Devi

Devi

Monday, October 30, 2017

ദിവസം 299 ശ്രീമദ്‌ ദേവീഭാഗവതം. 11.14.ഭസ്മമാഹാത്മ്യ കീർത്തനം

ദിവസം 299   ശ്രീമദ്‌ ദേവീഭാഗവതം. 11.14. ഭസ്മമാഹാത്മ്യ കീർത്തനം

ഭസ്മ ദിഗ്ദ്ധ ശരീരായയോ ദദാതി ധനം മുദാ
തസ്യ സർവാണി പാപാ നി വിനശ്യന്തി ന സംശയ:
ശ്രുതയ: സ്മൃതയ: സർവാ: പുരാണാന്യഖിലാന്യപി
വദന്തിഭൂതി മാഹാത്മ്യം തസ്മാത്തദ്ധാരയേദ്വിജ:

ശ്രീ നാരായണൻ പറഞ്ഞു: വിഭൂതി ധരിച്ചവന് ആരാണോ സന്തോഷത്തോടെ ധനം കൊടുക്കുന്നത്, തീർച്ചയായും അവന്റെ പാപങ്ങൾ എല്ലാം നശിക്കും. ശ്രുതിസ്മൃതികൾ വാഴ്ത്തുന്ന മഹനീയമായ ഭസ്മധാരണം ബ്രാഹ്മണർ മുടക്കം കൂടാതെ നിത്യവും ചെയ്യേണ്ടതാണ്. മൂവന്തികളിലും ശുഭ്രമായ വെൺചാരം കൊണ്ട് നെറ്റിയിൽ മൂന്നു കുറിയിടുന്നവൻ എല്ലായിടത്തും പൂജിതനാവും. അവന് ശിവലോകത്ത് ഉത്തമമായ ഒരിടവും ലഭിക്കും.

മൂന്നു സന്ധ്യകളിലും ആപാദചൂഡം ഭസ്മം പൂശുന്നവന് സിദ്ധികൾ സ്വായത്തമാവും. അവൻ അതിനാൽത്തന്നെ തന്റെ വംശത്തെ ഉദ്ധരിക്കും. ഭസ്മസ്നാനം ജലസ്നാനത്തേക്കാൾ പല മടങ്ങ് ഗുണമുള്ളതാണ്. സർവ്വ ജലതീർത്ഥങ്ങളിലും സ്നാനം ചെയ്തതിന്റെ ഫലം ഭസ്മസ്നാനം ഒന്നുകൊണ്ട് ലഭ്യമാണ്. കാട്ടുതീയെങ്ങിനെ കാടിനെ കത്തിച്ചു ചാമ്പലാക്കുന്നുവോ അപ്രകാരം ഭസ്മസ്നാനം ചെയ്യുന്നവന്റെ മഹാപാപങ്ങൾ പോലും എരിഞ്ഞടങ്ങുന്നു.

ഭസ്മസ്നാനത്തേക്കാൾ മഹത്തായ മറ്റൊരു സ്നാനമില്ലെന്ന് പരമശിവൻ അരുളിച്ചെയ്തിട്ടുണ്ട്. ആദ്യമായി മഹാദേവനാണ് ഭസ്മസ്നാനം ആരംഭിച്ചത്.പിന്നീട് മറ്റ് ദേവൻമാരും മുനികളും അത് ആചാരമായി തുടർന്നു വന്നു. ആഗ്നേയമായ ശിരോസ്നാനം ആചരിക്കുന്നവൻ ജീവൻമുക്തനായ രുദ്രന് തുല്യനാകുന്നു. ഭസ്മധാരിയെക്കണ്ട് തുഷ്ടരാവുന്നവർ ദേവൻമാർക്കുപോലും പൂജിതരാണ്. സർവ്വാംഗം വിഭൂതി പൂശിയവനെക്കണ്ടാൽ എഴുന്നേറ്റ് നമസ്ക്കരിക്കുന്നവനെ ദേവേന്ദ്രൻ പോലും ബഹുമാനിക്കും.

ഭസ്മധാരി അഭക്ഷ്യം കഴിച്ചാലും അത് ഭക്ഷ്യമായിത്തീരും. ജലസ്നാന ശേഷം ഭസ്മം പൂശുന്ന ബ്രഹ്മചാരിക്കും ഗൃഹസ്ഥനും സർവ്വപാപവിമുക്തിയുണ്ടാവും. ആഗ്നേയ ശിരോസ്നാനം സന്യാസിമാർക്ക് ഉത്തമമാണ്. ഭസ്മക്കുളി ജലസ്നാനത്തേക്കാൾ ഉത്തമമാണ്. കാരണം അത് പ്രകൃതിയിൽ സ്വതവേയുള്ള ആർദ്രതയെന്ന ബന്ധനത്തെ ഇല്ലാതാക്കുന്നു. ഭസ്മസ്നാനം പ്രകൃതിയെ ജയിക്കാനായി വിധിച്ചിട്ടുള്ളതത്രേ. ഇതിനു തുല്യമായി മൂന്നു ലോകങ്ങളിലും മറ്റൊന്നില്ല.

രക്ഷയ്ക്കും മംഗളത്തിനും ഭസ്മം മഹത്തരമാണ്. മഹാദേവൻ ദേവിക്കാണ് ഇതാദ്യം നൽകിയത്. നിത്യവും ഭസ്മസ്നാനം ചെയ്യുന്നവന്റെ സംസാരപാശം അറ്റുപോയി അവന് ശിവലോക പ്രാപ്തിയുണ്ടാവും. ഭൂതപ്രേതപിശാചുക്കൾ എന്നിവയിൽ നിന്നും ഗ്രഹങ്ങളിൽ നിന്നും വ്യാഘ്രചോരാദികളിൽ നിന്നും ഭസ്മധാരിക്ക് ഭയമുണ്ടാവില്ല. എൺപതു തരം വാതരോഗങ്ങളും അറുപത്തിനാലിനം പിത്തരോഗങ്ങളും നൂറ്റിയഞ്ച് വിധം കഫരോഗങ്ങളും അവനെ ബാധിക്കില്ല. ഭഗന്ദരം, ജ്വരം, ഗുൽമം, കുഷ്ഠം എന്നിവയും അവനുണ്ടാവില്ല.  ആനക്കൂട്ടത്തെ സിംഹം എങ്ങിനെ ഓടിച്ചകറ്റുന്നുവോ അങ്ങിനെ സകല ഭയത്തെയും ഭസ്മം അകറ്റുന്നു.

കുളുർജലം കൂട്ടി ഭസ്മം കുഴച്ച് നിത്യവും മൂന്നു കുറികൾ നെറ്റിയിലിടുന്നവന് ബ്രഹ്മലോകപ്രാപ്തിയുണ്ടാവും. ലലാടലിഖിതമായ മൃത്യു രേഖയെ മായ്ക്കാൻ പോലും ഭസ്മക്കുറിക്ക് കഴിയും. കഴുത്തിനു മേലേ ചെയ്ത പാപങ്ങളെല്ലാം നെറ്റിയിലെ ഭസ്മക്കുറി ഇല്ലാതാക്കും. കണ്ഠത്തിൽ ഭസ്മമണിഞ്ഞാൽ വാക്കുകളാല്‍ ചെയ്ത പാപങ്ങളും കൈകളിൽ ഭസ്മമിട്ടാൽ കൈകളാൽ ചെയ്ത പാപങ്ങളും മാറിൽ ഭസ്മം ധരിച്ചാൽ മന:കൃത പാപങ്ങളും നാഭിയിൽ ഭസ്മമിട്ടാൽ ലിംഗം കൊണ്ട് ചെയ്ത പാപങ്ങളും ഗുദത്തിൽ ഭസ്മം തൊട്ടാൽ ഗുദം കൊണ്ട് ചെയ്ത പാപവും ദേഹത്തിന്റെ വശങ്ങളിലാണെങ്കിൽ പരസ്ത്രീ സ്പർശപാപവും ഇല്ലാതാവും.

മൂന്നു ഭസ്മക്കുറികൾ ധരിക്കുന്നതാണ് എല്ലാം കൊണ്ടും ഉത്തമം. മൂർത്തി ത്രയങ്ങളെയും മൂന്നു ലോകങ്ങളെയും ത്രിഗുണങ്ങളെയും അഗ്നിത്രയത്തെയും നെറ്റിയിൽ അണിയുന്നതിനു തുല്യമാണത്. ഭസ്മനിഷ്ഠന്റെ ദോഷങ്ങൾ പെട്ടെന്നു തന്നെ ഇല്ലാതാകും. ത്രിപുണ്ഡ്രം ധരിച്ചവൻ, ദസ്മസ്നാനം കൊണ്ട് വിശുദ്ധ ചിത്തനായി ഭസ്മത്തിൽത്തന്നെ ശയിക്കുന്നവൻ ഭസ്മനിഷ്ഠനാണ്. ഭൂതപ്രേതപിശാചുക്കളും രോഗങ്ങളും ഭസ്മനിഷ്ഠനെ തീണ്ടുകയില്ല. രുദ്രസ്മരണ മാത്രയിൽ പാപങ്ങൾ നശിക്കുന്നതുപോലെയാണിത്.

വെൺതിളക്കമുള്ളതിനാൽ ഭസ്മത്തിന് ഭാസിതം എന്നു പറയുന്നു. പാപത്തെ ഭക്ഷിക്കുന്നതിനാൽ അതിന് ഭസ്മം എന്ന പേരും സിദ്ധിച്ചു. ഭൂതിയേകുന്ന വസ്തുവാകയാൽ അത് വിഭൂതിയാണ്. ഭസ്മത്തിന് രക്ഷ എന്നും പേരുണ്ട്.

ഒരുവൻ അകാര്യം ചെയ്തിട്ട് ഭസ്മം പൂശിയാൽപ്പോലും അവനെ പാപം ബാധിക്കയില്ല. ഘോരപാപം ചെയ്തവനാണെങ്കിലും അന്ത്യകാലത്ത് ഭസ്മസ്നാനം ചെയ്താലവന്റെ പാപങ്ങൾ ഇല്ലാതാവും. അവന് പുനർജനിയില്ലാത്ത മുക്തിപദം ലഭിക്കും.

തിങ്കളാഴ്ച ചേർന്ന കറുത്തവാവിന്റെയന്ന് ശരീരമാകെ ഭസ്മം ധരിച്ച് ശിവപൂജ ചെയ്യുന്നവൻ പാപവിമുക്തനാവും. ആയുസ്സ്, ഐശ്വര്യം, മോക്ഷം എന്നിവയാഗ്രഹിക്കുന്നവൻ ബ്രഹ്മവിഷ്ണുശിവാത്മകമായ ത്രിപുണ്ഡ്രം ധരിക്കണം. ഘോര രാക്ഷസരും ക്ഷുദ്രജീവികളും ത്രിപുണ്ഡ്രധാരിയെക്കണ്ടാൽ ഓടിയൊളിക്കും.

ബ്രാഹ്മണർ ശൗചാദികൾ കഴിഞ്ഞ് ജലത്തിൽ മുങ്ങിക്കുളിച്ച് ദേഹമാസകലം വിഭൂതിയണിയണം. ജലം ബാഹ്യമായ ചെളിയെ ഇല്ലാതാക്കുമ്പോൾ ഭസ്മം ആന്തരമായ മലത്തെക്കൂടി ഇല്ലാതാക്കുന്നു. അതിനാൽ ജലസ്നാനം വെടിഞ്ഞും ഭസ്മസ്നാനം മുടക്കരുത്. ഭസ്മസ്നാനം ഇല്ലെങ്കിൽ ചെയ്ത കാര്യത്തിനു പോലും ഫലമില്ലാതാവും. നിത്യവും പല തവണ കുളിച്ചാലും വിഭൂതി പൂശാതെ പരിശുദ്ധിയുണ്ടാവില്ല.

വേദങ്ങൾക്കേ ഭസ്മത്തിന്റെ മാഹാത്മ്യം ശരിക്കും അറിയൂ. പിന്നെ വേദജ്ഞാനത്തിൽ അഗ്രഗണ്യനായ മഹേശ്വരനും അതറിയാം. ഭസ്മസ്നാനം കൂടാതെ എത്രവേദ കർമ്മങ്ങൾ അനുഷ്ഠിച്ചാലും അവയ്ക്ക് നാലിലൊന്നു ഫലം പോലും കിട്ടുകയില്ല. മാത്രമല്ലാ സർവ്വകർമ്മങ്ങൾക്കും യോഗ്യതയുണ്ടാവാനും ഭസ്മസ്നാനം കൂടിയേ തീരൂ. വേദോക്തമായ ഭസ്മസ്നാനം അതീവപുണ്യപ്രദമത്രേ. മൂഢത മൂലം വിഭൂതി ധരിക്കാൻ മടി കാട്ടുന്നവർക്ക് മഹാപാതക പാപഫലം കിട്ടും. അതിനാൽ വിപ്രൻമാർ ഏതു വിധേനെയും മൂന്നു നേരം ഭസ്മക്കുറിയിടുന്നതിന് മുടക്കം വരുത്തരുത് .

അനന്ത പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്യുന്നതിന്റെയെല്ലാം പുണ്യം നിത്യവും ഭസ്മം ധരിക്കുന്നതു കൊണ്ട് തന്നെ ലഭിക്കന്നതാണ്. വേദോക്തമായ ഭസ്മധാരണം ചെയ്യാത്ത ബ്രാഹ്മണൻ ഭൃഷ്ടനായിത്തീരും. മൂത്രാദി വിസർജ്ജനം കഴിഞ്ഞാൽ നിർബ്ബന്ധമായും ഭസ്മ സ്നാനം ചെയ്യണം. ശൗചവിധിയനുസരിച്ച് വേണ്ട പോലെ എല്ലാ സ്നാനവും തെറ്റിക്കാതെ ചെയ്താലും ഭസ്മക്കുളി കൂടാതെ സത്കർമ്മങ്ങൾക്കു് അർഹതയുണ്ടാവുകയില്ല. കോട്ടുവായിടുക, ഛർദ്ദിക്കുക, അധോവായുവിടുക, തുമ്മുക, ചുമച്ചു തപ്പുക, എന്നിവയ്ക്കെല്ലാം ശേഷം ഭസ്മ സ്നാനം ഒഴിച്ചുകൂട്ടാൻ വയ്യാത്തതാണ്.

ഇനി ഭസ്മസ്നാന ഫലങ്ങൾ എന്തെന്ന് വിശദമായി നോക്കാം.

Sunday, October 29, 2017

ദിവസം 298 ശ്രീമദ്‌ ദേവീഭാഗവതം. 11.13. ഭസ്മധാരണമാഹാത്മ്യം

ദിവസം 298   ശ്രീമദ്‌ ദേവീഭാഗവതം. 11.13. ഭസ്മധാരണമാഹാത്മ്യം

മഹാപാതകസംഘാശ്ച പാതകാന്യപരാണ്യപി
നശ്യന്തി മുനിശാർദ്ദൂല സത്യം സത്യം ന ചാന്യഥാ
ഏകം ഭസ്മ ധൃതം യേന തസ്യ പുണ്യഫലം ശൃണു
യതീനാം ജ്ഞാനദം പ്രോക്തം വനസ്ഥാനാം വിരക്തിദം

ശ്രീ നാരായണൻ പറഞ്ഞു: അല്ലയോ മുനിവരാ, മഹാപാപങ്ങൾ പോക്കാൻ ഭസ്മധാരണം മാത്രമേ ഒരു വഴിയുള്ളു. മറ്റൊന്നിനും ഇത്ര പാപനാശനശക്തിയില്ല. ഒരു തവണ ഭസ്മം തൊട്ടാൽപ്പോലും അത് പുണ്യ പ്രദമാണ്. സന്യാസിക്ക് ജ്ഞാനവും വാനപ്രസ്ഥന് വിരക്തിയും നൽകുന്ന ആചാരമാണ് ഭസ്മം തൊടൽ. ഇത് ഗൃഹസ്ഥർക്ക് ധർമ്മൈശ്വര്യങ്ങൾ നൽകുന്നു. ബ്രഹ്മചാരിക്ക് സ്വാധ്യായ പ്രചോദനവും ഭസ്മം തൊടുന്നതു കൊണ്ടുണ്ടാവും.

ശൂദ്രർക്ക് ഇത് പുണ്യം നേടിക്കൊടുക്കും. മറ്റുള്ളവർക്ക് പാപമുക്തിയും ലഭിക്കും. സർവ്വരക്ഷാർത്ഥമാണ് ഭസ്മോദ്ധൂളനവും ത്രിപുണ്ഡ്രധാരണവും വിധിച്ചിട്ടുള്ളത്. എല്ലാവർക്കും അനുഷ്ടിക്കാനാവുന്ന ഒരു നിത്യയജ്ഞം തന്നെയാണിത്.  സർവ്വധർമ്മസ്വരൂപവുമാണിതെന്ന് ശ്രുതികൾ പറയുന്നു. ശിവലിംഗാർച്ചനയുമായി ബന്ധപ്പെടുത്തിയും ഇതിനെപ്പറ്റി പറഞ്ഞു വരുന്നു. സകലർക്കും ജ്ഞാനലാഭത്തിനായും ത്രിപുണ്ഡ്രം അണിയാം.

ത്രിമൂർത്തികളും ഇന്ദ്രനും നെറ്റിമേൽ ഭസ്മക്കുറിയിടുന്നു. ഹിരണ്യഗർഭനും വരുണാദികളും ഈ ആചാരം മുടക്കാതെ ചെയ്യുന്നു. ഉമാദേവിയും, ലക്ഷ്മീദേവിയും സരസ്വതീദേവിയും മാത്രമല്ല ആസ്തികരായ ദിവ്യവനിതകളെല്ലാം ഭസ്മോദ്ധൂളനവും ഭസ്മക്കുറിയിടലും നിത്യവും ചെയ്യുന്നതാണ്. അതുപോലെ മുനിമാരും  യക്ഷരാക്ഷസഗന്ധർവ്വ സിദ്ധവിദ്യാധരൻമാരുമെല്ലാം  ഭസ്മധാരണത്തിൽ നിത്യോൽസുകരാണ്. നാലുവർണ്ണത്തിലുള്ള മനുഷ്യരും സങ്കര ജാതിക്കാർ പോലും വിഭൂതിയണിയുന്നു. നിത്യവും വിഭൂതിയണിയുന്നവരാണ് വിദ്വാൻമാരാവുന്നത്. മറ്റുള്ളവർ മൃഗതുല്യരാണ്.

മുക്തിസ്ത്രീയെ വശീകരിക്കാൻ ശിവലിംഗമാണ് വശ്യമണിയാകുന്നത്. പഞ്ചാക്ഷരമായ ശൈവമന്ത്രം സഖ്യവും വിഭൂതി അതിനുള്ള ഔഷധവുമാണ്. വിഭൂതി ധരിച്ച ഒരുവന്, അവൻ വിദ്വാനോ മൂർഖനോ ആവട്ടെ, ഭക്ഷണം കൊടുക്കുന്നത് പത്നീസമേതം മഹാദേവനെ ഊട്ടുന്നതിന് തുല്യമാണ്. സർവ്വാംഗം ഭസ്മം പൂശിയ ഒരാളെ അനുഗമിക്കുന്നവർ എത്ര പാതകം ചെയ്തവരാണെങ്കിലും അചിരേണ അവരും പൂജിതരായിത്തീരും. അങ്ങിനെയുള്ള സാധുവിനെ പുകഴ്ത്തുന്നതും പാപവിമുക്തിയേകും. ഭസ്മം ധരിച്ചവന് ഒരു നേരത്തെയെങ്കിലും ഭിക്ഷ കൊടുക്കുന്നത് ആരാണോ അവനാണ് ജ്ഞാനി. അവൻ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചവനാണ്.

ഭസ്മധാരി അനാര്യദേശത്ത് വസിക്കുന്നവനാണെങ്കിലും അവനെ കാശിയിൽ വസിക്കുന്നവനോടൊപ്പം സുകൃതവാനെന്ന് കരുതണം. ഒരുവന്‍ ദുശ്ശീലത്തിനടിമയാണെങ്കില്‍ പോലും, അയോഗ്യനാണെങ്കിലും  ഭസ്മധാരണമോന്നുകൊണ്ട്  ബ്രഹ്മാവിനെപ്പോലെ പൂജിതനാവും. നാട്യമായിപ്പോലും ഭസ്മക്കുറിയിടുന്നവൻ പൂജിതനാണ്. സമ്പർക്കഗുണം കൊണ്ട് മാത്രമോ അല്ലെങ്കിൽ വെറും രസത്തിനോ ആണെങ്കിൽപ്പോലും വിധിപ്രകാരം ഭസ്മം ധരിക്കുന്നതുകൊണ്ടു് ഒരുവന് എനിക്കു തുല്യമായ പദവിയിൽ എത്താനാവും.

ത്രിമൂർത്തികൾക്കും അവരുടെ ധർമ്മദാരങ്ങൾക്കും ഭസ്മധാരണം അതീവ സന്തോഷകരമായ ഒന്നാണ്. സാധകർക്ക് ഭസ്മം ധരിച്ച് അവരെ തുഷ്ടരാക്കാം. ദാനം, തപസ്സ്, തീർത്ഥയാത്ര, ഇവ കൊണ്ടൊന്നും ലഭിക്കാത്ത പുണ്യം ത്രിപുണ്ഡ്രധാരണത്തിൽ നിന്നുണ്ടാവും. രാജാക്കൻമാർ രാജചിഹ്നം ധരിച്ചവനെ തന്റെ അസ്മാദികളായി കണക്കാക്കുന്നതുപോലെ ത്രിപുണ്ഡ്രം ധരിച്ചവനെ മഹാദേവൻ സ്വന്തമാളായി കണക്കാക്കുന്നു.

ബ്രാഹ്മണനാണെങ്കിലും അല്ലെങ്കിലും നിത്യം വിഭൂതിയണിയുന്നവൻ ശിവന് പ്രിയംകരനാണ്. ആചാരഹീനനായി നടന്നവനാണെങ്കിലും നിത്യവും ഭസ്മധാരണം തുടങ്ങുന്നതോടെ അവൻ വിമുക്തനായിത്തീരും. വിഭൂതിയിട്ടവന്റെ കുലമോ ജ്ഞാനമോ വ്രതമോ നോക്കേണ്ടതില്ല. അവൻ പൂജിതനാണെന്ന് മനസ്സിലാക്കാം.

ശിവനേക്കാൾ ശ്രേഷ്ഠനായി ആരുമില്ല. ശിവപൂജയേക്കാൾ ഉൽകൃഷ്ടമായ കർമ്മങ്ങൾ വേറെയില്ല. ഭസ്മസ്നാനത്തേക്കാൾ വലിയ തീർത്ഥമില്ല. വിഭൂതി രുദ്രാഗ്നിയേക്കാൾ ഉത്തമമാണ്. സർവ്വദുഖനിവാരകമാണത്. പാപഹാരിയാണത്. നീചനോ, മൂഢനോ, വിജ്ഞാനിയോ, ഉയർന്ന ജാതിക്കാരനോ ഹീനജാതിക്കാരനോ ആരുമായിക്കൊള്ളട്ടെ അവൻ വിഭൂതിഭൂഷിതനാണെങ്കിൽ അവൻ വാഴുന്നയിടം സർവ്വഭൂതഗണങ്ങളുമൊത്ത് ഉമയോടു കൂടി സദാശിവൻ വാഴുന്നയിടം പോലെ പവിത്രമാകുന്നു.

സദ്യോജാതം തുടങ്ങിയ പഞ്ചബ്രഹ്മമന്ത്രങ്ങളാൽ പവിത്രമാക്കപ്പെട്ട വിഭൂതി ശ്രീ പരമേശ്വരൻ സ്വന്തം മെയ്യിലണിയുന്നതാണ്. അങ്ങിനെയുള്ള ഭസ്മക്കുറി ഒരുവൻ നെറ്റിത്തടത്തിൽ ത്രിപുണ്ഡ്രമായണിഞ്ഞാൽ അതവന്റെ ശിരോലിഖിതങ്ങളെപ്പോലും മായ്ച്ചുകളയും.

Saturday, October 28, 2017

ദിവസം 297 ശ്രീമദ്‌ ദേവീഭാഗവതം. 11.12 കല്പാന്തരോക്തഭസ്മധാരണരീതി

ദിവസം 297   ശ്രീമദ്‌ ദേവീഭാഗവതം. 11.12.  കല്പാന്തരോക്തഭസ്മധാരണരീതി

ദേവർഷേ ശൃണു തത് സർവ്വം ഭസ്മോദ്ധൂളനജം ഫലം
സരഹസ്യവിധാനം ച സർവ്വ കാമഫലപ്രദം
കപിലായാ: ശകൃത്സ്വച്ഛം ഗൃഹീത്വാ ഗഗനേ പതത്
ന ക്ലിന്നം നാപി കഠിനം ന ദുർഗന്ധം ന ചോഷിതം

ശ്രീ നാരായണൻ പറഞ്ഞു: ദേവർഷേ, ഭസ്മം ധരിക്കുന്നതു കൊണ്ട് ലഭിക്കുന്ന ഫലങ്ങൾ അനവധിയാണ്. സർവ്വകാമപ്രദവും രഹസ്യവുമാണതിന്റെ രീതികൾ. അഗ്നിനിറമുള്ള പശുവിന്റെ യോനിയിൽ നിന്നും ദുർഗ്ഗന്ധമില്ലാത്ത ചാണകം എടുക്കണം. അത് വല്ലാതെ മുറുകിയതോ അഴഞ്ഞതോ ആകരുത്. ചാണകം താഴെ വീഴുകയാണെങ്കിൽ അതിന്റെ മുകൾഭാഗവും താഴ്ഭാഗവും നീക്കിയിട്ട് വേണം ഉരുളകളാക്കാൻ. ഉരുളകൾ തീയിലിട്ട് നീറ്റി ആ ഭസ്മം കഴുകിത്തുടച്ച് ശുദ്ധമാക്കിയ ഒരു പാത്രത്തിൽ നിക്ഷേപിക്കുക. അതൊരു ശുഭ്രവസ്ത്രം കൊണ്ട് മൂടുക.

മന്ത്രമുച്ചരിച്ച് വേണം പാത്രത്തിൽ ഭസ്മം ഇടാൻ. പാത്രം സ്വർണ്ണം കൊണ്ടോ മണ്ണുകൊണ്ടോ മരം കൊണ്ടോ ആവാം. അല്ലെങ്കിൽ ഒരു തുണിസഞ്ചിയിലും അത് നിധിപോലെ പട്ടിൽപ്പൊതിഞ്ഞ് സൂക്ഷിക്കാം. യാത്രയിൽ അത് സ്വയം കൊണ്ടു നടക്കുകയോ ഭൃത്യന്റെ കൈയിൽ ഏല്പിക്കുകയോ ചെയ്യാം. എന്നാൽ അത് അശുദ്ധമായ ഒരിടത്തും വയ്ക്കരുത്. അർഹതയില്ലാത്തവന്റെ കയ്യിൽ കൊടുക്കുകയുമരുത്. അതിനെ എടുത്തെറിയുകയോ മറികടക്കുകയോ ചെയ്യരുത്.

