Devi

Devi

Thursday, September 28, 2017

ദിവസം 276 ശ്രീമദ്‌ ദേവീഭാഗവതം. 10-4 . സങ്കടനിവേദനം

ദിവസം 276  ശ്രീമദ്‌ ദേവീഭാഗവതം. 10-4 .  സങ്കടനിവേദനം

തത : സർവ്വേ സുരഗണാ മഹേന്ദ്രപ്രമുഖാസ്തദാ
പത്മയോനിം പുരസ്കൃത്യ രുദ്രം ശരണമന്വയു:
ഉതസ്ഥു: പ്രണതിഭി: സ്തോത്രൈശ്ചാരുവിഭൂതിഭിഃ
ദേവദേവം ഗിരിശയം ശശിലാളിതശേഖരം

സൂതൻ പറഞ്ഞു: മഹേന്ദ്രനും മറ്റ് പ്രമുഖരായ ദേവന്മാരും കൂടി ബ്രഹ്മാവിനെ മുന്നിൽ നിർത്തി സങ്കടം പറയാൻ രുദ്രദേവനെ സമീപിച്ചു. ചന്ദ്രചൂഡനായ മഹേശ്വരനെ പ്രീതിപ്പെടുത്താൻ അവർ മാഹാത്മ്യമേറുന്ന സ്തോത്രങ്ങൾ ആലപിച്ചു.

ദേവൻമാർ മഹാദേവനെ ഇങ്ങിനെ വാഴ്ത്തി: "പാർവ്വതീദേവിയാൽ ദിനവും തഴുകപ്പെടുന്ന കാൽത്താരിണകൾക്കുടയവനായ മഹേശാ, ഭക്തന് അഭീഷ്ടങ്ങൾ കനിഞ്ഞരുളുന്ന ഈശാ, മഹാമായയ്ക്ക് ഇരിപ്പിടമായുള്ള വെള്ളിമാമലയിൽ വസിക്കുന്ന ദേവാ, പരമാത്മാവേ, കൈലാസവാസീ, വൃഷഭധ്വജനേ, മാന്യനായും, മാനദായിനിയായും, മാനാതീതസ്വരൂപനായും, അജനായും, ബഹുരൂപനായും ഭൂതഗണാധിപനായും, ബ്രഹ്മരൂപനായും, ഗണേശനായും, ഗിരിശനായും, വർത്തിക്കുന്നവനേ, മഹാവിഷ്ണുവിനാൽ സദാ സ്തുതിക്കപ്പെടുന്ന ദേവദേവാ, യോഗികളുടെയും മാഹാവിഷ്ണുവിന്റെയും ഹൃദയകമലത്തിൽ വസിക്കുന്നവനേ, പരനേ, മഹായോഗരതനേ, യോഗനാഥനേ, അങ്ങേയ്ക്ക് നമസ്ക്കാരം. യോഗഗമ്യനും  യോഗങ്ങൾക്കെല്ലാം ഫലമേകുന്നവനുമായ അവിടുന്ന് ദീനാനുകമ്പയുള്ളവനാണ്. ഉഗ്രമൂർത്തിയും ആർത്തി നാശനനും ഗുണമൂർത്തിയും കാലസ്വരൂപനും കാലകാലനുമായ ഭഗവാനേ, ഞങ്ങൾ അവിടുത്തെ മുന്നിൽ കൈകൂപ്പി ശരണം പണിയുന്നു.

ദേവൻമാരുടെ സ്തുതി കേട്ട് സംപ്രീതനായ പരമശിവൻ അവരുടെ അഭീഷ്ടമെന്താണെങ്കിലും അത്  നിറവേറ്റാമെന്ന് അനുഗ്രഹിച്ചു. അപ്പോൾ ദേവൻമാർ അവരുടെ ആഗമനോദ്ദേശം അറിയിച്ചു. "ദേവദേവാ, ആർത്തത്രാണപരായണാ, ഗിരീശാ, തിങ്കൾക്കലാധരാ, ഞങ്ങൾക്ക് ശുഭമണച്ചാലും. വിന്ധ്യനെന്ന മഹാപർവ്വതം മേരുവിനോടുള്ള സ്പർദ്ധ നിമിത്തം അമിതമായി വളർന്ന് ആദിത്യന്റെ ഗതി മുടക്കിയിരിക്കുന്നു. അതെല്ലാവരെയും കഷ്ടത്തിലാക്കിയിരിക്കുന്നു. വിന്ധ്യന്റെയീ അഹങ്കാരമൊടുക്കി അവിടുന്ന് ദിനകരന്റെ സഞ്ചാരം പുനസ്ഥാപിച്ച് ഞങ്ങളെ സംരക്ഷിക്കണം. ഭാനുവില്ലാതെ കാലഗണന അസാദ്ധ്യമാണ്. ഹവ്യകവ്യാദികൾ മുടങ്ങി സ്വാഹയും സ്വധയുമില്ലാതെ ദേവൻമാരും പിതൃക്കളും കഷ്ടത്തിലാണ്. ഗിരിജാപതേ, അങ്ങല്ലാതെ ആരുമില്ലൊരു ശരണം. അവിടുന്ന് ഞങ്ങളിൽ പ്രസാദിച്ചാലും.

ഭഗവാൻ പറഞ്ഞു: വിന്ധ്യനെ തടയാൻ എനിക്ക് കഴിവില്ല. നമുക്ക് ഭഗവാൻ വിഷ്ണുവിനെ ചെന്ന് കണ്ട് സങ്കടമുണർത്തിക്കാം. കാരണാത്മാവായ വൈകുണ്ഠവാസി സകലർക്കും സംപൂജ്യനാണ്. അദ്ദേഹം നിങ്ങളുടെ ദുഖത്തിന് അറുതി വരുത്തും.

ദേവൻമാരും ബ്രഹ്മാവും പരമശിവനെ  മുന്നിൽ നിർത്തി വൈകുണ്ഠത്തിലേയ്ക്ക് പുറപ്പെട്ടു.

Sunday, September 24, 2017

ദിവസം 275 ശ്രീമദ്‌ ദേവീഭാഗവതം. 10-3. രവിമാർഗ്ഗരോധം

ദിവസം 275  ശ്രീമദ്‌ ദേവീഭാഗവതം. 10-3.  രവിമാർഗ്ഗരോധം

ഏവം സമുപദിശ്യായാം ദേവർഷി: പരമ: സ്വരാട്
ജഗാമ ബ്രഹ്മണാലോകം സ്വൈരചാരീ മഹാമുനി:
ഗതേ മുനിവരേ വിന്ധ്യശ്ച ചിന്താം ലേഭേfനപായിനീം
നൈവ ശാന്തിം സ ലേഭേ ച സദാന്ത:കൃതശോചന:


സൂതൻ പറഞ്ഞു: സ്വേച്ഛാചാരിയായ നാരദമുനി മടങ്ങിയ ശേഷം വിന്ധ്യാപർവ്വതം അശാന്തഹൃദയനും ചിന്താകുലനുമായിത്തീർന്നു.  "ആ മേരുപർവ്വതത്തെ എങ്ങിനെയാണ് കീഴടക്കുക? അതിനെപ്പറ്റിയോർത്ത് എന്നിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഞാനാർജ്ജിച്ച കീർത്തിയും മാനവും എന്റെ കുലവും ശ്രമവും പൂർവ്വികർ സങ്കൽപ്പിച്ചിരുന്നതുമെല്ലാം വ്യർത്ഥമായിരിക്കുന്നു."  ഇങ്ങിനെ ഖിന്നനായിത്തീർന്ന പർവ്വത രാജന്റെ മനസ്സിൽ ഒരു ദുഷ്ചിന്ത ഉടലെടുത്തു. " ദിവാകരൻ ദിവസവും തന്നെ വലം വയ്ക്കുന്നു എന്ന അഹങ്കാരമാണ് മേരുപർവ്വതത്തിന്. ഞാനെന്റെ ശൃoഗങ്ങളായ കൈകളുയർത്തി സൂര്യന്റെ ചലനപഥത്തെ തടയാൻ പോവുന്നു. അപ്പോൾ ആദിത്യന് മേരുവിനെ പ്രദക്ഷിണം ചെയ്യാനാവില്ലല്ലോ. അങ്ങിനെയവന്റെ അഹങ്കാരത്തിന് ശമനമാവും." വിന്ധ്യൻ പൊടുന്നനെ തന്റെ ശൃoഗങ്ങൾ ആകാശം മുട്ടെ വളർത്തി. പൊക്കമേറിയ കൊടുമുടികൾ ആകാശം നിറഞ്ഞുനിന്നു.

രാത്രി മുഴുവനും സൂര്യന്റെ വരവായോ എന്ന് ആ പർവ്വതരാജൻ കാത്തിരുന്നു. നേരം പുലർന്നപ്പോൾ ഇരുട്ടിനെ വെട്ടിമുറിച്ച് ബാലാർക്കൻ ദിക്കുകളെ പ്രകാശമയമാക്കി. ആകാശം തെളിവുറ്റതായി. താമരകൾ വിരിഞ്ഞുലഞ്ഞു. ആമ്പലുകൾ കൂമ്പിനിന്നു. മനുഷ്യർ അവരവരുടെ കർമ്മങ്ങളിൽ ആമഗ്നരായി. പ്രാഹ്നം, അപരാഹ്നം, മദ്ധ്യാഹ്നം, എന്നിവയെയുണ്ടാക്കുന്ന സൂര്യൻ വിരഹം കൊണ്ട് കരയുന്ന പ്രാചിയെയും വഹ്നിദിക്കിനെയും ആശ്വസിപ്പിച്ച് യമദിക്കിലക്ക് പുറപ്പെടാൻ തയ്യാറായി. പക്ഷെ ആ യാത്ര തുടരാൻ സൂര്യന് സാധിച്ചില്ല.

സൂര്യസാരഥിയായ അരുണൻ പറഞ്ഞു: "അങ്ങ് മേരുവിനെ വലം വയ്ക്കുന്നതിൽ അസൂയപൂണ്ട വിന്ധ്യൻ അങ്ങയുടെ ആകാശമാർഗ്ഗം തടഞ്ഞുവെച്ചിരിക്കുന്നു. മേരുവിനോടുള്ള വിദ്വേഷമാണ് വിന്ധ്യനെ ഗർവ്വിയാക്കുന്നത്."

"രാഹുവിന് പോലും തടയാനാവാത്ത തന്റെ രഥമാർഗ്ഗം തടയാൻ ഇതാ ഈ പർവ്വതത്തിനു സാധിച്ചിരിക്കുന്നു. വിധിയെ ഉല്ലംഘിക്കാൻ ആർക്കു സാധിക്കും" എന്ന് ദിനകരൻ വ്യാകുലപ്പെട്ടു. 

സൂര്യമാർഗ്ഗം തടസ്സപ്പെട്ടപ്പോൾ ദേവാസുരന്മാർക്കും ലോകപാലകൻമാർക്കും എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി. ചിത്രഗുപ്തനുപോലും കാലഗണനയും സമയബോധവും നൽകുന്നത് ദിവാകരനാണ്.  ലോകത്ത് ഹവ്യകവ്യാദികൾ നിലച്ചു. സ്വാഹയും സ്വധായും കേൾക്കാതായി. പടിഞ്ഞാറും തെക്കും ദിക്കുകളിൽ സദാ രാത്രിയായി സകലരും ഉറക്കത്തിലാണ്ടു. കിഴക്കും വടക്കും ദിക്കുകളിലുള്ളവർ സദാ സൂര്യതാപമേറ്റ് വലഞ്ഞു. എല്ലായിടത്തും ജീവജാലങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. യജ്ഞങ്ങളും ബലികളും മുടങ്ങി ദേവൻമാരും പിതൃക്കളും വലഞ്ഞു. എല്ലാവരും എന്താണിനി കരണീയമെന്ന് ചിന്താകുലരായി.

