Devi

Devi

Sunday, December 10, 2017

Srimad Devi Bhagavatham Nithyaparayanam: available in amazon.com

Srimad Devi Bhagavatham Nithyaparayanam: Retelling of Devibhagavatham (Malayalam Edition) (Malayalam) Paperback

644 pages

available in amazon.com







































https://www.amazon.com/Srimad-Devi-Bhagavatham-Nithyaparayanam-Devibhagavatham/dp/1981339663/ref=sr_1_1?s=books&ie=UTF8&qid=1512921149&sr=1-1









https://www.amazon.ca/Srimad-Devi-Bhagavatham-Nithyaparayanam-Devibhagavatham/dp/1981339663/ref=sr_1_1?ie=UTF8&qid=1513057654&sr=8-1&keywords=sukumar+canada

Saturday, December 2, 2017

ആമുഖം

ആമുഖം

കേവലം കളിക്കോപ്പെന്നപോലീ ജഗത്തിന്‍ 
സൃഷ്ടി,സ്ഥിതി,സംഹാരമാം ലീലയാടി
പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീത്യാദി 
വാക്കായ് ഒളിഞ്ഞും തെളിഞ്ഞും വിളങ്ങി
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കുപോലും 
വന്ദ്യയായ്, സംപ്രീതയായ് തിളങ്ങി
വാണീവൈഭവദേവിയായ് വിലസുന്നൊര-
മ്മയെൻ  വാക്കിലും ചേര്‍ക്കട്ടെ സാന്ദ്രാമൃതം

പഠിക്കാനായി ചെയ്തൊരു പുനരാഖ്യാനം:

വ്യാസരവിരചിതങ്ങളായ പുരാണങ്ങളില്‍വച്ച് ‘മഹാപുരാണം’ എന്ന് വിളിക്കപ്പെടുന്ന ശ്രീമദ്‌ ദേവീഭാഗവതം ആദ്യമായി എന്‍റെ കയ്യിലെത്തുന്നത് ശ്രീമാന്‍ ടി.എസ്. തിരുമുന്പിന്‍റെ ഭാഷാവിവര്‍ത്തനത്തിന്‍റെ രൂപത്തിലാണ്. ലളിതമായ കാവ്യഭാഷയില്‍ അദ്ദേഹമെഴുതിയത് വായിച്ചു തുടങ്ങുമ്പോഴേയ്ക്ക് ശ്രേയസ്സ് വെബ്സൈറ്റില്‍ അതാ ദേവീഭാഗവതത്തിന്‍റെ മൂലം, പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ളത് ശ്രീമാന്‍ എന്‍ പി  നമ്പ്യാതിരിയുടെ തര്‍ജ്ജിമസഹിതം മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. രണ്ടു പുസ്തകങ്ങളും ചേര്‍ത്തുവച്ച് വായിച്ചു തുടങ്ങിയപ്പോള്‍ കഥകളുടെ രസവും അതിലെ വേദാന്തസാരത്തിന്‍റെ തെളിച്ചവും നന്നായി ആസ്വദിച്ചുതുടങ്ങി. അത്  നവരാത്രിക്കാലവുമായിരുന്നു. ഈ മഹാപുരാണം വായിച്ചു ‘മനസ്സിലാക്കിക്കളയാം’ എന്ന  സ്വാര്‍ത്ഥപരമായ ആഗ്രഹത്തോടെയാണ് ഈ പുനരാഖ്യാനം തുടങ്ങി വച്ചത്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ എന്നൊന്നും പ്രശ്നമായിരുന്നില്ല. മിക്കവാറും ദിവസങ്ങളില്‍ ദേവിയുടെ കഥകളിലും അമ്മയുടെ അദൃശ്യമെങ്കിലും അവാച്യമായ സ്നേഹലാളനത്തിലും മുഴുകി എഴുതുകയായിരുന്നു. ബ്ലോഗില്‍ നിന്നും അത് ഏതാണ്ടൊരു വര്‍ഷം ജന്മഭൂമി ദിനപ്പത്രത്തിലെ സംസ്കൃതി പേജുകളില്‍ വെളിച്ചം കണ്ടു. 323 അദ്ധ്യായങ്ങളില്‍ ദേവിയുടെ കഥകളും പൊരുളും ചുരുളഴിഞ്ഞപ്പോഴേയ്ക്ക് ഇതിന്‍റെ “understanding” നേക്കാള്‍ എനിക്ക് വഴങ്ങുന്നത് “standing under” ആണെന്ന് മനസ്സിലായി. ‘എഴുതിക്കഴിഞ്ഞസ്ഥിതിയ്ക്ക് ഇനി വായന തുടങ്ങണം’ എന്ന അവസ്ഥയിലായി ഞാന്‍ എന്നര്‍ത്ഥം. അത്രയ്ക്ക് ഗഹനവും ഗൂഢവുമാണിതിന്‍റെ വിഷയം.

