Devi

Devi

Saturday, October 14, 2017

ദിവസം 284 ശ്രീമദ്‌ ദേവീഭാഗവതം. 10-12 . മഹാലക്ഷ്മീ മഹാസരസ്വതീ കഥ

ദിവസം 284  ശ്രീമദ്‌ ദേവീഭാഗവതം. 10-12 .  മഹാലക്ഷ്മീ മഹാസരസ്വതീ കഥ

മഹിഷീഗർഭസംഭൂതോ മഹാബലപരാക്രമ:
ദേവാൻ സർവാൻ പരാജിത്യ മഹിഷോfഭൂജ്ജഗത്പ്രഭു:
സർവേഷാം ലോകപാലാനാമധികാരാന്മഹാസുര:
ബലാന്നിർജിത്യ ബുഭുജേ ത്രൈലോക്യൈശ്വര്യമദ്ഭുതം

മുനി പറഞ്ഞു: മഹിക്ഷിയുടെ പുത്രനായ മഹിഷാസുരൻ ദേവൻമാരെയെല്ലാം കീഴടക്കി സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ചു വരികയായിരുന്നു. മൂന്നു ലോകങ്ങളെയും ബലമായി കീഴടക്കി അവൻ ജഗത്പ്രഭുവായി സ്വയം അവരോധിച്ചു. അസുരന്റെ ഭരണത്തിൽ അത്യധികം വലഞ്ഞ ദേവൻമാർ ബ്രഹ്മാവിനോട് സങ്കടമുണർത്തിച്ചു. ബ്രഹ്മാവിന്റെ നേതൃത്വത്തിൽ അവർ കാത്യായനമുനിയുടെ ആശ്രമത്തിൽ ഹരിഹരൻമാർ സമ്മേളിച്ചിരുന്നയിടത്ത് ചെന്നു. അവരാ ദേവദേവൻമാരോട് സങ്കടമുണർത്തിച്ചു. 

"മഹിഷാസുരൻ എല്ലാവർക്കും അവകാശപ്പെട്ട ഐശ്വര്യങ്ങൾ കീഴടക്കി ദേവൻമാരെ കഷ്ടത്തിലാക്കിയിരിക്കുന്നു. അവൻ തന്റെ ബലത്തിലും വീര്യത്തിലും മത്തനായി മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്." 

പരാതി കേട്ട് ഭഗവാൻ വിഷ്ണു കോപിഷ്ഠനായി ബ്രഹ്മാവും ശങ്കരനും ഹരിക്കൊപ്പം തയ്യാറായി നിന്നു. പെട്ടെന്ന് ശ്രീഹരിയുടെ മുഖത്തു നിന്നും ആയിരം സൂര്യൻമാർ ഒന്നിച്ചുദിച്ചതു പോലെ ഒരു ചൈതന്യം ഉദ്ഭവിച്ചു കാണപ്പെട്ടു. മറ്റു ദേവൻമാരുടെ മുഖങ്ങളും തേജോമയങ്ങളായി. അവരിൽ ഓരോരുത്തരിൽ നിന്നും തേജസ്സുകൾ ആവിർഭവിച്ചു.

ശംഭുവിൽ നിന്നുമുദിച്ച തേജസ്സ് മുഖമായി. യമതേജസ്സ് കേശമായി. വിഷ്ണു തേജസ്സ് കരങ്ങളായി. ഇന്ദ്രതേജസ്സ് അരക്കെട്ടും വരുണതേജസ്സ് കണങ്കാലും തുടകളും ആയി. ഭൂമിതേജസ്സ് നിതംബമായി. ബ്രഹ്മതേജസ്സ് പാദങ്ങളായി. ഭാനുതേജസ്സ് കാൽവിരലുകളായി. വസുതേജസ്സ് കൈവിരലുകളായി. കുബേരതേജസ്സ് മൂക്ക്, പ്രാജാപത്യ തേജസ്സ് ദന്തങ്ങൾ, അഗ്നി തേജസ്സ് നയനങ്ങൾ, സന്ധ്യാ തേജസ്സ് പുരികങ്ങൾ, വായു തേജസ്സ് ചെവികൾ, എന്നിങ്ങനെ ദേവതേജസ്സുകൾ ഉത്തമമായി ഒത്തുചേർന്ന് മഹിഷാസുരമർദ്ദിനിയായി ദേവിയവിടെ ഉദ്ഭൂതയായി.

