Devi

Devi

Sunday, February 26, 2017

ദിവസം 233. ശ്രീമദ്‌ ദേവീഭാഗവതം. 9.11. ഗംഗാസ്നാനാദി മാഹാത്മ്യം

ദിവസം 233.  ശ്രീമദ്‌ ദേവീഭാഗവതം. 9.11. ഗംഗാസ്നാനാദി മാഹാത്മ്യം

ശ്രുതം പൃഥ്വ്യുപാഖ്യാനമതീവ സുമനോഹരം
ഗംഗോപാഖ്യാനമധുനാ  വദ വേദവിദാം വര
ഭാരതേ ഭാരതീശാപാത് സാ ജഗാമ സുരേശ്വരീ
വിഷ്ണുസ്വരൂപാ പരമാ സ്വയം വിഷ്ണുപദീതി ച

നാരദൻ പറഞ്ഞു: ഭൂദേവിയുടെ മാഹാത്മ്യമേറിയ സുചരിതം കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. അതുപോലെ ഗംഗാദേവിയെക്കുറിച്ചും വേദവിത്തായ അങ്ങുതന്നെ എനിക്ക് പറഞ്ഞു തന്നാലും. വിമലസ്വരൂപയായ അവൾ സരസ്വതിയുടെ ശാപം നിമിത്തമാണല്ലോ ഭാരതത്തിലേക്ക് പോയത്? എങ്ങിനെയാണതുണ്ടായത് ? ദേവി ഭാരതത്തിലെത്താന്‍ വേണ്ടി ആരാണ് പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്തത്? ഗംഗാദേവിയുടെ പുണ്യകഥ കേൾക്കാൻ എനിക്കാഗ്രഹമുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: സൂര്യവംശത്തിലെ പ്രഗത്ഭനായ ഒരു രാജാവാണ് സഗരൻ. അദ്ദേഹത്തിന് രണ്ടു ഭാര്യമാർ. ഒന്ന് വൈദർഭി. മറ്റേത് ശൈബ്യ. ശൈബ്യയിൽ രാജാവിന് അസമഞ്ജസ് എന്ന പേരിൽ സുന്ദരനായ ഒരു മകനുണ്ടായി. മഹാദേവനെ ഭജിച്ച് വൈദർഭിയും ഗർഭിണിയായി. എന്നാൽ അവൾ പ്രസവിച്ചത് വെറുമൊരു മാംസപിണ്ഡത്തെയാണ്. രാജ്ഞി ദു:ഖാർത്തയായി വിലപിക്കേ പരമശിവൻ ഒരു വിപ്രവേഷത്തിലവിടെയെത്തി മാംസപിണ്ഡത്തെ അറുപതിനായിരം തുണ്ടങ്ങളാക്കി മുറിച്ചു. ആ ഖണ്ഡങ്ങൾ ഓരോന്നും തേജസ്സാർന്ന പുത്രൻമാരായിത്തീർന്നു. എന്നാൽ അവർക്ക് കപിലമുനിയുടെ ശാപമേൽക്കയാൽ എല്ലാവരും ഭസ്മമായിത്തീർന്നു. രാജാവ് ഖിന്നനായി വിലപിച്ച് കാട്ടിലേക്ക് ഓടിപ്പോയി.

അസമഞ്ജസ് ഗംഗയെ കൊണ്ടുവരാനായി കഠിനതപസ്സ് ചെയ്തെങ്കിലും അത് ഫലം കണ്ടില്ല. അദ്ദേഹത്തിന്റെ പുത്രൻ അംശുമാനും ഏറെക്കാലം ഇതിനായി തപസ്സു ചെയ്തതും വിഫലശ്രമമായിത്തീർന്നു. അംശുമാന്റെ പുത്രനാണ് ഭഗീരഥൻ എന്ന് പ്രസിദ്ധനായ രാജാവ്. ബുദ്ധിമാനും വിഷ്ണുഭക്തനും ജരാമരണവിമുക്തനുമായ മഹാനായിരുന്നു ഭഗീരഥൻ. അദ്ദേഹം ഗംഗയെ ഭൂമിയിൽ എത്തിക്കാനായി ഒരു ലക്ഷം വർഷം തപസ്സു ചെയ്തു. ഒടുവിൽ അദ്ദേഹം കോടിസൂര്യപ്രഭയോലുന്ന ശ്രീകൃഷ്ണഭഗവാനെ കണ്ടു. ഗോപാലവേഷത്തിൽ രണ്ടുകൈകൾ ഉള്ള കോമളമായ ഗോപാലസുന്ദരീ രൂപത്തിൽ അദ്ദേഹം ഭഗവാനെ ദർശിച്ചു. ഭക്താനുഗ്രഹതല്പരനും സ്വേച്ഛാമയനും പരബ്രഹ്മവും പ്രഭുവും സനാതനനും ബ്രഹ്മാദികൾ നമിക്കുന്നവനും മുനിഗണസേവിതനും സാക്ഷിരൂപനും  പ്രകൃതിക്കതീതനും പ്രസന്നമുഖനും നിർഗ്ഗുണനും ചിൻമയനും ഈശ്വരനും അഗ്നിപോലെ പരിശുദ്ധനും മഞ്ഞപ്പട്ടടുത്തവനും രത്നാഭരണവിഭൂഷിതനും ആയ ഭഗവദ്രൂപത്തെ ഭഗീരഥൻ കൈകൂപ്പി തൊഴുതു. ദിവൃസ്തുതികളാൽ ഭഗവാനെ വാഴ്ത്തി. അങ്ങിനെ ഭഗവദനുഗ്രഹത്താൽ തന്റെ വംശത്തെ ഉദ്ധരിക്കാനുള്ള ആഗ്രഹം അദ്ദേഹം സാധിപ്പിച്ചു. ഭഗവദ്ദർശനത്താൽ കോൾമയിർകൊണ്ട ദേഹത്തോടെ അദ്ദേഹം സ്തുതികൾ ആലപിച്ചു.

ശ്രീ ഭഗവാൻ പറഞ്ഞു: ഗംഗാദേവീ, സരസ്വതീശാപം അനുസരിച്ച് നീ ഭാരതത്തിലേക്ക് പോയി സഗരപുത്രൻമാരെ പരിശുദ്ധരാക്കുക. അങ്ങിനെ നിന്നെ സ്പർശിച്ചു പവിത്രതയാർന്ന അവർക്കെല്ലാം ഒടുവിൽ എന്റെ സവിധത്തിൽ എത്താൻ സാധിക്കട്ടെ. അവർക്ക് എന്റെ സാരൂപ്യവും സിദ്ധിക്കുമാറാകും.  അവർ കർമ്മഭോഗബന്ധങ്ങൾ എല്ലാമൊഴിഞ്ഞ് എന്റെ പാർഷദൻമാരായിത്തീരും. ഭാരത്തിലെ ജനങ്ങളുടെ പാപഭാരമെല്ലാം തീർക്കാൻ ഗംഗാദേവിക്കാകുമെന്ന് വേദങ്ങൾ പ്രകീർത്തിക്കുന്നു. അറിഞ്ഞുകൊണ്ടു ചെയ്ത മഹാപാപങ്ങൾ പോലും, ബ്രഹ്മഹത്യാദി പാപങ്ങൾ ആയാല്‍പ്പോലും, ഗംഗാസ്നാനത്താൽ ഇല്ലാതെയാകും.  ഗംഗാദേവിയെ കണ്ടാലും തൊട്ടാലും അതു പുണ്യപ്രദമാണ്.

സാധാരണ സ്നാനത്തേക്കാൾ പത്തിരട്ടി സുകൃതം സങ്കല്പത്തോടെയുള്ള സ്നാനത്തിനാൽ ലഭിക്കും. പുണ്യദിനങ്ങളിൽ ചെയ്യുന്ന ഗംഗാസ്നാനത്തിന്റെ മാഹാത്മ്യം വേദങ്ങൾ പോലും വിശദീകരിക്കുന്നില്ല. രവിസംക്രമദിനത്തിലെ സ്നാനത്തിന് മുപ്പതിരട്ടിയാണ് ഫലം. വാവിന്റെയന്നുള്ള സ്നാനം മഹത്തരമാണ്. അത് ദക്ഷിണായനത്തിലാണെങ്കിൽ ഇരട്ടിഫലം ചെയ്യും. ഉത്തരായണത്തിൽ അതിനു പത്തിരട്ടിഫലമാണ്. ചാതുർമാസ്യത്തിലും പൗർണ്ണമിക്കും ചെയ്യുന്ന സ്നാനം അനന്തമായ ഫലത്തെ നൽകുന്നു. അക്ഷയനവമിയിലെ സ്നാനവും അതിവിശേഷമത്രേ.

ഈ ദിവ്യദിനങ്ങളിൽ ചെയ്യുന്ന സ്നാനദാനങ്ങൾക്ക് അനന്തമായ ഫലമാണുള്ളത്. അതിനു മറ്റ് ദിവസങ്ങളേക്കാൾ നൂറിരട്ടി ഫലമുണ്ടെന്നാണ് പറയുന്നത്. അതിന്റെ ഇരട്ടിഫലം ദസ്റാ പ്രതിപദത്തിലും  അതുപോലെ തന്നെ ദസ്റാദശമിയിൽ വാരുണിക്കും ഉണ്ട്. പിന്നെ മഹാവാരുണിക്ക് നാലിരട്ടിഫലമാണ്. ഇങ്ങിനെ വിശിഷ്ടദിവസങ്ങളിലെ ഗംഗാസ്നാനം വളരെ സവിശേഷമാണ്.  ചന്ദ്രഗ്രഹണ സമയത്തെ സ്നാനത്താല്‍ സാധാരണ ദിനങ്ങളിലെതിന്റെ  കോടിയിരട്ടിയുടെ പത്തുമടങ്ങ്  പുണ്യമാണ് ലഭിക്കുക. സൂര്യഗ്രഹണസമയത്തെ സ്നാനത്തിനും അർദ്ധോദയത്തിലെ സ്നാനത്തിനും അതിന്റെ നൂറിരട്ടി ഫലമുണ്ടു്.

ഭഗീരഥന്റെ മുന്നിൽ വച്ചാണല്ലോ ഭഗവാൻ ഗംഗയോടു് ഇങ്ങിനെ അരുളിച്ചെയ്തത്. അപ്പോൾ നമ്രശിരസകയായി ഗംഗാദേവി ഇങ്ങിനെ പറഞ്ഞു: 'അങ്ങയുടെ ആജ്ഞയും വാണിയുടെ ശാപവും ഇദ്ദേഹത്തിന്റെ  തപസ്സും ചേർന്ന് എനിക്കിപ്പോൾ ഭാരതഭൂവിലേയ്ക്ക് പോകേണ്ടതായി വന്നുചേർന്നു. എന്നാൽ അവിടെച്ചെല്ലുമ്പോള്‍ എല്ലാവരും എന്നിലവരുടെ പാപങ്ങൾ നിക്ഷേപിക്കുമല്ലോ. അവയെ ഞാനെങ്ങിനെയാണ് നശിപ്പിക്കുക? ഭഗവാനേ, അവിടുന്നുതന്നെ അതിനുള്ള മാർഗ്ഗവും ഉപദേശിക്കണം. എത്ര കാലമാണ് ഞാൻ ഭാരതത്തിൽ കഴിയേണ്ടത്? എപ്പോഴാണ് എനിക്കു വീണ്ടും വിഷ്ണുപദപ്രാപ്തി കൈവരിക? സർവ്വവ്യാപിയായ മഹാപ്രഭുവിന് എല്ലാമറിയാം. എന്നിലുള്ള മറ്റ് ആഗ്രഹങ്ങളും എങ്ങിനെ നിവൃത്തിക്കാനാവും എന്നരുളിയാലും.'

ഭഗവാൻ പറഞ്ഞു: 'നിന്റെ ആഗ്രഹങ്ങൾ എല്ലാം ഞാനറിയുന്നു. ലവണസമുദ്രമായിരിക്കും നദിയായ നിന്റെ ഭർത്താവ്. സമുദ്രം എന്റെ തന്നെ അംശമാണ്. നീ സാക്ഷാൽ ലക്ഷ്മിസ്വരൂപിണിയുമാണ്. ഇങ്ങിനെയുള്ള സംഗം ഉത്തമമാണ്. നദികൾ ഏറെയുണ്ടെങ്കിലും ലവണാബ്ധിക്ക് ഏറ്റവും ചേർന്ന സംഗം നീയുമായാണ്. കലിയിൽ അയ്യായിരംവർഷംവരെ നീ ഭാരതത്തിൽ വാഴുക. നിനക്ക് സമുദ്രവുമായി ദിവസവും രമിക്കാം. നീയൊരു രസിക. സമുദ്രവും അതിനു ചേർന്ന രതിരസികനാണ്.

ഭാരതത്തിലെ ജനങ്ങൾ നിന്നെ ഭഗീരഥകൃതങ്ങളായ സ്തോത്രങ്ങളാൽ പൂജിക്കും. കണ്വശാഖോക്തമായ ധ്യാനം കൊണ്ട് നിന്നെ പൂജിക്കുന്നവർക്ക് അശ്വമേധം കൊണ്ടുണ്ടാവുന്നത്ര പുണ്യം ലഭിക്കും. നൂറുയോജന അകലത്തിരുന്നും ‘ഗംഗേ’, യെന്നൊന്ന് ജപിക്കുന്നവന് പാപവിമുക്തിയും വിഷ്ണുലോകപ്രാപ്തിയും ഉണ്ടാവും. ആയിരം പാപികളുടെ സ്നാനം ചെയ്തുണ്ടാവുന്ന മാലിന്യം ഒരു ദേവീ ഉപാസകന്റെ സ്നാനം കൊണ്ട്  പവിത്രീകരിക്കപ്പെടും. അതുപോലെ പാപികളുടെ പിണം തൊട്ടതിന്റെ അശുദ്ധിയും ദേവീഭക്തനായ ഒരാളുടെ സ്പർശനം കൊണ്ട് ഇല്ലാതാവും. സരസ്വതി മുതലായ മറ്റ് നദികളും നിന്റെയീ ശുചീകരണപദ്ധതിയിൽ പങ്കാളികളാകും.

നിന്റെ ഗുണഗണങ്ങൾ പ്രകീർത്തിക്കുന്ന ഇടങ്ങളെല്ലാം പുണ്യതീർത്ഥങ്ങളാകും. നിന്റെ നീർക്കണങ്ങൾ തൊട്ടാൽ മഹാപാപിയും ശുദ്ധനാകും. നിന്നിൽ പ്രാണനുപേക്ഷിക്കുന്നവർ ഹരിപദമണയും. അവർ ഹരിപാർഷദൻമാരായി ഏറെ നാൾ കഴിയും. പുണ്യം  ചെയ്തവനുമാത്രമേ നിന്നിൽ വിലയിക്കാനാവൂ. മരിച്ചുവീഴുന്നവന്റെ പിണം നിന്നിലൊഴുക്കി വിട്ടാൽ അവനും വൈകുണ്ഠവാസം   ലഭിക്കും. അജ്ഞാനിയാണെങ്കിലും നിന്റെ പുണ്യസ്പർശനമേറ്റ് മരണപ്പെട്ടാൽ അവനു ഞാൻ സാരൂപ്യം നല്കും. അവനും എന്റെ പാർഷദനാകും. നിന്റെ നാമം സ്മരിച്ചു കൊണ്ട് എവിടെവച്ചു ദേഹമുപേക്ഷിച്ചാലും ബ്രഹ്മാവിന്റെ കാലത്തോളം അവന് സാലോക്യം അനുഭവിക്കാം. ശ്രേഷ്ഠമായ രത്നവിമാനത്തിൽക്കയറി പാർഷദൻമാരോടുകൂടി അസംഖ്യം പ്രളയക്കാലം എന്റെ സാരൂപ്യത്തിൽ അവർക്ക് കഴിയാം. അവർക്ക് ഗോലോകപ്രാപ്തിയുണ്ടാവും. അവരെല്ലാം എനിക്കു തുല്യരുമാവും.

എന്റെ നൈവേദ്യം കഴിക്കുന്നവരും എന്നെ ഭജിക്കുന്നവരും എവിടെവച്ചു മരിച്ചാലും കുഴപ്പമില്ല. മൂന്നുലോകവും പരിശുദ്ധമാക്കാൻ അവർക്കാവും. എന്റെ ഭക്തരുടെ ബന്ധുജനങ്ങളും പശുക്കളും രത്നവിമാനത്തിൽത്തന്നെ ഗോലോകത്തിൽ വന്നണയും. അവരെ സ്മരിക്കുന്നവര്‍പോലും പരിശുദ്ധരാവും. ഭഗവാൻ ഗംഗാദേവിയോടു് ഇങ്ങിനെ പറഞ്ഞിട്ട് ഭഗീരഥനെ ഉപദേശിച്ചു: 'നീ ഭക്തിയോടെ ഗംഗാദേവിയെ പൂജിച്ചു കൊള്ളുക.'

ഭഗീരഥൻ ഭഗവാൻ നിർദ്ദേശിച്ച പ്രകാരം ദേവിയെ സ്തുതിച്ചു പൂജിച്ചു.   കൗഥുമശാഖോക്തമായ രീതിയിലാണ് ഭഗീരഥൻ ആ പൂജാവിധികൾ ചെയ്തത്. പിന്നീട് ഗംഗാദേവിയും ഭഗീരഥനും ശ്രീകൃഷ്ണ പരമാത്മാവിനെ വണങ്ങി യാത്രയാക്കി. ഭഗവാൻ അവർക്കു മുന്നിൽ നിന്നും അപ്രത്യക്ഷനായി.

നാരദൻ പറഞ്ഞു: മഹാത്മൻ, ഭഗീരഥപ്രോക്തങ്ങളായ ഗംഗാധ്യാനസ്തോത്രങ്ങൾ കൂടി ഞങ്ങൾക്ക് പറഞ്ഞു തന്നാലും. അദ്ദേഹം ചെയ്ത പൂജാക്രമങ്ങളും ഞങ്ങളെ ഉദ്ബോധിപ്പിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: കുളിച്ച് നിത്യകർമ്മങ്ങൾക്കു ശേഷം ശുഭ്രവസ്ത്രം ധരിച്ച് ഏകാഗ്രചിത്തത്തോടെ ഗണപതി, സൂര്യൻ, അഗ്നി, വിഷ്ണു, ശിവൻ, ദേവി, എന്നീ ആറു ദേവതകളെ പൂജിക്കുക. വിഘ്നമൊഴിക്കാൻ ഗണേശനെ, ആരോഗ്യത്തിന് സൂര്യനെ, ശുദ്ധിയേകാൻ അഗ്നിയെ, ഐശ്വര്യത്തിന് വിഷ്ണുവിനെ, ജ്ഞാനസിദ്ധിക്ക് ശിവനെ, മുക്തിസിദ്ധിക്കായി  ദേവിയെ, ഇങ്ങിനെ പൂജകൾ ചെയ്താണ് ഒരുവൻ ഗംഗാ ധ്യാനത്തിന് അധികാരിയാവുന്നത്. ഇനിയാ ഗംഗാധ്യാനം എങ്ങിനെയെന്നു പറയാം.