Saturday, September 23, 2017

ദിവസം 274 ശ്രീമദ്‌ ദേവീഭാഗവതം. 10-2. വിന്ധ്യചരിതം

ദിവസം 274  ശ്രീമദ്‌ ദേവീഭാഗവതം. 10-2.  വിന്ധ്യചരിതം

ഭൂമിപാല മഹാബാഹോ സർവമേതദ്ഭവിഷ്യതി
യത്ത്വയാ പ്രാർത്ഥിതം തത്തേ ദദാമി മനുജാധിപ
അഹം പ്രസന്നാ ദൈത്യേന്ദ്രനാശനാfമോഘവിക്രമാ
വാഗ്ഭവസ്യ ജപേനൈവ തപസാ തേ സുനിശ്ചിതം


ശ്രീദേവി പറഞ്ഞു: "അല്ലയോ മഹാബാഹോ അങ്ങാഗ്രഹിച്ചതെല്ലാം സഫലമാവാൻ ഞാനിതാ അനുഗ്രഹിക്കുന്നു. നിന്റെ തപസ്സിൽ ഞാൻ തുഷ്ടയാണ്. ദൈത്യരെ നിശ്ശേഷം ഇല്ലാതാക്കാൻ എനിക്കു സാധിക്കും. നിന്റെ രാജ്യത്തിന് ശത്രുക്കൾ ഉണ്ടാവുകയില്ല. പുത്രന്മാരിലൂടെ നിനക്ക് വംശവൃദ്ധിയും ഉണ്ടാവും. അവസാനം എന്നിൽ ഭക്തിയും തദ്വാരാ മുക്തിപദവും പ്രാപിക്കട്ടെ." ദേവി ഇത്രയും അരുളിച്ചെയ്ത് വിന്ധ്യാചലത്തിന് അപ്പുറത്തേക്ക് അപ്രത്യക്ഷയായി. പണ്ട് ഈ വിന്ധ്യാ പർവ്വതം ആകാശംമുട്ടെ വളർന്ന് സൂര്യനെപ്പോലും തടയാൻ ഒരുങ്ങവേ അഗസ്ത്യമുനിയാണ് അതിനെ താഴ്ത്തി നിർത്തിയത്. അവിടെ വാണരുളുന്ന കൃഷ്ണസോദരിയായ ദേവി സകലർക്കും സമ്പൂജ്യയത്രേ.

ഋഷിമാർ പറഞ്ഞു: അങ്ങ് വിന്ധ്യാചലം ആകാശം മുട്ടാൻ തുടങ്ങിയെന്ന് പറഞ്ഞു. അതിന്റെ കഥയെന്താണ്? സൂര്യന്റെ ഗതി മുടക്കാൻ ആ ശൈലം എന്തിനാണ് ശ്രമിച്ചത്? അഗസ്ത്യമുനി എങ്ങിനെയാണ് പർവ്വതത്തെ പഴയ നിലയിലാക്കിയത്? അങ്ങ് ദേവീചരിതം പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ കേൾക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നു.

സൂതൻ പറഞ്ഞു: മഹാവനങ്ങളും വൻവൃക്ഷങ്ങളും വള്ളിച്ചെടികളും ദുഷ്ട-ശിഷ്ട മൃഗസഞ്ചയങ്ങളും നിറഞ്ഞയിടമാണ് വിന്ധ്യാചലം. ദേവകിന്നരവർഗ്ഗങ്ങളും അപ്സരസ്സുകളും അവിടെ യഥേഷ്ടം വിഹരിക്കുന്നു. നദികളും ഫലവൃക്ഷങ്ങളും ഉദ്യാനങ്ങളും നിറഞ്ഞ മനോജ്ഞമായ ഒരിടമാണ് വിന്ധ്യാപർവ്വതം. നാടുചുറ്റിവരുന്ന നാരദമുനി ഒരിക്കലവിടെ എത്തിച്ചേർന്നു. ദേവർഷിയെ കണ്ടപാടെ വിന്ധ്യൻ എഴുന്നേറ്റ് മുനിയെ സ്വീകരിച്ചു. അർഘ്യപാദ്യാദികൾ ഉപചാരപൂർവ്വം നൽകി കുശലം ചോദിച്ചു. 'അങ്ങ് ഇപ്പോളെവിടെ നിന്നു വരുന്നുവെന്നും ഇപ്പോൾ എന്റെയീ ഭവനത്തെ പരിശുദ്ധമാക്കാനായി ആഗതനായത് എന്തുകൊണ്ടാണെന്നും പറഞ്ഞു തന്നാലും അങ്ങും ലോകോപകാരാർത്ഥം സൂര്യനെപ്പോലെ ഭൂമിയെ വലം വയ്ക്കുന്നു.'

നാരദൻ പറഞ്ഞു: ഇന്ദ്രന്റെ ശത്രുവായ രാജാവേ, ഞാനിപ്പോൾ മേരു പർവ്വതത്തിൽ നിന്നുമാണ് വരുന്നത്. അവിടെ ഇന്ദ്രാദി ലോകപാലൻമാരുടെ വസതികൾ കാണുകയുണ്ടായി. അവയുടെ ഐശ്വര്യവും പ്രതാപവും ഒന്നു കാണേണ്ടതു തന്നെ.' ഇത്രയും പറഞ്ഞ് മുനി ഒരു നെടുവീർപ്പിട്ടു. മുനിയെന്തിനാണ് ഇങ്ങിനെ നെടുവീർപ്പിട്ടത് എന്ന് പർവ്വതരാജനായ വിന്ധ്യൻ ചോദിച്ചു. 

അപ്പോൾ നാരദൻ അതിന്റെ കാരണം വിശദീകരിച്ചു. "പർവ്വതരാജനായ ഹിമവാൻ പരമശിവനുമായുള്ള ബന്ധം നിമിത്തം സകലർക്കും ആരാധ്യനാണ്. പ്രത്യേകിച്ച് പർവ്വതങ്ങൾക്ക് ഹിമവാൻ സമ്പൂജ്യനാണ്. അതുപോലെ പരമശിവന്റെ ആസ്ഥാനമാകയാൽ കൈലാസവും സുപ്രസിദ്ധമത്രേ. സകലപാപങ്ങൾക്കും അറുതി വരുത്താൻ കൈലാസദർശനത്തിനു സാധിക്കുമല്ലോ. നിഷേധപർവ്വതം, നീലാദ്രി, ഗന്ധമാദനം, എന്നിവയും അതാതിടങ്ങളിൽ സമ്പൂജ്യരാണ്. എന്നാൽ മേരുപർവ്വതം ഊറ്റം കൊള്ളുന്നത് താനാണ് ഏറ്റവും ശ്രേഷ്ഠൻ എന്നാണ്. കാരണം സഹസ്രകിരണനായ ദിവാകരൻ നക്ഷത്രങ്ങളുടെ അകമ്പടിയോടെ സദാ പ്രദക്ഷിണംചെയ്യുന്നത് തന്നെയാണ് എന്ന് മേരുഗിരി അഹങ്കരിക്കുന്നു. ആ പർവ്വതത്തിന്റെ ഔദ്ധത്യത്തെപ്പറ്റി ഓർത്താണ് ഞാൻ ഖിന്നനായി നെടുവീർപ്പിടുന്നത്. തപോബലമുള്ളവർക്ക് ഇതൊരു വിഷയമല്ല. എങ്കിലും സന്ദർഭവശാൽ അങ്ങു ചോദിച്ചതുകൊണ്ട് പറഞ്ഞുവെന്നേയുള്ളു. എന്നു പറഞ്ഞ് നാരദൻ ബ്രഹ്മലോകത്തേക്കു തിരിച്ചു പോയി.

Sunday, September 17, 2017

ദിവസം 273 ശ്രീമദ്‌ ദേവീഭാഗവതം. 10-1. സ്വായംഭുവമനുസ്തുതി

ദിവസം 273  ശ്രീമദ്‌ ദേവീഭാഗവതം. 10-1.  സ്വായംഭുവമനുസ്തുതി 
പത്താം സ്കന്ധം ആരംഭം 

നാരായണ ധാരാ ധാര സർവ്വപാലനകാരണ
ഭവതോദീരിതം ദേവീചരിതം പാപനാശനം
മന്വന്തരേഷു സര്‍വേഷു സാ ദേവീ യല്‍സ്വരൂപിണീ 
യദാകാരേണ കുരുതേ പ്രാദുര്‍ഭാവം മഹേശ്വരീ  

നാരദൻ പറഞ്ഞു: ലോകത്തിനു മുഴുവൻ ആധാരമായ നാരായണാ, അങ്ങ് പറഞ്ഞുതന്നതായ മഹത്തും പാപനാശകരവുമായ ദേവീചരിതം കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. ഓരോരോ മന്വന്തരങ്ങളിലും ദേവിയെടുക്കുന്ന രൂപങ്ങൾ എങ്ങിനെയൊക്കെയാണ്? ആ ദേവിമാരുടെ ചരിതങ്ങൾ അവയുടെ മാഹാത്മ്യസഹിതം കേൾക്കാനെനിക്കാഗ്രഹമുണ്ട്. ആ ദേവിമാരെ ആരെല്ലാം എങ്ങിനെയെല്ലാം പൂജിച്ചുവെന്നും എനിക്ക് പറഞ്ഞുതരണം. ദേവീചരിതം അത്യുത്തമമാണെന്ന് സുനിശ്ചയം. അത് കേൾക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരം ദേവിതന്നെ നിറവേറ്റുമല്ലോ. കൃപാനിധേ, ഭക്തൻമാരുടെ അഭീഷ്ടം നിറവേറ്റാൻ ദേവീചരിതകഥനം വീണ്ടും സമാരംഭിച്ചാലും.

ശ്രീ നാരായണൻ തുടർന്നു. ഭക്തൻമാർക്ക് ഭക്തി മാത്രമല്ല, സമ്പത്തു വർദ്ധിക്കാനും ദേവിയുടെ ചരിതം കേട്ടാൽ മതി. പണ്ട് ബ്രഹ്മാവ് ഉത്ഭവിച്ചത് മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്നുമാണല്ലോ. മഹാതേജസ്വിയും ലോകത്തിന്റെതന്നെ പിതാവുമാണ് വിരിഞ്ചൻ. അദ്ദേഹം ആദിമനുഷ്യനായ സ്വയംഭൂവമനുവിനെ മനസാ സൃഷ്ടിച്ചതാണ്. കൂടെ ശതരൂപയെ മനുവിന് പത്നിയായും സൃഷ്ടിച്ചു. പാലാഴിയുടെ തീരത്ത് വച്ച് മനുവും ശതരൂപയും ദേവിയെ പൂജിക്കുകയുണ്ടായി. രാജാവ് മണ്ണുകൊണ്ട് ദേവിയുടെ മൂർത്തിയുണ്ടാക്കി ദേവിയെ സ്തുതിച്ചു കൊണ്ട് ആഹാരനീഹാരാദികൾ ഉപേക്ഷിച്ച് പ്രാണനെ നിയന്ത്രിച്ച് തപം ചെയ്തു. കാമക്രേധാദികളെ വിജയിച്ച മനു ഒറ്റക്കാലിൽ നിന്നു കൊണ്ട് നിരാഹാരനായി നൂറ് വർഷം കഠിനമായ തപസ്സിലാണ്ടുനിന്ന് ഒരു സ്ഥാവരവസ്തുപോലെ നിന്ന സ്ഥലത്ത് ഉറച്ചു പോയി. ദേവിയുടെ പാദങ്ങളിൽ ധ്യാനമുറപ്പിച്ചിരുന്ന മനുവിൽ സംപ്രീതയായ ജഗദീശ്വരി പ്രത്യക്ഷയായി അഭീഷ്ടവരം ചോദിച്ചു കൊള്ളാൻ അനുവദിച്ചു.

മനു പറഞ്ഞു: ദേവീ, വിശാലാക്ഷീ, അവിടുന്ന് വിജയിച്ചരുളിയാലും. സർവ്വാന്തര്യാമിയായ ദേവി എന്നെന്നും വിജയിക്കട്ടെ. സർവ്വപൂജിതയും മാന്യയും സർവ്വമംഗളദായികയുമായ അവിടുന്നാണ് ബ്രഹ്മാവിന് സൃഷ്ടി ചെയ്യാൻ കഴിയുന്നതിന്റെ കാരണം. അതുപോലെ തന്നെയാണ് വിഷ്ണുവിന് സൃഷ്ടികളെ പരിപാലിക്കാനും മഹേശ്വരന് അവയെ സംഹരിക്കാനും കഴിയുന്നത്. ദേവേന്ദ്രന് മൂന്നു ലോകങ്ങളെയും പാലിക്കാൻ കഴിയുന്നതും ധർമ്മരാജന് ദണ്ഡ നീതി നടപ്പിലാക്കാൻ കഴിയുന്നതും വരുണന് എന്നേപ്പോലുള്ളവരെ കാത്തുരക്ഷിക്കാൻ കഴിയുന്നതും അമ്മേ, അവിടുത്തെ പ്രഭാവത്താലാണ്.

