Devi

Devi

Monday, May 30, 2016

ദിവസം 148. ശ്രീമദ്‌ ദേവീഭാഗവതം. 6. 21. എകവീരചരിതം

ദിവസം 148. ശ്രീമദ്‌ ദേവീഭാഗവതം. 6. 21. എകവീരചരിതം 

ജാത കര്‍മ്മാദി സംസ്കാരാംശ്ചകാര നൃപതി സ്തദാ
ദിനേ ദിനേ ജഗാമാശു വൃദ്ധിം ബാല: സുലാളിത:
നൃപ: സംസാരജം പ്രാപ്യ സുഖം പുത്രാ സമുദ്ഭവം
ഋണത്രയ വിമോക്ഷം ച മേനേ തേന മഹാത്മനാ

രാജാവ് പുത്രനുവേണ്ട ജാതകര്‍മ്മങ്ങള്‍ എല്ലാം വിധിയാം വണ്ണം നടത്തി. അവന്‍ കൊട്ടാരത്തില്‍ അച്ഛനമ്മമാരുടെ പരിലാളനയില്‍ സുഖമായി വളര്‍ന്നു. പുത്രനുണ്ടായതില്‍ സന്തോഷവാനായ രാജാവ് തന്നെ ഋണത്രയങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത് ഇവനാണല്ലോ എന്ന് ആശാസം കൊണ്ടു. ആറാം മാസത്തില്‍ ചോറൂണും മൂന്നാം വയസ്സില്‍ ചൌളകര്‍മ്മവും നടത്തി. ആഘോഷ വേളകളില്‍ രാജാവ് ബ്രാഹ്മണര്‍ക്കും മറ്റുള്ളവര്‍ക്കും ഗോദാനമടക്കം പലവിധ സമ്മാനങ്ങളും നല്‍കി. പതിനൊന്നാം വയസ്സില്‍ അരയില്‍ മൌഞ്ജിച്ചരടു ബന്ധിച്ച് അവനെ ധനുര്‍വേദം അഭ്യസിക്കാന്‍ പറഞ്ഞയച്ചു. 

പഠനം കഴിഞ്ഞു തിരിച്ചു വന്ന മകനെ രാജാവായി പട്ടാഭിഷേകം ചെയ്യാന്‍ രാജാവ് തീരുമാനിച്ചു. അഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ രാജാവ് ബ്രാഹ്മണരെയും ദേശപ്രമുഖന്മാരെയും വിളിച്ചു കൂട്ടി നല്ലൊരു മുഹൂര്‍ത്തത്തില്‍ പട്ടാഭിഷേകം ചെയ്യിച്ചു. പുണ്യതീര്‍ത്ഥങ്ങളിലെയും സമുദ്രത്തിലേയും ജലം കൊണ്ടുവന്ന് മകനെ അഭിഷേകം ചെയ്തു. തന്‍റെ മേലും ഈ പുണ്യജലം ഒഴിച്ച് രാജാവ് നിര്‍വൃതി പൂണ്ടു. ബ്രാഹ്മണര്‍ക്ക് സമ്മാനവും നല്‍കി അദ്ദേഹം വനവാസത്തിനു പുറപ്പെട്ടു. ഏകവീരനെ രാജ്യഭാരമേല്‍പ്പിച്ച് സന്തോഷവാനായി രാജാവ് പത്നിയുമൊത്ത് വനവാസം തുടങ്ങി.

മൈനാകപര്‍വ്വതവനത്തില്‍ ഇലകളും കായ്കളും ഭക്ഷിച്ച് പരമേശ്വരിയെ സദാ ധ്യാനിച്ചുകൊണ്ട് കാലം കഴിക്കവേ രണ്ടാളും കാലക്രമത്തില്‍ ദേഹം വെടിഞ്ഞ് ഇന്ദ്രലോകം പൂകി. പിതാവിന്‍റെ ദേഹവിയോഗം അറിഞ്ഞ എകവീരന്‍ സംസ്കാരകര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിച്ചു. അദ്ദേഹം ഉത്തമനായ പിതാവിന്‍റെ പെരുമയ്ക്കൊത്ത രാജാവായി തുടര്‍ന്നു. രാജഭോഗങ്ങള്‍ മിതമായി അനുഭവിച്ചും ധര്‍മ്മജ്ഞരായ മന്തിമാരാല്‍ സേവിതനായും അദ്ദേഹം കഴിഞ്ഞുവന്നു.

ഒരുദിവസം രാജാവും മന്ത്രിപുത്രന്മാരും കൂടി കുതിരപ്പുറത്തു സവാരി ചെയ്ത് ഗംഗാതീരത്ത്‌ എത്തിച്ചേര്‍ന്നു. പൂത്തുലഞ്ഞ പ്രകൃതി ഭംഗികൊണ്ടു കമനീയവും പക്ഷിമൃഗാദികളാല്‍ സമ്പന്നവുമായ ഗംഗാതീരം വണ്ടുകളുടെ മൂളിപ്പാട്ടും കിളികളുടെ കലപിലയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വൃക്ഷങ്ങളില്‍ കായ്കനികള്‍ വിളഞ്ഞു നിറഞ്ഞു കിടക്കുന്നു. പുല്‍മേടുകളും ലതാനികുഞ്ജങ്ങളും താമരവിരിഞ്ഞു നില്‍ക്കുന്ന തടാകങ്ങളും  അവിടെ കാണാം. ഇലഞ്ഞി, ചമ്പകം, പിച്ചി, മുള്‍മരം, കടമ്പ്, മന്ദാരം, ഞാവല്‍, മാവ്, പൂവരശ് എന്ന് വേണ്ട സകലമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്നു. ഗംഗാജലത്തില്‍ നൂറിതളുള്ള ഒരു താമര. നറുമണം പൊഴിക്കുന്ന ആ പങ്കജത്തിനു സമീപത്തായി അതിസുന്ദരിയായ ഒരു തരുണി. സ്വര്‍ണ്ണനിറം. നീണ്ട മുടി, ശംഖിനൊത്ത കഴുത്ത്, ഒതുങ്ങിയ വയര്‍, തൊണ്ടിപ്പഴച്ചുണ്ടുകള്‍, മൊട്ടിട്ടു വരുന്ന മാറിടം. അതിസുന്ദരിയായ ഒരു തരുണി കൂട്ടിനാരുമില്ലാതെ വ്യസനിച്ചു കണ്ണീര്‍ വാര്‍ക്കുന്നു.

ഇങ്ങിനെ ദുഖിച്ചിരിക്കുന്ന തരുണിയോട് ഏകവീരന്‍ ചോദിച്ചു: ‘നീയാരാണ്‌? ആരുടെ പുത്രിയാണ് നീ? ദേവകന്യകയാണോ അതോ ഗന്ധര്‍വ സ്ത്രീയോ? നിന്നെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്തിപ്പോയത് നിന്‍റെ പിതാവോ ഭര്‍ത്താവോ? എന്താണ് നിന്റെ ദുഖത്തിന് കാരണം? നിന്‍റെ ദുഃഖം തീര്‍ക്കാന്‍ എന്തുവേണമെങ്കിലും ഞാന്‍ ചെയ്യാം. ഞാന്‍ രാജാവായിരിക്കുമ്പോള്‍ ആര്‍ക്കും ദുഃഖം വരാന്‍ ഇടയാവരുത്. ദേവമാനുഷരാക്ഷസന്മാരാല്‍ മാത്രമല്ല  ദുഷ്ടമൃഗങ്ങളാല്‍പ്പോലും ആരും കഷ്ടപ്പെടരുത് എന്നാണ് എന്‍റെ തീരുമാനം. ഇവിടെയീ ഗംഗാനദിക്കരയില്‍ കൂട്ടിനൊരു തോഴി പോലുമില്ലാതെ നീയെന്താണ് നില്‍ക്കുന്നത്? നിനക്ക് എന്താണ് വേണ്ടത്? പറഞ്ഞാലും’

ഇതുകേട്ട് ആ സുന്ദരി പറഞ്ഞു: ‘മഹാരാജന്‍, ഒരു കാരണവുമില്ലാതെ എന്നെപ്പോലുള്ള ഒരുവള്‍ ഇങ്ങിനെ കരയുമോ? ഞാനെല്ലാം പറയാം. അങ്ങയുടെ ദേശാതിര്‍ത്തിക്കപ്പുറം രൈഭ്യന്‍ എന്ന പേരായി ധര്‍മ്മിഷ്ടനായ് ഒരു രാജാവുണ്ട്. അദ്ദേഹത്തിനും പത്നിയായ രുഗ്മരേഖയ്ക്കും പുത്രദുഖമാണ് വിധി നല്‍കിയത്. സുന്ദരിയും പതിവ്രതയുമായ രാജ്ഞി ‘ഈ ജീവിതം കൊണ്ട് എന്താണൊരു കാര്യം? വന്ധ്യയുടെ ജീവിതം വ്യര്‍ത്ഥം ‘ എന്നിങ്ങിനെ സദാ വിലപിച്ചുകൊണ്ടിരുന്നു.

ഭാര്യയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പുത്രാര്‍ത്ഥം ഒരു യാഗം നടത്താന്‍ രൈഭ്യ രാജന്‍ തീരുമാനിച്ചു. ഉത്തമബ്രാഹ്മണരെ വരുത്തി ദാനങ്ങള്‍ അനവധി ചെയ്ത് അദ്ദേഹം യാഗം നടത്തി. യാഗത്തിന്റെ അഗ്നിയില്‍ നെയ്യ് ഹോമിക്കവേ ആ ഹോമകുണ്ഡത്തില്‍ നിന്നും അതിസുന്ദരിയായ ഒരു യുവതി ആവീര്‍ഭവിച്ചു. തിങ്കള്‍ മുഖവും തങ്കവര്‍ണ്ണവും വാര്‍കുചങ്ങളും എല്ലാം തികഞ്ഞ് അഴകൊത്ത ഒരുവള്‍. ആ തന്വംഗിയെ മകളായി സ്വീകരിക്കാന്‍ ബ്രാഹ്മണര്‍ രാജാവിനോടാവശ്യപ്പെട്ടു. ‘ഒറ്റയിഴമാലപോലെ യാഗാഗ്നിയില്‍ നിന്നും പിറന്ന ഇവളെ നിനക്കായി ഭഗവാന്‍ വിഷ്ണു തന്നതാണ്. ഒരു പുത്രനെപ്പോലെ നിന്നെ പരിപാലിക്കുന്ന ഒരു പുത്രിയാവും ഇവള്‍. എകാവലി എന്നവള്‍ക്ക് പേരുമിടാം.’

പുത്രിയെ രുഗ്മരേഖയ്ക്ക് നല്‍കി രാജാവ് സന്തുഷ്ടനായി. രാജാവും രാജ്ഞിയും ഒരു പുത്രന് ചെയ്യുന്ന രീതിയില്‍ എല്ലാ ശുഭാകര്‍മ്മങ്ങളും അവള്‍ക്കായി ചെയ്തു. യാഗം കഴിഞ്ഞു സാമാനങ്ങളും വാങ്ങി ബ്രാഹ്മണര്‍ പിരിഞ്ഞു പോയി. തങ്ങള്‍ക്കൊരു പുത്രനുണ്ടായി എന്ന മട്ടില്‍ രാജാവ് ആഘോഷങ്ങള്‍ നടത്തി. ആ രാജാവിന്റെ മന്ത്രിയുടെ മകളാണ് ഞാന്‍. പേര് യശോവതി. എനിക്കും അവള്‍ക്കും ഒരേ പ്രായമാണ്. രാജാവ് എന്നെയാണ് അവളുടെ പ്രധാന തോഴിയായി നിയമിച്ചിട്ടുള്ളത്.

എകാവലിക്ക് താമരപ്പൂവെന്നു വച്ചാല്‍ ജീവനാണ്. അതെവിടെക്കണ്ടാലും അവിടെ അവള്‍ കളിക്കാനായി എത്തും. ദൂരെ ഗംഗാതീരത്ത്‌ താമരയുണ്ടെന്നുകെട്ടാല്‍ ഞാനും കുമാരിയും കൂടി അവിടെ ഓടിയെത്തും. ചിലപ്പോള്‍ കാട്ടിനകത്തുള്ള പോയ്കയിലും ഞങ്ങള്‍ പോവും. കുമാരിയിങ്ങിനെ വിജനമായ ഇടങ്ങളില്‍ താമര തേടിപ്പോകുന്ന കാര്യം ഞാന്‍ രാജാവിനെ അറിയിച്ചിരുന്നു. അതുകൊണ്ട് കൊട്ടാരത്തില്‍ത്തന്നെ താമരപ്പോയ്കകള്‍ ഉണ്ടാക്കാന്‍ അദ്ദേഹം ഏര്‍പ്പാടുകള്‍ ചെയ്തു. വണ്ടുകള്‍ പറന്നു വന്നിരിക്കുന്ന വിടര്‍ന്ന താമരപ്പൂക്കള്‍ വീട്ടിലെ പൊയ്കയില്‍ ഉണ്ടെങ്കിലും കുമാരി പുതിയ പൂക്കള്‍ തേടി നാടുനീളെ മാത്രമല്ല കാട്ടിലും പോകും. ഞങ്ങളുടെ പരിരക്ഷയ്ക്കായി രാജാവ് സായുധരായ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിരുന്നു. അങ്ങിനെ ഞങ്ങള്‍ ദിവസവും ഗംഗാ നദിയില്‍ സഖികളുമൊത്ത് വരാറുണ്ട്.’   

Friday, May 27, 2016

ദിവസം 147. ശ്രീമദ്‌ ദേവീഭാഗവതം. 6.20. ഹൈഹയോല്‍പ്പത്തി

ദിവസം 147. ശ്രീമദ്‌ ദേവീഭാഗവതം. 6.20. ഹൈഹയോല്‍പ്പത്തി

സംശയോയം മഹാനത്ര ജാതമാത്ര: ശിശുസ്തഥാ
മുക്ത: കേന ഗൃഹീതോസാവേകാകീ വിജനേ വനേ
കാ ഗതി സ്തസ്യ ബാലസ്യ ജാതാ സത്യവതീസുത
വ്യാഘ്രസിംഹാദിഭിര്‍ ഹിംസ്രൈര്‍ ഗൃഹീതോ നാതി ബാലക:

ജനമേജയന്‍ ചോദിച്ചു. ‘മഹാത്മന്‍, ആ കുഞ്ഞിനെ ആരാണ് സംരക്ഷിച്ചത്? കാട്ടിലെ ഹിംസ്ര ജന്തുക്കളായ പുലിയും സിംഹവുമൊന്നും ഈ ഇളം പൈതലിനെ ഉപദ്രവിച്ചില്ലേ?’

