Devi

Devi

Sunday, April 30, 2017

ദിവസം 249. ശ്രീമദ്‌ ദേവീഭാഗവതം. 9- 27. സാവിത്രീ ഭർത്തൃഹരണം

ദിവസം 249.  ശ്രീമദ്‌ ദേവീഭാഗവതം. 9-  27. സാവിത്രീ ഭർത്തൃഹരണം

സ്തുത്വാfനേന സോfശ്വപതി: സമ്പൂജ്യ വിധിപൂർവ്വകം
ദദർശ തത്ര താം ദേവീം സഹസ്രാർക്ക സമപ്രഭാം
ഉവാച സാ ച രാജാനാം പ്രസന്നാ സ സ്മിതാ സതീ
യഥാ മാതാ സ്വപുത്രം ച ദ്യോതയന്തീ ദിശസ്ത്വിഷാ 

ശ്രീ നാരായണൻ പറഞ്ഞു: ഞാൻ പറഞ്ഞു തന്നതായ ഈ സ്തോത്രം ജപിച്ച് അശ്വപതി രാജാവ് ആയിരം സൂര്യൻമാർ ഉദിച്ചാലുള്ളത്ര തേജസ്സോടെ വിളങ്ങുന്ന ദേവിയെ പ്രത്യക്ഷയാക്കി. നാനാ ദിക്കും തന്റെ തേജസ്സിന്റെ ശോഭയാൽ പ്രകാശമാനമാക്കി ദേവി അമ്മ മകനെയെന്നപോലെ രാജാവിനെ നോക്കി പുഞ്ചിരി തൂകി.

സാവിത്രീ ദേവി പറഞ്ഞു: ‘അങ്ങയുടെ അഭീഷ്ടവും രാജ്ഞിയുടെ ആഗ്രഹവും ഞാനറിയുന്നു. അവ നിറവേറാൻ ഞാനിതാ നിങ്ങളെ അനുഗ്രഹിക്കുന്നു. അങ്ങൊരു പുത്രനെയും രാജ്ഞിയൊരു പുത്രിയേയുമാണ് ആഗ്രഹിക്കുന്നത്. രണ്ടഭിലാഷങ്ങളും  യഥാകാലം പൂർത്തീകരിക്കപ്പെടും. 

ആദ്യം അവർക്കുണ്ടായത് ഒരു കന്യകയാണ്. സാവിത്രീപൂജയുടെ ഫലമായി സാക്ഷാൽ ലക്ഷ്മീദേവിയേപ്പോലുള്ള ഒരു കുമാരി പിറന്ന സന്തോഷത്തിൽ രാജാവവൾക്ക് സാവിത്രി എന്ന പേരു തന്നെ നല്കി. ശുക്ളപക്ഷത്തിൽ ചന്ദ്രക്കല അഭിവൃദ്ധമാകുന്നതുപോലെ രാജകുമാരി വളർന്നു വന്നു. രൂപയൗവനസമ്പന്നയായ സാവിത്രി ദ്യൂമസേന പുത്രനായ സത്യവാനെ ഭർത്താവായി സ്വീകരിച്ചു. സത്യവാൻ വധുവിനെയും കൂട്ടി സ്വന്തം ഗ്രഹത്തിലെത്തി സുഖമായി ഒരു വർഷം കഴിഞ്ഞു.

ഒരു ദിവസം തന്റെ പിതാവിന്റെ ആവശ്യപ്രകാരം ഫലമൂലാദികൾ ശേഖരിക്കാനായി സത്യവാന്‍ കാട്ടിൽപ്പോയി. സാവിത്രിയും സത്യവാന്റെ കൂടെ കാട്ടിലേക്ക് പോയിരുന്നു. അവിടെയൊരു മരക്കൊമ്പിൽ നിന്നും താഴെവീണ സത്യവാൻ ക്ഷണത്തിൽ മരണമടഞ്ഞു. യമൻ കുമാരനെ വിരൽ വലുപ്പത്തിലാക്കി കൂട്ടിക്കൊണ്ടു പോവുന്നത് സാവിത്രി കണ്ടു. കുമാരി യമന്റെ പിന്നാലെ ചെന്നു. തന്റെ പിന്നാലെ വരുന്ന രാജകുമാരിയെക്കണ്ട് യമരാജൻ മധുരസ്വരത്തിൽ ചോദിച്ചു: 

‘അല്ലയോ ദേവീ, സാവിത്രീ, ഈ മനുഷ്യശരീരം വച്ച് നീയെങ്ങോട്ടാണ് വരുന്നത്? ഭർത്താവിനൊപ്പം വരാനാണുദ്ദേശമെങ്കിൽ നിന്റെയീ ശരീരം ഉപേക്ഷിക്കേണ്ടി വരും. പഞ്ചഭൂതനിർമ്മിതവും നശ്വരവുമായ ഈ ദേഹത്തിന് എന്റെ ലോകത്ത് പ്രവേശനമില്ല. നിന്റെ കാന്തന്റെ ആയുസ്സ് തീർന്നിരിക്കുന്നു. അദ്ദേഹം സ്വാർജ്ജിതമായ കർമ്മഫലമനുഭവിക്കാൻ എന്റെ ലോകത്തേക്ക് വരികയാണിപ്പോൾ. ജീവൻ ഓരോ ദേഹവും സ്വീകരിക്കുന്നത് സ്വകർമ്മഫലമനുസരിച്ചാണ്.  ഇന്ദ്രനാവുന്നതും ബ്രഹ്മപുത്രനായി ജനിക്കുന്നതും ഇനിയൊരു ജന്മം ആവശ്യമില്ലാത്ത ഒരു വിഷ്ണുപുത്രനായി ജനിക്കുന്നതും കർമ്മഫലം മൂലമാണ്. സിദ്ധികൾ ആർജിക്കുന്നതും അമരത്വം ഭവിക്കുന്നതും കർമ്മഫലത്താലാണ്. വിഷ്ണുസാലോക്യം, നൃപത്വം, മനുത്വം, നിർജ്ജരത്വം, ഗണേശത്വം,ശിവത്വം മുനീന്ദ്രത്വം, തപസ്വിത്വം, ക്ഷത്രിയത്വം, വൈശ്യത്വം, മ്ലേച്ഛത്വം, എന്നിവയെല്ലാം ലഭിക്കുന്നത് കർമ്മഫലത്തിനാലാണ്. കർമ്മത്താൽത്തന്നെ ജംഗമത്വവും, പർവ്വതത്വവും ലഭിക്കുന്നു. വൃക്ഷത്വം, രാക്ഷസത്വം, കിന്നരത്വം, ആധിപത്യം, എന്നു വേണ്ട പശുജന്മം, കാട്ടിലെ ജീവിതം, ശൂദ്രജന്മം, കൃമി ജമം, ക്ഷുദ്രജന്മം, ദൈത്യ-ദാനവ-ആസുര ജന്മങ്ങൾ, എന്നിവയ്ക്കെല്ലാം ഹേതു കർമ്മം തന്നെയാണ്. 

ഇങ്ങിനെ യമരാജൻ സാവിത്രിയോട് കർമഫലത്തെക്കുറിച്ച് പറഞ്ഞു നിർത്തി.

Saturday, April 29, 2017

ദിവസം 248. ശ്രീമദ്‌ ദേവീഭാഗവതം 9- 26. സാവിത്രീ ധ്യാന പൂജാദി

ദിവസം 248.  ശ്രീമദ്‌ ദേവീഭാഗവതം 9-  26. സാവിത്രീ ധ്യാന പൂജാദി

തുളസ്യൂപാഖ്യാനമിദം ശ്രുതം ചാതി സുധോപമം
തത: സാമ്പത്ര്യൂപാഖ്യാനം തന്മേ വ്യാഖ്യാതുമർഹസി
പുരാ കേന സമുദ്ഭൂതാ സാശ്രുതാ ച ശ്രുതേ: പ്രസൂ:
കേന വാ പൂജിതാ ലോകേ പ്രഥമേ കൈശ്ച വാ പരേ

നാരദൻ പറഞ്ഞു: ‘അമൃതോപമമായ തുളസീചരിതം അങ്ങെനിക്കു പറഞ്ഞുതന്നു. ഇനി സാവിത്രീചരിതം കൂടി കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. പ്രഖ്യാതയും വേദമാതാവുമായ ആ അമ്മയുടെ ഉദ്ഭവം എങ്ങിനെയാണ്? ആരാണവളെ ആദ്യമായി പൂജിച്ചത്? പിന്നീട് പൂജിച്ചവർ ആരൊക്കെയാണെന്നും അറിയാൻ ആഗ്രഹമുണ്ട്.’

ശ്രീ നാരായണൻ പറഞ്ഞു: ‘ബ്രഹ്മാവാണ് വേദമാതാവിനെ ആദ്യം പൂജിച്ചത്. അതെത്തുടർന്ന് ദേവൻമാരും വിശ്വജ്ജനങ്ങളും ആ വിശ്വവന്ദ്യയെ പൂജിച്ചു. ഭാരതവർഷത്തിലെ അശ്വപതി എന്ന രാജാവ് ദേവിയെ പൂജിക്കുകയുണ്ടായി. കൂടെ നാനാവർണ്ണത്തിലുള്ളവരും ദേവീപൂജകൾ ചെയ്തുവന്നു.’

ആരാണീ അശ്വപതിരാജാവെന്നുള്ള ചോദ്യത്തിനുത്തരമായി ശ്രീ നാരായണൻ തുടർന്നു: ‘മഹർഷേ, മാദ്രദേശത്തെ രാജാവായിരുന്നു അശ്വപതി. അദ്ദേഹം ശത്രുക്കൾക്ക് ഒരു പേടിസ്വപ്നവും മിത്രങ്ങൾക്ക് സുഖദായകനുമായിരുന്നു. അദ്ദേഹത്തിന്റെ പത്നി മാലതി വലിയ ധർമ്മിഷ്ഠയും ലക്ഷ്മീദേവിയെപ്പോലെ വിശ്രുതയുമായിരുന്നു. എന്നാൽ രാജ്ഞി വന്ധ്യയായിരുന്നു. വസിഷ്ഠമുനിയുടെ ഉപദേശപ്രകാരം അവൾ സാവിത്രീദേവിയെ പൂജിച്ചുപാസിച്ചു. അതു പക്ഷേ ഫലപ്രദമായില്ല. ദേവീദർശനമോ വരമോ കിട്ടാതെ രാജ്ഞി വിലപിച്ചുകൊണ്ട് തപസ്സു മതിയാക്കി കൊട്ടാരത്തിലേക്ക് മടങ്ങി.

തന്റെ രാജ്ഞിയുടെ സങ്കടം കണ്ട രാജാവ് അവളെ ആശ്വസിപ്പിച്ച ശേഷം സ്വയം തപസ്സു ചെയ്യാൻ പുഷ്ക്കരത്തിലേക്ക് പോയി. രാജാവ് നൂറുവർഷം അവിടെ തപസ്സു ചെയ്തിട്ടും സാവിത്രീദേവി പ്രത്യക്ഷയായില്ല. എങ്കിലും ദേവിയിൽ നിന്നും ഒരശരീരി കേട്ടു. 'നീ പത്തുലക്ഷം തവണ ഗായത്രീമന്ത്രം ഉരുക്കഴിക്കുക.'  അപ്പോളവിടെ പരാശരമഹർഷി ആഗതനായി ഗായത്രീമന്ത്രത്തിന്റെ മഹിമകൾ രാജാവിനെ കേൾപ്പിച്ചു.

“ഗായത്രി ഒരാവർത്തി ജപിക്കുന്നതുമൂലം പകൽ ചെയ്ത പാപങ്ങൾ ഇല്ലാതാകും. പത്താവർത്തി ജപിച്ചാൽ ഒരു രാപകൽ ചെയ്ത പാപങ്ങളും നൂറാവർത്തി ജപിച്ചാൽ ഒരു മാസം ആർജ്ജിച്ച പാപങ്ങളും ആയിരം തവണയാണെങ്കിൽ ഒരു വർഷം ചെയ്ത പാപങ്ങളും ഒരു ലക്ഷമാണെങ്കിൽ ഒരു ജന്മത്തിലെ മുഴുവൻപാപങ്ങളും പത്തു ലക്ഷം തവണ ജപിച്ചാൽ അന്യജന്മപാപങ്ങളും നൂറു ലക്ഷം തവണ ജപിച്ചാൽ സർവ്വജന്മപാപങ്ങളും ഇല്ലാതാകും. ഒരു കോടി ഗായത്രി ജപിച്ചാൽ ബ്രാഹ്മണന് മോക്ഷം കിട്ടും.

കരമാലാ ജപക്രമമനുസരിച്ച് വലതുകൈവിരലുകൾ വിടവില്ലാതെ പാമ്പിൽ പത്തി പോലെ വിടർത്തി നെഞ്ചിൽ ചേർത്തുവയ്ച് വിരലുകളുടെ അറ്റം വളച്ച് അനങ്ങാതെ കിഴക്കോട്ട് അഭിമുഖമായിരുന്ന് വേണം ഗായത്രി ജപിക്കാൻ. മോതിരവിരലിന്റെ അഗ്രം മുതൽ വലം വയ്ക്കുന്ന ക്രമത്തിന് ചൂണ്ടുവിരലിന്റെ താഴേ അറ്റം വരെയുള്ള രേഖകൾ തൊട്ടെണ്ണിയോ അതല്ലെങ്കിൽ പളുങ്കുമാലയിലെ മുത്തുകൾ, വെൺ താമരക്കുരുമാല എന്നിവയും എണ്ണം പിടിക്കാൻ ഉപയോഗിക്കാം. ക്ഷേത്രനടയിലും തീർത്ഥങ്ങളിലും വച്ച് ഗായത്രി ജപിക്കാം. ജപമാല ഭക്തിപൂർവ്വം അരയാലിന്റെ ഇലയിലോ താമരയിലയിലോ വേണം വയ്ക്കാൻ. ജപമാല ഗോരോചനം കൊണ്ട് അഭിഷേകം ചെയ്ത് നൂറുതവണ ഗായത്രി ജപിക്കുക. പഞ്ചഗവ്യവും ജപമാലാ ശുദ്ധീകരണത്തിനുപയോഗിക്കാം. ഗംഗാജലവും ഉത്തമമത്രേ. ഇങ്ങിനെ ആചാരപൂർവ്വം പത്തുലക്ഷം തവണ ഗായത്രി ജപിച്ചാൽ രാജാവേ, സാവിത്രീദേവി അങ്ങേയ്ക്ക് മുന്നിൽ പ്രത്യക്ഷയാവും, തീർച്ച.

ദിവസവും മൂന്നുനേരം സന്ധ്യാവന്ദനം മുടക്കരുത്. സന്ധ്യാവന്ദന ശുദ്ധിയില്ലാത്തവൻ സകല കർമ്മങ്ങൾക്കും അയോഗ്യനാണ്. അവന്റെ കർമ്മങ്ങൾ നിഷ്ഫലമാവുന്നു. രാവിലെയും വൈകുന്നേരവും സന്ധ്യാവന്ദനം ചെയ്യാത്ത ബ്രാഹ്മണനെ ശൂദ്രനു തുല്യനായി കണക്കാക്കണം. മൂന്നു സന്ധ്യകളും മുടക്കാതെ ആചരിക്കുന്നവൻ സൂര്യതേജസ്സോടെ ശോഭിക്കുന്നു. അങ്ങിനെയുള്ളവൻ ചവിട്ടുന്ന മണ്ണ് പവിത്രമായിത്തീരുന്നു. അവൻ ചെല്ലുന്ന തീർത്ഥങ്ങൾ ശുദ്ധിയാർജ്ജിക്കുന്നു. ഗരുഡന്റെ മുന്നിൽ പാമ്പെന്നപോലെ അവനിലെ പാപങ്ങൾ ഒഴിയുന്നു.

ത്രിസന്ധ്യയനുക്ഷ്ഠിക്കാത്ത ബ്രാഹ്മണൻ ചെയ്യുന്ന തർപ്പണം പിതൃക്കളും ദേവതകളും സ്വീകരിക്കുകയില്ല. മൂലപ്രകൃതിയെ യജിക്കാത്തവനും ദേവിയുടെ ഉത്സവം കൊണ്ടാടാത്തവനും വിഷമില്ലാത്ത ഒരു പെരുമ്പാമ്പെന്നപോലെ ഒന്നിനും കൊള്ളാത്തവനാണ്. അതുപോലെയാണ് വിഷ്ണുപൂജ ചെയ്യാത്ത, ഏകാദശീവ്രതമില്ലാത്ത ബ്രാഹ്മണൻ. ഭഗവാനു നിവേദിക്കാതെ ഭക്ഷണം കഴിക്കുന്നവനും, തുണിയലക്കുന്നവനും കാളപ്പുറത്തു സഞ്ചരിക്കുന്നവനും ശൂദ്രാന്നഭോജിയും ശൂദ്രന്റെ ശവദാഹം നടത്തുന്നവനും ദാസീകാന്തനും ശൂദ്രവലലനും ആയ ബ്രാഹ്മണനും പെരുമ്പാമ്പിനു തുല്യനാണ്. അതുപോലെയാണ് ശൂദ്രനോട് പ്രതിഫലം വാങ്ങി യാഗം ചെയ്യുന്നവൻ. മഷിനോട്ടം, ഭടന്റെ വേല, കന്യാവാണിഭം, ഹരിനാമവാണിഭം എന്നിവ ചെയ്യുന്നവരും വിഷമില്ലാത്ത പാമ്പുകളെപ്പോലെയാണ്. പലിശയ്ക്ക് പണം കടം കൊടുക്കുന്നവനും വിദ്യയെ വിറ്റു ജീവിക്കുന്നവനും ദാസികളെ പ്രാപിക്കുന്നവനും ഇക്കൂട്ടത്തിൽപ്പെടും. സൂര്യോദയസമയത്ത് കിടക്കയിൽത്തന്നെ കിടക്കുന്നവനും മത്സ്യം തിന്നുന്നവനും ശിവാർച്ചന ചെയ്യാത്തവനും പെരുമ്പാമ്പിന്റെതുപോലുള്ള നിഷ്ഫലജന്മം നയിക്കുന്നവരത്രേ.”

പരാശരമുനിയുടെ ഉപദേശപ്രകാരം രാജാവ് വിധിയാംവണ്ണം പൂജയും ധ്യാനവും അനുഷ്ഠിച്ചു. അദ്ദേഹം  ഗായത്രീമന്ത്രം ജപിച്ച് സാവിത്രീ ദേവിയെ പ്രത്യക്ഷയാക്കി അഭീഷ്ടവരം നേടി.

നാരദൻ പറഞ്ഞു: ‘ഭഗവൻ, സാവിത്രീ ധ്യാനം എങ്ങിനെയാണ്?അതുപോലെ ദേവിയെ പൂജിക്കേണ്ട വിധം എന്താണ്?ഏതു മന്ത്രമാണ് മഹർഷി രാജാവിന് ഉപദേശിച്ചത്? എന്താണാ ഗൂഢവും ശ്രുതിപ്രതിപാദിതവുമായ പൂജാപദ്ധതി?’

ശ്രീ നാരായണൻ പറഞ്ഞു: ജ്യേഷ്ഠമാസത്തിലെ കൃഷ്ണത്രയോദശിയിലും ശുക്ളചതുർദ്ദശിയിലും ശുദ്ധനായി വ്രതമെടുക്കാം. ഇങ്ങിനെ പതിന്നാലുകൊല്ലം മുടങ്ങാതെ പതിന്നാലുവിധം ഫലങ്ങളും പൂക്കളും ധൂപങ്ങളും തയ്യാറാക്കി വേണം വ്രതമാചരിക്കാൻ. വസ്ത്രം, പൂണൂൽ, ഭോജനം, നൈവേദ്യം, ഫലങ്ങൾ, ഇലകൾ എന്നിവയെല്ലാം ഒരുക്കി വച്ച ഒരു കലശം തയ്യാറാക്കി ഗണേശന്‍, ദിനേശന്‍, അഗ്നി, ശിവന്‍, വിഷ്ണു, ദേവി എന്നിവരെ പൂജിച്ച ശേഷം സാവിത്രീ ദേവിയെ ആവാഹിച്ച് ഘടപൂജ ചെയ്യണം.

