Devi

Devi

Wednesday, July 26, 2017

ദിവസം 266. ശ്രീമദ്‌ ദേവീഭാഗവതം. 9- 44 . സ്വധോപാഖ്യാനം

ദിവസം 266.  ശ്രീമദ്‌ ദേവീഭാഗവതം. 9- 44 . സ്വധോപാഖ്യാനം

ശൃണു നാരദ വക്ഷ്യാമി സ്വധോപാഖ്യാനമുത്തമം
പിതൃണാം ച തൃപ്തികരം ശ്രാദ്ധാന്ന ഫലവർദ്ധനം
സൃഷ്ടേരാദൗ പിതൃഗണാൻ സസർജ ജഗതാം വിധി:
ചതുരശ്ച മൂർത്തിമതസ്ത്രീംശ്ച തേജ: സ്വരൂപിണ:

ശ്രീ നാരായണൻ പറഞ്ഞു: നാരദമുനേ, ഇനി സ്വാധാദേവിയുടെ കഥയും കേട്ടാലും. പിതൃക്കളെ തുഷ്ടരാക്കാനും ശ്രാദ്ധമൂട്ടുന്നതിന്റെ ഫലം വർദ്ധിപ്പിക്കുന്നതുമാണ് ആ ദേവിയുടെ ചരിത്രം. സൃഷ്ടിയുടെ ആരംഭത്തിൽ വിധാതാവ് ഏഴു പിതൃഗണങ്ങളെ സൃഷ്ടിക്കുകയുണ്ടായി. അതിൽ മൂന്നെണ്ണം തേജോരൂപങ്ങളും നാലെണ്ണം മൂർത്തി രൂപങ്ങളുമായിരുന്നു. അനലൻ, സോമൻ, യമൻ, ആര്യമാവ്, അഗ്നിഷ്വാത്തൻമാർ, ബഹിർഷത്തുകൾ, സോമപന്മാർ എന്നിവരാണ് ആ സപ്തപിതൃക്കൾ.

സുന്ദരരൂപികളായ ഇവർക്കായി വിധാതാവ് ശ്രാദ്ധാന്നം ആഹാരമായി കൽപ്പിച്ചു വച്ചു. വേദവിധിപ്രകാരം ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ളത് തർപ്പണപര്യന്ത സ്നാനം, ശ്രാദ്ധം, വേദപൂജ, ത്രിസന്ധ്യാ പൂജകൾ എന്നിവയാണ്. ഇവയൊന്നുമില്ലാത്ത ബ്രാഹ്മണൻ വിഷമില്ലാത്ത സർപ്പം പോലെ നിഷ്പ്രഭനാണ്. അതുപോലെ ദേവീപൂജ ചെയ്യാത്തവനും ഹരി നൈവേദ്യമുണ്ണാത്തവുമായ  ബ്രാഹ്മണൻ അശുദ്ധനാണ്. യാതൊരു കർമ്മങ്ങളും ചെയ്യാൻ അയാള്‍ക്ക് അവകാശമില്ല.

ബ്രഹ്മാവ് പിതൃക്കൾക്കായി ശ്രാദ്ധാന്നം കൽപ്പിച്ചുവെങ്കിലും വിപ്രൻമാർ അതവര്‍ക്ക്  അപ്പിച്ചുവെങ്കിലും അത് പിതൃക്കളിൽ ചെന്നെത്തിയില്ല. വിശപ്പുകൊണ്ട് വലഞ്ഞ പിതൃക്കൾ ബ്രഹ്മസഭയിലെത്തി സങ്കടം പറഞ്ഞു. അപ്പോൾ ബ്രഹ്മാവ് ധ്യാനത്തിലൂടെ ഒരു കന്യകയെ സൃഷ്ടിച്ചു. വിദ്യാഗുണവും സൗന്ദര്യവും തികഞ്ഞ നവയൗവനസിദ്ധയായ കന്യകയുടെ കാന്തി നൂറ് പൂർണ്ണചന്ദ്രൻമാർക്ക് തുല്യമായിരുന്നു. രത്നാഭരണവിഭൂഷിതയായി വെൺ ചമ്പകപ്പൂവിന്റെ നിറത്തോടെ അവൾ പുഞ്ചിരി തൂകി നിന്നു. നൂറ് പൊൻതാമരകളെ അതിശയിക്കുന്ന പ്രഭയായിരുന്നു ആ പുഞ്ചിരിപ്പൂവിന്. സാക്ഷാൽ ലക്ഷ്മീദേവിക്കൊത്ത ലക്ഷണങ്ങൾ നിറഞ്ഞ കന്യക വിശുദ്ധയും വരദയും തുഷ്ടിസ്വരൂപിണിയും ആയിരുന്നു. പത്മജയായ അവളുടെ പാദപത്മങ്ങൾ, പത്മമുഖം, പന്മത്മനയനങ്ങൾ എന്നിവയെല്ലാം അതിസുന്ദരങ്ങളായി കാണപ്പെട്ടു. സ്വധ എന്ന് പേരിട്ട് അവളെ പിതൃക്കളുടെ പത്നിയായി പത്മോത്ഭവൻ കൽപ്പിച്ചു നൽകി.

ബ്രാഹ്മണർക്കായി സ്വധാദേവീ മന്ത്രവും ബ്രഹ്മാവ് അരുൾ ചെയ്തു. വിധാതാവ് വിപ്രൻമാർക്ക് രഹസ്യമായി ഉപദേശവും നൽകി. അവർ മന്ത്രജപത്തോടെ പിതൃദാനം ചെയ്തു. ദേവകർമ്മം ചെയ്യുമ്പോൾ മന്ത്രങ്ങൾ സ്വാഹാന്തവും പിതൃകർമ്മങ്ങൾക്ക് സ്വധാന്തവും ആണ് വിധി. എല്ലാ കർമ്മങ്ങൾക്കും ദക്ഷിണ പരമപ്രധാനമത്രേ. ദക്ഷിണ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾ വ്യർത്ഥമാകുന്നു.

മനുക്കളും ദേവൻമാരും പിതൃക്കളും ദേവതകളും ബ്രാഹ്മണരും മുനിമാരും അത്യാദരപൂർവ്വം സാധ്വിയായ സ്വധാദേവിയെ പൂജിച്ചു. അവർ ദേവീപ്രീതി നേടി സന്തുഷ്ടരായി. ഇതാണ് സ്വാധാദേവിയുടെ കഥ. നാരദമുനേ, ഇനിയുമെന്താണങ്ങേയ്ക്ക് അറിയേണ്ടത്?

ശ്രീ നാരദൻ പറഞ്ഞു: സ്വധാദേവിയെ പൂജിക്കാനായുള്ള മന്ത്രങ്ങൾ, സ്തോത്രങ്ങൾ, പൂജാവിധികൾ എന്നിവ കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. ദയവായി അവയെക്കുറിച്ച് എന്നെ പ്രബുദ്ധനാക്കിയാലും.

ശ്രീ നാരായണൻ പറഞ്ഞു: വേദോക്തങ്ങളായ ധ്യാനവും സ്തോത്രവുമൊക്കെ അറിയാവുന്ന അങ്ങ് വീണ്ടുമതേപ്പറ്റി ചോദിക്കുന്നതെന്തുകൊണ്ടാണ്? മാഘമാസത്തിലെ കൃഷ്ണത്രയോദശിയിൽ സ്വധാദേവിയെ പൂജിച്ച് ശ്രാദ്ധം നടത്തണം. സ്വധാദേവിയെ പൂജിക്കാതെ ചാത്തമൂട്ടുന്നത് സഫലമാവുകയില്ല.

"ബ്രഹ്മാവിന്റെ മാനസപുത്രിയും സദാ നവയൗവനസമ്പന്നയും ദേവസംപൂജ്യയും ശ്രാദ്ധ ഫലദായകിയുമായ സ്വധാദേവിയെ ഞാനിതാ കൈതൊഴുത് ഭജിക്കുന്നു." എന്ന് ധ്യാനിച്ചിട്ട് ശിലയിലോ കലശത്തിലോ മൂലമന്ത്രജപത്തോടെ പാദ്യാദികൾ സമർപ്പിക്കുക. "ഓം ഹ്രീം ശ്രീം ക്ലീം സ്വധാദേവ്യൈ സ്വാഹാ" എന്ന് ജപിച്ചു വേണം സ്വധാദേവിയെ പ്രണമിച്ച് പൂജിക്കാൻ.

ബ്രഹ്മാവു തന്നെ രചിച്ചതായ ദേവീസ്തോത്രം ഇനി പറഞ്ഞു തരാം. മനുഷ്യരുടെ വാഞ്ഛിതങ്ങളെയെല്ലാം നടത്തിക്കുന്ന മഹത്തായ  ഈ സ്തോത്രം അതിവിശേഷമാണ്. സ്വധയെന്ന നാമം ഉചരിക്കുന്ന മാത്രയിൽ സകലപാപങ്ങളും നശിക്കുന്നു. അതു കൊണ്ട് മാത്രം സാധകന് യാഗഫലം യജ്ഞഫലം, തീർത്ഥസ്നാനാദി ഫലം എന്നിവ ലഭിക്കുന്നു.

'സ്വധ, സ്വധ, സ്വധ' എന്ന് മൂന്നു തവണ ജപിക്കുമ്പോൾ ശ്രാദ്ധം, ബലി, തർപ്പണം, എന്നിവയുടെ ഫലം ലഭിക്കും. മൂന്ന് ത്രിസന്ധ്യകളിലും  മൂന്നുരു 'സ്വധ' എന്നു ജപിക്കുന്ന സാധകന് സത്പുത്രൻമാരെ പ്രസവിക്കുന്ന ഒരുവളെത്തന്നെ സഹധർമ്മിണിയായി ലഭിക്കും. ശ്രാദ്ധസമയത്ത് ഏകാഗ്രതയോടെ ഈ സ്തുതി കേൾക്കുന്നതും ശ്രാദ്ധഫലസിദ്ധി ഉറപ്പാക്കും.

ദേവീ, അവിടുന്ന് പിതൃക്കൾക്ക് പ്രാണപ്രിയയും ബ്രാഹ്മണർക്ക് ജീവനമേകുന്നവളുമാണ്. ശ്രാദ്ധ ഫലങ്ങൾ വിതരണം ചെയ്യുന്ന അവിടുന്ന് ശ്രാദ്ധാധ്യഷ്ഠാതൃദേവിയാകുന്നു. സുവ്രതയും നിത്യയും സത്യസ്വരൂപയും പുണ്യസ്വരൂപയും ആയ അവിടുന്ന് പ്രളയകാലം വരെ നിലകൊണ്ട് തിരോഭവിക്കുന്നു. പ്രണവം  സ്വസ്തി, നമനം, സ്വാഹാ, ദക്ഷിണ, സ്വധ, എന്നിവ കർമ്മങ്ങൾക്ക് ശ്രേഷ്ഠവും ഒഴിച്ചുകൂടാൻ പാടില്ലാത്തവയുമാണ്. കർമ്മങ്ങൾ പൂർത്തീകരിക്കാൻ ഇവ അനിവാര്യമാണ്.