ഈ മഹാപുരാണത്തിന്‍റെ പുനരാഖ്യാനത്തില്‍ എനിയ്ക്ക് സ്വന്തമെന്ന് അവകാശപ്പെടാന്‍ ദേവിയുടെ കൃപാകടാക്ഷമല്ലാതെ മറ്റൊന്നും തന്നെയില്ല. നമുക്ക് മുന്‍പേ അത്യുദാത്തമായ രീതിയില്‍ കഥകള്‍ പറഞ്ഞും കഥയിലെ നേര് തൊട്ടറിഞ്ഞും കടന്നുപോയവരുടെ വാക്കുകള്‍ കടമെടുത്തും കവര്‍ന്നെടുത്തും ദേവിയുടെ ചരിതമെടുത്തെഴുതിയെന്നേയുള്ളു. ഇതിലുള്ള ദേവീചരിതമാധുരി ആര്‍ക്കെങ്കിലും രസനിഷ്യന്തിയായി തോന്നുന്നുവെങ്കില്‍ അത് മൂലകൃതിയെഴുതിയ വ്യാസ ഭഗവാന്‍റെയും വിവര്‍ത്തനങ്ങളിലൂടെ അത് നമ്മിലെത്തിച്ചവരുടെയും സംഭാവനയാണ്. ഇതിലുള്ള പോരായ്മകള്‍ തുടക്കക്കാരനായ എന്‍റെ വകയാണ്.  സദയം ക്ഷമിച്ചാലും.

ഡോ. സുകുമാര്‍ കാനഡ.




സമര്‍പ്പണം: അമ്മയ്ക്ക്


സമര്‍പ്പണം:  അമ്മയ്ക്ക് 

കാരുണ്യദീപം

കൃപയാലുരുവായ കാരുണ്യദീപം
ഹൃദയാലുത്വമാം മാതൃഭാവം
കൈനീട്ടിപ്പുണരും കൈവല്യനിലയം
തത്ത്വ സ്വരൂപത്തിൻ പ്രത്യക്ഷഭാവം

അമ്മാ.. അനാദ്യന്തവെണ്മ
ആ മടിയിൽ എല്ലാരുമൊന്നെന്ന ഉണ്മ
അമ്മിഞ്ഞപ്പാലുപോൽ നിർമ്മലസ്നേഹം
കൊണ്ടുള്ളം തണുപ്പിക്കുമമ്മ

അമൃതസമാനമാം വാക്കിന്‍റെ തേൻ തുള്ളി
അകതാരിലിറ്റിക്കുമമ്മ – അമ്മ
അമൃതാനന്ദമാം സാന്ദ്രാനന്ദത്തിൻ
അതിരുകളില്ലാത്ത കോവിൽ... അമ്മ
അതിരുകളില്ലാത്ത കോവിൽ

അമ്മാ.. അനാദ്യന്തവെണ്മ
അവിടെയെല്ലാരുമൊന്നെന്ന ഉണ്മ
ആടിയുലയുമെൻ മനസ്സിലെ തിരിനാളം
നേരേ തെളിക്കുന്നതമ്മ
ധ്യാന സപര്യയ്ക്കു വഴികാട്ടിയായെന്‍റെ
മുൻപേ നടക്കുന്നതമ്മ

ആ ദുഗ്ദ്ധമൊന്നു മുകർന്നാൽപ്പിന്നെ
ആനന്ദമമൃതാക്കുമമ്മ- അമ്മ
അമൃതാനന്ദമാം സാന്ദ്രാനന്ദത്തിൻ
അതിരുകളില്ലാത്ത കോവിൽ... അമ്മ
അതിരുകളില്ലാത്ത കോവിൽ

