Devi

Devi

Monday, November 30, 2015

ദിവസം 40. ശ്രീമദ്‌ ദേവീഭാഗവതം. 3. 3. ദേവീദര്‍ശനം

ദിവസം 40. ശ്രീമദ്‌ ദേവീഭാഗവതം. 3. 3.  ദേവീദര്‍ശനം

വിമാനം തന്മനോവേഗം യത്ര സ്ഥാനാന്തരേ ഗതം
ന ജലം തത്ര പശ്യാമോ വിസ്മിതാ:സ്മോ വയം തദാ
വൃക്ഷാ: സര്‍വ്വഫലാ രമ്യ: കോകിലാരവമണ്ഡിതാ:
മഹീ മഹീധരാ: കാമം വനാന്യൂപവനാനി ച

ബ്രഹ്മാവ്‌ പറഞ്ഞു: മനോവേഗത്തില്‍ ഞങ്ങള്‍ എല്ലാവരും ഒരിടത്തേയ്ക്ക് പറന്നെത്തി. അവിടെയെങ്ങും ജലമില്ലെന്നു കണ്ട് അത്ഭുതസ്തബ്ധരായി. ഫലഭൂയിഷ്ടമായ മരങ്ങളും കളകൂജനം പൊഴിക്കുന്ന കിളികളും പൂത്തുലഞ്ഞമരങ്ങളും ഞങ്ങളവിടെ കണ്ടു. സ്ത്രീപുരുഷന്മാര്‍, പശുക്കള്‍, നദികള്‍, വനങ്ങള്‍, തടാകങ്ങള്‍ എന്നുവേണ്ട സുന്ദരങ്ങളായ അനേകദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് കാണായി. യജ്ഞശാലകള്‍ നിറഞ്ഞ നഗരമതാ മുന്നില്‍ കാണുന്നു. മാളികകളും കോട്ടകളും അവിടെ സുലഭം. സ്വര്‍ഗ്ഗസമാനമായ ആ നഗരം ആരുടേതാണ്? ദേവതുല്യനായ ഒരു രാജാവ് വനത്തില്‍ വേട്ടയ്ക്കായി പോകുന്നതും ആകാശത്ത് സാക്ഷാല്‍ അംബികാദേവി വിമാനത്തില്‍ ഇരിക്കുന്നതും ഞങ്ങള്‍ കണ്ടു. നിമിഷനേരംകൊണ്ട്‌ വിമാനം വീണ്ടും പറന്നു നീങ്ങി. വിമാനം മറ്റൊരു മനോഹരദേശത്താണിപ്പോള്‍. അവിടെ കല്‍പ്പവൃക്ഷത്തണലില്‍ കാമധേനുവായ സുരഭി നില്‍ക്കുന്നു. ആ ദിവ്യപശുവിന്റെയടുക്കല്‍ നാലുകൊമ്പുള്ള ഒരാനയും, മേനക മുതലായ അപ്സരസ്സുകളും നില്‍ക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാധരന്മാരും ഗന്ധര്‍വ്വന്മാരും പലവിധ മുദ്രകളോടെ നൃത്തവും പാട്ടും പൊടിപൊടിക്കുന്നു. ദേവേന്ദ്രന്‍ പൌലോമിയോടുകൂടി അവിടെ ക്രീഡിക്കുന്നു. ആ ദേവലോകത്ത് വരുണന്‍, കുബേരന്‍, യമന്‍, സൂര്യന്‍, അഗ്നി എന്നിങ്ങനെ അനേകം ദേവന്മാരെ ആടയാഭരണവിഭൂഷിതരായി ഞങ്ങള്‍ കാണുകയുണ്ടായി. അപ്പോള്‍ ഒരു രാജാവ് ദേവേന്ദ്രനെപ്പോലെ ഒരുങ്ങിവന്ന്‍ ഒരു പല്ലക്കിലേറിപ്പോകുന്നതും ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ വിമാനം വീണ്ടും ഉയര്‍ന്നുപൊങ്ങി മുന്നോട്ടു നീങ്ങി.

ദേവന്മാര്‍പോലും നമിക്കുന്ന ബ്രഹ്മലോകത്തേയ്ക്കാണ് വിമാനം ഇത്തവണ എത്തിയത്. അവിടെയിരിക്കുന്ന ബ്രഹ്മാവിനെക്കണ്ട് ഹരിയും ഹരനും വിസ്മയപ്പെട്ടു. ബ്രഹ്മസദസ്സില്‍ സര്‍വ്വദേവന്മാരും പ്രകൃതിവിഭൂതികളടക്കം സന്നിഹിതരായിരുന്നു. ഈ നാന്മുഖന്‍ ആരാണെന്ന് വിഷ്ണുവും ശിവനും എന്നോടു ചോദിച്ചു. ‘ആരാണീ സൃഷ്ടാവെന്ന് എനിക്കറിയില്ല’ എന്ന് ഞാന്‍ പറയുകയും ചെയ്തു. ഞാനും ഇവരും ഇദ്ദേഹവും എല്ലാം ആരാണ്? എന്താണീ മോഹദൃശ്യത്തിന്റെ അര്‍ത്ഥം? ഉടനെതന്നെ മനോവേഗത്തില്‍ വീണ്ടും വിമാനം പുറപ്പെടുകയായി. പെട്ടെന്നു തന്നെ യക്ഷഗണങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അതിരമണീയമായ കൈലാസത്തില്‍ വിമാനമെത്തി. വീണാമൃദംഗാദി നാദമേളങ്ങള്‍കൊണ്ട് മുഖരിതമായ കൈലാസത്തില്‍ തന്റെ വാഹനമായ കാളപ്പുറത്ത് പരമശിവന്‍ ആഗതനായി. മുക്കണ്ണനായ ഭഗവാന്‍ പുലിത്തോലണിഞ്ഞും ഗംഗയെ മുടിയില്‍ ചാര്‍ത്തിയും പഞ്ചമുഖനായി കാണപ്പെട്ടു. മഹാവീരന്മാരായ ഗണപതിയും സ്കന്ദനും, ശിവവാഹനമായ നന്ദിയും ഭൂതഗണങ്ങളോടൊപ്പം അവിടെ കാണപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഹരനെക്കൂടാതെ ‘ആരാണീ ‘അന്യ ശങ്കരന്‍?’ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഉടനെതന്നെ ഒരു മഞ്ഞുമലയ്ക്ക് മുകളിലേയ്ക്ക് വിമാനം പറന്നുപൊങ്ങി.

ഇത്തവണ വൈകുണ്ഡത്തിലാണ് വിമാനം ഇറങ്ങിയത്. അവിടത്തെ ഐശ്വര്യം എങ്ങിനെ വര്‍ണ്ണിക്കാനാവും?  അതിവിശിഷ്ടമായ ആ സ്ഥലം കണ്ടു വിഷ്ണുപോലും അത്ഭുതപ്പെട്ടു. കായാമ്പൂനിറം, മഞ്ഞപ്പട്ട്, നാല് തൃക്കൈകള്‍, ദിവ്യാഭരണങ്ങള്‍, ഗരുഡവാഹനം ഒക്കെയായി ഗരുഡ വാഹനത്തിന്മേല്‍ അതാ ഭഗവാന്‍ വിഷ്ണുവിരിക്കുന്നു. ലക്ഷ്മീദേവിയാല്‍ സേവിതനായി അവിടെയിരിക്കുന്ന വിഷ്ണുവിനെ വിമാനത്തിലുള്ള വിഷ്ണു സാകൂതം വീക്ഷിച്ചു.

വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍ തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്‌. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ്‌ അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്‌. അവിടെ രത്നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു. അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര്‍ മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ശൃംഗാരരസസമ്പൂര്‍ണ്ണമായ വസ്ത്രങ്ങളോടെയിരിക്കുന്ന ദേവിയുടെ മന്ദസ്മിതം അതീവ ചേതോഹരമാണ്. താമരമൊട്ടിനെ നാണിപ്പിക്കുന്ന തടിച്ചുയര്‍ന്ന കുചകുംഭങ്ങള്‍ ദേവിയുടെ അഴകിനെ പരിപൂര്‍ണ്ണമാക്കുന്നു. പൊന്നിന്‍ തോള്‍വള, കിരീടം, കങ്കണം, ശ്രീചക്രം കൊണ്ടുള്ള തോട, മണിഗണങ്ങള്‍ കോര്‍ത്തൊരുക്കിയ ആ ഭരണങ്ങള്‍ എന്നിവ ദേവിയെ അലങ്കരിക്കുന്നു. ദേവിയെ സദാ സേവിച്ചു നിലകൊള്ളുന്ന
സഖീവൃന്ദത്തിന്റെ സ്തുതികള്‍ ’ഹൃല്ലേഖ’, ‘ഭുവനേശ്വരി’, എന്നീ നാമങ്ങളാല്‍ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നു. ‘അനംഗകുസുമാഖ്യാദി’ ദേവിമാരാല്‍ പരിസേവിതയായി യന്ത്രരാജനായ ഷഡ്കോണത്തിന്റെ നടുവില്‍ വിരാജിക്കുന്ന ദേവിയെക്കണ്ട് ബ്രഹ്മവിഷ്ണുശിവ മൂര്‍ത്തികള്‍ വിസ്മയത്തോടെ ‘ആരാണിവളെന്ന് നമുക്കറിയില്ല’ എന്ന് സമ്മതിച്ചു. ദൂരെനിന്ന് നോക്കുമ്പോള്‍ ആയിരം കണ്ണുകളും കൈകളും ഉള്ളവള്‍ എന്ന് തോന്നുന്നു. അപ്സരസ്സോ, ഗന്ധര്‍വ വനിതയോ, ദേവസ്ത്രീയോ അല്ല ഇവള്‍. എന്നിങ്ങിനെ ചിന്തിച്ചു  ത്രിമൂര്‍ത്തികള്‍ വിസ്മയചകിതരായി അവിടെ നിന്നു.

ആ സമയത്ത് ഭഗവാന്‍ വിഷ്ണു ഇങ്ങിനെ പറഞ്ഞു: ‘ചാരുഹാസിനിയായ ഇവള്‍ ജഗദംബതന്നെയാണെന്ന് എനിക്കുറപ്പാണ്. നമുക്കെല്ലാം സമാരാദ്ധ്യയും നമുക്കുള്ള ഒരേയൊരാശ്രയവും ഇവളത്രേ. പൂര്‍ണ്ണയാണവള്‍. മഹാവിദ്യ, മഹാമായ, ശാശ്വതി, പ്രകൃതി, അവ്യയ എന്നെല്ലാം പറയുന്നത് ഈ ദേവിയെയാണ്. അലപബുദ്ധികള്‍ക്ക് അനഭിഗമ്യയും യോഗികള്‍ക്ക് പ്രാപ്യയും സങ്കല്പങ്ങള്‍ക്ക് അതീതയും പരമാത്മാവിന്റെ ഇച്ഛയും നിത്യയും അനിത്യുയും ഈ ദേവിയാകുന്നു. വിശ്വേശ്വരിയായ ദേവി മംഗളസ്വരൂപിണിയാണ്. വേദമാതാവും വിശാലാക്ഷിയും, ഈശ്വരിയും സകലതിന്റെയും കാരണവും ആയ ദേവി അല്‍പഭാഗ്യന്‍മാര്‍ക്ക് പൂജിക്കാന്‍ കിട്ടുന്നവളല്ല.

വിശ്വപ്രളയത്തില്‍ വിശ്വത്തെ സംഹരിച്ചു ജീവലിംഗങ്ങളെ തന്നില്‍ ഒതുക്കി വിളയാടിയത് ഈ ദേവി തന്നെയാണ്. ഇവളുടെ വിഭൂതികള്‍ക്ക് എണ്ണമില്ല. ദിവ്യഗന്ധങ്ങളും ആഭരണങ്ങളും അണിഞ്ഞു ദേവിയെ സദാ സേവിക്കുന്ന ഭക്തജനങ്ങള്‍ എത്ര സുകൃതികള്‍! ഈ ദേവിയുടെ ദര്‍ശനം ലഭിക്കുക നിമിത്തം അല്ലയോ ബ്രഹ്മ-ശിവ പ്രഭൃതികളേ നമ്മള്‍ ധന്യരായി. നാം ചെയ്ത തപസ്സുകള്‍ പാഴായില്ല എന്നതിന് വേറെ നിദാനം വേണ്ടല്ലോ!, അതീവപുണ്യവാന്മാര്‍ക്ക് മാത്രം ലഭ്യമായ ഈ ദര്‍ശനം ആസക്തര്‍ക്ക് കിട്ടുകയില്ല. സദാ പരമപുരുഷനുമായി ചേര്‍ന്ന് വിലസുന്ന മൂലപ്രകൃതിയാണ് ഈ ദേവി. ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ച്‌ പരമാത്മാവായ പുരുഷന് കാണിച്ചുകൊടുക്കുന്നത് ദേവിയാണ്. ആ പരംപൊരുളാണ് ദൃഷ്ടാവ്. സമസ്തബ്രഹ്മാണ്ഡം ദൃശ്യം. ഈ ദ്രശ്യ-ദൃക്കുകളുടെ കാരണം മഹാമായയായ ഈ ദേവിയാകുന്നു. ദൃശ്യമില്ലങ്കില്‍ ദൃഷ്ടാവില്ല.

ഞാനോ മറ്റു ദേവജനങ്ങളോ, ഒന്നും ഈ ദേവിക്ക് കിടനില്‍ക്കുകയില്ല. ദേവാംഗനമാരും നാമും എല്ലാം ചേര്‍ന്നാലും ദേവിയുടെ ലക്ഷത്തില്‍ ഒന്ന് പ്രഭയുള്ളവരല്ല. ആ പ്രോജ്വലപ്രഭാവത്തിനുമുന്നില്‍ നാമെല്ലാം എത്ര നിസ്സാരര്‍! പ്രളയ ജലത്തില്‍ ഞാനൊരാലിലയില്‍ ശിശുവായിക്കിടക്കുമ്പോള്‍ എന്നെ താരാട്ടിയ അമ്മയാണീ ദേവി. അന്ന് വടപത്രശായിയായി കാലിന്റെ തള്ളവിരല്‍ വായിലിട്ടു നുണഞ്ഞു കിടന്ന കോമളശിശുവായ ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് സാന്ത്വനമേകാന്‍ പാട്ടുപാടിത്തന്ന് ആലിലത്തൊട്ടിലാട്ടി അവിടെ നിലകൊണ്ടത് ഈ അമ്മയായിരുന്നു എന്ന് ഞാനറിയുന്നു. ഇന്നിപ്പോള്‍ എന്നില്‍ ബോധമങ്കുരിക്കയാല്‍ ഈ അമ്മതന്നെയാണ് ജഗത്തിന്റെ മുഴുവന്‍ മാതാവെന്നു ഞാനിതാ സംശയലേശമന്യേ പ്രഖ്യാപിക്കുന്നു. അമ്മയെ കണ്ടമാത്രയില്‍ എന്നിലക്കാര്യം സുദൃഢമായി. ആ സാക്ഷാത്കാരത്തിന്റെ നിറവ് ഞാനിതാ നിങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു.   

Sunday, November 29, 2015

ദിവസം 39. ശ്രീമദ്‌ ദേവീഭാഗവതം 3. 2. വിമാനഗമനം

ദിവസം 39. ശ്രീമദ്‌ ദേവീഭാഗവതം 3. 2.  വിമാനഗമനം

യത്ത്വയാ ച മഹാബാഹോ പൃഷ്ടോ fഹം കുരുസത്തമ
താന്‍ പ്രശ്നാന്‍ നാരദ:പ്രാഹ മായാ പൃഷ്ടോ മുനീശ്വര:
വ്യാസ കിംതേ ബ്രവീമ്യദ്യ പുരാ fയം സംശയോ മമ
ഉത്പന്നോ ഹൃദയേ fത്യര്‍ത്ഥം സന്ദേഹാസാരപീഡിത

വ്യാസന്‍ പറഞ്ഞു: മഹാഭാഗാ, അങ്ങെന്നോടു ചോദിച്ച ഇതേ ചോദ്യങ്ങള്‍ ഞാന്‍ നാരദനോടു ചോദിച്ചവയാണ്. അപ്പോള്‍ നാരദന്‍ പറഞ്ഞു: അങ്ങ് ചോദിച്ച തരം ചോദ്യങ്ങള്‍ ഒരു തിരമാലപോലെ എന്റെയുള്ളിലും തുടരെത്തുടരെ അലയടിച്ചിരുന്നു. എന്റെ പിതാവായ ബ്രഹ്മദേവനോട് ഞാനവ ചോദിക്കുകയും ചെയ്തു. ബ്രഹ്മാണ്ഡം എന്തില്‍നിന്നാണ് ഉണ്ടായത്? അങ്ങാണോ അതോ പാലാഴിയില്‍ പള്ളികൊള്ളുന്ന വിഷ്ണുവാണോ, അതുമല്ല, മഹേശ്വരനാണോ വിശ്വനിര്‍മ്മിതിക്ക് പിന്നിലുള്ളത്? ഇവരില്‍ ആരാണ് സര്‍വ്വോല്‍ക്കൃഷ്ടന്‍? ആരാണ് ആരാധനയ്ക്ക് യോഗ്യന്‍? സംശയനിവാരണം നടത്തി എന്റെ ദുഖത്തിന് അറുതിവരുത്തിയാലും. തീര്‍ത്ഥാടനം, വേദപഠനം, മറ്റുപായങ്ങള്‍ എല്ലാം ഞാന്‍ നോക്കി. അവയൊന്നും എന്നിലെ മാലകറ്റുന്നില്ല. സത്യമറിയാതെ ശാന്തിയെങ്ങിനെ നേടാനാണ്? നട്ടം തിരിയുന്ന എന്റെ മനസ്സ് ഒരിടത്ത് ഉറയ്ക്കുന്നില്ല. ആരെയാണ് ഞാന്‍ സ്മരിക്കേണ്ടത്? ആരെ സ്തുതിച്ചുകൊണ്ടാണ് ഞാന്‍ അര്‍ച്ചന ചെയ്യേണ്ടത്? സകലത്തിന്റെയും അധീശനായ ഈശ്വരന്‍ ആരാണ്? എന്റെ ഈ ചോദ്യങ്ങള്‍ കേട്ട് ലോകപിതാമഹനായ ബ്രഹ്മാവ്‌ ഇങ്ങിനെ അരുളിച്ചെയ്തു.

