Devi

Devi

Thursday, April 28, 2016

ദിവസം 140. ശ്രീമദ്‌ ദേവീഭാഗവതം. 6. 13. ശൂനശേഫരക്ഷണം

ദിവസം 140. ശ്രീമദ്‌ ദേവീഭാഗവതം. 6. 13. ശൂനശേഫരക്ഷണം

സാഹസം കൃതവാന്‍ രാജാ പൂര്‍വ്വം യത് കഥിതോ മഖ:
വരുണായ പ്രതിജ്ഞാത: പുത്രം കൃത്വാ പശും പ്രിയം
ഗതേ ത്വയി പിതാ പുത്രം ബദ്ധ്വാ യൂപേ ലൃണ: പുന:
പശും കൃത്വാ മഹാബുദ്ധേ വധിഷ്യധി വൃഥാതുര:

ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന്‍ തുടര്‍ന്നു: ‘നിന്നെ വരുണന് ബലി നല്‍കാം എന്ന്‍ മഹാരാജാവ് നല്‍കിയ വാക്ക് കുറച്ചു കടന്നുപോയി. ഇങ്ങിനെ ചെയ്യുന്ന പിതാക്കന്മാരുണ്ടോ? കൊട്ടാരത്തില്‍ ചെല്ലേണ്ട താമസം, യൂപത്തില്‍ക്കെട്ടി നിര്‍ദ്ദയം നിന്നെ ബലി കൊടുക്കും.’

വിപ്രന്റെ വാക്കുകള്‍ കേട്ട് രോഹിതന്‍ കൊട്ടാരത്തിലേക്ക് പോവാനുള്ള തീരുമാനം മാറ്റി. എന്നാല്‍ ഓരോതവണയും പിതാവിന്‍റെ രോഗവാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും അവനു പിതാവിനെ കാണാന്‍ പോവണമെന്ന് തോന്നും. അതിനായി പുറപ്പെടുമ്പോഴെയ്ക്കും ഇന്ദ്രന്‍ വന്ന് ഓരോരോ ന്യായം പറഞ്ഞ് അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കും.

കൊട്ടാരത്തില്‍ ഹരിശ്ചന്ദ്രന് രോഗം കലശലായി. അദ്ദേഹം ഗുരുവായ വസിഷ്ഠനെ വിളിച്ചു സങ്കടം പറഞ്ഞു: രോഗപീഡിതനായ എന്നെ അങ്ങ് രക്ഷിക്കണം. എന്താണ് ഞാനിനി ചെയ്യുക?’

വസിഷ്ഠന്‍ പറഞ്ഞു: ‘രാജാവേ, രോഗനിവാരണത്തിന് ഉപാധികള്‍ ഉണ്ട്. ഒരുവന് പതിമൂന്നുതരത്തില്‍ മക്കള്‍ ഉണ്ട്. എല്ലാവരും അയാള്‍ തന്നെ ജന്മം കൊടുത്തവര്‍ ആവണമെന്നില്ല. ചോദിച്ച പണം നല്‍കി ഒരു ബ്രാഹ്മണകുമാരനെ വിലയ്ക്ക് വാങ്ങി അവനെ ബലിമൃഗമായി വച്ച് യാഗം പൂര്‍ത്തിയാക്കാം. ഇങ്ങിനെയുള്ള പുത്രന് ക്രീതപുത്രന്‍ എന്നാണു പറയുന്നത്. അങ്ങിനെ പാശിയെ പ്രീതനാക്കി അങ്ങേയ്ക്ക് രോഗവിമുക്തി കൈവരിക്കാം.’

ഗുരു പറഞ്ഞതനുസരിച്ച് രാജാവ് മന്ത്രിയോട് പറഞ്ഞു: ‘ഈ നാട്ടിലും സ്വന്തം മകനെ വില്‍ക്കാന്‍ തയ്യാറായി ആരെങ്കിലും ഉണ്ടായേക്കും. എത്ര ക്ലേശം സഹിച്ചാണെങ്കിലും അങ്ങിനെ ഒരാളെ കണ്ടു പിടിക്കണം. യജ്ഞത്തിന് വിപ്രകുമാരന്‍തന്നെ വേണമല്ലോ. എത്ര പണം വേണമെങ്കിലും അവന്‍റെ പിതാവിന് നല്‍കാം. അതില്‍ പിശുക്ക് കാണിക്കേണ്ടതില്ല. ചോദിച്ച വില നല്‍കി അങ്ങിനെ ഒരുവനെ കൊണ്ടുവന്നാലും.’

വീടായ വീട് തോറും മന്ത്രി അന്വേഷിച്ചലഞ്ഞു. ഒടുവില്‍ അജീഗര്‍ത്തന്‍ എന്നൊരു ബ്രാഹ്മണനെ കണ്ടുകിട്ടി. അയാള്‍ രോഗിയാണ്. മൂന്നു മക്കളുമായി കഷ്ടപ്പെട്ട് കഴിയുന്ന അയാള്‍ വലിയ ദാരിദ്ര്യത്തിലുമാണ്. അയാളുടെ മൂന്നു മക്കളില്‍ മദ്ധ്യമനായ ശൂനശേഫനെ ചോദിച്ച പണവും നല്‍കി മന്ത്രി വാങ്ങിക്കൊണ്ടുവന്നു. ‘ബലിയ്ക്ക് ഇവന്‍ മതിയാകും’ എന്ന് രാജാവിനോട് പറഞ്ഞ് അയാളെ ഏല്‍പ്പിച്ച് മന്ത്രി തന്‍റെ കര്‍ത്തവ്യം ചെയ്തു.

രാജാവ് യജ്ഞത്തിനുള്ള സംഭാരങ്ങള്‍ എല്ലാം ചെയ്തു. വിപ്രന്മാര്‍ തയ്യാറായി. യജ്ഞം തുടങ്ങവേ അവിടെ വന്ന വിശ്വാമിത്രന്‍ ഒരു കുമാരനെ യജ്ഞശാലയില്‍ കെട്ടിയിട്ടത് കണ്ട് ‘രാജാവേ, സാഹസമരുത്. അവനെ കെട്ടഴിച്ചു വിടൂ. നിനക്കതുകൊണ്ട് സൌഖ്യമുണ്ടാവും. ബ്രാഹ്മണരക്ഷക്കായി സ്വജീവന്‍ വരെ ത്യജിക്കുകയാണ് രാജാക്കന്മാരുടെ രീതി. അല്ലാതെ സ്വരക്ഷയ്ക്ക് ഒരു ക്ഷത്രിയന്‍ ബ്രാഹ്മണനെ ബലാല്‍ക്കാരമായി യാഗബലി നല്‍കാന്‍ ഒരുങ്ങുന്നു. കഷ്ടം. ഈ ബാലന്‍റെ കരച്ചില്‍ കേട്ട് എന്നില്‍ കരുണയുണരുന്നു. എല്ലാവര്‍ക്കും സ്വജീവന്‍ വിലപ്പെട്ടതാണ്‌. എന്‍റെ വാക്കുകളെ ആദരിക്കുമെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിച്ചാലും. അവനെ വിടൂ.’

എന്നാല്‍ രാജാവ് കൌശികന്റെ വാക്കുകള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. മുനി രാജാവിനോട് ക്രുദ്ധനായിയെങ്കിലും അദ്ദേഹം ശൂനശേഫന് ദിവ്യമായ വരുണമന്ത്രം ഉപദേശിച്ചുകൊടുത്തു. ബാലന്‍ ആ മന്ത്രം പ്ലുതസ്വരത്തില്‍ ദയനീയമായി ധ്യാനപൂര്‍വ്വം ആവര്‍ത്തിച്ചു ജപിച്ചുകൊണ്ടിരുന്നു. ആര്‍ദ്ദ്രമായ സ്വരത്തില്‍ മാന്‍ ചാടുന്നതുപോലെയുള്ള ആ ജപം കേട്ട് പ്രസന്നനായ വരുണന്‍ യാഗശാലയില്‍ നേരിട്ട് വന്നു കുമാരനെ മോചിപ്പിച്ചു. രാജാവിന്‍റെ രോഗം ശമിച്ചു. കൌശികന്‍ അങ്ങിനെ ബ്രാഹ്മണകുമാരന്‍റെ ജീവന്‍ രക്ഷിച്ചു.

രാജാവ് തന്‍റെ വാക്കുകള്‍ കേള്‍ക്കാഞ്ഞതില്‍ വിശ്വാമിത്രന് കോപമുണ്ടായിരുന്നു. ഒരിക്കല്‍ രാജാവ് മൃഗയാവിനോദത്തിനു കാട്ടില്‍പ്പോയി ഒരു പന്നിയെ പിന്തുടര്‍ന്നു. കൌശികീ നദിയുടെ തീരത്തെത്തിയ രാജാവിന്‍റെയടുക്കല്‍ മുനിയൊരു വൃദ്ധബ്രാഹ്മണ വേഷത്തില്‍ എത്തി. അദ്ദേഹം ഹരിശ്ചന്ദ്രന്റെ രാജ്യമടക്കം സകല സമ്പത്തും ദാനമായി ചോദിച്ചു വാങ്ങി രാജാവിനെ നിസ്വനാക്കി. രാജാവിന്‍റെ കാര്യം കഷ്ടത്തിലായി. തന്‍റെ രാജാവിന് ഈ വിധി വന്നല്ലോ എന്ന് വസിഷ്ഠമുനിക്ക് ദുഖമായി. അദ്ദേഹം കാട്ടിലെത്തി രാജര്‍ഷിയായ വിശ്വാമിത്രനെ ഭര്‍സിച്ചു.

‘നീയൊരധര്‍മ്മ ക്ഷത്രിയന്‍ തന്നെ. വേറുതെയാണീ മുനിവേഷം. ധ്യാനത്തിനാണന്ന മട്ടില്‍ നദിയുടെ കരയ്ക്കിരുന്നു തക്കം കിട്ടുമ്പോള്‍ മീന്‍ പിടിക്കുന്ന കൊക്കിന്റെ സൂത്രമാണ് നീയിപ്പോള്‍ എന്‍റെ രാജാവിനോട് ചെയ്തത്. എന്‍റെ രാജാവ് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തെ  നീ നിസ്വനാക്കിയത്? നീയൊരു ബകത്തിന്റെ പണി ചെയ്തതുകൊണ്ട് നിന്നെയൊരു ബകമാകാന്‍തന്നെ ഞാന്‍ ശപിക്കുന്നു.’

‘എന്നാല്‍ ശരി മഹാത്മന്‍, ഞാന്‍ ബകമായി നില്‍ക്കുന്ന കാലത്തോളം നീയൊരു പൊന്മയായി മീന്‍ പിടിച്ചു കഴിയാനിടവരട്ടെ’ എന്ന് വിശ്വാമിത്രന്‍ വസിഷ്ഠന് ഒരു മറുശാപവും നല്‍കി.

അങ്ങിനെയാ മഹാതാപസന്മാര്‍ കൊറ്റിയായും പൊന്മയായും ഒരേയിടത്തില്‍ ജീവിച്ചുവന്നു, കൊറ്റി മാനസതടാകത്തിനരികെ ഒരു മരക്കൊമ്പില്‍ കൂടുകെട്ടിത്താമസിച്ചു. മറ്റൊരു മരത്തില്‍ വസിഷ്ഠന്‍ പൊന്മയായും വസിച്ചു. അപ്പോഴും രണ്ടാളും വൈരഭാവം വിട്ടിരുന്നില്ല. എല്ലാ ദിവസവും രണ്ടാളും കൂട്ടില്‍ നിന്നും പുറത്തുവന്ന് നഖവും ചിറകും ഉപയോഗിച്ച് പരസ്പരം കൊത്തിക്കീറി മല്ലിടും. മേലാകെ ചോരപുരണ്ട് പൂത്തുനില്‍ക്കുന്ന മുരിക്കുമരങ്ങള്‍ പോലെ അവര്‍ ശോണനിറമണിയും. ശാപക്കയറിനാല്‍ ബാദ്ധരായതിനാല്‍ രണ്ടു മാമുനിമാരും പക്ഷിരൂപത്തിലുള്ള ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു.

ലോകപിതാമഹനായ ബ്രഹ്മാവ്‌ പോരടിക്കുന്ന ഈ പക്ഷികളെക്കണ്ട്‌ ദയാര്‍ദ്രനായി ദേവന്മാരോടുകൂടി വന്ന്‍ രണ്ടു മുനിമാരെയും സമാധാനിപ്പിച്ച് പോരടിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. പരസ്പരം നല്‍കിയിരുന്ന ശാപങ്ങള്‍ അവര്‍ പിന്‍വലിച്ചു. ബ്രഹ്മാവും ദേവന്മാരും പിരിഞ്ഞുപോയി. വിശ്വാമിത്രനും വസിഷ്ഠനും വീണ്ടും മിത്രഭാവത്തിലായി.

കണ്ടില്ലേ, യാതൊരു കാര്യമില്ലാതെ ഈ മഹാമുനിമാര്‍ തമ്മില്‍പ്പോലും വലിയ വഴക്കുണ്ടായി. അഹങ്കാരമടക്കി സദാ സുഖിയായി വാഴുന്ന ആരെങ്കിലുമുണ്ടോ? മഹാത്മാക്കള്‍ക്കും രാജാക്കന്മാര്‍ക്കും എന്നുവേണ്ട, ആര്‍ക്കും ചിത്തശുദ്ധി കിട്ടുക എന്നത് എളുപ്പമല്ല. കഷ്ടപ്പെട്ട് മാത്രമേ ചിത്തശുദ്ധി ലഭ്യമാവൂ. ദാനം തപസ്സ്, സത്യം, ധര്‍മ്മ കര്‍മ്മങ്ങളിലുള്ള ശ്രദ്ധ എന്നിവയെല്ലാം ഉചിതമായി ചെയ്തില്ലെങ്കില്‍ നിരര്‍ത്ഥകമാവും.

ദേഹമെടുത്തവരായ എല്ലാവര്‍ക്കും ധര്‍മ്മകര്‍മ്മങ്ങള്‍ സാത്വികം, രാജസം, താമസം, എന്നിങ്ങിനെ മൂന്നുവിധ ശ്രദ്ധയോട് കൂടിയതാണെന്ന് പറയപ്പെടുന്നു. പറഞ്ഞു വച്ചതുപോലുള്ള ഫലം ലഭിക്കുന്ന സദ്‌കര്‍മ്മങ്ങള്‍ തുലോം ദുര്‍ലഭമാണ്. രാജസ ശ്രദ്ധയാര്‍ന്ന കര്‍മ്മങ്ങള്‍ പറഞ്ഞു വച്ചിട്ടുള്ള ഫലത്തില്‍ പാതി കിട്ടുന്നവയാണ്. എന്നാല്‍ താമസശ്രദ്ധയോടെയുള്ള ധര്‍മ്മകര്‍മ്മങ്ങള്‍ നിഷ്ഫലവും കീര്‍ത്തി നാശകവുമാണ്. അതുകൊണ്ട് ചിത്തനൈര്‍മല്യം അതി പ്രധാനമാണ്. ശ്രവണമനനാദികള്‍ കൊണ്ടാണ് ചിത്ത ശുദ്ധി സാദ്ധ്യമാവുക. സദ്‌ ഗ്രന്ഥങ്ങള്‍ വായിച്ചും പുണ്യ തീര്‍ത്ഥങ്ങളില്‍ വസിച്ചും ദേവീപൂജയില്‍ താല്‍പ്പര്യമെടുത്തും ദേവീനാമങ്ങള്‍ ജപിച്ചും, ദേവിയുടെ പാദപത്മങ്ങള്‍ ധ്യാനിച്ചും കലിദോഷഭയം അകറ്റാന്‍ സാധിക്കും. അങ്ങിനെ പാപികള്‍ക്ക് പോലും നിഷ്പ്രയാസം മുക്തന്മാരാകാന്‍ സാധിക്കും

Wednesday, April 27, 2016

ദിവസം 139. ശ്രീമദ്‌ ദേവീഭാഗവതം. 6. 12 വരുണശാപം

ദിവസം 139. ശ്രീമദ്‌ ദേവീഭാഗവതം. 6. 12  വരുണശാപം

തീര്‍ത്ഥാനി ഭുവി പുണ്യാനി ബ്രൂഹി മേ മുനിസത്തമ
ഗമ്യാനി മാനവൈര്‍ ദേവൈ: ക്ഷേത്രാണി സരിതസ്ഥഥാ
ഫലം ച യാദൃശം യത്ര തീര്‍ത്ഥേഷു സ്നാന ദാനത:
വിധിം തു തീര്‍ത്ഥയാത്രായാം നിയമാശ്ച വിശേഷത:

രാജാവ് ചോദിച്ചു: മഹര്‍ഷേ, ഭൂമിയില്‍ അനേകം ക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളും ഉണ്ടല്ലോ. അവയില്‍ ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പോകാന്‍ പറ്റിയ ഇടങ്ങള്‍ ഏതൊക്കെയാണ്? ഈ യാത്രകള്‍ കൊണ്ടുണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയാണ്? അത്തരം യാത്രകള്‍ക്ക് പാലിക്കേണ്ട നിയമവിധികള്‍ കൂടി ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.