Saturday, February 25, 2017

ദിവസം 232. ശ്രീമദ്‌ ദേവീഭാഗവതം. 9.10. പൃഥ്വ്യുപാഖ്യാനം

ദിവസം 232.  ശ്രീമദ്‌ ദേവീഭാഗവതം. 9.10. പൃഥ്വ്യുപാഖ്യാനം

ഭൂമിദാനകൃതം പുണ്യം പാപം തദ്ധരണേന ച  
പരഭൂഹരണാത് പാപം  പരകൂപേ ഖനനേ തഥാ
അംബുവാച്യാം ഭൂ ഖനനേ വീര്യസ്യ ത്യാഗ ഏവ ച
ദീപാദിസ്ഥാപനാത് പാപം ശ്രോതുമിച്ഛാമി  യത്നത:

നാരദൻ പറഞ്ഞു: അന്യന്റെ ഭൂമി തട്ടിപ്പറിക്കുന്നതു കൊണ്ടുണ്ടാവുന്ന പാപം, അപരന്റെ കിണർ സ്വന്തമാക്കൽ, അംബുവാചി ദിവസങ്ങളിൽ ഭൂമി ഖനനം ചെയ്യൽ, വെറുംനിലത്ത് ദീപാദികൾ വയ്ക്കുന്നത്, ഭൂമിയിൽ ശുക്ളം വീഴ്ത്തുക മുതലായ ഭൂമി സംബന്ധമായ പാതകങ്ങൾക്ക് എന്താണ് പ്രായശ്ചിത്തം? ഇനിയും അത്തരം പാപങ്ങൾ വേറെയുണ്ടെങ്കിൽ അവയും വിശദീകരിച്ചാലും. മാത്രമല്ല ഭൂദാനപുണ്യത്തെപ്പറ്റിയും അറിയാൻ എനിക്കാഗ്രഹമുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: സന്ധ്യാവന്ദനാദികൾ ചെയ്ത ബ്രാഹ്മണന് പന്ത്രണ്ടംഗുലമെങ്കിലും ഭൂമി ദാനം ചെയ്യുന്നവൻ കൈലാസത്തിൽ എത്തുമെന്ന് നിശ്ചയം. സസ്യസമ്പൂർണ്ണയാണാ മണ്ണെങ്കിൽ അതിലെത്ര ധൂളീകണങ്ങളുണ്ടോ അത്രയും കൊല്ലം സാധകന് വിഷ്ണുലോകത്തിൽ വസിക്കാനാവും. ധാന്യം, ഭൂമി, ഗ്രാമം എന്നിവയുടെ ദാനം ദാതാവിനെയും ദാനം സ്വീകരിച്ചവനേയും പാപവിമുക്തരാക്കും. അവർക്ക് ദേവീസാമീപ്യം ഉണ്ടാവും. ഭൂദാനത്തെ വാഴ്ത്തുന്ന ബന്ധുക്കൾക്കും വൈകുണ്ഡത്തിൽ ഇടം ലഭിക്കും.

എന്നാൽ ബ്രാഹ്മണന്  ദാനംചെയ്ത ഭൂമി തിരികെ പിടിച്ചടക്കുകയോ ബ്രാഹ്മണന്റെ ഭൂമി മോഷ്ടിക്കുകയോ ചെയ്യുന്നവന് സൂര്യചന്ദ്രൻമാർ ഉള്ള കാലത്തോളം കാലസൂത്രമെന്ന നരകത്തിൽ കഴിയേണ്ടതായി വരും. ആരാണോ പശുക്കൾക്ക് മേയാനുള്ള ഭൂമി കൊത്തിക്കളച്ച് കൃഷികൾ ചെയ്യുന്നവന് നൂറു ദിവ്യവർഷങ്ങൾ കുംഭീപാകത്തിൽ വസിക്കേണ്ടിവരും. തൊഴുത്തും കുളവും നശിപ്പിച്ചു കൃഷി ചെയ്യുന്നവൻ അസിപത്രമെന്ന നരകത്തിൽ പതിന്നാല് ഇന്ദ്രൻമാരുടെ ആയുസ്സോളം കിടക്കേണ്ടി വരും. മറ്റുള്ളവർ കുഴിച്ച കിണറ്റിലിറങ്ങി കുളിക്കുന്നവൻ അതിൽനിന്ന് അഞ്ചുകൈ ചെളിയെങ്കിലും എടുത്തു കളഞ്ഞില്ലെങ്കിൽ അവന്റെ സ്നാനം വ്യർത്ഥം. നരകവാസം അവനുറപ്പാണ്.

കാമാർത്തനായ ഒരുവൻ ഭൂമിയിൽ രേതസ്സ് വീഴ്ത്തുന്നപക്ഷം അവന് ഭൂമിയിലെ മണൽത്തരികളുടെ എണ്ണമെത്രയോ അത്രയും വർഷം രൗരവം എന്ന നരകത്തിൽ വസിക്കേണ്ടിവരും. ഭൂമി രജസ്വലയായിരിക്കുന്ന അംബുവാചിദിനങ്ങളിൽ ഭൂമിയിൽ ജോലി ചെയ്യുന്നവന് കൃമിദംശനരകത്തിൽ ചതുർയുഗം കിടക്കേണ്ടതായി വരും.

മറ്റുള്ളവർ കുഴിച്ച പൊട്ടക്കിണറോ കുളമോ നന്നാക്കിയെടുത്ത് സ്വന്തമാക്കുന്നവൻ തപ്തകുണ്ഡത്തിൽ വീഴും. പതിന്നാല് ഇന്ദ്രൻമാരുടെ കാലം അവനവിടെ നരകിക്കും. എന്നാൽ അന്യന്റെ കുളത്തിലെ ചെളി വാരിക്കളഞ്ഞ് ശുദ്ധമാക്കുന്നവന് ഭൂമിയിലെ മൺതരികളുടെ എണ്ണത്തോളം കൊല്ലം ബ്രഹ്മലോകത്ത് ജീവിക്കാനാവും.

ഭൂവുടമയ്ക്ക് പിണ്ഡം നല്കാതെ  അവിടെവച്ച് പിതാവിന്റെ ശ്രാദ്ധം നടത്തുന്നവൻ നരകത്തിൽ പോവുമെന്നു തീർച്ച. വെറുംനിലത്ത് ദീപം കത്തിച്ചു വയ്ക്കുന്നവൻ വരുന്ന ഏഴുജന്മങ്ങൾ അന്ധനായിത്തീരും. വെറുംനിലത്ത് ശംഖു വയ്ക്കുന്നവൻ വരുംജന്മങ്ങളിൽ കുഷ്ഠരോഗിയാവും. അതുപോലെ വൈരം, മാണിക്യം, മുത്ത്, സ്വർണ്ണം, രത്നം, എന്നിവ മണ്ണിൽ വയ്ക്കുന്നവനും ഏഴുജന്മം അന്ധത്വം വന്നു ചേരും. ശിവലിംഗം, ശിവപ്രതിമ, എന്നിവ നിലത്ത് വയ്ക്കുന്നവൻ കൃമികുണ്ഡനരകത്തിൽ നൂറു ജന്മം കഴിയും.

യന്ത്രം, ശംഖ്, സാളഗ്രാമം, പുഷ്പം, തീർത്ഥജലം, എന്നിവ നിലത്തിടുന്നവരും നരകവാസം അനുഭവിക്കും. ജപമാല, പൂമാല, ഗോരോചനം, കർപ്പൂരം, എന്നിവയെ നിലത്ത് വയ്ക്കുന്നതും ഒരുവനെ നരകവാസത്തിന് ഇടയാക്കും. അതുപോലെ തന്നെ ചന്ദനമുട്ടി, രുദ്രാക്ഷം,ദർഭ, പുസ്തകം, പൂണൂൽ, എന്നിവയെയും ഉചിതമായയിടങ്ങളിൽ വയ്ക്കാത്തവന് നരകവാസം ലഭിക്കും. ഇനിയൊരിക്കലും അവന്  ബ്രാഹ്മണജന്മം ലഭിക്കുകയില്ല. ബ്രഹ്മമുടിക്കെട്ടുള്ള പൂണൂൽ എല്ലാവർക്കും പൂജ്യമാണ്.

യജ്ഞം കഴിഞ്ഞാൽ ആ സ്ഥലം പാൽകൊണ്ടു കഴുകാതിരിക്കുന്നതും നരകവാസത്തിനിടവരുത്തും. തപ്തകുണ്ഡത്തിൽ ഏഴുജന്മം അവൻ നരകിച്ചുകഴിയണ്ടിവരും. ഭൂകമ്പം ഉണ്ടാകുമ്പോഴും ഗ്രഹണകാലത്തും ഭൂമിയിൽ കിളയ്ക്കുന്നവൻ വരും ജന്മത്തിൽ അംഗഹീനനാവും.

എല്ലാവർക്കും ഭവനമായതിനാൽ ‘ഭൂമി’യെന്ന് ഈ ദേവി പ്രകീർത്തിതയാണ്. കശ്യപന്റെതാകയാൽ അവർ ‘കാശ്യപി’യും സ്ഥിരസ്വരൂപയാകയാൽ ഭൂമീദേവി ‘അചല’യുമാകുന്നു. അനന്തസ്വരൂപിണിയാകയാൽ അവൾ ‘അനന്ത’. എല്ലാ ജീവികളെയും ധരിക്കുന്നതിനാലവൾ ‘ധര’. പൃഥുവിന്റെ പുത്രിയാകയാൽ വിസ്തൃതയായ ഈ ദേവി ‘പ്രിഥ്വി’യുമാണ്.

Monday, February 20, 2017

ദിവസം 231. ശ്രീമദ്‌ ദേവീഭാഗവതം. 9. 9. ഭൂ ശക്തി സമുദ്ഭവം

ദിവസം 231.  ശ്രീമദ്‌ ദേവീഭാഗവതം. 9. 9. ഭൂ ശക്തി സമുദ്ഭവം

ദേവ്യാനിമേഷമാത്രേണ ബ്രഹ്മണ: പാത ഏവ ച
തസ്യ പാത: പ്രാകൃതിക: പ്രലയ: പരികീർത്തിത:
പ്രളയേ പ്രാകൃതേ ചോക്താ തത്രാദൃഷ്ടാ വസുന്ധരാ
ജലലുപ്താനി വിശ്വാനി സർവേ ലീനാ: പരാത്മനി

ദേവിയുടെ ഒരു നിമിഷം ബ്രഹ്മാവിന്റെ ആയുസ്സാണെന്നും അത് പ്രാകൃതികപ്രളയമാണെന്നും അങ്ങ് പറഞ്ഞു. അപ്പോൾ ഭൂമിയടക്കം എല്ലാം മറഞ്ഞ് പരമാത്മാവിൽ ലയിക്കുമെന്നും പറഞ്ഞു. ഇങ്ങിനെ മറയുന്ന ഭൂമിയും മറ്റും എവിടെയാണ് പോയി നിൽക്കുന്നത്? എങ്ങിനെയാണവ വീണ്ടും അവതരിക്കുന്നത്? ഭൂമിയെങ്ങിനെയാണിത്ര ധന്യയും മാന്യയും ഐശ്വര്യവതിയും മംഗളകാരിണിയുമായിത്തീർന്നത്? അവളുടെ ഉൽപ്പത്തിയെപ്പറ്റി പറഞ്ഞുതന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: എല്ലാറ്റിന്റെയും ആദിയും അവയുടെ സൃഷ്ടികർത്താവും ദേവിയാണെന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു. പ്രളയത്തിൽ എല്ലാം മറയുന്നത് അവളിലാണ്. അവളാണ് അവയുടെ ഉത്ഭവസ്ഥാനവും. ഇനിയാ മംഗളകാരിണിയായ ഭൂമിയുടെ കഥ പറയാം. പുണ്യദായകമാണാ ചരിതം. സർവ്വവിഘ്നങ്ങളെയും പാപങ്ങളെയും ഇല്ലാതാക്കാൻ പോന്ന പരമപാവനമായ കഥയാണത്.

മധുകൈടഭന്മാരുടെ മേദസ്സിൽ നിന്നാണ് മേദിനിയുണ്ടായതെന്ന് ചിലർ പറയുന്നത് യുക്തിസഹമല്ല. കാരണം ആ രാക്ഷസർ ' വെള്ളമില്ലാത്ത ഭുമിയിൽവെച്ച് വേണം ഞങ്ങളെ കൊല്ലാൻ’ എന്നു പറഞ്ഞതായാണ് കഥ. അപ്പോൾപ്പിന്നെ ഭൂമി പണ്ടേയുള്ളതാണെന്നു വന്നു. എന്നാൽ ജീവിച്ചിരുന്നപ്പോൾ അവർക്ക് ഭൂമി ദൃഷ്ടമായിരുന്നില്ല എന്നു മാത്രം. രാക്ഷസരുടെ മേദസ്സ് മറഞ്ഞുകിടന്ന ഭൂമിയുമായി ചേർന്നു തടിച്ചാവണം അവൾ മേദിനിയായത്.

പുഷ്കരത്തിൽ വച്ച് ധർമ്മനാണ് ഭൂമിയുടെ ഉൽപ്പത്തികഥ പറഞ്ഞത്. ഞാനത് അങ്ങേയ്ക്കായി പറഞ്ഞുതരാം. ഏറെക്കാലം ജലശായിയായിക്കിടന്ന വിരാട്ടിൽ കാലം കടന്നുപോകെ മനസ്സുണ്ടായി. ആ മനസ്സ് വിരാട്ടിന്റെ രോമകൂപങ്ങൾ തോറും വ്യാപരിച്ച് ഭൂമിയായിത്തീർന്നു. ആ രോമകൂപങ്ങളിൽ ഓരോന്നിലും ഓരോരോ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. സൃഷ്ടികാലത്ത് ജലാപരിയും അല്ലാത്തപ്പോൾ ജലത്തിൽ മറഞ്ഞും ബ്രഹ്മാണ്ഡം നിലകൊണ്ടു.

ബ്രഹ്മാണ്ഡത്തിൽ കാടും മലയും ഏഴാഴികളും ദ്വീപുകളുമുണ്ട്. ഗ്രഹങ്ങൾ, ചന്ദ്രാർക്കമണ്ഡലങ്ങൾ, ഹേമാദ്രി, മേരു, ബ്രഹ്മാ വിഷ്ണു രുദ്രൻമാർ, ദേവഗണങ്ങൾ, അവരുടെ ലോകങ്ങൾ,  എന്നിവയെല്ലാം ഓരോ ബ്രഹ്മാണ്ഡങ്ങളിലുമുണ്ട്. പുണ്യതീർത്ഥങ്ങളും ഭാരതഭൂമിയും സപ്തസ്വർഗ്ഗങ്ങളും ഏഴ് പാതാളലോകങ്ങളും ബ്രഹ്മലോകവും ധ്രുവലോകവും ചേർന്ന് ഒരു ബ്രഹ്മാണ്ഡമാകന്നു. ഇങ്ങിനെ സൃഷ്ടമായ ഓരോ വിശ്വങ്ങളും നശ്വരങ്ങളാണ്.

ബ്രഹ്മാവിന്റെ അന്ത്യമാവുമ്പോൾ പരമാത്മാവായ ശ്രീകൃഷ്ണൻ ആദ്യം മഹാവിരാട്ടിനെ സൃഷ്ടിക്കുന്നു. പിന്നെ ദിക്കാലേശ്വരൻമാരോടുകൂടിയ സ്ഥിതിലയങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജഗത്തിന്റെ നിത്യാധിഷ്ഠാനദേവതയാണ് ഭൂമി. വരാഹകല്പത്തിൽ മുനിമാരും മനുക്കളും മനുഷ്യരും ഭൂമീദേവിയെ പൂജിക്കുന്നു. വിഷ്ണു വരാഹരൂപമെടുത്ത് വന്നതിനാൽ വിഷുപത്നി എന്നും ദേവി പ്രകീർത്തയാണ്. ഭൂമിയുടെ പുത്രൻ മംഗളൻ. മംഗളപുത്രൻ ഘടേശൻ.

നാരദൻ പറഞ്ഞു: പഞ്ചീകരണം വഴിയാണ് മൂലപ്രകൃതിയിൽ നിന്നും വാരാഹി സംജാതയായത് എന്ന് നമുക്കറിയാം.  വരാഹകല്പത്തിൽ എല്ലാറ്റിനും ആധാരയായി നിന്ന വാരാഹിയെ എങ്ങിനെയാണ് ദേവൻമാർ പൂജിച്ചത്? അതിന്റെ ക്രമവും മംഗളന്റെ ജനനവൃത്താന്തവും ദയവായി വിസ്തരിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: വരാഹകല്പത്തിൽ ബ്രഹ്മാവിന്റെ പ്രാർത്ഥനപ്രകാരം ഭഗവാൻ ഒരു പന്നിയായി അവതരിച്ച് ഭൂമിയെ പാതാളത്തിൽ നിന്നും ഉദ്ധരിച്ചു. ഏറെ ഘനമുള്ള ഭൂമിയെ ജലത്തിലൊരിലയെന്ന പോലെ ഭഗവാൻ സ്ഥാപിക്കുകയും ബ്രഹ്മാവ് അതിനുമുകളിൽ സുന്ദരമായ ഈ വിശ്വത്തെ സൃഷ്ടിക്കുകയും ചെയ്തു.

വിശ്വത്തിന്റെ അധിഷ്ഠാനദേവതയായ ഭൂമീദേവിയെക്കണ്ട് കോടിസൂര്യസമപ്രഭനായ ഭഗവാൻ സകാമനായി രതിക്കുചേർന്ന രീതിയിലുള്ള ഒരു ശരീരമെടുത്തു. എന്നിട്ട് ഭഗവാൻ ഭൂമീദേവിയുമായി രാപകൽ രതിക്രീഡയിൽ മുഴുകി, അതിന്റെ സുഖാനുഭൂതിയിൽ വിലയിച്ച് അവര്‍ ഒരു ദിവ്യവർഷം കഴിച്ചു. രതിവൈദഗ്ദ്ധ്യമുള്ള സ്ത്രീയും പുരുഷനും ചേർന്നാൽ അത് അത്യന്തസുഖപ്രദമാകുമല്ലോ. അങ്ങിനെ ദേവിയുടെ പരിരംഭണത്തിൽ കാലം കടന്നു പോയതുപോലും ഭഗവാനറിഞ്ഞില്ല. എന്നാൽ ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം ക്രീഡയവസാനിപ്പിച്ചു. തന്റെ വരാഹരൂപത്തിലേയ്ക്ക് തന്നെ മടങ്ങി. ഭഗവാൻ ഭൂമീദേവിയെ ധൂപദീപനൈവേദ്യങ്ങളാൽ പൂജിച്ച് ധ്യാനിക്കുകയും അവള്‍ക്ക് ഉപഹാരങ്ങൾ നല്കുകയും ചെയ്തു.

ഭഗവാൻ പറഞ്ഞു: സുരാസുരൻമാർക്കും മനുഷ്യർക്കും മാമുനിമാർക്കും വന്ദ്യയായി നീ സസുഖം വാഴുക. നീ പുഷ്പിണിയായിരിക്കുന്ന ‘അംബുവാചി’ (കർക്കടകത്തിലെ മകയിരം, തിരുവാതിര, പുണർതം, പൂയം എന്നീ ദിവസങ്ങളിൽ ഭൂമി രജസ്വലയായിരിക്കും) കാലമൊഴികെ എല്ലായ് പ്പോഴും നിന്നെയവർ പൂജിക്കും. ഗൃഹപ്രവേശം, കിണർകുഴിക്കൽ തുടങ്ങിയ അവസരങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. നിന്നെ പൂജിക്കാത്തവർക്ക് നരകമാണ് വിധിച്ചിട്ടുള്ളത്.

ഭൂമീദേവി പറഞ്ഞു: ഭഗവാനേ, അങ്ങയുടെ ഇച്ഛയ്ക്കനുസരിച്ച് വരാഹരൂപത്തിൽ ഞാനീ വിശ്വത്തെ ലീലാമാത്രമായി ധരിച്ചു കൊള്ളാം. എന്നാൽ മുത്ത്, പവിഴം, വൈരം, മാണിക്യം, ശിവലിംഗം, ദേവീ ബിംബം, വിഷ്ണു ബിംബം, യന്ത്രം, ശംഖ്, യജ്ഞസൂത്രം, പുഷ്പം, പുസ്തകം, ജപമാല, കർപ്പൂരം, സ്വർണ്ണം, ചന്ദനം, ഗോരോചനം, സാളഗ്രാമ ജലം, എന്നിവ താങ്ങാൻ എനിക്കു ശക്തിപോരാ.

ഭഗവാൻ പറഞ്ഞു: ശരി. ഇപ്പറഞ്ഞ വസ്തുക്കൾ ആരും വെറും നിലത്ത്, നിന്റെ ദേഹത്ത് വയ്ക്കാൻ പാടില്ല. അങ്ങിനെ ചെയ്യുന്നവൻ കാലസൂത്രനരകത്തിൽ നൂറു് ദിവ്യവർഷം കിടക്കേണ്ടി വരും.

ഭഗവാൻ ഇത്രയും പറഞ്ഞ് വിരമിക്കേ ഗർഭവതിയായ വസുധ മംഗളനെ പ്രസവിച്ചു. ഹരിയുടെ ആജ്ഞയനുസരിച്ച് എല്ലാവരും ഭൂമീദേവിയെ പൂജിച്ചാരാധിച്ചു. കണ്വശാഖയിലെ വേദമന്ത്രങ്ങളാണവർ ഉപയോഗിച്ചത്. ഇങ്ങിനെ  ഭൂമീദേവി മൂന്നു ലോകത്തിനും ആരാധ്യയായി.