ബ്രഹ്മസഭയിൽ വച്ച് നാന്മുഖൻ സ്വധാദേവിയെ വാഴ്ത്തി നിൽക്കവേ ദേവി പ്രത്യക്ഷയായി. ആ പത്മാക്ഷിയെ വിധാതാവ് പിതൃക്കൾക്ക് നൽകി. പിതൃക്കൾ ദേവിയെ കൂട്ടിക്കൊണ്ടുപോയി. പരിപാവനമായ സ്വധാസ്തോത്രം ശ്രദ്ധയോടെ കേൾക്കുന്നവന് സർവ്വ തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം ലഭിക്കും. അവന്റെ അഭീഷ്ടങ്ങൾ എല്ലാം സാധിക്കുകയും ചെയ്യും.

Wednesday, July 19, 2017

ദിവസം 265. ശ്രീമദ്‌ ദേവീഭാഗവതം. 9- 43 . സ്വാഹോപാഖ്യാനം

ദിവസം 265.  ശ്രീമദ്‌ ദേവീഭാഗവതം. 9- 43 . സ്വാഹോപാഖ്യാനം

നാരായണ മഹാഭാഗ ദേവദേവ മമ പ്രഭോ
രൂപേണൈവ ഗുണേനൈവ മഹസാ തേജസാ ത്വിഷാ
ത്വമേവ ജ്ഞാനിനാം ശ്രേഷ്ഠ: സിദ്ധാനാം യോഗിനാം മുനേ
തപസ്വിനാം മുനീനാം ച പരോ വേദവിദാം വര:

നാരദൻ പറഞ്ഞു: അല്ലയോ മഹാഭാഗാ, നാരായണസമാ, രൂപം, തേജസ്സ്, ഗുണം, ഐശ്വര്യം, കാന്തി, എന്നിവ കൊണ്ടെല്ലാം അങ്ങ് ജ്ഞാനികളിൽ വച്ച് ശ്രേഷ്ഠനാണ്. ഋഷിമുനിമാരിലും യോഗികളിലും അഗ്രഗണ്യനാണ് അവിടുന്ന്. വേദജ്ഞാനവും അങ്ങയോളം മറ്റാർക്കുമില്ല. നിഗൂഢവും അത്യദ്ഭുതകരവുമായ മഹാലക്ഷ്മീ ചരിതം അങ്ങ് പറഞ്ഞു തന്നു. വേദപ്രോക്തമായതും ധർമ്മയുക്തവും എന്നാൽ അത്ര പ്രചാരത്തിൽ ഇല്ലാത്തതുമായ എന്തെങ്കിലും സദ് കഥകൾ ഇനിയുമെനിക്ക് പറഞ്ഞു തന്നാലും പ്രഭോ.

നാരായണൻ പറഞ്ഞു: വേദങ്ങളിൽ വൈവിധ്യമാർന്നതും ഗോപ്യവുമായ കഥകൾ അനേകമുണ്ട്. അവയിൽ ഏതുതരം കഥയാണ് അങ്ങ് കേൾക്കാൻ ആഗ്രഹിക്കുന്നത്?

നാരദൻ പറഞ്ഞു: ഹവിസ്സ് അർപ്പിക്കുന്ന കർമ്മങ്ങളിൽ എല്ലാം സ്വാഹാദേവിക്ക് പ്രമുഖമായ ഒരു സ്ഥാനമുണ്ട്. പിതൃകർമ്മങ്ങളിൽ സ്വധയ്ക്കും എല്ലാ കർമ്മങ്ങളിലും ദക്ഷിണയ്ക്കും പ്രാധാന്യമുണ്ട്. ഈ മൂവരുടെയും ചരിതവും പ്രാധാന്യവുമാണ് എനിക്കിനി അറിയണമെന്നുള്ളത്.

ശ്രീ നാരായണൻ പറഞ്ഞു: പണ്ട് സൃഷ്ടികാലത്ത് ദേവൻമാർ തങ്ങൾക്ക് ആഹാരമാക്കാൻ എന്താണുചിതം എന്നറിയാൻ ബ്രഹ്മസഭയിലേക്ക് പോയി. ബ്രഹ്മാവ് അവരെ സഹായിക്കാമെന്നേറ്റു. അതിനായി ബ്രഹ്മദേവൻ ഭഗവാൻ ശ്രീഹരിയെ ഭജിച്ചു.

നാരദൻ ചോദിച്ചു: ഭഗവാൻ കലാംശം കൊണ്ട് യജ്ഞരൂപനായി അവതരിച്ചിട്ടുണ്ടല്ലോ. ബ്രാഹ്മണർ യജ്ഞത്തിൽ ഹവിസ്സർപ്പിക്കുമ്പോൾ അതെത്തുന്നത് ദേവൻമാരിലേയ്ക്കല്ലേ?

നാരായണൻ പറഞ്ഞു: ശരിയാണ് . എന്നാൽ ബ്രാഹ്മണരും രാജാക്കൻമാരും യജ്ഞത്തിൽ അർപ്പിച്ച ഹവിസ്സ് സുരൻമാർക്ക് കിട്ടാതെ പോയിരുന്നു. അപ്പോഴാണവർ തങ്ങൾക്ക് ആഹാരമൊന്നും കിട്ടുന്നില്ല എന്ന പരാതിയുമായി ബ്രഹ്മാവിനെ സമീപിച്ചത്. അതു കേട്ട വിധി ശ്രീകൃഷ്ണനെ ധ്യാനിച്ചു. പിന്നീട് ഭഗവാന്റെ കല്പനപ്രകാരം ബ്രഹ്മദേവൻ മൂലപ്രകൃതിയായ ദേവിയെ പൂജിച്ചു. ആ ദേവിയുടെ കലാംശമായ ശക്തി അതിസുന്ദരിയും ശ്യാമളയും സർവ്വശക്തിസ്വരൂപിണിയുമായിരുന്നു. സുസ്മേരവദനയായി വരദാനത്തിനു തയ്യാറായി ദേവി ബ്രഹ്മാവിനു മുന്നിൽ അവതരിച്ചു. 'ഹേ വിധാതാവേ, അഭീഷ്ടവരം എന്താണെങ്കിലും ചോദിക്കാം.'

അപ്പോൾ പ്രജാപതിയായ ബ്രഹ്മദേവൻ ഭക്തി സംഭ്രമത്തോടെ പറഞ്ഞു: അഗ്നിയ്ക്ക് ദഹനശക്തി ലഭിക്കാൻ നിന്റെ അനുഗ്രഹം വേണം- നിന്റെ നാമം ജപിച്ച് ബ്രാഹ്മണർ അഗ്നിയിൽ അർപ്പിക്കുന്ന ഹവിസ്സ് ദേവകൾക്ക് എത്തിച്ചേരാൻ അനുഗ്രഹിച്ചാലും. ദേവീ അവിടുന്ന് അഗ്നിയുടെ സമ്പദ് സ്വരൂപയും ശ്രീരൂപയായ ഗൃഹേശ്വരിയും ദേവമർത്ത്യാദികൾക്ക് സംപൂജ്യയും ആയി വിളങ്ങിയാലും.

ബ്രഹ്മാവിന്റെ അപേക്ഷ കേട്ട് ദേവി വിഷണ്ണയായി. എന്നിട്ട് തന്റെ അഭിപ്രായം ഇങ്ങിനെ പറഞ്ഞു:  "ഞാൻ കൃഷ്ണനെ ഭജിച്ചാണ് തപസ്സ് ചെയ്യുന്നത്. ആ ഭഗവാനിൽ നിന്നും അന്യമായി എന്തുണ്ടെന്നു പറഞ്ഞാലും അവയെല്ലാം സ്വപ്നസമാനം വെറും ഭ്രമമത്രേ. അങ്ങ് ധാതാവാകാനും പരമശിവൻ മൃത്യുഞ്ജയനാകാനും ഗണനായകൻ സർവ്വ പൂജിതനാകാനും ധർമ്മൻ ധർമ്മസാക്ഷിയാകാനും കാരണമായതും ആദിശേഷന് ഭൂമിയെ താങ്ങി നിർത്താൻ കഴിവുണ്ടായതും പ്രകൃതി സമ്പൂജ്യയായിരിക്കുന്നതും ആ ദേവപ്രഭുവിന്റെ വരപ്രസാദത്താൽ മാത്രമാണ്. ഋഷിമുനിമാർ പൂജിതരായത് അദ്ദേഹത്തെ സേവിച്ചതിനാൽ മാത്രമാണ്. ഞാൻ ആ ഭഗവദ്പാദങ്ങളെ മാത്രമാണ് സദാ ധ്യാനിക്കുന്നത്. " ഇത്രയും പറഞ്ഞ് കൃഷ്ണ ഭഗവാനെ മാത്രം മനസ്സിലുറപ്പിച്ച് ദേവി തപസ്സിനായി പുറപ്പെട്ടു. ദേവി ഒറ്റക്കാലിൽ നിന്ന് ലക്ഷവർഷം തപസ്സനുഷ്ഠിച്ചു.

അപ്പോൾ ഭഗവാൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പ്രകൃതിക്ക് അതീതനും നിർഗ്ഗുണനും പരാത്പരനും കാമേശനുമായ ഭഗവാന്റെ കോമളവിഗ്രഹം കണ്ട് ദേവി മോഹാലസ്യപ്പെട്ടു. അവളുടെ ഇംഗിതം അറിഞ്ഞ ഭഗവാൻ അവളെ കൈ കൊണ്ട് കോരിയെടുത്ത് പുണർന്നു. എന്നിട്ടവൾക്ക് വരമരുളി.

ഭഗവാൻ പറഞ്ഞു: "വരാഹ കൽപ്പത്തിൽ നഗ്നചിത്തിന്റെ മകളായി ജനിച്ച് നിനക്കെന്റെ പത്നിയാവാം. ഇപ്പോൾ നീ ദാഹകനായ അഗ്നിയുടെ പത്നിയായി നിലകൊണ്ടാലും. മന്ത്രാംഗമായി നീയും സദാ പൂജിക്കപ്പെടും. അഗ്നിദേവൻ നിന്നെ ഗൃഹദേവതയായി ബഹുമാനിച്ച് പൂജിക്കും. മാത്രമല്ല രാമയും രമണീയയുമായ നീയുമൊത്ത് അഗ്നിദേവൻ നീണ്ടനാൾ രമിച്ചു സുഖിക്കാനും ഇടയാവും."