കുബേരൻ ലോകത്തിലെ സമ്പത്തുകൾക്ക് അധിപതിയായിത്തീർന്നതും അഗ്നി, നിര്യതി, വായു, ഈശാനൻ, ശേഷൻ എന്നിവരെല്ലാം  കർമ്മനിരതരാവുന്നതും അവിടുത്തെ കൃപയാലാണ്. അവരെല്ലാം നിന്റെ അംശങ്ങളും ആണല്ലോ. എനിക്ക് വരം തരണമെന്നുണ്ടെങ്കിൽ ഹേ പരമേശ്വരീ, സൃഷ്ടികാര്യങ്ങളിൽ എനിക്ക് വിഘ്നങ്ങൾ ഉണ്ടാകാതിരിക്കണം എന്നു മാത്രമാണ് എനിക്കായി ഞാനഭ്യർത്ഥിക്കുന്നത്. അതുപോലെ നിന്റെ ബീജമന്ത്രത്തെ ഉപാസിക്കുന്നവരുടെ അഭീഷ്ടങ്ങൾക്ക് കാര്യസിദ്ധിയുണ്ടാവാൻ താമസമരുതേ. ഈ സംവാദവും സ്തുതിയും കേൾക്കുന്നവർക്ക് ഭക്തിയും മുക്തിയും ഉണ്ടാവട്ടെ. പൂർവ്വജന്മം അവരുടെ ഓർമ്മയിൽ തെളിയട്ടെ. അവരുടെ വാക്കുകൾക്കു നിറവും തെളിച്ചവും ഉണ്ടാകട്ടെ. അവർക്ക് ജ്ഞാനസിദ്ധിയും കർമ്മസിദ്ധിയും പുത്രസമ്പത്തും ലഭിക്കുമാറാകട്ടെ.

Saturday, September 9, 2017

ദിവസം 272. ശ്രീമദ്‌ ദേവീഭാഗവതം. 9- 50. രാധാദുർഗ്ഗാമന്ത്ര പൂജാവിധി

ദിവസം 272  ശ്രീമദ്‌ ദേവീഭാഗവതം. 9- 50.  രാധാദുർഗ്ഗാമന്ത്ര പൂജാവിധി

ശ്രുതം സർവമുപാഖ്യാനം പ്രകൃതീനാം യഥാതഥം
യച്ഛ്രുത്വാ മുച്യതേ ജന്തുർജ്ജന്മ സംസാരബന്ധനാത്
അധുനാ ശ്രോതുമിച്ഛാമി രഹസ്യം വേദഗോപിതം
രാധായാശ്ചൈവ ദുർഗായാ വിധാനം ശ്രുതിചോദിതം

നാരദൻ പറഞ്ഞു: "മൂലപ്രകൃതിസംഭവകളായ ദേവിമാരുടെ ചരിതങ്ങൾ ധ്യാന-സ്തുതി-പൂജാവിധികളടക്കം അങ്ങ് പറഞ്ഞു തന്നു. സംസാരബന്ധനങ്ങളിൽ നിന്നും മുക്തനാവാൻ അവ കേട്ടാൽ മാത്രം മതി. ഇനിയും ഞാൻ കേൾക്കാൻ ഇച്ഛിക്കുന്നത് രാധയുടെയും ദുർഗ്ഗയുടെയും പൂജാവിധികളാണ്. അതീവ രഹസ്യങ്ങളും വേദഗോപ്യങ്ങളുമാണവ എന്നു ഞാൻ കേട്ടിരിക്കുന്നു.

ആ ദേവിമാരുടെ ചേതോഹരങ്ങളായ മാഹാത്മ്യ വിശേഷങ്ങൾ അങ്ങു തന്നെ വിവരിക്കുകയുണ്ടായി. എന്നാൽ ആരുടെ അംശമാണോ ഈ വിശ്വമായി വിളങ്ങുന്നത്, ആരാണോ ഈ വിശ്വത്തെ ഭരിച്ചു പരിപാലിക്കുന്നത്, ആ ദേവിമാരെ എങ്ങിനെയാണ് പൂജിക്കേണ്ടതെന്ന് കൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ശ്രുതിസമ്മതമായതും പരമരഹസ്യമായതുമായ കാര്യമാണ് അങ്ങ് ചോദിച്ചത്. മറ്റാർക്കും ഞാനത് പറഞ്ഞു കൊടുത്തിട്ടില്ല. സാരതമവും പരാത്പരവുമായ ആ രഹസ്യം ഞാൻ അങ്ങേയ്ക്ക് പറഞ്ഞു തരാം. ജഗത്തിന്‍റെ സൃഷ്ടിയുടെ ആദിയിൽത്തന്നെ മൂലപ്രകൃതിയായ സംവിത്തിൽ നിന്ന് ആവിർഭവിച്ച രണ്ടു ശക്തികളാണ് പ്രാണന്‍റെ അധിദേവതയായ രാധയും ബുദ്ധിയുടെ അധിദേവതയായ ദുർഗ്ഗയും. സമഷ്ടിക്കും വ്യഷ്ടിക്കും ഈ ദേവതമാർ അധിദേവതമാരാകുന്നു. ചരാചരങ്ങളായ ജീവജാലങ്ങൾക്ക് പ്രേരകശക്തിയായി അവയെയെല്ലാം നിയന്ത്രിക്കുന്നത് ഈ ദേവിമാരാണ്.

വിരാഡ് പുരുഷൻ പോലും അവർക്കധീനനാണ്. അവരുടെ കൃപ കൂടാതെ ആർക്കും മുക്തിപദം ലഭിക്കുകയില്ല. അതുകൊണ്ട് ആ ദേവിമാരെ സദാ ഭജിക്കുക . അതിനായുള്ള മന്ത്രങ്ങൾ ഞാൻ പറഞ്ഞുതരാം. ആദ്യം രാധികാ മന്ത്രം പറയാം. ബ്രഹ്മാവും വിഷ്ണുവും രാധാ ഉപാസന നടത്തിയത് ഈ മന്ത്രത്താലാണ്. "ഹ്രീം രാധായൈ സ്വാഹാ " എന്നാണ് ജപിക്കേണ്ടത്. മായാബീജത്തോടു കൂടിയ ഈ ഷഡക്ഷര മഹാമന്ത്രം സർവ്വാഭീഷ്ടപ്രദമാണ്. അതിന്റെ മാഹാത്മ്യം വർണ്ണിക്കുക എളുപ്പമല്ല. ധർമ്മാദികളായ പുരുഷാർത്ഥങ്ങളെ സാധിപ്പിക്കുന്ന ഒരു ചിന്താമണിതന്നെയാണീമന്ത്രം. മൂലപ്രകൃതി ആദ്യമായി ഈ മന്ത്രം ഉപദേശിച്ചത് സാക്ഷാൽ ശ്രീകൃഷ്ണനായാണ്. തുടർന്ന് ശ്രീകൃഷ്ണൻ വിഷ്ണുവിനും വിഷ്ണു ബ്രഹ്മാവിനും ബ്രഹ്മാവ് വിരാട് പുരുഷനും വിരാട് പുരുഷൻ ധർമ്മനും ധർമ്മൻ എനിക്കും മന്ത്രോപദേശം ചെയ്തു. രാധാമന്ത്രം ജപിക്കുകയാൽ എന്നെ ഋഷി എന്ന് വിളിക്കുന്നു.

ബ്രഹ്മാദികൾ ദിവസവും രാധാമന്ത്രം ജപിക്കുന്നുണ്ട്. കൃഷ്ണപൂജയ്ക്ക് അർഹത നേടാൻ ആദ്യം തന്നെ രാധികാർച്ചന നടത്തണം. വൈഷ്ണവർക്ക് രാധികാപൂജ കൂടാതെ കൃഷ്ണപൂജ ചെയ്യാൻ വിധിയില്ല. കൃഷ്ണന്‍റെ പ്രാണേശ്വരിയാണ് രാധ. രാധയെക്കൂടാതെ ശ്രീകൃഷ്ണനെ കാണുകയില്ല. അവർക്ക് തമ്മിൽ പിരിഞ്ഞിരിക്കാനാവില്ല. സകല കാമങ്ങളെയും സാധിപ്പിക്കുന്നതിനാലാണ് ദേവിക്ക് രാധ എന്ന പേരുണ്ടായത്. 'രാധ്നോതി' എന്നു പറഞ്ഞാൽ 'സാധയതി' എന്നർത്ഥം.

ഇവിടെപ്പറയുന്ന മന്ത്രങ്ങളുടെയെല്ലാം ഋഷി ശ്രീ നാരായണൻ എന്ന ഞാനാണ്. ഛന്ദസ്സ് ഗായത്രീ ദേവിയും ദേവത രാധികയുമാണ്. 'ഓം' ബീജമാകുന്നു. 'ഹ്രീം' ഭുവനേശ്വരിയായ ശക്തിയാണ്. 'ശ്രീ'യാണ് കീലകം. മൂലമന്ത്രം ആവർത്തിച്ച് ഉരുക്കഴിച്ച് ഷഡംഗന്യാസം ചെയ്ത് രാസേശ്വരിയായ രാധികാദേവിയെ സാമവേദോക്തമായ രീതിയിൽ ധ്യാനിക്കണം.

തൂവെള്ള ചെമ്പകപ്പുവിന്റെ നിറം, കോടി തിങ്കൾത്തിളക്കം, ശരത്കാലചന്ദ്രദ്വിതിയുള്ള മുഖകമലം, തിളങ്ങുന്ന താമരയിതൾ കണ്ണുകൾ, മുല്ലമൊട്ടിനൊക്കുന്ന ദന്തനിര, വഹ്നിശുദ്ധമായ വസ്ത്രം, പുഞ്ചിരി തൂകുന്ന പ്രസന്നവദനം, ആനക്കൊമ്പിന്റെ എടുപ്പുള്ള പോർകൊങ്കകൾ, കാഞ്ചിയണിഞ്ഞ നിതംബം, തടിച്ച കടിതടം, രത്നാഭരണങ്ങളണിഞ്ഞ ദേഹം , നിത്യവും നവയൗവനം. ശൃംഗാരരസ സമ്പൂർണ്ണ, ഭക്താനുഗ്രഹവ്യഗ്രതയുള്ള ഭാവം, വരദാഭയമുദ്രകൾ അലങ്കരിക്കുന്ന കൈകൾ, ഗോപികമാരുടെ നടുവിൽ നിത്യവും പന്ത്രണ്ടു വയസ്സായി നിൽക്കുന്ന ശ്രീകൃഷ്ണപ്രാണപ്രിയ, വേദം വാഴ്ത്തുന്ന പരമേശ്വരി, ഇങ്ങിനെ ദേവിയെ ധ്യാനിച്ച് സാളഗ്രാമത്തിലോ ഘടത്തിലോ അഷ്ടദളയന്ത്രത്തിലോ വിധിയാംവണ്ണം ആവാഹനം ചെയ്യാം.

മൂലമന്ത്രജപത്തോടെ ദേവിക്ക് ആസനാദികൾ നൽകി പാദ്യം, അർഘ്യം, ആചമനീയം, എന്നിവ യഥാക്രമം പാദത്തിലും ശിരസ്സിലും മുഖത്തും അർപ്പിക്കണം. മൂന്നു വട്ടമാണിവ അർപ്പിക്കേണ്ടത്. പീന്നീട് ഒരു കറവപ്പശുവിനെ കൂട്ടി മധുപർക്കം നൽകണം. ദേവിയെ സ്നാനത്തിനു കൊണ്ടു പോയി ദേവിയവിടെ അഭ്യംഗസ്നാനം  ചെയ്യുന്നതായി സങ്കൽപ്പിക്കുക. ദേവിക്ക് ധരിക്കാൻ വസ്ത്രങ്ങൾ ഭാവന ചെയ്ത് അർപ്പിക്കുക. ചന്ദനവും നാനാവിധ അലങ്കാരവസ്തുക്കളും ദേവിക്ക് ചാർത്തണം. പിന്നീട് തുളസീമാലയും പലവിധ കുസുമങ്ങൾ കോർത്തെടുത്ത പൂമാലകളും ദേവിയെ അണിയിക്കണം. പൊൻതാമരപ്പൂവുകളും പാരിജാതദളങ്ങളും ദേവിക്കായി അർച്ചിക്കണം.