വിധിപ്രകാരം മന്ത്രസഹിതം ഭസ്മക്കുറി നെറ്റിയിലണിയുന്നവൻ ശിവതുല്യനാകും. ശിവസന്നിധിയിൽ വിധിപ്രകാരം തയ്യാറാക്കിയ ഭസ്മം വൈദികൻമാർക്കെല്ലാം ചോദിച്ച് വാങ്ങി ഉപയോഗിക്കാം. തന്ത്രപരമായുള്ള  വിധിയനുസരിച്ച്  ഉണ്ടാക്കിയെടുത്ത ഭസ്മം എവിടെ നിന്നാണെങ്കിലും വൈദികർ വാങ്ങരുത്.

കാപാലികൻമാരും നിരീശ്വരൻമാരും ശൂദ്രൻമാരുമൊന്നും  ഭസ്മക്കുറിയണിയാൻ വിമുഖരാകരുത്. ഭക്തിപൂർവ്വം മൂന്ന് വരകളുള്ള ഭസ്മക്കുറി എല്ലായപ്പോഴും അണിയുക.  വേദവിധികൾ ഇപ്രകാരമായതിനാൽ ഭസ്മക്കുറിയിടാത്തവര്‍ പതിതരായി കണക്കാക്കപ്പെടും. ബ്രാഹ്മണർ ഭസ്മക്കുറിയണിയുമ്പോൾ അത് മന്ത്രസഹിതമായിരിക്കണം. ഭക്തിപൂർവ്വം ഭസ്മോദ്ധൂളനവും മൂന്നു ഭസ്മക്കുറിയും അണിയാത്തവർക്ക് കോടി ജന്മം കൊണ്ടും മുക്തി ലഭിക്കുകയില്ല. വിധിപ്രകാരം ഭസ്മം ധരിക്കാതെ ഭക്ഷണം കഴിക്കുന്നവന്റെ ജന്മം സൂകര ജന്മത്തിനു സമമത്രേ. ഭസ്മക്കുറിയണിയാത്തവന്റെ ദേഹത്ത് ആരും നോക്കരുത്. ആ ദേഹം ശ്മശാനതുല്യമാകുന്നു.

ശിവനെ പൂജിക്കാത്ത ജന്മം തന്നെ നിന്ദ്യമാണ്. ശിവക്ഷേത്രമില്ലാത്ത നാടും ശൈവമല്ലാത്ത വിദ്യയും നിന്ദ്യമത്രേ. ഭസ്മക്കുറിയെ നിന്ദിക്കുന്നവർ ശിവനിന്ദയാണ്  ചെയ്യുന്നത്. ഭക്തിപൂർവ്വം ത്രിപുണ്ഡ്രം ധരിക്കുന്നവർ സാക്ഷാൽ ശിവനെയാണ് ധരിക്കുന്നത്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും ഭസ്മക്കുറിയും ഭസ്മോദ്ധൂളനവും ചെയ്യാത്തവരുടെ പ്രവൃത്തികൾക്ക് വിപരീതഫലമാണുണ്ടാവുക. മുമ്പു ചെയ്തിട്ടുള്ള സത്കർമ്മങ്ങൾക്കും ഫലമുണ്ടാവില്ല. ഭസ്മക്കുറിയണിയാത്ത സ്മാർത്തന്റെ വേദാചാരങ്ങൾ അനർത്ഥമുണ്ടാക്കും. അങ്ങിനെയുള്ളവൻ ചെയ്തത് ചെയ്യാത്തതും കേട്ടത് കേൾക്കാത്തതും പഠിച്ചത് പഠിക്കാത്തതും ആയിത്തീരും.

ത്രിപുണ്ഡ്രം ധരിക്കാത്തവന്റെ തപസ്സ്, യജ്ഞം, ദാനം, വേദപാഠം, വ്രതോപവാസങ്ങൾ, എന്നിവയെല്ലാം വ്യർത്ഥം. ഭസ്മധാരണം കൂടാതെ മുക്തിയാഗ്രഹിക്കുന്നവൻ വിഷം കുടിച്ച് വൃഥാ അമൃതത്വം ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.

സൃഷ്ടാവായ ബ്രഹ്മാവ് സൃഷ്ടിയെന്ന വ്യാജേന ത്രിപുണ്ഡ്രത്തെ ധരിക്കാൻ ആഹ്വാനം ചെയ്യുന്നു. എല്ലാവരുടെയും നെറ്റിത്തടം വട്ടത്തിലോ നെടുകെയോ അല്ല സൃഷ്ടിച്ചത്. വിലങ്ങനെയാണ്. എല്ലാവരുടെയും നെറ്റിയിൽ ജന്മനാ ഉള്ള രേഖകൾ നെടുകെയുമായാണ്. മൂഢരായ മനുഷ്യർ എന്നിട്ടും വിധിപ്രകാരം ത്രിപുണ്ഡ്രം ധരിക്കുന്നില്ല. വിലങ്ങനെ മൂന്ന് ഭസ്മക്കുറികൾ ധരിക്കാത്ത ബ്രാഹ്മണൻ ചെയ്യുന്ന ഏതു കർമ്മവും വെറും വ്യർത്ഥം. ശൂദ്രന് വേദപാഠാധികാരം ഇല്ലാത്തതുപോലെ ഭസ്മം തൊടാത്ത വിപ്രന് ശിപാർച്ചന ചെയ്യാൻ അധികാരമില്ല.

കൈകാൽ കഴുകി ആചമിച്ച് കിഴക്കോട്ട് തിരിഞ്ഞ് പ്രാണായാമവും സങ്കൽപ്പവും ചെയ്ത് മന്ത്രജപത്തോടെ നിത്യവും ദ്വിജൻ ഭസ്മം ധരിക്കണം. ശിരസ്സിൽ 'ഈശാന' മന്ത്രത്തോടെ. 'പുരുഷ'മന്ത്രത്തോടെ നെറ്റിയിൽ. 'അഘോര' മന്ത്രസഹിതം മാറിടത്തിൽ 'വാമന'മന്ത്രത്താൽ നാഭിയിൽ. 'സദ്യോജാത' മന്ത്രത്താൽ കാൽപ്പാദങ്ങളിൽ എന്നതാണ് ശരിയായ ഭസ്മധാരണ രീതി. പിന്നെ പ്രണവമന്ത്രം ജപിച്ച്‌ ദേഹമാസകലം ഭസ്മം തൂകി ആഗ്നേയസ്നാനം പൂർത്തിയാക്കുക.

ആഗ്നേയസ്നാനം കഴിഞ്ഞ് കൈകഴുകി മൂന്നു തവണ ആചമിച്ച് നെറ്റിയിൽ വിലങ്ങനെ വേണം ഭസ്മക്കുറിയണിയാൻ. ഇത് എല്ലാ കർമ്മങ്ങൾക്കും ശുദ്ധിയേകും. ശൂദ്രൻമാർ ചണ്ഡാലൻമാരിൽ നിന്നും ഭസ്മം വാങ്ങി തൊടരുത്. അഗ്നിഹോത്രജ ഭസ്മം ധരിച്ചു ചെയ്യുന്ന കർമ്മങ്ങൾ മാത്രമേ ഫലവത്താകൂ.

ത്രിപുണ്ഡ്രം ധരിക്കാത്തവന് സത്യം, ശൗച്യം, ജപം, ഹോമം, തീർത്ഥം, വേദം, പൂജ, ഇവയെല്ലാം വ്യർത്ഥമായി അനുഭവപ്പെടും. രുദ്രാക്ഷവും ഭസ്മവും വേണ്ടപോലെ ധരിക്കുന്നവൻ രോഗദുരിതങ്ങളെയും ദുർഭിക്ഷത്തെയും തസ്ക്കരരെയും ജയിക്കാൻ പര്യാപ്തിയുള്ളവനാണ്. ഒടുവിലവൻ പുനർജന്മമില്ലാത്ത മുക്തിപദത്തിന്  അർഹനുമാവും. അവൻ മറ്റു ബ്രാഹ്മണർക്കും ദേവൻമാർക്കു പോലും പൂജിതനാവും.

എല്ലാ വേദയജ്ഞവേദികളിലും ത്രിപുണ്ഡ്രധാരി പൂജിതനാണ്. അവൻ മൃത്യുവിനെ ജയിക്കും. മഹർഷേ, ഭസ്മധാരണമാഹാത്മ്യം ഇനിയും പറയാനുണ്ട്.

Friday, October 27, 2017

ദിവസം 296 ശ്രീമദ്‌ ദേവീഭാഗവതം. 11-11 ഭസ്മത്രിവിധത്വം

ദിവസം 296   ശ്രീമദ്‌ ദേവീഭാഗവതം. 11-11  ഭസ്മത്രിവിധത്വം

ത്രിവിധത്വം കഥം ചാസ്യ ഭസ്മന: പരികീർത്തിതം
ഏതത് കഥയ മേ ദേവ മഹത് കൗതൂഹലം മമ
ത്രിവിധത്വം പ്രവക്ഷ്യാമി ദേവർഷേ ഭസ്മന: ശൃണു
മഹാപാപക്ഷയകരം മഹാകീർത്തികരം പരം

നാരദൻ പറഞ്ഞു: അങ്ങ് മൂന്നു വിധത്തിലാണ് ഭസ്മങ്ങൾ ഉണ്ടാക്കുന്നത് എന്നു  പറഞ്ഞു. അവയെപ്പറ്റി കൂടുതൽ അറിയാൻ എനിക്കാഗ്രഹമുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: മഹാപാപങ്ങളെപ്പോലും ഇല്ലാതാക്കുന്ന മൂന്നു തരം ഭസ്മങ്ങളെപ്പറ്റി ഞാൻ പറയാം. പശുവിന്റെ ചാണകം യോനിയിൽ നിന്നും കൈകൊണ്ടെടുത്ത് 'സദ്യോജാതം', മുതലായ ബ്രഹ്മമന്ത്രസഹിതം ചുട്ടെടുക്കുന്ന ഭസ്മം 'ശാന്തികൃത്' എന്നറിയപ്പെടുന്നു. ചാണകം താഴെ വീഴുന്നതിനു മുൻപ് പിടിച്ചെടുത്ത് 'ഷഡക്ഷര' മന്ത്രസഹിതം ചുട്ടെടുക്കുന്ന ഭസ്മം 'പൗഷ്ടികം' എന്നറിയപ്പെടുന്നു. 'ഹ്രൗം' എന്ന 'പ്രസാദ'മന്ത്രം ചൊല്ലി ചുട്ടെടുക്കുന്ന ഭസ്മമാണ് 'കാമദം'.

പ്രഭാതത്തിൽ ശുദ്ധിയോടെ ഭസ്മവ്രതമെടുത്ത് തൊഴുത്തിൽ ചെന്ന് ഗോകുലത്തെ വണങ്ങുക. വർണ്ണാനുരൂപമായുള്ള പശുക്കളുടെ ചാണകമാണ് എടുക്കേണ്ടത്. ബ്രാഹ്മണന് വെള്ളപ്പശുവിന്റെയും ക്ഷത്രിയന് ചുകപ്പു നിറമുള്ള പശുവിന്റെയും വൈശ്യന് പീതവർണ്ണത്തിലുള്ള പശുവിന്റെയും ശൂദ്രന് കറുത്ത പശുവിന്റെയും ചാണകം എടുക്കാം. ശുദ്ധചിത്തനായി പൗർണ്ണമി, അമാവാസി, അഷ്ടമി ദിവസങ്ങളിൽ ചാണകം എടുത്ത് 'ഹൃദയേ നമ' എന്നു ജപിച്ച് ചാണക ഉരുളകൾ ഉണ്ടാക്കി ശുദ്ധമായ ഒരിടത്ത് ഉമിയോ വയ്ക്കോലോ നിരത്തി വയ്ക്കുക.  പ്രസാദമന്ത്രം ചൊല്ലിക്കൊണ്ട് അത് വെയിലത്ത് വച്ചുണക്കുക.

അരണി കടഞ്ഞുണ്ടാക്കിയ തീയിലോ ബ്രാഹ്മണ ഗൃഹത്തിലെ അഗ്നിയിലോ പഞ്ചാക്ഷരം ജപിച്ചു കൊണ്ട് ഉണങ്ങിയ ചാണക ഉരുളകൾ ചുട്ടെടുക്കണം. പ്രസാദമന്ത്രമായ 'ഹ്രൗം' ജപിച്ച് അഗ്നികുണ്ഡത്തിൽ നിന്നും ഭസ്മമെടുത്ത് ഒരു പുതിയ പാത്രത്തിൽ സംഭരിക്കുക. സദ്യോജാതം ജപിച്ചു കൊണ്ട് രാമച്ചം, ചന്ദനം, കാശ്മീരകുങ്കുമം, കൈതപ്പൂ, പാതിരിപ്പൂ മുതലായ സുഗന്ധദ്രവ്യങ്ങൾ ഭസ്മപ്പാത്രത്തിൽ ഇടുക.

തുടർന്ന് ആദ്യം ജലസ്നാനവും പിന്നീട് ഭസ്മസ്നാനവും ചെയ്യാം. മുങ്ങിക്കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൈകാൽ കഴുകി ഭസ്മലേപനം ചെയ്യാം. 'ഈശാനം' ജപിച്ച് ശിരസ്സിലും 'തത്പുരുഷം' ജപിച്ച് മുഖത്തും 'അഘോരം' ജപിച്ച് ഹൃദയ ഭാഗത്തും 'വാമമന്ത്രം' ജപിച്ച് നാഭിയിലും ഭസ്മം പൂശിയ ശേഷം 'സദ്യോജാതം' കൊണ്ട് ദേഹമാസകലം ഭസ്മമണിയുക. എന്നിട്ട് ആദ്യവസ്ത്രം മാറ്റി മറ്റൊരു ശുഭ്രവസ്ത്രം ധരിക്കുക. എന്നിട്ട് കൈകാൽ കഴുകി ആചമിക്കുക. ഇനി ഭസ്മം ഉദ്ധൂളനം ചെയ്യുന്ന ഭാവേന ത്രിപുണ്ഡ്രം ധരിക്കാം.

ഉച്ചയ്ക്ക് മുൻപാണെങ്കിൽ വെള്ളത്തിൽ കുഴച്ചും അല്ലെങ്കിൽ വെള്ളം ചേർക്കാതെയും ത്രിപുണ്ഡ്രം ധരിക്കാം. ചൂണ്ടാണിവിരലും മോതിരവിരലും നടുവിരലും ചേർത്ത് പിടിച്ചാണ് ത്രിപുണ്ഡ്രം ഇടേണ്ടത്. മൂർധാവിൽ, നെറ്റിയിൽ, കാതിൽ, കഴുത്തിൽ, മാറിൽ, കൈകളിൽ, എല്ലാം ത്രിപുണ്ഡ്രം ധരിക്കണം. വിരലഞ്ചും ചേർത്ത് പ്രസാദ മന്ത്രം ചൊല്ലി മൂർധാവിലും , മൂന്നു വിരൽ ചേർത്ത് 'സ്വാഹാ' മന്ത്രം ചൊല്ലി നെറ്റിയിലും, 'സദ്യോമന്ത്രം' ചൊല്ലി വലംകാതിലും, 'വാമദേവമന്ത്രം' ചൊല്ലി ഇടംകാതിലും, 'അഘോര മന്ത്രം' ചൊല്ലി നടുവിരൽ കണ്ഠത്തിലും ഗുദത്തിലും, 'ഹൃദയേ നമ' എന്ന ചൊല്ലി മാറിലും ശിഖാമന്ത്രമായ 'വഷട്' ചൊല്ലി വലതുകയ്യാൽ ഇടതു കയ്യിലും തിരിച്ചും ഭസ്മമിടുക. 'ഈശാനം' ചൊല്ലി നടുവിരൽ കൊണ്ട് നാഭിയിലും ഭസ്മം തൊടാം .

നാം ഭാസ്മംകൊണ്ട് വരയ്ക്കുന്ന മൂന്നുരേഖകൾ ത്രിമൂർത്തികളാണ്. ഏറ്റവും താഴെ ബ്രഹ്മാവ്, അതിനു മുകളിൽ വിഷ്ണു, ഏറ്റവും മുകളിൽ ശിവൻ. ഒരു വിരൽ കൊണ്ടിടുന്ന രേഖയ്ക്ക് ഈശ്വരനാണ് ദേവത. ശിരസ്സിലെ ദേവത ബ്രഹ്മാവ്. നെറ്റിയിൽ ഈശ്വരൻ. കർണ്ണങ്ങളിൽ അശ്വിനീദേവകൾ. കണ്ഠത്തിൽ ഗണനാഥൻ. എന്നിവയാണ് സ്ഥാനദേവതമാർ . ഭസ്മോദ്ധൂളനം ബ്രാഹ്മണർക്ക് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റുള്ളവർക്ക് മന്ത്രജപം കൂടാതെ ഭസ്മം ധരിക്കാം. അദീക്ഷിതരായ ബ്രാഹ്മണര്‍ക്കും മന്ത്രജപമില്ലാതെ ത്രിപുണ്ഡ്രം ധരിക്കാമെന്നാണ് വിധി.

Tuesday, October 24, 2017

ദിവസം 295 ശ്രീമദ്‌ ദേവീഭാഗവതം. 11-10 ഭസ്മനിർമ്മാണവിധി

ദിവസം 295   ശ്രീമദ്‌ ദേവീഭാഗവതം. 11-10 ഭസ്മനിർമ്മാണവിധി

ആഗ്നേയം ഗൗണമജ്ഞാനധ്വംസകം ജ്ഞാനസാധകം
ഗൗണം നാനാവിധം വിദ്ധി ബ്രഹ്മൻ ബ്രഹ്മവിദാം വര
അഗ്നിഹോത്രാഗ്നിജം തദ്വദ്വിരജാനലജം മുനേ
ഔപാസനമുത്പന്നം സമിദഗ്നിസമുദ്ഭവം

ശ്രീ നാരായണൻ പറഞ്ഞു. ഗുണമയമായ ഭസ്മം അജ്ഞാനത്തെ നശിപ്പിക്കുന്നതും ജ്ഞാനത്തെ ഉണർത്തുന്നതുമാണ്. അത് പല വിധത്തിൽ ഉണ്ട്. അഗ്നിഹോത്രം നടത്തിയ അഗ്നിയിൽ നിന്നുമെടുത്തതും വിരജാഗ്നിയിൽ നിന്നും ഉണ്ടായതും ഔപാസനത്തീയിൽ നിന്നെടുത്തതും സമിദഗ്നിയിൽ നിന്നുള്ളതും അടുപ്പിൽ നിന്നെടുത്തതും ദാവാഗ്നിയിൽ നിന്നെടുത്തതും ഗൗണഭസ്മമാണ്.

മൂന്നു വർണ്ണങ്ങളിൽപ്പെട്ടവർ അഗ്നിഹോത്രജവും വിരജാഗ്നിജന്യവുമായ ഭസ്മം ധരിക്കണം. ഗൃഹസ്ഥർ ഔപാസനാഗ്നീ ഭസ്മമാണ് ധരിക്കേണ്ടത്. ബ്രഹ്മചാരികൾ ഹോമാഗ്നിയിൽ നിന്നുമുള്ള സമദഗ്നി ഭസ്മവും ശൂദ്രർ വേദാർഹരായ ബ്രാഹ്മണരുടെ അടുപ്പിൽ നിന്നെടുത്ത ഭസ്മവും ധരിക്കണം. മറ്റുള്ള എല്ലാർക്കും കാട്ടുതീയിൽ നിന്നുണ്ടാവുന്ന ദാവാഗ്നി ഭസ്മം ധരിക്കാം.

മേടമാസത്തിലെ ചിത്രാപൗർണ്ണമി ദിവസമാണ് വിരജാഹോമം നടത്തി ഭസ്മം ശേഖരിക്കാൻ ഉത്തമം. അത് സ്വഗൃഹത്തിലോ ക്ഷേത്രത്തിലോ പൂന്തോട്ടങ്ങളിലോ വച്ച് ചെയ്യാവുന്നതാണ്. പൗർണ്ണമാസിക്ക് മുൻപുള്ള ത്രയോദശി ദിവസം കുളിച്ച് അഗ്നിയെയും ഗുരുവിനെയും വന്ദിച്ച് ശുഭ്രവസ്ത്രം ധരിച്ച് വിശേഷാൽ പൂജകൾ ചെയ്യുക.  വെളുത്ത പൂണൂലും വെള്ള മാലയും ധരിക്കണം. സുഗന്ധചന്ദനം പൂശി കിഴക്കോട്ടോ വടക്കോട്ടോ ദർശനമായിരുന്ന് ദർഭ കൈയിൽ പിടിച്ച് പ്രാണായാമസഹിതം ദേവതാ ധ്യാനം ചെയ്യുക.  "ഞാനീ വ്രതം അനുഷ്ഠിക്കുന്നു" എന്ന സങ്കൽപ്പദീക്ഷ വരിക്കുക. മരണപര്യന്തം, അല്ലെങ്കിൽ പന്ത്രണ്ടു വർഷം ,അല്ലെങ്കിൽ ആറ് വർഷം ,പന്ത്രണ്ട് മാസം, ആറ് മാസം, മൂന്നു മാസം, ഒരു മാസം, പന്ത്രണ്ടു ദിവസം, ആറു ദിവസം മൂന്നു ദിവസം, അല്ലെങ്കിൽ ഒരു ദിവസം, ഞാനീ വ്രതം നടത്തുമെന്ന് ഉചിതം പോലെ സങ്കൽപ്പിക്കുക.

പിന്നെ വിധിയാംവണ്ണം വിരജാഗ്നിയുണ്ടാക്കി അതിൽ നെയ്യ്, ചമത, പായസം എന്നിവ ഹോമിക്കണം. സാധകനിൽ തത്വശുദ്ധിയുണ്ടാവാനാണ് പൗർണ്ണമിക്ക് മുൻപേ ഈ ഹോമം ചെയ്യുന്നത്. ആദ്യം മൂലമന്ത്രം കൊണ്ട് ഹോമിച്ച് പിന്നീട് പൃഥ്വീതത്വം തുടങ്ങിയ നാമങ്ങൾ ചൊല്ലി "ഈ ഹോമം കൊണ്ട് എന്റെ ദേഹതത്വങ്ങൾ ശുദ്ധീകരിക്കപ്പെട്ടെ" എന്നു സങ്കൽപ്പിക്കുകയാണ് ചെയ്യുന്നത്. ആയിരത്തെട്ട് ഉരുവാണ് ഈ മന്ത്രങ്ങൾ ജപിക്കേണ്ടത്. പഞ്ചഭൂതങ്ങൾ, അവയുടെ തന്മാത്രകൾ, അഞ്ചു കർമേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, ത്വക് തുടങ്ങിയ സപ്തധാതുക്കൾ, പഞ്ചവായുക്കൾ, മനോബുദ്ധി അഹങ്കാരങ്ങൾ, ത്രിഗുണങ്ങൾ,  പുമാൻ, പ്രകൃതി, രാഗം, വിദ്യ, കാലം, നിയതി കല, മായ, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ, ശിവതത്വം,ശക്തി, ഇവയാണ് തത്വങ്ങൾ .

വിരജാമന്ത്രങ്ങൾ ജപിച്ച് ഹോമം ചെയ്താൽ സാധകനിലെ രജസ്സ് നശിക്കും. പിന്നെ പഞ്ചാക്ഷരി ജപിച്ച് ചാണകമുരുട്ടി അഗ്നിയിലിടുക. അന്ന് ഹവിസ്സ് മാത്രം ആഹരിച്ച് അഗ്നിയെ സംരക്ഷിക്കുക. പിറ്റേ ദിവസവും അതായത് പതിന്നാലാം ദിവസം (ചതുർദശി ) അതുപോലെ തന്നെ നിരാഹാരനായി കഴിയണം. പൗർണ്ണമിക്ക് ശുദ്ധനായി ഹോമം അവസാനിപ്പിച്ച് ഭസ്മം ശേഖരിക്കുക. പിന്നീട് കുളിക്കാം. ശിഖാധാരിയോ ജടാധാരിയോ മുണ്ഡനോ ആയാലും ലജ്ജ വിട്ടവനാണെങ്കിൽ ദിഗംബരനോ ആയാലും കുഴപ്പമില്ല. അല്ലെങ്കിൽ കാവിമുണ്ട്, മരത്തോൽ, എന്നിവയുടുക്കാം. ദണ്ഡും മേഖലയും ധരിച്ച് കാൽ കഴുകി രണ്ടു തവണ ആചമിച്ച് വിരജാഭസ്മം കയ്യിലെടുത്ത് പൊടിച്ച് അഗ്നി മുതലുള്ള ആറ് അഥർവ്വണ മന്ത്രങ്ങൾ ജപിച്ച് മൂർദ്ധാവ് മുതൽ പാദം വരെ ക്രമത്തിൽ തൊടുക. പിന്നെ ദേഹമാസകലം ഭസ്മലേപനം ചെയ്യാം. ആ സമയത്ത് പ്രണവമോ ശിവപഞ്ചാക്ഷരിയോ ജപിക്കുക. പിന്നെ പൂണൂൽ ധരിക്കാം.

ശിവഭാവം സ്വയം ഭാവന ചെയ്ത് ശിവനെപ്പോലെ ഇരിക്കുക. മൂന്നു സന്ധ്യകളിലും ഇതാവർത്തിക്കുന്നത് പാശുപതവ്രതമാണ്. പാശുപതം അനുഷ്ഠിക്കുന്നവന് ഭുക്തിയും മുക്തിയും ലഭിക്കും. അവനിലെ മൂഢത്വം പോയി അവന്‍ സകലര്‍ക്കും പൂജനീയനാവും. അവൻ ലിംഗമൂർത്തിയായ സദാശിവനാകുന്നു. സകല സൗഖ്യങ്ങളും പ്രദാനം ചെയ്യുന്ന ഭസ്മസ്നാനം അതീവ പുണ്യപ്രദമത്രേ. ആയുർബലങ്ങളും ശ്രീയും മംഗളവും സമ്പത്തും ലഭിക്കാൻ ഇപ്രകാരം ഭസ്മസ്നാനം ചെയ്താൽ മതി. സർവ്വാംഗം ഭസ്മം പൂശിയവനെ മഹാമാരികൾ ബാധിക്കയുമില്ല.

ഭസ്മങ്ങൾ ശാന്തികം, പുഷ്ടികം, കാമദം എന്നിങ്ങിനെ മൂന്ന് വിധമാണ്.