ഇത്രയും പറഞ്ഞ് ഭഗവാൻ മറഞ്ഞു. അപ്പോൾ ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അഗ്നിദേവൻ അവിടെ സമാഗതനായി. സാമവേദപ്രകാരം മന്ത്രജപത്തോടെ അഗ്നിദേവൻ ദേവിയെ പാണിഗ്രഹണം ചെയ്തു. ആ ദമ്പതിമാർ നൂറ് ദിവ്യവർഷങ്ങൾ സംഭോഗ സുഖങ്ങൾ അനുഭവിച്ച് കാട്ടിൽ വിഹരിച്ചു. അഗ്നിതേജസ്സിനാൽ അവൾ ഗർഭിണിയായി. പന്ത്രണ്ടു വർഷം നീണ്ടുനിന്ന ഗർഭകാലം കഴിഞ്ഞ് അവള്‍ അഴകും ഗുണവും തികഞ്ഞ മൂന്ന് പുത്രൻമാരെ പ്രസവിച്ചു. ദക്ഷിണാഗ്നി, ഗാർഹപത്യാഗ്നി, ആഹവനീയാഗ്നി എന്നവർ അറിയപ്പെട്ടു. ഋഷിമാരും മുനിവൃന്ദങ്ങളും ക്ഷത്രിയരും മറ്റ് വർണ്ണങ്ങളിൽ ഉള്ളവരും 'സ്വാഹാ' മന്ത്രം ജപിച്ച് യജ്ഞങ്ങളിൽ ഹവിസ്സർപ്പിച്ചു. സ്വാഹായോടു കൂടി വിധിയാംവണ്ണം മന്ത്രം ജപിക്കുന്നവർക്ക് സർവ്വസിദ്ധികളും സ്വായത്തമാവും.

വിഷമില്ലാത്ത സർപ്പം, വേദപഠനമില്ലാത്ത ബ്രാഹ്മണൻ, ഭർത്തൃസേവ ചെയ്യാത്ത നാരി, വിദ്യയില്ലാത്ത പുരുഷൻ, പൂത്ത്കായ്ക്കാത്ത വൃക്ഷം എന്നിവയെപ്പോലെയാണ് സ്വാഹാ ജപം കൂടാതെ ചെയ്യുന്ന യജ്ഞങ്ങൾ. സ്വാഹാ മന്ത്രം നടപ്പിലായതോടെ ദേവൻമാർ സന്തുഷ്ടരായി. അവർക്കുള്ള ആഹുതികൾ ലഭിച്ചതോടെ കർമ്മങ്ങൾ സഫലങ്ങളായി. മോക്ഷദായകമായ സ്വാഹാ ചരിതം ഞാൻ പറഞ്ഞുതന്നു. അങ്ങേയ്ക്ക് ഇനിയും എന്നാണ് അറിയേണ്ടത്?

നാരദൻ പറഞ്ഞു: പ്രഭോ, സ്വാഹാദേവിയുടെ പൂജാവിധി, സ്തോത്രങ്ങൾ, ധ്യാനവിധി എന്നിവയും എനിക്ക് ഉപദേശിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: സാമവേദോക്തമാണ് ആ സ്തോത്ര പൂജാവിധികൾ. യജ്ഞാരംഭത്തിൽത്തന്നെ ഒരു സാളഗ്രാമശിലയിലോ കലശത്തിലോ ദേവിയെ പൂജിച്ച് യജ്ഞ ഫലസിദ്ധി ഉറപ്പാക്കാം. സ്വാഹാദേവിയെ മന്ത്രാംഗയുക്തയും മന്ത്രസിദ്ധ സ്വരൂപിണിയും സിദ്ധിപ്രദയും ശുഭപ്രദയും ആയി ധ്യാനിച്ചുറപ്പിച്ച് പാദ്യാദികൾ സമർപ്പിക്കുക. 'ഓം ഹ്രീം ശ്രീം വഹ്നി ജായായൈ ദേവ്യൈ സ്വാഹ ' എന്ന മന്ത്രത്തോടെ ദേവിയെ പൂജിക്കുന്നവന്റെ അഭീഷ്ടങ്ങൾ  തീര്‍ച്ചയായും നിറവേറും.

വഹ്നി പറഞ്ഞു: ദേവിയുടെ പതിനാറ് നാമങ്ങളായ സ്വാഹാ, വഹ്നിപ്രിയാ, വഹ്നിജയാ, സന്തോഷകാരിണീ,ശക്തി, ക്രിയാ, കാലദാത്രി, പരിപാകകരീ, ധ്രുവാ, ഗതി, ദാഹിക, ദഹനക്ഷമ, സംസാരസാരസ്വരൂപാ, ഘോര സംസാര താരിണീ, ദേഹപോഷണ കാരിണീ, ദേഹജീവനരൂപിണീ എന്നിവ പഠിക്കുന്ന സാധകന് ഇഹലോകത്തും പരലോകത്തും സദ്ഗതിയുണ്ടാവും. അവന്റെ കർമ്മങ്ങൾ ശുഭമായിത്തീരും. ഭാര്യാഹീനന് രംഭയ്ക്ക് തുല്യയായ ഒരുവളെ ഭാര്യയായി ലഭിക്കും. പുത്രനില്ലാത്തവന് പുത്രലാഭമുണ്ടാവും. അവന്റെ ജീവിതം സുഖസമ്പൂർണ്ണമാവും.

Saturday, July 15, 2017

ദിവസം 264. ശ്രീമദ്‌ ദേവീഭാഗവതം. 9- 42. ലക്ഷ്മീധ്യാനസ്തോത്രാദികഥനം

ദിവസം 264.  ശ്രീമദ്‌ ദേവീഭാഗവതം. 9.42.  ലക്ഷ്മീധ്യാനസ്തോത്രാദികഥനം

ഹരേരുത് കീർത്തനം ഭദ്ര ശ്രുതം തത് ജ്ഞാനമുത്തമം
ഈപ്സിതം ലക്ഷ്മ്യൂപാഖ്യാനം ധ്യാനം സ്തോത്രം വദപ്രഭോ
സ്നാത്വാ തീർത്ഥേ പുരാ ശക്രോ ധൃത്വാ ധൗതേ ച വാസസീ
ഘടം സംസ്ഥാപ്യ ക്ഷീരോദേ ഷഡ്ദേവാൻ പര്യപൂജയേത്

നാരദൻ പറഞ്ഞു: മംഗള പ്രദമായ ഹരി കീർത്തനം, അതിന്റെ പുറകിലുള്ള തത്വജ്ഞാനം, ലക്ഷ്മീ ഉപാഖ്യാനം, എന്നിവയെല്ലാം എനിക്ക് കേൾക്കാൻ ഭാഗ്യമുണ്ടായി. ഇനി ദേവിയെ സ്തുതിക്കാനായി ഏതെല്ലാം ധ്യാനങ്ങളും സ്തോത്രങ്ങളുമാണ് ഉത്തമം എന്നുകൂടി എനിക്കു പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ഇന്ദ്രൻ പണ്ട് പാലാഴിയിൽ തീർത്ഥസ്നാനം ചെയ്ത് ശുഭ്രവസ്ത്രധാരിയായി ആ സമുദ്രതീരത്ത് ഒരു കലശം സ്ഥാപിച്ച് ഗണേശൻ, ഭാസ്ക്കരൻ, അഗ്നി, വിഷ്ണു, ശിവൻ, ഭുവനേശ്വരി എന്നീ ആറ് ദേവതമാരെ പുഷ്പഗന്ധാദികൾ കൊണ്ട് പൂജിക്കുകയുണ്ടായി. പിന്നീട് ഇന്ദ്രൻ മഹാലക്ഷ്മിയെയും ഘടത്തിൽ ആവാഹിച്ചു. ബ്രഹ്മാവും ബൃഹസ്പതിയും ആ പൂജയിൽ പങ്കെടുത്തു. മാത്രമല്ല അനേകം മാമുനിമാരും ബ്രാഹ്മണരും സാക്ഷാൽ ഹരിയും ഹരനുമെല്ലാം അവിടെ സന്നിഹിതരായിരുന്നു.

ഒരു പാരിജാതപ്പൂവ് ചന്ദനച്ചാറിൽ മുക്കി ദേവേന്ദ്രൻ മഹാലക്ഷ്മിയെ പൂജിച്ചു. പണ്ട് മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശിച്ചു കൊടുത്ത സാമവേദോക്തമായ ധ്യാനത്താലാണ് വാസവൻ ദേവിയെ ധ്യാനിച്ചത്. ആ ധ്യാനം അങ്ങേയ്ക്ക് പറഞ്ഞു തരാം.

"സഹസ്രദളപത്മത്തിന്റെ ബീജകോശത്തിൽ കുടികൊള്ളുന്നവളും കോടി ശരത്കാലപൂർണ്ണചന്ദ്രൻമാരുടെ കാന്തിയുള്ളവളുമായ ദേവി സ്വതേജസ്സിനാൽ പ്രോജ്വലിച്ചു കാണപ്പെടുന്നു. അഴകിന്റെ നിറകുടമായ ദേവിയുടെ മേനിക്ക് കാച്ചിയെടുത്ത തങ്കത്തിന്റെ നിറമാണ്. മഞ്ഞപ്പൂന്തുകിലും രത്നഭൂഷകളും അണിഞ്ഞ് പൂപ്പുഞ്ചിരിയും തൂകി നില്കുന്ന ദേവി സദാ നവയൗവന സമ്പന്നയത്രേ. സർവ്വസമ്പത്തുകൾക്കും ഉടമയായ ദേവി നാനാഗുണങ്ങൾക്കും ആശ്രയമാണ്. "

ഈ ധ്യാനത്തോടെ ദേവേന്ദ്രൻ വേദവിധിപ്രകാരം മന്ത്രാച്ചാരണത്തോടെയാണ് ഷോഡശാചാരപൂജ ചെയ്തത്. വാസവൻ ദേവിക്കായി മന്ത്രപുരസ്സരം ഓരോരോ അർഘ്യങ്ങൾ സമര്‍പ്പിച്ചു. അത്യുൽകൃഷ്ടങ്ങളായ ആ ഉപചാരങ്ങൾ അതിപ്രശസ്തവും അമൂല്യവും ആയിരുന്നു. "കിടയറ്റ രത്നങ്ങൾ പതിച്ച് വിശ്വകർമ്മാവ് നിർമ്മിച്ച ഈ ദിവ്യസിംഹാസനം ദേവീ അവിടുന്ന് സ്വീകരിച്ചാലും. സകലരും വണങ്ങുന്ന ശുദ്ധമായ ഗംഗാജലവും അവിടുന്ന് സ്വീകരിക്കൂ. പൂവും കറുകയും ചന്ദനവും ചേർന്ന ജാഹ്നവീജലം  ശംഖിൽ നിറച്ച് അവിടുത്തെ മുന്നിലിതാ ഞാനർച്ചിക്കുന്നു. ദേഹകാന്തി വർദ്ധിപ്പിക്കാൻ സുഗന്ധപുഷ്പ തൈലം, നെല്ലിക്കാപ്പൊടി എന്നിവയും ഉടുക്കാൻ പരുത്തി വസ്ത്രം, പട്ടുസാരി എന്നിവയും ഇതാ ഞാൻ സമർപ്പിക്കുന്നു. ദേവീ, ദേഹത്തിനഴകേറ്റുന്ന രത്ന ഭൂഷണങ്ങൾ സ്വീകരിച്ചാലും. സുഗന്ധദ്രവ്യങ്ങളും, ചന്ദനം, അകിൽ എന്നിവയും ചേർത്തൊരുക്കിയ ധൂപമിതാ സ്വീകരിച്ചാലും. കുളിരേകുന്ന ചന്ദനക്കൂട്ട് ഇതാ നിനക്കായി കൊണ്ടു വന്നിരിക്കുന്നു. സുരേശ്വരീ, അവിടുന്ന് ഇരുട്ടകറ്റുന്ന ഈ ദീപത്തെ കൈക്കൊണ്ടാലും. നാനാ രസങ്ങൾ സമ്യക്കായി ഒരുക്കിയ സ്വാദിഷ്ടങ്ങളായ ഈ നൈവേദ്യങ്ങളെയും അവിടുന്ന് സ്വീകരിച്ചാലും. ബ്രഹ്മസ്വരൂപമായ അന്നം പ്രാണരക്ഷയ്ക്ക് കാരണമാകുന്നു. തുഷ്ടിയും പുഷ്ടിയുമേകുന്ന ഈ ഹവിസ്സ് ഞാനവിടുത്തേക്കായി നിവേദിക്കുന്നു.

