Devi

Devi

Sunday, October 22, 2017

ദിവസം 292 ശ്രീമദ്‌ ദേവീഭാഗവതം. 11-7 .രുദ്രാക്ഷധാരണ മാഹാത്മ്യം

ദിവസം 292   ശ്രീമദ്‌ ദേവീഭാഗവതം. 11-7 .രുദ്രാക്ഷധാരണ മാഹാത്മ്യം

ഏവം നാരദഷഡ്വക്ത്രോ ഗിരിശേന വിബോധിത:
രുദ്രാക്ഷമ ഹിമാനം ച ജ്ഞാത്വാffസീത് സകൃതാർത്ഥക:
ഇത്ഥം ഭൂതാനുഭാവോ fയം രുദ്രാക്ഷോ വർണ്ണിതോ മയാ
സദാചാരപ്രസംഗേന ശൃണു ചാന്യത് സമാഹിത:

ശ്രീ നാരായണൻ പറഞ്ഞു. പരമശിവൻ ഇപ്രകാരം രുദ്രാക്ഷമാഹാത്മ്യം പറഞ്ഞതു കേട്ട് സ്കന്ദൻ കൃതാർത്ഥനായി. ഇനി ഞാൻ സദാചാരങ്ങളെപ്പറ്റി ചിലത് പറയാം. അനന്തപുണ്യത്തെ പ്രദാനം ചെയ്യുന്ന രുദ്രാക്ഷത്തിന്റെ മാഹാത്മ്യം കേട്ടുവല്ലോ. ഇനിയതിന്റെ ലക്ഷണവും മന്ത്രവിന്യാസ വിധികളും പറയാം. രുദ്രാക്ഷം ദർശനമാത്രയിൽ ലക്ഷം പുണ്യത്തെ പ്രദാനം ചെയ്യും. തൊട്ടാലത് കോടിയും ധരിച്ചാൽ അതിന്റെയിരട്ടി പുണ്യഫലവും ലഭിക്കും. രുദ്രാക്ഷം ധരിക്കുന്നതിലും പുണ്യം അത് വച്ച് ജപിക്കുന്നതുകൊണ്ട് ലഭിക്കും.

നെല്ലിക്ക വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. ലന്തപ്പഴത്തിന്റെയത്ര വലുപ്പമുള്ളവ മദ്ധ്യമം. പയർമണിയുടെ വലുപ്പത്തിലുള്ളവ അധമം. ശിവാജ്ഞയാലാണ് ഭൂമിയിൽ നാലു വർണ്ണങ്ങളിലുമുള്ള മരങ്ങൾ ഉണ്ടായത്. അങ്ങിനെ രുദ്രാക്ഷത്തിലും നാലു വർണ്ണങ്ങളുണ്ട്. വെളുത്ത രുദ്രാക്ഷം ബ്രാഹ്മണനും രക്തവർണ്ണത്തിലുള്ളത് ക്ഷത്രിയനും മഞ്ഞ നിറമുള്ളത് വൈശ്യനും കറുത്തവ ശൂദ്രനുമാകുന്നു. അതത് വർണ്ണക്കാർ അവർക്ക് ചേർന്ന നിറത്തിലുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്.

സമസ്നിഗ്ധവും ദൃഢവും മുള്ള് നിറഞ്ഞതുമായ രുദ്രാക്ഷമണികളാണ് ശുഭഫലദായികൾ. പുഴുക്കുത്തുള്ളവ, മുറിഞ്ഞവ, വിണ്ടവ, മുള്ളില്ലാത്തവ, ദ്രവിച്ചവ, തൊലി മൂടിക്കെട്ടിയവ, എന്നിങ്ങിനെയുള്ള ആറുതരം രുദ്രാക്ഷമണികളും വർജ്ജിക്കണം. സ്വതവേ തുളയുള്ള രുദ്രാക്ഷം ഉത്തമം. മനുഷ്യൻ തുളച്ചെടുക്കുന്നവ മദ്ധ്യമം. മിനുപ്പും ദാർഢ്യവും ഉള്ള രുദ്രാക്ഷമണികൾ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് നല്ലത്. വിശിഷ്ട ലക്ഷണങ്ങളും ഒരേ വലുപ്പമുള്ളവയുമായ മണികൾ കോർത്ത മാലകൾ ദേഹം മുഴുവൻ ധരിക്കാം. ചാണക്കല്ലിൽ ഉരക്കുമ്പോൾ സ്വർണ്ണവർണ്ണം കാട്ടുന്ന രുദ്രാക്ഷം ഏറെ ഉത്തമമത്രേ.

