേവിയാണ്.

സുരന്മാര്‍ക്കായി നീ മഹിഷനെ കൊന്നു. നിനക്ക് സുരന്മാരോട്‌ സ്നേഹക്കൂടുതലുണ്ടെന്ന് പുരാണപ്രസിദ്ധമത്രേ. അതില്‍ അത്ഭുതമില്ല. കാരണം അമ്മമാര്‍ക്ക് സ്വപുത്രന്മാരോടു ദയാവായ്പ്പുണ്ടാവുക സഹജമല്ലേ? അവര്‍ക്ക് നീയാണ് അമ്മ, ഏകമായ ആശ്രയം. ഞങ്ങള്‍ ദേവന്മാര്‍ക്ക് അവിടുത്തെ നാമരൂപങ്ങളുടെ പ്രഭാവം എപ്രകാരമാണെന്ന് അറിയില്ല. എന്നാല്‍ ഞങ്ങളെ എന്നും നീ കാത്തരുളിയിട്ടുണ്ട്. ആയുധം തൊടാതെ വേണമെങ്കില്‍ ശത്രുവിനെ ഇല്ലാതാക്കാന്‍ നീ സമര്‍ത്ഥയാണ്. എന്നാല്‍ ലോകത്തിനു വേണ്ടി നീ വാളും വേലും അമ്പും എടുത്ത് പ്രയോഗങ്ങള്‍ നടത്തി രസിക്കുന്നു. ഈ ജഗത്തിനെ ശാശ്വതമെന്നു പറയാന്‍ മൂഢന്മാര്‍ പോലും അത്രയ്ക്ക് മൂഢരല്ല. കാര്യത്തിന് ഒരു കാരണം വേണം. നിര്‍ഗുണനിരാകാര ബ്രഹ്മത്തില്‍ നിന്നും സൃഷ്ടിയുണ്ടാവുക എന്നത് അസാദ്ധ്യം. അപ്പോള്‍പ്പിന്നെ ഈ ജഗത്ത് നിന്‍റെ മാത്രം മായാവേലയാണെന്നു ഞങ്ങള്‍ അനുമാനിക്കുന്നു. യുഗാദിയില്‍ ജനിച്ച ബ്രഹാവിഷ്ണുശിവന്‍മാര്‍ അവരവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ഈ മൂവര്‍ക്കും കാരണം അമ്മയാണ്. ത്രിമൂര്‍ത്തികളുടെ അമ്മയായ ദേവി ജഗത്തിന്റെ അമ്മ തന്നെയാണ്. ത്രിമൂര്‍ത്തികള്‍ക്ക് അവരവരുടെ കര്‍മ്മം ചെയ്യാനുള്ള ശക്തിയെ കൊടുത്തതിനാല്‍ സൃഷ്ടിസ്ഥിതിപാലനവും സംഹാരവും അണുവിട തെറ്റാതെ നടക്കുന്നു.

വിശ്വമാതാവും പരാവിദ്യയും സകലകാമങ്ങളെയും സാധിപ്പിക്കുന്നവളും മുക്തിപ്രദായിനിയും നീയാണെന്ന് ഞങ്ങള്‍ അറിയുന്നു. അങ്ങിനെയുള്ള അമ്മയെ ഭജിക്കാത്തവര്‍ മൂഢരാണെന്ന് നിശ്ചയം. ഞങ്ങള്‍ അമ്മയെ നമസ്കരിക്കുന്നു. വൈഷ്ണവര്‍, പാശുപതര്‍, സൂര്യോപാസകര്‍, മുതലായ സാധകര്‍ നിന്നെ ഭജിക്കാതെ ജന്മം വൃഥാവിലാക്കുന്നു. ശ്രീയും കീര്‍ത്തിയും, ബുദ്ധിയും തുഷിയും പുഷ്ടിയും മറ്റെവിടെ കിട്ടും? ഹരിഹരന്മാരും അസുരന്മാരും നിന്നെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ നിന്നെ ആശ്രയിക്കാത്ത മനുഷ്യര്‍ എത്ര നിര്‍ഭാഗ്യവാന്മാര്‍! 