സുകുമാര്‍

അവതാരിക - “അതുതന്നെ അദ്ധ്യാത്മവിദ്യ”

അവതാരിക 

“അതുതന്നെ അദ്ധ്യാത്മവിദ്യ”
കാവാലം ശശികുമാര്‍

ശ്രീ ദേവ്യൈ നമഃ
ആദിശങ്കരന്‍റെ 'സൗന്ദര്യലഹരി'യില്‍ മുപ്പത്തിയൊന്നാം ശ്ലോകം ഇങ്ങനെയാണ്:
''ചതുഃഷഷ്ട്യാ തന്ത്രൈഃ സമലമതിസന്ധായ ഭുവനം
സ്ഥിതസ്തത്തല്‍ സിദ്ധിപ്രസവ പരതന്ത്രൈഃ പശുപതിഃ
പുനസ്ത്വന്നിര്‍ബന്ധാദഖില പുരുഷാര്‍ത്ഥൈക ഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിതം''

ദേവീമാഹാത്മ്യം ഇത്ര സംഗൃഹമായി, ഗഹനമായി, ഇത്രത്തോളം സമഗ്രമായി കേവലം എഴുപത്തിയെട്ടക്ഷരങ്ങളിലൊതുക്കിയ ആദിശങ്കരനറിയാമായിരുന്നു, അതത് കാലത്ത് ദേവീ മാഹാത്മ്യം വ്യാഖ്യാനിക്കാനും വാഴ്ത്താനും വായിക്കാനും നിയോഗമുള്ളവരുണ്ടാകുമെന്ന്. അത് സത്യവുമായി. ജഗത്ത് മായയായിരിക്കെ, ബ്രഹ്മസത്യത്തെ കണ്ടെത്താനുള്ള വഴിയില്‍, ജഗന്നിയന്താ വായി മായാംബയിലും ബ്രഹ്മത്വം കല്‍പ്പിച്ച്, വിശ്വാസത്തിന്‍റെ ആദ്യപടികളിലെ ആശ്വാസമായും ദേവീസങ്കല്‍പ്പം സര്‍വ്വകാലവും വിരാജിക്കുന്നുവല്ലോ.

''ശ്രീ പരമേശ്വരന്‍ അതത് സിദ്ധികള്‍ ജനിപ്പിക്കുന്ന അറുപത്തിനാല് തന്ത്രങ്ങള്‍കൊണ്ട് സമസ്തപ്രപഞ്ചത്തെയും സന്ധാനം ചെയ്ത് സ്വസ്ഥനായി. എന്നാല്‍, ദേവിയുടെ നിറബന്ധത്താല്‍, അറുപത്തിനാല് തന്ത്രങ്ങളിലും വിവരിച്ചിരിക്കുന്ന പുരുഷാര്‍ത്ഥങ്ങളെല്ലാം സമാര്‍ജ്ജിക്കുന്നതി നുതകുന്ന ദേവീതന്ത്രത്തെ ഭൂമിയില്‍ അവതരിപ്പിച്ചു''വെന്നാണ് ആ ശ്ലോകത്തിലൂടെ ശങ്കരന്‍റെ സൗന്ദര്യസങ്കല്‍പ്പനം. അതാണ് ശ്രീവിദ്യോപാസനം.

ദ്വന്ദ്വങ്ങളുടെ ഈ പൂരണമാണ് സമ്പൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗം. പുരുഷാര്‍ത്ഥങ്ങള്‍ സാദ്ധ്യമാക്കുന്ന തന്ത്രങ്ങള്‍ പരമശിവന്‍ സന്ധാനം ചെയ്തപ്പോള്‍ ദേവി അതു പൂരിപ്പിച്ചു. ഇഹവും പരവും ചേരുന്ന, ഐഹികതയും ആത്മീയതയും ചേരുന്ന ദ്വന്ദ്വങ്ങളുടെ ചേര്‍ച്ച, അതാണല്ലോ ''ശിവഃശക്ത്യാ യുക്തി,'' അതുതന്നെയാണല്ലോ കവി കാളിദാസന്‍ സാഹിത്യത്തില്‍ പ്രാര്‍ത്ഥിച്ച ''വാഗര്‍ത്ഥാവിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തി”. ഇഹപരങ്ങളുടെ ഇരുകരകളും ചേര്‍ന്നാണ് ജീവനദിയുടെ ശാന്തമായ ഒഴുക്കിനു വഴിയൊരുക്കുന്നത്, അത് ഗംഗയോ, ഡോണോ, വോള്‍ഗയോ, മിസിസിപ്പിയോ ആയാലും.

