Devi

Devi

Thursday, November 30, 2017

ദിവസം 323. ശ്രീമദ്‌ ദേവീഭാഗവതം. 12.14. പുരാണഫലദർശനം

ദിവസം 323.  ശ്രീമദ്‌ ദേവീഭാഗവതം. 12.14. പുരാണഫലദർശനം

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം അവസാനിക്കുന്നു. 

അർധശ്ലോകാത്മകം യത്തു ദേവീവക്ത്രാബ്ജനിർഗതം
ശ്രീമദ്ഭഗവതം നാമ ദേവീ സിദ്ധാന്തബോധകം
ഉപദിഷ്ടം വിഷ്ണവേ യദ് വടപത്രനിവാസിനേ
ശതകോടി പ്രവിസ്തീർണ്ണം തത്കൃതം ബ്രഹ്മണാ പൂരാ

സൂതൻ പറഞ്ഞു.: പണ്ട് ആലിലയിൽ കിടന്ന വിഷ്ണുവിനായി ദേവി സ്വയം ഒരു ശ്ലോകാർധമായാണ് ദേവീഭാഗവതം ഉപദേശിച്ചത്. ബ്രഹ്മാവാ ശ്ലോകാർധത്തെ നൂറു കോടി ശ്ലോകങ്ങളാൽ വിസ്തരിച്ചു. അതിന്റെ സാരമെടുത്ത് വ്യാസമഹർഷി പന്ത്രണ്ട് സ്കന്ധങ്ങളും പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ള ദേവീഭാഗവതം ഒരു പുരാണമാക്കി. ഇന്നും ബഹു വിസ്തൃതമായ ആ പുരാണം ദേവലോകത്തുണ്ട്.

ഇതിലും പുണ്യപ്രദമായ മറ്റൊരു പുരാണമില്ല. ഇതിലേയ്ക്ക് വയ്ക്കുന്ന രോ ചുവടും അശ്വമേധയാഗഫലം നൽകുന്നതാണ്. ഈ പുരാണം പാരായണം ചെയ്യുന്നയാൾക്ക് പുതുവസ്ത്രവും ആഭരണങ്ങളും നൽകി ആദരിക്കുക. വ്യാസബുദ്ധിയോടെ ആ പൗരാണികന്റെ സമീപമിരുന്ന് പുരാണം കേൾക്കുക.

സ്വയം എഴുതിയോ അല്ലെങ്കിൽ എഴുതിച്ചോ പുരാണം പകർത്തി  കന്നിമാസത്തിലെ പൗർണ്ണമിയ്ക്ക് ഒരു സുവർണ്ണ പീഠത്തിൽ വച്ച് ദക്ഷിണാ സഹിതം ഈ ഗ്രന്ഥം പാരായണത്തിനായി പുരാണജ്ഞന് നൽകണം. കറവയുള്ള ഒരു കപിലപ്പശുവിനെയും കൂടെ നൽകണം. ഇതിലുള്ള അദ്ധ്യായത്തിന്റെയത്രയെണ്ണം ബ്രാഹ്മണർക്കും സന്യാസിമാർക്കും കുമാരിമാർക്കും അവരെ ദേവിയായി ഭാവനയിൽ കണ്ട് വസ്ത്രാഭരണങ്ങളും അന്നവും പൂക്കളും നൽകി അവരെ പൂജിക്കുക . ഇങ്ങിനെ പുരാണദാനം ചെയ്താൽ ഭൂദാനം ചെയ്തതിന്റെ ഫലം ലഭിക്കും. ഈ ലോകജീവിതം സുഖമയമാവുകയും ഒടുവിൽ സാധകന്‍ ദേവീസവിധമണയുകയും ചെയ്യും.

നിത്യവും ദേവീഭാഗവതം കേൾക്കുന്നവന് ദൗർലഭ്യമായി ഒന്നുമില്ല. അപുത്രന് പുത്രൻ, ധനാർത്ഥിക്ക് ധനം, വിദ്യാർത്ഥിക്ക് വിദ്യ, ലോകത്ത് കീർത്തി എന്നിവയാണ് നിത്യപാരായണത്തിന്റെ ഫലം. വന്ധ്യകളുടെ സകള്‍ ദോഷങ്ങളും ഇതിനാല്‍  തീരും. ഏതു ഗൃഹത്തിലാണോ ദേവീ ഭാഗവതം വച്ചു പൂജിക്കുന്നത്, അവിടെ ലക്ഷ്മിയും സരസ്വതിയും ഒരുമിച്ചു വാഴും.

വേതാള രാക്ഷസ ഡാകിനികൾ ആ ഗൃഹത്തിലേക്ക് നോക്കുക കൂടിയില്ല. ജ്വരബാധിതനെ തൊട്ടുകൊണ്ട് ഒരു മണ്ഡലക്കാലം ഈ പുരാണം പഠിച്ചാല്‍  ജ്വരം വിട്ടുമാറും. പത്താവർത്തി പഠിച്ചാൽ ക്ഷയരോഗം പോലും മാറും.

ദിനവും സന്ധ്യാകർമ്മം ചെയ്ത ശേഷം ഓരോരോ  അദ്ധ്യായങ്ങളായി ഈ പുരാണം പഠിക്കുന്നവൻ ജ്ഞാനിയാവും. ശുഭാശുഭങ്ങളറിയാൻ ശകുനം നോക്കനും ഈ ഗ്രന്ഥം ഉപയോഗിക്കാം.

നവരാത്രികാലത്ത് ഈ ഗ്രന്ഥം പഠിക്കുന്നതു കൊണ്ട് ശ്രീദേവീപ്രീതി നേടാം. ദേവീപ്രീതി നേടിയാൽ പിന്നെ എന്തെന്തു ഫലങ്ങൾ വേണമെങ്കിലും മുന്നിലെത്തുമല്ലോ. ശൈവരും വൈഷ്ണവരും  അവരുടെ ഇഷ്ട ശക്തികളായ ഉമ, രമ എന്നിവരെ പ്രീതിപ്പെടുത്താനും സൗരവരും ഗാണപത്യരും അവരവരുടെ ഇഷ്ടദേവതാപ്രീതിക്കായും നവരാത്രിക്ക് ഈ പുരാണം പഠിക്കണം. ഈ പുരാണത്തോട് ആർക്കും എതിർപ്പില്ല. വായിക്കാനറിയാത്ത സ്ത്രീകൾക്കും ശൂദ്രർക്കും ഈ പുരാണം നിത്യവും മറ്റുള്ളവര്‍ വായിച്ചു കേൾക്കാവുന്നതാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ ഈ പുരാണം വേദസാരം തന്നെയാണ്. ഇതു വായിക്കുന്നതും പഠിക്കുന്നതും വേദം പഠിക്കുന്നതിനു തുല്യമാണ്.

സച്ചിദാനന്ദ സ്വരൂപിണിയും 'ഹ്രീം' ബീജവാച്യയുമായ ഗായത്രീദേവിയെ ഞാൻ നമിക്കുന്നു. ദേവി നമ്മുടെ ബുദ്ധിക്ക് തെളിവേകട്ടെ.

ഇങ്ങിനെ ദേവിയെ നമിച്ച് പുരാണമവസാനിപ്പിച്ച സൂതനെ നൈമിശാരണ്യവാസികൾ പൂജിച്ച് ബഹുമാനിച്ചു. ദേവീ പാദാംബുജങ്ങളിൽ അർച്ചന ചെയ്തും ദേവീചരിതം കേട്ടും കൃതാർത്ഥരായ തപോധനൻമാർ പുരാണത്തിന്റെ പ്രഭാവത്താൽ നിർവൃതചിത്തരായി.

"ഞങ്ങള്‍ക്ക് ഭവസാഗരതരണത്തിനായി എത്തിച്ചേർന്ന തോണിയാണങ്ങ്" എന്ന് നൈമിശാരണ്യവാസികൾ സൂതനെ സ്തുതിച്ച് നമസ്ക്കരിച്ചു.

നാന്മറയുടെ സാരസത്തയായ ദേവീ ഭാഗവതം നിത്യപാരായണം എന്ന ഗ്രന്ഥം സകല നിഗമതത്വങ്ങളും ഉൾക്കൊള്ളുന്നു. ഈ പുരാണ കഥാപീയൂഷം മുനിസംഘത്തെകേൾപ്പിച്ച് അവർക്ക് മംഗളം നേർന്ന് ജഗദംബികയുടെ പാദകമലങ്ങളിലെ തേൻ നുകരുന്ന വണ്ടായ സൂതൻ നൈമിശാരണ്യത്തിൽ നിന്നും നിർഗമിച്ചു.  മറ്റൊരിടത്ത് സൂതനിലൂടെ ദേവീഭാഗവതം അനർഗ്ഗതം നിർഗ്ഗളിക്കുന്നതും പ്രതീക്ഷിച്ച് സജ്ജനങ്ങൾ  കാത്തിരിക്കുന്നുണ്ടായിരുന്നു.

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം സമ്പൂര്‍ണ്ണം.

ഓം നമോ ഭഗവതേ വാസുദേവായ
അമ്മേ നാരായണ

ആപദി കിം കരണീയം?
സ്മരണീയം ചരണയുഗളമംബായ

ഹരി: ഓം
ശ്രീ ഗുരുഭ്യോ നമ:
അവിഘ്നമസ്തു'

ദിവസം 322. ശ്രീമദ്‌ ദേവീഭാഗവതം. 12.13. പരീക്ഷിദുദ്ധരണം

ദിവസം 322.  ശ്രീമദ്‌ ദേവീഭാഗവതം. 12.13. പരീക്ഷിദുദ്ധരണം

ഇതി തേ കഥിതം ഭൂപയദൃത് പൃഷ്ടം ത്വയാനഘ
നാരായണേന യത് പ്രോക്തം നാരദായ മഹാത്മനേ
ശ്രുത്വൈതത്തു മഹാദേവ്യാ: പുരാണം പരമാദ്ഭുതം
കൃതകൃതോ ഭവേൻമർത്യോ ദേവ്യാ: പ്രിയതമോ ഹി സ:

വ്യാസൻ പറഞ്ഞു: അല്ലയോ മഹാരാജാവേ അങ്ങ് ചോദിച്ച കാര്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു. ശ്രീ നാരായണൻ നാരദമഹർഷിയ്ക്ക് പറഞ്ഞു കൊടുത്ത കഥകളും മഹാശയനായ അങ്ങേയ്ക്ക് പറഞ്ഞു തന്നു. പരമാദ്ഭുതമായ ഈ ദേവീ പുരാണം കേൾക്കുന്ന മനുഷ്യൻ ജീവിതത്തിൽ  കൃതാർത്ഥനായിത്തീരുന്നു.  മാത്രമല്ല അവനിൽ ദേവി സംപ്രീതയുമാകും.

മഹാരാജാവേ, അങ്ങ് പിതാവിന്റെ സദ്ഗതിയ്ക്കായി അംബായജ്ഞം തുടങ്ങിയാലും. പിതാവിന്റെ മരണാനന്തരഗതിയെപ്പറ്റി നീ ആകുലനാകയാൽ അത് പോക്കാൻ സർവ്വോത്തമമായ ദേവീമന്ത്രം സ്വീകരിച്ചാലും, അത് വിധിപോലെ കൈക്കൊണ്ട് നിന്റെ ജന്മം സഫലമാക്കിയാലും.

സൂതൻ പറഞ്ഞു: വ്യാസന്റെ വാക്കുകൾ കേട്ട് മഹാരാജാവായ ജനമേജയൻ മഹർഷി യിൽ നിന്നും ദീക്ഷാവിധിയോടെ പ്രണവാത്മകമായ ദേവീമന്ത്രം അപേക്ഷിച്ചു വാങ്ങി. നവരാത്രിയ്ക്ക് ധൗമ്യാദി മുനിമാരെ കൊട്ടാരത്തിലേയ്ക്ക് വിളിച്ചു വരുത്തി യാതൊരുവിധ ലുബ്ധും കൂടാതെ ബ്രാഹ്മണരെക്കൊണ്ട് അംബാമഖം നടത്തിച്ചു. ഈ ദേവീഭാഗവത പുരാണം ദേവിയുടെ മുന്നിൽ വച്ച് പാരായണം ചെയ്ത് ഭഗവതിയെ പ്രസന്നയാക്കി.

ബ്രാഹ്മണർക്കും സുവാസിനികൾക്കും സന്യാസിമാർക്കും കുമാരിമാർക്കും അനാഥർക്കും ദീനർക്കുമെല്ലാം കയ്യയച്ച് ദാനം ചെയ്ത്, മൃഷ്ടാന്നഭോജനവും നൽകി സംപ്രീതരാക്കി. അതിവിപുലമായി നടത്തിയ അംബായജ്ഞം കഴിഞ്ഞ് ജനമേജയൻ കൊട്ടാരത്തിൽ വിശ്രമിക്കവേ ആകാശമാർഗ്ഗത്തിലൂടെ മഹതിയിൽ ഗാനമാലപിച്ചു കൊണ്ട് മഹാമുനിയായ  നാരദൻ ആഗതനായി. കത്തുന്ന തീ പോലുള്ള തേജസ്സിനുടമയായ നാരദമഹർഷിയെ രാജാവ് അർഘ്യപാദ്യാദികൾ നൽകി സ്വീകരിച്ചു. കുശലത്തിനു ശേഷം രാജാവ് മഹർഷിയുടെ ആഗമനോദ്ദേശം ആരാഞ്ഞു.

രാജാവ് പറഞ്ഞു: "മഹർഷേ, അങ്ങിപ്പോൾ എവിടെ നിന്നാണ് വരുന്നത്? എന്താണ് ആഗമനോദ്ദേശം? അങ്ങയുടെ സാന്നിദ്ധ്യം മൂലം  ഞാൻ സനാഥനും കൃതകൃത്യനുമായി."

നാരദമഹർഷി പറഞ്ഞു: "രാജാവേ, ഞാൻ ദേവലോകത്ത് ഒരാശ്ചര്യം ദർശിച്ചു. അക്കാര്യം അങ്ങയോട് പറയാനാണിപ്പോൾ പറന്നെത്തിയത്. കർമ്മദോഷം കൊണ്ട് ദുർഗതിയിലായ നിന്റെ പിതാവ് ഇപ്പോള്‍ ദിവ്യശരീരിയായി ദേവൻമാരാൽ സ്തുതിക്കപ്പെട്ട് അപ്സരസ്സുകളാൽ പരിസേവിതനായി ശ്രേഷ്ഠമായൊരു വിമാനത്തിലേറി ദേവിയുടെ മണിദ്വീപിലേയ്ക്ക് പോവുന്ന കാഴ്ച ഞാൻ കണ്ടു. ദേവീഭാഗവതം കേൾക്കയാലും അങ്ങ് അംബായജ്ഞം നടത്തിയതിനാലുമാണ് അങ്ങയുടെ പിതാവിന് സത്ഗതി പ്രാപിക്കാൻ കഴിഞ്ഞത്. അങ്ങ് ധന്യനും അങ്ങയുടെ ജീവിതം സഫലവുമായി എന്നറിയുക. പിതാവിനെ നരകത്തിൽ നിന്നും കയറ്റി പുത്രനാമത്തെ അങ്ങ് അന്വർത്ഥമാക്കി. നിന്റെ ഖ്യാതി ലോകമെങ്ങും പരന്നിരിക്കുന്നു.

സൂതന്‍ പറഞ്ഞു:  വ്യാസവചനങ്ങൾ കേട്ട രാജാവ് മഹർഷിയുടെ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു.

"ദേവദേവ, അങ്ങയുടെ വാക്കുകൾ കേട്ട്, അങ്ങയുടെ അനുഗ്രഹത്താൽ  ഞാന്‍ ധന്യധന്യനായി. ഇനിയാ പാദങ്ങളിൽ വീണു നമസ്ക്കരിക്കുക എന്നതുമാത്രമേ എനിക്കു ചെയ്യാനുള്ളൂ. അങ്ങേയ്ക്കായി പ്രത്യുപകാരം ചെയ്യാൻ ഞാൻ യോഗ്യനല്ല. അവിടുത്തെ കൃപ എന്നും എന്നാലുണ്ടാവണേ"  എന്ന് രാജാവ് പറഞ്ഞപ്പോൾ മഹർഷി അദ്ദേഹത്തെ അനുഗ്രഹിച്ചു.

"മഹാരാജാവേ, എല്ലാമുപേക്ഷിച്ച് അങ്ങ് ദേവിയുടെ പാദാംബുജങ്ങളെ ആശ്രയിച്ചു കൊള്ളുക. നിത്യവും ദേവീഭാഗവതം പാരായണം ചെയ്യുക. നിത്യവും മുടക്കം കൂടാതെ ഉത്സാഹപൂർവ്വം അംബായജ്ഞം നടത്തുക. അങ്ങിനെ അങ്ങേയ്ക്ക് അനായാസം സംസാരക്കടൽ കടക്കാനാവും.

ഹരി, രുദ്രൻ തുടങ്ങിയവരുടെ പുരാണങ്ങളും പ്രചാരത്തിലുണ്ടെങ്കിലും ദേവീഭാഗവതത്തിന്റെ പതിനാറിലൊന്ന് മാഹാത്മ്യം പോലും അവയ്ക്കില്ല. ഇത് സാക്ഷാൽ മൂലപ്രകൃതിയെ പ്രതിപാദിക്കുന്നതും സകലപുരാണങ്ങളുടേയും വേദങ്ങളുടേയും സാരസാരവുമാണ്. ഇതിനു തുല്യം മറ്റൊന്നില്ല. വേദം പഠിച്ചാലുള്ള പുണ്യമാണ് ഈ പഠിച്ചാൽ ഉണ്ടാവുക. അതു കൊണ്ട് ജനമേജയാ, അൽപ്പം ബുദ്ധിമുട്ടിയായാലും വിദ്വാൻമാർ ഇത് നിത്യവും പഠിക്കണം."

ഇങ്ങിനെ രാജാവിനെ ഉപദേശിച്ചനുഗ്രഹിച്ച് മഹർഷി ബാദരായണൻ എന്ന വ്യാസമുനി  അവിടെ നിന്നു പോയി. സഭയിൽ സന്നിഹിതരായ മുനിമാരും അവരവരുടെ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. എല്ലാവരും ദേവീഭാഗവതത്തെ പ്രശംസിക്കകയം സ്തുതിക്കുകയും ചെയ്തു. മുനിമാരുടെ ഉപദേശപ്രകാരം ദേവീഭാഗവതം നിത്യപാരായണം ചെയ്ത് ജനമേജയൻ സദാ സന്തുഷ്ടചിത്തത്തോടെ രാജ്യഭാരം തുടർന്നു.

ദിവസം 321. ശ്രീമദ്‌ ദേവീഭാഗവതം. 12.12. ചിന്താമണിഗൃഹവർണ്ണനം

ദിവസം 321.  ശ്രീമദ്‌ ദേവീഭാഗവതം. 12.12. ചിന്താമണിഗൃഹവർണ്ണനം

തദേവ ദേവീസദനം മദ്ധ്യഭാഗേ വിരാജതേ
സഹസ്രസ്തംഭസംയുക്താശ്ചത്വാരാസ്തേഷു മണ്ഡപാ:
ശൃംഗാരമണ്ഡപശ്ചൈകോ മുക്തിമണ്ഡപ ഏവ ച
ജ്ഞാനമണ്ഡപസംജ്ഞസ്തു തൃതീയ: പരികീർത്തിത:

വ്യാസൻ തുടർന്നു: ആ പ്രകാശധോരണിയുടെ ഒത്ത നടുക്കായി ദേവിയുടെ സദനം കാണാം. ആയിരം സ്തംഭങ്ങളോടെയുള്ള നാലു മണ്ഡപങ്ങൾ അവിടെയുണ്ട്. ശൃംഗാര മണ്ഡപം, മുക്തി മണ്ഡപം, ജ്ഞാനമണ്ഡപം, ഏകാന്തമണ്ഡപം എന്നിവയാണ് ആ സ്ഥാനങ്ങൾ. നാനാധുപങ്ങൾ പുകച്ചും നാനാവിധാനങ്ങളാൽ അലങ്കരിച്ചും ആ മണ്ഡപങ്ങൾ കോടി സൂര്യപ്രഭയോടെ അതിസുന്ദരങ്ങളായി കാണപ്പെടുന്നു.

മണ്ഡപങ്ങൾക്ക് ചുറ്റുമായി കാശ്മീര പൂന്തോട്ടങ്ങളാണ്. പിച്ചകം, മുല്ല, തുടങ്ങിയ സുഗന്ധവല്ലികൾ നിറഞ്ഞ പൂവാടികകളിൽ കസ്തൂരിഗന്ധം ചൊരിഞ്ഞുകൊണ്ട് മാനുകൾ ഓടി നടക്കുന്നു. രത്നനിർമ്മിതമായ കൽപ്പടവുകൾ ഉള്ള മഹാപത്മതടാകത്തിലെ പൂക്കളിൽ നിന്നും തേനുണ്ട് മത്തരായ മധു ഭൃംഗങ്ങൾ മുരളുന്ന നാദമെങ്ങും കേൾക്കാം. അരയന്നങ്ങളും കുളക്കോഴികളും എല്ലായിടത്തും വിഹരിക്കുന്നു. പൂങ്കാവുകൾ കാറ്റിൽ നിറയെ സൗരഭ്യം പരത്തുന്നു.

ശൃംഗാര മണ്ഡപത്തിൽ അപ്സരസ്സുകൾ ദേവിക്കു ചുറ്റുമിരുന്ന് വിവിധ രാഗങ്ങളിൽ  ഗാനമാലപിക്കുന്നു.  മുക്തി മണ്ഡപത്തിന്റെ മദ്ധ്യത്തിലിരുന്ന് ശിവയായി ദേവി മുക്തിയേകുന്നു. ജ്ഞാനമണ്ഡപത്തിലിരുന്ന് ദേവി അംബികയായി ജ്ഞാനമരുളുന്നു. നാലാമത്തെ മണ്ഡപമായ ഏകാന്ത മണ്ഡപത്തിൽ ഇരുന്നു കൊണ്ട് ജഗത്തിന്റെ രക്ഷയെപ്പറ്റി ദേവി തന്റെ മന്ത്രിമാരുമായി പര്യാലോചിക്കുന്നു.

ചിന്താമണി ഗൃഹത്തിൽ പത്തു സോപാനങ്ങളുള്ള ഒരു മഞ്ചമുണ്ട്. ശക്തി തത്വാത്മകങ്ങളാണ് ആ സോപാനങ്ങൾ ഓരോന്നും. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, എന്നീ കാലുകളും  സദാശിവൻ അതിന്റെ പലകയുമാണ്. അതിനു മുകളിലാണ് ഭുവനേശ്വരിയായ മഹാദേവി ഇരുന്നരുളുന്നത്. ലീലാർത്ഥമായി ദേവിക്ക് ഒരേസമയം മഹാദേവൻ, മഹാദേവി എന്നീ ഭാവങ്ങളുണ്ട്.

സൃഷ്ടിയുടെ സമാരംഭത്തിൽ മഹാദേവിയുടെ പാതിമെയ്യായി കന്ദർപ്പന്റെ ദർപ്പമകറ്റാൻ പോന്ന കാന്തിയോടെ മഹേശ്വരൻ ഉണ്ടായി. മഹേശ്വരന് അഞ്ചു മുഖങ്ങളും മൂന്നു കണ്ണുകളുമാണ്. വരദാഭയങ്ങളും മാനും മഴുവും കൈകളിലേന്തി എന്നും പതിനാറിൽ നിൽക്കുന്ന ആ ദേവദേവൻ സർവ്വേശ്വരൻ തന്നെയാണ്. മണിഭൂഷാവിഭൂഷിതനായ ശുദ്ധസ്ഫടികഛവിയുള്ള ദേവന്റെ കാന്തി കോടി സൂര്യൻമാർക്ക് തുല്യമത്രേ. ആ ദേഹത്തിന് കോടിചന്ദ്രന്റെ ശീതളിമയാണ്. മഹേശ്വരന്റെ വാമാങ്കത്തിൽ ഭുവനേശ്വരിയായി ദേവിയിരിക്കുന്നു.

നവരത്നഖചിതമായ കാഞ്ചിയും അരഞ്ഞാണും വൈരം പതിച്ച മറ്റംഗാഭരണങ്ങളും ധരിച്ച ദേവിയുടെ കാതിൽക്കിടക്കുന്ന തോടകൾക്ക് ശ്രീ ചക്രത്തിന്റെ ശോഭയാണ്. അതിന്റെ തിളക്കം ദേവിയുടെ സ്വതേ പ്രകാശപൂരിതമായ വദന ശോഭയ്ക്ക് ദീപ്തിയേകുന്നു. ദേവിയുടെ നെറ്റിത്തടം ചന്ദ്രക്കലയെ വെല്ലുന്നത്ര തിളക്കമാർന്നതത്രേ. ചെന്തൊണ്ടിപ്പഴം തോൽക്കുന്ന ചുണ്ടുകൾ, തിളക്കമാർന്ന കുങ്കുമപ്പൊട്ട്, കസ്തൂരി കൊണ്ട് തൊടുകുറി, സൂര്യചന്ദ്രപ്രഭമായ ദിവ്യ ചൂഡാമണി, ഉദയസൂര്യ പ്രഭാ കിരണങ്ങൾ പോലെ പ്രഭ.ചൊരിയുന്ന മൂക്കുത്തി, ചിന്താമണിപ്പതക്കം തൂങ്ങുന്ന മുത്തുമാല, ചന്ദനച്ചാറും കർപ്പൂര കുങ്കുമങ്ങളും പുരട്ടിയ കുച കുംഭങ്ങള്‍, ശംഖിനൊത്ത കഴുത്ത്, വിചിത്രങ്ങളായ ആഭരണങ്ങള്‍, താളിമാതളക്കുരുവിനൊക്കുന്ന ദന്തങ്ങള്‍, അമൂല്യ രത്നങ്ങൾ പതിച്ച കിരീടം, പ്രഭാപൂരിതമായ  മുഖകമലത്തിനു മുകളിൽ വണ്ടിനങ്ങളെന്ന പോലെ വിലസുന്ന ശ്യാമാഭയാർന്ന അളകങ്ങള്‍. കളങ്കമറ്റ ചന്ദ്രനെപ്പോലെ തെളിഞ്ഞ മുഖം, ഗംഗാജലത്തിലെ നീർച്ചുഴി പോലെ കുഴിഞ്ഞ പൊക്കിള്‍, മാണിക്യ മോതിരങ്ങൾ അണിഞ്ഞവിരലുകള്‍, താമരപ്പൂ ദളങ്ങളെപ്പോലെ നീണ്ട മൂന്നു കണ്ണുകള്‍, രത്ന കിങ്കിണികൾ കിലുങ്ങുന്ന കങ്കണങ്ങള്‍, തേച്ചുമിനുക്കിയ മഹാപത്മരാഗത്തിന്റെ കാന്തി, മാണിക്യ മുത്തൊളി ചിന്നുന്ന പാദസരങ്ങള്‍, രത്നാംഗുലികൾ അലങ്കരിച്ച കൈകള്‍, നാനാഭരണവിഭൂഷിതമായ മാർക്കച്ച, മുടിയിൽ ചൂടിയ പിച്ചകപ്പൂമണത്താൽ ആകൃഷ്ടരായി പറന്നെത്തുന്ന കരിവണ്ടുകള്‍, തടിച്ചുയർന്ന വട്ടപ്പോർ കൊങ്കകള്‍, വരദം, അഭയം, തോട്ടി, കയർ, എന്നിവയേന്തിയ നാലു തൃക്കരങ്ങള്‍, ശൃംഗാരലാവണ്യരസ സമ്പന്നമായ ആടകള്‍ എല്ലാം സമ്യക്കായി ചേര്‍ന്ന് വിരാജിക്കുന്ന ദേവിയുടെ മൊഴികള്‍  വീണാനാദത്തിന്റെ മധുരിമയെ വെല്ലുന്നതാണ്. കോടി കോടി സൂര്യചന്ദ്രൻമാരെ വെല്ലുന്ന കാന്തിയും തേജസ്സും തൂകി ദാസീസഞ്ചയങ്ങളാലും സകലദേവതമാരാലും  പരിസേവിതയായി ഇച്ഛാശക്തി, ജ്ഞാനശക്തി,  ക്രിയാശക്തി എന്നീ ശക്തിത്രയത്തോട് ചേർന്ന് ദേവിയവിടെ ഉല്ലസിച്ചു വിളയാടുന്നു. ലജ്ജാ, കീർത്തി ക്ഷമാകാന്തി, തുഷ്ടി, പുഷ്ടി, ദയാ, ബുദ്ധി, മേധാ സ്മൃതി, ലക്ഷ്മി എന്നിവ മൂർത്തീരൂപമെടുത്ത അംഗനമാരായി ദേവിയെ സേവിക്കുന്നു. അവിടെ ജയ, വിജയ, നിത്യാ, വിലാസിനി, ദോഗ്ധ്രീ, അഘോരാ, മംഗളാ, നവ എന്നീ പീഠശക്തികളും സേവനനിരതരായിരിക്കുന്നു.

ദേവിയുടെ ഇരു ഭാഗത്തുമുള്ള ശംഖം, പത്മം എന്നീ നിധികളിൽ നിന്നും സപ്തധാധുക്കൾ നിറഞ്ഞ നവരത്നമയവും സ്വർണ്ണമയവുമായ അനേകം നദികൾ ഒഴുകി അമൃതക്കടലിൽ ചെന്ന് പതിക്കുന്നു.  ഭുവനേശ്വരിയയ ദേവി ഇടതുഭഗത്ത് വിരാജിക്കുന്നതിനാലാണ് മഹേശന് സർവ്വേശപദവി ലഭിച്ചത്. ഈ ചിന്താമണി ഗൃഹത്തിന് ആയിരം യോജന വലുപ്പമുണ്ടെന്ന് അറിവുള്ളവർ പറയുന്നു. അതിനു ചുറ്റിനും അത്യുയരത്തിൽ മതിലുകളുണ്ട്.  ഓരോ കോട്ടയും തൊട്ടു മുൻപിലത്തേതിനേക്കാൾ ഇരട്ടി ഉയരത്തിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ കോട്ടകൾ ആധാരമൊന്നുമില്ലാതെ ആകാശത്ത് നിലകൊള്ളുന്നു. ആ വൻമതിലുകൾ സൃഷ്ടി പ്രളയ ചക്രത്തിന് അനുസരിച്ച്‌ നിവരുകയും ചുരുളുകയും ചെയ്യുന്നു. ദേവിയുടെ സാന്നിദ്ധ്യം മൂലം മറ്റു കോട്ടകളേക്കാൾ പ്രഭാഞ്ചിതമാണ് ചിന്താമണിഗേഹം.

മർത്ത്യലോകത്തും നാഗലോകത്തും ദേവലോകത്തുമെന്നു വേണ്ട ബ്രഹ്മാണ്ഡങ്ങളിലെ ദേവീയുപാസകരെല്ലാം എത്തിച്ചേരുന്നത് ഇവിടെയത്രേ. ദേവ്യർച്ചനയിൽ മുഴുകി ദേവീക്ഷേത്രങ്ങളിൽത്തന്നെ കിടന്ന് ദേഹമുപേക്ഷിക്കാനിടയായവർ ഇവിടുത്തെ നിത്യമഹോത്സവത്തിൽ പങ്കാളികളാവുകതന്നെ ചെയ്യും.

നെയ്യ്, പാല്, തൈര്, തേൻ, അമൃത്, മാമ്പഴച്ചാറ്, കരിമ്പിൻ ചാറ്, ഞാവൽപ്പഴച്ചാറ്, എന്നിവയൊഴുകുന്ന നദികളവിടെ സുലഭമാണ്.  ഇവിടുത്തെ വൃക്ഷങ്ങൾ സാധകമനോരഥത്തിലുള്ള ഫലവർഗ്ഗങ്ങളാണ് അപ്പപ്പോൾ ഉതിർക്കുന്നത്. ഇവിടെയുള്ള വാപീകൂപങ്ങൾ നിറഞ്ഞുള്ള തെളിനീർ കുടിച്ചാൽപ്പിന്നെ അവരുടെ വാഞ്ഛിതങ്ങൾ എല്ലാം നടപ്പാവുന്നു. ഇവിടെയുള്ള ഒരാൾക്കും ജരാനരകൾ ബാധിക്കയില്ല. ചാന്താക്ലേശമോ മാത്സര്യബുദ്ധിയോ കാമക്രോധങ്ങളോ അവരെ ബാധിക്കില്ല. എന്നെന്നും അവര്‍ യുവാക്കളായി ഭാര്യമാരുമൊത്ത് ആദിത്യ തേജസ്സോടെ ഭുവനേശ്വരിയെ സദാ ഭജിക്കുന്നു.

അവിടെയുള്ള സാധകരിൽ ചിലർ സാലോക്യരും, ചിലർ സാമീപ്യമാർന്നവരും, ചിലർ സാരൂപ്യമാർന്നവരും ഇനിയും ചിലർ സായൂജ്യം പ്രാപിച്ചവരുമത്രേ. ബ്രഹ്മാണ്ഡത്തിലെല്ലൊടവും ഉള്ള ദേവിമാർ സമഷ്ടി രൂപത്തിൽ ഭുവനേശ്വരിയെ ഉപാസിക്കുന്നു. ഏഴു കോടി മഹാമന്ത്രങ്ങളും വിദ്യകളും ഉടലാർന്ന് മായാശബളരൂപയായി വർത്തിക്കുന്ന ദേവിയെ, സാമ്യാവസ്ഥാത്മികയായ ദേവിയെ, കാരണബ്രഹ്മത്തെ സേവിക്കാനവിടെ നിലകൊള്ളുന്നു.

സൂര്യചന്ദ്രൻമാർക്കോ മിന്നൽപ്പിണരുകൾക്കോ മണി ദ്വീപിന്റെ കോടി അംശം ദ്യുതി പോലുമില്ല. ഒരിടത്ത് പച്ചക്കല്ലൊളി, മറ്റൊരിടത്ത് പവിഴത്തിന്റെ പ്രഭ. ഒരിടത്ത് സൂര്യനും മിന്നലും ചേർന്ന ശോഭ. മറ്റൊരിടത്ത് മദ്ധ്യാഹ്ന സൂര്യപ്രഭ. ഇനിയുമൊരിടത്ത് കോടിമിന്നൽ പ്രവാഹം, ചിലേടത്ത് രത്നത്തിളക്കം. ചിലേടത്ത് കുങ്കുമാഭ. ഇന്ദ്രനീലക്കല്ലിൻ തിളക്കം, മാണിക്യ പ്രദീപ്തി,  മരതക്കല്ലിന്റെ പ്രഭാപൂരം, എന്നിവയാൽ മണിദ്വീപിലെ എല്ലാടവും പ്രോജ്വലത്തായി നിലകൊള്ളുന്നു.

ചിലയിടത്ത് കാട്ടുതീ പോലുള്ള വെളിച്ചം പരന്നിരിക്കുന്നു. ചിലയിടത്ത് ഉരുക്കിയ തങ്കത്തിളക്കം കാണാം. ചന്ദ്രകാന്തക്കല്ലും സൂര്യകാന്തക്കല്ലും പരത്തുന്ന വെട്ടമാണ് മറ്റിടങ്ങളിൽ. രത്നക്കുന്നുകൾ, രത്നക്കോട്ടകൾ, ഗോപുരങ്ങൾ, രത്ന പത്രങ്ങളും പഴങ്ങളും പൊഴിക്കുന്ന വൃക്ഷങ്ങൾ, പൂങ്കാവനങ്ങൾ, നൃത്തം വയ്ക്കുന്ന മയിലിനങ്ങൾ, കുയിലുകളുടെ കാകളിപ്പാട്ട് പ്രാവുകളുടെ കുറുകൽ, തത്തകളുടെ കിളിക്കൊഞ്ചൽ, എന്നിവയാൽ മണിദ്വീപ് അതിരമണീയമായി കാണപ്പെടുന്നു.

ലക്ഷക്കണക്കായ തെളിനീർ പൊയ്കകളിൽ നിറയെ പൂക്കളാണ്. അവയുടെ മദ്ധ്യത്തിൽ രത്ന പത്മങ്ങളുണ്ട്. സുഗന്ധ പരിമളം തൂകുന്ന കാറ്റാണെങ്ങും വീശുന്നത്. ചെറുകാറ്റിലിളകിയാടുന്ന വള്ളിച്ചെടികൾ, ചിന്താമണിച്ഛവികളാൽ തിളങ്ങുന്ന ആകാശം, രത്നപ്രഭ പ്രഭാസിക്കുന്ന ദിക്കുകൾ, മന്ദമായി വീശുന്ന സുഗന്ധ മാരുതൻ, മണിദീപങ്ങളും ധൂപങ്ങളും സദാ എരിയുന്ന മണ്ഡപങ്ങൾ, ദീപകോടികൾ പ്രതിഫലിക്കുന്ന കണ്ണാടിച്ചില്ലുകൾ, എന്നിവയാൽ മണി ദ്വീപ് സംഭ്രമാത്മകമായി പ്രശോഭിക്കുന്നു.

സമസ്ത ശൃംഗാരങ്ങൾ, സർവ്വൈശ്വര്യങ്ങൾ, സമസ്ത വിജ്ഞാനങ്ങൾ, സർവ്വ തേജസ്സുകൾ, സർവ്വോത്കൃഷ്ട ഗുണങ്ങൾ, സർവ്വവിക്രമങ്ങൾ, ദയകൾ, എന്നിവയുടെയെല്ലാം സാക്ഷാത്കാരം ഇവിടെയത്രേ.

രാജാനന്ദം മുതൽ ബ്രഹ്മാനന്ദംവരെയുള്ള എല്ലാ ആനന്ദനിലകളും ഇവിടെ അന്തർഭവിച്ചിരിക്കുന്നു. ശ്രീദേവിയുടെ പരമമായ സദനമാണീ സർവ്വ ലോകോത്തമമായ മണിദ്വീപം.  ഇതിനെപ്പറ്റി സ്മരിക്കുന്നതു പോലും പാപഹരമാണ്. മരണസമയത്ത് മണിദ്വീപം സ്മരണയിലുണർന്നാൽ ജീവന് അവിടെയെത്തിച്ചേരാം.