ബ്രഹ്മാവ്‌ പറഞ്ഞു: 'മകനേ, ഞാന്‍ എന്തുപറയാനാണ്? സാക്ഷാല്‍ വിഷ്ണുവിനുപോലും പറയാന്‍ എളുതല്ലാത്ത ചോദ്യങ്ങളാണ് നീ ചോദിക്കുന്നത്. വാസ്തവത്തില്‍ ഈ സംസാരത്തില്‍ ആമഗ്നനായ ആര്‍ക്കും ഈ ലോകത്തിന്റെ പൊരുളറിയാനാവില്ല. വിരക്തനും നിര്‍മമനുമായ ജ്ഞാനിക്കേ പരമതത്വം ഗ്രഹിക്കാനാവൂ. പണ്ട് എല്ലാമെല്ലാം പ്രളയജലത്തിലായിരുന്നപ്പോള്‍ ആകെയൊരു കടല്‍ മാത്രമേയുണ്ടായിരുന്നുള്ളു. പഞ്ചഭൂതങ്ങള്‍ക്കൊപ്പം ഒരു താമരയില്‍ ഞാനും ഉണ്ടായി. സൂര്യചന്ദ്രന്മാരില്ല. ശൈലാദികളും അന്നില്ല. ആ താമരയില്‍ കിടന്നു ഞാന്‍ എന്തുചെയ്യണം എന്നാലോചിച്ചു . ഞാന്‍ ആരില്‍ നിന്നാണ് ജനിച്ചത്? ആരെന്നെ സൃഷ്ടിച്ചു? ആരെന്നെ പരിപാലിക്കും? എങ്ങിനെയാണ് എനിക്കൊരവസാനമുണ്ടാവുക? അപ്പോള്‍ ഭൂമിയൊന്നും കാണാനില്ലായിരുന്നു. ഈ താമരയ്ക്ക് നിലനില്‍ക്കാന്‍ ചെളി വേണമല്ലോ? പങ്കജത്തിന്റെ മൂലമായ പങ്കം എന്തെന്ന് എനിക്കിപ്പോള്‍ അറിയണം! ആ പങ്കത്തിന്റെ മൂലമായ ഭൂമിയും എനിക്ക് കാണണം. ഇങ്ങിനെ ചിന്തിച്ചുറച്ച് ഞാന്‍ ഭൂമിയെത്തേടി താഴേയ്ക്ക് ആയിരം കൊല്ലത്തോളം സഞ്ചരിച്ചുകൊണ്ടേയിരുന്നു. യാതൊരു വിധത്തിലും ധരയെ കാണാതെയിരിക്കുമ്പോള്‍ ‘തപസ്സ് ചെയ്യുക’ (തപ: തപ:) എന്നൊരു ശബ്ദം അശരീരിയായി എന്റെ കാതുകളില്‍ പതിച്ചു. ആ താമരയില്‍ത്തന്നെയിരുന്ന് ഞാന്‍ ഒരായിരം വര്‍ഷം തപസ്സുചെയ്തു. ‘സൃഷ്ടിക്കുക’ എന്നൊരശരീരിയാണ് പിന്നീട് ഞാന്‍ കേട്ടത്. ആരെയാണ്, എന്തിനെയാണ് സൃഷ്ടിക്കേണ്ടത് എന്നെനിക്ക് അറിയാമായിരുന്നില്ല. അപ്പോഴേയ്ക്ക് മധുവെന്നും കൈടഭന്‍ എന്നും പേരുള്ള രണ്ടു രാക്ഷസന്മാര്‍ അവിടെ വന്ന് എന്നോട് യുദ്ധഭീഷണി മുഴക്കി. താമരത്തണ്ട് പിടിച്ച് നീരില്‍ ഇറങ്ങിയ ഞാന്‍ ആ പരമപുരുഷനെ കണ്ടു. മേഘശ്യാമനിറത്തില്‍, മഞ്ഞപ്പട്ടുടുത്ത നാലുകയ്കളുള്ള ജഗന്നാഥന്‍ ആദിശേഷതല്‍പ്പത്തില്‍ കാണായി. അതാ വനമാലയണിഞ്ഞ ഭഗവാന്‍ ശംഖുചക്രഗദാധാരിയായി സര്‍പ്പത്തിനു മുകളില്‍ യോഗനിദ്രയില്‍ ആമഗ്നനായിക്കിടക്കുന്നു.

ഇനി ഞാന്‍ എന്തുചെയ്യണമെന്നറിയാതെയിരിക്കെ എന്നില്‍ നിദ്രാസ്വരൂപിണിയായ ദേവിയുടെ ഓര്‍മ്മ അങ്കുരിച്ചു. അമ്മയെ ഞാന്‍ വാഴ്ത്തി സ്തുതിക്കാന്‍ തുടങ്ങി. ശിവസ്വരൂപിണിയായ ആ ദേവി ആകാശത്ത് ദിവ്യമൂര്‍ത്തമായ രൂപത്തില്‍ അവതരിച്ചു. വിഷ്ണുവിന്റെ ഉടലില്‍ നിന്നും വേര്‍പെട്ട് ആകാശത്ത് നിദ്രാദേവി സമൂര്‍ത്തയാകവേ, വിഷ്ണുഭഗവാന്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നു. രാക്ഷസന്മാരായ മധുകൈടഭന്മാരെ അയ്യായിരം കൊല്ലം നീണ്ടുനിന്ന സംഗരത്തില്‍ വിഷ്ണു വകവരുത്തി. ആ സമയത്ത് രുദ്രനും അവിടെയെത്തിച്ചേര്‍ന്നു. ഞങ്ങള്‍ മൂന്നുപേരും ആ സുന്ദരാംഗിയായ ദേവിയെ വാഴ്ത്തി. ‘ബ്രഹ്മവിഷ്ണുഹരന്മാരെ, നിങ്ങള്‍ അവരവരുടെ നിയതകര്‍മ്മങ്ങള്‍ തുടര്‍ന്നു നടത്തിയാലും’ എന്ന അനുജ്ഞ നല്‍കി. അസുരന്മാര്‍ മൃതിയടഞ്ഞു. ഇനി നിങ്ങള്‍ക്ക് തടസ്സം കൂടാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യാം. നാലുവിധത്തിലുള്ള പ്രജകളെ വേണം സൃഷ്ടിക്കുവാന്‍.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അമ്മേ, സൃഷ്ടി നടത്താന്‍ ഞങ്ങള്‍ അശക്തരാണ്. എല്ലാടവും ജലം നിറഞ്ഞിരിക്കുന്നു. പഞ്ചഭൂതങ്ങളോ ഇന്ദ്രിയാദികളോ തന്മാത്രപോലുമോ ഇപ്പോള്‍ ഇവിടെയില്ലല്ലോ?’

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ദേവി ആകാശത്ത് ഒരു വിമാനം വരുത്തി. ‘ദേവന്മാരെ, പേടിക്കാതെ ഇതില്‍ കയറിയാലും’ എന്ന് പറഞ്ഞു. ‘നിങ്ങളെ ഞാന്‍ ഒരത്ഭുതം കാണിക്കാം’ എന്നു പറഞ്ഞു ദേവി വിമാനം പറത്തി. രത്നഘചിതമായ ആ വിമാനത്തില്‍ അതിവിശാലവും വിപുലവുമായ അലങ്കാരപ്പണികള്‍ ഉണ്ടായിരുന്നു. ദേവഭവനമായ അമരാവതിയെന്നപോലെയുള്ള ആ വിമാനത്തില്‍ ഞങ്ങള്‍ യാത്രക്കാരും ദേവി സാരഥിയുമായിരുന്നു.

Saturday, November 28, 2015

ദിവസം 38. ശ്രീമദ്‌ ദേവീഭാഗവതം. 3.1. ജനമേജയപ്രശ്നം

ദിവസം 38. ശ്രീമദ്‌ ദേവീഭാഗവതം. 3.1.  ജനമേജയപ്രശ്നം

ഭഗവന്‍ ഭവതാ പ്രോക്തം യജ്ഞമംബാഭിധം മഹത്
സാ കാ കഥം സമുത്പന്നാ കുത്ര കസ്മാച്ച കിം ഗുണാ
കീദൃശശ്ച മഖസ്തസ്യാ: സ്വരൂപം കീദൃശം തഥാ
വിധാനം വിധിവദ് ബ്രൂഹി സര്‍വ്വജ്ഞോ f സി ദയാനിധേ  
   
ജനമേജയന്‍ പറഞ്ഞു: ഭഗവന്‍, അങ്ങ് അംബായജ്ഞത്തെപ്പറ്റി പറയുകയുണ്ടായി. ആരാണീ അംബ? എങ്ങിനെയാണ് ആ ദേവിയുടെ ആവീര്‍ഭാവം? ആ യജ്ഞത്തിന്റെ പ്രത്യേകതകള്‍ എന്താണ്? എങ്ങിനെയാണത് നടത്തേണ്ടത്? അങ്ങ് സര്‍വ്വജ്ഞനായ ബ്രാഹ്മണോത്തമനായതിനാല്‍ ഇതെല്ലാം പറഞ്ഞു തരാന്‍ തികച്ചും യോഗ്യന്‍ തന്നെ. ബ്രഹ്മാണ്ഡം എങ്ങിനെയുണ്ടായി എന്നും ഞങ്ങള്‍ക്കായി അങ്ങ് വിവരിക്കണം. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്കായി ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍ സഗുണരൂപത്തില്‍ ഉള്ളതായി എനിക്കറിയാം. ആ മൂവര്‍ സ്വതന്ത്രരാണോ അതോ അവരും ആരുടെയെങ്കിലും വരുതിയിലാണോ സ്വകര്‍മ്മങ്ങള്‍ ചെയ്യുന്നത്? അവര്‍ക്ക് ജനിമരണങ്ങള്‍ ഉണ്ടോ? അവര്‍ക്ക് ആധിത്രയങ്ങള്‍ അനുഭവിക്കേണ്ടതായുണ്ടോ? കാലനിബദ്ധരാണോ ആ പ്രബലന്മാര്‍? അവര്‍ക്ക് സന്തോഷം, സന്താപം, ഉറക്കം, മടി, ഇത്യാദികള്‍ ഉണ്ടോ? അവരുടെ ശരീരം മനുഷ്യദേഹംപോലെ സപ്തധാതുക്കളാല്‍ നിര്‍മ്മിതമാണോ? അവരെ നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ ആയുസ്സെത്ര? അവര്‍ക്ക് ഇന്ദ്രിയഭോഗങ്ങള്‍ ഉണ്ടോ? അവരുടെ വാസം എവിടെയാണ്? അവരുടെ വിഭൂതി വിശേഷങ്ങള്‍ എല്ലാമറിയാന്‍ എന്നില്‍ ആകാംക്ഷയുണ്ട്. ദയവായി വിവരിച്ചാലും.

വ്യാസന്‍ പറഞ്ഞു: ബ്രഹ്മാദികള്‍ ആരില്‍ നിന്നുമാണ് ഉദ്ഭൂത്മായത് എന്ന ചോദ്യം വളരെ ഗഹനമാണ്. അതിനുത്തരം നല്‍കുക ദുര്‍ഘടവുമാണ്. പണ്ട് നാരദമുനിയോട് ഇതേ ചോദ്യം ഞാനും ചോദിച്ചിരുന്നു. ഗംഗാതീരത്ത്‌ ഞാനൊരിക്കല്‍ മഹാനായ നാരദമുനിയെ കണ്ടുമുട്ടി. പാദനമസ്കാരം ചെയ്തു വന്ദിച്ച ശേഷം ഞാന്‍ ആ മഹാത്മാവിന്റെ അരികില്‍ ആസനസ്ഥനായി. അദ്ദേഹത്തോട് ഞാന്‍ കുശലം പറഞ്ഞതിന് ശേഷം ഇങ്ങിനെ ചോദിച്ചു. ‘ഭഗവാനേ, ഈ വിസ്തൃതമായ ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ച്‌ നിലനിര്‍ത്തുന്നതാരാണ്? എന്തില്‍ നിന്നാണവ ഉണ്ടായത്? അവ നിത്യങ്ങളോ അനിത്യങ്ങളോ? അതിന്റെ നിര്‍മ്മിതി ഒരാളാണോ ചെയ്തത് അതോ പലരാണോ അതിന്റെ പിന്നിലുള്ളത്? കര്‍ത്താവില്ലാതെ ഒരു കാര്യമുണ്ടാവുക എന്നത് വിരോധാഭാസമാണല്ലോ? എന്നില്‍ അനേകം സംശയങ്ങള്‍ അലയടിക്കുന്നു. അങ്ങ് എന്നെയാ സംശയക്കടലിന്റെ മറുകര കടത്തിയാലും. ജന്മനാശമില്ലാത്ത, ആത്മാരാമാനായ, സദാശിവനായ, മഹാദേവനാണിതിനു കാരണക്കാരന്‍ എന്ന് ചിലര്‍ പറയുന്നു. എങ്ങും നിറഞ്ഞു വിളങ്ങുന്ന സര്‍വ്വതോമുഖനും സര്‍വ്വനാഥനും സര്‍വ്വസാക്ഷിയും സര്‍വ്വശക്തിയും ആദ്യന്തഹീനനും അവ്യക്തചിദാത്മാവുമായ മഹാവിഷ്ണുവാണ് പ്രപഞ്ചനിദാനമെന്ന് മറ്റുചിലര്‍ പറയുന്നു.

നാഭിപത്മസമുദ്ഭവനായ സര്‍വ്വഭൂതങ്ങള്‍ക്കും ജീവനേകുന്ന സൃഷ്ടാവായ ചതുരാനനന്‍ ബ്രഹ്മാവിനെയാണ് ചിലര്‍ പ്രപഞ്ചനാഥനായി കരുതുന്നത്. ചില വേദപണ്ഡിതന്മാര്‍ പറയുന്നത് സൂര്യനാണ് സര്‍വ്വനാഥനെന്നാണ്. അവര്‍ രാവിലെയും വൈകിട്ടും സൂര്യനെ പൂജിക്കുന്നു. സഹസ്രാക്ഷനായ, സോമപ്രിയന്‍, ദേവദേവനായ ഇന്ദ്രനെയാണ് ചിലര്‍ പൂജിക്കുന്നത്. ചിലര്‍ വരുണനെയും മറ്റുചിലര്‍ വായുവിനെ, അഗ്നിയെ, കുബേരനെ, ചന്ദ്രനെ, യമനെ എല്ലാം പൂജിക്കുന്നു. സര്‍വ്വസിദ്ധിപ്രദായകനായ ഗണപതിയെ പൂജിക്കുന്നവരുമുണ്ട്. 

പ്രമുഖരായ ആചാര്യന്മാരില്‍ ചിലര്‍ ആദിമായയായ ഭവാനീ ദേവിയെ പൂജിക്കുന്നു. മഹാശക്തിസ്വരൂപിണിയും നിത്യയും പ്രകൃതിയും പൂര്‍ണ്ണയും പരമപുരുഷവിധേയയുമായ ദേവിയാണ് സര്‍വ്വശക്ത എന്നാണവര്‍ വാദിക്കുന്നത്. സൃഷ്ടിസ്ഥിതിസംഹാരകാരിണിയും സര്‍വ്വവ്യാപിനിയുമായ അമ്മ ബ്രഹ്മൈക്യം നേടിയവളാണ്. ആദ്യന്തമില്ലാത്ത നിര്‍ഗ്ഗുണയാണെങ്കിലും സകലജീവജാലങ്ങള്‍ക്കും സഗുണയായ ജനനി അവളാണ്. ശൈവി, വൈഷ്ണവി, ബ്രാഹ്മി, യൈന്ദ്രി, വാരാഹി, വാരുണി, നാരസിംഹ, മഹാലക്ഷ്മി എന്നിങ്ങിനെയെല്ലാം പ്രകീര്‍ത്തിതയായ ദേവി സംസാരവൃക്ഷത്തിന്റെ തായ് വേരാണ്. ഭക്തര്‍ക്ക് അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്ന അവര്‍ക്ക് മോക്ഷമേകുന്ന ഗുണാതീതയായ വിദ്യാസ്വരൂപിണിയാണ് ദേവി. ത്രിഗുണങ്ങളെ മഹത്വാഹങ്കാരഭാവങ്ങളാക്കി മാറ്റുന്നതും ദേവിയാണ്.

നിരഞ്ജനം, നിരാകാരം, നിര്‍ലേപം, നിര്‍ഗ്ഗുണം, പരം, സര്‍വ്വവ്യാപകം, ബ്രഹ്മം എന്നൊക്കെ വേദാന്തികള്‍ പറയുന്നത് ഇവളെയാണ്‌. തേജസ്സിന്റെ ഉറവിടമായ പരമപുരുഷനാണിതെന്ന് പറയുന്ന വേദവാദികളും ഉണ്ട്. സഹസ്രാക്ഷനും സഹസ്രശീര്‍ഷനും സഹസ്രബാഹുവുമായ പരമപുരുഷനായി ആകാശം പാദമാക്കിയ വിഷ്ണുവാണതെന്നും ചിലര്‍ പറയുന്നു. പരമപ്രശാന്തമായ ആ വിരാട്ടില്‍ രജസ്സില്ല. ജഗത്തിന്റെ കാരണമായി പുരുഷോത്തമനെ ചിലര്‍ സ്തുതിക്കുന്നു. എന്നാല്‍ യാതൊരു വിധത്തിലും പ്രഭുവായ ഒരീശ്വരന്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് ശഠിക്കുന്നവരുമുണ്ട്. ചിന്തകള്‍ക്ക് വഴങ്ങാത്തതാണ് ജഗത്തിന്റെ സൃഷ്ടിസ്ഥിതികാരണങ്ങള്‍ എന്നാണു മറ്റു ചിലരുടെ പക്ഷം. പ്രപഞ്ചം തന്നെയാണ് സത്ത്. അതിനായി പ്രത്യേകിച്ച് മറ്റൊരു ഈശ്വരന്‍ ഇല്ല. തനിയെ ഉദ്ഭൂതമായ ഈ ജഗത്തിന് ആരുടെയെങ്കിലും മേല്‍ കര്‍ത്തൃത്വം ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രകൃതിപോലും ജഗത്തിന്റെ കര്‍ത്താവല്ല. കപിലന്‍ മുതലായ മുനിമാര്‍ ഇങ്ങിനെ പലതും പറയുന്നുണ്ട്. എന്നില്‍ സംശയങ്ങള്‍ അനേകമുണ്ട്. ധര്‍മ്മം എന്നാലെന്താണ്? അധര്‍മ്മമെന്നാല്‍ എന്താണ്? അവയുടെ ലക്ഷണങ്ങളോ? സത്വത്തില്‍ നിന്നും ഉണ്ടായ ദേവന്മാരും മറ്റും അധാര്‍മ്മികരായ അസുരന്മാരുടെ പീഢനങ്ങള്‍ക്ക് വിധേയരാകാന്‍ കാരണമെന്ത്? സദ്‌വൃത്തരായ പാണ്ഡവര്‍ എന്തിനാണിത്രയധികം ദുഃഖം അനുഭവിച്ചത്? ധര്‍മ്മവ്യവസ്ഥയെപ്പറ്റി എനിക്കാകെ സംശയം തോന്നുന്നു. എന്റെ ഈ സന്ദേഹങ്ങളെ തീര്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയും. സംസാരക്കടലില്‍ ഒരെത്തും പിടിയുമില്ലാതെ വലയുന്ന എന്നെ ജ്ഞാനനൌകയിലേക്ക് കൈപിടിച്ചു കയറ്റാന്‍ അങ്ങേയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?       

Friday, November 27, 2015

ദിവസം 37. ശ്രീമദ്‌ ദേവീഭാഗവതം. 2.12. ശ്രോത്യപ്രവക്ത്യപ്രസംഗം

ദിവസം 37. ശ്രീമദ്‌ ദേവീഭാഗവതം. 2.12. ശ്രോതൃപ്രവക്തൃപ്രസംഗം

തച്ഛൃത്വാ വചനം തസ്യ വ്യാസ: സത്യവതീസുത:
ഉവാച വചനം തത്ര സഭായാം നൃപതിം ച തം
ശൃണു രാജന്‍ പ്രവക്ഷ്യാമി പുരാണം ഗുഹ്യമത്ഭുതം
പുണ്യം ഭാഗവതം നാമ നാനാഖ്യാനയുതം ശിവം 

സൂതന്‍ തുടര്‍ന്നു: രാജാവ് തന്റെ പിതാവിന് പരഗതി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ചോദിച്ചതിനുത്തരമായി വ്യാസന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കായി മഹത്തായ ദേവീ ഭാഗവതം പറഞ്ഞു തരാം. അതീവ ഗുഹ്യവും ശുഭപ്രദവുമായ ഈ പുരാണം ഞാനെന്റെ മകനായ ശുകന് പറഞ്ഞു കൊടുത്തിരുന്നു. അങ്ങയോടും ഞാനത് പറയാം. സര്‍വ്വവേദങ്ങളുടെയും പൊരുളായ ഈ മഹദ് പുരാണം നിത്യേന കേട്ടാല്‍ ധര്‍മ്മാര്‍ദ്ധകാമമോക്ഷങ്ങള്‍ ക്ഷിപ്രസാദ്ധ്യമാവും.

അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: 'മഹാത്മന്‍, ആരാണീ ആസ്തികന്‍? എന്തിനാണ് സര്‍പ്പയജ്ഞം മുടക്കാന്‍ അദ്ദേഹം നേരിട്ട് വന്നത്? അദ്ദേഹത്തിന് ഇതുകൊണ്ടെന്താണ് നേട്ടം?

വ്യാസന്‍ പറഞ്ഞു: 'ജരല്‍ക്കാരു എന്നൊരു മുനി വിവാഹിതനല്ലായിരുന്നു. ഒരിക്കല്‍ വനത്തില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ പൂര്‍വ്വപിതാക്കള്‍ ഒരു കുഴിയില്‍ തലകീഴായി തൂങ്ങി നില്‍ക്കുന്നതായി കണ്ടു. അവര്‍ മുനികുമാരനോടു പറഞ്ഞു: ‘നീയൊരു വിവാഹം കഴിക്കുക.അങ്ങിനെയൊരു മകനുണ്ടായാലേ ഞങ്ങള്‍ക്ക് ഗതി കിട്ടൂ. ‘ആട്ടെ, ശരി. എനിക്ക് വേണ്ടി അടങ്ങിയൊതുങ്ങി നില്‍ക്കുന്ന ഒരുവളെ ആരെങ്കിലും കന്യാദാനം ചെയ്താല്‍ ഞാന്‍ സ്വീകരിക്കാം. അതിനായി പരിശ്രമിക്കാനൊന്നും എനിക്ക് വയ്യ.' എന്ന് പറഞ്ഞ് അദ്ദേഹമൊരു  തീര്‍ത്ഥയാത്രയ്ക്കായി പുറപ്പെട്ടു. അക്കാലത്താണ് കദ്രു തന്റെ മക്കളെ അവരെല്ലാം തീയില്‍ വീണു നശിച്ചുപോകട്ടെ' എന്ന് ശപിച്ചത്. കദ്രുവും വിനതയും കശ്യപന്റെ പത്നിമാരായിരുന്നു. സഹപത്നിമാരായ അവര്‍ തമ്മില്‍ കളിയായും കുറച്ചു കാര്യമായും പന്തയത്തില്‍ ഏര്‍പ്പെട്ടു. സൂര്യരഥം പൂട്ടിയിരുന്ന കുതിരയുടെ നിറം എന്താണെന്ന് കദ്രു വിനതയോടു ചോദിച്ചു. ‘വെള്ളയാണ്’. ഇനി നീയും പറയൂ അതിന്റെ നിറമെന്താണ്? അതുകഴിഞ്ഞ് നമുക്ക് പന്തയമാവാം. ‘കറുപ്പാണ്’ എന്ന് ഞാന്‍ പറയുന്നു. പന്തയമായി തോല്‍ക്കുന്നയാള്‍ ജയിക്കുന്നവള്‍ക്ക് ദാസ്യവേല ചെയ്യണം.’ 'ശരി' എന്ന് രണ്ടാളും സമ്മതിച്ചു..

കദ്രു മക്കളോടു പറഞ്ഞു: നിങ്ങള്‍ പോയി സൂര്യാശ്വത്തിന്റെ രോമങ്ങള്‍ കറുപ്പിക്കുക’. തങ്ങള്‍ക്ക് അതിനു വയ്യെന്ന് പറഞ്ഞ കൊച്ചുമക്കളെ കദ്രു ശപിച്ചു. 'നിങ്ങള്‍ ജനമേജയന്റെ യാഗാഗ്നിയില്‍ വീണു പോകട്ടെ!’ എന്നാല്‍ മറ്റു മക്കള്‍ അമ്മയ്ക്ക് വേണ്ടി കുതിരയുടെ വാലു മുതല്‍ നിറം ചാര്‍ത്തി അതിനെ കറുപ്പാക്കി വച്ചു. വിനത നോക്കിയപ്പോള്‍ അശ്വം കറുത്തിരിക്കുന്നു. എന്നാലപ്പോള്‍ വിനതയുടെ പുത്രനായ ഗരുഡന്‍ അമ്മയുടെ ദുഃഖം കണ്ടു. ‘അമ്മയുടെ ദുഃഖം തീര്‍ക്കാത്ത മക്കള്‍ മക്കളല്ല, അമ്മേ, എന്താണെങ്കിലും പറയൂ. ഞാനാ ദുഖത്തിന് പ്രതിവിധിയുണ്ടാക്കാം’. ‘സപത്നിയായ കദ്രുവിന്റെ ദാസിയാകാനാണ് എനിക്ക് വിധി. അവളെ ഞാന്‍ ചുമന്നു കൊണ്ട്ക്ക നടക്കണമത്രേ!’. ‘അമ്മയ്ക്ക് വേണ്ടി ഞാനാ ഭാരം ചുമക്കാം’ എന്നായി ഗരുഡന്‍.

വിനത കദ്രുവിന്റെ അടുത്തെത്തി. മഹാബലനായ ഗരുഡന്‍ മാതാവിന്റെ ദാസ്യപ്പണി ഒഴിവാക്കാന്‍ കദ്രുവിനെയും മക്കളെയും തന്‍റെ ചുമലിലേറ്റി സിന്ധുവിന്റെ മറുകരയിലെത്തി. അവിടെവച്ച് കദ്രുവിനോട് ഗരുഡന്‍ ചോദിച്ചു: ‘നമസ്കാരം അമ്മേ, എന്റെ അമ്മയുടെ ദാസ്യം ഒഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗം?’

‘ദേവലോകത്തില്‍ നിന്നും അമൃത് കൊണ്ടുവന്ന് എനിക്കും മക്കള്‍ക്കും നല്‍കിയാല്‍ നിന്റെ അമ്മയുടെ ദാസ്യം ഞാന്‍ ഒഴിവാക്കാം.’ ഇത് കേട്ട ഗരുഡന്‍ സുരലോകത്ത് പോയി ബലമായി അമൃത് കുംഭം എടുത്തു കൊണ്ടുവന്നു കദ്രുവിനു കൊടുത്തു. അമ്മയുടെ ദാസ്യം അവസാനിച്ചു. എന്നാല്‍ സര്‍പ്പങ്ങള്‍ കുളിക്കാന്‍ പോയ തക്കത്തില്‍ ഇന്ദ്രന്‍ വന്ന് അമൃത് എടുത്ത്കൊണ്ട് പോയി. നാഗങ്ങള്‍ വിഷണ്ണരായി. അമൃത് വെച്ചിരുന്ന ദര്‍ഭയില്‍ നാവ് കൊണ്ട് നക്കിയതിനാല്‍ ആണ്നാ ഗങ്ങളുടെ നാവു പിളര്‍ന്നുപോയത്. വാസുകി മുതലായ നാഗങ്ങള്‍ മാതൃശാപം ഭയന്ന് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മദേവന്‍ പറഞ്ഞു: ‘ജരല്‍ക്കാരു എന്നൊരു മുനിയുണ്ട്. അദ്ദേഹത്തിനു നിങ്ങളുടെ പെങ്ങളായ ഈ വാസുകിയെ കന്യാദാനം ചെയ്യുക. അവര്‍ക്കുണ്ടാകുന്ന പുത്രനാണ് നിങ്ങളെ സര്‍പ്പസത്രത്തില്‍ നിന്നും രക്ഷിക്കുക’. അങ്ങിനെയുണ്ടായ മുനികുമാരനാണ് ഈ ആസ്തികന്‍.

നാഗങ്ങള്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം മുനിയെക്കണ്ട് അദ്ദേഹത്തിനു കന്യാദാനം ചെയ്തു. ജരല്‍ക്കാരു പറഞ്ഞു: ‘ഞാനിവളെ എനിക്ക് തുല്യയായിത്തന്നെ അറിയുന്നു, ബഹുമാനിക്കുന്നു. ധര്‍മ്മപത്നിയയി സ്വീകരിക്കുന്നു. എന്നാല്‍ ഒരു നിബന്ധന വയ്ക്കുന്നു. എനിക്കപ്രിയമായി അവള്‍ എന്തെങ്കിലും ചെയ്‌താല്‍ അപ്പോള്‍ത്തന്നെ ഞാനവളെ ഉപേക്ഷിക്കും.’ കാട്ടില്‍ ഒരു നല്ല പര്‍ണ്ണശാലകെട്ടി ദമ്പതികള്‍ ക്രീഡാലോലരായി കഴിഞ്ഞു. ഒരുദിവസം ഊണ് കഴിഞ്ഞു മുനിയൊന്നു മയങ്ങി. സര്‍പ്പസുന്ദരി മുനിയുടെ അടുത്തിരുന്നു. ‘എന്നെ ഒരു കാരണവശാലും ഉണര്‍ത്തരുതെ’ന്നദ്ദേഹം ശട്ടം കെട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ സന്ധ്യാവന്ദനസമയമായി. ‘വിളിച്ചുണര്‍ത്തിയാല്‍ എന്നെ അദ്ദേഹം ഉപേക്ഷിക്കും. വിളിച്ചില്ലെങ്കില്‍ ധര്‍മ്മലോപം വരുകയും ചെയ്യും. ധര്‍മ്മനാശത്തിലും നല്ലത് വിരഹം തന്നെ.’ എന്ന് ചിന്തിച്ച് അവള്‍ മുനിയെ വിളിച്ചുണര്‍ത്തി. ‘എന്റെ വാക്കിനെ ധിക്കരിച്ച നിന്നെ ഞാനുപേക്ഷിക്കുന്നു  നിന്റെ ജ്യേഷ്ഠന്റെ അടുക്കലേക്ക് തിരിച്ചു പൊയ്ക്കൊള്ളുക’ എന്ന് മുനിയും പറഞ്ഞു. ‘പിന്നെയെന്തിനാണ് ജ്യേഷ്ടന്‍ എന്നെ അങ്ങേയ്ക്ക് നല്‍കിയത്? വിവാഹിതയായ ഞാന്‍ എന്നില്‍ ‘അത്’ ഇല്ലാതെ എങ്ങിനെ വീട്ടിലേയ്ക്ക് തിരിച്ചു പോകും?’ ‘അതുണ്ട്’ (അസ്തീതി) എന്ന് സന്തോഷത്തോടെ പറഞ്ഞു മുനി യാത്രയായി. വാസുകി ജ്യേഷ്ഠന്റെ ഭവനത്തില്‍ ചെന്നു. സഹോദരന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ‘അതുണ്ട്, എന്ന് അനുഗ്രഹിച്ചുകൊണ്ട് മുനി എന്നെവിട്ടു പോയി’. മുനിവാക്യം അസത്യമായി വരികയില്ല എന്നതിനാല്‍ സഹോദരന്‍ അവള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. വാസുകി ഗര്‍ഭിണിയായിരുന്നു.

വ്യാസന്‍ തുടര്‍ന്നു: അവള്‍ പ്രസവിച്ച കുമാരനാണ് ആസ്തികന്‍. ആ മഹാത്മാവ് അമ്മയുടെ കുലരക്ഷയ്ക്കായി സര്‍പ്പയജ്ഞം തടയുകയാണുണ്ടായത്. രാജാവേ അങ്ങ് ചെയ്തത് ഉചിതമായി. ആസ്തികനെ ആദരിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ അങ്ങ് സ്വീകരിച്ചുവല്ലോ. അങ്ങ് ഭാരത കഥ മുഴുവനും കേട്ടു. അനേക പുണ്യകര്‍മ്മങ്ങള്‍ ചെയ്തു. ഇതിക്കെയായിട്ടും അങ്ങയുടെ പിതൃക്കള്‍ക്ക്‌ സല്‍ഗതി വന്നില്ല! ഒരു കാര്യം ചെയ്യൂ. ഭക്തിപൂര്‍വ്വം അങ്ങൊരു ദേവീക്ഷേത്രം നിര്‍മ്മിക്കുക. സര്‍വ്വസിദ്ധിപ്രദമാണ് ദേവീപൂജ. കുലാഭിവൃദ്ധി, സുസ്ഥിരമായ രാജ്യം, എല്ലാം നല്‍കുന്ന അഭയവരദയായ ദേവിയുടെ കഥ ഞാന്‍ പറയാം. കേള്‍ക്കാന്‍ യോഗ്യമായി ഇതിനും മേലെ മറ്റൊന്നില്ല. ദേവിയുടെ ചരണാംബുജങ്ങള്‍ ഒഴികെ പൂജാര്‍ഹമായി മറ്റൊന്നുമില്ല. ആരുടെ ഹൃദയത്തിലാണോ ദേവി അധിവസിക്കുന്നത്  അവരുടെ ഭാഗ്യാതിരേകം എങ്ങിനെ വിവരിക്കും? അവരെക്കാള്‍ ബുദ്ധിയുള്ള ധന്യാത്മാക്കള്‍ ആരുണ്ട്‌? ആ ജഗജ്ജനനിയെ പൂജിക്കാതെയിരിക്കുന്നവര്‍ ദുഖത്തിനടിപ്പെടുന്നത് നാം കാണുന്നു. ബ്രഹ്മാദിദേവതകള്‍ക്ക് സമാരാദ്ധ്യയായ ദേവിയെ പൂജിക്കാന്‍ മനുഷ്യര്‍ക്ക് താല്പര്യമില്ലാതിരിക്കുമോ? വിഷ്ണുവിനോട്‌ ദേവിയുടെ ഉല്‍ക്കൃഷ്ടമായ കഥ പറഞ്ഞു കൊടുത്തത് ദേവി തന്നെയാണ്. ഇത് നിത്യവും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായാല്‍ എല്ലാ അഭീഷ്ടങ്ങളും സിദ്ധിക്കും. ഇത് കേട്ടാല്‍ നിനക്ക് മന:ശാന്തിയും നിന്റെ പിതാക്കള്‍ക്ക് സല്‍ഗതിയും ഉണ്ടാവും അവര്‍ക്ക് അനശ്വരമായ സ്വര്‍ഗ്ഗം പ്രാപ്യമാവും.

Thursday, November 26, 2015

ദിവസം 36. ശ്രീമദ്‌ ദേവീഭാഗവതം 2.11. സര്‍പ്പസത്രനിവാരണം

ദിവസം 36. ശ്രീമദ്‌ ദേവീഭാഗവതം 2.11. സര്‍പ്പസത്രനിവാരണം 

ഗത പ്രാണം തു രാജാനാം ബാലം പുത്രം സമീക്ഷ്യ ച
ചക്രുശ്ച മന്ത്രിണ: സര്‍വ്വേ പരലോകസ്യ സത്ക്രിയാ:
ഗംഗാതീരേ ദഗ്ധദേഹം ഭസ്മപ്രായം മഹീപതിം
അഗുരുഭിശ്ചാഭിയുക്തായാം ചിതായാമദ്ധ്യരോപയന്‍

സൂതന്‍ പറഞ്ഞു: രാജാവ് മരിച്ചു. അവകാശിയായ മകന്‍ ചെറിയ കുട്ടിയുമാണ്. അതിനാല്‍ മന്ത്രിമാരും മറ്റും ചേര്‍ന്ന് മരണാനന്തര കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു. വിഷമേറ്റ് ദഹിച്ചു ചാരമായി എങ്കിലും രാജാവിനെ ദേഹം ഗംഗാ തീരത്ത്‌ ചിത കൂട്ടിത്തന്നെ സംസ്കരിച്ചു. രാജാവിന് ദുര്‍മൃത്യുവാണുണ്ടായത്. പുരോഹിതന്മാര്‍ അതിന് അനുയോജ്യമായ മന്ത്രങ്ങള്‍ ചൊല്ലിയാണ് ക്രിയകള്‍ നടത്തിയത്. ബ്രാഹ്മണര്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. പൊന്നും പശുവും അന്നവും വസ്ത്രാദികളും ദാനം കിട്ടിയ ബ്രാഹ്മണര്‍ സന്തുഷ്ടരായി. കണ്ണിലുണ്ണിയായ കൊച്ചു രാജാവിനെ – ജനമേജയനെ നാട്ടുകാര്‍ തോളിലേറ്റി നടന്നു സിംഹാസനം നല്‍കി. രാജാവായി വാഴിച്ചു. രാജ്യകാര്യങ്ങള്‍ ചെറുപ്രായത്തിലേ തന്നെ വളര്‍ത്തമ്മ അദ്ദേഹത്തെ പഠിപ്പിച്ചു. പതിനൊന്നു വയസ്സായപ്പോള്‍ കുലപുരോഹിതനായ ഗുരുവിന്റെയടുക്കല്‍നിന്ന് അദ്ദേഹം ഔപചാരികമായ വിദ്യകള്‍ അഭ്യസിച്ചു. കൃപാചാര്യന്‍ ജനമേജയനെ ധനുവേദം അഭ്യസിപ്പിച്ചു. ദ്രോണര്‍ അര്‍ജ്ജുനനെന്നവണ്ണം, ഭാര്‍ഗ്ഗവരാമന്‍ കര്‍ണ്ണനെന്നവണ്ണം ഗുരു ശിഷ്യന് തന്റെ അറിവുകള്‍ എല്ലാം പകര്‍ന്നു നല്‍കി. എല്ലാ വിദ്യകളും അഭ്യസിച്ച രാജകുമാരന്‍ കാലക്രമത്തില്‍ ബലവാനും ജ്ഞാനിയും ആയിത്തീര്‍ന്നു. ശാസ്ത്രങ്ങളുടെ ഉള്ളറിഞ്ഞ ധര്‍മ്മപുത്രനെപ്പോലെ അദ്ദേഹം രാജ്യഭാരം കയ്യാളി.

കാശിരാജാവായ സുവര്‍ണ്ണവര്‍മ്മാവ് തന്റെ വപുഷ്ടമ എന്ന് പേരായ പുത്രിയെ രാജാവിന് വിവാഹം ചെയ്തു കൊടുത്തു. അര്‍ജ്ജുനനന്‍ സുഭദ്രയെ നേടി സന്തുഷ്ടനായതുപോലെ, വിചിത്രവീര്യന്‍ കാശിരാജപുത്രിയെ ലഭിച്ചു വിഹരിച്ചതുപോലെ രാജാവ് മണവാട്ടിയുമായി ക്രീഡിച്ചു രസിച്ചു വാണു. രാജഭരണത്തില്‍ പ്രജകള്‍ക്കും ആകെ സംതൃപ്തിയായിരുന്നു. ഉത്തമരായ മന്ത്രിമാരുടെ സഹായത്തോടെ ജനമേജയന്‍ രാജ്യം ഭരിച്ചു. അക്കാലത്ത് ഉത്തങ്കന്‍ എന്ന് പേരായ ഒരു മുനി തക്ഷകന്റെ ദ്രോഹത്തില്‍ വലഞ്ഞ് ഹസ്തിനാപുരത്തെത്തി. തക്ഷകനെ എതിരിടാന്‍ കഴിവുള്ള ആരാണിവിടെയുള്ളതെന്നു ചിന്തിച്ച് അയാള്‍ രാജാവിനെ കണ്ടു. ‘അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ വേറുതേയിങ്ങിനെ അലസനായി നടക്കുകയാണ്. വൈരവും ഉല്‍സാഹവുമില്ലാതെയും നയതന്ത്രജ്ഞത തൊട്ട് തീണ്ടാതെയും രാജ്യം ഭരിക്കുന്നു. !   കുട്ടികളെപ്പോലെ അങ്ങേയ്ക്ക് എല്ലാമൊരു കളിമാത്രം. കഷ്ടം!

