Devi

Devi

Sunday, October 15, 2017

ദിവസം 285 ശ്രീമദ്‌ ദേവീഭാഗവതം. 10-13 . ഭ്രാമരീചരിതം

ദിവസം 285  ശ്രീമദ്‌ ദേവീഭാഗവതം. 10-13 .  ഭ്രാമരീചരിതം

അഥാത: ശ്രൂയതാം ശേഷമനൂനാം ചിത്രമുദ്ഭവം
യസ്യ സ്മരണമാത്രേണ ദേവീഭക്തി: പ്രജായതേ
ആസൻ വൈവസ്വതമനോ: പുത്രാ: ഷഡ് വിമലോദയാ:
കരുഷശ്ച പൃഷധ്രശ്ച നാഭാഗോ ദിഷ്ട ഏവ ച

ശ്രീ നാരായണൻ തുടർന്നു: ഇനി മറ്റുള്ള മനുക്കളുടെ ദിവ്യചരിതങ്ങൾ കൂടി പറയാം. അവ കേൾക്കുന്നതുപോലും ഒരുവനില്‍ ദേവീഭക്തിയുണ്ടാക്കാൻ പോന്നതാണ്. 

വൈവസ്വത മനുവിന് ആറ് പുത്രൻമാർ ഉണ്ടായി. കരുഷൻ, പൃഷധ്രൻ, നാഭാഗൻ, ദിഷ്ടൻ, ശര്യാതി, ത്രിശങ്കു എന്നിവർ എല്ലാം നല്ല ബലശാലികൾ ആയിരുന്നു. ഒരു ദിവസം അവർ കാളിന്ദീ തീരത്തെത്തി. ആ നദീതീരത്ത് ദേവിയുടെ മൃൺമയവിഗ്രഹമുണ്ടാക്കി അവർ ആഹാരനീഹാരങ്ങൾ വർജിച്ച് ഉപചാരപൂർവ്വം പൂജ ചെയ്തു. പല ക്ലേശങ്ങളും സഹിച്ച് ദേവിയെ ആരാധിച്ചതിനാൽ അവരുടെ മനസ്സ് മോഹങ്ങളൊഴിഞ്ഞ് ശുദ്ധവും പ്രശാന്തവുമായിത്തീർന്നു. അവരിൽ ദേവീനിഷ്ഠ രൂഢമൂലമായി. അവരുടെ മനോമുകുരത്തിൽ ലോകം മുഴുവനും കാണായി. ഇങ്ങിനെ പന്ത്രണ്ടുവർഷം അവർ തപസ്സനുഷ്ഠിച്ചു. ഒടുവിൽ ജഗദംബികയായ പരമേശ്വരിയെ കാണാനവർക്ക് ഭാഗ്യമുണ്ടായി. 

സഹസ്രസൂര്യകാന്തിയോടെ തങ്ങൾക്കു മുന്നിൽ ആവിർഭവിച്ച ദേവിയെ അവർ സ്തുതിച്ചു: "മഹേശാനീ, കരുണാലയേ, വിജയിച്ചാലും. വാഗ്ഭവാരാധനപ്രീതയും വാഗ്ഭവ പ്രതിപാദയും ക്ലീംകാര വിഗ്രഹയും ക്ളീം കാരപ്രീതിദായനിയും കാമരാജമനോമോദദായിനിയും ഈശ്വരതോഷിണിയും മഹാമായയും മോദപരയും മഹാ സാമ്രാജ്യദായിനിയും വിഷ്ണ്വർക്കഹരശക്രാദി സ്വരൂപയും ഭോഗവർദ്ധിനിയും ആയ ദേവീ വിജയിച്ചാലും വിജയിച്ചരുളിയാലും."

രാജപുത്രൻമാരുടെ സ്തുതിയിൽ സംപ്രീതയായ ദേവി അരുളി: "തപസ്സുചെയ്ത് നിങ്ങൾ സ്വയം മഹാത്മാക്കളായിത്തീർന്നു. ഞാൻ നിങ്ങളിൽ പ്രീതയാണ്. നിങ്ങൾക്കെന്താണ് എന്നിൽ നിന്നും വരമായി വേണ്ടത്?" 

രാജപുത്രൻമാർ പറഞ്ഞു: "ശത്രുക്കൾ ഇല്ലാത്ത രാജ്യവും ദീർഘായുസ്സുള്ള സന്തതികളും ഞങ്ങൾക്കുണ്ടാവണം. നിരന്തരഭോഗ സുഖവും, തെളിഞ്ഞ ബുദ്ധിയും തേജസ്സും ഞങ്ങൾക്കു തന് അനുഗ്രഹിച്ചാലും."