നാരദൻ ചോദിച്ചു: ആ ദേവിയുടെ മൂലമന്ത്രം എന്താണ്? അവളെ സ്തുതിക്കേണ്ട ധ്യാനസ്തവങ്ങളും ഏവയെന്ന് പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ തുടർന്നു: ഭൂമിയെ ആദ്യം പൂജിച്ചത് വരാഹമൂർത്തി തന്നെയാണ്. പിന്നെ ബ്രഹ്മാവും മുനിമാരും മനുക്കളും മനുഷ്യരും അത് തുടർന്നു. അവർ എങ്ങിനെയാണ് ദേവിയെ സ്തുതിച്ചതെന്ന് ഇനി പറയാം.

“ഓം ഹ്രീം ശ്രീം ക്ളീം വസുധായൈ സ്വാഹാ” എന്ന മന്ത്രമാണ് വിഷ്ണു ജപിച്ചത്. ചന്ദനച്ചാറണിഞ്ഞ മെയ്യുള്ള സർവ്വാഭരണഭൂഷിതേ, രത്നഗർഭേ, രത്നാകരസമന്വിതേ, തങ്കപ്പൂഞ്ചേലയണിഞ്ഞവളേ, സുസ്മിതേ, സർവ്വപൂജിതേ, ദേവീ, നിന്നെ ഞങ്ങളിതാ നമസ്കരിക്കുന്നു എന്നിങ്ങിനെ എല്ലാവരും ദേവിയെ സ്തുതിച്ചു.

കണ്വശാഖയിലുള്ള സ്തുതി ഇങ്ങിനെയാണ്: ജയേ, ജലാധാരേ, ജലശീലേ ജലപ്രദേ, യജ്ഞസൂകരജായേ, ജയാവഹേ, ജയമേകിയാലും. മംഗളേ, മംഗളാകാരേ, മാംഗല്യേ, മംഗളപ്രദേ, എന്നിൽ മംഗളം നിറച്ചാലും. സർവ്വജ്ഞേ, സർവ്വാധാരേ, സർവ്വശക്തിസമന്വിതേ, സർവ്വകാമപ്രദേ, ദേവീ, എന്റെ ഹിതമൊക്കെ പൂർത്തീകരിച്ചാലും.

പുണ്യാശ്രയേ, പുണ്യദാത്രീ, പുണ്യവാൻമാരുടെ വാസഗൃഹമായുള്ളവളേ, സർവ്വസസ്യാലയേ, സർവ്വസസ്യാഢ്യേ, സർവ്വസസ്യദേ, സർവ്വസസ്യഹരേ, സർവ്വസസ്യാത്മികേ, ഭവേ, ഭൂമേ, ഭൂമിപസർവ്വസ്വേ, ഭൂമിപാലപരായണേ, ഭൂമിദേ, എനിക്ക് ഭൂമിധനം നൽകി അനുഗ്രഹിച്ചാലും. ഈ മഹാപുണ്യസ്തോത്രം രാവിലെ ചൊല്ലുന്നത് ഭൂമിദാനം ചെയ്യുന്നതിനു തുല്യമായ പുണ്യപ്രവൃത്തിയാണ്. ദിവസവും ഇതു ചൊല്ലുന്നവൻ രാജപദവിയലങ്കരിക്കും. ദാനംചെയ്ത ഭൂമി തിരിച്ചെടുത്ത പാപം തീർക്കാനും ഈ സ്തുതി ഉത്തമമാണ്. ഭൂമി രജസ്വലയാവുന്ന നാളുകളിൽ ഭൂമിയിൽ എന്തെങ്കിലും പ്രവൃത്തികൾ ചെയ്താലുണ്ടാകുന്ന പാപങ്ങളും ഈ മന്ത്രജപത്താൽ ഇല്ലാതാകുന്നു. അന്യന്റെ ഭൂമിയപഹരിച്ചതിന്റെ പാപം, അന്യന്റെ കിണർ തോണ്ടിയ പാപം, ഭൂമിയിൽ ശുക്ളം വിസർജിച്ച പാപം, ഭൂമിയിൽ ദീപങ്ങൾ വച്ചതിന്റെ പാപം, എന്നിവയെല്ലാം തീർക്കാൻ ഈ മന്ത്രജപത്തിനാകും.

ഭൂമീദേവിയെ സ്തുതിക്കുന്ന ഈ മന്ത്രം പഠിക്കുന്നത് നൂറ് അശ്വമേധങ്ങൾ നടത്തുന്നതിനു സമമാണ്. ഇതിന്റെ പഠനം സാധകന് സർവ്വമംഗളങ്ങളെയും പ്രദാനം ചെയ്യുന്നു.

Sunday, February 19, 2017

ദിവസം 230. ശ്രീമദ്‌ ദേവീഭാഗവതം. 9. 8. ഗംഗാദ്യുത്പത്തി

ദിവസം 230.  ശ്രീമദ്‌ ദേവീഭാഗവതം. 9. 8. ഗംഗാദ്യുത്പത്തി

സരസ്വതീ പുണ്യക്ഷേത്രമാജഗാമ ച ഭാരതേ
ഗംഗാശാപേന കലയാ സ്വയം തസ്ഥൌ ഹരേ:പദേ
ഭാരതീ ഭാരതം ഗത്വാ ബ്രാഹ്മീ ച ബ്രഹ്മണ: പ്രിയാ
വാണ്യധിഷ്ഠാതൃദേവീ സാ തേന വാണീ പ്രകീർത്തിതാ

ഭഗവൽ ശാപമേറ്റ സരസ്വതീദേവി കലാംശം കൊണ്ടു് ഭാരതത്തിലും പൂർണ്ണാംശം കൊണ്ട് വൈകുണ്ഡത്തിലും വാണു. ഭാരത്തിൽ അവതരിച്ചതിനാൽ ഭാരതിയായും ബ്രഹ്മപത്നിയായതിനാൽ ബ്രാഹ്മിയായും വാക്കിന്റെ അധിഷ്ഠാനദേവതയാകയാൽ വാണിയായും ദേവി അറിയപ്പെടുന്നു. ജലസ്രോതസ്സുകളിൽ വാഴുന്ന ഹരിക്ക് സരസ്വാൻ എന്നും പേരുണ്ട്. സരസുകളും പൊയ്കകളും ഹരിയുടെ ആസ്ഥാനങ്ങളാണ്. സരസ്വാന്റെ പത്നിയെന്ന നിലയിൽ സരസ്വതിയെന്ന പേരിൽ ദേവി പ്രശസ്തയാണ്. ദേവി തീർത്ഥസ്വരൂപിണിയായി സാധകരുടെ പാപക്കാടുകൾ എരിച്ചു കളയുന്ന അഗ്നിയെപ്പോലെ എങ്ങും സഞ്ചരിക്കുന്നു.

ഭാഗീരഥൻ ഗംഗയെ ഭൂമിയിൽ കൊണ്ടുവന്നതിനാൽ കലാംശം കൊണ്ട് ദേവി ഭാഗീരഥിയായി. ആകാശഗംഗയുടെ താഴേക്കുള്ള കുത്തൊഴുക്ക് തടയാൻ കഴിവില്ലാതിരുന്ന ഭൂമീദേവിയെ സഹായിക്കാൻ പരമശിവൻ തന്റെ തലയിൽ ഗംഗയെ താങ്ങി നിർത്തി.

പത്മയും ശാപശക്തിയാൽ കലാംശം കൊണ്ട് ഭൂമിയിലെത്തി പത്മാവതിയായി. ലക്ഷ്മീദേവിയുടെ പൂർണ്ണാംശം ഹരിപദത്തിൽത്തന്നെ നിലകൊണ്ടു. രമയുടെ മറ്റൊരംശം ധർമ്മജന്റെ മകൾ തുളസിയായിപ്പിറന്ന് വിഖ്യാതയായി. മാത്രമല്ല വാണീശാപവും തുടർന്ന് വിഷ്ണുശാപവും കിട്ടിയ ദേവി വൃക്ഷ രൂപത്തിലും നിലകൊള്ളുകയുണ്ടായി.

അയ്യായിരം കൊല്ലം ഭൂമിയിലെ  കലികാല വാസം കഴിയുമ്പോൾ ഈ ദേവിമാരെല്ലാം ഹരിപദത്തിലേയ്ക്ക് മടങ്ങിപ്പോകും. പുണ്യതീർത്ഥങ്ങളിൽ കാശിയും വൃന്ദാവനവും ഒഴികെ മറ്റെല്ലാം ഹരിനിയോഗത്താൽ വൈകുണ്ഡത്തിൽ എത്തിച്ചേരുകയും ചെയ്യും.

കലിയിൽ പതിനായിരം കൊല്ലം കഴിയുമ്പോൾ സാളഗ്രാമം, ജഗന്നാഥൻ, ശിവശക്തികൾ എന്നിവർ ഭാരതഭൂമിയിൽ നിന്നും മടങ്ങിപ്പോയി സ്വധാമമണയും. അവരുടെ കൂടെ സജ്ജനങ്ങളും ശംഖും, പുരാണങ്ങളും ശ്രാദ്ധതർപ്പണങ്ങളും വേദകർമ്മങ്ങളും എല്ലാം പോകും. പൂജാദികൾ, കീർത്തനങ്ങൾ, കഥകൾ, വേദാംഗങ്ങൾ, ശാസ്ത്രങ്ങൾ, സത്യധർമ്മാദികൾ, ഗ്രാമദേവതമാർ, വ്രതം, തപസ്സ്, ഉപവാസം, എന്നിവയും ഭൂമിയിൽ നിന്നും മടങ്ങിപ്പോകും.

വ്യാജപണ്ഡിതന്മാർ, വാമാചാരികൾ, അസത്യവാദികൾ, ശഠന്മാർ, ക്രൂരൻമാർ, അഹങ്കാരികൾ, കള്ളന്മാർ, പരദ്രോഹികൾ, എന്നിവരാൽ ഭൂമി നിറയും. പൂജകൾക്ക് ഉപയോഗിക്കാൻ തുളസിയില ഉണ്ടാകില്ല. ജനങ്ങളില്‍ ആണ്-പെണ്ണെന്ന ഭേദം മാത്രമേ ഭൂമിയിലുണ്ടാവൂ. ആർക്കും ആരെയും വേൾക്കാമെന്നതാവും സ്ഥിതി. തന്റെത്, തന്റെ യജമാനന്റെത് എന്ന ഭേദം എപ്പോഴും മനുഷ്യനിലുണാവും. അച്ഛനും മകനും തമ്മിൽ സമ്പത്ത് വീതം വയ്ക്കും. ആണുങ്ങൾ പെണ്ണുങ്ങളുടെ കീഴിലാവും. വേശ്യകളെ സർവ്വത്ര കാണാനാകും.

സ്ത്രീകൾ പുരുഷൻമാരെ പീഡിപ്പിക്കുകയും ഭരിക്കുകയും ചെയ്യും. മരുമകൾ ഭർത്തൃമാതാപിതാക്കളെ ദാസീദാസൻമാരെപ്പോലെ കണക്കാക്കും. ഗൃഹത്തിന്റെ ചുമതല സ്ത്രീയേറ്റെടുക്കും. ഗൃഹനാഥന് ഭൃത്യന്റെ സ്ഥാനം പോലും ലഭിക്കുകയില്ല. കൂട്ടുകാരോട് സംസാരിക്കാൻ പോലും ആർക്കും സമയമുണ്ടാവില്ല. പെണ്ണുങ്ങൾ പറഞ്ഞാലേ ഗൃഹത്തിൽ കാര്യങ്ങൾ നടക്കൂ എന്നതാവും സ്ഥിതി.

നാലുവർണ്ണത്തിലുള്ളവരും ആചാരം വെടിഞ്ഞ് സന്ധ്യാവന്ദനം പോലും ചെയ്യാതാവും. നിത്യയജ്ഞങ്ങൾ, സത്രങ്ങൾ എന്നിവയും അവർ ഉപേക്ഷിക്കും. അവർ മ്ലേച്ഛാചാരം സ്വീകരിച്ച് സ്വശാസ്ത്രപഠനത്തിനു പകരം മ്ലേച്ഛശാസ്ത്രം പഠിക്കും. ബ്രാഹ്മണ-വൈശ്യ-ക്ഷത്രിയൻമാർ ശൂദ്രർക്ക് ദാസ്യവേല ചെയ്യും. അരിവയ്ക്കാനും അലക്കാനും മൃഗങ്ങളെ മേയ്ക്കാനും ഇവർ നിയോഗിക്കപ്പെടും.

ജനങ്ങൾ കള്ളം പറയുന്നവരാവും; ഭൂമി സസ്യഹീനയുമാവും. വൃക്ഷങ്ങൾ കായ്ക്കാതെയാവും. സ്ത്രീകൾ വന്ധ്യകളാവും. പശുക്കൾ പാൽ ചുരത്താതാവും. ഉള്ള പാലിൽ നെയ്യുണ്ടാവില്ല. ഭാര്യാഭർത്താക്കൻമാർക്ക് സംതൃപ്തിയുണ്ടാവില്ല. ഗൃഹസ്ഥർ പോലും അസത്യവാദികളാവും.

രാജാക്കൻമാർ പ്രതാപം വെടിയുമെങ്കിലും അവര്‍ പ്രജകളെ കരം കൊണ്ട് പീഡിപ്പിക്കും. നദികളും തടാകങ്ങളും ജലമില്ലാതെ വറ്റിവരളും. നാലുവർണ്ണത്തിലുള്ളവരും ധർമ്മാചാരങ്ങൾ വെടിഞ്ഞ് പുണ്യം നശിച്ച് ജീവിക്കും. ലക്ഷം പേരിൽ ഒരാൾ പോലും പുണ്യവാൻമാരായി കാണുകയില്ല.

വിരൂപരായ സ്ത്രീപുരുഷൻമാർ, ശിശുക്കൾ, ദുർവാർത്തകൾ, ഒച്ചപ്പാടുകൾ, ബഹളങ്ങൾ, എന്നിവ എല്ലാടവും നിറഞ്ഞു നില്ക്കും. ഗ്രാമങ്ങളും നഗരങ്ങളും ആളൊഴിഞ്ഞ് കാടുകയറി നശിക്കും. അധികാരികൾ കാട്ടിൽക്കഴിയുന്നവരോടു പോലും കരം പിരിക്കും. നദികളിലും തടാകങ്ങളിലും കാട്ടുപുല്ലുകൾ നിറയും. വയലുകളിൽ വിളയില്ലാതാകും. അവിടെ കാടും കളയും നിറയും. അഭിജാതകുലത്തിലുള്ളവർപോലും നിന്ദിക്കപ്പെടും.

ധൂർത്തൻമാരും ശാഠ്യക്കാരും അസത്യം പറയുന്നവരും, നാസ്തികരും ഹിംസകരും ദ്രോഹികളും എങ്ങും നിറയും. പൊക്കം കുറഞ്ഞവരും രോഗം പിടിച്ചവരും ക്ഷീണിതഗാത്രരും അല്പായുസ്സുക്കളും ആയ നരനാരിമാരാൽ ലോകം നിറയും. പതിനാറുവയസ്സിൽ ജര ബാധിച്ചും ഇരുപതാവുമ്പോൾ വാർദ്ധക്യം വന്നും യൗവനമറ്റവരാകുമിവർ. എട്ടുവയസ്സിൽ പെൺകുട്ടികൾ വയസ്സറിയിക്കും. സ്ത്രീകൾക്ക് പ്രസവിക്കാൻ ഒരു വർഷം വേണ്ടിവരും. പതിനാറാംവയസ്സിൽ അവർ വൃദ്ധകളാവും. മിക്കവാറും സ്ത്രീകൾ വന്ധ്യകളായിരിക്കും.

നാലുവർണ്ണത്തിലുള്ളവരും കന്യകമാരെ കച്ചവടം ചെയ്യും. വീട്ടിലെ സ്ത്രീകളുടെ ജാരൻമാർ കൊണ്ടുവരുന്ന അന്നം കഴിക്കാൻ ആളുകൾക്ക് മടിയുണ്ടാവില്ല. ഹരിനാമം പോലും അവർ വില്പനക്ക് വയ്ക്കും. ധനവാൻമാർ കീർത്തിക്കായി ദാനം ചെയ്തിട്ട് അത് മറ്റു മാർഗ്ഗങ്ങളിൽ അപഹരിക്കും. ഗുരുവിന്റെയോ ദേവന്‍മാരുടെയോ ബ്രാഹ്മണരുടെയോ സ്വത്തുക്കൾ അവര്‍ സൂത്രത്തിൽ കൈവശപ്പെടുത്തും. ദാനം ചെയ്ത വസ്തുക്കൾ പോലും പിടിച്ചു വാങ്ങും.

പുത്രി, സഹോദരി, പരഭാര്യ, സപത്നീ മാതാവ്, സഹോദരഭാര്യ എന്നിവരെപ്പോലും പ്രാപിക്കാൻ മനുഷ്യർക്ക് മടിയുണ്ടാവില്ല. അഗമ്യഗമനം എല്ലാ കുടുംബങ്ങളിലും ഉണ്ടാകം. പെറ്റമ്മയെ മാത്രമേ അവർ ഇതിൽ നിന്നുമൊഴിവാക്കൂ.

ഭർത്താവും, ഭാര്യയും എന്ന ഭേദമില്ലാതെ എല്ലാവരും അഭിപ്രായം പറയും. വസ്തുവിനോ ഗ്രാമങ്ങൾക്കോ ഒന്നിനും കണക്കും കാര്യങ്ങളും ഉണ്ടാവില്ല. എല്ലാവരും കള്ളം പറയുന്നവരും ഭോഗലാലസരുമാവും. പരസ്പരം തല്ലാനും കൊല്ലാനും ആർക്കും മടിയുണ്ടാവില്ല.

നാലുവർണ്ണത്തിലുള്ളവരും പാപകർമ്മങ്ങളിൽ ഏർപ്പെടും. ലോഹം, അരക്ക്, ഉപ്പ്, എന്നിവ കച്ചവടം ചെയ്ത് അവർ ജീവിക്കും. ശൂദ്രരുടെ പിണം ദഹിപ്പിക്കാൻ ബ്രാഹ്മണർ തയ്യാറാവും.  ശൂദ്രരുടെ ഭക്ഷണമവർ കഴിക്കും. അവര്‍ ശൂദ്രദാസികളിൽ കാമസംപൂർത്തി വരുത്തുകയും ചെയ്യും.

ഗൃഹസ്ഥൻ ചെയ്യേണ്ട പഞ്ചയത്നങ്ങൾ ആരും അനുഷ്ഠിക്കുകയില്ല. ഉപവാസമോ സന്ധ്യാവന്ദനമോ ആചരിക്കുകയുമില്ല. പൂണൂൽ ഉപേക്ഷിച്ച് ശൗചാദികൾ ഇല്ലാത്ത  ബ്രാഹ്മണർക്ക് കൂട്ടായി വേശ്യയും പലിശക്കാരനും, തീണ്ടാരിയായ സ്ത്രീയും ഉണ്ടാവും.

ഭൂമി, വർണ്ണാശ്രമക്രമങ്ങൾ, ആഹാര-നീഹാര-ശയ്യാ നിയമങ്ങൾ ഇവയൊന്നുമില്ലാത്ത മ്ലേച്ഛൻമാരെക്കൊണ്ട് നിറയും. മനുഷ്യർ വിരളോളം നീളത്തിലും വൃക്ഷങ്ങൾ ഒരു മുഴം നീളത്തിലും ആവും. ഇങ്ങിനെ മ്ലേച്ഛതയാൽ ഭൂമി നിറഞ്ഞ് മലിനമായി നില്ക്കുമ്പോൾ ഭഗവാൻ ഹരി വിഷ്ണുയശസ്സെന്ന ബ്രാഹ്മണന്റെ മകനായി ജന്മമെടുക്കും. ഭഗവാന്റെ അംശാവതാരമായ അതിബലവാനായ  കല്കിയാണത്.

നീണ്ടുയർന്ന ഒരു കുതിരപ്പുറത്ത് കയറി വാളും പിടിച്ച് വരുന്ന കല്കി മൂന്നുരാത്രി കൊണ്ടു് ലോകത്തുള്ള മ്ലേച്ഛൻമാരെയെല്ലാം വകവരുത്തി മറയും. ഭൂമിയിൽ അരാജകത്വം നടമാടും. ശത്രുക്കൾ ഭൂമി കൈവശപ്പെടുത്തും. ഉടനെ ആറു ദിവസം നീണ്ടുനില്ക്കുന്ന പേമാരിയിൽ ഭൂമിയിൽ പ്രളയമാകും. നാടും വീടും കാടുമെല്ലാം അതിൽ മുങ്ങിയൊടുങ്ങും.

