Devi

Devi

Saturday, October 21, 2017

ദിവസം 290 ശ്രീമദ്‌ ദേവീഭാഗവതം. 11-5.ജപമാലാലക്ഷണം

ദിവസം 290  ശ്രീമദ്‌ ദേവീഭാഗവതം. 11-5. ജപമാലാലക്ഷണം

ലക്ഷണം ജപമാലയാ: ശൃണു വക്ഷ്യാമി ഷണ്മുഖ
രുദ്രാക്ഷസ്യ മുഖം ബ്രഹ്മാ ബിന്ദു രുദ്ര ഇതീരിതാ
വിഷ്ണു: പുച്ഛം ഭവേച്ചൈവ ഭോഗമോക്ഷഫലപ്രദം
പഞ്ചവിംശതിഭിശ്ചാക്ഷൈ: പഞ്ചവക്ത്രൈ: സകണ്ടകൈ:

ഈശ്വരൻ പറഞ്ഞു: ജപമാലാ ലക്ഷണം ഇനിപ്പറയാം. ത്രിമൂർത്തിസ്വരൂപമായ രുദ്രാക്ഷത്തിന്റെ മുഖം ബ്രഹ്മാവും ബിന്ദു രുദ്രനുമാകുന്നു. പുച്ഛഭാഗം വിഷ്ണുവാണ്.

അഞ്ചു മുഖങ്ങളുള്ള ഇരുപത്തിയഞ്ച് രുദ്രാക്ഷമണികൾ തിരഞ്ഞെടുക്കുക. ചുവപ്പ്, വെള്ള, മിശ്രവർണ്ണം, എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ആരങ്ങളുള്ള മണികളാണ് തിരഞ്ഞെടുക്കേണ്ടത്. അവ തുളച്ച് പശുവിന്റെ വാൽപോലെ കോർത്തെടുക്കുക. രുദ്രാക്ഷത്തിന്റെ മുഖത്തോടു മുഖം ചേർത്ത്, വാലറ്റത്തെ വാലറ്റം ചേർത്ത് കൊരുത്ത് ഒടുവിൽ അറ്റത്തുള്ള രണ്ട് മണികളുടെയും മുഖം മുകളിലേക്ക് പിടിച്ച് നാഗപാശരൂപത്തിൽ കെട്ടിവയ്ക്കണം. അത് ഗന്ധജലം, പഞ്ചഗവ്യം, ശുദ്ധജലം, എന്നിവയിൽ കഴുകിയിട്ട് മന്ത്രന്യാസം ചെയ്ത് ശിവാസ്ത്രമന്ത്രത്താൽ സ്പർശനവും, കവചവും അനുഷ്ഠിക്കുക. പിന്നെയും മൂലമന്ത്രം ന്യസിച്ച് സദ്യോജാതം ജപിച്ച് നൂറ്റിയെട്ട് തവണ മൂലമന്ത്രം ജപിച്ച് മാലയെ ശുദ്ധമായ ഒരിടത്ത് വയ്ക്കുക.

സാക്ഷാൽ സാംബശിവനെയാ മാലയിൽ ആവാഹിക്കുക. അങ്ങിനെ സാധകന് സർവ്വകാമങ്ങളെയും സാധിക്കാം. മറ്റുള്ള ദേവതമാരെയും അവർക്ക് ചേർന്ന ഉചിത മന്ത്രങ്ങളാൽ പൂജിക്കാവുന്നതാണ്. ഭക്തിയോടെ ഈ മാല ശിരസ്സിലോ കഴുത്തിലോ ചെവിയിലോ അണിയാവുന്നതാണ്. ഷൺമുഖാ, ഇനി ഞാനെന്തിനു കൂടുതൽ വിസ്തരിക്കണം? രുദ്രാക്ഷ ധാരണം അത്യന്തം ഉത്തമമാണ്.

സ്നാനം, ദാനം, ജപം, ഹോമം, വൈശ്വദേവം, ദേവാർച്ചനകൾ, പ്രായശ്ചിത്തം, ശ്രാദ്ധം, ദീക്ഷവൈദികകർമ്മങ്ങൾ എന്നിവയ്ക്കെല്ലാം രുദ്രാക്ഷമില്ലങ്കിൽ അവ ഫലപ്രദമാവില്ല. മാത്രമല്ല നരകഭയവും സാധകനെ വിട്ടുപോവുകയില്ല. സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷം ശിരസിലോ കഴുത്തിലോ കൈയിലോ ശുദ്ധമായി ധരിക്കുക. അന്യൻ ഉപയോഗിച്ച രുദ്രാക്ഷം അശുദ്ധമാകയാൽ അത് ധരിക്കരുത്. അശുദ്ധനായി രുദ്രാക്ഷം കൈകാര്യം ചെയ്യരുത്. രുദ്രാക്ഷവൃക്ഷത്താൽ തട്ടിയ കാറ്റ് പോലും പവിത്രമാണ്. അതേറ്റ പുൽക്കൊടി പോലും പുണ്യലോകം പ്രാപിക്കും. രുദ്രാക്ഷം ധരിച്ചു കൊണ്ട് ഒരുവൻ ചെയ്യുന്ന മഹാപാപങ്ങൾ പോലും ഇല്ലാതാകും എന്ന് ജാബാലശ്രുതിയിൽ പറയുന്നു. മൃഗങ്ങൾപോലും രുദ്രാക്ഷം ധരിച്ചാൽ രുദ്രനാവും. പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ?