ശിഖയിൽ ഒരെണ്ണം. ശിരസ്സിൽ മുപ്പത്, കഴുത്തിൽ മുപ്പത്തിയാറ്, കൈകളിൽ പതിനാറ് വീതം, മണിബന്ധത്തിൽ പന്ത്രണ്ട്, മാറത്ത് അൻപതെണ്ണം ഇങ്ങിനെയാണ് ഒരു ശിവഭക്തൻ രുദ്രാക്ഷങ്ങൾ മെയ്യിലണിയേണ്ടത്. നൂറ്റിയെട്ട് രുദ്രാക്ഷങ്ങൾ കോർത്തൊരു മാലയാക്കിയും ധരിക്കാം. രണ്ടോ മൂന്നോ മടക്കാക്കി കഴുത്തിലിടാം.

കുണ്ഡലം, കിരീടം, കമ്മൽ, മാല, തോൾ വള, അരപ്പട്ട, ഇവയിലെല്ലാം രുദ്രാക്ഷം ധരിക്കാം. ഊണിലും ഉറക്കത്തിലും രുദ്രാക്ഷം ധരിക്കാവുന്നതാണ്. മുന്നൂറ് രുദ്രാക്ഷം ധരിക്കുന്നത് അധമവും അഞ്ഞൂറ് മദ്ധ്യമവും ആയിരം ഉത്തമവും ആണെന്ന് പറയുന്നു. രുദ്രാക്ഷം ശിരസ്സിൽ ധരിക്കുമ്പോൾ ഈശാനമന്ത്രവും ചെവിയിലാവുമ്പോൾ തൽപ്പുരുഷവും, നെറ്റിയിലും വക്ഷസ്സിലും ധരിക്കുമ്പോൾ അഘോരവും കൈകളിൽ കെട്ടുമ്പോൾ അഘോരബീജവും ജപിക്കണം. ഉദരത്തിൽ അൻപത് രുദ്രാക്ഷങ്ങൾ വാമദേവം ജപിച്ച് കെട്ടണം. ഹൃദയഭാഗത്ത് രുദ്രാക്ഷമണിയുമ്പോൾ സദ്യേജാതം ജപിക്കുക. എല്ലാ രുദ്രാക്ഷങ്ങളും അണിയുമ്പോൾ മൂലമന്ത്രസഹിതം തന്നെ ആവുന്നതാണുത്തമം.

ഏകമുഖരുദ്രാക്ഷം പരബ്രഹ്മസ്വരൂപകമാകുന്നു. അത് ധരിച്ചാൽ സാധകനിൽ പരമതത്വം തെളിഞ്ഞു വരും. രണ്ടു മുഖമുള്ള രുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമായ ഗൗരീശങ്കരം എന്നറിയപ്പെടുന്നു. മൂന്നു മുഖമുള്ളത് അഗ്നിത്രയമാണ്. ഗാർഹപത്യം, ആഹവനീയം, ദക്ഷിണം എന്നിവയാണ് അഗ്നിപ്രയങ്ങൾ.  സ്ത്രീഹത്യാപാപം പോലും ഇല്ലാതാക്കാൻ ഇതിനു സാധിക്കും. അഗ്നി, സാധകനിൽ പ്രസാദിക്കുകയും ചെയ്യും. നാലു മുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്.  ഇത് ധരിക്കുന്നവൻ ആരോഗ്യവും ഐശ്വര്യവും ജ്ഞാനസമ്പത്തും നേടി മഹാത്മാവാകും.