ആറു ദിവസം കഴിയുമ്പോൾ പന്ത്രണ്ടു് സൂര്യൻമാർ ഒന്നിച്ചുദിച്ച് അതിന്റെ താപത്താൽ ലോകമാകെ ചുട്ട് ഉണങ്ങി വരണ്ടുപോകും. അപ്പാൾ കലിയുഗം അവസാനിക്കും. കൃതയുഗം എന്ന സത്യയുഗത്തിന്റെ ആരംഭമാകുമപ്പോൾ. തപസ്സും സത്യവും ചേർന്ന് ധർമ്മം പുനസ്ഥാപിക്കപ്പെടും.

ബ്രാഹ്മണർ ധർമ്മനിഷ്ഠരും തപസ്വികളുമാവും. സ്ത്രീകൾ പാതിവ്രത്യനിഷ്ഠയുള്ളവരാവും. രാജാക്കൻമാർ ധർമ്മിഷ്ഠരും ബ്രാഹ്മണഭക്തരുമാവും. വൈശ്യർ ധാർമ്മികമായ വാണിജ്യവൃത്തിയിൽ ഏർപ്പെടും. ശൂദ്രർ പുണ്യധർമ്മവ്രതരായി ബ്രാഹ്മണരെ സേവിക്കും. നാലു വർണ്ണത്തിലുള്ളവരും ദേവീ പൂജകളിൽ ഏർപ്പെടും.

മനുഷ്യർ ശ്രുതിസ്മൃതികളിൽ അറിവുള്ളവരും ഋതുകാലത്തിനനുസരിച്ച് പത്നിയുമായി ബന്ധപ്പെടുന്നവരുമാകും. അധർമ്മം തീരെയില്ലാതാകും. നാല് പാദങ്ങളും ചേര്‍ന്നു ധർമ്മപൂർണ്ണമാണ് കൃതയുഗം. പിന്നീട് ത്രേതായുഗത്തിൽ ധർമ്മത്തിന് ക്ഷയം വന്ന് നാലിൽ മൂന്നു പാദങ്ങൾ മാത്രമാവും. ദ്വാപരത്തിലത് രണ്ടു പാദങ്ങളായും വീണ്ടും കലിയിൽ അത് ഒരു പാദമായും ലോപിക്കും. ഒടുവിൽ ധർമ്മം തീരെ നശിക്കുമ്പോൾ പ്രളയമായി.

ഏഴ് ദിവസങ്ങളാണ് ആഴ്ചയിലുള്ളത്. തിഥികൾ പതിനാറാണ്. മാസങ്ങൾ പന്ത്രണ്ടും ഋതുക്കൾ ആറുമാണ്. രണ്ടു പക്ഷങ്ങൾ ചേർന്ന്  ഒരു മാസം, രണ്ട് അയനങ്ങൾ, നാലു യാമങ്ങൾ കൂടിയ ഒരു പകലും നാലു യാമങ്ങൾ കൂടിയ ഒരു രാത്രിയും. ഒരു മാസത്തിന് മുപ്പത് ദിവസങ്ങൾ.

കാലഗണനാസമ്പ്രദായത്തിൽ വർഷങ്ങൾ അഞ്ചു വിധമാണ്. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം,  ഇദ്വത്സരം എന്നിവയാണ് ഇവ. ഈ ക്രമത്തിലാണ് യുഗങ്ങൾ വന്നു പോവുന്നത്.

മനുഷ്യരുടെ ഒരു വർഷം ദേവൻമാർക്ക് ഒരു രാപ്പകലാണ്. മനുഷ്യരുടെ മുന്നൂറ്റിയറുപത് യുഗങ്ങൾ ചേർന്നാൽ ദേവൻമാർക്ക് ഒരു യുഗമായി. അങ്ങിനെയുള്ള എഴുപത്തിയൊന്നു ദേവയുഗങ്ങൾ ചേർന്നാൽ ഒരു മന്വന്തരമായി. ഒരു മന്വന്തരമാണ് ദേവേന്ദ്രന്റെ ആയുസ്സ്. ഇരുപത്തിയെട്ട് ഇന്ദ്രൻമാരുടെ കാലമാണ് ബ്രഹ്മാവിന്റെ ഒരു ദിവസം. ബ്രഹ്മാവിന്റെ ആയുസ്സ് നൂറ്റിയെട്ട്കൊല്ലമാണ്. അപ്പോൾ പ്രളയമുണ്ടായി ഭൂമി അപ്രത്യക്ഷയാവും. ത്രിമൂർത്തികളടക്കം എല്ലാം സത്യസ്വരൂപമായ ചിദാത്മാവിൽ  വിലയിക്കും. അതിലേക്ക് പ്രകൃതിയും ലയിച്ചു ചേരുമ്പോൾ പ്രാകൃതപ്രളയമായി.

ഇക്കാലം ശ്രീദേവിയുടെ ഒരു നിമിഷം മാത്രം. ദേവിയുടെ ഒരു നിമിഷത്തിൽ ബ്രഹ്മാണ്ഡം നശിച്ച് അടുത്ത നിമിഷം യഥാക്രമം സൃഷ്ടി ആരംഭിക്കുന്നു. ഇങ്ങിനെയുള്ള നിമിഷങ്ങൾ എത്രയുണ്ടായിയെന്ന് ആർക്കും നിർണ്ണയിക്കാനാവില്ല. സൃഷ്ടിസ്ഥിതി പ്രളയങ്ങൾ എത്ര വന്നുപോയിയെന്നോ എത്ര ബ്രഹ്മാവിഷ്ണുമഹേശ്വരൻമാർ ഉണ്ടായി മറഞ്ഞുവെന്നോ ആരു കണ്ടു?

സർവ്വ ബ്രഹ്മാണ്ഡങ്ങൾക്കും ഈശ്വരനായി വിളങ്ങുന്ന ഈശ്വരൻ പരമാത്മാവും സച്ചിദാനന്ദസ്വരൂപവുമാണ്. ബ്രഹ്മാദികൾ ആ പരംപൊരുളിന്റെ അംശഭൂതരത്രേ. മഹാവിരാട്ടും ക്ഷുദ്രവിരാട്ടും പരംപൊരുളിന്റെ അംശസംഭൂതങ്ങളാണ്. മൂലപ്രകൃതിയും അതു തന്നെയാണ്. മൂലപ്രകൃതിയുടെ സാന്നിദ്ധ്യത്തിലാണ് അർദ്ധനാരീശ്വരനായി ശ്രീ കൃഷ്ണൻ സംജാതനായത്.

ആ ശ്രീകൃഷ്ണൻ ദ്വിഭുജനായി ഗോലോകത്തും ചതുർഭുജനായി വൈകുണ്ഡത്തിലും സ്ഥിതി ചെയ്യുന്നു. ബ്രഹ്മാവു മുതൽ പുൽക്കൊടി വരെ എല്ലാമെല്ലാം മൂലപ്രകൃതിയിൽ നിന്നും ഉദ്ഭൂതമായവയാണ്. അവയ്ക്കെല്ലാം അവസാനവുമുണ്ട്. എന്നാൽ ഇപ്രകാരമുളള സൃഷ്ടികൾക്ക് ഹേതുവായ ബ്രഹ്മം പ്രകൃതിക്കതീതമാണ്. സത്യം, നിത്യം, സനാതനം, നിർഗ്ഗുണം, നിരുപാധികം, നിരാകാരം, ഭക്താനുഗ്രഹകാരകം എന്നിങ്ങിനെ അറിയപ്പെടുന്ന ബ്രഹ്മമാണ് ബ്രഹ്മാവിനെ സൃഷ്ടിക്ക് പ്രാപ്തനാക്കുന്നതും ശിവനെ ലോക സംഹർത്താവാക്കുന്നതും. ബ്രഹ്മത്തെ തപം ചെയ്താണ് മഹേശ്വരൻ സർവതത്വജ്ഞനും മൃത്യുഞ്ജയനുമായിരിക്കുന്നത്.

സാക്ഷാൽ ജനാർദ്ദനൻ സർവ്വവ്യാപിയും സർവ്വജ്ഞനും സർവ്വദർശനനുമായി സർവ്വസമ്പൽപ്രദാനശീലനായി ശ്രീസമേതം നിലകൊള്ളുന്നതിന്റെ ഹേതു ബ്രഹ്മമാണ്. മഹാമായ മൂലപ്രകൃതിയും ഭഗവതിയും സർവ്വവിദ്യാസ്വരൂപയും സച്ചിദാനന്ദ സ്വരൂപിണിയും ആയത് ബ്രഹ്മത്തെ സേവിച്ചാണ്.

ദേവമാതാവായ സാവിത്രി വേദാധിഷ്ഠാധൃദേവതയും പൂജനീയയും വേദജ്ഞയുമായതും വാണീദേവി സർവ്വവിദ്യാസ്വരൂപയായതും വിദ്വത് പൂജിതയായതും മൂലപ്രകൃതിയിൽ നിന്നും അഭേദമായ ബ്രഹ്മത്തെ തപസാ പൂജിച്ചതു കൊണ്ടാണ്.

സർവ്വഗ്രാമാധിദേവതയായും സർവ്വസമ്പത് പ്രദയുമായി ലക്ഷ്മീദേവി വിളങ്ങുന്നത് ബ്രഹ്മത്തെ സേവിക്കയാലാണ്. അങ്ങിനെയാണ് ദേവി സർവ്വവന്ദ്യയും പുത്രദായിനിയുമായി വിളങ്ങുന്നത്. ശ്രീ ദുർഗ്ഗ സകലരുടെയും ദുഃഖം കെടുത്താനുള്ള പ്രാഭവം കൈവരിച്ചത് അദ്ദേഹത്തെ സേവിച്ചാണ്.

ശ്രീ രാധ ശ്രീകൃഷ്ണ പ്രാണപ്രിയയായി വിളങ്ങിയത് പരമാർത്ഥസ്വരൂപിണിയായ ശക്തിയെ സേവിച്ചാണ്. അങ്ങിനെ കൃഷ്ണന്റെ മാറിൽ അവൾ സ്ഥാനവും നേടി. ശതശൃംഗപർവ്വതത്തിൽ ആയിരം ദിവ്യവർഷം തപം ചെയ്ത് രാധ പരാശക്തിയെ സംപ്രീതയാക്കി. അങ്ങിനെ വരലാഭവുമായി സർവ്വാധികപ്രൗഢയായി നില്ക്കുന്ന രാധയെ കൃഷ്ണൻ മാറോടു ചേർത്തു. “എന്റെ മാറിൽ നീ ചിരകാലം വസിച്ചാലും” എന്നവൾക്ക് അതീവ ദുർലഭമായ വരം നല്കി അനുഗ്രഹിച്ചു. “നീയെനിക്ക് ശ്രേഷ്ഠയും പ്രേയസിയും ആയ ഭാര്യയായിരിക്കും. ഞാൻ നിന്നെ വന്ദിക്കുകയും പൂജിക്കുകയും ചെയ്യും. ഞാൻ  നിനക്ക് വശംവദനായിയിരിക്കും.” ഇങ്ങിനെ അനുഗ്രഹിച്ച് രാധയെ ഭഗവാൻ സപത്നിമാരില്ലാതെ പ്രാണവല്ലഭയാക്കി

മറ്റു ദേവിമാരും ശക്തിയെ പൂജിച്ച് സ്വയംപൂജിതരായിത്തീർന്നു. അവരവർ ചെയ്യുന്ന പൂജകൾക്കനുസൃതമായി അവർക്ക് ഫലവും ലഭിച്ചു. ആയിരം കൊല്ലക്കാലം പരാശക്തിയെ ധ്യാനിച്ച് ദുർഗ്ഗ സർവ്വപൂജിതയായി. സരസ്വതി ഗന്ധമാദനപർവ്വതത്തിൽ ഒരുലക്ഷംകൊല്ലം തപസ്സുചെയ്ത് സർവ്വവന്ദ്യയായി. ലക്ഷ്മീദേവി നൂറു്യുഗക്കാലം പുഷ്ക്കരത്തിൽ തപസ്സു ചെയ്ത് സർവ്വസമ്പദ്പ്രദാത്രിയായി. സാവിത്രീദേവി അറുപതിനായിരംവർഷം തപസ്സുചെയ്ത് പൂജിതയായി.

ശ്രീ ശങ്കരൻ നൂറ് മന്വന്തരങ്ങൾ തപസ്സു ചെയ്തു. ബ്രഹ്മാവും വിഷ്ണുവും നൂറ് മന്വന്തരങ്ങൾ പരാശക്തിയെ ധ്യാനിച്ചുപാസിച്ചു. പത്തു മന്വന്തരം കഠിനതപം ചെയ്ത ശ്രീകൃഷ്ണൻ ദിവ്യമായ ഗോലോകത്തിൽ എത്തിച്ചേർന്നു. അദ്ദേഹം ഇപ്പോഴും അവിടെ വാഴുന്നു. ധർമ്മൻ പത്തു മന്വന്തരങ്ങൾ തപസ്സുചെയ്ത് സർവ്വാധാരനും സർവ്വപൂജിതനുമായി. ഇങ്ങിനെ പരാശക്തിയെ ധ്യാനിച്ച് മനുഷ്യരും ദേവൻമാരും മാമുനിമാരും രാജാക്കൻമാരും വന്ദ്യരായിത്തീർന്നു.

വേദോക്തമായും എന്റെ ഗുരു പറഞ്ഞ പ്രകാരവും ഞാൻ സർവ്വപുരാണങ്ങളും വിവരിച്ചുതന്നു ഇനിയും മാമുനേ, എന്താണങ്ങേയ്ക്ക് അറിയാനുള്ളത്?

Saturday, February 18, 2017

ദിവസം 229. ശ്രീമദ്‌ ദേവീഭാഗവതം. 9. 7. ശാപോദ്ധാര പ്രകാരം

ദിവസം 229.  ശ്രീമദ്‌ ദേവീഭാഗവതം. 9. 7. ശാപോദ്ധാര പ്രകാരം

ഇത്യുക്ത്വാ ജഗതാം നാഥോ വിരരാമ ച നാരദ
അതീവ രുരുദുർദേവ്യ: സമാലിംഗ്യ പരസ്പരം
താശ്ച സർവ്വാ: സമാലോക്യ ക്രമേണോചുസ്തദേശ്വരം
കമ്പിതാ: സാശ്രു നേത്രാശ്ച ശോകേന ച ഭയേന ച

ഭഗവാൻ ഇങ്ങിനെ പറഞ്ഞു വിരമിക്കവേ മൂന്നു ദേവിമാരും പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അവർ ആകെ ദുഖിതരും ഭയചിത്തരുമായി ഓരോന്നു പറഞ്ഞു.

സരസ്വതി പറഞ്ഞു: “നാഥ, എനിക്ക് ശാപമോക്ഷമേകണേ. ജന്മം മുഴുവൻ അനുഭവിക്കേണ്ടതായ ഈ ശാപം ഞാനെങ്ങിനെ താങ്ങും? ഭർത്താവിനാൽ പരിത്യജിക്കപ്പെട്ട നാരി ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം? എന്റെ ദേഹം ഞാനിതാ യോഗശക്തി കൊണ്ടു് ഉപേക്ഷിക്കാൻ പോവുന്നു. ഭഗവാനു മാത്രമേ എന്നെ രക്ഷിക്കാനാവൂ.”

ഗംഗ പറഞ്ഞു: “ഞാനെന്തു തെറ്റു ചെയ്തിട്ടാണ് എന്നെയങ്ങുപേക്ഷിക്കുന്നത്? ഞാനുമീ ദേഹം ത്യജിക്കാൻ പോവുന്നു. നിർദ്ദോഷിയായ എന്നെ മരണത്തിനു വിട്ടുകൊടുത്തതിന്റെ നരകശിക്ഷ സർവ്വേശ്വരനായാലും അനുഭവിച്ചു തന്നെ തീരണം.”

പത്മ പറഞ്ഞു: “സത്വസ്വരൂപനായ അങ്ങെന്തിനാണ് ഇങ്ങിനെ കോപിക്കുന്നത്? അങ്ങയുടെ ഭാര്യമാരോട് കരുണ കാട്ടണേ. ഏതായാലും ഞാൻ ഭാരതത്തിൽ പിറവിയെടുക്കാനിതാ പുറപ്പെടുന്നു. എനിക്കെത്ര കാലമാണവിടെ കഴിയേണ്ടി വരിക? അങ്ങയുടെ പാദങ്ങൾ ഇനിയും കാണാൻ ഞാൻ എത്രനാൾ കാത്തിരിക്കേണ്ടി വരും? എന്നിൽ മുങ്ങിക്കുളിച്ച് പാപങ്ങൾ നീക്കിയ സാധകർ ആ പാപങ്ങൾ മുഴുവൻ എന്നിലാണല്ലോ നിക്ഷേപിക്കുക? അവയെയെല്ലാം ഞാനെപ്പോൾ തരണം ചെയ്ത് നിന്റെ കാലടി പണിയും.? കലാംശം കൊണ്ടു് തുളസിയായും ധർമ്മധ്വജപുത്രിയായും എത്രനാൾ ഞാനവിടെ കഴിഞ്ഞാലാണ് അങ്ങയെ വീണ്ടും പ്രാപിക്കാനാവുക? ഞാൻ അങ്ങയുടെ അധിഷ്ഠാതൃദേവതയായ വൃക്ഷവുമാകാം. എങ്കിലും എന്നാണ് ഞാനാ അവസ്ഥയിൽ നിന്നും കരകയറുക?

വാണി ശപിച്ചതിനാൽ ഗംഗയും ഭാരതത്തിലേക്ക് പോകും. അപ്പോൾ അവൾക്ക് എന്നാണ് ശാപമുക്തി ലഭിക്കുക? അതുപോലെ ഗംഗയുടെ ശാപം മൂലം സരസ്വതിയും ഭാരതത്തിൽ പോയിട്ട് എപ്പോഴാണ് അങ്ങയുടെ പാദത്തിലേക്ക് മടങ്ങിയെത്തുക? അങ്ങവരോട് ബ്രഹ്മലോകത്തേയ്ക്കും കൈലാസത്തിലേയ്ക്കും പൊയ്ക്കൊള്ളാൻ പറഞ്ഞത് പിൻവലിക്കണം.”

ഇങ്ങിനെ പറഞ്ഞു കണ്ണീർ വാർത്ത് രമ ഭഗവാന്റെ പാദത്തിൽ നമസ്കരിച്ചു. തന്റെ ചികുരഭാരം ആ പദമലരുകളെ പൊതിഞ്ഞു. അപ്പോൾ ഭഗവാൻ ദേവിയെ പിടിച്ചെഴുന്നേൽപ്പിച്ച് കെട്ടിപ്പുണർന്നു.

ഭഗവാൻ പറഞ്ഞു: “നിന്റെ വാക്കും എന്റെ വാക്കും ഒരുപോലെ ഞാൻ പാലിക്കാം. അതിനുള്ള മാർഗ്ഗങ്ങൾ ഇനി ഞാൻ പറയാം. സരസ്വതി, കലാംശംകൊണ്ട് ഭൂമിയിൽ നദിയായും അർധാംശംകൊണ്ട് ബ്രഹ്മലോകത്തും പൂർണ്ണാംശം കൊണ്ട് എന്റെ ഗൃഹത്തിലും വാഴട്ടെ. ഗംഗയെ ഭഗീരഥൻ ഭൂലോകത്തേക്ക് കൊണ്ടു പോകുമെങ്കിലും ദേവിയുടെ പൂർണ്ണാംശം എന്റെ കൂടെയിരിക്കട്ടെ. ചന്ദ്രശേഖരന്റെ തിരുമുടിയിൽ ആ പവിത്ര അതിപാവനയായി നിലകൊള്ളട്ടെ. നീയിപ്പോൾ കലാംശത്തിന്റെ അംശമായി ഭാരതത്തിൽച്ചെന്ന് തുളസിച്ചെടിയും പത്മാവതീനദിയും ആയിത്തീരുക. കലിയുഗത്തിൽ അയ്യായിരംകൊല്ലം കഴിയുമ്പോൾ നിങ്ങൾക്ക് മോക്ഷമാകും.  മൂന്നുനദികളും എന്നിലേക്ക് മടങ്ങുകയും ചെയ്യും. അല്ലയോ ദേവീ, ദേഹമെടുത്തവർക്കെല്ലാം ആപത്തു വരുന്നത് ആത്യന്തികമായി നന്മക്കായാണ്. മഹാന്മാര്‍ വിപത്തുക്കളെ അതിജീവിച്ചാണ് മഹത്വം കൈവരിക്കുന്നത്.