മാധ്യം ദിനം എന്നു പേരായ വേദശാഖയിൽ പറഞ്ഞിട്ടുള്ള സാവിത്രീധ്യാനം, സ്തോത്രം എന്നിവയാണ് ഇനി പറയാൻ പോകുന്നത്.

ആയിരം സൂര്യൻമാർ നട്ടുച്ചയ്ക്ക് ജ്വലിച്ചുനില്ക്കുന്നതു പോലെ ബ്രഹ്മതേജസ്സോടെ സ്വർണ്ണകാന്തിയോലുന്ന ദേവി രത്നാഭരണങ്ങളും തങ്കനിറമുള്ള ചേലയും തൂമന്ദഹാസവും അണിഞ്ഞ് ഭക്താനുഗ്രഹവ്യഗ്രതയോടെ നിലകൊള്ളുന്നു. സുഖസമ്പത്തും മുക്തിയും നല്കുന്നവളും ജഗദ്വിധാതാവിന്റെ പത്നിയും വേദാദിഷ്ഠാനദേവതയും വേദശാസ്ത്രസ്വരൂപിണിയും പ്രണവാത്മികയും വേദമാതാവുമായ അമ്മയെ ഞാൻ വണങ്ങുന്നു. ഇങ്ങിനെ ധ്യാനിച്ചശേഷം നിവേദ്യം സമർപ്പിച്ച് കലശത്തിൽ ദേവിയെ ആവാഹിക്കണം. ആസനം, പാദ്യം, അർഘ്യം, സ്നാനീയം, അനുലേപേനം, ധൂപം,ദീപം, നൈവേദ്യം, താംബൂലം, ശീതളജലം, വസ്ത്രം, ആഭരണം, മാല്യം, ഗന്ധം, ആചമനീയം, ശയ്യ, എന്നിങ്ങിനെ പതിനാറ് ഉപചാരങ്ങൾ ദേവിക്കായി സമർപ്പിക്കുക.

സ്വർണ്ണത്തിലോ ചന്ദനത്തിലോ നിർമ്മിച്ച ഒരാസനം ദേവാരാധനക്ക് വിശിഷ്ടമാണ്. അത്തരം ഒരാസനം അവിടേക്കായി ഞാനിതാ അർപ്പിക്കുന്നു. പുണ്യപ്രദവും പ്രീതിദായകവുമായ പാദ്യം, ഞാനിതാ അവിടത്തേയ്ക്കായി അർപ്പിക്കുന്നു. ഇളം കറുകയും ചന്ദനവും  കലർത്തി സുഗന്ധമേറ്റിയ ജലം അവിടുത്തെ സ്നാനത്തിനായി ഞാനിതാ അർപ്പിക്കുന്നു. അവിടേക്കുവേണ്ടി തയ്യാറാക്കിയ സുഗന്ധതൈലവും ഞാനിതാ അർപ്പിക്കുന്നു. പ്രത്യേകം കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ സൗരഭ്യമിശ്രിതലേപനം ഞാനിതാ സമർപ്പിക്കുന്നു. ഗന്ധദ്രവ്യങ്ങൾ ചേർത്തൊരുക്കിയ സുഗന്ധതോയം ഞാനിതാ ആചമനീയമായി അർപ്പിക്കുന്നു. സർവ്വമംഗളദായകവും പുണ്യപ്രദവുമായ ധൂപമിതാ സുഖസന്ദോഹവർദ്ധാർത്ഥം ഞാൻ സമർപ്പിക്കുന്നു. സ്വദീപ്തിയാൽ ലോകത്തെ പ്രകാശിപ്പിക്കുന്ന ഈ ദീപം, അമ്മേ അവിടുന്ന് സ്വീകരിച്ചാലും. അന്ധകാരത്തെ അകറ്റി ലോകത്തെ പ്രദീപ്തമാക്കുന്ന ഈ ദീപത്തെ ഞാനർപ്പിക്കട്ടെ. തുഷ്ടിയും പുഷ്ടിയും നല്കി വിശപ്പടക്കാൻ അമ്മയ്ക്കായി ഞാനർപ്പിക്കുന്ന ഈ നൈവേദ്യം സ്വീകരിച്ചാലും. ശീതളജലം ദാഹവിനാശകമാണ്. ജഗത്തിന്റെ ജീവാധാരമായ ഈ തണുത്ത ജലം അമ്മേ അവിടുന്ന് സ്വീകരിച്ചാലും. ദേഹത്തിന്റെ കാന്തി വർദ്ധിപ്പിക്കുന്ന പരുത്തിവസ്ത്രവും പട്ടുവസ്ത്രവും ഞാനിതാ അമ്മയ്ക്കായി സമർപ്പിക്കുന്നു. പുണ്യവും ഐശ്വര്യവും നൽകുന്നതും  സ്വർണ്ണവും രത്നവും വേണ്ടപോലെ ചേർത്തൊരുക്കിയതുമായ ആഭരണങ്ങളും ഞാനിതാ അമ്മയ്ക്ക് സമർപ്പിക്കുന്നു.

പല വൃക്ഷങ്ങളിൽ ഉണ്ടാവുന്ന ഫലവർഗ്ഗങ്ങളും അമ്മയ്ക്കായി ഞാൻ ഒരുക്കിയിട്ടുണ്ട്. ഞാനമ്മയ്ക്ക് ചാർത്തുന്ന നാനാപുഷ്പങ്ങൾ കോർത്തൊരുക്കിയ ഈ പൂമാല അമ്മയുടെ കാൽപ്പാദമെത്തുന്നത്ര നീളമുള്ളതാണ്.  അത്യന്തം സുഗന്ധപൂരിതമായ ഈ ചന്ദനക്കുറിക്കൂട്ട് അമ്മയ്ക്കായി തയ്യാറാക്കിയതാണ്. അത് നെറ്റിമേലണിയുന്നത് അമ്മയുടെ ലലാടശോഭയെ ഇനിയുമിനിയും പ്രോജ്വലത്താക്കും. അലങ്കാരങ്ങളിൽ അതിത്രേഷ്ഠമായ യജ്ഞോപവീതം ബ്രഹ്മസമ്പൂതമാണ്. ബ്രഹ്മമുടിക്കെട്ടുള്ള പൂണൂൽ ഞാനിതാ യജ്ഞസൂത്രമായി അമ്മക്ക് നല്കുന്നു.’ ഇനി വിപ്രദക്ഷിണ നല്കി ദേവീസ്തുതി ചെയ്യാം.

ഇങ്ങിനെ ഉപചാരപൂർവ്വം സമർപ്പണങ്ങൾ ചെയ്ത് തെളിഞ്ഞ മനസ്സോടെ, ഭക്തിയോടെ . മൂലമന്ത്രസഹിതം സാവിത്രീദേവിയെ സ്തുതിക്കണം. 'ശ്രീം  ഹ്രീം ഐം സാവിത്ര്യൈ  സ്വാഹാ' എന്നതാണ് മന്ത്രം. മാധ്യംദിന പ്രകാരമുള്ള സാവിത്രീ സ്തോത്രം സർവ്വ കാമങ്ങളെയും സാധിപ്പിക്കുന്നതാണ്. ബ്രാഹ്മണരുടെ ജീവശ്വരൂപമാണിത്. അതിനു പിന്നിലെ കഥയും ഞാൻ പറയാം.

പണ്ട് ഗോലോകത്ത് വച്ച് ശ്രീകൃഷ്ണൻ സാവിത്രിയെ ബ്രഹ്മാവിനു നല്കി. എന്നാൽ അവൾ സത്യലോകത്തേക്ക്  പോകാൻ കൂട്ടാക്കിയില്ല. അപ്പോൾ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവ് ദേവിയെ സ്തുതിച്ച് പ്രീതയാക്കി. അങ്ങിനെ ദേവി ബ്രഹ്മാവിനെ വരിച്ചു.

ബ്രഹ്മദേവൻ ഇങ്ങിനെ സ്തുതിച്ചു: “സച്ചിദാനന്ദരൂപയായ നീ മൂലപ്രകൃതിയാണ്. ഹിരണ്യഗർഭയായ ദേവീ എന്നിൽ സംപ്രീതയായാലും. ഹേ പരമാനന്ദരൂപിണീ, പരമതേജസ്വരൂപിണീ, ഭൂദേവവർഗ്ഗസ്വരൂപേ, പ്രസാദിച്ചാലും. നിത്യയും നിത്യപ്രിയയും നിത്യാനന്ദസ്വരൂപിണിയും സർവ്വമംഗളസ്വരൂപയുമായ ദേവീ കനിഞ്ഞാലും. സർവ്വസ്വരൂപേ, വിപ്രമന്ത്രസാരേ, സുഖദേ, മോക്ഷദേ, പരാത്പരേ, പാപനിവാരിണീ, ബ്രഹ്മതേജപ്രഭേ, ദേവീ, പ്രസീതയായാലും. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ ചെയ്യുന്ന പാപങ്ങൾ നിന്നെ സ്മരിക്കുന്ന മാത്രയിൽ ഇല്ലാതാകുന്നു.”

ഇങ്ങിനെ ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ട സാവിത്രീദേവി ബ്രഹ്മലോകത്തേക്ക് പോകാൻ തയ്യാറായി. ഇതേ സ്തുതിയാണ് അശ്വപതി രാജാവിന് സാവിത്രീ ദേവിയുടെ ദർശനവും അനുഗ്രഹവും നേടിക്കൊടുത്തത്. അതീവ പുണ്യപ്രദമായ ഈ സ്തോത്രം സന്ധ്യാവന്ദനശേഷം നിത്യവും ചൊല്ലുന്നവന് നാലു വേദങ്ങളും ചൊല്ലുന്നതിന്റെ ഫലം ലഭിക്കും.

ദിവസം 247. ശ്രീമദ്‌ ദേവീഭാഗവതം. 9. 25. തുളസ്യൂപാഖ്യാനം

ദിവസം 247.  ശ്രീമദ്‌ ദേവീഭാഗവതം. 9.  25.  തുളസ്യൂപാഖ്യാനം

തുളസീ ച യദാ പൂജ്യാ കൃതാ നാരായണപ്രിയാ
അസ്യാ: പൂജാവിധാനം ച സ്തോത്രം ച വദ സാമ്പ്രതം
കേന പൂജാ കൃതാ കേന സ്തുതാ പ്രഥമതോ മുനേ
തത്ര പൂജ്യാ സാ ബഭുവ കേന വാ വദ മാമഹോ

നാരദൻ പറഞ്ഞു: ഹരിപ്രിയയായ തുളസി എപ്പോഴാണ് സമ്പൂജ്യമാനയായത്? അവളെ പൂജിക്കേണ്ട വിധവും സ്തോത്രവും അങ്ങെനിക്കു പറഞ്ഞു തന്നാലും. ആരാണവളെ അങ്ങിനെ ആദ്യമായി പൂജിച്ചത്? അവൾ എങ്ങിനെയാണ് സമ്പൂജ്യയായിത്തീർന്നതെന്നും പറയൂ.

ശ്രീ നാരദന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരായണൻ തുളസീദേവിയുടെ പുണ്യകഥ വിവരിച്ചു.

ശ്രീഹരി തുളസിയെ ലക്ഷ്മീദേവിക്കു സമം പരിഗണിച്ച് അവളുമൊത്ത് രമിക്കുകയും അവളെ പൂജിക്കുകയും ചെയ്തുവന്നു. ഗംഗയും രമയും തങ്ങളുടെ കാന്തൻ പുതിയൊരു നാരിയുമായി രമിക്കുന്നതു കണ്ടിട്ടും അത് സഹിക്കുകയുണ്ടായി.എന്നാൽ സരസ്വതീദേവിക്ക് തുളസീദേവിയുമായി ഭഗവാൻ നടത്തുന്ന പുതുസംഗമം സഹിക്കാനായില്ല. കോപിഷ്ഠയായ അവൾ ഭഗവാന്റെ മുന്നിൽവച്ച് തുളസീദേവിയെ ശകാരിച്ചു. അവളുമായി ശണ്ഠകൂടി, നല്ല അടിയും കൊടുത്തു. അപമാനഭാരത്താൽ തുളസീദേവി അവിടെനിന്നും പെട്ടെന്ന് മറഞ്ഞു കളഞ്ഞു.

യോഗസിദ്ധിയുണ്ടായിരുന്ന തുളസീദേവി മഹാവിഷ്ണവിനുപോലും അദൃശ്യയായി. ദേവിയെ കാണാഞ്ഞ് വാഗ്‌ദേവതയോട് പറഞ്ഞിട്ട് ഭഗവാൻ തുളസീവനത്തിലേക്ക് പോയി. അവിടെച്ചെന്ന് കുളിച്ചു ശുദ്ധനായി തുളസീദേവിയെ ധ്യാനിച്ച് പൂജിച്ചു. ഭക്തിപൂർവ്വം ഭഗവാൻ ദേവിയെ സ്തുതിച്ചു. ലക്ഷ്മീബീജമായ ശ്രീ, മായാബീജമായ ഹ്രീം, കാമബീജമായ ക്ലീം, വാണീബീജമായ ഐം, എന്നീ അക്ഷരങ്ങളോടെ പന്ത്രണ്ടക്ഷരമുള്ള 'ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ' എന്നതാണ്  തുളസീമന്ത്രം. കൽപവൃക്ഷസമമാണ് ഈ മന്ത്രമെന്ന് പ്രസിദ്ധമത്രേ. സാധകർക്ക് സകലസിദ്ധികളും നല്കുന്ന മന്ത്രമാണിത്.

ഭഗവാൻ തുളസീമന്ത്രം ഉരുക്കഴിച്ച് ചന്ദനം, നെയ് വിളക്ക്, നൈവേദ്യം, പുഷ്പമാല്യം എന്നിവ കൊണ്ട് ദേവിയെ പൂജിച്ചു. പൂജയാൽ പ്രസന്നയായ തുളസീദേവി ഭഗവാനു മുന്നിൽ തുളസീവൃക്ഷത്തിൽ നിന്നും പുറത്തുവന്ന് പ്രത്യക്ഷയായി. അവൾ ഭഗവാനെ നമസ്ക്കരിച്ചു. ഭഗവാൻ "നീ സർവ്വപൂജിതയായിത്തീരട്ടെ" എന്ന് അവളെ അനുഗ്രഹിച്ചു. 'ഞാനെന്നും നിന്നെ എന്റെ മാറിലും തലയിലും ചൂടുന്നതാണ്. എന്നെ പിൻതുടർന്ന് ദേവൻമാരും നിന്നെ ശിരസ്സിൽ ധരിക്കും' . ഭഗവാൻ ദേവിയുമൊത്ത് സ്വധാമം പൂകി.

നാരദൻ പറഞ്ഞു: പ്രഭോ, തുളസീദേവിയെ ധ്യാനിക്കേണ്ടതെങ്ങിനെയെന്നും അതിനുള്ള സ്തവങ്ങൾ ഏവയെന്നും പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ തുടർന്നു: തുളസീദേവിയുടെ വിരഹത്തിൽ ദുഖിതനായ ഭഗവാൻ വൃന്ദാവനത്തിൽ ചെന്ന് ദേവിയെ ഇങ്ങിനെയാണ് സ്തുതിച്ചത്:

ഭഗവാൻ പറഞ്ഞു: വൃക്ഷങ്ങൾ കൂട്ടമായി നില്ക്കുമ്പോൾ അവയെ വൃന്ദ എന്നാണ് പറയുന്നത്. ‘വൃന്ദ’യെന്നു മഹാൻമാർ പ്രകീർത്തിക്കുന്ന എന്റെ പ്രിയയെ ഞാനിതാ വണങ്ങുന്നു.

വൃന്ദാവനത്തിൽ ആദ്യമായുണ്ടായ ‘വൃന്ദാവനി’ എന്ന് പ്രസിദ്ധയായ ദേവിയെ ഞാൻ വണങ്ങുന്നു.

അസംഖ്യം വിശ്വങ്ങളിൽ പൂജിതയായ ‘വിശ്വപൂജ്യയെ’ ഞാൻ വന്ദിക്കുന്നു.

അസംഖ്യം വിശ്വങ്ങളെ പവിത്രീകരിക്കുന്ന ‘വിശ്വപാവനി’യായ ദേവിയെ വിരഹാർത്തനായ ഞാൻ കൈകൂപ്പി വണങ്ങുന്നു.

മറ്റ് പുഷ്പങ്ങൾ എന്തെല്ലാമുണ്ടെങ്കിലും ഏതു പൂജാപുഷ്പമില്ലാഞ്ഞാലാണ് ദേവൻമാർ ഖിന്നരാവുന്നത് ആ ‘പുഷ്പസാര’യെ ഞാൻ വന്ദിക്കുന്നു. നിന്നെ കാണാൻ എന്‍റെ മനസ്സ് വേവലാതിപ്പെടുന്നു.

ലഭ്യമാക്കിയാൽ ഭക്തർക്ക് ആനന്ദമേകുന്ന പൂവാണ് തുളസി. ‘നന്ദിനി’ എന്നു വിഖ്യാതയായ ദേവി സുപ്രസീതയാവട്ടെ.

വിശ്വത്തിൽ തുലനം ചെയ്യാൻ ആരുമില്ലാത്ത ദേവിയാണ് ‘തുളസി’ എന്ന പേരിൽ വിഖ്യാതയായത്. അങ്ങിനെയുള്ള ദേവി എനിക്ക് പ്രാണപ്രിയയാണ്.

കൃഷ്ണപ്രാണനും കൃഷ്ണപ്രാണേശ്വരിയും ആയതിനാൽ ‘കൃഷ്ണജീവനി’ എന്നു  പ്രസിദ്ധയായ ദേവി എന്റെ പ്രാണങ്ങളെ തുണയ്ക്കട്ടെ.

ഇങ്ങിനെ ഭഗവാൻ ദേവിയെ വാഴ്ത്തി സ്തുതിക്കവേ തന്റെ പാദത്തിൽ നമസ്കരിക്കുന്ന തുളസീ ദേവിയെ ഭഗവാൻ കണ്ടു. അപമാനഭാരത്താൽ കരഞ്ഞു തളർന്ന ദേവിയെ ഭഗവാൻ മാറോടണച്ചു. വാണിയോട് പറഞ്ഞു സമ്മതിപ്പിച്ച് ഭഗവാൻ തുളസിയെ സ്വധാമത്തിലേക്ക് കൊണ്ടുപോയി. സരസ്വതിയുമായി തുളസി വീണ്ടും ഇണങ്ങി.

'സർവ്വസംപൂജ്യയായി നിന്നെ എല്ലാവരും തലയിൽ ചൂടും. എനിക്കും നീ വന്ദ്യയാവും.' സരസ്വതീദേവി തുളസിയെ കൈപിടിച്ച് തന്റെ സമീപമിരുത്തി. ലക്ഷ്മിയും ഗംഗയും അവൾക്ക് സ്വാഗതമരുളി.

വൃന്ദാ, വൃന്ദാവനീ, വിശ്വപൂജിതാ, വിശ്വപാവനീ, നന്ദിനീ, പുഷ്പസാരാഖ്യാ, തുളസീ, കൃഷ്ണജീവനീ എന്ന് തുളസീദേവിയുടെ എട്ടു നാമങ്ങളും പൂജയ്ക്കുശേഷം ജപിക്കുന്നത് അശ്വമേധയാഗഫലത്തെ നല്കുന്നു. വൃന്ദാവനത്തിൽ വച്ച് വൃശ്ചികപൗർണ്ണമിയിൽ തുളസീജന്മ മംഗളാവസരം ഭഗവാൻ ആഘോഷമായി കൊണ്ടാടി. കാർത്തികാപൗർണ്ണമി ദിനത്തിൽ വിശ്വവന്ദ്യയായ തുളസീദേവിയെ പൂജിക്കുന്നത് കൊണ്ട് സാധകന് സർവ്വപാപവിനിർമുക്തിയും വിഷ്ണുപദപ്രാപ്തിയും ഉണ്ടാവും. കാർത്തികമാസത്തിൽ വിഷ്ണുഭക്തന് തുളസിപ്പുക്കൾ നല്കുന്നത് പതിനായിരം ഗോദാനം ചെയ്യുന്നതിനു തുല്യമത്രേ.