വ്യാസന്‍ പറഞ്ഞു: ‘ലക്ഷ്മീ നാരായണന്മാര്‍ വിമാനമാര്‍ഗ്ഗം അവിടം വിട്ടു പോയിക്കഴിഞ്ഞപ്പോള്‍ ചമ്പകന്‍ എന്ന് പേരുള്ള ഒരു വിദ്യാധരന്‍ വിമാനമാര്‍ഗ്ഗെ അതുവഴി വന്നു. അവന്‍റെ കൂടെ മദനാലസ എന്ന് പേരായ പത്നിയും ഉണ്ടായിരുന്നു. പെട്ടെന്ന് കോമളനായ ഒരു ശിശുവിനെ വനമദ്ധ്യത്തില്‍ കണ്ട് ചമ്പകന്‍ വിമാനത്തില്‍ നിന്നും ചാടിയിറങ്ങി അതിനെ വാരിയെടുത്തു. ദരിദ്രന് നിധി കിട്ടിയതുപോലെയായിരുന്നു അദ്ദേഹത്തിന്‍റെ സന്തോഷം. പുത്രഭാവേന അതിമനോഹരനായ ആ ശിശുവിനെ അദ്ദേഹം മദനാലസയുടെ കയ്യില്‍ക്കൊടുത്തു. അവളാ കുഞ്ഞിനെ പുണര്‍ന്നുമ്മവച്ചു. വിമാനത്തില്‍ തിരികെ കയറി അവള്‍ കുട്ടിയെ മടിയില്‍ ഇരുത്തി. എന്നിട്ട് കാന്തനോട് ചോദിച്ചു. ‘ഈ സുന്ദരക്കുട്ടന്‍ എങ്ങിനെയിവിടെ വന്നു? ആരുടെ പുത്രനാകുമിവന്‍? ഏതായാലും സാക്ഷാല്‍ ത്ര്യംബകന്‍ എനിക്ക് തന്ന സൌഭാഗ്യമാണിവന്‍.’

‘ഏതായാലും ദേവദാനവഗന്ധര്‍വ്വന്മാരില്‍ ആരായിരിക്കും ഇവനെന്നു ദേവേന്ദ്രനോടു ചോദിക്കാം. അദ്ദേഹത്തോട് അനുവാദം വാങ്ങി നമുക്ക് ഇവനെ പുത്രനായി വളര്‍ത്താം. ദേവേന്ദ്രനോടു ചോദിച്ച് അനുവാദം വാങ്ങിയിട്ടേ നമുക്കിതിന് അനുവാദമുള്ളു.’

കുഞ്ഞുമായി അവര്‍ വിമാനത്തില്‍ ഇന്ദ്രപുരിയില്‍ എത്തിച്ചേര്‍ന്നു. ബാലനെ ഇന്ദ്രന് കാഴ്ചവെച്ച്‌ കൈതോഴുത് ചമ്പകന്‍ പറഞ്ഞു: ‘കാളിന്ദീ താമസാ സംഗമതീരത്ത് ഞങ്ങള്‍ കണ്ടെടുത്ത സുന്ദരശിശുവാണിത്. ഇവന്‍ ആരുടെ മകനാണെന്ന് അറിയില്ല. അങ്ങനുവദിച്ചാല്‍ ഞങ്ങള്‍ സ്വന്തം പുത്രനായി ഇവനെ വളര്‍ത്തിക്കൊള്ളാം. എന്‍റെ പത്നിക്കാണെങ്കില്‍ ഇവനെ ജീവനാണ്. ശാസ്ത്രപ്രകാരവും ഇങ്ങിനെയൊരു പുത്രനെ സ്വീകരിക്കാം എന്നുണ്ടല്ലോ.’

ഇന്ദ്രന്‍ പറഞ്ഞു: ‘ഇവന്‍ ഭഗവാന്‍ വിഷ്ണു സ്വയം അശ്വരൂപത്തില്‍ ആയിരുന്നപ്പോള്‍ ലക്ഷ്മീദേവിയില്‍ ജനിച്ച ഹൈഹയന്‍ ആണ്. ഇവന്‍ വലുതായാല്‍ ശൂരവീരപരാക്രമിയാവും. പക്ഷെ യയാതിക്ക് കൊടുക്കാന്‍ വേണ്ടിയാണ് ശ്രീഹരി ഇവന് ജന്മം നല്‍കിയത്. ആ രാജാവ് പുത്രാര്‍ത്ഥം ആ പുണ്യതീര്‍ത്ഥത്തില്‍ താമസംവിനാ എത്തിച്ചേരും. അതുകൊണ്ട് യയാതി രാജാവ് അവിടെയെത്തുന്നതിനു മുന്നേ നീയീ കുഞ്ഞിനെയുമെടുത്ത് അവിടെയെത്തണം. അവനെയാ രാജാവ് വളര്‍ത്തട്ടെ. നിന്‍റെ ആഗ്രഹം ഉപേക്ഷിക്കുക. എകവീര്യന്‍ എന്ന പേരില്‍  ഇവന്‍ സുപ്രശസ്തനാവും.’

ചമ്പകന്‍ പെട്ടെന്ന് തന്നെ കുഞ്ഞിനെയെടുത്ത് പുണ്യതീര്‍ത്ഥത്തിലേയ്ക്ക് പോയി. നേരെത്തെ ശിശുവിനെ കണ്ടയിടത്തു തന്നെയാക്കി അദ്ദേഹം വിമാനത്തില്‍ സ്വധാമത്തിലേയ്ക്ക് മടങ്ങി. ആ സമയത്ത് ഭഗവാന്‍ വിഷ്ണു രമാസമേതനായി യയാതി രാജാവിന്‍റെയടുക്കല്‍ ചെന്നു. വിമാനമിറങ്ങി വരുന്ന ലക്ഷ്മീനാരായണന്‍മാരെക്കണ്ട് രാജാവ് ദണ്ഡനമസ്കാരം ചെയ്തു. ഭഗവാന്‍ തന്‍റെ ഭക്തനായ രാജാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. രാജാവ് ഭഗവാനെ സ്തുതിച്ചു. ‘സമസ്ത ലോകത്തിനും അധിപനായ ദേവദേവാ, കൃപാനിധേ, രമേശാ, യോഗിമാര്‍ക്ക് പോലും ദുര്‍ലഭമായ ഈ ദര്‍ശനം എനിക്കുണ്ടായിരിക്കുന്നത് മഹാത്ഭുതം തന്നെ. വിഷയവൈരാഗ്യം തീര്‍ന്ന, ലോകത്തോടുള്ള ഒട്ടല്‍ വിട്ടൊഴിഞ്ഞ, നിസ്പ്രഹന്മാര്‍ക്ക് മാത്രമല്ലേ ഈ ദര്‍ശനം ഉണ്ടാവൂ? ആശയാല്‍ ഉഴലുന്ന ഞാനെങ്ങിനെ ഈ അനുഗ്രഹത്തിന് യോഗ്യനാവും?

ഇങ്ങിനെ ഭഗവദ് സ്തുതി ചെയ്ത രാജാവിനോട് ‘നിനക്കെന്തു വരമാണ് വേണ്ടത്?’ എന്ന് ഭഗവാന്‍ ചോദിച്ചു. ‘നിന്‍റെ തപസ്സില്‍ ഞാന്‍ സംപ്രീതനാണ്’

‘എന്‍റെ തപസ്സ് ഒരു പുത്രനെ ലഭിക്കുന്നതിനാണ് ഭഗവാനേ. എന്‍റെ അഭീഷ്ടം നടത്തിത്തന്നാലും’ എന്ന് രാജാവഭ്യര്‍ത്ഥിച്ചു.

‘നീ കാളിന്ദീതമസാ സംഗമസ്ഥാനത്ത് ചെന്നാലും. അവിടെ ലക്ഷ്മീദേവി പ്രസവിച്ച എന്‍റെ കുഞ്ഞിനെ നിനക്ക് കാണാനാകും. അവനെ നിനക്ക് സ്വപുത്രനായി വളര്‍ത്താം.’

വരം ലഭിച്ച രാജാവ് സന്തുഷ്ടനായി. ഭഗവാനും രമയും സ്വധാമത്തിലേയ്ക്ക് മടങ്ങി. രാജാവ് തേരെടുത്ത് ഭഗവാന്‍ പറഞ്ഞ സംഗമതീര്‍ത്ഥക്കരയില്‍ എത്തി. അവിടെ കാലിന്റെ തള്ളവിരല്‍ വായിലിട്ടു രസിച്ചു കളിക്കുന്ന അതികോമളനായ ശിശുവിനെക്കണ്ടു. ഭഗവാന്റെ പുത്രനായ സുന്ദരശിശുവിന്‍റെ മുഖകമലം കണ്ടു രാജാവ് ഹര്‍ഷപുളകിതനായി. പെട്ടെന്ന്‍ അദ്ദേഹമാ കോമളബാലനെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. ‘സാക്ഷാല്‍ ഭഗവാന്‍ വിഷ്ണു നിന്നെ എനിക്കേകിയതാണ്. പുത്രനെന്ന നിലയില്‍ എന്‍റെ നരകഭീതി പോക്കാനായി നീ വന്നിരിക്കുന്നു. നിനക്ക് വേണ്ടിയാണ് ഞാന്‍ ഏറെക്കാലം തപം ചെയ്തത്. അങ്ങിനെയാണ് എനിക്ക് നിന്നെ ലഭിച്ചത്. നിന്‍റെ അമ്മയായ ലക്ഷ്മീദേവി നിന്നെ വിട്ടുപോയത് ഞങ്ങളുടെ മടിയില്‍ വെച്ചോമാനിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കാനായി മാത്രമാണ്. ഭവസാഗരത്തില്‍ നിന്നും ഈ അച്ഛനമ്മമാരെ കരകയറ്റാന്‍ വേണ്ടി ലക്ഷ്മീമണാളന്‍ നിന്നെ ഇങ്ങോട്ടയച്ചതാണ്.’ എന്നൊക്കെ സന്തോഷംപൂണ്ട് പറഞ്ഞുകൊണ്ട് രാജാവ് കുഞ്ഞിനെയുമെടുത്ത് കൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ടു.

നഗരത്തിലെത്തുന്നതിനു മുന്‍പേ പുത്രസമേതനായി രാജാവ് വരുന്നതറിഞ്ഞ മന്ത്രിമാരും രാജപ്രമുഖരും പുരോഹിതന്മാരോടു കൂടി അവരെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നു. അനേകം സമ്മാനങ്ങളും അവര്‍ കുഞ്ഞിനായി നല്‍കി. ഗായകവൃന്ദവും സ്തുതിപാഠകരും വാദ്യ ഘോഷക്കാരും മറ്റും രാജാവിന്‍റെ പുത്രലബ്ധി ആഘോഷമായി കൊണ്ടാടി. സ്ത്രീകള്‍ കുഞ്ഞിനു കണ്ണ് പറ്റാതിരിക്കാന്‍ ഉഴിഞ്ഞിട്ടു.

പൂക്കള്‍ വിരിച്ച വീഥിയിലൂടെ രാജാവ് മകനെയുമെടുത്ത്‌ കൊട്ടാരത്തിലെത്തി മകനെ രാജ്ഞിക്ക് നല്‍കി. ‘എങ്ങിനെയാണ് അങ്ങേയ്ക്ക് ഇവനെ കിട്ടിയത്? ഇവന്‍റെ പിറവി എവിടെയാണ്? ആരാണീ സുന്ദരശിശുവിനെ അങ്ങേയ്ക്ക് നല്‍കിയത്? താരമ്പനൊത്ത ഈ കുഞ്ഞ് എന്‍റെ മനസ്സ് കവര്‍ന്നിരിക്കുന്നു.’

പ്രിയേ, സാക്ഷാല്‍ ലക്ഷ്മീനാരായണ സംഭവനാണ് ഈ കുഞ്ഞ്. ഇവനെ എനിക്കായിത്തന്നിട്ട് രമാപതി അപ്രത്യക്ഷനായതാണ്. ഇനിയിവന്‍ നമ്മുടെ പുത്രനാണ്’ രാജ്ഞിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രാജാവ് കുഞ്ഞിന്‍റെ ആഗമനം അതിവിപുലമായ ആഘോഷമായി കൊണ്ടാടി. മകന് എകവീരന്‍ എന്ന പേര് നല്‍കി. വിപുലമായ ദാനധര്‍മ്മങ്ങള്‍ നടത്തി അദ്ദേഹം ജന്മോല്‍സവത്തെ അവിസ്മരണീയമാക്കി. ശ്രീഹരിയ്ക്കൊപ്പം തേജസ്സുള്ള എകവീരന്‍ രാജാവിനെ ജന്മഋണത്തില്‍ നിന്നും മോചിപ്പിച്ചു.

ഇന്ദ്രനെപ്പോലെ വീരനും തേജസ്സുറ്റവനുമായ രാജാവിന്‍റെ കൊട്ടാരത്തില്‍ ഏകവീരന്‍ സസുഖം വാണു.


Thursday, May 26, 2016

ദിവസം 146. ശ്രീമദ്‌ ദേവീഭാഗവതം. 6. 19 ലക്ഷ്മീ ശാപമോക്ഷം

ദിവസം 146. ശ്രീമദ്‌ ദേവീഭാഗവതം. 6. 19  ലക്ഷ്മീ ശാപമോക്ഷം

തസ്യൈ ദത്വാ വരം ശംഭു: കൈലാസം ത്വരിതോ യയൌ
രമ്യം ദേവഗണൈര്‍ ജുഷ്ട മപ്സരോഭിശ്ച മണ്ഡിതം
അത്ര ഗത്വാ ചിത്ര രൂപം ഗണം കാര്യ വിശാരദം
പ്രേഷയാമാസ വൈകുണ്ഠേ ലക്ഷ്മീ കാര്യാര്‍ത്ഥ സിദ്ധയേ

ലക്ഷ്മീദേവിക്ക് വരം നല്‍കി പരമശിവന്‍ കൈലാസത്തിലേയ്ക്ക് മടങ്ങിയെത്തി. ചിത്രരൂപന്‍ എന്ന് പേരായ ഗണമുഖ്യനെ വിഷ്ണുവിനുള്ള ദൂതുമായി ഭഗവാന്‍ പറഞ്ഞയച്ചു. നല്ല വാക്ചാതുര്യമുള്ള ദൂതനോട്, ലക്ഷ്മീദേവിയുടെ ഇംഗിതം സാധിപ്പിക്കണം എന്ന് ഭഗവാനെ ഓര്‍മ്മിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിഷ്ണുപാര്‍ഷദന്മാര്‍ വാഴുന്ന വൈകുണ്ഠം അതീവസുന്ദരമാണ്. അശോകം, പാരിജാതം, ഇലഞ്ഞി, ചമ്പകം മുതലായ വന്‍മരങ്ങളും പലവിധ പക്ഷിമൃഗാദികളും സ്വൈരമായി വാഴുന്ന ഒരിടമാണത്. കുയില്‍പ്പാട്ടിന്റെ സ്വരം അവിടമാകെ നിറഞ്ഞു നില്‍ക്കുന്നു. ഒട്ടേറെ തടാകങ്ങളും പൂന്തോട്ടങ്ങളും രമ്യഹര്‍മ്മ്യങ്ങളും നിറഞ്ഞ അവിടം നൃത്യഗീതാദി കലകളുടെ കേളീരംഗമായി നിലകൊള്ളുന്നു. വിഷ്ണുലോകത്തിന്‍റെ കാവല്‍ക്കാരായ ജയവിജയന്മാര്‍  ഗോപുരദ്വാരത്ത് കാവല്‍ ദണ്ഡുമായി നില്‍ക്കുന്നു. അവരെ നമിച്ച് ചിത്രരൂപന്‍ ആഗമനോദ്ദേശം അറിയിച്ചു.