ശിവൻ ദേവിക്ക് ശൂലവും, വിഷ്ണു ചക്രവും, പാശി ശംഖവും, പാവകൻ വേലും, വായു അമ്പും വില്ലും, ദേവേന്ദ്രൻ വജ്രായുധവും ഐരാവതത്തിന്റെ മണിയും, ദേവിക്കു നൽകി. യമൻ കാല ദണ്ഡം നൽകി. ബ്രഹ്മാവ് യക്ഷമാലയും കിണ്ടിയും കൊടുത്തു കാലൻ വാളും പരിചയും നൽകി.

ആദിത്യൻ ദേവിയുടെ രോമകൂപങ്ങളിൽ രശ്മിമാല ചാർത്തി. സമുദ്രം ദേവിക്ക് മുത്തുമാലയും പുതുവസ്ത്രങ്ങളും ചൂഡാരത്നവും തോൾ വളയും കുണ്ഡലങ്ങളും കടകങ്ങളും അംഗദങ്ങളും അമ്പിളിക്കീറും നൂപുരങ്ങളും കാൽച്ചിലങ്കകളും കണ്ഠാഭരണങ്ങളും നൽകി. വിശ്വകർമ്മാവ് മോതിരങ്ങൾ കൊടുത്തു.ഹിമവാൻ വിവിധ രത്നങ്ങൾ സമ്മാനിച്ചതു കൂടാതെ വാഹനമായി ഒരു സിംഹത്തെയും നൽകി. കുബേരൻ സ്വർണ്ണചഷകത്തിൽ മധുനിറച്ച് നൽകി. ശേഷഭഗവാൻ നൽകിയത് ഒരു കനകഹാരമായിരുന്നു.

എല്ലാ ദേവൻമാരും ദേവിയെ വണങ്ങി. ജഗന്മയിയും ജഗൻമംഗളദായിനിയും സർവ്വവിശ്വോത്പത്തിഹേതുഭൂതയുമായ ജഗദംബയെ അവർ സ്തോത്രങ്ങൾകൊണ്ട് വാഴ്ത്തി. ദേവി അവരുടെ സ്തോത്രങ്ങളിൽ പ്രീതയായി അസുരവധത്തിനു പുറപ്പെട്ടു.

ദേവി ക്രുദ്ധയായി ഒന്നു ഗർജ്ജിച്ചു. ആ കേട്ട് ദൂരെയായിരുന്നിട്ടും മഹിഷാസുരൻ ഞെട്ടിപ്പോയി. അവൻ വലിയ യുദ്ധസന്നാഹങ്ങളുമായി ദേവിയുടെ അടുക്കലെത്തി. അസുര സേനാനികളായ ചിക്ഷുരൻ, ദുർമുഖൻ, ദുർദ്ധരൻ ,ബാഷ്കളൻ, താമ്രൻ, ബിഡാലമുഖൻ എന്നിവർ യുദ്ധ സന്നദ്ധരായി മഹിഷനു,ചുറ്റും അണിനിരന്നു. അവരെല്ലാം ബലത്തിലും വീരത്തിലും കാലതുല്യൻമാരായിരുന്നു. കോപത്താൽ ചുവന്നു തുടുത്ത കണ്ണുകളോടെ ദേവി മഹിഷപ്പടയെ കൊന്നൊടുക്കി. തന്റെ പടയ്ക്കുണ്ടായ വീഴ്ചയിൽ കോപിതനായ മഹിഷൻ അതിവേഗം മായാ പ്രയോഗത്തോടെ ദേവിക്കുനേരേ ചാടി വീണു. അവൻ പല രൂപഭാവങ്ങളും കൈക്കൊണ്ടു. ദേവി അവയെയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കി. ഒടുവിലവൻ തന്റെ സ്വരൂപമായ മഹിഷരൂപത്തിൽ ദേവിക്കു മുന്നിൽ നിന്നു. ദേവി കയർകൊണ്ടവനെ വരിഞ്ഞു കെട്ടി വാൾകൊണ്ട് തലയറുത്തു. അസുരസൈന്യത്തിൽ ബാക്കിയുള്ളവർ തിരിഞ്ഞോടി. ദേവൻമാർ സന്തോഷം ദേവിയെ വാഴ്ത്തി. ഇതാണ് മഹിഷാസുരമർദ്ദിനിയായ ലക്ഷ്മീദേവിയുടെ ആവിർഭാവത്തിനെക്കുറിച്ചുള്ള കഥ.