വ്യാസന്‍ പറഞ്ഞു: തീര്‍ത്ഥങ്ങളെപ്പറ്റി പറയുമ്പോള്‍ ദേവിയുടെ പുണ്യക്ഷേത്രങ്ങളെപ്പറ്റിത്തന്നെ പറയാം. ഗംഗ, സിന്ധു, നര്‍മ്മദ, ഗണ്ഠകി, യമുന, സരസ്വതി, ഗോമതി, തമസാ, കാവേരി, ചന്ദ്രഭാഗ, വേത്രവതി, ചര്‍മണ്വതി, സരയു, താപി, സാഭ്രമതി എന്നിങ്ങിനെ അനേകം പുണ്യ നദികള്‍ ഉള്ളതില്‍ ഗംഗതന്നെയാണ് ഏറ്റവും പവിത്രം. നൂറുകണക്കിന് നദികള്‍ വേറെയുമുണ്ട്. അവയില്‍ മിക്കവാറും എല്ലാം തന്നെ സമുദ്രത്തിലേയ്ക്ക് ചെന്ന് ചേരുന്നവയാണ്‌. അവ പുണ്യ നദികളായും സമുദ്രത്തിലേയ്ക്ക് ചേരാത്തവ അല്‍പപുണ്യങ്ങളായ നദികളുമാണ്. എപ്പോഴും ഒഴുക്കുള്ള നദികളാണ് അവയില്‍ ശേഷ്ഠവതികള്‍. നദികളും രണ്ടുമഴക്കാല മാസങ്ങള്‍ രാജസ്വലകളാവുന്നു എന്നാണു സങ്കല്‍പ്പം. അപ്പോള്‍ ചെങ്കല്‍ നിറത്തില്‍ ചുവന്നു കലങ്ങിയ വെള്ളമാണ് അവയില്‍ക്കൂടി ഒഴുകുക.

കുരുക്ഷേത്രം, നൈമിഷം, പുഷ്കരം എന്നിവ പരിപാവനങ്ങളായ പവിത്രക്ഷേത്രങ്ങളാണ്. ശൈലങ്ങളില്‍ പ്രഭാസം, അര്‍ബുദാരണ്യം, ധര്‍മ്മാരണ്യം, പ്രയാഗം, ശ്രീശൈലം, സുമേരു, ഗന്ധമാദനം എന്നിവയെല്ലാം ഉത്തമങ്ങളാണ്. തടാകങ്ങളില്‍ മാനസസരസ്സ് അത്യുത്തമം. ബിന്ദുസരസും അച്ഛോദവും പ്രമുഖങ്ങള്‍ തന്നെ. 

ഋഷിമാരുടെ ആശ്രമ പ്രദേശങ്ങള്‍ ഇനിപ്പറയാം. നരനാരായണന്‍മാര്‍ ഉഗ്രതപസ്സു ചെയ്ത ഇടമാണ് ബദരികാശ്രമം. പുണ്യവും വിശ്രുതമായ തപോഭൂമിയാണത്. ശതയുപാശ്രമം, വാമനാശ്രമം, എന്നിവയും സുപ്രസിദ്ധങ്ങളാണല്ലോ. ആശ്രമങ്ങള്‍ മിക്കതും അതില്‍ താമസിച്ചു തപസ്സു ചെയ്ത മുനിവരന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങിനെ പുണ്യവും പാവനവുമായ അനേകം സ്ഥലങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവിടങ്ങളില്‍ പുരാതനങ്ങളായ ദേവീക്ഷേത്രങ്ങളുമുണ്ട്.

ഇപ്പറഞ്ഞ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും തപസ്സും, യജ്ഞങ്ങളും എല്ലാം സാപേക്ഷികങ്ങളാണെന്നു നാം മറക്കരുത്. ദ്രവ്യശുദ്ധി, മന:ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയെ ആശ്രയിച്ചാണ് ഇവയുടെ ഫലപ്രാപ്തി. ദ്രവ്യശുദ്ധിയും ക്രിയാശുദ്ധിയും ഉണ്ടായാലും മന:ശുദ്ധി ഇപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല. നാനാഭാവം പൂണ്ടു കഴിയുന്ന മനുഷ്യന് മന:ശുദ്ധിയുണ്ടാവുക ദുര്‍ലഭം തന്നെ. കാമ-ക്രോധ-മദ-മോഹ-മാത്സര്യത്താല്‍ കുഴഞ്ഞുമറിഞ്ഞ മനസ്സിന് ശാന്തി ലഭിക്കുന്നതെങ്ങിനെയാണ്?. ഈ വൈരികള്‍ തപോവിഘ്നം വരുത്താന്‍ സദാ തയ്യാറായിരിക്കുന്നു. 

അഹിംസ, അസ്തേയം, സത്യം, ശൌചം, ഇന്ദ്രിയനിഗ്രഹം, സ്വധര്‍മ്മനിഷ്ഠ, എന്നിവയെല്ലാം ആചരിച്ചാല്‍ത്തന്നെ സര്‍വ്വ തീര്‍ത്ഥങ്ങളിലും മുങ്ങിയതിന്റെ ഫലം സാധകനു കിട്ടിക്കഴിഞ്ഞു. ഇവയില്‍ വിഘ്നം വരുത്തുന്നവര്‍ തീര്‍ത്ഥങ്ങളില്‍ പോകുന്നത് വ്യര്‍ത്ഥമായ വ്യായാമം മാത്രമാണ്. മുങ്ങിക്കുളിച്ചു ദേഹത്തെ അഴുക്ക് പൊക്കാം എന്ന ഉപകാരമേ അങ്ങിനെയുള്ളവര്‍ക്ക് ലഭിക്കൂ. ഈ തീര്‍ത്ഥങ്ങള്‍ക്ക് മനസ്സിനെ ശുദ്ധമാക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഗംഗാതീരത്തും മറ്റും ജീവിക്കുന്ന മാമുനിമാരെല്ലാവരും പരിശുദ്ധരാവാത്തതെന്തേ? അവരും സദാ രാഗദ്വെഷങ്ങളില്‍ മുഴുകിക്കഴിയുന്നവരാണ്. അവിടെയും ഏറെ ദ്രോഹബുദ്ധികള്‍ ഉണ്ട്. കൌശീകമുനിയെപ്പോലുള്ളവര്‍ പോലും ഇതിനപവാദമല്ല.

എന്നാല്‍ രാജാവേ, സത്സംഗം കൊണ്ട് മനോമാലിന്യം നശിച്ച് മനശുദ്ധി വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. അതിനു ദൈവാധീനം വേണം. അങ്ങിനെ മലിനമുക്തമായ മനസ്സ് ഗംഗാനദിയെക്കാള്‍ ഉത്കൃഷ്ടമാവും. വേദശാസ്ത്രങ്ങള്‍, യാഗം, തപസ്സ്, ദാനം എന്നിവയ്ക്കൊന്നും ചിത്തശുദ്ധി നല്‍കാനാവില്ല. ഗംഗാതീരത്ത്‌ ജീവിച്ചിട്ടും ബ്രഹ്മപുത്രനായ വസിഷ്ഠനില്‍പ്പോലും  രാഗദ്വേഷങ്ങള്‍ ഉണ്ടായിരുന്നില്ലേ?  പണ്ട് വസിഷ്ഠനും വിശ്വാമിത്രനും കൊക്കുകളായിത്തീര്‍ന്നു പരസ്പരം പോരടിച്ചില്ലേ? ഹരിശ്ചന്ദ്രന്‍ കാരണമാണ് വിശ്വാമിത്രന്‍ ഒരു മീന്‍കൊത്തിയായത്. വിശ്വാമിത്രന്റെ ശാപത്താല്‍ വസിഷ്ടനും ഒരു കൊക്കായിപ്പിറന്നു. പുണ്യതീര്‍ത്ഥമായ മാനസസരസ്സിന്റെ തീരത്ത് പതിനായിരം കൊല്ലക്കാലം പരസ്പരം കൊത്തിയും മാന്തിയും അവരിരുവരും പോരെടുത്ത് കഴിഞ്ഞു.

ആ മുനിപുംഗവന്മാര്‍ വൈരികളാവാന്‍ കാരണം എന്തെന്ന ചോദ്യത്തിന് വ്യാസന്‍ അവരുടെ കഥ പറഞ്ഞു കൊടുത്തു.

ശ്രീരാമചന്ദ്രനും മുന്‍പ് സൂര്യവംശത്തില്‍ ത്രിശങ്കുവിന്റെ മകനായി ഹരിശ്ചന്ദ്രന്‍ എന്നൊരു രാജാവുണ്ടായിരുന്നു. തങ്ങള്‍ക്ക് പുത്രനുണ്ടാവാന്‍ വേണ്ടി രാജാവ് ഒരു വലിയ യജ്ഞം നടത്താന്‍ തീരുമാനിച്ചു. തനിക്കുണ്ടാവുന്ന ആദ്യജാതനെ യാഗപശുവാക്കി നരബലി നടത്തിക്കൊള്ളാമെന്ന് വരുണദേവനോടു ഏറ്റു. അങ്ങിനെ രാജ്ഞി ഗര്‍ഭിണിയായി. വിധിപൂര്‍വ്വകമായ കര്‍മ്മങ്ങള്‍ എല്ലാം നടത്തി, കാലമെത്തിയപ്പോള്‍ രാജ്ഞി ഉത്തമനായ ഒരു പുത്രന് ജന്മം നല്‍കി. രാജാവ് സന്തോഷപൂര്‍വ്വം ജാതകര്‍മ്മങ്ങളും ബ്രാഹ്മണദാനവും നടത്തി. അനേകം നല്ല കറവപ്പശുക്കളെ അദ്ദേഹം വിപ്രര്‍ക്ക് ദാനം ചെയ്തു. അക്കൂട്ടത്തില്‍ വരുണന്‍ ഒരു ബ്രാഹ്മണവേഷത്തില്‍ എത്തിയിരുന്നു. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചുപചരിച്ചു. ‘ഞാന്‍ വരുണന്‍ ആണ്’ എന്നാ ബ്രാഹ്മണന്‍ രാജാവിനെ അറിയിച്ചു.

‘മകനെ നരബലി കൊടുത്ത് നീ നിന്‍റെ വാക്ക് പാലിക്കുക. അങ്ങെന്നോട് സത്യം ചെയ്തതാണല്ലോ.’ രാജാവ് അതീവ ദുഖിതനായി കൈകൂപ്പിക്കൊണ്ട് വരുണനോട് അപേക്ഷിച്ചു: അങ്ങയോടു പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചുകൊള്ളാം. മകന്‍ ജനിച്ച ഈ മാസം കഴിഞ്ഞേ എന്‍റെ പത്നി ശുദ്ധയാവൂ. ശുദ്ധയായ പത്നിയെക്കൂട്ടി വേണമല്ലോ യജ്ഞം ചെയ്യാന്‍.’

രാജാവ് പറഞ്ഞത് വരുണന് സമ്മതമായിരുന്നു. തല്‍ക്കാലം രക്ഷപ്പെട്ടുവെങ്കിലും രാജാവ് അത്യന്തം ആകുലനായിരുന്നു. ഒരു മാസം തികയവേ വരുണന്‍ വീണ്ടും വിപ്രവേഷത്തില്‍ കൊട്ടാരത്തിലെത്തി. അദ്ദേഹത്തെ പൂജിച്ചിരുത്തി ബഹുമാനിച്ചിട്ട് രാജാവ് പറഞ്ഞു:  മഹാത്മന്‍, എന്റെ പുത്രന് സംസ്കാരക്രിയകള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ. അങ്ങിനെയുള്ള കുഞ്ഞിനെ യജ്ഞയൂപത്തില്‍ കെട്ടുന്നത് നന്നോ? ആദ്യം അവനുവേണ്ട സംസ്കാരകര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാനാ ബലി നടത്താം. അതിനുള്ള സാവകാശം തരണം. സംസ്കാരാദികള്‍ ചെയ്യാത്ത കുഞ്ഞിനെ ബലി കൊടുക്കാന്‍ അധികാരമില്ല എന്നല്ലേ?’

‘അല്ല, ഇതു ഞാന്‍ അനുവദിക്കില്ല. നീയാദ്യംതന്നെ എന്നോടു സത്യം ചെയ്തു. പിന്നെയിപ്പോള്‍ ഒഴികഴിവുകള്‍ പറഞ്ഞ് എന്നെ വഞ്ചിക്കാനാണോ നീ ശ്രമിക്കുന്നത്? അപുത്രന്റെ പുത്രവാത്സല്യം എനിക്കറിയാം. ഏതായാലും ഇപ്പോള്‍ ഞാന്‍ പോകാം. പക്ഷെ കുറച്ചുനാള്‍ കഴിഞ്ഞു ഞാന്‍ തിരികെ വരും എന്നോര്‍മ്മവേണം.’

‘ഭഗവന്‍, സമാവര്‍ത്തനം കഴിഞ്ഞാല്‍ ഞാന്‍ പുത്രനെ യജ്ഞപശുവാക്കി കര്‍മ്മം നടത്താം’ എന്ന് രാജാവ് ഉറപ്പു നല്‍കി. രോഹിതന്‍ എന്ന പേരുള്ള ഹരിശ്ചന്ദ്രപുത്രന്‍ സര്‍വ്വവിദ്യകളും എളുപ്പത്തില്‍ പഠിച്ചു. എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു. അവന്‍ അച്ഛന്‍ നല്‍കിയ ശപഥത്തെപ്പറ്റി അറിഞ്ഞതു മുതല്‍ തനിക്ക് മൃത്യു ആസന്നമാണ്‌ എന്ന ഭയം അവനെ പിടികൂടി. അവന്‍ മനസ്സ് നൊന്ത് എവിടെയോ ഒരു ഗുഹയ്ക്കകത്ത് കയറി ഒളിച്ചു താമസിച്ചു. ആ നാട്ടിലേയ്ക്ക ആരും സാധാരണ പോകാറില്ല. 

ഒരുദിവസം യജ്ഞം നടത്താന്‍ സമയമായി എന്നറിയിച്ചുകൊണ്ട്‌ വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

‘ഞാനെന്താണ് ചെയ്യുക? അവനെ കാണാനില്ല.’ എന്ന് രാജാവ് പറഞ്ഞപ്പോള്‍ പാശി കോപിഷ്ടനായി. ‘നീ കള്ളം പറയാന്‍ മിടുക്കന്‍ തന്നെ. എന്നെ ചതിക്കാന്‍ ശ്രമിച്ചതുകൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു. നിനക്ക് ജലോദരം പിടിപെടട്ടെ.’ വരുണന്‍ മടങ്ങിപ്പോയി. രാജാവ് രോഗഗ്രസ്തനുമായി. 

അച്ഛന്‍ രോഗിയായി വലയുന്ന കാര്യം കാട്ടില്‍ക്കഴിയുന്ന രോഹിതന്‍ അറിഞ്ഞു. ഈ വിവരമറിയിച്ച വഴിപോക്കന്‍ പറഞ്ഞു:’ നീയാണ് അച്ഛന്റെ രോഗപീഡയ്ക്ക് കാരണം. പിതാവിന്‍റെ ദുഃഖം മാറ്റാന്‍ കഴിയാത്ത പുത്രന്‍റെ ജന്മം വ്യര്‍ത്ഥം. വിഷമിച്ചു കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കാതെ നീയിങ്ങിനെ ഒളിച്ചു കഴിയുന്നത് എത്ര നീചമാണ്! ജന്മം തന്നവന്റെ ദുഃഖം മാറ്റാന്‍ ഈ ദേഹം ഉപയോഗിച്ചില്ലെങ്കില്‍ ഈ തടികൊണ്ടെന്തു കാര്യം? പിതാവിന് വേണ്ടി പ്രാണന്‍ കളയാനും പുത്രന്‍ തയ്യാറാവണം.’