എന്റെ ഭക്തരും സാധകരും നിങ്ങളാകുന്ന നദികളില്‍ മുങ്ങിക്കുളിക്കുന്നതുകൊണ്ടു് നിങ്ങൾക്കും പാപമുക്തിയുണ്ടാവും. ഭൂമിയിലെ തീർത്ഥങ്ങൾ എന്റെ ഭക്തൻമാരുടെ പാദരേണുക്കൾ കൊണ്ടു് പവിത്രമായിത്തീരും. എന്റെ ഉപാസകരായ സാധകർ ഭാരതത്തിൽ വാഴുന്നത് ഭൂമിയെ പവിത്രയാക്കാനാണ്. എന്റെ ഭക്തർ അവരുടെ കാലുകൾ കഴുകുന്നയിടങ്ങൾ പുണ്യതീത്ഥാങ്ങളാകുന്നു.

ഗോവധം, ബ്രാഹ്മണവധം, സ്ത്രീവധം, ഗുരുനിന്ദ, തുടങ്ങിയ അതിഹീന പാപങ്ങൾക്കു പോലും പ്രതിവിധിയാണ് എന്റെ ഭക്തരുടെ ദർശനവും അവരുടെ സ്പർശനവും. ഏകാദശി നോൽക്കാത്തവനും സന്ധ്യാവന്ദനം മുടക്കിയവനും നിരീശ്വരവാദിയും കൊലപാതകിയും എന്റെ ഭക്തൻമാരെക്കണ്ടും അവരുടെ സ്പർശനം കൊണ്ടും ശുദ്ധരാവുന്നു. വാളു പിടിക്കുക, മഷി നോക്കുക, അലക്കു പണി ചെയ്യുക, യാചിക്കുക, കാളപ്പുറത്തേറി നടക്കുക എന്നിങ്ങിനെ ബ്രാഹ്മണോചിതമല്ലാത്ത കർമ്മങ്ങളിൽ ഏർപ്പെട്ട വിപ്രന്മാര്‍ പോലും എന്റെ ഭക്തരെക്കണ്ട് പരിശുദ്ധരാകുന്നു.

വിശ്വാസവഞ്ചകനും, മിത്രദ്രോഹിയും കള്ളസാക്ഷി പറയുന്നവനും കള്ളനും ഒക്കെ എന്റെ ഭക്തരെ തൊട്ടാൽ പാപമുക്തനാവും. അതുപോലെ ജാരനും, വേശ്യാഭർത്താവും, ദാസീപുത്രനും, മനുഷ്യദ്രോഹിയും പാപമുക്തി കിട്ടാൻ എന്റെ ഭക്തരെ സന്ധിച്ചാൽ മതി. ശൂദ്രൻമാരുടെ കുശിനിപ്പണി, കൂലിക്ക് വേണ്ടി യാഗപൂജാദികൾ, എന്നിവയിലേർപ്പെട്ട ബ്രാഹ്മണനും എന്റെ ഭക്തൻമാരാൽ ശുദ്ധരാവും. അച്ഛനമ്മമാർ, ഭാര്യ, സഹോദരങ്ങൾ, മക്കൾ, ബന്ധുക്കൾ, ഗുരുവിന്റെ കുടുംബം, അന്ധർ, ഭാര്യയുടെ ബന്ധുക്കൾ എന്നിവരെ സംരക്ഷിക്കാത്ത മഹാപാപിക്കുപോലും മുക്തികിട്ടാൻ എന്റെ ഭക്തരെ കണ്ടാൽ മതി. അരയാൽ വെട്ടിനശിപ്പിക്കുന്നവനും ഭക്തരെ നിന്ദിക്കുന്നവനും ശൂദ്രന്റെ അന്നം കഴിക്കുന്നവനും ഇങ്ങിനെ പരിശുദ്ധരാകാം. ദേവസ്വം, ബ്രഹ്മസ്വം എന്നിവയിൽ നിന്നു മോഷ്ടിക്കുന്നവനും, അരക്ക്, ഇരുമ്പ്, രസം എന്നിവ വില്ക്കുന്നവനും, മകളെ വില്ക്കുന്നവനും ശൂദ്രരുടെ ശവദാഹം നടത്തുന്ന ബ്രാഹ്മണനും എന്റെ ഭക്തരെ ദർശിച്ച് അവരുടെ സ്പർശനത്താൽ പവിത്രരാവും.”

മഹാലക്ഷ്മി പറഞ്ഞു: “മനുഷ്യാധമൻമാരെപ്പോലും പരിശുദ്ധരാക്കുവാൻ പോന്ന ഗുണഗണങ്ങൾ ഉള്ള അവിടുത്തെ ഭക്തരുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ധൂർത്തരും ആത്മപ്രശംസകരും ഹരിഭക്തിയില്ലാത്തവരും, സാധുനിന്ദകരും ആരുടെ സ്പർശനത്തിലാണോ ഗുദ്ധരാവുന്നത് അവർ എങ്ങിനെയുള്ള ഭക്തരാണ്? പാദസ്പർശംകൊണ്ട് നദികളെ പുണ്യതീർത്ഥങ്ങളാക്കാൻ പോന്ന ആ ഭക്തൻമാരുടെ സാമീപ്യം ഭാരതത്തിലെ ജനങ്ങൾ കൊതിക്കുന്നു. അതൊരു ഭാഗ്യമാണെന്ന് അവർ കരുതുന്നു. തീർത്ഥങ്ങളും മൂർത്തികളും പാപികളെ ശുദ്ധീകരിക്കാൻ കാലമേറെയെടുക്കുമ്പോൾ വിഷ്ണുഭക്തർ ക്ഷണനേരം കൊണ്ട് പാപിയെ ശുദ്ധരാക്കുന്നു. അങ്ങിനെയുള്ള വിഷ്ണുഭക്തരുടെ ലക്ഷണവിശേഷങ്ങൾ പറഞ്ഞുതന്നാലും.”

ലക്ഷ്മീദേവിയുടെ അഭ്യർത്ഥന പ്രകാരം തന്റെ ഭക്തരെക്കുറിച്ചുള്ള നിഗൂഢതത്വം ഭഗവാൻ വിവരിച്ചു: “ദേവീ, ഭക്തലക്ഷണം ശ്രുതിപുരാണങ്ങളിൽ ഗൂഢമാക്കി വച്ചിട്ടുള്ളവയാണ്. അത് പുണ്യസ്വരൂപവും പാപഘ്നവും ഭുക്തിമുക്തിദായകവുമാണ്. അതിഗോപ്യവും സാരഗർഭവും ആയ ഈ കാര്യം ഒരിക്കലും മൂർഖരോട് പറയരുത്. നീയെന്റെ പ്രാണതുല്യയും പരിശുദ്ധയുമായതിനാൽ ഞാൻ നിന്നോടായി പറയുന്നതാണ്.

ഗുരുമുഖത്തുനിന്നും വിഷ്ണുമന്ത്രം കിട്ടാൻ ഭാഗ്യം ചെയ്തവനാണ് ശ്രേഷ്ഠനെന്ന് വേദങ്ങൾ പറയുന്നു. നൂറുതലമുറ മുൻപുള്ള പൂർവ്വികരെപ്പോലും മുക്തരാക്കാൻ പോന്നതാണ് അവന്റെ ജന്മം. സ്വർഗ്ഗത്തിലോ നരകത്തിലോ കഴിയുന്ന പ്രപിതാക്കൻമാരെ വിഷ്ണുപദത്തിലെത്തിക്കാൻ അവനു സാധിക്കും. എന്നോട് ഭക്തിയുള്ളവൻ എന്റെ ഗുണത്താൽ മുക്തനാവും. എന്റെ കഥകൾ അവനെ ആവേശഭരിതനാക്കും. അവ കേൾക്കെ അവൻ ആനന്ദക്കണ്ണീർ പൊഴിക്കും. അവന്റെ ശബ്ദം ഇടറും. എന്നെയാരാനും വാഴ്ത്തുന്നതു കേട്ടാൽ അവന് രോമാഞ്ചമുണ്ടാകും.

യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവൻ സേവനാനിരതനാവും. മുക്തിയോ സുഖമോ എന്റെ സാലോക്യമോ പ്രതീക്ഷിച്ചല്ല അവന്റെ പ്രവൃത്തികൾ. ഇന്ദ്രത്വം, മനുത്വം, സ്വർഗ്ഗവാസം ഇവയൊന്നും അവനെ സ്വാധീനിക്കുന്നില്ല. എന്നെപ്പറ്റിയുള്ള കഥകൾ പാടാനും പറയാനും ഉത്സാഹത്തോടെ അവൻ ഭാരതത്തിൽ ഉടനീളം സഞ്ചരിക്കും. അത്തരം ദുർലഭജന്മങ്ങൾ അവർ തൊടുന്ന മനുഷ്യരെയും തീർത്ഥങ്ങളെയും പരിശുദ്ധരാക്കും. ദേവീ, ഇവയാണ് എന്‍റെ ഭക്തലക്ഷണങ്ങള്‍.

ദേവിമാർ ഭവാന്റെ ആജ്ഞയനുസരിച്ച് വർത്തിക്കെ ഭഗവാൻ സ്വധാമത്തിൽ സസുഖം നിലകൊണ്ടു.

Friday, February 17, 2017

ദിവസം 228. ശ്രീമദ്‌ ദേവീഭാഗവതം. 9. 6. ഗംഗാ സരസ്വതീ ശാപകഥ

ദിവസം 228.  ശ്രീമദ്‌ ദേവീഭാഗവതം. 9. 6. ഗംഗാ സരസ്വതീ ശാപകഥ

സരസ്വതീ തു വൈകുണ്ഡേ, സ്വയം നാരായണാന്തികേ
ഗംഗാ ശാപേന കലഹാത്കലയാ ഭാരതേ സരിത്
പുണ്യദാ പുണ്യരൂപാ ച പുണ്യതീർത്ഥ സ്വരൂപിണീ
പുണ്യവദ്ഭിർ നിഷേവ്യാ ച സ്ഥിതി: പുണ്യവതാം മുനേ

ശ്രീ നാരായണൻ പറഞ്ഞു: വൈകുണ്ഡത്തിൽ വിഷ്ണുവിനൊപ്പം കഴിഞ്ഞിരുന്ന സരസ്വതി ഗംഗയുടെ ശാപമേറ്റ് ഭാരതത്തിൽ ഒരു നദിയായിത്തീർന്നു. ആ നദിക്കരയിൽ പുണ്യം ചെയ്ത സാധകർ പുണ്യതീർത്ഥത്തെ സേവിച്ചു കഴിയുന്നു. അവിടെയുള്ള തപസ്സികൾക്കവൾ തപോരൂപയാണ്. തപസ്സിന്റെ ഫലമേകുന്നവളും അഗ്നിയിൽ വിറകെന്ന പോലെ അവരുടെ പാപങ്ങളാകെ എരിച്ചു കളയുന്നവളുമാണാ പുണ്യനദി.

സരസ്വതീ നദിയുടെ പവിത്രത എന്തെന്നറിഞ്ഞ് അതിൽ വീണു മരിക്കുന്നവർക്ക് വിഷ്ണുസഭയിൽ ചിരകാലം വസിക്കാൻ കഴിയും. പാപിയാണെങ്കിലും അറിയാതെയാ നദിയിൽ മുങ്ങാനിടയായാൽ ഒരുവന്റെ സകലപാപങ്ങളും നശിക്കുന്നു. അവനും വിഷ്ണുലോകം ലഭിക്കും. ചാതുർമാസത്തിലും പൂർണ്ണമാസിയിലും മറ്റു ശുഭ്ര വേളകളിലും യദൃശ്ചയാ ആണെങ്കിൽപ്പോലും സ്വാർത്ഥതാൽപ്പര്യം കൊണ്ടായാലും സരസ്വതീനദിയിലെ സ്നാനം ഒരുവനെ ഹരിസാരൂപ്യത്തിനർഹനാക്കും.

സരസ്വതീ മന്ത്രം ഒരു മാസം മുടങ്ങാതെ ജപിക്കുന്നവൻ മൂർഖനാണെങ്കിലും കവീന്ദ്രനായിത്തീരും. നിത്യവും മുണ്ഡനം ചെയ്താ നദിയിൽ മുങ്ങുന്ന ഭക്തന് വീണ്ടുമൊരു ഗർഭവാസക്ലേശം അനുഭവിക്കേണ്ടിവരില്ല. വാണീദേവിയുടെ മഹിമകൾ ഇതൊക്കെയാണ്. ഇനിയും അങ്ങ് എന്താണറിയാൻ അർഹിക്കുന്നത്?

സൂതൻ പറഞ്ഞു: ശ്രീ നാരായണൻ വാണീദേവിയെപ്പറ്റി ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ നാരദമുനി വീണ്ടും സംശയം ചോദിച്ചു. “ഈ ദേവിയെങ്ങിനെയാണ് ഭാരതവർഷത്തിൽ ഒരു നദിയായി വന്നു പിറന്നത്? ആ ശാപകഥ കൂടി പറഞ്ഞു തന്നാലും. ഇത്തരം കഥകൾ എത്രകേട്ടാലും മതിവരാത്തവയാണ്. വേദസാരങ്ങൾ കഥാരൂപത്തിൽ കേൾക്കാൻ എന്നിൽ കൗതുകം കൂടി വരുന്നു. സംപൂജ്യയായ ഗംഗ എങ്ങിനെയാണ് വാണീദേവിയെ ശപിക്കാനിടയായത്? സത്വവതികളായ ഈ ദേവിമാർ പരസ്പരം കലഹിക്കാനുള്ള കാരണം രസകരമായ ഒന്നായിരിക്കും എന്നു തീർച്ച. ദയവായി അങ്ങ് കഥ തുടങ്ങിയാലും”.

ശ്രീ നാരായണൻ തുടർന്നു. കേട്ടാൽത്തന്നെ സർവ്വപാപങ്ങളും ഇല്ലാതാക്കുന്ന ആ കഥ ഞാൻ പറയാം. ഹരിയുടെ സമീപത്താണ് ലക്ഷ്മിയും ഗംഗയും സരസ്വതിയും കഴിയുന്നത്. ഭഗവാനാണെങ്കിൽ മൂന്നു പേരെയും ഒരുപോലെ പ്രീയവുമാണ്. ഒരു ദിവസം ഗംഗാദേവി പുഞ്ചിരിയോടെ തന്റെ കടക്കണ്ണുകൊണ്ടു് ഭഗവാനെ നോക്കി ആ അഭൌമ മുഖഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. വിഷ്ണുവും ഗംഗയെ നോക്കി പുഞ്ചിരിച്ചു. ലക്ഷ്മീദേവി അതു കണ്ടു് ക്ഷമിച്ചെങ്കിലും സരസ്വതിക്ക് അതങ്ങിനെ ക്ഷമിക്കാൻ കഴിഞ്ഞില്ല. ലക്ഷ്മി സാന്ത്വനത്തോടെ എന്തൊക്കെപ്പറഞ്ഞിട്ടും സരസ്വതി അടങ്ങിയില്ല. അവൾ വർദ്ധിതകോപത്തോടെ കലങ്ങിയ കണ്ണുകളും വിറച്ച ചുണ്ടുകളുമായി തന്റെ കാന്തനോടിങ്ങിനെ പറഞ്ഞു:

“ധർമ്മിഷ്ഠൻ സപത്നിമാരെ സമഭാവത്തിലാണ് കാണുക എന്നാൽ മൂർഖൻമാർ അങ്ങിനെയല്ല. അങ്ങേയ്ക്ക് ഗംഗയോട് പ്രിയമേറും. ലക്ഷ്മിയേയും വലിയ പ്രിയം തന്നെ. എന്നോടു മാത്രമാണ് സ്നേഹമില്ലാത്തത്. ഗംഗയ്ക്കാണെങ്കിൽ  ലക്ഷ്മിയോട് ഏറെ പ്രീതിയുള്ളതിനാൽ ഭഗവാന്റെ ഈ ഹീനസ്വഭാവത്തെ സഹിക്കുകയാണ്. ഭാഗ്യഹീനയായ ഞാൻ ഇനിയിവിടെ ജീവിച്ചിട്ടെന്തു കാര്യം? ഭർത്താവ്  സ്നേഹിക്കാനില്ലെങ്കിൽ ഒരുവളുടെ ജീവിതത്തിനെന്താണർത്ഥം.? അങ്ങ് സത്യമൂർത്തിയാണെന്നു പറയുന്ന മാമുനിമാർ വാസ്തവത്തിൽ വേദജ്ഞാനമൊന്നുമില്ലാത്ത മൂർഖൻമാരാണ്. അവർക്കൊന്നും ഹരിയുടെ ഉള്ളിലിരിപ്പ് എന്തെന്നറിയില്ല.” വാണിയുടെ ജല്പനംകേട്ട ഭഗവാൻ ഝടുതിയിൽ അവിടം വിട്ടു പോയി.

ഭഗവാൻ പോയപ്പോൾ വാണി ഗംഗയോടു് നേരിട്ടു വഴക്കിനു ചെന്നു. “കാമം മുഴുത്ത നാണമില്ലാത്ത നീയത്ര കേമിയൊന്നുമാവണ്ട. ഭർത്താവ് നിന്റെ വരുതിയിലാണെന്ന് നാലാളറിയാനാണല്ലാ നീയിങ്ങിനെ നിർലജ്ജം പെരുമാറുന്നത്? ഹരിയുടെ മുന്നിൽ വച്ചു തന്നെ ഞാൻ നിന്റെ മാനം കളയും നോക്കിക്കോളുക. നിന്റെ പ്രിയപ്പെട്ടവൻ അപ്പോൾ എന്തു ചെയ്യും എന്നു കാണാം.” വാണി ഗംഗയുടെ മുടിക്കെട്ടിൽ പിടിക്കാൻ തുടങ്ങവേ ലക്ഷ്മി അതിനെ തടഞ്ഞു.

കുപിതയായ വാണി ലക്ഷ്മിയെ ശപിച്ചു: “നീ വൃക്ഷരൂപയും നദീരൂപയും ആയിത്തീരട്ടെ. തെറ്റുകണ്ടിട്ടും പ്രതികരിക്കാതിരുന്ന നീയൊരു മരംപോലെ അല്ലെങ്കിൽ ഒരു പുഴപോലെ സഭയിൽ  നോക്കി നില്ക്കാനിടവരട്ടെ.” ലക്ഷ്മീദേവി ക്ഷമയോടെ ആ ശാപം കേട്ടുനിന്നു. ക്രുദ്ധയായി വിറയ്ക്കുന്ന വാണിയെ ദേവിയെ കൈവിടാതെ പിടിച്ചു നിന്നു.

അപ്പോൾ ഗംഗപറഞ്ഞു: “വായാടിയായ അവളെ വിട്ടോളൂ. ഭയങ്കരിയായ അവൾക്കൊന്നും ചെയ്യാനാവില്ല. സദാ കലഹിക്കുന്ന അവളെ വാഗധിഷ്ഠാതൃദേവത എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇവൾ കലഹിക്കുന്നെങ്കിൽ എന്നോടാവട്ടെ. ഈ ദുശ്ശീല എന്റെയും അവളുടെയും ശക്തിയെന്തെന്നു കാണിക്കാൻ വേണ്ടിയാണീ കലഹത്തിൽ ഏർപ്പെടുന്നത്. ലോകർ ഞങ്ങളുടെ ബലം എന്തെന്ന് കാണട്ടെ.”

എന്നു പറഞ്ഞ് ഗംഗാദേവി, വാണിയെ ശപിച്ചു. “ലക്ഷ്മീദേവിയെ ശപിച്ച അവളും ഒരു നദിയായി പാപികൾ വാഴുന്നയിടത്ത് ഒഴുകാനിടയാകട്ടെ. കലികാലത്ത് അവരുടെ പാപങ്ങൾ അവൾ ഏറ്റെടുക്കട്ടെ.”  ഉടനെ തന്നെ വാണിയും ഗംഗയെ ശപിച്ചു. “നീയുമൊരു നദിയായി ഭൂമിയിലെ പാപികളുടെ പാപങ്ങൾ ഏറ്റെടുക്കാനിടവരട്ടെ.”

അപ്പോഴവിടെ ഭഗവാൻ ഹരി വന്നെത്തി. ചതുർഭുജൻമാരായ നാലുപാർഷദൻമാർ കൂടെയുണ്ട്. ഉടനെ തന്നെ സരസ്വതീദേവിയുടെ കൈയെടുത്ത് വക്ഷസ്സിൽ ചേർത്തുപിടിച്ച് ഭഗവാന്‍ ചിരപുരാതനമായ ജ്ഞാനം മുഴുവൻ അവളെ ഓർമ്മിപ്പിച്ചു. മൂവരുടെയും കലഹത്തിന്റെ കാര്യം കേട്ട് ഭഗവാനവരെ ആശ്വസിപ്പിച്ചു.