Monday, October 23, 2017

ദിവസം 294 ശ്രീമദ്‌ ദേവീഭാഗവതം. 11-9 ഭസ്മധാരണ വിധി

ദിവസം 294   ശ്രീമദ്‌ ദേവീഭാഗവതം. 11-9 ഭസ്മധാരണ വിധി

ഇദം ശിരോവ്രതം ചീർണ്ണം വിധിവദ്യൈർദ്വിജാതിഭി:
തേഷാമേവ പരാം വിദ്യാം വദേദജ്ഞാനബാധികാം
വിധിവച്ഛ്രദ്ധയാ സാർധം ന ചീർണ്ണം യൈ: ശിരോവ്രതം
ശ്രൗതസ്മാർത്തസമാചാരസ്തേഷാമനുപകാരക:

ശ്രീ നാരായണൻ പറഞ്ഞു. ശരിയാംവണ്ണം ശിരോവ്രതം അനുഷ്ഠിക്കുന്ന ബ്രാഹ്മണർക്ക് മാത്രമേ ബ്രഹ്മജ്ഞാനമുണ്ടാവൂ. ശിരോവ്രതം അനുഷ്ഠിക്കാത്ത വിപ്രൻ ചെയ്യുന്ന ശ്രൗതസ്മാർത്തകർമ്മങ്ങൾ നിഷ്ഫലമായിത്തീരും. ബ്രഹ്മാദികൾ പോലും ശിരോവ്രതമനുഷ്ഠിച്ചാണ് ദേവമാരായത് എന്ന് മനസ്സിലാക്കുക. അനാദികാലം മുതൽ ഈ വ്രതം അനുഷ്ഠിച്ചു വരുന്നു. മറ്റ് ദേവൻമാർക്കൊപ്പം ത്രിമൂർത്തികൾ പോലും ശിരോവ്രതം അനുഷ്ഠിക്കുന്നു.

എത്ര പാതകങ്ങൾ ചെയ്തവനാണെങ്കിലും ശിരോവ്രതമനുഷ്ഠിച്ച് അവന് പാപവിമുക്തി നേടാം. അഥർവണ വേദത്തിന്റെ ശിരസ്സിലാണ് ശിരോവ്രതം പ്രതിപാദിച്ചിരിക്കുന്നത്. ഇതനുഷ്ഠിക്കാനുള്ള പുണ്യം കിട്ടാൻ സാധകൻ ഭാഗ്യം ചെയ്യണം. ഇതേ വ്രതം സകല വേദശാഖകളിലും പല പേരുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ശിരോവ്രതം, പാശുപതവ്രതം, ശിവവ്രതം എന്നെല്ലാം ഇതറിയപ്പെടുന്നു. എങ്കിലും ശിവാഖ്യവും ചിദ്ഘനവുമായ പ്രതിപാദ്യ വിഷയവും തദ് ജന്യമായ ജ്ഞാനവും എല്ലാ വേദശാഖകളിലും ഒന്നു തന്നെയാകുന്നു.

സർവ്വവിദ്യകളും നേടിയവനാണെങ്കിലും ശിരോവ്രതം അനുഷ്ഠിക്കാത്തവൻ സർവ്വധർമ്മവുമറ്റവനാണ്. സർവ്വപാപശമനിയും സർവ്വവിദ്യാപ്രദായിനിയും ആയതിനാൽ ഈ വ്രതം അതീവനിഷ്ഠയോടെ വേണം അനുഷ്ഠിക്കാൻ. സൂക്ഷ്മവും സൂക്ഷ്മാർത്ഥപ്രദിപാദകവും ആയതിനാൽ അഥർവണ വേദ പ്രകാരമുള്ള ശിരോവ്രതം നിത്യവും ശ്രദ്ധയോടെ ആചരിക്കേണ്ടതാണ്.

പരിശുദ്ധമായ ഭസ്മമെടുത്ത് അഗ്നി തൊട്ട് ആറു മന്ത്രങ്ങൾ ജപിച്ച് ദേഹമാസകലം ഭസ്മം പൂശുന്നതിനെയാണ് ശിരോവ്രതമെന്നു പറയുന്നത്. സന്ധ്യാകാലങ്ങളാണ് ഇതിനനുയോജ്യം. ജ്ഞാനോദയം ഉണ്ടാവുന്നതു വരെ ഇതാചരിക്കേണ്ടതാണ്. സമയപരിധിവച്ച് പന്ത്രണ്ടു വർഷം അല്ലെങ്കിൽ ഒരു വർഷം, ആറു മാസം, മൂന്നു മാസം, പന്ത്രണ്ടു ദിവസം, എന്നിങ്ങനെ നിശ്ചയിച്ച് സങ്കൽപ്പസഹിതം ശിരോവ്രതം ആചരിക്കാം. ശിരോവ്രതം ദീക്ഷിച്ചിരിക്കുന്ന ഒരുവനെ ഉപദേശിക്കാൻ എല്ലാ ഗുരുക്കൻമാരും തയ്യാറാവണം. അങ്ങിനെ ചെയ്യാത്ത ഗുരുവിന്റെ അറിവെല്ലാം നിഷ്ഫലമായിപ്പോകും. അലിവും സ്നേഹവും വിജ്ഞാനവും നിറഞ്ഞ ഗുരു ഈശ്വരതുല്യനാണ്.

അനേകജന്മങ്ങളിൽ ധാർമ്മികമായ ജീവിതം കൊണ്ട് ആർജ്ജിച്ച സുകൃതംകൊണ്ടേ ശിരോവ്രതത്തിനുള്ള താൽപ്പര്യം സാധകരിൽ അങ്കുരിക്കൂ. അങ്ങിനെയല്ലാത്ത അജ്ഞാനികൾക്ക് ഇതിൽ താൽപ്പര്യം ഉണ്ടാവുകയില്ലെന്നു മാത്രമല്ല അവർക്കതിൽ വിദ്വേഷവും ഉണ്ടായേക്കാം. വിദ്വേഷമുളളവന് ആത്മജ്ഞാനം എങ്ങിനെയുണ്ടാവാനാണ്?

ശിരോവ്രത ദീക്ഷയെടുത്തവർക്കേ ബ്രഹ്മവിദ്യ ഉപദേശിക്കാൻ അർഹതയുള്ളൂ. അതുപോലെ വിധിയാംവണ്ണം പാശുപതവ്രതം അനുഷ്ഠിച്ചിട്ടുള്ള അന്തണർക്കേ ബ്രഹ്മവിദ്യ സ്വീകരിക്കാനും അർഹതയുള്ളൂ. മൃഗതുല്യനാണെങ്കിലും അവന്റെ 'പശുത്വം' ഈ വ്രതമാചരിച്ചാൽ ഇല്ലാതാകും. അവൻ മൃഗങ്ങളെ കൊന്നാൽപ്പോലും പാപമില്ല എന്നും പറയപ്പെടുന്നു.

ജാബാലമതാനുയായികൾ ത്രിപുണ്ഡ്രത്തെ ധരിക്കേണ്ടുന്നതിനെപ്പറ്റി പറയുന്നുണ്ട്. നെറ്റിയില്‍ വരയ്ക്കുന്ന മൂന്നു ഭസ്മക്കുറിയാണിത്‌.  ത്രൈംബക മന്ത്രവും പ്രണവവും ജപിച്ച് വേണം ഇത് ധരിക്കാൻ. ഗൃഹസ്ഥർ നിത്യവും ത്രിപുണ്ഡ്രം ധരിക്കണം. ജാബാലിക ശ്രുതിപ്രകാരം ഭിക്ഷുക്കളും മൂന്നുവട്ടം ഓംകാരം ജപിച്ച് ഹംസമന്ത്രത്തോടെ വേണം നിത്യവും ഇതണിയാൻ. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും ത്രിപുണ്ഡ്രം ധരിക്കാൻ വിധിയുണ്ട്. 'മേധാവീ', തുടങ്ങിയ മന്ത്രങ്ങൾ ചൊല്ലിയാണ് ബ്രഹ്മചാരികൾ നിത്യവും ത്രിപുണ്ഡ്രം ധരിക്കേണ്ടത്.

ബ്രാഹ്മണർ നനച്ച ഭസ്മം കൊണ്ട് നെറ്റിത്തടത്തിൽ വിലങ്ങനെ നിത്യവും ത്രിപുണ്ഡ്രം ധരിക്കണം. മഹാദേവനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നിത്യധർമ്മമായി ബ്രാഹ്മണർ ഇതാചരിക്കണം. ആദിബ്രാഹ്മണനായ ബ്രഹ്മദേവനും ഭസ്മധാരിയാണ്. അതുകൊണ്ടും ബ്രാഹ്മണർ നിത്യവും ചെയ്യേണ്ടതാണിത്. വിധിപ്രകാരം ഭസ്മമുണ്ടാക്കി ദേഹം മുഴുവൻ ഭസ്മം പൂശുമ്പോൾ ഓംകാരത്തോടെ 'ത്രയംബകം' അല്ലെങ്കിൽ 'നമശിവായ' ജപിക്കാം. അതിനൊപ്പം നിത്യവും ശിവലിംഗാഭിഷേകവും ചെയ്യണം.

സന്യാസാശ്രമി നെറ്റിയിൽ കൂടാതെ മാറിലും കൈകളിലും നിത്യവും ത്രിപുണ്ഡ്രം ധരിക്കണം. ബ്രഹ്മചാരികൾ അഗ്നിഹോത്രജന്യമല്ലാത്ത ഗൗണ ഭസ്മമാണ് ധരിക്കേണ്ടത്. 'ത്രിയായുഷാ', 'മേധാവീ', മുതലായ മന്ത്രങ്ങളാണ് ബ്രഹ്മചാരികൾ ജപിക്കേണ്ടത്.

'ശിവായ നമ:', എന്നു ജപിച്ച് ശൂദ്രരും നിത്യവും ഭസ്മം ധരിക്കണം. ഹീന ജാതിയിലുള്ളവർക്ക് മന്ത്രജപം കൂടാതെ ഭസ്മധാരണവും ധൂളനവും നടത്താം. സർവ്വധർമ്മങ്ങളിലും വച്ച് അതിശ്രേഷ്ഠമാകയാൽ ഇത് നിത്യാചാരമായി എല്ലാവര്‍ക്കും അനുഷ്ഠിക്കാവുന്നതാണ്.

അഗ്നിഹോത്രത്തിൽ നിന്നോ വിരജാഗ്നിയിൽ നിന്നോ ഉള്ള ചാരം ആദരപൂർവ്വമെടുത്ത് പാത്രത്തിലാക്കി കൈകാൽ കഴുകി ആചമിച്ച് ശ്രദ്ധയോടെ ഭസ്മമെടുത്ത്  'സദ്യോജാതം', 'പ്രപദ്യാമി' തുടങ്ങിയ പഞ്ചബ്രഹ്മ മന്ത്രത്തോടെ മൂന്നുരു പ്രാണായാമം ചെയ്യുക. 'അഗ്നിരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വായുരിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വംഹവാ ഇദം ഭസ്മ ', എന്നീ ആറു മന്ത്രങ്ങളും കൂടെ 'തേജോ ഭസ്മ' എന്നു കൂടി മൂന്നുരു ജപിക്കുക.

'ഓം ആപോ ജ്യോതി' എന്ന മന്ത്രം  ജപിച്ച് മഹാദേവനെ ധ്യാനിക്കുക. പിന്നെ 'അഗ്നിരിതി ഭസ്മ',  മുതലായ മന്ത്രങ്ങൾ ജപിച്ച് പൊടി ഭസ്മം ദേഹമെല്ലാം പൂശുക. അങ്ങിനെ സാധകൻ നിർമ്മലനും പാപവിമുക്തനും ആയിത്തീരും. പിന്നെ മഹാവിഷ്ണു ധ്യാനത്തോടെ വരുണനെയും സ്മരിച്ച് ഭസ്മം ജലത്തിൽ കുഴച്ച് 'അഗ്നിരിതി' ജപസഹിതം ജഗദംബാധ്യാനത്തോടെ ശിരസ്സിനു മുകളിൽ തൊട്ടുക. ഇങ്ങിനെ ഭാവനകൊണ്ട് ബ്രഹ്മഭൂതമായിത്തീർന്ന ഭസ്മം സ്വാശ്രമത്തിന് ഉചിതമായ രീതിയിൽ നെറ്റിയിലും മാറ്റിലും ചുമലിലും പൂശുക. നടുവിരലും മോതിരവിരലും ചേർത്ത് ഇടതുനിന്നും വലത്തോട്ട് രണ്ടു വരയും പെരുവിരൽ കൊണ്ട് വലത്തു നിന്ന് ഇടത്തോട്ട് ഒരു വരയും ഭസ്മം കൊണ്ട് വരച്ച് ത്രിപുണ്ഡ്രം പൂർത്തിയാക്കാം. നിത്യവും ത്രിസന്ധ്യകളിൽ ഭക്തിപൂർവ്വം ഇങ്ങിനെയാണ് ഭസ്മം തൊടേണ്ടത്.

Sunday, October 22, 2017

ദിവസം 293 ശ്രീമദ്‌ ദേവീഭാഗവതം. 11-8 ഭൂതശുദ്ധിപ്രകാരം

ദിവസം 293   ശ്രീമദ്‌ ദേവീഭാഗവതം. 11-8 ഭൂതശുദ്ധിപ്രകാരം

ഭൂതശുദ്ധിപ്രകാരം  ച കഥയാമി മഹാമുനേ
മൂലാധാരാത് സമുത്ഥായ കുണ്ഡലീം പരദേവതാം
സുഷുമ്നാമാർഗ്ഗമാശ്രിത്യ ബ്രഹ്മരന്ധ്രഗതാം സ്മരേത്
ജീവംബ്രഹ്മണിസംയോജ്യ ഹംസ മന്ത്രേണസാധക:

ശ്രീ നാരായണൻ പറഞ്ഞു: ഇനി ഞാൻ ഭൂതശുദ്ധി ചെയ്യുന്ന വിധം പറഞ്ഞു തരാം . മൂലാധാരത്തെ തൊട്ടുണർത്തിയിട്ട് സുഷുമ്നാനാഡിയിലൂടെ കുണ്ഡലിനി ബ്രഹ്മരന്ധ്രം പ്രാപിച്ചതായി ഭാവന ചെയ്യുക.

ഹംസമന്ത്രത്താൽ ജീവബ്രഹ്മൈക്യം സാദ്ധ്യമാക്കിയശേഷം പാദം മുതൽ മുട്ടുവരെയുള്ള ഭാഗത്തെ പൃഥ്വിയായി സ്മരിക്കണം. ചതുഷ് കോണകവും, സവജ്രകവും, 'ലം' എന്ന ബീജ സഹിതം സ്വർണ്ണവർണ്ണത്തിലുമാണ് ആ ഭൂമി നിലകൊള്ളുന്നത്.

പിന്നെ കാൽ മുട്ടുമുതൽ നാഭിവരെ അർദ്ധചന്ദ്രാകാരത്തിൽ രണ്ടു താമരകളോടെ 'വം' ബീജസഹിതം ശ്വേതനിറത്തിൽ ജലമണ്ഡലം ഭാവന ചെയ്യുക.

നാഭി മുതൽ ഹൃദയം വരെ അഗ്നിമണ്ഡലം ഭാവന ചെയ്യുക. ത്രികോണ രൂപത്തിൽ സ്വസ്തികാ ചിഹ്നത്തോടെ 'രം' ബീജ സഹിതമാണ് അഗ്നി മണ്ഡലം.

ഹൃദയം മുതൽ ഭ്രൂമമദ്ധ്യം വരെ ആറു ബിന്ദുക്കളോടുകൂടിയ വായുമണ്ഡലം. 'യം' ബീജമായി വൃത്താകാരത്തിൽ ധൂമ്രവർണ്ണത്തിലാണ് വായുമണ്ഡലം.

ഭ്രൂ മദ്ധ്യത്തിൽ നിന്നും ബ്രഹ്മരന്ധ്രം വരെ 'ഹം' ബീജമാക്കിയ സ്വച്ഛസുന്ദരമായ ആകാശ മണ്ഡലമാണ്.

ഇങ്ങിനെ പഞ്ചഭൂതങ്ങളെ ഭൂമി മുതൽ ക്രമീകമായി ഭാവന ചെയ്ത് ഉറപ്പിച്ച് ഓരോന്നിനെയും ഒന്നിനൊന്നില്‍ വിലയിപ്പിക്കണം. ഭൂമിയെ ജലത്തിൽ, ജലത്തെ അഗ്നിയിൽ, അഗ്നിയെ വായുവിൽ, വായുവിനെ ആകാശത്തിൽ, ആകാശത്തെ അഹങ്കാരത്തിൽ, അഹങ്കാരത്തെ മഹത് തത്വത്തിൽ, മഹത്തത്വത്തെ പ്രകൃതിയിൽ, പ്രകൃതിയെ ആത്മാവിൽ, എന്നിങ്ങിനെയാണാ ക്രമീകവിലയനം.

ഇങ്ങിനെ ശുദ്ധ ജ്ഞാനസ്വരൂപമായിക്കഴിഞ്ഞാൽ പെരുവിരൽ വലുപ്പത്തിൽ ശ്യാമവർണ്ണത്തോടെ ഇടതു കുക്ഷിയിൽ നിലകൊള്ളുന്ന പാപപുരുഷനെ ഓർക്കുക. തല ബ്രഹ്മഹത്യയും, കൈകൾ സ്വർണ്ണക്കവർച്ചയും, ഹൃദയം മദ്യപാനവും, കടിപ്രദേശം ഗുരുതൽപ്പവും, അതിനൊത്ത കാൽകളും മസ്തകവും ആയ അവൻ വാളും പരിചയും കൈയ്യിലേന്തിയിരിക്കുന്നു. തലകീഴായി നില്ക്കുന്ന ആ പാപിയെ  'യം' എന്ന വായുബീജം സ്മരിച്ച് അതിൽ നിന്നുളവായ വായു പൂരകം ചെയ്ത് വറട്ടി ശോഷിപ്പിക്കണം.

പിന്നീട് ആ പാപ പുരുഷനെ ' രം' ബീജമുച്ചരിച്ചുണ്ടാകുന്ന അഗ്നിയിൽ ദഹിപ്പിക്കണം. ഇത് കുംഭകമായി ചെയ്തതിനു ശേഷം പാപപുരുഷനെ എരിച്ച ചാരം 'യം' എന്ന വായു ബീജത്താൽ ഉണ്ടായ വായുവിനാൽ പുറത്തേക്ക് തള്ളണം. ഇതാണ് രേചകം. 'വം' എന്ന ജലബീജമുച്ചരിച്ച് ഉണ്ടായ അമൃത് കൊണ്ട് ആ ഭസ്മം കുഴച്ച് 'ലം' എന്ന ഭൂമി ബീജമുപയോഗിച്ച് ഒരു കനകഗോളം പോലെ ഉരുട്ടണം. 'ഹം' ബീജം ഉച്ചരിച്ചു കൊണ്ട് ആ സുവർണ്ണപിണ്ഡത്തെ കണ്ണാടിയായി സങ്കൽപ്പിച്ച് അതിൽ മുടി തൊട്ട് കാൽ നഖം വരെയുള്ള അംഗങ്ങൾ സങ്കൽപ്പിക്കുക.

പിന്നീടാ പിണ്ഡത്തിലേയ്ക്ക് മനസ്സുകൊണ്ട് ഭൂതങ്ങളെ ബ്രഹ്മത്തിൽ ലയിപ്പിച്ചതിന്റെ ക്രമത്തിൽ ഓരോന്നായി കടത്തിവിട്ടു സ്ഥാപിക്കുക. ബ്രഹ്മവുമായി ഏകീഭവിച്ച ജീവശക്തിയായ കുണ്ഡലിനിയെ സോfഹം എന്ന മന്ത്രത്താൽ ഹൃദയത്തിലേക്ക് ആവാഹിക്കുക. അങ്ങിനെ പരമാത്മസംഗത്താൽ സുധാമയമായ ജീവനെ ഹൃദയകമലത്തിൽ പ്രതിഷ്ഠിച്ച് മൂലാധാര സ്ഥിതയായ കുണ്ഡലിനീ ശക്തിയെ ധ്യാനിക്കുക.

"ആറു കൈകളിലായി ശൂലം, കരിമ്പിൻ വില്ല്, അഞ്ചമ്പുകൾ, തോട്ടി, മണിക്കയർ, രക്തകപാലം, എന്നിവ ധരിച്ചവളും, മൂന്നു കണ്ണുകളുള്ളവളും, ഉയർന്ന സ്തനദ്വയങ്ങളോടുകൂടിയവളും രക്തക്കടലിൽ തോണിപോലെ ചന്തമേറിയ താമരപ്പൂവിൽ ഇരുന്നരുളുന്നവളുമായ ദേവിയാകുന്ന പ്രാണശക്തി  ഞങ്ങൾക്ക് സുഖദായിനിയായിത്തീരട്ടെ" എന്നു ധ്യാനിക്കുക. എന്നിട്ടു് ഭസ്മം തൊടാം. ഇതുകൊണ്ട് ഒരുവന് സർവ്വാധികാരസിദ്ധിയുണ്ടാവും.

വിഭൂതി ധരിക്കുന്നതിന്റെ മാഹാത്മ്യം ശ്രുതി സ്മൃതി പുരാണങ്ങൾ ഉദ്ഘോഷിക്കുന്നുണ്ട്. അതെപ്പറ്റി ഇനി പറയാം.

ദിവസം 292 ശ്രീമദ്‌ ദേവീഭാഗവതം. 11-7 .രുദ്രാക്ഷധാരണ മാഹാത്മ്യം

ദിവസം 292   ശ്രീമദ്‌ ദേവീഭാഗവതം. 11-7 .രുദ്രാക്ഷധാരണ മാഹാത്മ്യം

ഏവം നാരദഷഡ്വക്ത്രോ ഗിരിശേന വിബോധിത:
രുദ്രാക്ഷമ ഹിമാനം ച ജ്ഞാത്വാffസീത് സകൃതാർത്ഥക:
ഇത്ഥം ഭൂതാനുഭാവോ fയം രുദ്രാക്ഷോ വർണ്ണിതോ മയാ
സദാചാരപ്രസംഗേന ശൃണു ചാന്യത് സമാഹിത:

ശ്രീ നാരായണൻ പറഞ്ഞു. പരമശിവൻ ഇപ്രകാരം രുദ്രാക്ഷമാഹാത്മ്യം പറഞ്ഞതു കേട്ട് സ്കന്ദൻ കൃതാർത്ഥനായി. ഇനി ഞാൻ സദാചാരങ്ങളെപ്പറ്റി ചിലത് പറയാം. അനന്തപുണ്യത്തെ പ്രദാനം ചെയ്യുന്ന രുദ്രാക്ഷത്തിന്റെ മാഹാത്മ്യം കേട്ടുവല്ലോ. ഇനിയതിന്റെ ലക്ഷണവും മന്ത്രവിന്യാസ വിധികളും പറയാം. രുദ്രാക്ഷം ദർശനമാത്രയിൽ ലക്ഷം പുണ്യത്തെ പ്രദാനം ചെയ്യും. തൊട്ടാലത് കോടിയും ധരിച്ചാൽ അതിന്റെയിരട്ടി പുണ്യഫലവും ലഭിക്കും. രുദ്രാക്ഷം ധരിക്കുന്നതിലും പുണ്യം അത് വച്ച് ജപിക്കുന്നതുകൊണ്ട് ലഭിക്കും.

നെല്ലിക്ക വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. ലന്തപ്പഴത്തിന്റെയത്ര വലുപ്പമുള്ളവ മദ്ധ്യമം. പയർമണിയുടെ വലുപ്പത്തിലുള്ളവ അധമം. ശിവാജ്ഞയാലാണ് ഭൂമിയിൽ നാലു വർണ്ണങ്ങളിലുമുള്ള മരങ്ങൾ ഉണ്ടായത്. അങ്ങിനെ രുദ്രാക്ഷത്തിലും നാലു വർണ്ണങ്ങളുണ്ട്. വെളുത്ത രുദ്രാക്ഷം ബ്രാഹ്മണനും രക്തവർണ്ണത്തിലുള്ളത് ക്ഷത്രിയനും മഞ്ഞ നിറമുള്ളത് വൈശ്യനും കറുത്തവ ശൂദ്രനുമാകുന്നു. അതത് വർണ്ണക്കാർ അവർക്ക് ചേർന്ന നിറത്തിലുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്.

സമസ്നിഗ്ധവും ദൃഢവും മുള്ള് നിറഞ്ഞതുമായ രുദ്രാക്ഷമണികളാണ് ശുഭഫലദായികൾ. പുഴുക്കുത്തുള്ളവ, മുറിഞ്ഞവ, വിണ്ടവ, മുള്ളില്ലാത്തവ, ദ്രവിച്ചവ, തൊലി മൂടിക്കെട്ടിയവ, എന്നിങ്ങിനെയുള്ള ആറുതരം രുദ്രാക്ഷമണികളും വർജ്ജിക്കണം. സ്വതവേ തുളയുള്ള രുദ്രാക്ഷം ഉത്തമം. മനുഷ്യൻ തുളച്ചെടുക്കുന്നവ മദ്ധ്യമം. മിനുപ്പും ദാർഢ്യവും ഉള്ള രുദ്രാക്ഷമണികൾ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് നല്ലത്. വിശിഷ്ട ലക്ഷണങ്ങളും ഒരേ വലുപ്പമുള്ളവയുമായ മണികൾ കോർത്ത മാലകൾ ദേഹം മുഴുവൻ ധരിക്കാം. ചാണക്കല്ലിൽ ഉരക്കുമ്പോൾ സ്വർണ്ണവർണ്ണം കാട്ടുന്ന രുദ്രാക്ഷം ഏറെ ഉത്തമമത്രേ.

ശിഖയിൽ ഒരെണ്ണം. ശിരസ്സിൽ മുപ്പത്, കഴുത്തിൽ മുപ്പത്തിയാറ്, കൈകളിൽ പതിനാറ് വീതം, മണിബന്ധത്തിൽ പന്ത്രണ്ട്, മാറത്ത് അൻപതെണ്ണം ഇങ്ങിനെയാണ് ഒരു ശിവഭക്തൻ രുദ്രാക്ഷങ്ങൾ മെയ്യിലണിയേണ്ടത്. നൂറ്റിയെട്ട് രുദ്രാക്ഷങ്ങൾ കോർത്തൊരു മാലയാക്കിയും ധരിക്കാം. രണ്ടോ മൂന്നോ മടക്കാക്കി കഴുത്തിലിടാം.