തുളസീസ്തോത്രശ്രവണം ഒന്നുകൊണ്ടുതന്നെ അപുത്രന് പുത്രസൗഭാഗ്യമുണ്ടാവും. രോഗിക്ക് രോഗശമനമുണ്ടാവും. ഭീരുവിന്റെ ഭയം നശിക്കും. ബദ്ധൻ മുക്തനാവും.

കണ്വശാഖോക്തമായ ധ്യാനവും പൂജാവിധിയും ഇനി പറയാം. വേദോക്തമായ ഇവ അങ്ങേയ്ക്ക് സുപരിചിതമാണ്. തുളസിച്ചെടിയെ പൂജിക്കാൻ ആവാഹനം ചെയ്യേണ്ട ആവശ്യമില്ല. ഷോഡശാചാരപൂജകളോടെ ധ്യാനിക്കുക. 'പൂക്കളിൽ വച്ച് ശ്രേഷ്ഠയും സാരഭൂതയും സാധ്വിയും ശുദ്ധയും മനോഹരയും പവിത്രയും വിഖ്യാതയും പാപനിവാരിണിയും ആരും ശിരസ്സിലണിയാൻ കൊതിക്കുന്നവളും കിടനിൽക്കാൻ മറ്റൊരു പൂവില്ലാത്തതുമായ തുളസിയെ ഞാൻ നമസ്ക്കരിക്കുന്നു' എന്ന് ധ്യാനിച്ച് പൂജിച്ച് ദേവിയെ നമസ്ക്കരിക്കണം.

തുളസിയുടെ കഥകള്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയുമെന്താണ് അങ്ങേയ്ക്കറിയേണ്ടത്?.

ദിവസം 246. ശ്രീമദ്‌ ദേവീഭാഗവതം. 9. 24. തുളസീസംഗം

ദിവസം 246.  ശ്രീമദ്‌ ദേവീഭാഗവതം. 9. 24.  തുളസീസംഗം

നാരായണശ്ച ഭഗവാൻ വീര്യാധാനം ചകാര ഹ
തുളസ്യാം കേന രൂപേണ തന്മേ വ്യാഖ്യാതുമർഹസി
നാരായണശ്ച ഭഗവാൻ ദേവാനാംസാധനേഷു ച
ശംഖചൂഡശ്ച കവചം ഗൃഹീത്വാ വിഷ്ണുമായയാ

നാരദൻ ചോദിച്ചു: തുളസീദേവിയിൽ ഭഗവാൻ വീര്യാധാനം ചെയ്തത് എങ്ങിനെയായിരുന്നു? ദയവായി അതിന്റെ കഥയും വിശദമാക്കിത്തന്നാലും

ശ്രീനാരായണൻ പറഞ്ഞു: ദേവകാര്യസാദ്ധ്യത്തിനായി ഭഗവാൻ ശംഖചൂഡന്‍റെ കവചം വാങ്ങി അവന്‍റെ രൂപത്തിൽ തുളസീദേവിയുടെ ഗൃഹത്തിലെത്തി. ദേവിയുടെ ചാരിത്ര്യം ഭംഗിക്കുക എന്ന ലക്ഷ്യത്തിലാണ് ഭഗവാനവിടെ ചെന്നത്. ശംഖചൂഡന് മൃത്യു വരാൻ അതേ മാർഗ്ഗമുണ്ടായിരുന്നുള്ളു. 'രാജാവ്' എഴുന്നള്ളിയിരിക്കുന്ന വിവരം വിളിച്ചറിയിക്കുന്ന ദുന്ദുഭിനാദം കൊട്ടാരത്തിൽ മുഴങ്ങി. ദേവി ആകാംഷയോടെ രാജാവ് വരുന്നതും നോക്കി ജനാലവഴി രാജവീഥിയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു. സന്തോഷപ്രകടനമായി അവൾ ബ്രാഹ്മണദാനവും ബന്ദികൾക്കും ഭിക്ഷുക്കൾക്കും വേണ്ടത്ര ധനവും കൈയയച്ച് നല്കി.

ശംഖചൂഡവേഷത്തിലുള്ള ഭഗവാന്‍ രഥത്തിൽ നിന്നുമിറങ്ങി രത്നമയമായ മണിയറയിൽ എത്തി. ‘കാന്തന്‍റെ’ കാലിണകൾ അവൾ കഴുകിത്തുടച്ചിട്ട് അദ്ദേഹത്തെ നമസ്ക്കരിച്ചു. അദ്ദേഹത്തിന് ഉത്തമമായ ഒരു സിംഹാസനം നല്കി; ചവയ്ക്കാൻ സുഗന്ധതാംബൂലം നൽകി.

സകാമയും പുളകിതഗാത്രയുമായ ദേവി രാജാവിനോടു് യുദ്ധവൃത്താന്തം ചോദിച്ചു:  'പോരിനു പോയി മടങ്ങിയെത്തിയ അങ്ങയെ കണ്ടു് എന്‍റെ കണ്ണുകൾ അറിയാതെ സജലങ്ങളാവുന്നു.  വിശ്വസംഹാരകനായ ശംഭുവിനോടുണ്ടായ യുദ്ധത്തിൽ അങ്ങ് എങ്ങിനെയാണ് വിജയിയായത്?

ഭഗവാൻ പറഞ്ഞു: 'സുന്ദരീ, ഞങ്ങൾ തമ്മിലുള്ള സംഗരം ഒരു കൊല്ലം നീണ്ടുനിന്നു. ദൈത്യസൈന്യങ്ങൾ മിക്കവാറും നശിച്ചു. അപ്പോൾ ബ്രഹ്മാവ് ഞങ്ങളെ സന്ധി സംഭാഷണത്തിനായി ക്ഷണിച്ചു. അതില്‍ സമ്മതിച്ചതിന്‍ പ്രകാരം ദേവൻമാരുടെ രാജ്യമൊക്കെ ഞാൻ തിരികെ കൊടുത്തു. ശംഭു മടങ്ങിയപ്പോൾ ഞാൻ ഇങ്ങോട്ടും വന്നു.' ഇത്രയും പറഞ്ഞ് അദ്ദേഹം തുളസീദേവിയുടെ ശയനാഗാരത്തിൽ പ്രവേശിച്ചു. എന്നിട്ട് ദേവിയുമായി അദ്ദേഹം രതിക്രീഡയിൽ മുഴുകി. എന്നാല്‍ സംഭോഗസുഖത്തിൽ ഉണ്ടായ വിഭിന്നമായ അനുഭവം തുളസീദേവിയെ ആശങ്കാകുലയാക്കി. ഇത് മറ്റാരോ ആണല്ലോ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 'നീയാരാണ്?’ എന്ന് ദേവി കോപാകുലയായി ചോദിച്ചു. ‘എന്നെ കാന്തന്‍റെ രൂപത്തില്‍ വന്നു മോഹിപ്പിച്ച് എന്‍റെ സ്ത്രീത്വം നശിപ്പിച്ച നിന്നെ ഞാൻ ശപിച്ചു കളയും'

സ്ത്രീശാപം ഭയന്ന ഭഗവാൻ ഹരി പെട്ടെന്ന് തന്‍റെ ചേതോഹരമായ സ്വരൂപം കൈക്കൊണ്ടു. താമരക്കണ്ണനായ  ഭഗവാന്‍റെ ശ്യാമവർണ്ണത്തിലുള്ള മേനിയിൽ ആടയാഭരണങ്ങൾ അണിഞ്ഞു നില്‍ക്കുന്നത് ചരത്തായി തുളസീദേവി കണ്ടു. മഞ്ഞച്ചേലയും മന്ദഹാസവും ധരിച്ചു നിൽക്കുന്ന ഭഗവാനെ കണ്ട് ആ തന്വംഗി മൂർച്ഛിച്ചു വീണു.

ബോധം തെളിഞ്ഞപ്പോൾ അവൾ ഭഗവാനോടു കയര്‍ത്തു: 'അങ്ങയുടെ മനസ്സ് കല്ലാണ്. ദയയുടെ ലേശം പോലും അങ്ങേയ്ക്കില്ല. ധർമ്മം കൈവിട്ടു് ചതിച്ചാണ് എന്‍റെ കാന്തനെ അങ്ങ് കൊന്നത്. ശിലാഹൃദയനായ അങ്ങയെ സത്വസ്വരൂപനെന്നു കരുതുന്നവർ മൂഢൻമാർ തന്നെയാണ്. അങ്ങ് ഭൂമിയിൽ കരിങ്കല്ലായിത്തീരട്ടെ. പരമാർത്ഥ ഭക്തനെ കാരണം കൂടാതെ കൊല്ലാൻ എന്താണ് കാരണം?’

ദീനയായി കണ്ണീരൊഴുക്കുന്ന അവളെ അനുനയിപ്പിക്കാൻ ഭഗവാൻ ഇങ്ങിനെ പറഞ്ഞു: ‘ഭദ്രേ, എന്നെ ലഭിക്കാനാണല്ലോ നീ തപസ്സു ചെയ്തത്. നിന്നെ കിട്ടാൻ വേണ്ടി ശംഖചൂഡനും തപസ്സു ചെയ്തിട്ടുണ്ട്. അവൻ ഇത്രകാലം നീയുമായി രമിച്ചു ക്രീഡിച്ചു കഴിഞ്ഞു. ഇപ്പോൾ നിനക്ക് അഭീഷ്ടസിദ്ധി വരുത്താൻ കാലമായി. നീയീ ദേഹത്തെ ഉപേക്ഷിച്ച് സാക്ഷാൽ ലക്ഷ്മീദേവിയെപ്പോലെ സദാകാലം എന്‍റെ കൂടെ വാണാലും. നിന്‍റെ ദേഹം ഗണ്ഡകി എന്ന പുണ്യനദിയായി ഭാരതവർഷത്തിലുള്ളവർക്ക് പുണ്യമേകട്ടെ. നിന്‍റെ കാർകൂന്തൽ തുളസി എന്ന പേരിൽ ഒരു പുണ്യവൃക്ഷമായി പ്രഖ്യാതമാവട്ടെ. മൂന്നു ലോകങ്ങളിലെ പൂജാദികർമ്മങ്ങൾക്കും തുളസീദളങ്ങൾ അവശ്യമാണ്. സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും ഗോലോകത്തും വൈകുണ്ഠത്തിലും നീയാവും ഏറ്റവും പ്രാധാന്യമേറിയ പൂജാപുഷ്പം.

ഗോലോകം, വിരജാതീരം, വൃന്ദാവനം, ഭാണ്ഡീരം, ചമ്പകവനം, ചന്ദനവനം എന്നിവിടങ്ങളിലെ വാടികകള്‍ കൂടാതെ  മുല്ല, പിച്ചി, കുരുക്കുത്തി, കൈത എന്നിവ നിറഞ്ഞു വളരുന്ന പൂവനങ്ങളില്‍ എല്ലാം നിനക്ക് പുണ്യപാവനനദിയായുള്ള ഒരു പ്രമുഖമായൊരു സ്ഥാനം എന്നും ഉണ്ടാവും. തുളസിച്ചെടിയുടെ മൂലദേശം പരമപവിത്രമായി എന്നും കണക്കാക്കപ്പെടും. അവിടം  സർവ്വതീർത്ഥങ്ങൾക്കും അധിഷ്ഠാനമാവും. കൊഴിഞ്ഞു വീഴുന്ന തുളസീദലങ്ങൾ തലയിലേൽക്കാനായി ഞാനും ദേവൻമാരും അവിടെ കുടികൊള്ളും. തുളസീദളതീർത്ഥജലം കൊണ്ടുള്ള അഭിഷേകം ചെയ്യുന്നവന് തീർത്ഥസ്നാനഫലവും യജ്ഞദീക്ഷാഫലവും ലഭിക്കും. ആയിരം കുംഭങ്ങളിൽ സുധ നിറച്ച് അതുകൊണ്ടു് ഭഗവാൻ ഹരിയെ അഭിഷേകം ചെയ്താൽ  അദ്ദേഹത്തിനുണ്ടാവുന്ന തുഷ്ടി തുളസീദളങ്ങൾ കൊണ്ട് അർച്ചിക്കുന്നതു കൊണ്ട് ലഭിക്കുന്നതാണ്. കാർത്തിക മാസത്തിൽ തുളസീദളദാനം ചെയ്യുന്നത് പതിനായിരം പശുക്കളെ ദാനം ചെയ്യുന്നതിനു തുല്യമത്രെ.

മൃത്യു സമയത്ത് തുളസീദലതീർത്ഥം കിട്ടുന്നവന്‍റെ സകലപാപങ്ങളും ഇല്ലാതാവും. അവന് വിഷ്ണുലോകപ്രാപ്തിയുണ്ടാവും. നിത്യവും തുളസീതീർത്ഥം ആചമനം ചെയ്യുന്നതുകൊണ്ടു് ലക്ഷം അശ്വമേധം ചെയ്താലുള്ള ഫലം ലഭിക്കും. തുളസി ദേഹത്തും കൈകളിലും വച്ച് പുണ്യതീർത്ഥസ്ഥാനങ്ങളിൽ വച്ച് പ്രാണൻ വെടിയുന്നവർ വിഷ്ണുലോകം പൂകും. തുളസിത്തണ്ടുകൊണ്ടുണ്ടാക്കിയ മാല ധരിക്കുന്നവന് അവന്‍ വയ്ക്കുന്ന ഓരോ പദത്തിലും അശ്വമേധയാഗം ചെയ്ത ഫലം കിട്ടും.

തുളസിയെടുത്ത് ഒരുവൻ ചെയ്ത ശപഥം തെറ്റിച്ചാൽ അവൻ സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം കാലസൂത്രനരകത്തിൽ കിടക്കേണ്ടതായി വരും. തുളസി കൈയ്യിൽ പിടിച്ചു കള്ളം പറയുന്നവന് പതിനാല് ഇന്ദ്രൻമാരുടെയത്ര കാലം കുംഭീപാകം എന്ന നരകത്തിൽ വസിക്കേണ്ടതായി വരും.  മരണസമയത്ത് തുളസീതീർത്ഥം ഒരു തുള്ളിയെങ്കിലും കിട്ടിയാൽ അവന് വൈകുണ്ഠഗമനം തീർച്ചയായും ഉണ്ടാവും.

അശുചിയോടെ, രാത്രി കിടന്നുറങ്ങിയ വസ്ത്രത്തോടെ, അല്ലെങ്കിൽ പുലയുള്ളപ്പോൾ, സംക്രാന്തിക്ക്, ദ്വാദശിക്ക്, നട്ടുച്ചക്ക്, വാവിന്, അല്ലെങ്കിൽ കുളിക്കാൻ എണ്ണ തേച്ചിട്ട് തുളസിപ്പൂവിറുക്കുന്നവൻ വിഷ്ണുശിഖ മുറിക്കുന്ന പാപിയാണ്. ഇറുത്ത് വച്ച തുളസി മൂന്ന് ദിവസം വരെ ഉപയോഗിക്കാം. താഴെ കൊഴിഞ്ഞുവീണതും വെള്ളത്തിൽ വീണതും ഹരിപൂജയ്ക്കെടുത്തതും തുളസിപ്പൂവാണെങ്കില്‍ കഴുകിയെടുത്ത് വീണ്ടും പൂജയ്ക്കായി ഉപയോഗിക്കാം.

ദേവീ നിനക്ക് ഗോലോകത്തിൽ ഭഗവാൻ കൃഷ്ണനുമൊത്ത് സദാകാലം ക്രീഡിച്ചു കഴിയാം. അവിടെ ദുഖമേയില്ല. അവിടെ നീ വൃക്ഷങ്ങൾക്ക് അധിഷ്ഠാതൃദേവതയാകും. നദിയുടെ അധിഷ്ഠാനദേവതയായും നീ ഭാരതത്തിൽ വാഴും അവിടെ എന്‍റെതന്നെ അംശമായ ലവണസമുദ്രത്തിന്‍റെ പത്നിയാവും. വൈകുണ്ഠത്തിൽ നീ ലക്ഷ്മീസമാനയായി എനിക്കൊപ്പം വാഴും.

നിന്‍റെ ശാപവും വൃഥാവിലാവുകയില്ല. കല്ലുപോലുള്ള മനസ്സാണല്ലോ എനിക്ക്, അതിനാല്‍ ഗണ്ഡകീ നദിക്കരയിൽ ഞാൻ ശൈലമായിത്തന്നെ നിന്നുകൊള്ളാം. അവിടെയുള്ള കീടങ്ങൾ അവയുടെ ദംഷ്ട്രകൾ കൊണ്ടു് കരണ്ടിക്കരണ്ടി ആ ശിലകളിൽ എന്‍റെ ചക്രായുധം കൊത്തിവയ്ക്കും.

ശ്യാമമേഘ നിറവും ഒരു ദ്വാരവും നാലു ചക്രചിത്രങ്ങൾ ഉള്ളതും വനമാലാവിഭൂഷിതവുമായ സാളഗ്രാമമാണ് 'ലക്ഷ്മീ നാരായണം' എന്നറിയപ്പെടുന്നത്.

ഒരു ദ്വാരം, നാലു ചക്രചിഹ്നങ്ങള്‍, ശ്യാമമേഘനിറം എന്നിവയുണ്ടെങ്കിലും വനമാലാചിഹ്നം ഇല്ലാത്ത സാളഗ്രാമം 'ലക്ഷ്മീ ജനാർദ്ദനം' എന്നു പ്രസിദ്ധമാണ്.

രണ്ടു ദ്വാരം, നാലു ചിഹ്നങ്ങള്‍, പശുക്കുളമ്പിന്‍റെ ചിത്രം എന്നിവയുള്ളത് 'രഘുനാഥസാളഗ്രാമം'. അതിലും വനമാലയില്ല.

വളരെ ചെറിയ രണ്ടു ചക്രചിഹ്നങ്ങൾ, കാർമേഘ നിറം എന്നിവയുളള ‘വാമന’ത്തിനും വനമാലയില്ല. അതിൽ വനമാലയുണ്ടെങ്കിൽ അതിന് ശ്രീധരം എന്നാണ് പേര്.

തടിച്ചുനീണ്ടു് വ്യക്തമായ രണ്ട് ചക്രചിഹ്നങ്ങൾ ഉള്ളതും വനമാലയില്ലാത്തതും ആയ സാളഗ്രാമം 'ദാമോദരം'.

ഇടത്തരം വലുപ്പത്തിൽ വൃത്തത്തിലായി രണ്ടു ചക്രചിഹ്നങ്ങളും അമ്പിന്‍റെ തുളയും അമ്പിന്‍റെയും ആവനാഴിയുടേയും ചിഹ്നവും ഉള്ളത് 'രണരാമം' എന്ന സാളഗ്രാമമാണ്.

അതുപോലെ ഇടത്തരത്തിൽ ഏഴുചക്രങ്ങളുടേയും കുടയുടേയും ചിഹ്നങ്ങൾ ഉള്ള ശിലയാണ് 'രാജരാജേശ്വരം'. മനുഷ്യർക്ക് രാജസമ്പത്പ്രദമാണീ സാളഗ്രാമം.

പതിന്നാലു ചക്രചിഹ്നങ്ങളുള്ളതും നല്ല വലുപ്പമുള്ളതുമായ 'അനന്തം' എന്നു പേരായ സാളഗ്രാമത്തിനും പുതുമേഘനിറമാണ്. ധർമ്മാർത്ഥ കാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ അനന്തത്തിനു കഴിയും.

'മധുസൂദനം' എന്നു പേരായ സാളഗ്രാമത്തിൽ ഗോഷ്പദചിഹ്നമുണ്ട്. രണ്ടു ചക്രചിഹ്നവും ശ്രീയും അതിൽക്കാണാം.