ഇത് പഠിച്ചാൽ ഭൂതപ്രേത പിശാചബാധകൾ പഠിതാവിനെ തീണ്ടുകയില്ല. പുതുതായി വീടുണ്ടാക്കുമ്പോഴും വാസ്തു പൂജ ചെയ്യുമ്പോഴും ഇതു വായിക്കുന്നത് അതീവ മംഗളകരമാണ്.

Wednesday, November 29, 2017

ദിവസം 320. ശ്രീമദ്‌ ദേവീഭാഗവതം. 12.11. നാനാപ്രാകാരവർണ്ണനം

ദിവസം 320.  ശ്രീമദ്‌ ദേവീഭാഗവതം. 12.11. നാനാപ്രാകാരവർണ്ണനം

പുഷ്യരാഗമയാദഗ്രേ കുങ്കുമാരുണവിഗ്രഹ:
പത്മാരാഗമയ: ശാലോ മദ്ധ്യേ ഭൂശ്ചൈവ താദൃശീ
ദശയോജനവാൻ ദൈർഘ്യേ ഗോപുരദ്വാരസംയുത:
തന്മണിസ്തംഭ സംയുക്താ മണ്ഡപാ: ശതശോ നൃപ

വ്യാസൻ പറഞ്ഞു: പുഷ്യരാഗ കോട്ടയ്ക്ക് അപ്പുറം കുങ്കുമ നിറത്തോടെ പത്മരാഗ മതിലാണ്. ഈ കോട്ടകൾക്കിടയിലുള്ള സ്ഥലം പത്മരാഗവർണ്ണത്തിൽത്തന്നെയാണുള്ളത്. ദശയോജന വലുപ്പമുള്ള ആ കോട്ട മതിലിന് അസംഖ്യം ഗോപുരങ്ങളും വാതിലുകളും മണിസ്തംഭങ്ങളും മണ്ഡപങ്ങളുമുണ്ട്. വിവിധായുധങ്ങളും രത്നം പതിച്ച ആഭരണങ്ങളും ധരിച്ച അറുപത്തിനാല് കലാരൂപിണികൾ ഇവിടെയാണ് വാഴുന്നത്. അവർക്കോരോരുത്തർക്കും ഓരോരോ ലോകങ്ങളാണ്. അതത് ലോകത്തിന്റെ അധീശ്വരിമാരുമാണവർ. അവർ തങ്ങളുടെ വാഹനം, തേജസ്സ്, ഗണങ്ങൾ, എന്നിവയോടെ അവിടങ്ങളിൽ വിരാജിക്കുന്നു -

പിംഗളാക്ഷി, വിശാലാക്ഷി, സമൃദ്ധി, വൃദ്ധി, ശ്രദ്ധാ, സ്വാഹാ, സ്വധാ, മായാ, സംജ്ഞാ, വസുന്ധര, ത്രിലോക ധാത്രീ, സാവിത്രീ, ഗായത്രീ, ത്രിദശേശ്വരീ, സുരൂപാ, ബഹുരൂപാ, സ്കന്ദമാതാ, അച്ചുതപ്രിയ, വിമലാ, അമലാ, അരുണി, ആരുണി, പ്രകൃതി, വികൃതി, സൃഷ്ടി, സ്ഥിതി, സംഹൃതി, സന്ധ്യാ , മാതാ, സതീ,  ഹംസീ, മർദീകാ, വജ്രികാ ദേവമാതാ, ഭഗവതീ, ദേവകീ, കമലാസനാ, ത്രിമുഖീ, സപ്തമുഖീ, സുരാസുരവിമർദ്ദിനീ, ലംബോഷ്ഠീ, ഊർധ്വ കേശീ, ബഹുശീർഷാ, വൃകോദരീ, രഥരേഖാ, ശശിരേഖാ, ഗഗന വേഗാ, പവന വേഗാ, വേഗാ , ഭുവനപാലാ, മദനാതുരാ, അനംഗാ, അനംഗമഥനാ, അനംഗമേഖലാ, അനംഗകുസുമാ, വിശ്വരൂപാ, സുരാദികാ, ക്ഷയംകരീ, ശക്തീ, അക്ഷോഭ്യാ, സത്യവാദിനീ, ബഹുരൂപാ, ശുചിവ്രതാ, ഉദാരാ, വാഗീശാ, എന്നിവരാണ് അറുപത്തിനാല് കലകളായി ആ ലോകങ്ങളെ സംരക്ഷിക്കുന്നത്.

അവർക്കെല്ലാം തീജ്വാല വമിയ്ക്കുന്ന വക്ത്രങ്ങളുണ്ട്.  'ഭൂമിയിലെ ജലമെല്ലാം ഞാൻ കുടിച്ചു വറ്റിയ്ക്കും, അഗ്നിയെ സംഹരിക്കും, വായുവിനെ സ്തംഭിപ്പിക്കും, ലോകമൊക്കെ വിഴുങ്ങിക്കളയും' എന്നെല്ലാം പറയുന്നതുപോലെ കോപത്താൽ ചുവന്ന കണ്ണുകളോടെയിരിക്കുന്ന അവർ പോരിൽ ഭ്രമമുള്ളവരും അമ്പു വില്ലും കൈയ്യിലേന്തിയവുമാണ്. അവരുടെ പല്ലിറുമ്പൽ കേട്ട് ദിഗന്തങ്ങൾ വിറകൊള്ളുന്നു. അവർ സദാ ചെമ്പൻ തലമുടി മേലോട്ട് കെട്ടി വച്ച് കൂടെയുള്ള നൂറ് അക്ഷൗഹിണിപ്പടയുമായി നിലകൊള്ളുന്നു.

അവയിലാരോ ശക്തിയും ബ്രഹ്മാണ്ഡ ലക്ഷങ്ങൾ നശിപ്പിക്കാൻ പ്രാപ്തിയുള്ളവരത്രേ. നൂറ് അക്ഷാഹിണി സൈന്യവും അതിനൊത്ത ആയുധങ്ങളുമുണ്ടെങ്കിൽ  ഇവർക്ക് സാദ്ധ്യമല്ലാത്തതായി എന്തുണ്ട്? കോട്ടയ്ക്കുള്ളിലുള്ള രഥങ്ങളും കുതിരകളും ആനകളും സേനകളും ആർക്കും എണ്ണാനാവില്ല -

പത്മരാഗക്കോട്ട കഴിഞ്ഞാൽ പത്തുയോജന നീളമുള്ള, ഗോമേദകരത്നം കൊണ്ടു നിർമ്മിച്ച കോട്ടയാണ്. ചെമ്പരുത്തിപ്പൂവിന്റെ നിറമാണാ കോട്ടയ്ക്കുള്ളിൽ. ഗോമേദകമാണ് അവിടുത്തെ ഭവനനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷികൾ, തൂണുകൾ, കുളങ്ങൾ, കാവുകൾ, എന്നു വേണ്ട എല്ലാറ്റിനും കുങ്കുമ നിറമാണ്. അവിടെ ശക്തി സ്വരൂപിണികളായി മുപ്പത്തിരണ്ട് മഹാദേവിമാർ വസിക്കുന്നു. പോരിൽ വിദഗ്ധരായ ദേവിമാരും കുങ്കുമ വർണ്ണത്തിലുള്ള ഗോമേദക ഭൂഷണങ്ങൾ ചാർത്തി നില്ക്കുന്നു.

യുദ്ധ സന്നദ്ധരായി നില്ക്കുന്ന ദേവിമാർ പോർക്കലി കൊണ്ട് കണ്ണു ചുവപ്പിച്ച് പിശാചവദനവുമായാണ് നിൽപ്പ്. സകലതും തകർക്കാനെന്ന പോലെ ബ്രഹ്മാണ്ഡ ലക്ഷങ്ങൾ ഒറ്റയ്ക്ക് തകർക്കാൻ തയ്യാറായി നിൽക്കുന്ന ദേവിമാരെ സേവിക്കാൻ പത്ത് അക്ഷൗഹിണി സൈന്യങ്ങൾ വീതമുണ്ട്. അവിടെയും അസംഖ്യം തേരുകളും കുതിരകളും ആനകളും ഉണ്ട്.

വിദ്യാ, ഹ്രീ, പുഷ്ടി ,പ്രജ്ഞാ, സിനീ വാലീ, കൂഹൂ, രുദ്ര വീര്യാ, പ്രഭാ, നന്ദാ, പോഷിണീ, ഋദ്ധിദാ, കാളരാത്രി, മഹാരാത്രീ, ഭദ്രകാളീ, കപർദ്ദിനി, വികൃതി, ദണ്ഡിനീ, മുണ്ഡിനീ, ഇന്ദുഖണ്ഡാ, ശിഖണ്ഡിനീ, നിശുംഭശുംഭമഥിനീ, മഹിഷാസുരമർദിനീ, ഇന്ദ്രാണീ, രുദ്രാണീ, ശങ്കരാർധ ശരീരിണി, നാരീ, നാരായണീ, ത്രിശൂലിനീ, പാലിനീ, അംബികാ, ഹ്രാദിനീ, എന്നീ നാമങ്ങളിൽ ഈ മുപ്പത്തിരണ്ടു ദേവിമാർ പ്രഖ്യാതരത്രേ. ബ്രഹ്മാണ്ഡത്തെ സംഹരിക്കാൻ പോന്ന ശക്തിയാണവർ ഓരോരുത്തർക്കും. ഒരിടത്തും അവർക്ക് പരാജയമില്ല.

ഇനിയുള്ള കോട്ട വജ്രമയമാണ്. പത്തുയോജന ഉയരമാണതിന്. അവിടെ കമനീയമായ ഗോപുരങ്ങളും ചങ്ങലകൊണ്ട് ബന്ധിപ്പിച്ച കവാടങ്ങളുമുണ്ട്.  ഇവിടെയുള്ള ഗൃഹങ്ങൾ, പാതകൾ, രാജവീഥികൾ, കാവുകൾ, മരങ്ങൾ, മാൻ കൂട്ടങ്ങൾ, കിണറുകൾ, തടാകങ്ങൾ, നീർച്ചോലകൾ, കുളങ്ങൾ, എന്നു വേണ്ട എല്ലാമെല്ലാം വൈരക്കല്ലിനാൽ നിർമ്മിച്ചതോ ആ നിറമുള്ളതോ ആണ്.

ഭുവനേശ്വരിയുടെ എട്ട് ശക്തികൾ ലക്ഷം ദാസിമാരുമൊത്ത് അവിടെ വസിക്കുന്നു. അവരിൽ ചിലർ താലം പിടിച്ചും വിശറി പിടിച്ചും താംബൂലപാത്രങ്ങൾ കൈയിലേന്തിയും ഛത്രം, ചാമരം, ആടകൾ, പൂക്കൾ, കണ്ണാടി, കണ്മഷി, കുങ്കുമം എന്നിവ തയ്യാറാക്കിയും നിൽക്കുന്നു. ചിലർ പത്തിക്കീറ്റണിയിക്കാൻ വിദഗ്ധകളാണ്. മറ്റു ചിലർ കാൽ തീരുമ്മാനും ചിലർ ആഭരണങ്ങൾ അണിയിക്കാനും മിടുക്കരാണ്. പൂമാല കെട്ടുന്നവർ, മറ്റു ദാസീ വേലകളിൽ സമൃദ്ധർ, എന്നിങ്ങിനെ വിലാസ ചതുതരകളാണ് ദേവിമാരുടെ ദാസീവൃന്ദം.

ഇനിയുള്ള ചിലർ പോരിൽ താല്പര്യവും മിടുക്കുമുള്ളവരാണ്. എല്ലാവരും ഉടുത്തൊരുങ്ങി നിൽക്കുന്നവരാണെങ്കിലും  ദേവിയുടെ കൃപാകടാക്ഷം കൊണ്ട് സദാ അവരെ നോക്കാനുള്ളതുകൊണ്ട് ഈ തോഴിമാർ ലോകത്തെ പുല്ലുപോലെ അവഗണിക്കുന്നവരത്രേ. അനംഗരൂപാ, അനംഗ മദനാ മദനാതുര, ഭുവന വേഗാ, ഭുവനപാലിക, സർവ ശിശിരാ, അനംഗവേദനാ, അനംഗമേഖലാ എന്നിവരാണ് ദേവിയുടെ ദൂതിമാരായ എട്ടു പേർ.

മിന്നൽപ്പിണരിന്റെ കാന്തിയാണവർക്ക് . കയ്യിൽ ചൂരലേന്തി ഓടി നടക്കുന്ന ഇവർ എല്ലാക്കാര്യത്തിലും സാമർത്ഥ്യമുള്ളവരാണ്. പ്രാകാരത്തിന് വെളിയിലായി ഇവർക്കുള്ള എട്ട് കൊട്ടാരങ്ങളുണ്ട്. അവിടെ അനേകം വാഹനങ്ങളും ആയുധങ്ങളും അവയെ അലങ്കരിക്കുന്നു.

വജ്രമതിലിനപ്പുറം വൈഡൂര്യനിർമ്മിതമായ മറ്റൊരു കോട്ടയുണ്ട്. അതിനും പത്തുയോജന ഉയരമുണ്ട്. അവിടുത്തെ ഗൃഹങ്ങളും വീഥികളും തടാകങ്ങളുമെല്ലാം വൈഡൂര്യനിർമ്മിതങ്ങളാണ്. അവിടെ ചുറ്റുമായി എട്ടുദിക്കുകളിൽ ബ്രഹ്മാണ്ഡമാതാക്കളായ ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, വാരാഹീ, ഇന്ത്രാണീ, ചാമുണ്ഡാ എന്നിവരെക്കൂടാതെ മഹാലക്ഷ്മിയും നിലകൊള്ളുന്നു. ഇവർ ബ്രഹ്മ രുദ്രാദികളുടെ ആകാരമുള്ളവരത്രേ. ലോകകല്യാണ ലക്ഷ്യത്തോടെയിരിക്കുന്ന ഇവർക്കും ലക്ഷക്കണക്കായ സൈനങ്ങൾ ഉണ്ട്. കോട്ട മതിലിനു ചുറ്റും മഹേശ്വരിയുടെ വാഹനങ്ങൾ തയ്യാറായി നില്ക്കുന്നു.

കോടിക്കണക്കിന് കുതിരകൾ, ആനകൾ, രഥങ്ങൾ, പല്ലക്കുകൾ, മഹാധ്വജങ്ങൾ, കാലാൾപ്പട, വിമാനപ്പട, എന്നിവ എപ്പോഴും ദേവീ കല്പനയും കാത്തു വാദ്യഘോഷം മുഴക്കി രണസമര്‍ദ്ധരായി നിൽക്കുന്നു.

വൈഡൂര്യക്കോട്ടയ്ക്കപ്പുറം പത്തുയോജന നീളത്തിൽ ഇന്ദ്രനീല നിർമ്മിതമായ കോട്ടയാണ്. അവിടുത്തെ നിർമ്മിതികൾ ഇത്രം നീലക്കല്ല് കൊണ്ടാണ്. അവിടെയുള്ള എല്ലാറ്റിനും ഇത്ര നീലാഭയുമാണ്. അവിടെ അതിവിശേഷമായ ഒരു പതിനാറിതൾ താമരയുണ്ട്. സുദർശന സമാനമാണത്. ദേവിയുടെ പതിനാറ് ശക്തികൾ സർവ്വസമൃദ്ധിയോടെ വാഴുന്ന സ്ഥാനങ്ങളാണവ.

കരാളീ, വികരാളീ, ഉമാ, സരസ്വതീ, ശ്രീ, ദുർഗ, ഉഷ, ലക്ഷ്മി, ശ്രുതി, സ്മൃതി, ധൃതി, ശ്രദ്ധാ മേധാ മതി, കാന്തി, ആര്യാ എന്നിവരാണ് പത്മത്തിൽ കുടികൊള്ളുന്ന പതിനാറ് ശക്തികൾ. നീലമേഘത്തിന്റെ നിറമാണവർക്ക്. കൈയ്യിൽ ആയുധങ്ങളേന്തി യുദ്ധക്കൊതിപൂണ്ട് നിൽക്കുന്ന ഇവരാണ് ശ്രീദേവിയുടെ  സേനാനികൾ. ബ്രഹ്മാണ്ഡ ശക്തികളുടെയെല്ലാം അധിദേവതമാരാണിവർ. ബ്രഹ്മാണ്ഡങ്ങളെ വിറപ്പിക്കാൻ പോന്ന ശക്തിയുണ്ടിവർക്ക്. ആയിരം നാവുള്ള അനന്തനു പോലും ഇവരുടെ വിക്രമം വർണ്ണിക്കാനാവില്ല.

ഇന്ദ്രനീലക്കോട്ടയ്ക്കുമപ്പുറം പത്തുയോജന നീളത്തിൽ മുത്തു കൊണ്ട് തീർത്ത കോട്ടയാണ്. അതിന്റെ മദ്ധ്യഭാഗത്ത് തൂമുത്തിന്റെ പ്രഭയോടു കൂടിയ ഒരഷ്ടദളപത്മമുണ്ട്. അതിന് നാല് കേസരങ്ങളുമുണ്ട്. അവിടെ ശ്രീദേവിയ്ക്ക് ഉള്ള പോലെ ആയുധാദികളും സർവ്വസമ്പത്തുകളും  ആകാരഭംഗിയുമായി എട്ടു മന്ത്രിണിമാർ വസിക്കുന്നു. അവരാണ് മൂത്ത ലോകത്തിലേയും പ്രാണികളുടെ വാർത്തകൾ ദേവിയെ അറിയിക്കുന്നത്. മാത്രമല്ലാ, ദേവിയുടെ ഇംഗിതമറിഞ്ഞുസേവ ചെയ്യുന്നതിൽ സദാ ജാഗരൂകരാണവർ. എന്തിനും പോന്ന ശക്തികളാണെങ്കിലും പേലവ പാണികളുമാണവർ.

അനംഗ കുസുമ, അനംഗ കുസുമാതുരാ, അനംഗ മദനാ, അനംഗ മദനാതുരാ, ഭുവനപാലാ, ഗഗന വേഗാ, ശശി രേഖാ, ഗഗനരേഖാ, എന്നിവരാണാ അഷ്ടദേവിമാർ. പാശാങ്കുശവരാഭയമുദ്രകൾ ധരിച്ച ഈ ദേവിമാർ കുങ്കുമ വർണ്ണമുള്ളവരാണ്. വിശ്വവാർത്തകൾ അനുനിമിഷം ദേവിയെ അറിയിക്കാൻ വ്യഗ്രത പൂണ്ടാണവർ കഴിയുന്നത്.

മുത്തു കൊണ്ട് നിർമ്മിച്ച കോട്ടയ്ക്കപ്പുറം പത്തുയോജന നീളത്തിൽ നാനാ സൗഭാഗ്യങ്ങളും ഐശ്വര്യവും നിറഞ്ഞ മരതകമയമായ ഒരു കോട്ടയുണ്ട്. അവിടെയുള്ള സൗധങ്ങൾ പച്ചക്കല്ലുകൊണ്ട് പണിതൊരുക്കിയതാണ്. ആറു കോൺ വിസ്താരമുള്ള ഈ കോട്ടയ്ക്കുള്ളിലാണ് ദേവതകൾ വാഴുന്നത്.

കിഴക്ക് കോണിൽ ഗായത്രിയുമൊത്ത് നാന്മുഖൻ വാഴുന്നു.  ബ്രഹ്മദേവൻ കൈകളിൽ കിണ്ടിയും അഭയവും അക്ഷമാലയും ദണ്ഡായുധവും ധരിച്ചിട്ടുണ്ട്. ഗായത്രീദേവിയും സമാനങ്ങളായ ആയുധങ്ങൾ ധരിച്ചിട്ടുണ്ട്. സകലപുരാണങ്ങളും വേദങ്ങളും സ്മൃതികളും ഉടലാണ്ട് അവിടെ വാഴുന്നു. ബ്രഹ്മാവിന്റെയും ഗായത്രിയുടേയും വ്യാഹുതികൾ അവതാരങ്ങളോടെ അവിടെക്കഴിയുന്നു.

രക്ഷാ കോണിൽ ശംഖം ,ചക്രം, ഗദാ,  പങ്കജം, ഇവ നാലു തൃക്കരങ്ങളിൽ പിടിച്ച് സാവിത്രിയും വിഷ്ണുവും വാഴുന്നു. മത്സ്യക്കൂർമ്മാദി അവതാരങ്ങളും സാവിത്രീ ദേവിയുടെ അവതാരങ്ങളും അവിടെയുണ്ട്.

വായു കോണിൽ മഹാരുദ്രൻ ഗൗരീ ഭേദങ്ങളോടെ, സ്വന്തം ദക്ഷിണാ മുഖൻ തുടങ്ങിയ മൂർത്തി ഭേദങ്ങൾ സഹിതം  വസിക്കുന്നു. അറുപത്തിനാല് ആഗമങ്ങളും മറ്റനേകം ശാസ്ത്രങ്ങളും മൂർത്തിമത്തായി അവിടെ വിരാജിക്കുന്നു.

അഗ്നികോണിൽ ധനനാഥനായ കുബേരൻ രത്നകുംഭം, മണിക്കിണ്ടി എന്നിവയോടെ മഹാലക്ഷ്മിയോടു കൂടി വസിക്കുന്നു.

വരുണ കോണിൽ രതിയുമായി മദനൻ വാഴുന്നു. പാശാങ്കുശ ധനുർബാണങ്ങൾ മദനന്റെ കയ്യിലുണ്ട്. ശൃംഗാരാദി രസങ്ങൾ മൂർത്തി മത്തായി നിലകൊള്ളുന്നതവിടെയത്രേ.

ഈശാന കോണിൽ വിഘ്നേശ്വരനാണ്. പർവ്വ വിഭൂതികളും മഹദൈശ്വര്യങ്ങളും നിറഞ്ഞ് വിഘ്നമൊടുക്കാൻ  ഗണനാഥനവിടെ വാണരുളുന്നു.

അഖില ബ്രഹ്മാണ്ഡങ്ങളിലുമുള്ള ബ്രഹ്മാദികൾ സമഷ്ടി രൂപത്തിൽ ജഗദംബികയെ സേവിക്കാനായി അവിടെ വാഴുന്നു. ഇപ്പോൾ വിവരിച്ച മഹാമരതകക്കോട്ടയ്ക്ക് അപ്പുറം നൂറ് യോജന വലുപ്പത്തിൽ പവിഴക്കോട്ടയുണ്ട്. ആ പ്രദേശവും അവിടുളള കൊട്ടാരങ്ങളും പവിഴത്താൽ നിർമ്മിച്ചവയാണ്. കുങ്കുമഛവിയോടെ അവയവിടെ സദാ പ്രശോഭിക്കുന്നു. അതിന്റെ നടുവിലായി പഞ്ചഭൂതങ്ങളുടെ അധിദേവതകളായ ഹൃല്ലേഖാ, ഗഗനാ, രക്താ, കരാളികാ, മഹോച്ഛുഷ്മാ എന്നീ പേരുകളോടെ  അഞ്ചു ദേവിമാർ വാഴുന്നു.  പഞ്ചഭൂതങ്ങളെപ്പോലെ പ്രഭാസിക്കുന്നവരാണീ ദേവിമാർ. പാശാങ്കുശവരദാഭയങ്ങൾ ധരിച്ച ഈ ദേവിമാർ നവയൗവനയുക്തകളുമാണ്.

പവിഴക്കോട്ടയ്ക്കുമപ്പുറം  നവരത്ന നിർമ്മിതമായ അനേകംയോജന വിസ്തൃതിയുള്ള ഒരു കോട്ടയുണ്ട്. അവിടെയുള്ള സകലതും നവരത്നത്താൽ പടുത്തവയാണ്. ആമ്നായ ദേവകളുടെ നവരത്ന നിർമ്മിതമായ  കൊട്ടാരങ്ങൾ അവിടെയാണ്. ശ്രീദേവിയുടെ അവതാരങ്ങളായ പാശാങ്കുശേശ്വരി, ഭുവനേശ്വരി, ഭൈരവി, കപാല ഭുവനേശ്വരി, പ്രസാദ ഭുവനേശ്വരി, ശ്രീ ക്രോധ ഭുവനേശ്വരി, ത്രിപുട, അശ്വാരൂഢ , നിത്യ ക്ളിന്ന, അന്നപൂർണ്ണ ,ത്വരിത  എന്നിവരും മഹാവിദ്യാഭേദങ്ങളായ കാളി, താര, മഹാവിദ്യ, ഷോഡശി, എന്നിവരും വാഴുന്നതവിടെയാണ്.

എല്ലാ ദേവിമാരും അവരുടെ ആവരണദേവിമാരൊത്ത് സ്വന്തം വാഹനസഞ്ചയങ്ങളോടെ  അതികമനീയങ്ങളായ ആഭരണങ്ങൾ അണിഞ്ഞ് അവിടെ വാഴുന്നു. അവിടെ ഏഴു കോടി മഹാമന്ത്ര ദേവതകളുണ്ട്.

നവരത്നക്കോട്ടയ്ക്കപ്പുറം ചിന്താമണി ഗൃഹം നിലകൊള്ളുന്നു. അവിടെയുള്ള സകലതും ചിന്താമണിയാൽ നിർമ്മിതമത്രേ. സൂര്യകാന്തക്കല്ലുകളും ചന്ദ്രകാന്തക്കല്ലുകളും മിന്നൽപ്പിണർക്കല്ലുകളും കൊണ്ട് നിർമ്മിച്ച തൂണുകൾ തൂകുന്ന പ്രഭാ പൂരത്തിൽ കണ്ണഞ്ചിപ്പോകുന്നതിനാൽ അവിടെയുള്ള ഒന്നും തന്നെ വെറും കണ്ണുകള്‍കൊണ്ട്  കാണാനാവില്ല.

ദിവസം 319. ശ്രീമദ്‌ ദേവീഭാഗവതം. 12.10. മണിദ്വീപവർണ്ണനം

ദിവസം 319.  ശ്രീമദ്‌ ദേവീഭാഗവതം. 12.10. മണിദ്വീപവർണ്ണനം

ബ്രഹ്മലോകാദൂർധ്വഭാഗേ സർവലോകോfസ്തി യ: ശ്രുത:
മണിദ്വീപ: സ ഏവാസ്തി യത്ര ദേവീ വിരാജതേ
സർവസ്മാദധികോ യസ്മാത് സർവലോകസ്തത: സ്മൃത:
പുരാ പരാംബയൈവായം കല്പിതോ മാനസേച്ഛയാ

വ്യാസൻ പറഞ്ഞു: ബ്രഹ്മലോകത്തിനും ഉപരിയായി സർവ്വലോകമെന്നു പേരുകേട്ട, ദേവിയുടെ ഇരിപ്പിടമായ  മണിദ്വീപം നിലകൊള്ളുന്നു. സർവ്വലോകങ്ങളിലും വച്ച് പരമോൽക്കൃഷ്ടമായ ഇവിടം പരമേശ്വരി സ്വയം ഇച്ഛാ കൽപ്പിതമായി നിർമ്മിച്ചതത്രേ. ശിവരഹസ്യത്തിൽ ദേവിയുടെ പ്രാർത്ഥനയനുസരിച്ച് ശിവൻ നിർമ്മിച്ചതാണെന്നും ലളിതോപാഖ്യാനത്തിൽ വിശ്വകർമ്മാവിനാൽ നിർമ്മിതമാണ് മണിദ്വീപം എന്നും പറയപ്പെടുന്നുണ്ട്.

ഗോലോക വൈകുണ്ഠങ്ങളേക്കാളെല്ലാം ഉത്തമമാണ് സർവ്വലോകം എന്നത് ജ്ഞാനികൾ എല്ലാവർക്കും അറിയാം. മൂന്നു ലോകത്തിലും ഇതിനു തുല്യമായി മറ്റൊരിടമില്ല. മൂന്നു ലോകത്തിലേയും ഭവതാപം അകറ്റാനായി ബ്രഹ്മാണ്ഡത്തിനു മുകളിൽ പിടിച്ച വെൺകൊറ്റക്കുടയെന്നപോലെ മണിദ്വീപം നിലകൊള്ളുന്നു. ബഹുയോജന വിസ്താരമുള്ള ദ്വീപിനു ചുറ്റും സുധാസമുദ്രത്തിലെ തിരകൾ ഉച്ചത്തിൽ ആഞ്ഞടിക്കുന്നു. ആ തിരമാലകളിൽ നിന്നും രത്നങ്ങളും മത്സ്യങ്ങളും ശംഖുകളും മണൽവിരിപ്പുകളും ചിതറിത്തെറിക്കുന്നു. നാനാവിധ കൊടിക്കൂറകൾ ചാർത്തിയ ജലയാനങ്ങൾ ദ്വീപിനു ചുറ്റും സുധാസിന്ധുവിൽ പ്രയാണം നടത്തുന്നു.

മണി ദ്വീപിന്റെ തീരത്ത് രത്നവൃക്ഷങ്ങൾ നിറഞ്ഞൊരു വനമുണ്ട്. അതിനുമപ്പുറത്ത് ആകാശം മുട്ടുന്നൊരു കോട്ട. ഏഴു യോജന വലിപ്പമുള്ള കോട്ടയിൽ ആയുധവിദ്യകളിൽ വിദഗ്ധരായ അനേകം പോർ പടയാളികൾ കാവൽക്കാരായുണ്ട്. ജഗൻമയിയായ പരമേശ്വരിയെ കാണാൻ, ആ ലോകമാതാവിന്റെ ദർശനം കൊതിച്ച് അനേകം ഭക്തജനങ്ങൾ എപ്പോഴും വന്നു ചേരുന്നു. ഭക്തജനസഞ്ചയങ്ങൾ വന്നെത്തിയ നൂറ് കണക്കിനു വിമാനങ്ങൾ അവിടെ നിരന്നു കിടക്കുന്നു. ആകാശക്കപ്പലുകൾ വന്നു പോകുന്നതിന്റെ ഇരമ്പലും തിരക്കും മണിയൊച്ചയും കുതിരക്കുളമ്പടിയൊച്ചയും ശംഖു നാദവും കൊണ്ട് അവിടമാകെ മുഖരിതമാണ്. തിരക്ക് നിയന്ത്രിക്കാൻ ചൂരൽപ്രയോഗം നടത്തുന്ന കാവൽക്കാരും അവിടെ തിരക്കിട്ട് ഓടി നടക്കുന്നു.

അവിടെ ശുദ്ധമായ അമൃതതുല്യമായ ജലം നിറഞ്ഞ തടാകങ്ങൾ കാണാം. രത്ന പുഷ്പങ്ങൾ വിരിഞ്ഞു വിരാജിക്കുന്ന നന്ദനോദ്യാനങ്ങളും നിറയെ കാണാം. അതിനുമപ്പുറം ഓടു കൊണ്ട് വാർത്തെടുത്ത ആകാശം മുട്ടുമാറ് വലുപ്പമുള്ള ഒരു കോട്ടയുണ്ട്. ആദ്യത്തെകോട്ടയേക്കാൾ നൂറ് മടങ്ങ് പ്രഭാ പൂരമാണീ കോട്ട. ഗോപുരങ്ങളും തഴച്ചു പൂത്തുലഞ്ഞു നിൽക്കുന്ന വൻവൃക്ഷങ്ങളും കൊണ്ടാ സ്ഥലം നിറഞ്ഞിരിക്കുന്നു. ഫലവൃക്ഷങ്ങൾ കായ്ച്ചു കനംതൂങ്ങി നില്ക്കുന്നു. സദാപുഷ്പിണികളായ വൃക്ഷലതാദികൾ അവിടെ പൂമ്പൊടിയും പൂമണവുമുതിർത്ത് ഉലഞ്ഞാടുകയാണ്.

പ്ലാവ്, ഇലഞ്ഞി, പാച്ചോറ്റി, കർണികാരം, ശിംശപം, ദേവതാരു പൂപ്പാതിരി, നാരകം, തേന്മാവ്, സുമേരു, പുളിയഞ്ചീര, ഓടൽ, ചൈലമരം, ഇലവർങ്ഗം, കുമ്പിൾ, പതിരിമരം, ചെമ്പകം, കരിമ്പന, പച്ചിലമരം, പൈൻ, കക്കോലം, നാഗപ്പൂമരം, പെരുമുത്തങ്ങ, പുന്നമരം, ഉകുമരം സാല്വകം, കർപ്പൂരമരം, മരുത്, ആവണക്ക്, ചിറ്റീന്തൽ, മാതളം, എരുക്ക്, ഉച്ചമലരി, ചെറുനാരകം, പൊൻകുറിഞ്ഞി, പൂമരുത്, അകിൽ, ചന്ദനം, ഈത്ത, കുറുമൊഴി മുല്ല, കരിമ്പ്, പാൽവൃക്ഷം, കരിങ്ങാലി, പുളിമരം, ചേർമരം, മാതളനാരകം, കുടകപ്പാല, കൂവളം, തുടങ്ങിയ മരങ്ങളും തുളസി, മല്ലിക തുടങ്ങിയ ചെടികൾ ഇടതൂർന്നു വളർന്ന പച്ചിലപ്പടർപ്പും പൂന്തോട്ടങ്ങളും നിറഞ്ഞതാണീ പ്രദേശം. ചുറ്റുപാടും അനേകം ജലാശയങ്ങൾ. പക്ഷികളും വണ്ടുകളും മത്സരിച്ചു പാടി അവിടമെല്ലാം മുഖരിതമാണ്. കറയൊഴുകുന്ന, തണൽ വിരിക്കുന്ന വൃക്ഷങ്ങളാണ് എല്ലാടവും നിറഞ്ഞു കാണുന്നത്.

മാടപ്രാവ്, തത്ത, കുയിൽ, ഹംസം, എന്നു വേണ്ട കിളികളുടെ വൻ കൂട്ടങ്ങൾ തന്നെയാ വനസ്ഥലിയിൽ കാലാകാലങ്ങളിൽ ഋതുഭേദമനുസരിച്ച് പറന്നെത്തി പാറി നടക്കുന്നു.  വനത്തിലെ മരങ്ങൾ ചാഞ്ചാടുമ്പോൾ കാറ്റ് പൂമണം പരത്തി എല്ലാവരെയും സന്തോഷിപ്പിക്കുന്നു. മാൻകൂട്ടങ്ങൾ ഭയരഹിതരായി അവിടവിടെ ഓടി നടക്കുന്നു. മയിൽക്കൂട്ടം പീലി വിരിച്ചാടുന്നു. പഞ്ചേന്ദ്രിയങ്ങൾക്കും ആഹ്ളാദമേകുന്ന ആ വനം ആറ് ഋതുക്കളിലും സുസമൃദ്ധമായി പരിലസിക്കുന്നു.

ഓടുകൊണ്ടുള്ള ഈ കോട്ടയ്ക്കുമപ്പുറത്ത് ഏഴു യോജന ഉയരത്തിൽ ചെമ്പുകോട്ടയാണ്. അതിനുള്ളിലെ കൽപ്പകപ്പൂന്തോട്ടത്തിൽ തങ്കനിറത്തിലുള്ള പൂക്കൾ സദാ വിടർന്നു വിലസുന്ന മരങ്ങളുണ്ട്. അവയുടെ ഇലകളും കായുമെല്ലാം സ്വർണ്ണമയമാണ്. പത്തുയോജന വിസ്താരത്തിലാ പൂക്കളുടെ പരിമളം എങ്ങും നിറയുന്നുണ്ട്. ഋതുരാജനായ വസന്തനാണ് ആ വനത്തെ സംരക്ഷിക്കുന്നത്. പൂക്കുട ചൂടി പുഷ്പസിംഹാസനത്തിലിരുന്ന് പുഷ്പമാല്യങ്ങൾ കഴുത്തിലണിഞ്ഞ വസന്തൻ പൂന്തേൻ നുകർന്ന് മത്തനായി വിരാജിക്കുന്നു. അദ്ദേഹത്തിന് മധുശ്രീ, മാധവശ്രീ എന്നീ രണ്ടു പത്നിമാരാണുള്ളത്. അവരവിടെ പുഞ്ചിരി തൂകി പൂപ്പന്തടിച്ചു കളിക്കുന്നു. അവിടുത്തെ തോട്ടങ്ങളിൽ കാണുന്ന പൂക്കളിലെല്ലാം തേനൊലിക്കുന്നതിനാൽ അവിടെ വീശുന്ന കാറ്റിൽ സദാ തേൻമണമുണ്ട്.

കൂട്ടുകാരിയുമായി വിഹരിക്കുന്ന ദിവ്യ ഗന്ധർവ്വൻമാർ ഗാനങ്ങളാലപിക്കുന്നു. മത്തകോകിലങ്ങളും പാട്ടുപാടിയാണാ വനത്തിൽ വിഹരിക്കുന്നത്. വസന്തലക്ഷ്മിയവിടെ സ്വച്ഛവിഹാരം ചെയ്യുന്നതിനാൽ കാമികളുടെ അഭീഷ്ടങ്ങൾ എല്ലാം അവിടെ നിറവേറ്റപ്പെടുന്നു.

ചെമ്പുകോട്ട കഴിഞ്ഞാൽ ഇനി കാരീയത്തിന്റെ കോട്ടയാണ്. ഏഴു യോജന ഉയരമാണീ കോട്ടയ്ക്കുള്ളത്. ഈ കോട്ടകൾക്കിടയിൽ സന്താന വൃക്ഷ വാടികയാണ്. അവിടെയും പത്തു യോജന വിസ്താരത്തിൽ പൂമണം പരന്നിരിക്കുന്നു. വിടർന്നു പൊന്നിൻ നിറത്തിലുള്ള പൂക്കളാണിവിടെ. അവിടെയുള്ള ചെടികളിൽ അമൃതുല്യമായ, മധുപൊഴിക്കുന്ന പഴങ്ങളുണ്ട്.