ഈ ധര്‍മ്മോപദേശം അവനില്‍ മനംമാറ്റമുണ്ടാക്കി. അവന്‍ കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ തയ്യാറായി. അപ്പോള്‍ ഇന്ദ്രന്‍ ഒരു വിപ്രന്റെ വേഷത്തില്‍ അവിടെയെത്തി രോഹിതിനോടു സ്വകാര്യമായി പറഞ്ഞു: ‘നീയെന്തറിഞ്ഞിട്ടാണ് കൊട്ടാരത്തിലേയ്ക്ക് പോകുന്നത്? രോഗാര്‍ത്തനായ അച്ഛനെ നിനക്ക് ശരിക്കറിയില്ല. നീയൊരു മൂര്‍ഖന്‍ തന്നെ’

Sunday, April 24, 2016

ദിവസം 138. ശ്രീമദ്‌ ദേവീഭാഗവതം. 6. 11 യുഗധര്‍മ്മം

ദിവസം 138. ശ്രീമദ്‌ ദേവീഭാഗവതം. 6. 11  യുഗധര്‍മ്മം

ഭാരാവതരണാര്‍ത്ഥായ കഥിതം ജന്മ കൃഷ്ണയോ:
സംശയോ fയം ദ്വിജ ശ്രേഷ്ഠ ഹൃദയേ മമ തിഷ്ഠതി
പൃഥ്വീ ഗോസ്വരൂപേണ ബ്രഹ്മാണാം ശരണം ഗതാ
ദ്വാപരാന്തേ fതി ദീനാf fര്‍ത്താ ഗുരു ഭാര പ്രപീഡിതാ

ജനമേജയന്‍ പറഞ്ഞു:  ഭൂഭാരം തീര്‍ക്കാന്‍ കൃഷ്ണനും അര്‍ജുനനും ഉണ്ടായിരുന്നുവല്ലോ. എന്നാല്‍ ദ്വാപരയുഗാന്ത്യത്തില്‍ ഭൂദേവി ഒരു പശുവിന്‍റെ രൂപത്തില്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചതായി കേട്ടിട്ടുണ്ട്. നാന്മുഖന്‍ മഹാവിഷ്ണുവിനോടഭ്യര്‍രത്ഥിച്ചതിന്‍ പ്രകാരം ഭൂഭാരം തീര്‍ക്കാന്‍ കൃഷ്ണനും അര്‍ജ്ജുനനുമായി ഭൂമിയില്‍ പിറക്കാം എന്നേറ്റു.. അവരുടെ കൂട്ടാളികളായ ദേവവൃന്ദവും അവര്‍ക്ക് സഹായത്തിനുണ്ടായിരുന്നു. വസുദേവരുടെ പുത്രനായി ഭഗവാന്‍ പിറന്നു. ബലരാമന്‍റെ അനുജനായി ഭഗവാന്‍ അവതരിച്ചിട്ടും ഭൂമിയിലെ ദുഷ്ടന്മാരെ ഇല്ലാതാക്കാന്‍ എന്തേ കഴിഞ്ഞില്ല? ഭീഷ്മന്‍, ദ്രോണന്‍, ദ്രുപദന്‍, വിരാടന്‍, സോമദത്തന്‍, കര്‍ണ്ണന്‍, എന്നിവരെല്ലാം കൊല്ലപ്പെട്ടു എന്നത് സത്യമാണെങ്കിലും കൃഷ്ണപത്നിമാരെ കവര്‍ന്ന ദുഷ്ടക്കൂട്ടം എന്തേ ഇല്ലാതായില്ല? അവര്‍ ഇപ്പോഴും ഭൂമിയില്‍ വാഴുന്നു. കോടിക്കണക്കിനു ദുഷ്ടന്മാര്‍ അരങ്ങു വാഴുന്ന ഇടമാണ് ഇപ്പോഴും ഭൂമി. അപ്പോള്‍ ഭഗവാന്‍ ചെയ്തുവെന്ന് പറയുന്ന ഭൂഭാരനിര്‍മ്മാര്‍ജ്ജനം എന്തായിരുന്നു? ഇപ്പോഴും പാപികളെയാണ് ചുറ്റും നോക്കുമ്പോള്‍ കാണുന്നത്.

വ്യാസന്‍ പറഞ്ഞു: രാജന്‍, ഓരോരോ യുഗങ്ങള്‍ക്കും അതതു സ്വഭാവ സവിശേഷതകള്‍ ഉണ്ട്.  യുഗധര്‍മ്മം അനുസരിച്ചാണ് ജീവകോടികള്‍ ആവീര്‍ഭവിക്കുന്നത്. കൃതത്തില്‍ ധര്‍മ്മതത്പരര്‍ പിറക്കുന്നു. ത്രേതത്തില്‍ ധര്‍മ്മവും അര്‍ത്ഥവും വേണ്ടവരാണ് ജനിക്കുന്നത്. ദ്വാപരത്തില്‍ ജനിക്കുന്നവര്‍ക്ക് ഇവരണ്ടും കൂടാതെ കാമം എന്ന മൂന്നാമത്തെ പുരുഷാര്‍ത്ഥം കൂടിയുണ്ട്. എന്നാല്‍ ഈ കലികാലത്ത് ജനിക്കുന്നവരില്‍ അര്‍ത്ഥകാമ താല്പര്യം മാത്രമേ കാണുന്നുള്ളൂ. യുഗധര്‍മ്മത്തില്‍ മാറ്റമുണ്ടാവില്ല. എല്ലാം കാലത്തിന്‍റെ കയ്യിലാണ്. കാലമാണ് ധര്‍മ്മാധര്‍മ്മങ്ങളുടെ കര്‍ത്താവ്.

ജനമേജയന്‍ പറഞ്ഞു: പണ്ട് കൃതത്തില്‍ ജനിച്ചു ജീവിച്ച മഹച്ഛരിതന്മാര്‍ ഇപ്പോള്‍ എവിടെയാണുള്ളത്? വ്രതം, ദാനം തപസ്സ് എന്നിവയില്‍ പ്രവീണരും ഉല്‍സാഹികളുമായ അനേകര്‍ കൃതത്തിലും ത്രേതത്തിലും ഉണ്ടായിരുന്നല്ലോ. ആ ശ്രേഷ്ഠര്‍ ഇപ്പോള്‍ എവിടെയാണ്? അതുപോലെ ഇന്നിവിടെ കാണുന്ന, നാണമില്ലാതെ പാപത്തില്‍ ഏര്‍പ്പെടുന്ന, അധമവര്‍ഗ്ഗങ്ങള്‍ ആ ദിവ്യയുഗങ്ങളില്‍ എവിടെയായിരുന്നു? സത്യയുഗത്തില്‍ അവര്‍ ഇല്ലായിരുന്നോ? മഹര്‍ഷേ ഇക്കാര്യങ്ങളെല്ലാം വിശദമായി ഞങ്ങള്‍ക്ക്  മനസ്സിലാക്കിത്തന്നാലും.

വ്യാസന്‍ തുടര്‍ന്നു: കൃതത്തില്‍ ജനിച്ചവര്‍ സദ്കര്‍മ്മങ്ങള്‍ ചെയ്ത് ദേവലോകം പ്രാപിക്കുകയാണ് ചെയ്യുക. നാല് വര്‍ണ്ണത്തിലും പെട്ടവര്‍ അവരവരുടെ ധര്‍മ്മം വേണ്ടതുപോലെ അനുഷ്ടിച്ചുകൊണ്ട് പുണ്യമാര്‍ജ്ജിക്കുന്നു. സത്യം, ദാനം, കരുണ, സര്‍വ്വഭൂതദയ, സമബുദ്ധി, അഹിംസ, സഹധര്‍മ്മചാരിണിയായി സ്വഭാര്യയെ മാത്രം സ്വീകരിക്കുക എന്നിവയെല്ലാം സത്യയുഗത്തില്‍ സഹജമായ കാര്യങ്ങളായിരുന്നു. അതുകൊണ്ട് നീച ജാതികളും ദേവലോകത്ത് തന്നെ ചെന്നെത്തുന്നു. ത്രേതായുഗത്തിലും ദ്വാപരത്തിലും ഏകദേശം ഇതൊക്കെത്തന്നെയാണ് സ്ഥിതി. എന്നാല്‍ കലിയുഗത്തിലെ മനുഷ്യര്‍ പാപങ്ങള്‍ ചെയ്ത് ഒടുവില്‍ നരകങ്ങളില്‍ എത്തുകയാണ്. എന്നിട്ടവര്‍ വട്ടമെത്തി അടുത്ത കാലികാലം വന്നണയുന്നതുവരെ നരകത്തില്‍ത്തന്നെ കഴിയുന്നു. അടുത്ത കലിയില്‍ അവര്‍ക്ക് മനുഷ്യജന്മം ലഭിക്കുന്നു. അതുപോലെ കലിയുഗം അവസാനിച്ചു സത്യയുഗം ആരംഭിക്കുമ്പോള്‍ സ്വര്‍ഗ്ഗലോകം വിട്ട് ജീവന്‍ ഭൂമിയില്‍ വന്നു പിറക്കുന്നു. ദ്വാപരം അവസാനിച്ച് കലിയുഗം തുടങ്ങാറാകുമ്പോള്‍ പാപജീവനുകള്‍ നരകം വിട്ടു ഭൂമിയില്‍ പിറവിയെടുക്കുന്നു. ദുഷ്ടയുഗത്തില്‍ മനുഷ്യന്‍ ദുഷ്ടനായിത്തന്നെ പിറക്കും. 

വിരളമായി ഇതിനപവാദം കണ്ടേക്കാം. കലിയിലും സദ്‌വൃത്തരെ കണ്ടുമുട്ടിയെന്നു വരാം. കൃതത്രേതദ്വാപരങ്ങളില്‍ ചില പാപികളും ജന്മമേമെടുത്തേക്കാം. കര്‍മ്മങ്ങള്‍ക്ക് അനുസൃതമായി ദുഖാനുഭവങ്ങള്‍ ഉണ്ടാവുന്നു. യുഗധര്‍മ്മമനുസരിച്ച് തദൃശകര്‍മ്മങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

യുഗധര്‍മ്മങ്ങളെ വെവ്വേറെ വിശദമാക്കി ഓരോരോ യുഗങ്ങളിലെ ധര്‍മ്മങ്ങള്‍ മനസ്സിലാക്കിത്തരാന്‍ ജനമേജയന്‍ പറഞ്ഞപ്പോള്‍ വ്യാസന്‍ പറഞ്ഞു: ഞാന്‍ ഒരുദാഹരണം പറയാം. സാധുക്കളുടെ മനസ്സുപോലും യുഗപ്രഭാവത്താല്‍  പതറുന്നത് നാം കാണുന്നുണ്ട്. മഹാനായ നിന്‍റെ പിതാവ് മുനിനിന്ദചെയ്തില്ലേ? അല്ലെങ്കില്‍ യയാതി വംശത്തില്‍ ജനിച്ച ഒരുത്തമക്ഷത്രിയന് ഒരു മുനിയുടെ കഴുത്തില്‍ ചത്തൊരു പാമ്പിനെ ഇടാന്‍ തോന്നുമോ? കലിയുടെ പ്രാഭവം തന്നെയാണത്.

അതിനാല്‍ ബുദ്ധിയുള്ളവര്‍ ഇതൊക്കെ യുഗധര്‍മ്മങ്ങള്‍ ആണെന്ന് ധരിച്ച് ധര്‍മ്മനുസാരമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക തന്നെ വേണം. സത്യയുഗത്തിലെ ബ്രാഹ്മണര്‍ വേദം നന്നായി അറിയുന്നവരാണ്. ജഗദംബയെ പൂജിക്കാന്‍ അറിയുന്നവരും ദേവീദര്‍ശന കുതുകികളും ആണ്. ഗായത്രി ജപം, പ്രണവോപാസന, എന്നിവയില്‍ മുഴുകിയവരും ദേവിയുടെ മായാബീജമന്ത്രം സദാ ജപിക്കുന്നവരുമാണ്. ഓരോരോ നാട്ടിലും അവര്‍ ദേവിക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്നവരും ശ്രദ്ധ, ദാനം, ശൌചം, എന്നിവയില്‍ നിഷ്ഠയുള്ളവരുമാണ്. ബ്രാഹ്മണര്‍ വേദജ്ഞാനികള്‍; ക്ഷത്രിയര്‍ പ്രജാക്ഷേമതല്‍പ്പരര്‍. വൈശ്യര്‍ കൃഷി, വാണിജ്യം എന്നിവയില്‍ പ്രവീണര്‍, ഗോപരിപാലനത്തില്‍ ശുഷ്കാന്തിയുള്ളവര്‍. ശൂദ്രര്‍ ശുശ്രൂഷാ ജോലികളില്‍ ശ്രദ്ധയുള്ളവര്‍. എല്ലാവരും കൃതയുഗത്തില്‍ ദേവീപൂജയില്‍ മുഴുകുന്നവരാണ്. 

ത്രേതായുഗത്തില്‍ ധര്‍മ്മത്തിന് അല്‍പ്പം മങ്ങലുണ്ടാവും. ദ്വാപരത്തില്‍ ധര്‍മ്മം വീണ്ടും ക്ഷയിക്കും. മുന്‍പ് രാക്ഷസരായി ജനിച്ചവര്‍ കലികാലത്ത് ബ്രാഹ്മണരാവും. വേദധര്‍മ്മം വെടിഞ്ഞും ജനവഞ്ചന ചെയ്തും  കള്ളം പറയുന്ന ഈ നിരീശ്വരര്‍ ലോകകാര്യങ്ങള്‍ ചെയ്യാന്‍ അതി സമര്‍ത്ഥരാവും. മിഥ്യാഭിമാനം, ശൂദ്രസേവ, മറ്റു നാനാവിധ ധര്‍മ്മങ്ങളില്‍ താല്‍പര്യം എന്നിവ ഈ ബ്രാഹ്മണരുടെ ലക്ഷണമാണ്. അവര്‍ക്ക് വേദത്തിനു നിരക്കാത്ത കാര്യം പുലമ്പാന്‍ മടിയില്ല. സത്യത്തിന്റെ മൂലം ധര്‍മ്മമാണല്ലോ. അത് തുലോം ക്ഷീണിച്ചു പോവും. ക്ഷത്രിയരും വൈശ്യരും ശൂദ്രജാതിയും ഇതുപോലെ ധര്മ്മത്തിനെതിരായി വര്‍ത്തിക്കും. കലി വര്‍ദ്ധിക്കുന്നതിനനുസരിച്ച്  ബ്രാഹ്മണര്‍ ദക്ഷിണവാങ്ങാന്‍ വേണ്ടി എന്തും ചെയ്യും എന്നാ അവസ്ഥയിലെത്തും. സാഹസം കാട്ടാന്‍ അവര്‍ക്ക് മടിയില്ലാതാകും. കാമലോഭാദികള്‍ അവരില്‍ നിറഞ്ഞു നില്‍ക്കും. നാരികള്‍ ഭര്‍തൃവഞ്ചകരാവും. എങ്കിലും അവര്‍ ധര്‍മ്മപ്രസംഗം ചെയ്യും. ബ്രാഹ്മണര്‍ക്ക് ശൂദ്രവൃത്തിയില്‍ താല്‍പ്പര്യം ജനിക്കും.

ആഹാരശുദ്ധികൊണ്ടാണ് മനസ്സ് ശുദ്ധമാകുന്നത്. കാരണം ശുദ്ധമായ ആഹാരം സത്വത്തെ വര്‍ദ്ധിപ്പിച്ച് ധര്‍മ്മബുദ്ധി വളര്‍ത്തുന്നു. ശുദ്ധമല്ലാത്ത ആഹാരം ധര്‍മ്മഭ്രംശത്തിനും ആചാരദോഷത്തിനും ഇടവരുത്തുന്നു. ആചാരദോഷം കൊണ്ട് ധര്‍മ്മസങ്കരം ഭവിക്കുന്നു. ധര്‍മ്മസങ്കരം വര്‍ണ്ണസങ്കരമുണ്ടാക്കുന്നു. അങ്ങിനെ കലിയുഗത്തില്‍ സര്‍വ്വധര്‍മ്മങ്ങളും നാശോന്മുഖമാകുന്നു.

സ്വന്തം വര്‍ണ്ണത്തെയും അതിന്‍റെ ധര്‍മ്മത്തെയും കുറിച്ച് ആര്‍ക്കും അറിവുണ്ടാവില്ല. ധര്‍മ്മജ്ഞന്മാര്‍ എന്ന് കരുതുന്നവര്‍ തന്നെ അധര്‍മ്മം ചെയ്യും. ഇത് കലിയുടെ സ്വഭാവമാണ്. അത് മാറ്റാനൊന്നും സാദ്ധ്യമല്ല. അതിനാല്‍ മനുഷ്യന്‍ കലിയില്‍ പാപം ചെയ്യുന്നു.