ലക്ഷ്മീ ദേവിയുടെ പാദങ്ങള്‍ക്ക് ചുവപ്പുനിറം കിട്ടുന്നത് മഹാവിഷ്ണു മൈലാഞ്ചി പുരട്ടിക്കൊടുത്തിട്ടാണ്. പരമശിവന്‍ പാര്‍വ്വതിയുടെ പദരേണുക്കള്‍ ശിരസ്സിലണിഞ്ഞു സുഖിക്കുന്നു! നിന്റെ അംശങ്ങളായ ദയയെയും ക്ഷമയെയും വിരക്തന്മാര്‍ പോലും ഭജിക്കുന്നു. നിന്‍റെ കാല്‍ത്തളിരിണകളെ പൂജിക്കാന്‍ വിമുഖരായവര്‍ സംസാരകൂപത്തില്‍ പതിച്ച് രോഗ പീഡകള്‍ അനുഭവിച്ചു കഷ്ടപ്പെടുന്നു. കുഷ്ഠം, ഉദര രോഗങ്ങള്‍, ബുദ്ധിഭ്രമം എന്നിവയാലും ദാരിദ്ര്യത്താലും അവര്‍ നരകിക്കുന്നു. വിറകു ചുമന്നും പുല്ലുതിന്നും ഭാര്യാധനാദി സുഖങ്ങള്‍ അനുഭവിക്കാതെയും കഴിയുന്നവര്‍ ഒരിക്കലും ദേവിയെ ഭജിച്ചിട്ടില്ല എന്ന് ഞങ്ങള്‍ ഊഹിക്കുന്നു.”

ഇങ്ങിനെ ദേവിയെ സ്തുതിച്ചപ്പോള്‍ ജഗദംബിക പ്രസീദയായി. നവയൌവ്വനരൂപവതിയായി ദേവന്മാര്‍ക്ക് മുന്നില്‍ അമ്മ പ്രത്യക്ഷപ്പെട്ടു. ദിവ്യ പട്ടാംബരവും ആഭരണങ്ങളും വിശേഷമാലകളും അണിഞ്ഞു ചന്ദനം പൂശി വന്ന അമ്മ അതിതേജസ്വിനിയായി കാണപ്പെട്ടു. ഗംഗാസ്നാനത്തിനായി എന്ന മട്ടില്‍ ഹിമശൈലത്തില്‍ നിന്നും പുറപ്പെട്ട അമ്മ ജഗന്മോഹിനിയായി അവര്‍ക്ക് ദര്‍ശിതയായി.

ദേവീസ്തുതിയില്‍ ആമഗ്നരായ ദേവന്മാരോട് അമ്മ പ്രേമമധുരമായി ഇങ്ങിനെ പറഞ്ഞു: 'അല്ലയോ സുരന്മാരേ നിങ്ങളിത്ര ആകുലചിത്തരായി വാഴ്ത്തുന്നത് ആരെയാണ്? എന്താണ് നിങ്ങളെ അലട്ടുന്നത്?’

ദേവിയുടെ ദര്‍ശനം കിട്ടി മതിമറന്നുപോയ ദേവന്മാര്‍ സ്വബോധത്തിലേയ്ക്ക് മടങ്ങി വന്നു പറഞ്ഞു:’ അമ്മേ, നിന്നെത്തന്നെയാണ് ഞങ്ങള്‍ വാഴ്ത്തി കുമ്പിടുന്നത്. അസുരന്മാരോട് തോറ്റ് വലഞ്ഞ ഞങ്ങള്‍ക്ക് അഭയം നല്‍കണേ. പണ്ട് മഹിഷാസുരനെ വധിച്ചശേഷം അമ്മ ഞങ്ങള്‍ക്കൊരു വരം തന്നിരുന്നുവല്ലോ. അതിപ്പോള്‍ ഞങ്ങള്‍ക്ക് അത്യാവശ്യമായി വന്നിരിക്കുന്നു. ശുംഭന്‍ നിശുംഭന്‍ എന്ന് പേരായ രണ്ടു രാക്ഷന്മാര്‍ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അവരാണെങ്കില്‍ പുരുഷന്മാരാല്‍ വധിക്കപ്പെടുകയില്ല എന്നൊരു വരം നേടി മദിച്ചു നടക്കുന്നു. രക്തബീജന്‍, ചണ്ഡന്‍, മുണ്ഡന്‍ മുതലായ മല്ലന്മാരും അവര്‍ക്ക് തുണയുണ്ട്. എല്ലാവരും ചേര്‍ന്ന് സുരന്മാരെ ദ്രോഹിച്ചുകൊണ്ടേയിരിക്കുന്നു. അവിടുന്നല്ലാതെ ഞങ്ങള്‍ക്കിനി മറ്റൊരാശ്രയവും ഇല്ല. ഞങ്ങളെ രക്ഷിച്ചാലും. താമരപ്പൂ തോല്‍ക്കുന്ന നിന്‍റെ പാദങ്ങള്‍ പണിഞ്ഞു നമസ്കരിക്കുന്ന ഞങ്ങളുടെ ദുഃഖം അകറ്റിയാലും. ഭവരോഗത്തിന്  അവിടുത്തെ അഭയമല്ലാതെ മറ്റേത് ഔഷധമാണ് ഈ ഭുവനത്തിലുള്ളത്? വിശ്വത്തെ യുഗാദിയില്‍ സൃഷ്ടിച്ചത് നീയാണെങ്കില്‍ അതിനെ രക്ഷിക്കാനും നിനക്ക് കഴിയും. അധികാരമദം പൂണ്ട ദാനവര്‍ ഗര്‍വ്വിഷ്ഠരായി ലോകത്തില്‍ പലേവിധങ്ങളായ ദുരിതങ്ങള്‍ വിതയ്ക്കുന്നു.’  