വരിനെല്ലരി, ശർക്കര, നറുനെയ്യ് എന്നിവ ചേർത്ത് തയ്യാറാക്കിയ ഈ പായസ നൈവേദ്യം ദേവീ, അവിടുന്ന് സ്വീകരിക്കുക. ശർക്കര, നെയ്യ്, എന്നിവ ചേർത്തൊരുക്കിയ സ്വസ്തികവും അവിടുന്ന് കൈക്കൊള്ളുക. പലതരം പഴവർഗ്ഗങ്ങളും കാമധേനുവായ സുരഭിയുടെ അകിടിൽ നിന്നും ഇപ്പോൾ കറന്നെടുത്ത നറുംപാലും അച്യുതപ്രിയേ, അവിടുന്ന് കൈക്കൊണ്ടാലും. കരിമ്പുനീര് തീയിൽ വറ്റിച്ചെടുത്ത ഗുളവും, ഗോതമ്പും യവവും ശർക്കര ചേർത്ത് നെയ്യിൽ കുറുക്കിയെടുത്ത സുപക്വാന്നവും ഞാനിതാ നിവേദിക്കുന്നു. ധാന്യപ്പൊടികളും സ്വസ്തികവും ചേർത്തൊരുക്കിയ മറ്റൊരു  നിവേദ്യവും ഞാൻ ഭക്തിയോടെ സമർപ്പിക്കട്ടെ.

അവിടുത്തെ ദാഹം ശമിപ്പിക്കുന്ന കുളിർതെന്നലേകാനായി ആലവട്ടവും വെഞ്ചാമരവും ഞാനിതാ സമർപ്പിക്കുന്നു. കർപ്പൂരാദികൾ ചേർത്ത് സുഗന്ധപൂരിതമാക്കിയ താംബൂലമിതാ സ്വീകരിച്ചാലും. ദാഹംകെടുത്താൻ സുഗന്ധമുള്ള തണുത്ത ജലവുമിതാ കൊണ്ടു വന്നിരിക്കുന്നു. ദേഹകാന്തി വർദ്ധിപ്പിക്കുന്ന തിളങ്ങുന്ന പട്ടുചേലയും, രത്നം, സ്വർണ്ണം എന്നിവ കൊണ്ടു് പണിതൊരുക്കിയ ആഭരണങ്ങളും അവിടുന്ന് സ്വീകരിച്ചാലും. ആറ് ഋതുക്കളിലും ശോഭ കെടാത്ത നവകുസുമങ്ങൾ കൊരുത്ത പൂമാലയിതാ അവിടുത്തെ  മേനി അലങ്കരിക്കാനായി കൊണ്ടു വന്നിരിക്കുന്നു. 

കൃഷ്ണകാന്തേ, അവിടുന്ന് ഈ വിശുദ്ധമായ പുണ്യജലം ആചമിച്ചാലും. അനർഘരത്നങ്ങൾ പതിച്ച പുഷ്പചന്ദനാദികൾ വിതറി മനോഹരമാക്കിയ ഈ തല്പത്തെ അവിടുന്ന് സ്വീകരിക്കുക. ഭൂമിയിൽ അമൂല്യമായുള്ള ദിവ്യ വസ്തുക്കൾ എല്ലാമെല്ലാം ദേവീ അവിടുത്തേയ്ക്കുള്ള നൈവേദ്യമാണ്. അവയെല്ലാം ഞാനിതാ അവിടുത്തെ മുൻപിൽ പരമഭക്തിയോടെ സമർപ്പിക്കുന്നു." 

വിധിയാംവണ്ണം ദേവേന്ദ്രൻ ബ്രഹ്മാവ് ഉപദേശിച്ച മഹാലക്ഷ്മീമന്ത്രം, ദശലക്ഷം തവണ ഭക്തിപൂർവ്വം ഉരുക്കഴിച്ചു. കല്പതരുസമമായ മഹാലക്ഷ്മീ മന്ത്രം, ലക്ഷ്മീബീജം, മായാബീജം, കാമ ബീജം എന്നീ ബീജങ്ങള്‍ ചേര്‍ന്നതാണ്.  ശ്രീം, ഹ്രീം, ക്ളീം, ഐം, കമലാ വാസിന്യൈ സ്വാ ഹാ എന്ന വേദപ്രസിദ്ധമായ ഈ മന്ത്രം അത്യുത്തമമത്രേ. കുബേരൻ പരമൈശ്വര്യവാനായത് ഈ മന്ത്രജപത്തിനാലാണ്. ദക്ഷൻ രാജരാജേശ്വരനായതും, സാവർണ്ണി മനുവായതും, മംഗളൻ സപ്തദ്വീപാധിപനായതും പ്രിയവ്രതൻ, ധ്രുവൻ, കേദാരനൃപൻ, തുടങ്ങിയവർ സിദ്ധരായതും ഈ മന്ത്രത്തിന്റെ പ്രാഭവത്താലാണ്.

മന്ത്രസിദ്ധി കിട്ടിയ ഇന്ദ്രനു മുന്നിൽ ദേവി പ്രത്യക്ഷയായി. വരപ്രദയായി അനർഘരത്നഖചിതമായ ഒരാകാശ വിമാനത്തിൽ പ്രത്യക്ഷയായ ദേവിയുടെ കാന്തി സപ്തദ്വീപുകളോടുകൂടിയ ഭൂമിയെ പ്രോജ്വലത്താക്കി. തൂവെള്ളച്ചെമ്പകപ്പൂവിന്റെ നിറത്തോടെ നാനാ വേഷവിഭൂഷകൾ അണിഞ്ഞ് പുഞ്ചിരി തൂകി അതിപ്രസന്നയായി ഭക്താനുഗ്രഹവ്യഗ്രതയോടെ ദേവിയവിടെ പ്രത്യക്ഷയായി. കോടിചന്ദ്രൻമാർക്ക് തുല്യമാണാ മുഖശോഭ. ദേവിയെക്കണ്ട് ഭക്തി പാരവശ്യത്തോടെ ദേവേന്ദ്രൻ കണ്ണീർ വാർത്തു. പുളകിതഗാത്രനായി കൈകൂപ്പിക്കൊണ്ടു് അദ്ദേഹം ദേവിയെ സ്തുതിച്ചു. ബ്രഹ്മാവാണ് സർവ്വാഭീഷ്ടപ്രദമായ ഈ വൈദികസ്തോത്രം ഉപദേശിച്ചത്.

ദേവേന്ദ്രൻ പറഞ്ഞു: "നാരായണപ്രിയേ കമലവാസിനീ, നാരായണീ, ദേവീ, അവിടുത്തേക്ക് നമസ്കാരം. കൃഷ്ണപ്രിയയായ ദേവീ, ഞാനിതാ കൈകൂപ്പുന്നു. താമരപ്പൂവിതൾ പോലുള്ള കണ്ണുകളോടെ താമരപ്പൂവിൽ വസിക്കുന്ന കമലാനനയായ ദേവീ നമസ്ക്കാരം. പത്മാസനാ, പത്മിനി, വൈഷ്ണവി, എന്നീ നാമങ്ങളിൽ പ്രശസ്തയായ ദേവീ, നമസ്ക്കാരം. സർവ്വാരാദ്ധ്യയാണ് ദേവി. സർവ്വസമ്പദ്പ്രദായനീ ഞാനിതാ കൈതൊഴുന്നു. ഭക്തന് ഹരിഭക്തിയും ഹർഷവും നൽകുന്നതും നീയല്ലേ?

കൃഷ്ണന്റെ മാറിൽ കുടികൊള്ളുന്നവളും കൃഷ്ണേശയുമായ ദേവീ, നിന്നെ ഞാന്‍  കൈതൊഴുന്നു. ശോഭനേ, രത്നപത്മേ, ചന്ദ്രശോഭാസ്വരൂപിണീ, സമ്പദദൃഷ്ഠാതൃദേവതേ,  ബുദ്ധിസ്വരൂപേ, ബുദ്ധിദായിനീ, ദേവീ, നമസ്ക്കാരം, നമസ്ക്കാരം

വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായും, ക്ഷീരസാഗരത്തിൽ ലക്ഷ്മിയായും, ഇന്ദ്രപുരിയിൽ സുരലക്ഷ്മിയായും, രാജഗൃഹത്തിൽ രാജലക്ഷ്മിയായും, ഗൃഹസ്ഥന് ഗൃഹലക്ഷ്മിയായും, ഗൃഹത്തിൽ ഗൃഹ ദേവതയായും, സാഗരജന്യയായ കാമധേനുവായും, യജ്ഞകാമിനിയായ ദക്ഷിണയായും, ദേവമാതാവായ അദിതിയായും, കമലാലയയായ കമലയായും , നീ വിളങ്ങുന്നു. ഹവിർദാനത്തിൽ സ്വാഹാദേവി,  പിതൃക്കൾക്ക് കവ്യം നല്കമ്പോൾ സ്വധ, സർവ്വാധാരയായ വസുന്ധര, വിഷ്ണുസ്വരൂപ, ശുദ്ധസത്വസ്വരൂപ, നാരായണപര, ക്രോധ ഹിംസാദി രഹിത, വരദ, ശാരദ, ശുഭ, പരമാർത്ഥപ്രദായക, ഹരിദാസ്യപ്രദ എന്നിങ്ങിനെ നാനാവിധത്തിൽ ദേവി പ്രകടമാകുന്നു.

നിന്റെ അഭാവത്തിൽ ഭൂമി വെറും ചാരം. ജീവച്ഛവം. നീയെല്ലാവർക്കും അമ്മയാകുന്നു. സകലർക്കും നീ ബന്ധുവാണ്. മുലകുടി മാറാത്ത കുട്ടികൾക്ക് അമ്മയെങ്ങിനെയോ അങ്ങിനെ സകലർക്കും ഓരേ വിധത്തിൽ അമ്മ തന്നെയാണ് നീ. മനുഷ്യന്റെ കുട്ടി ചിലപ്പോൾ മുലകുടിക്കാതെ ജീവിച്ചുവെന്നു വരാം. എന്നാൽ ദേവീ നിന്നെക്കൂടാതെ ഒരുവനും ജീവിക്കയില്ല.