ഇനിപ്പറയാനുള്ളത് വാണീദേവി സരസ്വതിയുടെ ആവിർഭാവത്തെപ്പറ്റിയാണ്. പണ്ട് ശുംഭൻ എന്ന പേരുള്ള ഒരസുരനുണ്ടായിരുന്നു. അവന്റെ അനിയൻ നിശുംഭൻ. രണ്ടു പേരും അതിവീര പരാക്രമികൾ. അവർ ദേവൻമാരെ ആക്രമിച്ച് എല്ലാ സമ്പദൈശ്വര്യങ്ങളും കൈക്കലാക്കി. അവരുടെ ശല്യം സഹിക്കാതെ ദേവഗണം ഹിമാലയത്തിൽ പോയി ഒത്തു ചേർന്ന് ദേവിയോട്  ശരണം അഭ്യർത്ഥിച്ചു. അവർ ആദരവോടെ ദേവീസ്തുതി ചെയ്തു.

ദേവൻമാർ പറഞ്ഞു: "ദേവൻമാരുടെ ദു:ഖമകറ്റുന്ന ദേവീ, അസുരവർഗ്ഗത്തെ വേരോടെ ഇല്ലാതാക്കുന്ന ദേവീ അവിടുത്തെ തൊടാൻ ജരാമൃത്യു രോഗാദികൾക്ക് കഴിയുകയില്ല. ശുഭേ, ദേവേശി, മഹേശീ, ഭക്തസുലഭേ, മഹാബലപരാക്രമേ, അനന്തവിക്രമേ, സൃഷ്ടിസ്ഥിതി സംഹാര ഹേതവേ, വിഷ്ണുശങ്കര ബ്രഹ്മാദി സ്വരൂപേ, കാന്തിദായിനീ, മഹാതാണ്ഡവ സപ്രീതേ, ദേവദേവേശീ, കരുണാനിധേ, പ്രസാദിച്ചാലും. ആർത്തിനാശിനീ, മോദദായിനീ, മാധവീ, ദുഷ്ടനായ ശുംഭനിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ."

ഇങ്ങിനെ സ്തുതിച്ച് വിലപിക്കുന്ന ദേവൻമാരെ കരുണാർദ്രനയനങ്ങളോടെ മലമങ്കയായ ദേവിയൊന്നു നോക്കി. പെട്ടെന്ന് പാർവ്വതിയുടെ കോശരൂപത്തിൽ നിന്നും കൗശികി എന്ന പേരോടു കൂടിയ ജഗദ് സമ്പൂജ്യയായ ദേവി ഉദ്ഭൂതയായി. "ഞാൻ നിങ്ങളിൽ പ്രസന്നയാണ്.വരം എന്തു വേണമെങ്കിലും ചോദിക്കാം."

ദേവൻമാർ ആവശ്യമറിയിച്ചു. "അതി പരാക്രമികളും ദുഷ്ടരുമായ ശുംഭനിശുംഭ സഹോദരൻമാർ ദേവൻമാരെയെല്ലാം ദ്രോഹിച്ചു കഴിയുന്നു. അവരുടെ ശല്യമൊഴിവാക്കണം എന്നാണ് ഞങ്ങൾ അവിടുത്തോട് പ്രാർത്ഥിക്കുന്നത്. "

ദേവി പറഞ്ഞു: "ദേവവൈരികളായ അവരെ ഞാൻ വധിക്കാം. നിങ്ങൾ സമാധാനിക്കുവിൻ. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. " ഇത്രയും പറഞ്ഞ് ദേവി പെട്ടെന്ന് മറഞ്ഞു. ദേവൻമാർ അവരവരുടെ ഇടങ്ങളിലേയ്ക്ക് പോയി.

ചണ്ഡമുണ്ഡൻമാർ ശുംഭനിശുംഭൻമാരുടെ പടയാളികളാണ്. അവർ അത്യന്തസുന്ദരിയും വിമോഹിനിയുമായ ദേവിയെക്കണ്ട് 'ഇവൾ രാജാവായ ശുംഭന് അവകാശപ്പെട്ടവളാണ്' എന്നു വിചാരിച്ച് രാജാവിനോട് കാര്യം പറഞ്ഞു. "അസുര ശ്രേഷ്ഠാ, വിലപിടിച്ചതെല്ലാം അനുഭവിക്കാൻ അങ്ങേയ്ക്ക് മാത്രമേ യോഗ്യതയുള്ളു. ഞങ്ങൾ അപൂർവ്വസൗന്ദര്യത്തിനുടമയായ ഒരുവളെ ഇന്നുകണ്ടു.  അവളെ അനുഭവിക്കാൻ അങ്ങേയ്ക്കല്ലാതെ ആർക്കും യോഗ്യതയില്ല. അസുര സ്ത്രീകളിലോ ദേവമർത്തൃജാതികളിലോ ഒന്നും ഇങ്ങിനെയൊരു സ്ത്രീരത്നത്തെ കാണാൻകൂടി കിട്ടുകയില്ല. അവളെ അങ്ങ് തന്നെ കൂട്ടിക്കൊണ്ടുവന്ന് ഈ കൊട്ടാരത്തെ അലങ്കരിക്കുക."