അപ്പോള്‍ ജനമേജയന്‍ പറഞ്ഞു: ‘എന്താണ് വൈരമെന്ന് എനിക്കറിയില്ല. അങ്ങ് പറഞ്ഞു തന്നാലും’. ‘അങ്ങ് മന്ത്രിമാരോട് ചോദിക്കൂ അങ്ങയുടെ അച്ഛന്‍ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന്! ദുഷ്ടനായ തക്ഷകനാണ് അദ്ദേഹത്തെ കൊന്നത്.’ എന്നായി ഉത്തങ്കന്‍. രാജാവ് മന്ത്രിമാരുടെ പക്കല്‍ നിന്നും തന്റെ പിതാവിനെ മൃത്യുകാരണം മനസ്സിലാക്കി. മുനി ശാപകഥയും തക്ഷകദംശനവൃത്താന്തവും മനസ്സിലാക്കിയ രാജാവ് ഉത്തങ്കനോടു പറഞ്ഞു:’മുനി ശാപമല്ലേ മരണ കാരണം? അതില്‍ തക്ഷകന്‍ എന്ത് പിഴച്ചു?’

ഉത്തങ്കന്‍ പറഞ്ഞു: 'ധനം നല്‍കി കശ്യപനെ തക്ഷകന്‍ പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ രാജാവ് രക്ഷപ്പെടുമായിരുന്നു. അങ്ങയുടെ അച്ഛനെ കൊന്നവന്‍ അങ്ങയുടെ ശത്രുവല്ലേ? പണ്ട് രുരുവിന്റെ ഭാര്യയാകാന്‍ പോകുന്നവളെ സര്‍പ്പം കടിച്ചു. അവള്‍ മരിച്ചു. എന്നാല്‍ രുരു അവളെ പുനര്‍ജീവിപ്പിച്ചു. അന്നദ്ദേഹം ‘കാണുന്ന സര്‍പ്പങ്ങളെയെല്ലാം ഞാന്‍ വധിക്കും’ എന്നൊരു പ്രതിജ്ഞയെടുത്തു. കയ്യില്‍ ആയുധമേന്തി കണ്ണില്‍ക്കണ്ട സര്‍പ്പങ്ങളെയെല്ലാം കൊന്നൊടുക്കി രുരു അങ്ങിനെ ചുറ്റി നടന്നു. ഒരിക്കല്‍ ജരബാധിച്ച ഒരു ചേരപ്പാമ്പിനെ കൊല്ലാനൊരുങ്ങവേ സര്‍പ്പം ചോദിച്ചു: ‘ഞാനങ്ങേയ്ക്ക് ദ്രോഹമോന്നും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്നെയെന്തിനാണ് കൊല്ലുന്നത്?. ‘സര്‍പ്പം കടിച്ച് എന്റെ പ്രിയതമ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കുമെന്ന് അന്ന് ഞാന്‍ സങ്കടത്തോടെ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.’ ‘ഞാന്‍ ആരെയും കടിക്കാത്ത വിഷമില്ലാത്ത പാമ്പാണ്. സാമ്യം കൊണ്ട് മാത്രം മറ്റു സര്‍പ്പങ്ങളെപ്പോലെ എന്നെ കണക്കാക്കരുത്.’ എന്നിങ്ങിനെ മനുഷ്യനെപ്പോലെ സംസാരിക്കുന്ന പാമ്പിനോട് രുരു ചോദിച്ചു:’ നീയാരാണ്? എങ്ങിനെയാണ് പാമ്പായിത്തീര്‍ന്നത്? അപ്പോള്‍ സര്‍പ്പം പറഞ്ഞു: ;ഞാനൊരു ബ്രാഹ്മണനായിരുന്നു. എനിക്ക് ഉത്തമനായ ഒരു സ്നേഹിതനുണ്ടായിരുന്നു. ഖഗമന്‍. അവനെ ഞാന്‍ തമാശക്ക് പുല്ലുകൊണ്ടുള്ള ഒരു പാമ്പിനെയുണ്ടാക്കി പേടിപ്പിച്ചു. പേടിച്ചു വിറച്ച അവന്‍ എന്നെ ശപിച്ചു – ‘നീയൊരു പാമ്പായിപ്പോകട്ടെ’ എന്ന്. പേടിയും ദേഷ്യവും പോയപ്പോള്‍ ആ ബ്രാഹ്മണന്‍ എന്നോടു പറഞ്ഞു: ’പ്രമതിയുടെ പുത്രനായ രുരു ഒരിക്കല്‍ നിന്നെ ശാപമോചിതനാക്കും’. ഞാന്‍ ആ സര്‍പ്പവും അങ്ങ് രുരുവുമാണ്. എന്റെ വാക്ക് സത്യമാണ്. ബ്രാഹ്മണര്‍ക്ക് അഹിംസയാണ് ഉചിതം. എല്ലാവരോടും കൃപ കാണിക്കുന്നത് ബ്രാഹ്മണലക്ഷണമാണ്. യജ്ഞത്തില്‍ മാത്രമേ ഹിംസ അനുവദിച്ചിട്ടുള്ളൂ.

ഉത്തങ്കന്‍ പറഞ്ഞു:സര്‍പ്പം പെട്ടെന്ന് മനുഷ്യദേഹം കൈക്കൊണ്ടു. രുരു ഹിംസയെല്ലാം ഉപേക്ഷിച്ചു. തന്റെ പ്രിയയെ വിവാഹം ചെയ്തു ജീവിച്ചു. രുരു ഇങ്ങിനെയാണ്‌ തന്റെ പക തീര്‍ത്തത്. അങ്ങാണെങ്കില്‍ പിതൃഘാതകരായ സര്‍പ്പങ്ങളില്‍ വൈരമൊന്നുമില്ലാതെ കഴിയുന്നു. അങ്ങയുടെ  അച്ഛന് ദുര്‍മരണമാണുണ്ടായത്. സ്നാനദാനാദികള്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല, സല്‍ഗതി കിട്ടാതെ മരിച്ച അദ്ദേഹത്തെ ഉദ്ധരിക്കാന്‍ സര്‍പ്പങ്ങളെ സംഹരിക്കുകയേ വഴിയുള്ളൂ. അച്ഛനോടുള്ള ചതിക്ക് പകരം ചോദിക്കാത്ത മകന്‍ ചത്തതിനു തുല്യം!

സൂതന്‍ പറഞ്ഞു: ഉത്തങ്കന്റെ വാക്കുകള്‍ കേട്ട് തന്റെ ദുര്‍ബുദ്ധിയില്‍ ജനമേജയന്‍ കുറ്റബോധത്തോടെ കണ്ണീരൊഴുക്കി. 'അച്ഛന്‍ സര്‍പ്പദംശമേറ്റ് മരിച്ചു പരഗതിയില്ലാതെ നില്‍ക്കുമ്പോള്‍ ഞാനിവിടെ രാജാവായി ഞെളിഞ്ഞിരിക്കുന്നത് എത്ര നിന്ദ്യം. ഞാനിന്നുതന്നെ സര്‍പ്പങ്ങളെ എരിതീയില്‍ ഹോമിക്കും!' എന്ന് പറഞ്ഞ് രാജാവ് മന്ത്രിമാരോട് സര്‍പ്പഹോമത്തിനുള്ള യജ്ഞസംഭാരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ‘ഗംഗാ തീരത്ത് നൂറുകാല്‍ മണ്ഡപം തീര്‍ക്കണം. യജ്ഞമണ്ഡപം നന്നായി വിപുലമായിത്തന്നെ ഒരുക്കണം. യജ്ഞപശു തക്ഷകന്‍. ഹോതാവ് ഉത്തങ്കമുനി. എത്രയും പെട്ടെന്ന് മന്ത്രവിദഗ്ധരായ ബ്രാഹ്മണരെ വിളിച്ചു വരുത്തുക.’ യജ്ഞം സമാരംഭിച്ചു. ആ സമയത്ത് സര്‍പ്പസത്രത്താല്‍ പീഢിതനായ തക്ഷകന്‍ ദേവേന്ദ്രനെ സമീപിച്ചു തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. ‘പേടിക്കണ്ട’ എന്ന് പറഞ്ഞ് ഇന്ദ്രന്‍ തക്ഷകന് അഭയം നല്‍കി.

ഇന്ദ്രന്‍ തക്ഷകന് അഭയം നല്കിയതറിഞ്ഞ മുനി ദേവേന്ദ്രനെയും ആവാഹിച്ചു വരുത്തി. തക്ഷകന്‍ അപ്പോള്‍ ജരല്‍ക്കാരുവിന്റെ മകനായ ആസ്തീകനെ സ്മരിച്ചു. ആസ്തീകന്‍ രാജാവിനെ വാഴ്ത്തി സ്തുതിച്ചു. പണ്ഡിതനായ ബ്രാഹ്മണനെ രാജാവ് യതാവിഥി ബഹുമാനിച്ചു. അപ്പോള്‍ ആസ്തികന്‍ രാജാവിനോട് പറഞ്ഞു: ‘രാജാവേ, ഈ യജ്ഞം അവസാനിപ്പിക്കുക’. ആസ്തികന്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സത്യവാനായ രാജാവ് യജ്ഞം അവസാനിപ്പിച്ചു. അപ്പോള്‍ വൈശമ്പായനന്‍ രാജാവിന് മഹാഭാരതം കഥ മുഴുവനും പറഞ്ഞുകൊടുത്തു. കഥ മുഴുവന്‍ കേട്ടിട്ടും രാജാവിന്റെ മനസ്സടങ്ങിയില്ല. ‘മന:ശാന്തിക്ക് ഞാനെന്താണ് ചെയ്യേണ്ടത്?’ എന്നദ്ദേഹം വ്യാസനോടു ചോദിച്ചു. ‘ഉത്തരയുടെ പുത്രനായ എന്റെ അച്ഛന്‍ മരിച്ചത് ക്ഷത്രിയോചിതമായി ഒരു പോരിലല്ല. ആകാശത്ത് മാളികമുകളില്‍ വച്ച് ദുര്‍മരണമടഞ്ഞ അദ്ദേഹത്തിനു സല്‍ഗതി കിട്ടാനുള്ള ഉപായമെന്തെന്ന് എന്നെ ഉപദേശിച്ചാലും’ 

Wednesday, November 25, 2015

ദിവസം 35. ശ്രീമദ്‌ ദേവീഭാഗവതം. 2.10. പരീക്ഷിത്തിന്‍റെ മരണം

ദിവസം 35. ശ്രീമദ്‌ ദേവീഭാഗവതം. 2.10. പരീക്ഷിത്തിന്‍റെ മരണം

തസ്മിന്നേവ ദിനേ നാമ്നാ തക്ഷകസ്തം നൃപോത്തമം
ശപ്തം ജ്ഞാത്വാ ഗൃഹാത്തൂര്‍ണ്ണം നി:സൃത:പുരുഷോത്തമാ:
വൃദ്ധബ്രാഹ്മണ വേഷേണ തക്ഷക:പഥി നിര്‍ഗ്ഗത:
അപശ്യത്കശ്യപം മാര്‍ഗ്ഗേ വ്രജന്തം നൃപതിം പ്രതി:

സൂതന്‍ തുടര്‍ന്നു: പരീക്ഷിത്തിന്‍റെ ശാപവൃത്താന്തം കേട്ട തക്ഷകന്‍ തന്‍റെ കര്‍ത്തവ്യനിര്‍വ്വഹണത്തിനായി പുറപ്പെട്ടു. വൃദ്ധനായ ഒരു ബ്രാഹ്മണന്‍റെ വേഷത്തില്‍ നടന്ന തക്ഷകന്‍ വഴിക്ക് വച്ച് മന്ത്രവാദിയായ കശ്യപനെ കണ്ടു. അദ്ദേഹം രാജാവിനെ മുഖം കാണിക്കാന്‍ പോവുകയാണ്. ‘അങ്ങെങ്ങോട്ടാണ് ഇത്ര തിടുക്കപ്പെട്ടു പോവുന്നതെന്ന്’ ചോദിച്ചപ്പോള്‍ രാജാവിനെ തക്ഷകദംശനത്തില്‍ നിന്നും രക്ഷിക്കാനാണ് പോകുന്നതെന്ന് കശ്യപന്‍ മറുപടിയും പറഞ്ഞു. ‘വിഷം നശിപ്പിക്കാനുള്ള മന്ത്രം എന്‍റെ കയ്യിലുള്ളതിനാല്‍ ആയുസ്സുണ്ടെങ്കില്‍ രാജാവിനെ രക്ഷിക്കാന്‍ എനിക്ക് കഴിയും.’

അപ്പോള്‍ തക്ഷകന്‍ പറഞ്ഞു: ‘ഞാനാണ് ആ രാജാവിനെ ദംശിക്കാന്‍ പോവുന്ന തക്ഷകന്‍. അങ്ങേയ്ക്ക് അത്രയ്ക്ക് മന്ത്രബലമുണ്ടെങ്കില്‍ എനിക്കതൊന്നു കാണണം എന്നുണ്ട്.’ എന്ന് പറഞ്ഞു തക്ഷകന്‍ അടുത്തുള്ള ഒരു വൃക്ഷത്തെ തന്നിലെ വിഷജ്വാലകൊണ്ട് ഭസ്മമാക്കി. ഉടനെതന്നെ കശ്യപന്‍ ജലമെടുത്ത് മന്ത്രം ജപിച്ച് തളിച്ചപ്പോള്‍ വൃക്ഷം പൂര്‍വ്വസ്ഥിതിയെ പ്രാപിച്ചു. കശ്യപന്‍റെ ശക്തി ബോദ്ധ്യമായ തക്ഷകന്‍ ബ്രാഹ്മണനെ അനുനയിപ്പിച്ചു. ‘അങ്ങേയ്ക്ക് എന്താണ് വേണ്ടത്?’ എന്ന് ചോദിച്ചപ്പോള്‍ തന്‍റെ വിദ്യകൊണ്ട് ധനം നേടുകയാണ്‌ ഉദ്ദേശം എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ തക്ഷകന്‍ പറഞ്ഞു: ‘അങ്ങേയ്ക്ക് രാജാവില്‍ നിന്നും കിട്ടാവുന്ന ധനം ഞാനിപ്പോള്‍ തരാം. അങ്ങ് കൊട്ടാരത്തിലേയ്ക്കുള്ള യാത്രയില്‍ നിന്നും പിന്‍ വാങ്ങണം.’

'രാജാവിനെ രക്ഷിക്കാതെ ധനം മോഹിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നത് ഉചിതമല്ല. കീര്‍ത്തികരമല്ല അത്. എന്നാല്‍ രാജാവിനെ ജീവിപ്പിക്കുകയാണെങ്കില്‍ അതിന്‍റെ കീര്‍ത്തി എന്നുമെന്നും നിലനില്‍ക്കും. കീര്‍ത്തിക്കായി പണ്ടുള്ളവര്‍ എന്തെല്ലാം ചെയ്തിരിക്കുന്നു! രഘു തന്‍റെ സര്‍വ്വസ്വവും മുനിക്ക് നല്‍കിയത് കീര്‍ത്തിക്കായാണ്. ഹരിശ്ചന്ദ്രന്‍, കര്‍ണ്ണന്‍ തുടങ്ങിയവരും കീര്‍ത്തിക്കായി എന്തെല്ലാം ഉപേക്ഷിച്ചു! വിഷത്തീയില്‍ ഒടുങ്ങാന്‍ പോകുന്ന രാജാവിനെ എങ്ങിനെ ഞാന്‍ ഉപേക്ഷിക്കും? രാജാവ് മരിച്ചാല്‍ പ്രജകള്‍ക്കാണ് നഷ്ടം. എനിക്ക് പാപവും ധനമോഹിയെന്ന ദുഷ്കീര്‍ത്തിയും ഉണ്ടാകും.' എന്നെല്ലാം ആലോചിച്ചു നില്‍ക്കവേ കശ്യപന്‍ മനക്കണക്കിലൂടെ രാജാവിന്‍റെ ആയുസ്സ് തീരാന്‍ സമയം അധികമില്ലെന്ന് മനസ്സിലാക്കി. ഏതായാലും രാജാവിന് ആയുസ്സില്ല, എങ്കില്‍പ്പിന്നെ തക്ഷകന്‍റെ ധനം സ്വീകരിക്കുക തന്നെ എന്ന് തീരുമാനിച്ചു പണവും വാങ്ങി അദ്ദേഹം സ്വഗൃഹം പൂകി.

അങ്ങിനെ കശ്യപനെ യാത്രയാക്കി തക്ഷകന്‍ ഹസ്തിനാപുരിയിലെത്തി. ഏഴാം ദിവസം. മണിമന്ത്രൌഷധാദികളാല്‍ പരിരക്ഷിക്കപ്പെട്ട രാജാവ് മാളികപ്പുറത്തു കഴിയുന്നു. ‘പാപിയായ ഈ രാജാവിനെ എങ്ങിനെയാണ് വഞ്ചിക്കുക ? അത് സമയത്തിനു സംഭവിച്ചില്ലെങ്കില്‍ എനിക്കും ശാപം വന്നുചേരും. ഈ രാജാവ് പാപി തന്നെയാണ്. ആരാണ്  ചത്തൊരു പാമ്പിനെ താപസന്‍റെ മേലിടാന്‍ തുനിയുക? നികൃഷ്ടകര്‍മ്മം ചെയ്തിട്ട് മരണത്തെ വഞ്ചിക്കാനായി മാളികമുകളില്‍ കയറി ഇരിക്കുകയാണ് മന്നവന്‍. എന്നാല്‍ വിധിവിഹിതം മാറ്റാന്‍ കോടി യത്നങ്ങള്‍ ചെയ്താലും സാധിക്കുമോ? അര്‍ജുനന്‍റെ പൌത്രനായ ഇവന്‍ മൃത്യു ഉറപ്പാണെന്ന് മനസ്സിലാക്കിയിട്ടും ജീവിക്കാനുള്ള ഇച്ഛയില്‍ ഒരു കുലക്കവുമില്ലാതെ മാളികപ്പുറത്തു വിരാജിക്കുന്നു. ഈ സമയത്ത് ദാനാദി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുകയാണ് രാജാവിന് ഹിതം. അല്ലെങ്കില്‍ മരണാനന്തരം ഗതി കിട്ടുന്നതെങ്ങിനെ? മുനിദ്രോഹം ചെയ്ത പാപം കൂടാതെ വിപ്രകുമാരന്‍റെ ശാപവും ഈ രാജാവിനെ ബാധിക്കും എന്നത് നിശ്ചയം. ഇയാള്‍ക്ക് ഈ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ ഒരുത്തമ ബ്രാഹ്മണന്‍ കൂടെയില്ലാതെപോയി. രാജാവിന്‍റെ മൃത്യു അനിവാര്യമായ ഒന്നാണ്.’ 