അമ്മേ എന്നിൽ കരുണ കാണിക്കൂ. സുപ്രസന്നയായി ശത്രുക്കൾ കീഴടക്കി വെച്ചിട്ടുള്ള എന്റെ രാജ്യം തിരികെ തന്നാലും. നീയില്ലെങ്കിൽ എനിക്കെവിടെയാണ് സമ്പത്ത് ? നീയില്ലാത്തതിനാൽ  ഞാനൊരു ഭിക്ഷുവും ബന്ധുഹീനനുമായി.  പത്മജേ, വിഷ്ണുവല്ലഭേ, എനിക്ക് ജ്ഞാനവും ധർമ്മവും സർവ്വസൗഭാഗ്യങ്ങളും, യുദ്ധത്തിൽ ജയവും, പരാക്രമവും, ഐശ്വര്യവും, പ്രതാപവും നഷ്ടപ്പെട്ട അധികാരവും നൽകിയാലും."

ഇങ്ങിനെ സ്തുതിച്ച് പ്രാർത്ഥിച്ച് ഇന്ദ്രൻ ദേവിയെ വീണ്ടും വീണ്ടും നമസ്ക്കരിച്ചു. മറ്റു ദേവൻമാരും ദേവിയെ സ്തുതിച്ചു വന്ദിച്ചു.ശങ്കരനും ബ്രഹ്മാവും വിഷ്ണുവും ശേഷനും ധർമ്മനും ദേവിയെ നമിച്ചു. ദേവൻമാർക്ക് അഭീഷ്ടവരവും വിഷ്ണുവിന് ഒരു പൂമാല്യവും നല്കി ദേവി പാലാഴിയിൽ ഹരിസവിധമണഞ്ഞു. ദേവൻമാർ സന്തുഷ്ടരായി. ബ്രഹ്മാദികളും ദേവൻമാരെ അനുഗ്രഹിച്ച ശേഷം അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങി. 


ഈ മന്ത്രം മൂന്നു സന്ധ്യകളിലും ചൊല്ലുന്ന മനുഷ്യർക്ക് കുബേരനു തുല്യം സമ്പത്തുണ്ടാകും. അവൻ രാജപദവിയലങ്കരിക്കും. അഞ്ചു ലക്ഷം തവണ ഈ മന്ത്രം ജപിച്ചാൽ സാധകന് മന്ത്രസിദ്ധിയുണ്ടാവും.  ഒരുവൻ ഈ മന്ത്രം ഒരു മാസം തുടർച്ചയായി ജപിച്ചാൽ അവൻ മഹാസുഖിയും രാജേന്ദ്രനുമായിത്തീരും.

Monday, July 10, 2017

ദിവസം 263. ശ്രീമദ്‌ ദേവീഭാഗവതം. 9- 41 . മഹാലക്ഷ്മ്യൂപാഖ്യാനം

ദിവസം 263.  ശ്രീമദ്‌ ദേവീഭാഗവതം. 9- 41 . മഹാലക്ഷ്മ്യൂപാഖ്യാനം

ഹരിം ധ്യാത്വാ ഹരിർ ബ്രഹ്മൻ ജഗാമ ബ്രഹ്മണ: സഭാം
ബൃഹസ്പതിം പുരസ് കൃത്യ സർവൈ: സുരഗണൈ: സഹ
ശീഘ്രം ഗത്വാ ബ്രഹ്മലോകം ദൃഷ്ട്വാ ച കമലോദ്ഭവം
പ്രണേമുർദേവതാ: സർവേ സഹേന്ദ്രാ ഗുരുണാ സഹ

ശ്രീ നാരായണൻ പറഞ്ഞു: "ശ്രീകൃഷ്ണസ്മരണയോടെ ഇന്ദ്രൻ ഗുരുവായ ബൃഹസ്പതിയെ മുന്നിൽ നിർത്തി ബ്രഹ്മാവിനെ കാണാൻ പുറപ്പെട്ടു. അനേകം ദേവൻമാരും അവരെ അനുഗമിച്ചു. ബ്രഹ്മലോകത്ത് വിധിയെക്കണ്ട് അവർ നമസ്ക്കരിച്ച് ആഗമനോദ്ദേശം അറിയിച്ചു. 

അപ്പോൾ മന്ദഹാസത്തോടെ ബ്രഹ്മാവ് ഇങ്ങിനെ പറഞ്ഞു: "ഇന്ദ്രാ നീ എന്റെ തന്നെ വംശത്തിലാണ് ജനിച്ചത്. ബൃഹസ്പതിയുടെ ശിഷ്യനാണ് നീ. സുരാധിപനും മഹാനുമായ ദക്ഷന്റെ ചെറുമകനുമാണ് നീ. അങ്ങിനെയുള്ള നിന്നിൽ എങ്ങിനെയാണ് അഹങ്കാരമുണ്ടായത്? നിന്റെ മാതാപിതാക്കളും മാതുലനും എല്ലാം വിഷ്ണുഭക്തരും പ്രതാപവാൻമാരുമാണ്. അച്ഛൻ, മുത്തശ്ശൻ, ഗുരു എന്നിവരിൽ ദോഷമുണ്ടെങ്കിൽ അതൊരുവനെ ഹരിദോഷിയാക്കിയേക്കാം എന്നാൽ നിന്റെ കാര്യത്തിൽ കുലത്രയ ദോഷമൊന്നും ഇല്ലാത്ത സ്ഥിതിക്ക് നിന്നിലീ അഹങ്കാരമെങ്ങിനെ വന്നു ചേർന്നു?

ഭഗവാൻ സർവ്വാന്തരാത്മാവായി വർത്തിക്കുന്നു. അവൻ ദേഹത്തുനിന്നും വേർപ്പെട്ടാൽ ജീവികൾ വെറും ശവമായിത്തീരും. ഞാൻ ഇന്ദ്രിയങ്ങൾക്ക് അധിപനാണ്. ശങ്കരൻ ജ്ഞാനത്തിനും വിഷ്ണു പ്രാണനും ഭഗവതി ബുദ്ധിക്കും അധിപരാണ്. പ്രകൃതിയുടെ കലകളാണ് നിദ്രാദേവി മുതലായ ശക്തികൾ . ജീവൻ ആത്മാവിന്റെ പ്രതിബിംബമാകുന്നു. അങ്ങിനെയുള്ള ജീവനിലാണ് സുഖ-ദുഖ അനുഭവങ്ങൾ ഉണ്ടാവുന്നത്. രാജാവിനെ അനുഗമിക്കുന്നവരെപ്പോലെ ദേഹത്തിൽ നിന്നും ആത്മാവ് വേർപെട്ടു പോവുമ്പോൾ ജീവന്‍റെ മറ്റുള്ള പ്രാഭവങ്ങളും  ഒന്നിനു പിറകേ ഒന്നായി സംഭ്രാന്തിയോടെ പിൻഗമിക്കുന്നു.

ഞാനും, പരമശിവനും, ശേഷനും, വിഷ്ണുവും, ധർമ്മനും മഹാവിരാട്ടും നിങ്ങളുമൊക്കെ ആരുടെ ആത്മാംശമാണോ ആ ഭഗവാന്റെ പുണ്യസ്പർശമേറ്റ ദിവ്യപുഷ്പത്തിനെയാണ് നീ അപമാനിച്ചത്. ഭഗവാനായി അർപ്പിച്ച പൂവായിരുന്നു ദുർവ്വാസാവ് നിനക്ക് സമ്മാനിച്ചത്. നിന്റെ ദൗർഭാഗ്യത്തിന് നീയതിനെ ഉപേക്ഷിച്ചു. കൃഷ്ണന്റെ പദകമലങ്ങളിൽ അർപ്പിക്കപ്പെട്ട പുഷ്പം തലയിൽ ചൂടുന്നവൻ സകലദേവൻമാർക്കും പൂജിതനത്രേ. നിന്റെ കാലക്കേട് ദൈവഗത്യാ വന്നു ചേർന്നതാണ്. ഭാഗ്യദോഷിയെ രക്ഷിക്കാൻ ആർക്ക് കഴിയും?

നിനക്ക് കിട്ടിയ  ശ്രീകൃഷ്ണ നിർമാല്യം ത്യജിച്ചതിനാൽ ലക്ഷ്മീദേവി സ്വര്‍ഗ്ഗത്തില്‍ നിന്നും  വൈകുണ്ഠത്തിലേക്ക് പോയിക്കഴിഞ്ഞു. നീയുടനേ തന്നെ അങ്ങോട്ടു ചെല്ലുക. ഞാനും ദേവഗുരുവും നിന്റെ കൂടെ വരാം. ചിന്മയനായ ആ ഭഗവാനെ ചെന്നു കാണുക. ശ്രീനാഥനെ സേവിച്ചു മാത്രമേ ശ്രീയെ നേടാൻ കഴിയൂ."

തേജ:സ്വരൂപനാണ് ഭഗവാൻ. നട്ടുച്ചയ്ക്ക് കാണുന്ന സൂര്യപ്രഭയുടെ ശതകോടിയിരട്ടി പ്രഭയാണാ തേജസ്സിനുള്ളത്. ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്തവനും പ്രശാന്തനും കമലാപതിയും ആയ ഭഗവാനെ ചൂഴ്ന്ന് നാലു വേദങ്ങളും വാണീദേവിയും ഗംഗയും ചതുർബാഹുക്കളായ പാർഷദൻമാരും നിൽക്കുന്നു. 

ബ്രഹ്മാവും ദേവൻമാരും ഭഗവാനെ നമസ്ക്കരിച്ചു. അവർ ഭക്തിനമ്രരായി കണ്ണീരോടെ ഭഗവാനെ സ്തുതിച്ചു. സ്വന്തം വാഹനങ്ങളും തേജസ്സുമെല്ലാം നഷ്ടപ്പെട്ട്, ഭീതിയോടെ നിഷ്പ്രഭരായി നിൽക്കുന്ന ദേവവൃന്ദത്തെക്കണ്ട് ഭഗവാൻ ഇങ്ങിനെയരുളി.

"ബ്രഹ്മാവേ, ദേവൻമാരേ, ഞാനിവിടെയുള്ളപ്പോൾ ഭീതി വേണ്ട. നഷ്ടപ്പെട്ട  ഐശ്വര്യം ഞാൻ വീണ്ടെടുത്ത് തരാം. പരമൈശ്വര്യപ്രദയായ സ്ഥിരലക്ഷ്മിയെ ഞാൻ നിങ്ങൾക്ക് നൽകാം. നിങ്ങൾക്ക് തികച്ചും ഹിതപ്രദവും സമയോചിതവുമായ ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. കേട്ടോളൂ. 