ജനമേജയന്‍ ചോദിച്ചു: ഇങ്ങിനെയാണെങ്കില്‍ കലികാലത്ത് മനുഷ്യന് എന്ത് ഗതിയാണുള്ളത്? സര്‍വ്വധര്‍മ്മങ്ങളും അറിയാവുന്ന അങ്ങുതന്നെ ഞങ്ങള്‍ക്ക് ഇതിനൊരുപായം പറഞ്ഞു തരണം.

വ്യാസന്‍ പറഞ്ഞു: ദേവീപാദഭജനം മാത്രമേ ഇതിനൊരുപായമുള്ളു. സര്‍വ്വദോഷങ്ങളും തീരാന്‍ ഇതേയുള്ളൂ വഴി. രാജാവേ, ആ ജഗദംബയുടെ നാമജപത്തിനാല്‍ മാറാത്ത യാതൊരു ദുഷ്കൃതങ്ങളും ഇല്ലെന്നറിയുക. ഇതറിയാമെങ്കില്‍ എന്തിനാണ് പേടി? വെറും കളിയായി നാമം ജപിച്ചാലും അവശനായിട്ടായാലും ദേവിയുടെ നാമം ജപിച്ചവന് അഭയം ഉറപ്പാണ്. അതിന്റെ മാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഹരിഹരന്മാര്‍ക്ക് പോലും ആവില്ല. സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തമാണ് ആ നാമജപം. കലിഭയം തീരാന്‍ അമ്മയുടെ നാമങ്ങള്‍ സദാ ഭക്തിയോടെ ജപിക്കണം. ഭക്തിപുരസരം ദേവിയെ പൂജിക്കുന്നവനെ പാപം തൊടുകയില്ല. ജന്തുദ്രോഹിയാണെങ്കിലും ദേവീ നാമസ്മരണ ഒരുവനെ പാപമുക്തനാക്കും. സര്‍വ്വശാസ്ത്രങ്ങളുടെയും രഹസ്യം ഇതത്രേ.

എല്ലാ ജീവികളും മന്ത്രമഹിമ അറിയാതെയാണെങ്കിലും അജപജപമായി ഗായത്രി ജപിക്കുന്നുണ്ട്. ബ്രാഹ്മണരെല്ലാം ഉള്ളില്‍ ഗായത്രി ജപിക്കുന്നത് അതിന്‍റെ മഹിമ അറിഞ്ഞിട്ടൊന്നുമല്ല.

ഞാന്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്ക് മറുപടി തന്നുവല്ലോ? ഇനിയും എന്തൊക്കെയാണ് ധര്‍മ്മവ്യവസ്ഥയെപ്പറ്റി അങ്ങേയ്ക്ക് അറിയേണ്ടത്? 

Thursday, April 21, 2016

ദിവസം 137. ശ്രീമദ്‌ ദേവീഭാഗവതം. 6. 10. കര്‍മനിരൂപണം

ദിവസം 137. ശ്രീമദ്‌ ദേവീഭാഗവതം. 6. 10. കര്‍മനിരൂപണം

കഥിതം ചരിതം ബ്രഹ്മന്‍ ശക്രസ്യാദ്ഭുതകര്‍മ്മണ:
സ്ഥാനഭ്രംശസ്തഥാ ദുഖപ്രാപ്തിരുക്താ വിശേഷത:
യത്ര ദേവാധി ദേവ്യാശ്ച മഹിമാ fതീവ വര്‍ണ്ണിത:
സന്ദേഹോ fത്ര മമാപ്യസ്തി യച്ഛക്രോ fപി മഹാതപാ:

ജനമേജയന്‍ പറഞ്ഞു:  മഹാമുനേ, ശക്രന്റെ സ്ഥാനനഷ്ടം, ദുഃഖപ്രാപ്തി മുതലായ കാര്യങ്ങള്‍ അങ്ങ് വിസ്തരിച്ചു. ജഗദംബികയായ ആ ദേവിയുടെ മഹശ്ചരിതങ്ങളും അങ്ങയുടെ പ്രഭാഷണത്തില്‍ നിന്നും കേട്ടു. എങ്കിലും എന്‍റെയുള്ളിലെ സംശയങ്ങള്‍ നീങ്ങുന്നില്ല. ഇന്ദ്രനൊക്കെ വലിയ തപസ്വിയല്ലേ? അങ്ങിനെയുള്ള മഹാന്മാര്‍ക്ക് ഇത്ര ദുഃഖം വന്നു പെടുമോ? അദ്ദേഹം ഇന്ദ്രപദവിയിലെത്തിയത് തന്നെ നൂറുകണക്കിന് യാഗകര്‍മ്മങ്ങള്‍ ചെയ്തിട്ടാവുമല്ലോ. പക്ഷെ ആ സ്ഥാനത്ത് നിന്നും അദേഹം ഭ്രഷ്ടനായതെങ്ങിനെ? എല്ലാമറിയാവുന്ന അങ്ങ് എന്‍റെ സംശയങ്ങളെ ദൂരീകരിച്ചാലും.’

അപ്പോള്‍ വ്യാസന്‍ പറഞ്ഞു: മഹാരാജാവേ, അങ്ങ് ചോദിച്ചതിനുള്ള ഉത്തരം ഞാന്‍ തരാം. അത്യദ്ഭുതകരമായ കാര്യമാണ് അത്തരം അനുഭവങ്ങള്‍ക്ക് ഹേതു. തത്വജ്ഞാനികള്‍ കര്‍മ്മത്തെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം എന്നിവയാണവ. സഞ്ചിതമെന്നത് അനേകജന്മങ്ങളില്‍ ഒരുവന്‍ ആര്‍ജ്ജിച്ചു വെച്ച കര്‍മ്മഫലമാണ്. സത്വം, രാജസം, താമസം എന്നിങ്ങിനെ കര്‍മ്മം മൂന്നുവിധത്തിലാണെന്ന് നമുക്കറിയാം. പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മത്തിന്‍റെ ഫലങ്ങള്‍ പുണ്യപാപങ്ങളായി ഒരുവന്‍ അനുഭവിക്കുക തന്നെ വേണം. എന്നാല്‍ ഓരോരോ ജന്മത്തിലും ആര്‍ജ്ജിച്ചു കൂട്ടുന്ന കര്‍മ്മഫലങ്ങള്‍ തുടര്‍ന്നു വരുന്ന കോടി ജന്മങ്ങള്‍ കൊണ്ടും അനുഭവിച്ചു തീരുന്നില്ല.

ശുഭാശുഭങ്ങളായി നാം അപ്പപ്പോള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘വര്‍ത്തമാനം’ എന്ന വിഭാഗത്തിലുള്ളവയാണ്‌. നാം സഞ്ചയിച്ചു വെച്ചിട്ടുള്ള കര്മ്മങ്ങളില്‍ നിന്നും ഏതാനും കര്‍മ്മഫലങ്ങള്‍ എടുത്ത് ഇപ്പോള്‍ത്തന്നെ ചെയ്തു തീര്‍ക്കാന്‍ തരുന്നത് കാലമാണ്. അവയ്ക്ക് പ്രാരാബ്ധകര്‍മ്മങ്ങള്‍ എന്ന് പറയുന്നു. പ്രാരാബ്ധകര്‍മ്മങ്ങള്‍ അനുഭവിക്കാതെ വഴിയില്ല. അത് എല്ലാ ജീവികള്‍ക്കും ബാധകമാണ്. യക്ഷകിന്നരഗന്ധര്‍വദേവാസുരനരഖഗതിര്യക്കുകള്‍ക്കെല്ലാം പ്രാരാബ്ധകര്‍മ്മങ്ങള്‍ ഒഴിച്ചു കൂടാവുന്നതല്ല. 

ദേഹമെടുക്കാന്‍ തന്നെ കാരണം കര്‍മ്മമാണ്‌. കര്‍മ്മം നശിച്ചാല്‍ ജീവികള്‍ക്ക് ജന്മമെടുക്കേണ്ടതായി വരികയില്ല.  ത്രിമൂര്‍ത്തികളും ദേവന്മാരും അസുരന്മാരും എന്നുവേണ്ട ജന്മമെടുത്ത എല്ലാവരും കര്‍മ്മഫലത്തിനനുസരിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ദേഹമെടുത്തവരുടെ ദുഖത്തിന് കാരണം ശരീരമാണ്. സുഖത്തിനും ശരീരമാണ് നിദാനമാകുന്നത്. എന്നാല്‍ ജന്മാന്തരങ്ങളില്‍ കാലപരിപാകം കൊണ്ട് സഞ്ചിതകര്‍മ്മങ്ങളില്‍ ചിലത് ചിലര്‍ക്ക് മുന്നില്‍ പ്രാരാബ്ധകര്‍മ്മങ്ങളായി വരുന്നു. അതിന്‍റെ ഊക്കില്‍ ചിലപ്പോള്‍ മനുഷ്യര്‍ നന്മയും മറ്റുചിലപ്പോള്‍ തിന്മയും ചെയ്തു കൂട്ടുന്നു. ദേവനമാരുടെ കാര്യവും ഇതില്‍നിന്നും വിഭിന്നമല്ല. ഇന്ദ്രന് ആ പദവി ലഭിച്ചത് പുണ്യഫലമായാണ്. എന്നാല്‍ ബ്രഹ്മഹത്യ ചെയ്തത് പാപഫലമായാണ്. നരനാരായണന്‍മാരും കര്‍മ്മവശഗരാണ്. അവരാണല്ലോ കൃഷ്ണനും പാര്‍ത്ഥനുമായി പിറന്നത്. പുരാണപീഠിക തന്നെയാണതിനു തെളിവെന്നു മുനിമാര്‍ പറയുന്നു.

ഉല്‍കൃഷ്ടവിഭവങ്ങള്‍ ഉള്ളവര്‍ ദേവാംശമുള്ളവനാണ്. ഋഷിക്കേ കാവ്യരചന വഴങ്ങൂ. രുദ്രനല്ലാത്തവാന്‍ രുദ്രനെ പൂജിക്കുകയില്ല. ദേവാംശമുള്ളവനുമാത്രമേ ദാനം ചെയ്യാന്‍ തോന്നൂ. വിഷ്ണുവിന്‍റെ അംശമില്ലാത്തവന്‍ ഭൂമിയില്‍ രാജാവാകുകയില്ല. ദേഹനിര്‍മ്മിതിക്കായി അഗ്നിയില്‍ നിന്ന് തേജസ്സും, ഇന്ദ്രനില്‍ നിന്നും പ്രഭുത്വവും, യമനില്‍ നിന്ന് കോപവും, വിഷ്ണുവില്‍ നിന്ന് ശൌര്യവും കുബെരനില്‍ നിന്നും ഐശ്വര്യവും സ്വീകരിച്ചിരിക്കുന്നു. ബലമുള്ളവന്‍, ദാനശീലമുള്ളവന്‍, ഭാഗ്യമുള്ളവന്‍, വിദ്യയുള്ളവന്‍, ഇവരെല്ലാം ദേവാംശമുള്ളവരത്രേ. ഉദാഹരണത്തിന് പാണ്ഠവര്‍ ഇങ്ങിനെയുള്ളവരാണ്. വാസുദേവനും ദേവാംശം തന്നെ.

എല്ലാജീവികള്‍ക്കും ദേഹമെന്നത് സുഖദുഖങ്ങള്‍ അനുഭവിക്കാനുള്ള പാത്രമാണ്. ദേഹമുണ്ടോ, സുഖദുഖങ്ങളും സ്വാഭാവികം. ജനനമരണങ്ങളും ദേഹിയ്ക്ക് സഹജം.

പാണ്ഠവര്‍ കാട്ടില്‍ ജനിച്ചുവീണു. എന്നാല്‍ സ്വന്തം പ്രാഭവത്താല്‍ നാട്ടിലെത്തി രാജസൂയം ചെയ്തു. പിന്നീട് വനവാസം, അതിലെ ഘോരമായ ആപത്തുകളെ നേരിട്ട് കഴിഞ്ഞപ്പോള്‍ മഹാമുനിമാര്‍ക്കുപോലും ചെയ്യാനരുതാത്ത തപസ്സുചെയ്ത അര്‍ജ്ജുനനു ദേവന്മാര്‍ വരങ്ങള്‍ നല്‍കി. അര്‍ജ്ജുനന്‍ ‘നരനായി’ പണ്ട് ചെയ്ത സദ്കര്‍മ്മങ്ങള്‍ കാട്ടില്‍ ദുരിതമനുഭവിച്ചപ്പോഴെന്തേ രക്ഷക്കെത്തിയില്ല? പാര്‍ത്ഥജന്മത്തില്‍ നരന്‍ ബദരീകാശ്രമത്തില്‍ വെച്ച് ചെയ്ത ഗംഭീരമായ തപസ്സ് ഒന്നും ഉപകാരപ്പെട്ടില്ല.

കര്‍മ്മങ്ങളുടെ ഗതിവിഗതികള്‍ ദേവന്മാര്‍ക്ക്പോലും അറിയാന്‍ കഴിയില്ല. പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? വാസുദേവന്‍‌ ജനിച്ചത് കാരാഗ്രഹത്തില്‍. വളര്‍ന്നത് ആദ്യത്തെ പതിനൊന്നുകൊല്ലം ഗോപന്മാരുടെ കൂടെ. പിന്നീട് മഥുരയിലെത്തി അമ്മാവന്‍ കംസനെ കൊന്നു. മ്ലേച്ഛരാജാവിനെ ഭയന്ന് ദ്വാരകയില്‍ പോയി ഒളിച്ചു താമസിച്ചു. എങ്കിലും അവിടെയിരുന്നു ശ്രേഷ്ഠകര്‍മ്മങ്ങള്‍ അനവധി ചെയ്തു. ഒടുവില്‍ പ്രഭാസത്തില്‍പ്പോയി സകുടുംബം ദേഹം ത്യജിച്ചു. പുത്രപൌത്രകളത്രങ്ങള്‍ എല്ലാം ബ്രാഹ്മണശാപം മൂലം ഇല്ലാതായി. കുലം തന്നെ മുടിഞ്ഞു. വാസുദേവന്റെ അന്ത്യമോ, അത് ഒരു വ്യാധന്റെ അമ്പ്‌ കൊണ്ടാണ്. രാജാവേ, കര്‍മ്മത്തിന്‍റെ ഗതിയിങ്ങിനെ അതിവിചിത്രമാണ്.

Wednesday, April 20, 2016

ദിവസം 136. ശ്രീമദ്‌ ദേവീഭാഗവതം. 6. 9. നഹുഷാധ:പതനം

ദിവസം 136. ശ്രീമദ്‌ ദേവീഭാഗവതം. 6. 9. നഹുഷാധ:പതനം

താം വീക്ഷ്യ വിപുലാപാംഗീം രഹ:ശോക സമന്വിതാം
ആഖണ്ഠല: പ്രിയം ഭാര്യാം വിസ്മിതശ്ചാബ്രവീത്തദാ
കഥമത്രാഗതാ കാന്തേ കഥം ജ്ഞാതസ്ത്വ യാഹ്യഹം
ദുര്‍ജ്ഞ്യേയ: സര്‍വഭൂതാനാം സംസ്ഥിതോസ്മി ശുഭാനനേ  

വ്യാസന്‍ തുടര്‍ന്നു: തന്‍റെ പ്രിയതമ മാനസസരസ്സില്‍ താനിരിക്കുന്ന ഏകാന്തപ്രദേശത്ത് എത്തിയത് കണ്ട് ഇന്ദ്രന്‍ ആശ്ചര്യപ്പെട്ടു. 'ഞാനിവിടെയുണ്ടെന്നു നീയെങ്ങിനെ അറിഞ്ഞു പ്രിയേ?' എന്നദ്ദേഹം ചോദിച്ചു.

‘ഭഗവതീപ്രസാദമാണ് അതിന്‍റെ കാരണം’. ആ ജഗദംബ കനിഞ്ഞതിനാലാണ് എനിക്കിവിടെ വരാനായത്. അങ്ങവിടെ ഇല്ലാത്തതിനാല്‍ മുനിമാര്‍ ചേര്‍ന്ന് നഹുഷനെ ഇന്ദ്രനായി വാഴിച്ചിരിക്കുന്നു. അവന്‍റെ ശല്യം സഹിക്കാനാവുന്നില്ല എനിക്ക്. അവനെ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കണം എന്നതാണ് അവന്‍ പറയുന്നത്. ‘ഞാനിപ്പോള്‍ ഇന്ദ്രനാണ്‌. അതുകൊണ്ട് ഇന്ദ്രാണിയെ എനിക്ക് വേണം‘ എന്നാണവന്‍റെ വാദം. രിപുദമനാ, ഞാനെത് ചെയ്യണം?’