ഗ്രീഷ്മർത്തുവാണാ വനത്തിന്റെ സംരക്ഷകൻ. അദ്ദേഹത്തിന് ശുകശ്രീ, ശുചിശ്രീ എന്നീ ഭാര്യമാരാണ്. സിദ്ധൻമാരും ദേവൻമാരും തങ്ങളിലെ കാമ താപം അകറ്റാനായി താന്താങ്ങളുടെ കാമിനിമാരുമായി അവിടുത്തെ പൂഞ്ചോലകളിൽ നിന്നുമുള്ള കുളിർ കാറ്റ് ഏൽക്കുന്നു. ഉടലിൽ അവർ കളഭച്ചാറ് പൂശുന്നു. പൂമാല കൈയിലേന്തിയ വിലാസലോലകളായ തരുണീമണികൾ ആ കോട്ടയുടെ മാറ്റ് കൂട്ടുന്നു.

ഇനിയുള്ളത് ഏഴുയോജന വിസ്താരമുള്ള പിച്ചളക്കോട്ടയാണ്.  വെൺചന്ദന മലർക്കാവാണ് ഈ കോട്ടകൾക്കിടയിലുള്ളത്. അവിടുത്തെ സംരക്ഷകൻ വർഷർത്തുവാണ്. അയാളുടെ മാർച്ചട്ട കരിങ്കാറാണ്. ധനുസ്സ് മഴവില്ലാണ്. വജ്രം ഇടിമുഴക്കമാണ്. കണ്ണുകൾ മിന്നലാണ്. ആയിരക്കണക്കിന് മഴനൂലുകളാകുന്ന അമ്പുകൾ വർഷിച്ച് അദ്ദേഹം മദവിഹ്വലരായ പന്ത്രണ്ടു ഭാര്യമാരൊത്ത് ആ പ്രദേശത്തെ സംരക്ഷിക്കുന്നു. നഭശ്രീ, നഭസ്യശ്രീ, സ്വരസാ, അരസ്യ, മാലിനി, അംബാ, ദുല, നിരത്നി, അഭ്രമന്തി, മേഘയന്തി, വർഷയന്തി, ചിബൂണികാ, വാരിധാരാ എന്നിവരാണ് ആ പന്ത്രണ്ടു പേർ. പുതു പൂവല്ലി നിറഞ്ഞ അവിടം തളിർത്തു പൂത്ത ചെടികളും തളിരണിഞ്ഞ വൃക്ഷങ്ങളും പച്ചപ്പുൽമേടുകളും നിറഞ്ഞിരിക്കുന്നു.

നദികളവിടെ നിറഞ്ഞ് ഒഴുകുന്നു. പൊയ്കകൾ കലങ്ങി നിൽക്കുന്നു. ദേവിക്കായി വാപി ,കൂപം, തടാകം, എന്നിവ നിർമ്മിക്കാൻ ഉത്സുകരായി ദേവൻമാരും സിദ്ധരും അവരുടെ ഭാര്യമാരൊത്ത്  അവിടെ രമ്യതയോടെ വസിക്കുന്നു.

പിച്ചളക്കോട്ടയ്ക്കപ്പുറം ഏഴുയോജന നീളത്തിൽ പഞ്ചലോഹ നിർമ്മിതമായ ഒരു കോട്ടയുണ്ട്. അതിനു നടുക്കായി നാനാ പുഷ്പങ്ങളും വള്ളികളും നിറഞ്ഞമന്ദാരമലർവാടി. ശരത്ത് ഋതുവാണവിടെ സംരക്ഷകൻ. ഊർജലക്ഷ്മി, ഇഷുലക്ഷ്മി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ശരദൃതുവിനുള്ളത്. പരിവാര -പത്നി സമേതം നാനാ സിദ്ധ ഗണങ്ങളവിടെ കഴിയുന്നു.

ഈ കോട്ടയ്ക്കുമപ്പുറത്ത് ഏഴുയോജന വലുപ്പത്തിൽ താഴികക്കുടങ്ങൾ ഉള്ള ഒരു വെള്ളി മതിലാണ്. ആ മതിലിനും പഞ്ചലോഹക്കോട്ടയ്ക്കുമിടയ്ക്ക് പാരിജാത മലരുകൾ നിറഞ്ഞൊരു പൂന്തോപ്പാണ്.  അവിടെ പൂങ്കുലച്ചാർത്തുകളിൽ നിന്നും വീശുന്ന സുഗന്ധം ദേവീ ഭക്തരെ ആനന്ദിപ്പിക്കുന്നു. ഹേമന്തനാണ് ഇവിടുത്തെ സംരക്ഷകൻ. സഹ്യശ്രീ, സഹസ്രശ്രീ, എന്നീ ഭാര്യമാരാണ് ഹേമന്ത ഋതുവിനുള്ളത്. ഭൃത്യരും ആയുധങ്ങളുമായി ഹേമന്തൻ രാജാവിനെപ്പോലെ കഴിയുന്നു. കൃച്ഛ്രവ്രതം അനുഷ്ഠിക്കുന്നവരാണ് ഇവിടെ വാഴുന്നവർ.

വെള്ളി മതിലിനപ്പുറം സ്വർണ്ണക്കോട്ടയാണ്. ഹാടക സ്വർണ്ണം കൊണ്ടാണീ മതിൽ നിർമ്മിച്ചിരിക്കുന്നത്. പൂവണിഞ്ഞ കദംബവനമാണ്  മതിലുകൾക്കിടയിൽ ഉള്ളത്. കദംബമദ്യം സേവിച്ച് നിജാനന്ദമനുഭവിക്കുന്ന അനേകം സിദ്ധൻമാർ അവിടെയുണ്ട്. ശിശിരഋതുവാണാ കോട്ടയുടെ സംരക്ഷകൻ. തപഃശ്രീ, തപസ്യശ്രീ, എന്നീ ഭാര്യമാരൊത്ത് നാനാ ഗണങ്ങളാൽ പരിസേവിതനായി ശിശിരൻ അവിടെ രമിച്ചു കഴിയുന്നു. അവിടെയുള്ള സിദ്ധരും നാനാവിധ ഭോഗങ്ങളിൽ നിന്നുമുള്ള ആനന്ദം അനുഭവിച്ച് ഭാര്യാ പരിവാരങ്ങളോടെയാണവിടെ കഴിയുന്നത്.

സ്വർണ്ണമതിലിനുമപ്പുറം കുങ്കുമ നിറത്തിൽ ഏഴുയോജന നീളമുള്ള പുഷ്യരാഗക്കോട്ടയാണ്.  രത്നവർണ്ണ സമുജ്വലങ്ങളാണ് അവിടെയുള്ള ഭൂമിയും, കാവും, പൂന്തോട്ടവും, വൃക്ഷങ്ങളും എല്ലാം. മതിലുണ്ടാക്കിയ അതേ രത്നങ്ങളാൽ വൃക്ഷാദികളും പക്ഷികളും ജലാശയങ്ങളും മണ്ഡപങ്ങളും പ്രാകാരങ്ങളും തീർത്തിരിക്കുന്നു. ഇവിടുത്തെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. മറ്റു കോട്ടകളേക്കാൾ ലക്ഷം തവണ തേജോമയമാണീ കോട്ട.

ഓരോരോ ബ്രഹ്മാണ്ഡങ്ങളിലേയും ദിക്പാലകരുടെ പ്രതിബിംബങ്ങളാണ് ഇവിടുത്തെ വരായുധ ധാരികളായ ദിക്പാലകർ. സമഷ്ടി രൂപത്തിലാണവർ അവിടെക്കഴിയുന്നത്. കോട്ടയുടെ പൂർവ്വ ശൃംഗത്തിലായി അമരാവതിയാണ്. ദേവേന്ദ്രൻ വാഴുന്നതവിടെയാണ്. സ്വർഗ്ഗത്തിലുള്ള ഇന്ദ്രനേക്കാൾ ആയിരം മടങ്ങ് ശോഭയോടെയാണ് ഇവിടുള്ള ഇന്ദ്രന്. വജ്രവും കൈയിലേന്തി ഐരാപുരത്തിന്റെ മുകളിൽ ഇരുന്ന് അദ്ദേഹമവിടെ വിരാജിക്കുന്നു. ദേവാംഗനകളുമൊത്ത് ഇന്ദ്രപത്നിയായ ശചിയും അവിടെയുണ്ട്.

സ്വാഹാ, സ്വധാ എന്നിവരുമൊത്ത് അഗ്നിദേവനും തന്റെ ദേവഗണങ്ങൾ സഹിതം അവിടെയുണ്ട്. ഇതിന്റെ തെക്കേ കോണിൽ യമപുരി. ചിത്രഗുപ്തൻ തുടങ്ങിയ പരിവാരങ്ങളുമായി ദണ്ഡധരനായ യമനവിടെ വാഴുന്നു. രാക്ഷസമായ നിരൃതി കോണിൽ പരിവാരസമേതം നിരൃതി വാഴുന്നു. വരുണദിക്കിൽ പ്രതാപത്തോടെ വരുണദേവൻ വാഴുന്നു. പാശധാരിയായ വരുണൻ വരുണാനിസഹിതം മഹാ മത്സ്യാരൂഢനായി വരുണലോകം വാഴുന്നു.

വായു കോണിലാണ് വായു ഭഗവാൻ വാഴുന്ന വായു ലോകം. പ്രാണായാമം ചെയ്യുന്നതിൽ സദാ മുഴുകിയിരിക്കുന്ന സിദ്ധൻമാർ വാഴുന്ന വായു ലോകത്ത് മൃഗവാഹനനായ വായുദേവൻ വിശാലാക്ഷനായി മരുദ്ഗണങ്ങളോടെ മരുവുന്നു.

വടക്കേ ദിക്കിൽ യക്ഷ ലോകമാണ്. അവിടെയാണ് സമസ്ത ഐശ്വര്യസമ്പത്തുകൾക്കും അധിപനായ കുബേരൻ വാഴുന്നത്. ശംഖ് തുടങ്ങിയ ഒൻപതുനിധികളും കുബേരന്റെ കൈയിലാണ്. യക്ഷ സേനാനികളായ മണിഭദ്രൻ, പൂർണ്ണഭദ്രൻ, മണിമാൻ, മണി കന്ധരൻ, മണിഭൂഷൻ, മണി സ്രഗ്വി,  മണി കാർമുകധാരൻ എന്നിവരെല്ലാം അവരവരുടെ ശക്തികളോടുകൂടിയവിടെ വസിക്കുന്നു.

ഈശാന കോണിൽ രുദ്ര ലോകമാണ്. കോപോജ്വലനയനങ്ങളുമായി അനർഘ രത്നങ്ങൾ പതിച്ച ആ ലോകത്തിൽ രുദ്രദേവൻ വാഴുന്നു. രുദ്ര ദേവന്റെ പുറത്ത്  അമ്പു നിറഞ്ഞ ആവനാഴിയുണ്ട്.  ഇടംകയ്യിൽ കുലച്ചു പിടിച്ച വില്ല്. തന്നെപ്പോലുള്ള അസംഖ്യം വില്ലാളിമാർക്ക് നടുവിലാണ് ശിവ ഭഗവാൻ ചുവന്ന കണ്ണുകളുമായി നില്ക്കുന്നത്. കൂടെയുള്ള ശിവഗണങ്ങൾ രുദ്രരൂപം ധരിച്ചിരിക്കുന്നു. ശൂലധാരികൾ, വികൃതമുഖൻമാർ, കരാളമുഖർ, തീ തുപ്പുന്നവർ, പത്തുകൈയ്യുള്ളവർ, നൂറ് കൈയ്യുള്ളവർ, ആയിരം കൈയ്യുള്ളവർ, പത്തു കാലുള്ളവർ, പത്തു കഴുത്തുള്ളവർ, മൂന്നു കണ്ണുള്ളവർ, എന്നു വേണ്ട ഭീതിദമായ സകലഭാവങ്ങളും പൂണ്ട രൂപങ്ങൾ ശിവനു ചുറ്റും അവരവരുടെ രുദ്രാണിമാരോടുകൂടി നിരന്നു നില്ക്കുന്നു. ഭദ്രകാളി മുതലായ മാതാക്കളും, നാനാശക്തിസമ്പന്നരായ ഡാമര്യാദിഗണങ്ങളും വീരഭദ്രാദികളും പ്രമഥാദികളും ഭൂതാവാസനായ മഹേശ്വരനെ സേവിച്ചുകൊണ്ട് അവിടെക്കഴിയുന്നു.

തലയോട്ടിമാല, പുലിത്തോൽ, എന്നിവയണിഞ്ഞ് നാഗമാല ചാർത്തി ചിതാഭസ്മം പൂശി, ദിക്കുകൾ മുഴങ്ങുമാറ് കടുന്തുടി കൊട്ടി ഘോരാട്ടഹാസം മുഴക്കി ഈശാന ദിക്കിൽ മഹേശ്വരൻ വസിക്കുന്നു. ഈശാന ദിക്കിന്റെ അധിപതി ഈശാനനനായ മഹേശ്വരനാണ്.

ദിവസം 318. ശ്രീമദ്‌ ദേവീഭാഗവതം. 12.9. ഗൗതമശാപം

ദിവസം 318.  ശ്രീമദ്‌ ദേവീഭാഗവതം. 12.9. ഗൗതമശാപം

കദാചിദഥ കാലേ തു ദശ പഞ്ച സമാ വിഭോ
പ്രാണിനാം കർമ്മവശതോ ന വവർഷ ശതക്രതു:
അനാവൃഷ്ട്യാതിദുർഭിക്ഷമഭവത് ക്ഷയകാരകം
ഗൃഹേ ഗൃഹേ ശവാനാം തു സംഖ്യാ കർത്തും നശക്യതേ

വ്യാസൻ പറഞ്ഞു: പണ്ടൊരിക്കൽ കർമ്മദോഷം കാരണം ഭൂമിയിൽ പതിനഞ്ചു വർഷത്തോളം മഴ പെയ്തില്ല. മഴ പെയ്യാഞ്ഞ് ഭൂമിയിൽ കടുത്ത ഭക്ഷണ ക്ഷാമം അനുഭവപ്പെട്ടു. ഓരോ വീട്ടിലും പട്ടിണി കൊണ്ട് അസംഖ്യം പേർ മരിച്ചു പോയി. ചിലർ പശിയൊടുക്കാൻ പന്നി കുതിര മുതലായ മൃഗങ്ങളെ കൊന്നു തിന്നു. മറ്റു ചിലർ മനുഷ്യ ശവങ്ങൾ പോലും ആഹരിക്കുകയുണ്ടായി. അമ്മമാർ മക്കളെയും പുരുഷൻ തന്റെ പത്നിയേയും തിന്നു. എല്ലാവരും ആഹാരം കിട്ടാതെ വലഞ്ഞു തെണ്ടിത്തിരിഞ്ഞു.

ബ്രാഹ്മണർ എന്താണീ ദുർഭിക്ഷം തീർക്കാനൊരു വഴിയെന്നാലോചിച്ചു. "ഈ കഷ്ടപ്പാട് തീർക്കാൻ മഹർഷി ഗൗതമന് മാത്രമേ കഴിയൂ" എന്നാലോചിച്ച് അവർ അദ്ദേഹത്തെ ചെന്ന് കാണാൻ തീരുമാനിച്ചു. ഗൗതമാശ്രമത്തിൽ അദ്ദേഹം സദാ ഗായത്രീ ജപത്തിൽ മുഴുകിയാണിരിക്കുന്നത്. മഹർഷിയുടെ അടുത്ത് ഭക്ഷണം ധാരാളമുണ്ട് എന്നറിഞ്ഞ് പലരും അങ്ങോട്ട് പോയിട്ടുമുണ്ട്.

എല്ലാവരും തങ്ങൾക്കുള്ള പശുക്കളേയും ഭൃത്യജനങ്ങളേയും കൂട്ടി ഗൗതമാശ്രമത്തിലേയ്ക്ക് യാത്രയായി. നാനാദിക്കിൽ നിന്നും വന്നെത്തിയ വിപ്രരെ മഹർഷി ഉപചാരപൂർവ്വം സ്വീകരിച്ചാനയിച്ചു. കുശലം ചോദിച്ച് ബ്രാഹ്മണരുടെ ആഗമനോദ്ദേശം മനസ്സിലാക്കി.

ഞാൻ നിങ്ങൾക്ക് ദാസനാണ്. ഈ വീട് നിങ്ങൾക്ക് സ്വന്തമെന്ന പോലെ ഉപയോഗിക്കാം. ഞാനുള്ളപ്പോൾ നിങ്ങൾ ഭക്ഷണകാര്യത്തേക്കുറിച്ച് വ്യാകുലപ്പെടേണ്ട. തപോധനൻമാരായ നിങ്ങളെ കണ്ടതു തന്നെ ഭാഗ്യമായി ഞാൻ കരുതുന്നു. ബ്രാഹ്മണ ദർശനം തന്നെ പുണ്യ പ്രദമത്രേ. അവരുടെ പാദധൂളി ഭക്ത ഗൃഹങ്ങളെ പവിത്രീകരിക്കുന്നു. നിങ്ങൾക്കിവിടെ സുഖമായി താമസിക്കാം.

ഇങ്ങിനെ പറഞ്ഞ് വിപ്രൻമാരെ ആശ്വസിപ്പിച്ച ഗൗതമ മുനി ഗായത്രീ ദേവിയെ കൈകൂപ്പി പ്രാർത്ഥിച്ചു. "ദേവീ, മഹാവിദ്യാ സ്വരൂപിണീ, അംബികേ, വേദജനനീ, പരാത്പരേ, മഹാ മന്ത്ര സ്വരൂപേ, പ്രണവസ്വരൂപേ, സാമ്യാവസ്ഥാത്മികേ ഹ്രീങ്കാരേ, നമസ്ക്കാരം.

സ്വാഹാ സ്വധാ രൂപത്തിൽ വർത്തിക്കുന്ന സർവ്വാർത്ഥ സാധികയായ അമ്മ ഭക്തർക്ക് കല്പതരുവാണ്. അവസ്ഥാത്രയങ്ങൾക്ക് സാക്ഷിയായി വർത്തിക്കുന്ന അവിടുന്ന് തുരീയാതീതയാണ്. സച്ചിദാനന്ദ വിഗ്രഹയും സർവ്വവേദാന്ത സംവേദ്യയും സൂര്യ മണ്ഡലവാസിനിയും ആയ അവിടുന്ന് പ്രഭാതത്തിൽ തങ്കവർണ്ണത്തിൽ ബാലയായും മധ്യാഹ്നത്തിൽ യുവകോമളയായും സായാഹ്നത്തിൽ കൃഷ്ണവർണ്ണം പൂണ്ട വൃദ്ധയുമായി വിരാജിക്കുന്നു. സർവ്വഭൂതങ്ങൾക്കും ആശ്രയമായ ദേവീ, മഹാമായേ, പരമേശ്വരീ, നമസ്ക്കാരം, നമസ്ക്കാരം"

ഗൗതമസ്തുതിയിൽ സംപ്രീതയായ ജഗ്മാതാവായ ദേവി മുനിക്ക് മുന്നിൽ പ്രത്യക്ഷയായി. എല്ലാവിധ ആഗ്രഹങ്ങളും ക്ഷണത്തിൽ സാധിപ്പിക്കുന്ന അമൂല്യമായൊരു പാത്രം മഹർഷിക്കു സമ്മാനിച്ചിട്ട് ദേവിയിങ്ങിനെ പറഞ്ഞനുഗ്രഹിച്ചു. 'അങ്ങെന്ത് ആഗ്രഹിക്കുന്നുവോ അതെല്ലാം ഈ പാത്രം സാധിച്ചു തരും.' എന്നു പറഞ്ഞ് ഗായത്രീദേവി അപ്രത്യക്ഷയായി.

പെട്ടെന്ന് ആ പാത്രത്തിൽ നിന്നും കുന്നുപോലെ ചോറും കറികളും ഉണ്ടായി. ആറ് രസങ്ങളും പച്ചക്കറി വർഗ്ഗങ്ങളും ഇലകളും ദിവാഭരണങ്ങളും പട്ടുവസ്ത്രങ്ങളും പാത്രങ്ങളും മഹർഷിയാഗ്രഹിച്ചപോലെ അവിടെ കുമിഞ്ഞു കൂടി.

മഹർഷി അതിഥികളായ ബ്രാഹ്മണ സംഘത്തെ വിളിച്ച് സന്തുഷ്ടമനസ്സോടെ ദിവ്യപാത്രം നൽകിയ ഭക്ഷണവും മറ്റും നൽകി. ഭക്ഷണം കഴിച്ച് തൃപ്തരായ ബ്രാഹ്മണർ കൂട്ടായി നിന്ന് യജ്ഞത്തിൽ ഏർപ്പെട്ടു. പാത്രത്തിൽ നിന്നും യജ്ഞത്തിനാവശ്യമായ സ്രുക്ക് സ്രുവങ്ങളും ഗോമഹിഷ്യാദികളും അവർക്ക് കിട്ടിയിരുന്നു.

യജ്ഞഫലമായി അവിടം സ്വർഗ്ഗതുല്യമായ ഒരിടമായി മാറി. ഗായത്രീ ദേവി സമ്മാനിച്ച പാത്രത്തിൽ നിന്നും എല്ലാവരുടെ അഭീഷ്ടങ്ങൾക്കും അനുസരിച്ചുള്ള വസ്തുക്കൾ ഉണ്ടായി. തിളങ്ങുന്ന വേഷ ഭൂഷകളാൽ അലങ്കൃതരായ വിപ്രൻമാർ ദേവസദൃശ്യരായും അവരുടെ പത്നിമാർ ദേവനാരിമാരെപ്പോലെയും കാണപ്പെട്ടു. ജരാനരകളോ രോഗപീഡകളോ ഇല്ലാത്ത ആ നാട്ടിൽ ആർക്കും  ദൈത്യഭയവും ഇല്ലായിരുന്നു. എന്നുമവിടെ ഉത്സവമായിരുന്നു.

ഐശ്വര്യമേറിയ ആ നാട്ടിൽ മറ്റ് ജീവജാലങ്ങൾ താനേ വന്നുകൂടി ക്രമേണ ആശ്രമം വളർന്നു വളരെ വലുതായി. ബ്രാഹ്മണർ നാനാവിധ യജ്ഞങ്ങൾ യഥാവിധി ചെയ്ത് അവിടം  സ്വർഗ്ഗം തന്നെയായി. വിപ്രൻമാർ ഗൗതമ മഹർഷിയുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടി. ദേവേന്ദ്രൻ തന്റെ സഭയിലും ഗൌതമാശ്രമത്തിലെ യജ്ഞങ്ങളെ പുകഴ്ത്തിപ്പറഞ്ഞു. "നമ്മുടെ അഭീഷ്ടമനുസരിച്ച് എല്ലാം നൽകുന്ന കൽപ്പവൃക്ഷം തന്നെയാണീ മഹാമുനി. അല്ലെങ്കിൽ ഭൂമിയിൽ ക്ഷാമമുള്ളപ്പോൾ ദേവൻമാർക്കുള്ള ഹവിസ്സും വപയുമൊക്കെ നമുക്കെങ്ങിനെ മുടക്കമില്ലാതെ ലഭിക്കും.?"

ഗർവ്വ് അശേഷം തീണ്ടാതെ ഇങ്ങിനെയൊരു പന്ത്രണ്ട് കൊല്ലം ഗൗതമൻ ബ്രാഹ്മണരെ സകുടുംബം സംരക്ഷിച്ചു. അദ്ദേഹം ഒരു ഗായത്രീക്ഷേത്രം അവിടെ നിർമ്മിച്ചു. ആ കോവിലിൽ പുരശ്ചര്യക്രമത്തോടെ ത്രിസന്ധ്യാ പൂജകളോടെ മുനിമാർ ജഗദംബികയെ പൂജിക്കുന്നു. പ്രഭാതത്തിൽ ദേവിയവിടെ ബാലികയാണ്. മദ്ധ്യാഹ്നത്തിൽ യുവതിയും സായാഹ്നത്തിൽ വൃദ്ധയുമാണ്.

ഒരിക്കലവിടെ മുനി ശ്രേഷ്ഠനായ നാരദമഹർഷി തന്റെ വീണയായ മഹതിയിൽ ഗായത്രീ ദേവിയുടെ അപദാനങ്ങൾ മീട്ടി ഗൗതമാദി മുനിമാരുടെ സഭയിലെത്തി. മുനിമാർ നാരദരെ അത്യധികം ബഹുമാനത്തോടെ സ്വീകരിച്ചു. നാരദൻ പല കഥകളും പറയുന്ന കൂട്ടത്തിൽ ഗൗതമമഹർഷി ലോകത്താർജ്ജിച്ച യശസ്സിനെ സ്തുതിച്ചു. "മഹർഷേ, ബ്രാഹ്മണരക്ഷ ചെയ്യുന്ന അങ്ങയുടെ കീർത്തി സ്വർഗ്ഗത്തിലൊക്കെ നന്നായി പരന്നിരിക്കുന്നു. ദേവേന്ദ്രൻ തന്നെ പല തവണ ഇവിടുത്തെ ഐശ്വര്യത്തെപ്പറ്റി പറയുകയുണ്ടായി. അതൊന്ന് നേരിൽക്കണ്ട് മനസ്സിലാക്കാനാണ് ഞാനിപ്പോൾ വന്നത്. ജഗദംബ അനുഗ്രഹിക്കയാൽ അങ്ങ് ധന്യധന്യനാണ്".

നാരദൻ ഗായത്രീക്ഷേത്രത്തിൽ ചെന്ന് ദേവിയെ സ്തുതിച്ച ശേഷം ദേവലോകത്തേക്ക് മടങ്ങി.

ഗൗതമുനിയുടെ കീർത്തി അത്രത്തോളം വർദ്ധിച്ചുവെന്ന് നാരദമുനിയിൽ നിന്നുമറിഞ്ഞ വിപ്രൻമാർക്ക് അസൂയയായി. "ഈ കീർത്തി നശിപ്പിക്കാൻ നമുക്കെന്തെങ്കിലും ചെയ്യണം" എന്നവർ തീരുമാനിച്ചു. കാലക്രമത്തിൽ ഭൂമിയിൽ മഴ പെയ്തു. ക്ഷാമാവസ്ഥ മാറി, എല്ലായിടവും ഫലഭൂയിഷ്ടമായി. തങ്ങളുടെ കഷ്ടപ്പാട് മാറിയപ്പോൾ കുമെന്നു പറയട്ടേ, ബ്രാഹ്മണർ ഗൗതമനെ ശപിക്കാൻ ഒരുമ്പെട്ടു. അവർ ചാവാറായ ഒരു തളളപ്പശുവിനെ മായ കൊണ്ട് നിർമ്മിച്ച് ഗൗതമന്റെ യജ്ഞശാലയിലേയ്ക്ക് വിട്ടു. ഹോമ സമയത്ത് അവിടെച്ചെന്ന് ശല്യമുണ്ടാക്കിയപ്പോൾ  മഹർഷി 'ഹും ഹും' എന്നതിനെ വിലക്കി. പെട്ടെന്നാ ചാവാലിപ്പശു യജ്ഞശാലയിൽ ചത്തുവീണു.

'മഹർഷി പശുവിനെ കൊന്നേ' എന്ന് ബ്രാഹ്മണർ വിളിച്ചു കൂവി. ഗൗതമൻ ഹോമവസാനിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ചു. തന്റെ സംരക്ഷണത്തിൽ കഴിയുന്ന നന്ദിയില്ലാത്ത ബ്രാഹ്മണർ ചെയ്ത ചതിയാണിതെന്ന് അദ്ദേഹം പെട്ടെന്ന് മനസ്സിലാക്കി. കോപത്താൽ ചുവന്ന കണ്ണുകളുമായി മഹർഷി ബ്രാഹ്മണരെ ശപിച്ചു. 'നീച ബ്രാഹ്മണരേ, നിങ്ങൾ എന്നും വേദമാതാവായ ഗായത്രി ജപത്തിലും ധ്യാനത്തിലും വിമുഖരായിത്തീരട്ടെ! മൂലപ്രകൃതിയെ ധ്യാനിക്കുന്നതിലും തത്കഥാശ്രവണത്തിലും നിങ്ങൾ വിമുഖരാവട്ടെ. ദേവീ മന്ത്രത്തിലും പൂജയിലും ദേവീക്ഷേത്രത്തിലും നിങ്ങൾക്ക് താൽപ്പര്യം ഇല്ലാതാവട്ടെ. ദേവീ ഭക്തൻമാരെ കാണാനും ബഹുമാനിക്കാനും നിങ്ങൾക്ക് അവസരമില്ലാതെ പോകട്ടെ. പരമശിവനിലും ശിവ ശാസ്ത്രാദികളിലും ശിവമന്ത്രത്തിലും നിങ്ങൾ വിമുഖരാവട്ടെ. ദേവിയുടെ ഉത്സവം കാണുന്നതിലും ദേവീനാമകീർത്തനത്തിലും നിങ്ങൾ വിമുഖരാവട്ടെ. രുദ്രാക്ഷത്തിലും വില്വ പത്രത്തിലും ഭസ്മത്തിലും നിങ്ങൾ വിമുഖരാവട്ടെ. ശ്രുതി സ്മൃതി സദാചാരങ്ങൾ, ജ്ഞാന മാർഗ്ഗങ്ങൾ, അദ്വൈതനിഷ്ഠകൾ, ശമദമാദി സാധനകൾ എന്നിവയിലെല്ലാം നീചവിപ്രരേ നിങ്ങൾ സദാ വിമുഖരാവട്ടെ. നിത്യ കർമ്മങ്ങളിലും അഗ്നിഹോത്ര കർമ്മങ്ങളിലും നിങ്ങൾ വിമുഖരാവട്ടെ. സ്വാധ്യായം, പ്രവചനം എന്നിവയിൽ നിങ്ങൾക്ക് താൽപ്പര്യമില്ലാതാവട്ടെ. ഗോദാനം പിതൃശ്രാദ്ധം എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയില്ലാതാവട്ടെ. കൃച്ഛ്രചാന്ദ്രായണം, പ്രായശ്ചിത്തം, എന്നിവയിൽ നിങ്ങൾ വിമുഖരാവട്ടെ. ശ്രീദേവിയൊഴികെ മറ്റ് ദേവതകളിൽ മാത്രം നിങ്ങളുടെ ശ്രദ്ധാഭക്തികൾ കേന്ദ്രീകൃതമാവട്ടെ. നിങ്ങൾ ശംഖചക്രമുദ്രകൾ ധരിച്ചവരായിത്തീരട്ടെ. നീചരേ, നിങ്ങൾ കാപാലിക മതക്കാരും ബൗദ്ധ ദർശനത്തിൽ ആസക്തിയുള്ളവരും നാസ്തികരുമായിത്തീരട്ടെ. നിങ്ങൾ സ്വന്തം മാതാപിതാക്കളേയും പുത്രകളത്രാദികളെയും വില്ക്കുന്നത്ര നീചരായി ഭവിക്കട്ടെ. നിങ്ങൾ വേദവും തീർത്ഥവും ധർമ്മവും വില്പനയ്ക്ക് വയ്ക്കുന്നവരായിത്തീരട്ടെ. നിങ്ങൾക്ക് കാമശാസ്ത്രം, പാഞ്ച രാത്രം, കാപാലിക മതം, ബുദ്ധ ശാസ്ത്രം എന്നിവയിൽ താൽപ്പര്യമുറയ്ക്കട്ടെ. നിങ്ങൾ മാതാവിനെയും സ്വപുത്രിയേയും പ്രാപിക്കാൻ മടിയില്ലാത്ത നീചരാവട്ടെ. നിങ്ങൾ പരസ്ത്രീലമ്പടരാവട്ടെ . സ്ത്രീകളടക്കം നിങ്ങളുടെ വംശത്തിലുണ്ടാവുന്ന എല്ലാവർക്കും എന്റെ ശാപംഫലിക്കട്ടെ. മൂലപ്രകൃതിയായ ഈശ്വരി, പരമശ്രേഷ്ഠയായ ഗായത്രിയുടെ കോപം നിങ്ങളിൽ പതിക്കട്ടെ."

വ്യാസൻ പറഞ്ഞു: ഗൗതമമുനി ശാപവാക്കുകൾ പറഞ്ഞ് ജലമെടുത്ത് കുടഞ്ഞു. അദ്ദേഹം ഗായത്രീ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്ക് പോയി. ജഗദംബികയെ പ്രണമിച്ചു. എന്നാൽ ആശ്രിതവൽസലയും പരാത്പരയുമായ ദേവി വിപ്രൻമാരുടെ ദുരിതമോർത്ത് പരിതപിച്ചു വിസ്മയം പൂണ്ടു. ഇന്നും ദേവീ വദനത്തിൽ ആ വിസ്മയം കാണാം.

ദേവി മഹർഷിയോട് പറഞ്ഞു.: "പാലു കൊടുത്താലും പാമ്പ് വിഷമല്ലേ പകരം തരൂ. അങ്ങ് പ്രശാന്തനായാലും കാലത്തിന്റെ ഗതി ഇങ്ങിനെയൊക്കെയാണ് എന്ന് സമാധാനിക്കുക". മഹർഷി ദേവിയെ നമസ്ക്കരിച്ച് മടങ്ങി.

ശാപമേറ്റ ബ്രാഹ്മണർ വേദവും ഗായത്രിയും മറന്നു. അവർ പോലും ആ ദുർഗതിയിൽ അത്ഭുതസ്തബ്ധരായി. ഒടുവിലവർ ഗൗതമനെത്തന്നെ സമീപിച്ച് തല കുനിച്ചു നിന്നു. "ദയവുണ്ടായി തങ്ങളിൽ പ്രസാദിക്കണേ" എന്നവർ മൗനമായി പ്രാർത്ഥിച്ചു. കൃപാർദ്രചിത്തനായ മുനി അവർക്ക് ശാപമോക്ഷം നൽകി. "എന്റെ ശാപം ഫലിക്കാതെ വരില്ല എന്നറിയുക. കൃഷ്ണാവതാരം വരേയ്ക്ക് നിങ്ങൾ കുംഭീപാകത്തിൽ കിടക്കേണ്ടി വരും. എങ്കിലും ഗായത്രീ ദേവിയെ ഭജിച്ച് നിങ്ങൾക്ക് പാപമോചനം നേടാം."

"ഇത് പ്രാരബ്ധം തന്നെ" എന്ന് ഗൗതമമുനി സമാധാനിച്ചു. ജ്ഞാനസ്വരൂപനായ ശ്രീകൃഷ്ണൻ വൈകുണ്ഠം പൂകിയ ശേഷം കലികാലം സമാഗതമായി. അപ്പോൾ കുംഭീ പാകത്തിൽ നിന്നും ആ ബ്രാഹ്മണർ ഭൂമിയിൽ പുനർജനിച്ചു. അവരിൽ ത്രിസന്ധ്യാ നിഷ്ഠയും ഗായത്രീ ഭക്തിയും ഉണ്ടായിരുന്നില്ല. വേദഭക്തിയില്ലാത്ത അക്കൂട്ടർ നിരീശ്വരവാദികളും ഹോമാദി കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവരും ആയിരുന്നു. മൂലപ്രകൃതിയെ അറിയാത്ത അവർക്ക് സൽകർമ്മങ്ങൾ എന്താണെന്നും അറിയില്ല -

കാപാലികർ, ജൈനന്മാർ, ബൗദ്ധൻമാർ എന്നിവരിൽ പണ്ഡിതൻമാർ ഉണ്ടെങ്കിലും അവർ ദുരാചാരികളാണ്. അവരിൽ ചിലർ ദേഹത്ത് പച്ചകുത്തുന്നവരാണ്. കപാലികരും, കൗളൻമാരും, അക്കൂട്ടത്തിലുണ്ട്. പരദാര ഭ്രമം വിടാത്തതു കൊണ്ട് അവർ വീണ്ടും കുംഭീപാകത്തിൽത്തന്നെ ചെന്നു വീഴും.

അതു കൊണ്ട് ദേവീഭജനം ഒന്നു മാത്രമേ നമുക്ക് കരണീയമായുള്ളു. ശിവോപാസനയും വിഷ്ണുപാസനയും താൽക്കാലികമാണ്. ശാശ്വതമായത് ദേവീയുപാസനയൊന്നു മാത്രമാണ്. അതില്ലാഞ്ഞാൽ അധപ്പതനമാണ് ഫലം.

അനഘനായ രാജാവേ, അങ്ങ് ചോദിച്ചതിന് ഞാൻ ഉത്തരമേകിയല്ലോ. ഇനി ഭുവനേശ്വരിയുടെ ആസ്ഥാനമായ മണി ദ്വീപിനെ ഞാൻ വർണ്ണിക്കാം. സംസാരദുഖത്തെ നശിപ്പിക്കുന്നതും  ജഗദംബിക വാണരുളുന്നതുമായ  മണിദ്വീപ് സകലലോകങ്ങൾക്കും മുകളിലത്രേ.