Monday, February 15, 2016

ദിവസം 113. ശ്രീമദ്‌ ദേവീഭാഗവതം. 5. 21. ശുംഭാസുര കഥ

ദിവസം 113. ശ്രീമദ്‌ ദേവീഭാഗവതം. 5. 21. ശുംഭാസുര കഥ
         
ശൃണു രാജന്‍ പ്രവക്ഷ്യാമി ദേവ്യാശ്ചരിതമദ്ഭുതം
സുഖദം സര്‍വ്വജന്തൂനാം സര്‍വ്വപാപപ്രണാശനം
യഥാ ശുംഭോ നിശുംഭശ്ചഭ്രാതരൌ ബലവത്തരൌ
ബഭൂവതുര്‍മഹാവീരൌ അവദ്ധ്യൌ പുരുഷൈ: കില

വ്യാസന്‍ പറഞ്ഞു: ‘സര്‍വ്വപാപഹരവും സര്‍വ്വപ്രാണികള്‍ക്കും സുഖദായകവുമായ   ദേവീ ചരിതം ഞാന്‍ പറയാം. പണ്ട് ശുംഭനെന്നും നിശുംഭനെന്നും പേരായി രണ്ടു രാക്ഷസന്മാര്‍ അജയ്യരായി വളര്‍ന്നു വന്നു. ആ അസുരവീരന്മാര്‍ ദേവന്മാര്‍ക്ക് സദാ ഭീഷണിയായിരുന്നു. വലിയ സൈന്യവും പരിചാരകവൃന്ദവും സ്വന്തമായുള്ള അവരുടെ ശല്യം ദേവന്മാര്‍ക്ക് അസഹ്യമായിത്തീര്‍ന്നു. ദേവന്മാര്‍ക്ക് സഹായകമായി അവരെ, സൈന്യസമേതം കാലപുരിക്കയച്ചത് ദേവിയാണ്. രക്തബീജന്‍ എന്നൊരു ഭയങ്കരനും ചണ്ഡമുണ്ഡന്മാര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു മല്ലന്മാരും, ധൂമ്രലോചനന്‍ എന്നുപേരുള്ള ഒരസുരവീരനും ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെ ദേവകള്‍ ഹിമാദ്രിയിലെത്തി ഭയമൊഴിഞ്ഞു ദേവിയെ പൂജിച്ചു പ്രകീര്‍ത്തിച്ചു.’

അപ്പോള്‍ ജയമേജയന്‍ ചോദിച്ചു. 'ആരാണീ ദാനവവീരന്മാര്‍? അവരുടെ ആവീര്‍ഭാവം എങ്ങിനെയാണ്? അവരെങ്ങിനെ ഇത്ര ശക്തരായി? ആരാണവര്‍ക്ക് വരങ്ങള്‍ നല്‍കിയത്? അവരുടെ തപസ്സ് എതുവിധമായിരുന്നു? ഇവയെല്ലാമറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

വ്യാസന്‍ തുടര്‍ന്നു: സര്‍വ്വപാപഹരമാണാ ദേവിയുടെ സച്ചരിതം. സകല കാമനകളെയും ഇല്ലാതാക്കുന്ന ദിവ്യകഥകളെക്കൊണ്ട് സമ്പന്നമാണത്. പണ്ട് രണ്ടു സഹോദരന്മാര്‍ - ശുംഭനും നിശുംഭനും പാതാളം വിട്ടു ഭൂമിയിലെത്തി. അതി സുന്ദരന്മാരായ അവര്‍ യൌവനമായപ്പോള്‍ അന്നപാനാദികള്‍ ഉപേക്ഷിച്ച് പുഷ്കരം എന്നയിടത്തു തീവ്രമായ തപസ്സനുഷ്ഠിച്ചു. അതേ ദിക്കില്‍ത്തന്നെയിരുന്ന്‍ പതിനായിരമാണ്ട് തപസ്സുചെയ്ത സഹോദരന്മാര്‍ക്ക് മുന്നില്‍ ബ്രഹ്മദേവന്‍ സംപ്രീതനായി പ്രത്യക്ഷപ്പെട്ടു. ഇഷ്ടമുള്ള വരങ്ങള്‍ എന്തും ചോദിക്കാം എന്നത് കേട്ട ദൈത്യര്‍ ബ്രഹ്മാവിനെ വലംവച്ചു. ദീര്‍ഘദണ്ഡനമസ്കാരം ചെയ്തു വന്ദിച്ചു. എന്നിട്ട് ഗദ്ഗദകണ്ഠരായി പറഞ്ഞു. “പ്രഭോ ഞങ്ങളില്‍ പ്രീതിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അമരത്വം നല്‍കിയാലും. മൃത്യുഭയമാണല്ലോ ലോകത്തിലേയ്ക്ക് വച്ച് ഏറ്റവും വലിയ ഭയം. ക്ഷമാനിധിയും ജഗത്തിന്റെ കാരണവുമായ അങ്ങ് ഞങ്ങളില്‍ ദയ കാണിക്കണം. ഞങ്ങളുടെ മരണഭീതി അവസാനിപ്പിക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ.’