ഒരു ചക്രം മാത്രമുള്ളത് 'സുദർശനം'. ഗുപ്തമായ ചക്രമുള്ളത് 'ഗദാധരം'.

രണ്ടു ചക്രവും അശ്വമുഖവും ഉള്ളത് 'ഹയഗ്രീവം'.

അതി വിസ്താരമാർന്ന മുഖവും ഭയാനകരൂപമുളളതുമാണ് 'നാരസിംഹം' എന്ന സാളഗ്രാമം. മനുഷ്യരിൽ വൈരാഗ്യമുണർത്താൻ പോന്ന ഒന്നാണിത്.

നാരസിംഹത്തിൽ വനമാലാചിഹ്നംകൂടിയുണ്ടെങ്കിൽ അതിന് 'ലക്ഷ്മീനൃസിംഹം' എന്നു പറയും. ഈ ശിലാശലകം  ഗൃഹസ്ഥന് സൗഖ്യത്തെ പ്രദാനം ചെയ്യുന്നു.

ദ്വാരദേശത്ത് രണ്ടു ചക്രചിഹ്നങ്ങളോടെ ശ്രീയും സഫുടതയും ഉള്ളതാണ് 'വാസുദേവം'. അഭീഷ്ടങ്ങളെ സാധിപ്പിക്കാൻ ഈ സാളഗ്രാമം വിശേഷമത്രേ.

സൂക്ഷ്മമായ ഒറ്റ ചക്രവും അനേകം ഛിദ്രസുഷിരങ്ങളുമുള്ള ശ്യാമനിറത്തിലുള്ള സാളഗ്രാമത്തിന് 'പ്രദ്യുമ്നം' എന്ന് പേര്. ഈ ഗൃഹസ്ഥർക്ക് സുഖദായകമാണ്.

രണ്ടു ചക്രമുഖങ്ങളോടെ പിൻഭാഗം തടിച്ച് കാണുന്നത് 'സങ്കർഷണം'. ഗൃഹസ്ഥർക്ക് ഇതും  സുഖപ്രദമാണ്.

മഞ്ഞൾനിറത്തിൽ ഉരുണ്ടു് നീണ്ട് അഴകോലുന്ന സാളഗ്രാമമാണ് 'അനിരുദ്ധം'. ഇതും ഗൃഹസ്ഥന് മംഗളം നല്കും.

സാളഗ്രാമം ഉള്ളയിടങ്ങളിൽ ഭഗവാൻ ഹരിയുടെ സാന്നിദ്ധ്യമുണ്ട്. ശ്രീലക്ഷ്മിയും അവിടെയാണ് വസിക്കുന്നത്. സാളഗ്രാമത്തെ പൂജിക്കുന്നത് കൊണ്ട് സകലപാപങ്ങളുടേയും വേരറുക്കാം. ബ്രഹ്മഹത്യാദി പാപങ്ങൾ പോലും സാളഗ്രാമശിലയെ പൂജിച്ച് ഇല്ലാതാക്കാം.

കുടയുടെ ആകാരത്തിലുളള സാളഗ്രാമം കൊണ്ടു് രാജ്യലബ്ധിയും വർത്തുളമായതിന് ഐശ്വര്യലബ്ധിയും വാഹനാകൃതിയുള്ളത് ദു:ഖഫലവും ശൂലാഗ്രംപോലുളളത് മരണഫലവും കൊണ്ടുവരുന്നു. വികൃതരൂപിയായ സാളഗ്രാമം ദാരിദ്ര്യം കൊണ്ടുവരും. പിംഗള നിറമുള്ളത് ഹാനികരമാണ്. മുറിച്ചക്രചിഹ്നമുള്ളത് വ്യാധിയും പൊട്ടിയ സാളഗ്രാമം മരണവും വരുത്തുന്നു.

സാളഗ്രാമം വച്ച് പ്രതിഷ്ഠാദിനം, വ്രതം, ശ്രാദ്ധം, പൂജകള്‍ എന്നിവയെല്ലാം ചെയ്യുന്നത് കൂടുതൽ ഫലവത്താണ്. അതിന്‍റെ സാന്നിദ്ധ്യം സർവ്വതീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം നല്കും. അനേകം യജ്ഞങ്ങളിൽ പങ്കെടുത്തതിന്‍റെ ഫലം നൽകും. ആ സൗഭാഗ്യങ്ങൾ ഉള്ളവനേ സാളഗ്രാമത്തിനൊപ്പം കഴിയാനാവൂ. വേദപഠനം, തപസ്സ് എന്നിവ കൊണ്ടുള്ള ഫലം സാളഗ്രാമാർച്ചന ഒന്നുകൊണ്ടു നേടാം. സാളഗ്രാമശിലാതീർത്ഥത്തിൽ നിത്യവും കുളിക്കുന്നവന് ഭൂപ്രദക്ഷിണം, ദാനം എന്നിവകളിൽ നിന്നും കിട്ടുന്ന പുണ്യം മുഴുവനുമാർജിക്കാം.

സാളഗ്രാമശിലാതീർത്ഥം നിത്യവും സേവിക്കുന്നവൻ ദേവൻമാർ പോലും കൊതിക്കുന്ന സുഖത്തെ പ്രാപിക്കും. എല്ലാ പുണ്യതീർത്ഥങ്ങളും അങ്ങിനെയുള്ളവന്‍റെ സാമീപ്യം കൊതിക്കുന്നു. മരണശേഷം  വിഷ്ണുപദം പ്രാപിക്കുന്ന അവന് ഭഗവാന്‍റെ ദാസ്യ പദവിയിൽ പ്രാകൃതപ്രളയകാലത്തോളം വിരാജിക്കാം .

അങ്ങിനെയുള്ളവനിലുളള ബ്രഹ്മഹത്യാദികളായ പാപങ്ങൾ പോലും ഗരുഡനെ കണ്ട പാമ്പുകളെപ്പോലെ ഓടിപ്പോവും.  അവന്‍റെ പാദധൂളികൾ പതിച്ചയിടം പരിപാവനമാണ്. അവന്‍റെ ജനനം മാതാപിതാക്കൾക്ക് മുക്തിയേകുന്നു. സാളഗ്രാമശിലാതീർത്ഥം അന്ത്യകാലത്ത് സേവിക്കാൻ സാധിച്ചാൽ വിഷ്ണുപദപ്രാപ്തി നിശ്ചയമാണ്. അവന്‍റെ കർമ്മഫലങ്ങളുടെ ബന്ധം അതോടെ ഇല്ലാതായി.

സാളഗ്രാമം കൈയിൽപ്പിടിച്ച് കള്ളം പറയുന്നവൻ കുംഭീപാകമെന്ന നരകത്തിൽ പോവും. അവിടെയവന്‍ ഒരു ബ്രഹ്മായുസ്സ് കാലം കഷ്ടപ്പെടും. സാളഗ്രാമം കയ്യിൽ വച്ച് കള്ളസത്യം ചെയ്യുന്നവൻ ലക്ഷം മന്വന്തരം അസിപത്രമെന്ന നരകത്തിൽക്കഴിയും. സാളഗ്രാമപൂജയ്ക്ക് തുളസീദളം ഉപയോഗിക്കാത്തവന് വരുന്ന ഏഴു ജന്മങ്ങളിൽ ഭാര്യാ സുഖമില്ലാതെ ജീവിക്കേണ്ടി വരും. ശംഖിലെ തീർത്ഥത്തിൽ നിന്നും തുളസീദളം എടുത്ത് കളയുന്നവൻ ഏഴു ജന്മങ്ങളിൽ ഭാര്യാഹീനനും രോഗിയുമാകും.

സാളഗ്രാമവും തുളസിയും ശംഖും മൂന്നും ചേർത്ത് സംരക്ഷിക്കുന്നവൻ ശ്രീഹരിക്ക് പ്രിയപ്പെട്ടവനാണ്. ഒരിക്കലെങ്കിലും ഭാര്യാസുഖമറിഞ്ഞവൻ ആ സുഖമില്ലാതായാൽ ദുഖിക്കുന്നു. ദേവിയുമായി ഒരു മന്വന്തരക്കാലം കഴിഞ്ഞതിനാലാണ് ഭഗവാന്‍ ശംഖചൂഡനെക്കൂടി കൂട്ടുന്നത്.

'തുളസീ, നിനക്ക് ശംഖചൂഡനുമായി പിരിയാൻ വിഷമം കാണുമെന്ന് എനിക്കറിയാം’ ഭഗവാന്‍ പറഞ്ഞു.

ഹേ നാരദാ, ഭഗവാൻ തുളസിയോട് ഇത്രയും പറഞ്ഞ് നിർത്തി. ദേവി സ്വശരീരം വെടിഞ്ഞ് ദിവ്യരൂപിയായി. ഭഗവാന്‍റെ മാറിൽ ലക്ഷ്മീദേവിക്കൊപ്പം അവൾ വിരാജിച്ചു. ലക്ഷ്മി, സരസ്വതി, ഗംഗ, തുളസി എന്നീ നാൽവരാണ് വിഷ്ണുവിന്‍റെ പ്രിയപത്നിമാർ.

തുളസി ഉപേക്ഷിച്ച ദേഹത്തു നിന്നും ഗണ്ഡകീനദി ഉത്ഭവിച്ചു. ശ്രീഹരിയും ശിലാരൂപത്തിൽ നദീതീരത്ത് ആവിർഭവിച്ചു. അവിടെയുള്ള കീടങ്ങളാണ് ശിലയിൽ 'കൊത്തുപണി' ചെയ്യുന്നത്.  അവയിൽ നിന്നും നദിയിലേക്ക് അടർന്നു വീഴുന്ന ശിലാശകലങ്ങളാണ് സാധകരെ സംബന്ധിച്ചിടത്തോളം ഫലദായകികളായുളളത്. ഗണ്ഡകിയുടെ കരയിലുളള ശിലകൾ സൂര്യതാപത്താൽ പിംഗളവർണ്ണത്തിലാണ് നിലകൊള്ളുന്നത്.

നാരദാ അങ്ങ് ചോദിച്ചതായ   എല്ലാക്കാര്യങ്ങളും ഞാൻ പറഞ്ഞു തന്നുവല്ലോ. ഇനിയും എന്താണ് അങ്ങേയ്ക്ക് അറിയേണ്ടത്?

ദിവസം 245. ശ്രീമദ്‌ ദേവീഭാഗവതം. 9.23. ശംഖചൂഡ ശാപമോക്ഷം

ദിവസം 245ശ്രീമദ്‌ ദേവീഭാഗവതം. 9.23. ശംഖചൂഡ ശാപമോക്ഷം

ശിവസ്തത്വം സമാകർണ്യ തത്വജ്ഞാന വിശാരദ:
യയൗ സ്വയം ച സമരേ സ്വഗണൈ: സഹ നാരദ
ശംഖചൂഡ: ശിവം ദൃഷ്ട്വാ വിമാനാദവരൂഹ്യ ച
നനാമ പരയാഭക്ത്യാ ശിരസാ ദണ്ഡവദ് ഭുവി


ശ്രീ നാരായണൻ പറഞ്ഞു: തത്വജ്ഞാനവിശാരദനായ പരമശിവൻ ശംഖചൂഡനെക്കുറിച്ചു കാളി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ തന്റെ പരിവാരങ്ങളുമായി സ്വയം യുദ്ധക്കളത്തിൽ ഇറങ്ങി. പരമശിവനെ കണ്ടപ്പോൾത്തന്നെ രാജാവ് വിമാനത്തിൽ നിന്നും പെട്ടെന്ന് താഴെയിറങ്ങി സാഷ്ടാംഗം നമസ്കരിച്ചു. എന്നാൽ ഉടനേതന്നെ അവൻ വിമാനത്തിൽ കയറി യുദ്ധത്തിനു തയ്യാറായി. ശംഖചൂഡനും ശിവനും തമ്മിൽ ഉണ്ടായ ഘോര രണം ഒരു നൂറ്റാണ്ട് കാലം നീണ്ടുനിന്നു. ആരും ജയിക്കാത്ത അവസ്ഥയിൽ യുദ്ധമങ്ങിനെ നീണ്ടു പോയി. 

ശംഭു തന്റെ ആയുധം താഴെ വച്ചപ്പോൾ ദാനവനും തന്റെ ആയുധം താഴെ വച്ചു. ശിവൻ കാളപ്പുറത്ത് ഇരുന്നാൽ ഉടൻ ശംഖചൂഡൻ തേരിൽക്കയറും. അസുരൻമാർ ഏറെപ്പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. പരമശിവൻ തന്റെ കൂട്ടത്തിൽ നിന്നും മരിച്ചവർക്ക് ജീവനേകി തിരികെ കൊണ്ടുവന്നു.

അപ്പോളവിടെ ദീനനായ ഒരു ബ്രാഹ്മണൻ വിലപിച്ചുകൊണ്ട് രാജാവിനോട് സങ്കടം പറഞ്ഞു. 'ഹേ രാജേന്ദ്രാ, അനേകം സമ്പത്തുക്കൾ ഉള്ള അങ്ങെനിക്ക് ഭിക്ഷ തന്നാലും. ഇപ്പോൾ വൃദ്ധനായി എങ്കിലും എന്നിലുള്ള ആശകൾ ഇനിയും അടങ്ങിയിട്ടില്ല. അതിനാലങ്ങ് എന്റെ മനോരഥം പൂർത്തീകരിക്കും എന്നൊരു വാക്കെനിക്ക് തരണം' പ്രസന്ന മുഖത്തോടെ രാജാവ് ബ്രാഹ്മണന് വാക്ക് കൊടുത്തു. 'എന്താണെങ്കിലും ചോദിക്കൂ ഞാനത് തന്നിരിക്കും.'

‘എനിക്ക് അങ്ങയുടെ കവചമാണ് വേണ്ടത്’ എന്നായി ബ്രാഹ്മണൻ. അയാൾ ശംഖചൂഡന്‍റെ ദിവ്യകവചം കരസ്ഥമാക്കി രാജാവിന്റെ വേഷത്തിലും രൂപഭാവത്തിലും കൊട്ടാരത്തിൽ തുളസിയുടെ സമീപമെത്തി. അവിടെ അയാൾ തുളസിയുമായി സന്ധിച്ച് വീര്യാധാനം ചെയ്തു.

അതും കഴിഞ്ഞപ്പോൾ ശിവൻ വിഷ്ണുശൂലം കയ്യിലെടുത്തു. ഉച്ചവെയിലിൽ ജ്വലിക്കുന്ന സൂര്യതേജസ്സും പ്രളയാഗ്നിക്കുതുല്യം നാശകാരിയും ആര്‍ക്കും എടുക്കാനോ തടുക്കാനോ ആവാത്തതുമായ ആ വേൽ പരമശിവൻ നിഷ്പ്രയാസം കയ്യിലെടുത്തു. സാക്ഷാൽ ചക്രായുധത്തിനൊക്കുന്ന ശസ്ത്രവീര്യവും ആയിരം വിൽപ്പാട് നീളവും നൂറടി വണ്ണവും സജീവവും ബ്രഹ്മസ്വരൂപവും ഭയജന്യവും വിശ്വസംഹാരകരവുമായ വേൽ ശിവൻ ദാനവനുനേരേ പ്രയോഗിച്ചു.

വേൽ തന്റെ നേർക്ക് വരുന്നതു കണ്ട് ശംഖചൂഡൻ പെട്ടെന്ന് കയ്യിലുള്ള ആയുധമുപേക്ഷിച്ച് ശ്രീകൃഷ്ണചരണാംബുജം മനസ്സിലുറപ്പിച്ച് യോഗാരൂഢനായി. ശൂലം ചുറ്റിത്തിരിഞ്ഞ് അദ്ദേഹത്തിന്റെമേൽ പതിക്കവേ ഝടുതിയിൽ ആ ദേഹം ഭസ്മമായി. പെട്ടെന്ന് ദാനവൻ ഗോപാലബാലനായി മുരളി കൈയ്യിലേന്തി രത്നഭൂഷകളണിഞ്ഞ് പ്രത്യക്ഷനായി. അദ്ദേഹം ശംഭുവിനെ വണങ്ങി. ഗോലോകത്തുനിന്നും രത്നഖചിതമായ ഒരു വിമാനം അപ്പോളവിടെയെത്തി അവനെ കൂട്ടിക്കൊണ്ട്പോയി. അനേകം ഗോപൻമാരുടെ കൂടെ അവർ ഗോലോകത്ത് ശ്രീകൃഷ്ണസവിധത്തിൽ വന്നിറങ്ങി. ശ്രീ രാധയും ഭഗവാനൊത്ത് അവിടെയുണ്ടായിരുന്നു. സുദാമാവ് (ശംഖചൂഡന്‍) രാധാകൃഷ്ണ ചരണാംബുജങ്ങൾ നമസ്ക്കരിച്ചു. ഭഗവാൻ സന്തോഷാശ്രുക്കളോടെ സതീർത്ഥ്യനെ കോരിയെടുത്തു മാറോട് ചേർത്തു. അപ്പോളാ ശൂലവും ഭഗവാന്റെ സമീപം തിരികെ വന്നെത്തി.

ശംഖചൂഡന്റെ അസ്ഥികൾ നാനാരൂപങ്ങളിൽ കാണപ്പെടുന്ന ശംഖുകളായിത്തീര്‍ന്നു. ദേവപൂജയ്ക്ക് ശംഖിലെടുക്കുന്ന ജലം പ്രാധാന്യമുള്ളതാണ്. ശിവനൊഴികെയുള്ള ദേവൻമാർക്ക് ശംഖിലെ ജലം അർപ്പിക്കാം. ശംഖനാദം മുഴങ്ങുന്നിടത്ത് ലക്ഷ്മീദേവി വാഴുന്നു. ശംഖതീർത്ഥത്തിൽ കുളിക്കുന്നത് സകല തീർത്ഥങ്ങളിലും സ്നാനം ചെയ്യുന്നതിന് തുല്യമാണ്. ശംഖ് ഹരിയുടെ അധിഷ്ഠാനമാണ്. ശംഖുള്ളിടത്ത് ഹരിസാന്നിദ്ധ്യം ഉണ്ടു്. അവിടെത്തന്നെയാണ് ലക്ഷ്മിയും അധിവസിക്കുന്നത്. സ്ത്രീകളും ശൂദ്രരും ശംഖുനാദം മുഴക്കിയാൽ അത് അമംഗളകരമാണ്. ലക്ഷ്മീദേവി കോപിഷ്ഠയായി അങ്ങിനെയുള്ളയിടം വിട്ടുപോവും.

ദൈത്യസംഹാരശേഷം ശംഭു സന്തുഷ്ടഭാവത്തിൽ കാളപ്പുറത്തേറി തന്റെ ഭൂതഗണങ്ങളുമായി മടങ്ങി. മറ്റ് ദേവൻമാരും അവരവരുടെ ധാമങ്ങളിലേക്ക് മടങ്ങി. ദുന്ദുഭിനാദം ആകാശത്ത് മുഴങ്ങിക്കേട്ടു. ഗന്ധർവ്വൻമാരും ദേവൻമാരും മുനികളും പരമശിവന്റെ അപദാനങ്ങൾ വാഴ്ത്തി.

Wednesday, April 19, 2017

ദിവസം 244. ശ്രീമദ്‌ ദേവീഭാഗവതം. 9.22. ശംഖചൂഡയുദ്ധം

ദിവസം 244ശ്രീമദ്‌ ദേവീഭാഗവതം. 9.22.  ശംഖചൂഡയുദ്ധം

ശിവം പ്രണമ്യ ശിരസാ ദാനവേന്ദ്ര: പ്രതാപവാൻ
സമാരുരോഹ യാനം ച സഹാമാത്യൈ: സ സത്വര:
ശിവ: സ്വസൈന്യം ദേവാംശ്ച പ്രേരയാമാസ സത്വരം
ദാനവേന്ദ്ര: സസൈന്യശ്ച യുദ്ധാരംഭേ ബഭൂവ ഹ


ശ്രീ നാരായണൻ പറഞ്ഞു: ആ ദാനവശ്രേഷ്ഠൻ പരമശിവനെ നമസ്ക്കരിച്ചശേഷം തൻ്റെ മന്ത്രിമാരുമായി പെട്ടെന്ന് വിമാനത്തിൽക്കയറി യാത്രയായി. ശിവനും തന്റെ ദേവസൈന്യത്തെ ഒരുക്കി. ശംഖചൂഡൻ അപ്പോഴേക്കും പോരിനൊരുങ്ങി സൈന്യവുമായി തയ്യാറായി നിന്നു. 