ശ്രീദേവി പറഞ്ഞു: "നിങ്ങൾക്ക് എന്തെല്ലാം ആഗ്രഹങ്ങൾ ഉണ്ടോ അവയെല്ലാം നടപ്പിലാവട്ടെ. നിങ്ങളെ ഓരോരുത്തരെ ഞാൻ മന്വന്തരാധീശൻമാരായി വാഴിക്കുന്നു. ദീർഘായുസ്സ്, സുഖഭോഗങ്ങൾ, ഐശ്വര്യം, യശസ്സ്, ബലം, വിഭൂതികൾ, കീർത്തി ഇവയെല്ലാം നിങ്ങൾക്കുണ്ടാവും."

ശ്രീ നാരായണൻ തുടർന്നു. ജഗദംബികയായ ആ ഭ്രാമരീദേവി വരം നൽകി മറഞ്ഞ ശേഷം രാജപുത്രൻമാർ ഭൂമിയിലെ ഉത്തമരായ ചക്രവർത്തിമാരായി. അതിശ്രേഷ്ഠമായ രാജ്യവും സുഖഭോഗവും അവരിൽ വന്നു ചേർന്നു. സൽസന്താന സമ്പന്നരായി അവർ മനുക്കളായിത്തീർന്നു. അവർ ജന്മാന്തരത്തിൽ സാവർണ്ണിയെന്ന പേരിൽ പ്രശസ്തരായി. അവരിൽ ഒന്നാമനായ ദക്ഷസാവർണ്ണിയാണ് ഒൻപതാമത്തെ മനു. രണ്ടാമൻ മേരുസാവർണ്ണിയെന്ന പത്താമത്തെ മനുവാണ്. മൂന്നാമൻ സൂര്യ സാവർണ്ണി. നാലാമൻ ചന്ദ്ര സാവർണ്ണി പന്ത്രണ്ടാമത്തെ മനുവായി. അഞ്ചാമൻ രുദ്രസാവർണ്ണി പതിമൂന്നാമത്തെ മനുവാണ്. ആറാമനായ വിഷ്ണു സാവർണ്ണി പതിന്നാലാമത് മനുവായി ചക്രവർത്തി പദം അലങ്കരിച്ചു. ഭ്രാമരീദേവിയെ ആരാധിച്ചാണ് അവരിത്ര പ്രതാപികളും ബലവാൻമാരുമായിത്തീർന്നത്. അവരെല്ലാം മഹാ പ്രതാപികളും ലോക വന്ദിതരും ആയിത്തീർന്നു.

നാരദൻ ചോദിച്ചു. ആരാണീ ഭ്രാമരീദേവി ? ദേവീചരിതം കേൾക്കാൻ തുടങ്ങിയാൽ പിന്നെയതവസാനിപ്പിക്കാൻ തോന്നുകയേയില്ല. ഭ്രാമരീ ദേവിയുടെ ദിവ്യ ചരിത്രം ശോക നാശകമായിരിക്കും എന്നു നിശ്ചയം. അമൃതപാനം മൃത്യുവിനെ അകറ്റുന്നതു പോലെ ദേവീകഥാമൃതപാനവും മൃത്യുനാശകമാണ്.

ശ്രീ നാരായണൻ പറഞ്ഞു: അവ്യക്തരൂപിയും അചിന്ത്യയുമായ ,ജഗന്മാതാവിന്റെ വിശിഷ്ടകഥകൾ ഇനിയും ഞാൻ പറയാം. ആ കഥകൾ മോക്ഷദായകമാണ്. ലോകമംഗളം മാത്രമാണ് ആ കഥകളുടെ ലക്ഷ്യം. അമ്മയ്ക്ക് പുത്രനോടുള്ള വാത്സല്യം എങ്ങിനെയോ അത്ര നിർവ്യാജ കരുണാമൂർത്തിയാണമ്മ.