കുണ്ഡലം, കിരീടം, കമ്മൽ, മാല, തോൾ വള, അരപ്പട്ട, ഇവയിലെല്ലാം രുദ്രാക്ഷം ധരിക്കാം. ഊണിലും ഉറക്കത്തിലും രുദ്രാക്ഷം ധരിക്കാവുന്നതാണ്. മുന്നൂറ് രുദ്രാക്ഷം ധരിക്കുന്നത് അധമവും അഞ്ഞൂറ് മദ്ധ്യമവും ആയിരം ഉത്തമവും ആണെന്ന് പറയുന്നു. രുദ്രാക്ഷം ശിരസ്സിൽ ധരിക്കുമ്പോൾ ഈശാനമന്ത്രവും ചെവിയിലാവുമ്പോൾ തൽപ്പുരുഷവും, നെറ്റിയിലും വക്ഷസ്സിലും ധരിക്കുമ്പോൾ അഘോരവും കൈകളിൽ കെട്ടുമ്പോൾ അഘോരബീജവും ജപിക്കണം. ഉദരത്തിൽ അൻപത് രുദ്രാക്ഷങ്ങൾ വാമദേവം ജപിച്ച് കെട്ടണം. ഹൃദയഭാഗത്ത് രുദ്രാക്ഷമണിയുമ്പോൾ സദ്യേജാതം ജപിക്കുക. എല്ലാ രുദ്രാക്ഷങ്ങളും അണിയുമ്പോൾ മൂലമന്ത്രസഹിതം തന്നെ ആവുന്നതാണുത്തമം.

ഏകമുഖരുദ്രാക്ഷം പരബ്രഹ്മസ്വരൂപകമാകുന്നു. അത് ധരിച്ചാൽ സാധകനിൽ പരമതത്വം തെളിഞ്ഞു വരും. രണ്ടു മുഖമുള്ള രുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമായ ഗൗരീശങ്കരം എന്നറിയപ്പെടുന്നു. മൂന്നു മുഖമുള്ളത് അഗ്നിത്രയമാണ്. ഗാർഹപത്യം, ആഹവനീയം, ദക്ഷിണം എന്നിവയാണ് അഗ്നിപ്രയങ്ങൾ.  സ്ത്രീഹത്യാപാപം പോലും ഇല്ലാതാക്കാൻ ഇതിനു സാധിക്കും. അഗ്നി, സാധകനിൽ പ്രസാദിക്കുകയും ചെയ്യും. നാലു മുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്.  ഇത് ധരിക്കുന്നവൻ ആരോഗ്യവും ഐശ്വര്യവും ജ്ഞാനസമ്പത്തും നേടി മഹാത്മാവാകും.

പഞ്ചമുഖരുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപമാകുന്നു. ഇതു കൊണ്ട് മഹേശ്വരപ്രസാദം ലഭിക്കും. ആറ് മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവത ഷൺമുഖനാണ്. ചിലർ പറയുന്നത് വിനായകനാണ് ഷഡ്മുഖരുദ്രാക്ഷത്തിന്റെ അധിദേവനാണെന്നാണ്. ഏഴുമുഖങ്ങൾ ഉള്ള രുദ്രാക്ഷം സപ്തമാതാക്കളെയും സപ്തർഷികളെയും ഏഴുകുതിരകളെ പൂട്ടി നിത്യവും രഥസഞ്ചാരം ചെയ്യുന്ന ആദിത്യനേയും പ്രതിനിധാനം ചെയ്യുന്നു. ഇത് ധരിക്കുന്നതു കൊണ്ട് ഒരുവനില്‍ സർവ്വൈശ്വര്യങ്ങളും ഉണ്ടാവും.

എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് അഷ്ടമാതാക്കളെയും അഷ്ടവസുക്കളേയും ഗംഗയേയും പ്രീതിപ്പെടുത്തുന്നു. ഇവരെല്ലാം അഷ്ടമുഖ രുദ്രാക്ഷത്തിന്റെ അധിദേവതകളാകുന്നു. ഒൻപതു മുഖങ്ങളുള്ള രുദ്രാക്ഷം യമനെ പ്രതിനിധാനം ചെയ്യുന്നു. ഈ രുദ്രാക്ഷം അണിയുന്നവന് മൃത്യു ഭയമുണ്ടാവില്ല. പത്തുദിക്കുകളാണ് പത്തുമുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവതകൾ. ദശദിക്കുകളെയും പ്രീതിപ്പെടുത്താൻ ഇത് ധരിച്ചാൽ മതി.

ഏകാദശരുദ്രൻമാർ ദേവതകളായുള്ള രുദ്രാക്ഷത്തിന് പതിനൊന്ന് മുഖങ്ങളാണുള്ളത്. സൗഖ്യ സംവർദ്ധകമായ ഈ രുദ്രാക്ഷത്തിന്റെ അധിദേവത ഇന്ദ്രനാണെന്നും പറയുന്നു. പന്ത്രണ്ട് മുഖങ്ങളുള്ള രുദ്രാക്ഷം സാക്ഷാൽ വിഷ്ണുസ്വരൂപമത്രേ. പന്ത്രണ്ട് സൂര്യൻമാരെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. സാധകൻ ധരിക്കുന്ന രുദ്രാക്ഷത്തിന് പതിമൂന്നു മുഖങ്ങളാണുള്ളതെങ്കിൽ അത് കാമദവും, സിദ്ധിദവും, ശുഭപ്രദവും ആണ്. കാമദേവൻ അവനിൽ ക്ഷിപ്രപ്രസാദിയുമാവും.

പതിന്നാലു മുഖങ്ങളുള്ള രുദ്രാക്ഷം രുദ്ര ഭഗവാന്റെ നേത്രങ്ങളിൽ നിന്നും ഉണ്ടായതാണ്. സർവ്വവ്യാധികളെയും ഇല്ലാതാക്കി പൂർണ്ണാരോഗ്യം പ്രദാനം ചെയ്യുന്ന ദിവ്യമായ രുദ്രാക്ഷമാണിത്.

രുദ്രാക്ഷം ധരിക്കുന്നവൻ മദ്യമാംസാദികൾ, ചുവന്നുള്ളി, വെള്ളുള്ളി, മുരിങ്ങക്കായ്, പന്നിമാംസം, എന്നിവ വർജ്ജിക്കണം.

ശ്രഹണദിവസം വിഷുസംക്രമം, അയനകാലം, വാവ്, മുതലായ ദിനങ്ങൾ രുദ്രാക്ഷം ധരിക്കാൻ ഉത്തമം. സകലപാപങ്ങളിൽ നിന്നും രുദ്രാക്ഷധാരിക്ക് അതോടെ മുക്തിയായി.

Saturday, October 21, 2017

ദിവസം 291 ശ്രീമദ്‌ ദേവീഭാഗവതം. 11-6.രുദ്രാക്ഷവിധി

ദിവസം 291  ശ്രീമദ്‌ ദേവീഭാഗവതം. 11-6. രുദ്രാക്ഷവിധി

മഹാസേന കുശഗ്രന്ഥി പുത്രാജീവാദയ: പരേ
രുദ്രാക്ഷസ്യ തുനൈകോfപി കലാമർഹതി ഷോഡശീം
പുരുഷാണം യഥാ വിഷ്ണു: ഗ്രഹാണാം ച യഥാ രവി:
നദീനാം തു യഥാ ഗംഗാ മുനീനാം കശ്യപോ യഥാ

ഈശ്വരൻ തുടർന്നു: ദർഭപ്പുല്ലിൽ കോർത്തെടുത്ത പുത്തിലഞ്ഞിപ്പൂമാലയൊന്നും രുദ്രാക്ഷമാലയുടെ പതിനാറിൽ ഒരംശം പോലും മാഹാത്മ്യമുള്ളതല്ല. പുരുഷൻമാരിൽ വിഷ്ണുവാണ് അഗ്രഗണ്യൻ. ഗ്രഹങ്ങളിൽ സൂര്യനും നദികളിൽ ഗംഗയും മുനിമാരിൽ കശ്യപനുമാണ് പ്രഥമഗണനീയർ. കുതിരകളിൽ ഉച്ചൈശ്രവസ്സ്, ദേവൻമാരിൽ ശിവൻ, ദേവിമാരിൽ ഗൗരി, എന്നെല്ലാം പോലെ രുദ്രാക്ഷത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്.

ഇതിലും ശ്രേഷ്ഠമായ സ്തുതികൾ വേറെയില്ല. രുദ്രാക്ഷവ്രതവും ദാനവും അങ്ങിനെതന്നെ മഹത്തരങ്ങളാണ്. അക്ഷയമായ ദാനങ്ങളിൽ ഒന്നത്രേ രുദ്രാക്ഷദാനം. ശാന്തനായ ശിവഭക്തന് രുദ്രാക്ഷം ദാനം ചെയ്യുന്നതിന്റെ പുണ്യമെത്രയെന്ന് പറയുക വിഷമമാണ്. രുദ്രാക്ഷധാരിക്ക് അന്നദാനം ചെയ്യുന്നയാളുടെ ഇരുപത്തിയൊന്ന് തലമുറകൾക്ക് രുദ്ര ലോകപ്രാപ്തി ലഭിക്കും.

അല്ലയോ ഗുഹാ, നെറ്റിയിൽ ഭസ്മക്കുറിയും മെയ്യിൽ രുദ്രാക്ഷവുമില്ലാത്ത ബ്രാഹ്മണൻ ചണ്ഡാലനെക്കാൾ മോശമാണ്. ഒരു രുദ്രാക്ഷമെങ്കിലും തലയിൽ ചൂടിയ ഒരുവന് മാംസഭോജനം, മദ്യപാനം, ചണ്ഡാള സഹവാസം എന്നീ പാപഫലങ്ങളിൽ നിന്നു പോലും മുക്തി കിട്ടും. സർവ്വയജ്ഞതപോദാനാദികൾ കൊണ്ടുള്ള ഫലങ്ങൾ രുദ്രാക്ഷധാരണം കൊണ്ടുമാത്രം ലഭിക്കും. നാലു വേദങ്ങൾ പഠിച്ചതിന്റെ പുണ്യം തീർത്ഥാടനം ചെയ്തതിന്റെ പുണ്യം, വിദ്യകൾ അഭ്യസിച്ചതിന്റെ ഫലം, ഇവയെല്ലാം രുദ്രാക്ഷമാല ധരിച്ച് സ്വായത്തമാക്കാം. മരണസമയത്ത് രുദ്രാക്ഷം ദേഹത്തു കെട്ടി ശരീരമുപേക്ഷിക്കുന്നവന് രുദ്രലോകപ്രാപ്തിയുണ്ടാവും. അവന് വീണ്ടും ജനിക്കേണ്ടതായി വരില്ല. അവന്റെ ഇരുപത്തിയൊന്നു തലമുറകളും രക്ഷപ്പെടും.

വർണ്ണ വ്യത്യാസമെന്യേ ബ്രാഹ്മണർക്കും ശൂദ്രർക്കും രുദ്രാക്ഷ ധാരണം കൊണ്ട് ശിവതത്വപ്രാപ്തിയുണ്ടാവും. നിർഗുണനായാലും സഗുണനായാലും ശുചിയായാലും അശുചിയായാലും അഭക്ഷ്യം കഴിച്ചവനാണെങ്കിലും മ്ലേച്ഛനാണെങ്കിലും പാപിയാണെങ്കിലും രുദ്രാക്ഷ ധാരണമൊന്നുകൊണ്ടുതന്നെ ഒരുവന് രുദ്രലോകം പ്രാപിക്കാനാവും.

രുദ്രാക്ഷം ശിരസ്സിൽ ധരിച്ചാൽ കോടി പുണ്യം. ചെവിയിലാണെങ്കിൽ പത്തുകോടി, കഴുത്തിൽ നൂറ് കോടി, മുടിയിൽ ആയിരം കോടി, പൂണൂലിൽ പതിനായിരം കോടി, കൈയിൽ ലക്ഷം കോടി, എങ്ങിനെയാണ് പുണ്യലഭ്യതയെപ്പറ്റി പറയുന്നത്. മണിബന്ധത്തിൽ രുദ്രാക്ഷം കെട്ടിയവന് മോക്ഷപ്രാപ്തിയാണ് ഫലം. രുദ്രാക്ഷം ധരിച്ച് ചെയ്യുന്ന വൈദിക കർമ്മങ്ങൾക്ക് മഹത്തായ ഫലം ഉറപ്പാണ്.

ഭക്തിയില്ലാതെയാണെങ്കിലും കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നവന് നിത്യവും പാപകർമ്മങ്ങൾ ചെയ്യുന്നവനാണെങ്കിൽക്കൂടി ബന്ധമുക്തിയുണ്ടാവും. എന്നാൽ ഭക്തി വിശ്വാസപൂർവ്വം രുദ്രാക്ഷം ധരിക്കുന്നവന് ശിവതുല്യമായ സ്ഥാനമുണ്ടാവും. ശിവലിംഗത്തെ നമിക്കുന്ന പോലെ ലോകർ അവനെയും വണങ്ങും. പണ്ഡിതനോ പാമരനോ ആകട്ടെ അവൻ കൈലാസമണയും. കീകടത്തിലെ കഴുതയ്ക്ക് അതാണ് സംഭവിച്ചത്.

കീകടത്തിലെ കഴുതയുടെ കഥയറിയാൻ താൽപ്പര്യപ്പെട്ട സ്കന്ദനോട് മഹാദേവൻ തുടർന്നു: മകനേ, പണ്ട് കഴുതപ്പുറത്ത് രുദ്രാക്ഷച്ചുമടും താങ്ങി ഒരാൾ വിന്ധ്യാ പർവ്വതത്തിലൂടെ നടക്കുകയായിരുന്നു. ഭാരം സഹിയാതെ ആ കഴുത വഴിയിൽ ചത്തുവീണു. പെട്ടെന്നത് മൂന്നു കണ്ണുകളോടെ ശൂലപാണിയായി ശിവരൂപം കൈക്കൊണ്ട് കൈലാസമണഞ്ഞു.

രുദ്രാക്ഷത്തിന് എത്ര മുഖങ്ങളുണ്ടോ അത്ര ആയിരം യുഗസഹസ്രങ്ങൾ അത് ധരിക്കുന്നവൻ രുദ്രലോകത്ത് പൂജിക്കപ്പെടും. ഈ തത്വം സ്വന്തം ശിഷ്യൻമാരോടു മാത്രമേ പറയാവൂ. ഭക്തിയില്ലാത്തവരോടും മൂർഖരോടും ഇത് പറഞ്ഞു കൊടുക്കരുത്. എങ്കിലും രുദ്രാക്ഷധാരിയായ അഭക്തനും നീചൻമാര്‍പോലും പാപവിമുക്തരാവും. രുദ്രാക്ഷധാരണത്തോളം പുണ്യം മറ്റൊരാചാരത്തിനും ഇല്ല. മഹാവ്രതമാണിത്. ആയിരം രുദ്രാക്ഷം ദേഹത്ത് ധരിക്കുന്നവൻ ദേവൻമാർക്ക് പോലും ആദരണീയനാണ്. കാരണം അവൻ രുദ്രതുല്യനത്രെ.

രുദ്രാക്ഷം ആയിരം എണ്ണം ധരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൈകളിൽ പതിനാറ് വീതവും മണിബന്ധത്തിൽ പന്ത്രണ്ടു വീതവും കഴുത്തിൽ മുപ്പത്തിരണ്ടും ശിരസ്സിൽ നാൽപ്പതും ചെവികളിൽ ആറെണ്ണം വീതവും മാറിടത്തിൽ നൂറ്റിയെട്ടും, ധരിക്കുന്നവൻ രുദ്രതുല്യനാണ്.

സ്ഫടികം, പവിഴം, മുത്ത്, വൈഡൂര്യം, വെള്ളി, സ്വർണ്ണം, ഇവയോടു കൂടി രുദ്രാക്ഷം ധരിക്കുന്നവന് ശിവനാകാം. എന്നാൽ ഇവയൊന്നുമില്ലാതെ അലസമായാണെങ്കിലും രുദ്രാക്ഷം ധരിക്കുന്നവനെ പാപം സ്പർശിക്കയില്ല. കൂരിരുട്ടിന് സൂര്യനെ തൊടാനാവില്ലല്ലോ.

രുദ്രാക്ഷമാലയോടുകൂടിയുള്ള ജപം  അനന്തമായ സത്ഫലത്തെ പ്രദാനം ചെയ്യുമെന്ന് പറയേണ്ടതില്ല. എന്നാൽ ദേഹത്ത് ഒരു രുദ്രാക്ഷം പോലും ധരിക്കാത്തവന്റെ ജന്മം നെറ്റിയിൽ ഭസ്മം ധരിക്കാത്തവന്റെയെന്നപോലെ വ്യർത്ഥമാണ്. രുദ്രാക്ഷം ശിരസ്സിൽ ചൂടി മുങ്ങിക്കുളിക്കുന്നവന് ഗംഗാസ്നാനഫലം ലഭിക്കും.

ഒരു മുഖം, അഞ്ചുമുഖം, പതിനൊന്ന് മുഖം, പതിന്നാലു മുഖം എന്നിവയുള്ള രുദ്രാക്ഷങ്ങളുണ്ട്. അതിൽ പതിന്നാലു മുഖമുള്ള രുദ്രാക്ഷം സർവ്വസമ്പൂജ്യമാണ്. ശങ്കരസ്വരൂപം തന്നെയായ രുദ്രാക്ഷം ധരിക്കുന്ന പക്ഷം ദരിദ്രൻ പോലും ഭൂപതിയായിത്തീരും.

രുദ്രാക്ഷമാഹാത്മ്യം വെളിവാക്കുന്ന ഒരു കഥയിനിപ്പറയാം. പണ്ട് കോസലത്തിൽ ഗിരിനാഥൻ എന്ന പേരിൽ പ്രസിദ്ധനായ ഒരു ബ്രാഹ്മണൻ വാണിരുന്നു. ധനികനും വിദ്യാവാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുത്രൻ ഗുണനിധി  വിജ്ഞാനവാനായിരുന്നു. കൂടാതെ അദ്ദേഹം പ്രസിദ്ധനും യുവാവായ സുന്ദരനുമായിരുന്നു. കാമസുഭഗനായ ഗുണനിധി തന്റെ ഗുരുപത്നിയായ മുക്താവലിയെ മോഹിപ്പിച്ചു. അവളുമൊത്ത് അവൻ കുറേ നാൾ രമിച്ചു ക്രീഡിച്ച് കഴിഞ്ഞു. പിന്നെയൊരുദിനം അവൻ ഗുരുവിന് വിഷം കൊടുത്ത് കൊന്ന് തന്റെ വേഴ്ചയ്ക്ക് തടസ്സമൊന്നും ഇല്ലാതാക്കി. സ്വന്തം മാതാപിതാക്കൾ ഈ പാതകത്തെപ്പറ്റി അറിഞ്ഞപ്പോൾ അവരെയും അവൻ വകവരുത്തി. ധനമെല്ലാം ധൂർത്തടിച്ചു തീർന്നപ്പോൾ അവൻ ബ്രാഹ്മണ ഗൃഹങ്ങളിൽക്കയറി മോഷ്ടിക്കാനും തുടങ്ങി.

മദ്യപാനത്തിൽ അവൻ സദാ മത്തനായി നടക്കുന്നതു കൊണ്ട് ഗ്രാമവാസികൾ അവനെ ബഹിഷ്ക്കരിച്ചു. അവൻ തന്റെ വിഹാരം കാട്ടിലാക്കി. മുക്താവലിയുമായി അവിടെ വിഹരിക്കവേ അവൻ വീണ്ടും ദ്രവ്യമോഹം മൂലം ഏറെ ബ്രാഹ്മണരെ കൊല്ലുകയും ചെയ്തു. ഒടുവിലവൻ മരിച്ചപ്പോൾ കുറെയേറെ യമദൂതൻമാർ അവിടെയെത്തി. അവനെ കൊണ്ടുപോകാൻ ശിവഗണങ്ങളും അവിടെ വന്നു. രണ്ടു കൂട്ടരും തമ്മിൽ വാഗ്വാദമായി.

"ഇവനിൽ എന്ന പുണ്യം കണ്ടിട്ടാണ് ശിവദൂതരായ നിങ്ങൾ ഇവനെ അവകാശപ്പെടുന്നത്?" എന്ന് യമദൂതര്‍  ആശ്ചര്യപ്പെട്ടു. അപ്പോൾ ശിവദൂതർ പറഞ്ഞു: "ഇവന്റെ മൃതദേഹം കിടന്നിടത്ത് പത്തടി താഴെ മണ്ണിനടിയിൽ ഒരു രുദ്രാക്ഷം കിടപ്പുണ്ട്. അതിന്റെ പ്രഭാവം മൂലം അവന് ശിവലോകപ്രാപ്തി ലഭിക്കുന്നതാണ്. അവനെ ഞങ്ങൾ ശിവസന്നിധിയിലേയ്ക്ക് കൊണ്ടു പോവുന്നു. അങ്ങിനെ ശിവദൂതർ അവനെ വിമാനത്തിൽക്കയറ്റി യാത്രയായി.

ഷൺമുഖാ ചുരുക്കിപ്പറഞ്ഞാൽ ഇതൊക്കെയാണ് രുദ്രാക്ഷമാഹാത്മ്യങ്ങൾ. സർവ്വപാപക്ഷയമാണ് ഈ മാഹാത്മ്യ കഥഎന്നും നീയറിയുക.

ദിവസം 290 ശ്രീമദ്‌ ദേവീഭാഗവതം. 11-5.ജപമാലാലക്ഷണം

ദിവസം 290  ശ്രീമദ്‌ ദേവീഭാഗവതം. 11-5. ജപമാലാലക്ഷണം

ലക്ഷണം ജപമാലയാ: ശൃണു വക്ഷ്യാമി ഷണ്മുഖ
രുദ്രാക്ഷസ്യ മുഖം ബ്രഹ്മാ ബിന്ദു രുദ്ര ഇതീരിതാ
വിഷ്ണു: പുച്ഛം ഭവേച്ചൈവ ഭോഗമോക്ഷഫലപ്രദം
പഞ്ചവിംശതിഭിശ്ചാക്ഷൈ: പഞ്ചവക്ത്രൈ: സകണ്ടകൈ:

ഈശ്വരൻ പറഞ്ഞു: ജപമാലാ ലക്ഷണം ഇനിപ്പറയാം. ത്രിമൂർത്തിസ്വരൂപമായ രുദ്രാക്ഷത്തിന്റെ മുഖം ബ്രഹ്മാവും ബിന്ദു രുദ്രനുമാകുന്നു. പുച്ഛഭാഗം വിഷ്ണുവാണ്.

അഞ്ചു മുഖങ്ങളുള്ള ഇരുപത്തിയഞ്ച് രുദ്രാക്ഷമണികൾ തിരഞ്ഞെടുക്കുക. ചുവപ്പ്, വെള്ള, മിശ്രവർണ്ണം, എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ആരങ്ങളുള്ള മണികളാണ് തിരഞ്ഞെടുക്കേണ്ടത്. അവ തുളച്ച് പശുവിന്റെ വാൽപോലെ കോർത്തെടുക്കുക. രുദ്രാക്ഷത്തിന്റെ മുഖത്തോടു മുഖം ചേർത്ത്, വാലറ്റത്തെ വാലറ്റം ചേർത്ത് കൊരുത്ത് ഒടുവിൽ അറ്റത്തുള്ള രണ്ട് മണികളുടെയും മുഖം മുകളിലേക്ക് പിടിച്ച് നാഗപാശരൂപത്തിൽ കെട്ടിവയ്ക്കണം. അത് ഗന്ധജലം, പഞ്ചഗവ്യം, ശുദ്ധജലം, എന്നിവയിൽ കഴുകിയിട്ട് മന്ത്രന്യാസം ചെയ്ത് ശിവാസ്ത്രമന്ത്രത്താൽ സ്പർശനവും, കവചവും അനുഷ്ഠിക്കുക. പിന്നെയും മൂലമന്ത്രം ന്യസിച്ച് സദ്യോജാതം ജപിച്ച് നൂറ്റിയെട്ട് തവണ മൂലമന്ത്രം ജപിച്ച് മാലയെ ശുദ്ധമായ ഒരിടത്ത് വയ്ക്കുക.

സാക്ഷാൽ സാംബശിവനെയാ മാലയിൽ ആവാഹിക്കുക. അങ്ങിനെ സാധകന് സർവ്വകാമങ്ങളെയും സാധിക്കാം. മറ്റുള്ള ദേവതമാരെയും അവർക്ക് ചേർന്ന ഉചിത മന്ത്രങ്ങളാൽ പൂജിക്കാവുന്നതാണ്. ഭക്തിയോടെ ഈ മാല ശിരസ്സിലോ കഴുത്തിലോ ചെവിയിലോ അണിയാവുന്നതാണ്. ഷൺമുഖാ, ഇനി ഞാനെന്തിനു കൂടുതൽ വിസ്തരിക്കണം? രുദ്രാക്ഷ ധാരണം അത്യന്തം ഉത്തമമാണ്.

സ്നാനം, ദാനം, ജപം, ഹോമം, വൈശ്വദേവം, ദേവാർച്ചനകൾ, പ്രായശ്ചിത്തം, ശ്രാദ്ധം, ദീക്ഷവൈദികകർമ്മങ്ങൾ എന്നിവയ്ക്കെല്ലാം രുദ്രാക്ഷമില്ലങ്കിൽ അവ ഫലപ്രദമാവില്ല. മാത്രമല്ല നരകഭയവും സാധകനെ വിട്ടുപോവുകയില്ല. സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷം ശിരസിലോ കഴുത്തിലോ കൈയിലോ ശുദ്ധമായി ധരിക്കുക. അന്യൻ ഉപയോഗിച്ച രുദ്രാക്ഷം അശുദ്ധമാകയാൽ അത് ധരിക്കരുത്. അശുദ്ധനായി രുദ്രാക്ഷം കൈകാര്യം ചെയ്യരുത്. രുദ്രാക്ഷവൃക്ഷത്താൽ തട്ടിയ കാറ്റ് പോലും പവിത്രമാണ്. അതേറ്റ പുൽക്കൊടി പോലും പുണ്യലോകം പ്രാപിക്കും. രുദ്രാക്ഷം ധരിച്ചു കൊണ്ട് ഒരുവൻ ചെയ്യുന്ന മഹാപാപങ്ങൾ പോലും ഇല്ലാതാകും എന്ന് ജാബാലശ്രുതിയിൽ പറയുന്നു. മൃഗങ്ങൾപോലും രുദ്രാക്ഷം ധരിച്ചാൽ രുദ്രനാവും. പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ?