ഭൃത്യരായ അസുരവീരൻമാർ പറഞ്ഞതു കേട്ട് ശുംഭൻ തന്റെ ദൂതനായി സുഗ്രീവനെ ദേവിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അവൻ ദേവിയോട് പറഞ്ഞു: " ദേവീ, ശുംഭൻ എന്ന പേരോടുകൂടി അതിപരാക്രമിയും ബലവാനും പ്രതാപവാനുമായ ഒരസുരരാജാവുണ്ട്. അവൻ പറഞ്ഞയച്ചിട്ടാണ് ഞാനീ ദൂതുമായി വരുന്നത്. ലോകത്ത് രത്നതുല്യമായ എല്ലാം അവനു സ്വന്തമാണ്. നീയും അവന്റെ കണ്ണിൽ രത്നതുല്യയാണ്.  അതു കൊണ്ട് അവനെ സ്വീകരിച്ചാലും. അവനോടൊപ്പം ചേർന്ന് നിനക്കും സുഖമായി ജീവിക്കാം."

ദേവി പറഞ്ഞു: "നല്ലൊരു ദൂതനായ നീ പറഞ്ഞത് സത്യമാണ്. പക്ഷേ ഞാൻ ചെറുപ്പത്തിലേ ഒരു ശപഥം ചെയ്തിട്ടുണ്ട്. അത് തെറ്റിക്കാനാവില്ല. ആരാണോ എന്നെ പോരിൽ ജയിക്കുന്നത്, എനിക്ക് സമനോ എന്നേക്കാൾ കേമനോ ആയ ഒരു വീരനുമാത്രമേ ഞാൻ വധുവാകു എന്നതാണാ പ്രതിജ്ഞ. അതു കൊണ്ട് നിന്റെ സ്വാമിയോട് ഇവിടെ വന്ന് എന്നെ ജയിച്ച് എന്റെ കൈ പിടിച്ചു കൊള്ളാന്‍ വിനയത്തോടെ അറിയിക്കുക."

സുഗ്രീവൻ ശുംഭനെ വിവരമറിയിച്ചു. മഹാശക്തനായ ദാനവേദ്രൻ കോപിഷ്ഠനായി. പിന്നെ അദ്ദേഹം  ധൂമ്രാക്ഷൻ എന്നു പേരായ അസുര പ്രമുഖനോട് ഇങ്ങിനെ കല്പിച്ചു. "ആ ദുഷ്ടയുടെ മുടിക്ക് കുത്തിപ്പിടിച്ച് അവളെയെടുത്ത് ഇവിടെ എന്റെ മുന്നിൽ എത്രയും വേഗം കൊണ്ടുവരിക." 

സ്വാമിവാക്യം കേട്ട ധൂമ്രാക്ഷൻ അറുപതിനായിരം പടയോടു കൂടി ദേവിയുടെ അടുക്കൽ ചെന്നു. എന്നിട്ട് ഇങ്ങിനെ വിളിച്ചു പറഞ്ഞു: "ശുഭേ, ദൈത്യേന്ദ്രനായ ശുംഭനെ സ്വീകരിക്കുന്നതാണ് നിനക്ക് നല്ലത്. അങ്ങിനെയായാൽ എല്ലാ ഭോഗങ്ങളും നിനക്കനുഭവിക്കാം. അല്ലെങ്കിൽ എനിക്കു നിന്നെ മുടിക്ക് പിടിച്ച് എടുത്തു കൊണ്ട് പോയി രാജാവിനു മുന്നിൽ കൊണ്ടിടേണ്ടതായി വരും."

ദേവി പറഞ്ഞു: "മഹാശക്തനായ നിന്റെ വാക്കുകൾ നിന്നെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കും. എന്നെ പൊക്കിക്കൊണ്ടു പോവുന്നത് നീയോ നിന്റെ സ്വാമിയോ?"