പണ്ട് പാതാള ലോകത്ത് അരുണൻ എന്ന പേരായി ഒരസുരൻ ഉണ്ടായിരുന്നു. മഹാശക്തനും എന്നാൽ അതിദുഷ്ടനുമായിരുന്നു അരുണാസുരൻ. ദേവൻമാരെ വെല്ലണമെന്ന ഉദ്ദേശത്തോടെ അവൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു. ഹിമവാനിൽ നിന്നും തണുത്ത ജലം വഹിച്ചൊഴുകുന്ന ഗംഗാതീരത്ത് വെറും ഉണക്കയില കഴിച്ച് പ്രാണനെ നിയന്ത്രിച്ച് അവൻ പതിനായിരം കൊല്ലം തപം ചെയ്തു. ജലം മാത്രം ആഹരിച്ചും, വായു മാത്രം സ്വീകരിച്ചും നിരാഹാരനായും  ഗായത്രീ നിഷ്ഠനായി അവൻ തപസ്സു തുടർന്നു. ഒടുവിൽ അവനിൽ നിന്നും ഉഗ്രതേജസ്സോടെ ലോകം ചുടാൻ കെൽപ്പുള്ള ഒരഗ്നി പുറപ്പെടുവന്നു. ദേവൻമാരും മറ്റുള്ളവരും ഈ അത്ഭുതക്കാഴ്ചയിൽ ഭയചകിതരായി. അവർ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

ചതുർമുഖൻ ഗായത്രീദേവിയുമൊത്ത് അരുണാസുരന്റെ അടുത്തെത്തി. തേജസ്വിയെങ്കിലും വയറൊട്ടി എല്ലും തോലുമായി നില്ക്കുന്ന അസുരന്റെ കണ്ണുകൾ ധ്യാനനിമിലീതമായിരുന്നു. ബ്രഹ്മാവ് അവനെയുണർത്തി അഭീഷ്ടവരം ചോദിച്ചു കൊള്ളാൻ അനുവദിച്ചു. അവനിൽ ബ്രഹ്മാവിന്റെ അമൃതതുല്യമായ ശബ്ദം പീയൂഷധാരയായി. കണ്ണു തുറന്നപ്പോൾ അവൻ കണ്ടത് നാലു വേദങ്ങളെയും ഗായത്രിയേയും കൂടെ നിർത്തി തന്നെ അനുഗ്രഹിക്കാനെത്തിയ വിരിഞ്ചനെയാണ്.

അരുണൻ ബ്രഹ്മാവിനെ നമസ്ക്കരിച്ചു. സ്തുതികളാൽ സന്തോഷിപ്പിച്ചു. "എനിക്ക് മരണമുണ്ടാവരുത് " എന്നവൻ മനസാ വരമഭ്യർത്ഥിച്ചു. അപ്പോൾ നാന്മുഖൻ പറഞ്ഞു. "ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ പോലും മൃത്യുവശഗരാണ്. അപ്പോൾപ്പിന്നെ ഈ വരം കിട്ടിയിട്ടും കാര്യമില്ല. അതു കൊണ്ട് ബുദ്ധിമാനായ നിനക്ക് മറ്റേത് വരവും ചോദിക്കാം." 

അപ്പോളവൻ ആദരപൂർവ്വം മറ്റൊരു വരം ആവശ്യപ്പെട്ടു. "എനിക്ക് യുദ്ധത്തിൽ വച്ചോ ആയുധങ്ങളാലോ മരണമുണ്ടാവരുത്. പുരുഷനോ സ്ത്രീയോ നപുംസകങ്ങളോഎന്നെ കൊല്ലരുത്. ഇരുകാലികളോ നാൽക്കാലികളോ എന്നെ വധിക്കരുത്. മാത്രമല്ല ദേവൻമാരെ ജയിക്കാനുള്ള കരുത്തും തന്ന്‍ അവിടുന്നെന്നെ അനുഗ്രഹിക്കണം." 

"തദാസ്തു" എന്നു പറഞ്ഞ് ബ്രഹ്മാവ് മടങ്ങിപ്പോയി.

അരുണൻ പാതാളത്തിലെത്തി അനുചരൻമാരെ വിളിച്ചു കൂട്ടി. അവൻ ദേവൻമാർക്ക് യുദ്ധത്തിനൊരു മുന്നറിയിപ്പുമായി ദൂതനെ അമരാവതിയിലേക്ക് അയച്ചു. ദൂതസന്ദേശം ഇന്ദ്രനെ ഭയചകിതനാക്കി. ദേവൻമാർ ബ്രഹ്മസവിധമെത്തി പരാതി പറഞ്ഞു. അവരെല്ലാവരും കൂടി വിഷ്ണുവിനെ ചെന്നു കണ്ട് അദ്ദേഹത്തെ മുന്നിൽ നിർത്തി കൈലാസമണഞ്ഞു. എല്ലാവരും ദൈത്യനിഗ്രഹം എങ്ങിനെ സാധിക്കുമെന്ന് ആലോചിക്കവേ അരുണൻ സ്വർഗ്ഗത്ത് എത്തിക്കഴിഞ്ഞു. അവൻ സൂര്യനെയും ചന്ദ്രനെയും യമനെയും അഗ്നിയെയും കീഴടക്കി അവരുടെ സ്ഥാനങ്ങൾ പല പല രൂപങ്ങളെടുത്ത് കൈക്കലാക്കി.