മഹേന്ദ്രൻ വൃഷപർവ്വാവിനോടും ആദിത്യൻ വിപ്രചിത്തിയുമായും നേരിട്ട് ഏറ്റുമുട്ടി. ദംഭനോട് ചന്ദ്രനും കാളസ്വരനോട് കാലനും ഗോകർണ്ണനോട് അഗ്നിയും മയനോട് വിശ്വകർമ്മാവും ശ്രീദനോട് കാലകേയനും ഭയങ്കരനോട് മൃത്യുവും യമനോട് സംഹാരകനും വിശ്വകർമ്മാവ് മയനോടും വികങ്കണനോട് വരുണനും ചഞ്ചലനോട് സമീരണനും ഘൃതപൃഷ്ഠനോട് ബുധനും രക്താക്ഷനോട് ശനൈശ്വരനും രക്തസാരനോട് ജയന്തനും വർച്ചോഗണങ്ങളോട് വന്ധുക്കളും ദീപ്തിമാനോട് അശ്വികളും നളകൂബരൻമാരോട് ധൂമ്രരും ധുരന്ധരരോട് ധർമ്മനും ഉഷാക്ഷനോട് മംഗളനും ശോഭാകാരനോട് ഭാനുവും പിഠരനോട് മന്മഥനും, ഏറ്റുമുട്ടി.

പന്ത്രണ്ടു് ആദിത്യൻമാർ ചൂർണ്ണൻ, ഗോധാമുഖൻ ഖഡ്ഗൻ, ധ്വജൻ, കാഞ്ചീമുഖൻ, ധൂമ്രൻ, നന്ദി, വിശ്വൻ, പലാശൻ എന്നിവരുമായി യുദ്ധം ചെയ്തു.. പതിനൊന്ന് രുദ്രൻമാർ പതിനൊന്ന്  ഉഗ്രൻമാരുമായി ഏറ്റുമുട്ടി. മഹാമാരിയുമായി ഉഗ്രചണ്ഡാദികളും നന്ദീശ്വരാദികളുമായി ദാനവപ്പടയും രണത്തിലേർപ്പെട്ടു.

ഇങ്ങിനെ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ശംഭു സ്കന്ദനോടും കാളിയോടും കൂടി ഒരു പേരാൽച്ചുവട്ടിൽ നിലകൊണ്ടു. കോടി ദാനവൻമാരാൽ പരിസേവിതനായ ശംഖചൂഡൻ തന്റെ രത്നഖചിത സിംഹാസനത്തിൽ ഇരുപ്പുറപ്പിച്ചു. യുദ്ധക്കളത്തിൽ പരമശിവന്റെ സൈന്യം ദാനവപ്പടയോട് പൊരുതി തോറ്റു. ആയുധമേറ്റു മുറിഞ്ഞ ദേവൻമാർക്ക് സുബ്രഹ്മണ്യൻ അഭയമേകി. സ്കന്ദൻ ഒറ്റയ്ക്ക് ദാനവൻമാരുമായി പടപൊരുതി. നൂറ് അക്ഷൗഹിണി പടയേയും മുരുകൻ തോല്പിച്ചോടിച്ചു. കാളിയും അസുരൻമാരെ പീഡിപ്പിച്ചു. അവൾ രോഷത്തോടെ ദൈത്യരക്തം പാനം ചെയ്തു. ലക്ഷക്കണക്കിനായ മത്ത ഗജങ്ങളെ കാളി ഒറ്റവായിൽ അകത്താക്കി. തലയറ്റ കബന്ധങ്ങൾ രണഭൂമിയിൽ ചിതറിക്കിടന്നു.

രണശൂരദാനവർ സ്കന്ദശരമേറ്റ് മെയ് മുറിഞ്ഞ് പാലായനം തുടങ്ങി. എങ്കിലും വൃഷപർവ്വാവ്, വിപ്രചിത്തി, ദംഭൻ, വികങ്കണൻ, എന്നിവരെല്ലാം യുദ്ധക്കളത്തിൽ നിന്നും പിൻതിരിയാതെ സുബ്രഹ്മണ്യനോട് ഏറ്റുമുട്ടി. സ്കന്ദയുദ്ധം കണ്ട് ദേവതകൾ പുഷ്പവൃഷ്ടി നടത്തി. സ്കന്ദൻ യുദ്ധത്തിൽ ജയിച്ചു മുന്നേറുന്നതു കണ്ട രാജാവ് യുദ്ധവിമാനത്തിൽക്കയറി ശരവർഷം തുടങ്ങി. മഹാമാരിപോലെ പെയ്തിറങ്ങിയ ശരവർഷത്തിൽ എങ്ങും ഇരുട്ടു നിറഞ്ഞു. ഇടയ്ക്കിടക്ക് തീജ്വാലകളും ഉയർന്നു കാണായി .

നന്ദീശ്വരൻ തുടങ്ങിയ ദേവൻമാർ യുദ്ധക്കളത്തിൽ നിന്നും ഓടിയപ്പോഴും സ്കന്ദൻ ഒറ്റയ്ക്ക് രണം തുടർന്നു. ശംഖചൂഡൻ ശരം മാത്രമല്ല പർവ്വതങ്ങളും പാമ്പുകളും ശിലകളുമെല്ലാം സുന്ദന്റെ നേരേ തൊടുത്തുവിടാനാരംഭിച്ചു. മൂടൽ മഞ്ഞ് ആദിത്യനെ മറയ്ക്കുന്നതു പോലെ ശിവസുതനെ ശംഖചൂഡന്റെ ശരവൃഷ്ടി മൂടിക്കളഞ്ഞു. അപ്പോളാ ദാനവൻ സ്കന്ദന്റെ വില്ലു മുറിച്ച് കളഞ്ഞു. ദിവ്യരഥവും പീഠങ്ങളും തകർത്തു. ദിവ്യാസ്ത്രപ്രയോഗത്താൽ സ്കന്ദവാഹനമായ മയിലിനെ വശംകെടുത്തി ക്ഷീണിതനാക്കി. യക്ഷനെപ്പോലും നിഗ്രഹിക്കാൻ കഴിവുള്ള ഒരു വേൽ അസുരൻ ശിവപുത്രനു നേരേ ചാട്ടി. ക്ഷണനേരത്തേക്ക് ബോധമറ്റു വീണുപോയെങ്കിലും സ്കന്ദൻ പണ്ട് മഹാവിഷ്ണു നല്കിയിരുന്ന വില്ലെടുത്ത് തേരിലേറി പൂർവ്വാധികം വീര്യത്തോടെ ശരജാലവർഷം തുടങ്ങി.

ദാനവൻ തൊടുത്തുവിട്ട പർവ്വതത്തെയും പാറക്കല്ലിനെയും സർപ്പങ്ങളേയുമെല്ലാം ആ ശരങ്ങൾ തകർത്തു കളഞ്ഞു. ആഗ്നേയാസ്ത്രത്തെ വാരുണാസ്ത്രം ചെറുത്തു. ശംഖചൂഡന്റെ വില്ലും തേരും കിരീടവും സ്കന്ദൻ തരിപ്പണമാക്കി. എന്നിട്ട് വേലെടുത്ത് ദാനവന്റെ മാറ് ലക്ഷ്യമാക്കി പ്രയോഗിച്ചു. രാജാവ് ക്ഷണത്തിൽ ബോധംകെട്ടുവീണെങ്കിലും പെട്ടെന്നെഴുന്നേറ്റു. മറ്റൊരു വില്ലെടുത്ത് അയാൾ ശരവർഷം തുടർന്നു. കാർത്തികേയനു ചുറ്റും അമ്പുകൊണ്ട് അവനൊരു മറ തീർത്തു.

നൂറ് സൂര്യൻമാരുടെ കാന്തിയുള്ള വേൽ സ്കന്ദനിൽ നിന്നും അവൻ പിടിച്ചെടുത്തു. അവനത് ക്രോധത്തോടെ കാർത്തികേയനു നേരേ പ്രയോഗിച്ചു. അത് അദ്ദേഹത്തിന്റെ മാറിൽത്തന്നെ ചെന്നു കൊണ്ടു. മഹാപരാക്രമിയാണെങ്കിലും വിഷ്ണുതേജസ്സാർന്ന വേൽ കൊണ്ടു് സ്കന്ദൻ ബോധംകെട്ടുവീണു. കാളി ശിവസുതനെ കയ്യിലെടുത്ത് പിതാവിന്റെ അടുക്കലെത്തിച്ചു. പരമശിവൻ പുത്രനെ നിഷ്പ്രയാസം എഴുന്നേൽപ്പിച്ചു. അനന്തമായ ബലവും മകനു നൽകി. 

പൂർവാധികം വീരത്തോടെ പടക്കിറങ്ങിയ സ്കന്ദനു കൂട്ടായി കാളിയും പുറപ്പെട്ടു. നന്ദീശ്വരൻമാരും ഗുഹനു പിറകിലെത്തി. പടക്കളത്തിൽ ഭേരിയും അട്ടഹാസവും മുഴങ്ങി. മദ്യം വഹിച്ചുകൊണ്ടു വരുന്നവരും ചെണ്ടകൊട്ടുന്നവരും കളത്തിലിറങ്ങി. കാളി സിംഹനാദം മുഴക്കി. ദാനവപ്പടയ്ക്ക് ഭയമുണ്ടാകുംവണ്ണം കാളി മദ്യം കഴിച്ചു കൂത്താടി. ഉഗ്രദംഷ്ട്ര, യോഗിനി, ഡാകിനി, കോടകി, ഉഗ്രദണ്ഡ എന്നിവരും സുരൻമാരും മദ്യം കുടിച്ചു. കാളിയുടെ വരവ് കണ്ടു് ശംഖചൂഡൻ രണഭൂമിയിൽ വന്ന് ദാനവപ്പടയ്ക്ക് അഭയം നല്കി.

കാളി പ്രളയത്തീപോലെ പ്രോജ്വലിക്കുന്ന ആഗ്നേയാസ്ത്രം പ്രയോഗിച്ചതിനെ ദാനവൻ പർജ്ജന്യാസ്ത്രം കൊണ്ടു് തടുത്തു. കളി വാരുണാസ്ത്രം പ്രയോഗിക്കേ അസുരൻ ഗന്ധർവ്വാസ്ത്രം കൊണ്ടു് അതിനെ തടുത്തു. കാളിയുടെ മാഹേശ്വരത്തെ വൈഷ്ണവം കൊണ്ടും ശംഖചൂഡൻ ചെറുത്തു. എന്നാൽ കാളി മന്ത്രപുരസ്സരം അയച്ച നാരായണാസ്ത്രത്തെ അസുരൻ കൈതൊഴുത് വണങ്ങുകയാണ് ചെയ്തത്. പ്രളയാഗ്നിക്കു തുല്യം ശക്തിമത്തായ ശരം നേരേ ആകാശത്തേക്ക് കുതിക്കവേ ദാനവൻ ഭൂമിയിൽ വീണു നമസ്ക്കരിച്ചു.

കാളി അയച്ച ബ്രഹ്മാസ്ത്രത്തെ അതേ അസ്ത്രം പ്രയോഗിച്ചാണ് ശംഖചൂഡൻ പ്രതിരോധിച്ചത്. കാളിയുടെ മറ്റ് ദിവ്യാസ്ത്രങ്ങളെയും അസുരൻ പ്രതിരോധിച്ചു. ദേവി അയച്ച വേലും അവൻ തടുത്തു. ദേവിയപ്പോൾ പാശുപതാസ്ത്രം പ്രയോഗിക്കാനൊരുങ്ങവേ ഒരശരീരി കേട്ടു. 'ഇവന് വിഷ്ണു കവചം ഉള്ളിടത്തോളം കാലം പാശുപതാസ്ത്രം പോലും ബാധിക്കുകയില്ല. മാത്രമല്ല ബ്രഹ്മാവ് നല്കിയ വരബലത്താൽ ഇവന്റെ ഭാര്യയുടെ പാതിവ്രത്യം നില്ക്കുവോളം ഇവന് ജരാമരണങ്ങൾ സംഭവിക്കുകയുമില്ല.

ഭദ്രകാളി അസ്ത്ര പ്രയോഗം നടത്തിയില്ല. എന്നാലാ കോപമടക്കാൻ അവൾ ഒരു ലക്ഷം ദാനവരെ പിടിച്ചു തിന്നുകളഞ്ഞു. കാളി സൂര്യപ്രഭചിന്നുന്നൊരു വാളുമായി ദാനവന്റെ പിറകേ ചെന്നു. അവനതും പൊടിച്ചു കളഞ്ഞു. പിന്നീട് ശംഖചൂഡനെ വിഴുങ്ങാനായി ഓടിച്ചെല്ലവേ അവൻ ഭീമാകാരനായി വളർന്നു. ഉഗ്രരൂപിണിയായ കാളി വെറും കയ്യാൽ ശംഖചൂഡന്റെ രഥം അടിച്ചു തകർത്തു. കാളി എറിഞ്ഞ പ്രളയാഗ്നിക്കൊത്ത ശൂലത്തെ അസുരൻ ഇടംകൈകൊണ്ട് പിടിച്ചു. അപ്പോൾത്തന്നെ കാളി അവനെ പ്രഹരിക്കുകയും ചെയ്തു. പ്രഹരത്തിന്റെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട ദാനവൻ പെട്ടെന്ന് ബോധം വീണ്ടു കിട്ടി എഴുന്നേറ്റു. ദേവിയോട് ബാഹുയുദ്ധത്തിനു മുതിരാതെ അവൻ ദേവിയെ പ്രണമിച്ചു. അവൻ ദേവിയുടെ ആയുധങ്ങളെ ഖണ്ഡിക്കുമെങ്കിലും മാതൃഭക്തി മൂലം ദേവിയെ പ്രഹരിക്കാൻ ശ്രമിച്ചില്ല. അമ്മയ്ക്കുനേരേ അസ്ത്രപ്രയോഗവും ഉണ്ടായില്ല.

അസുരനെ തലയ്ക്ക് മുകളിൽ പൊക്കിയെടുത്ത് കാളി വട്ടംചുഴറ്റി മേൽപ്പോട്ടെറിഞ്ഞു. താഴെ വീണ ശംഖചൂഡൻ ദേവിയെ നമിച്ചു. അനർഘരത്നങ്ങൾ പിടിപ്പിച്ച വിമാനത്തിലിരുന്ന് അവൻ യുദ്ധം തുടർന്നു. കാളിക ദൈത്യരുടെ ചോരയും മാംസവും കഴിച്ച് ക്ഷുത്തടക്കി ശിവസന്നിധിയിലെത്തി. 

രണവൃത്താന്തം കേട്ട് മഹേശ്വരൻ പുഞ്ചിരിച്ചു. 'ലക്ഷം ദാനവർ ഇനിയും അവശേഷിക്കുന്നു. ബാക്കിയുളളവരെ ഞാൻ പിടിച്ചുതിന്നു. ശംഖചൂഡനെതിരെത്താൻ പാശുപതമെടുത്തപ്പോൾ നിനക്കവൻ അവധ്യനാണെന്ന് അശരീരിയുണ്ടായി. എന്തൊക്കെയായാലും ആ ദാനവശ്രേഷ്ഠൻ ജ്ഞാനിയും വീരനുമാണ്. എന്റെ അസ്ത്രങ്ങളെ ചെറുക്കുകയല്ലാതെ അവൻ എന്റെ നേരെ ഒരസ്ത്രം പോലുമയച്ചില്ല.'

Sunday, April 16, 2017

ദിവസം 243. ശ്രീമദ്‌ ദേവീഭാഗവതം. 9. 21. യുദ്ധാരംഭം

ദിവസം 243ശ്രീമദ്‌ ദേവീഭാഗവതം9. 21.  യുദ്ധാരംഭം

ശ്രീകൃഷ്ണം മനസാ ധ്യാത്വാ രക്ഷ: കൃഷ്ണപരായണ:
ബ്രാഹ്മേ മുഹൂർത്തേ ഉത്ഥായ പുഷ്പ തല്പാന്മനോഹരാത്
രാത്രി വാസ: പരിത്യജ്യ സ്നാത്വാ മംഗള വാരിണാ
ധൗതേ ച വാസസീ ധൃത്വാ കൃത്വാ തിലകമുജ്വലം


ശ്രീ നാരായണൻ പറഞ്ഞു: ശ്രീകൃഷ്ണഭക്തനായ ആ ദൈത്യൻ അതിരാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ തന്റെ പൂമെത്തെമേൽ നിന്നും എഴുന്നേറ്റ് ഭഗവാനെ മനസാ ധ്യാനിച്ചു. രാത്രിയിൽ ധരിച്ചിരുന്ന വേഷം മാറ്റി കുളിച്ച് ശുഭ്രവസ്ത്രം ധരിച്ചു. നെറ്റിയിൽ ഭംഗിയായി തിലകം തൊട്ടു. പ്രഭാതകർമങ്ങൾക്കുശേഷം അദ്ദേഹം മംഗളകരമായ വസ്തുക്കൾ- തയിര്, നെയ്യ്, തേൻ, മലര്, മുതലായവ കണിയായി ദർശിച്ചു. ശ്രേഷ്ഠമായ വസ്ത്രാദികൾ മാത്രമല്ല വിലപിടിച്ച രത്നങ്ങളും ധനവുമെല്ലാം അദ്ദേഹം ബ്രാഹ്മണർക്ക് ദാനം നല്കി. യാത്രാമംഗളമെന്ന ഉദ്ദേശത്തിൽ അദ്ദേഹം തന്റെ ഗുരുവിന് വൈഡൂര്യവും മാണിക്യവും മറ്റ് മുത്തുകളും ദക്ഷിണയായി നല്കി. ആനകളെയും കുതിരകളെയും മറ്റും തന്റെ സേവകർക്കും ദരിദ്രബ്രാഹ്മണർക്കും ദാനമായി നല്കി. രണ്ടുലക്ഷം നഗരങ്ങളും അളവില്ലാത്തത്ര ധനവും അദ്ദേഹം ബ്രാഹ്മണർക്ക് കൊടുത്തു.

ദാനങ്ങൾക്ക് ശേഷം ചന്ദ്രചൂഡൻ മകനെ ദൈത്യൻമാരുടെ രാജാവായി വാഴിച്ചു. നാടും നഗരവും ധനവും ഭൃത്യവർഗ്ഗവും വാഹനങ്ങളും ഭണ്ഡാരവും എല്ലാം അദ്ദേഹം മകനെ ഏല്പിച്ചു. രാജാവ് അമ്പും വില്ലുമെടുത്ത് യുദ്ധസന്നദ്ധനായി നിന്നു. മൂന്നുലക്ഷം കുതിരകൾ, ഒരുലക്ഷം മത്തഗജങ്ങൾ, മൂന്നുകോടി വില്ലാളികൾ, പത്തായിരം രഥങ്ങൾ, പടച്ചട്ടയണിഞ്ഞ മൂന്നുകോടി കാലാൾപട, മൂന്നുകോടി ശൂലധാരികൾ എന്നിങ്ങിനെ വിപുലമായിരുന്നു അദ്ദേഹത്തിന്റെ ദാനവപ്പട. മഹാരഥൻ എന്നു പേരായ  യുദ്ധവീരനെ മൂന്നുലക്ഷം അക്ഷൗഹിണിപ്പടക്കും അധിപനായി അദ്ദേഹം നിർത്തി. ഭണ്ഡാരത്തിനു കാവലായി മുപ്പതുലക്ഷം അക്ഷൗഹിണി വേറെയുമുണ്ടായിരുന്നു. ഇത്രയും സന്നാഹങ്ങള്‍ ഒരുക്കി നിർത്തിയിട്ട് അദ്ദേഹം ഭഗവാനെ സ്മരിച്ചുകൊണ്ട് കെട്ടാരം വിട്ടിറങ്ങി തന്റെ വിമാനത്തിലേറി പുഷ്പഭദ്രാനദീ തീരത്ത് പരമശിവന്റെ സവിധത്തിലെത്തി.