ഭവാൻ പറഞ്ഞു: “ലക്ഷ്മീദേവീ, നീ അംശാവതാരമായി ധർമ്മധ്വജന്റെ ഗൃഹത്തിൽ പോയി അയോനിജയായ ഒരു കന്യകയായി ജനിക്കുക. നിന്റെ 'വൃക്ഷത്വം' അവിടെയാവട്ടെ. നീ എന്റെതന്നെ അംശമായ ശംഖചൂഡന്റെ പത്നിയാവും. ഒടുവിൽ എന്നിലേക്കു തന്നെ വരും. അതുപോലെ നീ ഭാരതത്തിൽപ്പോയി പരിശുദ്ധയായ തുളസിാച്ചെടിയായി ജനിക്കുക. അവിടെ കലകൊണ്ട് നിനക്ക് നദീഭാവവും ഉണ്ടാവും. പത്മാവതീ നദിയായി നീ പ്രശസ്തയാവും.

ഗംഗാദേവീ, നീയും ശാപപ്രകാരം ഭാരതത്തിൽപ്പോയി പരമപവിത്ര നദിയായ ഗംഗയാവുക. ഭഗീരഥൻ സ്വതപഫലം കൊണ്ട് നിന്നെയവിടെയെത്തിക്കും. പാപനാശകരിയായ ഭാഗീരഥിയായി നീ ഭൂമിയിലാകെ അറിയപ്പെടും. എന്റെ അംശമായ ശന്തനുവിന് ഭാര്യയായി നീ വാഴുക .

ഗംഗാശാപഫലത്താൽ വാണീദേവീ, നീയും ഭൂമിയിലേക്ക് തന്നെ പോവുക. സപത്നീ കലഹത്തിന്റെ ദുര്‍ഫലം അനുഭവിച്ചു തന്നെ തീരണമല്ലോ. മാത്രമല്ല നീ ബ്രഹ്മലോകത്തിൽ ബ്രഹ്മാവിന്റെ പത്നിയായിത്തീരുക. ലക്ഷ്മിദേവി എന്നോടൊപ്പവും ഗംഗാദേവി പരമശിവനൊപ്പവും വാഴട്ടെ.

ലക്ഷ്മീദേവിയായ രമ ശാന്തയും ക്രോധരഹിതയുമാണ്‌. മഹാസാധ്വിയായ അവളെ സതിമാർ പൂജിക്കട്ടെ. ധർമ്മസൗശീല്യങ്ങൾ ഉള്ളവർ എല്ലാം രമാദേവിയുടെ അംശങ്ങളാണ്‌ . ഭിന്നസ്വഭാവമുള്ള മൂന്നുഭാര്യമാർ മൂന്നുഭൃത്യമാർ, മൂന്നുബന്ധുക്കൾ എന്നിവരുമൊത്ത് ആരും ഒരിടത്തു താമസിക്കരുത്. അവിടം വേദവിരുദ്ധമായ കലഹത്തിനു പറ്റിയ ഇടമാവും എന്നിപ്പോള്‍ തെളിഞ്ഞുവല്ലോ.

ഏതു വീട്ടിലാണോ സ്ത്രീകൾ പുരുഷൻമാരെപ്പോലെ പെരുമാറുന്നത്, പുരുഷൻ സ്ത്രീയ്ക്ക് അടിമയായി കഴിയുന്നത്, ആ ഗൃഹത്തിൽ ശുഭമുണ്ടാവുകയില്ല. വാക്ദുഷ്ടയും ദുർന്നടത്തയുള്ളവളും കലഹപ്രിയയും ആയുള്ള ഭാര്യ വാഴുന്ന ഗൃഹത്തേക്കാൾ വാഴാൻ ഉത്തമം കൊടുങ്കാടാണ്. അവിടെ ശല്യമൊന്നുമില്ലാതെ കിടന്നുറങ്ങാൻ തണലും ആഹരിക്കാൻ കാട്ടുപഴങ്ങളും കിട്ടുമല്ലോ.

ദുഷ്ടനാരിമാരേക്കാൾ കൂട്ടിനു നല്ലത് ദുഷ്ടമൃഗങ്ങളാണ്.  വ്യാധിയും വിഷവും മറ്റും ഒരു പുരുഷന് ചിലപ്പോൾ ചെറുക്കാനാവും എന്നാൽ ദുഷ്ടത മുറ്റിയ ഒരു സ്ത്രീമുഖത്തെ ചെറുക്കുക എന്നത് അവന് അതീവ ദുഷ്ക്കരമത്രേ. മരിക്കുവോളം സ്ത്രീജിതന് പരിശുദ്ധിയുണ്ടാവുകയില്ല. നിത്യസത്കർമ്മങ്ങളുടെ ഫലം അവനു കിട്ടുകയുമില്ല. അവന് നാണക്കേടും മാനക്കേടും കൊണ്ടു് നരകാനുഭവം  ഭൂമിയിൽത്തന്നെ ലഭിക്കുന്നതാണ്. ദുഷ്കീർത്തിയുള്ളവൻ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടിലാണ് കഴിയുന്നത്.

സപത്നീവാസം ഒരിക്കലും സുഖപ്രദമാവില്ല. ഒരേയൊരു ഭാര്യ മാത്രമുള്ളവനേ സുഖമുള്ളു. ഗംഗേ, നിനക്ക് ശിവസ്ഥാനവും; വാണീ നിനക്ക് ബ്രഹ്മഗേഹവുമാണ് പറഞ്ഞിട്ടുള്ളത്. സുശീലയായ ലക്ഷ്മി എന്റെ കൂടെ വാഴട്ടെ. ശീലവതിയും പതിവ്രതയും സതിയും സുഭഗയുമായ ഭാര്യ കൂടെയുള്ളവനാണ് സുഖം. ധർമ്മവും മോക്ഷവും അവനുള്ളതാണ്. അവൻ മുക്തനും ശുചിയും സുഖിയുമായി വാഴും. ദുഃശീലയായ ഭാര്യയുള്ളവൻ അശുചിയും ദുഖിതനും മൃതോപമനുമാകുന്നു.

Wednesday, February 15, 2017

ദിവസം 227. ശ്രീമദ്‌ ദേവീഭാഗവതം. 9. 5. സരസ്വതീ സ്തോത്രം

ദിവസം 227.  ശ്രീമദ്‌ ദേവീഭാഗവതം. 9. 5. സരസ്വതീ സ്തോത്രം

വാഗ്ദേവതായാ: സ്തവനം ശ്രൂയതാം സർവ്വകാമദം
മഹാമുനിർ യാജ്ഞവല്ക്യോ യേന തുഷ്ടാവ സാ പുരാ
ഗുരു ശാപാച്ച സ മുനിർഹതവിദ്യോ ബഭൂവ ഹ
തദാ ജഗാമ ദു:ഖാർത്തോ രവി സ്ഥാനം സുപുണ്യദം

ശ്രീ നാരായണൻ പറഞ്ഞു: സർവ്വകാമങ്ങളെയും നിവൃത്തിക്കുന്ന വാഗ്ദേവതാ മഹാസ്തോത്രം ഇനി പറഞ്ഞുതരാം. പണ്ട് മഹർഷി യാജ്ഞവല്ക്യൻ വാണീദേവിയെ തപസ്സുചെയ്ത് സംപ്രീതയാക്കി. ഗുരുശാപം നിമിത്തം മഹർഷിയുടെ വിദ്യയെല്ലാം നശിച്ചപ്പോൾ അദ്ദേഹം  പുണ്യപ്രദമായ രവിസ്ഥാനത്ത്  പോയി സൂര്യദേവനെ തപസ്സു ചെയ്തു. ലോലാർക്കകുണ്ഡത്തിൽ വച്ച് സൂര്യൻ അദ്ദേഹത്തിനു പ്രത്യക്ഷനായി. മാമുനിയുടെ ഭക്തിയിൽ സംപ്രീതനായ സൂര്യൻ നഷ്ടപ്പെട്ട വേദവിദ്യകളെല്ലാം അദ്ദേഹത്തെ പഠിപ്പിച്ചു. എന്നിട്ട് “അങ്ങ് ഈ വിദ്യകൾ എപ്പോഴും സ്മൃതിയിൽ തെളിയാനായി വാഗ്ദേവതയെ സ്തുതിക്കുക” എന്ന് ഉപദേശിക്കുകയും ചെയ്തു.  മുനി സൂര്യദേവനെ നമസ്ക്കരിച്ച ശേഷം ദേവിയെ സ്തുതിക്കാൻ തുടങ്ങി.

യാജ്ഞവല്ക്യൻ പറഞ്ഞു: “ജഗദംബികേ, ദേവീ, ഗുരുശാപം കൊണ്ടു് ഓർമ്മ നഷ്ടമായി കരയുന്ന എന്നിൽ കൃപ ചൊരിയണേ. എന്നിൽ പ്രസീദയായി നഷ്ടപ്പെട്ട ജ്ഞാനവും ഓർമശക്തിയും ശിഷ്യഗണങ്ങളും ഗ്രന്ഥരചനയ്ക്കുള്ള പ്രാപ്തിയും എനിക്ക് തിരികെ തന്നാലും. എന്നെയും അവിടുത്തെ ഒരുത്തമ ശിഷ്യനാക്കണം. വിവേകവും കാര്യചിന്തയും വീണ്ടും എന്നിൽ നിറച്ചാലും. സജ്ജനങ്ങളോടു് വേണ്ട രീതിയിൽ സംസാരിക്കാനും ചർച്ചകളിൽ തിളങ്ങാനും എനിക്കു സാധിക്കണം. അമ്മേ, വെറും ചാരത്തിൽ നിന്നും പുതുമുളയുണ്ടാക്കി അതിനെ മരമാക്കി മാറ്റാൻ അവിടുത്തേക്ക് നിഷ്പ്രയാസം സാധിക്കും.

ബ്രഹ്മസ്വരൂപയും പരംജ്യോതിയും സർവ്വവിദ്യാധിദേവിയുമായ അമ്മയെ ഞാനിതാ കുമ്പിടുന്നു. വിസർഗ്ഗം, അക്ഷരം, ബിന്ദു, മാത്ര, എന്നിവയുടെയെല്ലാം ആധാരഭൂതയായ ദേവീ, അവിടുത്തേയ്ക്ക് നമസ്കാരം. വ്യാഖ്യാനസ്വരൂപയായ ദേവി തന്നെയാണ് വ്യാഖ്യാധിഷ്ഠാനരൂപിണി.  വിദ്വാനു പോലും അമ്മയുടെ കൃപ കൂടാതെ എണ്ണാനോ കാലഗണന ചെയ്യാനോ പോലും ആവില്ല. സ്മൃതിശക്തി, ജ്ഞാനശക്തി, ബുദ്ധിശക്തി എന്നിവക്കെല്ലാം ആധാരഭൂതയാണ് ദേവി. ഭ്രമസിദ്ധാന്തങ്ങൾ അമ്മയുടെ അധീനത്തിലാണ് വർത്തിക്കുന്നത്."

ഒരിക്കൽ സനൽക്കുമാരൻ ബ്രഹ്മദേവനോട് ആത്മജ്ഞാനത്തിനായി അഭ്യർത്ഥിച്ചു. പരമവിജ്ഞാനത്തിൽ അത്ര ഉറപ്പില്ലാത്തതുകൊണ്ടു് വിരിഞ്ചൻ ഒന്നും മിണ്ടാതെ നിന്നു. അപ്പോൾ പരംപൊരുളായ ശ്രീകൃഷ്ണൻ അവിടെയെത്തി ബ്രഹ്മാവിനോട് “പ്രജാപതേ അങ്ങ് വാണീദേവിയെ വാഴ്ത്തി ബ്രഹ്മസിദ്ധാന്തം മനസ്സിലാക്കിയാലും.” എന്ന് പറഞ്ഞു.

ശ്രീകൃഷ്ണൻ ഉപദേശിച്ചതുപോലെ ബ്രഹ്മാവ് ദേവിയെ സംപ്രീതയാക്കി. ദേവിയുടെ അനുഗ്രഹത്താൽ ബ്രഹ്മാവ് പുത്രന് ആത്മജ്ഞാനം നൽകി. ഭൂമീദേവി ഒരിക്കൽ ശേഷനോട് ഈ വിധം ജ്ഞാനാഭ്യർത്ഥന നടത്തിയപ്പോള്‍ അനന്തൻ ഏകാത്മകമായ ആത്മജ്ഞാനത്തെ വിവരിക്കാൻ അശക്തനായിരുന്നു. അപ്പോൾ കശ്യപന്റെ ഉപദേശപ്രകാരം ശേഷൻ വാണീദേവിയെ വാഴ്ത്തി പ്രീതിപ്പെടുത്തി. ദേവീവരപ്രസാദത്താൽ സകല മോഹങ്ങളെയും നശിപ്പിക്കുന്ന ജ്ഞാനപ്രകാശം ഭൂമിക്കു നൽകാൻ ശേഷന് കഴിഞ്ഞു.

ഒരിക്കൽ വ്യാസൻ വാല്മീകിയോട് പരമവിജ്ഞാനത്തെക്കുറിച്ച് ചോദിക്കവേ മുനി മൗനമവലംബിച്ചു ദേവീധ്യാനം ചെയ്ത് ജ്ഞാനം പകർന്നു നൽകാനുള്ള ശക്തിയാർജിച്ചു. മോഹനാശകരമായ പരമാർത്ഥം ഗ്രഹിച്ച വ്യാസൻ അങ്ങിനെ പുരാണകർത്താവും വേദം വ്യസിച്ചവനുമായി. പുഷ്ക്കരതീർത്ഥത്തിൽ ഇരുന്നൂറുകൊല്ലക്കാലം തപസ്സിരുന്ന വ്യാസൻ കവി ശ്രേഷ്ഠനായി.

ഒരിക്കൽ ഇന്ദ്രൻ പരമശിവനോടു് ആത്മജ്ഞാനം ഉപദേശിക്കാന്‍ അഭ്യർത്ഥിക്കുകയുണ്ടായി. പരമശിവനും ദേവീസ്മരണ ചെയ്ത് ഇന്ദ്രനുപദേശം നല്കി. ഒരിക്കൽ ഇന്ദ്രൻ ബൃഹസ്പതിയോട് ആത്മജ്ഞാനം ഉപദേശിക്കാൻ യാചിച്ചപ്പോൾ ഗീഷ്പതി ആയിരം കൊല്ലം ദേവിയെ തപസ്സുചെയ്താണ് സ്വയം തന്നിൽ അറിവുണർത്തിയത്. ദേവീ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും നിന്നെ ഇപ്പോഴും ധ്യാനിക്കുന്നു. നിന്നെ മനുക്കളും മനുഷ്യരും മുനിമാരും എന്നും പൂജിക്കുന്നു. ദേവാസുരൻമാരും നരൻമാരും ബ്രഹ്മാദികളുമെല്ലാം നിന്നെ പൂജിക്കുന്നുവെങ്കിലും  ത്രിമൂർത്തികള്‍ക്കും ആയിരം തലയുള്ള അനന്തനും അങ്ങയെ വാഴ്ത്താൻ ശക്തി പോരാ. അപ്പോൾപ്പിന്നെ എന്റെ കാര്യം എന്നു പറയാനാണ്” എന്നു ഭഗവതിയെ വാഴ്ത്തി മുനി താഴെവീണു നമസ്ക്കരിച്ചു.

നിരാഹാരവ്രതത്തോടെ അദ്ദേഹം ധ്യാനനിമഗ്നനായി അവിടെത്തന്നെ നിന്നു. അപ്പോൾ പരമേശ്വരിയായ മഹാമായ യാജ്ഞവല്ക്യന് പ്രത്യക്ഷയായി. “സുകവീന്ദ്രനാകട്ടെ'' എന്ന് ഭഗവതി മുനിക്ക് അനുഗ്രഹം നൽകി.

യാജ്ഞവല്ക്യകൃതമായ ഈ സ്തുതി പഠിക്കുന്നവൻ വാഗ്മിയും കവിയും ബൃഹസ്പതിക്കു തുല്യം ബുദ്ധിമാനുമാകും. ഒരു കൊല്ലക്കാലം  ഈ സ്തുതി നിത്യപാരായണം ചെയ്താൽ മഹാമൂർഖനും ദുർബുദ്ധിയും പോലും പണ്ഡിതനും കവിയുമായി മാറും.

Monday, February 13, 2017

ദിവസം 226. ശ്രീമദ്‌ ദേവീഭാഗവതം. 9. 4. സരസ്വതീ കവചം

ദിവസം 226.  ശ്രീമദ്‌ ദേവീഭാഗവതം. 9. 4. സരസ്വതീ കവചം

ശ്രുതം സർവ്വം മയാ പൂർവ്വം ത്വത്പ്രസാദാത് സുധോപമം
അധുനാ പ്രകൃതീനാം ച വ്യസ്തം വർണയപൂജനം
കസ്യാ: പൂജാ കൃതാ കേന കഥം മർത്യേ പ്രചാരിതാ
കേന വാ പൂജിതാ കാ വാ കേന കാ വാ സ്തുതാ പ്രഭോ

നാരദൻ പറഞ്ഞു: അവിടുത്തെ കൃപയാൽ അമൃതോപമമായ അപൂർവ്വകഥകൾ കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. ഇനി ഓരോരോ ദേവിമാരെ പൂജിക്കേണ്ട വിധിക്രമങ്ങളും എനിക്ക് പറഞ്ഞു തന്നാലും. ഏതെല്ലാം ദേവിമാരെ, എപ്പോൾ ഏതുവിധത്തിലാണ് ഇതിനു മുൻപ് ഈ മർത്യലോകത്ത് പൂജിച്ചത്? അവർ എങ്ങിനെയുള്ള സ്തോത്രങ്ങളാണ് ദേവീസ്തുതിക്കായി ഉപയോഗിച്ചത്? ആ ദേവിമാരെ പ്രീതരാക്കുവാനുള്ള ധ്യാനശ്ലോകങ്ങളും അവയുടെ മാഹാത്മ്യവും അവർ നല്കിയ വരങ്ങളുടെ കഥകളും വിശദമായി പറഞ്ഞാലും.

ശ്രീ നാരായണൻ പറഞ്ഞു: ഗണേശ ജനനിയായ ദുർഗ്ഗ, രാധ, ലക്ഷ്മി, സരസ്വതി, സാവിത്രി, എന്നീ അഞ്ചു ദേവിമാരാണ് മൂലപ്രകൃതിയിലെ പ്രധാന സൃഷ്ടിസ്ഥിതികൾ. ഈ ദേവിമാർക്കുള്ള പൂജാക്രമങ്ങൾ സുപ്രസിദ്ധങ്ങളാണ്. മാഹാത്മ്യമേറിയതും മംഗളകാരിയുമായ അവയുടെ പ്രഭാവം അമൃതതുല്യമത്രേ. ശുഭപ്രദമാണവ. പ്രകൃതിയുടെ അംശകലകളായ ദേവിമാരുടെ ചരിത്രം അങ്ങ് സാവധാനം ശ്രദ്ധിച്ചു കേട്ടാലും. ആ അഞ്ചുദേവിമാരെ കൂടാതെ കാളി, ജാഹ്നവി, ഗംഗാ, ഭൂദേവി, ഷഷ്ഠി, മംഗളചണ്ഡിക, തുളസി, മനസാ, നിദ്രാ, സ്വധാ, സ്വാഹാ, ദക്ഷിണാ എന്നീ ദേവിമാരുടെ ചരിതവും  ജീവകർമ്മവിപാകവും ഞാൻ ചുരുക്കിപ്പറയാം.

അവയിൽ ദുർഗ്ഗയുടെയും രാധയുടെയും ചരിതങ്ങൾ അതിവിസ്തൃതമാകയാൽ അവ പിന്നീട് വിശദമാക്കാം. ആദ്യമായി സരസ്വതീപൂജ നടത്തിയത് സാക്ഷാൽ ശ്രീകൃഷ്ണനാണ്. സരസ്വതിയുടെ പ്രസാദമുണ്ടെങ്കിൽ ഏതു മൂർഖനും പണ്ഡിതനാകാം. കൃഷ്ണപത്നി രാധയുടെ ജിഹ്വാഗ്രത്തിൽ നിന്നും ഉണ്ടായ കാമരൂപിണിയായ സരസ്വതി കൃഷ്ണനെ പതിയായിക്കിട്ടാൻ മോഹിച്ചു. എന്നാൽ ആ സർവ്വലോകമാതാവിന് ഹിതവും സത്യവും പറഞ്ഞുകൊടുത്ത് എന്താണ് ശുഭപ്രദമെന്ന് ഭഗവാന്‍ ഉപദേശിച്ചു.