യുദ്ധം ചെയ്തോ ആയുധം കൊണ്ടോ സ്ത്രീയാലോ പുരുഷനാലോ നപുംസകങ്ങളാലോ അവനെ കൊല്ലാനാവില്ല എന്ന് ദേവൻമാർ പരസ്പരം പറഞ്ഞു. പെട്ടെന്ന് അവർ ഒരശരീരി കേട്ടു ."നിങ്ങൾ ഭുവനേശ്വരിയെ ഭജിച്ചാലും നിങ്ങളുടെ കാര്യം നടക്കും. എന്നാൽ അസുരൻ ഗായത്രി ജപം തുടരുവോളം അവനെ ഒന്നും ചെയ്യാനാവില്ല."

അശരീരി സന്ദേശം കേട്ട് സമാധാനത്തോടെ ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നു കണ്ടു. " അങ്ങ് അരുണാസുരനെ സന്ധിച്ച് എങ്ങിനെയെങ്കിലും അവന്റെ ഗായത്രീജപനിഷ്ഠ മുടക്കണം. ഞങ്ങൾ പരമേശ്വരിയെ ധ്യാനിച്ച് ജാഗരൂകരായി അങ്ങ് തിരികെ വരുവോളം കാത്തിരിക്കാം." 

ദേവൻമാർ ജാംബുനദേശ്വരീ സന്നിധിയിലെത്തി മായാബീജ ജപസഹിതം തപസ് തുടങ്ങി. അവരവിടെ അംബായജ്ഞം ചെയ്തു.

അരുണ സന്നിധിയിൽ ദേവഗുരു എത്തിയപ്പോൾ ദൈത്യരാജൻ  പറഞ്ഞു: "മഹാമുനേ എന്താണങ്ങയുടെ ആഗമനോദ്ദേശം? ഞാൻ നിങ്ങളുടെ ശത്രുപക്ഷമാണെന്നു മറന്നിട്ടില്ലല്ലോ."

അപ്പോൾ ബൃഹസ്പതി പറഞ്ഞു: "ഞങ്ങൾ പൂജിക്കുന്ന ദേവിയെത്തന്നെയാണ് അങ്ങും പൂജിക്കുന്നത്. അപ്പോൾപ്പിന്നെ നമ്മളെങ്ങിനെ ശത്രുപക്ഷമാകും?" ഇതുകേട്ട് മോഹിതനായ ദാനവൻ അഹങ്കാരത്തോടെ ഗായത്രീനിഷ്ഠ ഉപേക്ഷിച്ചു. ഗായത്രിയെ ഉപേക്ഷിച്ച അരുണാസുരന്റെ തേജസ്സറ്റു. ബൃഹസ്പതി തിരിച്ചെത്തി ദേവേന്ദ്രനെ വിവരമറിയിച്ചു. ദേവഗണം ദേവീപൂജ കുറെ നാൾ കൂടി തുടർന്നു. ഒടുവിൽ ജഗൻമംഗളകാരിയായ മഹേശ്വരി കോടി സൂര്യപ്രഭയോടെ അവർക്കു മുന്നിൽ പ്രത്യക്ഷയായി. ദേവിക്ക് ആയിരം കാമദേവൻമാരുടെ കാന്തിയുണ്ടായിരുന്നു.

വിചിത്രമായ കുറിക്കൂട്ടും ആഭരണങ്ങളും വണ്ടുകൾ മൂളിപ്പറന്ന് ചുറ്റുന്ന പൂന്തേനൊലിക്കുന്ന മാലകളുമായി കൈയിൽ നിറയെ വണ്ടിനങ്ങളുമായി വരദാഭയമുദ്രകളോടെ ദേവിയവിടെ കാണപ്പെട്ടു. കോടിക്കണക്കായ വണ്ടുകൾ തുടർച്ചയായി ഹ്രീങ്കാരം മുഴക്കുന്നു. ഗൃംഗാര പ്രൗഢമായ വേഷഭൂഷകളോടെ ദേവിയവിടെ വിളങ്ങി. വേദങ്ങൾ ദേവിയെ വാഴ്ത്തി. സർവ്വാഭിവന്ദ്യ, സർവ്വേശി, സർവ്വ മംഗളരൂപിണി, സർവ്വജ്ഞ, സർവ്വ ജനനി, സർവ്വാത്മിക, എന്നിങ്ങിനെ ദേവഗണം ജഗദംബികയെ വാഴ്ത്തി.