‘ഇനിയും എനിക്ക് പുറത്തുവരാന്‍ കാലമായില്ല. സതിയായ നീ കുറച്ചു കാലം കൂടി പൊറുക്കണം. കാത്തിരിക്കുകയും വേണം’

തന്‍റെ നാഥന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശചി സങ്കടത്തോടെ പറഞ്ഞു: ‘എങ്ങിനെയാണ് അവനെയെനിക്ക് തടയാന്‍ കഴിയുക? മദഗര്‍വ്വിതനും അധികാരിയുമായ അവന്‍ എന്നെ ചൊല്‍പ്പടിക്ക് നിര്‍ത്തും. മാത്രമോ മുനിമാരും മറ്റു ദേവന്മാരും പറയുന്നത് ആ കാമാന്ധനെ ഞാന്‍ വരിക്കണമെന്നാണ്. ദേവഗുരുവിനെ ആശ്രയിക്കാമെന്ന് വച്ചാല്‍ അദ്ദേഹം വെറുമൊരു ദുര്‍ബ്ബലബ്രാഹ്മണന്‍. സേനാബലമില്ല താനും. ദേവന്മാര്‍ അവരവരുടെ കാര്യത്തില്‍ മാത്രം ശ്രദ്ധയുള്ളവരാണ്. ഞാന്‍ അബലയായ ഒരു നാരിയാണല്ലോ. അന്യപുരുഷന് കീഴടങ്ങി ഞാനൊരു വേശ്യയാവുകയില്ല. എന്നെ രക്ഷിക്കാന്‍ അവിടെയാരുമില്ല നാഥാ.’

ഇന്ദ്രന്‍ പറഞ്ഞു: ‘സുന്ദരീ ഞാനൊരുപായം പറയാം. ആപത്തുകാലത്ത് രക്ഷിക്കാന്‍ ഒരുവളുടെ ശീലഗുണങ്ങള്‍ മാത്രമേ ഉപകരിക്കൂ. അന്യന്‍റെ കീഴില്‍ കഴിയുമ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ അത്ര എളുപ്പമൊന്നുമല്ല. ചിലപ്പോള്‍ മനസ്സ് ഇളകും. എന്നാല്‍ ഒരുവളുടെ സത്സ്വഭാവം അവളെ രക്ഷിക്കും. നഹുഷന്‍ നിന്നെ ബലാല്‍ പ്രാപിക്കാന്‍ നോക്കിയാല്‍ അവനെ നീ നല്ല വാക്കുകൊടുത്തു മയക്കി വഞ്ചിക്കുക. നീ അയാളോട് ‘ഏകാന്തമായ ഒരിടത്ത് ഋഷിമാര്‍ ചുമക്കുന്ന പല്ലക്കിലേറി വന്ന്‍ എന്നെ സന്ധിക്കൂ’ എന്ന് പറയണം. ‘ഇങ്ങിനെ മാത്രമേ നിനക്ക് കീഴടങ്ങാന്‍ കഴിയൂ എന്നത് എന്‍റെയൊരു വ്രതമാണ്’. ഇത് പറഞ്ഞാല്‍ അവന്‍ ശരിക്കും മോഹവലയത്തില്‍ വീഴും. അവന്‍ ഋഷിമാരെ നിര്‍ബ്ബന്ധിച്ചു കൊണ്ടുവന്ന് അവന്റെ പല്ലക്ക് ചുമപ്പിക്കും. ആ മുനിമാരില്‍ ഒരാള്‍ അവനെ ശപിച്ചു ഭസ്മമാക്കും. നിന്നെ സഹായിക്കാന്‍ ദേവി സദാ കൂടെയുണ്ടല്ലോ? ആ അമ്മയെ അഭയം പണിയുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാവില്ല. അഥവാ ആപത്തുകള്‍ വന്നുപെട്ടാലും അത് ശ്രേയസ്സിന് വേണ്ടിയാണെന്ന് കരുതണം. ഗുരു ബൃഹസ്പതി പറയുന്നതുപോലെ മണിദ്വീപില്‍ വാഴുന്ന ആ മഹേശ്വരിയെ സദാ സ്മരിക്കുക. പൂജിക്കുക.’

ശചി ഇന്ദ്രന്‍റെ നിര്‍ദ്ദേശം അനുസരിക്കാമെന്ന്  സമ്മതിച്ചു. അവള്‍ നഹുഷനെ ചെന്ന് കണ്ടു. രാജാവ് അതീവമായ സന്തോഷം പ്രകടിപ്പിച്ചു. ‘നിന്‍റെ സത്യവ്രതപാലനത്തില്‍ ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു. ഭര്‍ത്താവിനെ തേടിപ്പോയ നീ തിരികെ എന്‍റെയടുക്കല്‍ത്തന്നെ വന്നുവല്ലോ. ഞാന്‍ ഇനി നിനക്ക് ദാസന്‍. ഇനിയുമെന്തിനാണ് മൌനം? സുന്ദരീ ഇനിയെന്നെ സേവിക്കൂ. നിന്‍റെ മൌനം ഭഞ്ജിച്ചുകാണാന്‍ ഞാന്‍ എന്ത് ചെയ്യണം?’

‘തല്‍ക്കാലത്തെക്ക് ഇന്ദ്രപദവിയില്‍ ഇരിക്കുന്ന അങ്ങ്  എനിക്ക് വേണ്ട കാര്യമെല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍റെയുള്ളില്‍ ഒരാഗ്രഹം കൂടിയുണ്ട്. അത് സാധിപ്പിച്ചു തന്നാല്‍ ഞാന്‍ നിനക്ക് അടിമ. എന്റെ മാനസോല്ലാസം വര്‍ദ്ധിക്കാന്‍ അങ്ങതു ചെയ്തു തരണം.’

‘കാര്യമെന്താണെങ്കിലും ഞാനത് നടത്തും. ഒരിടത്തും കിട്ടാത്ത സാധനമാണെങ്കിലും ഞാനത് വരുത്തി നിന്‍റെ കാല്‍ക്കല്‍ വെയ്ക്കാം.’

‘ഞാനതെങ്ങിനെ പറയും പ്രഭോ? നിനക്കതിനു കഴിയുമോ എന്ന് എനിക്കതത്ര വിശ്വാസമില്ല. ഇഷ്ടം എന്തായാലും സാധിപ്പിക്കും എന്ന് നീ സത്യം ചെയ്യണം ശപഥം ചെയ്താലേ ഞാന്‍ എന്‍റെ ആഗ്രഹം പറയുകയുള്ളൂ. ശപഥപ്രകാരം എന്റെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ നിനക്ക് ഞാന്‍ കീഴടങ്ങാം എന്നുറപ്പ് തരുന്നു.’

‘ഇന്നോളം ഞാന്‍ ചെയ്ത യാഗങ്ങളും ദാനധര്‍മ്മങ്ങളും സുകൃതങ്ങളും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നു നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിക്കും!’

‘ഇന്ദ്രന് കുതിര, ആന, തേര് എന്നിവയാണല്ലോ വാഹനങ്ങള്‍. വിഷ്ണുവിന് ഗരുഡന്‍. യമന് പോത്ത്. ശങ്കരന് കാള, ബ്രഹ്മാവിന് ഹംസം. ആറുമുഖനു മയില്‍. ഗണപതിക്ക് മൂഷികന്‍‌. അങ്ങിനെയൊക്കെയുള്ളപ്പോള്‍ അങ്ങേയ്ക്കും അപൂര്‍വ്വമായ ഒരു വാഹനം വേണമെന്നാണ് എന്‍റെ മോഹം. അത് ദേവാസുരന്മാര്‍ക്കും ത്രിമൂര്‍ത്തികള്‍ക്കും ഉള്ളവയാവരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. താപസികളായ ഋഷിമാര്‍ ചുമക്കുന്ന ഒരു പല്ലക്കാവട്ടെ അങ്ങയുടെ വാഹനം. അങ്ങിനെ അങ്ങ് എല്ലാ ദേവന്മാര്‍ക്കും മീതെയാവും. അങ്ങിനെ വര്‍ദ്ധിതതേജസ്സോടെ വരുന്ന മഹാനായ നിന്നെ സ്വീകരിക്കാനാണ്‌ എന്‍റെ തീരുമാനം.’

ഇത് കേട്ടപ്പോള്‍ ശചിയെ പുകഴ്ത്തിക്കൊണ്ട് നഹുഷന്‍ പറഞ്ഞു: ‘നീ പറഞ്ഞ വാഹനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നീ പറഞ്ഞത് സത്യം. മുനിമാര്‍ ആരെയെങ്കിലും ചുമന്നു കൊണ്ട് നടക്കുന്നുവെങ്കില്‍ അയാള്‍ ചില്ലറക്കാരനാവില്ല. സപ്തര്‍ഷികളും മറ്റും അവനെ പുകഴ്ത്തും. ‘തപസ്സില്‍ മുന്തിയവാനും മൂലോകത്തിലും വെച്ച് മിടുക്കനുമാണിവന്‍’ എന്നവര്‍ കൊണ്ടാടും.’

മാരതാപം പൂണ്ടു മോഹിതനായി അയാള്‍ മുനിമാരോടു പറഞ്ഞു: ഞാനിപ്പോള്‍ സര്‍വ്വശക്തനായ ഇന്ദ്രനാണെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഡംഭൊന്നും കാണിക്കാതെ ഞാന്‍ പറയുന്നത് അനുസരിക്കണം. ഞാനീ സിംഹാസനത്തില്‍ ഇരുന്നിട്ടും ശചി എന്നെയിതുവരെ പ്രാപിച്ചിട്ടില്ല. ഞാനതിനു സമീപിച്ചപ്പോള്‍ അവള്‍ പറഞ്ഞത്  ഋഷിവാഹനത്തിലേറി വന്നാല്‍ മാത്രമേ എന്നെ സ്വീകരിക്കൂ എന്നാണ്. എനിക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്‌താല്‍ എന്‍റെ മാനം വര്‍ദ്ധിക്കും എന്‍റെ അഭിലാഷവും നടക്കും. എനിക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഇത്. നിങ്ങള്‍ക്കോ ഇത് നിഷ്പ്രയാസം. ശക്രപത്നിയില്‍ എനിക്കുള്ള ഉല്‍ക്കടമായ ആഗ്രഹം ഞാനെങ്ങിനെ നിങ്ങളോട് പറയും? എങ്ങിനെയെങ്കിലും എനിക്കായി നിങ്ങളിത് ചെയ്തേ തീരൂ.’

നിന്ദ്യമായ ഈ അപേക്ഷ കേട്ട് മുനിമാര്‍ ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യം എന്തെന്ന് കണക്കാക്കി. മുനിമാര്‍ നഹുഷന്‍ പറഞ്ഞതുപോലെ ചെയ്യാം എന്നേറ്റു. ശചിയെ മാത്രം മനസ്സില്‍ ആലോചിച്ചു കഴിഞ്ഞിരുന്ന രാജാവിന് സന്തോഷമായി. അഴകുറ്റ ഒരു പല്ലക്കില്‍ നഹുഷന്‍ ഇരുന്നു. മുനിമാര്‍ അത് ചുമന്നു നടക്കവേ ‘സര്‍പ്പ, സര്‍പ്പ, നടക്ക് നടക്ക്‘ എന്നയാള്‍ പറഞ്ഞുകൊണ്ട് അവരെ ഉല്‍സാഹിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ കാമാര്‍ത്തനായി പല്ലക്കില്‍ ഇളകിയാടിയിരിക്കെ തന്‍റെ കാലുകൊണ്ട്‌ അഗസ്ത്യമഹര്‍ഷിയുടെ ശിരസ്സില്‍ കാലുകൊണ്ട്‌ തൊഴിക്കുകയും ചാട്ടകൊണ്ട് അവരെ അടിക്കുകയും ചെയ്തു. 

ലോപാമുദ്രയുടെ കാന്തനായ ഈ മുനിയാണെങ്കില്‍ കടല്‍ കുടിച്ചുവറ്റിച്ചവനും പഞ്ചബാണനെ വിഴുങ്ങിയവനുമാണ്. അദ്ദേഹം ക്രുദ്ധനായി നഹുഷനെ ശപിച്ചു. ‘സര്‍പ്പ, സര്‍പ്പ,! ഹും. മര്യാദയില്ലാത്ത മൂര്‍ഖ, ഇനി നീ അനേകായിരം കൊല്ലം ദുഖമനുഭവിച്ചു സര്‍പ്പമായി കാട്ടില്‍ക്കഴിയാനിടവരട്ടെ. അതുകഴിഞ്ഞ് യുധിഷ്ഠിരനെ കണ്ടുമുട്ടുമ്പോള്‍ നിനക്ക് ശാപമോക്ഷവും സ്വര്‍ഗ്ഗവും ലഭ്യമാകും. അന്ന് നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശരിയായ ഉത്തരങ്ങള്‍ നല്‍കും. അത് നിന്‍റെ ശാപമോക്ഷത്തിന് നിദാനവുമാകും.’

ഇങ്ങിനെ ശപിക്കപ്പെട്ടപ്പോള്‍ നഹുഷന്‍ മുനിയെ സ്തുതിച്ചു വണങ്ങി, ആ ശാപം ശിരസാ വഹിച്ചു. ഉടനെ സര്‍പ്പമായി അധപ്പതിച്ചു ഭൂമിയിലെത്തി. നഹുഷന് സംഭവിച്ച കാര്യങ്ങള്‍ ഗുരു മാനസസരോവരത്തില്‍ ചെന്ന് ഇന്ദ്രനോട് പറഞ്ഞു. ഇന്ദ്രന്‍ സന്തുഷ്ടനായി അവിടെത്തന്നെ നിന്നു. ദേവന്മാരും മഹര്‍ഷിമാരുമെല്ലാം മാനസത്തില്‍ ചെന്ന് ഇന്ദ്രനെ ആശ്വസിപ്പിച്ചു ബഹുമാനത്തോടെ അമരാവതിയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. സിംഹാസനത്തില്‍ ഇരുത്തി അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഇന്ദ്രാസനം കിട്ടിയതോടെ അദ്ദേഹം ക്രീഡാലോലുപനായി ശചിയുമൊത്ത് രമിച്ചു കഴിഞ്ഞു.

വ്യാസന്‍ തുടര്‍ന്നു: ഇങ്ങിനെ ഇന്ദ്രനും വൃത്രനെ കൊന്നതിന്‍റെ ഫലമായി അത്യധികം ദുഃഖം അനുഭവിക്കേണ്ടി വന്നു. അവസാനം ദേവിയുടെ കൃപാ കടാക്ഷമാണ് അദ്ദേഹത്തെ കരകയറ്റിയത്. അങ്ങ് ചോദിച്ചതുകൊണ്ട് വൃത്രാസുരവധത്തെക്കുറിച്ചുള്ള ഇക്കഥ ഞാന്‍ പറഞ്ഞു തന്നു. കര്‍മ്മത്തിന്‍റെ രീതിക്കനുസരിച്ച് അതിന്‍റെ ഫലവും നാം അനുഭവിക്കണം. അത് ശുഭമായാലും അശുഭമായാലും ആര്‍ക്കും അതില്‍ നിന്നും വിടുതലില്ല.

Tuesday, April 19, 2016

ദിവസം 135. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഇന്ദ്രാണീ ശോകം

ദിവസം 135. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഇന്ദ്രാണീ ശോകം

നഹുഷസ്ത്വഥ താം ശ്രുത്വാ ഗുരോസ്തു ശരണം ഗതാം
ചക്രോധ സ്മരബാണാര്‍ത്തസ്തമാംഗിരസമാശു വൈ
ദേവാനാഹാംഗിരാ സുനുര്‍ ഹന്ത വ്യോയം മയാ കില
സ ഇന്ദ്രാണീം ഗൃഹേ ഗൂഢോ രക്ഷതീതി മായാ ശ്രുതം

വ്യാസന്‍ തുടര്‍ന്നു: ഇന്ദ്രപത്നി ശചിയ്ക്ക് ദേവഗുരു അഭയം നല്‍കിയതായി അറിഞ്ഞ നഹുഷന്‍ ക്രുദ്ധനായി. ‘ആ വ്യാഴത്തെ ഞാനിന്നു കൊല്ലുന്നുണ്ട്‌. ഇന്ദ്രാണിയെ അയാളുടെ വീട്ടില്‍ വെച്ചു പോറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.’