അതുകൊണ്ടായിരിക്കണമല്ലോ പ്രഗത്ഭ സാങ്കേതികവിദഗ്ദ്ധനായ ഡോ. എ. പി. സുകുമാര്‍ കേരളത്തില്‍നിന്ന് കാനഡയിലെത്തിയതും ആദ്ധ്യാത്മികവഴികളില്‍ മനസാ സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ക്ക് വഴിതുറക്കുന്നതും. യോഗവാസിഷ്ഠം സ്വയം വായിച്ചാസ്വദിച്ച് അതുപ്രകാരം ജീവിക്കാന്‍ ശ്രമിച്ചാല്‍പോരാ, ആ വഴിയില്‍ മറ്റ് തല്‍പ്പരരേയും നയിക്കണമെന്ന് നിശ്ചയിക്കാന്‍ തോന്നും ചിലര്‍ക്ക്. അപ്പോള്‍ ഞാന്‍ അറിഞ്ഞ യോഗവാസിഷ്ഠം ഇങ്ങനെയെന്ന് അറിയിക്കാന്‍ തോന്നും അതിനു കഴിയുന്നവര്‍ക്ക്. അങ്ങനെയാണ് വ്യാഖ്യാനങ്ങള്‍ പിറക്കുന്നത്. അങ്ങനെ യുള്ളവര്‍ വ്യാഖ്യാനിക്കാനുണ്ടാവുമെന്ന ആദിശങ്കരന്‍റെ ഉറപ്പാണ് യോഗവാസിഷ്ഠത്തിന്‍റെ വിവര്‍ത്തനത്തിലൂടെയും  'ശ്രീമദ് ദേവീഭാഗവത'ത്തിന്‍റെ വ്യാഖ്യാനത്തിലൂടെയും  ഡോ. സുകുമാര്‍ കാനഡ യാഥാര്‍ത്ഥ്യമാക്കുന്നത്.

ബൃഹദ്രഥനെന്ന രാജാവിന്‍റെ കഥയുണ്ട് ദേവീഭാഗവതത്തില്‍. അദ്ദേഹം പൂര്‍വ്വജന്മത്തില്‍ ഒരു ചക്രവാകപ്പക്ഷിയായിരുന്നു. ഇരതേടി അലയവേ ഒരിക്കല്‍ അന്നപൂര്‍ണ്ണാദേവിയെ വലം വെച്ചു പറന്നു. ബോധപൂര്‍വ്വം ചെയ്തതല്ലെങ്കിലും ഈ കര്‍മ്മം വഴി അതിന് അസാമാന്യ സിദ്ധികള്‍ ലഭിച്ചു. രണ്ട് കല്‍പ്പകാലം സ്വര്‍ഗ്ഗവാസം കിട്ടി. പിന്‍ജന്മത്തില്‍ ത്രികാലജ്ഞാനവും ലഭിച്ചു. ദുഷ്ടജീവിതം നയിച്ചെങ്കിലും മരണവേളയില്‍, മകനായ നാരായണനെ വിളിച്ചപ്പോള്‍ സാക്ഷാല്‍ നാരായണന്‍ മോക്ഷം നല്‍കിയ അജാമിളന്‍റെ  കഥപോലെ; 'അബ്ദാര്‍ദ്ധേന ഹരിം പ്രസന്ന മകരോദൗത്താനപാദ'ന്‍റെ, 'സപ്താഹേന മോക്ഷം ലഭിച്ച നൃപഃ പരീക്ഷിതി'ന്‍റെ', ‘യാമാര്‍ദ്ധം കൊണ്ട് സായൂജ്യം നേടിയ പിംഗള'യുടെ കഥപോലെ, ബൃഹദ്രഥന്‍റെ വാക്കുകള്‍ ഡോ. സുകുമാര്‍ ഈ വ്യാഖ്യാനത്തില്‍ എഴുതുന്നത് അദ്ദേഹത്തിന്‍റെ നിലപാടുപ്രഖ്യാപനംകൂടിയാണെന്നു കരുതാം. ബൃഹദ്രഥനിലൂടെ പറയുന്നതിങ്ങനെ: ''ജഗദംബികയെ നിരന്തരം ധ്യാനിക്കുക തന്നെയാണ് ലോകത്ത് ഏറ്റവും മഹത്തായ കര്‍ത്തവ്യം. ദേവിയെ നിര്‍ഗുണയായോ സഗുണയായോ ആരാധിക്കാം.''