ദേവസ്തുതി: "സൃഷ്ടിസ്ഥിതിയന്തങ്ങൾക്ക് കാരണഭൂതയായ ദേവീ, ഞങ്ങൾ അവിടുത്തെ നമസ്ക്കരിച്ചു തൊഴുന്നു. സർവ്വാധാരയായ കമലപത്രാക്ഷീ, മഹാവിദ്യേ നമസ്ക്കാരം .

ദേവ, തിരിക് , നര രൂപങ്ങളെടുക്കുന്ന വിരാട് സൂത്രാത്മികേ, അവ്യാകൃത സ്വരൂപേ, കൂടസ്ഥേ, നമസ്ക്കാരം.

ജന്മാദിരഹിതേ, ദുർഗ്ഗേ, ദുഷ്ട സംരോധനം ചെയ്യുന്നവളേ, നിരർഗ്ഗള പ്രേമഗമ്യേ, ദേവീ, ഞങ്ങൾ അവിടുത്തെ കാലടികളിൽ അഭയം തേടുന്നു.

കാളിക മുതലായ പത്ത് മഹാവിദ്യകൾ നീയാകുന്നു. ലോകമാതാവേ, നീലസരസ്വതീ, ഉഗ്രതാരേ, മഹോഗ്രേ, ഞങ്ങൾ കൈകൂപ്പി തൊഴുന്നു.

പീതാംബരധാരിയായ ദേവീ, ത്രിപുരസുന്ദരീ, ഭൈരവീ, മാതംഗീ, ധൂമാവതീ, നമസ്ക്കാരം നമസ്ക്കാരം.

ശിരസ്സില്ലാത്ത ദുർഗ്ഗാരൂപത്തിലിരിക്കുന്ന ദേവീ, ക്ഷീരസാഗരകന്യേ, ശാകംഭരീ, ശിവേ, രക്തദന്തികേ, ഞങ്ങളിതാ കൈതൊഴുന്നു.

ശുംഭനിശുംഭന്മാരെ ഇല്ലാതാക്കിയവളേ, രക്തബീജനെ കൊന്നവളേ, ധൂമ്രനേത്രനെയും വൃത്രനേയും കൊന്ന മഹേശ്വരീ, നമസ്ക്കാരം.

ചണ്ഡമുണ്ഡൻമാരെ ഇല്ലാതാക്കിയ ദേവീ, ദാനവാന്തകേ, ശുഭേ, വിജയേ,ശാരദേ, വികസിതവദനേ, ഞങ്ങളിതാ വീണ്ടും അവിടുത്തെ കൈതൊഴുന്നു.

പൃഥ്വീരൂപേ, ദയാരൂപേ, തേജോരൂപേ, പ്രാണരൂപേ, മഹാരൂപേ, ഭൂതരൂപേ, നമസ്ക്കാരം.

വിശ്വമൂർത്തേ, ദയാമൂർത്തേ, ധർമ്മമൂർത്തേ, ദേവമൂർത്തേ, ജ്യോതിമൂർത്തേ, ജ്ഞാനമൂർത്തേ നമസ്ക്കാരം.

ഗായത്രീ ദേവീ, വരദേ, സാവിത്രീ, വാഗധീശ്വരീ, സ്വാഹാ സ്വധാ ദക്ഷിണാദി രൂപധാരിണീ ഞങ്ങളിതാ കൈതൊഴുന്നു. 

ഇതല്ല, ഇതല്ല എന്ന വാക്യങ്ങളാൽ സകലവേദങ്ങളും ആരെയാണോ പ്രകീർത്തിക്കുന്നത് ആ പ്രത്യഗാത്മസ്വരൂപയെ ഞങ്ങളിതാ വണങ്ങുന്നു.

വണ്ടുകളാൽ ചുറ്റപ്പെട്ടതിനാൽ ഭ്രാമരി എന്നറിയപ്പെടുന്ന ദേവീ നമസ്ക്കാരം, എന്നെന്നും നമസ്ക്കാരം.