മുനിമാര്‍ അവനോടു സദുപദേശം നല്‍കി. ‘കാമാവേശം കൊണ്ട് വെറുതേ കോപിക്കാതെ രാജാവേ. പാപബുദ്ധി ദൂരെക്കളയൂ. അന്യസ്ത്രീഗമനം ധര്‍മ്മശാസ്ത്രത്തിനു നിരക്കാത്തതും മഹാ പാപവുമാണ്. ശക്രന്റെ പത്നിയാണെങ്കില്‍ ഒരു സതീരത്നമാണ്. ശക്രന്‍ ജീവിച്ചിരിക്കെ അവള്‍ മറ്റൊരാളെ വരിക്കുകയില്ല. ഇന്ദ്രപദവിയില്‍ ഇരിക്കുന്ന നീയാണ്നാട്ടില്‍  ധര്‍മ്മം നടപ്പാക്കേണ്ടവന്‍. അങ്ങിനെയുള്ള നീ ഇങ്ങിനെ തുടങ്ങിയാല്‍ എന്താവും സ്ഥിതി? നിനക്ക് രമിക്കാന്‍ ശചിയോളം പോന്ന സ്വര്‍ഗ്ഗതരുണികള്‍ വേറെ ഉണ്ടല്ലോ? അവര്‍ക്ക് പതിവ്രതാ പരിധികള്‍ നോക്കേണ്ട കാര്യവുമില്ല. രതിക്ക് പ്രധാനം ശൃംഗാരം തന്നെയാണ്. പിടിച്ചുപറിച്ചു ബലാല്‍ക്കാരമായി നടത്തുന്ന രതിയില്‍ സുഖമുണ്ടോ? പരസ്പരം മുറ്റിത്തഴയ്ക്കുന്ന പ്രേമവായ്പ്പ് രതിയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ രണ്ടാള്‍ക്കും സുഖമുണ്ടാവൂ. അതുകൊണ്ട് അന്യനാരിയുമായി ബന്ധപ്പെടാനുള്ള വാഞ്ഛയുപെക്ഷിച്ച് ഇന്ദ്രന്‍റെ പദവിയ്ക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറുക. അല്ലെങ്കില്‍ സുകൃതം ക്ഷയിക്കും, ദുഷ്കൃതം വര്‍ദ്ധിക്കുകയും ചെയ്യും.’

അപ്പോള്‍ നഹുഷന്‍ പറഞ്ഞു: ‘ഗൌതമന്‍റെ ഭാര്യയെ ഇന്ദ്രന്‍ കൊണ്ടുപോയി ഭോഗിച്ചപ്പോള്‍ നിങ്ങളൊക്കെ ഈ ഉപദേശങ്ങള്‍ കൊടുക്കാന്‍ മറന്നുപോയോ? എല്ലാവര്ക്കും അന്യരെ ഉപദേശിക്കാന്‍ വലിയ ഉത്സാഹമാണ്. എന്നാല്‍ സ്വയം ആ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്ര ദുര്‍ലഭം! ശചി എന്നെ പ്രാപിക്കുന്നതുകൊണ്ട് ആര്‍ക്കും കുഴപ്പമുണ്ടാവില്ല. മറിച്ച് നിങ്ങള്‍ക്കുമെനിക്കും അത് ഹിതകരമാവും. ആ ദേവിയും അങ്ങിനെ ഞാനുമായി രമിച്ചു സുഖിച്ചുകൊള്ളട്ടെ. എനിക്കിപ്പോള്‍ മറ്റാരും വേണ്ട. മറ്റൊന്നിനാലും എന്‍റെ ആഗ്രഹം തീരുകയില്ല. അനുനയിച്ചോ അത്തിനു കഴിഞ്ഞില്ലെങ്കില്‍ ബലമായോ ശചിയെ കൂട്ടിക്കൊണ്ടു വരിക.

നഹുഷന്‍ ഇങ്ങിനെ ദൃഢമായി  പ്രസ്താവിച്ചപ്പോള്‍ ദേവന്മാരും മുനിമാരും സംഭീതരായി ‘ഞങ്ങള്‍ അവളെ അനുനയിപ്പിച്ച് ഇവിടെ കൊണ്ടുവരാം’ എന്നു സമ്മതിച്ചു.

അവര്‍ ഗുരുവിന്‍റെ ഗൃഹത്തില്‍ച്ചെന്ന് കാര്യം അവതരിപ്പിച്ചു. ‘ശചി അവിടുത്തെ ശരണാഗതയാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നാം തന്നെ ഇന്ദ്രപദവിയില്‍ വാഴിച്ച നഹുഷന്‍ ശചിയെ വരിക്കണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നു. അവളെ നഹുഷന് കൊടുത്താലും’ ഇത് കേട്ട ഗുരു ‘എന്നില്‍ ശരണാഗതയായ ഇവളെ വിട്ടു തരുന്ന പ്രശ്നമില്ല.’ എന്ന് തീര്‍ത്തു പറഞ്ഞു.

‘എന്നാല്‍ അങ്ങ് തന്നെ അവനെ പ്രീതിപ്പെടുത്തുക. അവന്‍റെ കോപം നമുക്ക് താങ്ങാനാവുകയില്ല’ എന്നായി ദേവന്മാര്‍.

അപ്പോള്‍ ഗുരു പറഞ്ഞു: ‘ഇന്ദ്രാണി കൊട്ടാരത്തിലേയ്ക്ക് പോവട്ടെ. അവിടെച്ചെന്ന് വാക്കുകള്‍ കൊണ്ട് നഹുഷനെ പരമാവധി പ്രലോഭിപ്പിക്കട്ടെ. 

‘ശക്രന്‍ മരിച്ചുവെന്നുറപ്പായാല്‍ ഞാന്‍ അങ്ങയെ വരിക്കാം. കാന്തന്‍ ജീവിച്ചിരിക്കുമ്പോള്‍ അന്യനെ വരിക്കാന്‍ വയ്യ. ഞാനദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു യാത്ര പോവുകയാണ്. വിവാഹം യാത്രകഴിഞ്ഞു വരുമ്പോള്‍ ആവാം’.

ഗുരുവും ദേവന്മാരും നഹുഷനെ വഞ്ചിക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ കൊട്ടാരത്തിലേയ്ക്ക് ഇന്ദ്രാണിയെ കൂട്ടിക്കൊണ്ടു ചെന്നു. ഇന്ദ്രാണിയെക്കണ്ട്‌ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘പ്രിയേ, ഇപ്പോഴാണ് ഞാന്‍ ശരിക്കും ഇന്ദ്രനായത്. എന്നെ സേവിക്കൂ. അങ്ങിനെ സുഖിച്ചു ജീവിക്കൂ’.

‘അങ്ങയോട് എനിക്കൊരപേക്ഷയുണ്ട് ദേവാധിപാ. എന്‍റെ കാന്തന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? എനിക്കാകെ ശങ്കയുണ്ട്. അത് തീര്‍പ്പാക്കുന്നത് വരെ അങ്ങ് കാത്തിരിക്കണം. ശക്രന്‍ എവിടെയാണോ ആവോ!’ നഹുഷന്‍ സമ്മതിച്ചു.

ഇന്ദ്രനെ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വരാന്‍ ശചി ദേവന്മാരോട്‌ ആവശ്യപ്പെട്ടു. ദേവന്മാര്‍ക്ക് ആ വാക്കുകളിലെ സാരസ്യം മനസ്സിലായി. അവരുടനെ മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സ്തുതിച്ചു. ആദിദേവനും ജഗന്നാഥനും ദീനവല്‍സലനുമായ ഭഗവാനെ ദേവന്മാര്‍ ഉചിതമായ പദങ്ങള്‍ കൊണ്ട് കീര്‍ത്തിച്ചു. എന്നിട്ടവര്‍ ആവലാതി പറഞ്ഞു: ‘ഭഗവാനേ, ബ്രഹ്മഹത്യാപാപഭയം കൊണ്ട് വലഞ്ഞ ശക്രന്‍ എവിടെയോ പോയി അലയുകയാണ്. അങ്ങയുടെ സഹായത്താല്‍ ഇന്ദ്രന്‍ ചതിവിലാണല്ലോ വൃത്രനെ കൊന്നത്. ഇപ്പോള്‍ പാപഭീതിയാല്‍ ഒളിവില്‍ക്കഴിയുന്ന ഇന്ദ്രനെ കണ്ടുപിടിക്കണം ഞങ്ങളെ രക്ഷിക്കണം. എന്താണൊരു പരിഹാരം?’

‘ശക്രന്റെ പാപവിമുക്തിക്കായി ഒരശ്വമേധയാഗം നടത്തണം. ഇങ്ങിനെ പാപമുക്തനായാല്‍പ്പിന്നെ ഇന്ദ്രന്‍ വീണ്ടും തന്‍റെ പദവിയലങ്കരിക്കും. അശ്വമേധത്തിനാല്‍ പ്രീതിപ്പെടുത്തുന്ന പക്ഷം ജഗദംബിക ബ്രഹ്മഹത്യാപാപങ്ങള്‍ നശിപ്പിച്ച് ഇന്ദ്രനെ സംരക്ഷിക്കും. ദേവിയെ പ്രീതിപ്പെടുത്തലാണ് അശ്വമേധത്തിന്റെ ഉദ്ദേശം. ശചിയും ദേവിയെ ഉപാസിക്കട്ടെ. അങ്ങിനെ ദുഃഖനിവൃത്തിയുണ്ടാവും. ജഗദംബികയുടെ മായയില്‍ മോഹിച്ചാണ് അയാള്‍ പാപം ചെയ്തത്. തന്‍റെ തന്നെ പാപഫലത്താല്‍ നഹുഷനു നാശമുണ്ടാവും. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടും. കൂടെ ആ പദവിയുടെ പ്രതാപവും വന്നു ചേരും.’

വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട ദേവന്മാരും ഗുരുവും ഇന്ദ്രന്‍ ഒളിച്ചു കഴിയുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇന്ദ്രനെക്കൊണ്ട് അവര്‍ അശ്വമേധയാഗം നടത്തിച്ചു. ഭൂമിക്കും, നാരികള്‍ക്കും, മരങ്ങള്‍ക്കും നദികള്‍ക്കുമായി ബ്രഹ്മഹത്യാപാപത്തെ വിഭജിച്ച്‌ നല്‍കി ഇന്ദ്രനെ അവര്‍ മുക്തനാക്കി. എങ്കിലും കാലം ശരിയാവാത്തതുകൊണ്ട് ശക്രന്‍ കുറേക്കാലം കൂടി താമരത്തണ്ടിനുള്ളില്‍ ഒളിച്ചു തന്നെ കഴിഞ്ഞു. ആര്‍ക്കും അദ്ദേഹത്തെ പുറമേയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

‘യജ്ഞം ചെയ്തിട്ടും എന്‍റെ കാന്തനെ കാണാത്തതെന്തേ’ എന്ന് ശചി ഗുരുവിനോട് ചോദിച്ചു. അദ്ദേഹത്തെ കാണാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരണം എന്നവള്‍ അപേക്ഷിച്ചു.

‘പൌലോമീ, നീയാ മംഗളമൂര്‍ത്തി ജഗബംബികയെ ആരാധിക്കുക. ആ ദേവി നിനക്ക് നിന്‍റെ കാന്തനെ കാണിച്ചു തരും’ എന്ന് ഗുരു അവളെ ഉപദേശിച്ചു. ‘നഹുഷനെ തടയാനും അവനെ സ്വസ്ഥാനത്തു നിന്നും നിഷ്ക്കാസിതനാക്കാനും ദേവിയുടെ അനുഗ്രഹം വേണം.’ ഇത്രയും പറഞ്ഞു ഗുരു അവള്‍ക്ക് ദേവീ ഉപാസനയ്ക്കുള്ള മന്ത്ര ദീക്ഷ നല്‍കി.

ശചി ഭഗവതിയെ ആരാധിച്ചു. ബലി, പുഷ്പാര്‍ച്ചന, എന്നിവയാല്‍ അവള്‍ അംബികാപൂജനം ചെയ്തു. ഭോഗങ്ങള്‍ ഉപേക്ഷിച്ചു താപസ വേഷധാരിണിയായി ശചി ചെയ്ത സാധനയില്‍ ദേവി സംപ്രീതയായി. ഹംസവാഹനത്തില്‍ സൌമ്യഭാവത്തില്‍ ദേവി അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. കോടി ചന്ദ്രന്മാരുടെ കുളുര്‍മ്മയും കോടി സൂര്യന്മാരുടെ പ്രഭയും ഒരുമിച്ചു വിളങ്ങുന്ന വേദപ്രകീര്‍ത്തിതയായ ദേവി പാശാങ്കുശവരാഭയങ്ങള്‍ അലങ്കരിക്കുന്നവളും കാലടിവരെ നീണ്ടുകിടക്കുന്ന മുത്തുമണിമാല ചാര്‍ത്തിയവളും പുഞ്ചിരിയലങ്കരിച്ച മുഖത്തോട് കൂടിയവളും മൂന്നു തിളക്കമാര്‍ന്ന നേത്രങ്ങള്‍ ഉള്ളവളും ശാന്തി, ആനന്ദം എന്നിവ നിറഞ്ഞ കുചകുംഭദ്വയങ്ങള്‍ ഉള്ളവളും ആബ്രഹ്മകീടജനനിയുമായ അമ്മ കൃപയുടെ കേദാരമായി അവിടെ വിളങ്ങി.

ജഗദംബിക മേഘഗംഭീര സ്വരത്തില്‍ ഇങ്ങിനെ മൊഴിഞ്ഞു: ‘ശചീ അഭീഷ്ടവരം എന്താണെങ്കിലും ചോദിച്ചാലും. നിന്നില്‍ ഞാന്‍ പ്രസീദയാണ്. എന്നെക്കാണുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. അനേകകോടി ജന്മങ്ങളിലെ ആര്‍ജ്ജിതപുണ്യപരിപാകം കൊണ്ടേ അതുണ്ടാവൂ.’

‘അമ്മേ, ഭര്‍ത്തൃദര്‍ശനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നഹുഷനില്‍ നിന്നുള്ള പേടി ഇല്ലാതാക്കണം. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടണം’ ശചി ആഗ്രഹമുണര്‍ത്തിച്ചു.

‘അങ്ങിനെയാകട്ടെ’ എന്ന് ദേവി അനുഗ്രഹിച്ചു. നീ ഈ ദൂതിയെക്കൂട്ടി മാനസസരസ്സില്‍ ചെല്ലുക. അവിടെ വിശ്വകാമാ എന്ന് പേരായ ഒരു മൂര്‍ത്തിയായി ഞാനുണ്ട്. അവിടെയാണ് ദുഖാകുലനായ ഇന്ദ്രന്‍ ഭയപ്പാടോടെ കഴിയുന്നത്. ഞാന്‍ നഹുഷനെ മോഹിപ്പിച്ച് അവന്‍റെ ഇന്ദ്രസിംഹാസനവാസം അവസാനിപ്പിക്കാം. അപ്പോള്‍ ഇന്ദ്രന് വീണ്ടുമാ പദവിയലങ്കരിക്കാം. അങ്ങിനെ നിനക്ക് സ്വസ്ഥയാവാം.’

ശചിയെക്കൂട്ടി ദേവിയുടെ ദൂതി മാനസസരസ്സില്‍ ഇന്ദ്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒളിച്ചുകഴിയുന്ന ഇന്ദ്രനെ ദര്‍ശിച്ചു. ഏറെക്കാലമായി കാണാതിരുന്ന കാന്തനെ കണ്ട് അവള്‍ ആമോദം പൂണ്ടു.