ബ്രഹ്മാവ്‌ പറഞ്ഞു: ‘നിങ്ങള്‍ ആവശ്യപ്പെട്ട വരം ഒരിക്കലും ആര് വിചാരിച്ചാലും നല്‍കാന്‍ സാധിക്കാത്ത ഒന്നാണ്. കാരണം ജനിച്ചിട്ടുള്ളവര്‍ക്കെല്ലാം മരണം സുനിശ്ചയമാണ്. ജനിച്ചുപോയോ, മരണം ഉറപ്പ്. അത് അനാദിയായുള്ള ധര്‍മ്മ വ്യവസ്ഥിതിയാണ്. മറ്റു വരങ്ങള്‍ വേണമെങ്കില്‍ ചോദിക്കൂ. ഇത് നടപ്പില്ലതന്നെ.

വ്യാസന്‍ തുടര്‍ന്നു: ‘ബ്രഹ്മാവ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ അസുരന്മാര്‍ പരസ്പരം ഒന്ന് കൂടിയാലോചിച്ചു. എന്നിട്ട് പറഞ്ഞു: ‘പ്രഭോ ഞങ്ങളെ ദേവതകളായാലും മനുഷ്യരായാലും മൃഗങ്ങളായാലും പുരുഷന്മാര്‍ ആരും വധിക്കരുത്. ഞങ്ങള്‍ക്ക് വരമായി അതുമതി. പെണ്ണുങ്ങളില്‍ ഞങ്ങളെ വെല്ലാന്‍ ആരും ഉണ്ടാവില്ല. നാരികള്‍ ജന്മനാ അബലകള്‍. അവറ്റകളെ ആര് പേടിക്കാന്‍?’ അവര്‍ പറഞ്ഞതിന് ‘തദാസ്തു’ എന്ന് അനുഗ്രഹം നല്‍കി ബ്രഹ്മാവ്‌ മറഞ്ഞു.

അസുരന്മാര്‍ തിരികെ സ്വഗൃഹത്തിലെയ്ക്ക് മടങ്ങിപ്പോയി. ശുക്രാചാര്യരെ ഗുരുവാക്കി വാഴിച്ച് അവര്‍ പൂജാദികള്‍ നടത്തി. ശുക്രന്‍ സ്വര്‍ണ്ണം കൊണ്ടൊരു സിംഹാസനം തീര്‍ത്ത് ജ്യേഷ്ഠനായ ശുംഭനെ രാജാവാക്കി. അസുരന്മാര്‍ അവനെ തങ്ങളുടെ നേതാവായി പരിഗണിക്കുകയും ചെയ്തു.

ചണ്ഡമുണ്ഡന്മാര്‍ തങ്ങളുടെ സൈന്യവുമായി എത്തി ശുംഭന്‍റെ സാമന്തനായി. ധൂമ്രലോചനനും അപ്രകാരം ശുംഭന് തുണയായി. അതിബലവാനായ രക്തബീജനും അവരുടെ കൂടെ ചേര്‍ന്നു. രക്തബീജന് ഒരക്ഷൌഹിണി പടയുണ്ട്. മാത്രമല്ല, അവന് വിശേഷമായൊരു സിദ്ധിയുമുണ്ട്. യുദ്ധത്തില്‍ അവന്‍റെ ദേഹത്തുനിന്നും പൊടിയുന്ന ഓരോ രക്തബിന്ദുക്കളില്‍ നിന്നും അവന്‍റെയത്ര രണവീരരായ അനേകം പടയാളികള്‍ ആയുധധാരികളായി ഉയിര്‍ത്തുവരും. അവര്‍ക്കെല്ലാം ഒരേ രൂപവും വീര്യവുമായിരിക്കും. അവരുടെ പോരും ഒരുപോലെയായിരിക്കും. അതുകൊണ്ട് ഈ രക്തബീജന്‍ അവധ്യന്‍ തന്നെയാണ് എന്ന് പറയാം. 

