Devi

Devi

Saturday, October 7, 2017

ദിവസം 280 ശ്രീമദ്‌ ദേവീഭാഗവതം. 10-8 . മനുവർണ്ണനം

ദിവസം 280  ശ്രീമദ്‌ ദേവീഭാഗവതം. 10-8 .  മനുവർണ്ണനം

ആദ്യോ മന്വന്തര: പ്രോക്തോ ഭവതാ ചായമുത്തമ:
അന്യേഷാമുദ്ഭവം ബ്രൂഹി മനൂനാം ദിവ്യ തേജസാം
ഏവമാദ്യസ്യ ചോത്പത്തിം ശ്രുത്വാ സ്വായം ഭൂവസ്യ ഹി
അന്യേഷാം ക്രമശസ്തേഷാം സംഭൂതിം പരിപൃച്ഛതി

സൂതൻ പറഞ്ഞു: ദിവ്യതേജസ്വികളായ മറ്റ് മനുക്കളുടെ കഥകളും കേൾക്കണമെന്ന ആഗ്രഹം ദേവീതത്വവിശാരദനായ നാരദൻ ശ്രീനാരായണനെ ഉണർത്തിച്ചു.

ശ്രീ നാരായണൻ പറഞ്ഞു: ആദ്യമനുവായ സ്വായംഭുവമനു ദേവിയെ സംപ്രീതയാക്കി ശത്രുക്കളേതുമില്ലാത്ത രാജ്യത്തിന് അവകാശിയായിത്തീർന്ന കഥ നേരത്തേ പറഞ്ഞുവല്ലോ. ആ മനുവിന് ഉത്താനപാദൻ, സത്യവ്രതൻ എന്നിങ്ങിനെ രണ്ടു മക്കളുണ്ടായി. അതിപ്രതാപവാന്മാരും ബലവാന്മാരുമായിരുന്നു ഈ രാജാക്കന്മാർ.

രണ്ടാമത്തെ മനുവിന്റെ പേര് സ്വാരോചിഷൻ. അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി  അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ  മുക്തിയടഞ്ഞു.

മൂന്നാമത്തെ മനു പ്രിയവ്രതപുത്രനായ ഉത്തമനായിരുന്നു. ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു.

നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു.

അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം  മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു.

No comments:

Post a Comment