ഇങ്ങിനെ ചിന്തിച്ചു തക്ഷകന്‍ കൂടെയുള്ള സര്‍പ്പങ്ങളെ മുനിവേഷം ധരിപ്പിച്ചു. രാജാവിന് കാഴ്ചവയ്ക്കാന്‍ ഫലമൂലങ്ങളുമായാണ് മുനിമാര്‍ കൊട്ടാരത്തില്‍ എത്തിയത്. വേദമന്ത്രങ്ങള്‍ കൊണ്ട് പാര്‍ത്ഥപൌത്രനെ വാഴ്ത്താനും അനുഗ്രഹിക്കാനും വന്നവരാണ് തങ്ങള്‍ എന്ന് കേട്ട കാവല്‍ക്കാര്‍ മുനിമാരെ തടഞ്ഞു. രാജകല്‍പ്പന മാനിച്ച് അവര്‍ പറഞ്ഞു, ‘ഇന്നിനി നിങ്ങള്‍ക്ക് രാജാവിനെ കാണാന്‍ സാധിക്കില്ല. നാളെ നിങ്ങള്‍ കൊട്ടാരത്തിലേയ്ക്ക് വന്നു കൊള്ളൂ’. ഇപ്പോള്‍ എതായാലും രാജാവിനെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ ‘മുനിമാര്‍’ അവര്‍ ഫലമൂലാദികളുമായി എത്തിയവിവരം രാജാവിനെ അറിയിക്കാനാവശ്യപ്പെട്ടു. രാജാവ് കാവല്‍ക്കാരോട്‌ മുനിമാര്‍ കൊണ്ടുവന്ന ഫലമൂലങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചു. താപസന്മാരോട് തന്‍റെ ആദരവറിയിക്കാനും രാജാവ് കല്‍പ്പിച്ചു.

കാവല്‍ക്കാര്‍ പഴങ്ങള്‍ രാജാവിന് സമര്‍പ്പിച്ചു. വിപ്രവേഷത്തില്‍ വന്ന നാഗന്മാര്‍ അവിടം വിട്ടു പോവുകയും ചെയ്തു. രാജാവ് കൂടെയുള്ളവര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തശേഷം ഒരെണ്ണം താനുമെടുത്തു. ‘ബ്രാഹ്മണര്‍ക്ക് കൊടുത്തിട്ട് ഭുജിക്കുന്നത് ശ്രേഷ്ഠം തന്നെ’ എന്നൊരു പഴമൊഴിയും രാജാവ് പറഞ്ഞു. തന്‍റെ കയ്യില്‍ക്കിട്ടിയ പഴം രാജാവ് സ്വയം മുറിച്ചു. മുറിച്ച പഴത്തില്‍ അണുവലുപ്പത്തില്‍ ഒരു കൃമിയുണ്ടായിരുന്നു. കറുത്ത കണ്ണും ചുവന്ന നിറവുമുള്ള അതിനെക്കണ്ട് സചിവന്മാര്‍ വിസ്മയിച്ചു. അപ്പോള്‍ സൂര്യാസ്തമയം ആയിരുന്നു. സൂര്യനസ്തമിക്കാന്‍ പോകുന്ന ഈ നേരത്ത് എനിക്ക് വിഷഭീതിയില്ല. മുനികുമാരന്‍റെ ശാപം ഞാനിതാ സ്വീകരിക്കുന്നു. ഇതെന്നെ കടിച്ചുകൊള്ളട്ടെ’. എന്നുപറഞ്ഞു  രാജാവ് ആ കൃമിയെ കൈകൊണ്ടെടുത്ത് കഴുത്തില്‍ വെച്ചു. തല്‍ക്ഷണം ആ കൃമി വളര്‍ന്നു ഭീമാകാരം പൂണ്ടു തക്ഷകനായി. സൂര്യന്‍ അസ്തമിക്കെ, സര്‍പ്പം രാജാവിനെ ചുറ്റിവരിഞ്ഞു ദംശിച്ചു. മന്ത്രിമാര്‍ക്ക് ദുഖത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കാവല്‍ക്കാര്‍ പേടിച്ചോടി. എല്ലാടത്തും ഹാഹാ.. വിളികള്‍ മുഴങ്ങി. സര്‍പ്പത്താല്‍ ചുറ്റിവരിഞ്ഞു പൌരുഷം നഷ്ടപ്പെട്ട രാജാവിന്‍റെ മനസ്സിളകിയില്ല. പാമ്പിന്‍റെ വായില്‍ നിന്നും വമിച്ച തീജ്വാല രാജാവിനെ ഭസ്മമാക്കി. ജീവന്‍ ഉടലില്‍ നിന്നും വേര്‍പെട്ടു. രാജാവിനെ കൊന്ന ശേഷം തക്ഷകന്‍ ആകാശത്തേയ്ക്ക് പോങ്ങിപ്പോകുന്ന ഭീകര ദൃശ്യം നാട്ടുകാര്‍ പലരും കണ്ടു. രാജാവിന്‍റെ മരണമറിഞ്ഞ് ജനങ്ങള്‍ വാവിട്ടു കരഞ്ഞു.


Tuesday, November 24, 2015

ദിവസം 34. ശ്രീമദ്‌ ദേവീഭാഗവതം. 2. 9. രുരുവിവാഹം

ദിവസം 34. ശ്രീമദ്‌ ദേവീഭാഗവതം. 2. 9. രുരുവിവാഹം

കാമാര്‍ത്ത: സ മുനിര്‍ഗത്വാ രുരു: സുപ്തോ നിജാശ്രമേ
പിതാ പപ്രച്ഛ ദീനം തം കിം രുരോ വിമനാ അസി
സ തമാഹാതി കാമാര്‍ത്ത: സ്ഥൂലകേശസ്യ ചാശ്രമേ
കന്യാ പ്രമദ്വരാ നാമ സാ മേ ഭാര്യാ ഭവേദിതി

പരീക്ഷിത്ത് തുടര്‍ന്നു: മകന്‍ കാമപാരവശ്യത്തോടെ വിഷണ്ണനായി കിടക്കുന്നത് കണ്ട് രുരുവിനോട് അച്ഛന്‍ കാരണം അന്വേഷിച്ചു. ‘സ്ഥൂലകേശന്‍റെ മകളായ പ്രമദ്വരയെന്ന കന്യകയെ എനിക്ക് പത്നിയായി ലഭിക്കാതെ എന്‍റെ ഈ ആകുലത അവസാനിക്കുകയില്ല’ എന്നായിരുന്നു രുരുവിന്‍റെ ഉത്തരം. പ്രമതി സ്ഥൂലകേശനെ സമീപിച്ച് കന്യകയെ തന്‍റെ പുത്രനായി തരണമെന്നഭ്യര്‍ത്ഥിച്ചു. വിവാഹത്തിനുള്ള ശുഭ മുഹൂര്‍ത്തത്തിനായി അവര്‍ കാത്തിരുന്നു. വേളിക്കായുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ട് പ്രമതിയും സ്ഥൂലകേശനും അടുത്തടുത്ത പര്‍ണ്ണശാലകളില്‍ വസിക്കുകയും ചെയ്തു.

അങ്ങിനെ മംഗള മുഹൂര്‍ത്തം കാത്തു കഴിയവേ പ്രമദ്വര  ഒരിക്കല്‍ മുറ്റത്ത് ഉറങ്ങിക്കിടന്ന ഒരു പാമ്പിനെ ചവിട്ടാന്‍ ഇടയായി. ആ സര്‍പ്പം അവളെ ദംശിക്കുകയും ഉടനെ മരണം സംഭവിക്കുകയും ചെയ്തു. മുനിമാര്‍ എല്ലാവരും ശോകഗ്രസ്തരായി നിലവിളിച്ചു. സ്ഥൂലകേശനും, രുരുവും ദുഃഖം സഹിയാതെ പൊട്ടിക്കരഞ്ഞു. ‘എന്‍റെ സുഖത്തെ നശിപ്പിക്കാനായി ആരാണീ സര്‍പ്പത്തെ ഇപ്പോള്‍ ഇവിടെ വരുത്തിയത്? ഇവളെ വെടിഞ്ഞുള്ള ഒരു ജീവിതം എനിക്ക് വേണ്ട. ഇവളെ ഒന്നു പുണരാനോ ചുംബിക്കാണോ എനിക്ക് കഴിഞ്ഞില്ല. അവളുടെ കൈ പിടിക്കുംമുന്‍പ്, ലാജാഹോമം ചെയ്യും മുന്പ് അവളെ മരണം കവര്‍ന്നിരിക്കുന്നു. ഞാനും അവള്‍ക്കൊപ്പം ജീവനൊടുക്കും. എത്ര നിന്ദ്യമാണ് മനുഷ്യന്‍റെ ആശകള്‍! ഇപ്പോള്‍ത്തന്നെ എന്‍റെ പ്രാണന്‍ പോകട്ടെ. കഷ്ടം ദുഖിതന്‍ വേണമെന്ന് വിചാരിച്ചാല്‍പ്പോലും പ്രാണന്‍ അവനെ വിട്ടുപോകുന്നില്ല. ഇനിയീ ഭൂമിയിലെ സുഖം എനിക്കെങ്ങിനെ അനുഭവിക്കാനാവും? ഞാന്‍ കടലില്‍ ചാടിയോ അഗ്നിയില്‍ എരിഞ്ഞോ മരിക്കാന്‍  പോവുന്നു. അല്ലെങ്കില്‍ വിഷം കുടിക്കും അതുമല്ലെങ്കില്‍ ഞാന്‍ കയറെടുക്കും. അപ്പോഴും എന്നില്‍ ഒരു സംശയം ബാക്കിയാണ്. ആത്മഹത്യ ചെയ്തവന് ഗതി കിട്ടുമോ? ഞാന്‍ പോയാല്‍ മാതാപിതാക്കള്‍ ദുഖിക്കും. മറ്റുള്ളവരും ദൈവവും സന്തോഷിക്കുമായിരിക്കും. പക്ഷേ എന്‍റെ പ്രിയതമയ്ക്ക് അതില്‍ എന്താണൊരു നേട്ടം? ആത്മഹത്യ ചെയ്‌താല്‍ എനിക്ക് പരലോകത്ത് പോലും ആ പ്രിയതമയെ ലഭിക്കില്ല.’ 

ഒടുവില്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്നത് തന്നെയെന്നു നിശ്ചയിച്ച് രുരു കുളിച്ചു ശുദ്ധമായി വന്നു. “ഞാന്‍ സുകൃതം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഞാനിതുവരെ അനുഷ്ടിച്ച ജപഹോമപൂജാദികള്‍ ഭക്തിപൂര്‍വ്വം ചെയ്യപ്പെട്ടവയാണെങ്കില്‍, ഞാന്‍ സൂര്യദേവനെ ഗായത്രി ജപത്താല്‍ ഇതുവരെ അര്‍ച്ചിച്ചതില്‍ കളങ്കലേശമില്ലെങ്കില്‍ എന്‍റെ പ്രിയ ഇപ്പോള്‍ ജീവനോടെ എഴുന്നേല്‍ക്കട്ടെ, അല്ലെങ്കില്‍ ആ ക്ഷണം ഞാനെന്‍റെ പ്രാണന്‍ ത്യജിക്കും’ എന്ന് പറഞ്ഞ് ധ്യാനനിരതനായി രുരു കയ്യിലിരുന്ന ജലമെടുത്ത് കുടഞ്ഞു.

ഇങ്ങിനെ വിരഹതാപത്താല്‍ ഉരുകുന്ന രുരുവിന്‍റെ മുന്നില്‍ ഒരു ദേവദൂതന്‍ വന്ന് ഇങ്ങിനെ  പറഞ്ഞു: 'സാഹസമരുത് മുനികുമാരാ, മരിച്ചവള്‍ എങ്ങിനെ ജീവിക്കാനാണ്? ഈ ദേവനാരിയുടെ ആയുസ്സ് തീര്‍ന്നുപോയി. അങ്ങിനി മറ്റൊരു നാരിയെ വേള്‍ക്കുകയെ നിവൃത്തിയുള്ളു. വെറുതെ കരഞ്ഞിട്ടു കാര്യമില്ല. അങ്ങേയ്ക്ക് ഇവളില്‍ ഇത്രയ്ക്ക് പ്രീതി തോന്നാന്‍ എന്താണ് കാരണം?'

‘ഇവള്‍ അല്ലാതെ മറ്റൊരുവളെ വരിക്കാന്‍ എനിക്കാവില്ല. ഇവള്‍ക്ക് ജീവനുണര്‍ന്നില്ലെങ്കില്‍ എന്‍റെ മാര്‍ഗ്ഗം മരണം മാത്രമാണ്.' അപ്പോള്‍ ദേവദൂതന്‍ രുരുവിനായി ഒരുപായം പറഞ്ഞു കൊടുത്തു. ‘ദേവന്മാര്‍ പണ്ട് കല്‍പ്പിച്ച ഒരു വിദ്യയാണിത്. നിന്‍റെ ആയുസ്സിന്‍റെ പകുതി ഇവള്‍ക്ക് നല്‍കിയാല്‍ ഇവളെ വീണ്ടും ജീവിപ്പിക്കാന്‍ സാധിക്കും.’

'തീര്‍ച്ചയായും ഞാനവള്‍ക്ക് എന്‍റെ ആയുസ്സിന്‍റെ പകുതി നല്‍കാം. എന്‍റെ പ്രിയ ജീവനോടെ എഴുന്നേല്‍ക്കട്ടെ!' ആ സമയം തന്‍റെ മകള്‍ മരിച്ചുവെന്നറിഞ്ഞ വിശ്വാവസു വിമാനമാര്‍ഗ്ഗം അവിടെയെത്തിച്ചേര്‍ന്നു. തന്‍റെ പുത്രിയായ പ്രമദ്വരയെ ജീവിപ്പിക്കണമെന്ന് അദ്ദേഹം യമധര്‍മ്മരാജനോടഭ്യര്‍ത്ഥിച്ചു. ‘ധര്‍മ്മരാജന്‍, രുരുകാമിനിയായ പ്രമദ്വര പാമ്പിന്‍ കടിയേറ്റു മരിച്ചിരിക്കുന്നു. അവളുടെ കാമുകന്‍ രുരു തന്‍റെ അര്‍ദ്ധായുസ്സ് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നു. അങ്ങയുടെ പ്രഭാവം കൊണ്ട് അവളില്‍ ജീവന്‍ അങ്കുരിപ്പിച്ചാലും’.  'അങ്ങിനെയാകട്ടെ' എന്ന് ധര്‍മ്മരാജന്‍ അനുഗ്രഹിച്ചു. പ്രമദ്വരയെ ദേവദൂതന്‍ ജീവിപ്പിച്ചു. രുരു അവളെ വിധിപൂര്‍വ്വകം വേളി കഴിച്ചു.

പരീക്ഷിത്ത് തുടര്‍ന്നു: അങ്ങിനെ മണി-മന്ത്ര-ഔഷധങ്ങളാലും ഉപായമാര്‍ഗ്ഗങ്ങള്‍ കൊണ്ടും പ്രാണരക്ഷചെയ്ത പൂര്‍വ്വ സംഭവങ്ങള്‍ ഉണ്ട്. ഇങ്ങിനെ മന്ത്രിമാരോട് പറഞ്ഞു രാജാവ് പള്ളിയറയ്ക്ക് ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി. ഏഴു നിലയുള്ള മാളികയുടെ മുകളില്‍ സചിവന്മാരോടൊപ്പം രാജാവ് താമസം തുടങ്ങി. കാവലിനായി മണിമന്ത്ര വിദ്യകള്‍ അറിയാവുന്നവര്‍ നിരന്നു നിന്നു. രാജാവ് തന്‍റെ തെറ്റുകള്‍ പൊറുക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഗൌരമുഖന്‍ എന്ന് പേരായ ഒരു മുനിയെ മഹര്‍ഷി ശമീകന്‍റെ ആശ്രമത്തിലേക്ക് പറഞ്ഞയച്ചു.

കാവല്‍ അതിശക്തമായിരുന്നു. മന്ത്രിപുത്രന്‍ ആനകളെ നിരത്തി നിര്‍ത്തി. കാറ്റിനുപോലും ഉള്ളില്‍ക്കടക്കാന്‍ അനുവാദം വേണമെന്നപോലെയായിരുന്നു സംവിധാനങ്ങള്‍. ആഹാരം, സ്നാനം, സന്ധ്യ, എന്നുവേണ്ട എല്ലാക്കാര്യങ്ങളും രാജാവ് മാളികയില്‍ത്തന്നെ ചെയ്തു. രാജ്യകാര്യങ്ങള്‍ മന്ത്രിമാരോട് ചര്‍ച്ച ചെയ്തു. ആ സമയത്ത് കശ്യപന്‍ എന്ന് പേരായ ബ്രാഹ്മണന്‍ രാജാവിന് മൃത്യുശാപം കിട്ടിയ വിവരമറിഞ്ഞ് രാജാവില്‍ നിന്നും തനിക്ക് എന്തെങ്കിലും ദക്ഷിണ കിട്ടും എന്ന ഉറപ്പോടെ രാജാവിനെ കാണാന്‍ പുറപ്പെട്ടു. വേദപണ്ഡിതനാണെങ്കിലും കശ്യപന്‍ ധനമോഹിയായിരുന്നു. അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെട്ടു വഴിയിലെത്തി.      

Monday, November 23, 2015

ദിവസം 33. ശ്രീമദ്‌ ദേവീഭാഗവതം. 2.8. സ്വര്‍ഗ്ഗാരോഹണം

ദിവസം 33. ശ്രീമദ്‌ ദേവീഭാഗവതം. 2.8.   സ്വര്‍ഗ്ഗാരോഹണം

അതോ ദിനേ തൃതീയേ ച ധൃതരാഷ്ട്ര: സ ഭൂപതി:
ദാവാഗ്നിനാ വനേ ദഗ്ദ്ധ: സഭാര്യ: കുന്തി സംയുത:
സഞ്ജയസ്തീര്‍ത്ഥയാത്രായാം ഗതസ്ത്യക്ത്വാ മഹീപതിം
ശ്രുത്വാ യുധിഷ്ടിരോ രാജാ നാരദാദ്ദുഖമാപ്തവാന്‍  

സൂതന്‍ തുടര്‍ന്നു: അതു കഴിഞ്ഞു മൂന്നാം നാള്‍ ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം ഒരു കാട്ടു തീയില്‍പ്പെട്ടു മരണമടഞ്ഞു. സഞ്ജയന്‍ തീര്‍ത്ഥയാത്രയില്‍ ആയിരുന്ന കാര്യം നാരദനില്‍ നിന്നും യുധിഷ്ഠിരന്‍ മനസ്സിലാക്കി. കൌരവരുടെ നാശത്തിനുശേഷം മുപ്പത്തിയാറു വര്‍ഷമേ ബ്രാഹ്മണശാപം മൂലം യദുക്കള്‍ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. ബലരാമനും കൃഷണനും നോക്കിനില്‍ക്കെയാണ് അവര്‍ പരസ്പരം പോരാടി  നശിച്ചത്. പിന്നീട് ബലരാമന്‍ ദേഹത്യാഗം ചെയ്തു. കൃഷ്ണനാകട്ടെ വേടന്‍റെ അമ്പേറ്റു മരിക്കുകയും ചെയ്തു. കൃഷ്ണന്‍റെ ദേഹവിയോഗം അറിഞ്ഞ വസുദേവര്‍ ദേവീധ്യാനനിഷ്ഠയോടെ തന്‍റെ പ്രാണങ്ങളെ പവിത്രമാക്കി ഉപേക്ഷിച്ചു. പ്രഭാസത്തില്‍ വെച്ച് എല്ലാവരുടെയും സംസ്കാരകര്‍മ്മങ്ങള്‍ നടത്തിയത് അര്‍ജുനനാണ്. കൃഷ്ണന്‍റെ ദേഹത്തെയും അങ്ങിനെ ദഹിപ്പിക്കുമ്പോള്‍ ഭഗവാന്‍റെ എട്ടു പത്നിമാരും കൂടെയുണ്ടായിരുന്നു. ബലരാമന്‍റെ ദേഹവും യഥാവിധി സംസ്കരിച്ചപ്പോള്‍ രാമപത്നിയായ രേവതി കൂടെയുണ്ടായിരുന്നു. അര്‍ജുനന്‍ ദ്വാരകയിലെത്തി ജനങ്ങളെ അവിടെനിന്നും പറഞ്ഞയച്ചു. പെട്ടെന്നുതന്നെ ദ്വാരകാപുരി സമുദ്രത്തില്‍ മുങ്ങിപ്പോയി. എല്ലാവരെയും കൂട്ടി പുറത്തുവന്ന അര്‍ജുനന് കൃഷ്ണപത്നിമാരെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനായില്ല. അവരുടെ ധനം മുഴുവനും അപഹരിക്കപ്പെട്ടു.