ഇതുപോലെ അനേകം രാക്ഷസവീരന്മാര്‍ ശുംഭനെ സര്‍വ്വാത്മനാ അംഗീകരിച്ചു. ബലം വര്‍ദ്ധിച്ച ശുംഭന്‍ തന്‍റെ സാമ്രാജ്യം വലുതാക്കാന്‍ ഭൂമിയിലെ രാജ്യങ്ങളെല്ലാം പടവെട്ടി കീഴടക്കി. ഒടുവില്‍ വിണ്ണവരെ തന്‍റെ കീഴിലാക്കാന്‍ ഇന്ദ്രനോട് യുദ്ധം ചെയ്തു. നിശുംഭന്‍റെ ആക്രമണത്തെ  ഇന്ദ്രന്‍ വീറോടെ ചെറുത്തു. ഇന്ദ്രന്‍ അവന്‍റെ മാറില്‍ വജ്രായുധം തന്നെ പ്രയോഗിച്ചു. അവന്‍ മോഹാലസ്യപ്പെട്ടു താഴെ വീണു. പടയില്‍ അനിയന്‍ വീണതറിഞ്ഞു കൊപിഷ്ഠനായ ശുംഭന്‍ ദേവന്മാര്‍ക്ക് നേരെ ശരമാരി പൊഴിച്ചു. ഒടുവില്‍ ഇന്ദ്രനും കൂട്ടരും ഈ ദൈത്യരോടു തോറ്റ് തുന്നം പാടി. ദേവലോകവും കാമധേനുവും കല്‍പവൃക്ഷവും എല്ലാം അസുരന്മാരുടെ വരുതിയിലായി. മൂന്നുലോകങ്ങളും അവന്‍ ജയിച്ചു. യജ്ഞഭാഗങ്ങള്‍ അവന്‍ തട്ടിയെടുത്തു.

വിജയമദത്തോടെ നന്ദനോദ്യാനങ്ങളില്‍ സുരപാനം നടത്തി അവനങ്ങിനെ സുഖിച്ചു വിഹരിച്ചു. കുബേരനെ അവന്‍ കീഴടക്കി. സൂര്യചന്ദ്രന്‍മാരെയും യമനെപ്പോലും അവന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി. വരുണന്‍, വായു, അഗ്നി, എല്ലാം അവനു വശംവദരായി. രാജ്യവും ഐശ്വര്യവും നശിച്ച ദേവന്മാര്‍ ഗുഹകളിലും വനങ്ങളിലും പോയി ഒളിച്ചു കഴിഞ്ഞു. നിസ്തേജരും നിരാലംബരുമായ അവര്‍ക്ക് എവിടെയും സമാധാനം കിട്ടിയില്ല. സ്ഥാനവും മാനവും നഷ്ടപ്പെട്ട അവര്‍ ഊഷരമായ ഭൂമികള്‍ തോറും അലഞ്ഞു നടന്നു. 

സുഖലാഭകാര്യമൊക്കെ ദൈവാധീനം എന്നേ പറയേണ്ടൂ. കാലത്തിന്‍റെ കയ്യിലെ പാവകളാണ് എല്ലാവരും. വിദ്വാനായാലും മഹാനായാലും അവര്‍ക്കും കഷ്ടകാലം വരാം. കാലചക്രത്തിന്‍റെ തിരിച്ചിലില്‍ രാജാവ് പിച്ചക്കാരനും പിച്ചക്കാരന്‍ രാജാവുമാകുന്നത് കാണാം. ദാനം ചെയ്തു ഖ്യാതി നേടിയവന്‍ യാചകനും, ബലവാന്‍ ദുര്‍ബ്ബലനും, ശൂരന്‍ ഭീരുവും ആകുന്നത് കാലമെത്ര വട്ടം കണ്ടിരിക്കുന്നു.