ശ്രീ കൃഷ്ണൻ പറഞ്ഞു: “ദേവീ അവിടുന്ന് എന്റെതന്നെ അംശമായ ചതുർഭുജനായ നാരായണനെ വരിച്ചാലും. എന്നെ വരിച്ച് ഭർത്താവാക്കി ഇവിടെക്കഴിയാൻ നിനക്കാവില്ല. കാരണം രാധ നിന്നേക്കാൾ സമർത്ഥയാണ്. വാസ്തവത്തിൽ ഞാനും അവളെക്കാൾ ബലവാനല്ല. ഞാൻ സർവ്വേശ്വരനാണെന്നു പറയാമെങ്കിലും രാധ തേജസ്സിലും രൂപഗുണങ്ങളിലും എനിക്കു തുല്യയാണ്. എനിക്ക് പ്രാണനാണവൾ. പ്രാണനെ ആരും ഉപേക്ഷിക്കുകയില്ലല്ലോ. വാസ്തവത്തിൽ സ്വന്തം മക്കൾ പോലും പ്രാണനു സമമാവില്ല.

അപ്പോൾ നിന്നെ ഞാനെങ്ങിനെ ഏറ്റെടുത്ത് രക്ഷിക്കും?  നാരായണൻ കാമിനീകാമത്തെ അറിയുന്നവനും അവരുടെ ഇംഗിതങ്ങൾ സാധിപ്പിക്കുവാൻ സമർത്ഥനുമാണ്. ലീലാലോലനും കോടി കാമദേവൻമാർക്ക് സമനുമാണവൻ. നീ വൈകുണ്ഡത്തിൽ ചെന്ന് മഹാവിഷ്ണുവിനെ പതിയാക്കുക. എന്നിട്ടവിടെ സുഖമായി വാണാലും. തേജസ്സിലും രൂപഗുണത്തിലും വിഷ്ണുപത്നിയായ ലക്ഷ്മീദേവി നിനക്ക് തുല്യയാണ്. അവൾക്ക് കാമം, ക്രോധം, ലോഭം, മോഹം, അഭിമാനം, ഹിംസ എന്നിവയൊന്നുമില്ല. അതു കൊണ്ട് അവളുമായി രമ്യതയിൽ ചിരകാലം ജീവിക്കാം. വിഷ്ണു നിങ്ങൾക്ക് രണ്ടാൾക്കും തുല്യപരിഗണന നല്കുകയും ചെയ്യും.

സുന്ദരീ, വിദ്യാരംഭദിനത്തിലും മാഘശുക്ളപഞ്ചമിയിലും ലോകർ നിന്നെ പൂജിക്കും. മനുഷ്യരും മനുക്കളും ദേവൻമാരും ഗന്ധർവ്വൻമാരും മുനികളും യക്ഷൻമാരും യോഗികളും സിദ്ധരും നാഗങ്ങളുമെല്ലാം സരസ്വതീ പൂജ ചെയ്യും. ഓരോ കല്പങ്ങളും അവസാനിക്കുന്നതുവരെ ഷോഡശാചാരങ്ങളോടെ നിന്നെയവർ പൂജിക്കാൻ ഇടവരട്ടെ. അവർ കണ്വശാഖയിൽ പറഞ്ഞിട്ടുള്ള വിധത്തിൽ നിന്നെ ഘടത്തിലോ ഗ്രന്ഥത്തിലോ ആവാഹിച്ച് പൂജിക്കും. അവർ സ്വർണ്ണംകൊണ്ട് രക്ഷയുണ്ടാക്കി അതിൽ നിന്റെ കവചമെഴുതി വലംകൈയിലോ കഴുത്തിലോ ധരിക്കും. പൂജാവേളയിൽ അവരാ കവചം ജപിക്കുകയും ചെയ്യും.”

ഇത്രയും പറഞ്ഞ് ഭഗവാൻ സ്വയം സരസ്വതീപൂജ ചെയ്തു. പിന്നീട് ബ്രഹ്മാവും വിഷ്ണുവും രുദ്രനും ദേവിയെ പൂജിച്ചു. പിന്നെ ശേഷനും ധർമ്മനും സനകാദികളും ദേവൻമാരും മുനികളും മനുഷ്യരും സരസ്വതിയെ പൂജിച്ചു. അങ്ങിനെയാണ് ലോകത്ത് വാണീപൂജ ആരംഭിച്ചത്.

നാരദൻ പറഞ്ഞു: ‘വാണീ പൂജാവിധികളും ക്രമവും കവചവും എല്ലാം കാതിനിമ്പമുണ്ടാക്കുന്നവയാണ് എന്നതിൽ സംശയമില്ല. ദേവീ പൂജയ്ക്ക് ഉത്തമങ്ങളായ വസ്തുക്കൾ, പുഷ്പങ്ങൾ, നൈവേദ്യങ്ങൾ, ചന്ദനങ്ങൾ എന്നിവയെപ്പറ്റിയെല്ലാം കൂടി എനിക്ക് പറഞ്ഞുതന്നാലും.’

ശ്രീ നാരായണൻ തുടർന്നു: ‘കണ്വശാഖാ സമ്പ്രദായപ്രകാരം ജഗന്മാതാവായ സരസ്വതിയെ പൂജിക്കുന്നവിധം എന്തെന്നു ഞാൻ പറയാം. മാഘമാസത്തിലെ ശുക്ളപഞ്ചമിയിലും വിദ്യാരംഭദിനത്തിലും സരസ്വതീപൂജ ചെയ്യാം. പൂജയുടെ തലേദിവസം സങ്കല്പം ചെയ്ത് ഇന്ദ്രിയ സംയമത്തോടെ ശുദ്ധമനസ്സും ശരീരവും തയ്യാറാക്കി പൂജയ്ക്കായി ഒരുങ്ങണം.

പ്രഭാതത്തിൽ സ്നാനാദികൾക്കുശേഷം ഭക്തിപൂർവ്വം തന്ത്രശാസ്ത്രങ്ങൾക്കനുസരിച്ച് ഒരു കലശം സ്ഥാപിക്കുക. ആദ്യം ഗണേശപൂജ. പിന്നെ ഇഷ്ടദേവതാ ധ്യാനം. തയ്യാറാക്കി വച്ച കലശത്തിൽ ആവാഹനം നടത്തി വ്രതനിഷ്ഠയോടെ ഷോഡശാചാര പൂജ ചെയ്യണം. പുതുവെണ്ണ, തൈര്, പാൽ, മോര്, എള്ളുണ്ട, കരിമ്പ്, കരിമ്പുനീര്, വെല്ലം, കൽക്കണ്ടം, തേൻ, സ്വസ്തികം, ധാന്യാക്ഷതം, അവിൽ, കൊഴുക്കട്ട, നെയ്പൊങ്കൽ, ഗോതമ്പ്മാവ്, യവം, അപ്പം, വാഴപ്പഴം കൊണ്ടുണ്ടാക്കുന്ന അപ്പം, നെയ്പായസം, നാളികേരം, ഇളനീര്, മുത്തങ്ങ, ഇഞ്ചി, വാഴപ്പഴം, കൂവളക്കായ, ഇലന്തക്കായ, കാലദേശോചിതങ്ങളായ മറ്റ് വെളുത്ത പഴങ്ങൾ, എന്നിവയെല്ലാം നിവേദ്യത്തിനുപയോഗിക്കാം.

സുഗന്ധമുള്ള വെള്ളപ്പൂക്കൾ, വെള്ളചന്ദനം, നല്ല വെള്ളക്കോടി വസ്ത്രം, വെൺശംഖ്, വെള്ളപ്പൂമാല, വെള്ള മുത്തുമാല എന്നിവയെല്ലാം പൂജയ്ക്ക് ഉത്തമമത്രേ.

ഇനി വേദത്തിലുള്ള ശ്രുതിസുന്ദരമായ ധ്യാനം എന്തെന്നു നോക്കാം. ദേവിയെ പ്രകീർത്തിക്കുന്ന ആ ധ്യാനസ്തോത്രം അജ്ഞാനനാശകമാണ്. സുസ്മിതയും ശുഭ്രവർണ്ണയും സുമനോഹരിയുമാണ് സരസ്വതി. 'കോടിചന്ദ്രപ്രഭാകാന്തിയുള്ള കോമളവിഗ്രഹേ, ദേവീ, അഗ്നിപോലെ വിശുദ്ധമായ പട്ടുടുത്തവളേ, വീണാപുസ്തകധാരിണീ, ശ്രേഷ്ഠരത്നങ്ങൾ അണിഞ്ഞു പ്രശോഭിതയായി നിലകൊള്ളുന്നവളേ, ബ്രഹ്മാവിഷ്ണുമഹേശ്വരൻമാരാൽ പൂജിതയായവളേ, മുനിമാരാലും മനുക്കളാലും മനുഷ്യരാലും വന്ദിക്കപ്പെടുന്നവളേ, ഞാനിതാ അവിടുത്തെ കാലടികളിൽ നമിക്കുന്നു. ഇങ്ങിനെയുള്ള ധ്യാനത്തോടെ മൂലമന്ത്രസഹിതം എല്ലാമെല്ലാം ദേവിക്കായി സമർപ്പിക്കുക. പിന്നെ കവചം ചൊല്ലി ദണ്ഡനമസ്കാരം ചെയ്യണം.

വാണീദേവി ഇഷ്ടദേവതയായുള്ളവർ മുടങ്ങാതെ നിത്യവും ഈ പൂജ ചെയ്യണം. മറ്റുള്ളവർക്ക്  മാഘപഞ്ചമിക്കും വിദ്യാരംഭത്തിനും ഇതാവാം. വേദോക്തമായ മൂലമന്ത്രം ചൊല്ലാൻ എല്ലാവർക്കും അധികാരമുണ്ടു്. എന്നാൽ ഗുരുക്കന്മാര്‍ മറ്റ് മന്ത്രങ്ങൾ ഉപദേശിച്ചു തന്നിട്ടുണ്ടെങ്കിൽ അതാണ് സാധകൻ മൂലമന്ത്രമായി ഉപയോഗിക്കേണ്ടത്. ഈ പൂജയ്ക്കായി മന്ത്രങ്ങള്‍ മറ്റേണ്ടതില്ല.

“ശ്രീം ഹ്രീം സരസ്വതൈ സ്വാഹാം” എന്നതാണ് സരസ്വതീ മൂലമന്ത്രം. ലക്ഷ്മി, മായാ സരസ്വതി, വഹ്നി എന്നിവർ ചേർന്നതാണ് ഈ മന്ത്രത്തിന്റെ സ്വരൂപം. കൽപവൃക്ഷസമമായ ഈ മന്ത്രം ആദ്യമായി ഉപദേശിച്ചത് പുണ്യനദിയായ ഗംഗാതീരത്തുവച്ച് സാക്ഷാൽ നാരായണൻ വാല്മീകിക്കായാണ്. പുഷ്കരതീർത്ഥത്തിൽ വച്ച് അമാവാസി ദിവസം ഭൃഗുമഹർഷി അത് കലിക്കുപദേശിച്ചു. വെളുത്തവാവിന്റെയന്ന് മരീചിമഹർഷി ദേവഗുരുവായ ബൃഹസ്പതിക്ക് ഈ സരസ്വതീ മന്ത്രം ഉപദേശിച്ചു.  ബദരികാശ്രമത്തിൽ വച്ച് ബ്രഹ്മദേവൻ ഭൃഗുവിന് ഈ മന്ത്രം നൽകി. പാൽക്കടലോരത്ത് വച്ച് ജരത്കാരു ആസ്തീകനു വേണ്ടിയും, സുമേരുവിൽ വച്ച് വിഭാണ്ഡകൻ ഋശ്യശൃംഗനുവേണ്ടിയും ഈ മന്ത്രം ഉപദേശിച്ചു. ശിവൻ കണാദനും സൂര്യൻ യാജ്ഞവല്ക്യനും കാത്യായനനും ഈ മന്ത്രം നല്‍കി. സുതലത്തിൽ മഹാബലിയുടെ സന്നിധിയിൽ വച്ച് ശേഷൻ ശാകടായനും പാണിനിക്കും ഭരദ്വാജനും ഈ മന്ത്രം നല്കി. ഈ മന്ത്രം നാലുലക്ഷം തവണ ആവർത്തിച്ചു ജപിച്ചാൽ മന്ത്രസിദ്ധിയുണ്ടാവും. അത് സാധകനെ ബൃഹസ്പതിക്ക് തുല്യനാക്കും.

ഇനി ഗന്ധമാദനത്തിൽ വച്ച് ബ്രഹ്മാവ് ഭൃഗുവിനായി ഉപദേശിച്ച വിശ്വജയം എന്ന കവചം കേട്ടാലും.

ഭൃഗു ചോദിച്ചു: “അല്ലയോ ബ്രഹ്മാവേ, ബ്രഹ്മജ്ഞരിൽ ശ്രേഷ്ഠനായുള്ള ഭഗവാനേ, സർവ്വജ്ഞ, സർവ്വേശ, സർവ്വപൂജിതനേ, സർവ്വോത്കൃഷ്ടങ്ങളായ അനേകം മന്ത്രങ്ങൾ കോർത്തിണക്കിയ വിശ്വജയമെന്ന സരസ്വതീകവചം എനിക്കായി ഉപദേശിച്ചാലും.”

ബ്രഹ്മാവ് പറഞ്ഞു: “സർവ്വകാമങ്ങളെയും നിവൃത്തിക്കുന്ന ശ്രുതിസാരവും ശ്രുതിമുഖവുമായ സരസ്വതീകവചം ശ്രുതികളിൽ ഏറ്റവും ഉത്തമമാണ്. ശ്രുത്യുക്തവും ശ്രുതിപൂജിതവുമാണത്. രാസേശ്വരനായ ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിലെ രാസമണ്ഡലത്തിൽ വച്ച് എനിക്കുപദേശിച്ച ഈ രക്ഷാകവചം അതിരഹസ്യവും കല്പപാദമെന്നപോലെ പവിത്രവുമാണ്. അത്യദ്ഭുതമന്ത്രങ്ങൾ അടങ്ങിയ ഈ കവചം ധരിച്ചാണ് ശുക്രൻ അസുരൻമാരുടെ ഗൂരുവായത്, ബൃഹസ്പതി ബുദ്ധിമാനായത്, വാല്മീകി കവീന്ദ്രനായത്, സ്വായംഭുവമനു സർവ്വപൂജിതനായത്. ഈ കവചം ധരിച്ചാണ് ശാകടായനൻ, കണാദൻ, ദക്ഷൻ, പാണിനി, ഗൗതമൻ, കാത്യായനൻ, കണ്വൻ, എന്നിവർ ഗ്രന്ഥരചനയ്ക്ക് സമർത്ഥരായത്. വേദവ്യാസൻ ഒരു ലീല പോലെ അനായാസം വേദങ്ങളെ വിഭജിച്ചതും വ്യാഖ്യാനിച്ചതും വാണീകവചസിദ്ധിയാലാണ്.

ശതാതപൻ, യാജ്ഞവൽക്യൻ, സംവർത്തൻ, വസിഷ്ഠൻ, പരാശരൻ, എന്നിവരെല്ലാം ഈ മന്ത്രത്തിന്റെ സിദ്ധിയാലാണ് ദിവ്യഗ്രന്ഥങ്ങൾ രചിച്ചത്. ഋശ്യശൃംഗൻ, ഭരദ്വാജൻ, ജൈഗീഷവ്യൻ, യയാതി,ആസ്തികന്‍, ദേവലൻ മുതലായവർക്ക് കീർത്തിയുണ്ടായത് ഈ കവചത്തിനാലാണ്. ഈ കവചത്തിന്റെ ഋഷി സാക്ഷാൽ പ്രജാപതിയും, ഛന്ദസ്സ് ബൃഹതിയും, ദേവത ശാരദാംബികയുമാണ്.  സർവ്വസിദ്ധികൾ ഉണ്ടാകാനും കവിത്വം ലഭിക്കാനും ഈ കവചം അതിവിശേഷമാണ്,

‘ശ്രീം ഹ്രീം മായാ’ ബീജസ്വരൂപിണിയായ സരസ്വതീദേവി എന്റെ ശിരസ്സിനെയും
‘ശ്രീ’ സ്വരൂപിണിയായ വാഗ്ദേവത എന്റെ ഫാലദേശത്തെയും രക്ഷിക്കട്ടെ.

‘ശ്രീം ഹ്രീം’ സ്വരൂപിണിയായ സരസ്വതീദേവി എന്റെ കാതുകളെ സംരക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ സ്വാഹാദേവി എന്റെ കണ്ണുകളെ രക്ഷിക്കട്ടെ.

‘ഐം ഹ്രീം’ സ്വരൂപിണിയായ വാഗ്വാദിനി എന്റെ നാസികകളെ കാത്താലും.
‘ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാസ്വരൂപിണി എന്റെ ഓഷ്ഠപുടങ്ങളെ സംരക്ഷിക്കട്ടെ.

‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ബ്രാഹ്മീദേവി എന്റെ പല്ലുകൾക്ക് സംരക്ഷയേകട്ടെ. ‘ഐം’ എന്ന ഏകാക്ഷര മന്ത്രം എന്റെ കണ്ഠത്തെ കാക്കട്ടെ.

‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ലക്ഷ്മീദേവി എന്റെ കഴുത്തും ചുമലും രക്ഷിക്കട്ടെ. ‘ഓം ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാതൃദേവത എന്റെ വക്ഷസ്സിനെ കാക്കട്ടെ.

‘ഓം’ സ്വരൂപിണിയായ വിദ്യാധിരൂപിണി സ്വാഹാദേവി എന്റെ നാഭിയെ രക്ഷിക്കട്ടെ. ‘ഓം ഹ്രീം ക്ളീം’ സ്വരൂപിണിയായ വാണീദേവി എന്റെ കൈളെ രക്ഷിക്കട്ടെ.

‘ഓം’ സർവ്വവർണാത്മികേ ദേവീ എന്റെ കാലുകളെ സംരക്ഷിച്ചാലും.
‘ഓം’കാരസ്വരൂപിണീ വാഗധിഷ്ഠാദേവീ, എല്ലാം എപ്പോഴും രക്ഷിച്ചാലും.

‘ഓം’ സ്വരൂപിണിയായി എല്ലാ കണ്ഠങ്ങളിലും കുടികൊള്ളുന്ന ദേവി എന്റെ കിഴക്കു ഭാഗവും സർവ്വജിഹ്വകളിലും  ‘ഓം’കാരരൂപിണിയായി നിലകൊള്ളുന്ന ദേവി എന്റെ അഗ്നികോണും സംരക്ഷിക്കട്ടെ.

‘ഓം ഐം ഹ്രീം ക്ളീം സരസ്വത്യൈ ബുധജനന്യൈ സ്വാഹാ’ എന്ന മന്ത്രം എന്റെ തെക്കുവശത്ത് എനിക്ക് രക്ഷയേകട്ടെ.

‘ഓം ഹ്രീം ശ്രീം’ എന്ന ത്രൈക്ഷരം എന്റെ തെക്കുപടിഞ്ഞാറ് ദിക്കിലും
‘ഓം ഐം’ സ്വരൂപിണിയായി നാവിൻതുമ്പിൽ വിളങ്ങുന്ന ദേവി എന്റെ പശ്ചിമ ദിക്കിലും രക്ഷയായിരിക്കട്ടെ.

‘ഓം’ സ്വരൂപിണിയായ സർവ്വാംബികാദേവി വായുകോണിലും ഗദ്യവാസിനിയായ ദേവി വടക്കുവശത്തും എനിക്ക് രക്ഷയായിരിക്കട്ടെ.

‘ഐം’കാര സ്വരൂപിണിയായ സർവ്വശാസ്ത്രവാസിനി ഈശാനകോണിലും
‘ഓം ഹ്രീം’ സ്വരൂപിണിയായ സർവ്വപൂജിത മുകളിലും എനിക്ക് രക്ഷയാകട്ടെ.