അര്‍ജുനന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി അനിരുദ്ധന്‍റെ പുത്രനായ വജ്രനെ യദുക്കളുടെ രാജാവായി അഭിഷേകം ചെയ്തു. അര്‍ജുനന്‍ ദുരന്തവൃത്താന്തമെല്ലാം വ്യാസനോടു പറഞ്ഞപ്പോള്‍ മുനി പറഞ്ഞു: 'നീയും ഹരിയും ഇനിയും ജന്മമെടുക്കും. അങ്ങേയ്ക്ക് ആ ജന്മത്തിലും അതിമഹത്തായ ബലം ഉണ്ടായിരിക്കും.'

ഹസ്തിനപുരിയില്‍ മടങ്ങിയെത്തിയ അര്‍ജുനന്‍ ജ്യേഷ്ഠനെ വിവരങ്ങള്‍ ധരിപ്പിച്ചു. കൃഷ്ണന്‍റെ ദേഹത്യാഗവും യാദവകുലനാശവുമെല്ലാം ധര്‍മ്മപുത്രര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം വനവാസത്തിനായി ഹിമാലയത്തിലെയ്ക്ക് പുറപ്പെട്ടു. മുപ്പത്തിയാറ് കൊല്ലം രാജ്യം ഭരിച്ചിട്ടാണിപ്പോള്‍ കാട്ടിലേയ്ക്ക് പോകുന്നത്. അദ്ദേഹം വനവാസത്തിനു പോകും മുന്‍പ്   മുപ്പത്തിയാറ് വയസ്സുള്ള ഉത്തരാപുത്രനെ (പരീക്ഷിത്ത്) രാജാവായി വാഴിച്ചു. വനത്തില്‍ വെച്ച് ദ്രൌപദിയടക്കം ആറുപേരും മരണമടഞ്ഞു. ധര്‍മ്മനിഷ്ഠനായ പരീക്ഷിത്ത്‌ അറുപതുവര്‍ഷം രാജ്യം ഭരിച്ചു. നായാട്ടില്‍ വീരനായിരുന്ന രാജാവ് ഒരിക്കല്‍ ഒരു മാനിനെ അമ്പെയ്തു വീഴ്ത്തി. ആ മാനിനെ തേടി വനത്തില്‍ അലയവേ അദ്ദേഹം ദാഹിച്ചും ക്ഷീണിച്ചും വലഞ്ഞു. ആ ചൂടുള്ള പകല്‍ സമയത്ത് കാട്ടില്‍ ധ്യാനത്തിലിരിക്കുന്ന ഒരു മുനിയെ അദ്ദേഹം കണ്ടു. അദ്ദേഹത്തോട് കുറച്ചു വെള്ളം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുനി തന്‍റെ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നില്ല. ക്രോധത്തോടെ രാജാവ് അടുത്തുകിടന്ന ഒരു ചത്ത പാമ്പിനെ വില്ലുകൊണ്ടു തോണ്ടിയെടുത്ത് മുനിയുടെ കഴുത്തില്‍ ചാര്‍ത്തി. എന്നിട്ടും മുനി ഉണര്‍ന്നില്ല. രാജാവ് കാട്ടില്‍ നിന്നും നാട്ടിലെത്തി.

മുനിയുടെ പുത്രന്‍ ഗവിജാതന്‍ മഹാതപസ്വിയും തേജസ്വിയുമാണ്. വനത്തില്‍ കളിച്ചുകൊണ്ടിരുന്ന അവനോടു സുഹൃത്തുക്കള്‍ പറഞ്ഞു: ‘നിന്‍റെ പിതാവിന്‍റെ കഴുത്തില്‍ ആരോ ചത്ത പാമ്പിനെ മാലയാക്കി അണിയിച്ചിരിക്കുന്നു’. പെട്ടെന്നുണ്ടായ കോപത്തില്‍ ഗവിജാതന്‍ കയ്യില്‍ ജലമെടുത്ത് ഇങ്ങിനെ ശപിച്ചു. ‘ഈ നീചകൃത്യം ചെയ്തവന്‍ ആരായിരുന്നാലും അവന്‍ ഏഴു ദിവസങ്ങള്‍ക്കകം സാക്ഷാല്‍ തക്ഷകന്‍റെ കടി കൊണ്ട് മരിക്കും’. രാജാവിനെ വിവരമറിയിക്കാന്‍ അയാള്‍ ആശ്രമത്തിലെ ഒരു ശിഷ്യനെ അയക്കുകയും ചെയ്തു. 

പരീക്ഷിത്ത് രാജാവ് ‘അനിവാര്യമാണ് ഈ വിധി’ എന്നോര്‍ത്ത് മന്ത്രിമാരെ വിളിച്ചു പറഞ്ഞു: 'ഇതെന്‍റെ കര്‍മ്മ ഫലമാണ്. ഇനിയെന്താണ് കരണീയം എന്ന് നിങ്ങള്‍ ഉപദേശിച്ചാലും. മൃത്യുവിനെ തടുക്കാനാവില്ല എന്നത് നിശ്ചയം! എങ്കിലും ബുദ്ധിയുള്ളവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുമല്ലോ. മണി, മന്ത്രം, ഔഷധം എന്നിവയുടെ പ്രാഗത്ഭ്യം അറിയുക എളുപ്പമല്ല. പണ്ട് സര്‍പ്പം കടിച്ചു മരിക്കാരായ ഭാര്യക്ക് തന്‍റെ അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച ഒരു ബ്രാഹ്മണനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അയാളുടെ കൈവശം ഒരു ദിവ്യമണി ഉണ്ടായിരുന്നുവത്രേ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞു നിഷ്ക്രിയരായിരിക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് ആവില്ല. ഭൂമിയിലോ ലോകങ്ങളിലെ എവിടെയെങ്കിലും ഈശ്വരവിശ്വാസം മാത്രം വെച്ചുകൊണ്ട് ജീവിക്കുന്ന ആരെങ്കിലുമുണ്ടോ? വിരക്തനായ സന്യാസിപോലും ഭിക്ഷാന്നം സ്വീകരിച്ചാണ് ജീവിക്കുന്നത്. ഗൃഹസ്ഥന്‍മാരുടെ ദയവിലാണ് അവര്‍ കഴിയുന്നത്. പ്രയത്നം ചെയ്യാതെ വായില്‍ നിന്നും വയറ്റില്‍ എന്തെങ്കിലും ചെല്ലുന്നതെങ്ങിനെ? പ്രയത്നം ചെയ്തിട്ടും ഫലമില്ലെങ്കില്‍ മാത്രമേ, ഇത് വിധിയാണ് എന്ന് വിചാരിക്കാനാവൂ.’

അപ്പോള്‍ മന്ത്രിമാര്‍ രാജാവിനോട്, തന്‍റെ ഭാര്യക്ക് അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച മുനിയുടെ കഥ തങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു.

രാജാവ് കഥ ചുരുക്കു വിവരിച്ചു. 'ഭൃഗു മഹര്‍ഷിയുടെ ഭാര്യ അതിസുന്ദരിയായ പുലോമയാണ്. അവരുടെ പുത്രന്‍ ച്യവനന്‍. ച്യവനന്‍ ശര്യാതിയുടെ പുത്രിയായ സുകന്യയെ വിവാഹം ചെയ്തു. അവരുടെ പുത്രന്‍ പ്രമതി. അദ്ദേഹത്തിന്‍റെ പത്നിയാണ് പ്രാതപി. അവര്‍ക്ക് രുരു എന്ന് പേരായ ഒരു പുത്രനുണ്ടായി. അദ്ദേഹം മഹാ താപസനായിരുന്നു. അക്കാലത്ത് ലോകവിശ്രുതനായിരുന്ന സ്ഥൂലകേശന്‍ എന്നൊരു ധര്‍മ്മാത്മാവും അവിടെ ജീവിച്ചിരുന്നു. ദേവനാരിയായ മേനക ആയിടയ്ക്ക് നദിക്കരയില്‍ കളിയാടവേ, വിശ്വാവസുവില്‍ നിന്നും ഗര്‍ഭം സ്വീകരിച്ചു. അവള്‍ സ്ഥൂലകേശന്‍റെ ആശ്രമത്തില്‍പ്പോയി പ്രസവിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ചു. ‘പ്രമദ്വര’ എന്ന് പേരിട്ട് സ്ഥൂലകേശന്‍ ആ പെണ്‍കുട്ടിയെ  വളര്‍ത്തി. യഥാകാലം പൂര്‍ണ്ണവളര്‍ച്ചയെത്തിയ അവളെക്കണ്ട് രുരു കാമപരവശനായിത്തീര്‍ന്നു.  

Sunday, November 22, 2015

ദിവസം 32. ശ്രീമദ്‌ ദേവീഭാഗവതം. 2. 7. പാണ്ഡവകഥ

ദിവസം 32. ശ്രീമദ്‌ ദേവീഭാഗവതം. 2. 7. പാണ്ഡവകഥ  

പഞ്ചാനാം ദ്രൌപദീ ഭാര്യാ സാ മാന്യാ സാ പതിവ്രതാ
പഞ്ചപുത്രാസ്തു തസ്യാ: സ്യൂര്‍ഭര്‍ത്തൃഭ്യോfതീവ സുന്ദരാ:
അര്‍ജ്ജുനസ്യ തഥാ ഭാര്യാ കൃഷ്ണസ്യ ഭഗിനീ ശുഭാ
സുഭദ്രാ യാ ഹൃതാ പൂര്‍വ്വം ജിഷ്ണുനാ ഹരിസമ്മതേ

സൂതന്‍ തുടര്‍ന്നു: അഞ്ചു പാണ്ഡവ സഹോദരന്മാര്‍ക്കും കൂടി പാഞ്ചാലി പത്നിയായി. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മക്കളെയും ആ പതിവ്രത കൊടുത്തു. കൃഷ്ണന്‍റെ സമ്മതത്തോടെ അര്‍ജ്ജുനന്‍ കൃഷ്ണസോദരിയായ സുഭദ്രയെ തട്ടിക്കൊണ്ടു വന്നു വേട്ടു. ദ്രൌപതീ പുത്രന്മാരും സുഭാദ്രാപുത്രനായ അഭിമന്യുവും യുദ്ധത്തില്‍ മരിച്ചു. അഭിമന്യുവിന്‍റെ ഭാര്യ ഉത്തരയുടെ പുത്രന്‍ ആശ്വത്ഥാമാവിന്‍റെ ബാണശരത്താല്‍ മൃതനായെങ്കിലും ശ്രീകൃഷ്ണന്‍ അവനെ ജീവിപ്പിച്ചു. ഈ കുട്ടിയാണ് പരീക്ഷിത്ത്. വംശം പലവിധ പരീക്ഷകളെ നേരിടുന്ന അവസരമായതുകൊണ്ട് ആ പേര് കുട്ടിക്ക് ഉചിതമായി വന്നുചേര്‍ന്നു. ധൃതരാഷ്ട്രരുടെ മക്കള്‍ എല്ലാം യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പാണ്ഡവരുടെ കൊട്ടാരത്തില്‍ ഭീമന്‍റെ കുത്തുവാക്കേറ്റ് അദ്ദേഹം പീഢിതനായിരുന്നു. ഗാന്ധാരി പുത്രശോകത്തില്‍ അദ്ദേഹത്തിന്‍റെയൊപ്പം  അവിടെക്കഴിഞ്ഞു. യുധിഷ്ഠിരന്‍ രണ്ടാളെയും വേണ്ടപോലെ ശുശ്രൂഷിച്ചിരുന്നു. വിദുരര്‍ കണ്ണുകാണാത്ത ജ്യേഷ്ഠനു ഹിതമുപദേശിച്ചു കൂടെയിരുന്നു. പുത്രദുഖം കളയാനെന്ന മട്ടില്‍ ധര്‍മ്മപുത്രര്‍ വല്യച്ഛനെ ശുശ്രൂഷിച്ചുവെങ്കിലും ഭീമന്‍ വാക്ശരങ്ങള്‍ കൊണ്ട്  ആ പിതാവിനെ വീണ്ടും വീണ്ടും മുറിപ്പെടുത്തി. ‘അന്ധനും ദുഷ്ടനുമായ നിന്‍റെ പുത്രരെ ഞാനാണ് കൊന്നത്. ദുര്യോധനന്‍റെ രക്തത്തിന്‍റെ സ്വാദ് എന്‍റെ നാവില്‍ നിന്നും പോയിട്ടില്ല. ഇപ്പോളിതാ അവന്‍റെ അച്ഛന്‍ നാണമില്ലാതെ ഞാന്‍ കൊടുക്കുന്ന ചോറ് ഉരുട്ടി വിഴുങ്ങുന്നു. കാക്കയെപ്പോലെയും പട്ടിയെപ്പോലെയുമുള്ള ജീവിതം എന്തിനാണ്?’  'അവന്‍ വെറും മണ്ടനാണ്, പറയുന്നത് കാര്യമാക്കണ്ട' എന്ന് ധര്‍മ്മപുത്രര്‍ വല്യച്ഛനെ സമാധാനിപ്പിച്ചു വന്നു.

പതിനെട്ടു വര്‍ഷം അങ്ങിനെ കൊട്ടാരത്തില്‍ക്കഴിഞ്ഞ ധൃതരാഷ്ട്രര്‍ വനവാസത്തിനായി യുധിഷ്ഠിരന്‍റെ അനുമതി തേടി. ‘വിധിയാംവണ്ണം പുത്രന്മാര്‍ക്ക് ഉദകവും ചെയ്യണം. പൂര്‍വ്വ വൈരാഗ്യംകൊണ്ട് ഭീമന്‍ എന്‍റെ മക്കള്‍ക്ക് ഒഴികെ എല്ലാവര്‍ക്കും വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. നീ അതിനുവേണ്ട ധനമൊരുക്കിത്തന്നാല്‍ കര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാന്‍ വനത്തിലേയ്ക്ക് പൊയ്ക്കൊള്ളാം’. 

വിദുരന്‍ ഉപദേശിച്ചതനുസരിച്ച് ധര്‍മ്മപുത്രര്‍ ഉദകത്തിനുള്ള എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തീരുമാനിച്ച് സഭ വിളിച്ചു കൂട്ടി. ജ്യേഷ്ഠന്‍റെ ഉദ്ദേശം അറിഞ്ഞ ഭീമന്‍ കുപിതനായിപ്പറഞ്ഞു. ‘ഇവിടെയീ അന്ധന്‍ സുഖമായി കഴിയുന്നത്‌ കൂടാതെ  ദുര്യോധനന് ഹിതം ചെയ്യാന്‍ നാം ധനവും നല്‍കണോ? അങ്ങയുടെ ദുഷ്ടതകൊണ്ടാണ് ഞങ്ങള്‍ കാട്ടില്‍ അലഞ്ഞതും ദ്രൌപദി സഭയില്‍ മാനം കെട്ടു നില്‍ക്കാനിടയായതും. വിരാട ഭവനത്തില്‍ ഞങ്ങള്‍ വിടുപണിചെയ്തതും മത്സ്യരാജാവിന് അടിമപ്പണിചെയ്തതും നീ കാരണമാണ്. ജ്യേഷ്ഠന്‍റെ ചൂതിലുള്ള ഭ്രമമാണ് നമ്മെ ആ ദുരിതത്തില്‍ എത്തിച്ചത്. വിരാടന്‍റെ വലലനായി ഞാന്‍ പണിചെയ്യേണ്ടിവന്നു. നമ്മുടെ അര്‍ജ്ജുനന്‍ പെണ്‍വേഷം കെട്ടി. ആണായിപ്പിറന്നവന് അതില്‍പ്പരം ഒരു നാണക്കേടുണ്ടോ? ഗാണ്ഡീവം കുലയ്ക്കേണ്ട കൈകളില്‍ വളയണിഞ്ഞു ബ്രഹന്നളയായി നൃത്തം പഠിപ്പിക്കേണ്ടി വരിക! കഷ്ടം! പാര്‍ഥന്‍റെ ആ വേഷം ഓര്‍ത്താല്‍ ഈ കിഴവന്‍റെ തലയറുക്കാനാണ് തോന്നുക. കീചകന്‍ മുതലായ പലരെയും ഞാന്‍ കൊന്നു. എന്നാല്‍ ഈ ധാര്‍ത്തരാഷ്ട്രന്മാരെ ഞാന്‍ വെറുതെവിട്ടു. രാജാവായ അങ്ങ് പണ്ട് ദുര്യോധനാദികളെ ഗന്ധര്‍വ്വന്‍മാരില്‍ നിന്നും മോചിപ്പിച്ചത് വിഡ്ഢിത്തമാണ്. ഇപ്പോള്‍ കര്‍മ്മം ചെയ്യാന്‍ ധനം ചോദിക്കുന്നതും അങ്ങിനെതന്നെ. എന്തുപറഞ്ഞാലും ഞാന്‍ ധനം കൊടുക്കിക്കാന്‍ സമ്മതിക്കില്ല.’ 

ഭീമന്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഏതായാലും യുധിഷ്ഠിരനും നകുലനും സഹദേവനും ധനമേകിയതിനാല്‍ ധൃതരാഷ്ട്രര്‍ക്ക് മക്കള്‍ക്കായുള്ള ഉദകകൃയകള്‍ വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിച്ചു. ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്ത് വിപ്രദക്ഷിണകളും കഴിഞ്ഞ് ഗാന്ധാരിയോടോപ്പം ധൃതരാഷ്ട്രര്‍ വാനപ്രസ്ഥം തുടങ്ങി. അന്ധരായ അവര്‍ക്കൊരു തുണയായി കുന്തിയും അവരെ അനുഗമിച്ചു. കഠിനഹൃദയനായ മാരുതപുത്രന്‍ ഭീമനുപോലും അപ്പോള്‍ കണ്ണ് നിറഞ്ഞു. ഗംഗാതീരം വരെ അവരെ കൊണ്ടാക്കി സഹോദരന്മാര്‍ തിരിച്ചു വന്നു. ശതയുപാശ്രമത്തില്‍ ഒരു പുല്‍ക്കുടില്‍ കെട്ടി രണ്ടമ്മാരും അംബികാസുതനൊപ്പം താമസിച്ചു. മാസം ആറുകഴിഞ്ഞു. യുധിഷ്ഠിരന് അമ്മയെ കാണാന്‍ മോഹമായി. അദ്ദേഹം സഹോദരന്മാരോട് പറഞ്ഞ് വിദുരര്‍, സഞ്ജയന്‍ എന്നിവരോടുകൂടെ വനത്തില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ക്ഷണത്തില്‍ അവിടെക്കൂടിയ  സുഭദ്ര, ദ്രൗപതി, ഉത്തര മറ്റു നഗരവാസികള്‍ എന്നിവര അവരോട് കൂടി വാനപ്രസ്ഥരെ കാണാന്‍ കാട്ടിലെ ആശ്രമത്തിലെത്തി. വിദുരര്‍ വന്നിട്ടില്ലെന്നറിഞ്ഞു ധൃതരാഷ്ട്രര്‍ ആ മഹാന്‍ എവിടെയെന്നു തിരക്കി. ‘അദ്ദേഹം എവിടെയോ ബ്രഹ്മധ്യാനനിരതനായി അലയുന്നുണ്ടാവും’ എന്നവര്‍ മറുപടിയും പറഞ്ഞു.