അഗ്നി, ഈശ, അസുര, വായു, എന്നീ കോണുകളുടെ മദ്ധ്യത്തിലായി ഭഗവാന്റെ പരിവാരങ്ങളെ നിർത്തി അവരെ അർച്ചിച്ചു പൂജിക്കണം. പിന്നെ എട്ടിതളുകൾ ഉള്ള ഒരു പുഷപവിതാനസങ്കൽപ്പത്തിൽ വലത്തോട്ട് ക്രമത്തിൽ മാലാവതി, മാധവി, രത്നമാല, സുശീല, ശശികല, പാരിജാത, പരാവതി, സുന്ദരി എന്നീ അംഗദേവതകളെ പൂജിക്കണം. അഷ്ടദളപുഷ്പത്തിനു വെളിയിലായി ബ്രാഹ്മി, മഹേശ്വരി, തുടങ്ങിയ മാതാക്കളെയും വജ്രായുധധാരികളായ ദിക്പാലകരെ ഭൂപുരത്തിലും സങ്കൽപ്പിച്ച് പൂജിക്കണം. പരിവാരസമേതയായ ദേവിയെ രാജകീയമായ ഉപചാരങ്ങളോടെയാണ് ബുദ്ധിമാനായ ഒരുവൻ പൂജിക്കേണ്ടത്.

പിന്നീട് സഹസ്രനാമസ്തുതികൾ കൊണ്ട് ദേവിയെ സംപ്രീതയാക്കണം. മൂലമന്ത്രം നിത്യവും ഒരായിരം തവണ ജപിച്ച് രാസേശ്വരിയായ ശ്രീ രാധാദേവിയെ ഇപ്രകാരം പൂജിക്കുന്ന ഭക്തൻ വിഷ്ണുതുല്യനായി ഗോലോകത്ത് എത്തിച്ചേരും. രാധാദേവി വൃന്ദാവനത്തിൽ വൃഷഭാനുവിന്റെ പുത്രിയായി പിറന്നുവെങ്കിലും ദേവിയെന്നും ഗോലോക നിവാസിനിയത്രേ. രാധാമന്ത്രത്തിന്റെ പുരശ്ചരണ വിധിയനുസരിച്ച് ഓരോ മാത്രകളും ലക്ഷമുരു ജപിക്കേണ്ടതുണ്ടു്. എള്ളും ത്രിമധുരവും ചേർത്ത് ചെയ്യുന്ന രാധാഹോമത്തിന് പുരശ്ചരണത്തിന്റെ പത്തിലൊന്ന് ജപിച്ചാൽ മതി.

ഇനി രാധാദേവിക്ക് പ്രിയങ്കരമായ സ്തോത്രം പറഞ്ഞു തരാം . രാസമണ്ഡലവാസിനിയായ പരമേശീ, നിനക്ക് നമസ്ക്കാരം. കൃഷ്ണന് പ്രാണപ്രിയയായ ദേവീ, നിനക്ക് നമസ്ക്കാരം.

ത്രൈലോക്യ ജനനിയായ കരുണാനിധേ, ബ്രഹ്മാദികൾ സദാ വണങ്ങുന്ന പാദാരവിന്ദങ്ങൾക്കുടയവളേ, എന്നിൽ പ്രസാദിച്ചാലും.

സരസ്വതീ സ്വരൂപയായ ദേവീ നമസ്കാരം. സാവിത്രി, ശങ്കരീ, ഗംഗാരൂപേ, പത്മാവതിരൂപേ, ഷഷ്ഠീദേവീ, മംഗള ചണ്ഡികേ, തുളസീരൂപേ, ലക്ഷ്മീസ്വരൂപിണീ, ഭഗവതീ, ദുർഗ്ഗേ, സർവ്വസ്വരൂപിണീ, നമസ്ക്കാരം.

മൂലപ്രകൃതി രൂപിണിയായ ദേവീ, ഭവസാഗരത്തിൽ നിന്നുമെന്നെ കരകയറ്റണേ!

ഇങ്ങിനെ രാധാദേവിയെ സ്തുതിച്ച് മൂന്നു സന്ധ്യകളിലും പൂജ ചെയ്യുന്നവന് അസാദ്ധ്യമായി ഒന്നുമില്ല. അവൻ ദേഹമുപേക്ഷിക്കുമ്പോൾ ഗോലോകത്ത് സ്ഥാനമുറപ്പിക്കും. മഹർഷേ,  അതീവ രഹസ്യമാകയാൽ ഈ കാര്യം ആരോടും പറയാതിരിക്കുന്നതാണുത്തമം.

ഇനി ദുർഗ്ഗാദേവിയെ പൂജിക്കാനുള്ള വിധികൾ എന്തൊക്കെയെന്നു നോക്കാം. ദുർഗ്ഗാദേവിയെ സ്മരിക്കുന്ന മാത്രയിൽ മഹാവിപത്തുകൾ പോലും ഓടി മറയും. ലോകം മുഴുവനും ദുർഗ്ഗയെ പൂജിക്കുന്നു. സകലരാലും ഉപാസിക്കപ്പെടുന്ന ദേവി ബുദ്ധിക്ക് അടിസ്ഥാന ദേവതയാണ്. സർവ്വാന്തര്യാമിയാണ്. സകലർക്കും അമ്മയാണാ ദേവി. ശിവന്റെ ശക്തിയാണ് ദുർഗ്ഗാദേവി.

കരകയറാനാവാത്ത സങ്കടദുർഗ്ഗങ്ങളെ അതിജീവിപ്പിക്കുന്നവളാകയാൽ ദേവി ദുർഗ്ഗയെന്ന പേരിൽ പ്രശസ്തയായി. വൈഷ്ണവരും ശൈവരും അവളെ ഒരുപോലെ പൂജിക്കുന്നു - മൂലപ്രകൃതീദേവിയാകയാൽ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ ദുർഗ്ഗാദേവിയാൽ നിയന്ത്രിക്കപ്പെടുന്നു.

ദുർഗ്ഗാദേവിയുടെ മന്ത്രം വാക് ബീജമായ ഐം, ഭുവനേശ്വരീ ബീജമായ ഹ്രീം, കാമബീജമായ ക്ളീം, എന്നിവ ചേർന്ന  "ഐം ഹ്രീം ക്ളീം ചാമുണ്ഡായൈ വിച്ചേ" എന്നാണ്. ഭജിക്കുന്നവർക്ക് കല്പവൃക്ഷം തന്നെയായ ഈ മന്ത്രത്തിന്റെ ഋഷികൾ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരാണ്. ഗായത്രി, ഉഷ്ണിക്, അനുഷ്ടുപ്പ് എന്നിവയാണ് ഛന്ദസ്സുകൾ. മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നിവർ ദേവതകളാകുന്നു. രക്തദന്തിക, ദുർഗ്ഗ, ഭ്രമരിക എന്നിവർ ബീജങ്ങളാകുന്നു. നന്ദാ, ശാകംഭരി, ഭീമ എന്നിവരാണ് ശക്തികൾ. ധർമ്മാർത്ഥകാമമോക്ഷങ്ങളാണ് ഈ മന്ത്രത്തിന്റെ വിനിയോഗങ്ങൾ.

ഋഷി ശിരസ്സിലും, ഛന്ദസ്സ് മുഖത്തും, ദേവത ഹൃദയത്തിലും കുടികൊളളുന്നു, മൂന്നു ബീജങ്ങൾ വലത്തേ സ്തനത്തിലും മൂന്നു ശക്തികൾ ഇടത്തേ സ്തനത്തിലും സ്ഥിതി ചെയ്യുന്നു, എന്നിത്യാദി സങ്കൽപ്പങ്ങളിൽ സർവ്വാർത്ഥ സിദ്ധിക്കായി അംഗന്യാസം ചെയ്യണം. "ഐം, ഹ്രീം, ക്ലീം" എന്നീ മൂന്നു ബീജാക്ഷരങ്ങൾ കൊണ്ടും "ചാമുണ്ഡായൈ" എന്ന നാലക്ഷരങ്ങൾ കൊണ്ടും "വിച്ചേ" എന്ന രണ്ടക്ഷരങ്ങൾ കൊണ്ടും ഒൻപതക്ഷരങ്ങൾ ഉള്ള പൂർണ്ണമന്ത്രം കൊണ്ടും, "നമ:, സ്വാഹാ, വഷട്, ഹും, ഫട്"  എന്നിവയിൽ ഏതെങ്കിലും മന്ത്രത്തോട് ചേർത്ത് ഷഡംഗന്യാസം ചെയ്യാവുന്നതാണ്. ശിഖയിലും കണ്ണുകളിലും നാസികകളിലും മുഖത്തും ഗുദത്തിലും വിരല്‍ തൊട്ട്  മന്ത്രാക്ഷരങ്ങൾ ന്യസിക്കേണ്ടതാണ്. ഒടുവിൽ പൂർണ്ണമന്ത്രം കൊണ്ട് ദേഹം മുഴുവൻ വ്യാപകം ചെയ്യണം.

വാൾ, ചക്രം, ഗദ, ബാണം, ചാപം, ശൂലം, ഉലക്ക, ഭൂശുണ്ഠി, ശിരസ്സ്, ശംഖ്, എന്നിവയേന്തിയ പത്തു കൈകളാണ് ദുർഗ്ഗാദേവിക്കുള്ളത്. അവൾക്ക് കണ്ണുകൾ മൂന്നാണ്. നാനാ ഭൂഷണങ്ങൾ അണിഞ്ഞ ദേവിക്ക് നീലാഞ്ജന നിറമാണ്. അങ്ങിനെയുള്ള മഹാകാളിയെ ഞാൻ ധ്യാനിക്കുന്നു. മധുകൈടഭൻമാരെ ഇല്ലാതാക്കാൻ ബ്രഹ്മാവ് സ്തുതിച്ച ദേവിയെ, കാമ ബീജസ്വരൂപിണിയായ ഭഗവതിയെ  നമുക്ക് വാഴ്ത്താം.

വില്ലും, അമ്പും, കുലിശവും, പത്മവും, വേലും, വാളും, ഉലക്കയും, മഴുവും, കിണ്ടിയും, പാശവും, അക്ഷമാലയും, സുദർശനവും, ചർമ്മവും, മണിയും, സുരാപാത്രവും, ധരിച്ച് സൂര്യനെ വെല്ലുന്ന പ്രഭയോടെ വിളങ്ങുന്ന മായാബീജസ്വരൂപിണിയും മഹിഷാസുരമർദ്ദിനിയുമായ മഹാലക്ഷ്മിയെ ഇപ്രകാരം ധ്യാനിക്കണം. മണിശൂലം, ഹലം, ശംഖം, സുദർശനം, ഉലക്ക, അമ്പ്, വില്ല്, എന്നിവയേന്തിയ മുല്ലപ്പൂ നിറമുള ദേവി ശുംഭാദി രാക്ഷസരെ നിഗ്രഹിച്ചവളാണ്. വാക് ബീജസ്വരൂപിണി, സച്ചിദാനന്ദ സ്വരൂപിണി എന്നീ ഭാവങ്ങളിലാണ് മഹാസരസ്വതിയെ ധ്യാനിക്കേണ്ടത്.

ഇനി ദുർഗ്ഗായന്ത്രം എങ്ങിനെയെന്നു നോക്കാം. ആറു കോണുകൾ ഉള്ള രണ്ട് ത്രികോണങ്ങൾ വരയ്ക്കുക. അതിനു ചുറ്റും അഷ്ടദളപത്മം. അതിനു ചുറ്റും ഇരുപത്തിനാലു ദളങ്ങൾ. അതിനും പുറത്തായി ഭൂപുരം. ദേവിയെ സാളഗ്രാമത്തിലോ ഘടത്തിലോ പ്രതിമകളിലോ ഈ യന്ത്രത്തിലോ അഗ്നിയിലോ സൂര്യനിലോ ആവാഹിച്ച് മറ്റു ചിന്തകൾ ഉപേക്ഷിച്ച് പൂജകൾ ചെയ്യാം. ജയ, വിജയ, അജിത, അപരാജിത, നിത്യ, വിലാസിനി, ദോഗ്ധ്രി, അഘോര, മംഗള, എന്നീ നവശക്തികളെയും പീഠത്തിൽ ഉപവിഷ്ടരാക്കുക.