‘ഹ്രീം’ സ്വരൂപിണിയായ പുസ്തകവാസിനി കീഴ്ഭാഗത്തിനും ഓങ്കാരരൂപിണിയായ ഗ്രന്ഥബീജസ്വരൂപ എല്ലാടവും എനിക്ക് രക്ഷയാകട്ടെ.

ബ്രഹ്മസ്വരൂപം തന്നെയായ സരസ്വതീകവചം  അനേകം ബ്രഹ്മമന്ത്രങ്ങളുടെ കീർത്തിസ്വരൂപമാണ്. വിശ്വജയം എന്നുമിതിനു പേരുണ്ടു്. ഗന്ധമാദനത്തിൽ വെച്ച് ധർമ്മന്റെയടുക്കൽ നിന്നും നേരിട്ടുകേട്ട ഈ ദിവ്യമന്ത്രം അങ്ങയോടുള്ള പ്രിയംമൂലം ഞാന്‍ പറഞ്ഞു തന്നതാണ്. മറ്റാര്‍ക്കും ഇത് പറഞ്ഞ് കൊടുക്കരുത്.

ആചാര്യനെ വസ്ത്രാലങ്കാരങ്ങൾ നല്കി സന്തുഷ്ടനാക്കി നമസ്ക്കരിച്ചശേഷം മാത്രമേ ഈ കവചം ധരിക്കാവൂ. അഞ്ചുലക്ഷംതവണ ജപിച്ചാൽ ഈ കവചം സാധകനു സിദ്ധമാകും. അത് ഒരുവനെ ബൃഹസ്പതിക്ക് തുല്യനാക്കും. അവൻ കവിയും വാഗ്മിയും ത്രൈലോക്യ വിജയിയുമാകും.  ഇതിനാല്‍ സകലനേട്ടങ്ങളും അവനു സ്വായത്തമാക്കാം. കണ്വശാഖയിലെ സുപ്രധാനമായ ഒരു കവചമാണിത്.

ഇനി സ്തോത്രപൂജാവിധാനങ്ങളെപ്പറ്റിയും ധ്യാനവന്ദനരീതികളും വിവരിക്കാം.

Saturday, February 11, 2017

ദിവസം 225. ശ്രീമദ്‌ ദേവീഭാഗവതം. 9. 3. ദേവതാസൃഷ്ടി

ദിവസം 225.  ശ്രീമദ്‌ ദേവീഭാഗവതം. 9. 3. ദേവതാസൃഷ്ടി

അഥ ഡിംഭേ ജലേ തിഷ്ഠൻ യാവദ്വൈ ബ്രഹ്മണോ വയ:
തതഃ സ കാലേ സഹസാ ദ്വിധാഭൂതാ ബഭൂവ ഹ
തന്മദ്ധ്യേ ശിശുരേകശ്ച ശതകോടിരവി പ്രഭ:
ക്ഷണം രോരൂയമാണശ്ച സ്തനാന്ധ: പീഡിത: ക്ഷുധാ

ശ്രീ നാരായണൻ തുടർന്നു: ഒരു ബ്രഹ്മായുസ്സ് കാലം ആ ഡിംഭം ജലത്തിൽ കിടന്നു. അത് കാലമായപ്പോൾ രണ്ടായിപ്പിളർന്നു. പിളർന്ന മാംസപിണ്ഡത്തിനു നടുക്കായി സൂര്യകോടി പ്രഭയോലുന്ന ഒരു ശിശു കിടക്കുന്നുണ്ടായിരുന്നു. മുലകുടിക്കാനുള്ള വിശപ്പോടെ ആ ശിശു ഉച്ചത്തിൽ കരഞ്ഞു. അച്ഛനമ്മമാർ ജലത്തിൽ ഉപേക്ഷിച്ച ആ കുഞ്ഞ് സ്വയം ബ്രഹ്മാണ്ഡകോടികളുടെ അധിപനാണെങ്കിലും തന്നെ രക്ഷിക്കാനാരുണ്ടു് എന്ന മട്ടിൽ മേല്പ്പോട്ടു നോക്കി.

മഹാവിരാട്ട് എന്നു പേരുള്ള ആ കുമാരൻ സ്ഥൂലഭാവത്തിൽ അതിബൃഹത്തും സൂക്ഷ്മ ഭാവത്തിൽ അണുസമാനനുമത്രേ. പരമാത്മാവായ ശ്രീകൃഷ്ണന്റെ ശക്തിയുടെ പതിനാറിൽ ഒരംശം ഈ കുമാരനായി അവതരിച്ചിരിക്കുന്നു. ജഗത്തിന്റെ ആധാരമായ വിഷ്ണുവും മൂലപ്രകൃതി സംഭൂതനുമാണ് ഈ കുമാരകൻ. ഇവന്റെയോരോ രോമകൂപങ്ങളിലും എണ്ണമറ്റ ബ്രഹ്മാണ്ഡങ്ങൾ നിലകൊള്ളുന്നു. അവയുടെ എണ്ണം സാക്ഷാൽ ശ്രീകൃഷ്ണനു പോലും എണ്ണി തിട്ടപ്പെടുത്താൻ ആവില്ല.

ഭൂമിയിലെ പൊടിപടലങ്ങളെ നമുക്ക് എണ്ണിയെടുക്കാൻ കഴിഞ്ഞേക്കാം എന്നാൽ ബ്രഹ്മാണ്ഡങ്ങൾ എത്രയെന്നു കണക്കാക്കുക അസാദ്ധ്യം. ഇവ ബ്രഹ്മലോകം മുതൽ പാതാളം വരെ വ്യാപരിച്ചു കിടക്കുന്നു. ഇവ ഓരോന്നിലും വെവ്വേറെ ബ്രഹ്മാവിഷ്ണു ശിവൻമാർ ഉണ്ടു്. അതുകൊണ്ടു് ആ ത്രിമൂർത്തികളുടെ എണ്ണവും തീർച്ചപ്പെടുത്താൻ കഴിയില്ല.

ബ്രഹ്മാണ്ഡങ്ങൾക്ക് ഏറ്റവും മുകളിലുള്ള വൈകുണ്ഡം ഈ ബ്രഹ്മാണ്ഡങ്ങളിൽ പെട്ടതല്ല. അതിനും മുകളിലാണ് അൻപതുകോടിയോജന വിസ്തൃതിയുള്ള ഗോലോകം. ഗോലോകം ശ്രീകൃഷ്ണനെപ്പോലെ നിത്യവും സനാതനവുമാണ്. ഭൂമിയിൽ ഏഴ് സമുദ്രങ്ങളും ദ്വീപുകളുമുണ്ട്. നാൽപ്പത്തിയൊൻപത് ഉപദ്വീപുകൾ കൂടാതെ അസംഖ്യം വനങ്ങളും പർവ്വതങ്ങളും ഇവിടെയുണ്ട്. ഭൂമിക്ക് മുകളിൽ ബ്രഹ്മലോകം ഉൾപ്പടെയുള്ള ഏഴ് സ്വർലോകങ്ങൾ. അതിനു കീഴെ പാതാളം വരെയുള്ള ഏഴ് അധോലോകങ്ങൾ. ഇവയെല്ലാം ചേർന്നാണ് ഒരു ബ്രഹ്മാണ്ഡം.

ഭൂമിക്ക് മുകളിൽ ഭുവർലോകം. അതിനു മുകളിൽ സ്വർലോകം പിന്നെ ക്രമത്തിൽ ജനലോകം, തപോലോകം, സത്യലോകം, ഒടുവിൽ ബ്രഹ്മലോകം. ചുട്ടുപഴുത്ത തങ്കത്തിന്റെ ശോഭയാണവിടെ എപ്പോഴും പ്രഭാസിക്കുന്നത്. എന്നാല്‍ ബ്രഹ്മാണ്ഡം അനിത്യമാണ്. വെറും നീർക്കുമിളകൾ പോലെയാണവ. അതിന്റെ അകവും പുറവുമെല്ലാം കൃത്രിമമാണ്. നിത്യവും നിജവുമായി വൈകുണ്ഡവും ഗോലോകവും മാത്രമേയുള്ളു.

വിരാട്ടിന്റെ രോമകൂപങ്ങൾ തോറും വിരാജിക്കുന്ന ബ്രഹ്മാണ്ഡങ്ങൾ എത്രയെന്നാർക്ക് എണ്ണിത്തീർക്കാൻ കഴിയും? ഓരോ ബ്രഹ്മാണ്ഡത്തിനും ബ്രഹ്മാവിഷ്ണു ശിവൻമാരും അവരുടെ പാർഷൻമാരുമുണ്ട്. ഓരോ ബ്രഹ്മാണ്ഡത്തിലും മുപ്പതു കോടി ദേവൻമാരുണ്ട്. അതുപോലെ ദിക്പാലകരും ഗ്രഹങ്ങളും നക്ഷത്രങ്ങളും അനവധിയുണ്ട്.

ഭൂമിയിൽ നാലുവർണ്ണത്തിലാണ് ജനങ്ങള്‍ ഉള്ളത്. താഴെ സർപ്പങ്ങളും അനേകം ചരാചരങ്ങളായ പ്രാണികളും ഉണ്ടു്. എന്നാൽ ഡിംഭം പിളർന്നവിടെ മുകളിലേക്ക് നോക്കിക്കിടന്ന ശിശു ഒന്നും തന്നെ കണ്ടില്ല. ബ്രഹ്മാണ്ഡങ്ങള്‍ ശൂന്യമായിരുന്നു. താനല്ലാതെ മറ്റൊന്നും അവിടെയില്ല. ചിന്താർത്തനായി വിശപ്പോടെ അവൻ കരഞ്ഞു. പെട്ടെന്നവനിൽ ജ്ഞാനമങ്കുരിച്ചു. അവനിൽ ശ്രീകൃഷ്ണസ്മരണ ഉണർന്നു. സനാതനമായ ബ്രഹ്മതേജസ് അവനു മുന്നിൽ പ്രത്യക്ഷനായി. കാർമേഘവർണ്ണൻ മഞ്ഞപ്പട്ടുടയാട ചാർത്തി കൈയിൽ ഓടക്കുഴലുമേന്തി പുഞ്ചിരിയോടെ നിന്നു. സ്വപിതാവിനെ കണ്ട് ആ ശിശു പുഞ്ചിരിച്ചു.

വരേശനായ ഭഗവാന്‍ അവനപ്പോൾ ഉചിതമായ വരങ്ങൾ നൽകി അനുഗ്രഹിച്ചു. 'കുഞ്ഞേ നീയെനിക്ക് തുല്യനായിത്തീരും. വിശപ്പും ദാഹവും നിന്നെ അലട്ടുകയില്ല. പ്രളയം വരുവോളം ബ്രഹ്മാണ്ഡങ്ങൾക്ക് എല്ലാം ആശ്രയമായി നീ നിഷ്കാമനും നിർഭയനുമായി വർത്തിക്കുക. ജരാമരണരോഗാദി ശോകങ്ങൾ നിന്നെ അലട്ടുകയില്ല.' കുഞ്ഞിന്റെ ചെവിയിൽ ഭഗവാന്‍ 'ഓം കൃഷ്ണായ സ്വാഹാ' എന്ന മന്ത്രം മൂന്നുവട്ടം ഉപദേശിച്ചു കൊടുത്തു. ഓങ്കാരം, കൃഷ്ണ ശബദം, വഹ്നിപത്നിയെ സ്മരിക്കുന്ന ‘സ്വാഹാ’ എന്നിവ ചേർന്നതാണീ സർവ്വവിഘ്നനിവാരകമായ ഷഡക്ഷരമന്ത്രം.

ഭഗവാൻ ശിശുവിനുള്ള ആഹാരവും നിർദ്ദേശിച്ചു. വൈഷ്ണവഭക്തർ നിവേദിക്കുന്ന വസ്തുക്കളിൽ പതിനാറിൽ ഒരംശം വിഷ്ണുവിനും ബാക്കി പതിനഞ്ചുഭാഗം മുഴുവൻ ഇവനുമുള്ളതാണ്. നിർഗ്ഗുണന്നും നിരാകാരനുമായ ഭഗവാന് നൈവേദ്യം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ശ്രീകൃഷ്ണനായി നൽകുന്ന നിവേദ്യമൊക്കെ ലക്ഷ്മീമണാളനായ വിരാട്ടാണ് ഭുജിക്കുക.

ഇനിയെന്തുവരമാണ് വേണ്ടതെന്ന് കൃഷ്ണൻ ചോദിച്ചപ്പോൾ കുമാരൻ ഇങ്ങിനെ പറഞ്ഞു: “എന്റെ ആയുസ്സ് എത്രതന്നെ ചെറുതാണെങ്കിലും എത്രത്തോളം വലുതാണെങ്കിലും അക്കാലമത്രയും എന്‍റെയുള്ളില്‍ അങ്ങയുടെ പദകമലങ്ങളിൽ ഭക്തിയുണ്ടാവണം എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. നിന്നിൽ ഭക്തിയുള്ളവൻ ജീവൻമുക്തനാണ്. എന്നാല്‍ ഭക്തിരഹിതൻ ജീവിച്ചിരിക്കിലും മൃതസമാനനത്രേ. കൃഷ്ണഭക്തിയില്ലാത്തവന് ജപം, തപസ്സ്, ദീർഘായുസ്സ്, യജ്ഞം, പൂജ, വ്രതം, ഉപവാസം, തീർത്ഥാടനം, എന്നിവകൊണ്ടൊന്നും യാതൊരു  ഫലമുണ്ടാവുകയില്ല. ആത്മാവിനെക്കുറിച്ച് അവനറിയുന്നില്ല. ദേഹത്ത് ആത്മാവുള്ളപ്പോൾ മാത്രമേ അതിനു ശക്തിയുടെ പിൻബലമുള്ളു. ആത്മാവ് വിട്ടുപോകുമ്പോൾ ശക്തി സർവ്വസ്വതന്ത്രയാകുന്നു. പരമാത്മാവ് അങ്ങുതന്നെയെന്ന് ഞാനറിയുന്നു. സർവ്വപ്രാണികൾക്കും ആത്മസ്വരൂപിയായി വർത്തിക്കുന്ന അവിടുന്ന് സനാതനബ്രഹ്മജ്യോതിസ്സ് തന്നെയാണ്.”

കുമാരന്റെ സ്തുതി കേട്ട് ഭഗവാൻ മധുരസ്വരത്തിൽ ഇങ്ങിനെ പറഞ്ഞു: “എന്നെപ്പോലെ നീയും ചിരകാലം ജീവിച്ചാലും. എത്ര ബ്രഹ്മാക്കൾ ഇല്ലാതായാലും നിനക്ക് നാശമുണ്ടാവുകയില്ല. ഓരോരോ വിശ്വത്തിലും വിരാട്ടായി വാഴുന്ന നിന്റെ നാഭീകമലത്തിൽ നിന്നും ബ്രഹ്മാവ് സൃഷ്ടികർമത്തിനു തയ്യാറായി ഉണ്ടായി വരും. ബ്രഹ്മാവിന്റെ നെറ്റിത്തടത്തിൽ നിന്നും പതിനൊന്നു രുദ്രൻമാരും പുറത്തുവരും. അവരാണ് സംഹാരശക്തികളായി വിരാജിക്കുക. വിശ്വത്തെ രക്ഷിക്കാനായി രുദ്രാംശസംഭവനായി വിഷ്ണുവും ജനിക്കും.

എന്നിൽ നിനക്ക് സദാ ഭക്തിയുണ്ടാവാൻ നിന്നെ ഞാൻ അനുഗ്രഹിക്കുന്നു. നിനക്ക് ധ്യാനാവസ്ഥയിൽ എന്റെ ദർശനവും ലഭിക്കും. എന്റെ വക്ഷസ്ഥലത്താണ് നിന്റെ മാതാവിന്റെ സ്ഥാനം. ആ കോമളാംഗിയും നിനക്ക് ദർശനം നൽകും. ഇപ്പോൾ ഞാൻ ഇവിടെ നിന്നു പോകുന്നു. നിനക്ക് മംഗളം ഭവിക്കട്ടെ.

ഇങ്ങിനെ അനുഗ്രഹം നൽകി മടങ്ങിയ ഭഗവാൻ ഗോലോകത്ത് ചെന്ന് സൃഷ്ടികർമ്മം ചെയ്യാൻ ബ്രഹ്മാവിനെയും സംഹാരത്തിനു തയ്യാറാവാൻ ശിവനെയും ആഹ്വാനം ചെയ്തു. “വിരാട്ടിന്റെ രോമകൂപങ്ങളിൽ നിന്നും ഉദ്ഭൂതരാകുന്ന അംശവിരാട്ടുകളുടെ  നാഭികളില്‍ ഓരോ താമരകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. വിധാതാവേ, അങ്ങവയില്‍  വന്നു ജനിച്ചാലും. മഹാദേവാ അങ്ങ് പത്മസംഭവനായ ബ്രഹ്മാവിന്റെ ഫാലത്തിൽ കുടികൊണ്ട് ദീർഘതപസ്സാരംഭിക്കുക.”

ബ്രഹ്മാവും ശിവനും ഭഗവാനെ നമസ്കരിച്ചു വിടവാങ്ങി. ബ്രഹ്മാണ്ഡഗോളത്തിലുള്ള മഹാവിരാട്ടിന്റെ രോമകൂപങ്ങളിൽ നിന്നും ക്ഷുദ്രവിരാട്ടുകള്‍ ഉദ്ഭൂതരായി. ഓരോ രോമകൂപത്തിലും വിരാട്ടിലെ ഒരംശം ശ്യാമവർണ്ണനായ വിശ്വവ്യാപിയായി ജലതൽപ്പത്തിൽ ശയിക്കവേ അതിന്റെ പൊക്കിൾക്കൊടിയിൽ നിന്നും ബ്രഹ്മാവ് അവതരിച്ചു. ലക്ഷംയുഗത്തോളം കാലം ബ്രഹ്മാവ് ആ പത്മനാളത്തിന്റെ അറ്റം കണ്ടു പിടിക്കാനായി ശ്രമിച്ചു. എന്നിട്ടും അതിന്റെ അറ്റം കണ്ടെത്താൻ ബ്രഹ്മാവിന് കഴിഞ്ഞില്ല. ചിന്താകുലനായ ബ്രഹ്മാവ് ഭഗവാനെ ധ്യാനിച്ചു. കൃഷ്ണധ്യാനനിമഗ്നനായ ബ്രഹ്മദേവന് ദിവ്യദൃഷ്ടിയാൽ ബ്രഹ്മാണ്ഡഗോളത്തിൽ കിടക്കുന്ന ക്ഷുദ്രവിരാട്ടിനെ കാണാൻ സാധിച്ചു.

ജലശായിയായ ഭഗവാന്റെ രോമകൂപങ്ങളിൽ ഓരോന്നിലും ഓരോ ബ്രഹ്മാണ്ഡങ്ങളും ശ്രീകൃഷ്ണൻ ഗോപീഗോപൻമാരുമൊത്ത് വാഴുന്ന ഗോലോകവും ബ്രഹ്മാവ് കണ്ടു. അദ്ദേഹം ഭഗവാനെ സ്തുതിച്ച് അനുഗ്രഹം നേടി വരലാഭത്തോടെ സൃഷ്ടി ആരംഭിച്ചു. ആദ്യം ബ്രഹ്മാവിനുണ്ടായത് മാനസപുത്രൻമാരായ സനകാദികളാണ്. പിന്നീടു് ശിവാംശമായി പതിനൊന്ന് രുദ്രൻമാരും ജനിച്ചു. വിരാട്ടിന്റെ ഇടതുഭാഗത്ത് സംരക്ഷകനായ വിഷ്ണു അവതരിച്ചു. നാലുകരങ്ങളുള്ള വിഷ്ണു ശ്വേതദ്വീപിലാണ് വസിക്കുന്നത്.

അവിടെയാ പൊക്കിൾത്താമരയിൽ ഇരുന്നുകൊണ്ടു് ബ്രഹ്മാവ് സ്വർഗ്ഗനരകങ്ങളും ഭൂമിയും സൃഷ്ടിച്ചതു കൂടാതെ അവിടങ്ങളിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ചു വിന്യസിച്ചു. വിരാട്ടിന്റെ ഓരോ രോമകൂപങ്ങളിലും ഓരോരോ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടു്. അവയ്ക്കോരോന്നിനും ഓരോ അംശവിരാട്ടും ബ്രഹ്മാവിഷ്ണുരുദ്രൻമാരും ഉണ്ടു്.

നാരദരേ, മോക്ഷദായകമായ ശ്രീകൃഷ്ണമംഗളകീർത്തനം  കേട്ടുവല്ലോ. ഇനിയും എന്താണറിയേണ്ടത്?