‘സാക്ഷാല്‍ ശൂലപാണി ശങ്കരന്‍റെ ദൂതന്‍ വന്നിരിക്കുന്നു എന്ന് ഭഗവാനെ അറിയിച്ചാലും’ എന്നദ്ദേഹം ജയവിജയന്മാരോടു പറഞ്ഞു. ജയന്‍ ഭഗവാനോട് കാര്യം പറഞ്ഞു. 'പരമശിവന്റെ സന്ദേശവുമായി ഒരാളെത്തിയിട്ടുണ്ട്. ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാമോ' എന്ന ചോദ്യത്തിന് 'ആയിക്കോളൂ' എന്നായി ഭഗവാന്‍. അങ്ങിനെ രുദ്രദൂതനെ കൂട്ടിക്കൊണ്ടു വിഷ്ണുസവിധത്തില്‍ ജയന്‍ വീണ്ടുമെത്തി.

ചിതര്രൂപന്‍ ഭഗവാനെ സാഷ്ടാംഗം നമസ്കരിച്ചു. ‘പുണ്യാത്മനായ ഭഗവാന്‍ ശങ്കരനും കുടുംബത്തിനും ക്ഷേമമല്ലേ? നിന്നെ ദൂതയക്കാന്‍ എന്താണ് കാരണം? മടിക്കാതെ പറഞ്ഞാലും’ എന്ന് ഭഗവാന്‍ അരുളിച്ചെയ്തു.

ദൂതന്‍ പറഞ്ഞു: ഭഗവന്‍, അങ്ങേയ്ക്ക് ഞാന്‍ പറഞ്ഞറിയേണ്ടതായി ത്രിലോകങ്ങളിലും ഒന്നുമില്ല എന്ന് ഞാന്‍ അറിയുന്നു. എങ്കിലും ഭഗവാന്‍ ശങ്കരന്‍റെ ദൂതനെന്ന നിലയില്‍ എന്‍റെ കടമ ഞാന്‍ നിറവേറ്റുന്നു എന്ന് മാത്രം. അദ്ദേഹം പറഞ്ഞതിതാണ്: ‘അങ്ങയുടെ പ്രിയ പത്നി കാളിന്ദിയുടെയും തമസയുടെയും സംഗമസ്ഥാനത്തുള്ള തീര്‍ത്ഥക്കരയില്‍ തപസ്സില്‍ മുഴുകി കഴിയുകയാണ്. ഒരു കുതിരയുടെ ദേഹമെടുത്ത് യക്ഷകിന്നരഗന്ധര്‍വ്വാദികളാല്‍ പരിസേവ്യയായി കഴിയുന്ന ദേവി സകലര്‍ക്കും ആരാദ്ധ്യയാണ്. അവളെക്കൂടാതെ മനുഷ്യന് സുഖമുണ്ടാവുന്നതെങ്ങിനെ? അങ്ങ് അവളെ ഉപേക്ഷിച്ചതുകൊണ്ട് എന്താണ് നേട്ടം? എത്ര ദുര്‍ബ്ബലനാണെങ്കിലും പിച്ചതെണ്ടുന്നവന്‍ പോലും തന്റെ ഭാര്യയെ പോറ്റാന്‍ എന്ത് കഷ്ടപ്പാടും സഹിക്കും. പിന്നെ അങ്ങീ ജഗദീശ്വരിയെ ഉപേക്ഷിക്കാനെന്തേ? ധര്‍മ്മപത്നിക്ക് ദുഃഖം നല്‍കുന്ന കാന്തന്റെ ജീവിതം വ്യര്‍ത്ഥം. ആ ദുഃഖം കണ്ടു ചിരിക്കാന്‍ ആളുണ്ടാവും. 

സുന്ദരിയായ ആ സുഭഗയെ അങ്ങ് മടിയില്‍ വെച്ചു പരിലാളിക്കുകയല്ലേ ഉചിതം? ആ സുഹാസിനിയെ കൂട്ടിക്കൊണ്ടുവന്നു അങ്ങ് തുടര്‍ന്നും ദാമ്പത്യസുഖം അനുഭവിച്ചാലും. എനിക്കും വിരഹദുഖം എന്തെന്ന് നന്നായറിയാം. അപ്പോക്കാലത്ത് ഞാന്‍ ആഗ്രഹിച്ചത് ഇത്തരം വിരഹത്തീ മറ്റാര്‍ക്കും അനുഭവിക്കാന്‍ ഇടയാകരുതേ എന്നാണ്. ദക്ഷയാഗത്തിന്റെ അവസരത്തില്‍ എന്റെ പ്രിയതമ ദേഹമുപേക്ഷിച്ച്പോയിരുന്നു. ആ വിരഹസമയത്ത് തീവ്രമായ തപസ്സുചെയ്ത് ഞാനവളെ ഹിമവല്‍പുത്രിയായി തിരികെ നേടി. അങ്ങിപ്പോള്‍ ഭാര്യയെ പിരിഞ്ഞിട്ട് ആയിരം കൊല്ലമായിരിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് സുഖമെന്തുണ്ടായി? അവളെ സമാശ്വസിപ്പിച്ചു കൂട്ടിക്കൊണ്ടു വരിക. രമയെപ്പിരിഞ്ഞ ആരുമീ ഭുവനത്തില്‍ ഉണ്ടാകരുത്. കുതിരയുടെ രൂപത്തില്‍ത്തന്നെ അങ്ങ് ആ ദേവിയില്‍ ഒരു പുത്രനെ ജനിപ്പിക്കണം. എന്നിട്ടവളെ സ്വധാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നാലും.’ ഇതാണ് മഹേശ്വരന്‍റെ ദൂത്.

രുദ്രഭഗവാന്റെ ദൂത് അറിയിച്ച ചിത്രരൂപനെ വിഷ്ണു ഭഗവാന്‍ സന്തോഷത്തോടെ യാത്രയാക്കി. ഉടനെതന്നെ ഭഗവാന്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു കുതിരയുടെ രൂപമെടുത്തു. സ്വന്തം കാന്തയായ അശ്വത്തെയോര്‍ത്ത് കാമാവേശത്തോടെ ദേവി തപം ചെയ്യുന്ന തീര്‍ത്ഥക്കരയില്‍ പാഞ്ഞെത്തി. സന്തോഷക്കണ്ണീര്‍ വര്‍ത്ത് ദേവി ഭഗവാനെ തിരിച്ചറിഞ്ഞു. കാളിന്ദിയും തമസയും സംഗമിക്കുന്ന ആ പുണ്യഭൂമിയില്‍ ദേവിയും ഭഗവാനും അശ്വരൂപത്തില്‍ സംയോഗബദ്ധരായി. അങ്ങിനെ ദേവി സുന്ദരനായ ഒരാണ്‍കുട്ടിയെ (കുതിരക്കുട്ടി) പ്രസവിച്ചു.

ശാപമവസാനിച്ച് വൈകുണ്ഠമണയാന്‍ സമയമായി എന്നറിഞ്ഞ ഭഗവാന്‍ ദേവിയോട് പൂര്‍വ്വരൂപം ആര്‍ജ്ജിക്കാന്‍ അനുജ്ഞ നല്‍കി. ‘നീ പ്രസവിച്ച അശ്വശിശു ഇവിടെത്തന്നെ കിടക്കട്ടെ’ എന്ന് പറഞ്ഞു ഭഗവാന്‍ അവിടെനിന്നും പുറപ്പെടാന്‍ തുടങ്ങി.

‘ഞാന്‍ പ്രസവിച്ച കുഞ്ഞിനെ എങ്ങിനെയിവിടെ ഉപേക്ഷിക്കും ഞാന്‍? പുത്രവാത്സല്യം എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. അമ്മയുടെ പരിചരണമില്ലാതെ ഈ പൊടിക്കുഞ്ഞ് എങ്ങിനെ വളരും? മനസ്സലിവുള്ള ആരും ഇങ്ങിനെയൊരു കുഞ്ഞിനെ ഉപേക്ഷിച്ചു പോവില്ല. പിന്നെ അമ്മയായ എനിക്കെങ്ങിനെ കഴിയും?

ഭഗവാനും രമയും അപ്പോഴേയ്ക്കും ദിവ്യരൂപമായ ലക്ഷമീനാരായണഭാവത്തിലായി. പുറപ്പെടാന്‍ തയ്യാറായി ദിവ്യവിമാനം സമാഗതമായി. ‘ഈ പുത്രനും നമ്മുടെ കൂടെ വരട്ടെ. എനിക്കിവനെ പിരിയാന്‍ വയ്യ’ എന്ന് ദേവി വീണ്ടും പറഞ്ഞു.

‘നിനക്ക് വിഷാദം വേണ്ട. അവനു വേണ്ട രക്ഷ ഞാന്‍ ചെയ്തു വച്ചിട്ടുണ്ട്. ഇവിടെയാണ് അവനു സുഖമായി വാഴാന്‍ കഴിയുക. കിഞ്ഞിനെ ഇവിടെ വിട്ടു പോകുന്നതിനു പിറകില്‍ അത്ഭുതാവഹമായ ഒരു കഥയുണ്ട്. ഭൂമിയില്‍ യയാതിക്ക് തുര്‍വസു എന്ന് പേരായി ഒരു പുത്രനുണ്ട്. ഹരിവര്‍മ്മന്‍ എന്നൊരു പേരും അവനുണ്ട്. പുത്രകാമനായി ഈ തീര്‍ത്ഥത്തില്‍ അദ്ദേഹം നൂറുകൊല്ലമായി തപസ്സുചെയ്യുന്നുണ്ട്. നമ്മുടെ കുമാരനെ ഞാന്‍ സൃഷ്ടിച്ചത് അവനു വേണ്ടിയാണ്. ഒരു പുത്രനു വേണ്ടി  ദാഹിക്കുന്ന അദ്ദേഹത്തിന് ഈ കുട്ടിയെ നല്‍കാം. അദ്ദേഹം തന്റെ വീട്ടില്‍ കൊണ്ടുപോയി അവനെ വളര്‍ത്തിക്കൊള്ളും.’

രമയ്ക്ക് സമാധാനവും പുത്രന് രക്ഷയും ഉറപ്പാക്കി ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്ക് മടങ്ങി. ലക്ഷ്മീനാരായണന്‍മാരുടെ വ്യോമയാനം ആഗതമായതു കണ്ടു ദേവകള്‍ സന്തോഷഭരിതരായി.

Wednesday, May 25, 2016

ദിവസം 145. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഹൈഹയ കഥ

ദിവസം 145. ശ്രീമദ്‌ ദേവീഭാഗവതം. 6. 8. ഹൈഹയ കഥ

ഇതി ശപ്താ ഭഗവതാ സിന്ധുജാ കോപയോഗത:
കഥം സാ ബഡവാ ജാതാ രേവന്തേന ച കിം കൃതം
കസ്മിന്‍ ദേശേfബ്ധിജാ ദേവീ ബഡവാ രൂപധാരിണീ
സംസ്ഥിതൈകാകിനീ ബാലാ പരോഷിത്പതികാ യഥാ

ജനമേജയന്‍ ചോദിച്ചു: ഭഗവാന്‍ ഹരിയുടെ ശാപമേറ്റ് ദേവിയൊരു പെണ്‍കുതിരയായതെങ്ങിനെ? രേവന്തന് പിന്നീട് എന്ത് സംഭവിച്ചു? പാലാഴിയില്‍ നിന്നും ഉണ്ടായ ദേവി അശ്വമായി എവിടെയാണ് ജനിച്ചു ജീവിച്ചത്? ദേവി എത്രകാലം ഭഗവാന്‍ ഹരിയെപ്പിരിഞ്ഞ് കഴിഞ്ഞു? ഭഗവാനുമായി എപ്പോഴാണ് ലക്ഷ്മീദേവിക്ക് പുന:സമാഗമം ഉണ്ടായത്? ഭഗവാന്‍ കൂടെയില്ലാതെ എങ്ങിനെയാണ് ദേവിക്ക് ഒരു പുത്രനുണ്ടായത്? ഇക്കഥയുടെ ബാക്കി കേള്‍ക്കാന്‍ ഞങ്ങള്‍ അത്യുല്‍സുകരാണ്.

വ്യാസന്‍ പറഞ്ഞു: കര്‍ണ്ണപീയുഷം തന്നെയാണ് ഭാഗവാന്റെയും ദേവിയുടെയും കഥകള്‍. ദേവിയെ ഭഗവാന്‍ ഹരി ശപിച്ചത്‌ കണ്ടു ഭയന്ന രേവന്തന്‍ പെട്ടെന്ന് തന്നെ ഭഗവാനെ വണങ്ങി അവിടം വിട്ടു പോയി. വൈകുണ്ഠത്തില്‍ നടന്ന സംഭവങ്ങള്‍ രേവന്തന്‍ അച്ഛനായ ആദിത്യന് പറഞ്ഞു കൊടുത്തു

മനുഷ്യലോകത്തെത്തിയ ദേവി അശ്വമായിത്തീര്‍ന്നത് സൂര്യപത്നി തപസ്സനുഷ്ടിച്ചിരുന്ന ഇടത്താണ്. സുപര്‍ണ്ണാക്ഷത്തിനു വടക്ക് കാളിന്ദിയും തമസയും ചേരുന്ന ചാരുവായ ഒരു വനഭൂമിയായിരുന്നു അത്. പെണ്‍കുതിരയായ ദേവി പരമശിവനെ പ്രീതിപ്പെടുത്താനായി അവിടെ ഘോരമായ ഒരു തപസ്സാരംഭിച്ചു. പത്തു കയ്യും അഞ്ചു മുഖവും പാതി പാര്‍വ്വതീ മെയ്യും കര്‍പ്പൂര നിറവും മൂന്നു കണ്ണും നീലകണ്‍ഠവും പുലിത്തോല്‍ പുടവയും പാമ്പ് മാലയും ഉള്ള പരമശിവനെ സദാ ധ്യാനിച്ചുകൊണ്ട് അവള്‍ രണ്ടായിരം കൊല്ലം കഠിനമായ തപസ്സു ചെയ്ത് പരമ വൈരാഗ്യസിദ്ധിയുണ്ടാക്കി. താമസംവിനാ പാര്‍വ്വതീസമേതനായി മഹാദേവന്‍ കാളപ്പുറത്ത് കയറിയെത്തി അവള്‍ക്ക് ദര്‍ശനം നല്‍കി.