ശിവഭക്തനായ ഒരുവൻ തലയിലൊരു രുദ്രാക്ഷമെങ്കിലും എപ്പോഴും ധരിക്കണം. അവനെ ദു:ഖങ്ങൾ തീണ്ടുകയില്ല. സർവ്വപാപങ്ങളും നശിച്ച് അവൻ സുഖിയാവും. രുദ്രാക്ഷം ധരിച്ച് ശിവനാമം ജപിക്കുന്നവൻ ഭാഗവതൻമാരിൽ ഉത്തമനത്രെ. ശ്രേയസ്സിനായി ആഗ്രഹിക്കുന്ന മനുഷ്യൻ ദേഹത്തെവിടെയെങ്കിലും - ചെവിയിലോ, കഴുത്തിലോ, വയറ്റത്തോ, ശിഖയിലോ, കൈയിലോ രുദ്രാക്ഷം ധരിക്കുന്നു. ത്രിമൂർത്തികളും, മറ്റു ദേവൻമാരുമിത് നിരന്തരം അണിയുന്നുണ്ട്. മാത്രമല്ല സപ്തർഷിമാരും തദ് വംശജരായ മഹർഷിമാരും ശ്രുതിയനുസരിച്ച് ജീവിക്കുന്നവരും രുദ്രാക്ഷധാരികളത്രേ.

രുദ്രാക്ഷം ഇത്രമേൽ മഹത്താണെന്നുള്ളതുകൊണ്ട് അതിൽ ശ്രദ്ധയില്ലാത്തവർക്കും ജന്മജന്മാന്തരങ്ങൾ കൊണ്ട് മഹാദേവപ്രസാദത്താൽ രുദ്രാക്ഷധാരണത്തോട് അഭിവാഞ്ഛ സഹജമായി ഉണ്ടായി വരും. ജാബാലമുനിമാർ രുദ്രാക്ഷത്തെ പ്രകീർത്തിക്കുന്നു. അതാണ് ഞാനും നിനക്ക് പറഞ്ഞു തരുന്നത്. ലോകപ്രസിദ്ധമാണ് ഈ മാഹാത്മ്യം. രുദ്രാക്ഷ ദർശനം പുണ്യപ്രദമാണ്. അതിനെ സ്പർശിയച്ചാൽ കോടിഗുണമാണ്. ധരിച്ചാലോ ആറ് കോടിയാണ് ഫലം. രുദ്രാക്ഷമാല വച്ച് ജപിക്കുന്നവന് അസംഖ്യം കോടി മടങ്ങാണ് പുണ്യഫലം കിട്ടുക.

ശിരസ്സിലോ കൈയിലോ മാറിലോ കഴുത്തിലോ ചെവിയിലോ രുദ്രാക്ഷം അണിഞ്ഞവൻ രുദ്രതുല്യനാണ്. അവൻ അവധ്യനാണ്. രുദ്രൻ സഞ്ചരിക്കുന്നതുപോലെ അവന് എവിടെയും സഞ്ചരിക്കാം. രുദ്രാക്ഷധാരിയെ എല്ലാവരും പൂജിക്കണം. സ്വകർമ്മം വെടിഞ്ഞു നടക്കുന്നവനും പാപിയും കുലമില്ലാത്തവനും രുദ്രാക്ഷം ധരിച്ച് മുക്തനാവാം. കേവലമൊരു നായാണെങ്കിലും രുദ്രാക്ഷം ധരിച്ചുകൊണ്ടു് മരിക്കുകയാണെങ്കിൽ അതിനും പരമഗതി കിട്ടും. പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? ജപധ്യാനങ്ങൾ ഇല്ലാത്തവനാണെങ്കിലും രുദ്രാക്ഷധാരിയുടെ സകലപാപങ്ങളും ഇല്ലാതായി അവന് പരമപദം പ്രാപ്തമാവും.

മനുഷ്യനായി പിറന്നവൻ ഒരു രുദ്രാക്ഷമെങ്കിലും ദേഹത്തണിഞ്ഞ് തന്റെയും തന്റെ കുലത്തിലെ ഇരുപത്തിയൊന്നു തലമുറയിലുള്ളവരുടെയും പരമ സദ്ഗതി ഉറപ്പാക്കണം. അങ്ങിനെ രുദ്ര ലോകത്ത് അവനും പൂജിതനാവാം.

Thursday, October 19, 2017

ദിവസം 289 ശ്രീമദ്‌ ദേവീഭാഗവതം. 11-4. രുദ്രാക്ഷമാഹാത്മ്യം

ദിവസം 289  ശ്രീമദ്‌ ദേവീഭാഗവതം. 11-4. രുദ്രാക്ഷമാഹാത്മ്യം

ഏവം ഭൂതാനുഭാവോയം രുദ്രാക്ഷോ ഭവതാfനഘ
വർണ്ണിതോ മഹതാം പൂജ്യ: കാരണം തത്ര കിംവദ
ഏവമേവ പുരാ പൃഷ്ടോ ഭഗവാൻ ഗിരിശ: പ്രഭു:
ഷൺമുഖേന ച രുദ്രസ്തം യദുവാച ശൃണുഷ്വ തത്

നാരദൻ പറഞ്ഞു: രുദ്രാക്ഷം ഇത്ര മാഹാത്മ്യമുള്ളതാവാൻ എന്താണ് കാരണമെന്നു പറഞ്ഞു തന്നാലും പ്രഭോ.

ശ്രീ നാരായണൻ പറഞ്ഞു: പണ്ടീ ചോദ്യം ഷൺമുഖൻ പിതാവായ പരമശിവനോട് ചോദിക്കുകയുണ്ടായി. രുദ്രദേവൻ അതിനു മറുപടി പറഞ്ഞു: ഷൺമുഖാ ഞാൻ ആ കഥ ചുരുക്കിപ്പറയാം. പണ്ട് ത്രിപുരൻ എന്ന പേരുള്ള പരാക്രമശാലിയായ ഒരസുരൻ ഉണ്ടായിരുന്നു. ബ്രഹ്മാവിനെയും വിഷ്ണുവിനെയും അവൻ കീഴടക്കി. അപ്പോൾ ദേവവൃന്ദം എന്റെയടുക്കൽ വന്ന് സങ്കടമുണർത്തിച്ചു.

അപ്പോൾ ഞാൻ അഘോരമഹാശാസ്ത്രം സ്മരിച്ചു. സർവ്വദേവമയവും ദിവ്യവും ഘോരജ്വാലാസമന്വിതവുമാണ് ആ ശാസ്ത്രം. ത്രിപുരനെ ഇല്ലതാക്കി ദേവൻമാരെ സംരക്ഷിക്കാനായാണ് ഞാനാ മഹാശാസ്ത്രം ധ്യാനിച്ച് ആയിരം ദിവ്യവർഷങ്ങൾ തപസ്സു ചെയ്തത്. അത്രകാലം കണ്ണുതുറിച്ച് ധ്യാനത്തിലിരുന്ന എന്റെ കണ്ണിൽനിന്നും അശ്രുകണങ്ങൾ നിലത്ത് ഇറ്റുവീണു. അവിടെ വീണ കണ്ണീർക്കണങ്ങളിൽ നിന്നാണ് സർവ്വലോകഹിതത്തിനായി രുദ്രാക്ഷ മഹാവൃക്ഷങ്ങൾ ഉണ്ടായത്. അതെന്റെ സങ്കൽപ്പം തന്നെയായിരുന്നു.

രുദ്രാക്ഷങ്ങൾ മുപ്പത്തിയെട്ടുതരമാണ്. എന്റെ സൂര്യാക്ഷിയിൽനിന്നും പന്ത്രണ്ട് അഗ്നിവർണ്ണ  രുദ്രാക്ഷങ്ങൾ ഉണ്ടായി. സോമനേത്രത്തിൽ നിന്നും പതിനാറ് വെളുത്ത രുദ്രാക്ഷങ്ങൾ ഉണ്ടായി. വഹ്നിനേത്രത്തിൽ നിന്നും പത്ത് രുദ്രാക്ഷങ്ങൾ ശ്യാമവർണ്ണത്തിലുണ്ടായി. വെളുത്ത രുദ്രാക്ഷം ബ്രാഹ്മണനും രക്തവർണ്ണത്തിലുള്ളവ ക്ഷത്രിയനും, മിശ്രവർണ്ണം വൈശ്യനും ശ്യാമവർണ്ണം ശൂദ്രനുമത്രേ.

ഒറ്റമുഖമുള്ള രുദ്രാക്ഷം സാക്ഷാൽ ശിവനാകുന്നു. ബ്രഹ്മഹത്യാപാപം പോലും അതില്ലാതാക്കും. രണ്ടു മുഖമുള്ളവ പാപനാശകരായ ദേവീദേവൻമാരാണ്. മൂന്നു മുഖമുള്ള രുദ്രാക്ഷം സ്ത്രീഹത്യാപാപത്തെപ്പോലും ഇല്ലാതാക്കുന്ന അഗ്നിയാകുന്നു. നാലുമുഖങ്ങളുള്ള രുദ്രാക്ഷം ബ്രഹ്മാവാണ്. നരഹത്യാപാപത്തെ പോക്കുന്നതാണത്. പഞ്ചമുഖരുദ്രാക്ഷം കാലാഗ്നിസന്നിഭനായ രുദ്രനാണ്. അഗമ്യഗമനം, അഭക്ഷ്യഭക്ഷണം, എന്നിവ കൊണ്ടുള്ള പാപം അതില്ലാതാക്കും. ആറ് മുഖങ്ങളുള്ള രുദ്രാക്ഷം ഷൺമുഖനായ കാർത്തികേയനാണ്. അത് വലത്തേ കയ്യിൽ ധരിക്കുന്നത് ബ്രഹ്മഹത്യാ പാപത്തെപ്പോലും ഇല്ലാതാക്കും. ഏഴ് മുഖമുള്ള രുദ്രാക്ഷം കാമദേവനാകുന്നു. സ്വർണ്ണമോഷണം പോലുള്ള പാപങ്ങൾ ഒഴിഞ്ഞു പോകാനത് സഹായിക്കും. എട്ടു മുഖമുള്ളത് സാക്ഷാൽ വിനായകനാണ്. ഭക്തിപൂർവ്വം അഷ്ടമുഖ രുദ്രാക്ഷം ധരിക്കുന്നവൻ മോഷണപാപങ്ങൾ, ഗുരു പത്നിയേയോ ദുഷ്ടകുല സ്ത്രീയേയോ തൊട്ടതിന്റെ പാപങ്ങള്‍ എന്നിവയിൽ നിന്നു മോചനം തേടുന്നു. ഒടുവിലവന് പരമപദം കൈവരും. നവമുഖ രുദ്രാക്ഷം ഇടതു കയ്യിലാണ് ധരിക്കേണ്ടത്. ഭൈരവൻ എന്ന പേരുള്ള ഈ രുദ്രാക്ഷം ധരിച്ചാൽ ഭുക്തിമുക്തികൾ സ്വായത്തമാക്കാം. അവൻ ബലത്തിൽ എനിക്ക് തുല്യനായിരിക്കും. എണ്ണമില്ലാത്ത ഭ്രൂണഹത്യ, ബ്രഹ്മഹത്യ എന്നിവ ചെയ്താലുള്ള പാപങ്ങളില്‍ നിന്നെല്ലാം അവനു മോചനവും കിട്ടും. പത്തു മുഖമുള്ള രുദ്രാക്ഷം സാക്ഷാൽ ജനാർദ്ദനനാണ്. ദുഷ്ടഗ്രഹങ്ങൾ, പിശാചുക്കൾ, വേതാളങ്ങൾ, ബ്രഹ്മരക്ഷസ്സ്, സർപ്പങ്ങൾ, എന്നിവയാലുള്ള ഭീതികൾ ഒഴിയാൻ ദശമുഖ രുദ്രാക്ഷം ധരിച്ചാൽ മതി.

ഏകാദശരുദ്രാക്ഷം പതിനൊന്ന് രുദ്രൻമാരെ പ്രതിനിധാനം ചെയ്യുന്നു. ശിഖയിലത് ധരിക്കുന്നവന് നൂറ് വാജപേയം, ആയിരം അശ്വമേധം, പതിനായിരം ഗോദാനം, ഇവ ചെയ്തത്ര പുണ്യം ലഭിക്കും. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം കാതിലിട്ടാൽ പന്ത്രണ്ട് ആദിത്യൻമാരും ആ മുഖത്ത് തെളിഞ്ഞു പ്രകാശിക്കും. ആദിത്യൻമാർ പ്രീതരായി അശ്വമേധം, ഗോമേധം, എന്നിവ ചെയ്താലുള്ള ഫലം അയാൾക്ക് നൽകും. ആധിവ്യാധികൾ അവനെ തീണ്ടുകയില്ല. അവനെ മൃഗങ്ങൾ കൊമ്പു കൊണ്ട് കുത്തി ഉപദ്രവിക്കില്ല. അവന് അമ്പു കൊള്ളുമെന്ന ഭയമുണ്ടാവില്ല. ഈശ്വരതുല്യം നിർഭയനും സുഖിയുമായി അവനു കഴിയാം. പലതരം ജീവികളെ കൊന്നതിന്റെ പാപം ഈ രുദ്രാക്ഷം ധരിച്ച് ഇല്ലാതാക്കാം.

ഒരുവന് പതിമൂന്ന് മുഖങ്ങളുള്ള രുദ്രാക്ഷം കിട്ടുന്ന പക്ഷം അവൻ കാർത്തികേയസമനാണ് . സർവ്വ കാമദങ്ങളും അവന് സ്വന്തമാവും. രസവും രസായനവും അവനുണ്ടാവും. മാതാപിതാക്കളെ കൊന്നതിന്റെയും ഭ്രാതൃ വധത്തിന്റെയും പാപം ഇല്ലാതാക്കാൻ ഈ രുദ്രാക്ഷത്തിനു ശക്തിയുണ്ട്. പതിന്നാലു മുഖമുള്ള രുദ്രാക്ഷം കിട്ടുന്നവൻ അത് സദാശിരസ്സിലണിയണം. അവൻ ശിവതുല്യനാണ്. അവൻ സർവ്വ ദേവാരാധ്യനായി പരമഗതി പൂകും.

ഇരുപത്തിയാറ് രുദ്രാക്ഷമണികൾ കോർത്ത് മുടിയിലും അൻപതെണ്ണമുള്ള മാല മാറിലും പതിനാറെണ്ണമുള്ളത് തോൾവളയായും പന്ത്രണ്ടെണ്ണമുള്ളത് കടകമായി കൈയിലും ധരിക്കുക. നൂറ്റെട്ട്, അൻപത്, അല്ലെങ്കിൽ ഇരുപത്തിയേഴ് രുദ്രാക്ഷമണികൾ കോർത്ത ജപമാലകൾ അണിയാനും ജപിക്കാനും ഉത്തമമാണ്. അതുകൊണ്ട് അനന്തമായ സദ്ഫലങ്ങൾ ലഭ്യമാണ്. നൂറ്റിയെട്ട് മണികൾ കോർത്ത് മാലയാക്കി ധരിക്കുന്നവന് അശ്വമേധയാഗഫലം ലഭിക്കും. അങ്ങിനെ ഒരുവനവന്റെ ഇരുപത്തിയൊന്ന് തലമുറകളെ സദ്ഗതിയിലേക്ക് നയിക്കാം. മാത്രമല്ല അവൻ ശിവലോകത്ത് പൂജിതനുമാവും.

Wednesday, October 18, 2017

ദിവസം 288 ശ്രീമദ്‌ ദേവീഭാഗവതം. 11-3. സ്നാനാദി വിധി

ദിവസം 288  ശ്രീമദ്‌ ദേവീഭാഗവതം. 11-3. സ്നാനാദി വിധി

ശുദ്ധം സ്മാർത്തം ചാചമനം പൗരാണം വൈദികം തഥാ
താന്ത്രികം ശ്രൗത്രമിത്യാഹു: ഷഡ്വിധം ശ്രുതി ചോദിതം
വിൺമൂത്രാദികശൗചം ച ശുദ്ധം ച പരികീർത്തിതം
സ്മാർത്തം പൗരാണികം കർമ്മ ആചാന്തേ വിധിപൂർവകം

ശ്രീ നാരായണൻ പറഞ്ഞു: ആചമനങ്ങൾ ആറു വിധമാണെന്ന് ശ്രുതികൾ പറയുന്നു. ശുദ്ധം, സ്മാർത്തം, പൗരാണീകം,  വൈദികം, താന്ത്രികം എന്നിവയാണ്  ആചമനവിധികൾ.  മലമൂത്ര വിസർജ്ജന ശേഷമുള്ളത് ശുദ്ധാചമനമാണ്. വിധിപൂർവ്വം ചെയ്യുന്ന ആചമനത്തിന് സ്മാർത്തമെന്നും പൗരാണികമെന്നും പറയുന്നു. ബ്രഹ്മയജ്ഞത്തിനോട് കൂടിയുള്ളതിന് വൈദികമെന്നും ശ്രൗതമെന്നും പറയുന്നു. അസ്ത്രവിദ്യാ പൂർവ്വമാണെങ്കിൽ അത് താന്ത്രികം.

രാവിലെ എഴുന്നേറ്റയുടനേ ഓംകാര ജപത്തോടെ മുടി കെട്ടി ആചമനത്തോടെ ഹൃദയം, ചുമൽ, കൈകൾ എന്നിവ തൊടുക. തുമ്മൽ, ഛർദ്ദി, തുപ്പൽ, അസത്യശ്രവണം, നീചരോടുള്ള വർത്തമാനം എന്നീ സന്ദർഭങ്ങളിൽ വലത്തേ ചെവിയിൽ തൊടുക. വലം കാത് അഗ്നിയുടെയും ജലത്തിന്റെയും സൂര്യന്റെയും സോമന്റെയും വായുവിന്റെയും ഇരിപ്പിടമത്രേ.

രാവിലെ നദിയിലോ മറ്റോ ഇറങ്ങി സ്നാനം കഴിക്കാം. അങ്ങിനെ ദേഹശുദ്ധി വരുത്തി നവദ്വാരങ്ങളിലും ഉള്ള അഴുക്ക് കളയാനാണ് പ്രാത:സ്നാനം പറഞ്ഞിട്ടുള്ളത്. പ്രതിഫലം പറ്റിയതിനും അഗമ്യഗമനം ചെയ്തതിനും ആർജ്ജിച്ച പാപങ്ങൾ പ്രാത: സ്നാനം കൊണ്ട് ഇല്ലാതാക്കാം. കുളിക്കാതെ ചെയ്യുന്ന പ്രവൃത്തികൾ വിഫലമാകുന്നു. അതിനാൽ ബ്രാഹ്മണർക്ക് നിത്യസ്നാനം വിധിച്ചിരിക്കുന്നു. പവിത്രം ഇട്ടു കൊണ്ടാണ് സ്നാനവും സന്ധ്യാ കർമ്മവും ചെയ്യേണ്ടത്. ഏഴു ദിവസം പ്രാത: സ്നാനം ചെയ്യാത്തവനും മൂന്നു ദിവസം സന്ധ്യാവന്ദനം മുടക്കിയവനും പന്ത്രണ്ടുനാൾ അഗ്നിയചനം ചെയ്യാത്തവനും ശൂദ്രന് തുല്യനാണ്.

സമയക്കുറവ് ഉണ്ടാകുമെന്നതിനാൽ ഹോമ ദിവസങ്ങളിൽ പ്രാതഃസ്നാനം വിസ്തരിച്ച് വേണമെന്നില്ല. ഗായത്രീ മന്ത്രത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. ഗായകനെ രക്ഷിക്കുന്ന മന്ത്രമാണ് ഗായത്രി. ബ്രാഹ്മണനായ സാധകൻ പ്രണവം ജപിച്ച്, ഭൂ: ഭൂവ: സ്വ: യോടുകൂടി മൂന്നു തവണ പ്രാണായാമം ചെയ്യണം. അങ്ങിനെ പ്രാണാപാന വായുക്കളെ സമീകരിച്ചു നിർത്തണം. ശ്രുതിസമ്പന്നനായ വിപ്രൻ വേദമന്ത്രങ്ങളാണ് ജപിക്കേണ്ടത്. അവൻ ലൗകിക മന്ത്രങ്ങൾ ജപിക്കരുത്. പശുക്കൊമ്പിൽ കടുക് എന്ന പോലെ സദാ ചഞ്ചലമായി ഒരിക്കലും പ്രാണസ്ഥൈര്യമുണ്ടാകാത്തവരുടെ മുൻപും പിൻപുമുള്ള ഏഴു തലമുറകൾ ഗതി കിട്ടാതെയാവും. ജപത്തോടെയുള്ള പ്രാണായാമം സഗർഭവും അല്ലാത്തത് അഗർഭവുമാണ്.

സ്നാനത്തിന്റെ ഭാഗമായുള്ള തർപ്പണം ജലത്തിൽ നിന്നു തന്നെ നിർവ്വഹിക്കാം. ദേവൻമാർക്കും ഋഷിമാർക്കും പിതൃക്കൾക്കും അതേറെ പ്രീതികരമാണ്. സ്നാനം കഴിഞ്ഞ് കരയ്ക്ക് കയറി ശുഭ്രവസ്ത്രം ധരിക്കുക. പിന്നീട് ഭസ്മം തൊട്ട് രുദ്രാക്ഷമണിഞ്ഞ് ജപസാധന ആരംഭിക്കാം.

കഴുത്തിൽ മുപ്പത്തിരണ്ടും തലയിൽ നാൽപ്പതും കാതുകളിൽ ആറെണ്ണം വീതവും ഓരോ കൈയിലും പന്ത്രണ്ട് വീതവും ഭുജങ്ങളിൽ പതിനാറ് വീതവും കണ്ണുകളിൽ ഓരോന്നു വീതവും ശിഖയിൽ ഒരെണ്ണവും വക്ഷസ്സിൽനൂറ്റിയെട്ടും രുദ്രാക്ഷങ്ങൾ ധരിക്കുന്നവൻ സാക്ഷാൽ പരമശിവന് തുല്യനത്രെ. സ്വർണ്ണത്തിലോ വെള്ളിയിലോ രുദ്രാക്ഷം കെട്ടിച്ച് ഭക്തി പുരസ്സരം ശിഖയിലോ കാതുകളിലോ നിത്യവും ധരിക്കാം. അല്ലെങ്കിൽ പൂണൂലിലോ കൈയിലോ കഴുത്തിലോ വയറ്റത്തോ ആവാം. പഞ്ചാക്ഷര മന്ത്രമായ 'നമശിവായ ' അല്ലെങ്കിൽ ഓങ്കാരം ജപിച്ചാണ് രുദ്രാക്ഷം ധരിക്കേണ്ടത്. ശിവജ്ഞാനോപാധിയാണ് രുദ്രാക്ഷധാരണം.

ശിഖയിലെ രുദ്രാക്ഷം താരതത്വമായും കർണ്ണങ്ങളിലെ രുദ്രാക്ഷങ്ങൾ ദേവീദേവ തത്വങ്ങളായും ഭാവന ചെയ്യണം. പൂണുനൂലിൽ കോർത്തവ വേദങ്ങളായും കൈയിൽ ധരിക്കുന്നവ ദിക്കുകളായും കണ്ഠത്തിലുള്ളവ സരസ്വതിയായും വഹ്നിയായും സങ്കൽപ്പിക്കണം. എല്ലാ വർണ്ണത്തിലുള്ളവർക്കും രുദ്രാക്ഷം ധരിക്കാൻ വിധിയുണ്ട്. ബ്രാഹ്മണൻ മന്ത്രജപത്തോടെ വേണം രുദ്രാക്ഷം ധരിക്കാൻ. രുദ്രാക്ഷം ധരിച്ചാൽ ഒരുവന് രുദ്രനായിത്തീരാം.

നിഷിദ്ധമായ കാര്യങ്ങൾ കാണുകയോ കേൾക്കുകയോ പറയുകയോ ഭക്ഷിക്കുകയോ അഗമ്യഗമനം ചെയ്യുകയോ കൊണ്ടുണ്ടാവുന്ന പാപങ്ങൾ രുദ്രാക്ഷം ധരിച്ച് ഇല്ലാതാക്കാം. രുദ്രാക്ഷധാരി ഭക്ഷിച്ചാൽ അത് ദേവൻ ഭുജിച്ചതിന് തുല്യമാണ്. അവൻ കുടിച്ചാലും, മണത്താലും പരമശിവൻ കുടിച്ചതുപോലെയും മണത്തതുപോലെയുമാണ്. രുദ്രാക്ഷധാരണത്തിനു ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തിയുണ്ടാവില്ല.

രുദ്രാക്ഷം ധരിച്ചവനെ കളിയാക്കുന്നവൻ സങ്കരജാതിയിൽ ജനിച്ചവനാണെന്ന് നിശ്ചയിക്കാം. ശ്രീരുദ്രൻ രുദ്രനായത് രുദ്രാക്ഷം ധരിച്ചാണ്. മുനിമാർക്ക് സത്യ സങ്കൽപ്പത്തിനുള്ള കഴിവുണ്ടായതും ബ്രഹ്മാവ് തൽസ്ഥാനാർഹനായതും രുദ്രാക്ഷം ധരിച്ചാണ്. അതിശ്രേഷ്ഠമാണ് രുദ്രാക്ഷധാരണം. രുദ്രാക്ഷധാരിക്ക് വസ്ത്രധാന്യാദികൾ നൽകുന്നവന്റെ സകലപാപങ്ങളും ഇല്ലാതായി അവൻ ശിവ ലോകത്ത് പൂജാർഹനാവും. രുദ്രാക്ഷധാരിയെ ഭക്തിപൂർവ്വം ശ്രാദ്ധമൂട്ടിയാൽ അവന് പിതൃലോകം പ്രാപിക്കാം. രുദ്രാക്ഷം ധരിച്ചവന്റെ പാദതീർത്ഥം കുടിക്കുന്നവന്റെ പാപങ്ങൾ തീർന്നൊഴിഞ്ഞു പോവും. അവനും ശിവലോകത്ത് പൂജിതനാവും. രുദ്രാക്ഷത്തോടു കൂടി മലയോ വളയോ സ്വർണ്ണമോ ധരിക്കുന്നവന് രുദ്ര സായൂജ്യം ലഭിക്കും.

രുദ്രാക്ഷം മാത്രമായി ദേഹത്ത് എവിടെയെങ്കിലും മന്ത്രസഹിതമോ അല്ലാതെയോ, ഭക്തിയോടെയോ അല്ലാതെയോ ലജ്ജയോടെയോ അല്ലാതെയോ  കെട്ടുന്ന ഒരുവന് പരമജ്ഞാനവും സർവ്വപാപവിമുക്തിയും ലഭിക്കും. ഇത്ര ദിവ്യമായ രുദ്രാക്ഷത്തിന്റെ മാഹാത്മ്യം വർണ്ണിക്കാൻ എനിക്കാവില്ല. അതു കൊണ്ട് എല്ലാവരും എങ്ങിനെയും രുദ്രാക്ഷം ധരിക്കാൻ ശ്രമിക്കണം.