മുൻകോണിൽ സരസ്വതീസമേതനായ  ബ്രഹ്മാവിനെ പൂജിക്കണം. നിരൃതി കോണിൽ ലക്ഷ്മീ സമേതനായ വിഷ്ണു, വായുകോണിൽ പാർവ്വതീസമേതനായ മഹേശ്വരൻ, വലതുവശത്ത് ദേവിയുടെ വാഹനമായ സിംഹം, ഇടതുവശത്ത് മഹിഷാസുരൻ എന്നീ ക്രമത്തിൽ  പൂജകൾ നടത്തണം. പിന്നീട് ആറുകോണുകളിലായി നന്ദജ, രക്തദന്ത, ശാകംഭരി, ശിവ, ദുർഗ്ഗ, ഭീമ, ഭ്രാമരി എന്നിവരെയും എട്ടുദളങ്ങളിൽ ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹീ, നരസിംഹി, ഐന്ദ്രി, ചാമുണ്ഡ എന്നിവരെയും പൂജിക്കണം. പിന്നെ ഇരുപത്തിനാലു ദളങ്ങളിൽ വിഷ്ണുമായ, ചേതന, ബുദ്ധി, നിദ്ര, ക്ഷുധാ, ഛായ, പരാശക്തി, തൃഷ്ണ, ശാന്തി, ജാതി, ലജ്ജ, ക്ഷാന്തി, ശ്രദ്ധാ, കീർത്തി, ലക്ഷ്മി, ധൃതി, വൃത്തി, ശ്രുതി, സ്മൃതി, ദയാ, തുഷ്ടി, പുഷ്ടി, മാതാ, ഭ്രാന്തി, എന്നിവയോരോന്നിനും പൂജ നടത്തണം അതിനും വെളിയിലായി ഭൂപുരക്കോണുകളിൽ ഗണേശൻ, ക്ഷേത്രപാലൻ, വടുകൻ, യോഗിനികൾ എന്നിവരെ പൂജിക്കണം. ദിക്പാലകരായ ഇന്ദ്രാദിദേവതകളെ അവരുടെ ആയുധങ്ങളടക്കം പൂജിക്കണം.

ഇങ്ങിനെ ദേവതകളാൽ ചൂഴപ്പെട്ട ദേവിയെ സന്തോഷിപ്പിക്കാൻ ഉപചാരങ്ങൾ നൽകി നവാർണ്ണവമന്ത്രജപം ചെയ്യുക. പിന്നെ അതുല്യമെന്നും അനന്യമെന്നും വാഴ്ത്തപ്പെട്ട സപ്തശതീസ്തോത്രവും ചൊല്ലുക. ഇങ്ങിനെ എല്ലാ ദിവസവും പൂജ ചെയ്യുന്നതായാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ നിഷ്പ്രയാസം സാധിതമാവും.

ഇതാണ് ശ്രീ ദുർഗ്ഗാപൂജയുടെ വിധിയും ക്രമവും - ഒരുവനെ കൃതാർത്ഥനാക്കാൻ ഇതിനെക്കുറിച്ചുള്ള ജ്ഞാനം മതി. ത്രിമൂർത്തികളും ലക്ഷ്മിതൊട്ടുള്ള ദേവീദേവൻമാരും പരമേശ്വരിയായ ദേവിയെ ധ്യാനിക്കുന്നു. ഒരു സാധകന്റെ ജന്മസാഫല്യം സദാ ദുർഗ്ഗാസ്മരണം ഉണ്ടാവുകയെന്നതാണ്. പതിന്നാലു മനുക്കളും ദുർഗ്ഗാദേവിയുടെ പാദം പണിഞ്ഞാണ് മനുക്കളായത്. ദേവൻമാർ അവരവരുടെ സ്ഥാനം ആർജ്ജിച്ചതും ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താലാണ്.

പഞ്ചപ്രകൃതികൾ, അവരുടെ അംശസംഭൂതരായ ദേവിമാർ, എന്നിവരുടെയെല്ലാം ഗൂഢചരിതം ഞാൻ പറഞ്ഞുതന്നു. ഇതു കേൾക്കുന്നവന് നാലു പുരുഷാർത്ഥങ്ങളെയും നേടാൻ പ്രയാസമേയമില്ല. അപുത്രന് പുത്രനും വിദ്യാർത്ഥിക്ക് വിദ്യയും അഭീഷ്ടാർത്ഥിക്ക് അഭീഷ്ടസിദ്ധിയും നേടാൻ ദുർഗ്ഗാദേവീ ചരിതം കേട്ടാൽ മതി. നവരാത്രി സമയത്ത് ശ്രദ്ധാലുവായി ഈ ചരിതം ചൊല്ലിയാൽ ദേവിയെ സംപ്രീതയാക്കാം. ഒരോരോ അദ്ധ്യായം മുടങ്ങാതെ വായിക്കുന്നവന് ദേവി വശംഗതയാവും. കുമാരിമാരോ ബാലൻമാരോ ഈ ഗ്രന്ഥത്തെ യഥാവിധി പകുത്ത് നോക്കി ശുഭാശുഭ ഫലം പരീക്ഷിക്കാവുന്നതാണ്. ആദ്യം അഭീഷ്ടത്തെ ദൃഢമായി സങ്കൽപ്പിച്ച് ദേവീപൂജ ചെയ്യുക. ജഗദീശ്വരിയെ പ്രണമിച്ച് ഗ്രന്ഥപൂജ ചെയ്യുക. പിന്നെ കുളിച്ചു ശുദ്ധയായ ഒരു കന്യകയെക്കൊണ്ട് ഒരു പൊന്നിൻ സൂചി ഗ്രന്ഥത്തിൽ തിരുകിവയ്പ്പിക്കുക. ഗ്രന്ഥത്തിലെ ആ പുറം പകുത്തു നോക്കി ഒരുവനിലെ ശുഭാശുഭവിവരങ്ങളും ഉദാസീനതയും  അറിയാവുന്നതാണ്.

ഒമ്പതാം സ്കന്ധം സമാപ്തം.

Monday, September 4, 2017

ദിവസം 271. ശ്രീമദ്‌ ദേവീഭാഗവതം. 9- 49. സുരഭ്യൂപാഖ്യാനം

ദിവസം 271.  ശ്രീമദ്‌ ദേവീഭാഗവതം. 9- 49. സുരഭ്യൂപാഖ്യാനം 

കാ വാ സാ സുരഭിർദേവീ ഗോലോകാദാഗതാ ച യാ
തജ്ജന്മചരിതം ബ്രഹ്മൻ ശ്രോതുമിച്ഛാമി യത്നത:
ഗവാമധിഷ്ഠാതൃദേവീ ഗവാമാദ്യാ ഗവാം പ്രസൂ:
ഗവാം പ്രധാനാ സുരഭിർ ഗോലോകേ സാ സമുദ്ഭവാ

നാരദൻ ചോദിച്ചു: ഗോലോകത്തുനിന്നും വന്ന സുരഭീ ദേവി ആരാണ്? ആ ദേവിയുടെ കഥയും കൂടി പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ഗോക്കളുടെ ജനനിയായ സുരഭീദേവി ജനിച്ചത് ഗോലോകത്താണ്. ഗോക്കളിൽ ആദ്യമായി ജനിച്ചത് കാമധേനുവായ സുരഭിയാണ്. അവളുടെ പൂർവകഥ ഞാൻ പറഞ്ഞുതരാം.   ഒരിക്കൽ ശ്രീകൃഷ്ണൻ രാധാദേവിയുമായി വൃന്ദാവനത്തിൽ ചെന്നു. അവിടെ രാസകേളിയിൽ മുഴുകിയിരുന്ന ഭഗവാന് പാലുകുടിക്കാൻ ആഗ്രഹം തോന്നി. ഉടനെതന്നെ അദ്ദേഹം തന്‍റെ ഇടതുവശത്തുനിന്ന് മനോരഥൻ എന്ന് പേരുള്ള കിടാവോടു കൂടി കാമധേനുവായ സുരഭീദേവിയെ സൃഷ്ടിച്ചു. ആ പശുവില്‍ നിന്നും  ജന്മമൃത്യുജരകളെ ഇല്ലാതാക്കുന്ന അമൃതിനേക്കാൾ പരിശുദ്ധമായ നറുംപാൽ സുദാമാവ് യഥേഷ്ടം കറന്നെടുത്തു. ഗോപികാകാന്തനായ ഭഗവാൻ ആ പാൽ ആവശ്യം പോലെ പാനം ചെയ്തു.

ഭഗവാന്‍റെ കയ്യിൽ നിന്നും പാൽത്തളിക താഴെവീണ്  അവിടെയൊരു പാൽത്തടാകം തന്നെയുണ്ടായി. നൂറു യോജന നീളവും വീതിയുമുള്ള ആ തടാകം വൃന്ദാവനത്തിലെ കേളീസരോവരമായി. രാധയും മറ്റ് ഗോപികമാരും അവിടെ യഥേഷ്ടം ക്രീഡിച്ചു നടന്നു. ആ ക്ഷീരതടാകത്തിന്റെ പടവുകൾ നിര്‍മിച്ചിരുന്നത് രത്നം പതിച്ച വിശേഷങ്ങളായ കല്ലുകൾ കൊണ്ടായിരുന്നു. ക്ഷണത്തിലവിടെ സുരഭീ ദേവിയുടെ രോമകൂപങ്ങൾ ഓരോന്നിൽ നിന്നും ഗോപൻമാരുടെയത്രയെണ്ണം പശുക്കൾ ഉണ്ടായി. അവയ്ക്കെല്ലാം കിടാങ്ങളും ഉണ്ടായിരുന്നു. ഇങ്ങിനെയാണത്രേ ലോകം മുഴുവനും ഗോക്കളെക്കൊണ്ട് സമൃദ്ധമായിത്തീർന്നത്!

ആദ്യം ഭഗവാൻ സ്വയം ഗോപൂജ നടത്തി. അതു കഴിഞ്ഞ് ഇക്കാലമത്രയും ശ്രീകൃഷ്ണന്‍റെ നിർദ്ദേശപ്രകാരം  മൂന്നു ലോകങ്ങളിലും ധേനുപൂജ നടന്നു വരുന്നു. പ്രധാനമായും ദീപാവലിയുടെ പിറ്റേന്നാണ് ഗോപൂജ നടത്തുന്നത്. ഈ പൂജയ്ക്ക് ആവശ്യമായ ധ്യാനം, സ്തോത്രം, മൂലമന്ത്രം, പൂജാവിധികൾ എന്നിവയെല്ലാം ഞാൻ പറയാം. ഇവ വേദോക്തങ്ങളാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ.

"ഓം സുരഭ്യൈ നമ:" എന്നതാണ് ഷഡക്ഷരാത്മകമായ മൂലമന്ത്രം. ഇത് ലക്ഷം തവണ ഉരുവിട്ടാൽ മന്ത്രസിദ്ധിയുണ്ടാവും. യജുർവേദവിധിപ്രകാരമാണ് സുരഭീദേവിയെ ധ്യാനിക്കേണ്ടത്. സർവ്വാഭീഷ്ടങ്ങളും സാധിപ്പിക്കുന്നതാണീ ധ്യാനം. സുരഭീ ദേവിയെ പൂജിക്കേണ്ടത് ലോകസമ്മതമായ പൂജാക്രമങ്ങൾ കൊണ്ടാണ്. "ലക്ഷ്മീ സ്വരൂപയും രാധയുടെ സഹചാരിയും ഗോക്കളുടെ അധിഷ്ഠാതൃദേവതയും സർവ്വകാമപ്രദയുമായ കാമധേനുവായ സുരഭീദേവിയെ ഞാൻ ഭജിക്കുന്നു. ഘടത്തിലോ ഗോശിരസ്സിലോ പശുവിനെ കെട്ടുന്ന കുറ്റിയിലോ അഗ്നിയിലോ സാളഗ്രാമശിലയിലോ ദേവിയെ ആവാഹിച്ച് പൂജ ചെയ്യാം. ദീപാവലി കഴിഞ്ഞ് പിറ്റേ ദിവസം ഗോപൂജ ചെയ്യുന്നവൻ സകലർക്കും ആരാധ്യനാവും.

ഒരിക്കൽ വരാഹകൽപ്പത്തിൽ കാമധേനു മായക്കധീനയായി മൂന്നു ലോകങ്ങളിൽ നിന്നും ക്ഷീരമപഹരിച്ചു. അങ്ങിനെ യജ്ഞാദികൾക്ക് തടസ്സമേർപ്പെട്ടു. ദേവൻമാർ ആകുലരായി ബ്രഹ്മാവിനോട് പരാതിപ്പെട്ടു. അദ്ദേഹം ദേവൻമാരോട് സുരഭീദേവിയെ സ്തുതിച്ചു തുഷ്ടയാക്കാൻ നിർദ്ദേശിച്ചു. ദേവേന്ദ്രൻ ദേവിയെ ഇങ്ങിനെ സ്തുതിച്ചു.