‘ഭവതി എന്തിനായാണ് തപം ചെയ്യുന്നത്? സര്‍വ്വാര്‍ത്ഥങ്ങളെയും നടത്തുന്ന നിന്‍റെ നാഥന്‍ ഉള്ളപ്പോള്‍ നീയെന്തിനായാണ്‌ ആഗ്രഹിക്കുന്നത്? ഭക്തിമുക്തികളേകാന്‍ സാക്ഷാല്‍ ശ്രീഹരിയുള്ളപ്പോള്‍ എന്തിനാണെന്നെ ശരണം പണിയുന്നത്? നാരികള്‍ക്ക് കണവനാണ് ദൈവം എന്ന് പറയപ്പെടുന്നു. പിന്നെ അന്യനായ എന്നെ ധ്യാനിച്ചതെന്തിന്? ആരെ ഭര്‍ത്താവായി കിട്ടിയാലും സ്ത്രീകള്‍ക്ക് ഭര്‍തൃശുശ്രൂഷതന്നെയാണ് മുഖ്യധര്‍മ്മം. ശുഭമാഗ്രഹിക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഹിതമറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. ഭഗവാന്‍ നാരായണന്‍ സകലര്‍ക്കും സംപൂജ്യനാണ്. എന്നിട്ടുമെന്തേ നീയെന്നെ ഭജിക്കാന്‍?’

അപ്പോള്‍ ദേവി പറഞ്ഞു: മഹേശാ, ആശുതോഷാ, എന്നെ എന്‍റെ നാഥന്‍ ശപിച്ചു. അതില്‍ നിന്നും മോചനം നേടാനാണ് ഞാന്‍ തപം ചെയ്യുന്നത്. ശാപമോചനമാര്‍ഗ്ഗവും അദ്ദേഹം പറഞ്ഞു തന്നു. എപ്പോഴാണോ എനിക്കൊരു പുത്രനുണ്ടാവുന്നത് അന്നെനിക്ക് മോചനമാവും. അപ്പോള്‍ എനിക്ക് വൈകുണ്ഠത്തിലേയ്ക്ക് മടങ്ങാന്‍ കഴിയും. സകലകാമങ്ങളെയും സാധിപ്പിക്കാന്‍ കഴിവുള്ള അങ്ങയെ ഞാന്‍ ആശ്രയിച്ചു വന്നിരിക്കുന്നു. മഹേശാ, പതിയുമായി സംഗം കൂടാതെ പുത്രനുണ്ടാവാന്‍ എന്താണ് മാര്‍ഗ്ഗം? യാതൊരു തെറ്റും ചെയ്യാത്ത ഭാര്യയെ ശപിച്ചു പറഞ്ഞയച്ചിട്ട് അദ്ദേഹം വൈകുണ്ഠത്തില്‍ സുഖിച്ചു കഴിയുന്നു. അങ്ങെന്നെ അനുഗ്രഹിച്ചാലും. ഹരിയും ഹരനും രണ്ടല്ല എന്നെനിക്ക് നന്നായറിയാം. അതെനിക്ക് മനസ്സിലാക്കിത്തന്നത് എന്‍റെ നാഥന്‍ തന്നെയാണ്. ശിവന്‍ തന്നെ വിഷ്ണു; വിഷ്ണു തന്നെ ശിവന്‍. നിങ്ങളെ രണ്ടാളെയും ഏകഭാവത്തിലാണ് ഞാന്‍ കാണുന്നത്. അതാണ്‌ അങ്ങയെ ഞാന്‍ ആശ്രയിക്കാന്‍ കാരണം അതുകൊണ്ടെനിക്ക് ദോഷമൊന്നുമില്ല.’

പരമശിവന്‍ ചോദിച്ചു: ‘ദേവീ എങ്ങിനെയാണ് നീ ഞങ്ങള്‍ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കിയത്? ഹരിഹരന്മാര്‍ ഒന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അജ്ഞാനികള്‍ ഇപ്പോഴും തമ്മില്‍ തര്‍ക്കിച്ചു കഴിയുന്നു. വേദജ്ഞന്മാരും ജ്ഞാനികളുമെല്ലാം രണ്ടു കൂട്ടത്തിലുമുണ്ട്. ഹരിയെ നിന്ദിക്കുന്നവരായി ശൈവഭക്തന്മാരും എന്നെ നിന്ദിക്കുന്ന വിഷ്ണുഭക്തരുമുണ്ട്. കലികാലത്തില്‍ ഇത്തരം വിചിത്രമായ കലഹങ്ങള്‍ സഹജമാണ്. ഞങ്ങളുടെ എകഭാവത്തെ അറിഞ്ഞവര്‍ വിരളമത്രേ.’

പരമശിവന്റെ വാക്കുകള്‍ ദേവിയെ സംപ്രീതയാക്കി. ദേവി തനിക്ക് ഹരിഹരരഹസ്യം അറിഞ്ഞതെങ്ങിനെയെന്ന് പറഞ്ഞു: ഒരു ദിവസം ഭഗവാന്‍ ഹരി ഒരു വിജനപ്രദേശത്ത്  പത്മാസനസ്ഥനായി ധ്യാനത്തില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. ഭഗവാന്‍ ധ്യാനശേഷം കണ്ണുതുറന്നു തുഷ്ടനായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘ഭഗവന്‍, ദേവന്മാരും ദൈത്യന്മാരും ചേര്‍ന്ന് പാല്‍ക്കടല്‍ കടഞ്ഞപ്പോഴാണല്ലോ ഞാന്‍ അവതരിച്ചത്? അന്ന് എനിക്ക് പറ്റിയ ഒരു വരനെ ഞാന്‍ നോക്കിയപ്പോള്‍ ഏറ്റവും ശ്രേഷ്ഠതയുള്ള പുരുഷനായി കണ്ടത് അങ്ങയെ ആണ്. അങ്ങിനെയുള്ള അങ്ങ് ആരെയാണ് ധ്യാനിക്കുന്നതെന്നാണ് എന്റെ സംശയം! പറയൂ അങ്ങേയ്ക്ക് പോലും ധ്യാനിക്കാന്‍ യോഗ്യനായി ആരാണുള്ളത്?’

മഹാവിഷ്ണു പറഞ്ഞു: ‘പ്രിയേ, ഞാന്‍ ആശുതോഷനായ ഗിരിജാവല്ലഭനെയാണ് ധ്യാനിക്കുന്നത്. അദ്ദേഹം എന്നെയും ധ്യാനിക്കുന്നുണ്ട്. ത്രിപുരവൈരിയായ ശംഭുവിനെ ഞാന്‍ സദാ ധ്യാനിക്കുന്നതുപോലെ അദ്ദേഹവും എന്നെ സദാ സ്മരിക്കുന്നു. എനിക്ക് പരമശിവന്‍ എത്ര പ്രിയനാണോ അതുപോലെയാണ് തിരിച്ചും. ഞങ്ങളില്‍ യാതൊരു ഭേദവുമില്ലതന്നെ. എന്‍റെ ഭക്തന്മാരില്‍ ആരാണോ ശങ്കരനെ നിന്ദിക്കുന്നത്, അവനു നരകമാണ് വിധി.’ ഇതാണ് എന്‍റെ നാഥന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്‌.

മഹേശ്വരാ, ഈ അറിവുള്ളില്‍ വച്ചാണ് ഞാന്‍ അങ്ങയെ ധ്യാനിച്ചത്. പ്രിയനുമായുള്ള സമാഗമം എത്രയും വേഗം സാധിക്കാന്‍ അങ്ങെന്നെ അനുഗ്രഹിച്ചാലും.’

ലക്ഷീദേവിയുടെ അപേക്ഷകേട്ട്  ശങ്കരന്‍ ദേവിയെ സമാധാനിപ്പിച്ചു. ‘ദേവി സ്വസ്ഥയായിരുന്നാലും. ഞാന്‍ നിന്നില്‍ സംപ്രീതനാണ്. നിന്‍റെ നാഥനുമായുള്ള സമാഗമം അടുത്തിരിക്കുന്നു. എന്‍റെ പ്രേരണയാല്‍ ശ്രീഹരിയിപ്പോള്‍ അശ്വരൂപത്തില്‍ എത്തി നിന്‍റെ അഭീഷ്ടം നിറവേറ്റും. മധുസൂദനന്‍ കാമാര്‍ത്തിയുള്ള കുതിരയായി വന്നു നിന്നെ ആനന്ദിപ്പിക്കും. അങ്ങിനെ വിഷ്ണുസമനായൊരു പുത്രന്‍ നിങ്ങള്‍ക്കുണ്ടാവട്ടെ. അവന്‍ എല്ലാവരാലും വാഴ്ത്തപ്പെടുന്ന ഒരു രാജാവായി ഏറെക്കാലം വാഴുന്നതാണ്. പുത്രലാഭം ഉണ്ടായിക്കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് വിഷ്ണുവിനോടു ചേര്‍ന്ന് വാഴാം. നിന്‍റെ പുത്രന്‍ എകവീരന്‍ എന്നപേരില്‍ ഹൈഹയ വംശം പോഷിപ്പിച്ചു വിഖ്യാതനായിത്തീരും. നിന്‍റെ മനോമണ്ഡലത്തില്‍ വിരാജിക്കുന്ന പരമേശ്വരിയെ വിസ്മരിക്കയാലാണ് നിനക്കീ അവസ്ഥ വന്നത്. അതുകൊണ്ട് ഹേ ലക്ഷ്മീദേവീ, നീ സദാ സര്‍വ്വാത്മനാ ആ ജഗദംബയെ ശരണം പണിഞ്ഞാലും. ഹൃദയനിവാസിയായ പരാശക്തിയിലൂടെ മാത്രമേ നിന്‍റെ മനസ്സിന്  ആ ഹയോത്തമനിലേയ്ക്ക്  എത്തിച്ചേരാന്‍ കഴിയൂ.’

വ്യാസന്‍ തുടര്‍ന്നു: പരമേശ്വരന്റെ വരം ലഭിച്ച രമ ഭഗവതിയെ ധ്യാനിച്ചുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. അനേകം ദേവാസുരന്മാരുടെ കിരീടങ്ങളിലെ രത്നങ്ങള്‍ ഭഗവതിയുടെ നഖാവലികളില്‍ പ്രതിഫലിക്കുന്നു. പ്രേമപൂര്‍വ്വം ഗദ്ഗദയായി ലക്ഷ്മീദേവി പരമേശ്വരിയെ സ്തുതിച്ചു. തന്‍റെ നാഥന്‍ ഒരു കുതിരയായി വന്നണയുന്നതും കാത്ത് എകാഗ്രചിത്തയായി അശ്വത്തിന്‍റെ രൂപത്തില്‍ ആ പൂങ്കാവനത്തില്‍ വാണു.

Tuesday, May 17, 2016

ദിവസം 144. ശ്രീമദ്‌ ദേവീഭാഗവതം. 6. 17. ഭൃഗുവംശത്തിന്‍റെ നിലനില്‍പ്പ്‌

ദിവസം 144. ശ്രീമദ്‌ ദേവീഭാഗവതം. 6. 17. ഭൃഗുവംശത്തിന്‍റെ നിലനില്‍പ്പ്‌

കഥം താശ്ച സ്ത്രിയ: സര്‍വാഭ്യഗുണാം ദുഃഖ സാഗരാത്
മുക്താ വംശ പുനസ്തേഷാം  ബ്രാഹ്മണാനാം സ്ഥിരോfഭവത്
ഹൈഹയൈ: കിം കൃതം കാര്യം ഹത്വാ താന്‍ ബ്രാഹ്മണാനപി
ക്ഷത്രിയൈര്‍ ലോഭസംയുക്തൈ: പാപചാരൈര്‍ വദസ്വ തത്

ജനമേജയന്‍ ചോദിച്ചു. മഹാമുനേ, ഭൃഗുപത്നിമാര്‍ എങ്ങിനെയാണ് ആ ദുഃഖസന്ധിയെ അതിജീവിച്ചത്? എങ്ങിനെയാണ് ആ കുലം പിന്നെ നിലനിന്നത്? ഹേഹയന്മാര്‍ പിന്നെ എന്തൊക്കെ ചെയ്തു? അങ്ങയുടെ കഥകളെല്ലാം എത്ര കേട്ടാലും മതിവരാത്ത പുണ്യ ചരിതങ്ങള്‍ തന്നെയാണ്.

വ്യാസന്‍ തുടര്‍ന്നു: ഭൃഗു പത്നിമാര്‍ എങ്ങിനെയാണ് ആ കഷ്ടപ്പാടില്‍ നിന്നും ഉയിര്‍ത്തെണീറ്റതെന്നു ഞാന്‍ പറയാം. ഹേഹയന്മാരുടെ ദുഷ്ടതയില്‍ നിന്നും രക്ഷ തേടി ആ സ്ത്രീകള്‍ ഹിമാലയ പര്‍വ്വതത്തില്‍ ചെന്നു. അവര്‍ ഗംഗാതീരത്ത്‌ ഗൌരീദേവിയുടെ മൃണ്‍മയ വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ടിച്ചു. മനം മടുത്ത് ദേവീ ഉപാസനചെയ്ത് ഒടുവില്‍ ദേഹമുപേക്ഷിക്കാം എന്നവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സ്വപ്നത്തില്‍ അവര്‍ക്ക് ദേവി പ്രത്യക്ഷയായിട്ട് അവരില്‍ ഒരാള്‍ക്ക് ഊരുജനായി ഒരു പുത്രന്‍ ജനിക്കും എന്ന് അറിയിച്ചു. ‘എന്‍റെ അംശം തന്നെയായ അവന്‍ നിങ്ങള്‍ക്ക് ശുഭമണയ്ക്കും’ എന്ന് ദേവി അവരെ അനുഗ്രഹിച്ചു.

വിപ്രപത്നിമാര്‍ സന്തുഷ്ടരായി. അക്കൂട്ടത്തില്‍ സുന്ദരിയായ ഒരു മിടുക്കി ഭയപ്പാടോടെ കഴിഞ്ഞിരുന്നു. അവള്‍ക്ക് പെട്ടെന്ന് തന്‍റെയൊരു തുടയില്‍ ഗര്‍ഭലക്ഷണം കണ്ടുതുടങ്ങി. അങ്ങിനെ കുലരക്ഷയ്ക്കായുള്ള ഗര്‍ഭം വഹിക്കാന്‍ അവള്‍ക്കായിരുന്നു യോഗം. എന്നാല്‍ ആ വിവരമറിഞ്ഞ ക്ഷത്രിയര്‍ ‘പിടിച്ചു കേട്ടവളെ’ എന്നാക്രോശിച്ച് അവളെ പിടിക്കാന്‍ പാഞ്ഞെത്തി. കയ്യില്‍ വാളും പിടിച്ച് നില്‍ക്കുന്ന ശത്രുക്കളെക്കണ്ട് അവളാകെ ഭയചകിതയായി. സിംഹത്തിനു മുന്നില്‍പ്പെട്ട ഗര്‍ഭിണിയായൊരു മാനെന്നപോലെ അവള്‍ വിറച്ചു കണ്ണീരൊഴുക്കി നിന്നു. 