Tuesday, October 17, 2017

ദിവസം 287 ശ്രീമദ്‌ ദേവീഭാഗവതം. 11-2 . ശൗചവിധി

ദിവസം 287  ശ്രീമദ്‌ ദേവീഭാഗവതം. 11-2 .  ശൗചവിധി

ആചാരഹീനം പൂനന്തി വേദാ യദപ്യധീതാ: സഹ ഷഡ്ഭിരംഗൈ:
ഛന്ദാംസ്യേനം മൃത്യുകാലേ ത്യജന്തി നീഡം ശകുന്താ ഇവ ജാതപക്ഷാ:
ബ്രാഹ്മേ മുഹൂർത്തേ ചോത്ഥായ തത്സർവം സമ്യഗാചരേത്
രാത്രേരന്തിമയാമേ തു വേദാഭ്യാസം ചരേദ്ബുധ:

ശ്രീ നാരായണൻ പറഞ്ഞു: ഷഡംഗ വേദങ്ങൾ പഠിച്ചിട്ടുള്ളവനാണെങ്കിലും ആചാരഹീനനാണെങ്കിൽ അവനത് ഗുണം ചെയ്യില്ല. പക്ഷികൾ ചിറകുമുളച്ചാൽപ്പിന്നെ കൂടുവിട്ടു പറന്നു പോകുന്നതുപോലെ മരണസമയത്ത് വേദങ്ങൾ അവനെ കൈവിടുന്നു. ജ്ഞാനിയായവൻ രാത്രിയുടെ അന്ത്യയാമമായ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് നിത്യകർമ്മങ്ങൾക്കുശേഷം വേദം പഠിക്കാനിരിക്കണം. പിന്നെ കുറച്ചു നേരം ഇഷ്ടദേവതാധ്യാനം ചെയ്യണം. യോഗിയാണെങ്കിൽ ബ്രഹ്മധ്യാനം ചെയ്യാം. ഇങ്ങിനെ ദിനവും ആചരിക്കുന്ന പക്ഷം ജീവബ്രഹ്മൈക്യം ഉണ്ടാവും. സാധകന് ജീവൻമുക്തിയാണുണ്ടാവുക.

രാത്രിയുടെ അന്ത്യയാമത്തിന് ഏഴര നാഴികയാണല്ലോ. സ്മൃതി പ്രകാരം അതിൽ ആദ്യത്തെ രണ്ടര നാഴിക ഉഷ:കാലമാണ്. പിന്നെ രണ്ടു നാഴിക അരുണോദയ കാലം, ഒരു നാഴിക പ്രാത:കാലം, ശേഷം രണ്ടു നാഴിക സൂര്യാദയ കാലം.

ബ്രാഹ്മണൻ പ്രാത: കാലത്ത് എഴുന്നേറ്റ് വീട്ടിൽ നിന്നും ശരപ്പാട് ദൂരത്ത് നിരൃതി കോണിൽ മലമൂത്ര വിസർജ്ജനം ചെയ്യണം. പൂണൂൽ ചെവിയിൽ തിരുകി നിലം തൊടാതെ വൃത്തിയായി സൂക്ഷിക്കണം. ശിരസ്സു മറച്ച് തുപ്പാൻപോലും വായ് തുറക്കാതെ മൗനിയായിരുന്നു വേണം വിസർജ്ജനത്തിനിരിക്കാൻ.  വിസർജ്ജനസ്ഥലം തിരഞ്ഞെടുക്കുമ്പോൾ അത് ഉഴുത നിലമോ, കുന്നോ, ചിതയോ, ജീർണ്ണിച്ച ക്ഷേത്രപറമ്പിലോ, മൺപുറ്റിലോ, പുൽപ്പരപ്പിലോ ആവരുത്. അത് വഴിയിലോ ഗുഹയിലോ ആകരുത്.  ജപിക്കുമ്പോഴോ പൂജ ചെയ്യുമ്പോഴോ പല്ലു തേക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ, ജോലി ചെയ്യുമ്പോഴോ, വിസർജ്ജന സമയത്തോ രതി സമയത്തോ, ഗുരുസന്നിധിയിലോ ഒക്കെ ഒന്നും മിണ്ടാതെ മൗനമാചരിക്കുക. യാഗം, ദാനം, വേദപഠനം എന്നീ സമയങ്ങളിലും മൗനമായിരിക്കുക.

"ശൗചസമയത്ത് ഋഷിമാരും ദേവതമാരും പിശാചുക്കളും ഉരഗങ്ങളും ഭൂതങ്ങളും ഇവിടെനിന്ന് പൊയ്ക്കൊള്ളുക. ഞാൻ ശൗചം ചെയ്യുകയാണ്" എന്ന് മൌനമായി പ്രാർത്ഥിച്ചു വേണം ശൗചത്തിനിരിക്കാൻ. കാറ്റിനും തീയിനും ജലത്തിനും പശുവിനും ബ്രാഹ്മണനും സൂര്യനും അഭിമുഖമായിരുന്ന് ശൗചമരുത്. പകൽ വടക്കോട്ടു നോക്കിയും രാത്രി തെക്കോട്ടു നോക്കിയും ഭൂമിയിലിരുന്ന് കാര്യം സാധിച്ച ശേഷം ഇലയോ മണ്ണോ പുല്ലോ കൊണ്ട് അവിടം മൂടണം. വെള്ളത്തിനടുത്ത് പോയി ഒരു പാത്രത്തിൽ ജലമെടുത്ത് മറ്റൊരിടത്തേക്ക് മാറിയിരുന്ന് മണ്ണെടുത്തുരച്ച് വേണം ശൗചം ചെയ്യാൻ. ബ്രാഹ്മണന് വെളുത്ത മണ്ണ്, ചുവപ്പ് മണ്ണ് ക്ഷത്രിയന്, മഞ്ഞ മണ്ണ് വൈശ്യന്, കറുത്ത മണ്ണ് ശൂദ്രന് എന്നാണ് വിധി. ഇങ്ങിനെ വിവിധങ്ങളായ മണ്ണില്ലാത്തയിടങ്ങളിൽ ഉള്ള മണ്ണുകൊണ്ട് കാര്യം സാധിക്കുക. എന്നാൽ ജലത്തിനടിയിലെ മണ്ണ്, ദേവാലയത്തിലെയും മനുഷ്യാലയത്തിലെയും മണ്ണ്, പുറ്റ് മണ്ണ്, എലി കൂട്ടി വച്ച മണ്ണ്, ഇവയൊക്കെ ഉപയോഗിക്കുന്നത്  നിഷിദ്ധമാണ്. ശൗചം ചെയ്ത മണ്ണ് തുടങ്ങി നിഷിദ്ധങ്ങളായ ഏഴു തരം മണ്ണുകളുണ്ട്.

മൂത്ര വിസർജ്ജനത്തിന് ഒരു ശൗചം, മലവിസർജ്ജനത്തിന് രണ്ട് ശൗചം, മൈഥുന ശേഷം മൂന്നു ശൗചം എന്നിങ്ങിനെയാണ് വിധി. മൂത്ര വിസർജ്ജനത്തിന് ലിംഗം കഴുകണം. പിന്നീട് കൈകൾ രണ്ടും മൂന്നു തവണ മണ്ണുരച്ച് കഴുകണം. മലശൗചത്തിന് ഇതിന്റെയിരട്ടി തവണ കഴുകണം. ലിംഗം രണ്ടു തവണ കഴുകി, ഗുദം അഞ്ചു തവണ മണ്ണുരച്ച് കഴുകി, പത്തു തവണ കൈ കഴുകി, കൈരണ്ടും കൂട്ടിയുരച്ച് ഏഴുതവണ കഴുകി, ദേഹശുദ്ധി വരുത്താം. ഇടം കാൽ മുന്നിലാക്കി രണ്ടു കാലും മണ്ണുപുരട്ടിയുരച്ച് വേണം കാൽ കഴുകാൻ.

ഗൃഹസ്ഥന് പറഞ്ഞിട്ടുള്ള ശൗച വിധിയാണിത്. ബ്രഹ്മചാരി അതിന്റെയിരട്ടിയും വാനപ്രസ്ഥൻ മൂന്നിരട്ടിയും യോഗി നാലിരട്ടിയും ശൗചമാചരിക്കേണ്ടതുണ്ട്. ഒരു ശൗചത്തിന് നെല്ലിക്കയുടെയത്ര മണ്ണെങ്കിലും എടുക്കണം എന്നും വിധിയുണ്ട്. പകലുള്ള ശൗച വിധിയാണ് ഇത്. രാത്രിയിൽ പകുതി ശൗചം മതിയാകും. രോഗിക്ക് അതിലും പകുതി മതി. വഴിയാത്രയിൽ ആണെങ്കിൽ അതിലും പകുതി ശൗചം മതി. ശൂദ്രർക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഗന്ധം ഇല്ലാതാക്കുന്നത്ര തവണ  ശൗചം വേണം. ഗന്ധലേശം ബാക്കിയില്ലാത്ത വിധം എല്ലാവർണ്ണക്കാരും ശൗചം കഴിക്കണമെന്ന് ഭഗവാൻ മനുവാണ് വിധിച്ചത്. നാഭിക്ക് താഴെ ഇടംകൈകൊണ്ട് മാത്രമേ ശൗചം പാടുള്ളു. നാഭിക്ക് മുകളിൽ വലംകൈകൊണ്ട് ശൗചം ആവാം. വിസർജ്ജനത്തിനു ശേഷം ജലപാത്രം എടുക്കരുത്. അഥവാ അബദ്ധത്തിൽ ജലപാത്രം തൊട്ടു പോയാൽ പ്രായശ്ചിത്തം ചെയ്യണം.

മോഹം മൂലമോ ക്ഷീണം കൊണ്ടോ ശൗചം മുടങ്ങിയാൽ മൂന്നു രാത്രി ജലമാത്രാഹാരിയായി ജപിച്ച് കഴിയുക. ദേശം, കാലം, അവസ്ഥ, ദ്രവ്യം, ശക്തി, യുക്തി, എന്നിവയ്ക്കനുസരിച്ചാണ് ശൗചം ചെയ്യേണ്ടത്. മലശൗചശേഷം പന്ത്രണ്ട് തവണ കലുക്കുഴിയണം. മൂത്രമൊഴിച്ചാൽ നാലു തവണ വായ് കഴുകി മുഖം കുനിച്ച് തുപ്പണം. പിന്നെ പല്ലു തേക്കാം. മുള്ളുള്ള പാൽമരങ്ങളിൽ നിന്നും ചെറുവിരൽ വലുപ്പത്തിൽ പന്ത്രണ്ടുവിരൽ നീളത്തിൽ മുറിച്ചെടുത്ത കമ്പുകൾ ചെത്തിക്കൂർപ്പിച്ച് വേണം പല്ലു തേക്കാനുള്ള കമ്പുകൾ തയ്യാറാക്കാൻ. പൂവരശ്, ലന്തമരം, പാച്ചോറ്റി, അത്തി, മാവ്, ചമ്പകം, ബദരി, എന്നീ മരങ്ങളുടെ കമ്പുകൾ പല്ലുതേക്കാൻ ഉത്തമമാണ്.

"സോമരാജാവ് എന്നിൽ യശസ്സും ഐശ്വര്യവും നിറയ്ക്കട്ടെ. എന്റെ വായിൽ നിന്നും അന്നാദി മാലിന്യങ്ങൾ അകറ്റട്ടെ. വനസ്പതേ, ആയുസ്സും ബലവും കീർത്തിയും കാന്തിയും ബുദ്ധിയും വിത്തവും ജ്ഞാനവും സന്തതികളും തന്ന് ഞങ്ങളെ അനുഗ്രഹിച്ചാലും."  എന്നിങ്ങിനെ പ്രാർത്ഥനയോടെ വേണം പല്ലു തേയ്ക്കാനുള്ള കമ്പുകൾ പൊട്ടിച്ചെടുക്കാൻ. ഇങ്ങിനെ ദന്തധാവനത്തിനായി ചെടിക്കമ്പുകൾ കിട്ടാത്തപ്പോൾ പന്ത്രണ്ടു തവണ വായിൽ ജലം കുലുക്കുഴിഞ്ഞ് ദന്തശുദ്ധി വരുത്തിയാൽ മതി.

സങ്ക്രാന്തി ദിനത്തിൽ പല്ലു തേക്കുന്നത് നിഷിദ്ധമാണ്. ആദിത്യ ദ്രോഹമാണത്. കുലനാശമാണതിന്റെ ഫലം. അതുപോലെ തന്നെ വാവ്, ഏകാദശി, ഷഷ്ഠി, നവമി, പ്രതിപദം ദിവസങ്ങളിലും ദന്തധാവനം നിഷിദ്ധമാണ്. ഏഴു തലമുറകളെ അത് നശിപ്പിക്കും.

ആദ്യം കാലുകൾ നന്നായി കഴുകിയിട്ട് മൂന്നുവട്ടം ജലമാചമിക്കുക. രണ്ടു തവണ ചുണ്ട് തുടച്ച് പെരുവിരലിനോട് ചൂണ്ടാണിവിരൽ തൊട്ട് പിടിച്ച് മൂക്ക് തൊടുക. പെരുവിരൽ മോതിരവിരലിനോട് ചേർത്ത് കണ്ണുകളും ചെവികളും തൊടുക. ചെറുവിരലും പെരുവിരലും ചേർത്ത് നാഭിയും ഹൃദയവും സ്പർശിക്കുക. ഒടുവിൽ എല്ലാ വിരലുകളും ചേർത്ത് സ്വന്തം ശിരസ്സിൽ തൊടുക.

Monday, October 16, 2017

ദിവസം 286 ശ്രീമദ്‌ ദേവീഭാഗവതം. 11-1 . പ്രാത: കൃത്യം

ദിവസം 286  ശ്രീമദ്‌ ദേവീഭാഗവതം. 11-1 .  പ്രാത: കൃത്യം
ഏകാദശ സ്കന്ധം ആരംഭം 

ഭഗവൻ ഭൂതഭവ്യേശ നാരായണ സനാതന
ആഖ്യാതം പരമാശ്ചര്യം ദേവീചരിതമുത്തമം
പ്രാദുർഭാവ: പരോ മാതു: കാര്യാർത്ഥമസുരദ്രുഹാം
അധികാരാപ്തിരുക്താfത്ര ദേവീപൂർണ്ണകൃപാവശാത്

നാരദൻ പറഞ്ഞു: "ത്രികാലജ്ഞാനിയായ ഭഗവാനേ, സനാതനനായ നാരായണാ, അവിടുന്ന് അത്യാശ്ചര്യകരമായ ദേവീചരിതം പറഞ്ഞു തന്നു. ദേവകാര്യർത്ഥമായി ദേവി പ്രാദുർഭവിച്ചതും ദേവൻമാരുടെ നഷ്ടാധികാരങ്ങൾ അസുരൻമാരിൽ നിന്നും വീണ്ടെടുത്ത് കൊടുത്തതുമെല്ലാം അങ്ങ് പറയുകയുണ്ടായി. ആ മഹാമായയെ സംപ്രീതയാക്കി ഭഗവതിയുടെ അനുഗ്രഹം സിദ്ധിക്കാൻ സാധകർ എന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത് എന്നുകൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ദേവീപ്രീണനത്തിനായി ചെയ്യേണ്ട അനുഷ്ഠാനങ്ങൾ എന്തൊക്കെയെന്ന് ഞാൻ പറയാം. രാവിലെ എഴുന്നേൽക്കുന്നതു മുതൽ ഒരു സാധക ദ്വിജൻ എന്നൊക്കെയാണ് ആചരിക്കേണ്ടത് എന്നു നോക്കാം. ബ്രാഹ്മണർക്കെല്ലാം ഇതുപകരിക്കും.

നിത്യ നൈമിത്തിക കർമ്മങ്ങൾ, കാമ്യകർമ്മങ്ങൾ എന്നിവയും നിന്ദ്യങ്ങളല്ലാത്ത മറ്റു കർമ്മങ്ങളും സൂര്യോദയം മുതൽ അസ്തമയം വരെ ഒരു വിപ്രൻ ചെയ്യേണ്ടതായുണ്ട്. മാതാവ്, പിതാവ്, ഭാര്യ, പുത്രൻമാർ ഇവരൊന്നും തനിക്കു ചെയ്തു തീർക്കേണ്ട കർമ്മങ്ങളിൽ സഹായികളായി ഉണ്ടാവുകയില്ല. കർമ്മപന്ഥാവിൽ ധർമ്മം മാത്രമാണവനു തുണയാവുക. അതിനാൽ സ്വധർമ്മം തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അജ്ഞാനത്തിന്റെ ഇരുട്ട് നീക്കാൻ ധർമ്മം സഹായിക്കും.

ശ്രുതിസ്മൃതിപ്രകാരം ഒരു ബ്രാഹ്മണന്റെ ആദ്യധർമ്മം ആചാരമാണ്. ആചാരത്താൽ ചിരായുസ്സും ധനധാന്യാദി സമ്പത്തും സന്താനങ്ങളും വിപ്രനു ലഭിക്കുന്നു. അവന്റെ പാപങ്ങൾ ഇല്ലാതാവുന്നു. ആചാരം തന്നെയാണ് പരമമായ ധർമ്മം. ഇഹത്തിലും പരത്തിലും സൗഖ്യമാഗ്രഹിക്കുന്നവർ ആചാരനിഷ്ഠരായിത്തന്നെ ജീവിക്കാൻ ജാഗരൂകരായിരിക്കണം.

മോഹമാകുന്ന ഇരുട്ടിൽ ധർമ്മത്തിന്റെ വെളിച്ചം പരത്തുന്നത് ആചാരങ്ങളാണ്. അത് മുക്തിമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്നു. ആചാരം കർമ്മസിദ്ധിയെ പ്രദാനം ചെയ്യുന്നു.അങ്ങിനെ ശ്രേഷ്ഠതയ്ക്കും ആചാരം ഹേതുവാകുന്നു. കർമ്മത്താൽ ജ്ഞാനസിദ്ധിയും ഉണ്ടാകും. സകലകർമ്മങ്ങളിലും വച്ച് ഏറ്റവും ഉൽക്കൃഷ്ടമായത് തപസ്സാണ്. തപസ്സാണ് ജ്ഞാനം. കാരണം തപസ്സിനാൽ എന്തും നേടാമല്ലോ. 

ആചാരമില്ലാത്ത ബ്രാഹ്മണൻ യാതൊരു കർമ്മത്തിനും അർഹനല്ല. അവൻ ശൂദ്രനെപ്പോലെ വർജജ്യനാണ്. 

ആചാരം ശാസ്ത്രീയവും ലൗകീകവുമാണ്. ശുഭമിച്ഛിക്കുന്നവർ രണ്ടും മുടക്കമില്ലാതെ അനുഷ്ഠിക്കുന്നു. ദേശം ജാതി, ഗ്രാമം, കുലം, എന്നിവയുടെയെല്ലാം ധർമ്മം പാലിക്കാൻ ഒരുവൻ ബാദ്ധ്യസ്ഥനാണ്. അവയൊന്നും തെറ്റിച്ചുകൂടാ. ദുരാചാരി സകലരാലും വെറുക്കപ്പെടുന്നു. രോഗിയായും ദുഖിയായും അവൻ ദുരിതമനുഭവിക്കുന്നു.

ധർമ്മാനുസാരമല്ലാതെ കിട്ടുന്ന അർത്ഥവും കാമവും സാധകൻ ഒരിക്കലും സ്വീകരിക്കരുത്. അതുപോലെ ഹിംസാകലുഷമായതും ലോകവിദ്വേഷജനകമായതുമായ  ധർമ്മത്തെയും പരിത്യജിക്കാം.

ശാസ്ത്രങ്ങൾ അനവധിയുണ്ട്. അവയിൽ ധർമ്മനിർണ്ണയത്തിനായി സമാശ്രയിക്കേണ്ടത് ശ്രുതി, സ്മൃതി, പുരാണം, എന്നിങ്ങിനെ മൂന്നു പ്രമാണങ്ങലാളാണ്. ശ്രുതിസ്മൃതികൾ ധർമ്മത്തിന്റെ കണ്ണുകളും പുരാണങ്ങൾ ഹൃദയവുമാണ്. ഇവയിൽ വൈരുദ്ധ്യം കണ്ടാൽ പ്രമാണം ശ്രുതി തന്നെയാണ്.

ശ്രുതി രണ്ടു വിധത്തിൽ ഒരേ കാര്യം പറയുന്നുവെങ്കിൽ രണ്ടും ധാർമ്മികം തന്നെയെന്നു നിശ്ചയിക്കാം. തന്ത്രങ്ങൾ  വേദവിഹിതങ്ങളാണെങ്കിൽ ധാർമ്മികമാണ്. എന്നാൽ പുരാണങ്ങളിലും മറ്റും ധർമ്മമെന്ന് പ്രതിപാദിച്ചിട്ടുള്ള എല്ലാ തന്ത്രവിധികളും ധർമ്മമായി പരിഗണിക്കേണ്ടതില്ല. ശ്രുതിവിരുദ്ധമായ യാതൊന്നും ധാർമ്മികമാവുകയില്ല. വേദം തന്നെയാണ് ധർമ്മത്തിന്റെ അടിസ്ഥാനം. വേദപ്രോക്തങ്ങളായ ധർമ്മം വെടിഞ്ഞവനെ കാത്തിരിക്കുന്ന അനേകം നരകങ്ങളുണ്ട്. 

ശ്രുതിക്ക് അനുസരിച്ച് രചിക്കപ്പെട്ടതിനാലാണ് സ്മൃതികളും പുരാണങ്ങളും ധർമ്മപ്രമാണങ്ങളാവുന്നത്. വേദാനുസാരമല്ലാത്ത യാതൊന്നും ധർമ്മമല്ല. 'കു'ശാസ്ത്രവിധികൾ മനുഷ്യരെക്കൊണ്ട് ചെയ്യിപ്പിക്കുന്നവർ നരകത്തീയിൽ തലകീഴായി പതിക്കും. തനിക്ക് തോന്നിയപോലെ ആചാരങ്ങൾ അനുഷ്ഠിക്കുന്നവർക്കും നരകമാണ് വിധി. ലിംഗധാരികളായ പാശുപതൻമാരും, ദേഹത്ത് മുദ്രകുത്തിയവരും വൈഖാനസമതക്കാരുമൊക്കെ വേദവിരുദ്ധമായി ജീവിക്കുന്നതിനാൽ അവരും നരകത്തിലാണ് ചെന്നുചേരുക. 

അതു കൊണ്ട് വേദവിഹിത കർമ്മങ്ങൾ തന്നെയാണ് സാധകന് അഭികാമ്യം. ദിവസവും താൻ എന്താണ് ചെയ്തതെന്ന് സാധകൻ ആലോചിക്കണം. "ഞാനിന്ന് എന്തു സദ്കാര്യമാണ് ചെയ്തത്? ദാനങ്ങൾ ചെയ്തോ? ദാനം ചെയ്യാനായി അന്യനെ പ്രോൽസാഹിപ്പിച്ചോ? എന്റെ വാക്കുകൾ ഇന്നാരെയെങ്കിലും വേദനിപ്പിച്ചു കാണുമോ? ചെറുതോ വലുതോ ആയ പാപങ്ങൾ എന്തെങ്കിലും താൻ ചെയ്തു പോയോ?" എന്നിങ്ങിനെ ദിവസവും ആത്മവിചാരം ചെയ്യണം.

വെളുപ്പിനേ ഒന്നാം യാമത്തിനു മുൻപേ എഴുന്നേറ്റ് ധ്യാനത്തിനിരിക്കുക. വലതു കാൽപ്പത്തി മലർത്തി ഇടം തുടമേൽ വച്ച്, മുഖം അല്പം പിന്നോക്കമായി മാറ് ഉയർത്തി ബ്രഹ്മനിഷ്ഠയോടെ കണ്ണുകളടച്ച് പല്ലുകൾ തൊടാതെ വായടച്ചുപിടിച്ച് അണ്ണാക്കിൽ നാവു മുട്ടിച്ച് നിശ്ചലനായി അധികം ഉയർന്നോ താഴ്ന്നോ അല്ലാത്തൊരു പീഠത്തിൽ ഇരിക്കുക. ഇന്ദ്രിയങ്ങളെ ഒതുക്കി വച്ച് ധ്യാനനിഷ്ഠയോടെ രണ്ടുരുവോ മൂന്നുരുവോ പ്രാണായാമം ചെയ്ത് കത്തുന്ന വിളക്കുപോലെ ജാജ്വല്യപ്രഭയാർന്ന ഹൃദയനിവാസിയായ പരമാത്മാവിനെ മനസ്സിൽ ഉറപ്പിക്കുക. പിന്നെ സധുമം, വിധുമം, സഗർഭം, അഗർഭം, സലക്ഷ്യം, അലക്ഷ്യം എന്നിങ്ങിനെ ആറു തരത്തിലുള്ള പ്രാണായാമങ്ങൾ പടിപടിയായി ചെയ്യുക.

പ്രാണായാമത്തിന്റെ തുടക്കത്തിൽ നിഷ്കർഷയൊന്നുമില്ലാതെ ശ്വാസം വലിച്ചെടുക്കുന്നത് സധുമം ആണ്. അത് പുറത്തേക്ക് വിടുന്നതാണ് വിധുമം. മന്ത്രസഹിതം മാത്രാ നിഷ്കർഷതയോടെ ചെയ്യുമ്പോളത് സഗർഭമായി. മാത്രാരഹിതമായി ചെയ്യുമ്പോളത് അഗർഭം എന്നറിയപ്പെടുന്നു. ദേവതാധ്യാന സഹിതം ചെയ്യുന്ന പ്രാണായാമം സലക്ഷ്യമാകുന്നു. ദേവതാധ്യാനം കൂടാതെയുള്ളത് അലക്ഷ്യമാകുന്നു.

പൂരകം, കുംഭകം, രേചകം എന്നിങ്ങിനെ മൂന്നു വിധത്തിലാണ് പ്രാണായാമം ചെയ്യുന്നത്. ഇതിന് പ്രാണായാമത്തിലെ വർണ്ണത്രയം എന്നാണ് പറയുന്നത്. ഇത് പ്രണവാത്മകമാണ്. പ്രണവവും പ്രാണായാമവും ഒന്നാകുന്നു. പൂരകത്തിൽ 'പ്രണവത്തിലെ 'അ'യും കുംഭകത്തിൽ 'ഉ' വും രേചകത്തിൽ 'മ'യും ഉണ്ട്. ഇഡ എന്ന നാഡിയിലൂടെ പതിനാറു മാത്രകൾ എടുത്ത് ശ്വാസം അകത്തേക്ക് വലിക്കണം. അങ്ങിനെ ഉദരത്തിൽ പൂരകമായ വായുവിനെ പിംഗള വഴി പതിനാറു മാത്രകൾ കൊണ്ട് പുറത്തേക്ക് വിടുക. ഇത് 'സധുമ' പ്രാണായാമമാകുന്നു. 