ശിവഭക്തനായ ഒരുവൻ തലയിലൊരു രുദ്രാക്ഷമെങ്കിലും എപ്പോഴും ധരിക്കണം. അവനെ ദു:ഖങ്ങൾ തീണ്ടുകയില്ല. സർവ്വപാപങ്ങളും നശിച്ച് അവൻ സുഖിയാവും. രുദ്രാക്ഷം ധരിച്ച് ശിവനാമം ജപിക്കുന്നവൻ ഭാഗവതൻമാരിൽ ഉത്തമനത്രെ. ശ്രേയസ്സിനായി ആഗ്രഹിക്കുന്ന മനുഷ്യൻ ദേഹത്തെവിടെയെങ്കിലും - ചെവിയിലോ, കഴുത്തിലോ, വയറ്റത്തോ, ശിഖയിലോ, കൈയിലോ രുദ്രാക്ഷം ധരിക്കുന്നു. ത്രിമൂർത്തികളും, മറ്റു ദേവൻമാരുമിത് നിരന്തരം അണിയുന്നുണ്ട്. മാത്രമല്ല സപ്തർഷിമാരും തദ് വംശജരായ മഹർഷിമാരും ശ്രുതിയനുസരിച്ച് ജീവിക്കുന്നവരും രുദ്രാക്ഷധാരികളത്രേ.

രുദ്രാക്ഷം ഇത്രമേൽ മഹത്താണെന്നുള്ളതുകൊണ്ട് അതിൽ ശ്രദ്ധയില്ലാത്തവർക്കും ജന്മജന്മാന്തരങ്ങൾ കൊണ്ട് മഹാദേവപ്രസാദത്താൽ രുദ്രാക്ഷധാരണത്തോട് അഭിവാഞ്ഛ സഹജമായി ഉണ്ടായി വരും. ജാബാലമുനിമാർ രുദ്രാക്ഷത്തെ പ്രകീർത്തിക്കുന്നു. അതാണ് ഞാനും നിനക്ക് പറഞ്ഞു തരുന്നത്. ലോകപ്രസിദ്ധമാണ് ഈ മാഹാത്മ്യം. രുദ്രാക്ഷ ദർശനം പുണ്യപ്രദമാണ്. അതിനെ സ്പർശിയച്ചാൽ കോടിഗുണമാണ്. ധരിച്ചാലോ ആറ് കോടിയാണ് ഫലം. രുദ്രാക്ഷമാല വച്ച് ജപിക്കുന്നവന് അസംഖ്യം കോടി മടങ്ങാണ് പുണ്യഫലം കിട്ടുക.

ശിരസ്സിലോ കൈയിലോ മാറിലോ കഴുത്തിലോ ചെവിയിലോ രുദ്രാക്ഷം അണിഞ്ഞവൻ രുദ്രതുല്യനാണ്. അവൻ അവധ്യനാണ്. രുദ്രൻ സഞ്ചരിക്കുന്നതുപോലെ അവന് എവിടെയും സഞ്ചരിക്കാം. രുദ്രാക്ഷധാരിയെ എല്ലാവരും പൂജിക്കണം. സ്വകർമ്മം വെടിഞ്ഞു നടക്കുന്നവനും പാപിയും കുലമില്ലാത്തവനും രുദ്രാക്ഷം ധരിച്ച് മുക്തനാവാം. കേവലമൊരു നായാണെങ്കിലും രുദ്രാക്ഷം ധരിച്ചുകൊണ്ടു് മരിക്കുകയാണെങ്കിൽ അതിനും പരമഗതി കിട്ടും. പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? ജപധ്യാനങ്ങൾ ഇല്ലാത്തവനാണെങ്കിലും രുദ്രാക്ഷധാരിയുടെ സകലപാപങ്ങളും ഇല്ലാതായി അവന് പരമപദം പ്രാപ്തമാവും.

മനുഷ്യനായി പിറന്നവൻ ഒരു രുദ്രാക്ഷമെങ്കിലും ദേഹത്തണിഞ്ഞ് തന്റെയും തന്റെ കുലത്തിലെ ഇരുപത്തിയൊന്നു തലമുറയിലുള്ളവരുടെയും പരമ സദ്ഗതി ഉറപ്പാക്കണം. അങ്ങിനെ രുദ്ര ലോകത്ത് അവനും പൂജിതനാവാം.

No comments:

Post a Comment