പെട്ടെന്ന് ഗര്‍ഭത്തിലുള്ള ശിശു സൂര്യതേജസ്സോടെ തുട പൊളിച്ചു പുറത്തു വന്നു. ക്ഷത്രിയരുടെ കാഴ്ച ആ ശിശുവിന്‍റെ തേജസ്സിനാല്‍ മങ്ങിപ്പോയി. അവര്‍ക്ക് കണ്ണ് കാണാതായി. ആ കാട്ടില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ അവര്‍ അന്ധരായി അലഞ്ഞു നടന്നു. ‘ഈ മഹതിയുടെ പാതിവ്രത്യമാവും ഈ ശിശുവിന്‍റെ തേജസ്സിന് കാരണം’ എന്നവര്‍ക്ക് തോന്നി. ‘ഇനി നാം വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുകയില്ല’ എന്നവര്‍ പരസ്പരം പറഞ്ഞു.

ഹേഹയര്‍ ആ വിപ്രനാരിയെത്തന്നെ ശരണം പ്രാപിച്ചു. ഭയന്ന് വിറച്ചു നിന്ന ആ മഹതിയെ നമസ്കരിച്ചുകൊണ്ട് തങ്ങളുടെ കാഴ്ച തിരികെകിട്ടാന്‍ പ്രാര്‍ത്ഥിച്ചു. ‘ദേവീ, ഞങ്ങള്‍ നിന്‍റെ ദാസന്മാരാണ്. ഞങ്ങളില്‍ പ്രസാദിച്ചാലും. പാപബുദ്ധി കൊണ്ട് തെറ്റുകള്‍ അനവധി ഞങ്ങള്‍ ചെയ്തു കൂട്ടി. രംഭോരുവായ നിന്‍റെ പുത്രന്‍റെ തേജസ് ഞങ്ങളെ അന്ധരാക്കി. ഇപ്പോള്‍ ഞങ്ങള്‍ ജന്മാന്ധരെപ്പോലെയായിരിക്കുന്നു. നിന്‍റെ തപോബലം അത്യദ്ഭുതകരമായിരിക്കുന്നു. നിന്നെ ശരണം പണിഞ്ഞിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുത്. ഞങ്ങള്‍ക്ക് കാഴ്ച തിരിച്ചു കിട്ടാന്‍ വേണ്ടത് ചെയ്യണം. ഞങ്ങള്‍ അവിടുത്തെ ദാസന്മാരാകാം. അന്ധത്വം മരണത്തേക്കാള്‍ കഷ്ടമാണല്ലോ. ഇനി ഞങ്ങള്‍ ഇത്തരം ദുഷ്ടപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയില്ല. പണ്ടത്തെപ്പോലെ തന്നെ ഭാര്‍ഗ്ഗവന്മാരുടെ സേവകന്മാര്‍ തന്നെയാണ് ഞങ്ങളിപ്പോഴും എന്നറിഞ്ഞാലും. ഞങ്ങളുടെ ബുദ്ധിയില്ലായ്മ പൊറുത്ത് ഞങ്ങളില്‍ കനിവുണ്ടാവണം. ഞങ്ങള്‍ക്കിനി ഭാര്‍ഗ്ഗവന്മാരോടു വൈരമില്ല. അവിടുന്നു പുത്രനുമായി സസുഖം വാണാലും.’

അപ്പോള്‍ അദ്ഭുതത്തോടെ അവള്‍ പറഞ്ഞു: ‘രാജാക്കന്മാരേ, നിങ്ങളുടെ കാഴ്ച നശിപ്പിച്ചത് ഞാനല്ല. എനിക്ക് നിങ്ങളോട് കോപവുമില്ല. ഊരു സംഭവനായ എന്‍റെ മകന്‍ ഭാര്‍ഗ്ഗവന്‍ നിങ്ങളുടെ ദുഷ്ടപ്രവൃത്തികള്‍ അറിഞ്ഞു നിങ്ങളെ ശിക്ഷിച്ചതാണ് എന്ന് തോന്നുന്നു. വിത്തത്തില്‍ ആര്‍ത്തിപൂണ്ടു ബ്രാഹ്മണ ശേഷ്ഠരെയും ഗര്‍ഭിണികളെയും നിങ്ങള്‍ കൊന്നൊടുക്കിയ കാര്യം അവനറിഞ്ഞിരിക്കുന്നു. 

ഞാനിവനെ ഒരു നൂറുവര്‍ഷം എന്‍റെ തുടയില്‍ ചുമന്നുകൊണ്ടു നടന്നു. ഭൃഗുകുലത്തിനു ശുഭമണയ്ക്കാന്‍ ഗര്‍ഭകാലത്ത് തന്നെ ഈ ബാലന്‍ വേദങ്ങളെല്ലാം നിഷ്പ്രയാസം പഠിച്ചു. എന്നാലിപ്പോള്‍ പിതാവിനെ കൊന്നതിനു പകരം ചോദിക്കാന്‍ വെമ്പി നില്‍ക്കുകയാണ് അവന്‍. ഭഗവതീപ്രസാദത്താല്‍ ജനിച്ചതുകൊണ്ടാണ് അവനില്‍ ഇത്ര തേജസ്സുണ്ടായത്. എന്നോട് അഭയം അഭ്യര്‍ത്ഥിച്ചിട്ടു കാര്യമില്ല. അവനോടു നേരിട്ട് ചോദിച്ചാലും. അവന്‍ തുഷ്ടനായാല്‍ നിങ്ങളുടെ കാഴ്ച തിരികെ ലഭിക്കും.’

വ്യാസന്‍ തുടര്‍ന്നു: ഊരുജാതനായ മുനികുമാരനെ ഹേഹയന്മാര്‍ സ്തുതിച്ചു വാഴ്ത്തിയപ്പോള്‍ സംപ്രീതനായ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ സ്വഗൃഹങ്ങളിലേയ്ക്ക് മടങ്ങിയാലും. സംഭവിക്കാനുള്ള കാര്യങ്ങള്‍ യഥാകാലം സംഭവിക്കുകതന്നെ ചെയ്യും. വിധികല്‍പ്പിതമായ കാര്യങ്ങളില്‍ ദുഃഖമരുത്. നിങ്ങളുടെ കാഴ്ച തിരിച്ചു കിട്ടട്ടെ. നിങ്ങള്‍ സസുഖം സ്വഭവനങ്ങളില്‍ കഴിഞ്ഞാലും’ എന്നനുഗ്രഹിച്ചു കുമാരന്‍ അവരെ യാത്രയാക്കി. ബ്രാഹ്മണസ്ത്രീ ആ പുത്രനെ ഉത്തമനായി വളര്‍ത്തി.

ജനമേജയന്‍ പറഞ്ഞു: ലോഭം തന്നെയാണ് രണ്ടു കൂട്ടരുടെയും പതനത്തിനു വഴി തെളിച്ചത്. എന്നില്‍ ഇനിയും ഒരു സംശയമുണ്ട്. എങ്ങിനെയാണ് ആ ക്ഷത്രിയര്‍ക്ക് ഹേഹയന്മാര്‍ എന്ന പേരുണ്ടായത്? ഹേഹയന്‍ ഒരു രാജാവിന്‍റെ പേരാണോ? ഭാരതന്മാര്‍ ഭരതനില്‍ നിന്നും; യദു വില്‍ നിന്നും യാദവര്‍, എന്നിങ്ങിനെയെല്ലാം നാം കേട്ടിട്ടുണ്ട്. ആ ചരിതവും പറഞ്ഞു തരണം മഹാമുനേ.

വ്യാസന്‍ തുടര്‍ന്നു: ഒരിക്കല്‍ സൂര്യപുത്രനായ രേവന്തന്‍ ഉച്ചൈശ്രവസിന്‍റെ പുറത്തു കയറി വൈകുണ്ഠത്തിലേയ്ക്ക് പോയി. വിഷ്ണു ദര്‍ശനമായിരുന്നു രേവന്തന്റെ ഉദ്ദേശം. കുതിരപ്പുറത്ത് വരുന്ന സൂര്യപുത്രനെ ലക്ഷ്മീദേവി നോക്കി നിന്നുപോയി. പാല്‍ക്കടലില്‍ നിന്നും പൊങ്ങി വന്ന തന്‍റെ സഹോദരനാണ് ഉച്ചൈശ്രവസ്. അവന്‍റെ ഐശ്വര്യവും എടുപ്പും കണ്ടു ദേവി സ്തബ്ദയായി. അപ്പോള്‍ ഭഗവാന്‍ ദേവിയോടു ചോദിച്ചു: ‘ദേവീ ആരാണീ കുതിരപ്പുറത്തു വരുന്ന സുന്ദരന്‍? രണ്ടാമതൊരു കാമദേവനുണ്ടെങ്കില്‍ അതിവനാണ്!’ 

തന്‍റെ സഹോദരനായ കുതിരയെക്കണ്ട് മതിമറന്ന ദേവി ഭഗവാന്‍ പറഞ്ഞത് കേട്ടില്ല. ‘എന്താ ദേവീ, മതിമറന്നു പോയോ? അശ്വത്തെ കണ്ടു മോഹിച്ച് ഞാന്‍ ചോദിച്ചതിനു സമാധാനം പറയാന്‍ പറ്റുന്നില്ല, അല്ലെ?. നീ എങ്ങും എന്തിലും രമിക്കുന്നവളാകയാല്‍ നീയിനിമുതല്‍ ‘രമ’ യാകട്ടെ. മനസ്സില്‍ ചഞ്ചലത്തം ഉള്ളതിനാല്‍ നീ ‘ചല’യും ആകട്ടെ. പ്രാകൃതസ്ത്രീയും നീയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. എന്‍റെ സാമീപ്യമുണ്ടായിട്ടും അശ്വത്തില്‍ ഭ്രമിച്ച നീ ഭൂമിയില്‍ ഒരു കുതിരയായി പിറക്കട്ടെ.’

പെട്ടെന്ന് മോഹഭാവം വെടിഞ്ഞ ദേവി ദുഖാകുലയായി. ‘ഈ കൊച്ചു തെറ്റിന് അങ്ങെന്നെ ഇത്രയ്ക്ക് ശിക്ഷിക്കണോ? അങ്ങയില്‍ ഇത്ര ക്രോധം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്തിനാണ് എന്നില്‍ ഇത്ര കോപം? വജ്രായുധം പ്രയോഗിക്കേണ്ടത് ശത്രുക്കളില്‍ അല്ലെ? മിത്രങ്ങളില്‍ അത് പ്രയോഗിക്കാമോ? അങ്ങയുടെ മുന്നില്‍ വെച്ചെന്റെ ജീവന്‍ ഞാനുപേക്ഷിക്കുന്നു. അങ്ങില്ലാതെ വിരഹത്തീയില്‍ ഞാനെങ്ങിനെ കഴിയും? ഈ ശാപകാലം തീര്‍ന്ന് ഞാന്‍ അങ്ങയുടെ അരികില്‍ എത്തും. എന്നില്‍ പ്രസാദിച്ചാലും.’

‘നിനക്ക് എന്നെപ്പോലൊരു പുത്രന്‍ എന്നുണ്ടാവുന്നുവോ അപ്പോള്‍ പ്രിയേ, നീ എന്‍റെയടുക്കലെത്തും’ എന്ന് ഭഗവാന്‍ ലക്ഷ്മീദേവിയെ സമാധാനിപ്പിച്ചു.

Monday, May 16, 2016

ദിവസം 143. ശ്രീമദ്‌ ദേവീഭാഗവതം. 6. 16 ഭൃഗുക്കളുടെ വധം

ദിവസം 143. ശ്രീമദ്‌ ദേവീഭാഗവതം. 6. 16  ഭൃഗുക്കളുടെ വധം

കുലേ കസ്യ സമുത്പന്നാ: ക്ഷത്രിയാ ഹൈഹയാശ്ച തേ
ബ്രഹ്മഹത്യാമനാദൃത്യ നിജഘ്നുര്‍ ഭാര്‍ഗ്ഗവംശ്ച യേ
വൈരസ്യ കാരണം തേഷാം കിം മേ  ബ്രൂഹി പിതാമഹ
നിമിത്തേന വിനാ ക്രോധം കഥം കുര്‍വന്തി സത്തമാ:

ജനമേജയന്‍ ചോദിച്ചു. ആ ഹേഹയന്മാര്‍ ഇതു കുലത്തിലാണ് ജനിച്ചത്? അവര്‍ക്ക് വിപ്രന്മാരോട് വൈരം തോന്നാന്‍ കാരണമെന്താണ്? മാന്യന്മാര്‍ യാതൊരു കാരണവുമില്ലാതെ ഇങ്ങിനെ പ്രവര്‍ത്തിക്കുകയില്ലല്ലോ. എങ്ങിനെയുള്ള ക്ഷത്രിയന്മാരാണ് അകാരണമായി ബ്രാഹ്മണരെ കൊന്ന് ശാപം വരുത്തി വയ്ക്കാന്‍ ഇഷ്ടപ്പെടുക? എന്താണിതിനു പിറകിലെ കഥ എന്നറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു. അങ്ങ് പറഞ്ഞുതന്നാലും.’

വ്യാസന്‍ തുടര്‍ന്നു. പരീക്ഷിത്തിന്‍റെ മകനായ രാജാവേ, ക്ഷത്രിയന്മാരെപ്പറ്റിയുള്ള പുരാതനമായ ഇക്കഥ ഞാന്‍ പറയാം. കാര്‍ത്തവീര്യാര്‍ജ്ജുനനന്‍ എന്ന് പേരായ അതിബലശാലി ഹേഹയരാജാവായി ഉണ്ടായിരുന്നു. ആയിരം കൈകള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ധര്‍മ്മിഷ്ഠനും വീരനുമായിരുന്നു രാജാവ്. ദത്താത്രേയന്‍റെ ശിഷ്യനും യജ്ഞകാര്യങ്ങളില്‍ ശ്രദ്ധാലുവും ആയ അദ്ദേഹം ധാരാളം സമ്പത്ത് ദാനം നല്‍കി ഭൃഗുക്കളെക്കൊണ്ട് യജിപ്പിക്കാറുണ്ടായിരുന്നു. വിഷ്ണുവിന്‍റെ അവതാരംപോലെ ഉത്തമനായിരുന്നു അദ്ദേഹം. ദാനം വാങ്ങിയ ഭൃഗുക്കള്‍ സമ്പന്നരായിത്തീര്‍ന്നു. ആന, കുതിര, രത്നങ്ങള്‍, എന്നിവയെല്ലാം ഭൃഗുക്കള്‍ക്ക്‌ സ്വന്തമായി. രാജാവ് നിര്യാതനായപ്പോഴേയ്ക്ക് ദാനം കൊടുത്ത് കൊടുത്ത് ഹേഹയന്‍മാര്‍ നിര്‍ധനരായിത്തീര്‍ന്നിരുന്നു.