"കാമധേനുവായ സുരഭീദേവീ ഞങ്ങൾ അവിടുത്തെ തൊഴുന്നു, നമസ്ക്കരിക്കുന്നു. ഗോക്കളുടെ ബീജസ്വരൂപയായ, ജഗദംബികയായ ദേവിയിൽ ഞങ്ങൾ അഭയം തേടുന്നു. രാധാ പ്രിയേ, ദേവീ, നമസ്ക്കാരം, നമസ്ക്കാരം. പത്മാംശജേ, നമസ്ക്കാരം. കൃഷ്ണപ്രിയേ നമസ്ക്കാരം. ഗോമാതാവേ നമസ്ക്കാരം. കൽപ്പതരുവിനെപ്പോലെ അഭീഷ്ടങ്ങൾ സാധിപ്പിക്കുന്ന ദേവിയെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ക്ഷീരദേ, ധനദേ, ബുദ്ധിപ്രദേ, യശപ്രദേ, കീർത്തിപ്രദേ, കാന്തിപ്രദേ, ധർമ്മപ്രദേ, ദേവീ, നമസ്ക്കാരം. ശുഭദായികേ ദേവീ, നിന്നെ ഞങ്ങൾ തൊഴുന്നു."

സ്തോത്രം കേട്ട് തൃപ്തയായ സുരഭി ബ്രഹ്മലോകത്ത് ആഗതയായി ഇന്ദ്രന് വരം നൽകി. മൂന്നു ലോകങ്ങളും വീണ്ടും ദുഗ്ദ്ധസമൃദ്ധമായി. പാലും നെയ്യും ധാരാളമായി കിട്ടിയതോടെ യജ്ഞകർമ്മങ്ങൾ വീണ്ടും സജീവമായി. പുണ്യ പ്രദമായ ഈ സ്തോത്രം പഠിക്കുകയും ചൊല്ലുകയും ചെയ്യുന്നവൻ ധനധാന്യസമ്പത്തുകൾ നേടി പുത്രകളത്രാദികളോടുകൂടി സുഖിയായി വാഴുന്നതാണ്. കൃഷ്ണസവിധത്തിലിടം നേടി അവൻ ഭഗവാനെ സേവിച്ച് കഴിയും. ഒടുവിലവൻ പുനർജന്മമേയില്ലാത്ത ഒരു ബ്രഹ്മപുത്രനുമായിത്തീരും.

Saturday, September 2, 2017

ദിവസം 270. ശ്രീമദ്‌ ദേവീഭാഗവതം. 9- 48. മനസോപാഖ്യാനം

ദിവസം 270.  ശ്രീമദ്‌ ദേവീഭാഗവതം. 9- 48. മനസോപാഖ്യാനം

മത്ത: പൂജാവിധാനം ച ശ്രൂയതാം മുനിപുംഗവ
ധ്യാനം ച സാമവേദോക്തം പ്രോക്തം ദേവീ വിധാനകം
ശ്വേതചമ്പക വർണ്ണാഭാം രത്നഭൂഷണഭൂഷിതാം
വഹ്നിശുദ്ധാം ശുകാധാനാം നാഗയജ്ഞോപവീതിനീം

ശ്രീ നാരായണൻ പറഞ്ഞു: അല്ലയോ മഹാമുനേ സാമവേദത്തിൽ പ്രതിപാദിച്ചിട്ടുള്ള വിധത്തിൽ ആ ദേവിയെ പൂജിക്കേണ്ടത് എങ്ങനെയെന്ന് ഇനി പറയാം. രത്നവിഭൂഷിതയും തൂവെള്ള ചെമ്പകപ്പൂ നിറവുമുള്ള ദേവി തങ്കനീരാളവും നാഗത്തിന്റെ പൂണൂലും അണിഞ്ഞിരിക്കുന്നു. മഹാജ്ഞാനം സിദ്ധമാക്കിയ ദേവി സിദ്ധയോഗിനിയും സിദ്ധരുടെ അധിഷ്ഠാതൃദേവതയുമാണ്. അങ്ങിനെയുള്ള ദേവിയെ ധ്യാനിച്ച് "ഓം ഹ്രീം ശ്രീം ക്ളീം ഐം മനസാദേവ്യൈ സ്വാഹാ " എന്ന മൂലമന്ത്രോപാസനയോടെയാണ് പൂജിക്കേണ്ടത്. വിവിധങ്ങളായ നൈവേദ്യങ്ങളും പുഷ്പഗന്ധലേപനങ്ങളും പൂജയ്ക്കായി വിനിയോഗിക്കണം.

ദേവിയുടെ മൂലമന്ത്രം പന്ത്രണ്ടക്ഷരങ്ങൾ ഉള്ളതാണ്. സാധകന്റെ അഭീഷ്ടങ്ങളെ എളുപ്പത്തിൽ സാധിപ്പിക്കുന്ന ഈ മന്ത്രം അഞ്ചുലക്ഷം തവണ ജപിച്ച് സിദ്ധി കൈവരിക്കാം. അങ്ങിനെയുള്ള സിദ്ധൻ ധന്വന്തരിക്ക് സമനാകും. കൊടിയ വിഷം പോലും അവന് അമൃത് പോലെയാവും. സങ്ക്രാന്തി ദിവസം കളിച്ചു ശുദ്ധനായി ഗൂഢമായ ഒരിടത്ത് ചെന്ന് ദേവിയെ ആവാഹിച്ച് ഭക്തിയോടെ പൂജിക്കണം. പഞ്ചമിക്ക് ധ്യാനപൂർവ്വം ദേവിക്കായി ബലിയർപ്പിക്കുന്നവൻ ധനവാനും കീർത്തിമാനും സൽപുത്ര സമ്പന്നനും ആവും. മാനസാ ദേവിക്കായുള്ള പൂജാവിധാനം ഇതാണ്. ഇനിയാദേവിയുടെ കഥ പറയാം. ധർമ്മൻ എന്നോട് പറഞ്ഞിട്ടുള്ളതാണീ ദിവ്യചരിതം.

പണ്ട് ലോകരെല്ലാം നാഗ ഭയത്താൽ വലഞ്ഞ് കശ്യപ മുനിയെ അഭയം പ്രാപിച്ചു. മുനി ബ്രഹ്മോപദേശം കേട്ട് വേദബീജാനുസാരമായി മന്ത്രങ്ങൾ സൃഷ്ടിച്ചു. ആ മന്ത്രങ്ങൾക്കൊപ്പം അധിഷ്ഠാതൃദേവതയായി കശ്യപൻ തപോബലത്താൽ ഒരു ദേവിയെയും മനസ്സുകൊണ്ട് സൃഷ്ടിച്ചു. ജനിച്ചപ്പോഴേ അവൾ കുമാരിയായിരുന്നു. ദേവി നേരേ പോയത് കൈലാസത്തിലേയ്ക്കാണ്. അവിടെ ചെന്ന് ദേവി കൈലാസേശനായ ചന്ദ്രശേഖരനെ പൂജിച്ച് തുഷ്ടനാക്കി. അതിനായി ദേവി ആയിരം വർഷം തപസ്സു ചെയ്തു. മഹേശ്വരൻ അവളെ കല്പതരുവിന് തുല്യമായ മഹാജ്ഞാനം നൽകി അനുഗ്രഹിച്ചു. അഷ്ടാക്ഷരാത്മകമായ കൃഷ്ണമന്ത്രമാണത്.

ലക്ഷ്മീ മായാ കാമ ബീജങ്ങൾ ചേർന്ന "ഓം ശ്രീം ഹ്രീം ക്ളീം കൃഷ്ണായ നമ: "  എന്ന മന്ത്രവും 'ത്രൈലോക്യ മംഗളം' എന്ന കവചവും വേദോക്തങ്ങളായ പൂജനക്രമം, പുരശ്ചര്യവിധികൾ, സർപ്പാദി വിഷഹര മന്ത്രം എന്നിവയും മഹേശ്വരൻ ദേവിക്ക് നൽകി. പിന്നീട് പുഷ്ക്കരത്തിൽ ദേവി മൂന്നു യുഗക്കാലം ശ്രീകൃഷ്ണ പരമാത്മാവിനെ തപസ്സു ചെയ്ത് സിദ്ധയായിത്തീർന്നു. ശ്രീകൃഷ്ണനെ അവൾ നേരിൽക്കണ്ടു.

ക്ഷീണിച്ചു കൃശഗാത്രിയായി നിന്ന ദേവിയിൽ അലിവു തോന്നി ഭഗവാൻ "നീ എങ്ങുമെങ്ങും പൂജിതയായിത്തീരട്ടെ " എന്നനുഗ്രഹിച്ചു. ശ്രീകൃഷ്ണൻ അവളെ പൂജിക്കുകയും മറ്റുള്ളവരെക്കൊണ്ട് പൂജിപ്പിക്കുകയും ചെയ്തു. ആദ്യമായി മനസാ ദേവിയെ പൂജിച്ചത് ഭഗവാൻ ഹരിയും പിന്നീട് ശിവൻ, കശ്യപൻ, ഇന്ദ്രൻ, മുനിമാർ, മനുക്കൾ, നാഗങ്ങൾ, മനുഷ്യർ തുടങ്ങി എല്ലാവരും വിധിപ്രകാരം പൂജകൾ ചെയ്തു.

കശ്യപൻ ദേവിയെ ജരത്കാരു മുനിക്ക് നൽകിയിരുന്നു. ദീർഘകാല തപസ്സുകൊണ്ട് ക്ഷീണിതനായിരുന്ന മുനി അവളുടെ മടിയിൽ തല വച്ച് നിദ്രേശനായ ഭഗവാനെ സ്മരിച്ച് ഗാഢനിദ്രയിലാണ്ടു. സമയം കടന്നു പോയി സായം സന്ധ്യയാവാറായി. തന്റെ ഭർത്താവിന്‍റെ സന്ധ്യാവന്ദനത്തിന് മുടക്കം വന്നേക്കുമോ എന്നാ ദേവി ആകുലപ്പെട്ടു. "ബ്രാഹ്മണർ സന്ധ്യയ്ക്ക് അനുഷ്ഠിക്കേണ്ട കാര്യങ്ങൾക്ക് മുടക്കം വരുത്തുന്നത് ബ്രഹ്മഹത്യക്ക് തുല്യമായ പാപത്തെ ക്ഷണിച്ചു വരുത്തും " എന്നാലോചിച്ച് ദേവി അദ്ദേഹത്തെ ഉണർത്തി.

മുനി എന്നേറ്റ് അവളോട് കയർത്തു: "സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന എന്നെ എന്തിനാണ് ഉണർത്തിയത്? ഭർത്തൃദ്രോഹം ചെയ്തവളുടെ തപസ്സൊക്കെ നിഷ്ഫലമായിപ്പോകും. സ്വന്തം ഭർത്താവിനെ പൂജിക്കുന്നത് സാക്ഷാൽ കൃഷ്ണനെ പൂജിക്കുന്നതുപോലെയാണ്. ശ്രീഹരി തന്നെയാണ് പതിവ്രതകൾക്ക്  വ്രതനിഷ്ഠ ഉറപ്പാക്കാൻ പതിരൂപത്തിൽ വരുന്നത്. ദാനം, തപസ്സ്, ഉപവാസങ്ങൾ, ദേവാരാധനകൾ എന്നിവയ്ക്കൊന്നും സ്വഭർത്താവിനെ സേവിക്കുന്നതിന്റെ പതിനാറിലൊന്ന് ഫലം പോലുമില്ല. ഭാരതഭൂമിയിൽ പതിസേവ ചെയ്യുന്നവൾ ഭർത്തൃസഹിതം വൈകുണ്ഠപദം പ്രാപിക്കും. എന്നാൽ ഭർത്താവിന് അപ്രിയം ചെയ്യുകയും പറയുകയും ചെയ്യുന്നവൾ സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം കുംഭീപാകത്തിൽ നരകിച്ചു കഴിയും. അതു കഴിഞ്ഞ് അവൾ ചണ്ഡാലസ്ത്രീയായി ജനിക്കും. അവൾക്ക് പുത്രഭാഗ്യവും ഭർത്തൃ ഭാഗ്യവും ഉണ്ടാവില്ല."