പഞ്ചമുഖരുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപമാകുന്നു. ഇതു കൊണ്ട് മഹേശ്വരപ്രസാദം ലഭിക്കും. ആറ് മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവത ഷൺമുഖനാണ്. ചിലർ പറയുന്നത് വിനായകനാണ് ഷഡ്മുഖരുദ്രാക്ഷത്തിന്റെ അധിദേവനാണെന്നാണ്. ഏഴുമുഖങ്ങൾ ഉള്ള രുദ്രാക്ഷം സപ്തമാതാക്കളെയും സപ്തർഷികളെയും ഏഴുകുതിരകളെ പൂട്ടി നിത്യവും രഥസഞ്ചാരം ചെയ്യുന്ന ആദിത്യനേയും പ്രതിനിധാനം ചെയ്യുന്നു. ഇത് ധരിക്കുന്നതു കൊണ്ട് ഒരുവനില്‍ സർവ്വൈശ്വര്യങ്ങളും ഉണ്ടാവും.

എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് അഷ്ടമാതാക്കളെയും അഷ്ടവസുക്കളേയും ഗംഗയേയും പ്രീതിപ്പെടുത്തുന്നു. ഇവരെല്ലാം അഷ്ടമുഖ രുദ്രാക്ഷത്തിന്റെ അധിദേവതകളാകുന്നു. ഒൻപതു മുഖങ്ങളുള്ള രുദ്രാക്ഷം യമനെ പ്രതിനിധാനം ചെയ്യുന്നു. ഈ രുദ്രാക്ഷം അണിയുന്നവന് മൃത്യു ഭയമുണ്ടാവില്ല. പത്തുദിക്കുകളാണ് പത്തുമുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവതകൾ. ദശദിക്കുകളെയും പ്രീതിപ്പെടുത്താൻ ഇത് ധരിച്ചാൽ മതി.

ഏകാദശരുദ്രൻമാർ ദേവതകളായുള്ള രുദ്രാക്ഷത്തിന് പതിനൊന്ന് മുഖങ്ങളാണുള്ളത്. സൗഖ്യ സംവർദ്ധകമായ ഈ രുദ്രാക്ഷത്തിന്റെ അധിദേവത ഇന്ദ്രനാണെന്നും പറയുന്നു. പന്ത്രണ്ട് മുഖങ്ങളുള്ള രുദ്രാക്ഷം സാക്ഷാൽ വിഷ്ണുസ്വരൂപമത്രേ. പന്ത്രണ്ട് സൂര്യൻമാരെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. സാധകൻ ധരിക്കുന്ന രുദ്രാക്ഷത്തിന് പതിമൂന്നു മുഖങ്ങളാണുള്ളതെങ്കിൽ അത് കാമദവും, സിദ്ധിദവും, ശുഭപ്രദവും ആണ്. കാമദേവൻ അവനിൽ ക്ഷിപ്രപ്രസാദിയുമാവും.

പതിന്നാലു മുഖങ്ങളുള്ള രുദ്രാക്ഷം രുദ്ര ഭഗവാന്റെ നേത്രങ്ങളിൽ നിന്നും ഉണ്ടായതാണ്. സർവ്വവ്യാധികളെയും ഇല്ലാതാക്കി പൂർണ്ണാരോഗ്യം പ്രദാനം ചെയ്യുന്ന ദിവ്യമായ രുദ്രാക്ഷമാണിത്.

രുദ്രാക്ഷം ധരിക്കുന്നവൻ മദ്യമാംസാദികൾ, ചുവന്നുള്ളി, വെള്ളുള്ളി, മുരിങ്ങക്കായ്, പന്നിമാംസം, എന്നിവ വർജ്ജിക്കണം.

ശ്രഹണദിവസം വിഷുസംക്രമം, അയനകാലം, വാവ്, മുതലായ ദിനങ്ങൾ രുദ്രാക്ഷം ധരിക്കാൻ ഉത്തമം. സകലപാപങ്ങളിൽ നിന്നും രുദ്രാക്ഷധാരിക്ക് അതോടെ മുക്തിയായി.

No comments:

Post a Comment