ഒരിക്കല്‍ അത്യാവശ്യം വന്നപ്പോള്‍ സഹായധനത്തിനായി ഹേഹയന്മാര്‍ ഭൃഗുക്കളെ സമീപിച്ചു. ‘നിങ്ങള്‍ക്ക് തരാന്‍ ധനമൊന്നും ഇല്ലേയില്ല’ എന്നവര്‍ ഹേഹയന്മാരെ വെറും കയ്യോടെ പറഞ്ഞയച്ചു. എന്നാല്‍ ‘ഈ ക്ഷത്രിയന്മാരെ ഭയക്കണം- അവര്‍ ചിലപ്പോള്‍ ആക്രമിച്ചേക്കും’ എന്ന് വിചാരിച്ച ചിലര്‍ ധനം ഭൂമിയില്‍ കുഴിച്ചിട്ടു. മറ്റുചിലര്‍ പണം സൂക്ഷിക്കാന്‍ ബ്രാഹ്മണരെ ഏല്‍പ്പിച്ചു. എന്നിട്ടും ഭയമൊഴിയാതെ അവര്‍ നാടുവിട്ടുപോയി. കഷ്ടപ്പാടില്‍ നില്‍ക്കുന്ന ഹേഹയന്മാര്‍ക്ക് ധനമൊന്നും കൊടുക്കാതെ അവര്‍ ദൂരെപ്പോയി ഒളിച്ചു താമസിച്ചു.

വീണ്ടും ഹേഹയന്മാര്‍ ധനാഭ്യര്‍ത്ഥനയുമായി ഭൃഗുക്കളുടെ ഗൃഹത്തില്‍ ചെന്നു. അപ്പോള്‍ ആ ഗൃഹങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. എന്നാലിനി ഇവിടം കുഴിച്ചു നോക്കാം എന്ന് കരുതി ഹേഹയന്മാര്‍ ഭൂമി കിളക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു ഭൃഗുവിന്‍റെ ഭൂമിക്കടിയില്‍ നിന്നും ഏറെ ധനം കണ്ടെത്തി. പിന്നെയവര്‍ മറ്റു ഗൃഹങ്ങളും കുഴിക്കാന്‍ തുടങ്ങി. അവിടെയെല്ലാം അവര്‍ ധനം കുഴിച്ചിട്ടിരുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ വിപ്രന്മാര്‍ ആര്‍ത്തുവിളിച്ചു ബഹളം കൂട്ടി നിലവിളിച്ചു. അപ്പോള്‍ ഹേഹയന്മാര്‍ ക്രുദ്ധരായി ആ ബ്രാഹ്മണരെ അമ്പെയ്ത്ത് കൊന്നുകളഞ്ഞു. അതുകൊണ്ടും അരിശം തീരാഞ്ഞ് ബ്രാഹ്മണര്‍ പോയി ഒളിച്ചു കഴിഞ്ഞിരുന്ന  മലനിരകളിലേയ്ക്കും ഹേഹയന്മാര്‍ ചെന്നു. ഗര്‍ഭസ്ഥശിശുക്കളടക്കം സകലരെയും അവര്‍ കൊന്നൊടുക്കി. ഈ ക്രൂരകൃത്യം ചെയ്യുമ്പോള്‍ അവരെ പാപഭീതി അലട്ടിയതേയില്ല. അങ്ങിനെ ഭാര്‍ഗ്ഗവവംശം മുടിഞ്ഞു.

ഗര്‍ഭസ്ഥ ശിശുക്കളെ നഷ്ടപ്പെട്ട അമ്മമാര്‍ ദീനദീനം വിലപിച്ചു. മുനിമാര്‍ ഹേഹയന്മാരോട് വിപ്രവൈരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘ഗര്‍ഭം പോലും നശിപ്പിക്കുന്ന നിങ്ങളുടെ കര്‍മ്മം അത്യന്തം നിന്ദ്യമാണ്. അതിന്റെ ഫലം ദൂരവ്യാപകമാണ്. നിന്ദ്യകര്‍മ്മം ത്യജിക്കുക തന്നെ വേണം.’ എന്നവര്‍ ഹിതമോതിക്കൊടുത്തു.

‘നിങ്ങള്‍ എന്തറിയുന്നു? ഈ ദുഷ്ടന്മാര്‍ ചെയ്ത പാപം എന്തെന്നറിയാത്ത സാധുക്കളാണ് നിങ്ങള്‍. ഞങ്ങളുടെ പൂര്‍വ്വികരുടെ ധനം മുഴുവന്‍ ഈ പാപികള്‍ കള്ളന്മാരെപ്പോലെ അപഹരിച്ചു പിടിച്ചു വാങ്ങി. ഇവര്‍ കൊറ്റികളെപ്പോലെ ചതിയന്മാരാണ്. തഞ്ചം നോക്കി കാര്യം കാണുന്ന വഞ്ചകന്മാര്‍. ഇവരോട് സഹായമഭ്യര്‍ത്ഥിച്ചു ചെന്ന ഞങ്ങളെ ഇവര്‍ വെറും കയ്യോടെ പറഞ്ഞയച്ചു. കാര്‍ത്തവീര്യന്‍ കൊടുത്ത ധനം ഇവര്‍ സമ്പാദിച്ചു എന്നല്ലാതെ അത് ദാനത്തിനുപയോഗിക്കുകയോ യജ്ഞത്തിന് വിനിയോഗിക്കുകയോ ചെയ്തില്ല. ബ്രാഹ്മണര്‍ എന്തിനാണ് ധനം കൂട്ടിവയ്ക്കുന്നത്? യാഗവും ദാനവും ചെയ്ത് സുഖമായി ജീവിക്കുകയാണ് വിപ്രധര്‍മ്മം. അത് വിട്ടു നടന്ന ബ്രാഹ്മണരെയാണ് ഞങ്ങള്‍ ആക്രമിച്ചത്. ധനം ഉള്ളപ്പോഴാണ് ചോരഭയം, രാജഭീതി, ധൂര്‍ത്ത ഭീതി, അഗ്നിഭയം എന്നിവയുണ്ടാവുന്നത്. ധനം എപ്പോള്‍ വേണമെങ്കിലും നമ്മെ വിട്ടുപോവാം. അല്ലെങ്കില്‍ അനുഭവയോഗമില്ലാതെ നാം മരണത്തിനു കീഴടങ്ങിയെന്നും വരാം.

ഞങ്ങള്‍ അവരോടു സഹായം ചോദിച്ചപ്പോള്‍ ചോദിച്ചതിന്റെ കാല്‍ ഭാഗം കൂടി തരാന്‍ അവര്‍ കൂട്ടാക്കിയില്ല. ധനം തീരുന്നത് ദാനത്താലും ഭോഗത്താലും നാശത്താലുമാണ്. ദാനവും ഭോഗവും പറഞ്ഞിട്ടുള്ളത് സുകൃതികള്‍ക്കാണ്. പാപികളുടെ ധനമാണ് നശിക്കുന്നത്. ദാനഭോഗങ്ങള്‍ കൂടാതെ ധനം പൂഴ്ത്തി വയ്ക്കുന്നത് രാജദ്രോഹമാണ്. അങ്ങിനെ ചെയ്യുന്നവനെ രാജാവെന്ന നിലയ്ക്ക് ശിക്ഷിക്കുന്നത് ധര്‍മ്മമാണ്. മഹാത്മാക്കളായ നിങ്ങള്‍ കോപിക്കരുത്. ഇവര്‍ അധമരായ വിപ്രന്മാരാണ്. ഇവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് ഞങ്ങള്‍ നല്‍കുന്നത്.’

മുനിമാരോട്‌ യുക്തി പറഞ്ഞ് ഭൃഗുപത്നിമാരെത്തേടി ഹേഹയന്മാര്‍ പോയി. ആ നാരികള്‍ പേടിച്ചു വിറച്ച് കാട്ടിലും മലയിലും അഭയം തേടി. ഇങ്ങിനെയാണ്‌ ഹേഹയന്മാര്‍ ധനത്തിനായി വിപ്രന്മാരെ കൊന്നൊടുക്കിയത്. ലോഭമാണ് മനുഷ്യന്‍റെ ശത്രു. സര്‍വ്വദുഖങ്ങള്‍ക്കും കാരണമാവുന്നത് ലോഭം തന്നെയാണ്. പ്രാണനാശം, ധര്‍മ്മഭ്രംശം, കുലധര്‍മ്മധ്വംസനം എല്ലാറ്റിനും ലോഭം തന്നെ ഹേതു. സ്വസഹോദരനെയും ഭാര്യയേയും മാതാപിതാക്കളെയും ഗുരുവിനെയും കൊല്ലാന്‍ ലോഭം ബാധിച്ച ഒരുവന്‍ മടിക്കുന്നില്ല. ലോഭത്തിന്റെ കാര്യം കാമം ക്രോധം, മദം എന്നിവയെക്കാള്‍ ഭയങ്കരമാണ്.

രാജാവേ, നിന്‍റെ പൂര്‍വ്വികള്‍ പലരും മരണമടഞ്ഞത് ലോഭം കൊണ്ടാണ്. കൌരവരും പാണ്ഠവരും ധര്മ്മിഷ്ഠരായിരുന്നുവെങ്കിലും അവരെ ലോഭം പിടികൂടിയിരുന്നു. ഭീഷ്മന്‍, ദ്രോണര്‍, കൃപന്‍, കര്‍ണന്‍ എന്നുവേണ്ട സാക്ഷാല്‍ കൃഷ്ണന്‍ പോലും കൂടെയുണ്ടായിട്ടും അവര്‍ പരസ്പരം യുദ്ധം ചെയ്തില്ലേ? അവരില്‍ ഭൂരിഭാഗവും രണത്തില്‍ കൊല്ലപ്പെട്ടു. മക്കളും ബന്ധുക്കളും കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ കഷ്ടപ്പെട്ടത് എല്ലാം ലോഭത്തിനാലാണ്. ലോഭം മനുഷ്യനെ എന്തെന്തു ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കില്ല!  ഹേഹയരുടെ ക്രൂരതയ്ക്ക് ലോഭമൊന്നു മാത്രമാണ് കാരണം.

Saturday, May 14, 2016

ദിവസം 142. ശ്രീമദ്‌ ദേവീഭാഗവതം. 6. 15 നിമിചരിതം

ദിവസം 142. ശ്രീമദ്‌ ദേവീഭാഗവതം. 6. 15  നിമിചരിതം

ദേഹപ്രാപ്തിര്‍ വസിഷ്ഠസ്യ കഥിതാ ഭവതാ കില
നിമി: കഥം പുനര്‍ദ്ദേഹം പ്രാപ്തവാനിതി മേ വദ
വസിഷ്ഠേന ച സമ്പ്രാപ്തേ പൂര്‍വ്വദേഹോ നരാധിപ
നിമിനാ ന തഥാ പ്രാപ്തോ ദേഹ: ശാപാദനന്തരം

ജനമേജയന്‍ പറഞ്ഞു: വസിഷ്ഠനു വീണ്ടും ദേഹമുണ്ടായതിന്റെ കഥ അങ്ങ് പറഞ്ഞു. നിമിയുടെ കാര്യം കൂടി അറിയാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.

വസിഷ്ഠനു കിട്ടിയതുപോലെ നിമിക്ക് വീണ്ടുമൊരു ദേഹം ലഭിക്കുകയുണ്ടായില്ല. ശാപശേഷം മറ്റൊരു സ്ഥൂലശരീരം ലഭിക്കാന്‍ നിമിക്ക് യോഗമുണ്ടായില്ല. യാഗസമയത്ത് വസിഷ്ഠമുനി  രാജാവിനെ ശപിച്ചപ്പോള്‍  അവിടെ കൂടിയിരുന്ന ബ്രാഹ്മണരും മാമുനിമാരും ‘കഷ്ടം നമ്മുടെ യജ്ഞയജമാനന്‍ ആയ രാജാവ് ശാപഗ്രസ്തനായിപ്പോയല്ലോ! ദീക്ഷയെടുത്ത യജമാനന്‍ ഇല്ലാതെ യാഗം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അങ്ങിനെയായാല്‍ എല്ലാം വിരുദ്ധമായി ഭവിക്കും. സംഭവിക്കാനുള്ളതിനെ തടയാന്‍ ആര്‍ക്ക് സാധിക്കും!’ എന്ന് വേവലാതിപ്പെട്ടു. അവര്‍ രാജാവിന്‍റെ ശവശരീരം ഒരല്‍പം പ്രാണവായു ഉള്ളില്‍ നില്‍ക്കും വിധം സൂക്ഷിക്കാനുള്ള മന്ത്രങ്ങളും മറ്റും പ്രയോഗിച്ചു. ആ ദേഹത്തെ ഗന്ധമാല്യാദികള്‍ കൊണ്ട് പൂജിച്ചു. ഒടുവില്‍ യജ്ഞം പൂര്‍ത്തിയാക്കി ദേവതകളെ തുഷ്ടരാക്കി.

ബ്രാഹ്മണര്‍ ദേവന്മാരെ നിമിയുടെ അവസ്ഥ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോള്‍ ദേവന്മാര്‍ കനിവോടെ രാജാവിനോട് പറഞ്ഞു: ‘മഹാരാജന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്. അഭീഷ്ടവരം ചോദിച്ചാലും. നിന്നെ ശപിച്ച ഗുരു മറ്റൊരു ദേഹമെടുത്ത് ഗര്‍വിതനായി കഴിയുന്നതുപോലെ നിനക്കും സ്ഥൂലശരീരം വേണമെങ്കില്‍ ആവാം. മനുഷ്യദേഹമോ ദേവശരീരമോ നല്‍കാം.’

വരമരുളിയ ദേവന്മാരോടു നിമിയുടെ ആത്മാവ് പറഞ്ഞു: ‘നശ്വരമായ ദേഹത്തില്‍ എനിക്ക് ആഗ്രഹമില്ല. അതിനാല്‍ ജന്തുക്കളുടെ ദൃഷ്ടികളില്‍ എനിക്ക് വാസമനുവദിച്ചാലും. സര്‍വ്വഭൂതങ്ങളുടെ കണ്ണുകളിലും പ്രാണനായി ഞാന്‍ സഞ്ചരിച്ചുകൊള്ളാം’

ഇത് കേട്ട ദേവന്മാര്‍ പറഞ്ഞു: ‘ദേവന്‍മാരായ ഞങ്ങള്‍ക്ക് അങ്ങയുടെ അഭീഷ്ടം നടപ്പിലാക്കാനുള്ള കഴിവില്ല. എന്നാല്‍ അങ്ങയുടെ യജ്ഞം കൊണ്ട് സംപ്രീതയായ ദേവി അങ്ങയുടെ ഈ ആഗ്രഹം നടത്തിച്ചുതരും ദേവിയെ സദാ ധ്യാനിക്കുക.’ 

ദേവന്മാരുടെ ഉപദേശം കേട്ട നിമി മനസ്സുരുകി ദേവിയെ സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. തല്‍ക്ഷണത്തില്‍ ദിവ്യലാവണ്യ രൂപത്തില്‍ ദേവി പ്രത്യക്ഷയായി. നിമി ദേവിയോട് ഇഷ്ടവരം അഭ്യര്‍ത്ഥിച്ചു. ‘അമ്മേ, ഭഗവതീ, മോക്ഷദായകമായ ജ്ഞാനമെന്നില്‍ ഉണര്‍ത്തിയാലും. എനിക്ക് സര്‍വ്വജീവികളുടെയും കണ്ണുകളില്‍ ഒരിടം തന്നാലും.’