ഷഡാധാര ചക്രങ്ങളായ മൂലാധാരം.ലിംഗം, നാഭി, ഹൃദയം, കണ്ഠം, നെറ്റി മദ്ധ്യം ഇവയിൽ ഓരോന്നാലും ഓരോ താമരപ്പൂ സങ്കല്പിക്കുക. അവയ്ക്ക് ക്രമത്തിൽ നാല്, ആറ്, പത്ത്, പന്ത്രണ്ട്, പതിനാറ്, രണ്ട്, എന്നിങ്ങിനെ ഇതളുകൾ ഉണ്ടെന്നും സങ്കല്പിക്കുക. ആ ദളങ്ങളിൽ "വ ശ ഷ സ" എന്നീ അക്ഷരങ്ങൾ മൂലാധാരത്തിലും "ബ ഭ മ യ ര ല" എന്നീ അക്ഷരങ്ങൾ ലിംഗത്തിലും "ഡ ഢ ണ ത ഥ ദ ധ ന പ ഫ" എന്നീ അക്ഷരങ്ങൾ നാഭിയിലും "ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ" എന്നീ പന്ത്രണ്ടക്ഷരങ്ങൾ ഹൃദയത്തിലും പതിനാറ് സ്വരങ്ങൾ കണ്ഠപദ്മദളങ്ങളിലും "ഹ, ക്ഷ" എന്നീ അക്ഷരങ്ങൾ നെറ്റിമദ്ധ്യത്തിലെ താമരയുടെ രണ്ട് ദങ്ങളിലും ദർശിക്കുക. ഇങ്ങിനെ തത്വാർത്ഥ പ്രധാനമായ രൂപത്തെയാണ് സാധകൻ ധ്യാനിക്കേണ്ടത്.

മൂലാധാരത്തിലെ നാലിതൾതാമരയുടെ മദ്ധ്യത്തിലിരിക്കുന്നതും അതിലെ പൂമ്പൊടിയുടെ നിറമോലുന്നതും "ഹ,ര", എന്നീ ബീജചിഹ്നങ്ങളോടുകൂടിയതും രക്തബിന്ദുവായ അഗ്നിയും ശ്വേതബിന്ദുവായ ചന്ദ്രനും സ്തനദ്വയങ്ങളായതും ആദിത്യൻ മുഖമായതും താമരനൂലിന്റെ സ്വരൂപത്തിലുള്ളതും ആയ കുണ്ഡലിനീശക്തിയെ ഒരു തവണയെങ്കിലും ഹൃദയത്തിൽ സാക്ഷാത്ക്കരിച്ചാൽ സാധകന് മുക്തിയായി.

"നില്പും ആഗമന ഗമനങ്ങളും ബുദ്ധിയും ചിത്തവും ചിന്തയും സ്തുതിയും വാക്കുമെല്ലാം ദേവി തന്നെയാകുന്നു. ഞാൻ ദേവനാകുന്നു. എല്ലാ സ്തുതികളും ദേവീ, അവിടുത്തെ അർച്ചനയാകുന്നു. ഞാൻ തന്നെ ദേവിയാകുന്നു. ഞാൻ ബ്രഹ്മമാകുന്നു.  എനിക്ക് ദുഖങ്ങളില്ല. ഞാൻ സച്ചിദാനന്ദ സ്വരൂപനാകുന്നു". എന്നിങ്ങിനെ സ്വയം ധ്യാനം ചെയ്തുറപ്പിക്കുക.

"ക്രമീകമായി മൂലാധാരത്തിൽ നിന്നും ബ്രഹ്മന്ധ്രത്തിലേയ്ക്കുള്ള യാത്രയിൽ ദേവിക്ക് തൂമിന്നലൊളിയാണ്. അവിടെ നിന്ന് മടങ്ങുമ്പോൾ അമൃതധാരയിൽ മുഴുകി സുഷുമ്നയെന്ന അന്ത:പദത്തിൽ കൂടി ചരിക്കുന്ന പരമാനന്ദസ്വരൂപമായ കുണ്ഡലിനിയെ ഞാനിതാ ശരണം പ്രാപിക്കുന്നു." എന്നും സങ്കൽപ്പിച്ചുറപ്പിക്കുക.

അതു കഴിഞ്ഞ് സ്വന്തം ബ്രഹ്മരന്ധ്രത്തിൽ ഗുരുവിനെ പൂജിക്കുക. മനസുകൊണ്ട് എല്ലാവിധ ഉപചാരങ്ങളും ഗുരുവിനെ പൂജിക്കാനായി ഒരുക്കി വയ്ക്കണം. "ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരരേവ പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ: " എന്ന മന്ത്രം ജപിച്ച് ഗുരു തന്നെയാണ് ത്രിമൂർത്തികളാവുന്നതെന്നും ഈ ജഗത്താവുന്നതെന്നും മനസ്സിലുറപ്പിച്ച് ഗുരുവിനെ സ്തുതിക്കുക.

Sunday, October 15, 2017

ദിവസം 285 ശ്രീമദ്‌ ദേവീഭാഗവതം. 10-13 . ഭ്രാമരീചരിതം

ദിവസം 285  ശ്രീമദ്‌ ദേവീഭാഗവതം. 10-13 .  ഭ്രാമരീചരിതം

അഥാത: ശ്രൂയതാം ശേഷമനൂനാം ചിത്രമുദ്ഭവം
യസ്യ സ്മരണമാത്രേണ ദേവീഭക്തി: പ്രജായതേ
ആസൻ വൈവസ്വതമനോ: പുത്രാ: ഷഡ് വിമലോദയാ:
കരുഷശ്ച പൃഷധ്രശ്ച നാഭാഗോ ദിഷ്ട ഏവ ച

ശ്രീ നാരായണൻ തുടർന്നു: ഇനി മറ്റുള്ള മനുക്കളുടെ ദിവ്യചരിതങ്ങൾ കൂടി പറയാം. അവ കേൾക്കുന്നതുപോലും ഒരുവനില്‍ ദേവീഭക്തിയുണ്ടാക്കാൻ പോന്നതാണ്. 

വൈവസ്വത മനുവിന് ആറ് പുത്രൻമാർ ഉണ്ടായി. കരുഷൻ, പൃഷധ്രൻ, നാഭാഗൻ, ദിഷ്ടൻ, ശര്യാതി, ത്രിശങ്കു എന്നിവർ എല്ലാം നല്ല ബലശാലികൾ ആയിരുന്നു. ഒരു ദിവസം അവർ കാളിന്ദീ തീരത്തെത്തി. ആ നദീതീരത്ത് ദേവിയുടെ മൃൺമയവിഗ്രഹമുണ്ടാക്കി അവർ ആഹാരനീഹാരങ്ങൾ വർജിച്ച് ഉപചാരപൂർവ്വം പൂജ ചെയ്തു. പല ക്ലേശങ്ങളും സഹിച്ച് ദേവിയെ ആരാധിച്ചതിനാൽ അവരുടെ മനസ്സ് മോഹങ്ങളൊഴിഞ്ഞ് ശുദ്ധവും പ്രശാന്തവുമായിത്തീർന്നു. അവരിൽ ദേവീനിഷ്ഠ രൂഢമൂലമായി. അവരുടെ മനോമുകുരത്തിൽ ലോകം മുഴുവനും കാണായി. ഇങ്ങിനെ പന്ത്രണ്ടുവർഷം അവർ തപസ്സനുഷ്ഠിച്ചു. ഒടുവിൽ ജഗദംബികയായ പരമേശ്വരിയെ കാണാനവർക്ക് ഭാഗ്യമുണ്ടായി. 

സഹസ്രസൂര്യകാന്തിയോടെ തങ്ങൾക്കു മുന്നിൽ ആവിർഭവിച്ച ദേവിയെ അവർ സ്തുതിച്ചു: "മഹേശാനീ, കരുണാലയേ, വിജയിച്ചാലും. വാഗ്ഭവാരാധനപ്രീതയും വാഗ്ഭവ പ്രതിപാദയും ക്ലീംകാര വിഗ്രഹയും ക്ളീം കാരപ്രീതിദായനിയും കാമരാജമനോമോദദായിനിയും ഈശ്വരതോഷിണിയും മഹാമായയും മോദപരയും മഹാ സാമ്രാജ്യദായിനിയും വിഷ്ണ്വർക്കഹരശക്രാദി സ്വരൂപയും ഭോഗവർദ്ധിനിയും ആയ ദേവീ വിജയിച്ചാലും വിജയിച്ചരുളിയാലും."

രാജപുത്രൻമാരുടെ സ്തുതിയിൽ സംപ്രീതയായ ദേവി അരുളി: "തപസ്സുചെയ്ത് നിങ്ങൾ സ്വയം മഹാത്മാക്കളായിത്തീർന്നു. ഞാൻ നിങ്ങളിൽ പ്രീതയാണ്. നിങ്ങൾക്കെന്താണ് എന്നിൽ നിന്നും വരമായി വേണ്ടത്?" 

രാജപുത്രൻമാർ പറഞ്ഞു: "ശത്രുക്കൾ ഇല്ലാത്ത രാജ്യവും ദീർഘായുസ്സുള്ള സന്തതികളും ഞങ്ങൾക്കുണ്ടാവണം. നിരന്തരഭോഗ സുഖവും, തെളിഞ്ഞ ബുദ്ധിയും തേജസ്സും ഞങ്ങൾക്കു തന് അനുഗ്രഹിച്ചാലും."

ശ്രീദേവി പറഞ്ഞു: "നിങ്ങൾക്ക് എന്തെല്ലാം ആഗ്രഹങ്ങൾ ഉണ്ടോ അവയെല്ലാം നടപ്പിലാവട്ടെ. നിങ്ങളെ ഓരോരുത്തരെ ഞാൻ മന്വന്തരാധീശൻമാരായി വാഴിക്കുന്നു. ദീർഘായുസ്സ്, സുഖഭോഗങ്ങൾ, ഐശ്വര്യം, യശസ്സ്, ബലം, വിഭൂതികൾ, കീർത്തി ഇവയെല്ലാം നിങ്ങൾക്കുണ്ടാവും."

ശ്രീ നാരായണൻ തുടർന്നു. ജഗദംബികയായ ആ ഭ്രാമരീദേവി വരം നൽകി മറഞ്ഞ ശേഷം രാജപുത്രൻമാർ ഭൂമിയിലെ ഉത്തമരായ ചക്രവർത്തിമാരായി. അതിശ്രേഷ്ഠമായ രാജ്യവും സുഖഭോഗവും അവരിൽ വന്നു ചേർന്നു. സൽസന്താന സമ്പന്നരായി അവർ മനുക്കളായിത്തീർന്നു. അവർ ജന്മാന്തരത്തിൽ സാവർണ്ണിയെന്ന പേരിൽ പ്രശസ്തരായി. അവരിൽ ഒന്നാമനായ ദക്ഷസാവർണ്ണിയാണ് ഒൻപതാമത്തെ മനു. രണ്ടാമൻ മേരുസാവർണ്ണിയെന്ന പത്താമത്തെ മനുവാണ്. മൂന്നാമൻ സൂര്യ സാവർണ്ണി. നാലാമൻ ചന്ദ്ര സാവർണ്ണി പന്ത്രണ്ടാമത്തെ മനുവായി. അഞ്ചാമൻ രുദ്രസാവർണ്ണി പതിമൂന്നാമത്തെ മനുവാണ്. ആറാമനായ വിഷ്ണു സാവർണ്ണി പതിന്നാലാമത് മനുവായി ചക്രവർത്തി പദം അലങ്കരിച്ചു. ഭ്രാമരീദേവിയെ ആരാധിച്ചാണ് അവരിത്ര പ്രതാപികളും ബലവാൻമാരുമായിത്തീർന്നത്. അവരെല്ലാം മഹാ പ്രതാപികളും ലോക വന്ദിതരും ആയിത്തീർന്നു.

നാരദൻ ചോദിച്ചു. ആരാണീ ഭ്രാമരീദേവി ? ദേവീചരിതം കേൾക്കാൻ തുടങ്ങിയാൽ പിന്നെയതവസാനിപ്പിക്കാൻ തോന്നുകയേയില്ല. ഭ്രാമരീ ദേവിയുടെ ദിവ്യ ചരിത്രം ശോക നാശകമായിരിക്കും എന്നു നിശ്ചയം. അമൃതപാനം മൃത്യുവിനെ അകറ്റുന്നതു പോലെ ദേവീകഥാമൃതപാനവും മൃത്യുനാശകമാണ്.

ശ്രീ നാരായണൻ പറഞ്ഞു: അവ്യക്തരൂപിയും അചിന്ത്യയുമായ ,ജഗന്മാതാവിന്റെ വിശിഷ്ടകഥകൾ ഇനിയും ഞാൻ പറയാം. ആ കഥകൾ മോക്ഷദായകമാണ്. ലോകമംഗളം മാത്രമാണ് ആ കഥകളുടെ ലക്ഷ്യം. അമ്മയ്ക്ക് പുത്രനോടുള്ള വാത്സല്യം എങ്ങിനെയോ അത്ര നിർവ്യാജ കരുണാമൂർത്തിയാണമ്മ.

പണ്ട് പാതാള ലോകത്ത് അരുണൻ എന്ന പേരായി ഒരസുരൻ ഉണ്ടായിരുന്നു. മഹാശക്തനും എന്നാൽ അതിദുഷ്ടനുമായിരുന്നു അരുണാസുരൻ. ദേവൻമാരെ വെല്ലണമെന്ന ഉദ്ദേശത്തോടെ അവൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു. ഹിമവാനിൽ നിന്നും തണുത്ത ജലം വഹിച്ചൊഴുകുന്ന ഗംഗാതീരത്ത് വെറും ഉണക്കയില കഴിച്ച് പ്രാണനെ നിയന്ത്രിച്ച് അവൻ പതിനായിരം കൊല്ലം തപം ചെയ്തു. ജലം മാത്രം ആഹരിച്ചും, വായു മാത്രം സ്വീകരിച്ചും നിരാഹാരനായും  ഗായത്രീ നിഷ്ഠനായി അവൻ തപസ്സു തുടർന്നു. ഒടുവിൽ അവനിൽ നിന്നും ഉഗ്രതേജസ്സോടെ ലോകം ചുടാൻ കെൽപ്പുള്ള ഒരഗ്നി പുറപ്പെടുവന്നു. ദേവൻമാരും മറ്റുള്ളവരും ഈ അത്ഭുതക്കാഴ്ചയിൽ ഭയചകിതരായി. അവർ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

ചതുർമുഖൻ ഗായത്രീദേവിയുമൊത്ത് അരുണാസുരന്റെ അടുത്തെത്തി. തേജസ്വിയെങ്കിലും വയറൊട്ടി എല്ലും തോലുമായി നില്ക്കുന്ന അസുരന്റെ കണ്ണുകൾ ധ്യാനനിമിലീതമായിരുന്നു. ബ്രഹ്മാവ് അവനെയുണർത്തി അഭീഷ്ടവരം ചോദിച്ചു കൊള്ളാൻ അനുവദിച്ചു. അവനിൽ ബ്രഹ്മാവിന്റെ അമൃതതുല്യമായ ശബ്ദം പീയൂഷധാരയായി. കണ്ണു തുറന്നപ്പോൾ അവൻ കണ്ടത് നാലു വേദങ്ങളെയും ഗായത്രിയേയും കൂടെ നിർത്തി തന്നെ അനുഗ്രഹിക്കാനെത്തിയ വിരിഞ്ചനെയാണ്.

അരുണൻ ബ്രഹ്മാവിനെ നമസ്ക്കരിച്ചു. സ്തുതികളാൽ സന്തോഷിപ്പിച്ചു. "എനിക്ക് മരണമുണ്ടാവരുത് " എന്നവൻ മനസാ വരമഭ്യർത്ഥിച്ചു. അപ്പോൾ നാന്മുഖൻ പറഞ്ഞു. "ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ പോലും മൃത്യുവശഗരാണ്. അപ്പോൾപ്പിന്നെ ഈ വരം കിട്ടിയിട്ടും കാര്യമില്ല. അതു കൊണ്ട് ബുദ്ധിമാനായ നിനക്ക് മറ്റേത് വരവും ചോദിക്കാം." 

അപ്പോളവൻ ആദരപൂർവ്വം മറ്റൊരു വരം ആവശ്യപ്പെട്ടു. "എനിക്ക് യുദ്ധത്തിൽ വച്ചോ ആയുധങ്ങളാലോ മരണമുണ്ടാവരുത്. പുരുഷനോ സ്ത്രീയോ നപുംസകങ്ങളോഎന്നെ കൊല്ലരുത്. ഇരുകാലികളോ നാൽക്കാലികളോ എന്നെ വധിക്കരുത്. മാത്രമല്ല ദേവൻമാരെ ജയിക്കാനുള്ള കരുത്തും തന്ന്‍ അവിടുന്നെന്നെ അനുഗ്രഹിക്കണം." 

"തദാസ്തു" എന്നു പറഞ്ഞ് ബ്രഹ്മാവ് മടങ്ങിപ്പോയി.

അരുണൻ പാതാളത്തിലെത്തി അനുചരൻമാരെ വിളിച്ചു കൂട്ടി. അവൻ ദേവൻമാർക്ക് യുദ്ധത്തിനൊരു മുന്നറിയിപ്പുമായി ദൂതനെ അമരാവതിയിലേക്ക് അയച്ചു. ദൂതസന്ദേശം ഇന്ദ്രനെ ഭയചകിതനാക്കി. ദേവൻമാർ ബ്രഹ്മസവിധമെത്തി പരാതി പറഞ്ഞു. അവരെല്ലാവരും കൂടി വിഷ്ണുവിനെ ചെന്നു കണ്ട് അദ്ദേഹത്തെ മുന്നിൽ നിർത്തി കൈലാസമണഞ്ഞു. എല്ലാവരും ദൈത്യനിഗ്രഹം എങ്ങിനെ സാധിക്കുമെന്ന് ആലോചിക്കവേ അരുണൻ സ്വർഗ്ഗത്ത് എത്തിക്കഴിഞ്ഞു. അവൻ സൂര്യനെയും ചന്ദ്രനെയും യമനെയും അഗ്നിയെയും കീഴടക്കി അവരുടെ സ്ഥാനങ്ങൾ പല പല രൂപങ്ങളെടുത്ത് കൈക്കലാക്കി.

യുദ്ധം ചെയ്തോ ആയുധം കൊണ്ടോ സ്ത്രീയാലോ പുരുഷനാലോ നപുംസകങ്ങളാലോ അവനെ കൊല്ലാനാവില്ല എന്ന് ദേവൻമാർ പരസ്പരം പറഞ്ഞു. പെട്ടെന്ന് അവർ ഒരശരീരി കേട്ടു ."നിങ്ങൾ ഭുവനേശ്വരിയെ ഭജിച്ചാലും നിങ്ങളുടെ കാര്യം നടക്കും. എന്നാൽ അസുരൻ ഗായത്രി ജപം തുടരുവോളം അവനെ ഒന്നും ചെയ്യാനാവില്ല."

അശരീരി സന്ദേശം കേട്ട് സമാധാനത്തോടെ ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നു കണ്ടു. " അങ്ങ് അരുണാസുരനെ സന്ധിച്ച് എങ്ങിനെയെങ്കിലും അവന്റെ ഗായത്രീജപനിഷ്ഠ മുടക്കണം. ഞങ്ങൾ പരമേശ്വരിയെ ധ്യാനിച്ച് ജാഗരൂകരായി അങ്ങ് തിരികെ വരുവോളം കാത്തിരിക്കാം." 

ദേവൻമാർ ജാംബുനദേശ്വരീ സന്നിധിയിലെത്തി മായാബീജ ജപസഹിതം തപസ് തുടങ്ങി. അവരവിടെ അംബായജ്ഞം ചെയ്തു.

അരുണ സന്നിധിയിൽ ദേവഗുരു എത്തിയപ്പോൾ ദൈത്യരാജൻ  പറഞ്ഞു: "മഹാമുനേ എന്താണങ്ങയുടെ ആഗമനോദ്ദേശം? ഞാൻ നിങ്ങളുടെ ശത്രുപക്ഷമാണെന്നു മറന്നിട്ടില്ലല്ലോ."

അപ്പോൾ ബൃഹസ്പതി പറഞ്ഞു: "ഞങ്ങൾ പൂജിക്കുന്ന ദേവിയെത്തന്നെയാണ് അങ്ങും പൂജിക്കുന്നത്. അപ്പോൾപ്പിന്നെ നമ്മളെങ്ങിനെ ശത്രുപക്ഷമാകും?" ഇതുകേട്ട് മോഹിതനായ ദാനവൻ അഹങ്കാരത്തോടെ ഗായത്രീനിഷ്ഠ ഉപേക്ഷിച്ചു. ഗായത്രിയെ ഉപേക്ഷിച്ച അരുണാസുരന്റെ തേജസ്സറ്റു. ബൃഹസ്പതി തിരിച്ചെത്തി ദേവേന്ദ്രനെ വിവരമറിയിച്ചു. ദേവഗണം ദേവീപൂജ കുറെ നാൾ കൂടി തുടർന്നു. ഒടുവിൽ ജഗൻമംഗളകാരിയായ മഹേശ്വരി കോടി സൂര്യപ്രഭയോടെ അവർക്കു മുന്നിൽ പ്രത്യക്ഷയായി. ദേവിക്ക് ആയിരം കാമദേവൻമാരുടെ കാന്തിയുണ്ടായിരുന്നു.

വിചിത്രമായ കുറിക്കൂട്ടും ആഭരണങ്ങളും വണ്ടുകൾ മൂളിപ്പറന്ന് ചുറ്റുന്ന പൂന്തേനൊലിക്കുന്ന മാലകളുമായി കൈയിൽ നിറയെ വണ്ടിനങ്ങളുമായി വരദാഭയമുദ്രകളോടെ ദേവിയവിടെ കാണപ്പെട്ടു. കോടിക്കണക്കായ വണ്ടുകൾ തുടർച്ചയായി ഹ്രീങ്കാരം മുഴക്കുന്നു. ഗൃംഗാര പ്രൗഢമായ വേഷഭൂഷകളോടെ ദേവിയവിടെ വിളങ്ങി. വേദങ്ങൾ ദേവിയെ വാഴ്ത്തി. സർവ്വാഭിവന്ദ്യ, സർവ്വേശി, സർവ്വ മംഗളരൂപിണി, സർവ്വജ്ഞ, സർവ്വ ജനനി, സർവ്വാത്മിക, എന്നിങ്ങിനെ ദേവഗണം ജഗദംബികയെ വാഴ്ത്തി.

ദേവസ്തുതി: "സൃഷ്ടിസ്ഥിതിയന്തങ്ങൾക്ക് കാരണഭൂതയായ ദേവീ, ഞങ്ങൾ അവിടുത്തെ നമസ്ക്കരിച്ചു തൊഴുന്നു. സർവ്വാധാരയായ കമലപത്രാക്ഷീ, മഹാവിദ്യേ നമസ്ക്കാരം .

ദേവ, തിരിക് , നര രൂപങ്ങളെടുക്കുന്ന വിരാട് സൂത്രാത്മികേ, അവ്യാകൃത സ്വരൂപേ, കൂടസ്ഥേ, നമസ്ക്കാരം.

ജന്മാദിരഹിതേ, ദുർഗ്ഗേ, ദുഷ്ട സംരോധനം ചെയ്യുന്നവളേ, നിരർഗ്ഗള പ്രേമഗമ്യേ, ദേവീ, ഞങ്ങൾ അവിടുത്തെ കാലടികളിൽ അഭയം തേടുന്നു.

കാളിക മുതലായ പത്ത് മഹാവിദ്യകൾ നീയാകുന്നു. ലോകമാതാവേ, നീലസരസ്വതീ, ഉഗ്രതാരേ, മഹോഗ്രേ, ഞങ്ങൾ കൈകൂപ്പി തൊഴുന്നു.

പീതാംബരധാരിയായ ദേവീ, ത്രിപുരസുന്ദരീ, ഭൈരവീ, മാതംഗീ, ധൂമാവതീ, നമസ്ക്കാരം നമസ്ക്കാരം.

ശിരസ്സില്ലാത്ത ദുർഗ്ഗാരൂപത്തിലിരിക്കുന്ന ദേവീ, ക്ഷീരസാഗരകന്യേ, ശാകംഭരീ, ശിവേ, രക്തദന്തികേ, ഞങ്ങളിതാ കൈതൊഴുന്നു.

ശുംഭനിശുംഭന്മാരെ ഇല്ലാതാക്കിയവളേ, രക്തബീജനെ കൊന്നവളേ, ധൂമ്രനേത്രനെയും വൃത്രനേയും കൊന്ന മഹേശ്വരീ, നമസ്ക്കാരം.

ചണ്ഡമുണ്ഡൻമാരെ ഇല്ലാതാക്കിയ ദേവീ, ദാനവാന്തകേ, ശുഭേ, വിജയേ,ശാരദേ, വികസിതവദനേ, ഞങ്ങളിതാ വീണ്ടും അവിടുത്തെ കൈതൊഴുന്നു.

പൃഥ്വീരൂപേ, ദയാരൂപേ, തേജോരൂപേ, പ്രാണരൂപേ, മഹാരൂപേ, ഭൂതരൂപേ, നമസ്ക്കാരം.

വിശ്വമൂർത്തേ, ദയാമൂർത്തേ, ധർമ്മമൂർത്തേ, ദേവമൂർത്തേ, ജ്യോതിമൂർത്തേ, ജ്ഞാനമൂർത്തേ നമസ്ക്കാരം.

ഗായത്രീ ദേവീ, വരദേ, സാവിത്രീ, വാഗധീശ്വരീ, സ്വാഹാ സ്വധാ ദക്ഷിണാദി രൂപധാരിണീ ഞങ്ങളിതാ കൈതൊഴുന്നു. 

ഇതല്ല, ഇതല്ല എന്ന വാക്യങ്ങളാൽ സകലവേദങ്ങളും ആരെയാണോ പ്രകീർത്തിക്കുന്നത് ആ പ്രത്യഗാത്മസ്വരൂപയെ ഞങ്ങളിതാ വണങ്ങുന്നു.

വണ്ടുകളാൽ ചുറ്റപ്പെട്ടതിനാൽ ഭ്രാമരി എന്നറിയപ്പെടുന്ന ദേവീ നമസ്ക്കാരം, എന്നെന്നും നമസ്ക്കാരം.

നിന്റെ മുന്നിലും പിന്നിലും പാർശ്വങ്ങളിലും മുകളിലും താഴേയും ഞങ്ങൾ നമസ്ക്കരിക്കുന്നു. ഞങ്ങൾ നിന്നെ എല്ലായിടത്തും നമസ്ക്കരിക്കുന്നു.