അവിടെയാണ് പുണ്യക്ഷേത്രമായ സിദ്ധാശ്രമം ഉള്ളത്. മലയപർവ്വതത്തിനു പടിഞ്ഞാറായി, കിഴക്കേ സമുദ്രങ്ങൾക്ക് കിഴക്കായി, ശ്രീശൈലത്തിനു വടക്കായി, ഗന്ധമാദനഗരിക്ക് തെക്കായി, സിദ്ധാശ്രമം നിലകൊള്ളുന്നു. കപിലമുനി തപസ്സുചെയ്ത ഇടമാണത്. മാത്രമല്ല, അക്ഷയവടവൃക്ഷവും അവിടെയാണ്. അഞ്ചുയോജന വിസ്താരവും അതിന്റെ നൂറിരട്ടി നീളവുമുള്ള പുഷ്പഭദ്രാനദിയിലെ ജലം സ്പടികസമാനം തെളിഞ്ഞതാണ്. നിത്യസൗഭാഗ്യവതിയും ലവണസമുദ്രത്തിന്റെ പ്രിയപത്നിയുമായ പുഷ്പഭദ്ര, ഹിമാലയത്തിൽ നിന്നും ഉത്ഭവിച്ച് ശരാവതിയുമായി ചേർന്ന് ഗോമതിയുടെ വലതുഭാഗത്ത്കൂടി ഒഴുകി കടലിൽ ചെന്നുചേരുന്നു. ആ പുണ്യനദിക്കരയിൽ ശംഖചൂഡൻ ചന്ദ്രചൂഡനായ പരമശിവനെ ദർശിച്ചു.

ത്രിശൂലംകൈയ്യിലേന്തി പട്ടിശവും പുലിത്തോലുമുടുത്ത് പ്രോജ്വലിക്കുന്ന ബ്രഹ്മതേജസ്സോടെ ശുഭ്രവർണ്ണത്തിൽ ഭഗവാൻ ഒരു പേരാലിന്റെ ചുവട്ടിൽ ഇരിക്കുന്നു. കോടിസൂര്യപ്രഭയോടെ യോഗഭാവത്തിൽ യോഗമുദ്രയോടെ ഭഗവാൻ അവിടെ ഇരുന്നരുളുന്നു. മൃത്യുഭയമില്ലാതാക്കുന്നവനും ശാന്തനും കാന്തനും ക്ഷിപ്രപ്രസാദിയും പ്രസന്നമുഖനും വിശ്വനാഥനും വിശ്വബീജനും വിശ്വരൂപനും, വിശ്വജനും വിശ്വംഭരനും വിശ്വവരനും വിശ്വസംഹാരകനും കാരണകാരണനും നരകസമുദ്രത്തെ കടത്തുന്നവനും ജ്ഞാനപ്രദനും ജ്ഞാനബീജനും ജ്ഞാനാനന്ദനും സനാതനനും ആയ ഭഗവാനെ കണ്ടപ്പോൾത്തന്നെ ശംഖചൂഡൻ വിമാനത്തിൽ നിന്നിറങ്ങി ഭക്തിപൂർവ്വം നമസ്ക്കരിച്ചു. പിന്നീട് സ്കന്ദനെയും കാളിയെയും വന്ദിച്ചു. നന്ദീശ്വരാദികൾ ശംഖചൂഡൻ വരുന്നതുകണ്ട് ബഹുമാനത്തോടെ എഴുന്നേറ്റു.

ശിവസന്നിധിയിൽ ആഗതനായ ദൈത്യരാജനോട് പരമശിവൻ പറഞ്ഞു: 'ജഗത്സൃഷ്ടാവായ ബ്രഹ്മാവ് ധർമ്മജ്ഞനാണ്. ധർമ്മന്റെ പിതാവാണദ്ദേഹം. ധാർമ്മികനും വൈഷ്ണവനുമായ മരീചി അദ്ദേഹത്തിന്റെ മകനാണ്. മഹാനായ കശ്യപൻ മരീചിയുടെ പുത്രനാണ്. ദക്ഷപ്രജാപതി തന്റെ പതിമൂന്നു കന്യകമാരെ കശ്യപനു വിവാഹം ചെയ്തു കൊടുത്തു. അതിലൊരാളാണ് സൗഭാഗ്യവതിയായ ദനു. ദനുവിന് നാല്പത് മക്കളാണ്. അവരിലൊരാളായ വിപ്രചിത്തി വലിയ വീപരാക്രമിയായിരുന്നു. വിപ്രചിത്തിയുടെ പുത്രൻ ദംഭൻ ജിതേന്ദ്രിയനും വിഷ്ണുഭക്തനും ആയിരുന്നു. ശ്രീ ശുകനെ ഗുരുവാക്കി അദ്ദേഹം ലക്ഷംതവണ ശ്രീകൃഷ്ണമന്ത്രം ഉരുക്കഴിച്ചു. പുഷ്ക്കരത്തിൽ വച്ച് ദംഭൻ ചെയ്ത സാധനയുടെ ഫലമായാണ് നീ അദ്ദേഹത്തിനു പുത്രനായി പിറന്നത്.

ഗോപപാർഷദനായിരുന്ന നീ രാധാശാപംമൂലം ദാനവനായി ഭരതഭൂമിയിൽ ജനിക്കാനിടയായി. വിഷ്ണുഭക്തന് ഹരിസേവയൊഴികെ ഒന്നിനും താല്പര്യമില്ല. ബ്രഹ്മാവുമുതൽ പുൽക്കൊടിവരെ എല്ലാം അവർക്ക് നിസ്സാരം. സാലോക്യമോ സാരൂപ്യമോ സാമീപ്യമോ സായൂജ്യമോ ഒന്നും അവർക്ക് താല്പര്യമുള്ള വിഷയങ്ങളല്ല. ബ്രഹ്മത്വവും അമരത്വവും അവർക്ക് തുച്ഛമാണ്. കൃഷ്ണഭക്തൻമാരുടെ കാര്യം അങ്ങിനെയായിരിക്കുമ്പോൾ അങ്ങേയ്ക്ക് എന്തുകൊണ്ടാണ് ദേവൻമാരുടെ സ്വത്തിലും രാജ്യത്തിലും ഇത്ര ഭ്രമം? എന്നെയോർത്ത് നീ ദേവൻമാർക്കുള്ളതെല്ലാം വിട്ടുകൊടുക്കുക. സഹജീവികളെ ദ്രോഹിക്കൽ മതിയാക്കിയാലും. നിനക്കും സ്വന്തം രാജ്യം ഭരിക്കാം. ദേവൻമാരും അവരുടെ രാജ്യം സ്വയം ഭരിക്കട്ടെ. എല്ലാവരും കശ്യപന്‍റെ കുലത്തിൽ പിറന്നവർ തന്നെയാണ്. ബന്ധുക്കളെ ദ്രോഹിച്ചാൽ ബ്രഹ്മഹത്യയേക്കാൾ വലിയ പാപം വന്നുകൂടും എന്നറിയാമല്ലോ. നീ ദേവൻമാർക്ക് അവരുടെ രാജ്യം വിട്ടുകൊടുത്താൽ നിന്‍റെ പ്രതാപത്തിന് കോട്ടമുണ്ടാവുമെന്ന പേടിയൊന്നും വേണ്ട. എല്ലാവർക്കും എല്ലാക്കാലത്തും ഒരുപോലെ ആയിരിക്കുക സാദ്ധ്യമല്ലല്ലോ. പ്രളയകാലത്ത് ബ്രഹ്മാവിനു പോലും നിലനില്പില്ല.

പ്രളയശേഷം ബ്രഹ്മാവ് വീണ്ടും ഉദ്ഭൂതനാവുന്നത് ഈശ്വരേച്ഛകൊണ്ടു് മാത്രമാണ്. തപസ്സുകൊണ്ടു് ജ്ഞാനം വർദ്ധിക്കുമെങ്കിലും സ്മൃതിനാശവും ഉണ്ടാവും. ജ്ഞാനത്തിന്‍റെ നിറവിലാണ് ബ്രഹ്മാവ് സൃഷ്ടി ചെയ്യുന്നത്. സത്യയുഗത്തിൽ ധർമ്മത്തിന് സമ്പൂർണ്ണമായ സ്ഥാനമുണ്ട്. ത്രേതായുഗത്തിൽ അത് മുക്കാൽ ഭാഗമേയുള്ളു. ദ്വാപരത്തിൽ പകുതിയും കലിയിൽ കാൽഭാഗവുമാണ് ധർമ്മത്തിന്റെ നില. കലിയുഗത്തിന്റെ ആരംഭദിശയിൽ നാലിലൊന്ന് ധർമ്മാവസ്ഥയുണ്ടാകുമെങ്കിലും അത് ക്രമേണ ലോപിച്ചുവരും. ക്രമേണ ധർമ്മത്തിന്‍റെ അംശം തീരെ ഇല്ലാതാകും. ഭീഷ്മകാലജ്യോതിയുടെ പ്രഭ സൂര്യനില്‍ ശിശിരകാലത്ത് ഉണ്ടാവുകയില്ല. ഉച്ചസമയത്തെ ചൂട് രാവിലെയും വൈകിട്ടും ഉണ്ടാവുകയില്ലല്ലോ. പ്രഭാതത്തിൽ ഉദിച്ചുയർന് സൂര്യൻ മദ്ധ്യാഹ്നത്തിൽ പ്രചണ്ഡനായി പിന്നീടു് അന്തിയിൽ അസ്തമിക്കുന്നു. എന്നാൽ ചില ദിനങ്ങളിൽ രവിയും കാർമേഘങ്ങൾക്കിടയിൽ മറഞ്ഞു പോവും. ഗ്രഹണസമയത്തും സൂര്യൻ മറയ്ക്കപ്പെടും. വെളത്തവാവിൽ പൂർണ്ണമുഖം പുറത്തുകാണിക്കുന്ന തിങ്കൾ കറുത്തവാവിൽ ഒളി തീരെയില്ലാതെയിരിക്കും. എന്നാൽ അമാവാസിമുതൽ ക്രമീകമായി അതിന്റെ ശോഭ തെളിഞ്ഞുതെളിഞ്ഞു വരും.

ശുക്ളപക്ഷത്തിൽ ചന്ദ്രന് കലാസമ്പത്തുണ്ടു്. എന്നാൽ കൃഷ്ണപക്ഷത്തിൽ അത് ക്രമാൽ ക്ഷയിച്ചു വരുന്നു. രാഹുവിന്റെ പിടിയിൽപ്പെട്ട് മ്ലാനനായിരിക്കുന്ന ചന്ദ്രൻ ദുർദ്ദിനങ്ങളിൽ ഉദിക്കുന്നതേയില്ല. ചന്ദ്രനിൽ ഐശ്വര്യം നിറയുന്നതും ഇല്ലാതാവുന്നതും കാലമനുസരിച്ചാണ്. അതുപോലെ അതിപ്രതാപവാനായിരുന്ന ഇന്ദ്രനും സുതലവാസം അനുഭവിക്കേണ്ടതായി വന്നുവല്ലോ.

ഭൂമിയെ സസ്യശ്യാമളയാക്കുന്നത് കാലമാണ്. അതേ കാലത്തിന്റെ ചക്രം തിരിയുമ്പോൾ ഭൂമി പ്രളയജലത്തിൽ മറയുകയും ചെയ്യുന്നു. വിശ്വത്തിലുള്ള എല്ലാമെല്ലാം വിശ്വം തന്നെയും കാലനിബദ്ധമായി നാശത്തിനു വിധേയമാകുന്നു. ചരാചരങ്ങൾ കാലത്തിനനുസരിച്ച് ഉണ്ടായി മറയുന്നു. എന്നുമെന്നും മാറാതെ നിലനില്ക്കുന്നത് പരമാത്മാവ് അല്ലെങ്കിൽ ബ്രഹ്മം മാത്രമാണ്. ഞാൻ മൃത്യുഞ്ജയനായതുകൊണ്ട് അസംഖ്യം പ്രളയങ്ങൾ കണ്ടിട്ടുണ്ട്. ഇനിയും ഒന്നിനു പിറകേ ഒന്നായി അനേകം പ്രളയങ്ങൾ കാണാനിരിക്കുന്നു. നാനാ രൂപഭാവങ്ങളിൽ പ്രകടമാവുന്നത് ആ ഒരേയൊരു പരംപൊരുൾ മാത്രമാണ്. പ്രകൃതിയും ആത്മാവും ജീവനും രൂപഭാവങ്ങളാർജിക്കുന്ന സത്തയും അവനൊരാൾ മാത്രമാകുന്നു. അവനെ പ്രകീർത്തിച്ചു ധ്യാനിച്ചാൽ മൃത്യുഭീതി ഒഴിവാക്കാം.

സൃഷ്ടികർമ്മത്തിനു ബ്രഹ്മാവിനെയും സുരക്ഷയ്ക്ക് വിഷ്ണുവിനെയും എല്ലാം യഥാസമയം സംഹരിക്കാൻ എന്നെയും ചുമതലപ്പെടുത്തിയിരിക്കുന്നത് ആ പരംപുമാനാണ്. കാലാഗ്നിരുദ്രനെ സംഹാരത്തിനായി നിയോഗിച്ചിട്ടു് ഞാനും ആ പരംപൊരുളിനെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ എന്നിൽ മൃത്യുഭയമില്ല. അതുകൊണ്ടു് ഗരുഡനെ കണ്ട പാമ്പെന്നപോലെ മൃത്യു ഓടി ഒളിക്കുന്നു.' ഇത്രയും പറഞ്ഞ് ശംഭു ശംഖചൂഡനോടുള്ള ഉപദേശം അവസാനിപ്പിച്ചു.

ശംഖചൂഡൻ പറഞ്ഞു: ‘ദേവദേവ, അങ്ങയുടെ വാക്കുകൾ സത്യമല്ലാതാവുകയില്ല. എങ്കിലും എനിക്ക് ചില വസ്തുതകൾ അറിയിക്കാനുണ്ട്. ബന്ധുദ്രോഹം മഹാപാപമാണെന്ന് അങ്ങ് പറഞ്ഞല്ലോ. ദേവന്മാര്‍ മഹാബലിയെ സുതലത്തിലേക്ക് പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിന്റെ എല്ലാം കവർന്നെടുത്തു. അന്ന് അപഹരിച്ചെടുത്ത ഐശ്വര്യം ഞാൻ തിരികെ പിടിച്ചെടുത്തു എന്നേയുള്ളു. സുതലത്തിൽ മഹാവിഷ്ണു കാവലുള്ളതുകൊണ്ടു് ബലിയെ അവിടെനിന്നും ഉദ്ധരിക്കാൻ എനിക്കു കഴിഞ്ഞില്ല. ഇനി മറ്റൊന്നുകൂടി പറയാം. ഭഗവാന്‍ നരസിംഹമായി വന്നു ഹിരണ്യകശിപുവിനെ ശിക്ഷിച്ചതിന്റെ കാര്യം മനസ്സിലാക്കാം എന്നാൽ എന്തിനാണ് അദ്ദേഹത്തിന്റെ സഹോദരൻ ഹിരണ്യാക്ഷനേക്കൂടി ശിക്ഷിച്ചത്? അതുപോലെ ശുംഭനിശുംഭന്മാരെ എന്തിനാണ് ദേവൻമാർ കൊന്നത്?

പാലാഴി കടഞ്ഞ് കിട്ടിയ അമൃത് മുഴുവനും ഞങ്ങൾക്കു തരാതെ ഭക്ഷിച്ചത് ദേവൻമാരല്ലേ? പാലാഴിമഥനസമയത്ത് ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ഞങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. ക്ലേശങ്ങൾ ഞങ്ങൾക്ക്, അമൃത് ദേവൻമാർക്ക്! അതെന്തു ന്യായമാണ്? പ്രകൃതി മാതാവിന്‍റെ കളിക്കോപ്പാണ് ഈ വിശ്വമെന്നത് സത്യമാണെങ്കിൽ ആ പരമാത്മസത്ത ഐശ്വര്യം ആർക്കാണോ നല്കുന്നത് അവൻ വിജയിയാവും. അപ്പോൾപ്പിന്നെ ദേവദാനവമത്സരം സഹജമായും നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കും. ജയപരാജയങ്ങൾ മാറിമാറി വരും. ഈ ലീലയിൽ അങ്ങയുടെ ഇടപെടൽ വൃഥാവിലാണ്. ഞങ്ങൾ രണ്ടു കൂട്ടർക്കും അങ്ങ് ഒരുപോലെ ബന്ധുവാണ്. മഹാത്മാവായ അങ്ങ് ഞങ്ങളോട് യുദ്ധം ചെയ്യുന്നത് അങ്ങേയ്ക്ക് തന്നെ നാണക്കേടാണ്. അങ്ങയുമായുള്ള രണത്തിൽ ഞങ്ങൾ ജയിച്ചാൽ ഉണ്ടാവുന്ന കീർത്തി വളരെ വലുതാണ്. എന്നാൽ അങ്ങ് ജയിച്ചാൽ അതിൽ വലിയ കാര്യമൊന്നുമില്ല. അങ്ങയുടെ പരാജയം വലിയ അപകീർത്തി വരുത്തി വയ്ക്കും താനും.

പരമശിവൻ പുഞ്ചിരയോടെ ശംഖചൂഡനോട് മറുപടിയായി ഇങ്ങിനെ പറഞ്ഞു: ബ്രഹ്മ വംശജരായ നിങ്ങളോട് യുദ്ധം ചെയ്യുന്നതിൽ എനിക്ക് നാണക്കേടില്ല. ഭഗവാൻ ഹരി മധുകൈടഭൻമാരോട് യുദ്ധം ചെയ്തുവല്ലോ. ഹിരണ്യകശിപുവിനോടും ഹിരണ്യാക്ഷനോടും ഭഗവാന്‍ യുദ്ധം ചെയ്തു. ഞാൻ പണ്ടു് ത്രിപുരൻമാരോട് യുദ്ധം ചെയ്തിട്ടുണ്ട്. ജഗജ്ജനനിയായ സർവ്വേശ്വരി ശുംഭാദികളോട് രണത്തിലേർപ്പെട്ടു. നീയാണെങ്കിൽ ശ്രീകൃഷ്ണന്റെ പാർഷദൻമാരിൽ മുഖ്യനാണ്. യുദ്ധത്തിൽ നീ തോല്പിച്ചവരുടെ കാര്യം നോക്കിയാൽ അവരാരും മോശക്കാരായിരുന്നില്ല. അപ്പോൾപ്പിന്നെ നിന്നോടു് യുദ്ധം ചെയ്യാൻ എനിക്ക് മടിക്കേണ്ട കാര്യമില്ല. അതിൽ മാനക്കേടില്ല.

ദേവൻമാർ ആവലാതി പറഞ്ഞതുകൊണ്ടു് സാക്ഷാൽ മഹാവിഷ്ണുവാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ദേവൻമാർക്ക് രാജ്യം നല്കുക എന്നത് മാത്രമാണ് അങ്ങേയ്ക്കുളള പോംവഴി. അല്ലെങ്കിൽ വെറുതേ നിന്ന് വാദിക്കാതെ എന്നോട് യുദ്ധം ചെയ്യുക.'

ഭഗവാൻ സംഭാഷണം അവസാനിപ്പിച്ച് എഴുന്നേറ്റു. ശംഖചൂഡനും തന്‍റെ മന്ത്രിമാരോടു കൂടി എഴുന്നേറ്റു തന്‍റെ വിമാനത്തില്‍ക്കയറി.