ദിവസം 317. ശ്രീമദ്‌ ദേവീഭാഗവതം. 12.8. കേനോപനിഷദ് കഥ

ദിവസം 317.  ശ്രീമദ്‌ ദേവീഭാഗവതം. 12.8. കേനോപനിഷദ് കഥ

ഭഗവൻ സർവ്വധർമ്മജ്ഞ സർവശാസ്ത്രവതാം വര
ദ്വിജാതീനാം തുസർവേഷാം ശക്ത്യുപാസ്തി: ശ്രുതീരിതാ
സന്ധ്യാകാലത്രയേfന്യസ്മിൻ കാലേ നിത്യതയാ വിഭോ
താം വിഹായ ദ്വിജാ: കസ്മാദ്  ഗൃഹ്ണീയുശ്ചാന്യദേവതാ:

ജനമേജയൻ പറഞ്ഞു: ഭഗവൻ സർവ്വധർമ്മങ്ങളും നന്നായറിയാവുന്ന അങ്ങ് സർവ്വശാസ്ത്രങ്ങളിലും അവഗാഹമുള്ളയാളാണ്. എല്ലാ ബ്രാഹ്മണരും സന്ധ്യാവന്ദനത്തിലൂടെ ദിവസവും മൂന്നു തവണ ശക്തിയെ ഉപാസിക്കണമെന്ന് വേദ വിധിയുണ്ടായിട്ടും എന്തു കൊണ്ടാണ് എല്ലാവരും അതനുഷ്ഠിക്കാതെ മറ്റു ശക്തികളെ ഉപാസിക്കുന്നത്? ചിലർ വൈഷ്ണവർ, ചിലർ ഗാണപത്യർ. കാപാലികൻമാർ, ചീനമാർഗ്ഗികൾ, വൽക്കലധാരികൾ, ദിഗംബരൻമാർ, ബൗദ്ധർ, ചർവാകൻമാർ എന്നിങ്ങിനെ പല കൂട്ടുമുണ്ട്. അവർക്ക് വേദത്തിൽ ശ്രദ്ധയും കാണുന്നില്ല. എന്താണിതിനു കാരണം? ശ്രേയസ്സ് കിട്ടുന്ന കാര്യം ആരെങ്കിലും അറിഞ്ഞുകൊണ്ട് വേണ്ടെന്നു വയ്ക്കുമോ? ഇതിന്റെ കാരണമെന്തെന്ന് ദയവായി പറഞ്ഞു തന്നാലും.

ഇനി മറ്റൊരു ചോദ്യമുള്ളത് മണി ദ്വീപമാഹാത്മ്യത്തെപ്പറ്റിയാണ്. അങ്ങത് നേരത്തേ വിവരിച്ചു പറഞ്ഞിരുന്നുവല്ലോ. ആ മണിദ്വീപ് ഏതു ദേവിയുടെ ശ്രേഷ്ഠമായ ഇരിപ്പിടമാണ്? എന്താണതിന്റെ സാംഗത്യം എന്നെല്ലാം ശ്രദ്ധയും ഭക്തിയുമുള്ള എനിക്കങ്ങ് ഉപദേശിച്ചരുളിയാലും.

സൂതൻ പറഞ്ഞു: രാജാവിന്റെ ആഗ്രഹം കേട്ടപ്പോൾ ബാദരായണൻ ക്രമാനുഗതമായി കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ഇതു കേട്ടാൽത്തന്നെ ബ്രാഹ്മണർക്ക് വേദത്തിലുള്ള ശ്രദ്ധ വർദ്ധിക്കും.

ശ്രീ വ്യാസൻ പറഞ്ഞു: മഹാരാജൻ, അങ്ങ് ഉചിതമായ ചോദ്യമാണ് ഉന്നയിച്ചത്. അങ്ങും വേദതല്പരനും ശാസ്ത്രാഭിമുഖ്യമുള്ളയാളുമാണെന്ന് എനിക്കറിയാം. പണ്ട് അഹങ്കാരം മുറ്റിയ ദൈത്യർ ദേവൻമാരോട് നൂറു കൊല്ലം തുടർച്ചയായി യുദ്ധം ചെയ്തു. പല പല അസ്ത്രങ്ങളും ആയുധങ്ങളും അവിടെ ഉപയോഗിക്കപ്പെട്ടു. ലോകത്തിനു മുഴുവൻ നാശമുണ്ടാക്കുന്നത്ര ഭീദിതമായിരുന്നു ആ രണം. പരാശക്തിയുടെ പ്രഭാവം കൊണ്ട് ദേവൻമാരാണ് യുദ്ധത്തിൽ വിജയിച്ചത്. അസുരൻമാർ പാതാളത്തിലേയ്ക്ക് ഓടിമറഞ്ഞു.

ദേവിയുടെ ശക്തി കൊണ്ടാണ് തങ്ങൾ വിജയികളായത് എന്ന് ഓർമ്മിക്കാതെ ദേവൻമാർ അവരുടെ യുദ്ധവീര്യത്തിൽ അഹങ്കാരികളായി. "നമ്മുടെ സാമർത്ഥ്യവും വീരവും പരാക്രമവും ഉണ്ടെങ്കിൽ യുദ്ധത്തിൽ എങ്ങിനെയാണ് ജയിക്കാതിരിക്കുക!  എവിടെയാണാ ഭീരുക്കൾ അസുരൻമാർ? എന്നൊക്കെ അവർ സ്വയം പുകഴ്ത്തി. സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾക്ക് കഴിവുള്ള നമുക്ക് മുന്നിലാ പാമരൻമാർക്ക് പിടിച്ചു നിൽക്കാൻ ആവുമോ?" പരാശക്തീവൈഭവത്തെപ്പറ്റിയറിയാതെ അവർ മോഹിതരായാണ് ഇങ്ങിനെ പുലമ്പിയത് എന്നു നിശ്ചയം.

എങ്കിലും അവരെ അനുഗ്രഹിക്കാനായി ദേവി യക്ഷരൂപത്തിൽ ഒരവതാരമെടുത്തു. കോടി സൂര്യൻമാർക്ക് തുല്യമായ തേജസ്സും അതേ സമയം കോടി ചന്ദ്രൻമാരുടെ ശീതളിമയും  കോടിമിന്നൽപ്പിണരുകളുടെ പ്രഭയും ഉള്ള യക്ഷരൂപത്തിന് കൈകാലുകളില്ല. രൂപമില്ലാത്തൊരു തേജ: പുഞ്ജമായിരുന്നു അത്.

ആ യക്ഷപ്രഭ കണ്ട് ദേവൻമാർ അമ്പരന്നു. എന്താണിത്? ദൈത്യരുടെ മായാ പ്രയോഗമായിരിക്കുമോ ഇത്? എന്നവർ ആശങ്കിച്ചു. അവർ യക്ഷത്തിന്റെ ബലാബലം അറിയാൻ തീരുമാനിച്ചു. ആരാണെന്നറിഞ്ഞിട്ടു വേണം പ്രവർത്തിക്കാൻ:

ഇന്ദ്രൻ അഗ്നിയെ വിളിച്ച് പറഞ്ഞു: "ഹേ വഹ്നിദേവാ, ദേവമുഖം തന്നെയായ  അങ്ങ് പോയി അത് ആരാണെന്നും എന്തിനാണ് ആഗതനായിരിക്കുന്നതെന്നും അന്യോഷിച്ചറിഞ്ഞ് വരിക." അഗ്നിദേവൻ സമ്മതിച്ചു. അദ്ദേഹം യക്ഷന്റെ അടുത്തെത്തി.
അപ്പോൾ യക്ഷം അഗ്നിയെ ചോദ്യം ചെയ്തു. "നീ ആരാണ്? നിന്റെ കഴിവെന്താണ്?"
അഗ്നി പറഞ്ഞു: "ജാതവേദസ്സായ അഗ്നിയാണ് ഞാൻ. ഈ വിശ്വത്തെ എരിച്ചു ചാമ്പലാക്കാൻ എനിക്ക് നിഷ്പ്രയാസം സാധിക്കും."

തേജസ്സിന്റെ മൂർത്തിമദ്ഭാവമായ യക്ഷം അഗ്നിക്കു മുന്നിൽ ഒരു പുൽക്കൊടി എടുത്തിട്ടു. എന്നിട്ട്  "നീ ശക്തനാണെങ്കിൽ ഈ പുൽക്കൊടി എരിച്ചു ഭസ്മമാക്കിയാലും" എന്ന് അഗ്നിയെ വെല്ലുവിളിച്ചു. അഗ്നി തന്റെ മുഴുവൻ ശക്തിയുപയോഗിച്ചിട്ടും ആ പുൽക്കൊടിയെ കത്തിക്കാൻ കഴിഞ്ഞില്ല. ലജ്ജയോടെ പരാജിതനായ അഗ്നി, ദേവൻമാരുടെ സഭയിലേയ്ക്ക് തിരികെ വന്നു. യക്ഷസവിധത്തിൽ ഉണ്ടായ കാര്യങ്ങൾ ദേവൻമാരെ പറഞ്ഞു കേൾപ്പിച്ചു. "ഏതിനും ശക്തനാണ് ഞാൻ എന്ന പൊങ്ങച്ചംപറച്ചിൽ ഞാനിന്നോടെ നിർത്തി. അത് വെറും പൊള്ളയായ വീമ്പു പറച്ചിൽ മാത്രമാണ്."

ഇന്ദ്രൻ വായുദേവനെ വിളിച്ചു. "അങ്ങ് സകല ജീവികളിലെയും പ്രാണനാണ്. ലോകത്ത് ചലനമെന്നത് അങ്ങയെ ആശ്രയിച്ചു മാത്രമാണ് നടക്കുന്നത്. അതു കൊണ്ട് ഇനി അങ്ങു ചെന്ന് യക്ഷത്തിന്റെ  വിവരമറിഞ്ഞ് ബലാബലം തിരിച്ചറിഞ്ഞു വിജയിയായി വരിക" എന്നദ്ദേഹം വായുവിനെ ആഹ്വാനം ചെയ്തു. അഭിമാനഗർവ്വത്തോടെ വരുന്ന വായുവിനെ കണ്ടപാടെ യക്ഷം ചോദ്യം ചെയ്തു. "നീയാര്? നിന്റെ പ്രാഭവമെന്ത്?"

"ഞാൻ മാതരിശ്വാവാണ്. വായുവാണ്. ഏതിനെയും ഗ്രഹിക്കാനും ഇളക്കാനും എനിക്കു കഴിയും. ഞാൻ അനക്കുന്നതിനാലാണ് ലോകം ചലനാത്മകമാവുന്നത്. സർവ്വജീവജാലങ്ങളിലും പ്രാണനായി നില്ക്കുന്നതും ഞാനാണ്.'

"ശരി, നിന്റെ മുന്നിൽക്കാണുന്ന ആ പുൽക്കൊടിയെ നീയൊന്ന് ചലിപ്പിച്ചാലും. അതിനു കഴിവില്ലെങ്കിൽ തലയും താഴ്ത്തി ആ ദേവരാജാവിന്റെ അടുക്കലേയ്ക്ക് തിരിച്ചു പോകാം."

വായുദേവൻ സ്വശക്തി സംഘടിപ്പിച്ച് പുല്ലിനെ ചലിപ്പിക്കാൻ ശ്രമിച്ചു. അതിനെ ചെറുതായൊന്ന് ഇളക്കാൻ പോലും വായുവിനായില്ല. വായുവും ഉടനെ തന്നെ ദേവസഭയിലേയ്ക്ക് മടങ്ങിയെത്തി. "അതിന്റെ മഹത്വമറിയാൻ മിഥ്യാ ഗർവ്വം നടിക്കുന്ന നമുക്കാവില്ല" എന്ന് വായുദേവൻ പ്രസ്താവിച്ചു.

എന്നാലിനി "താൻ തന്നെ പോയി യക്ഷത്തിന്റെ വിവരമറിഞ്ഞിട്ടു തന്നെ കാര്യം' എന്ന ഗർവ്വോടെ ദേവേന്ദ്രൻ യക്ഷ സവിധമണഞ്ഞു. പക്ഷേ ഇന്ദ്രന് യക്ഷത്തെ കാണാൻ കൂടി അവസരം നൽകാതെ അത് ഝടുതിയിൽ അന്തർധാനം ചെയ്തു. ഇന്ദ്രന് ജാള്യം തോന്നി. 'എനിക്ക് യക്ഷത്തെ കാണാൻ കൂടി സാധിച്ചില്ല എന്നെങ്ങിനെ ദേവൻമാരോട് പറയും എന്നദ്ദേഹം ആകുലപ്പെട്ടു. ഇങ്ങിനെ മാനം കെട്ടു ജീവിക്കുന്നതിനേക്കാൾ മരണമാണ് അഭികാമ്യം."

അഭിമാനഗർവ്വം പോയ ഇന്ദ്രൻ ആ യക്ഷതേജസ്സിനെത്തന്നെ ആശ്രയിക്കാൻ തീരുമാനിച്ചു. യക്ഷത്തെ ധ്യാനിച്ചു നിന്ന ഇന്ദ്രൻ ഒരാകാശവാണി കേട്ടു . 'ഹേ സഹസ്രാക്ഷാ, നീ മായാബീജം ജപിച്ച് സുഖിയാവുക."

ഇന്ദ്രൻ മായാബീജം ജപിച്ചുകൊണ്ട് ഒരു ലക്ഷം വർഷം നിരാഹാരനായി തപസ്സു ചെയ്തു. കണ്ണടച്ച് പരാത്പരവും ശ്രേഷ്ഠതമവുമായ മന്ത്രം ജപിച്ചു കൊണ്ടിരുന്ന ഇന്ദ്രനു മുന്നിൽ മേടമാസത്തിലെ ശുക്ളനവമി ദിവസം നട്ടുച്ചയ്ക്ക് ആ തേജസ്സ് പുനരാവീർഭവിച്ചു.

ആ തേജസ്സിനു നടുവിലായി അതീവ സുന്ദരിയായ ഒരു കുമാരി ഇരുന്നരുളുന്നു -  കോടി ബാലാർക്ക സൂര്യപ്രഭയും തിങ്കൾക്കലയണിഞ്ഞ കിരീടവും ചെമ്പരത്തിപ്പൂ നിറവും പട്ടുത്തരീയം മൂടിയ പോർമുലകളും വരദാഭയമുദ്രകളും പാശാങ്കുശാദികൾ ഏന്തിയ ചതുർബാഹുക്കളും എല്ലാമായി ദേവി സമാഗതയായിരിക്കുന്നു. പിച്ചിപ്പൂമാലയണിഞ്ഞ വാർകുഴലും ആഭരണങ്ങളും മാണിക്ക്യക്കല്ലിന്റെ പ്രഭ തോൽക്കുന്ന ദന്തനിരയും അഴകാർന്നമേനിയും മൂന്നു കണ്ണുകളും പുഞ്ചിരിപ്പാൽ തൂകുന്ന മുഖവുമായിരിക്കുന്ന ദേവിക്ക് കാവലായി നാലു വേദങ്ങൾ നാലു ദിക്കിലും നിലകൊള്ളുന്നു. കോടികന്ദർപ്പൻമാർക്ക് തുല്യമായ സൗന്ദര്യത്തിടമ്പാണ് ദേവി. രക്ത നിറമുള്ള വസ്ത്രം ധരിച്ച്, രക്തചന്ദനമണിഞ്ഞ ദേഹത്തോടെ നവയൗവ്വന പൂർണ്ണയായ ദേവിയെ കരുണാർദ്ര നയനങ്ങളോടെ തന്നെ അനുഗ്രഹിക്കുന്ന ഭാവത്തിൽ ദേവേന്ദ്രൻ കണ്ടു. ഇന്ദ്രന്റെ മനസ്സ് ഭക്തിസാന്ദ്രമായി. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനായി. ദേഹം രോമാഞ്ചമണിഞ്ഞു. അദ്ദേഹം എല്ലാ ഗർവ്വും വെടിഞ്ഞ് ദേവിക്കു മുന്നിൽ സാഷ്ടാംഗം നമസ്ക്കരിച്ചു.

പലവിധ സ്തോത്രങ്ങളാൽ ദേവിയെ സ്തുതിച്ച് വാഴ്ത്തിയ വാസവൻ "അവിടുത്തെയീ തേജോരൂപം എന്താണെന്ന്" ദേവിയോട് ആരാഞ്ഞു. "എന്തിനാണവിടുന്ന് ഈ രൂപമെടുത്തത്?'

ഇന്ദ്രന്റെ അപേക്ഷ കേട്ട ദേവി കരുണാർദ്രമായ സ്വരത്തിൽ ഇങ്ങിനെ അരുളി: 'ഇതെന്റെ ബ്രഹ്മസ്വരൂപമാകുന്നു. സർവ്വ കാരണങ്ങൾക്കും കാരണമിതാണ്. സ്വയം നിരാമയവും സർവ്വ സാക്ഷിയുമായ ഇതാണ് മായക്കധിഷ്ഠാനം. എന്നാലിത് മായയാൽ ബാധിക്കപ്പെടുന്നതല്ല. സകലവേദങ്ങളും സ്തുതിക്കുന്നത് എന്നെപ്പറ്റിയാണ്. എല്ലാ തപസ്സുകളും എന്നെ സാക്ഷാത്ക്കരിക്കാനായാണ്. ബ്രഹ്മജ്ഞൻമാർ വാഴ്ത്തുന്നത് എന്നെയാണ്.

മോക്ഷേച്ഛുക്കൾ എന്താഗ്രഹിച്ചാണോ ബ്രഹ്മചര്യമനുഷ്ഠിക്കുന്നത്, ആ പദമാണ് 'ഓം'. ആ ഏകാക്ഷരമാണ് ബ്രഹ്മം. 'ഹ്രീം' എന്നതും ബ്രഹ്മം തന്നെ. ഈ രണ്ട് ബീജാക്ഷരങ്ങൾ ചേർന്ന് 'ഓം ഹ്രീം' എന്നതാണ് എന്റെ മുഖ്യ മന്ത്രം.

ഞാനീ ജഗത്തിനെ രണ്ടു ഭാഗങ്ങളായി സൃഷ്ടിക്കുന്നു. അതിലൊന്ന് സച്ചിദാനന്ദമാണ്. മറ്റേത് മായാപ്രകൃതി. ആ മായയാണ് പരാശക്തി. ദേവേന്ദ്രാ, പരാശക്തിയായ ചിച്ഛക്തി സ്വരൂപിണിയാണ് ഞാനെന്നറിയുക. ചന്ദ്രനും നിലാവുമെന്നപോലെ ഞാനും മായയും അഭിന്നരാണ്. മായാ സ്വരൂപം ഞാൻ തന്നെയാണ്. പ്രളയ സമയത്ത് ജഗത്തെന്ന മായയും സമ്പൂർണ്ണമായി എന്നിൽ ലയിക്കുന്നു. പിന്നീട് ലോകസൃഷ്ടിക്കായി കർമ്മപരിപാകമനുസരിച്ച് അവ്യക്തമായി ലയിച്ചു കിടക്കുന്ന പൂർണ്ണത്തിൽ നിന്നും ഞാൻ വ്യക്തമായ രൂപം കൈക്കൊള്ളുന്നു; വ്യക്തി ഭാവം കൈവരിക്കുന്നു.

അന്തർമുഖാവസ്ഥയാണ് മായ. മായ ബഹിർമുഖമാവുമ്പോൾ അത് തമസ്സായി. ഈ തമസ്സിൽ നിന്നാണ് പ്രാണി സമൂഹം ഉദ്ഭൂതമാവുന്നത്. സൃഷ്ടിയുടെ ആരംഭത്തിൽ രജോഗുണ രൂപത്തിൽ ചടുലമാവുന്നത് ഈ തമസ്സു തന്നെയത്രേ. ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ ത്രിഗുണാത്മികരാണ്. ബ്രഹ്മാവ് രജോഗുണ പ്രധാനനും വിഷ്ണു സത്വഗുണ പ്രധാനനും മഹേശ്വരൻ തമോഗുണ പ്രധാനനും ആണ്. ബ്രഹ്മാവ് സ്ഥൂല ദേഹൻ. ലിംഗദേഹനാണ് ഹരി (സൂക്ഷ്മ ദേഹൻ ). രുദ്രൻ കാരണ ദേഹനാണ്. ദേഹാതീതമായ തുരീയമാണ് ഞാൻ.

സാമ്യാവസ്ഥയെന്ന് അറിയപ്പെടുന്ന സർവ്വാന്തര്യാമി ഞാനാണ്. അതുപോലെ തുരീയത്തിനും അതീതമായ രൂപ രഹിതമായ പരബ്രഹ്മസ്വരൂപവും ഞാനാകുന്നു.  എന്റെ രൂപം നിർഗുണം, സഗുണം ഇങ്ങിനെ രണ്ടു രീതിയിലാണ്. മായയില്ലാത്തപ്പോൾ നിർഗുണവും മായ കൂടിയുള്ളപ്പോൾ ഞാൻ സഗുണവുമാണ്.

ഞാൻ തന്നെയാണ് സർവ്വജഗത്തിനെയും സൃഷ്ടിച്ചിട്ട് അതിനുള്ളിൽ പ്രവേശിച്ച് അവയെ കർമ്മവാസനയ്ക്കനുസരിച്ച് ചേഷ്ടിപ്പിക്കുന്നത്. സൃഷ്ടിസ്ഥിതിലയങ്ങൾക്കായി ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരെ പ്രേരിപ്പിക്കുന്ന ശക്തിയും ഞാനാകുന്നു.

കാറ്റു വീശുന്നതും സൂര്യൻ സഞ്ചരിക്കുന്നതും എന്നെ പേടിച്ചാണ്. ഇന്ദ്രൻ, അഗ്നി, യമൻ എന്ന വേണ്ട എല്ലാ ദേവതകൾക്കും അവരവരുടെ കർമ്മം ചെയ്യാൻ ഞാൻ പ്രേരകമാകുന്നു. ഞാൻ പ്രസാദിച്ചാണ് നിങ്ങൾ പോരിൽ ജയിച്ചത്. ചിലപ്പോൾ നിങ്ങൾക്ക് ജയമുണ്ടാവും മറ്റു ചിലപ്പോൾ നിങ്ങൾക്ക് പരാജയവും ഉണ്ടാവും.  മരപ്പാവയെ കളിപ്പിക്കുന്നതു പോലെ ഞാൻ സർവ്വ ചരാചരങ്ങളേയും ചലിപ്പിക്കുന്നു.

സർവ്വോത്തമയായ എന്നെ മറന്ന് നിങ്ങൾ ഗർവ്വിഷ്ഠരായി, അഹങ്കാരത്തിനു വശംവദരായി. എങ്കിലും നിങ്ങളെ അനുഗ്രഹിക്കാനാണ് ഞാനീ യക്ഷരൂപത്തിൽ അവതരിച്ചത്. നിങ്ങളുടെ തന്നെ ദേഹത്തിൽ നിന്നും തേജസ്സെടുത്ത് ഉദ്ഭൂതമായി ഒന്നിച്ചുരുവായ ഉത്തമ തേജസ്സു തന്നെയാണ് ഞാൻ. അതു കൊണ്ട് ഗർവ്വം വെടിഞ്ഞ് സർവ്വാത്മികയായ സച്ചിൽ സ്വരൂപയായ എന്നെ ശരണം പ്രാപിച്ചാലും."

വ്യാസൻ പറഞ്ഞു:  ദേവൻമാരോട് ഇങ്ങിനെ പറഞ്ഞ് മൂലപ്രകൃതിയായ മഹാദേവി അന്തർദ്ധാനം ചെയ്തു. ദേവൻമാർ പരാശക്തിയെ സ്തുതിച്ച് നമസ്ക്കരിച്ചു. അതിനു ശേഷം ദേവിയെ പരാത്പരയായി ദേവൻമാർ എല്ലാവരും ആരാധിച്ചു വരുന്നു. അവർ മൂന്ന് സന്ധ്യകളിലും ഗായത്രീ ജപം മുടക്കാതെ ചെയ്തു. നിത്യവും ജഗദംബിയക്കായി യജ്ഞഭാഗമവർമാറ്റിവയ്ച്ചു. അങ്ങിനെ സത്യയുഗത്തിൽ എല്ലാവരും ഗായത്രീനിഷ്ഠരായിത്തീർന്നു. മാത്രമല്ല, 'ഓം ഹ്രീം" മന്ത്രവും സാർവ്വത്രികമായി ജപിച്ചു വന്നു.

നിത്യവും വിഷ്ണുപാസന ചെയ്യാനോ വിഷ്ണുദീക്ഷയെടുക്കാനോ ശിവദീക്ഷയെടുക്കാനോ വേദങ്ങൾ അനുശാസിക്കുന്നില്ല. എന്നാൽ ഗായത്രീ ഉപാസന മുടക്കരുത് എന്ന് എല്ലാ വേദങ്ങളും പറയുന്നുണ്ട്. ഗായത്രീ ജപം ഉപേക്ഷിച്ച ബ്രാഹ്മണന് അധോഗതിയാണ്. എന്നാൽ നിത്യമുള്ള ഗായത്രി അനുഷ്ഠാനം ഒന്നുകൊണ്ട് മാത്രം ബ്രാഹ്മണന് കൃതകൃത്യനാകാം. മറ്റൊരനുഷ്ഠാനവും ഇല്ലാത്തവനും ഇതൊന്നിനാൽ മോക്ഷപദം പ്രാപിക്കാം.

ഗായത്രി ഉപേക്ഷിച്ച ബ്രാഹ്മണൻ വിഷ്ണു ഉപാസന ചെയ്താലോ ശിവപൂജ ചെയ്താലാ ഗുണമൊന്നുമില്ല. അവന് നരകവാസം ഉറപ്പാണ്. ആദ്യയുഗമായ സത്യയുഗത്തിൽ എല്ലാവരും ഗായത്രീ ജപത്തിൽ ഉത്സുകരായിരുന്നു. അവർ ദേവീ പാദാംബുജങ്ങളെ നിത്യോപാസനയിലൂടെ ശരണം പ്രാപിച്ചുവന്നു

ദിവസം 316 ശ്രീമദ്‌ ദേവീഭാഗവതം. 12.7. ഗായത്രീദീക്ഷാവിധി

ദിവസം 316  ശ്രീമദ്‌ ദേവീഭാഗവതം. 12.7. ഗായത്രീദീക്ഷാവിധി

ശ്രുതം സഹസ്രനാമാഖ്യം ശ്രീ ഗായത്ര്യാ: ഫലപ്രദം
സ്തോത്രം മഹോന്നതികരം മഹാഭാഗ്യകരം പരം
അധുനാ ശ്രോതു മിച്ഛാമി ദീക്ഷാ ലക്ഷണമുത്തമം
വിനാ യേന ന സിദ്ധ്യേത ദേവീ മന്ത്രേfധികാരിതാ

നാരദൻ പറഞ്ഞു: അത്യുത്തമവും മഹാഭാഗ്യദായകവും മഹാഫലപ്രദായകവുമായ ഗായത്രീ സഹസ്രനാമ സ്തോത്രം അങ്ങ് പറഞ്ഞു തന്നു. ഇനിയാ ദിവ്യമന്ത്രത്തിന്റെ ദീക്ഷാവിധികൾ എന്തെന്നു കൂടി പറഞ്ഞുതരാൻ ദയവുണ്ടാകണം. ദീക്ഷാവിധിപ്രകാരം ചെയ്തില്ലെങ്കിൽ മന്ത്രസിദ്ധി  ഉണ്ടാവുകയില്ലല്ലോ. നാലു വർണ്ണങ്ങളിൽ ഉള്ളവരും സ്ത്രീകളും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിസ്തരിച്ചു തന്നെ പറഞ്ഞു തന്നാലും

ശ്രീ നാരായണൻ പറഞ്ഞു: ദേവൻമാർ, അഗ്നി, ഗുരു എന്നിവരെയെല്ലാം പൂജിക്കാൻ അധികാരമുണ്ടാവുന്നതിനായി ശിഷ്യഗണങ്ങൾ ആചരിക്കേണ്ട ദീക്ഷകൾ എന്തെന്ന് പറയാം. ദീക്ഷകൾ പാപനാശകരവും ദിവ്യജ്ഞാനദായകവുമാണെന്ന് ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. ഈ ദീക്ഷകൾ എന്താണെന്ന് ഗുരുവിനും ശിഷ്യനും അറിവുണ്ടായിരിക്കണം. രണ്ടു കൂട്ടരും അത്യന്തം നിർമ്മലഹ്രദയരും ആയിരിക്കണം.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഗുരു തന്‍റെ സ്നാനം, സന്ധ്യാവന്ദനം എന്നിവ യഥാവിധി ചെയ്യുക. എന്നിട്ട് കമണ്ഡലുവിൽ ജലമെടുത്ത് മൗനമാചരിച്ചു കൊണ്ട് നദീതീരത്തു നിന്ന് വീട്ടിലെത്തി യാഗസ്ഥലത്ത് സുഖാസനത്തിൽ ഇരിക്കുക. ആചമനവും പ്രാണായാമവും ചെയ്ത് ഗന്ധ പുഷ്പങ്ങൾ ഇട്ടു വച്ച ജലം ഏഴു വട്ടം അസ്ത്രമന്ത്രം ജപിച്ച് തീർത്ഥമൊരുക്കുക. തീർത്ഥമെടുത്ത് മണ്ഡപത്തിന്റെ വാതിലുകളിൽ തളിച്ച് ശുദ്ധമാക്കി പൂജ തുടങ്ങാം.

മണ്ഡപദ്വാരത്തിന്‍റെ മുകളിലെ പടിയിൽ ഗണേശനേയും ലക്ഷ്മീദേവിയേയും സരസ്വതിയേയും പ്രതിഷ്ഠിച്ച് അതത് മൂലമന്ത്രങ്ങൾ ജപിച്ച് അവരെ പൂജിക്കുക. വാതിലിന്റെ വലത്ത് ഭാഗത്ത് ഗംഗയും വിഘ്നേശ്വരനും; ഇടതു ഭാഗത്ത് ക്ഷേത്രപാലനും യമുനയും എന്നതാണ് ക്രമം. താഴത്തെ പടിയിൽ അസ്ത്ര ദേവതാപൂജ ചെയ്യണം. എല്ലാമെല്ലാം ദേവീമയമാണെന് സങ്കൽപ്പിച്ച് അസ്ത്രമന്ത്രത്താൽ ആകാശഗതവും അന്തരീക്ഷ ജന്യവുമായ തടസ്സങ്ങളെ ഇല്ലാതാക്കുക. ഭൂമിജങ്ങളായ വിഘ്നങ്ങളെ കാൽകൊണ്ട് ചവിട്ടി മാറ്റുക.

വാതിലിന്റെ ഇടത്തേ കട്ടിള തൊട്ട് വലതുകാൽ വച്ച് പൂജാമുറിക്കുള്ളിൽ കടന്ന് കലശം സ്ഥാപിക്കുക. പിന്നീട് അർഘ്യം ഒരുക്കുക. അർഘ്യ ജലവും ഗന്ധപുഷ്പാദികളും ഉപയോഗിച്ച് നിരൃതി കോണിൽ വാസ്തുനാഥനെ പൂജിക്കുക. സാക്ഷാൽ ബ്രഹ്മദേവനാണ് വാസ്തുനാഥൻ.

പിന്നീടാ അർഘ്യം ഉപയോഗിച്ച് പഞ്ചഗവ്യം ഉണ്ടാക്കി എല്ലാം ദേവീമയമെന്ന സങ്കൽപ്പത്തോടെ സ്തംഭമാകെ തളിച്ച് മൂലമന്ത്രജപത്തോടെ പൂജ ചെയ്യാം. ശരമന്ത്രം ജപിച്ച് മണ്ഡപത്തെ താഡിച്ച് 'ഹും' മന്ത്രത്തോടെ പ്രോഷിക്കുക. ഇനി ധൂപങ്ങൾ പുകയ്ക്കാം. മലർ, ചന്ദനം, കടുക്, ഭസ്മം, കറുകനാമ്പ്, നെല്ല്, അരി, തുടങ്ങിയവ തൂകിയ ശേഷം അവയെ ദർഭപ്പുൽചൂലുകൊണ്ട് തൂത്തു വൃത്തിയാക്കുക. അത് ഈശാന ദിക്കിൽ കൂനയായി കൂട്ടി വയ്ച്ച് അതിനു മുകളിൽ ചൂലും വയ്ക്കുക. ഇനി പുണ്യാഹം തളിക്കാം.

സ്വഗുരുവിനെ വന്ദിച്ച് ശിഷനായി ഉപദേശിക്കാൻ ഉദ്ദേശിക്കുന്ന മന്ത്രത്തിന്റെ ദേവതയെ ധ്യാനിച്ച് ഋഷിന്യാസം ചെയ്യുക. ഋഷിയെ ശിരസ്സിൽ, ഛന്ദസ്സിനെ മുഖത്ത്, ദേവതയെ ഹൃദയകമലത്തിൽ, ബീജത്തെ ഗുഹ്യത്തിൽ എന്നിങ്ങിനെയാണ് ന്യസിക്കേണ്ടത്. പാദങ്ങളിൽ ശക്തിയെ ന്യസിക്കുക. മൂന്നു തവണ കൈകൊട്ടി താളത്രയ ശബ്ദമുണ്ടാക്കി ആകാശത്തിലും അന്തരീക്ഷത്തിലും ഭൂമിയിലും ഉണ്ടാകാവുന്ന വിഘ്നങ്ങളെ നീക്കി ദിഗ്ബന്ധം ചെയ്യുക.

മൂലമന്ത്ര സ്മരണയോടെ പ്രാണായാമം ചെയ്ത് ദേഹത്തിൽ മാതൃകാന്യാസം ചെയ്യണം. മാതൃകാ ന്യാസത്തിൽ ആദ്യം തന്നെ 'ഓം അം നമ:' എന്നു ചൊല്ലി ശിരസിൽ ന്യസിക്കണം. ഇങ്ങിനെ എല്ലാ സ്ഥാനങ്ങളും ക്രമീകമായി ന്യസിക്കുക. അതിനായി 'ഓം അം നമ:', 'ആം നമ:'  'ഓം ഇം നമ:', 'ഓം ഈം നമ:' എന്നിങ്ങിനെയാണ് ജപിക്കേണ്ടത്.

ഇനി മൂലമന്ത്രം ചൊല്ലി ഷഡംഗന്യാസം ചെയ്യുക - അംഗുഷ്ഠം മുതലായ വിരലുകളിലും ഹൃദയത്തിലും തൊട്ടാണ് ക്രമത്തിൽ ഷഡംഗന്യാസം ചെയ്യേണ്ടത്. ഓങ്കാരത്തോടെ നമ:, സ്വാഹാ, വഷട്, ഹും, വൗഷട് എന്നിവ ചേർത്താണ് ന്യാസ വിധി. 'ഓം ഹൃദയായ നമ:', 'ഓം ശിഖായൈ വഷട്', 'ഓം കവചായ ഹും', 'ഓം നേത്രത്രയായവൗഷട്' എന്നിങ്ങിനെ ജപിച്ചാണ് ന്യാസം ചെയ്യേണ്ടത്.

ഇനി കല്പാദികളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വർണന്യാസം ചെയ്യാം. സ്വശരീരത്തെദേവിയുടെ ഇരിപ്പിടമായി ഭാവനയിൽ കൊണ്ടുവരിക. വലം തോളിൽ ധർമ്മവും ഇടം തോളിൽ ജ്ഞാനവുമാണെന്ന് സങ്കൽപ്പിച്ച് ന്യാസം ചെയ്യുക. വലം തുടയിൽ വൈരാഗ്യം, ഇടം തുടയിൽ ഐശ്വര്യം, മുഖത്ത് അധർമ്മം, ഇടം പള്ളയിൽ അജ്ഞാനം, വലംപള്ളയിൽ അനൈശ്വര്യം, നാഭിയിൽ അവൈരാഗ്യം എന്നിങ്ങിനെയാണ് ന്യസിക്കേണ്ടത്. ധർമ്മായ നമ: 'ഐശ്വര്യായ നമ: എന്നിങ്ങിനെ നമസ്കാരം ചൊല്ലിയാണ് ന്യസിക്കേണ്ടത്.

ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ യജ്ഞപീഠത്തിന്റെ കാലുകളാകുന്നു. അധർമ്മാദികൾ നാലെണ്ണം ആ പീഠത്തിന്‍റെ പലകകളാണ്. ഹൃദയപത്മത്തിലെ ഇരിപ്പിടത്തിൽ അനന്തനേയും അതിനു മുകളിൽ പ്രപഞ്ചപത്മത്തേയും ഭാവന ചെയ്യുക. അതിൽ സൂര്യചന്ദ്രാദികളേയും അഗ്നിയേയും അതതിന്റെ കലകളോടെ ന്യസിക്കുക. സൂര്യന് പന്ത്രണ്ട് കലകളുണ്ട്. ചന്ദ്രന് പതിനാറാണ് കലകൾ. അഗ്നിക്ക് പത്ത്. അതിനുമുകളിൽ ത്രിഗുണങ്ങളായ സത്വരജതമോഗുണങ്ങളെയും ആത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, ജ്ഞാനാത്മാവ്, എന്നിവയെയും ന്യസിക്കുക. ഇതാണ് പീഠകൽപ്പന.

"അം സൂര്യ മണ്ഡലായ ദ്വാദശ കലാത്മനേ നമ:
ഉം ചന്ദ്രമണ്ഡലായ ഷോഡശകലാത്മനേ നമ:
മം വഹ്നി മണ്ഡലായ അകലാത്മനേ നമ:
സം സത്വായ നമ:, രം രജസേ നമ: തം തമസേ നമ:"
എന്നിങ്ങിനെ ജപിച്ച് കിഴക്കുമുതൽ നാല് ആത്മാക്കളെയും ന്യസിച്ച് 'ആസനായ നമ:' എന്ന് ദേവിയെ ആവാഹിച്ചിരുത്തുക. ദേവീ സാന്നിദ്ധ്യം ധ്യാനിച്ചുറപ്പിക്കുക. മാത്രമല്ല, ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള മുദ്രകളും ഓരോന്നായി പ്രദർശിപ്പിച്ച് ദേവിയെ പ്രസന്നയാക്കുക.

ഇടത്ത് ഭാഗത്ത് മുന്നിലായി ചന്ദനം കൊണ്ട് ഒരു ഷഡ് കോണം വരയ്ക്കുക. അതിനു മുകളിൽ ഒരു വൃത്തവും മദ്ധ്യത്തിൽ ഒരു സമചതുരവും വരയ്ക്കണം. സമചതുരത്തിന്റെ നടുക്ക് ത്രികോണം വരച്ച് ശംഖമുദ്ര കാണിക്കുക - ആറു കോണുകളിലും അഗ്നികോൺ മുതൽ വലം വച്ച് ഷഡംഗ പുഷ്പാർച്ചന ചെയ്യുക. ശംഖെടുത്ത് ശരമന്ത്രം കൊണ്ട് പ്രോഷിച്ച്‌ മണ്ഡലത്തിൽ വച്ച് പൂജ തുടങ്ങാം.