അനവധിയായി വിരാജിക്കുന്ന ബ്രഹ്മാണ്ഡങ്ങൾ അവയിലെ ജീവികളടക്കം എല്ലാമെന്റെ അധീനതയിലാണ്. പക്ഷേ ഞാൻ എന്‍റെ ഭക്തര്‍ക്ക് അധീനനാണ്. എന്നെത്തന്നെ സമാശ്രയിക്കുന്ന ഭക്തർ അനേകമുണ്ട്. ആ ഭക്തർക്ക് ആരോടാണോ ദേഷ്യമുള്ളത് അവരുടെ ഗൃഹങ്ങളിൽ ഞാൻ ലക്ഷ്മീസമേതനായി വസിക്കുകയില്ല. ദുർവാസാവ് ശങ്കരന്റെ അംശമാണ്. എന്റെ പരമഭക്തനാണ് മഹർഷി. അദ്ദേഹത്തിന്റെ കോപഫലമായാണ് ഞാൻ ലക്ഷ്മീദേവിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്.

ശംഖധ്വനി, തുളസിച്ചെടി, ശിവാർച്ചന, ബ്രാഹ്മണഭോജനദാനം, എന്നിവയില്ലാത്തയിടത്ത് പൂമകൾ വാഴുകയില്ല. എന്നെയും എന്റെ ദക്തരെയും നിന്ദിക്കുന്നയിടത്തും ലക്ഷ്മീദേവി വസിക്കുകയില്ല. എന്റെ ജന്മനാളിലും ഹരിവാസരത്തിലും നോയ്മ്പ് നോൽക്കാത്തവരുടെ അടുക്കലും, ഭക്തിയില്ലാത്തവരുടെ അടുക്കലും, ഞാനും കമലയും ഉണ്ടാവുകയില്ല. എന്റെ നാമത്തെയും സ്വന്തം പുത്രിയായ കന്യകയെയും കച്ചവടം ചെയ്യുന്നവന്റെ വീട്ടിൽ ഞാൻ കടന്നു ചെല്ലുകയില്ല. അതിഥിക്ക് ഭക്ഷണം കൊടുക്കാത്തവൻ, പുംശ്ചലീപുത്രനായ വിപ്രൻ, അവളുടെ ഭർത്താവ്, പാപികളുടെ ഗൃഹം സന്ദർശിക്കുന്നവൻ, ശൂദ്രന്റെ വെപ്പുകാരൻ, ശൂദ്രന്റെ ശ്രാദ്ധാന്നം ഉണ്ണുന്നവൻ, കാളക്കാരനായ ബ്രാഹ്മണൻ, ശൂദ്രപ്രേതം സംസ്ക്കരിക്കുന്നവൻ, അശുദ്ധൻ, നിഷ്ഠൂരൻ, ഹിംസാ ശീലൻ, സജ്ജനനിന്ദകൻ, ശൂദ്രയാജിയായ വിപ്രൻ എന്നിവരുടെ താമസസ്ഥലങ്ങൾ താർമകൾക്ക് യോജിച്ചവയല്ല.

അവീരാന്നം കഴിക്കുന്നവൻ, നഖം കൊണ്ടു് പുല്ലറുക്കുന്നവൻ, മണ്ണിൽ കാൽ കൊണ്ടു് വരയ്ക്കുന്നവൻ, അസന്തുഷ്ടനായ വിപ്രൻ, ആചാരഹീനനും അ ദീക്ഷിതനുമായ വിപ്രൻ, എന്നിവരുടെ ഗൃഹത്തിൽ നിന്നും ലക്ഷ്മീദേവി ഇറങ്ങിപ്പോകും. സൂര്യോദയത്തിൽ ഊണ് കഴിക്കുന്നവൻ, പകൽ സംയോഗത്തിൽ ഏർപ്പെടുന്നവൻ, കാലിൽ മെഴുക്കോടെ നഗ്നനായി കിടന്നുറങ്ങുന്നവൻ, തലയിൽ തേച്ച എണ്ണ തൊട്ട് ദേഹത്ത് മറ്റിടങ്ങളിൽ തേയ്ച്ച് പിടിപ്പിക്കുന്നവൻ, സ്വന്തം ദേഹത്ത് താളം പിടിക്കുന്നവൻ, വ്രതോപാസനകൾ അനുഷ്ഠിക്കാത്ത ബ്രാഹ്മണൻ, ബ്രാഹ്മണ നിന്ദകൻ, ജീവികളെ ഹിംസിക്കുന്നവൻ, ദയാഹീനൻ, എന്നിവരുടെ ഗൃഹങ്ങളിൽ നിന്നും ലക്ഷ്മീദേവി ഇറങ്ങിപ്പോവും.

എവിടെയെല്ലാം ഹരിപൂജയുണ്ടോ, നാമസങ്കീർത്തനമുണ്ടോ, ലക്ഷ്മീദേവി അവിടം വിട്ടു പോവുകയില്ല. ശ്രീകൃഷ്ണനേയോ കൃഷ്ണ ഭക്തനേയോ വാഴ്ത്തുന്നയിടങ്ങൾ കൃഷ്ണപ്രിയയായ ദേവിക്ക് ഹിതമായ ഇരിപ്പിടങ്ങളാണ്. സാളഗ്രാമം, ശംഖനാദം, ശംഖം, തുളസീദളം, എന്നിവയും ഇവയുടെ പൂജയും ദേവിക്കും ഏറെ പ്രിയമാണ്. ശിവലിംഗ പൂജ, ദുർഗ്ഗാർച്ചന, സർവ്വദേവ പൂജകൾ, ബ്രാഹ്മണസേവ, ബ്രാഹ്മണർക്ക് അന്നദാനം, എന്നിവയുളള സ്ഥലങ്ങൾ  വിട്ടു ലക്ഷ്മീദേവി പോവുകയില്ല. ദേവൻമാരോട് ഇത്രയും പറഞ്ഞിട്ടു് ഭഗവാൻ രമയോട് പറഞ്ഞു: "ഭവതി കലാംശമായി ക്ഷീരസാഗരത്തിൽ പിറവിയെടുത്താലും."

പിന്നീട് ഭഗവാൻ ബ്രഹ്മാവിനോട് പറഞ്ഞു: "അങ്ങ് കടൽ കടഞ്ഞ് ആ ദേവിയെ വീണ്ടെടുത്ത് ദേവൻമാർക്ക് നല്കിയാലും '' ഇത്രയും പറഞ്ഞ് ഭഗവാൻ അന്തപ്പുരത്തിലേക്കും ദേവൻമാർ പാൽക്കടൽത്തീരത്തേക്കും പോയി. 

മന്ദരപർവ്വതം കടകോലാക്കി ആമയെ പാത്രമാക്കി ശേഷനെ കയറാക്കി ദേവാസുരൻമാർ പാൽക്കടൽ കടഞ്ഞു. കടലിൽ നിന്നും ഉച്ചൈശ്രവസ്സ് എന്ന കുതിര, നാൽക്കൊമ്പനാനയായ ഐരാവതം, പല പല രത്നങ്ങൾ, ധന്വന്തരീദേവൻ, ലക്ഷ്മീദേവി, സുദർശനം, എന്നിവയൊക്കെ പുറത്തുവന്നു. പാലാഴിയിൽ പള്ളികൊള്ളുന്ന പത്മനാഭന്റെ കഴുത്തിൽ ലക്ഷ്മീദേവി വനമാലയിട്ടു. ബ്രഹ്മാദികൾ ദേവിയെ പൂജിച്ചു തുഷ്ടയാക്കി. അവളുടെ ഒരൊറ്റ നോട്ടം കൊണ്ട് നാകത്തിന്റെ സമ്പദൈശ്വര്യങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. ദേവൻമാർ അവരവരുടെ ധാമങ്ങളിലെത്തി സസുഖം വാണു.


സാരഭൂതവും സുഖദവുമായ ലക്ഷ്മ്യൂപാഖ്യാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എന്താണിനി അങ്ങേയ്ക്കറിയേണ്ടത്?

Sunday, July 9, 2017

ദിവസം 262. ശ്രീമദ്‌ ദേവീഭാഗവതം. 9- 40 . ദുര്‍വ്വാസശ്ശാപം

ദിവസം 262.  ശ്രീമദ്‌ ദേവീഭാഗവതം. 9- 40 . ദുര്‍വ്വാസശ്ശാപം 

നാരായണപ്രിയാ സാ ച വരാ വൈകുണ്ഠവാസിനീ
വൈകുണ്ഠാധിഷ്ഠാതൃദേവീ മഹാലക്ഷ്മീ സനാതനീ
കഥം ബഭൂവ സാ ദേവീ പൃഥിവ്യാം സിന്ധു കന്യകാ
പുരാകേന സ്തുതാffദൗ സാ തൻമേ വ്യാഖ്യാതുമർഹസി

നാരദൻ ചോദിച്ചു: "ഭഗവാനേ മഹാലക്ഷ്മി നാരായണപത്നിയായി വൈകുണ്ഠത്തിൽ വസിക്കുന്നു. അവിടത്തെ അധിഷ്ഠാതൃ ദേവതയാണ് സനാതനിയായ ലക്ഷ്മീദേവി. ആ ദേവിയെങ്ങിനെയാണ് പാലാഴി മങ്കയായി ഭവിച്ചത്? അവളെ ആരെല്ലാം എങ്ങിനെയൊക്കെയാണ് സ്തുതിച്ച് പൂജിച്ചത്?"

ശ്രീ നാരായണൻ പറഞ്ഞു: "പണ്ട് മഹർഷി ദുർവ്വാസാവ് ശപിച്ചതിനാൽ ദേവാധിപനായ പുരന്ദരൻ സകല ഐശ്വര്യങ്ങളും നഷ്ടപ്പെട്ട് ദേവൻമാരുമൊത്ത് ഭൂമിയിൽ വന്നു പിറക്കാൻ ഇടയായി. തുടർന്ന് അവിടെയുണ്ടായിരുന്ന ലക്ഷ്മീദേവിയും സ്വർഗ്ഗം വെടിഞ്ഞ് വൈകുണ്ഠത്തിലേക്ക് പോയി സാക്ഷാൽ മഹാലക്ഷ്മിയിൽ വിലയിച്ചു. ദേവൻമാർ ദുഖാകുലരായി. അവർ ബ്രഹ്മസദസ്സിൽ ചെന്ന് ബ്രഹ്മാവിനെയും കൂട്ടി വൈകുണ്ഠത്തിൽ എത്തി. ശാപശക്തിയാൽ തൊണ്ടയും ചുണ്ടും വറ്റിവരണ്ടു് അവരാകെ അവശരായിരുന്നു. എല്ലാവരും കൂടി ഭഗവാന്‍ ഹരിയെത്തന്നെ ശരണം പ്രാപിച്ചു. അപ്പോഴാണ് ഹരിയുടെ ആജ്ഞയനുസരിച്ച് ലക്ഷ്മീദേവിയുടെ കലാംശം പാലാഴി മങ്കയായി ജനിച്ചത്.