Thursday, April 13, 2017

ദിവസം 242. ശ്രീമദ്‌ ദേവീഭാഗവതം. 9. 20. യുദ്ധോദ്യോഗം

ദിവസം 242.  ശ്രീമദ്‌ ദേവീഭാഗവതം. 9. 20.  യുദ്ധോദ്യോഗം

ബ്രഹ്മാ ശിവം സന്നിയോജ്യ സംഹാരേ ദാനവസ്യ ച
ജഗാമസ്വാലയം തൂർണം യഥാസ്ഥാനം സൂരോത്തമാ:
ചന്ദ്രഭാഗാനദീതീരേ വട മൂലേ മനോഹരേ
തത്ര തസ്ഥൗ മഹാദേവോ ദേവ വിസ്താരഹേതവേ

ശ്രീ നാരായണൻ പറഞ്ഞു: ദൈത്യനായ ശംഖചൂഡനെ നിഗ്രഹിക്കാനുള്ള ചുമതല പരമശിവനെ ഏൽപ്പിച്ചശേഷം ശ്രീഹരി ദേവൻമാരെ യാത്രയാക്കി. അവർ സ്വധാമങ്ങളിലേക്ക് മടങ്ങി. ദേവകാര്യം നടത്താനുള്ള ഉദ്ദേശത്തോടെ ചന്ദ്രഭാഗാ നദീതീരത്തുള്ള ഒരു വടവൃക്ഷച്ചുവട്ടിൽ മഹേശ്വരൻ ഇരുന്നു. ഗന്ധർവ്വൻമാരുടെ കൂട്ടത്തിൽ ശിവനു പ്രിയപ്പെട്ടവനായ ചിത്രരഥനെ ഒരു ദൂതമായി ശംഖചൂഡന്റെയടുക്കൽ പറഞ്ഞയച്ചു.

ശംഖചൂഡൻ വാഴുന്ന പട്ടണം അമരാവതിയേക്കാൾ, അളകാപുരിയേക്കാൾ കമനീയവും വിപുലവുമാണ്.  അഞ്ചുയോജന വീതിയും  അതിന്റെയിരട്ടി നീളവുമുള്ളതും പളുങ്കുമണികളാൽ നിർമ്മിക്കപ്പെട്ടതുമായ വാഹനങ്ങൾ ആ നഗരത്തിൽ ഓടുന്നു. നഗരത്തെ ചുറ്റി ഏഴു കിടങ്ങുകൾ ഉണ്ടു്. അവയ്ക്ക് ചുറ്റും  കോടിക്കണക്കിനു രത്നങ്ങൾ തീ പോലെ തിളങ്ങുന്ന മണി വേദികൾ അലങ്കരിക്കുന്ന രാജവീഥികളും  മണിമാളികകളും ഉണ്ട്. ചുവപ്പുകല്ലിൽ രത്നം പതിച്ചു നിർമ്മിച്ച കൊട്ടാര സമുച്ചയങ്ങളും ദിവ്യാശ്രമങ്ങളും നഗരത്തിനു മാറ്റുകൂട്ടി. നഗരമദ്ധ്യത്തിലായി പൂർണ്ണേന്ദുമണ്ഡലം പോലെ വർത്തുളാകാരമായ കൊട്ടാരം. കൊട്ടാരത്തിനുചുറ്റും തീജ്വാല വമിക്കുന്ന നാലു കിടങ്ങുകൾ. ശത്രുക്കൾക്കവ ദുസ്സഹമാണെങ്കിലും സുഹൃത്തുക്കൾക്ക് സുഗമമാണ് അങ്ങോട്ടേക്കുളള വഴി.

ആകാശം മുട്ടുന്ന മണി കുംഭങ്ങൾക്കു താഴെ പന്ത്രണ്ടു പടിവാതിലുകൾ. വീരന്മാരായ ദ്വാരപാലകരുണ്ടവിടെ. രത്ന സോപാനങ്ങളും കോണിപ്പടികളും തൂണുകളും നിറഞ്ഞ സൗധങ്ങൾ അനവധി അവിടെയുണ്ട്. ഇവയെല്ലാം കണ്ടു നടക്കവേ ചിത്രരഥൻ ശൂലമേന്തി ചിരിച്ചു നില്ക്കുന്ന ഒരു ദ്വാരപാലനെ കണ്ടു. ചുവന്ന കണ്ണുകളും ചെമ്പിച്ച നിറവു മാണവന്. ചിത്രരഥൻ അവനോട് ആഗമനോദ്ദേശം പറഞ്ഞു. യുദ്ധവൃത്താന്തം പറയാൻ വന്ന ദൂതനെ ആരും തടത്തില്ല.

അവസാനത്തെ കാവൽക്കാരനോട് ' നീ പോയി ശംഖചൂഡനോട്  യുദ്ധം പ്രഖ്യാപിച്ച കാര്യം താമസംവിനാ അറിയിക്കുക ' എന്നവൻ പറഞ്ഞു. ആ വാതിലും കടന്ന് ദൂതൻ ശംഖചൂഡന്റെ അരികിലെത്തി. അതിസുന്ദരനായ രാജാവ് രത്നഖചിതമായ ഒരു സിംഹാസനത്തിൽ ഇരിക്കുന്നു.
കയ്യിൽ തിളക്കമേറിയ ഒരു ദണ്ഡ് രാജഛിന്നമായി പിടിച്ച് മുത്തുക്കുട സിംഹാസനത്തിനു മുകളിൽ പിടിച്ചു നില്ക്കുന്ന ഭൃത്യമാരോടുകൂടി ശംഖചൂഡൻ വിളങ്ങി. പാർഷദൻമാർ വെഞ്ചാമരം വീശുന്നു. രത്ന ഭൂഷകളും മാലാലേപനങ്ങളും രാജാവിന്റെ മേനിയെ അലങ്കരിച്ചു. രാജാവിനു കാവലായി മൂന്നു കോടി അസുരൻമാരുടെ പടയാണ് നിരന്നു നില്ക്കുന്നത്. ശംഖചൂഡന് നൂറു കോടി സായുധസൈനികർ വേറെയുമുണ്ട്. പുഷ്പ ദന്തൻ എന്നും അറിയപ്പെടുന്ന ദൂതനായ ചിത്രരഥൻ പരമശിവന്റെ ദൂത് രാജാവിനെ അറിയിച്ചു.

പുഷ്പദന്തൻ പറഞ്ഞു: 'രാജാവേ മഹേശ്വരന്റെ ഭൃത്യനായ പുഷ്പദന്തനാണ് ഞാൻ. പരമശിവന്റെ വാക്കുകൾ ഞാനങ്ങയെ അറിയിക്കട്ടെ. "ദേവൻമാർക്ക് അവകാശപ്പെട്ട നാടും അധികാരവും നീ അവർക്ക് തിരികെ നല്കണം. അല്ലെങ്കിൽ ഒരു യുദ്ധം അനിവാര്യമാണ്." ഞാനെന്താണ് മഹാദേവനോട് അങ്ങയുടെ പ്രതികരണമായി അറിയിക്കേണ്ടത്? ദേവൻമാർ പരാത്പരനായ വിഷ്ണുവിനെ സമാശ്രയിച്ചതിൻ പ്രകാരം ശ്രീഹരി മഹേശനെ തന്റെ ശൂലവും നല്കി പറഞ്ഞയച്ചിരിക്കുന്നു. പരമശിവൻ പുഷ്പഭദ്രയുടെ തീരത്ത് യുദ്ധോല്‍സുകനായി കാത്തിരിക്കുകയാണ്. മഹേശനോട് ഞാനെന്താണ് പറയേണ്ടത്?'

'നാളെ പ്രഭാതത്തിൽ ഞാനവിടെ എത്താമെന്ന് അറിയിക്കുക. ' എന്ന് രാജാവ്. ഒരു പുഞ്ചിരിയോടെ ദൂതനെ അറിയിച്ചു.  

അപ്പോഴേക്കും സ്കന്ദനും വീരഭദ്രനും നന്ദിയും മഹാകാളനും ബാഷ്കളനും സുഭദ്രകനും വിശാലാക്ഷനും ബ്രാഹ്മനും പിംഗളാക്ഷനും വികമ്പനും വിരൂപനും വികൃതനും മണിഭദ്രനും കപിലാഖ്യനും ദീർഘദംഷ്ട്രനും വികടനും താമ്രലോചനനും കാളകണ്ഠനും ബലീഭദ്രനും കാലജിഹ്വനും കുടീചരനും ബലോന്മത്തനും രണശ്ലാഘിയും ദുർജയനും ദുർഗമനും ദുർമുഖനും അഷ്ടഭൈരവന്മാരും പതിനൊന്നു രുദ്രന്മാരും അഷ്ട വസുക്കളും പന്ത്രണ്ട് ആദിത്യന്മാരും വാസവനും അഗ്നിയും ചന്ദ്രനും വിശ്വകർമ്മാവും സുരവൈദ്യന്മാരും യമനും കുബേരനും നളകൂബരൻമാരും ജയന്തനും വായുവും വരുണനും ബുധനും കുജനും ധർമ്മനും ശനിയും ഈശാനനും കാമദേവനും ഉഗ്രദംഷ്ട്രയും ഉഗ്രചണ്ഡയും കോടരയും കൈടഭിയും എട്ടു കൈകളുള്ള ഭദ്രകാളിയും മഹേശന്റെ മുന്നിൽ ആഗതരായി.

ഭദ്രകാളി രക്തവസ്ത്രം ധരിച്ച് രക്തക്കുറിയണിഞ്ഞ് രക്തശോഭയാർന്ന മാലകളും ലേപനങ്ങളും ചാർത്തി ശ്രേഷ്ഠരത്നങ്ങളാൽ അലങ്കൃതമായ വിമാനത്തിലാണ് വന്നണഞ്ഞത്. ആടിപ്പാടി ചിരിച്ചു കൊണ്ട് ഭക്തർക്കഭയം നൽകി ശത്രുവിൽ ഭയമുണ്ടാക്കി യോജന നീളമേറിയനാക്ക് പുറത്തിട്ട് ശംഖ്, ചക്രം,  ഗദാ, പത്മം,  ഖഡ്ഗം, പരിച, അമ്പ്,  വില്ല്, എന്നിവ എട്ടു കൈകളിൽ പിടിച്ച്  യോജന വലുപ്പം വൃത്താകാരത്തിലുള്ള പാനപാത്രവും യോജനനീളത്തിലുള്ള വേലും ആകാശം മൂട്ടുന്ന ശലവും, മുൾത്തടി, ഉലക്ക, വജ്രം, ഖേടം, വൈഷ്ണവാസ്ത്രം, ഗരുഡാസ്ത്രം, പാർജ്ജന്യാസ്ത്രം, പാശുപതം, പാർവ്വതം, ജൃംഭണാസ്ത്രം, മഹേശ്വരാസ്ത്രം, വായവ്യം, ദണ്ഡം, മോഹനാസ്ത്രം, ആഗ്നേയാസ്ത്രം, വാരുണാസ്ത്രം, നാഗപാശം, നാരായണാസ്ത്രം, ഗാന്ധർവ്വം, ബ്രഹ്മാസ്ത്രം, കൂടാതെ അവ്യർത്ഥമെന്ന ദിവ്യാസ്ത്രം എന്നിവ ധരിച്ചു കൊണ്ട് ഭദ്രകാളി നിലകൊണ്ടു.

കാളിക്കൊപ്പം മൂന്നു കോടി യോഗിനികളും ഡാകിനികളും മൂന്നു കോടി വികടന്മാരും ഭൂതപ്രേത പിശാചുക്കളും കൂഷ്മാണ്ഡന്മാരും ബ്രഹ്മരക്ഷസ്സുകളും വേതാളങ്ങളും രാക്ഷസൻമാരും കിന്നരന്മാരും യക്ഷരും സ്കന്ദന്റെ നേതൃത്വത്തിൽ അവിടെ വന്ന് ശംഭുവിനെ പ്രണമിച്ചു. എന്തിനും തയ്യാറായി അവരവിടെ സ്ഥാനം പിടിച്ചു.

ദൂതൻമടങ്ങിയപ്പോൾ ശംഖചൂഡൻ അന്തപ്പുരത്തിൽ പോയി തുളസീദേവിയെ വിവരമറിയിച്ചു. യുദ്ധ വിവരമറിഞ്ഞ് അവളുടെ തൊണ്ട വരണ്ടു. എങ്കിലും വിഷമത്തോടെ അവൾ പറഞ്ഞു: 'പ്രാണബന്ധുവും പ്രാണനാഥനുമായ പ്രിയനേ, എന്നെ നിന്റെ മാറോടു് ചേർത്ത പിടിച്ച് രക്ഷിച്ചാലും. എന്റെ ജീവിതം കൊണ്ട് അങ്ങേയ്ക്ക് കിട്ടാവുന്ന ഭോഗ സുഖങ്ങളെല്ലാം അനുഭവിക്കൂ. ഈ നിമിഷം ഞാനങ്ങയെ കൺനിറയെ കാണട്ടെ. എന്റെ ചിത്തം ചാഞ്ചാടുന്നു. മനസ്സ് നീറുന്നു. ഇന്ന് രാവിലെ ഞാൻ കണ്ട ദു:സ്വപ്നം ഇതായിരിക്കുമോ.?'

തുളസീദേവിയുടെ പ്രേമവും ഉൽഘണ്ഠയും അറിഞ്ഞ ശംഖചൂഡൻ അവളോട് പ്രിയം പറഞ്ഞു: 'പ്രിയേ കർമ്മഭോഗങ്ങളെ കൊണ്ടുവന്നു നല്കുന്നത് കാലമാണ്. ശുഭം, ഹർഷം, സുഖം, ദു:ഖം എന്നിവയെല്ലാം കാലനിബദ്ധമാണ്. വിത്തു മുളച്ചു ചെടിയായി മരമായി ശാഖകൾ വികസിച്ചു വളർന്ന് അവയിൽ പൂക്കളും കായ്കളും നിറഞ്ഞ് കാലാധീനമായി പഴുത്ത് ഒടുവിൽ താഴെ വീണ് നശിക്കുന്നു. കാലത്തിനധീനമായി ബ്രഹ്മാവ് സൃഷ്ടി നടത്തുന്നു.വിഷ്ണു സംരക്ഷിക്കുന്നു. ശംഭു സംഹരിക്കുന്നു. ഈ ത്രിമൂർത്തികൾക്കും ഈശ്വരനായുള്ളത് മൂലപ്രകൃതിസ്വരൂപനാണ്. സൃഷ്ടിസ്ഥിതി സംഹാര കർത്താവും ആത്മാവും കാലനർത്തകനും ആ പ്രഭു തന്നെയാണ്. തന്നിൽ നിന്നും അഭിന്നയായ പ്രകൃതിയെ സ്വേച്ഛയാൽ സൃഷ്ടിച്ചിട്ടു് ആ മായയെ മുൻനിർത്തി അവന്‍ ലോകത്തെ ഉണ്ടാക്കുന്നു. അവൻ സർവ്വേശ്വരനും സർവ്വരൂപനും സർവ്വാത്മാവും അഖിലത്തിനും ഈശ്വരനുമാകുന്നു. അവനാണ് ജനത്തെക്കൊണ്ട് അവരുടെ തന്നെ സൃഷ്ടിസ്ഥിതി സംഹാര കർമ്മങ്ങൾ ചെയ്യിക്കുന്നത്. നീ അങ്ങിനെയുള്ള സർവ്വേശ്വരനെ ഭജിച്ചാലും. നിർത്താതെ വായു വീശുന്നതും സൂര്യൻ നിലനില്ക്കുന്നതും ഇന്ദ്രൻ മഴ പെയ്യിക്കുന്നതും മൃത്യു ജീവനെടുക്കുന്നതും അഗ്നി ജ്വലിക്കുന്നതും ചന്ദ്രനിൽ ശീതളിമയുള്ളതും അവനുള്ളതുകൊണ്ടാണ്.

മൃത്യു മൃത്യുവും കാലകാലനും യമയമനും സൃഷ്ടാവിന്റെ സൃഷ്ടാവും മാതാവിന്റെ മാതാവും രക്ഷിതാവിന്റെ രക്ഷകനും സംഹർത്താവിന്റെ ഹർത്താവും ആയ ആ ദേവൻ മാത്രമാണ് സർവ്വർക്കും ബന്ധുവായ ഒരേ ഒരു ദേവൻ. ആ ദേവനെയാണ് നാം ഭജിക്കേണ്ടത്. ഞാനും നീയുമൊക്കെ ആരാണ്? വിധി വിഹിതമായി കർമത്തിൽ നാമൊന്നു ചേർന്നു, അതേ വിധി തന്നെ നമ്മെ തമ്മിലകറ്റുന്നു. വിപത്തു വരുമ്പോൾ അജ്ഞാനി പേടിക്കും. വിദ്വാന് ആ പേടിയില്ല. കാലചക്രം തിരിയുന്നതിനനുസരിച്ച് സുഖ ദുഖങ്ങൾ വന്നും പോയുമിരിക്കും.

പണ്ട് നീ ബദരീകാശ്രമത്തിൽ വച്ച് ചെയ്ത തപസ്സിനാൽ നിനക്ക് സാക്ഷാൽ വിഷ്ണുവിനെ കാന്തനായി ലഭിക്കും. മാത്രമല്ല ശ്രീ ഹരിയെ കിട്ടാൻ നീ തപസ്സു ചെയ്തിട്ടുള്ളതിനാൽ നീ ഹരിയുടെ കാന്തയുമാകും. ബ്രഹ്മാവിന്റെ വരം മൂലമാണ് എനിക്ക് നിന്നെ കിട്ടിയത്. ഗോലോകത്ത് നിനക്ക് ഗോവിന്ദൻ കാന്തനാവും. താമസംവിനാ ഞാനീ ദേഹം ഉപേക്ഷിച്ച് ഗോലോകമണയും. രാധാ ശാപത്താലാണ് ഞാനും ഭാരതത്തിൽ വന്നു പിറന്നത്. നാം രണ്ടു പേരും മടങ്ങുന്നത് ഗോലോകത്തേക്ക് തന്നെയാണ്. അതിനാൽ വിഷമിക്കാതിരിക്കൂ. ഇനി നിനക്ക് വിഷ്ണുവിനെ പ്രാപിക്കാം. ദുഖമെല്ലാം കളയൂ . ഇങ്ങിനെ മധുര വാക്കുകളും സാരോപദേശവും നല്കി ശുഖചൂഡൻ തുളസീദേവിയുമായി നാനാവിധത്തിലുള്ള രതിക്രീഡകൾ ചെയ്ത് പുഷ്പ ശയ്യയിൽ കിടന്നുറങ്ങി. രത്നദീപങ്ങൾ പ്രഭ ചൊരിയുന്ന മണിമന്ദിരത്തിൽ സുന്ദരിയായ ആ സ്ത്രീരത്നത്തോടെപ്പം രാജാവ് തന്റെ അവസാന രാത്രി കഴിച്ചുകൂട്ടി.

ശോകഗ്രസ്ഥയായ രാജ്ഞിയെ മാറോടു ചേർത്ത് ജ്ഞാനിയായ രാജാവ് അവൾക്ക് ബോധോപദേശം നല്കി. പണ്ട് സാക്ഷാൽ ശ്രീകൃഷ്ണൻ ഭാണ്ഡീരത്തിൽ വച്ച് പറഞ്ഞു കൊടുത്ത ദിവ്യ ജ്ഞാനമാണ് അദ്ദേഹം രാജ്ഞിക്കു കൊടുത്തത്. ജ്ഞാനലബ്ധിയിൽ ദു:ഖം മാറി മുഖം തെളിഞ്ഞ തുളസീദേവി ജീവിതത്തിന്റെ നശ്വരത എന്തെന്ന അറിവോടു കൂടി തന്റെ നാഥനുമൊത്ത് വീണ്ടും രാസക്രീഡയിൽ ഏർപ്പെട്ടു.  സർവ്വാംഗങ്ങളിലും പുളകം വിതക്കുന്ന മാരകേളിയിൽ അവരുടെ മെയ്യൊന്നായി. അവർ അർദ്ധനാരീശ്വരന്മാരായി. പ്രാണപ്രിയരായ ദമ്പതിമാർ ആ രാത്രി സുരതരസാനുഭൂതിയിൽ മുഴുകി നിദ്രയെ പുൽകി.