‘പ്രാരബ്ധം തീരുവോളം നിനക്ക് വാഴാനായി ജീവികളുടെ മിഴികളില്‍ നിനക്ക് 'നിമി'യായി ഇടമുണ്ടാവും. നിന്നില്‍ ജ്ഞാനം അങ്കുരിക്കുമാറാകട്ടെ. എല്ലാ പ്രാണികള്‍ക്കും ചിമ്മിയടയുന്ന ഇമകള്‍ ഉണ്ടാകും. നിന്‍റെ വാസം മൂലം മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും ഇമ ചിമ്മുന്നവരാകും. എന്നാല്‍ ദേവന്മാരുടെ ഇമകള്‍ അടയുകയില്ല.’ നിമിക്ക് വരം നല്‍കി ദേവി അന്തര്‍ധാനം ചെയ്തു.

യജ്ഞശാലയില്‍ ഉണ്ടായിരുന്ന മുനിമാര്‍ നിമിക്ക് ഒരു പുത്രനുണ്ടാവാനായി രാജാവിന്റെ ദേഹം മന്ത്രജപത്തോടെ കടയാന്‍ തുടങ്ങി. ഹോമത്തിനായി അരണി കടയുന്ന വേളയില്‍ നിമിയുടെ പ്രതിപുരുഷനെപ്പോലെ സുഭഗസുന്ദരനായ ഒരു കുമാരന്‍ അഗ്നിയില്‍ നിന്നും പുറത്തു വന്നു. മഥനത്താല്‍ ഉല്‍പ്പന്നനായ കുമാരന് മിഥി എന്ന പേരും സംസിദ്ധമായി. ജനകത്തില്‍ നിന്നും ജനിച്ചതിനാല്‍ അവനു ജനകന്‍ എന്നും പേരുണ്ടായി. നിമി ചക്രവര്‍ത്തി  ദേഹം വെടിഞ്ഞശേഷം ജനിച്ചതുകൊണ്ട് ഈ കുമാരനും വംശവും വിദേഹവംശമായി.

നിമിയുടെ ‘പുത്രന്‍’ വിഖ്യാതനായ ജനകമഹാരാജാവായി. അദ്ദേഹം ഗംഗയുടെ തീരത്ത് മിഥില എന്നൊരു മഹത്തായ ഒരു നഗരം നിര്‍മ്മിച്ചു. ജനകന്‍റെ പിന്‍ഗാമികള്‍ ജനകന്മാര്‍, വിദേഹന്മാര്‍ എന്നെല്ലാം അറിയപ്പെട്ടു. ആ കുലത്തിലെ രാജാക്കന്മാര്‍ എല്ലാവരും പേരുകേട്ട ജ്ഞാനികളായിരുന്നു.

ജനമേജയന്‍ ചോദിച്ചു: ‘ഭഗവന്‍, അങ്ങ് നിമിയുടെ അത്യദ്ഭുത ചരിതം പറഞ്ഞു തന്നു. ബ്രഹ്മാവിന്‍റെ പുത്രനായ വസിഷ്ഠന്‍ നിമിയുടെ പുരോഹിതനായിട്ടും നിമിയുടെ ശാപമേറ്റത് അത്ഭുതം തന്നെ. മാത്രമല്ല സ്വന്തം ഗുരുവിനെ ഇത്ര അറിവുള്ള നിമി ചക്രവര്‍ത്തി ശപിക്കുക എന്നതും വിചിത്രമായിരിക്കുന്നു. ധര്‍മ്മം അറിഞ്ഞിട്ടും ഇക്ഷ്വാകുകുലത്തിന്‍റെ ചക്രവര്‍ത്തി ബ്രഹ്മസംഭവനെ ശപിക്കാന്‍ എന്താണ് കാരണം?’

വ്യാസന്‍ തുടര്‍ന്നു: രാജാവേ, ക്ഷമാശീലമുണ്ടാവണമെങ്കില്‍ ഇന്ദ്രിയനിഗ്രഹം കൂടിയേ തീരൂ. ക്ഷമാശീലര്‍ ലോകത്ത് ദുര്‍ലഭമാണല്ലോ. സാമര്‍ത്ഥ്യമുള്ളവര്‍ക്ക് പൊതുവേ ക്ഷമ കുറവാണ്. സര്‍വ്വസംഗപരിത്യാഗികളായ മുനിപുംഗവന്‍മാരുടേയും യോഗമാര്‍ഗ്ഗത്തില്‍ ഉറച്ചവന്‍റെയും ഊണും ഉറക്കവും നിയന്ത്രിച്ചവന്‍റെയുമെല്ലാം ഉള്ളില്‍ കയറിക്കൂടുന്ന കാമം, ക്രോധം, ലോഭം, അഹങ്കാരം എന്നിവ അവരുടെ ബദ്ധശത്രുക്കളാണ്. ഈ വൈരികളെ ജയിക്കാന്‍ കഴിഞ്ഞ ആരും ഈ സംസാരത്തില്‍ ഇല്ല. ഇനി ഉണ്ടാകാനും പോവുന്നില്ല. ഇവിടെ ഈ ലോകത്തില്‍ മാത്രമല്ല, വൈകുണ്ഠത്തിലും കൈലാസത്തിലും കാണുകയില്ല. ബ്രഹ്മാവിന്‍റെ പുത്രനാണെങ്കിലും അവനും ത്രിഗുണങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പിന്നെ മനുഷ്യന്‍റെ കാര്യം എന്ത് പറയാന്‍?

സാംഖ്യാചാര്യനായ മഹായോഗി കപിലമുനി മഹാശുദ്ധനാണെന്ന് പസിദ്ധമാണ്‌. ഒരിക്കല്‍ അദ്ദേഹം പോലും സഗരപുത്രന്മാരെ ശപിച്ചു ഭസ്മമാക്കി. അഹങ്കാരത്തില്‍ നിന്നാണ് സൃഷ്ടി. അവ തമ്മില്‍ കാര്യകാരണ ബന്ധമാണുള്ളത്. ത്രിമൂര്‍ത്തികളിലും ഗുണത്രയം തന്നെയാണ് വര്‍ത്തിക്കുന്നത്. അതിനാലാണ് അവരില്‍ വിവിധഭാവങ്ങള്‍ ഉണ്ടാവുന്നത്. അവരില്‍പ്പോലും സത്വഗുണം മാത്രമായി നിലനില്‍ക്കുക എന്നത് അസാദ്ധ്യം. പിന്നെ മനുഷ്യന്‍റെ കാര്യം പറയാനുണ്ടോ? ഗുണസമ്മിശ്രഭാവങ്ങള്‍ മാത്രമാണ് എങ്ങും കാണാന്‍ കഴിയുക. ചിലപ്പോള്‍ സത്വം വര്‍ദ്ധിതവീര്യത്തോടെനില്‍ക്കും. മറ്റുചിലപ്പോള്‍ രജോഗുണവും മറ്റുചിലപ്പോള്‍ തമോഗുണവും പ്രബലതയാര്‍ജ്ജിക്കും. ഈ മൂന്നു ഗുണങ്ങളും സമമായി നില്‍ക്കുക എന്നത് അസംഭാവ്യമത്രേ.

ആര്‍ക്കും കാണാനോ അളക്കാനോ കഴിയാത്ത അവ്യയനും നിത്യനും നിര്‍ലേപനും അപ്രമേയനുമായ പരമാത്മാവ്‌ ഗുണാതീതനാണ്. അതുപോലെ അല്‍പജ്ഞാനികള്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ സാദ്ധ്യതപോലുമില്ലാത്ത പരാശക്തിയും നിര്‍ഗ്ഗുണയാണ്.

സര്‍വ്വഭൂതഹൃദയാവാസിയായ ദേവിയും പരമാത്മാവും സദാ ഐക്യഭാവത്തിലാണ് നിലകൊള്ളുന്നത്. അവ അഭിന്നങ്ങളാണ് എന്ന അറിവുള്ളവര്‍ സര്‍വ്വദോഷങ്ങളില്‍ നിന്നും മുക്തരാണ്. ചന്ദ്രനില്‍ നിന്നും ചന്ദ്രികയേയും അഗ്നിയില്‍ നിന്നും ചൂടിനേയും ദേവിയില്‍ നിന്നും ശക്തിയേയും എന്നതുപോലെ പരമാത്മാവില്‍ നിന്നും പരാശക്തിയെ വേറിട്ട് കാണുക അസാദ്ധ്യം. മോക്ഷപ്രദമായ ഈ അറിവ് ഉണര്‍വ്വാകുമ്പോള്‍ മാത്രമേ ത്രിഗുണാത്മികമായ സംസാരത്തില്‍ നിന്നും മുക്തി ലഭിക്കൂ.

ജ്ഞാനം രണ്ടുവിധത്തിലാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ആദ്യത്തേത് ശാബ്ദികം. ബുദ്ധിശക്തിയുള്ളവര്‍ക്ക് വേദപഠനത്തില്‍ക്കൂടി ശാബ്ദജ്ഞാനം സിദ്ധമാവും. എങ്കിലും സുതര്‍ക്കവും കുതര്‍ക്കവും മൂലം അനേകം സംശയങ്ങള്‍ അതിലും ഉണ്ടാവാം. കുതര്‍ക്കം ബുദ്ധിനാശത്തെ വിളിച്ചു വരുത്തും. അത് ജ്ഞാനനാശത്തിനിടവരുത്തും. രണ്ടാമത്തേത് അനുഭവജ്ഞാനമാണ്. ദുര്‍ലഭമായ ഉണര്‍വ്വാണ് അത്. വെറും ശബ്ദജ്ഞാനികളില്‍ ഉണര്‍വ്വുണ്ടാവുകയില്ല. ദീപത്തിന്‍റെ കാര്യം കേട്ടതുകൊണ്ട് ഇരുട്ടകലുകയില്ലല്ലോ.

അകത്തുള്ള അന്ധകാരം നീക്കാന്‍ ശബ്ദബോധം മാത്രം പോര. അനുഭവജ്ഞാനത്തിന് പ്രയത്നം കൂടിയേ തീരൂ. ബന്ധമില്ലാതാക്കാന്‍ ഉതകുന്ന കര്‍മ്മമാണ് ശരിയായ കര്‍മ്മം. മുക്തിനല്‍കുന്ന വിദ്യയാണ് ശരിയായ വിദ്യ. മറ്റുകര്‍മ്മങ്ങളും പരോപകാരം, മര്യാദ, ക്ഷമ, വിനയം എന്നിവയെല്ലാം ആയാസമുണ്ടാക്കുന്ന വ്യായാമങ്ങള്‍ എന്നേ കരുതാവൂ. എങ്കിലും അവ വിദ്യയുടെ പക്വതയെ കാണിക്കുന്നുണ്ട്. 

എങ്കിലും കാമാദിവൈരികളെ വെല്ലാന്‍ തപസ്സും വിദ്യയും യോഗാഭ്യാസവും അനിവാര്യമാണ്. മനസ്സിനെ ഒതുക്കാന്‍ പ്രയാസമാണ്. നാം ഒതുക്കാന്‍ ശ്രമിക്കുന്ന വൈരികള്‍ മനസ്സില്‍ നിന്നും ജനിച്ചവയാണല്ലോ. മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇപ്പറഞ്ഞ വൈരികളെ പേടിക്കാനില്ല. എന്നാല്‍ മനസ്സ് വരുതിയില്‍ അല്ലാഞ്ഞതിനാല്‍ നിമിക്ക് ക്ഷമയുണ്ടായില്ല. ശാപം നല്‍കിയ ശുക്രനോടു യയാതി ക്ഷമിച്ചതുപോലെ നിമിക്കത് സാധിച്ചില്ല. ആ ശാപഫലമായി യയാതി അകാലത്ത്‌ ജരാനരകള്‍ അനുഭവിച്ചു എന്നത്വ പ്രസിദ്ധം.

സ്വഭാവഭേദമാണ് ഒരുവനെ മറ്റൊരുവനില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്. ചിലപ്പോള്‍ രാജാവ് ക്രൂരനാവാം. മറ്റുചിലപ്പോള്‍ സൌമ്യനും. ബ്രഹ്മഹത്യാപാപഭീതി കൂടാതെ ഹേഹയന്മാര്‍ ധനാര്‍ത്തി കൊണ്ട് അവരുടെ പുരോഹിതരായ ഭാര്‍ഗ്ഗവബ്രാഹ്മണരെ മുഴുവന്‍ കൊന്നൊടുക്കിയത്രേ.   

Thursday, May 5, 2016

ദിവസം 141. ശ്രീമദ്‌ ദേവീഭാഗവതം. 6. 14. വസിഷ്ഠ ദേഹാന്തരപ്രാപ്തി

ദിവസം 141. ശ്രീമദ്‌ ദേവീഭാഗവതം. 6. 14. വസിഷ്ഠ ദേഹാന്തരപ്രാപ്തി 

മൈത്രാ വരുണിരിത്യുക്തം നാമ തസ്യ മുനേ: കഥം
വസിഷ്ഠസ്യ മഹാഭാഗ ബ്രഹ്മണ സ്തനുജസ്യ ഹ
കിമസൌ കര്‍മ്മതോ നാമ പ്രാപ്തവാന്‍ ഗുണതസ്തഥാ
ബ്രൂഹി മേ വദതാം ശ്രേഷ്ഠ കാരണം തസ്യ നാമജം

ജനമേജയന്‍ ചോദിച്ചു: ബ്രഹ്മാവിന്‍റെ പുത്രനായ വസിഷ്ഠന് മൈത്രാവരുണന്‍ എന്നൊരു പേരുണ്ടല്ലോ? അതെങ്ങിനെയാണ് ലഭിച്ചത്? അങ്ങിനെയൊരു പേരിനു പിന്നില്‍ ഗുണമാണോ അതോ കര്‍മ്മമാണോ ഹേതു?

വ്യാസന്‍ പറഞ്ഞു: 'മഹാരാജാവേ, വസിഷ്ഠമുനി ഒരിക്കല്‍ നിമിയുടെ ശാപംകൊണ്ട് ദേഹമുപേക്ഷിച്ചിട്ട് പുനര്‍ജനിച്ചപ്പോള്‍ മിത്രാവരുണന്‍മാര്‍ അദേഹത്തിന്റെ മാതാപിതാക്കളായി. അങ്ങിനെയാണ് മൈത്രാവരുണന്‍ എന്ന പേരദ്ദേഹത്തിനുണ്ടായത്.'

ഇത്രയും കേട്ടപ്പോള്‍ നിമി വസിഷ്ഠമുനിയെ ശപിക്കാനുണ്ടായ കാരണവും സാഹചര്യവും അറിയാന്‍ രാജാവിന് ഉത്സാഹമായി. ‘ഇത്ര വലിയ മുനിശ്രേഷ്ഠനെപ്പോലും ഒരു ശാപം കൊണ്ട് ദേഹമുപേക്ഷിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് അത്യദ്ഭുതമായിരിക്കുന്നു.’