Saturday, April 16, 2016

ദിവസം 134. ശ്രീമദ്‌ ദേവീഭാഗവതം. 6. 7. നഹുഷാഭിഷേകം

ദിവസം 134. ശ്രീമദ്‌ ദേവീഭാഗവതം. 6. 7. നഹുഷാഭിഷേകം

അഥം തം പതിതം ദൃഷ്ട്വാ വിഷ്ണുര്‍ വിഷ്ണുപുരീം യയൌ
മനസാ ശങ്കമാനസ്തു തസ്യ ഹത്യാകൃതം ഭയം
ഇന്ദ്രോ fപി ഭയ സന്ത്രസ്തോ യയാവിന്ദ്രപുരീം തത:
മുനയോ ഭയ സംവിഗ്നാ ഹൃഭവന്നിഹതേ രിപൌ 
വ്യാസന്‍ തുടര്‍ന്നു. വൃത്രന്‍ മരിച്ചു വീണു കഴിഞ്ഞപ്പോള്‍ ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. തെറ്റായ വിധത്തില്‍ വൃത്രനെ കൊന്നതില്‍ അദ്ദേഹത്തിനു ഭയവും ആശങ്കയും ഉണ്ടായി. ഇന്ദ്രനും സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ സമാധാനമില്ലായിരുന്നു. മുനിമാര്‍ക്കും കുറ്റബോധം കൊണ്ട് ആകെ ഭയമായി. ‘ഒരുവനെ ചതിച്ചു കൊല്ലാന്‍ നമ്മള്‍ ഇന്ദ്രന് കൂട്ട് നിന്നു. മുനിമാര്‍ എന്ന് സ്വയം വിളിക്കാന്‍ പോലും നമുക്കിനി അര്‍ഹതയില്ല. നമ്മള്‍ പറഞ്ഞതുകൊണ്ടാണ് വൃത്രന്‍ ഇന്ദ്രനുമായി മൈത്രിയുണ്ടാക്കിയത്. വിശ്വാസവഞ്ചന ചെയ്ത ശക്രന്റെ കൂടെ കൂടിയ നമ്മളും പാപികള്‍ തന്നെ. മമത കൊണ്ട് ഇത്തരം അനര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നു. കള്ളശപഥത്തിനു കൂട്ടുനിന്ന ഋഷിമാരാണ് നമ്മള്‍! പാപകൃത്യം ചെയ്യുന്നവന്‍ മാത്രമല്ല അതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുള്ളവനും പാപി തന്നെ. പ്രേരണ ചെലുത്തുന്നവന്‍, ബുദ്ധിയോതിക്കൊടുക്കുന്നവന്‍, ഫലഭോക്താക്കള്‍ എല്ലാവറം പാപഭാക്കുകള്‍ തന്നെയാണ്. 

വജ്രത്തിനുള്ളില്‍ പ്രവേശിച്ച് വധത്തിനു കൂട്ട് നിന്ന ‘സത്വസ്വരൂപനായ’ ശ്രീഹരിക്കും ഇതില്‍ പങ്കുണ്ട്. ഇന്ദ്രനുമായുള്ള കൂട്ടുകെട്ടില്‍ സാക്ഷാല്‍ വിഷ്ണുപോലും പാപിയയി. മമതാ ബന്ധമാണിതിനു കാരണം. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ധര്‍മ്മത്തിനും മോക്ഷത്തിനും ഇപ്പോള്‍ സ്ഥാനമില്ല എന്നായിരിക്കുന്നു. എല്ലാവര്ക്കും വേണ്ടത് കാമവും അര്‍ത്ഥവും മാത്രം. ധര്‍മ്മചര്‍ച്ചയൊക്കെ പണ്ഡിതന്മാര്‍ക്ക് വെറും ഡംബുകാണിക്കാനുള്ള വേദിയാണ്.’ മുനിമാരുടെ മനസ്ഥൈര്യം നശിച്ചു. തപസ്സില്‍ മുഴുകാന്‍ അവര്‍ക്കാവുന്നില്ല.

ത്വഷ്ടാവ് മകന്‍റെ മരണവൃത്താന്തം അറിഞ്ഞപ്പോള്‍ മനം നൊന്തു കരഞ്ഞു. അദ്ദേഹത്തിന് ആകെ വിരക്തിയായി. എങ്കിലും അദ്ദേഹം മകന്‍റെ ഭീമാകാരമായ ദേഹത്തിനു മുന്നില്‍ച്ചെന്ന് അവനു വേണ്ട ഉദകക്രിയകള്‍ ഉചിതമായി ചെയ്തു. എന്നിട്ട് മനസ്സ് നൊന്ത് ശക്രനെ ശപിച്ചു, ‘സ്വമിത്രത്തെ ചതിച്ചു കൊന്ന ഇന്ദ്രന് വിധിവശാല്‍ ഇതുപോലെയുള്ള മനോദുഖം ഉണ്ടാവട്ടെ.’. പിന്നീടദ്ദേഹം മഹാമേരുവില്‍പ്പോയി ഉഗ്രതപസ്സില്‍ മുഴുകി.

ജനമേജയന്‍ ചോദിച്ചു: വൃത്രനെ കൊന്ന ഇന്ദ്രന്‍റെ സ്ഥിതി പിന്നെയെന്തായി? അവനു പിന്നീട് സുഖമായിരുന്നോ അതോ ദുഖജീവിതമായിരുന്നോ?

വ്യാസന്‍ പറഞ്ഞു: ഇതില്‍ സംശയം വേണ്ട. പാപഫലം അനുഭവിച്ചല്ലേ തീരൂ? ബലിഷ്ഠനായാലും ദുര്‍ബ്ബലനായാലും ദേവനായാലും മനുഷ്യരായാലും അസുരനായാലും പാപം ചെയ്തോ? അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ അനുഭവിക്കണം. വൃത്രനെ കൊല്ലാനുള്ള ബുദ്ധി ഉപദേശിച്ചതും അതിനായി ഒത്താശചെയ്തതും മഹാവിഷ്ണുവാണല്ലോ? എന്നാല്‍ ആപത്തില്‍പ്പെട്ടപ്പോള്‍ വിഷ്ണുപോലും ഇന്ദ്രന്‍റെ രക്ഷക്കെത്തിയില്ല. 

നമ്മുടെ സമയം നന്നായിരിക്കുമ്പോള്‍ നിറയെ ബന്ധുക്കള്‍ വരും. അല്ലാത്തപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടി ആരുമുണ്ടാവില്ല. അതിപ്പോള്‍ മാതാപിതാക്കളോ സഹോദരങ്ങളോ ആരും നമുക്ക് കൂട്ടുണ്ടാവില്ല. ദൈവഹിതം നമുക്കനുകൂലമല്ലെങ്കില്‍ പുത്രനോ ബന്ധുവോ ഭൃത്യനോ ഭാര്യയോ ആര്‍ക്കും നമ്മെ സഹായിക്കാന്‍ കഴിയില്ല. ദുര്‍വൃത്തി ചെയ്തതുമൂലം വൃത്രനെ കൊന്നവരുടെയെല്ലാം തേജസ്സ് നിഷ്പ്രഭമായി. ഇന്ദ്രനെ ബ്രഹ്മഹന്താവെന്നു വിളിച്ച് ദേവന്മാര്‍പോലും ഇന്ദ്രനെ ശപിക്കാന്‍ തുടങ്ങി. 

‘വിശ്വാസവഞ്ചന കാട്ടി മിത്രമായ മുനിയെ ഇന്ദ്രന്‍ കൊന്നതിന്‍റെ കഥ ഗന്ധര്‍വ്വന്മാര്‍ കൂടുന്ന വെടിവട്ടങ്ങളില്‍ ചര്‍ച്ചയായി. ‘കൊല്ലാന്‍ ഇന്ദ്രന്‍ മിടുക്കനാണ്. അതിനു വേണ്ടി അയാള്‍ ആരുടെ കൂട്ടും കൂടും. മുനിമാര്‍പോലും ഇന്ദ്രന് വേണ്ടി കള്ളം പറഞ്ഞു. വേദപ്രമാണം വിട്ടു ഹിംസയുടെ ബൌദ്ധമാര്‍ഗ്ഗമാണ് അവരും തിരഞ്ഞെടുത്തത്. സ്വന്തം വാക്ക് മാറ്റി ഇങ്ങിനെ ഒരാളെ കൊല്ലണമെങ്കില്‍ അത് ഇന്ദ്രനോ ഹരിക്കോ മാത്രമേ പറ്റൂ.’ ഗന്ധര്‍വ്വന്മാരുടെ ഇടയിലും മറ്റും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ഇന്ദ്രനും അറിഞ്ഞു. കീര്‍ത്തികെട്ട ജീവിതം എന്തിനു കൊള്ളാം? പുറത്തിറങ്ങി നടക്കുമ്പോള്‍ മറ്റുള്ളവര്‍ പുച്ഛിച്ചു ചിരിക്കുന്നു. ഇന്ദ്രദ്യുമ്നന്‍ എന്ന രാജര്‍ഷി പോലും കീര്‍ത്തി നശിച്ചതിനാല്‍ സ്വര്‍ഗ്ഗത്തു നിന്നും വീണുപോയില്ലേ?

ഇന്ദ്രദ്യുമ്നനാണെങ്കില്‍ യാതൊരു പാപവും ചെയ്യാത്തവനായിരുന്നു. അപ്പോള്‍ പാപികളുടെ കഥ പറയാനുണ്ടോ? ചെറിയൊരു തെറ്റിന്റെ പേരില്‍ യയാതിക്ക് പതിനെട്ടു യുഗം വെറുമൊരു ഞണ്ടായി കഴിയേണ്ടി വന്നു. ഭൃഗുപത്നിയുടെ ഗളഛേദം ചെയ്ത സാക്ഷാല്‍ ശ്രീഹരിക്കും മുനി ശാപം മൂലം മീനാദി മൃഗയോനികളില്‍ പിറക്കേണ്ടതായി വന്നു. മഹാബലിക്കു മുന്നില്‍ കൈ നീട്ടി യാചിക്കേണ്ടി വന്നു. ദുഷ്കൃതം ചെയ്തവന് ശ്രീരാമനുണ്ടായ ദുഖത്തില്‍പ്പരം എന്ത് ശിക്ഷയാണ് കിട്ടുക? കാട്ടില്‍ ജീവിക്കുക, ഭാര്യയെ നഷ്ടപ്പെട്ടു കേഴുക എന്നിവയെല്ലാം ശ്രീഹരി അനുഭവിക്കേണ്ടി വന്നത് ഭൃഗു മുനിയുടെ ശാപം കൊണ്ടാണ്.

വിപ്രഹത്യാപാപഭയം ഇന്ദ്രനെ വിടാതെ പിടികൂടി. വീട്ടിലും പുറത്തും യാതൊരു സ്വൈര്യവും ഇല്ലാതായി.  ആരെയും കാണാന്‍ കൂട്ടാക്കാതെ വീട്ടിനു പുറത്തിറങ്ങാതെ പേടിച്ചു വീര്‍പ്പിട്ടു നില്‍ക്കുന്ന കാന്തനെ കണ്ടു ശചി ചോദിച്ചു: 'എന്തിനാണ് അങ്ങ് വിഷമിക്കുന്നത്? അവനെ വധിച്ചതോടെ ശത്രുഭയം തീര്‍ന്നല്ലോ? ശത്രുതാപനായ അങ്ങ് എന്തിനാണ് പ്രാകൃതനെപ്പോലെ മാഴ്കുന്നത്?'

അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ‘എനിക്കിപ്പോള്‍ കിടനില്‍ക്കാന്‍ പറ്റിയ ശത്രുക്കള്‍ ആരുമില്ല എന്നത് ശരി തന്നെ. പക്ഷെ എനിക്ക് സുഖമില്ല, സമാധാനവുമില്ല. ബ്രഹ്മഹത്യാപാപഭീതിയാണ് എന്നെയിപ്പോള്‍ അലട്ടുന്നത്. നന്ദനോദ്യാനവും കാടും വീടും അമൃതുപോലും എന്നെ സംപ്രീതനാക്കുന്നില്ല. ഗന്ധര്‍വഗാനങ്ങളും അപ്സരസ്സുകളുടെ ചുവടുവെയ്പ്പും എന്നെ സന്തോഷിപ്പിക്കുന്നില്ല. എനിക്ക് കാമധേനുവും കല്‍പ്പവൃക്ഷവും വേണ്ട. എനിക്ക് മന:സുഖം ലഭിക്കാന്‍ എന്തുചെയ്യണം എന്നാലോചിച്ചു കരയുകയാണ് ഞാന്‍.’

പത്നിയോട് ഇങ്ങിനെ വേവലാതി പറഞ്ഞിട്ട് ഇന്ദ്രന്‍ മാനസസരസ്സില്‍ ചെന്ന് അവിടെയൊരു താമരത്തണ്ടിനുള്ളില്‍ക്കയറി ഇരുന്നു. പാപഫലങ്ങള്‍ വരുമ്പോള്‍ ഒളിക്കാന്‍ പറ്റിയ ഒരിടമാണ് അതെന്നയാള്‍ വെറുതെ വിചാരിച്ചു. വെള്ളത്തില്‍ക്കഴിയുന്ന ഒരു നീര്‍ക്കോലിപോലെ നിഷ്പ്രഭനായി അയാള്‍ അവിടെ നീന്തിക്കഴിഞ്ഞുകൂടി. ഇന്ദ്രനെ കാണാഞ്ഞു ദേവലോകം ആശങ്കാകുലരായി. ദുര്‍നിമിത്തങ്ങള്‍ എങ്ങും കണ്ടുതുടങ്ങി. എല്ലാടവും അരാജകത്വം കാണപ്പെട്ടു. ഗന്ധര്‍വ്വന്മാരും മുനികളും മറ്റും ഭയവിഹ്വലരായി. ഭൂമിയില്‍ മഴ നിന്നു. വിഭവങ്ങള്‍ ഉണ്ടാകാതെയായി. തടാകങ്ങള്‍ വെള്ളം വറ്റി ഭൂമി ഉണങ്ങിവരണ്ടു. ഇന്ദ്രനെ കണ്ടു കിട്ടാഞ്ഞ് മുനിമാര്‍ നഹുഷനെപ്പിടിച്ചു രാജാവാക്കി. 

നഹുഷന്‍ ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും രാജപദവി അയാളെ വിഷയാസക്തനും കാമപീഡിതനുമാക്കി. അയാള്‍ അപ്സരനാരിമാരോടോത്ത് രമിച്ചു കഴിഞ്ഞു. ഇന്ദ്രന്‍റെ ഭാര്യയായ ശചിയുടെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞ നഹുഷന്‍ മുനിമാരെ വിളിച്ചു ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് ഇന്ദ്രന്‍റെ സ്ഥാനം തന്നു. അപ്പോള്‍ ഇന്ദ്രാണിയും എനിക്ക് സ്വന്തമാവണമല്ലോ? എന്നെ സേവിക്കാനായി ശചിയെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയക്കുക. ഞാന്‍ ദേവേന്ദ്രനും ലോക നാഥനുമല്ലേ? ഇക്ഷണം എനിക്ക് ശചിയെ വേണം. നിങ്ങള്‍ അതിനുള്ള ഒത്താശകള്‍ ചെയ്താലും.’

ദേവന്മാരും മുനിമാരും കൂടി ഇന്ദ്രാണിയെ ചെന്ന് കണ്ടു വിവരം ധരിപ്പിച്ചു. ‘ഞങ്ങള്‍ എന്ത് ചെയ്യട്ടെ! അവന്‍ ഇന്ദ്രനും ഞങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനുമാണ്.’ എന്നവര്‍ നിസ്സഹായരായി. അപ്പോള്‍ ശചി ഗുരുവായ ബൃഹസ്പതിയോട് പരാതി പറഞ്ഞു. ‘നഹുഷനില്‍ നിന്നും അങ്ങെന്നെ രക്ഷിക്കണം.'

'നിന്നെ സത്യത്തിനും ധര്‍മ്മത്തിനും എതിരായി നഹുഷനു വിട്ടുകൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല' എന്ന് ഗുരു അവള്‍ക്ക് വാക്ക് കൊടുത്തു. 'ശരണാഗതനെ കൈവിടുന്നവനു നരകത്തില്‍ നിന്നും ഒരിക്കലും മോചനമില്ല. നിന്നെ ഞാന്‍ കൈവിടുകയില്ല. നിനക്ക് സമാധാനമായി ഇരിക്കാം.'

Tuesday, April 12, 2016

ദിവസം 133. ശ്രീമദ്‌ ദേവീഭാഗവതം. 6. അദ്ധ്യായം 6 വൃത്രാസുരവധം

ദിവസം 133. ശ്രീമദ്‌ ദേവീഭാഗവതം. 6. അദ്ധ്യായം 6  വൃത്രാസുരവധം

ഏവം പ്രാപ്തവരാ ദേവാ ഋഷയശ്ച തപോ ധനാ:
ജഗ്മു: സര്‍വ്വേ ച സംമന്ത്ര്യ വൃത്രസ്യാശ്രമമുത്തമം
ദദൃശുസ്തത്ര തം വൃത്രം ജ്വലന്തമിവ തേജസാ

ഇങ്ങിനെ ദേവിയില്‍ നിന്നും അഭീഷ്ടവരം സിദ്ധിച്ച ദേവന്മാര്‍ വൃത്രന്‍ തപസ്സു ചെയ്തിരുന്ന ഇടത്തേയ്ക്ക് ചെന്നിട്ട് മധുരസ്വരത്തില്‍ സാമവാദങ്ങള്‍ പറയാന്‍ തുടങ്ങി. വൃത്രന്‍ ഇരുന്നിടം അദ്ദേഹത്തിന്‍റെ തപോബലത്തില്‍ ജ്വലിച്ചു തിളക്കമാര്‍ന്നിരുന്നു. വിണ്ണവരെ ഒറ്റയടിക്ക് വിഴുങ്ങാനും മൂന്നുലകങ്ങളും ജ്വലിപ്പിക്കാനും പോന്ന ആ താപസന്‍റെയടുക്കല്‍ച്ചെന്ന് ഋഷിമാര്‍ രസകരമായും അദ്ദേഹത്തിനു ഹിതകരമായും സംസാരിക്കാന്‍ തുടങ്ങി. 