ദേവൻമാർ അസുരൻമാരുമായി ചേർന്ന് പാലാഴി കടഞ്ഞപ്പോഴാണ് മഹാലക്ഷ്മി അതിൽ നിന്നും പുറത്തുവന്നത്. വിഷ്ണുഭഗവാൻ ആ ദേവിയെ വരിക്കുകയും ചെയ്തു. പ്രസന്നവദനയും വരപ്രദയുമായ ആ ദേവി ദേവൻമാരെയെല്ലാം അനുഗ്രഹിച്ചു. അങ്ങിനെയവർക്ക് നാകലോകം തിരികെ കിട്ടി. ലക്ഷ്മീദേവിയെ പൂജിച്ച് ദേവലോകർ ആപത്തൊഴിഞ്ഞ് തുഷ്ടരായി."

നാരദൻ ചോദിച്ചു: "ബ്രഹ്മജ്ഞനായ ദുർവ്വാസാവ് എന്തിനാണ് ദേവേന്ദ്രനെ ശപിച്ചത്? എന്നാണദ്ദേഹത്തിനു പറ്റിയ തെറ്റ്? ദേവൻമാർ സമുദ്രമഥനം നടത്തിയത് എങ്ങിനെയാണ്? ദേവീദർശനത്തിനായി ഇന്ദ്രൻ എപ്രകാരമുള്ള സ്തുതിയാണ് ചെയ്തത്? ദേവേന്ദ്രനും മഹാമുനിയും തമ്മിൽ വഴക്കുണ്ടാവാൻ എന്താണു കാരണം? ആ വിവാദത്തിന്റെ കഥയും എനിക്കറിയാൻ ആഗ്രഹമുണ്ട്."

ശ്രീ നാരായണൻ പറഞ്ഞു: "പണ്ട് ദേവേന്ദ്രൻ മദ്യം സേവിച്ച് ഉന്മത്തനായി ദേവനാരിയായ രംഭയുമൊത്ത് മദനാർത്തിയോടെ സുഖിച്ച് രമിച്ചിരിക്കുമ്പോൾ വൈകുണ്ഠത്തിൽ നിന്നും കൈലാസത്തിലേയ്ക്ക് പോകുന്ന ദുർവ്വാസാവിനെ കാണുകയുണ്ടായി.  തങ്കനിറം തോല്കുന്ന ദേഹ കാന്തിയോടുകൂടിയ ബ്രഹ്മതേജസ്വിയായ മഹാമുനി മരവുരിയണിഞ്ഞ് ജടാഭാരത്തോടെ നെറ്റിയിലൊരു പൂന്തിങ്കൾ തിലകവുമണിഞ്ഞ്  പ്രശോഭിച്ചു. അദ്ദഹത്തിനൊപ്പം വേദജ്ഞരായ ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു. ദേവേന്ദ്രൻ മുനിയെ നമസ്ക്കരിച്ചു. അദ്ദേഹം ശിഷ്യന്മാരെയും കമ്പിട്ടു വണങ്ങി.

മുനി ഇന്ദ്രനെ അനുഗ്രഹിച്ചു. അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന ജരാരോഗമൃത്യുനാശകമായ പാരിജാതപുഷ്പം ഇന്ദ്രന് സമ്മാനിച്ചു. മദോൻമത്തനായ ഇന്ദ്രൻ ആ പൂവ് ഉടനേ തന്നെ തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ വച്ചു. ആ ദിവ്യപുഷ്പം തൊട്ടയുടനെ ആ ആന രൂപഗുണതേജസ്സാദികളിൽ വിഷ്ണുതുല്യനായിത്തീർന്നു. ഉടനെതന്നെ ഇന്ദ്രനെയുപേക്ഷിച്ച് ആന കാട്ടിലേക്ക് ഓടിപ്പോയി. ആനയെ തടുക്കാൻ ഇന്ദ്രന് കഴിഞ്ഞില്ല. താൻ അനുഗ്രഹിച്ചു നൽകിയ ദിവ്യപുഷ്പം ഇങ്ങിനെ നഷ്ടപ്പെടുത്തിയ ഇന്ദ്രനെ ദുർവ്വാസാവ് ക്രുദ്ധനായി ശപിച്ചു.

ദുർവ്വാസാവ് പറഞ്ഞു: "സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ച്  ആനയുടെ മസ്തകത്തിൽ വച്ച് നീയാ ദിവ്യപുഷ്പത്തിതിനെ അപമാനിച്ചു. അത് മഹാവിഷ്ണുവിനെ അപമാനിക്കുന്നതിനു തുല്യമാണ്. വിഷ്ണുവിന് സമർപ്പിച്ച എന്തും അത് ഫലമോ ജലമോ പുഷ്പമോ ആവട്ടെ, ആ നിവേദ്യങ്ങൾ അപ്പോൾത്തന്നെ ഭക്ഷിച്ച് സ്വാംശീകരിക്കണം. അതുപേക്ഷിക്കുന്നത് ബ്രഹ്മഹത്യക്ക് തുല്യമാണ്.  അത്യധികം ഭാഗ്യശാലികൾക്ക് മാത്രമേ വിഷ്ണു പ്രസാദം ലഭിക്കൂ. അങ്ങിനെയുള്ളവന്റെ ഐശ്വര്യം ക്ഷണത്തിൽ നഷ്ടമാവും. എന്നാലത് ബഹുമാനത്തോടെ സ്വീകരിക്കുന്നവൻ സ്വയം ഉദ്ധരിക്കപ്പെടുന്നു. അവന്റെ നൂറ് പൂർവ്വജന്മാർക്ക് സദ്ഗതിയുണ്ടാവും. വിഷ്ണുനിവേദ്യം ഭക്ഷിച്ച് ഭഗവാനെ ഭക്തി പുരസ്സരം പൂജിക്കുന്നവന് വിഷ്ണു തുല്യനാവാൻ സാധിക്കും. അവനെ തൊടുന്ന കാറ്റ് ദിവൃതീർത്ഥങ്ങളെ പരിപാവനമാക്കും. അവന്റെ പാദരേണുക്കൾ വീഴുന്നയിടം പരിശുദ്ധമാവും.

വിഷ്ണുവിന് നിവേദിക്കാത്തതായ ഭക്ഷണം, വൃഥാമാംസഭക്ഷണം, വേശ്യ നൽകുന്ന ഭക്ഷണം, എന്നിവയെല്ലാം ശൂരൻമാരുടെ ശ്രാദ്ധാന്നത്തിന് തുല്യമാണ്. ശിവലിംഗത്തിന് നിവേദിച്ച അന്നം,  ശൂദ്ര പുരോഹിതൻ നൽകുന്ന അന്നം, വൈദ്യനുണ്ടാക്കിയ അന്നം, ദേവനുണ്ടാക്കിയ ചോറ്, കന്യകയെ വിറ്റുണ്ടാക്കിയ ധനം കൊണ്ടു നേടിയ അന്നം, പഴം ചോറ്, എച്ചിൽ, ദീക്ഷയില്ലാത്ത ബ്രാഹ്മണൻ നൽകുന്ന ചോറ്, അഗമ്യഗമനം നടത്തുന്ന ബ്രാഹ്മണൻ വെച്ച ചോറ്, മിത്രദ്രോഹി, കൃതഘ്നൻ, വിശ്വാസ വഞ്ചകൻ, കള്ളസാക്ഷി പറയുന്ന ബ്രാഹ്മണൻ, എന്നിവർ നൽകുന്ന അന്നമെല്ലാം  ദുഷിച്ച ഭക്ഷണമാണ്. എന്നാലിവപോലും ഭഗവാന്‍ വിഷ്ണുവിന് നിവേദിച്ചിട്ടു് കഴിച്ചാൽ അവ ശുദ്ധമായിത്തീരുന്നു. ഹരിഭക്തിയുണ്ടെങ്കിൽ ചണ്ഡാളനും തന്റെ വംശത്തെത്തന്നെ ഉദ്ധരിക്കുന്നവനായിത്തീരും.

എന്നാൽ ഹരിഭക്തിയില്ലാത്തവന് സ്വയം രക്ഷിക്കാൻ പോലും സാധിക്കില്ല. അറിയാതെയെങ്കിലും ഹരിപ്രസാദം കഴിക്കുന്നവൻ ഏഴു ജന്മങ്ങളിലെ പാപങ്ങളിൽ നിന്നും മുക്തനാവും. എന്നാൽ അറിഞ്ഞുകൊണ്ട് ഭക്തിപൂർവ്വം ആ നൈവേദ്യം ഭുജിക്കുന്നവർ കോടി ജന്മങ്ങളിലെ പാപങ്ങളിൽ നിന്നും മുക്തനാവും. ദേവരാജാവായ നീ വിഷ്ണുപ്രസാദത്തെ ആനയുടെ മസ്തകത്തിൽ വച്ച് അപമാനിച്ചു. ഇനി ഐശ്വര്യത്തിന്റെ അധിദേവതയായ ലക്ഷ്മി നിന്നെ വിട്ട് വൈകുണ്ഠമണയും. വിഷ്ണഭക്തനായ എനിക്ക് നിന്നെയോ ബ്രഹ്മാവിനേയോ കാലനേയോ മൃത്യുവിനേയോ ജരയേയോ ഭയമില്ല. ദേവൻമാരേയോ ദേവഗുരുവായ ബൃഹസ്പതിയേയോ ഞാൻ ഭയക്കുന്നില്ല. ഞാൻ തന്ന വിഷ്ണുപ്രസാദമായ പൂവ് ആരുടെ തലയിലാണോ ചൂടിയിരിക്കുന്നത്, അദ്ദേഹമാണ് എനിക്ക് പൂജനീയൻ."

ഇങ്ങിനെ പറഞ്ഞ മുനിയുടെ പാദങ്ങളിൽ വീണ് ഇന്ദ്രൻ ക്ഷമ യാചിച്ചു. "അങ്ങനെ ശപിച്ചു. അത് ഉചിതമെന്നു കരുതി ഞാൻ ശിരസാവഹിക്കുന്നു. പൊയ്പ്പോയ സമ്പത്ത് തിരിച്ചുകിട്ടണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. എന്നാൽ എനിക്കായി അൽപം ആത്മവിദ്യ ഉപദേശിച്ചു തരാൻ ദയവുണ്ടാവണം. സമ്പത്താണ് ആപത്തിനെ വിളിച്ചു വരുത്തുന്നത്. ആത്മജ്ഞാനത്തെ മറയ്ക്കാനും ഭക്തിയില്ലാതാക്കാനും വിത്തത്തിനു കഴിയും എന്ന് ഞാനറിയുന്നു. അത് എന്നിലെ ഭക്തിയെ മറച്ചു കളഞ്ഞു."