എന്നാലവർ പെട്ടെന്നെഴുന്നേറ്റ് ബോധം തെളിഞ്ഞ് സരസമായ കഥകൾ പറഞ്ഞു ചിരിക്കാൻ തുടങ്ങി. വീണ്ടും രതിക്രീഡകൾ തുടർന്നു. ജയപരാജയ ദ്വന്ദങ്ങൾ അവരെ ബാധിച്ചില്ല. എങ്കിലും സുഖാസ്വാദനത്തിൽ അവർ വിരക്തിയും ഒട്ടും കാണിച്ചില്ല.

Saturday, April 8, 2017

ദിവസം 241. ശ്രീമദ്‌ ദേവീഭാഗവതം -9.19. തുളസീക്രീഡ

ദിവസം 241ശ്രീമദ്‌ ദേവീഭാഗവതം 9.19.  തുളസീക്രീഡ

വിചിത്രമിദമാഖ്യാനം ഭവതാ സമുദാഹൃതം
ശ്രുതേന യേന മേ തൃപ്തിർ ന കദാപി ഹി ജായതേ
തത: പരംതു യജ്ജാതം തത്വം വദ മഹാമതേ

നാരദൻ പറഞ്ഞു: മഹാത്മൻ, വിചിത്രമായ ഈ കഥ കേട്ടിട്ടു് അതിലെനിക്ക് ഇനിയും മതി വന്നിട്ടില്ല. അതിനുശേഷമുണ്ടായ കാര്യങ്ങൾകൂടി പറഞ്ഞുതന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ശംഖചൂഡനെയും തുളസിയേയും അനുഗ്രഹിച്ച് ബ്രഹ്മാവ് സ്വധാമത്തിലേക്ക് മടങ്ങി. ചന്ദ്രചൂഡൻ ഗന്ധർവ്വവിധിപ്രകാരം തുളസിയെ വിവാഹം കഴിച്ചു. ആകാശത്തുനിന്ന് അപ്പോൾ പുഷ്പവൃഷ്ടിയുണ്ടായി. ഇഷ്ടപ്പെട്ടവരനെ ലഭിച്ച തുളസീദേവി നവസംഭോഗസുഖസമുദ്രത്തിൽ മുങ്ങി പലവിധത്തിലുള്ള സുഖാനുഭൂതികൾ അനുഭവിച്ചു. അറുപത്തിനാലുവിധം കാമകലാരൂപങ്ങളും അതിനൊത്ത രസാനുഭൂതികളും ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. സ്ത്രീഹൃദയങ്ങളെ സമാകർഷിക്കുന്ന കലകൾ രസികന്മാർക്കു വേണ്ടി കാമശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ദാനവനായ ശംഖചൂഡൻ അവകളിൽ എല്ലാം നിപുണനായിരുന്നു.

പുഴക്കരയിലും വിജനവനങ്ങളിലും അവർ രതിക്രീഡ ചെയ്തു. പുഷ്പചന്ദനങ്ങൾ കൊണ്ടലങ്കരിച്ച പള്ളിമെത്തയിലും നന്ദനോദ്യാനങ്ങളിലും അവർ കാമകേളിയിൽ മുഴുകിക്കഴിഞ്ഞു. ശൃംഗാരരസികനും യുവകോമളനമായ ചന്ദ്രചൂഡൻ തുളസീദേവിയുടെ മനം കവർന്നു. സദാ രതിലീലയിൽ മുഴുകിയിട്ടും അവർക്കതിൽ മതിവന്നില്ല. രതിക്രിയക്കിടക്ക് കാന്തന്റെ നെറ്റിക്കുറിയും  മാറിലെ ചന്ദനവും അവൾ മായ്ച്ചു കളഞ്ഞു. അവനാണെങ്കിൽ കാന്തയുടെ പൊട്ടും പത്തിക്കീറ്റും കൈത്തലം കൊണ്ട് മായ്ച്ചു. അവൻ അവളുടെ മാറിടത്തിലും കവിളത്തും കൈനഖപ്പാടുകൾ വീഴ്ത്തിയപ്പോൾ അവളുടെ വളകൾ പൊട്ടി അവന്റെ വയറിൽ രക്തം പൊടിഞ്ഞു. പരസ്പരം അവർ ചുണ്ടുകളെ ചുംബിച്ചു ചുവപ്പിച്ചു. ദീർഘമായ ആലിംഗനങ്ങളിൽ മുഴുകി അവരുടെ മെയ്യൊന്നായി. സുരതലീല കഴിയവേ അവർ പരസ്പരം ആടയാഭരണങ്ങൾ അണിയിച്ചു. പരസ്പരം ചന്ദനകുങ്കുമാദികൾ മെയ്യിലണിയിച്ചു. കളഭമണിയിച്ചു. വിശിഷ്ടവസ്ത്രങ്ങൾ ധരിപ്പിച്ചു. 

'
ഞാനങ്ങയുടെ ദാസി’, എന്നവളും ‘നിന്റെയടിമയാണ് ഞാൻ’ എന്നവനും വികാരത്തോടെ പറഞ്ഞു. വരുണൻ പണ്ട് കാഴ്ചയായി നല്കിയ ചേലകൾ അവനവൾക്ക് സമ്മാനിച്ചു. വ്രീളഭാവേന ചേലകൊണ്ടു് മൂടിയ മുഖം അനാവരണം ചെയ്ത് അവളെയവൻ തെരുതെരെ ചുംബിച്ചു. അവളുടെ മുടിയിൽ മാംഗല്യഭൂഷകളും കഴുത്തിൽ രത്നമാലയും അവനണിയിച്ചു. സ്വാഹാദേവി നല്കിയ രത്നനിർമ്മിതമായ കാൽച്ചിലമ്പ്, ഛായാദേവി നല്കിയ തോൾവളകൾ, രോഹിണി നല്കിയ കുണ്ഡലങ്ങൾ, രതീദേവി നല്കിയ വളകൾ, രത്നമോതിരങ്ങൾ, വിശ്വകർമ്മാവ് നല്കിയ ശംഖ് എന്നിവയും നല്ലൊരു പട്ടുമെത്തയും ശംഖചൂഡൻ അവൾക്ക് സമ്മാനിച്ചു. എന്നിട്ടവൻ പ്രിയതമയുടെ മുടിയും മുഖവും അലങ്കരിച്ചു. കവിളിലെ മാഞ്ഞുപോയിരുന്ന പത്തിക്കീറ്റ് വീണ്ടും സസൂക്ഷ്മം വരച്ചുകൊടുത്തു. അതിനു നടുക്ക് ദീപനാളം പോലൊരു പൊട്ടും വരച്ചു. ഓരോ നടത്തയിലും പൂവിരിയുന്ന അവളുടെ പാദനഖങ്ങളിൽ ചെമ്പഞ്ഞിച്ചാറു പൂശിയിട്ട് അവനാ ചരണങ്ങൾ മടിയിലെടുത്തു വച്ച് ഓമനിച്ചു. അവളെ വീണ്ടും ഗാഢം പുണർന്നു.

അവളെയും കൊണ്ട് അവൻ മറ്റുദേശങ്ങളിലക്ക് ഉല്ലാസയാത്ര പോയി. അവൾക്ക് പരിചിതമല്ലാത്ത കാട്ടിലും മേട്ടിലുള്ള കാഴ്ചകൾ കാണിച്ചു കൊടുത്തു. ആളില്ലാ പൂവനങ്ങൾ, അഴകോലും കടൽത്തീരം, ഗിരിഗഹ്വരങ്ങൾ, സദാ കുളുർതെന്നൽ വീശുന്ന പുഷ്പഭദ്രാനദീതടം, പഞ്ചാരമണൽ വിരിഞ്ഞു കിടക്കുന്ന നദീതീരങ്ങൾ, പൂഞ്ചോലകൾ എന്നിവിടങ്ങളിലെല്ലാം അവർ ക്രീഡാലോലരായി വിഹരിച്ചു. വസന്തഋതുവിൽ വണ്ടുകൾ മുരളുന്ന വിസ്പന്ദനത്തിലും, ദേവോദ്യാനമായ നന്ദനത്തിലും ഗന്ധമാദനത്തിലും,  മല്ലി, പിച്ചകം, മുല്ല, കൈത, ചമ്പകം, പാരിജാതം, എന്നിവ നിറഞ്ഞു വളരുന്ന  പുഷ്പവാടികകളിലും, ആ കാമുകൻ പ്രിയയെ കൊണ്ടുനടന്നു. ഓരോ കല്പവൃക്ഷത്തോപ്പിലും പാരിജാതവനങ്ങളിലുംവച്ച് രമിച്ചിട്ടും അവരിലെ ആസക്തിക്ക്  അവസാനമായില്ല. യാത്രകഴിഞ്ഞ് കൊട്ടാരത്തിലെ പട്ടുമെത്തയിലും അവർ രാസക്രീഡ തുടർന്നു.

രാജരാജനായ ശംഖചൂഡൻ ഒരു മന്വന്തരക്കാലം ദേവാസുരമാനുഷഗന്ധർവ്വൻമാർക്കെല്ലാം  ഭയമേകി ഭരണം നടത്തി. ദേവൻമാരുടെ പ്രതാപം നശിച്ചു. അവർ ഭിക്ഷുക്കളായി. അവരെല്ലാം ചേർന്ന് ബ്രഹ്മാവിനോട് സങ്കടം പറഞ്ഞു. ബ്രഹ്മാവും സുരൻമാരോടൊപ്പം ചേർന്ന് മുക്കണ്ണനായ പരമശിവനെ കാണാൻ പോയി. അദ്ദേഹവും അവരോടൊപ്പം വൈകുണ്ഠത്തിലേക്ക് പുറപ്പെട്ടു.

വൈകുണ്ഠം ജരാമൃത്യുരഹിതമായ മോക്ഷദ്വാരമാണെന്ന് പ്രസിദ്ധമാണല്ലോ. അവിടെയവർ പീതാംബരധാരികളായ ദ്വാരപാലകൻമാരെ കാണുകയുണ്ടായി. രത്നസിംഹാസനസ്ഥരായ അവർ ശംഖചക്രഗദാധാരികളും വനമാലയണിഞ്ഞവരും ശ്യാമസുന്ദരഗാത്രരും ആയിരുന്നു. ബ്രഹ്മദേവൻ അവരോട് അനുവാദം വാങ്ങി എല്ലാവരും അകത്തു കടന്നു. ആദ്യംകണ്ട വാതിൽ പോലുള്ള പതിനാറുദ്വാരങ്ങളും അവിടെയെല്ലാമുള്ള ദ്വാരപാലകൻമാരെയും കടന്ന് അവർ വിഷ്ണുസഭയിലെത്തി. ദേവർഷിമാരും ചതുർഭുജന്മാരും നാരായണസ്വരൂപരും നിറഞ്ഞതായിരുന്നു വിഷ്ണുസഭ. സദാ പ്രകാശം പൊഴിക്കുന്ന വൈരക്കല്ലും മുത്തും നിറഞ്ഞ മണ്ഡപം നവേന്ദുമണ്ഡലാകൃതിയിൽ ചമച്ചിരിക്കുന്നു. അനർഘരത്നങ്ങളും മുത്തുമാലകളും മറ്റും ശ്രീഹരിയുടെ താല്പര്യമനുസരിച്ച് മണ്ഡപത്തെ അലങ്കരിച്ചു. വൃത്താകാരത്തിലുള്ള കണ്ണാടികൾ, ചിത്രപ്പണികൾ, പത്മരാഗനിറത്തിൽ സ്യമന്തകനിർമ്മിതമായ  സോപാനങ്ങൾ, ഇന്ദ്രനീലക്കല്ലുകൊണ്ട്‌ നിർമ്മിച്ച തൂണുകൾ, പട്ടുനൂലിൽ കോർത്തു തൂക്കിയിട്ട ചന്ദനത്തളിർമാലകൾ, രത്നാഭമായ പൂർണ്ണകുംഭങ്ങൾ, പാരിജാതമാലകൾ, കസ്തൂരി ചേര്‍ത്ത കുങ്കുമത്തിന്റെ ഗന്ധം പൊഴിക്കുന്ന ചന്ദനമരം കൊണ്ട് തീർത്ത അരുണാഭമായ മേൽക്കൂര, എന്നിവയൊക്കെയുമായി  അതീവ കമനീയമായി വിളങ്ങുന്ന മണ്ഡപത്തിൽ വിദ്യാധരസ്ത്രീകളുടെ നൃത്തം ആസ്വദിച്ചുകൊണ്ട് താരകൾ ചുറ്റിനും വിലസുന്ന ചന്ദ്രനെപ്പോലെ സഭാമദ്ധ്യത്തിലിരിക്കുന്ന ശ്രീഹരിയെ ബ്രഹ്മാദികൾ കണ്ടു. 

അമൂല്യരത്നസിംഹാസനത്തിൽ താമര കൈയിലേന്തി ലക്ഷ്മീദേവിയാൽ പാദസേവ ചെയ്യപ്പെട്ട് സുഗന്ധതാംബൂലം ചവച്ചുകൊണ്ട് പ്രശാന്തനായി ഭഗവാനവിടെ വിരാജിക്കുന്നു. ഗംഗ ഭഗവാനെ വെഞ്ചാമരം വീശുന്നു. ഋഷീവൃന്ദം ഭഗവാനു മുന്നിൽ ശിരസ്സുനമിച്ചു വണങ്ങിനില്ക്കുന്നു. ശ്രീഹരിയെ ബ്രഹ്മാദികളും ദേവൻമാരും നമസ്കരിച്ചു. ശ്രേഷ്ഠതമനും പരിപൂർണ്ണനും പ്രഭുവുമായ ശ്രീഹരിയെ കണ്ട് എല്ലാവരും പുളകിതയാത്രരായി. അവർ ഭഗവാനെ സ്തുതിച്ചു. തൊഴുകൈയുമായി ജഗത്പതിയായ ബ്രഹ്മാവ് ശ്രീഹരിയോട് ആഗമനോദ്ദേശം അറിയിച്ചു. ഭഗവാന്‍ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു.

ശ്രീഭഗവാൻ പറഞ്ഞു: ബ്രഹ്മദേവാ, ശംഖചൂഡന്റെ കാര്യമെല്ലാം ഞാനറിയുന്നു. അവൻ പണ്ടെന്റെ സഖാവായ ഒരു ഗോപനായിരുന്നു. എന്റെ ഭക്തനും ഗോലോകവാസിയുമായ അവന്റെ ചരിതം ഞാൻ പറയാം. ഗോലോകത്തിന്റെ കഥ കേൾക്കുന്നതു പോലും പാപനാശകരമാണ്. സുദാമാവ് എന്നായിരുന്നു അവന്റെ പേര്. രാധയുടെ ശാപത്താൽ അവൻ അസുരയോനിയിൽ ജനിച്ചു ദൈത്യനായി. ഒരിക്കൽ ഞാൻ വിരജ എന്നു പേരായ ഗോപികയുമൊത്ത് രാസമണ്ഡലത്തിൽ പ്രവേശിച്ചു. അവിടെയപ്പോള്‍ എന്റെ പ്രാണപ്രിയയായ രാധയുണ്ടായിരുന്നു. അവൾ തന്റെ സഖിമാരിൽ നിന്നും എന്റെ കൂടെ വരജയുള്ള കാര്യമറിഞ്ഞ് രോഷാകുലയായി. അവൾ എന്നെത്തിരഞ്ഞുവന്നെങ്കിലും ഒരിടത്തും എന്നെ കണ്ടില്ല. രാധയെ ഭയന്ന് വിരജ സ്വയം ഒരു നദിയായി മാറി.

പിന്നീടു് ഒരിക്കൽ എന്നെ സുദാമാവുമൊരുമിച്ച് രാധ കാണുകയുണ്ടായി. അപ്പോൾ ഞാൻ മൗനമവലംബിച്ച് അവൾ പറഞ്ഞ ശകാരമെല്ലാം കേട്ടുനിന്നു. അതു കേട്ട  സുദാമാവ് അവളെ തിരികെ ശകാരിച്ചു. അപ്പോൾ അവൾ സുദാമാവിനെ ഭർസിച്ച് അവനെ എന്റെയടുക്കൽ നിന്നും പിടിച്ചു മാറ്റാൻ രാധ തന്റെ സഖിമാരോടു  കല്പിച്ചു. അവളുടെ ലക്ഷം സംഖ്യയുള്ള സഖീവൃന്ദം തേജസ്വികളും ശക്തിശാലികളുമായിരുന്നു. അവർ അവനെ പിടിച്ചു പുറത്താക്കി. സുദാമാവും അങ്ങിനെ വിട്ടു കൊടുത്തില്ല. തന്റെ തോഴിമാരെ അവൻ താഡിച്ചുവെന്നറിഞ്ഞ രാധ അവനെ ശപിച്ചു. 'നീ പോയി അസുരയോനിയിൽ ജനിക്കട്ടെ' 

ശാപമേറ്റ് ദീനനായി വിലപിച്ച അവനെക്കണ്ട്  പിന്നീട് രാധയ്ക്ക് തന്നെ പശ്ചാത്താപം തോന്നി. ദുഃഖത്താൽ വിലപിക്കുന്ന രാധയേയും ഗോപഗോപികളെയും ഞാൻ സമാധാനിപ്പിച്ചു. അവൻ ശാപഫലം അനുഭവിച്ചിട്ട് താമസിയാതെ മടങ്ങിയെത്തും. ‘സുദാമാവേ, നീ വേഗം മടങ്ങി വരണം.’ ഗോലോകത്തിലെ ഒരു നിമിഷം ഭൂലോകത്തിൽ ഒരു മന്വന്തരമാണെന്ന് മനസ്സിലാക്കിയാലും. ശംഖചൂഡൻ ഉടനേ തന്നെ ഇവിടെയെത്തും. അവനിപ്പോൾ സമർത്ഥനും ബലവാനും സർവ്വമായാവിദഗ്ദ്ധനുമാണ്. അതിനാൽ അവനെ വധിക്കാൻ എന്റെ ശൂലംതന്നെ വേണ്ടിവരും. പരമശിവൻ അതെടുത്ത് രാക്ഷസനെ സംഹരിക്കട്ടെ.

എന്നാല്‍ ശംഖചൂഡന്റെ കഴുത്തിൽ എന്റെ കവചമുള്ളിടത്തോളം അവനെ ആർക്കും തോല്പിക്കാനാവില്ല. അവന്റെ സർവ്വമംഗളങ്ങൾക്കും കാരണമായ ആ കവചം ഞാനൊരു ബ്രാഹ്മണവേഷത്തിൽ ചെന്ന് യാചിച്ചു വാങ്ങിക്കൊള്ളാം. അവന്റെ പത്നിയുടെ സ്ത്രീത്വത്തിന് ഹാനി സംഭവിക്കുന്നതുവരെ അവന് മരണമുണ്ടാവില്ല എന്നൊരു വരം അങ്ങു തന്നെ അവനു കൊടുത്തിട്ടുമുണ്ടല്ലോ. ഞാൻ അവന്റെ പത്നിയിൽ ഗർഭാധാനം ചെയ്ത് അവന്റെ മൃത്യു ഉറപ്പാക്കിക്കൊള്ളാം. പിന്നീട് തുളസീദേവി  സ്വദേഹം വെടിഞ്ഞ് ഇവിടെയെത്തി എന്റെ പത്നിയായിത്തീരും. ഇങ്ങിനെ ശ്രീഹരി നല്കിയ പ്രശ്നപരിഹാരത്തിൽ തൃപ്തരായ ബ്രഹ്മാദികൾ വൈകുണ്ഠത്തിൽ നിന്നും മടങ്ങി