മം വഹ്നി മണ്ഡലായൈ എന്നും ദശകലാത്മനേ 'ദുർഗാദേവ്യർഘ്യപാത്രസ്ഥാനായ നമ:' എന്നും ഉച്ചരിച്ചാണ് ശംഖ് സ്ഥാപിക്കേണ്ടത്. ശംഖാധാരം മുതൽ പത്തഗ്നികൾക്കുമായി വലം വച്ച് പൂജകൾ അനുഷ്ടിക്കുക. മൂലമന്ത്രം കൊണ്ട് പ്രോഷിച്ച ശംഖ് മൂലമന്ത്ര സഹിതം ശംഖുകാലിനു മുകളിലായി വയ്ക്കുക. 'അം സൂര്യ മണ്ഡലായ ദ്വാദശ കലാത്മനേ ദുർഗാദേവ്യർഘ്യ പാത്രായ നമ:' എന്നതാണ് മന്ത്രം.

'ശം ശംഖായ നമ:' എന്ന് പന്ത്രണ്ടുരു ചൊല്ലി ജലം കൊണ്ട് പോഷിച്ച് ശംഖിൽ തീർത്ഥം പകർന്ന് തപിനി, താപിനി, ധൂമ്രാ മുതലായ പന്ത്രണ്ട് സൂര്യ കലകളെ പൂജിച്ച് മൂലമന്ത്രവും മാതൃകാ മന്ത്രവും ജപിച്ച് ശംഖിൽ ജലം നിറച്ച് ചന്ദ്രന്റെ ഷോഡശകലകളെ ധ്യാനിച്ച് അങ്കുശ മുദ്രകൾ കാണിച്ച് ദേവിയെ അർച്ചിക്കുക.

'ഉം സോമമണ്ഡലായ ഷോഡശ കലാത്മനേ അമുകാർഘ്യാമൃതായ നമ:' എന്ന മന്ത്രം ജപിച്ച് സൃണി മുദ്ര കാട്ടി ജലത്തെ പൂജിക്കുക. എട്ടുതവണ മന്ത്രമാവർത്തിച്ച് ഇടതു തോളിനു നേരേ ഉയർത്തി 'ഹൃദാ നമ:' എന്ന ചൊല്ലി ഷഡംഗന്യാസം ചെയ്യുക. മത്സ്യ മുദ്ര കൊണ്ട് തീർത്ഥത്തെ വലത്തു കൈ കൊണ്ട് അടച്ചുപിടിച്ചാണ് മന്ത്രം ചൊല്ലേണ്ടത്. ശംഖിലെ തീർത്ഥമെടുത്ത് സർവവസ്തുക്കളിലും തളിച്ച് വിശുദ്ധമാക്കി സ്വയം താനും പൂജാദ്രവ്യങ്ങളും വിശുദ്ധമായതായി സങ്കല്പിക്കുക.

പിന്നീട് മുന്നിലെ തറയിൽ സർവതോഭദ്രം എന്ന മണ്ഡലം വരയ്ക്കുക. അതിന്റെ കർണ്ണികാ മദ്ധ്യത്തിൽ നെല്ല്, അരി എന്നിവയിട്ട് ദർഭ കൊണ്ട് കൂർച്ചം കെട്ടി മന്ത്രം ജപിച്ച് പീഠസ്ഥാപനം ചെയ്യുക. 'ആധാരശക്തയേ നമ:, മൂലപ്രകൃതൈ നമ:, കൂർമ്മായ നമ:,  ശേഷായ നമ:, ക്ഷമായൈ നമ:, സുധാംബുധയേ നമ:, മണി ദ്വീപായ നമ:, പാരിജാതതരവേ നമ:, ചിന്താമണി ഗൃഹായ നമ:, മണിമാണിക്യവേദികായൈ നമ: ദുർഗാദേവീ യോഗപീഠായ നമ: ' എന്നതാണ് ജപമന്ത്രം.

പിന്നെ ഒരു പുതു കുടമെടുത്ത് അത് അസ്ത്ര മന്ത്രജലം കൊണ്ട് വൃത്തിയാക്കി ചുവന്ന നിറത്തിലുള്ള മൂന്ന് നൂലിഴകൾ ആതിൽ ചുറ്റി വയ്ക്കുക. ഗന്ധാദി കൊണ്ട് പൂജിച്ച നവരത്നങ്ങളും കൂർച്ചവും കുടത്തിലിട്ട് പ്രണവ ജപത്തോടെ കുടം പീഠത്തിൽ സ്ഥാപിക്കുക. കൂർച്ചം എന്നാൽ പവിത്രക്കെട്ടോടുകൂടിയ ഇരുപത്തിയേഴു കടമുറിച്ച ദർഭകളാണ്.

പീഠത്തിനും കുംഭത്തിനും ഐക്യം സങ്കൽപ്പിച്ച് ദേവീ സ്മരണയോടെ കുംഭത്തിൽ ജലം നിറയ്ക്കുക.  ദേവീഭാവത്തോടെ കലശം നിറയ്ക്കുമ്പോൾ അതിൽ അരയാലില, പ്ലാവില, മാന്തളിരില എന്നിവയും അക്ഷതവും ഫലവും ഇടണം. രണ്ട് ചെമ്പട്ട് കൊണ്ട് ഇണപ്പുടവ ചുറ്റി കലശം മൂടിവയ്ക്കുക. ഇനി മന്ത്രത്തോടെ പ്രാണസ്ഥാപനം ചെയ്യാം. ആവാഹനം ചെയ്ത് ദേവിയെ പ്രസാദിപ്പിച്ച് പരമേശ്വരിയെ കൽപോക്തമായ രീതിയിൽ ധ്യാനം ചെയ്യണം. ദേവിക്ക് സ്വാഗതം പറഞ്ഞ് കുശലം ചോദിക്കണം. പാദ്യം, അർഘ്യം, ആചമനീയം, മധുപർക്കം, അഭ്യംഗ സ്നാനം, എന്നിവയ്ക്ക് ശേഷം ദേവിക്കായി  രണ്ടുപട്ടുചേലകൾ നൽകുക. ഇനി നാനാ മണിഗണ ഭൂഷകൾ നൽകാം. പിന്നെ അംഗങ്ങളിൽ മന്ത്രസംയുതമായി മാതൃകാ വർണ്ണ വിന്യാസപൂർവ്വം ചന്ദനം മുതലായ കൊണ്ട് പൂജിക്കണം. കർപ്പൂരമിട്ട കാരകിൽ, ചന്ദനം, കുങ്കുമം , കസ്തൂരി, മുല്ലപ്പൂക്കൾ, മറ്റു പൂക്കള്‍ എല്ലാം ദേവിക്ക് നൽകണം.

രാമച്ചം, പനിനീർ, താമ്രാണി, ശർക്കര, മധു, എന്നിവ പുകച്ച് ദേവിയെ സംപ്രീതയാക്കുക. നാനാ ദീപങ്ങൾ കത്തിക്കുക. എന്നിട്ട് നിവേദ്യം സമർപ്പിക്കുക. ഓരോ ദ്രവ്യത്തിനൊപ്പവും പ്രോക്ഷണം ചെയ്ത ജലം നൽകണം. മറ്റു ജലങ്ങൾ അതിനുപയോഗിക്കരുത്. തുടർന്ന് അംഗ പൂജയും കൽപ്പോക്ത മുദ്രകളും കാണിക്കുക. ദേവിയെ സാംഗമായി അർച്ചന ചെയ്ത് വൈശ്വദേവം ചെയ്യുക. വലതുഭാഗം മെഴുകി ഒരുക്കി വച്ച് അവിടെ അഗ്നിയെ കൂട്ടി കലശസ്ഥിതമായ ദേവിയെ ആവാഹിച്ച് അർച്ചന ചെയ്യുക. പ്രണവ വ്യാഹൃതികളാലും മൂലമന്ത്രത്താലും ഇരുപത്തിയഞ്ചു തവണ ഹോമിക്കണം. പായസം, നെയ്യ്, എന്നിവയാണ് അഗ്നിയിൽ ഹോമിക്കേണ്ടത്. ഇനി അത്ര തന്നെ തവണ വ്യാഹുതികൾ കൊണ്ടും ഹോമിക്കണം.

പീഠത്തിൽ ദേവിയെ ആസനസ്ഥയാക്കുക. പിന്നീട് അഗ്നിവിടർത്തി ചുറ്റിലും ഹവിസ്സുകൊണ്ട് ഗന്ധ പുഷ്പങ്ങൾ ചേർത്ത് പാർഷദൻമാർക്കുള്ള ബലിതൂവുക. തുടർന്ന് പഞ്ചോപചാരപൂജ. ദേവിക്കായി ഛത്രം, ചാമരം, താംബൂലം, എന്നിവ സമർപ്പിച്ച് ഈശാന കോണിൽ നേരത്തേ കൂനകൂട്ടി വച്ചിരുന്ന വികിരത്തിനു മുകളിൽ ഹോമാവശിഷ്ടം ഗന്ധപുഷ്പസഹിതം തൂവാം. കരകക്കിണ്ടി വച്ച് ദുർഗ്ഗയെ അതിലാവാഹിച്ച് 'രക്ഷിക്കണേ' എന്നു പ്രാർത്ഥിച്ച് കിണ്ടി വാലിലൂടെ ജലം പ്രദക്ഷിണമായി തളിക്കണം. ശരമന്ത്രം ജപിച്ച് ശരദേവതയെ പ്രാർത്ഥിച്ചു വേണം ജലം തളിക്കാൻ. കിണ്ടി വീണ്ടും മുൻ സ്ഥാനത്ത് വച്ച് ദുർഗ്ഗാ പൂജ ചെയ്യുക. ഗുരുവും ശിഷ്യനും നിശ്ശബ്ദം ഭക്ഷണം കഴിച്ച് ആ വേദിയിൽത്തന്നെ കിടന്നുറങ്ങണം.

ഇനി വ്രതസ്ഥലം, കുണ്ഡം എന്നിവ എങ്ങിനെയാണ് യഥാവിധി സംസ്ക്കരിക്കേണ്ടത് എന്നു നോക്കാം. മൂലമന്ത്രം ജപിച്ചു കൊണ്ട് കുണ്ഡം നോക്കി ഫട് മന്ത്ര സഹിതം പ്രോഷണം ചെയ്യുക. സമിത്തുകൊണ്ട് വേദിയിൽ അടിച്ച് 'ഹും' മന്ത്രം ജപിച്ച് ജലം തളിച്ച് സമിത്ത് കൊണ്ടുതന്നെ മൂന്നു വരകൾ തലങ്ങനെയും വിലങ്ങനെയും  ഇടുക. ഈ ദേവീ പീഠത്തെ പ്രണവം ജപിച്ചു ജലം തളിച്ച് പൂജിക്കണം. ആചാര്യൻ ആ പീഠത്തിലേയ്ക്ക് ശിവശക്തികളെ ആവാഹിച്ച് ഗന്ധാദി ഉപചാരങ്ങൾ അവർക്ക് നൽകി ഏകാഗ്രചിത്തനായി പൂജിക്കണം. ഋതു സ്നാതയായ ദേവി മഹാദേവനുമായി രമിക്കുന്നു എന്ന സങ്കൽപ്പത്തിൽ ധ്യാനം ചെയ്യുക.

ഇനിയൊരു പാത്രത്തിൽ തീ കൊണ്ടുവന്ന് രാക്ഷസാംശം കളയുന്നു എന്ന സങ്കല്പിച്ച് കുറച്ച് തീ നിര്യതി കോണിൽ കളയുക. മുൻഭാഗത്ത് 'രം' ബീജമുച്ചരിച്ചു കൊണ്ട് അഗ്നിയെ സ്ഥാപിക്കുക. പ്രണവം ജപിച്ച് അഗ്നിയിൽ ചൈതന്യം ചേർക്കുക. ഏഴു തവണ ധേനു മുദ്ര കാണിച്ച് ശരമന്ത്രത്താൽ 'ഹും' ജപത്തോടെ അത് ഭദ്രമാക്കി വയ്ക്കുക. ആ അഗ്നിയ്ക്ക് മൂന്നുവട്ടം വലം വച്ച് ശിവ ബീജസങ്കൽപ്പത്തോടെ ദേവിയോനിയായ കുണ്ഡത്തിൽ അഗ്നി നിക്ഷേപിക്കുക. എന്നിട്ട് മഹാദേവനെയും ദേവിയെയും ആചമിപ്പിച്ച് ' 'ചിത് പിംഗള ഹനഹന ദഹ ദഹ പച പച സർവ്വജ്ഞാജ്ഞാപയ', എന്നു ജപിച്ച് അഗ്നിയെ ജ്വലിപ്പിക്കുക. സ്വർണ്ണവർണ്ണത്തിൽ നിറഞ്ഞു ജ്വലിച്ചു കത്തുന്ന വിശ്വതോമുഖനായ ജാതവേതസ്സാകുന്ന അഗ്നിയെ ഞാനിതാ വന്ദിക്കുന്നു എന്നു ഭാവന ചെയ്ത് സ്തുതിച്ച് ഷഡംഗങ്ങളും തൊട്ട് വഹ്നി മന്ത്രന്യാസം ചെയ്യണം.

സഹസ്രാർച്ചി, സ്വസ്തി പൂർണ്ണ, ഉത്തിഷ്ഠ പുരുഷൻ, ധൂമവ്യാപി, സപ്ത ജിഹ്വൻ, ധനുർധരൻ എന്നീ ക്രമത്തിന് നമ: സ്വാഹാ, വഷട്, ഹും, വൗഷട്, ഫട് പദങ്ങളോടുകൂടി ആറ് അംഗങ്ങളിലും ന്യസിച്ച് 'സ്വർണ്ണവർണ്ണനും ത്രിനേത്രനും വരദാഭയസ്വസ്തിശക്തിധരനായി പത്മപീഠത്തിൽ ഇരിക്കുന്ന പരമമംഗളപ്രദായകനായ അഗ്നിയെ ഞാൻ ധ്യാനിക്കുന്നു ' എന്നു ഭാവന ചെയ്ത് കുണ്ഡത്തിനു ചുറ്റും വെള്ളം തളിക്കണം.

പിന്നെ ദർഭ കൊണ്ട് പരിധി വച്ച് ഒരു ത്രികോണം വരച്ച് അതിൻ മീതേ വൃത്തം വരച്ച് പിന്നെ ഷട് കോണം, അഷ്ടദളം, ഭൂപുരം എന്നിവയുള്ള യന്ത്രം തയ്യാറാക്കി സ്ഥാപിക്കുക. ഈ യന്ത്രം സങ്കൽപ്പത്തിൽ കൊണ്ടു വന്നാലും മതി. യന്ത്രമദ്ധ്യത്തിൽ അഗ്നിയെ മന്ത്രം ജപിച്ച് പൂജിക്കുക . "ഓം വൈശ്വാനരോ ജാതവേദാ ഇഹാവഹ ലോഹിതാക്ഷ സർവ്വകർമാണി സാധയ സ്വാഹ" എന്നതാണ് അഗ്നിപൂജാ മന്ത്രം.

അഗ്നി മദ്ധ്യവും ആറുകോണുകളും ചേർത്ത് ഏഴ് അഗ്നിജിഹ്വകൾ പൂജനീയങ്ങളത്രെ. ഹിരണ്യാ, ഗഗനാ, രക്താ, കൃഷ്ണാ, സുപ്രഭാ, ബഹുരൂപാ, അതിരിക്തികാ എന്നിവയാണ് ആ ജിഹ്വകൾ.  കേസരങ്ങളിൽ അംഗപൂജ ചെയ്ത് എട്ടു ദളങ്ങളിലായി ശക്തി സ്വസ്തിക ധാരിണികളായ മൂർത്തികളെ പൂജിക്കുക. ജാതവേദസ്സ്, സപ്തജിഹ്വൻ, ഹവ്യവ്യാഹൻ, അശ്വോദരജൻ, വൈശ്വാനരൻ, കൗമാരതേജസ്, വിശ്വമുഖൻ, ദേവമുഖൻ എന്നിവരാണ് അഷ്ടദളങ്ങളിൽ പൂജനീയരായ മൂർത്തികൾ. ഓം സഹിതം നമ: ചൊല്ലി വേണം ഓരോ മൂർത്തികളെയും പൂജിക്കാൻ. നാലു ദിക്കുകളിൽ ആയുധധാരികളായി നില്ക്കുന്ന ദ്വാരപാലകരേയും പൂജിച്ചശേഷം സ്രുക്, സ്രവം എന്നിവയെയും നെയ്യിനെയും സംസ്ക്കരിച്ച്  നെയ്യൊഴിച്ച് ഹോമം ആരംഭിക്കാം.

സ്രുവമെടുത്ത് നെയ്യ് കോരി അഗ്നിയുടെ വലതു കണ്ണിൽ ഹോമിക്കുമ്പോൾ 'ഓം അഗ്നയേ സ്വാഹാ' എന്നു ജപിക്കുക. ഇടതു ഭാഗത്ത് നിന്ന് നെയ്യ് കോരി 'ഓം സോമായ സ്വാഹാ' ജപിച്ച് അഗ്നിയുടെ ഇടം കണ്ണിൽ ഹോമിക്കുക. മദ്ധ്യ നേത്രത്തിൽ ഹോമിക്കുമ്പോൾ 'ഓം അഗ്നീ ഷോമാഭ്യാം സ്വാഹാ' എന്നു ചൊല്ലുക. വീണ്ടും നെയ്പാത്രത്തിന്റെ വലതുഭാഗത്തു നിന്നും നെയ് കോരി 'ഓം അഗ്നയേ സ്വിഷ്ടകൃതേ സ്വാഹാ' എന്നു ചൊല്ലി അഗ്നി മുഖത്ത് ഹോമിക്കുക. ഓങ്കാര സഹിതം വ്യാഹൃതികൾ കൊണ്ട് അഗ്നി മന്ത്രം ചൊല്ലി മൂന്നു തവണ കൂടി നെയ്യ് ഹോമിക്കുക.

പിന്നെ പ്രണവം ചൊല്ലി എട്ടെട്ടു തവണ ഗർഭാധാന സംസ്ക്കാരാർത്ഥം നെയ് ഹോമിക്കുക. വേദാനുസാരമായി ഗർഭധാനം, പുംസവനം, സീമന്തം, ജാതകർമ്മം, നാമകരണം, വാതിൽ പുറപ്പാട്, ചോറൂണ്, ചൗളം, മഹാനാമാഖ്യവ്രതം, ഉപനിഷദ് വ്രതം, ഗോദാനം, ഉദ്വാഹം എന്നിവയാണ് മനുഷ്യൻ അനുഷ്ഠിക്കേണ്ട സംസ്ക്കാരങ്ങൾ.  ഇനി ശിവപാർവ്വതീപൂജ ചെയ്ത് ഹോമം വിടർത്തി അഞ്ചു ചമതക്കഷണങ്ങൾ അഗ്നിയ്ക്ക് നൽകി പ്രസാദിപ്പിക്കുക. ആവരണങ്ങൾക്കായി ഓരോ ആഹുതി വീതം ചെയ്യുക. പിന്നെ നെയ് പാത്രത്തിൽ സ്രുവം കൊണ്ട് നാലു തവണ നെയ്യ് പകർന്ന് സ്രുവം കൊണ്ട് മൂടി എഴുന്നേറ്റ് അവിടെത്തന്നെ നിന്ന് വൗഷട് എന്നവസാനിക്കുന്ന അഗ്നിമന്ത്രം ജപിച്ച് ഗണേശ മന്ത്രത്താൽ പത്ത് ആഹുതികൾ ചെയ്യണം.

"ഓം ഓം സ്വാഹാ, ഓം ശ്രീം സ്വാഹാ, ഓം ശ്രീം ഹ്രീം സ്വാഹാ, ഓം ശ്രീം, ഹ്രീം, ക്ളീം സ്വാഹാ , ഓം ശ്രീം ഹ്രീം ക്ളീം ഗ്ളൗം സ്വാഹാ, ഓം ശ്രീം ഹ്രീം ക്ളീം ഗ്ളൗം ഗം സ്വാഹാ, ഓം ശ്രീം ഹ്രീം ക്ളീം ഗ്ളൗം ഗം ഗണപതയേ സ്വാഹാ, വര വരദ സർവ്വം ജനം മേ വശം ആനയ സ്വാഹാ" എന്നിവയാണ് പത്ത് മഹാഗണേശ മന്ത്രാഹുതികൾ.

അഗ്നിയിൽ പീഠത്തെ സമർപ്പിച്ച് അഗ്നിദേവതാവക്ത്രങ്ങളെ ഏകീകരിക്കാനായി ഇരുപത്തിയഞ്ചു തവണ മൂലമന്ത്രം ജപിച്ച് ഹോമം ചെയ്യണം. താനും വഹ്നി ദേവതകളും ഒന്നാണെന്ന് വിഭാവനം ചെയ്ത് ആറ് അംഗദേവതകൾക്കും പതിനൊന്ന് ആവരണ ദേവതകൾക്കും ആഹൂതികൾ അർപ്പിക്കണം.  എല്ലാ ആവൃതിദേവതകൾക്കും പ്രത്യേകം പ്രത്യേകം നെയ്യ് ഹോമിക്കുകയും വേണം. ഇതുകൊണ്ടെല്ലാം ദേവതകളുടെ നാഡീസന്ധാനം ചെയ്തിരിക്കുന്നു എന്നാണ് സങ്കൽപ്പിക്കേണ്ടത്.

കല്പോക്തമായ ദ്രവ്യങ്ങൾ അല്ലെങ്കിൽ എള്ളെടുത്ത് ആയിരം തവണ ഹോമം ചെയ്യുക. ഈ ഹോമങ്ങളാൽ ദേവിയും മറ്റു ദേവതകളും പ്രസന്നരായിരിക്കുന്നു എന്നു മനസ്സിൽക്കണ്ട് കളിച്ച് വന്ന് സന്ധ്യാവന്ദനം ചെയ്ത് പുടവയുടുത്ത് ദേഹത്ത് ആഭരണമണിഞ്ഞ് കമണ്ഡലു കൈയിൽ പിടിച്ചു വരുന്ന ശിഷ്യനെ ഗുരു ഹോമകുണ്ഡ സമീപത്തേക്ക് ആനയിക്കണം. പിന്നെ ശിഷ്യൻ ഗുരുവിനെയും സദസ്സിനെയും നമസ്ക്കരിച്ച് കുലദേവതാ വന്ദനം ചെയ്ത് ആസനസ്ഥനാകണം.

ഗുരു പിന്നീടാ ശിഷ്യനെ കരുണാപൂർവ്വം വീക്ഷിച്ച്‌ അവന്റെ ചൈതന്യം തന്നിലേയ്ക്ക് വിലയിച്ചതായി ഭാവന ചെയ്ത് ശിഷ്യ ദേഹത്തിലെ അദ്ധ്വാക്കളെ ശുദ്ധീകരിക്കാനായി തന്റെ ദിവ്യദൃഷ്ടിയിൽ ഓരോന്നോരോന്നായി വീക്ഷിച്ച് ആഹൂതി ചെയ്യണം. അങ്ങിനെ ശിഷ്യൻ ശുദ്ധചിത്തനും ദേവാനുഗ്രഹപാത്രവുമാക്കിത്തീർക്കണം.

കാലിൽ കലാധ്വാവ്, ഗുഹൃത്തിൽ തത്ത്വാദ്ധ്വാവ്, നാഭിയിൽ ഭുവനാദ്ധ്വാവ്, ഹൃദയത്തിൽ വർണ്ണാദ്ധ്വാവ്, ഭാലത്തിൽ പദാദ്ധ്വാവ്, മൂർധാവിൽ മന്ത്രാദ്ധ്വാവ് എന്നിങ്ങനെയാണ് ആറ് അദ്ധ്വാക്കളെ ധ്യാനിക്കേണ്ടത്. പിന്നീട് ഗുരു നെയ്യ് ചേർത്ത് കുഴച്ച എള്ള് കൊണ്ട് കൂർച്ചമുണ്ടാക്കി ശിഷ്യനെ തൊട്ട് 'ഓം അസ്യ ശിഷ്യസ്യ കലാധ്വാനം ശോധയാമി സ്വാഹാ' എന്നു മന്ത്രിച്ച് ഓരോ അദ്ധ്വാവിനെയും സങ്കൽപ്പത്തിൽ വരുത്തി ഇടത്തേക്കൈ കൊണ്ട് വലത്തേക്കൈ തൊട്ട് എട്ടുതവണ വീതം അഗ്നിയിൽ ഹോമിക്കുക. ഈ അദ്ധ്വാക്കൾ ബ്രഹ്മത്തിൽ ലയിച്ചതായി ഭാവന ചെയ്ത് ബ്രഹ്മത്തിൽ നിന്നുമവയെ പുന:സൃഷ്ടിക്കുന്ന സങ്കൽപ്പത്തിൽ ആത്മസ്ഥമായ ചൈതന്യത്തെ ശിഷ്യനിൽ യോജിപ്പിച്ചു വയ്ക്കുക

പിന്നെ പൂർണ്ണാഹുതി ചെയ്ത് ജഗദംബികയെ കുണ്ഡത്തിൽ നിന്നും  കലശത്തിലേയ്ക്ക് ആവാഹിച്ച്  വ്യാഹൃതികൾ കൊണ്ട് വീണ്ടും അഗ്നിയിൽ ആഹുതികൾ ചെയ്ത് അവ തന്നിലേയ്ക്ക് വിസർജിക്കുക. ശിഷ്യന്റെ കണ്ണുകൾ വസ്ത്രം കൊണ്ട് കെട്ടി നേത്രമന്ത്രം ജപിച്ച് അവനെ കുണ്ഡത്തിനടുത്തു നിന്നും കലശ സമീപമെത്തിക്കുക. അവനെക്കൊണ്ട് ദേവിക്കായി പുഷ്പാർച്ചന നടത്തിക്കുക. ഇനി ശിഷ്യന്റെ കൺകെട്ടഴിക്കാം. ശിഷ്യനെ ദർഭാസനത്തിൽ ഇരുത്തി ദേഹത്തിൽ ഭൂതശുദ്ധി വരുത്തുക. ശിഷ്യദേഹത്ത് മന്ത്രന്യാസങ്ങൾ ചെയ്ത്  അയാളെ അഭിഷേകത്തിനായി മറ്റൊരിടത്തേയ്ക്ക് മാറ്റിയിരുത്തുക.

ഇനി ശിഷ്യനെ അഭിഷേകം ചെയ്യണം. അതിനു മുൻപ് കലശത്തിൽ ഇട്ടു വച്ചിരുന്ന ഇലകളെ അയാളുടെ ശിരസ്സിൽ വയ്ക്കണം. മന്ത്രജപത്തോടെ ദേവതാത്മകമായ കലശജലം കൊണ്ട് അഭിഷേകം നടത്തുക. പിന്നീട് ഈശാന കോണിൽ മാറ്റി വച്ചിരിക്കുന്ന തീർത്ഥവും ശിഷ്യന്റെ ശിരസ്സിൽ ഒഴിക്കുക. പിന്നീട് ശിഷ്യൻ വസ്ത്രം മാറി വന്ന് ഭസ്മം തൊട്ട് തയ്യാറാവണം. തന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ദേവിയിപ്പോൾ ശിഷ്യന്റെ ഹൃദയത്തിലായി എന്ന സങ്കൽപ്പ പൂർവ്വം ഗുരു താനും ശിഷ്യനും തമ്മിൽ മേദമില്ലെന്നു ഭാവന ചെയ്ത് അയാളുടെ കാതിൽ മഹാദേവീ മന്ത്രം മൂന്നു തവണ ഓതിക്കൊടുക്കണം. ശിഷ്യനാ മന്ത്രം നൂറ്റിയെട്ടു തവണ ആവർത്തിച്ച ശേഷം ഗുരുവിനെ സാഷ്ടാംഗം നമസ്കരിക്കണം.

എല്ലാം ഗുരു സമക്ഷം അർപ്പിച്ച് വിപ്രൻമാർക്കും ബ്രഹ്മചാരികൾക്കും സന്യാസിമാർക്കും കന്യകമാർക്കും ദീനൻമാർക്കും യഥാവിധി ദാനം ചെയ്ത് ദരിദ്രർക്ക് അന്നം നൽകി ചാരിതാർത്ഥ്യത്തോടെ ദീക്ഷാകർമ്മം പൂർത്തിയാക്കുക. മന്ത്ര ദീക്ഷ കിട്ടിക്കഴിഞ്ഞാൽ ശിഷ്യനത് നിത്യവും അനുഷ്ഠിക്കണം. ബ്രാഹ്മണർക്ക് ഇതിലുമുപരിയായി മറ്റ് കർമ്മങ്ങൾ ഇല്ല തന്നെ. ഓരോരോ ഗോത്രരീതികൾ അനുസരിച്ച് വൈദികരും താന്ത്രികരും അവരുടെ ശിഷ്യൻമാർക്ക് ചെറിയ പാഠഭേദങ്ങളോടെ മന്ത്രദിക്ഷ നൽകുന്നു. അവരവരുടെ പാരമ്പര്യ രീതികൾക്കനുസരിച്ചാണ് നിത്യാനുഷ്ഠാന കർമ്മങ്ങൾ ചെയ്യേണ്ടത്.

പരമാംബികയുടെ പദകമലങ്ങൾ മുടക്കം കൂടാതെ ഭജിക്കുക . ആ നിത്യഭജനം തന്നെയാണ് എന്നെ സദാ നിർവൃതിയിൽ നിലനിർത്തിയിരിക്കുന്നത്.

നാരദന് ഇങ്ങിനെ ദിവ്യോപദേശം നൽകിയ നാരായണ മഹർഷി സ്വയം സമാധിയിൽ ആമഗ്നനായി. നാരദൻ മഹാമുനിയെ വന്ദിച്ച് നമസ്ക്കരിച്ച ശേഷം ദേവീദർശനമെന്ന പരമമായ ലക്ഷ്യം സഫലീകരിക്കണമെന്ന ഉദ്ദേശത്തോടെ തപസ്സു ചെയ്യാൻ പുറപ്പെട്ടു.

Tuesday, November 28, 2017

ദിവസം 315 ശ്രീമദ്‌ ദേവീഭാഗവതം. 12.6. ഗായത്രീസഹസ്രനാമ സ്തോത്രം

ദിവസം 315  ശ്രീമദ്‌ ദേവീഭാഗവതം. 12.6. ഗായത്രീസഹസ്രനാമ സ്തോത്രം

ഭഗവൻ സർവ്വധർമ്മജ്ഞ സർവ്വ ശാസ്ത്ര വിശാരദ
ശ്രുതിസ്മൃതി പുരാണാനാം രഹസ്യം ത്വൻമുഖാച്ഛ്രുതം
സർവ്വപാപഹരം ദേവ യേന വിദ്യാ പ്രവർത്തതേ
കേന വാ ബ്രഹ്മവിജ്ഞാനം കിം തു വാ മോക്ഷസാധനം

നാരദൻ പറഞ്ഞു: ഭഗവാനേ, സർവ്വധർമ്മജ്ഞനും സർവ്വ ശാസ്ത്രവിശാരദനുമായ അവിടുന്ന് പറഞ്ഞു തന്നതായ ശ്രുതി സ്മൃതി പുരാണ രഹസ്യങ്ങൾ ഞാൻ കേട്ടു രസിച്ചു. അവ സകലപാപങ്ങളെയും ഇല്ലാതാക്കാൻ പോന്നതും മനുഷ്യനെ ജ്ഞാനത്തിലേയ്ക്ക് ഉണർത്തുന്നവയുമാണ്. ഇനി എനിക്കറിയാനുള്ളത് ബ്രഹ്മജ്ഞാനലബ്ധിയെക്കുറിച്ചാണ്. എങ്ങിനെയാണത് സാധിക്കുക? ബ്രാഹ്മണർക്ക് ആധാരമായുള്ളത് എന്താണ്? മൃത്യുഭീതിയെ എങ്ങിനെ തരണം ചെയ്യാം? ഇഹത്തിലും പരത്തിലും സുഖമുണ്ടാവാൻ ഞാനെന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത്? ഇവയെല്ലാം സംശയങ്ങൾ തീർത്ത് പറഞ്ഞുതരാൻ അങ്ങയോട് അഭ്യർത്ഥിക്കട്ടെ.

ശ്രീ നാരായണൻ പറഞ്ഞു: മഹാമുനേ, ഉത്തമമായ ഒരു ചോദ്യം തന്നെയാണിത്. ഞാനങ്ങേയ്ക്ക് ഗായത്രിയുടെ ആയിരം നാമങ്ങൾ ഉപദേശിക്കാം. ആ നാമങ്ങൾ സകലപാപങ്ങളെയും ഇല്ലാതാക്കാൻ പോന്നതാണ്. സൃഷ്ടിയാരംഭത്തിൽ ബ്രഹ്മദേവനാണ് ഇതാദ്യമായി ചൊല്ലിയത്. അതിനാൽ ഈ നാമങ്ങളുടെ ഋഷി ബ്രഹ്മാവാണ്. അനുഷ്ടുപ് ഛന്ദസ്സ്. ഹല്ലുകൾ എന്നറിയപ്പെടുന്ന ഹ,യ,വ,ര,ല, തുടങ്ങിയ വ്യഞ്ജനാക്ഷരങ്ങൾ അവയ്ക്ക് ബീജമാണ്. സ്വരങ്ങൾ ശക്തികളാകുന്നു. ഗായത്രീ മന്ത്രവർണ്ണങ്ങൾ തന്നെയാണ് ന്യാസങ്ങൾ. മാതൃകാ വർണ്ണങ്ങളായ അൻപത്തിയൊന്ന് മാതൃകാക്ഷരങ്ങൾ കൊണ്ട് അംഗ്യാസവും കരന്യാസവും ചെയ്യാം.

ഇനി ധ്യാനം. "ചുവപ്പ്, വെളുപ്പ്, സ്വർണ്ണ നിറം, നീലം, ധവളം, എന്നീ നിറങ്ങളുള്ള രത്നങ്ങൾ, മൂന്നു കണ്ണുകൾ, ചുവപ്പു രത്നങ്ങൾ കൊരുത്ത മാല, കൈകളിൽ കിണ്ടി, താമര, അക്ഷമാല, വരമുദ്ര എന്നിവയും ധരിച്ച് ഹംസാരൂഢയായി പത്മാസനത്തിൽ വിരാജിക്കുന്ന കുങ്കുമ വർണ്ണയായ പത്മദളനേത്രയായ ദേവിയെ ഞാൻ ഭജിക്കുന്നു."