പിറ്റേദിവസം ഗംഗാ തീരത്ത്‌ പോയപ്പോള്‍ വനത്തില്‍വെച്ച് വിദുരനെ കണ്ടു. മുന്നില്‍ചെന്നു വണങ്ങിയ യുധിഷ്ഠിരനെ അദ്ദേഹത്തിനു മനസ്സിലായില്ല. പെട്ടെന്ന് ഒരു തേജപ്രഭ വിദുരനില്‍ നിന്നും യുധിഷ്ഠിരനിലേയ്ക്ക് പകര്‍ന്നു. രണ്ടുപേരും ധര്‍മ്മാംശജരാണല്ലോ. വിദുരന്‍ തല്‍ക്ഷണം ശരീരം ഉപേക്ഷിച്ചു. 'വിരക്തനായ ഇവന്‍റെ ദേഹം ദഹിപ്പിക്കേണ്ടതില്ല' എന്ന അശരീരിയനുസരിച്ച് അവരാ പിണം അവിടെത്തന്നെ ഉപേക്ഷിച്ചു നടന്നു. അവര്‍ ധൃതരാഷ്ട്രരെ വിദുരന്‍റെ ദേഹവിയോഗ വിവരങ്ങള്‍ അറിയിച്ചു. പാണ്ഡവര്‍ ആശ്രമത്തില്‍ത്തന്നെ കുറച്ചുനാള്‍ കൂടി കഴിഞ്ഞു. അവിടെയപ്പോള്‍ വ്യാസനും നാരദനും എത്തിച്ചേര്‍ന്നു. 

കുന്തീദേവി പറഞ്ഞു: 'വ്യാസരേ, ജനിച്ചപ്പോള്‍ ഒരു മാത്ര കണ്ടിട്ട് ഞാനുപേക്ഷിച്ച കര്‍ണ്ണന്‍ എന്‍റെ മകനാണ്. അവനെ എനിക്കൊന്നു കാണിച്ചു തരണം മഹാമുനേ.'

അപ്പോള്‍ ഗാന്ധാരി പറഞ്ഞു: 'പോരിനുപോയ എന്‍റെ മകനായ ദുര്യോധനനെ  ഞാന്‍ പിന്നെ കണ്ടിട്ടില്ല. അവനെയും അനുജന്മാരെയും ഒന്ന് കാട്ടിത്തന്നാലും അങ്ങേയ്ക്കിത് നിഷ് പ്രയാസമല്ലേ?'

സുഭദ്രപറഞ്ഞു: 'എന്‍റെ പ്രാണനെക്കാള്‍ പ്രിയംകരനായ അഭിമന്യുവിനെ എനിക്കും കാണാന്‍ ഏറെ കൊതിയുണ്ട് ദയവായി അതിനുള്ള ദയാവായ്പ്പും അങ്ങില്‍ ഉണ്ടാവണം.'

വ്യാസന്‍ എല്ലാവരുടെയും അപേക്ഷ കൈക്കൊണ്ടു. പ്രാണായാമം ചെയ്ത് സര്‍വ്വശക്തയും സനാതനിയുമായ ദേവിയെ അദ്ദേഹം ധ്യാനിച്ചു. പിന്നെ സന്ധ്യയായപ്പോള്‍ എല്ലാവരെയും ഗംഗാതീരത്തേയ്ക്ക് കൊണ്ടുപോയി. സ്നാനശേഷം എല്ലാവരും ചേര്‍ന്ന് ത്രിഗുണാത്മികയും സഗുണനിര്‍ഗുണബ്രഹ്മസ്വരൂപയുമായ ദേവിയെ സ്തുതിച്ചു. “ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍, ധര്‍മ്മരാജാവ്, കുബേരന്‍, എന്നിവരൊക്കെ ഇല്ലാതായാലും ദേവീ അവിടുന്ന് എങ്ങുമെങ്ങും എന്നുമെന്നും വിരാജിക്കുന്നു. അവിടുന്നു പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്നി, ഭൂമി എന്നിവയ്ക്കും മനോബുദ്ധ്യഹങ്കാര ചിത്തങ്ങള്‍ക്കും മീതെയാണ്. അവിടുന്നു സൂര്യചന്ദ്രാദികളെ വെല്ലുന്ന പ്രഭയുള്ള പരംപൊരുളാകുന്നു. വിവേകബുദ്ധിയുള്ളവര്‍ക്ക് പോലും അറിയാന്‍ കഴിയാത്തതാണ് അവിടുത്തെ മഹത്വം. സമഷ്ടിയെ മുഴുവനുമായി ഹൃദന്തത്തില്‍ ഒതുക്കി ഹിരണ്യഗര്‍ഭനെ (കാരണ ശരീരത്തെ) സമാധിസ്ഥിതിയില്‍ വെച്ചുകൊണ്ട് കല്‍പാന്തകാലം മുഴുവന്‍ അവിടുന്നു സര്‍വ്വസ്വതന്ത്രയായി വിരാജിക്കുന്നു. മരിച്ചവരെ കാണിച്ചുകൊടുക്കണമെന്ന് ഇവര്‍ എന്നോടാവശ്യപ്പെടുന്നു. അമ്മ ഈ അഭീഷ്ടം സാധിപ്പിച്ചാലും.”

സൂതന്‍ തുടര്‍ന്നു: മായാദേവി മരിച്ചുപോയ രാജാക്കന്മാരെ വിണ്ണില്‍ നിന്നും കൂട്ടിക്കൊണ്ടുവന്ന് ഇഷ്ടജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. കുന്തി, ഗാന്ധാരി, സുഭദ്ര, ഉത്തര, പാണ്ഡവര്‍ എന്നിങ്ങിനെ എല്ലാവരും സന്തുഷ്ടചിത്തരായി. പിന്നീട് വ്യാസന്‍ അവരെയെല്ലാം ദേവീകൃപയാല്‍ തിരികെ അയച്ചു. എല്ലാവരും അവരവരുടെ ഇടങ്ങളിലേയ്ക്ക് തിരിച്ചുപോയി. യുധിഷ്ഠിരന്‍ വ്യാസകഥയും പര്യാലോചിച്ചുകൊണ്ട് ഹസ്തിനാപുരത്തിലെത്തി.    

Saturday, November 21, 2015

ദിവസം 31. ശ്രീമദ്‌ ദേവീഭാഗവതം. 2. 6. പാണ്ഡവോത്പത്തി.

ദിവസം 31. ശ്രീമദ്‌ ദേവീഭാഗവതം. 2. 6.  പാണ്ഡവോത്പത്തി.

ഏവം സത്യവതീ തേന വൃതാ ശന്തനുനാ കില
ദ്വൌ പുത്രൌ ച തയാ ജാതൌ മൃതൌ കാലവശാദപി
വ്യാസ വീര്യാത്തു സംജാതോ ധൃതരാഷ്ട്രോ f ന്ധ ഏവ ച
മുനീം ദൃഷ്ട്വാഥ കാമിന്യാ നേത്രസമ്മീലനേ കൃതേ  

സൂതന്‍ തുടര്‍ന്നു: അങ്ങിനെ സത്യവതിയെ ശന്തനു മഹാരാജാവ് വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായെങ്കിലും രണ്ടാളും കാലശക്തിയാല്‍ പെട്ടെന്ന് തന്നെ മരിച്ചുപോയി. വ്യാസന്‍റെ പുത്രനായി ധൃതരാഷ്ട്രര്‍ ജനിച്ചു. മുനിയുമായി ബന്ധപ്പെടുന്ന സമയത്ത് രാജ്ഞി കണ്ണടച്ചതിനാല്‍ ജന്മനാ അന്ധനായാണ് അദ്ദേഹം ജനിച്ചത്. അംബാലിക വൃദ്ധനായ വ്യാസനെക്കണ്ട് വിളറിയതില്‍ മുനിക്ക് കോപമുണ്ടായി. അങ്ങിനെ അംബാലികയ്ക്കുണ്ടായ കുഞ്ഞ് ദേഹം മുഴുവന്‍ പാണ്ടുമായി ജനിച്ചു. എന്നാല്‍ കാമകലയില്‍ നിപുണയായ ദാസി അതി സന്തോഷത്തോടെയാണ് വ്യാസനെ സ്വീകരിച്ചത്. ആ ബന്ധത്തില്‍ നിന്നും ധര്‍മ്മാംശമായി വിദുരര്‍ ജനിച്ചു. ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായത് കൊണ്ട് രാജ്യഭാരം പാണ്ഡുവിനായിരുന്നു. വിദുരനെ മന്ത്രിയാക്കി ഭീഷ്മരുടെ ഒത്താശയിലാണ് ഭരണം നടന്നത്. ഗാന്ധാരി, സൌബലി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ധൃതരാഷ്ട്രര്‍ക്കുണ്ടായിരുന്നത്. രണ്ടാമത്തെവള്‍ വൈശ്യസ്ത്രീയായിരുന്നു. അവള്‍ക്ക് യുയുത്സു എന്നൊരു പുത്രനുണ്ടായി. ഗാന്ധാരിക്ക് നൂറു പുത്രന്മാരും ഉണ്ടായിരുന്നു. പാണ്ഡുവിന്‍റെ രണ്ടു പത്നിമാര്‍ കുന്തിയും മാദ്രിയും ആയിരുന്നു. കുന്തിക്ക് തന്‍റെ പിതാവിന്‍റെ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന ബാല്യകാലത്ത്‌ സൂര്യന്‍റെ പുത്രനായി കര്‍ണ്ണന്‍ എന്നൊരു മകനുണ്ടായിരുന്നു.

ഋഷിമാരപ്പോള്‍ ആ കഥ കേള്‍പ്പിക്കണമെന്നു സൂതനോടാവശ്യപ്പെട്ടു. ‘എങ്ങിനെയാണ് ബാലികയ്ക്ക് സൂര്യനില്‍ നിന്നും പുത്രലബ്ധിയുണ്ടായത്? എന്നിട്ടും രാജാവ് കുന്തിയെ വിവാഹം ചെയ്യാനിടയായത് അങ്ങിനെയാണ്?

സൂതന്‍ തുടര്‍ന്നു: ശൂരസേനരാജാവിന്‍റെ മകളായ കുന്തിയെ കുന്തീഭോജരാജാവ് യാചിച്ചു വാങ്ങിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തി. രാജാവ് നടത്തിയ അഗ്നിഹോത്രത്തില്‍ അഗ്നിയെ സേവിക്കാനുള്ള കര്‍ത്തവ്യം കുമാരിയുടേതായിരുന്നു. അങ്ങിനെയിരിക്കെ ചാതുര്‍മാസ്യത്തിനായി വന്ന ദുര്‍വ്വാസാവ്‌ മുനിയെ ശുശ്രൂഷിക്കാനും അദ്ദേഹത്തില്‍ നിന്നും ഒരു വരം ലഭിക്കാനും അവള്‍ക്ക് ഭാഗ്യമുണ്ടായി. മുനി അവള്‍ക്ക് ഒരു മന്ത്രം നല്‍കി. ‘ഇത് ജപിച്ചാല്‍ നിനക്ക് ഇഷ്ടമുള്ള ദേവന്‍ പ്രത്യക്ഷനായി നിന്‍റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കും’ എന്നായിരുന്നു മുനി അനുഗ്രഹിച്ചത്.

മുനി പോയിക്കഴിഞ്ഞപ്പോള്‍ കുമാരി മന്ത്രമൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അപ്പോളതാ ഉദിച്ചുവരുന്ന ഭാനുമാന്‍ ആകാശത്ത് തിളങ്ങി നില്‍ക്കുന്നു. അവള്‍ മന്ത്രം ജപിച്ചു സൂര്യനെ വിളിച്ചു. ഉടനെ തന്നെ സൂര്യദേവനവിടെ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. അത്ഭുതപ്പെട്ട കുന്തി കൈകൂപ്പിക്കൊണ്ട് സൂര്യദേവനോട്‌ തന്‍റെ സന്തോഷമറിയിച്ചു, എന്നിട്ട് വാനിലേയ്ക്ക് മടങ്ങിപ്പോവാന്‍ അഭ്യര്‍ത്ഥിച്ചു. ‘എന്നെ നീ വിളിച്ചതെന്തിനാണ്? എന്നെ ഇപ്പോള്‍ വരിക്കാതിരിക്കാന്‍ കാരണമെന്താണ്? ഞാന്‍ കാമാര്‍ത്തനാണിപ്പോള്‍. എന്നെ രമിപ്പിച്ചാലും.’ എന്നായി സൂര്യന്‍. കുലകന്യകയായ തന്നെ ദുഷിപ്പിക്കരുതെന്നു കുന്തി അപേക്ഷിച്ചു.

സൂര്യന്‍ പറഞ്ഞു: ഇവിടെ വന്നു വെറുതേ മടങ്ങിപ്പോകുന്നതില്‍ നാണക്കേടുണ്ട്. ദേവന്മാരുടെ ഇടയില്‍ ഞാന്‍ പരിഹാസപാത്രമാവും. എന്‍റെ ആഗ്രഹം സാധിച്ചില്ലെങ്കില്‍ നിന്നെയും നിനക്ക് അനുഗ്രഹം നല്‍കിയ ആ മുനിയും ഞാന്‍ ശപിച്ചു കളയും. എന്നാല്‍ നിന്‍റെ കന്യകാത്വം നഷ്ടപ്പെടില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു. മാത്രമല്ല എന്നെപ്പോലെ പ്രഭാവവാനായ ഒരു പുത്രനെയാണ് ഞാന്‍ നിനക്ക് തരാന്‍ പോകുന്നത്.

കുന്തിയുമായി ബന്ധപ്പെട്ട ശേഷം സൂര്യന്‍ പ്രസന്നനായി അവളെ വിട്ടുപോയി. ഗര്‍ഭിണിയായ കുന്തി ഒരു ആയയുടെ സഹായത്താല്‍ പ്രസവിച്ചു. മറ്റാരും ഈ വാര്‍ത്ത അറിഞ്ഞതുമില്ല. ജനിച്ചപ്പോഴേ അവന്‍റെ ദേഹത്ത് കവചകുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ സൂര്യനെന്നപോലെ കാന്തിമാനായിരുന്നു അവന്‍. ‘ഇനി ചിന്തിക്കാനൊന്നുമില്ല’ എന്ന് ആയ പറഞ്ഞതനുസരിച്ച് കുട്ടിയെ അവള്‍ ഒരു പെട്ടിയില്‍ കിടത്തി. ‘എനിക്കെന്തു ചെയ്യാനാകും മകനേ, പ്രാണപ്രിയനായ നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു. ഞാനെത്ര ഭാഗ്യഹീന!’ എന്ന് വിലപിച്ചുകൊണ്ട് അവള്‍ ജഗദംബയോട് ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. “സഗുണനിര്‍ഗുണ സ്വരൂപമായ അമ്മ നിന്നെ കാക്കട്ടെ. അവള്‍ നിനക്ക് സ്തന്യം നല്‍കട്ടെ. പിഴച്ചപെണ്ണായ ഞാന്‍ സൂര്യപുത്രനെ വിജനവനത്തില്‍ ഉപേക്ഷിക്കുന്നു. ഇനിയെന്നാണീ മുഖപങ്കജം എനിക്ക് കാണാനാവുക? കഴിഞ്ഞ ജന്മത്തിലും ദേവീപൂജ ചെയ്യാന്‍ എനിക്കായില്ല. ആ പദമലര്‍ പൂജിക്കാതിരുന്നതിനാല്‍ എനിക്കീ ദുര്യോഗം വന്നുപെട്ടു. അറിഞ്ഞുകൊണ്ട് ഞാന്‍ ചെയ്യുന്ന ഈ പാതകം മൂലം എന്നില്‍ ദുഃഖം ഇനിയും കൂടുകയേയുള്ളൂ.’

ഇങ്ങിനെ വിലപിച്ച് പെട്ടിയില്‍ വച്ച കുഞ്ഞിനെ ആയയെ ഏല്‍പ്പിച്ചു. കുന്തി പിതൃഗൃഹത്തില്‍ കഴിഞ്ഞു. നദിയില്‍ ഒഴുകിയെത്തിയ പെട്ടി അധിരഥന്‍ എന്ന സൂതനാണ് ലഭിച്ചത്. പുത്രഭാഗ്യമില്ലാതിരുന്ന അധിരഥനും ഭാര്യയും സന്തോഷത്തോടെ ആ കുഞ്ഞിനെ വളര്‍ത്തി. പിന്നീട്  ഒരു സ്വയംവരത്തിലൂടെയാണ് കുന്തി പാണ്ഡുവിനെ വരിച്ചത്‌. മാദ്രരാജാവിന്‍റെ മകളായ മാദ്രിയേയും രാജാവ് വിവാഹം ചെയ്തു. ഒരിക്കല്‍ മൃഗയാവിനോദത്തിനിടയ്ക്ക് രാജാവ് അബദ്ധത്തില്‍ ഒരു മുനിയുടെ മരണത്തിനിടയാക്കി. അപ്പോള്‍ മുനി തന്റെ പ്രിയതംയുമായി മൈഥുനത്തിലായിരുന്നു.  അമ്പേറ്റു കോപംവന്ന മുനി രാജാവിനെ ശപിച്ചു: 'സ്ത്രീസംഗമുണ്ടായാല്‍ നിനക്ക് ആ നിമിഷം മരണം സംഭവിക്കട്ടെ.!' രാജാവ് ആധിപിടിച്ചു വനത്തില്‍ കഴിഞ്ഞു. രാജ്ഞിമാരും അദ്ദേഹത്തിനൊപ്പം വനത്തില്‍ത്തന്നെ താമസിച്ചു. സുഖജീവിതത്തിനും പുത്രാ ഭാഗ്യത്തിനും യാതൊരു വഴിയും കാണാതെ പാണ്ഡു തപോനിരതനായി മുനിമാരുമായുള്ള സത്സംഗത്തില്‍ മുഴുകി ജീവിച്ചു. മുനിമാരുടെ ധര്‍മ്മോപദേശങ്ങളുടെയിടയ്ക്ക് ‘പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല അതിനാല്‍ എതുവിധേനെയെങ്കിലും അങ്ങ് ഒരു പുത്രനുണ്ടാകാന്‍ ശ്രമിക്കണം’ എന്നു  പറഞ്ഞത് അദ്ദേഹത്തിന്‍റെയുള്ളില്‍ പതിഞ്ഞു.

അംശജന്‍ (സ്വധര്‍മ്മപത്നിയിലുണ്ടായവന്‍), പുത്രിയുടെ പുത്രന്‍, ക്ഷേത്രജന്‍ (ഭര്‍ത്താവ് അശക്തനായതുകൊണ്ട് ധര്‍മ്മപത്നിക്ക് അര്‍ഹനായ അന്യനില്‍ നിന്നുണ്ടാവുന്ന പുത്രന്‍), ഗോളകന്‍ (വിധവയില്‍ ഉണ്ടായവന്‍), കുണ്ഡന്‍ (ജാരപുത്രന്‍), സഹോഢന്‍ (ഗര്‍ഭിണിയായ ഒരുവളെ അറിഞ്ഞുകൊണ്ട് ഭാര്യയാക്കുന്നയാള്‍ ആ പുത്രനെ സ്വപുത്രനായി കണക്കാക്കുകയാണെങ്കില്‍ അത് സഹോഢന്‍), കാനീനന്‍ (പിതൃഗൃഹത്തില്‍ കന്യകയായിരിക്കെ ഉണ്ടായ പുത്രന്‍), ക്രീതന്‍ (വിലയ്ക്ക് വാങ്ങിയ പുത്രന്‍) എന്നിവരെല്ലാം പുത്രന്മാരാണെങ്കിലും അവരുടെ പ്രാധാന്യം ഈ പറഞ്ഞ ക്രമത്തില്‍ കുറഞ്ഞുവരും എന്നതാണ് ശാസ്ത്രം.