‘അല്ലയോ മഹാഭാഗാ, സകലലോകങ്ങള്‍ക്കും അങ്ങയെ ഭയമാണ്. നീയാണെങ്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. ശക്രനോടുള്ള നിന്‍റെ വൈരം രണ്ടാള്‍ക്കും നല്ലതിനല്ല. രണ്ടാള്‍ക്കും അതുകൊണ്ട് സ്വൈരക്കേടാണ് എപ്പോഴും. വൈരിയായി ഒരാളുണ്ടെങ്കില്‍ സമാധാനം പോയി എന്നര്‍ത്ഥം. ഉറങ്ങാന്‍കൂടി പറ്റാത്ത അവസ്ഥ. പരസ്പരം വൈരികളായി ഇരിക്കുന്നുവെങ്കിലും തമ്മില്‍ ഒന്ന് പോരടിച്ചിട്ടും കാലം കുറേയായി. നിങ്ങള്‍ തമ്മിലുള്ള ഈ വൈരം കൊണ്ട് മറ്റുള്ള ദേവന്മാര്‍ക്കും മാനുഷര്‍ക്കും അസുരന്മാര്‍ക്കും ആകെ ബുദ്ധിമുട്ടാണ്. എപ്പോഴും ദുഖിച്ചു പേടിച്ചു കഴിയാനാണോ ഈ ജീവിതം? സുഖമാസ്വദിച്ചു കഴിയേണ്ട ജന്മം ഇങ്ങിനെ പാഴാക്കുന്നതെന്തിനാണ്? യുദ്ധക്കൊതിയന്മാരായ ചിലര്‍ അതിനെ വാഴ്ത്തിയെന്നുവരാം. എന്നാല്‍ പണ്ഡിതന് യുദ്ധമെന്നാല്‍ അത് എല്ലാവരും തോല്‍ക്കുന്ന വൃഥാപ്രയത്നം മാത്രമാണ്. പ്രപഞ്ചത്തിലെ സുഖമാകെ കെടുത്താന്‍ രണ്ടു കൂട്ടര്‍ തമ്മിലുള്ള പോരിനു കഴിയും. ഭോഗവിഷയങ്ങള്‍ എല്ലാവര്ക്കും അങ്ങിനെ അപ്രാപ്യമാവുകയും ചെയ്യും. കളിയായി പൂക്കള്‍കൊണ്ടുള്ള തല്ലുപോലും നല്ലതല്ല. പിന്നെയാണ് അമ്പുകള്‍ കൊണ്ടുള്ള തീക്കളി!

യുദ്ധത്തില്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നാര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ദേഹത്ത് അമ്പുകൊണ്ടാല്‍ മുറിയും എന്നതില്‍ സംശയമേയില്ല. എല്ലാം ദൈവാധീനമാണ്. ജയപരാജയങ്ങള്‍ നമ്മുടെ കയ്യില്‍ അല്ലാത്തപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ട് എന്തുകാര്യം? സുഖമായി ഉണ്ട് കുളിച്ചുറങ്ങി ഭാര്യയുടെ ശുശ്രൂഷ ആസ്വദിച്ച് കഴിയുന്നതോ വാള്‍പ്പയറ്റില്‍ ദേഹത്ത് മുറിവുണ്ടാവുന്നതോ സുഖപ്രദം? വാസ്തവത്തില്‍ കൂരമ്പേറ്റു മരിക്കുന്നവന് സ്വര്‍ഗ്ഗം ലഭിക്കും എന്നൊക്കെയുള്ള പറച്ചില്‍ എല്ലാം വെറുതെ. വെറുതെ ദേഹത്ത് ചോരയുമൊലിപ്പിച്ച് കാക്കയ്ക്കും കഴുകാനും കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങ് ശക്രനോടു സന്ധി ചെയ്യുകയാണ് നല്ലത്. അങ്ങിനെ രണ്ടാള്‍ക്കും സുഖമായി ജീവിക്കാം. ഞങ്ങള്‍ മാമുനിമാര്‍ക്കും ദേവന്മാര്‍ക്കും അതൊരാശ്വാസമാകും. നിങ്ങള്‍ പോരില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമായി സുഖമനസ്സോടെ സ്വന്തം ഭവങ്ങളില്‍ കഴിയാന്‍ സാധിക്കുമോ? ഞങ്ങള്‍ മുനിമാരുടെ മദ്ധ്യസ്ഥം നിങ്ങള്‍ക്ക് സ്വീകാര്യമാവും എന്ന് കരുതുന്നു. രണ്ടാളും പരസ്പരം ശപഥം ചെയ്തു പിണക്കം തീര്‍ക്കണം. മഹാനായ നിന്‍റെ മനസ്സിന് യോജിച്ചവണ്ണം ശക്രന്‍ ശപഥം ചൊല്ലും. നീയും അതുപോലെ ചെയ്യുക. ഭൂമിയുടെ നിലനില്‍പ്പ്‌ തന്നെ സത്യത്തിലാണല്ലോ. സത്യമാണ് സൂര്യന് നിദാനം. കാറ്റ് വീശുന്നത് സത്യം കൊണ്ടാണ്. സമുദ്രം പരിധി ലംഘിക്കാത്തതിനും കാരണം മറ്റൊന്നല്ല. നിങ്ങള്‍ രണ്ടാളും സഖ്യം ചെയ്ത് പരസ്പരം വൈരം മറന്ന് ആത്മസുഹൃത്തുക്കളെപ്പോലെ ഊണും വിശ്രമവും ഒന്നിച്ചാവുന്ന കാലം അനതിവിദൂരമാണ്.'

ഇത്രയും കേട്ടപ്പോള്‍ വൃത്രന്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. കാരണം മുനിമാര്‍ കള്ളം പറയില്ലല്ലോ. കുടിലതയറിയാത്ത സത്യവൃത്തന്മാരാണ് ഋഷിമാര്‍. എങ്കിലും നിങ്ങള്‍ക്ക് കാപട്യമെന്തെന്നറിയാന്‍ വയ്യാത്തതുകൊണ്ട് ഒന്ന് മനസ്സിലാക്കണം. ബുദ്ധിയുള്ളവന്‍ സഖ്യം ചെയ്യുമ്പോള്‍ എതിര്‍ കക്ഷിയുടെ സ്വഭാവം നോക്കും. കള്ളനുമായും, ലജ്ജയില്ലാത്തവനുമായും സദാചാരവിരുദ്ധനുമായും സദ്‌വൃത്തനായ ഒരുവന്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയില്ല. നിങ്ങള്‍ ശാന്തശീലരായതുകൊണ്ട് ലോകത്തിന്‍റെ രീതികള്‍ നിങ്ങള്‍ക്കറിയില്ല.’

അപ്പോള്‍ മുനിമാര്‍ പറഞ്ഞു: ‘നന്മതിന്മകളുടെ ഫലം ദേഹമെടുത്ത എല്ലാവരും അനുഭവിക്കുകതന്നെ ചെയ്യും. വിശ്വാസവഞ്ചകര്‍ക്ക് നരകം ഉറപ്പാണ്. ദ്രോഹം ശീലമാക്കിയവന് ശാന്തി കിട്ടുകയുമില്ല. ബ്രഹ്മഹത്യക്കും മദ്യപാനത്തിനും മറ്റും പ്രായശ്ചിത്തം ചെയ്യാന്‍ വിധിയുണ്ട്. എന്നാല്‍ മിത്രദ്രോഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് പ്രായശ്ചിത്തം ഇല്ലേയില്ല. അതുകൊണ്ട് അങ്ങ് പറയൂ നിബന്ധനകള്‍. ആ വ്യവസ്ഥ രണ്ടാള്‍ക്കും സ്വീകാര്യമാവട്ടെ. അപ്പോള്‍ സന്ധിചെയ്യാന്‍ തടസ്സമില്ലല്ലോ.’

കല്ലുകൊണ്ട്, വജ്രം കൊണ്ട്, മരം കൊണ്ട്, നനഞ്ഞതോ ഉണങ്ങിയതോ ആയ യാതൊന്നും കൊണ്ടും ഇന്ദ്രന്‍ എന്നെ കൊല്ലരുത്. രാത്രിയും പകലും അരുത്. ഇത്തരത്തിലൊരു സന്ധി ഇന്ദ്രനുമായി ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.’

‘അങ്ങിനെയാവാം’ എന്ന് മുനിമാര്‍ വൃത്രന് വാക്ക് കൊടുത്തു. ഇന്ദ്രനോട് വിവരം പറഞ്ഞു. സന്ധിവ്യവസ്ഥ അംഗീകരിപ്പിച്ചു. മുനിമാരുടെ സാന്നിദ്ധ്യത്തില്‍ അഗ്നിസാക്ഷിയായി ഇന്ദ്രന്‍ സത്യം ചെയ്തു. വൃത്രന്‍ സന്തോഷിച്ചു. പരസ്പരം ചെയ്ത സന്ധിയിലും സത്യശപഥത്തിലും വിശ്വാസമര്‍പ്പിച്ച് വൃത്രന്‍ ഇന്ദ്രനെ മിത്രമാക്കി. അവര്‍ ഒരുമിച്ചു നന്ദനാരാമങ്ങളില്‍ വിഹരിച്ചും ഗന്ധമാദനത്തില്‍ ഉലാത്തിയും കടല്‍ത്തീരത്തു മേളിച്ചും അവരുടെ മൈത്രീബന്ധം ഉറപ്പിച്ചു. വൃത്രന്‍ തുറന്ന മനസ്സോടെ ഇന്ദ്രനെ വിശ്വസിച്ചു കഴിഞ്ഞു.

എന്നാല്‍ ഇന്ദ്രന്‍റെ വക്രബുദ്ധി വൃത്രനെ എങ്ങിനെ വധിക്കാം എന്നു തന്നെ ചിന്തിക്കുകയായിരുന്നു. എന്തെങ്കിലും ഒരു പഴുതിനു വേണ്ടി ഇന്ദ്രന്‍ ഉഴന്നുനടന്നു. ശപഥം കഴിഞ്ഞ് ഒരു വര്‍ഷം കടന്നുപോയി. ഇന്ദ്രന്‍റെ ആകാംഷ കൂടിവന്നു. ആയിടയ്ക്ക് ത്വഷ്ടാവ് മകനോട് പറഞ്ഞു: ‘വൃത്രാ, ഞാന്‍ നിനക്ക് ഹിതം പറയാന്‍ വന്നതാണ്. ശത്രുതയില്‍ക്കഴിഞ്ഞവന്‍ സുഹൃത്തായാല്‍ അവനെ പൂര്‍ണ്ണമായും വിശ്വസിക്കരുത്. ഇന്ദ്രന്‍ അസൂയക്കാരനാണ്. നിന്നോടുള്ള വൈരം പോയതായി അഭിനയിക്കുകയാണ് ആ സ്ത്രീലമ്പടന്‍. അവന്‍ ദ്രോഹം ചെയ്യാന്‍ തരം നോക്കി നടക്കുന്ന മായാവിയാണ്. വാശിക്കാരനും മത്സരബുദ്ധിയുള്ളവനുമാണ്. അമ്മയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെ നശിപ്പിച്ച ദുഷ്ടനാണ്‌ അവന്‍. ആ ശിശുവിനെ അവന്‍ ഏഴു കഷണമാക്കിയ കഥ നീ കേട്ടിട്ടില്ലേ? ഒരിക്കല്‍ പാപം ചെയ്തവന് അതാവര്‍ത്തിക്കാന്‍ മടി കാണില്ല.’

അച്ഛന്‍ ഇത്ര വിശദമായി പറഞ്ഞിട്ടും വൃത്രന് ഇന്ദ്രനോട് വിശ്വാസക്കുറവ് തോന്നുകയുണ്ടായില്ല. അവന്‍റെ കാലമടുത്തതായിരിക്കും അതിനു കാരണം. കടല്‍ത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന വൃത്രനെക്കണ്ട് ഇന്ദ്രന്‍ വിചാരിച്ചു. ‘ഇത് നല്ല തക്കമാണ്. ഇത് രുദ്രസന്ധ്യയാണല്ലോ, പകലുമല്ല, രാത്രിയുമല്ല. വിജനമാണീ സ്ഥലം. ഇവനെ കൊന്നുകളയണം.’ ഉടനെതന്നെ ബ്രഹ്മാദി ദേവതകള്‍ തനിക്ക് നല്‍കിയ വരത്തെപ്പറ്റി ഇന്ദ്രന്‍ ആലോചിച്ചു. ഭഗവാന്‍ ഹരിയെ സ്മരിച്ചു. ഭഗവാന്‍ അദൃശ്യനായി വജ്രായുധത്തില്‍ പ്രവേശിച്ചു. ‘ഇവനെ കൊല്ലാനുള്ള ഉപായമെന്താവും? സകല ദേവന്മാരെയും വെല്ലാനുള്ള കഴിവ് വൃത്രനുണ്ട്. ഇവനെ ചതിയില്‍പ്പെടുത്തി കൊല്ലുക തന്നെ. ശത്രു ജീവനോടെയിരിക്കുമ്പോള്‍ സുഖമെവിടെ?’

അപ്പോള്‍ ആ സമുദ്രത്തില്‍ ഭീമാകാരമായ ഒരു നുര പൊന്തി വന്നു. ‘ഇതുണങ്ങിയതോ നനഞ്ഞതോ അല്ല. ഇതൊരായുധവുമല്ല’ എന്ന് നിശ്ചയിച്ച്  ഇന്ദ്രന്‍ ആ നുര കയ്യില്‍ കോരിയെടുത്തു. പരമഭക്തിയോടെ പരാശക്തിയെ സ്മരിച്ചു. ദേവിയും ആ നുരയ്ക്കുള്ളില്‍ ശക്തിയായി പ്രവേശിച്ചു. ആ നുരകൊണ്ട് ഭഗവാന്‍ ഹരി ഒളിച്ചിരുന്ന വജ്രത്തെ മൂടിയിട്ട് ഇന്ദ്രന്‍ അത് വൃത്രന് നേരെ പ്രയോഗിച്ചു. വജ്രമേറ്റ് വൃത്രന്‍ മരിച്ചു വീണു. ശക്രന്‍ സന്തോഷിച്ചു. ആരുടെ കനിവാലാണോ ഇന്ദ്രന് തന്‍റെ ശത്രുവിനെ വകവരുത്താന്‍ കഴിഞ്ഞത്, ആ പരാശക്തിയെ മഹര്‍ഷിമാര്‍ വാഴ്ത്തി. ഇന്ദ്രന്‍ യഥാവിഥി ദേവിയെ പൂജിച്ചു. ദേവോദ്യാനത്തില്‍ ഒരു ക്ഷേത്രം പണിത് മാണിക്ക്യക്കല്ലുകൊണ്ട് വിഗ്രഹം തീര്‍ത്ത് ഇന്ദ്രന്‍ ദേവീപൂജ നടത്തി. ദേവന്മാര്‍ക്കങ്ങിനെ ദേവി കുലദേവതയായി. വൃത്രന്റെ മരണം സാധിപ്പിച്ചതിനാല്‍ ശക്രന്‍ മഹാവിഷ്ണുവിനെയും പൂജിച്ചു. ദേവഭയം ഇല്ലാതാക്കാനാണല്ലോ ശ്രീഹരി ഇന്ദ്രനെ സഹായിച്ചത്. ആകാശവാസികള്‍ സന്തോഷിച്ചു.

പരാശക്തിയുടെ ശക്തിവിശേഷം ചേര്‍ന്ന കടല്‍പ്പതകൊണ്ട് മൂടി ദേവി വൃത്രനെ മോഹിപ്പിച്ചതിനാലാണ് ശക്രന് അവനെ വധിക്കാന്‍ കഴിഞ്ഞത്. വൃത്രനെ വധിച്ചത് ദേവിയാണെന്നും അല്ല, ശക്രനാണ് വൃത്രഹന്താവെന്നും ലോകര്‍ രണ്ടു വിധത്തില്‍ പറഞ്ഞു വരുന്നുണ്ട്.