1. അചിന്ത്യ ലക്ഷണാ - ബുദ്ധികൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൾ
2. അവ്യക്താ - തത്വമറിയാൻ നിവൃത്തിയില്ലാത്തവൾ
3. അർധമാതൃമഹേശ്വരി - സർവ്വ പദാർത്ഥങ്ങളുടെയും ബ്രഹ്മാദികളുടെയും നിയന്ത്രണം കൈയിലുള്ളവൾ
4. അമൃതാ- മോക്ഷസ്വരൂപിണി.
5. അർണ്ണവമദ്ധ്യസ്ഥാ - സമുദ്ര മദ്ധ്യത്തിൽ കുടികൊള്ളുന്നവൾ
6. അജിതാ - ആരാലും ജയിക്കപ്പെടാത്തവൾ
7. അപരാജിതാ - ആർക്കും പരാജയപ്പെടുത്താനാകാത്തവൾ
8. അണിമാദിഗുണാധാരാ - അണിമ, മഹിമ, ഗരിമ തുടങ്ങിയവയ്ക്ക് ആധാരഭൂതയായവൾ
9. അർക്കമണ്ഡല സംസ്ഥിതാ - സൂര്യ മണ്ഡലത്തിൽ വിരാജിക്കുന്നവൾ
10. അജരാ - ഒരിക്കലും ജര ബാധിക്കാത്ത താരുണ്യമുള്ളവൾ
11. അജാ - ജന്മമില്ലാത്തവൾ
12. അപരാ - തന്നെപ്പോലെ മറ്റൊരാളില്ലാത്തവൾ
13. അധർമ്മാ-  ആശ്രമധർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതില്ലാത്തവൾ
14. അക്ഷസൂത്രധരാ - അക്ഷസൂത്രം ധരിച്ചവൾ
15. അധരാ - സ്വാധാരമല്ലാതെ മറ്റൊരാധാരം ആവശ്യമില്ലാത്തവൾ
16. അകാരാദിക്ഷകാരാന്താ- അകാരം മുതൽക്ഷകാരം വരെയുള്ള അക്ഷരങ്ങൾ സ്വരൂപമായവൾ
17.അരിഷഡ്വർഗ്ഗഭേദിനി -  കാമക്രോധാദി ഷഡ് വൈരികളെ നശിപ്പിക്കുന്നവൾ
18. അഞ്ജനാദ്രിപതീകാശാ- അഞ്ജനാദ്രി പോലെ പ്രശോഭിക്കുന്നവൾ
19. അഞ്ജനാദ്രി നിവാസിനി - അഞ്ജന പർവ്വതത്തിൽ വസിക്കുന്നവൾ
20. അദിതി - ദേവമാതാവ്
21. അജപാ - അജപാമന്ത്രസ്വരൂപിണി.
22. അവിദ്യാ - അവിദ്യാ സ്വരൂപിണി.
23. അരവിന്ദനിഭേഷണാ - താമരപ്പൂ പോലെ അഴകാർന്ന കണ്ണുകളുള്ളവൾ
24. അന്തർ ബഹി:സ്ഥിതാ - ജീവികളുടെ അകത്തും പുറത്തും നിലകൊള്ളുന്നവൾ.
25. അവിദ്യാധ്വംസിനീ - അവിദ്യയെ ഇല്ലാതാക്കുന്നവൾ
26. അന്തരാത്മികാ - ജീവകളുടെ ഉള്ളിൽ വസിക്കുന്നവൾ
27. അജാ - ജന്‍മരഹിത
28. അജമുഖാവാസാ - ബ്രഹ്മാവിന്റെ മുഖത്ത് വസിക്കുന്നവൾ
29. അരവിന്ദനിഭാനനാ- താമരപ്പൂവൊത്ത മുഖകാന്തിയുള്ളവൾ
30. അർധ മാത്രാ - പ്രണവാംഗഭൂതയായ അർധമാത്രാ സ്വരൂപിണി.
31. അർഥദാനജ്ഞാ- പുരുഷാർത്ഥങ്ങൾ ഏകുന്നവൾ
32. അരിമണ്ഡലമർദ്ദിനി - ശത്രു മണ്ഡലത്തെ നശിപ്പിക്കുന്നവൾ
33. അസുരഘ്നി- അസുരരെനി പ്രഹിക്കുന്നവൾ
34. അമാവാസ്യാ - അമാവാസി തിഥിസ്വരൂപിണി.
35. അലക്ഷ്മീഘ്ന്യന്ത്യജാർച്ചിതാ-അലക്ഷ്മിയെ നശിപ്പിക്കുന്ന അന്ത്യജയായ മാതംഗിയാൽ പൂജിതയായവൾ
36. ആദിലക്ഷ്മി - ആദി ശക്തിയായ പ്രധാന സ്വരൂപിണി
37. ആദിശക്തി - മഹാമായ
38. ആകൃതി - ആ കാര സ്വരൂപിണി.
39. ആയതാനനാ- വായ് തുറന്ന് ചിരിക്കുന്നവൾ
40. ആദിത്യപദവീചാരാ - ആദിത്യ മാർഗ്ഗ സഞ്ചാരിണി
41. ആദിത്യ പരിസേവിതാ - ആദിത്യനാൽ സേവിക്കപ്പെടുന്നവൾ
42. ആചാര്യാ - സദാചാരത്തെ വ്യാഖ്യാനിക്കുന്നവൾ
43. ആവർത്തനാ- ആവർത്തിച്ചുണ്ടായി മറയുന്ന ലോകത്തിന്റെ സൃഷ്ടികർത്ത്രി.
44. ആചാരാ - ആചാര സ്വരൂപിണിയായവൾ
45. ആദിമൂർത്തി നിവാസിനി - ബ്രഹ്മ നിവാസിനി
46.ആഗ്നേയി- അഗ്നിദേവത
47. ആമരീ - അമരാവതി സ്വരൂപയായവൾ
48. ആദ്യാ- ആദിസ്വരൂപിണിയായ യോഗ മാതാ.
49. ആരാദ്ധ്യാ- സകലരാലും ആരാധിക്കപ്പെടുന്നവർ
50. ആസനസ്ഥിതാ -ദിവ്യാസനത്തിൽ ഇരിക്കുന്നവൾ
51. ആധാരനിലയാ - മൂലാധാരത്തിലെ കുണ്ഡലിനിയായവൾ
52. ആധാരാ - ജഗത്തിനെ ധരിക്കുന്നവർ
53. ആകാശാന്ത നിവാസിനി - ആകാശതത്വമായ അഹങ്കാരത്തിൽ സ്ഥിതി ചെയ്യുന്നവൾ
54. ആദ്യാക്ഷരസമായുക്താ- പ്രഥമ ശബ്ദമായ അ കാരം ആദ്യക്ഷരമായവൾ
55. അന്തരാകാശരൂപിണി- അന്തരാകാശത്തിന്റെ സ്വരൂപത്തിലുള്ളവൾ
56. ആദിത്യ മണ്ഡലഗതാ - സൂര്യമണ്ഡലത്തിൽ ചരിക്കുന്നവൾ
57. ആന്തരധ്വാന്തനാശിനീ - അജ്ഞാനമാകുന്ന അന്ധകാരത്തെ നശിപ്പിക്കുന്നവൾ
58. ഇന്ദിരാ - ലക്ഷ്മീദേവി
59. ഇഷ്ടദാ - ഭക്താഭീഷ്ടപ്രദ
60. ഇഷ്ടാ- ഇഷ്ടദേവതയായി പൂജിക്കപ്പെടുന്നവൾ
61. ഇന്ദീവരനിഭേഷണാ - താമരദള നയനാ
62. ഇരാവതീ- ഭൂമിയോടു കൂടിയവൾ
63. ഇന്ദ്രപദാ - ഇന്ദ്രന് പദവി നേടിക്കൊടുത്തവൾ
64. ഇന്ദ്രാണീ- ഇന്ദ്രപത്നിയായ ശചിയുടെ രൂപത്തിലുള്ളവൾ.
65. ഇന്ദുരൂപിണി- ചന്ദ്രസദൃശം മുഖകാന്തിയുള്ളവൾ
66. ഇക്ഷു കോദണ്ഡ സംയുക്ത - കൈയിൽ ഇക്ഷുധനുസ്സ് ധരിച്ചവൾ
67. ഇക്ഷുസന്ധാനകാരിണീ - അസ്ത്രസന്ധാനത്തിൽ അനുപമയായവൾ
68. ഇന്ദ്രനീലസമാകാരാ - ഇന്ദ്രനീലമണിക്കു തുല്യമായ പ്രഭയുള്ളവൾ
69. ഇഡാപിംഗളരൂപിണി- ഇഡ, പിംഗള എന്നീ നാഡീ രൂപത്തിലുള്ളവൾ
70. ഇന്ദ്രാക്ഷീ - ശതാക്ഷി എന്നു പ്രസിദ്ധയായവൾ
71. ഈശ്വരീദേവി - സകല ഐശ്വര്യങ്ങളും ചേർന്ന ദേവി.
72. ഈഹാത്രയവിവർജിത - ലോകൈഷണ, വിത്തേഷണ, പുത്രൈഷണ എന്നിവയില്ലാത്തവൾ
73. ഉമാ -ഉമാദേവി
74. ഉഷാ- ഉഷാദേവി
75. ഉഡുനിഭാ - നക്ഷത്രതുല്യപ്രഭയുള്ളവൾ
76. ഉർവാരുകഫലാനനാ- കർക്കടീഫലത്തെപ്പോലെ സംഫുല്ലമായ മുഖത്തോടുകൂടിയവൾ
77. ഉഡുപ്രഭു - സ്വച്ഛജലത്തിന്റെ പ്രഭയുള്ളവൾ
78. ഉഡുമതി - രാത്രി സ്വരൂപിണി
79. ഉഡുപാ - ചന്ദ്രപ്രഭയുള്ളവൾ
80. ഉഡുമദ്ധ്യഗാ - നക്ഷത്രരാശിക്കു മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നവൾ
81. ഊർധ്വാ- ഊർധ്വദേശസ്വരൂപിണി.
82. ഊർധ്വ കേശീ - കേശം ഊർധ്വമായുള്ളവൾ
83. ഊർധ്വാധോഗതിഭേദിനീ - സ്വർഗ്ഗ നരക ഗതികളെ ഭേദിപ്പിക്കുന്നവൾ
84. ഊർധ്വബാഹുപ്രിയാ - ഊർധ്വബാഹുവായി തപസ്സു ചെയ്യുന്ന സാധകനിൽ പ്രിയമുള്ളവൾ
85. ഊർമിമാലാ വാഗ് ഗ്രന്ഥദായിനി - തരംഗങ്ങൾ പോലെ ശ്രേഷ്ഠ വാക്കുകളായി ഗ്രന്ഥങ്ങളിൽ കുടികൊള്ളുന്നവൾ.
86.  ഋതം - സത്യവാക് സ്വരൂപ
87. ഋഷി - വേദ സ്വരൂപ
88. ഋതുമതി - രജസ്വല
89. ഋഷി ദേവ നമസ്കൃതാ - ഋഷി ദേവതമാരാൽ നമസ്കരിക്കപ്പെട്ടവർ
90. ഋഗ്‌വേദാ- ഋഗ്‌വേദ സ്വരൂപിണി.
91. ഋണഹർത്രീ - ദേവ, ഋഷി, പിതൃ, കടങ്ങൾ വീട്ടുന്നവൾ
92. ഋഷിമണ്ഡല ചാരിണി- ഋഷി മണ്ഡലത്തിൽ വിരാജിക്കുന്നവൾ
93. ഋദ്ധിദാ - സമൃദ്ധി പ്രദാനം ചെയ്യുന്നവൾ
94. ഋജു മാർഗ്ഗസ്ഥാ - സഹജമായും ഋജു മാർഗ്ഗ സഞ്ചാരിണി
95. ഋജു ധർമ്മാ - സഹജമായ ധർമ്മം അനുഷ്ഠിക്കുന്നവൾ
96. ഋതുപദാ - ഋതുക്കളെ സ്വധർമ്മത്തിൽ നടത്തുന്നവൾ
97. ഋഗ്വേദനിലയാ- ഋഗ്വേദത്തിൽ നിലകൊള്ളുന്നവൾ
98. ഋജ്വീ - സരള സ്വഭാവമുള്ളവർ
99.ലുപ്ത ധർമ്മ പ്രവർത്തിനി - ലുപ്തധർമ്മങ്ങളെ വീണ്ടും നടപ്പിലാക്കുന്നവർ
100. ലൂതാരിവരസംഭൂതാ - ലുതാരി രോഗത്തെ നിവാരണം ചെയ്യുന്നവൾ
101. ലൂതാദിവിഷഹാരിണി - ചിലന്തി വിഷം നശിപ്പിക്കുന്നവൾ
102. എകാക്ഷരാ- ഏകാക്ഷര സ്വരൂപ
103. ഏക മാത്രാ - ഏകമാത്രയിൽ വിരാജിക്കുന്നവൾ
104. ഏകാ- രണ്ടാമതൊന്നില്ലാത്തവർ
105. ഏക നിഷ്ഠാ - ഏകാകിയായി മാത്രം നിലനില്ക്കുന്നവൾ
106. ഐന്ദ്രി- ഇന്ദ്രന്റെ ശക്തി സ്വരൂപ
107.ഐരാവതാരൂഢ - ഐരാവതമെന്ന ആനപ്പുറത്തിരിക്കുന്നവൾ
108. ഐഹികാമുഷ്മിക പ്രദാ - ഇഹ പര ലൗകിക ഫലം നൽകുന്നവൾ
109. ഓങ്കാരാ- പ്രണവ സ്വരൂപിണി.
110. ഓഷധീ - സംസാര രോഗശമനത്തിനായുള്ള ഔഷധസ്വരൂപിണി
111. ഓതാ- മാലയിൽ ചരടെന്ന പോലെ സകലപ്രാണികളുടെയും ഹൃദയത്തിൽ നിവസിക്കുന്നവർ
112. ഓതപ്രോത നിവാസിനി - ബ്രഹ്മത്തിലെ ഓത പ്രോതത്തിൽ (പ്രപഞ്ചം) നിവസിക്കുന്നവൾ
113. ഔർവാ - ബഡവാഗ്നി രൂപ
114. ഔഷധ സമ്പന്ന - ഭവരോഗൗഷധം കൊണ്ട് സമ്പന്നയായവൾ
115. ഔപാസന ഫലപ്രദാ- ഉപാസനകൾക്ക് ഉത്തമ ഫലം നൽകുന്നവൾ
116. അണ്ഡമദ്ധ്യസ്ഥിതാ - ബ്രഹ്മാണ്ഡത്തിന്റെ അന്തർയാമിയായുള്ളവൾ
117. അ: കാരമനുരൂപിണി- വിസർഗ്ഗ രൂപമായ മന്ത്രസ്വരൂപത്തോടുകൂടിയവർ
118. കാത്യായനി - കാത്യായന മഹർഷി വഴി ഉപാസിക്കപ്പെടുന്നവൾ
119. കാളരാത്രി: - രാക്ഷസ സംഹാരാർത്ഥം കാളരാത്രി സ്വരൂപിണിയായവൾ
120. കാമാക്ഷീ - കാമനെ കണ്ണിൽ ധരിച്ചവൾ
121. കാമ സുന്ദരീ- സൗന്ദര്യത്തിൽ കാമന് തുല്യയായവൾ
122. കമലാ- ലക്ഷ്മി സ്വരൂപ
123. കാമിനീ - ഭാവനകൾക്ക് ശുഭഫലമേകുന്നവൾ
124. കാന്താ- അത്യന്തം കമനീയ രൂപമാർന്നവൾ
125. കാമദാ -  ഭക്തൻമാരുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുന്നവള്‍
126. കാലകണ്ഠിനീ - കാലനെ വാഹനമാക്കിയവർ
127. കരികുംഭസ്തനഭരാ- ആനയുടെ മസ്തകം പോലുള്ള സ്തനങ്ങളോടുകൂടിയവൾ
128. കരവീര സുവാസിനി - മഹാലക്ഷ്മീ ക്ഷേത്രനിവാസിനി
129. കല്യാണി - മംഗള സ്വരൂപിണി.
130. കുണ്ഡലവതി - കുണ്ഡലങ്ങൾ അണിഞ്ഞവൾ
131. കുരുക്ഷേത്ര നിവാസിനി - കുരുക്ഷേത്രത്തിൽ വസിക്കുന്നവൾ
132. കുരവിന്ദ ദളാകാരാ- മുത്തങ്ങാപ്പുല്ലുപോലെ ഇരുണ്ട നിറമുള്ളവൾ
133. കുണ്ഡലീ - കുണ്ഡലീ ശക്തിരൂപത്തിൽ വിരാജിക്കുന്നവൾ
134. കുമുദാലയാ - കൂമുദാസനത്തിൽ സ്ഥിതി ചെയ്യുന്നവർ
135. കാല ജിഹ്വ - രാക്ഷസ ഹരണത്തിനായി കാലന്റെ ജിഹ്വയായവൾ
136. കരാളാസ്യാ - കരാളമുഖത്തോടു കൂടിയവർ
137. കലികാ- കറുത്ത വർണ്ണമുള്ളവൾ
138. കാലരൂപിണീ - ദൈത്യരെ ഭയപ്പെടുത്താൻ കാലരൂപം പൂണ്ടവൾ
139. കമനീയഗുണാ- കമനീയ ഗുണങ്ങളുടെ ഇരിപ്പിടം
140. കാന്തി:- ദീപ്തിയുള്ളവൾ
141. കലാധാരാ - സകല കലകൾക്കും ആശ്രയമായവൾ
142. കുമുദ്വതീ - ആമ്പൽപ്പൂക്കൾ ധരിക്കുന്നവൾ
143. കൗശികീ - കൗശികിയെന്ന നാമമുള്ളവർ
144. കമലാകാരാ- താമരയയ്ക്കൊത്ത ആ കാരമുള്ളവൾ
145. കാമചാരപ്രഭഞ്ജിനി- യഥേഷ്ടം നടക്കുന്നവരെ നശിപ്പിക്കുന്നവൾ
146. കൗമാരീ - നിത്യവും കുമാരിയായവൾ
147.കരുണാപാംഗീ - കരുണപൊഴിയുന്ന വീക്ഷണം ചൊരിയുന്നവൾ
148. കകുബന്താ- ദിഗന്തസ്വരൂപ
149. കരിപ്രിയാ - ആനകളോട് പ്രിയമുള്ളവൾ
150. കേസരീ - സിംഹരൂപിണി.
151.കേശവനുതാ- ഭഗവാനാൽ പ്രണമിക്കപ്പെടുന്നവൾ
152. കദംബ കുസുമപ്രിയാ - കദംബപ്പൂക്കളിൽ പ്രിയമുള്ളവൾ
153. കാളിന്ദീ- കാളിന്ദീ രൂപമാർന്നവൾ
154. കാളികാ- കാളിയെന്ന പേരിൽ പ്രശസ്തയായവൾ
155. കാഞ്ചീ- കാഞ്ചി ക്ഷേത്രത്തിൽ നിവസിക്കുന്നവൾ
156. കലശോത്ഭവസംസ്‌തുതാ- അഗസ്ത്യനാൽ സ്സതിക്കപ്പെടുന്നവൾ
157. കാമ മാതാ - കാമദേവന്റെ മാതാവ്
158. ക്രതുമതീ - യജ്ഞ സ്വരൂപിണി.
159. കാമരൂപാ - ഇഷ്ടാനുസരണം രൂപധാരണം ചെയ്യാൻ കഴിവുള്ളവൾ
160. കൃപാവതീ- അത്യന്തം കൃപയുള്ളവൾ
161. കുമാരീ - കുമാരീ ഭാവത്തിൽ വിരാജിക്കുന്നവർ
162. കുണ്ഡനിലയാ - അഗ്നിഹോത്ര കുണ്ഡത്തിൽ വിരാജിക്കുന്നവൾ
163. കിരാതീ - കിരാതരൂപം ധരിച്ച് ഭക്തജന രക്ഷ ചെയ്യുന്നവൾ
164. കീരവാഹനാ- തത്തയെ വാഹനമാക്കിയവൾ
165. കൈകേയീ - കൈകേയീ നാമത്തിൽ പ്രസിദ്ധയായവൾ
166. കോകിലാലാപാ - കുയിലിന്റെ ആലാപനംപോലെ പാടുന്നവർ
167. കേതകീ - പൂക്കളിൽ കേതകീ രൂപമാർന്നവർ
168. കുസുമപ്രിയാ - പൂക്കളിൽ പ്രിയമുള്ളവൾ
169. കമണ്ഡലുധരാ- ബ്രഹ്മചാരിണികളെപ്പോലെ കമണ്ഡലു ധരിച്ചവൾ
170. കാളീ- കാളികയുടെ സ്വരൂപത്തിലുള്ളവൾ
171. കർമ്മനിർമ്മൂല കാരിണി - കർമ്മത്തെ നിശ്ശേഷം ഇല്ലാതാക്കുന്നവൾ
172. കളഹംസഗതി - കളഹംസത്തെപ്പോലെ മദഗാമിനിയായവള്‍
173. കക്ഷാ - കക്ഷയെന്ന പേരുള്ളവർ
174. കൃത കൗകുകമംഗളാ- സദാ വിവാഹോചിതമായ മംഗള വേഷം ധരിക്കുന്നവൾ
175. കസ്തൂരി തിലകാ - കസ്തൂരി തിലകം അണിഞ്ഞവൾ
176. കമ്പ്രാ- ചഞ്ചല രൂപ.
177. കരീന്ദ്ര ഗമനാ- മദയാനയുടേത് പോലെ നടക്കുന്നവൾ
178. കൂഹൂ - അമാവാസിയുടെ തിഥി രൂപത്തിലുള്ളവൾ
179. കർപ്പൂരലേപനാ- കർപ്പൂരാദി സുഗന്ധമണിഞ്ഞവൾ
180. കൃഷ്ണാ - ശ്യാമള വർണ്ണ
181. കപിലാ- കപില വർണ്ണ
182. കുഹരാശ്രയാ - ബുദ്ധിരൂപമായ ഗുഹയിൽ വസിക്കുന്നവൾ
183. കൂടസ്ഥാ - അന്തര്യാമിയായവർ
184. കുധരാ - ഭൂമിയെ ധരിക്കുന്നവർ
185.കമ്രാ - സുന്ദരരൂപിണി
186. കുക്ഷി സ്ഥാഖില വിഷ്ടപാ- സകലലോകവും സ്വന്തം കുക്ഷിയിൽ wരിക്കുന്നവർ
187. ഖഡ്ഗഖേടകരാ- കൈകളിൽ വാളും പരിചയും ധരിച്ചവൾ
188. ഖർവാ - ഉയരം കുറഞ്ഞവൾ
189. ഖേചരീ - ആകാശസഞ്ചാരിണി
190. ഖഗവാഹനാ- ഹംസത്തെ വാഹനമാക്കിയവൾ
191. ഖഡ്വാംഗ ധാരിണി- ഖഡ്വാംഗം എന്ന ആയുധം ധ രിച്ചവള്‍.
192. ഖ്യാതാ- സുപ്രസിദ്ധിയായവൾ
193. ഖഗരാജോപരിസ്ഥിതാ - ഗരുഡപീഠത്തിൽ കുടികൊള്ളുന്നവൾ
194. ഖലഘ്നീ - ഖലൻമാരെ നിഗ്രഹിക്കുന്നവൾ
195. ഖണ്ഡിത ജരാ - ജര ബാധിക്കാത്തവൾ
196. ഖണ്ഡാഖ്യാനപ്രദായിനീ - ഭേദ ശാസ്ത്രത്തെ ആഖ്യാനം ചെയ്യുന്നവൾ
197. ഖണ്ഡേന്ദു തിലകാ - നെറ്റിയിൽ ചന്ദ്രക്കല ചൂടിയവർ
198. ഗംഗാ- സ്വർലോക ഗംഗയായവൾ
199. ഗണേശഗുഹപൂജിതാ - ഗണേശനാലും മുരുകനാലും പൂജിക്കപ്പെടുന്നവർ
200. ഗായത്രീ - തന്റെ നാമം കീർത്തിക്കുന്നവരെ രക്ഷിക്കുന്ന ദേവി.
201. ഗോമതി - നൈമിശാരണ്യത്തിലൂടെ ഒഴുകുന്ന ഗോമതീ നദി സ്വരൂപിണി.
202. ഗീതാ - ഭഗവത് ഗീതാ സ്വരൂപ
203. ഗാന്ധാരീ - വരാഹ ശക്തിസ്വരൂപയായി ഭൂമിയെ ധരിക്കുന്നവൾ
204. ഗാനലോലുപ- സംഗീതത്തിൽ രസിക്കുന്നവൾ
205. ഗൗതമീ - അഹല്യാ സ്വരൂപ
206. ഗാമിനീ - സർവ്വവ്യാപിനി
207. ഗാധാ- ഭൂമിയെ നിലനിർത്തുന്നവൾ
208. ഗന്ധർവ്വാപ്സര വേവിത - ഗന്ധർവ്വൻമാരാലും അപ്സരസ്സുകളാലും സേവിക്കപ്പെടുന്നവൾ
209. ഗോവിന്ദചരണാക്രാന്താ- ഗോവിന്ദചരണത്തെ സമാശ്രയിക്കുന്ന ഭൂമി .
210. ഗുണത്രയവിഭാവിത - ത്രിഗുണങ്ങളോടെ ശോഭിക്കുന്നവർ
211. ഗന്ധർവ്വീ - ഗന്ധർവ്വ സ്ത്രീരൂപിണിയായവൾ
212. ഗഹ്വരീ- അനുമാനിക്കാനാകാത്ത മഹത്വമുള്ളവൾ
213. ഗോത്രാ - പൃഥ്വീ രൂപ
214. ഗിരീശാ - പർവ്വതങ്ങൾക്ക് അധിഷ്ഠാനയായവൾ
215. ഗഹനാ- ഗൂഢ സ്വഭാവിനി
216. ഗമീ - ചിന്താശീലമുള്ളവൾ
217. ഗുഹാവാസാ - ഹൃദയഗുഹയിൽ നിവസിക്കുന്നവൾ
218. ഗുണവതീ- സദ്ഗുണ സമ്പന്ന
219. ഗുരുപാപ പ്രണാശിനി - ഗുരുതരമായ പാപത്തെപ്പോലും നശിപ്പിക്കുന്നവൾ
220. ഗുർവീ- സർവ്വാതീത
221. ഗുണവതീ- വിവിധ ഗുണങ്ങൾ ഉണ്ടവൾ
222. ഗുഹ്യാ- ഗുഹ്യ രൂപത്തിൽ വ്യാപിച്ചുകിടക്കുന്നവൾ
223. ഗോപ്തവ്യ - ഹൃദയഗുഹയിൽ സൂക്ഷിക്കപ്പെടേണ്ടവൾ
224. ഗുണദായിനീ - സദ്ഗുണങ്ങളെ നൽകുന്നവർ
225. ഗിരിജാ - പർവ്വത പുത്രി
226. ഗുഹൃമാതംഗി - ബ്രഹ്മവിദ്യാ സ്വരൂപിണി.
227. ഗരുഡദ്ധ്വജവല്ലഭ . ഗരുഡദ്ധ്വജനായ വിഷ്ണുവിന്റെ പത്നി
228. ഗുവാപഹാരിണി - ഗർവത്തെ അപഹരിക്കുന്നവൾ
229. ഗോദാ - പശുദ്ദാനം അല്ലെങ്കിൽ ഭൂദാനം ചെയ്യുന്നവൾ
230. ഗോകുലസ്ഥാ - ഗോകുലത്തിൽ വസിക്കുന്നവർ
231. ഗദാധരാ - ഗദ കൈയിൽ ധരിച്ചവൾ
232. ഗോകർണ്ണനിലയാസക്താ - ഗോകർണ്ണ തീർത്ഥ നിവാസിനി.
233. ഗുഹ്യ മണ്ഡലവർത്തിനി - അതി രഹസ്യമായ സ്ഥലത്ത് വിരാജിക്കുന്നവൾ
234. ഘർമദാ -ഉഷ്ണണ കാരിണി
235. ഘനദാ - മേഘത്തെ പ്രദാനം ചെയ്യുന്നവൾ
236. ഘണ്ടാ - ഘണ്ടാ രൂപമെടുത്തവൾ
237. ഘോര ദാനവ മർദ്ദിനി - ഘോരരായ രാക്ഷസരെ മർദ്ദിച്ചൊതുക്കുന്നവൾ
238. ഘൃണിമന്ത്രമയീ - സൂര്യപ്രസാദകരമായ മന്ത്രരൂപത്തിൽ വർത്തിക്കുന്നവൾ
239. ഘോഷാ- യുദ്ധഘോഷം മുഴക്കുന്നവൾ
240. ഘനസമ്പാതദായിനീ -  മേഘങ്ങളെ പെയ്യിക്കുന്നവൾ
241. ഘണ്ടാരവപ്രിയാ - ഘാണ്ടാ നാദത്തിൽ പ്രിയമുള്ളവൾ
242. ഘ്രാണാ- ഘ്രാണേന്ദ്രിയത്തിന്റെ ദേവത
243. ഘൃണി സന്തുഷ്ട കാരിണി - സൂര്യനെ പ്രസാദിപ്പിക്കുന്നവൾ
244. ഘനാരിമണ്ഡലാ - ദൈത്യ ശത്രുക്കൾ അനേകമുള്ളവൾ
245. ഘൂർണ്ണാ- എല്ലായിടത്തും ചടുലമായിരിക്കുന്നവൾ
246. ഘൃതാചീ - രാത്രിയുടെ ദേവത, സരസ്വതി
247. ഘനവേഗിനീ - പ്രചണ്ഡ വേഗമുള്ളവൾ
248. ജ്ഞാനധാതുമയി -ചിത്സ്വരൂപമായ ധാതുവിനാൽ സൃഷ്ടിക്കപ്പെട്ടവൾ
249. ചർച്ചാ - സംഭാഷണ സ്വരൂപ
250. ചർച്ചിതാ- സുഗന്ധ സുപൂജിത
251. ചാരുഹാസിനീ - സുന്ദരമായ പുഞ്ചിരിയുള്ളവൾ
252. ചടുലാ- ലക്ഷ്മീ സ്വരൂപ
253. ചണ്ഡികാ - ശത്രുസംഹാരാർത്ഥം ചണ്ഡരൂപം ധരിക്കുന്നവൾ
254. ചിത്രാ - വിചിത്ര രൂപധാരിണി
255. ചിത്രമാല്യ വിഭൂഷിത - വിചിത്രമായ മാലകൾ കൊണ്ട് അലങ്കരിച്ചവൾ
256. ചതുർഭുജാ- നാലു കൈകൾ ഉള്ളവൾ
257. ചാരുദന്താ- മനോഹരമായ പല്ലുകളോടുകൂടിയവൾ
258. ചാതുരീ - സാമർത്ഥ്യശാലിനി
259. ചരിതപ്രദാ- സദാചാരശിക്ഷണം നൽകുന്നവൾ
260. ചൂളികാ- ഉത്തുംഗമായ സ്ഥാനമലങ്കരിക്കുന്നവൾ
261. ചിത്രവസ്ത്രാന്താ- വിചിത്രവസ്ത്രം ധരിക്കുന്നവൾ
262. ചന്ദ്രമ: കർണ്ണകുണ്ഡലാ - ചന്ദ്രാകൃതിപൂണ്ട കുണ്ഡലം ധരിച്ചവൾ
263. ചന്ദ്രഹാസാ - ചന്ദ്രനെപ്പോലെ തിളങ്ങുന്ന പുഞ്ചിരിയുള്ളവൾ
264. ചാരുദാത്രീ - ചാരുവായ വസ്തുക്കൾ നൽകുന്നവർ
265. ചകോരീ - പരമാതാവായ ചന്ദ്രനിൽ ചക്രവാകപ്പക്ഷിപോലെ അനുരക്തയായവൾ
266. ചന്ദ്രഹാസിനീ - ചന്ദ്രനെ ആഹ്ളാദിപ്പിക്കുന്നവൾ
267. ചന്ദ്രികാ - ചന്ദ്രസ്വരൂപമാണ്ടവൾ
268. ചന്ദ്രധാത്രീ - ചന്ദ്രനെ ശിരസ്സിൽ ധരിച്ചവർ
269. ചൗരീ- ചോര രൂപിണി
270. ചൗരാ- ഔഷധ സ്വരൂപ
271. ചണ്ഡികാ - ചണ്ഡികയെന്ന പേരിൽ പ്രശസ്തയായവൾ
272. ചഞ്ചദ്വാഗ്വാദിനി - ചഞ്ചല ഭാഷിണി
273. ചന്ദ്രചൂഡാ - ശിരസ്സിൽ ചന്ദ്രനെ ചൂടിയവൾ
274. ചോരവിനാശിനി - കളളൻമാരെ ഇല്ലാതാക്കുന്നവൾ
275. ചാരു ചന്ദനലിപ്താംഗീ - സർവാംഗം ചന്ദനം പൂശിയവൾ
276. ചഞ്ചച്ചാമരവീജിതാ - ഇളകുന്ന ചാമരം കൊണ്ട് വീശപ്പെട്ടവൾ
277. ചാരു മദ്ധ്യാ- ചാരുവായ കടി തടത്തോടുകൂടിയവൾ
278. ചാരു ഗതി: -ചാരുവായ നടത്തയുള്ളവൾ
279. ചന്ദിലാ - ഈ പേരിൽ കർണ്ണാടക ദേശത്ത് പ്രസിദ്ധയായവൾ
280. ചന്ദ്രരൂപിണീ - ചന്ദ്രസ്വരൂപ
281. ചാരു ഹോമപ്രിയാ - ഉത്തമമായി ചെയ്യുന്ന ഹോമങ്ങളിൽ പ്രിയമുള്ളവൾ
282. ചാർവാചരിതാ - ആചാര ശുദ്ധിയുള്ളവൾ
283. ചക്ര ബാഹുകാ - സുദർശന ചക്രം കൈയിലുള്ളവൾ
284. ചന്ദ്രമണ്ഡലമദ്ധ്യസ്ഥ - ചന്ദ്രമണ്ഡലത്തിൽ നിലകൊള്ളുന്നവൾ
285. ചന്ദ്രമണ്ഡല ദർപ്പണാ - ചന്ദ്രമണ്ഡലത്തെ തന്റെ കണ്ണാടിയാക്കിയവൾ
286. ചക്രവാകസ്തനീ - ചക്രവാക സദൃശമായ സ്തനങ്ങളോടുകൂടിയവൾ
287. ചേഷ്ടാ- പ്രാണികളിൽ ചേഷ്ടാ രൂപത്തിൽ വർത്തിക്കുന്നവൾ
288. ചിത്രാ - അത്ഭുത ചരിതയായവർ
289. ചാരുവിലാസിനി - ചാരുവായി വിലാസിക്കുന്നവൾ
290. ചിത്സ്വരുപാ- ചിന്മയ രൂപിണി
291. ചന്ദ്രവതീ- ചന്ദ്രനെ മൗലിയിലണിഞ്ഞവൾ
292. ചന്ദ്രമാ- ചന്ദ്ര സ്വരൂപ
293. ചന്ദനപ്രിയാ - ചന്ദനത്തിൽ പ്രിയമുള്ളവർ
294. ചോദയിത്രീ - പ്രചോദനം നൽകുന്നവൾ
295. ചിരപ്രജ്ഞാ - സനാതന വിദ്യാ സ്വരൂപിണി
296. ചാതകാ - ചാതകപ്പക്ഷിയെപ്പോലെ സ്ഥിര നിഷ്ഠയുള്ളവൾ
297. ചാരു ഹേതുകീ - ജഗദ് സൃഷ്ടിക്ക് ഹേതുവായവൾ
298.ഛത്രയാതാ- ഉപാസകരുടെ വെൺകൊറ്റക്കുടക്കീഴിൽ നീങ്ങുന്നവൾ
299. ഛത്ര ധരാ - ഛത്രം ധരിച്ചവൾ
300. ഛായാ - ഛായാ സ്വരൂപിണി.
301. ഛന്ദഃപരിഛദാ - വേദത്തിലൂടെ മനസ്സിലാക്കപ്പെടുന്നവൾ
302. ഛായാദേവി - നിഴലിന്റെ അധിഷ്ഠാധൃദേവത
303. ഛിദ്ര നഖാ- വൃത്തിയായി വെട്ടി നിർത്തിയ നഖത്തോടുകൂടിയവൾ
304. ഛനേന്ദ്രിയ വിസർപ്പിണീ - ഇന്ദ്രിയ ജയം നേടിയ യോഗികളിലേക്ക് ചെല്ലുന്നവൾ
305. ഛന്ദോനുഷ്ടുപ് പ്രതിഷ്ഠാന്താ- അനുഷ്ടുപ് ഛന്ദസ്സുകൾ ചേർന്ന മന്ത്രങ്ങളാൽ പ്രസിദ്ധ
306. ഛിദ്രോപദ്രവഭേദിനീ - ഛിദ്രോപദ്രവങ്ങളെ നശിപ്പിക്കുന്നവൾ
307. ഛേദാ - പാപനാശിനി
308. ഛത്രേശീ - ലോകരക്ഷണ കർമ്മത്തിൽ ഏകഛത്രയായവൾ
309. ഛിന്നാ- ഛിന്നമസ്ത എന്ന ദേവി
310. ഛുരികാ- ഛുരികാ ശാസ്ത്രം ജയിച്ചവൾ
311. ഛേദനപ്രിയാ - ദൈത്യ നിർമ്മാർജ്ജനത്തിൽ പ്രിയമുള്ളവൾ
312. ജനനീ - ജഗത്തിന്റെ മാതാവായവൾ
313. ജന്മരഹിതാ - ജന്‍മില്ലാത്തവൾ
314. ജാതവേദാ- അഗ്നി സ്വരൂപിണി
315. ജഗന്മയീ - ജഗദ്രൂപത്തിൽ പ്രകടമായവൾ
316. ജാഹ്നവീ- ജഹ്നു പുത്രിയായ ഗംഗ
317. ജടിലാ - സാധാരണക്കാർക്ക് സ്വ രഹസ്യം മനസ്സിലാകാൻ അരുതാത്തവൾ
318. ജേത്രീ - എല്ലായിടത്തും വിജയിയായവൾ
319. ജരാമരണവർജിതാ - ജരാമരണങ്ങൾ ഇല്ലാത്തവൾ
320. ജംബുദ്വീപവതി - ജംബു ദ്വീപിന്റെ സ്വാമിനി.
321. ജ്വാലാ -ജ്വാലാ ദേവി
322. ജയന്തീ - എപ്പോഴും ജയിക്കുന്നവൾ
323. ജലശാലിനീ - ലോകത്തിന് ജലമേകുന്ന ശതാക്ഷീദേവി.
324. ജിതേന്ദ്രിയാ - ഇന്ദ്രിയങ്ങളെ ജയിച്ചവൾ
325. ജിതക്രോധാ- ക്രോധത്തെ ജയിച്ചവൾ
326. ജിതാമിത്രാ - ശത്രുക്കളെ വെന്നവൾ
327. ജഗത്പ്രിയാ - ജഗത്തിന് പ്രിയയായവൾ
328. ജാതരൂപമയി- സുവർണത്തയായവൾ
329. ജിഹ്വാ- പ്രാണികളിൽ നാവായി വർത്തിക്കുന്നവൾ
330. ജാനകീ - ജനകപുത്രിയായി ജനിച്ചവൾ
331. ജഗതീ - ജഗത്തിന്റെ രൂപമുള്ളവൾ
332. ജരാ - വൃദ്ധ രൂപം ധരിക്കുന്നവൾ
333. ജനിത്രീ- ജനനം നൽകുന്നവൾ
334. ജഹ്നുതനയാ - ജഹ്നു പുത്രി
335. ജഗത്ത്രയഹിതൈഷിണീ - മൂന്നു ലോകത്തിനും എതം ചെയ്യുന്നവൾ
336. ജ്വാലാമുഖീ- ജ്വാലാമുഖിയെന്ന പർവ്വത സ്വരൂപ
337. ജപവതീ- സദാ ബ്രഹ്മ ജപം ചെയ്യുന്നവൾ
338. ജ്വരഘ്നീ - ജ്വരങ്ങളെ ഇല്ലാതാക്കുന്നവൾ
339. ജിത വിഷ്ടപാ - അഖിലജഗത്തെയും വെന്നവൾ
340. ജിതാ ക്രാന്തമയീ - സ്വപ്രഭാവം കൊണ്ട് സകലരെയും വിജയിച്ചവൾ
341. ജ്വാലാ - തേജ: സ്വരൂപിണി.
342. ജാഗ്രതീ- സദാ ഉണർന്നിരിക്കുന്നവൾ
343. ജ്വര ദേവതാ - ജ്വരങ്ങൾക്ക് അധിഷ്ഠാധൃ ദേവത
344. ജ്വലന്തീ- സദാ പ്രകാശിക്കുന്നവൾ
345. ജലദാ - മേഘത്തിൽ നിന്നും ജലം വർഷിക്കുന്നവൾ
346. ജ്യേഷ്ഠാ - അത്യാദരണീയ
347. ജ്യാഘോഷാസ്ഫോടദിങ്മുഖീ- ജ്യാഘോഷരവം കൊണ്ട് ദിഗന്തങ്ങൾ  നിറക്കുന്നവൾ
348. ജംഭിനീ - ദൈത്യരെ കടിച്ചു ചവയ്ക്കുന്നവൾ
349. ജൃംഭണാ - കോട്ടുവായിടുന്നവൾ
350. ജൃംഭാ- ജൃംഭാ സ്വരൂപിണി
351. ജ്വലന്മാണിക്യ കുണ്ഡലാ - തിളങ്ങുന്ന മാണിക്യ കണ്ഡലമണിഞ്ഞവൾ
352. ഝിംഝികാ - ചീവിടിന്റെ ശബ്ദം സദാ മുഴക്കുന്നവൾ
353. ഝണ നിർഘോഷാ കങ്കണ ഝിംകണം മുഴക്കുന്നവൾ
354. ഝംഝാമാരുതവേഗിനി - കൊടുങ്കാറ്റിന്റെ വേഗതയുള്ളവൾ
355. ഝല്ലരീവാദ്യ കുശലാ- ഡോലക് വാദ്യം മുഴക്കുന്നവൾ
356. ഞ രൂപാ - വൃക്ഷ രൂപാ
357. ഞ ഭുജാ- ശുകം തോളത്തു വച്ചവൾ
358. ടങ്കബാണസ്മായുക്താ - മഴുവും വില്ലും ധരിച്ചവൾ
359. ടങ്കിനീ - വില്ലിന്റെ ടങ്കാ നാദം മുഴക്കുന്നവൾ
360. ടങ്ക ഭേദിനീ - ശത്രുക്കളുടെ വില്ലൊച്ചയെ ഭേദിക്കുന്നവൾ
361. ടങ്കീഗണ കൃതാഘോഷാ- ശിവഭൂതഗണങ്ങളെപ്പോലെ ശബ്ദമുണ്ടാക്കുന്നവർ
362. ടങ്കനീയ മഹോരസാ - വർണ്ണനീയമായ മാറിടത്തോടുകൂടിയവൾ
363. ടങ്കാര കാരിണീ ദേവീ- ടങ്കാരശബ്ദം മുഴക്കുന്ന ദേവിമാരുടെ സ്വാമിനി
364. ഠം ശബ്ദ നിനാദിനീ - ഠംഠം ശബ്ദം കൊണ്ട് ശത്രുക്കളെ പേടിപ്പിക്കുന്നവൾ
365. ഡാമരീ - തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാതൃദേവത
366. ഡാകിനീ - ഡാകിനീ ദേവതാ സ്വരൂപ
367. ഡിംഭാ- ബാല രൂപ
368. ഡും ഡുമാരൈക നിർജിതാ - ഡും ഡുമാരനെന്ന രാക്ഷസനെ ഒറ്റയ്ക്ക് വെന്നവൾ
369. ഡാമരീ തന്ത്രമാർഗ്ഗസ്ഥാ - ഡാമരതന്ത്രത്തിൽ സ്ഥിതി ചെയ്യുന്നവൾ
370. ഡമഡ്ഡമരുനാദിനീ - ഡമഡമ ശബ്ദത്തിൽ ഡമരു വായിക്കുന്നവൾ
371. ഡിണ്ഡീരവസഹാ- ഡിണ്ഡി വാദ്യത്തിന്റെ നാദം വഹിക്കുന്നവൾ
372. ഡിംഭലസത് ക്രീഡാ പരായണാ - കുട്ടികളോടൊപ്പം അമ്മയെന്ന പോലെ കളിക്കുന്നതിൽ തൽപര
373. ഢുണ്ഢീ വിഘ്നേശജനനി- ഢുണ്ഢി വിഘ്നേശ്വരന്റെ ജനനി
374. ഢക്കാ ഹസ്താ- ഢക്കാ വാദ്യം കൈയിൽ പിടിയച്ചവൾ
375. ഢിലി വ്രജാ - ഢിലി എന്ന പേരുള്ള ഗണങ്ങളോടുകൂടിയവൾ
376. നിത്യജ്ഞാനാ - നിത്യജ്ഞാനസ്വരൂപ
377. നിരുപമാ - ഉപമിക്കാനരുതാത്തവൾ
378. നിർഗുണാ- ഗുണാതീതയായവൾ
379. നർമദാ- നർമദാ നദീ രൂപിണി
380. നദീ-നദീ രൂപ
381. ത്രിഗുണാ- ത്രിഗുണങ്ങളിൽ ആവിർഭവിക്കുന്നവൾ
382. ത്രിപദാ - മൂന്നു പാദങ്ങൾ കൂടിയവൾ
383. തന്ത്രീ - തന്ത്രശാസ്ത്ര സ്വരൂപിണി
384. തുളസീ തരുണാതരൂ - തുളസി ച്ചെടികളുടെ മദ്ധ്യേ വിളങ്ങുന്ന തുളസീ സ്വരൂപ
385. ത്രിവിക്രമ പദാക്രാന്താ - വാമനന്റെ പദം തൊട്ട ഭൂമി സ്വരൂപ
386. തുരീയ പദഗാമിനി - തുരീയാവസ്ഥയിലേയ്ക്ക് നയിക്കുന്നവൾ
387. തരുണാദിത്യ സങ്കാശാ- ബാലാർക്കനെപ്പോലെ തിളങ്ങുന്നവൾ
388. താമസീ- രാക്ഷസ വധത്തിനായി താമസരൂപം കൈക്കൊള്ളുന്നവൾ
389. തുഹിനാ - ചന്ദ്രന്റെ പോലെ കിരണങ്ങൾ ഉള്ളവൾ
390. തുരാ - ശീഘ്ര സഞ്ചാരിണി
391. ത്രികാലജ്ഞാന സമ്പന്നാ- മൂന്നു കാലങ്ങളെയും കുറിച്ച് വിജ്ഞാനമുള്ളവൾ
392. ത്രിവേണീ-ഗംഗാ യമുനാ സരസ്വതീ രൂപ
393. ത്രിലോചനാ- മൂന്നു കണ്ണുകൾ ഉള്ളവൾ
394. ത്രിശക്തി - മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി (ഇച്ഛാ ശക്തി, ക്രിയാ ശക്തി, ജ്ഞാനശക്തി) സ്വരൂപ
395. ത്രിപുരാ- ത്രിപുരാദേവീ സ്വരൂപ
396. തുങ്ഗാ - ശ്രേഷ്ഠ വിഗ്രഹ സ്വരൂപിണി
397. തുരങ്ഗവദനാ - ഹയഗ്രീവാവതാരത്തിൽ ശക്തിസ്വരൂപയായി വർത്തിച്ചവൾ
398. തിമിങ്ഗിലഗിലാ - തിമിംഗലങ്ങളെ ഉദരത്തിൽ പേറുന്നവൾ
399. തീവ്രാ - അത്യന്തം ചഞ്ചല
400. ത്രിസ്രോതാ - മൂന്ന് പ്രവാഹത്തോടുകൂടിയവൾ
401. താമസാദിനീ - അജ്ഞാന തമസ്സിനെ ഭക്ഷിക്കുന്നവൾ
402. തന്ത്രമന്ത്രവിശേഷജ്ഞാ- തന്ത്രമന്ത്രങ്ങളുടെ പൊരുളറിഞ്ഞവൾ
403. തനുമദ്ധ്യാ- പ്രാണികളുടെ ഹൃദയത്തിൽ കുടികൊള്ളുന്നവൾ
404. ത്രിവിഷ്ടപാ- സ്വർഗ്ഗലോക സ്വരൂപ
405. ത്രിസന്ധ്യാ - മൂന്നു സന്ധ്യകളിലും ആരാധ്യയായവൾ
406. ത്രിസ്തനീ- മലയധ്വജന്റെ മകളായ ത്രിസ്തനിയായി പിറന്നവൾ
407. തോഷാ സംസ്ഥാ - സദാ സന്തുഷ്ടയായവൾ
408. താലപ്രതാപിനീ- താളശബ്ദത്താൽ ശത്രുക്കൾക്ക് ഭീതിയുണ്ടാക്കുന്നവൾ
409. താടങ്കിനീ - വില്ലിന്റെ ടങ്കാരം മുഴക്കുന്നവൾ
410. തുഷാരാഭാ- മഞ്ഞിന്റെ ശുഭ്ര ശോഭയുള്ളവൾ
411. തുഹിനാചലവാസിനീ - ഹിമാലയത്തിൽ വസിക്കുന്നവൾ
412.തന്തുജാല സമായുക്താ- സ്വന്തം തന്തുജാലത്തോടെ എല്ലാടവും നിറഞ്ഞവൾ
413. താരഹാരാവലിപ്രിയാ - താരഹാരമണിയുന്നതിൽ പ്രിയമുള്ളവൾ
414. തിലഹോമ പ്രിയാ - തലഹോമത്തിൽ പ്രീതിയുള്ളവൾ
415. തീർത്ഥാ - തീർത്ഥ സ്വരൂപിണി
416. തമാലകുസുമാകൃതി: - തമാല പുഷ്പത്തിന്റെ ആകൃതിയോടുകൂടിയവൾ
417. താരകാ - ഭക്തരെ തരണം ചെയ്യിക്കുന്നവൾ
418. ത്രിയുതാ- ത്രിഗുണ സംയുത
419. തന്വീ - സൂക്ഷ്മ ശരീരമായി ശോഭിക്കുന്നവൾ
420. ത്രിശങ്കു പരിവാരിതാ - ത്രിശങ്കു രാജാവിനാൽ ഉപാസിക്കപ്പെട്ടവൾ
421. തലോദരീ- പൃഥ്വി ഉദരത്തിലിരുന്ന് ശോഭിക്കുന്നവൾ
422. തിലാഭൂഷാ- തില പുഷ്പത്തിന്റെ കാന്തിയുള്ളവൾ
423. താടങ്ക പ്രിയവാഹിനി - കാതിൽ തോടയണിയുന്നതിൽ പ്രിയമുള്ളവൾ
424. ത്രിജടാ - മുടിയിൽ  മൂന്ന് ജടകൾ ഉള്ളവൾ
425. തിത്തിരീ- തിത്തി ശബ്ദം അവ്യക്തമായി പുറപ്പെടുവിക്കുന്നവൾ
426. തൃഷ്ണാ - തൃഷ്ണാ രൂപത്തിൽ വിരാജിക്കുന്നവൾ
427. ത്രിവിധാ- മൂന്നു വിധത്തിൽ രൂപധാരണം ചെയ്യുന്നവൾ
428. തപ്തകാഞ്ചനസങ്കാശാ- ഉരുക്കിയ സ്വർണ്ണത്തിന്റെ ശോഭയുള്ളവൾ
429. തപ്ത കാഞ്ചന ഭൂഷണാ - ഉരുക്കിയ സ്വർണ്ണത്തിന്റെ ആഭരണങ്ങൾ ധരിച്ചവൾ
430. ത്രൈയംബകാ - മൂന്നു ലോകത്തിലും മാതാവായിരിക്കുന്നവൾ
431. ത്രിവർഗാ - ധർമ്മാർത്ഥകാമ സ്വരൂപമാർന്നവൾ
432. ത്രികാലജ്ഞാനദായിനീ - ത്രികാലജ്ഞാനമേകുന്നവൾ
433. തർപ്പണാ - തർപ്പണ സ്വരൂപ
434. തൃപ്തിദാ - സകലർക്കും പ്രീതിയേകുന്നവൾ
435. താമസീ- താമസരൂപം ധരിച്ചവർ
436. തുംബുരു സ്തുതാ - തുംബുരുവെന്ന ഗന്ധർവ്വനാൽ സ്തുതിക്കപ്പെട്ടവൾ
437.താർക്ഷ്യസ്ഥാ - ഗരുഡന്റെ മുകളിലിരിക്കുന്നവൾ
438. ത്രിഗുണാകാരാ- ത്രിഗുണ സ്വരൂപയായവൾ
439. ത്രിഭംഗീ- സ്ഥാനത്രയത്തിൽ വക്രതയുള്ളവൾ
440. തനുവല്ലരീ: - ലത പോലെ ലോലമായ തനുവുള്ളവൾ
441. ഥാത്കാരീ - ഥാത് എന്ന ശബ്ദം പുറപ്പെടുവിക്കുന്നവൾ
442. ഥാരവാ- ഭയപ്പെടുത്തുന്ന ഥാരവം പുറപ്പെടുവിക്കുന്നവൾ
443. ഥാന്താ- മംഗളമൂർത്തി
444. ദോഹിനി - കാമധേനുസ്വരൂപ
445. ദീനവത്സലാ - ദീനന്മാരിൽ വാത്സല്യമുള്ളവൾ
446. ദാനവാന്തകരീ- ദാനവരെ നശിപ്പിക്കുന്നവൾ
447. ദുർഗാ - സങ്കടഹാരിണി
448. ദുർഗാസുരനിബർഹിണീ - ദുർഗാസുരനെ നിഹനിച്ചവൾ
449. ദേവരീതി: - ദിവ്യ മാർഗ്ഗസമ്പന്ന
450. ദിവാ രാത്രി:- ദിനരാത്രങ്ങളുടെ ദേവത
451. ദ്രൗപദീ - ദ്രൗപദീ രൂപമാർന്നവൾ
452. ദുന്ദുഭിസ്വനാ- ദുന്ദുഭി സ്വരം കേൾപ്പിക്കുന്നവൾ
453. ദേവയാനീ- ശുക്രാചാര്യപുത്രി
454. ദുരാവാസാ - ദുർഗമമായ വാസസ്ഥലമുള്ളവൾ
455. ദാരിദ്ര്യോദ്ഭേദിനീ - ദാരിദ്ര്യം ഇല്ലാതാക്കുന്നവൾ
456. ദിവാ - സ്വർഗ്ഗസ്വരൂപ
457. ദാമോദരപ്രിയാ - വിഷ്ണുപ്രിയ
458. ദീപ്താ- അത്യന്തം ദീപ്തിയുള്ളവൾ
459. ദിഗ് വാസാ - ദിക്ക് വസനമായുള്ളവൾ
460. ദിഗ്വിമോഹിനീ - സകല ദിക്കുകളെയും മോഹിപ്പിക്കുന്നവൾ
461. ദണ്ഡകാരണ്യനിലയാ - ദണ്ഡകാരണ്യ വാസിനി.
462. ദണ്ഡിനീ - കൈയിൽ ദണ്ഡ് ധരിച്ചവൾ
463. ദേവപൂജിതാ - ദേവൻമാരാൽ പൂജിക്കപ്പെടുന്നവൾ
464. ദേവ വന്ദ്യാ - ദേവൻമാരാൽ വന്ദിക്കപ്പെടുന്നവൾ
465. ദിവിഷദാ - സദാ സ്വർഗ്ഗത്തിൽ വസിക്കുന്നവർ
466. ദ്വേഷിണി-രാക്ഷസൻമാരെ ദ്വേഷിക്കുന്നവൾ
467. ദാനവാകൃതീ - ദാനവർക്ക് മുന്നിൽ അവരുടെ ആകൃതിയെടുക്കുന്നവൾ
468. ദീനാനാഥ സ്തുതാ - ദീനജനനാഥനായ ഭഗവാനാൽ സ്തുതിക്കപ്പെടുന്നവൾ
469. ദീക്ഷാ - ദീക്ഷാ സ്വരൂപിണി
470. ദൈവതാദിസ്വരൂപിണി- ദേവതകളുടെ ആദിസ്വരൂപ
471. ധാത്രീ - ജഗത്തിനെ ധരിക്കുന്നവൻ
472. ധനുർധരാ - ധനുസ്സ് കൈയ്യിലുള്ളവർ
473. ധേനു:- കാമധേനുസ്വരൂപ
474. ധാരിണീ - ജഗത്തിനെ ധരിച്ചവൾ
475. ധർമ്മചാരിണീ - ധർമ്മം യഥാവിധി ആചരിക്കുന്നവൾ
476. ധരംധരാ - അഖിലജഗത്തിന്റെയും ഭാരം ധരിക്കുന്നവർ
477. ധരാധരാ - ഭൂമിയെ ധരിക്കുന്നവർ
478. ധനദാ - ധനം നൽകുന്നവർ
479. ധാന്യദോഹിനീ - ധാന്യം ഉത്പാദിപ്പിക്കുന്നവൾ
480. ധർമ്മശീലാ - ധർമ്മത്തെ പാലിക്കുന്നവൾ