മുനി പറഞ്ഞു: "ജന്മ, മൃത്യു, ജരാ, രോഗ, ശോകാദികളുടെ  ബീജമാണ് ഐശ്വര്യസമ്പത്തുക്കൾ. അതിന്റെ തിളക്കം കൊണ്ടുണ്ടാവുന്ന ആന്ധ്യമാണ് മുക്തിമാർഗ്ഗത്തെ കാണാൻ തടസ്സമായി നിൽക്കുന്നത്. സമ്പത്ത് ഒരുവനെ പ്രമത്തനാക്കുന്നു. മഹാമൂഢനായ അവൻ മദ്യത്തിനും മദിരയ്ക്കും അടിമയാകുന്നു. ബന്ധുത്വം ഒന്നുകൊണ്ടു മാത്രം മറ്റുള്ളവർ അവനെ ചൂഴ്ന്നു നിൽക്കുന്നു. രാജസഭാവമുള്ള അവൻ വിഷയാസക്തനും ആയിരിക്കും. സത്യമാർഗ്ഗം അവൻ കാക്കുകയില്ല. വിഷയാന്ധരായവർക്ക് ശാസ്ത്രബോധമുണ്ടെങ്കിൽ അവർ രാജസീകഭാവമുള്ളവരും ശാസ്ത്രബോധമില്ലാത്തവർ താമസികഭാവമുള്ളവരും ആണ്.

ശാസ്ത്രം കാണിച്ചുതരുന്നത് പ്രവൃത്തിമാർഗ്ഗവും നിവൃത്തിമാർഗ്ഗവുമാണ്. ആദ്യം ജീവികൾ പ്രവൃത്തിമാർഗ്ഗമവലംബിക്കുന്നു. അതിലൂടെ സുഖദുഖാനുഭവങ്ങൾ കൈക്കൊണ്ട് ഉന്മത്തരായി അവർ സ്വച്ഛന്ദം വിഹരിക്കുന്നു. തേനിൽ ആസക്തനായ വണ്ടിനെപ്പോലെ മോഹിതനായി ഒടുവിൽ ജന്മമൃത്യുജരാവ്യാധികളുടെ അനന്തചക്രത്തിൽ ചുറ്റിത്തിരിയുന്നു. സ്വകർമ്മാനുസാരം നാനായോനികളിൽ അനേകം ജന്മങ്ങളെടുത്തും മരിച്ചും ജീവന്‍ ആ യാത്ര തുടരുമ്പോൾ ഈശ്വരേച്ഛയാൽ നൂറായിരത്തിൽ ഒരുവന് സത്സംഗത്തിനുള്ള അവസരം ലഭിക്കുന്നു. സത്സംഗം ജീവനിൽ സംസാരസാഗരതരണത്തിനായുള്ള ജ്ഞാനദീപത്തെ പ്രകാശിപ്പിക്കുന്നു. അത് മുക്തിമാർഗ്ഗദർശനം സാദ്ധ്യമാക്കുന്നു. അങ്ങിനെ കർമ്മബന്ധനത്തിൽ നിന്നും ജീവൻ മുക്തനാകാനുള്ള ശ്രമം തുടങ്ങുന്നു. ജീവൻ അനേകം ജന്മങ്ങളിലായി ആർജ്ജിച്ച പുണ്യവും തപസ്സും ഉപവാസവും എല്ലാം മുക്തിമാർഗ്ഗത്തിലേക്ക് നയിക്കുന്നു."

മുനിവാക്യം ശ്രദ്ധയോടെ കേട്ട ദേവേന്ദ്രന്റെ മോഹമൊഴിഞ്ഞു. അദ്ദേഹത്തിൽ വൈരാഗ്യം വർദ്ധിതമായി. ദുർവ്വാസാവുമായി സന്ധിച്ച ഇടത്തു നിന്നും അദ്ദേഹം തന്റെ രാജധാനിയായ അമരാവതി നോക്കിക്കണ്ടു. അവിടം മുഴുവനും അസുരൻമാർ കീഴടക്കിയിരിക്കുന്നു. ബന്ധുമിത്രാദികളും പിതാക്കൻമാരും ഭാര്യമാരുമൊന്നും അവിടെയില്ല. അമരാവതിയുടെ ദുരവസ്ഥ കണ്ട് വിഷമിച്ച ഇന്ദ്രൻ ദേവ ഗുരുവിനെ സമീപിച്ചു. അദ്ദേഹം മന്ദാകിനിയിൽ ബ്രഹ്മധ്യാനത്തിൽ ആമഗ്നനായി നിൽക്കുന്നു. സൂര്യാഭിമുഖനായി സർവ്വതോമുഖനും ഗരിഷ്ഠനും വരിഷ്ടനും ധർമ്മിഷ്ഠനും ശ്രേഷ്ഠസേവിതനും ഭ്രാതാക്കളിൽ ജ്യേഷ്ഠനും പരമാനന്ദത്തിന്റെ രോമാഞ്ചമണിഞ്ഞവനുമായ ബൃഹസ്പതിയെ ദേവേന്ദ്രൻ അവിടെക്കണ്ടു. ഒരു യാമം കഴിഞ്ഞപ്പോൾ ഗീഷ്പതി ധ്യാനത്തിൽ നിന്നും ഉണർന്നു. ഇന്ദ്രൻ ഗുരുവിന്റെ കാൽക്കൽ വീണ് നമസ്ക്കരിച്ച് ഉറക്കെ വാവിട്ടു കരയാൻ തുടങ്ങി. മുനിശാപവൃത്താന്തവും ജ്ഞാനോപദേശസിദ്ധിയും അദ്ദേഹം ഗുരുവിനെ പറഞ്ഞു കേൾപ്പിച്ചു. അമരാവതിയുടെ അവസ്ഥയും ശിഷ്യൻ ചാതുര്യത്തോടെ ഗുരുവിനെ അറിയിച്ചു.

ഗുരു കോപത്തോടെ പറഞ്ഞു: "ദേവേന്ദ്രാ കരച്ചിൽ നിർത്തുക. നീതിജ്ഞനായ ആരും ഒരാപത്തു വരുമ്പോൾ ഭീരുവാകില്ല. സമ്പത്തും ആപത്തും കർമ്മാനുസാരിയാണ്. അവ നശ്വരങ്ങളുമാണ്. എല്ലാ പ്രാണികൾക്കും ബാധകമാണ് ഈ കർമ്മസിദ്ധാന്തം. ചക്രനേമിക്രമത്തിലാണ് ഇതു സംഭവിക്കുന്നത്. ഇതിൽ ഖേദിക്കാനൊന്നുമില്ല. സ്വന്തം കർമ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്. അവ വന്നു പോയിരിക്കുന്ന അനുഭവങ്ങളാണ്. ജീവികൾക്കവ ശുഭമായാലും അശുഭമായാലും അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. കോടി കൽപ്പം കഴിഞ്ഞാലും അനുഭവിച്ചു തീരാതെ കർമ്മക്ഷയം ഉണ്ടാവുകയില്ല.

വേദങ്ങൾ ഉദ്ഘോഷിക്കുന്നതും സാമവേദത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ബ്രഹ്മാവിനെ പ്രബോധിപ്പിച്ചതും കർമ്മത്തെക്കുറിച്ചാണ്. ഒരുവന്റെ ജനിമൃതിചക്രത്തിൽ കർമ്മഫലങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവ അനുഭവിച്ചു തീരാൻ അവൻ ഭാരതത്തിലോ മറ്റോ ജനിക്കേണ്ടിവരും. അങ്ങേയ്ക്ക് ബ്രഹ്മശാപം കിട്ടിയതും ശുഭാനുഭവങ്ങൾ ഉണ്ടായതും ഐശ്വര്യം ലഭിച്ചതും അതില്ലാതെയായും കർമ്മഫലം തന്നെയാണ്. കോടി ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളുടെ ഫലം ഒരുവനെ നിഴൽപോലെ വിടാതെ പിൻതുടരുന്നു. കാലം, ദേശം, പാത്രം എന്നിവയിലെ ഭേദങ്ങൾ കർമ്മഫലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കാമെങ്കിലും അവ അനുഭവിക്കാതെ ഒഴിഞ്ഞു പോവുകയില്ല. ചിലപ്പോൾ കർമ്മത്തിന്റെ ഫലം ചില ദേശങ്ങളിൽ, ചില കാലങ്ങളിൽ പതിന്മടങ്ങോ നൂറ് മടങ്ങോ ഫലവത്തായി എന്നു വരാം. ദിവസവും ഒരിടത്ത് ഒരേ ദാനം ചെയ്യുന്നതിന്റെ ഫലത്തിൽ വ്യത്യാസം കാണുകയില്ല. സ്ഥലഭേദം കൊണ്ട് വിളയിൽ ഉണ്ടാകുന്ന വ്യതിയാനം പോലെയാണ് കർമ്മഫലദേദങ്ങളും.

അമാവാസി, പൗർണ്ണമി ദിനങ്ങളിലെ ദാനത്തിന് നൂറിരട്ടിഫലമുണ്ട്. ചാതുർ മാസ്യത്തിലും ദാനകർമ്മഫലം അനന്തമായിരട്ടിക്കും. ചന്ദ്രഗ്രഹണ സമയത്താണെങ്കിൽ ഫലമിനിയും ഏറെ വർദ്ധിക്കും. അതിന്റെയും പത്തു മടങ്ങാണ് സൂര്യഗ്രഹണസമയത്തെ ദാനത്തിനുള്ളത്. അക്ഷയനവമി ദിവസം ചെയ്യുന്ന ദാനം അക്ഷയമായ ഫലമാണ് നൽകുക. മറ്റ് പുണ്യദിനങ്ങളും വിശേഷപ്പെട്ടവയാണ്. ദാനം പോലെയാണ് സ്നാനം, ജപം, തുടങ്ങിയ അനുഷ്ഠാനങ്ങളും. മനുഷ്യന്റെയെന്നല്ല, എല്ലാ ജീവികളുടെ  കർമ്മങ്ങൾക്കും ഉചിതമായ ഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.

മണ്ണും, വടിയും, ചക്രവും, വായ്മൂടിയും, എല്ലാമുപയോഗിച്ച് കുലാലൻ കുടമുണ്ടാക്കുന്നതു പോലെ കർമ്മസൂത്രം കൊണ്ടാണ് ബ്രഹ്മാവ് ജീവികൾക്ക് വിവിധ ഫലങ്ങൾ നൽകുന്നത്. ഈ ജഗത്തിനെ സൃഷ്ടിച്ചത് ആരുടെ കൽപ്പനയാലാണോ ആ ജഗനിയന്താവ് സർവ്വഥാ പൂജനീയനാണ്. വിധാതാവിന്റെ വിധാതാവും പാലകന്റെ പാലകനും സൃഷ്ടാവിന്റെ സൃഷ്ടാവും കാലന്‍റെ കാലനുമാണ് ഭഗവാൻ. മഹാവിപത്തിൽ ആ ഭഗവാനായ കൃഷ്ണനെ സ്മരിക്കുന്നവന് ആപത്തിലും സമ്പത്തുണ്ടാവും എന്ന് മഹാദേവൻ പറഞ്ഞിരിക്കുന്നു."

ഇങ്ങിനെ പറഞ്ഞ് ദേവഗുരു ഇന്ദ്രനെ സമാശ്വസിപ്പിച്ചു. അനുഗ്രഹാശിസ്സുകൾ നൽകി അദ്ദേഹത്തെ ബോധവാനാക്കി.