കോപത്താൽ മുനിയുടെ ചുണ്ട് വിറച്ചതു കണ്ട് ദേവി പറഞ്ഞു: "അങ്ങയുടെ സന്ധ്യാവന്ദനം മുടങ്ങുമല്ലോ എന്ന് ഭയന്നാണ് ഞാനങ്ങയെ നിദ്രയിൽ നിന്നും ഉണർത്തിയത്. വ്രതനിഷ്ഠനായ അങ്ങ് എന്നോട് ക്ഷമിച്ചാലും . നിദ്ര, മൈഥുനം, ആഹാരം, എന്നിവയ്ക്ക് ഭംഗം വരുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് എനിക്കറിയാം. " എന്നുപറഞ്ഞ് അവൾ ഭർത്താവിന്റെ കാൽക്കൽ വീണു

ഇതു കേട്ട മുനി അസ്തമിക്കാറായ  സൂര്യനെ ശപിച്ചേക്കുമെന്ന് മനസ്സിലാക്കിയ ആദിത്യൻ സന്ധ്യയുമായി അവിടെയെത്തി. ഭയഭക്തി ബഹുമാനത്തോടെ ആദിത്യൻ പറഞ്ഞു: "സൂര്യാസ്തമനം ആഗതമായി എന്ന കണ്ടാണീ ദേവി അങ്ങയെ ഉണർത്തിയത്. അതിന് എന്നെ ശപിക്കുന്നത് ശരിയല്ല. ശരണാർത്ഥിയായ എന്നോട് ക്ഷമിച്ചാലും. മഹാ ബ്രാഹ്മണരുടെ ഹൃദയം പുതുവെണ്ണ പോലെ പവിത്രവും മൃദുലവുമാണല്ലോ. എന്നാലവരുടെ കോപം ലോകത്തെ ഭസ്മമാക്കിക്കളയും. എങ്കിലും അവർക്ക് ലോകത്തെ വീണ്ടും സൃഷ്ടിക്കാനും കഴിയും. ബ്രഹ്മവംശജനാണ് ബ്രഹ്മതേജസ്സാണ്ട ബ്രാഹ്മണൻ. ഭൂസുരരാണവർ. " ആദിത്യസ്തുതിയിൽ പ്രീതനായ ജരത്കാരു സൂര്യദേവനെ അനുഗ്രഹിച്ചയച്ചു. എന്നാൽ അദ്ദേഹം മനസാ ദേവിയെ ഉപേക്ഷിച്ചു.

ദുഃഖാർത്തയായി വിലപിച്ച ദേവി ശംഭുവിനെയും ബ്രഹ്മാവിനെയും കശ്യപനെയും സ്മരിച്ചു. അവർ മൂവരും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ആ കൃശഗാത്രിയുടെ മുന്നിൽ വന്നു. ഇഷ്ടദേവനെങ്കിലും നിർഗ്ഗുണനായ പരമാത്മസത്യത്തെ ദർശിച്ച ജരത്കാരു ഭഗവാനെ നമസ്ക്കരിച്ചു. തുടർന്ന് മറ്റുള്ളവരെയും നമസ്ക്കരിച്ചിട്ട് അവരുടെ ആഗമനോദ്ദേശം ആരാഞ്ഞു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു: പതിവ്രതയായ പത്നിയെ പരിത്യജിക്കുന്നതിനു മുൻപ് അവളിൽ ഒരു പുത്രനെ ജനിപ്പിക്കണം. ഗർഭാധാനത്തിനു ശേഷം പത്നിയെ ത്യജിക്കാം. അവൾക്ക് സ്ത്രീധർമ്മം ആചരിക്കണമെങ്കിൽ ഇതു കൂടിയേ തീരൂ. പുത്രനെ സൃഷ്ടിക്കാതെ വിരക്തനായി ഭാര്യയെ ഉപേക്ഷിക്കുന്നവന്‍റെ പുണ്യം മുറത്തിലൊഴിച്ച വെള്ളം പോലെ ചോർന്ന് പോകും."

മഹാമുനിയായ ജരത്കാരു മന്ത്രജപത്തോടെ മനസാദേവിയുടെ നാഭിയിൽ ഒന്നു തൊട്ടു. "ദേവീ നിനക്ക് ജിതേന്ദ്രിയശ്രേഷ്ഠനും ബ്രാഹ്മണോത്തമനും തേജസ്വിയും മഹായോഗിയുമായ ഒരു  പുത്രനുണ്ടാവും. അവൻ വിഷ്ണുഭക്തനായിരിക്കും. അവൻ നിന്റെ കുലത്തെ സംരക്ഷിക്കും. പിതൃക്കളും അവന്റെ ജന്മത്തിൽ സന്തുഷ്ടരാവും. പതിവ്രതയായ ഭാര്യ ഭർത്താവിനോട് പ്രിയം പറയുന്നവളാണ്. ധർമ്മിഷ്ഠയാണവൾ. അവൾ ഉത്തമ സന്താനങ്ങൾക്ക് മാതാവാകും. സാക്ഷാൽ ബന്ധുവെന്നാൽ ഒരുവനിൽ ഹരിഭക്തിയുണർത്തുന്നവനാണ്. ഒരുവനെ ഹരിമാർഗ്ഗം കാട്ടുന്നവനാണ് പിതാവ്. ഒരുവന്‍റെ  യമഭീതിയകറ്റുന്നവളാണ് സഹോദരി. അവന് വിഷ്ണുമന്ത്രം ഉപദേശിക്കുന്നവനാണ് ഗുരു. ശ്രീകൃഷ്ണ പരമാത്മാവിനെക്കുറിച്ച് ഒരുവനിൽ ബോധമുണർത്തുന്നവനും ഗുരുവാണ്.

ബ്രഹ്മാവു മുതൽ പുൽക്കൊടി വരെയുള്ള സകലതിന്‍റെയും ആവിർഭാവം, നിലനിൽപ്പ്, തിരോഭാവം, എന്നിവ ഏതൊന്നിലാണോ സംഭവിക്കുന്നത്, അതിനെക്കുറിച്ചുള്ള ജ്ഞാനമാണ് ശരിയായ ജ്ഞാനം. ഹരിസേവയാണ് വേദയജ്ഞങ്ങളുടെ സാരസത്ത. ഹരിയെ സംബന്ധിച്ച തത്വം മാത്രമേ സത്യമായുള്ളു. ബാക്കിയെല്ലാം വെറും മിത്ഥ്യയാണ്. ശ്രീഹരിയെക്കുറിച്ചുള്ള ജ്ഞാനം ഞാൻ നിനക്ക് നല്കി. ആത്മജ്ഞാനദാതാവാണ് ശരിയായ ഭർത്താവ്.

ശിഷ്യനെ ദ്രോഹിക്കുന്നവൻ ശത്രുവാണ്. ബന്ധനത്തിൽ നിന്നും ഒരുവനെ മോചിപ്പിക്കാൻ കഴിയാത്തവനും ശത്രുതന്നെ. ഗർഭക്ലേശം, മരണഭീതി, ഇവയിൽ നിന്നും ഒരുവനെ രക്ഷിക്കാൻ കഴിയാത്തവൻ അച്ഛനും ബന്ധുവും ആകുന്നതെങ്ങിനെ? പരമാനന്ദ സ്വരൂപമായ ശ്രീ കൃഷ്ണ മാർഗ്ഗം കാണിക്കാത്തവർ എങ്ങിനെ ബന്ധുക്കളാവും? അതു കൊണ്ട് നീയും അനന്ത സച്ചിദാനന്ദമായനിർഗ്ഗുണബ്രഹ്മത്തെത്തന്നെ ഭജിക്കുക. കർമ്മബന്ധത്തിന്‍റെ വേരറുക്കാൻ ഇതേ ഒരു മാർഗ്ഗമുള്ളു.

നിന്നെ ത്യജിച്ച എന്‍റെ സാഹസം നീ പൊറുത്താലും. സത്വപ്രധാനികളായ ക്ഷമാശീലരാണല്ലോ സാധ്വികൾ. ഞാൻ തപസ്സിനായി പോകുന്നു. നിനക്കും ഇഷ്ടമുള്ളയിടത്തേക്ക് പോകാം. ശ്രീകൃഷ്ണന്റെ പദകമലങ്ങളാണ് നിസ്പൃഹൻമാരുടെ ഏക ലക്ഷ്യം."

ജരത്കാരുവിന്റെ വാക്കുകൾ കേട്ട് മനസാ ദേവി കണ്ണീരു വീഴ്ത്തി ഇങ്ങിനെ പറഞ്ഞു: "അങ്ങേയ്ക്ക് നിദ്രാ ഭംഗം വരുത്തിയത് വലിയൊരപരാധമായി കണക്കാക്കരുതേ. ഞാൻ അങ്ങയെ സ്മരിക്കുമ്പോൾ ഉടനെ എന്‍റെയടുക്കൽ എത്തിക്കൊള്ളാം എന്നെനിക്ക് അങ്ങ് വാക്കു തരണം. ബന്ധുവിരഹം ക്ലേശകരമാണ്. അതിൽത്തന്നെ പുത്ര വിരഹം അതി ക്ലേശകരമാണ്. പ്രാണപ്രിയനെ പിരിയുന്നതാണെങ്കിൽ സ്വപ്രാണനെ പിരിയുന്നതിലും വിഷമകരമാണ്. പതിവ്രതകൾക്ക് പതിയെന്നാൽ നൂറ് പുത്രൻമാരെക്കാൾ പ്രിയംകരനാണ്.

ഒരു മകനുള്ളവർക്ക് അവനിലാണ് പ്രിയം. വൈഷ്ണവർക്ക് ഹരിയിലാണ് പ്രിയം. ഒറ്റക്കണ്ണുളവർക്ക് ആ കണ്ണില്‍ പ്രിയം. ദാഹിക്കുന്നവർക്ക് ജലം  പ്രിയം. വിശക്കുന്നവർക്ക് ഭക്ഷണം പ്രിയം. കാമുകർക്ക് രതിയിൽ പ്രിയം. കള്ളൻമാർക്ക് മറ്റുള്ളവർ സ്വരുക്കൂട്ടിയ ധനത്തിൽ പ്രിയം. കുലടകൾക്ക് ജാരസേവയിൽ പ്രിയം. പണ്ഡിതൻമാർക്ക് ശാസ്ത്രത്തിൽ പ്രിയം. വണിക്കുകൾക്ക് കച്ചവടത്തിൽ പ്രിയം. മനസ്സ് അതിന് ഏറ്റവും പ്രിയമായതിൽ മുഴുകിയിരിക്കും. ആ പോലെ സാധ്വികളായ നാരിമാർക്ക് അവരുടെ കാന്തനിൽത്തന്നെയാണ് മനസ്സ് മുഴുകിയിരിക്കുന്നത്. " ഇത്രയും പറഞ്ഞ് മനസാ ദേവി ജരത്കാരുവിന്‍റെ കാൽക്കൽ വീണു.

മുനിയവളെ എഴുന്നേൽപ്പിച്ച് മടിയിലിരുത്തി. അദ്ദേഹവും കണ്ണീരൊഴുക്കി. വിരഹദു:ഖചിന്തയാൽ അവളും കണ്ണീരൊഴുക്കിയെങ്കിലും താമസംവിനാ രണ്ടു പേർക്കും ജ്ഞാനോദയം സംഭവിച്ചു. അതോടെ ശോകമെല്ലാം അകന്നു. പത്നിയ്ക്ക് ജ്ഞാനോപദേശം ചെയ്ത് ശ്രീകൃഷ്ണ സ്മരണയോടെ മുനി തപസ്സിനായി വനം പൂകി. മനസാദേവി ഗുരുവായ ശംഭുവിന്‍റെയടുക്കൽ കൈലാസത്തിലേയ്ക്ക് പോയി. അവിടെ വച്ച് ദേവി വിഷ്ണ്വംശജനായ ഒരുത്തമപുത്രനെ പ്രസവിച്ചു.ആ പുത്രൻ യോഗികൾക്കും ജ്ഞാനികൾക്കും ഗുരുവായി. ഗർഭകാലത്ത് മനസാദേവി ശങ്കരനിൽ നിന്നും മഹാജ്ഞാനസാരം ശ്രവിച്ചിരുന്നുവല്ലോ.