അപ്പോള്‍ പാണ്ഡു കുന്തിയോട് പറഞ്ഞു: 'നീ തപോധനനായ ഒരു മഹര്‍ഷിയെ പ്രാപിച്ചു സന്താനത്തെ ജനിപ്പിക്കക. ഇതില്‍ ദോഷമൊന്നുമില്ല. പണ്ട് സൌദാസന്‍ എന്ന രാജാവിന് പുത്രലാഭം ഉണ്ടായത് വസിഷ്ഠമുനിയില്‍ നിന്നാണത്രേ!'

തനിക്ക് ദുര്‍വ്വാസാവ്‌ തന്ന വരമുണ്ടെന്നും താന്‍ വിളിക്കുന്ന ദേവന്‍ തന്‍റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുമെന്നും രാജ്ഞി രാജാവിനെ അറിയിച്ചു. ഭര്‍ത്താവിന്‍റെ സമ്മതത്തോടെ കുന്തി ധര്‍മ്മദേവനെ സ്മരിച്ചു വരുത്തി. ആ സംഗമത്തില്‍ നിന്നും യുധിഷ്ഠിരന്‍ ജനിച്ചു. കാറ്റില്‍ നിന്നും ഭീമന്‍, ഇന്ദ്രനില്‍ നിന്നും അര്‍ജുനന്‍ എങ്ങിനെ മൂന്നുപേര്‍ കുന്തിക്ക് പുത്രന്മാരായുണ്ടായി. മാദ്രിക്കും പുത്രലാഭത്തിനായി ആഗ്രഹമുണ്ടായി. അവള്‍ ഭര്‍ത്താവിനോട് ആഗ്രഹം പറഞ്ഞു. പാണ്ഡുവിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് കുന്തി മാദ്രിയ്ക്ക് ആ വിശുദ്ധമന്ത്രം കൈമാറി. മാദ്രി അശ്വിനീ ദേവകളെ സ്മരിച്ചുവരുത്തി. അവള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി. നകുലനും സഹദേവനും.

ഒരു ദിവസം വികാരത്താല്‍ നയിക്കപ്പെട്ട പാണ്ഡു കാമാര്‍ത്തനായി മാദ്രിയെ പുണര്‍ന്നു. അരുതേയെന്ന് രാജ്ഞി വിലക്കിയിട്ടും വന്നു പുല്‍കിയ രാജാവ് ശാപഫലത്താല്‍ ഉടനെതന്നെ മരിച്ചു വീണു. മരം വീഴുമ്പോള്‍ അതില്‍ ചുറ്റിപ്പടര്‍ന്ന വള്ളിയെന്നതുപോലെ മാദ്രിയും അവിടെത്തന്നെ കുഴഞ്ഞുവീണു. കുന്തിയും മക്കളും മാമുനിമാരും പെട്ടെന്നോടിയെത്തി. രാജാവിനെ സംസ്കരിച്ച ചിതയില്‍ മാദ്രിയും ഉടംതടി ചാടി തന്‍റെ ജീവിതമൊടുക്കി. ഉദക ക്രിയകള്‍ക്കു ശേഷം കുന്തിയും അഞ്ചു മക്കളും ഹസ്തിനാപുരത്തെത്തി. ഗംഗേയനും വിദുരനും മറ്റും ഈ പുത്രന്മാര്‍ ആരുടേതാണ് എന്ന് ചോദ്യം ചെയ്തപ്പോള്‍ കുന്തി കരഞ്ഞുപോയി. ദേവപുത്രന്മാരായ ഇവര്‍ കുരുവംശജര്‍ തന്നെയാണ് എന്നുപറഞ്ഞ് അവള്‍ ദേവന്മാരെ ഓരോരുത്തരെയായി അവിടെ വിളിച്ചു വരുത്തി. ‘ഞങ്ങളുടെ പുത്രന്മാരാണിവര്‍’ എന്ന് സാക്ഷ്യം പറഞ്ഞു ദേവന്മാര്‍ മടങ്ങി. പിന്നീട് കൊട്ടാരത്തില്‍ അവര്‍ ഭീഷ്മരുടെ സംരക്ഷണയില്‍ വളര്‍ന്നു. ഇങ്ങിനെയാണ് പാണ്ഡവന്മാര്‍ ഉണ്ടായത്.   

Friday, November 20, 2015

ദിവസം 30. ശ്രീമദ്‌ ദേവീഭാഗവതം. 2. 5 . സത്യവതീവരണം

ദിവസം 30. ശ്രീമദ്‌ ദേവീഭാഗവതം. 2. 5 . സത്യവതീവരണം

വസൂനാം സംഭവ: സൂത കഥിത: ശാപകാരണാത്
ഗാംഗേയസ്യ തഥോത്പത്തി: കഥിതാ ലോമഹര്‍ഷണേ
മാതാ വ്യാസസ്യ ധര്‍മജ്ഞ നാമ്നാ സത്യവതീ സതീ
കഥം ശന്തനുനാ പ്രാപ്താ ഭാര്യാ ഗന്ധവതീ ശുഭാ 

ഋഷിമാര്‍ പറഞ്ഞു: വസുക്കളുടെ ശാപകഥയും അവരിലൊരാളായിട്ടുള്ള ഗാംഗേയന്‍റെ ജനനവും എല്ലാം രോമാഞ്ചമുണ്ടാക്കുന്ന വിധത്തില്‍ അങ്ങ് വിവരിച്ചു. വ്യാസമാതാവായ സത്യവതിയെ ശന്തനുരാജാവിന്‍റെ പത്നിയായി വന്നതെങ്ങിനെയാണ്? അവര്‍ എങ്ങിനെ വിവാഹംകഴിച്ചു എന്നെല്ലാം വിശദമായി പറഞ്ഞു തന്നാലും.

സൂതന്‍ പറഞ്ഞു: ശന്തനുരാജന്‍ ഗംഗയില്‍ നിന്നും തിരികെ കിട്ടിയ മകനുമായി നാലുകൊല്ലത്തോളം ശിവനും സുബ്രഹ്മണ്യനും എന്നതുപോലെ സുഖമായിക്കഴിഞ്ഞു. രാജാവ് മൃഗയാവിനോദം തുടര്‍ന്നു വന്നു. ഒരിക്കല്‍ വേട്ടയ്ക്ക് പോയ രാജാവ് പലതരം മൃഗങ്ങളെ കൊന്നു കൊന്ന് ഒടുവില്‍ കാളിന്ദീ തീരത്തെത്തി. അതിരമണീയമായ ഒരു സുഗന്ധം അദ്ദേഹത്തെ ആകര്‍ഷിച്ചു. മന്ദാരമാണോ, പിച്ചിയാണോ, കസ്തൂരിയാണോ? കൈതയാണോ, മുല്ലയാണോ ഇതെന്നാലോചിച്ചു രാജാവ് കാറ്റില്‍ മണംപിടിച്ചു നിന്നു. അപ്പോള്‍ ഒരതിസുന്ദരി നദീതീരത്ത് നില്‍ക്കുന്നതായി കണ്ടു. അവളുടെ വസ്ത്രമാണെങ്കില്‍ മുഷിഞ്ഞതുമാണ്. സൌന്ദര്യം വഴിഞ്ഞൊഴുകുന്ന അവളുടെ ദേഹത്തുനിന്നാണ് സുഗന്ധം വരുന്നതെന്ന് രാജാവിന് മനസ്സിലായി. ആരാണിവള്‍? നവയൌവനയുക്തയായ ഇവള്‍ നാഗകന്യയാണോ? അതോ ഗന്ധര്‍വ കുമാരിയോ? അല്ലെങ്കില്‍ മനുഷ്യസ്ത്രീയായിരിക്കുമോ? ഏതായാലും അവളോടു ചോദിക്കുക തന്നെ. എന്ന് തീരുമാനിച്ചു രാജാവ് ‘നീയാരാണ്‌? ആരുടെ പുത്രിയാണ് നീ, എന്താണിവിടെ തനിച്ചു നില്‍ക്കുന്നത്? നീ വിവാഹിതയാണോ? മനസ്സിനെ മോഷ്ടിക്കുന്നവയാണ് നിന്‍റെ കണ്ണുകള്‍. എന്നെ കാമദേവന്‍ പിടികൂടിയിരിക്കുന്നു. എന്താണ് നിന്‍റെ ആഗ്രഹം പറയൂ.' എന്നെല്ലാം ചോദിച്ചു.

ഇതുകേട്ട് ആ സുന്ദരി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഞാനൊരു മുക്കുവപ്പെണ്ണ്. കുലത്തൊഴിലായ തോണി തുഴയലില്‍ ഏര്‍പ്പെട്ടു കഴിയുന്നു. എന്‍റെ അച്ഛന്‍ കുടിലിലേയ്ക്ക് ഇപ്പോള്‍ പോയതേയുള്ളു.’. അപ്പോള്‍ രാജാവ്, 'നീയെന്നെ സ്വീകരിച്ചാലും ഞാന്‍ കൌരവമുഖ്യനായ ശന്തനുവാണ്. നിന്‍റെ യൌവനം പാഴാക്കാതെ എനിക്ക് പങ്കുവയ്ക്കുക. എനിക്ക് മറ്റൊരു ഭാര്യയില്ല. അതിനാല്‍ നിന്നെ ധര്‍മ്മപത്നിയാവാന്‍ ഞാന്‍ ക്ഷണിക്കുന്നു. കാമബാണത്താല്‍ പീഢിതനായ എന്നെ നീ ഉപേക്ഷിക്കരുത്. നിനക്ക് ഞാന്‍ ദാസനാണ്‌! എനിക്കുണ്ടായിരുന്ന ഭാര്യ എന്നെ ഉപേക്ഷിച്ചുപോയിട്ടും ഞാന്‍ മറ്റൊരു വിവാഹം കഴിച്ചില്ല. വിഭാര്യനായ ഞാന്‍ നിന്നെക്കണ്ട് മനസ്സ് തളര്‍ന്നു നില്‍ക്കുകയാണ്.'

അമൃത് പോലുള്ള ഈ വാക്കുകള്‍ കേട്ട് സത്യവതിയും സന്തോഷവതിയായി. എന്നാലവള്‍ സാത്വികഭാവത്തില്‍, സധീരം പറഞ്ഞു: 'അങ്ങയെപ്പോലെ ഞാനും സ്വതന്ത്രയല്ല. അങ്ങ് കാമന്‍റെ അധീനതയിലാണിപ്പോള്‍. ഞാന്‍ എന്‍റെ പിതാവിന്‍റെ കീഴിലാണ്. അദ്ദേഹത്തോടാണ് അങ്ങെന്നെ ചോദിക്കേണ്ടത്. മുക്കുവപ്പെണ്ണാണെങ്കിലും ഞാന്‍ ഇഷ്ടംപോലെ നടക്കുന്നവളല്ല. അച്ഛന്‍ അനുവദിച്ചാല്‍ അങ്ങേയ്ക്ക് എന്നെ പാണിഗ്രഹണം ചെയ്യാം. കാമന്‍ നവയൌവ്വനയുക്തയായ എന്നെ പീഢിപ്പിക്കുന്നതുപോലെ അങ്ങയെയും വലയ്ക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കുലം ആചാരം എല്ലാമോര്‍ത്ത്‌ കുറച്ചു ക്ഷമകാണിക്കൂ.’

ഈ വാക്കുകള്‍ കേട്ട് രാജാവ് മുക്കുവ രാജാവിന്‍റെ ഗൃഹത്തില്‍ച്ചെന്നു. മുക്കുവന്‍ രാജാവിനെ വണങ്ങി. അത്ഭുതത്തോടെ രാജാവിന്‍റെ വരവിന്‍റെ ഉദ്ദേശം അന്വേഷിച്ചു. 'അങ്ങയുടെ കൊച്ചുമകളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരുമെങ്കില്‍ ഞാനവളെ ധര്‍മ്മപത്നിയായി വാഴിക്കണം എന്നാഗ്രഹിക്കുന്നു.’

'അങ്ങയെപ്പോലെ ഒരു രാജാവ് വന്നു ചോദിച്ചാല്‍ എന്‍റെ കന്യാരത്നമായ മകളെ തരുക എന്നതില്‍ ആലോചിക്കാന്‍ അല്പം പോലുമില്ല. അങ്ങയുടെ കാലശേഷം ഇവളുടെ പുത്രനെ രാജാവാക്കണം എന്നതാണ് എന്‍റെ ആഗ്രഹം. അങ്ങേയുടെ മറ്റൊരു പുത്രന് ഈ അവകാശം ഒരിക്കലും ഉണ്ടാകരുത്.'

ഗാംഗേയനെപ്പറ്റി രാജാവ് വ്യാകുലചിത്തനായി. ഒന്നും പറയാതെ കൊട്ടാരത്തില്‍ തിരിച്ചെത്തി. കുളിയും ഊണും ഉറക്കവും ഇല്ലാതെ രാജാവ് വിഷണ്ണനായി ഇരുപ്പായി. അച്ഛന്‍റെ ഈ ദുസ്ഥിതി കണ്ടു ദേവവ്രതന്‍ കാരണമെന്തെന്നു തിരക്കി. ‘നരന്മാരില്‍ സിംഹമായ അങ്ങേയ്ക്ക് എന്ത് പറ്റി? അതിനു കാരണം ശത്രുക്കള്‍ ആണെങ്കില്‍  അതാരായാലും ഞാനിന്നു തന്നെ ഹനിക്കുന്നുണ്ട്. അച്ഛന്‍റെ ദുഖം തീര്‍ക്കാന്‍ കഴിയാത്ത പുത്രനെക്കൊണ്ട് എന്താണ് പ്രയോജനം? മുജ്ജന്മത്തിലെ കടം വീട്ടാനാണ് പുത്രനുണ്ടാകുന്നതെന്ന് നിശ്ചയം. ദശരഥപുത്രനായ രാമന്‍ അച്ഛന്‍റെ വാക്കുകേട്ട് സീതാ ലക്ഷ്മണ സമേതം കാട്ടില്‍പോയി താമസിച്ചില്ലേ? ഹരിശ്ചന്ദ്രന്‍റെ മകന്‍ രോഹിതന്‍ പിതാവ് അവനെ വിറ്റതിനാല്‍ വിപ്രഗൃഹത്തില്‍ ദാസനായി കഴിയേണ്ടി വന്നില്ലേ? പിന്നെ ശൂനശേഫന്‍റെ കഥയും പ്രസിദ്ധം. അജീഗര്‍ത്തന്‍ തന്‍റെ മകനായ ശൂനശേഫനെ ബലിമൃഗമായി വിറ്റതാണ്. വിശ്വാമിത്രനാണ് അവനെ രക്ഷപ്പെടുത്തിയത്. ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ തന്‍റെ അമ്മയുടെ കഴുത്തറുത്തത് പിതാവിന്‍റെ ആജ്ഞ ശിരസാവഹിക്കാനാണ്. ചെയ്യരുതാത്ത കര്‍മ്മമാണെങ്കിലും ഗുരുവിന്‍റെയും പിതാവിന്‍റെയും ആജ്ഞയുടെ പ്രാധാന്യം അതില്‍ നിന്ന് വ്യക്തമായി. ഈ ദേഹം അങ്ങയുടേതാണ്. അങ്ങയ്ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞാന്‍ പരിഹാരമുണ്ടാക്കാം. വ്യസനിക്കരുത്. എന്താണെങ്കിലും പറയൂ. പിതാവിന്‍റെ ദുഖം അകറ്റാന്‍ കഴിയാത്ത ഒരു പുത്രനുണ്ടായിട്ടു കാര്യമില്ല.’

ഇങ്ങിനെ പറഞ്ഞ ദേവവ്രതനോട് ലജ്ജയോടെ രാജാവ് പറഞ്ഞു: “നീ വീരനും ഗൂരനുമാണ്. പോരില്‍നിന്നും പിന്മാറാത്തവനുമാണ്. എന്നാല്‍ നീ മാത്രമല്ലേ എനിക്ക് പുത്രനായുള്ളൂ. നിനക്കെന്തെങ്കിലും പറ്റിയാല്‍ ഞാന്‍ നിരാശ്രയനാവും. ഇതാണ് എന്‍റെആകുലതയ്ക്കുള്ള കാരണം.’

അപ്പോള്‍ ദേവവ്രതന്‍ മന്ത്രിമാരോട് പറഞ്ഞു: അച്ഛന്‍ കാര്യം തെളിച്ചു പറയുന്നില്ല. എന്താണ് പ്രശനം എന്ന് നിങ്ങള്‍ അറിഞ്ഞു വന്ന് എന്നോടു പറയണം. സത്യവതിയിലുള്ള  രാജാവിന്‍റെ മോഹം അവര്‍ പറഞ്ഞ് ദേവവ്രതന്‍ അറിഞ്ഞു. സമയം കളയാതെ അദ്ദേഹം മുക്കുവരാജാവിന്‍റെ കുടിലില്‍ ചെന്നു. അദ്ദേഹം വിനയത്തോടെ പറഞ്ഞു: ‘എന്‍റെ അച്ഛനുവേണ്ടി ഞാന്‍ അങ്ങയുടെ പുത്രിയെ ചോദിക്കുന്നു. അവള്‍ എന്‍റെ അമ്മയായി കൊട്ടാരത്തില്‍ വാഴട്ടെ. ഞാന്‍ അവളുടെ വാക്ക് കേട്ട് നടന്നുകൊള്ളാം.'

അപ്പോള്‍ ദാശരാജാവ് പറഞ്ഞു: 'അങ്ങ് ഇവളെ ഭാര്യയാക്കുക. അതാണ്‌ കൂടുതല്‍ ചേര്‍ച്ച. അങ്ങിനെയാണെങ്കില്‍ ഇവളുടെ മകന്‍ രാജാവാകണം എന്ന നിബന്ധന എനിക്കില്ല.'

എന്നാല്‍, ‘ഇവള്‍ എനിക്ക് അമ്മയായിരിക്കും, ഇവളുടെ പുത്രനായിരിക്കും അടുത്ത രാജാവ്' എന്ന് ദേവവ്രതന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ദാശരാജാവ് സംശയം പ്രകടിപ്പിച്ചു. 'അങ്ങ് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയ്ക്ക് പുത്രനുണ്ടായാല്‍ അവന്‍ ബലം പ്രയോഗിച്ചു രാജ്യം കീഴടക്കുകയില്ല എന്നതിന് എന്താണൊരുറപ്പ്?'

‘പേടിക്കണ്ട, ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ല. ഈ വാക്കിനു മാറ്റമില്ല. ഭീക്ഷ്മശപഥമാണിത്.’ സന്തുഷ്ടനായ ദാശരാജാവ് സത്യവതിയെ ശന്തനുവിനു വിവാഹം ചെയ്തു കൊടുത്തു.

സത്യവതിക്ക് വ്യാസന്‍ എന്നൊരു മകന്‍ നേരത്തേയുണ്ടായിരുന്ന കാര്യം രാജാവിന് അറിയാമായിരുന്നില്ല. അക്കാര്യം അദ്ദേഹത്തോട് ആരും പറഞ്ഞുമില്ല.