ദേവി പറഞ്ഞതു കേട്ട് അസുരൻ ആയുധങ്ങളെടുത്ത് ദേവിക്ക് മുന്നിൽ ചാടി വീണു. ഒറ്റ ഹുങ്കാരം കൊണ്ടു തന്നെ ദേവി അവനെ ഭസ്മമാക്കി. അവന്റെ സൈന്യങ്ങളെ ദേവിയുടെ വാഹനമായ സിംഹം ഓടിച്ചു കളഞ്ഞു. 

ധൂമ്രാക്ഷന് സംഭവിച്ച കാര്യം അറിഞ്ഞ ശുംഭന് കോപം സഹിക്കാതായി. അവന്റെ നെറ്റി ചുളിഞ്ഞു. പുരികം വളഞ്ഞു. പല്ലിറുമ്പിക്കൊണ്ട് അവൻ ചണ്ഡമുണ്ഡൻമാരെയും രക്തബീജനെയും ദേവീസവിധത്തിലേക്ക് പറഞ്ഞയച്ചു. വീരാസുരൻമാർ മൂന്നു പേരെയും ദേവിയുടെ ശൂലം വകവരുത്തി. ഒടുവിൽ ശുംഭനും നിശുംഭനും യുദ്ധത്തിനിറങ്ങി. അവരും നന്നായി പൊരുതിയെങ്കിലും ദേവിക്ക് മുന്നിൽ അവരുടെ ശൌര്യം നിഷ്പ്രഭമായി. ദേവി അവരെ വധിച്ചു.

ഇങ്ങിനെ ശുംഭനിശുംഭന്മാരെ വധിച്ച ദേവിയെ സുരഗണം വാഴ്ത്തി സ്തുതിച്ചു. ഈ ദേവിയാണ് വാഗീശ്വരി. പരമേശ്വരിയായ ദേവി കാളിയായും ലക്ഷ്മിയായും സരസ്വതിയായും പിറന്നതിന്റെ ചരിതങ്ങൾ ഞാൻ പറഞ്ഞു. ജഗത്തിനെ സൃഷ്ടിച്ച്, പാലിച്ച് ഒടുവിൽ സംഹരിക്കുന്നത് ജഗൻ മോഹിനിയായ ദേവിയാണ്. ഈ ദേവിയെ സമാശ്രയിച്ചാൽ എല്ലാ വാഞ്ഛിതങ്ങളും നേടാം.

നാരായണൻ പറഞ്ഞു: സ്വമേധസ്സ് മുനിയുടെ വാക്കുകൾ കേട്ട് രാജാവ് സർവ്വാർത്ഥ സാധകയായ ദേവിയെ ശരണം പ്രാപിച്ച് ഏകാഗ്രചിത്തനായി തപസ്സു ചെയ്തു. മണ്ണുകൊണ്ട് ഒരു മൂർത്തിയുണ്ടാക്കി പൂജിച്ചും ആഹാര നീഹാരാദികൾ വെടിഞ്ഞും ചെയ്ത കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിന് ദേവീദർശനം ലഭിച്ചു. സ്വന്തം രക്ത മാംസങ്ങൾ പോലും അദ്ദേഹം ദേവിക്ക് ബലിയർപ്പിച്ചു. മായാമോഹമില്ലാതാകുന്ന പരമമായ ജ്ഞാനം ദേവി രാജാവിനു നല്കി. രാജാവിനു നഷ്ടപ്പെട്ട രാജ്യം ശത്രുക്കളേതുമില്ലാതെ തിരികെ ലഭിച്ചു.

ദേവി പറഞ്ഞു: "മോഹത്തിനന്ത്യം വരുത്തുന്ന ജ്ഞാനം ഞാൻ നിനക്കു തരുന്നു. ഈ ജന്മത്തിൽത്തന്നെ നിനക്ക് സർവ്വ മംഗളങ്ങളും ഉണ്ടാവട്ടെ. ജന്മാന്തരത്തിൽ നിനക്കായി മന്വന്തരാധിപത്യവും ഞാൻ നൽകുന്നു. ഭാനുപുത്രനായി ജനിക്കുന്ന നിനക്ക് സാവർണ്ണി മനു എന്നായിരിക്കും നാമധേയം. അതിപ്രതാപവാനായി സത്പുത്ര സമ്പന്നനായി വാഴുക."

സുരഥന് അനുഗ്രഹം നല്കി ദേവി അപ്രത്യക്ഷയായി. സാവർണ്ണി മനുവിന്റെ ചരിതം കേൾക്കുന്നതും ഓർക്കുന്നതും കൊണ്ട് ദേവീപ്രസാദമുണ്ടാവും എന്നറിയുക.

No comments:

Post a Comment