481. ധനാദ്ധ്യക്ഷാ - ധനത്തിന്റെ ഉടമയായവൾ
482. ധനുർവേദ വിശാരദാ - ധനുർവേദ രഹസ്യം നന്നായറിഞ്ഞവൾ
483. ധൃതി: - ധാരണാശക്തിസ്വരൂപിണി
484. ധന്യാ - സദാ ധന്യയായവൾ
485. ധൃതപദാ - ഉന്നത സ്ഥാനത്ത് പദമൂന്നിയവൾ
486. ധർമ്മരാജപ്രിയാ - ധർമ്മരാജാവിന് പ്രിയയായവൾ
487. ധ്രുവാ- സ്വനിശ്ചയത്തിൽ അടിയുറച്ചവൾ
488. ധൂമാവതീ- ധൂയാവിതിയെന്നു പ്രഖ്യാതയായ ദേവി.
489. ധൂമകേശീ - ധൂമ തുല്യമായ മുടിയുള്ളവർ
490. ധർമ്മശാസ്ത്ര പ്രകാശിനീ - ധർമ്മശാസ്ത്രത്തെ പ്രകാശിപ്പിക്കുന്നവൾ
491. നന്ദാ - ആനന്ദസ്വരൂപിണാ.
492. നന്ദ പ്രിയാ - നന്ദപത്നി യശോദയായി പ്രശോഭിക്കുന്നവൾ
493. നിദ്രാ - യോഗനിദ്രാ സ്വരൂപിണി
494. നൃനുതാ- സകല ജനങ്ങളും നമിക്കുന്നവൾ
495. നന്ദാത്മികാ - നന്ദപുത്രിയായി ശോഭിക്കുന്നവൾ
496. നർമദാ- നർമദാ നദീ സ്വരൂപിണി.
497. നളിനി - താമരയുടെ ആകൃതിയുള്ളവൾ
498. നീലാ- നീലനിറമാണ്ടവൾ
499. നീലകണ്ഠസമാശ്രയാ - നീലകണ്ഠനായ മഹാദേവനെ ആശ്രയിക്കുന്നവൾ
500. നാരായണപ്രിയാ - ഭഗവാൻ നാരായണന് പ്രിയയായവൾ.
501. നിത്യാ- നിത്യസ്വരൂപിണി
502. നിർമലാ- നിർമ്മലശരീരമുള്ളവൾ
503. നിർഗുണാ - ത്രിഗുണാതീത
504. നിധി: സമ്പത്സ്വരൂപിണി
505. നിരാധാരാ - ആരേയും ആശ്രയിക്കേണ്ടാത്തവൾ
506. നിരുപമാ- അതുല്യയായവൾ
507.നിത്യശുദ്ധാ- പരമപവിത്രയായവൾ
508. നിരഞ്ജനാ- മായാരഹിത
509. നാദബിന്ദുകലാതീത - നാദം, ബിന്ദു, കല എന്നിവയ്ക്കെല്ലാം അതീത
510. നാദബിന്ദുകലാത്മികാ - നാദബിന്ദു കലാസ്വരൂപിണി
511. നൃസിംഹിനി - നരസിംഹസ്വരൂപ
512.നഗധരാ - പർവ്വതങ്ങളെ വഹിക്കുന്നവൾ
513. നൃപനാഗവിഭൂഷിതാ- നാഗരാജാവിനെ മാലയാക്കിയണിഞ്ഞവൾ
514. നരകക്ലേശ നാശിനീ - നരകക്ലേശത്തെ ഇല്ലാതാക്കുന്നവൾ
515. നാരായണ ദോദ്ഭവാ- നാരായണപദത്തിൽ നിന്നും ഉത്ഭവിച്ച ഗംഗാസ്വരൂപിണി
516.നിരവദ്യാ- നിർദ്ദോഷ രൂപ
517. നിരാകാരാ- ആകാരമില്ലാത്തവൾ
518. നാരദ പ്രിയ കാരിണി - നാരദന് പ്രിയം ചെയ്യുന്നവൾ
519. നാനാ ജ്യോതി: സമാഖ്യാതാ- നാനാ ജ്യോതിസ്വരൂപത്തിൽ അറിയപ്പെടുന്നവൾ
520. നിധി ദാ- സമ്പത്തു നൽകുന്നവൾ
521. നിർമലാത്മികാ - ശുദ്ധസ്വരൂപിണി
522. നവസൂത്രധരാ - പുതു യജ്ഞസൂത്രമണിഞ്ഞവൾ
523. നീതി: നീതി സ്വരൂപിണി.
524. നിരുപദ്രവകാരിണി - എല്ലാ ഉപദ്രവങ്ങളെയും ശാന്തമാക്കുന്നവൾ
525. നന്ദജാ - നന്ദപുത്രി
526. നവരത്നാഢ്യാ- നവരത്നങ്ങൾക്കുsമയായവൾ
527. നൈമിഷാരണ്യവാസിനി - നൈമിഷാരണ്യം വസതിയാക്കിയവർ
528. നവനീതപ്രിയാ - പുതു വെണ്ണയിൽ പ്രിയമുള്ളവൾ
529.നാരീ- നാരീ രൂപത്തിൽ ശോഭിക്കുന്നവൾ
530. നീലജീമൂതനി:സ്വനാ- നീലമേഘത്തേപ്പോലെ ഗർജിക്കുന്നവൾ
531. നിമേഷിണീ -നിമേഷസ്വരൂപിണി
532. നദീ രൂപാ - നദീരൂപത്തിൽ പ്രശോഭിക്കുന്നവൾ
533. നീലഗ്രീവാ - കഴുത്തിൽ നീല നിറമുള്ളവൾ
534. നിശീശ്വരീ- രാത്രിയുടെ ദേവത
535. നാമാവലി: - അനേകനാമങ്ങൾക്കുടമ
536. നിശുംഭഘ്നീ - നിശുംഭനെ  നിഗ്രഹിച്ചവൾ
537. നാഗലോക നിവാസിനീ - നാഗലോകത്ത് വസിക്കുന്നവൾ
538.നവജാംബു നദപ്രഖ്യാ-പുതു സ്വർണ്ണത്തിളക്കമുള്ളവൾ
539. നാഗ ലോകാധിദേവതാ - പാതാള ലോകത്തിന്റെ അധിദേവത
540. നൂപുരാക്രാന്തചരണാ- കാലിൽ ചേതോഹരമായ നൂപുരമിട്ടവൾ
541 നരചിത്ത പ്രമോദിനീ - മനുഷ്യ മനസ്സിനെ ആനന്ദിപ്പിക്കുന്നവർ
542. നിമഗ്നാരക്തനയനാ- ചുവന്നു തുടുത്ത കണ്ണുകളോടുകൂടിയവൾ
543. നിർഘാതസമനിസ്വനാ- ഇടിമുഴക്കം പോലെ ശബ്ദിക്കുന്നവൾ
544. നന്ദനോദ്യാനനിലയാ - നന്ദനോദ്യാനത്തിൽ വിഹരിക്കുന്നവർ
545. നിർവ്യൂഹോപരിചാരിണീ - ഒറ്റയ്ക്ക് ആകാശഗമനംചെയ്യുന്നവൾ
546. പാർവതി - പാർവതിയെന്ന പേരിൽ പ്രശസ്തയായ ദേവി
547. പരമോദാരാ - അത്യന്തം ഉദാരശീലയായവർ
548. പരബ്രഹ്മാത്മികാ - പരബ്രഹ്മസ്വരൂപിണി.
549. പരാ- പരാവിദ്യയെന്ന് പുകൾപെറ്റവൾ.
550. പഞ്ചകോശ വിനിർമുക്താ- പഞ്ചകോശങ്ങൾക്ക് അതീതമായ ദിവ്യവിഗ്രഹ സ്വരൂപ
551. പഞ്ചപാതക നാശിനീ - പഞ്ചപാതക പാപങ്ങളെയും നശിപ്പിക്കുന്നവൾ
552. പരചിത്തവിധാനജ്ഞാ- അന്യരുടെ ചിത്തവൃത്തികൾ അറിയുന്നവൾ
553. പഞ്ചികാ - പഞ്ചികാദേവിയെന്നു പ്രസിദ്ധയായവൾ
554. പഞ്ച രൂപിണീ - പ്രപഞ്ച സ്വരൂപിണി.
555. പൂർണ്ണിമാ- സമ്പൂർണ്ണ കലകൾ ഒന്നു ചേർന്നവൾ
556. പരമാ- ഏറ്റവും ശ്രേഷ്ഠയായവൾ
557. പ്രീതി:- പ്രീതി സ്വരൂപിണി.
558. പരതേജ:- പരമതേജസ്സിനുടമയായവൾ
559. പ്രകാശിനീ - എല്ലാടവും പ്രകാശം പരത്തുന്നവൾ
560. പുരാണീ - സനാതനയായവൾ
561. പൗരുഷീ - പരമപുരുഷനുമായി ചേർന്നിരിക്കുന്നവൾ
562. പുണ്യാ- പുണ്യമയരൂപിണി
563. പുണ്ഡരീകനിഭേഷണാ- താമരദളം പോലുള്ള കണ്ണകളുള്ളവൾ
564. പാതാളതല നിർമഗ്നാ - പാതാളത്തിൽ പ്രവേശിക്കാൻ കഴിയുന്നവൾ
565. പ്രീതാ -  പ്രീതി സ്വരൂപ
566. പ്രീതിവർദ്ധിനീ - സദാ പ്രീതിയെ വർദ്ധിപ്പിക്കുന്നവൾ
567. പാവനീ - പരിശുദ്ധയാക്കുന്നവൾ
568. പാദസഹിതാ - കിരണങ്ങൾ ഉള്ളവൾ
569. പേശലാ- അതിസുന്ദരരൂപ
570. പവനാശിനീ - വായുവിനെ ആഹരിക്കുന്നവൾ
571. പ്രജാപതി:- പ്രജാരക്ഷണത്തിൽ താൽപ്പര്യമുള്ളവൾ
572. പരിശ്രാന്താ- ഭക്തരക്ഷ ചെയ്യുന്നതിൽ ജാഗരൂകയായവൾ
573 പർവതസ്തനമണ്ഡലാ - വിശാലസ്തനങ്ങളാൽ സുശോഭിത
574. പത്മപ്രിയാ - താമരപ്പൂവിനോട് പ്രിയ മുള്ളവൾ
575.പത്മ സംസ്ഥാ - കമലാസനത്തിൽ വിരാജിത.
576.പത്മാക്ഷീ - താമരക്കണ്ണുകൾ ഉള്ളവൾ
577. പത്മ സംഭവാ - പത്മത്തിലുദിച്ചു വന്നവൾ
578.പത്മ പത്രാ - പത്മപത്രമെന്നപോൽ ഒന്നിലും ഒട്ടാത്തവൾ
579.പത്മപദാ - താമരപ്പാദമുള്ളവൾ
580.പത്മിനീ - കൈയ്യിൽ താമരയേന്തിയവൾ
581. പ്രിയഭാഷിണി- പ്രിയ ഭാഷണം ചെയ്യുന്നവൾ
582. പശുപാശവിനിർമുക്താ- സംസാരത്തിൽ നിന്നും മുക്തി നൽകുന്നവൾ
583. പുരന്ധ്രീ - ഗൃഹിണിയെപ്പോലെ വർത്തിക്കുന്നവൾ
584. പുരവാസിനീ - നഗരവാസിനി.
585. പുഷ്കലാ-സർവ്വോൽക്കൃഷ്ട
586. പുരുഷാ-പരമപുരുഷാർത്ഥ സ്വരൂപ
587. പർവാ - പുണ്യസമയം
588. പാരിജാതസുമപ്രിയാ - പാരിജാത പുഷ്പം പ്രിയമായവൾ
589. പതിവ്രതാ- പാതിവ്രത്യം പാലിക്കുന്നവൾ
590. പവിത്രാംഗീ - പരിശുദ്ധമായ അംഗങ്ങളുള്ളവൾ
591. പുഷ്പഹാസപരായണാ - വിടർന്ന പൂപോലെ പുഞ്ചിരിക്കുന്നവൾ
592. പ്രജാവതീ സുതാ- പ്രജാവതിയുടെ പുത്രിയായവൾ
593. പൗത്രീ - പൗത്രീ രൂപത്തിൽ വിരാജിക്കുന്നവൾ
594. പുത്ര പൂജ്യാ- പുത്രന്മാരാൽ പൂജിതയായവൾ
595. പയസ്വിനീ - അമൃതമയമായ ജലം നൽകുന്നവൾ - നദി
596. പട്ടിപാശധരാ - പട്ടിശവും പാശവും ധരിച്ചവൾ
597. പംക്തി - ശ്രേണിയിൽ ഉള്ളവൾ
598.. പിതൃ ലോകപ്രദായിനീ - പിതൃലോകത്തിലേക്ക് കൊണ്ടു പോകുന്നവൾ
599. പുരാണീ - സനാതനിയായവൾ
600. പുണ്യ ശീലാ - പവിത്രാചാരങ്ങൾ ശീലിക്കുന്നവൾ
601. പ്രണതാർത്തി വിനാശിനി - പ്രണമിക്കുന്നവരുടെ ദു:ഖം തീർക്കുന്നവൾ
602. പ്രദ്യുമ്ന ജനനി- പ്രദ്യുമ്നന്റെ മാതാവ്
603. പുഷ്ടാ - പുഷ്ടി സ്വരൂപിണി
604. പിതാമഹ പരിഗ്രഹാ- പിതാമഹന്റെ ഭാര്യ
605. പുണ്ഡരീക പുരാവാസാ -ചിദംബരത്ത് വസിക്കുന്നവൾ
606. പുണ്ഡരീക സമാനനാ- താമരപ്പൂവിനൊത്ത മുഖമുള്ളവൾ
607. പൃഥുജംഘാ- തടിച്ച അരക്കെട്ടുള്ളവൾ
608. പൃഥുഭുജാ- ദീർഘങ്ങളായ കൈകളുള്ളവൾ
609. പൃഥു പാദാ - വലിയ പാദങ്ങളുള്ളവൾ
610. പൃഥൂദരി - തടിച്ച ഊരമുള്ളവൾ
611. പ്രവാളശോഭാ - പ്രവാളതുല്യമായ ശോഭയുള്ളവർ
612.പിങ്ഗാക്ഷീ - പിംഗലമായ കണ്ണുകളുളവൾ
613. പീതവാസാ: പീതാംബരമണിഞ്ഞവൾ
614. പ്രചാപലാ- അതി ചപലത്വമുള്ളവൾ
615. പ്രസവാ - അഖിലലോകത്തെയും പ്രസവിച്ചവൾ
616. പുഷ്ടിദാ- പുഷ്ടി ദാദാതാവായവൾ
617. പുണ്യാ- പുണ്യസ്വരൂപിണി
618. പ്രതിഷ്ഠാ - എല്ലാറ്റിനും അടിസ്ഥാനമായവൾ
619. പ്രണവാഗതി: - ഓംകാര സ്വരൂപ
620. പഞ്ചവർണ്ണാ- അഞ്ചു നിറങ്ങളുള്ളവൾ
621. പഞ്ചവാണീ- മധുരമായി മൊഴിയുന്നവൾ
622. പഞ്ചികാ - പഞ്ചികാ എന്ന പേരിൽ അറിയപ്പെടുന്നവൾ
623. പഞ്ജര സ്ഥിതാ - പ്രാണി ശരീരത്തിൽ കുടികൊള്ളുന്നവൾ
624. പരമായാ - പരമമായ മായാസ്വരൂപത്തിലുള്ളവൾ
625. പരജ്യോതി: - പരമമായ ജ്യോതിസ്വരൂപ
626. പര പ്രീതി: - പരമപ്രീതിമയി
627. പരാഗതി:- ആശ്രയസ്വരൂപ
628. പരാകാഷ്ഠാ - അത്യുൽക്കൃഷ്ട
629. പരേശാനീ - അന്യരെയെല്ലാം അനുശാസിക്കുന്നവൾ
630. പാവിനീ- അന്യരെ പവിത്രീകരിക്കുന്നവൾ
631. പാവകദ്യുതി- അഗ്നിയെപ്പോലെ പ്രശോഭിക്കുന്നവൾ
632. പുണ്യഭദ്രാ - പവിത്രീകരിക്കുന്നതിൽ നിപുണയായവൾ
633. പരിഛേദ്യാ - മറ്റുള്ളവരിൽ നിന്നെല്ലാം വിലക്ഷണ സ്വഭാവമുള്ളവൾ
634. പുഷ്പഹാസാ - പൂപ്പുഞ്ചിരി തൂകുന്നവൾ
635. പൃഥൂദരി - തടിച്ച വയറോടു കൂടിയവർ
636. പീതാംഗീ - മഞ്ഞ നിറമുള്ള അംഗങ്ങൾ ഉള്ളവൾ
637. പീതവസനാ- മഞ്ഞ വസ്ത്രമണിഞ്ഞവൾ
638. പീതശയ്യാ - മഞ്ഞ നിറമുള്ളമെത്തയിൽ ശയിക്കുന്നവൾ
639. പിശാചിനീ - പിശാചഗണം കൂടെയുള്ളവൾ
640.പീതക്രിയാ - മധുപാനം ചെയ്യുന്നവൾ
641. പിശചഘ്നീ - പിശാചുക്കളെ നശിപ്പിക്കുന്നവൾ
642. പാടലാക്ഷീ - പാടലപ്പൂക്കൾക്കു സമം മനോഹരമായ കണ്ണുകൾ ഉള്ളവൾ
643. പടുക്രിയാ - കാര്യങ്ങൾ നടത്തുന്നതിൽ പടുവായവൾ
644. പഞ്ചഭക്ഷപ്രിയാചാരാ - ഭോജ്യം, ഖാദ്യം, ചോഷ്യം, ലേഹ്യം, പേയം, എന്നിങ്ങിനെ അഞ്ചു തരം ഭക്ഷണങ്ങളിലും പ്രിയമുള്ളവൾ
645. പൂതനാപ്രാണഘാതിനി - പൂതനയുടെ ഘാതിനി
646. പുന്നാഗവന മദ്ധ്യസ്ഥാ - പുന്നാഗ വനത്തിൽ കുടികൊള്ളുന്നവൾ
647. പുണ്യതീർത്ഥ നിഷേവിതാ - പുണ്യതീർത്ഥങ്ങളിൽ വസിക്കുന്നവൾ
648. പഞ്ചാംഗീ - അഞ്ച് അംഗങ്ങളിലും പ്രശോഭിച്ചവൾ
649. പരാശക്തീ: - പരമാരാദ്ധ്യയായവൾ
650. പരമാഹ്ളാദകാരിണീ - പരമാനന്ദത്തെ പ്രദാനം ചെയ്യുന്നവൾ
651. പുഷ്പകാണ്ഡസ്ഥിതാ - പുഷ്പകേസരവാസിനി
652. പൂഷാ- സദാ പരിപുഷ്ടയായവൾ
653. പോഷിതാഖിലവിഷ്ടപാ- അഖില ലോകത്തെയും പോഷിപ്പിക്കുന്നവൾ
654. പാനപ്രിയാ - മധുപാനത്തിൽ പ്രിയമുള്ളവൾ
655. പഞ്ചശിഖാ - അഞ്ചു വേണിയോടുകൂടിയവൾ
656. പന്നഗോപരിശായിനി -സർപ്പം കിടക്കയാക്കിയവൾ
657. പഞ്ചമാത്രാത്മികാ - പഞ്ചമാത്രാസ്വരൂപ
658. പൃഥ്വീ - ഭൂമീ രൂപിണി
659. പഥികാ - മാർഗ്ഗദർശിനി
660. പൃഥുദോഹിനി - അനേകം വസ്തുക്കൾ കറന്നെടുക്കുന്നവൾ
661. പുരാണ ന്യായ മീമാംസാ - പുരാണ ന്യായ മീമാംസാ സ്വരൂപ
662. പാടലീ - പാടലീപുഷ്പം ചൂടിയവൾ
663. പുഷ്പഗന്ധിനീ - പുഷ്പഗന്ധം ഉതിർക്കുന്നവൾ
664. പുണ്യപ്രജാ - പുണ്യരൂപമായ പ്രജയുടെ മാതാവ്
665. പാരദാത്രീ - മറുകര കടത്തിവിടുന്നവൾ
666. പരമാർഗൈകഗോചരാ - ശ്രേഷ്ഠമാർഗ്ഗത്തിലൂടെ മാത്രം അറിയപ്പെടുന്നവർ
667.പ്രവാളശോഭാ - പ്രവാളത്തിന്റെ ശോഭയോടു കൂടിയവൾ
668. പൂർണ്ണാശാ- ആശകളെല്ലാം പൂർണ്ണമായവൾ
669. പ്രണവാ- ഓങ്കാര സ്വരൂപിണി.
670. പല്ലവോദരി - പൂന്തളിരൊക്കുന്ന ഉദരമുള്ളവൾ
671. ഫലിനീ - ഫലസ്വരൂപിണി
672. ഫലദാ - ഫലം നൽകുന്നവൾ
673 ഫല്ഗു:- ഫല്ഗുനദീ സ്വരൂപ.
674. ഫൂൽക്കാരീ - കോധാവേശത്തിൽ ഫൂൽക്കാരം ചെയ്യുന്നവൾ
675. ഫലകാകൃതി - അമ്പിന്റെ അറ്റം പോലെ ആകൃതിയുള്ളവൾ
676. ഫണീന്ദ്രഭോഗശയനാ- ശേഷ നാശത്തിനു മേൽശയിക്കുന്നവൾ
677. ഫണിമണ്ഡലമണ്ഡിതാ - ഫണി മണ്ഡലത്തിൽ തിളങ്ങുന്നവൾ
678.ബാലബാലാ- ബാലികമാരിൽ വെച്ച് ബാലയായവൾ
679. ബഹുമതാ- എല്ലാവരും ബഹുമാനിക്കുന്നവൾ
680. ബാലാതപനിഭാംകുശാ- ബാല സൂര്യനെപ്പോലെ സുശോഭിതമായ വസ്ത്രമണിഞ്ഞവൾ
681. ബലഭദ്ര പ്രിയാ - ബലഭദ്ര പ്രിയയായ രേവതീ സ്വരൂപ.
682. വന്ദ്യാ - ലോകം മുഴുവനും വന്ദിക്കുന്നവൾ
683. ബഡവാ - ബഡവാഗ്നിസ്വരൂപ
684. ബുദ്ധിസംസ്തുതാ - ബുദ്ധിയാൽ സ്തുതിക്കപ്പെടുന്നവൾ
685. ബന്ദീ ദേവി - ബന്ദീ ഗണങ്ങൾക്ക് ആരാധ്യയായവൾ
686. ബിലവതി - ഗുഹയിൽ വസിക്കുന്നവൾ
687. ബഡിശഘ്നി- കാപട്യം നശിപ്പിക്കുന്നവൾ
688. ബലി പ്രിയാ - ബലി കൊണ്ട് പ്രീതയാകുന്നവൾ
689. ബാന്ധവീ - സകലർക്കും ബന്ധുവായവൾ
690. ബോധിതാ - എല്ലാ ജ്ഞാനങ്ങൾക്കും ഉടമയായവൾ
691. ബുദ്ധി: - ബുദ്ധി സ്വരൂപിണി
692. ബന്ധൂകകുസുമപ്രിയാ - ചൈമ്പരത്തിപ്പൂവ് പ്രിയമായവൾ
693. ബാലഭാനുപ്രഭാകാരാ- ബാലാർക്കപ്രഭയുള്ളവൾ
694. ബ്രാഹ്മീ - ബ്രഹ്മാവിന്റെ ശക്തി സ്വരൂപ
695. ബ്രാഹ്മണ ദേവതാ - ബ്രാഹ്മണർക്കെല്ലാം പൂജ്യയായവൾ
696. ബൃഹസ്പതി സ്തുതാ - ബൃഹസ്പതിയാൽ കീർത്തിക്കപ്പെട്ടവൾ
697. വൃന്ദാ - വൃന്ദയെന്ന പേരിൽ അറിയപ്പെടുന്നവൾ
698. വൃന്ദാവന വിഹാരിണീ - വൃന്ദാവനത്തിൽ വിഹരിക്കുന്നവൾ
699. ബാലാകിനീ - ഇലഞ്ഞിമരത്തിൽ പ്രകടമാകുന്നവൾ
700. ബിലാഹാരാ- കർമ്മ ഛിദ്രത്തെ ഉറ്റുനോക്കുന്നവൾ
701. ബിലവാസാ - ഗുഹയിൽ വസിക്കുന്നവൾ
702. ബഹൂദകാ -നദീ സ്വരൂപിണി.
703. ബഹു നേത്രാ - അനേകം കണ്ണുകളോടുകൂടിയവൾ
704. ബഹുപാദാ - അനേകം പാദങ്ങളുള്ളവൾ
705. ബഹു കർണ്ണാവതംസികാ- അനേകംചെവികളിൽ പ്രശോഭിതയായവൾ
706. ബഹുബാഹുയുതാ- അനേകം കൈകളുള്ളവൾ
707. ബീജരൂപിണീ - ബീജരൂപത്തെ ധരിക്കുന്നവൾ
708. ബഹുരൂപിണീ - അനേകം രൂപത്തിൽ വിരാജിക്കുന്നവൾ
709. ബിന്ദു നാദകലാതീത - ബിന്ദു, നാദം, കല, എന്നിവയ്ക്ക് അതീതയായവൾ
710. ബിന്ദു നാദസ്വരൂപിണി- ബിന്ദു, നാദം, എന്നിവയുടെ രൂപത്തിൽ വർത്തിക്കുന്നവൾ
711. ബദ്ധ ഗോദാംഗുലി ത്രാണാ- കൈവിരലുകളിൽ തോലുറ ധരിച്ചവൾ
712. ബദര്യാശ്രമവാസിനീ - ബദര്യാശ്രമത്തിൽ വസിക്കുന്നവൾ
713. ബൃന്ദാരകാ- അതിസുന്ദരിയായവൾ
714. ബൃഹത് സ്കന്ധാ- ബൃഹത്തായ സ്കന്ധത്തോടുകൂടിയവൾ
715. ബൃഹതീ - ബൃഹതീ ഛന്ദസ്വരൂപിണി
716. ബാണപാതിനീ - ശത്രു ബാണങ്ങളെ ഛിന്നമാക്കുന്നവൾ
717. ബൃന്ദാദ്ധ്യക്ഷാ - ബൃന്ദ തുടങ്ങിയ സഖികളുടെ നേതാവായവൾ
718. ബഹുനുതാ- അനേകം പേരാൽ നമിക്കപ്പെടുന്നവൾ
719. വനിതാ - അതിസുന്ദരിയായവൾ
720. ബഹുവിക്രമാ- പരാക്രമശാലിനി.
721. ബദ്ധപത്മാസനാ സീനാ - ബദ്ധപത്മാസനത്തിൽ ഇരിക്കുന്നവൾ
722. ബില്വ പത്രതലസ്ഥിതാ - വില്വ വൃക്ഷത്തിന്റെ ഇലയിൽ കുടികൊള്ളുന്നവൾ
723. ബോധിദ്രുമനിജാവാസാ - ബോധി വൃക്ഷച്ചുവട് ആസ്ഥാനമാക്കിയവൾ
724. ബഡിസ്ഥാ- ശൂരൻമാരുടെ ശക്തി സ്വരൂപിണി
725. ബിന്ദു ദർപ്പണാ - മായയെ കണ്ണാടിയാക്കിയവൾ
726. ബാലാ- കന്യാരൂപത്തിൽ പ്രശോഭിക്കുന്നവൾ
727. ബാണാസനവതീ- കൈയിൽ വില്ലേന്തിയവൾ
728. ബഡവാനല വേഗിനീ - ബഡവാഗ്നിയ്ക്ക് തുല്യം വേഗതയുള്ളവൾ
729. ബ്രഹ്മാണ്ഡ ബഹിരന്ത:സ്ഥിതാ - ബ്രഹ്മാണ്ഡത്തിന് അകത്തും പുറത്തും സ്ഥിതി ചെയ്യുന്നവൾ
730. ബ്രഹ്മകങ്കണ സൂത്രിണീ - ബ്രഹ്മവിദ്യയെ പ്രചരിപ്പിക്കുന്നവൾ
731. ഭവാനീ- ശിവപത്നി
732. ഭീഷണവതീ- അസുരനൂഹത്തിനായി ഭീഷണരൂപം ധരിക്കുന്നവൾ
734. ഭയഹാരിണീ - ഭയം നശിപ്പിക്കുന്നവൾ
735. ഭദ്രകാളീ- ഭദ്രകാളിയെന്ന് പ്രശസ്തയായവൾ
736. ഭുജംഗാക്ഷീ- സർപ്പത്തിന്റെതു പോലുളള കണ്ണോടു കൂടിയവൾ
737. ഭാരതീ- ഭാരതീദേവി
738 .ഭാരതാശയാ - തന്നെ ധ്യാനിക്കുന്നവരുടെ ഉള്ളിൽ വസിക്കുന്നവൾ
739. ഭൈരവീ - ഭൈരവി എന്നു പ്രസിദ്ധയായവൾ
740. ഭീഷണകാരാ- ഭീഷണരൂപം ധരിക്കുന്നവൾ
741. ഭൈരവീ - ഭൈരവിയെന്ന് പ്രശസ്തയായവൾ
742. ഭൂതി മാലിനി - ഐശ്വര്യ സമ്പൂർണ്ണയായവൾ
743. ഭാമിനീ - യഥാവസരം കോപിക്കുന്നവൾ
744. ഭോഗ നിരതാ- സുഖഭോഗതൽപ്പരയായവൾ
745. ഭദ്രദാ- മംഗളദായകി
746. ഭൂരിവിക്രമാ- ആര്യന്തം പരാക്രമത്തോടുകൂടിയവൾ
747. ഭൂതവാസാ - പ്രാണികളുടെ ഉള്ളിൽ വസിക്കുന്നവൾ
748- ഭൃഗുലതാ - ഭൃഗുലതയായി വിരാജിക്കുന്നവൾ
749. ഭാർഗ്ഗവീ - ഭൃഗുവിന്റെ ശക്തി സ്വരൂപ
750. ഭൂസുരാർച്ചിതാ- ബ്രാഹ്മണർ പൂജിക്കുന്നവൾ
751. ഭാഗീരഥീ - ഗംഗാരൂപത്തിൽ വിരാജിക്കുന്നവൾ
752. ഭോഗവതീ- ഭോഗവതീ രൂപ
753. ഭവനസ്ഥാ - ഗൃഹത്തിൽ കുടികൊള്ളുന്നവൾ
754. ഭിഷഗ്വരാ - സംസാരരോഗത്തെ ചികിൽസിക്കുന്നവൾ
755. ഭാമിനീ - ഉത്കൃഷ്ട ചിത്ത
756. ഭോഗിനീ - വൈവിദ്ധ്യമാർന്ന ഭോഗ സുഖങ്ങൾ അനുഭവിക്കുന്നവൾ
757. ഭാഷാ- ഭാഷാ സ്വരൂപിണി
758. ഭവാനീ- ഭവാനീ നാമത്തിൽ പ്രസിദ്ധയായവൾ
759. ഭൂരി ദക്ഷിണാ - ദക്ഷിണാ സ്വരൂപ
760.ഭർഗാത്മികാ - പരമ: തേജസ്വരൂപിണി
761. ഭീമവതി - ഭീമാകാരം കൈക്കൊള്ളുന്നവൾ
762. ഭവബന്ധ വിമോചിനീ - സംസാരമ്പന്ധത്തിൽ നിന്നും മോചനം നൽകുന്നവൾ
763. ഭജനീയാ- ഭജിക്കാൻ യോഗ്യയായവൾ
764. ഭൂതധാത്രീ രഞ്ജിതാ - പ്രാണികളുടെ ജീവൻ നിലനിർത്തുന്നവൾ
765. ഭുവനേശ്വരീ - ലോകത്തിന് മുഴുവൻ സ്വാമിനിയായവൾ
766. ഭുജംഗവലയാ- ഭുജംഗങ്ങളാൽ ചുറ്റപ്പെട്ടവൾ
767. ഭീമാ - ഭയങ്കര സ്വരൂപിണി
768 . ഭേരുണ്ഡാ- ഭേരുണ്ഡാ എന്ന നാമത്തിൽ പ്രസിദ്ധ
769. ഭാഗധേയിനി - സൗഭാഗ്യശാലിനി
770. മാതാ - ജഗത്തിന്റെ മുഴുവൻ അമ്മയായവൾ
771. മായാ- മായാ സ്വരൂപിണി
772. മധുമതീ - മധുപാനപ്രിയ
773. മധു ജിഹ്വാ- മധു ആസ്വദിക്കുന്നവൾ
774. മധു പ്രിയാ - മധുവിൽ പ്രിയമുള്ളവൾ
775. മഹാദേവീ- ദേവിമാരിൽ മഹിമയേറിയവൾ
776. മഹാഭാഗ - മഹാസൗഭാഗ്യശാലിനി
777. മാലിനീ - മാലകൾ അണിഞ്ഞവൾ
778. മീനലോചനാ- കരിമീൻ പോലെയുള്ള നയനങ്ങളുള്ളവൾ
779. മായാതീതാ - മായയ്ക്ക് അതീതയായവൾ
780. മധുമതീ - മദ്യപാന തൽപ്പര
781.മധു മാംസാ - മധു മാംസ സ്വരൂപ
782. മധുദ്രവാ- മധു സമർപ്പണത്താൽ സംപ്രീതയാകുന്നവൾ
783. മാനവീ - മനുഷ്യ രൂപധാരിണി
784. മധു സംഭൂതാ - മധു മാസത്തിൽ ഉണ്ടായവൾ
785. മിഥിലാപുരവാസിനീ - മിഥിലാപുരത്തിൽ വസിക്കുന്നവൾ
786. മധുകൈടഭ സംഹർത്രീ - മധുകൈടഭൻമാരെ നിഗ്രഹിച്ചവൾ
787. മേദിനീ - പൃഥ്വീ രൂപ
788. മേഘമാലിനീ - മേഘമാലയണിഞ്ഞവൾ
789. മന്ദോദരീ- ഒതുങ്ങിയ വയറോടു കൂടിയവൾ
790. മഹാമായ ആദിശക്തി സ്വരൂപ
791. മൈഥിലീ - മിഥിലാ പുരനിവാസിനി
792. മസൃണപ്രിയാ - മധുര വസ്തുക്കളിൽ പ്രിയമുള്ളവൾ
793. മഹാലക്ഷ്മീ- മഹാലക്ഷ്മീ സ്വരൂപ
794. മഹാകാളി - മഹാകാളി സ്വരൂപ
795. മഹാ കന്യാ- മഹാ പർവ്വതമായ ഹിമാലയത്തിന്റെ മകൾ
796. മഹേശ്വരീ - മഹത്തായ ഈശ്വരഭാവം കൈക്കൊണ്ടവൾ
797. മാഹേന്ദ്രീ- ഇന്ദ്രപന്നിയായ ശചീ രൂപത്തിൽ പ്രസിദ്ധ
798. മേരുതനയാ - മഹാമേരുവിന്റെ പുത്രി
799. മന്ദാര കുസുമപ്രിയാ - മന്ദാര കുസുമത്തിൽ പ്രിയമുള്ളവൾ
800. മഞ്ജുമഞ്ജീര ചരണാ- മനോഹരമായ കാൽച്ചിലമ്പുകൾ അണിഞ്ഞവൾ
801. മോക്ഷദാ - മോക്ഷമേകുന്നവൾ
802. മഞ്ജുഭാഷിണീ - മധുരമായി സംസാരിക്കുന്നവൾ
803. മധുര ദ്രാവിണീ - മധുരവചനം പ്രവഹിപ്പിക്കുന്നവൾ
804. മുദ്രാ- മുദ്രാ രൂപ സ്വരൂപിണി
805. മലയാ- മലയാചല നിവാസിനി
806. മലയാന്വിതാ - മലയചന്ദനം പൂശിയവൾ
807. മേധാ- ബുദ്ധി സ്വരൂപിണി
808. മരതകശ്യാമാ- മരതകമണി പോലെ ശ്യാമനിറം പൂണ്ടവൾ
809. മാഗധീ- മഗധദേശവാസികളാൽ പൂജിതയായവൾ
810. മേനകാത്മജാ - മേനകാ പുത്രിയായി ജനിച്ചവൾ
811. മഹാമാരീ - മഹാമാരീ സ്വരൂപ
812. മഹാവീരാ - നിസ്സീമ ശക്തിക്കുടമയായവൾ
813. മഹാശ്യാമാ- മേഘ ശ്യാമ നിറമുള്ളവൾ
814. മനുസ്തുതാ - മനുവിനാൽ സ്തുതിക്കപ്പെട്ടവൾ
815. മാതൃകാ - മാതൃകാ നാമത്തിൽ പ്രസിദ്ധ
816. മിഹിരാഭാസാ - സൂര്യനേപ്പോലെ പ്രഭാസിക്കുന്നവൾ
817. മുകുന്ദപദവിക്രമാ - ഭഗവാൻ കൃഷ്ണന്റെ പദം പിൻതുടരുന്നവൾ
818. മൂലാധാര സ്ഥിതാ - മൂലാധാര സ്ഥിതമായ കുണ്ഡലിനീ സ്വരൂപ
819. മുഗ്ദ്ധാ- സദാ പ്രസന്നയായവൾ
820. മണിപൂരക വാസിനീ - മണിപൂരകത്തിൽ വമ്പിക്കുന്നവൾ
821. മൃഗാക്ഷീ- മറിമാൻമിഴികളുള്ളവൾ
822. മഹിഷാരൂഢാ- മഹിഷത്തിനെ വാഹനമാക്കിയവൾ
823. മഹിഷാസുരമർദ്ദിനി - മഹിഷാസുരനെ നിഗ്രഹിച്ചവൾ
824.യോഗാസനാ- യോഗാസനസ്ഥയായവൾ
825. യോഗഗമ്യാ - ഗോഗമാർഗ്ഗം കൊണ്ട് പ്രാപിക്കാവുന്നവൾ
826. യോഗാ - യോഗസ്വരൂപിണി
827. യൗവനകാശ്രയാ - സദാ തരുണാവസ്ഥയിൽ ഇരിക്കുന്നവൾ
828. യൗവനീ - യൗവന സ്വരൂപിണി
829. യുദ്ധമദ്ധ്യസ്ഥാ - യുദ്ധമദ്ധ്യത്തിൽ പ്രശോഭിക്കുന്നവൾ
830. യമുനാ - യമുനാ നദീ സ്വരൂപ
831. യുഗധാരിണീ - യുഗങ്ങളെ ധരിക്കുന്നവൾ
832. യക്ഷിണീ - യക്ഷി സ്വരൂപ
833. യോഗയുക്താ- യോഗത്തോടു കൂടിയവൾ
834. യക്ഷരാജ പ്രസൂദിനീ - യക്ഷരാജന് ജന്മം നൽകിയവൾ
835. യാത്രാ -യാത്രാ സ്വരൂപിണി
836. യാന വിധാനജ്ഞാ- യാനവിധാനം നന്നായറിയുന്നവൾ
837. യദുവംശ സമുദ്ഭവാ- യദുവംശത്തിൽ ജനിച്ചവൾ
838. യകാരാദി ഹകാരാന്താ- യ കാരം മുതൽ ഹ കാരം വരെയുള്ള അക്ഷരങ്ങൾ സ്വരൂപമായിട്ടുള്ളവൾ
839. യാജുഷീ - യജുർവേദ സ്വരൂപിണി
840. യജ്ഞരൂപിണീ - യജ്ഞ സ്വരൂപയായവൾ
841. യാമിനീ - രാത്രിസ്വരൂപ
842. യോഗ നിരതാ- യോഗത്തിൽ മുഴുകിയവൾ
843. യാതുധാന ഭയങ്കരീ - രാക്ഷസർക്ക് ഭയമുളവാക്കുന്നവൾ
844. രുക്മിണീ - രുക്മിണീ നാമത്തിൽ പ്രസിദ്ധയായവൾ
845. രമണീ- ആനന്ദസ്വരൂപിണി
846. രാമാ - യോഗി ചിത്തങ്ങളെ രമിപ്പിക്കുന്നവൾ
847. രേവതീ- രേവതന്റെ പുത്രി
848. രേണുകാ - പരശുരാമമാതാവ്
849. രതി:-  കാമദേവപ്രിയ
850. രൗദ്രീ- രുദ്രപത്നി സ്വരൂപ
851. രൗദ്ര പ്രിയാകാരാ- രൗദ്രാകാരത്തിൽ പ്രിയമുള്ളവൾ
852. രാമമാതാ - കൗസല്യാ രൂപത്തിൽ രാമമാതാവായവൾ
853. രതി പ്രിയാ - രതിയിൽ പ്രിയമുള്ളവൾ
854. രോഹിണീ- രോഹിണി നാമത്തിൽ സുപ്രസിദ്ധയായവൾ.
855. രാജ്യദാ - രാജ്യം പ്രദാനം ചെയ്യുന്നവൾ
856. രേവാ - രേവാ നദീ രൂപിണി
857. രമാ- ലക്ഷ്മീദേവി
858. രാജീവലോചനാ- താമരയിതളിനൊക്കുന്ന മിഴിയുള്ളവൾ
859. രാകേശീ - ചന്ദ്രനെ നെറ്റിയിലണിഞ്ഞവൾ
860. രൂപ സമ്പന്നാ - അത്യന്തം രൂപവതി
861. രത്നസിംഹാസനസ്ഥിതാ - രത്നസിംഹാസനത്തിലിരിക്കുന്നവൾ
862. രക്ത മാല്യാംബരധരാ - രക്തമാല്യവും രക്താംബരവും ധരിച്ചവൾ
863. രക്തഗന്ധാനുലേപനാ - രക്തചന്ദനം പൂശിയവൾ
864.രാജഹംസ സമാരൂഢാ- രാജഹംസത്തെ വാഹനമാക്കിയവൾ
865. രംഭാ- രംഭാസ്വരൂപിണി
866. രക്തബലി പ്രിയാ - രക്തബലി കൊണ്ട് പ്രീതയാകുന്നവൾ
867. രമണീയയുഗാധാരാ - മനോഹരമായ യുഗത്തിന് ആധാരഭൂത
868. രാജിതാഖിലഭൂതലാ- അഖിലലോകങ്ങളെയും പ്രകാശിപ്പിക്കുന്നവൾ
869. രുരുചർമ്മപരാധീനാ - രുരു ചർമ്മം ധരിച്ചവൾ
870. രഥിനീ - രഥത്തിൽ വിരാജിക്കുന്നവൾ
871. രത്നമാലികാ- രത്നമാല ധരിച്ചവൾ
872. രോഗേശീ - രോഗത്തെ വെല്ലുന്നവൾ
873. രോഗശമനീ - രോഗത്തെ ശമിപ്പിക്കുന്നവൾ
874. രാവിണീ - ഭയങ്കരശബ്ദത്തിൽ ഗർജനം ചെയ്യുന്നവൾ
875. രോമഹർഷിണി- രോമാഞ്ചം കൊള്ളുന്നവൾ
876. രാമചന്ദ്രപദാക്രാന്താ- രാമചന്ദ്രഭഗവാന്റെ പദങ്ങളെ ആശ്രയിച്ചവൾ
877. രാവണഛേദ കാരിണീ - രാവണവധത്തിന് കാരണമായവൾ
878. രത്നവസ്ത്രപരിച്ഛന്നാ- രത്നങ്ങളും വസ്ത്രങ്ങളും കൊണ്ടു് വിഭൂഷിതയായവൾ
879. രഥസ്ഥാ - രഥത്തിലിരിക്കുന്നവൾ
880. രുക്മഭൂഷണാ - സ്വർണ്ണാഭരണഭൂഷിത
881. ലജ്ജാധിദേവത- ലജ്ജയുടെ അധിഷ്ഠാധൃദേവത
882. ലോലാ - ചഞ്ചല സ്വഭാവമുള്ളവൾ
883.ലളിതാ - അതിസുന്ദരി
884. ലിംഗ ധാരിണീ - ഉത്തമ ചിഹ്നങ്ങൾ ധരിച്ചവൾ
885. ലക്ഷ്മീ- ലക്ഷ്മീ നാമത്തിൽ സുപ്രസിദ്ധ
886. ലോലാ- ചഞ്ചലഭാവ
887. ലുപ്ത വിഷാ-വിഷത്തിന്റെ വീര്യമേൽക്കാത്തവൾ
888. ലോകിനീ - ലോകം മുഴുവനും സ്വന്തമായുള്ളവൾ
889. ലോകവിശ്രുതാ - ലോകർ എല്ലാം അറിയുന്നവൾ
890. ലജ്ജാ - ലജ്ജാവതി
891. ലംബോദരി - നീണ്ടു വലിയ ഉദരമുള്ളവൾ
892. ലലനാ- സ്ത്രീരൂപമാർന്നവൾ
893. ലോകധാരിണീ - ലോകത്തെ വഹിക്കുന്നവൾ
894. വരദാ - വരദാനം ചെയ്യുന്നവൾ
895. വന്ദിതാ - ലോകത്താൽ വന്ദിക്കപ്പെടുന്നവൾ
896. വിദ്യാ- വിദ്യാ സ്വരൂപിണി
897. വൈഷ്ണവീ- വിഷ്ണുവിന്റെ ശക്തിയായവൾ
898. വിമലാകൃതി - നിർമ്മല സ്വരൂപ
899. വാരാഹീ- വരാഹ രൂപം ധരിച്ചവൾ
900. വിരജാ -വിരജാ നദീസ്വരൂപ
901. വർഷാ- സംവത്സര സ്വരൂപ
902. വരലക്ഷ്മീ- വരലക്ഷ്മീ നാമ പ്രസിദ്ധ
903. വിലാസിനീ - മനസ്സിനെ ആനന്ദിപ്പിക്കുന്നവൾ
904. വിനതാ - വിനതാ സ്വരൂപ
905. വ്യോമ മദ്ധ്യസ്ഥാ - ആകാശ മദ്ധ്യത്തിൽ പ്രതിഷ്ഠിതയായവൾ
906.വാരിജാസന സംസ്ഥിതാ - താമരയിൽ ഇരിക്കുന്നവൾ
907. വാരുണീ- വരുണന്റെ ശക്തിസ്വരൂപ
908. വേണുസംഭൂതാ - വേണുവിൽ നിന്നുദിച്ചവൾ
909. വീതിഹോത്രാ - ഹവനത്തിൽ നിഷ്ണാതയായവൾ
910. വിരൂപിണീ - വിശിഷ്ട രൂപമുള്ളവൾ
911. വായുമണ്ഡല മദ്ധ്യസ്ഥാ - വായുമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നവൾ
912. വിഷ്ണുരൂപാ - വിഷ്ണുസ്വരൂപിണി.
913. വിധിപ്രിയാ - ബ്രഹ്മാണീ സ്വരൂപ
914. വിഷ്ണു പത്നീ - വിഷ്ണുപത്നിയായവൾ
915. വിഷ്ണുമതീ - വിഷ്ണുവിനൊപ്പം പ്രശോഭിക്കുന്നവൾ
916. വിശാലാക്ഷീ - വിടർന്ന കണ്ണുകളുള്ളവൾ
917. വസുന്ധരാ - ഭൂമീദേവി
918. വാമദേവപ്രിയാ - രുദ്രാണീ സ്വരൂപ
919.  വേലാ- സമയ ദേവത
920. വജ്രിണീ - വജ്രം ധരിച്ചവൾ
921. വസുദോഹിനീ - ഭൂമിയിൽ നിന്നും ധനധാന്യങ്ങൾ കറന്നെടുക്കുന്നവൾ
922. വേദാക്ഷര പരീതാംഗീ - വേദാക്ഷര സ്വരൂപിണി
923. വാജപേയഫലപ്രദാ- വാജപേയ യാഗം നടത്തിയതിന്റെ ഫലം നൽകുന്നവൾ
924. വാസവീ - ഇന്ദ്രാണി സ്വരൂപ
925. വാമ ജനനീ - വാമദേവന്റെ മാതാവ്
926. വൈകുണ്ഠനിലയാ - വൈകുണ്ഠത്തിൽ വസിക്കുന്നവൾ
927. വരാ - അത്യധികം ആരാധ്യയായവൾ
928. വ്യാസപ്രിയാ - വേദവ്യാസന് പ്രിയപ്പെട്ടവൾ
929. വർമ്മധരാ - കവചം ധരിച്ചവൾ
930. വാൽമീകി പരിസേവിതാ - വാൽമീകിയാൽ വേവിക്കപ്പെടുന്നവൾ
931. ശാകംഭരി- ശാകംഭരീ നാമ പ്രസിദ്ധ
932. ശിവാ - മംഗള സ്വരൂപിണി
933. ശാന്താ-ശാന്തസ്വരൂപിണി
934. ശാരദാ - ശാരദാ നാമ പ്രസിദ്ധ
935. ശരണാഗതി: 'ജഗത്തിന് മുഴുവൻ ആശ്രയമായവൾ
936. ശതോദരീ- ഒതുങ്ങി തേജസ്സുറ്റ ഉദരത്തോടുകൂടിയവൾ
937. ശുഭാചാരാ - ആചാര ശുദ്ധിയുള്ളവൾ
938. ശുംഭാസുര വിമർദിനീ - ശുംഭാസുരനെ നിഗ്രഹിച്ചവൾ
939. ശോഭാവതീ- ശോഭ സമ്പന്ന
940. ശിവാകാരാ- മംഗളാകൃതി പൂണ്ടവൾ
941. ശങ്കരാർദ്ധ ശരീരിണി- പരമേശ്വരന്റെ പാതിമെയ്യായവൾ
942. ശോണാ- രക്തവർണ്ണമാണ്ടവൾ
943. ശുഭാശയാ - മംഗളമയമായ ചിത്തവൃത്തിയുള്ളവൾ
944. ശുഭ്രാ - ശുഭ്ര വർണ്ണമുള്ളവൾ
945. ശിര: സന്ധാനകാരിണീ - ദാനവൻമാരുടെ തലയെടുക്കുന്നവൾ
946. ശരാവതീ- അമ്പു കൊള്ളാതെ കാക്കുന്നവൾ
947. ശരാനന്ദാ - ശര പ്രയോഗത്തിൽ ആനന്ദിക്കുന്നവൾ
948. ശരത് ജ്യോത്സ്നാ - ചന്ദ്ര സമാനമായ കിരണങ്ങൾ പൊഴിക്കുന്നവൾ
949. ശുഭാനനാ- ശ്രീയുള്ള മുഖമുള്ളവൾ
950. ശരഭാ- മാനിനെപ്പോലെ വനത്തിൽ വിഹരിക്കുന്നവൾ
951. ശൂലിനീ- ത്രിശൂലം ധരിച്ചവർ
952. ശുദ്ധാ- ശുദ്ധസ്വരൂപിണി
953. ശബരീ- ശബരീരൂപം കൈക്കൊണ്ടവൾ
954. ശുക വാഹനാ- ശുകത്തെ വാഹനമാക്കിയവൾ
955. ശ്രീമതി - ഐശ്വര്യത്തോടുകൂടിയവൾ
956. ശ്രീധരാനന്ദാ - വിഷ്ണുവിന് ആനന്ദമായവൾ
957. ശ്രവണാനന്ദദായിനീ - സ്വചരിതം കേൾക്കുന്നവർക്ക് ആനന്ദം നൽകുന്നവൾ
958- ശർവാണീ- ശങ്കരശക്തിയായ പാർവ്വതി
959. ശർവരീവന്ദ്യാ - സന്ധ്യാസമയത്ത് പൂജിക്കപ്പെടുന്നവൾ
960. ഷഡ് ഭാഷാ-ഷഡ് ഭാഷാ സ്വരൂപിണി
961. ഷഡ്ഋതുപ്രിയാ - ആറ് ഋതുക്കൾക്കും പ്രിയയായവൾ
962. ഷഡാധാര സ്ഥിതാ ദേവി - ഷഡാധാരങ്ങളിലും പ്രവർത്തിക്കുന്നവൾ
963. ഷൺമുഖ പ്രിയ കാരിണീ -സുബ്രഹ്മണ്യന് പ്രിയം ചെയ്യുന്നവൾ
964. ഷഡംഗരൂപസുമതിസുരാസുര നമസ്കൃതാ- ഷഡംഗരൂപയായ സുമതീദേവിയാലും സുരാസുരന്മാരാലും നമിക്കപ്പെടുന്നവൾ
965. സരസ്വതീ- വാണീദേവത
966. സദാധാരാ - ഏവർക്കും ആധാരയായവൾ
967. സർവ്വമംഗളകാരിണീ -  സർവ്വ മംഗളങ്ങൾക്കും കാരണഭൂതയായവൾ
968. സാമഗാനപ്രിയാ - സാമഗാനത്താൽ സംപ്രീതയാകുന്നവൾ
969. സൂക്ഷ്മാ- സൂക്ഷ്മസ്വരൂപ
970. സാവിത്രീ - സാവിത്രീ നാമത്താൽ പ്രസിദ്ധ
971. സാമസംഭവാ- സാമവേദത്തിൽ നിന്നും ഉദ്ഭവിച്ചവൾ
972. സർവ്വാവാസാ - എല്ലായിടത്തും വ്യാപിച്ചവൾ
973. സദാനന്ദാ - സദാ ആദമഗ്നയായവൾ
974. സുസ്തനീ - മനോഹരമായ സ്തനങ്ങളാൽ അലങ്കൃത
975. സാഗരാംബരാ- സമുദ്രത്തെ വസ്ത്രമാക്കിയവൾ
976. സർവൈശ്വര്യപ്രിയാ - സർവ്വ ഐശ്വര്യങ്ങളിലും പ്രിയമുള്ളവൾ
977. സിദ്ധി: അണിമാദി അഷ്ടസിദ്ധികൾക്ക് സ്വാമിനി
978. സാധു ബന്ധുപരാക്രമാ- ഭക്തർക്കായി ജാഗരൂകയായവൾ
979. സപ്തർഷി മണ്ഡല ഗതാ- സപ്തർഷി മണ്ഡലവിരാജിത
980. സോമ മണ്ഡല വാസിനീ - ചന്ദ്രമണ്ഡലത്തിൽ വസിക്കുന്നവൾ
981. സർവ്വജ്ഞാ- എല്ലാമറിയുന്നവൾ
982. സാന്ദ്ര കരുണാ- കാരുണ്യം തികഞ്ഞവൾ
983. സമാനാധികവർജിതാ - സദാ സമാന ഭാവത്തിൽ വർത്തിക്കുന്നവൾ
984. സർവ്വോത്തുംഗാ- ഏറ്റവും ഉയർന്ന തലത്തിലിരിക്കുന്നവൾ
985. സംഗഹീനാ - ആസക്തിരഹിത
986 സദ്ഗുണാ- സകല സദ്ഗുണങ്ങൾക്കും ഇരിപ്പിടമായവൾ
987. സകലേഷ്ടദാ - സകല ഇഷ്ടങ്ങളും സാധിപ്പിക്കുന്നവൾ
988. സരഘാ- മധുമക്ഷികാരൂപത്തിൽ ഭ്രമരീ ദേവിയായി വിരാജിക്കുന്നവൾ
989. സൂര്യതനയാ - സൂര്യപുത്രിയായ യമുനാ സ്വരൂപ
990. സുകേശീ - മനോഹരമായ മുടിയുള്ളവൾ
991. സോമസംഹതി: അനേകം ചന്ദ്രന്മാരുടെ പ്രഭയുള്ളവൾ
992. ഹിരണ്യവർണാ- സ്വർണ്ണ നിറമാണ്ടവൾ
993. ഹരിണീ - ഹരിതവർണ്ണം കലർന്നവൾ
994. ഹ്രീങ്കാരീ - ഹ്രീങ്കാരബീജസ്വരൂപിണീ
995. ഹംസ വാഹിനീ - ഹംസത്തെ വാഹനമാക്കിയവൾ
996. ക്ഷൗമവസ്ത്രപരീതാംഗീ - പട്ടുവസ്ത്രമണിഞ്ഞവൾ
997. ക്ഷീരാബ്ധിതനയാ - പാൽക്കടലിൽ നിന്നും ഉദ്ഭൂതയായവൾ
998. ക്ഷമാ - ഭൂമീദേവി
999. ഗായത്രീ
1000. സാവിത്രീ
1001. പാർവതീ
1002. സരസ്വതീ
1003. വേദ ഗർഭാ
1004. വരാരോഹാ
1005. ശ്രീ ഗായത്രി
1006. പരാംബികാ