വ്യാസന്‍ തുടര്‍ന്നു: ഇതിന്‍റെ കാരണം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ്‌. മായയുടെ മൂന്നു ഗുണങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് അവയുടെ ഏറ്റക്കുറച്ചിലുകള്‍ സദാ കാണപ്പെടുന്നു. സത്വഗുണം അതിന്‍റെ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ മുനിമാര്‍ തപസ്സും രാജാക്കന്മാര്‍ ധര്‍മ്മനീതിക്കനുസരിച്ചു രാജ്യഭാരവും നടത്തും. എന്നാല്‍ രജസ്സും തമസ്സും വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുമ്പോള്‍ മഹാത്മാക്കള്‍ പോലും നീചകര്‍മ്മം ചെയ്യും. രാജാവിനെ കാമക്രോധലോഭാദികള്‍ പിടികൂടും. മുനിമാരില്‍ ലോഭവും അഹങ്കാരവും അങ്കുരിക്കും. രാജാക്കന്മാര്‍ പൊതുവേ രജോഗുണികളാണ്. ബ്രാഹ്മണരും അങ്ങിനെതന്നെ. മുനിമാര്‍ പോലും ശുദ്ധസത്വഗുണം മാത്രം ഉള്ളവരല്ല.

വസിഷ്ഠമഹര്‍ഷി നിമിയെ ശപിച്ചു. രാജാവ് മുനിക്ക് മറുശാപവും നല്‍കി. അങ്ങിനെ രണ്ടാളും ദുഖമനുഭവിച്ചു. ദ്രവ്യശുദ്ധി, ക്രിയാശുദ്ധി, ചിത്തശുദ്ധി, ഇവ മൂന്നും ഉണ്ടാവുക എന്നത് അതി വിരളമാണ്. എന്നാല്‍ പരാശക്തിയായ അമ്മ കനിഞ്ഞാല്‍ ആരും അരനിമിഷത്തില്‍ മുക്തനാകും. പരാശക്തീ വൈഭവം നോക്കൂ. ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ പോലും മഹത്തുക്കളാണെങ്കിലും മുക്തരല്ല. എന്നാല്‍ സത്യവ്രതന്മാരെപ്പോലുള്ളവര്‍ മുക്തരായിത്തീരുന്നു.
  
മൂന്നുലോകത്തിലുള്ള ആരും തന്നെ ഭഗവതിയെ അറിഞ്ഞവരായിട്ടില്ല. എന്നാല്‍ അമ്മ ഭക്തജനവിധേയയാണെന്ന് അനേകരുടെ അനുഭവകഥകള്‍ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ ജഗദംബികയില്‍ അനന്യഭക്തിയുണ്ടാവുക എന്നത് മാത്രമേ നമുക്ക് കരണീയമായുള്ളു. എന്നാലീ ഭക്തിയില്‍ ദംഭും രാഗവും ചേര്‍ന്നാല്‍ അത് നാശത്തിലേയ്ക്കാണ് നയിക്കുക.

ഇക്ഷ്വാകുവിന്‍റെ പന്ത്രണ്ടാമത്തെ പുത്രനായ നിമി ധര്‍മ്മിഷ്ടനും അതീവഗുണവാനും സുന്ദരനും ആയിരുന്നു. പ്രജാക്ഷേമം മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ജയം എന്ന പേരില്‍ ബ്രാഹ്മണര്‍ക്ക് വേണ്ടി അദ്ദേഹം യജ്ഞ കാര്യത്തിനുതകുന്ന ഒരിടം പണിതൊരുക്കി. അങ്ങിനെയിരിക്കെ ആ അഗ്രഹാരത്തില്‍ വലിയ ദക്ഷിണാദികളോടെ വിപുലമായ  ഒരു ദീര്‍ഘയജ്ഞം നടത്തണമെന്ന രാജസബുദ്ധി അദ്ദേഹത്തിലുദിച്ചു. മഹാത്മാക്കളുടെ അനുവാദത്തോടെ, അച്ഛന്റെ അനുഗ്രഹത്തോടെ അദ്ദേഹം യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. വേദപാരംഗതരായ മുനിമാരെ ക്ഷണിച്ചുവരുത്തി. ഭൃഗു, അംഗിരസ്, വാമദേവന്‍, ഗൌതമന്‍, വസിഷ്ഠന്‍, പുലസ്ത്യന്‍, ഋചികന്‍, പുലഹന്‍, ക്രതു തുടങ്ങി മാമറകളായ വേദങ്ങള്‍ നന്നായി പഠിച്ചവരായ മുനിമാര്‍ യജ്ഞത്തിനായി എത്തിച്ചേര്‍ന്നു.

എല്ലാം തയ്യാറാക്കിയശേഷം നിമി തന്‍റെ കുലഗുരുവായ വസിഷ്ഠനോട് ‘അങ്ങെന്റെ ഗുരുവാണല്ലോ. ഈ  യാഗത്തില്‍ അങ്ങെന്നെ നയിച്ചാലും. യജ്ഞോപകരണങ്ങള്‍ എല്ലാം തയ്യാറാണ്. അയ്യായിരം കൊല്ലം നീണ്ടു നില്‍ക്കുന്ന യാഗമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. ഏതു യജ്ഞം എങ്ങിനെ ചെയ്താലാണ് ജഗദംബിക സംപ്രീതയാവുക? അങ്ങയുടെ അനുജ്ഞപോലെ ഞാനാ കര്‍മ്മം വിധിയാംവണ്ണം നടത്തിക്കൊള്ളാം.’

അപ്പോള്‍ വസിഷ്ഠമുനി പറഞ്ഞു: ‘രാജാവേ, ഇന്ദ്രന്‍ യജ്ഞത്തിനായി എന്നെ നേരത്തേതന്നെ വിളിച്ചിട്ടുണ്ട്. ഞാനതതിനു വരാമെന്ന്‍ സമ്മതിച്ചതുമാണ്. പരാശക്തിയജ്ഞത്തിന് അഞ്ഞൂറ് വര്‍ഷത്തെ യജ്ഞദീക്ഷ ഞാന്‍ ദേവേന്ദ്രന് കൊടുത്തുംപോയി. അതില്‍ നിന്നും പിന്മാറുക വയ്യല്ലോ. അതിനാല്‍ രാജാവേ, ആ കാലം കഴിയുന്നതുവരെ കാത്തിരുന്നാലും ഇന്ദ്രയജ്ഞം കഴിഞ്ഞാലുടന്‍ ഞാന്‍ വന്ന് അങ്ങയുടെ യജ്ഞം നടത്തിത്തരാം.’

‘ഞാന്‍ മറ്റു മുനികളെ വിളിച്ചുവരുത്തി, സകലവിധ ഒരുക്കങ്ങളും നടത്തി എല്ലാം തയ്യാറാക്കി വെച്ചിരിക്കുന്നു. ഇക്ഷ്വാകു വംശത്തിന്‍റെ ഗുരുവായ അങ്ങേയ്ക്ക് ഇവിടെയല്ലേ ഉത്തരവാദിത്തം? ധനം മോഹിച്ചു മറ്റു വല്ലവര്‍ക്കും വേണ്ടി പണിയെടുക്കാന്‍ പോകുന്നത് രാജഗുരുവിനു ഭൂഷണമല്ല.’ എന്നായി രാജാവ്. വസിഷ്ഠന്‍ ഏതായാലും ഇന്ദ്രന്‍റെ  യജ്ഞത്തിനു തന്നെ പോയി.

രാജാവ് യജ്ഞം നീട്ടിവയ്ക്കാതെ ഗൌതമഋഷിയെ ഗുരുവാക്കി. അദ്ദേഹം അയ്യായിരം കൊല്ലത്തെ ദീക്ഷയെടുത്ത് ഹിമവല്‍ പാര്‍ശ്വത്തുള്ള ഒരു തടാകത്തിന്റെ കരയില്‍ യാഗം തുടങ്ങി. അനേകം ബ്രാഹ്മണര്‍ക്കദ്ദേഹം കയ്യയച്ച് ദാനം ചെയ്തു. അളവറ്റ ധനം, പശു, മറ്റു വിഭവങ്ങള്‍ എന്നിവ മുനിമാര്‍ക്കും ബ്രാഹ്മണര്‍ക്കും നല്‍കി.

അപ്പോഴേയ്ക്കും ഇന്ദ്രന്‍റെ യജ്ഞം കഴിഞ്ഞു. അഞ്ഞൂറ് വര്‍ഷം കഴിഞ്ഞുപോയിരുന്നു. അപ്പോള്‍ വസിഷ്ഠന്‍ രാജാവിനെ കാണാന്‍ യജ്ഞശാലയില്‍ എത്തി. അപ്പോള്‍ നിമി രാജന്‍ നല്ല ഉറക്കത്തിലായതിനാല്‍ ആരും അദ്ദേഹത്തെ ഉണര്‍ത്തിയില്ല. അതുകൊണ്ട് വസിഷ്ഠനെ സ്വീകരിക്കാന്‍ അദ്ദേഹം കൊട്ടാരവാതില്‍ക്കല്‍ വന്നില്ല.

’ഗുരുവായ എന്നെ നീ മാനിച്ചില്ല, മാത്രമല്ല ഞാന്‍ തടഞ്ഞിട്ടും അന്യന്‍ ഒരാളെ ഗുരുവായി വരിച്ചു നീ യജ്ഞം നടത്തുന്നു. എന്നെ നിന്ദിച്ഛതിനാല്‍ നിന്നെ ഞാന്‍ ശപിക്കുന്നു. നീ വിദേഹനായിപ്പോകട്ടെ. നിന്‍റെ ദേഹം വീണ്‌പോകട്ടെ.'

മുനിയുടെ ശാപമറിഞ്ഞ കാവല്‍ക്കാര്‍ രാജാവിനെ ഉണര്‍ത്തി. ഓടിച്ചെന്നു ഗുരുവിനെക്കണ്ട് നിഷ്കളങ്കനായി പറഞ്ഞു: ‘ഞാന്‍ എന്ത് ചെയ്തു ഗുരോ? അങ്ങല്ലേ വിത്തത്തിലുള്ള ആര്‍ത്തികൊണ്ട് ഇന്ദ്രന്‍റെ യജ്ഞം നടത്തിക്കാന്‍ പോയത്? അങ്ങയോടു ഞാനെത്ര ആപേക്ഷിച്ചിട്ടും അത് കേള്‍ക്കാതെ അങ്ങ് പോയി. അങ്ങേയ്ക്ക് ധര്‍മ്മം എന്തെന്നറിയാം എന്നിട്ടും അതാചരിക്കാതെ അങ്ങ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചു സന്തോഷിക്കുന്നു. ബ്രഹ്മപുത്രനായ അങ്ങ് ഒരു നല്ല വിപ്രന്റെ കര്‍മ്മം അനുഷ്ടിച്ചില്ലല്ലോ. അതിന്റെ ഗതിവിഗതികള്‍ എന്തെന്ന് അങ്ങറിയുന്നില്ലേ? എന്നിട്ട് അങ്ങിപ്പോള്‍ സ്വന്തം ദോഷം കാണാതെ എന്നെ ശപിക്കുകയാണ്. യാതൊരു കാരണമില്ലാതെ കോപിക്കുന്നവന്‍ ചണ്ടാളനേക്കാള്‍ നികൃഷ്ടനാണ്. സുജനങ്ങള്‍ കോപത്തെ അടക്കുകയാണ് വേണ്ടത്. കോപം കൊണ്ട് അങ്ങയുടെ ഉടല്‍ വേര്‍പെട്ടു പോകട്ടെ എന്ന് ഞാന്‍ ശപിക്കുന്നു.’

അങ്ങിനെ രണ്ടാളും പരസ്പരം ശപിച്ചു. അപ്പോള്‍ രണ്ടാള്‍ക്കും ദുഖമായി. മുനി ബ്രഹ്മാവിനെ ചെന്ന് കണ്ടു. ‘എങ്ങിനെയാണ് ഞാനീ നിലയില്‍ നിന്നും കരകയറുക? ഇനി ദേഹമെടുക്കേണ്ടി വന്നാല്‍ ആരാണെന്റെ മാതാപിതാക്കള്‍?. പിതാവേ, എന്‍റെ പഴയ ദേഹം തന്നെ തിരിച്ചു കിട്ടണം എന്നുണ്ട്. എന്നിലെ ജ്ഞാനവും പോകാതെയിരിക്കണം.’

‘മിത്രാവരുണന്‍മാരുടെ തേജസ്സില്‍ നിനക്ക് വാഴാം. എന്നിട്ട് സമയമാവുമ്പോള്‍ യോനിജനായി ജന്മമെടുക്കാം. അപ്പോള്‍ നിനക്ക് ദേഹം തിരികെ കിട്ടി വീണ്ടും പഴയതുപോലെ സര്‍വ്വാരാദ്ധ്യനായി നടക്കാം.’ പിതാവിനെ പ്രദക്ഷിണം ചെയ്ത് വസിഷ്ഠന്‍ അവിടെ നിന്നും മടങ്ങി. മുനി നേരെ വരുണന്റെ ഗൃഹത്തില്‍ ചെന്നു. സ്വദേഹം വെടിഞ്ഞിട്ട്‌ സൂക്ഷ്മശരീരിയായി മിതാവരുണന്‍മാരുടെ ഉള്ളില്‍ക്കയറി.

ഒരിക്കല്‍ ഉര്‍വ്വശി സഖികളുമായി വരുണാലയത്തില്‍ എത്തിച്ചേര്‍ന്നു. മിത്രാവരുണര്‍ രണ്ടാളും ആ അതിസുന്ദരിയെക്കണ്ട് കാമാതുരരായി. ‘പൂവമ്പന്‍ തോല്‍പ്പിച്ചതിനാല്‍ നിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഞങ്ങളെ നീ സ്വീകരിച്ചാലും’ എന്നവര്‍ അവളോടഭ്യര്‍ത്ഥിച്ചു. ഉര്‍വ്വശി സമ്മതം മൂളി. അവരുടെ ആഗ്രഹം അറിഞ്ഞ അപസരസ്സ് അവരുടെ കൂടെ കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങിനെയിരിക്കെ പെട്ടെന്ന് ഒരുദിവസം അബദ്ധവശാല്‍ മൈത്രാവരുണരുടെ രേതസ്സ് ഒരു കുടത്തില്‍ പതിക്കാനിടയായി. ആ കുടത്തില്‍ നിന്നും രണ്ടു കുമാരന്മാര്‍ പിറന്നു. അതിസുന്ദരന്മാരായ ഇവരാണ് അഗസ്ത്യനും വസിഷ്ഠനും. അഗസ്ത്യന്‍ ജനിച്ചപ്പോഴേ തപസ്സിനായി കാടകം പൂകി. വസിഷ്ഠന്‍ ഇക്ഷ്വാകുവംശത്തിന്റെ ഗുരുവായി. ഇതാണ് മിത്രാവരുണന്‍ എന്ന പേര് വസിഷ്ഠമുനിക്ക് കിട്ടാനിടയായതിന്റെ കഥ.