നൂറുനൂറു യാഗങ്ങള്‍ ചെയ്തിട്ട് ഒരുവന്‍ ഇന്ദ്രപദവി നേടുന്നു. എന്നാല്‍ അതും ശാശ്വതമല്ല. മനുഷ്യനെ ധര്‍മ്മിഷ്ഠനും ജ്ഞാനിയുമാക്കുന്നത് കാലമാണ്. അവനെ പാപിയും മൂഢനുമാക്കുന്നതും കാലം. അതുകൊണ്ട് കാലദോഷം എന്നതില്‍ വിസ്മയം വേണ്ട. ബ്രഹ്മാദികള്‍ക്ക് പോലും ഇതില്‍ നിന്നും വിടുതലില്ല. അവര്‍ക്കും കഷ്ടകാലം വരാം. വിഷ്ണുവിന്റെ കാര്യം അറിയാമല്ലോ! അദ്ദേഹത്തിന് പന്നി പോലുള്ള മൃഗങ്ങളായി ജനിക്കേണ്ടിവന്നില്ലേ? ശിവനോ, കാപാലിയായില്ലേ? കാലത്തിന്റെ ശക്തി ആര്‍ക്ക് നിര്‍ണ്ണയിക്കാനാകും!  

Sunday, February 14, 2016

ദിവസം 112. ശ്രീമദ്‌ ദേവീഭാഗവതം. 5. 20. ദേവീ തിരോധാനന്തര സ്ഥിതി

ദിവസം 112. ശ്രീമദ്‌ ദേവീഭാഗവതം. 5. 20. ദേവീ തിരോധാനന്തര സ്ഥിതി

അഥാദ്ഭുതം വീക്ഷ്യ മുനേ പ്രഭാവം
ദേവ്യാ ജഗച്ഛാന്തികരം പരം ച
ന തൃപ്തിരസ്തി ദ്വിജവര്യ ശൃണ്വത:
കഥാമൃതം തേ മുഖപത്മജാതം

ജനമേജയന്‍ പറഞ്ഞു: മഹാമുനേ, അങ്ങയുടെ വദനത്തില്‍ നിന്നും നിര്‍ഗ്ഗളിച്ചതായ ദേവിയുടെ അത്യത്ഭുത മഹിമാവിശേഷം എത്ര കേട്ടിട്ടും ഞങ്ങള്‍ക്ക് മതിവരുന്നില്ല. ജഗജ്ജനനിയായ അമ്മ അവിടെനിന്നും മറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചത്? ഈ ചരിതം കേള്‍ക്കാന്‍ യോഗമുള്ള പുണ്യവാന്മാര്‍ ഭാഗ്യശാലികള്‍ തന്നെയാണ്. ഈ കഥ കേള്‍ക്കുന്നവര്‍ മോക്ഷത്തിന് അധികാരികളാവും. എന്നാല്‍ ഈ രസനിഷ്യന്തിയായ കഥകള്‍ കേട്ട് തൃപ്തിയടഞ്ഞവരായി ആരുണ്ട്‌? ഈ കഥകള്‍ കേള്‍ക്കാത്തവര്‍ ഭാഗ്യഹീനരാണ്. ഭാവസാഗരതരണം ചെയ്യാന്‍ ഇക്കഥകള്‍ മുമുക്ഷുക്കള്‍ക്കും മാമുനിമാര്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ സഹായപ്രദമാണ്.

പുരുഷാര്‍ത്ഥങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന രാജാക്കന്മാര്‍ക്ക് ഈ കഥകള്‍ പ്രത്യേകിച്ച് ഉപകാരപ്പെടും. മുക്തിപദത്തെ പ്രാപിച്ചവര്‍ക്കും ഇത് വിശേഷമാണ്. അപ്പോള്‍പ്പിന്നെ സാധകരുടെ കാര്യം പറയാനുണ്ടോ? പൂര്‍വ്വജന്മങ്ങളില്‍ കൂവളത്തിന്റെ ഇലയും മുല്ലപ്പൂവും ചമ്പകാദി സൂനങ്ങളും കൊണ്ട് ദേവിയെ അര്‍ച്ചിച്ചു പൂജിച്ചവരാണ് ഇപ്പോള്‍ സുഖങ്ങളെല്ലാം അനുഭവിക്കുന്ന രാജാക്കന്മാര്‍. എന്നാല്‍ ആ ഭഗവതിയെ ധ്യാനിക്കാന്‍ മെനക്കെടാതെ പൂര്‍വ്വ ജന്മജീവിതം വൃഥാ കഴിച്ചവരാകണം ഭാരതഭൂമിയില്‍ ജനിച്ചിട്ടും രോഗപീഡയും ദാരിദ്ര്യദുഖവും അനുഭവിച്ചു കഴിയുന്നത്. അമ്മയെ ആരാദ്ധിക്കാതെ അന്യനു ദാസവേലചെയ്തു ഭാരം ചുമന്നു വലഞ്ഞ് സ്വന്തം കാര്യം നടത്താന്‍ രാപകല്‍ കഷ്ടപ്പെട്ട് നടന്നിട്ടും സ്വന്തം കുക്ഷി നിറയ്ക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. മറ്റുചിലരാകട്ടെ ജന്മനാ അന്ധരും ബധിരരും മുടന്തനുമൊക്കെയാണ്. പൂര്‍വ്വജന്മത്തില്‍ ജഗദംബികയെ അവര്‍ സ്മരിച്ചിട്ടുണ്ടാവില്ല എന്ന് നിശ്ചയം. ഇഹലോകത്ത് ഐശ്വര്യാദി സുഖസമ്പത്തുകള്‍ കൈയാളുന്ന അനേകം പേരെ നാം കാണുന്നു. അവര്‍ പൂര്‍വ്വജന്മത്തില്‍ ഭവാനീദേവിയെ പൂജിച്ചിരുന്നു എന്നും അനുമാനിക്കാം.