നാരദരേ, ഇതാണ് മഹത്തായ ഗായത്രീ സഹസ്രനാമ സ്തോത്രം. ഈ സ്തോത്രം ജപിക്കുന്നതു കൊണ്ട് സമ്പത്തും പുണ്യവും ലഭിക്കുമെന്നു മാത്രമല്ല സകല പാപങ്ങളെയും നശിപ്പിക്കാനും ഇതുകൊണ്ട് സാദിക്കും.

ഗായത്രീ സഹസ്രനാമജപം ആനന്ദപ്രദമാണ്.അഷ്ടമിക്ക് മറ്റു ബ്രാഹ്മണരുമൊത്ത് പഠിക്കാൻ ഉത്തമമാണിത്. ഹോമപൂജാ ധ്യാന സഹിതമാണ് ഇതു ചൊല്ലേണ്ടത്. ഇത് വെറുതേ ആർക്കെങ്കിലും ഉപദേശിക്കാൻ പാടില്ല. ഭക്തനും സ്വശിഷ്യനുമായ ബ്രാഹ്മണനാണ് ഇതിനർഹത. ഇത് ഭ്രഷ്ടർക്കും, വെറും സാധകർക്കും ബന്ധുജനങ്ങൾക്കും മറ്റും വീതിക്കാനുള്ളതല്ല.

ആരുടെ ഗൃഹത്തിലാണോ ഈ സഹസ്രനാമം എഴുതി വച്ചിട്ടുള്ളത്, അവിടെയാർക്കും  ഭയമുണ്ടാവില്ല. സ്വതേ ചഞ്ചലയായ കമലാ ദേവി അവിടെ സ്ഥിരമായി കുടി പാർക്കും. അത്യന്ത രഹസ്യമായ ഈ സ്തോത്രം പുണ്യപ്രദവും വിത്തപ്രദവുമത്രേ. മുമുക്ഷുവിന് മോക്ഷവും കാമികൾക്ക് കാമപ്രദവുമായ ഈ സ്തോത്രം രോഗപീഡയെ അകറ്റുന്നു. ഇതു കൊണ്ട് ബദ്ധൻ ബന്ധവിമുക്തനാകുന്നു.

ബ്രഹ്മഹത്യ, സുരാപാനം, സ്വർണ്ണ മോഷണം, ഗുരുദാരഗമനം, തുടങ്ങിയ കൊടിയ പാപങ്ങൾ നീങ്ങാനും ഈ സ്തോത്രം ഒരിക്കൽ ജപിച്ചാൽ മതി.

ദുഷ്ടന്മാരിൽ നിന്നും പ്രതിഫലം വാങ്ങുക, അഭക്ഷ്യം ഭക്ഷിക്കുക, ഈശ്വരനിന്ദ ചെയ്യുക, അസത്യം പറയുക മുതലായ ദോഷങ്ങൾ തീരാനും ഈ സ്തോത്രം ജപിച്ചാൽ മതി.

അല്ലയോ നാരദാ, ബ്രഹ്മസായൂജ്യപ്രദമായ ഈ സ്തോത്രം എത്രയും സത്യമായതിനാലാണ് ഞാൻ അങ്ങേയ്ക്ക് ഉപദേശിച്ചത് -