ശ്രീമദ് ദേവീഭാഗവതത്തിന് ശ്രീ.ടി.എസ്.തിരുമുന്‍പിന്‍റെ ഭാഷാവിവര്‍ത്തനവും ശ്രീ. എന്‍.വി.നമ്പ്യാതിരിയുടെ മൂലംവിവര്‍ത്തനവും ആധാരമാക്കി നടത്തിയ പുനരാഖ്യാനമാണ് സുകുമാറിന്‍റെ ഈ പ്രയത്‌നം. ഗഹനമായ വിഷയങ്ങളുടെ വ്യാഖ്യാനവും വിവര്‍ത്തനവും ഏറ്റവും ലളിതമാക്കുക എന്നതാണ്, വിഷയം അതിലളിതമായി ഉള്‍ക്കൊണ്ടുകഴിഞ്ഞാലുള്ള വെല്ലുവിളി. ഉള്ളിലുള്ളതു പറയാന്‍ അതിലളിതമായ മലയാളഭാഷ സമര്‍ത്ഥമായി ആവുന്നത്ര ഉപയോഗിക്കുന്നുവെന്നതാണ് ഈ പുനരാഖ്യാന ത്തിന്‍റെ പ്രത്യേകത.

നിത്യപാരായണത്തിന് ലക്ഷ്യമാക്കി തയ്യാറാക്കിയ ഈ ഭാഗവതത്തിന്‍റെ നാല്‍പ്പതാം  ദിവസം ദേവീദര്‍ശനത്തില്‍, ബ്രഹ്മാവിന്‍റെ വിവരണം ഡോക്ടര്‍ ഇങ്ങനെ എഴുതുന്നു: ''വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ് അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്. അവിടെ രത്‌നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു. അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്‍റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര്‍ മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി...''
സൗന്ദര്യ ലഹരിയില്‍ ''സുധാ സിന്ധോര്‍മദ്ധ്യേ സുരവിടപിവാടീ പരിവൃതേ, മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ...'' എന്ന് ശങ്കരന്‍ കണ്ട കാഴ്ചയുടെ എത്ര സുന്ദരമായ, ലളിതമായ മലയാളം.

അറിയുക, അറിഞ്ഞത് അറിയിക്കുക, അറിവ് പരത്തുക, അതുതന്നെയാണല്ലോ അദ്ധ്യാത്മവിദ്യ.

------------------------------------------------------------------------------------------------------------------
ജന്മഭൂമി ദിനപ്പത്രത്തിന്‍റെ സഹപത്രാധിപരാണ് ശ്രീ കാവാലം ശശികുമാര്‍. യോഗവാസിഷ്ഠം നിത്യപാരായണരൂപത്തില്‍ വിവര്‍ത്തനം ചെയ്തപ്പോഴും ശ്രീമദ്‌ ദേവീഭാഗവതം പുനരാഖ്യാനം ചെയ്തപ്പോഴും അത് ദിനംതോറും ജന്മഭൂമിയിലെ സംസ്കൃതി പംക്തിയില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും ശ്രീ ശശികുമാര്‍ തന്നെയാണ്. മലയാളത്തിലെ ദേശീയ ദിനപ്പത്രത്തിന്‍റെ പ്രഗല്‍ഭനായ പത്രാധിപര്‍ മാത്രമല്ല, അറിയപ്പെടുന്ന ഒരെഴുത്തുകാരനും കവിയും ആത്മീയ വിഷയങ്ങളില്‍ അവഗാഹമുള്ളയാളുമാണ് ശ്രീ കാവാലം ശശികുമാര്‍