അതുകൊണ്ട് ഭവാന്‍ മുന്‍പ് പറഞ്ഞു തന്നതുപോലെ ദേവീ ചരിതം തുടര്‍ന്നും ഞങ്ങള്‍ക്ക് പറഞ്ഞു തരണം. മഹിഷനെ വധിച്ചശേഷം ദേവി എങ്ങോട്ടാണ് പോയി മറഞ്ഞത്? സ്വര്‍ഗ്ഗത്തിലോ അതോ മൃത്യുലോകത്തിലോ? വൈകുണ്ഡത്തിലോ അല്ല, കൈലാസത്തിലോ?

വ്യാസന്‍ പറഞ്ഞു: ഞാന്‍ മുന്നേ തന്നെ മണിദ്വീപിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതിമനോഹരമായ അവിടം ദേവിക്കിഷ്ടപ്പെട്ട ഒരു കേളീവിഹാരമാണ്. അവിടെ ചെന്നപ്പോഴാണ് വീരപുമാന്മാരായ ബ്രഹ്മാവിഷ്ണുശിവന്മാര്‍ പെണ്ണുങ്ങളായി മാറിയത്. അവിടെ നിന്നും പോന്നപ്പോള്‍ അവര്‍ പൂര്‍വ്വസ്ഥിതിയായ പുരുഷരൂപങ്ങളിലേയ്ക്ക് തിരികെ വന്നു. അവര്‍ താന്താങ്ങളുടെ കര്‍മ്മത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സുധാസമുദ്രമദ്ധ്യേ സ്ഥിതിചെയ്യുന്ന ആ മണിദ്വീപില്‍ നാനാരൂപങ്ങള്‍ കൈക്കൊണ്ടു ദേവി കളിയാടുന്നു. ദേവന്മാരാല്‍ സ്തുതിക്കപ്പെട്ട മഹിഷാസുരമര്‍ദ്ദിനി ആ മണിദ്വീപിലേയ്ക്കാണ് പോയത്.

ദേവി അന്തര്‍ദാനം ചെയ്തപ്പോള്‍ ദേവന്മാര്‍ സൂര്യവംശജനായ ഒരുവനെ രാജാവായി വാഴിച്ചു. അയോദ്ധ്യാധിപതിയായ വീരന്‍ ശത്രുഘ്നനായിരുന്നു അത്. സര്‍വ്വലക്ഷണയുക്തനും വീരനും ജ്ഞാനിയുമായിരുന്നു അദ്ദേഹം. മഹിഷന്‍ ഇരുന്ന സിംഹാസനം അദ്ദേഹത്തിനു നല്‍കി. ഭൂമിയുടെ ഭരണം ശത്രുഘ്നു നല്‍കി ദേവന്മാര്‍ അവരവരുടെ ഗേഹം പൂകി. 

ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിക്കപ്പെട്ടു. പ്രജകള്‍ സന്തുഷ്ടരായി. കാലവര്‍ഷം യഥാസമയം വന്നു. ഭൂമിമുഴുവന്‍ പൂത്തു കായ്ച്ചു നിറഞ്ഞ സസ്യലതാദികളും പക്ഷികളുടെ പാട്ടും പശുക്കളുടെ കുളമ്പടിയൊച്ചയും തേനീച്ചകളുടെ മൂളലും നിറഞ്ഞു. നദികളില്‍ ആവശ്യത്തിനു ജലം, പശുക്കള്‍ക്ക് വേണ്ടത്ര പുല്ല്. അവയുടെ അകിട്ടുകള്‍ നിറയെ പാല്. വിപ്രന്മാര്‍ വേദപാഠ തല്‍പ്പരര്‍ ആയി. ശാസ്ത്രപഠനവും ശമവും അവര്‍ ശീലിച്ചു. പ്രജാക്ഷേമതല്‍പ്പരരായ ക്ഷത്രിയന്മാര്‍ ഭൂപാലന്മാരായി. ന്യായം, നീതി എന്നിവയ്ക്കനുസരിച്ച് അവര്‍ രാജ്യത്തെ നയിച്ചു. ഗോശാലകള്‍ നിറഞ്ഞു നിന്നു. മൃഗങ്ങള്‍ തമ്മില്‍പ്പോലും വൈരമില്ലാതെയായി. നാല് വര്‍ണ്ണത്തിലുള്ള മനുഷ്യരും ദേവീ ഉപാസകരായി. യജ്ഞസ്തഭങ്ങളും യാഗമണ്ഡപങ്ങളും നാടെങ്ങും കാണപ്പെട്ടു. പതിവ്രതകളായ നാരികള്‍ സുശീലകളും പുത്രന്മാര്‍ പിതൃഭക്തി നിറഞ്ഞ ധര്‍മ്മിഷ്ഠരും ആയിരുന്നു. അധര്‍മ്മം എങ്ങും ഉണ്ടായിരുന്നില്ല. വേദശാസ്ത്രസംബന്ധിയല്ലാത്ത യാതൊരു തര്‍ക്കവും ഒരിടത്തും കേള്‍ക്കാനില്ലായിരുന്നു. കലഹങ്ങളില്ല, അകാലമൃത്യു, രോഗപീഡ എന്നിവ കേള്‍ക്കാന്‍ പോലുമില്ല. പരസ്പര വിരോധമോ മത്സരമോ ഇല്ല. സ്ത്രീപുരുഷന്മാര്‍ സുഖികളായി ധര്‍മ്മബോധത്തോടെ കഴിഞ്ഞു. കള്ളന്മാരോ വഞ്ചകരോ അന്നുണ്ടായിരുന്നില്ല. ലുബ്ധരോ അലസരോ സ്ത്രീലമ്പടന്മാരോ ഇല്ല. നിരീശ്വരന്മാരും മൂര്‍ഖബുദ്ധികളും അവിടെ ഉണ്ടായിരുന്നില്ല.

ബ്രാഹ്മണസേവചെയ്യാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമായിരുന്നു. ഈ ബ്രാഹ്മണര്‍ മൂന്നുവിധത്തില്‍ -സാത്വികരും രാജസസ്വഭാവികളും താമസസ്വഭാവികളും - ആയിരുന്നു. പ്രതിഫലം വാങ്ങാത്തവരും വേദപണ്ഡിതരും ജന്തുഹിംസകള്‍ ചെയ്യാത്തവരുമാണ് സാത്വികബ്രാഹ്മണര്‍. ധ്യാനം, യജനം, അദ്ധ്യയനം എന്നിവയാണ് അവര്‍ക്ക് മുഖ്യം. എന്നാല്‍ രാജപുരോഹിതര്‍ രാജസബ്രാഹ്മണര്‍ ആണ്. അവര്‍ക്ക് യജ്ഞം നടത്തിക്കല്‍, ദക്ഷിണ വാങ്ങിച്ചു വേദം പഠിപ്പിക്കല്‍, എന്നിവയാണ് മുഖ്യം. ഇനിയുമുള്ള താമസ ബ്രാഹ്മണര്‍ രാഗദ്വേഷാദികള്‍ തീരാത്തവരാണ്. അവര്‍ മാംസഭക്ഷകരും ക്രോധമിനിയും നശിച്ചിട്ടില്ലാത്തവരുമാണ്. അവര്‍ക്ക് വേദപഠനം പേരിനു മാത്രമേയുള്ളൂ. ഷട്കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാണ് അവര്‍ കാലം പോക്കുന്നത്.

മഹിഷന്‍ പോയതോടെ എല്ലാവര്‍ക്കും സുഖമായി ജീവിക്കാമെന്നായി. വ്രതനിഷ്ഠയ്ക്ക് ഭംഗം വരുത്താന്‍ ആരുമില്ല. എല്ലാവരും അവരവരുടെ കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്തുവന്നു. ക്ഷത്രിയ രാജാക്കന്മാര്‍ കാര്യക്ഷമതയോടെ ഭരണം നടത്തി, വൈശ്യര്‍ ധര്‍മ്മനിഷ്ഠയോടെ കൃഷിയും കച്ചവടവും നടത്തി. മനുഷ്യര്‍ക്ക് ആകുലതയും ഉള്‍ക്കണ്ഠയും തീര്‍ന്നു. അകാലമരണവും ദുഖവും രോഗവും ഭയവും ഒരിടത്തും ഉണ്ടായിരുന്നില്ല. ജഗന്മയിയായ ദേവിയുടെ പദകമലങ്ങളെ ധ്യാനിച്ചും പൂജിച്ചും ജനങ്ങള്‍ സുഖികളായി ധര്‍മ്മവിഹിതമായ ജീവിതം നയിച്ചു.