മണിദ്വീപത്തിൽ വസിക്കുന്ന മഹാദേവീ, പരാത്പരേ, ഭുവനേശ്വരീ, സർവോത്തമോത്തമേ എന്നെന്നും വിജയിച്ചാലും.

സർവ്വകല്യാണ ഗുണരത്നാകരേ, ദേവീ സർവ്വലോകാശ്രയേ, ചിൻമയീ, പ്രസാദിച്ചാലും.

ദേവൻമാർ ഇങ്ങിനെ പ്രാർത്ഥിക്കവേ മത്തകോകിലത്തേപ്പോലെ മധുഭാഷിണിയായ ദേവി അരുളി: "വരമേകുന്നതിൽ ചൂഡാമണിയായ ഞാൻ നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ ആഗ്രഹം അറിയിച്ചാലും."

ദേവൻമാർ തങ്ങളെ ഉപദ്രവിക്കുന്ന അസുരനെപ്പറ്റി ദേവിയോട് പറഞ്ഞു. "അവൻ ദേവഗണങ്ങളെയെല്ലാം ഉപദ്രവിക്കുകയും വേദങ്ങളെ നിന്ദിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വരമാണ് അവന്റെയീ അപ്രമാദിത്വത്തിനു കാരണം."

ദേവൻമാരുടെ പരിവേദനം കേട്ടിട്ട് കൈയിലിരുന്നവയും ചുറ്റും പറക്കുന്നവയുമായ  കോടിക്കണക്കിനു വണ്ടുകളെ ദേവി ഇളക്കിവിട്ടു. പെട്ടെന്നവ മൂന്നു ലോകവും നിറയുന്നതുപോലെ പെരുകി. കടന്നൽക്കൂട്ടമെന്ന പോലെ അവ എല്ലാടവും പരന്നു. അന്തരീക്ഷം ഇരുട്ടാണ്ടു. ആകാശവും ഭൂമിയും കാടും വൃക്ഷക്കൂട്ടങ്ങളും വണ്ടുകളാൽ നിറഞ്ഞു. തേനെടുക്കുന്നവനെ ആക്രമിക്കുന്ന തേനീച്ചകളെപ്പോലെ അവ ഉയർന്നുപൊങ്ങി അസുരന്റെ മാറിടം പിളർന്നു. യാതൊരായുധവും ഉപയോഗിച്ചില്ല. യുദ്ധവും ഉണ്ടായില്ല. അസുരന്മാരുടെ മരണം ക്ഷണത്തിൽ വന്നണഞ്ഞു. പരസ്പരം മിണ്ടാൻ കൂടി അവർക്ക് സാധിച്ചില്ല.

ക്ഷണത്തിൽ, നിന്ന നിൽപ്പിൽ, അസുരർ എല്ലാം നശിച്ചു. "മഹാശ്ചര്യം തന്നെ" യെന്ന് ലോകർ ഈ കാഴ്ചയെ കൊണ്ടാടി. സകലതും ജഗദംബയുടെ മായാവിലാസമാകയാൽ അത്ഭുതമായി എന്തുള്ളു എന്നുമവർ ചിന്തിച്ചു. ബ്രഹ്മാദികൾ വിവിധ നൈവേദ്യങ്ങളുമായി ഉപചാരപൂർവ്വം ദേവിയെ സേവിച്ചു. ആകാശത്ത് മംഗളധ്വനിയായി ദുന്ദുഭി മുഴങ്ങി. ആകാശത്തു നിന്നും പുഷ്പവൃഷ്ടിയുമുണ്ടായി. 

മിഴാവ്, മദ്ദളം, വീണ, കടുന്തുടി, ഇടയ്ക്ക, പെരുമ്പറ, ശംഖ്, മണി, എന്നിവയുടെ നാദമെങ്ങും മുഴങ്ങി. അപ്സരനാരിമാർ നൃത്തം ചെയ്തു. മുനിമാർ വേദാലാപനം ചെയ്തു. ഗന്ധർവ്വൻമാർ പാടി. ദേവൻമാർ ഭഗവതീസ്തുതി തുടർന്നു. "ദേവീ അവിടുന്ന് സദാ ജയിച്ചാലും; വിജയിച്ചരുളിയാലും" എന്നവർ വാഴ്ത്തി.

ദേവി എല്ലാവരെയും അനുഗ്രഹിച്ചു. അവർക്ക് ഭക്തി സമ്പത്തും വരങ്ങളും നൽകി. ദേവൻമാർ നോക്കിനിൽക്കെ ദേവി അപ്രത്യക്ഷയായി. ഇതാണ് ഭ്രമരിചരിതം. ആശ്ചര്യ പൂർണ്ണമായ ഇക്കഥ കേൾക്കുന്നതും പഠിക്കുന്നതും പറയുന്നതും സർവ്വ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും. അവർ സംസാരസാഗരത്തെ നിഷ്പ്രയാസം തരണം ചെയ്യാൻ പ്രാപ്തിയുള്ളവരായിത്തീരും. ഇക്കഥ നിത്യവും പഠിക്കുന്നവൻ പാപവിമുകതനായി ദേവീസായൂജ്യമടയും.

ദശമസ്കന്ധം അവസാനിച്ചു.

Saturday, October 14, 2017

ദിവസം 284 ശ്രീമദ്‌ ദേവീഭാഗവതം. 10-12 . മഹാലക്ഷ്മീ മഹാസരസ്വതീ കഥ

ദിവസം 284  ശ്രീമദ്‌ ദേവീഭാഗവതം. 10-12 .  മഹാലക്ഷ്മീ മഹാസരസ്വതീ കഥ

മഹിഷീഗർഭസംഭൂതോ മഹാബലപരാക്രമ:
ദേവാൻ സർവാൻ പരാജിത്യ മഹിഷോfഭൂജ്ജഗത്പ്രഭു:
സർവേഷാം ലോകപാലാനാമധികാരാന്മഹാസുര:
ബലാന്നിർജിത്യ ബുഭുജേ ത്രൈലോക്യൈശ്വര്യമദ്ഭുതം

മുനി പറഞ്ഞു: മഹിക്ഷിയുടെ പുത്രനായ മഹിഷാസുരൻ ദേവൻമാരെയെല്ലാം കീഴടക്കി സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ചു വരികയായിരുന്നു. മൂന്നു ലോകങ്ങളെയും ബലമായി കീഴടക്കി അവൻ ജഗത്പ്രഭുവായി സ്വയം അവരോധിച്ചു. അസുരന്റെ ഭരണത്തിൽ അത്യധികം വലഞ്ഞ ദേവൻമാർ ബ്രഹ്മാവിനോട് സങ്കടമുണർത്തിച്ചു. ബ്രഹ്മാവിന്റെ നേതൃത്വത്തിൽ അവർ കാത്യായനമുനിയുടെ ആശ്രമത്തിൽ ഹരിഹരൻമാർ സമ്മേളിച്ചിരുന്നയിടത്ത് ചെന്നു. അവരാ ദേവദേവൻമാരോട് സങ്കടമുണർത്തിച്ചു. 

"മഹിഷാസുരൻ എല്ലാവർക്കും അവകാശപ്പെട്ട ഐശ്വര്യങ്ങൾ കീഴടക്കി ദേവൻമാരെ കഷ്ടത്തിലാക്കിയിരിക്കുന്നു. അവൻ തന്റെ ബലത്തിലും വീര്യത്തിലും മത്തനായി മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്." 

പരാതി കേട്ട് ഭഗവാൻ വിഷ്ണു കോപിഷ്ഠനായി ബ്രഹ്മാവും ശങ്കരനും ഹരിക്കൊപ്പം തയ്യാറായി നിന്നു. പെട്ടെന്ന് ശ്രീഹരിയുടെ മുഖത്തു നിന്നും ആയിരം സൂര്യൻമാർ ഒന്നിച്ചുദിച്ചതു പോലെ ഒരു ചൈതന്യം ഉദ്ഭവിച്ചു കാണപ്പെട്ടു. മറ്റു ദേവൻമാരുടെ മുഖങ്ങളും തേജോമയങ്ങളായി. അവരിൽ ഓരോരുത്തരിൽ നിന്നും തേജസ്സുകൾ ആവിർഭവിച്ചു.

ശംഭുവിൽ നിന്നുമുദിച്ച തേജസ്സ് മുഖമായി. യമതേജസ്സ് കേശമായി. വിഷ്ണു തേജസ്സ് കരങ്ങളായി. ഇന്ദ്രതേജസ്സ് അരക്കെട്ടും വരുണതേജസ്സ് കണങ്കാലും തുടകളും ആയി. ഭൂമിതേജസ്സ് നിതംബമായി. ബ്രഹ്മതേജസ്സ് പാദങ്ങളായി. ഭാനുതേജസ്സ് കാൽവിരലുകളായി. വസുതേജസ്സ് കൈവിരലുകളായി. കുബേരതേജസ്സ് മൂക്ക്, പ്രാജാപത്യ തേജസ്സ് ദന്തങ്ങൾ, അഗ്നി തേജസ്സ് നയനങ്ങൾ, സന്ധ്യാ തേജസ്സ് പുരികങ്ങൾ, വായു തേജസ്സ് ചെവികൾ, എന്നിങ്ങനെ ദേവതേജസ്സുകൾ ഉത്തമമായി ഒത്തുചേർന്ന് മഹിഷാസുരമർദ്ദിനിയായി ദേവിയവിടെ ഉദ്ഭൂതയായി.

ശിവൻ ദേവിക്ക് ശൂലവും, വിഷ്ണു ചക്രവും, പാശി ശംഖവും, പാവകൻ വേലും, വായു അമ്പും വില്ലും, ദേവേന്ദ്രൻ വജ്രായുധവും ഐരാവതത്തിന്റെ മണിയും, ദേവിക്കു നൽകി. യമൻ കാല ദണ്ഡം നൽകി. ബ്രഹ്മാവ് യക്ഷമാലയും കിണ്ടിയും കൊടുത്തു കാലൻ വാളും പരിചയും നൽകി.

ആദിത്യൻ ദേവിയുടെ രോമകൂപങ്ങളിൽ രശ്മിമാല ചാർത്തി. സമുദ്രം ദേവിക്ക് മുത്തുമാലയും പുതുവസ്ത്രങ്ങളും ചൂഡാരത്നവും തോൾ വളയും കുണ്ഡലങ്ങളും കടകങ്ങളും അംഗദങ്ങളും അമ്പിളിക്കീറും നൂപുരങ്ങളും കാൽച്ചിലങ്കകളും കണ്ഠാഭരണങ്ങളും നൽകി. വിശ്വകർമ്മാവ് മോതിരങ്ങൾ കൊടുത്തു.ഹിമവാൻ വിവിധ രത്നങ്ങൾ സമ്മാനിച്ചതു കൂടാതെ വാഹനമായി ഒരു സിംഹത്തെയും നൽകി. കുബേരൻ സ്വർണ്ണചഷകത്തിൽ മധുനിറച്ച് നൽകി. ശേഷഭഗവാൻ നൽകിയത് ഒരു കനകഹാരമായിരുന്നു.

എല്ലാ ദേവൻമാരും ദേവിയെ വണങ്ങി. ജഗന്മയിയും ജഗൻമംഗളദായിനിയും സർവ്വവിശ്വോത്പത്തിഹേതുഭൂതയുമായ ജഗദംബയെ അവർ സ്തോത്രങ്ങൾകൊണ്ട് വാഴ്ത്തി. ദേവി അവരുടെ സ്തോത്രങ്ങളിൽ പ്രീതയായി അസുരവധത്തിനു പുറപ്പെട്ടു.

ദേവി ക്രുദ്ധയായി ഒന്നു ഗർജ്ജിച്ചു. ആ കേട്ട് ദൂരെയായിരുന്നിട്ടും മഹിഷാസുരൻ ഞെട്ടിപ്പോയി. അവൻ വലിയ യുദ്ധസന്നാഹങ്ങളുമായി ദേവിയുടെ അടുക്കലെത്തി. അസുര സേനാനികളായ ചിക്ഷുരൻ, ദുർമുഖൻ, ദുർദ്ധരൻ ,ബാഷ്കളൻ, താമ്രൻ, ബിഡാലമുഖൻ എന്നിവർ യുദ്ധ സന്നദ്ധരായി മഹിഷനു,ചുറ്റും അണിനിരന്നു. അവരെല്ലാം ബലത്തിലും വീരത്തിലും കാലതുല്യൻമാരായിരുന്നു. കോപത്താൽ ചുവന്നു തുടുത്ത കണ്ണുകളോടെ ദേവി മഹിഷപ്പടയെ കൊന്നൊടുക്കി. തന്റെ പടയ്ക്കുണ്ടായ വീഴ്ചയിൽ കോപിതനായ മഹിഷൻ അതിവേഗം മായാ പ്രയോഗത്തോടെ ദേവിക്കുനേരേ ചാടി വീണു. അവൻ പല രൂപഭാവങ്ങളും കൈക്കൊണ്ടു. ദേവി അവയെയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കി. ഒടുവിലവൻ തന്റെ സ്വരൂപമായ മഹിഷരൂപത്തിൽ ദേവിക്കു മുന്നിൽ നിന്നു. ദേവി കയർകൊണ്ടവനെ വരിഞ്ഞു കെട്ടി വാൾകൊണ്ട് തലയറുത്തു. അസുരസൈന്യത്തിൽ ബാക്കിയുള്ളവർ തിരിഞ്ഞോടി. ദേവൻമാർ സന്തോഷം ദേവിയെ വാഴ്ത്തി. ഇതാണ് മഹിഷാസുരമർദ്ദിനിയായ ലക്ഷ്മീദേവിയുടെ ആവിർഭാവത്തിനെക്കുറിച്ചുള്ള കഥ.

ഇനിപ്പറയാനുള്ളത് വാണീദേവി സരസ്വതിയുടെ ആവിർഭാവത്തെപ്പറ്റിയാണ്. പണ്ട് ശുംഭൻ എന്ന പേരുള്ള ഒരസുരനുണ്ടായിരുന്നു. അവന്റെ അനിയൻ നിശുംഭൻ. രണ്ടു പേരും അതിവീര പരാക്രമികൾ. അവർ ദേവൻമാരെ ആക്രമിച്ച് എല്ലാ സമ്പദൈശ്വര്യങ്ങളും കൈക്കലാക്കി. അവരുടെ ശല്യം സഹിക്കാതെ ദേവഗണം ഹിമാലയത്തിൽ പോയി ഒത്തു ചേർന്ന് ദേവിയോട്  ശരണം അഭ്യർത്ഥിച്ചു. അവർ ആദരവോടെ ദേവീസ്തുതി ചെയ്തു.

ദേവൻമാർ പറഞ്ഞു: "ദേവൻമാരുടെ ദു:ഖമകറ്റുന്ന ദേവീ, അസുരവർഗ്ഗത്തെ വേരോടെ ഇല്ലാതാക്കുന്ന ദേവീ അവിടുത്തെ തൊടാൻ ജരാമൃത്യു രോഗാദികൾക്ക് കഴിയുകയില്ല. ശുഭേ, ദേവേശി, മഹേശീ, ഭക്തസുലഭേ, മഹാബലപരാക്രമേ, അനന്തവിക്രമേ, സൃഷ്ടിസ്ഥിതി സംഹാര ഹേതവേ, വിഷ്ണുശങ്കര ബ്രഹ്മാദി സ്വരൂപേ, കാന്തിദായിനീ, മഹാതാണ്ഡവ സപ്രീതേ, ദേവദേവേശീ, കരുണാനിധേ, പ്രസാദിച്ചാലും. ആർത്തിനാശിനീ, മോദദായിനീ, മാധവീ, ദുഷ്ടനായ ശുംഭനിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ."

ഇങ്ങിനെ സ്തുതിച്ച് വിലപിക്കുന്ന ദേവൻമാരെ കരുണാർദ്രനയനങ്ങളോടെ മലമങ്കയായ ദേവിയൊന്നു നോക്കി. പെട്ടെന്ന് പാർവ്വതിയുടെ കോശരൂപത്തിൽ നിന്നും കൗശികി എന്ന പേരോടു കൂടിയ ജഗദ് സമ്പൂജ്യയായ ദേവി ഉദ്ഭൂതയായി. "ഞാൻ നിങ്ങളിൽ പ്രസന്നയാണ്.വരം എന്തു വേണമെങ്കിലും ചോദിക്കാം."

ദേവൻമാർ ആവശ്യമറിയിച്ചു. "അതി പരാക്രമികളും ദുഷ്ടരുമായ ശുംഭനിശുംഭ സഹോദരൻമാർ ദേവൻമാരെയെല്ലാം ദ്രോഹിച്ചു കഴിയുന്നു. അവരുടെ ശല്യമൊഴിവാക്കണം എന്നാണ് ഞങ്ങൾ അവിടുത്തോട് പ്രാർത്ഥിക്കുന്നത്. "

ദേവി പറഞ്ഞു: "ദേവവൈരികളായ അവരെ ഞാൻ വധിക്കാം. നിങ്ങൾ സമാധാനിക്കുവിൻ. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. " ഇത്രയും പറഞ്ഞ് ദേവി പെട്ടെന്ന് മറഞ്ഞു. ദേവൻമാർ അവരവരുടെ ഇടങ്ങളിലേയ്ക്ക് പോയി.

ചണ്ഡമുണ്ഡൻമാർ ശുംഭനിശുംഭൻമാരുടെ പടയാളികളാണ്. അവർ അത്യന്തസുന്ദരിയും വിമോഹിനിയുമായ ദേവിയെക്കണ്ട് 'ഇവൾ രാജാവായ ശുംഭന് അവകാശപ്പെട്ടവളാണ്' എന്നു വിചാരിച്ച് രാജാവിനോട് കാര്യം പറഞ്ഞു. "അസുര ശ്രേഷ്ഠാ, വിലപിടിച്ചതെല്ലാം അനുഭവിക്കാൻ അങ്ങേയ്ക്ക് മാത്രമേ യോഗ്യതയുള്ളു. ഞങ്ങൾ അപൂർവ്വസൗന്ദര്യത്തിനുടമയായ ഒരുവളെ ഇന്നുകണ്ടു.  അവളെ അനുഭവിക്കാൻ അങ്ങേയ്ക്കല്ലാതെ ആർക്കും യോഗ്യതയില്ല. അസുര സ്ത്രീകളിലോ ദേവമർത്തൃജാതികളിലോ ഒന്നും ഇങ്ങിനെയൊരു സ്ത്രീരത്നത്തെ കാണാൻകൂടി കിട്ടുകയില്ല. അവളെ അങ്ങ് തന്നെ കൂട്ടിക്കൊണ്ടുവന്ന് ഈ കൊട്ടാരത്തെ അലങ്കരിക്കുക."

ഭൃത്യരായ അസുരവീരൻമാർ പറഞ്ഞതു കേട്ട് ശുംഭൻ തന്റെ ദൂതനായി സുഗ്രീവനെ ദേവിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അവൻ ദേവിയോട് പറഞ്ഞു: " ദേവീ, ശുംഭൻ എന്ന പേരോടുകൂടി അതിപരാക്രമിയും ബലവാനും പ്രതാപവാനുമായ ഒരസുരരാജാവുണ്ട്. അവൻ പറഞ്ഞയച്ചിട്ടാണ് ഞാനീ ദൂതുമായി വരുന്നത്. ലോകത്ത് രത്നതുല്യമായ എല്ലാം അവനു സ്വന്തമാണ്. നീയും അവന്റെ കണ്ണിൽ രത്നതുല്യയാണ്.  അതു കൊണ്ട് അവനെ സ്വീകരിച്ചാലും. അവനോടൊപ്പം ചേർന്ന് നിനക്കും സുഖമായി ജീവിക്കാം."

ദേവി പറഞ്ഞു: "നല്ലൊരു ദൂതനായ നീ പറഞ്ഞത് സത്യമാണ്. പക്ഷേ ഞാൻ ചെറുപ്പത്തിലേ ഒരു ശപഥം ചെയ്തിട്ടുണ്ട്. അത് തെറ്റിക്കാനാവില്ല. ആരാണോ എന്നെ പോരിൽ ജയിക്കുന്നത്, എനിക്ക് സമനോ എന്നേക്കാൾ കേമനോ ആയ ഒരു വീരനുമാത്രമേ ഞാൻ വധുവാകു എന്നതാണാ പ്രതിജ്ഞ. അതു കൊണ്ട് നിന്റെ സ്വാമിയോട് ഇവിടെ വന്ന് എന്നെ ജയിച്ച് എന്റെ കൈ പിടിച്ചു കൊള്ളാന്‍ വിനയത്തോടെ അറിയിക്കുക."

സുഗ്രീവൻ ശുംഭനെ വിവരമറിയിച്ചു. മഹാശക്തനായ ദാനവേദ്രൻ കോപിഷ്ഠനായി. പിന്നെ അദ്ദേഹം  ധൂമ്രാക്ഷൻ എന്നു പേരായ അസുര പ്രമുഖനോട് ഇങ്ങിനെ കല്പിച്ചു. "ആ ദുഷ്ടയുടെ മുടിക്ക് കുത്തിപ്പിടിച്ച് അവളെയെടുത്ത് ഇവിടെ എന്റെ മുന്നിൽ എത്രയും വേഗം കൊണ്ടുവരിക." 

സ്വാമിവാക്യം കേട്ട ധൂമ്രാക്ഷൻ അറുപതിനായിരം പടയോടു കൂടി ദേവിയുടെ അടുക്കൽ ചെന്നു. എന്നിട്ട് ഇങ്ങിനെ വിളിച്ചു പറഞ്ഞു: "ശുഭേ, ദൈത്യേന്ദ്രനായ ശുംഭനെ സ്വീകരിക്കുന്നതാണ് നിനക്ക് നല്ലത്. അങ്ങിനെയായാൽ എല്ലാ ഭോഗങ്ങളും നിനക്കനുഭവിക്കാം. അല്ലെങ്കിൽ എനിക്കു നിന്നെ മുടിക്ക് പിടിച്ച് എടുത്തു കൊണ്ട് പോയി രാജാവിനു മുന്നിൽ കൊണ്ടിടേണ്ടതായി വരും."

ദേവി പറഞ്ഞു: "മഹാശക്തനായ നിന്റെ വാക്കുകൾ നിന്നെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കും. എന്നെ പൊക്കിക്കൊണ്ടു പോവുന്നത് നീയോ നിന്റെ സ്വാമിയോ?"

ദേവി പറഞ്ഞതു കേട്ട് അസുരൻ ആയുധങ്ങളെടുത്ത് ദേവിക്ക് മുന്നിൽ ചാടി വീണു. ഒറ്റ ഹുങ്കാരം കൊണ്ടു തന്നെ ദേവി അവനെ ഭസ്മമാക്കി. അവന്റെ സൈന്യങ്ങളെ ദേവിയുടെ വാഹനമായ സിംഹം ഓടിച്ചു കളഞ്ഞു. 

ധൂമ്രാക്ഷന് സംഭവിച്ച കാര്യം അറിഞ്ഞ ശുംഭന് കോപം സഹിക്കാതായി. അവന്റെ നെറ്റി ചുളിഞ്ഞു. പുരികം വളഞ്ഞു. പല്ലിറുമ്പിക്കൊണ്ട് അവൻ ചണ്ഡമുണ്ഡൻമാരെയും രക്തബീജനെയും ദേവീസവിധത്തിലേക്ക് പറഞ്ഞയച്ചു. വീരാസുരൻമാർ മൂന്നു പേരെയും ദേവിയുടെ ശൂലം വകവരുത്തി. ഒടുവിൽ ശുംഭനും നിശുംഭനും യുദ്ധത്തിനിറങ്ങി. അവരും നന്നായി പൊരുതിയെങ്കിലും ദേവിക്ക് മുന്നിൽ അവരുടെ ശൌര്യം നിഷ്പ്രഭമായി. ദേവി അവരെ വധിച്ചു.

ഇങ്ങിനെ ശുംഭനിശുംഭന്മാരെ വധിച്ച ദേവിയെ സുരഗണം വാഴ്ത്തി സ്തുതിച്ചു. ഈ ദേവിയാണ് വാഗീശ്വരി. പരമേശ്വരിയായ ദേവി കാളിയായും ലക്ഷ്മിയായും സരസ്വതിയായും പിറന്നതിന്റെ ചരിതങ്ങൾ ഞാൻ പറഞ്ഞു. ജഗത്തിനെ സൃഷ്ടിച്ച്, പാലിച്ച് ഒടുവിൽ സംഹരിക്കുന്നത് ജഗൻ മോഹിനിയായ ദേവിയാണ്. ഈ ദേവിയെ സമാശ്രയിച്ചാൽ എല്ലാ വാഞ്ഛിതങ്ങളും നേടാം.

നാരായണൻ പറഞ്ഞു: സ്വമേധസ്സ് മുനിയുടെ വാക്കുകൾ കേട്ട് രാജാവ് സർവ്വാർത്ഥ സാധകയായ ദേവിയെ ശരണം പ്രാപിച്ച് ഏകാഗ്രചിത്തനായി തപസ്സു ചെയ്തു. മണ്ണുകൊണ്ട് ഒരു മൂർത്തിയുണ്ടാക്കി പൂജിച്ചും ആഹാര നീഹാരാദികൾ വെടിഞ്ഞും ചെയ്ത കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിന് ദേവീദർശനം ലഭിച്ചു. സ്വന്തം രക്ത മാംസങ്ങൾ പോലും അദ്ദേഹം ദേവിക്ക് ബലിയർപ്പിച്ചു. മായാമോഹമില്ലാതാകുന്ന പരമമായ ജ്ഞാനം ദേവി രാജാവിനു നല്കി. രാജാവിനു നഷ്ടപ്പെട്ട രാജ്യം ശത്രുക്കളേതുമില്ലാതെ തിരികെ ലഭിച്ചു.

ദേവി പറഞ്ഞു: "മോഹത്തിനന്ത്യം വരുത്തുന്ന ജ്ഞാനം ഞാൻ നിനക്കു തരുന്നു. ഈ ജന്മത്തിൽത്തന്നെ നിനക്ക് സർവ്വ മംഗളങ്ങളും ഉണ്ടാവട്ടെ. ജന്മാന്തരത്തിൽ നിനക്കായി മന്വന്തരാധിപത്യവും ഞാൻ നൽകുന്നു. ഭാനുപുത്രനായി ജനിക്കുന്ന നിനക്ക് സാവർണ്ണി മനു എന്നായിരിക്കും നാമധേയം. അതിപ്രതാപവാനായി സത്പുത്ര സമ്പന്നനായി വാഴുക."

സുരഥന് അനുഗ്രഹം നല്കി ദേവി അപ്രത്യക്ഷയായി. സാവർണ്ണി മനുവിന്റെ ചരിതം കേൾക്കുന്നതും ഓർക്കുന്നതും കൊണ്ട് ദേവീപ്രസാദമുണ്ടാവും എന്നറിയുക.