ശംഭു ശിശുവിന്‍റെ ക്ഷേമാർത്ഥം വേദപാരായണം നടത്തി. ബ്രാഹ്മണർക്ക് ദാനം നൽകി. ഗൌരീദേവിയും ദാനങ്ങൾ ചെയ്തു. കുട്ടിയെ ശാസ്ത്രങ്ങളും നാലു വേദങ്ങളും പഠിപ്പിച്ചതിനു പുറമേ സഞ്ജീവനീവിദ്യയും ശംഭു തന്നെ അഭ്യസിപ്പിച്ചു. ഗുരുഭക്തിയും ഭഗവദ്ഭക്തിയുമുള്ള അമ്മയ്ക്ക് ജനിച്ച ഒരുവളുടെ പുത്രനാകയാൽ ആസ്തീകൻ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി. പരമശിവന്റെ നിർദ്ദേശപ്രകാരം അദ്ദേഹം വിഷ്ണുവിനെ തപസ്സു ചെയ്യാൻ പുഷ്ക്കരത്തിലേയ്ക്ക് പോയി.

മൂലപ്രകൃതിയുടെ ശ്രേഷ്ഠമന്ത്രം നേടിയ ബാലൻ മൂന്നു ലക്ഷം വർഷം തപസ്സ് ചെയ്ത് സിദ്ധനായി. പിന്നീടദ്ദേഹം കൈലാസത്തിലെത്തി ശിവനെ വണങ്ങി അവിടെത്തന്നെ കഴിഞ്ഞു വന്നു. പിന്നീട് മനസാ ദേവിയും പുത്രനും കശ്യപാശ്രമത്തിലെത്തി. പുത്രനുമൊത്ത് ആഗതയായ മകളെക്കണ്ട് മുനി സന്തുഷ്ടനായി. മുനി ശിശുവിന്‍റെ ക്ഷേമാർത്ഥം ദാനങ്ങൾ ചെയ്തു. ബ്രാഹ്മണഭോജനം നടത്തി. അവർ ആശ്രമത്തിൽ ഏറെക്കാലം താമസിച്ചു.

ഇനി ആസ്തീക മുനിയുടെ കഥ പറയാം. പണ്ട് അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന് കിട്ടിയ മുനിശാപത്തെപ്പറ്റി അറിയാമല്ലോ. ''ഇന്നേയ്ക്ക് ഏഴുദിവസത്തിൽ തക്ഷകൻ നിന്നെ കടിക്കും" എന്നായിരുന്നു ശാപം. അതിൽ നിന്നും രക്ഷ നേടാൻ രാജാവ് കാറ്റു പോലും കടക്കാത്ത ഒരു കൊട്ടാരത്തിൽ അതീവ സുരക്ഷാ സന്നാഹങ്ങളോടെ താമസം തുടങ്ങി. ഏഴു ദിനങ്ങൾ അങ്ങിനെ കടന്നു പോയി. ഏഴാം നാൾ തക്ഷകൻ രാജസന്നിധിയിലേയ്ക്ക് ശാപം സഫലമാക്കാൻ പോവുമ്പോൾ ധന്വന്തരിയെക്കണ്ടു. വിഷഹാരിയായ വൈദ്യനാണ് ധന്വന്തരി. തക്ഷകൻ വൈദ്യന് വിലപിടിച്ച രത്നങ്ങൾ നൽകി രാജാവിനെ കാണാൻ പോകുന്നതിൽ നിന്നും അദ്ദേഹത്തെ പിൻതിരിപ്പിച്ചു. കനത്ത സുരക്ഷയോടെ ആ മഞ്ചത്തിൽക്കിടന്നിരുന്ന രാജാവിനെ യഥാസമയം തക്ഷകൻ ദംശിച്ചു. രാജാവ് ശരീരം ഉപേക്ഷിച്ചു പരലോകം പൂകി.

പരീക്ഷത്തിന്‍റെ മകനായ ജനമേജയൻ പിതൃകർമ്മങ്ങൾ യഥാവിധി നടത്തി. പിതാവിനെ പിൻതുടർന്ന് രാജാവായ അദ്ദേഹം സർപ്പയജ്ഞം നടത്തി ഒട്ടനവധി നാഗങ്ങളെ കാലപുരിക്കയച്ചു. തക്ഷകൻ ഭീതിയോടെ അഭയത്തിനായി ദേവേന്ദ്രനെ സമീപിച്ചു. അപ്പോൾ ഇന്ദ്രനോടൊപ്പം തക്ഷകനെ ദഹിപ്പിക്കാൻ യാഗത്തിന്‍റെ ഋത്വിക്കുകൾ തീരുമാനിച്ചു. പേടിച്ചരണ്ട തക്ഷകനും ഇന്ദ്രനും മനസാദേവിയെക്കണ്ട് സങ്കടം പറഞ്ഞു. അവർ ദേവിയെ സ്തുതിച്ചു. അപ്പോൾ അമ്മയായ ദേവി കല്പിച്ചതനുസരിച്ച് ആസ്തീകമുനി ഇന്ദ്രന്‍റെയും തക്ഷകന്‍റെയും പ്രാണൻ സർപ്പ യജ്ഞവേദിയിൽ ചെന്ന് രാജാവിനോട് യാചിച്ചു വാങ്ങി. യജ്ഞം അവസാനിപ്പിച്ച് ദക്ഷിണകൾ ചെയ്ത് എല്ലാവരും മനസാദേവിയെ സ്തുതിച്ച് പൂജിച്ചു.

ദേവേന്ദ്രൻ വിവിധങ്ങളായ സംഭാരങ്ങളോടെ, ഉപചാരങ്ങളോടെ, ബലി സഹിതം മനസാ ദേവിയെ പൂജിച്ചു. ബ്രഹ്മാവിഷ്ണുശിവപ്രോക്തങ്ങളായ സ്തുതികളും ഷോഡശോപചാരങ്ങളും ഇന്ദ്രൻ പൂജയ്ക്കായി വിനിയോഗിച്ചു.

നാരദരേ, ഇനിയും എന്താണ് അങ്ങേയ്ക്ക് അറിയേണ്ടത്?

നാരദൻ പറഞ്ഞു: "മനസാദേവിയെ ഇന്ദ്രൻ സ്തുതിച്ചത് ഏതു സ്തോത്രങ്ങൾ കൊണ്ടാണ്? അദ്ദേഹം അനുഷ്ഠിച്ച പൂജാവിധികൾ കൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ഇന്ദ്രൻ സ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ചു. എന്നിട്ട് ഭക്തിയോടെ മനസാദേവിയെ രത്നസിംഹാസനത്തിൽ ഇരുത്തി. രത്നകുംഭത്തിൽ ഗംഗാജലമെടുത്ത് വേദമന്ത്രമാലപിച്ച് ദേവിക്ക് അഭിഷേകം ചെയ്തു. മനോജ്ഞങ്ങളായ തങ്കനീരാളം വസ്ത്രമായി നൽകി. സർവ്വാംഗം ചന്ദനം ചാർത്തി. പാദാർഘ്യം നൽകി. ഗണേശൻ, സൂര്യൻ, വഹ്നി, വിഷ്ണു, ശിവൻ, പാർവ്വതി എന്നീ ആറു പേരെ പൂജിച്ച ശേഷം മനസാ ദേവിയെ ദശാക്ഷര മൂലമന്ത്രമായ "ഓം ഹ്രീം ശ്രീം മനസാ ദേവ്യൈ സ്വാഹാ" എന്നു ജപിച്ച് സർവ്വവും ദേവിക്ക് മുന്നിൽ സമർപ്പിച്ചു. ഷോഡശോപചാരങ്ങൾ ചെയ്തു. ദേവിയെ പ്രകീർത്തിക്കാനായി പലതരം വാദ്യഘോഷങ്ങൾ അവിടെ മുഴങ്ങിക്കേട്ടു.

മനസാ ദേവിക്കു മേൽ പുഷ്പവൃഷ്ടിയുണ്ടായി. പുളകിതഗാത്രനായി ഇന്ദ്രൻ സ്തുതിച്ചു:  "സാധ്വികളിൽ അതിശ്രേഷ്ഠയായ ദേവീ, അവിടുത്തെ പ്രകീർത്തിക്കാൻ എനിക്കാഗ്രഹമുണ്ടെങ്കിലും ഞാനതിന് ശക്തനല്ല. പരാത്പരയും പരമശ്രേഷ്ഠയുമായ അവിടുത്തെ ഞാനെങ്ങിനെ വർണ്ണിക്കാനാണ്? സ്തുതികളിൽ ദേവതകളുടെ സ്വഭാവാഖ്യാനം സഹജമായും ഉണ്ടാവും. അതാണ് ആഗമപ്രോക്തം. എന്നാൽ ശുദ്ധസത്വസ്വരൂപയായ നിന്നെയെങ്ങിനെ വർണ്ണിക്കാനാണ്? കോപവും ഹിംസയും നിന്നിലില്ല.

നിന്നെ ഉപേക്ഷിക്കാൻ ഒരു സർവ്വസംഗപരിത്യാഗിക്ക് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ വിട്ടുപോകും മുന്പ് ജരത്കാരുമുനിക്ക്  നിന്നോട് യാചിക്കേണ്ടിവന്നത്? എനിക്ക് നീ എന്‍റെ അമ്മയായ അദിതിക്ക് സമസമ്പൂജ്യയാണ്. ദയയിൽ സഹോദരിയും ക്ഷമയിൽ അമ്മയുമാണ് നീ. അവിടുന്ന് എന്‍റെ  ജീവൻ രക്ഷിച്ചു. എന്റെന്‍റെ  പത്നിയേയും പുത്രൻമാരെയും രക്ഷിച്ചു. നിത്യപൂജ്യയായ നിന്നെ ഞാൻ ആവുംവിധം പൂജിക്കാം . എന്നിൽ പ്രീതയായാലും.

ആഷാഢമാസത്തിലെ സങ്ക്രാന്തി, നാഗപഞ്ചമിയിൽ, കർക്കടക സങ്ക്രാന്തി നാളുകളിൽ അല്ലെങ്കിൽ നിത്യവും നിന്നെ പൂജിക്കുന്നവർക്ക് ധനവും പുത്രപൗത്രാദികൾ സമൃദ്ധിയായി ഉണ്ടാവും. നിന്നെ പൂജിക്കുന്നവരുടെ കീർത്തി വർദ്ധിക്കും.അവർ വിദ്വാന്മാരും സദ്ഗുണസമ്പന്നരുമാകും. എന്നാൽ അറിയാതെ പോലും നിന്നെ നിന്ദിക്കുന്നവർക്ക് ഐശ്വര്യമുണ്ടാവുകയില്ല. അവരിലെ സർപ്പഭയം തീരുകയില്ല.

നാരായണാംശജനായ ജരത്കാരു മുനിയുടെ പത്നിയായ നീ തന്നെയാണ് വൈകുണ്ഠ ലക്ഷ്മി. തപോബലവും തേജസ്സും ചേർത്ത് നിന്നെ നിന്‍റെ പിതാവ് കശ്യപൻ മനസാ സൃഷ്ടിച്ചതാണല്ലോ. അവിടുന്ന്  സിദ്ധയോഗിനിയാണ്. സത്യ സംരക്ഷകയായ സത്യസ്വരൂപിണിയാണ് നീ. മഹർഷിമാർ മനസാ ദേവിയെന്ന് നിന്നെ വാഴ്ത്തുന്നു. നിന്നെ പൂജിക്കുന്നവർക്ക് നീയെന്നും പ്രാപ്യയത്രെ."

ദേവിയെ സംപ്രീതയാക്കി വരവും വാങ്ങി ഇന്ദ്രൻ മടങ്ങി. ദേവി മുനിഗൃഹത്തിൽ പുത്രസഹിതം ഭ്രാതൃപൂജിതയായി താമസിച്ചു. ഗോലോകത്തു നിന്ന് കാമധേനുവെത്തി ദേവിക്ക് പാലഭിഷേകം നടത്തിയിട്ട് ക്ഷീരത്തോടൊപ്പം ഗൂഢമായ ജ്ഞാനവും ദേവിക്ക് നല്കി. പിന്നീട് ദേവി സ്വർഗ്ഗലോകത്ത് എത്തിച്ചേർന്നു.

ഇന്ദ്രനിർമ്മിതമായ ഈ സ്തോത്രം ചൊല്ലി മനസാ ദേവിയെ പൂജ ചെയ്യുന്ന പക്ഷം ഒരുവന് നാഗഭീതിയുണ്ടാവുകയില്ല. അഞ്ചുലക്ഷം തവണ ജപിച്ച് ഈ സ്തോത്രം സിദ്ധമാക്കിയാൽ കൊടിയ വിഷം പോലും അമൃതസമമാകും. അങ്ങിനെയുള്ള സിദ്ധന് സർപ്പത്തെ മെത്തയാക്കാം. സർപ്പത്തെ തന്‍റെ വാഹനവുമാക്കാം.