നിന്റെ മുന്നിലും പിന്നിലും പാർശ്വങ്ങളിലും മുകളിലും താഴേയും ഞങ്ങൾ നമസ്ക്കരിക്കുന്നു. ഞങ്ങൾ നിന്നെ എല്ലായിടത്തും നമസ്ക്കരിക്കുന്നു.

മണിദ്വീപത്തിൽ വസിക്കുന്ന മഹാദേവീ, പരാത്പരേ, ഭുവനേശ്വരീ, സർവോത്തമോത്തമേ എന്നെന്നും വിജയിച്ചാലും.

സർവ്വകല്യാണ ഗുണരത്നാകരേ, ദേവീ സർവ്വലോകാശ്രയേ, ചിൻമയീ, പ്രസാദിച്ചാലും.

ദേവൻമാർ ഇങ്ങിനെ പ്രാർത്ഥിക്കവേ മത്തകോകിലത്തേപ്പോലെ മധുഭാഷിണിയായ ദേവി അരുളി: "വരമേകുന്നതിൽ ചൂഡാമണിയായ ഞാൻ നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ ആഗ്രഹം അറിയിച്ചാലും."

ദേവൻമാർ തങ്ങളെ ഉപദ്രവിക്കുന്ന അസുരനെപ്പറ്റി ദേവിയോട് പറഞ്ഞു. "അവൻ ദേവഗണങ്ങളെയെല്ലാം ഉപദ്രവിക്കുകയും വേദങ്ങളെ നിന്ദിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വരമാണ് അവന്റെയീ അപ്രമാദിത്വത്തിനു കാരണം."

ദേവൻമാരുടെ പരിവേദനം കേട്ടിട്ട് കൈയിലിരുന്നവയും ചുറ്റും പറക്കുന്നവയുമായ  കോടിക്കണക്കിനു വണ്ടുകളെ ദേവി ഇളക്കിവിട്ടു. പെട്ടെന്നവ മൂന്നു ലോകവും നിറയുന്നതുപോലെ പെരുകി. കടന്നൽക്കൂട്ടമെന്ന പോലെ അവ എല്ലാടവും പരന്നു. അന്തരീക്ഷം ഇരുട്ടാണ്ടു. ആകാശവും ഭൂമിയും കാടും വൃക്ഷക്കൂട്ടങ്ങളും വണ്ടുകളാൽ നിറഞ്ഞു. തേനെടുക്കുന്നവനെ ആക്രമിക്കുന്ന തേനീച്ചകളെപ്പോലെ അവ ഉയർന്നുപൊങ്ങി അസുരന്റെ മാറിടം പിളർന്നു. യാതൊരായുധവും ഉപയോഗിച്ചില്ല. യുദ്ധവും ഉണ്ടായില്ല. അസുരന്മാരുടെ മരണം ക്ഷണത്തിൽ വന്നണഞ്ഞു. പരസ്പരം മിണ്ടാൻ കൂടി അവർക്ക് സാധിച്ചില്ല.

ക്ഷണത്തിൽ, നിന്ന നിൽപ്പിൽ, അസുരർ എല്ലാം നശിച്ചു. "മഹാശ്ചര്യം തന്നെ" യെന്ന് ലോകർ ഈ കാഴ്ചയെ കൊണ്ടാടി. സകലതും ജഗദംബയുടെ മായാവിലാസമാകയാൽ അത്ഭുതമായി എന്തുള്ളു എന്നുമവർ ചിന്തിച്ചു. ബ്രഹ്മാദികൾ വിവിധ നൈവേദ്യങ്ങളുമായി ഉപചാരപൂർവ്വം ദേവിയെ സേവിച്ചു. ആകാശത്ത് മംഗളധ്വനിയായി ദുന്ദുഭി മുഴങ്ങി. ആകാശത്തു നിന്നും പുഷ്പവൃഷ്ടിയുമുണ്ടായി. 

മിഴാവ്, മദ്ദളം, വീണ, കടുന്തുടി, ഇടയ്ക്ക, പെരുമ്പറ, ശംഖ്, മണി, എന്നിവയുടെ നാദമെങ്ങും മുഴങ്ങി. അപ്സരനാരിമാർ നൃത്തം ചെയ്തു. മുനിമാർ വേദാലാപനം ചെയ്തു. ഗന്ധർവ്വൻമാർ പാടി. ദേവൻമാർ ഭഗവതീസ്തുതി തുടർന്നു. "ദേവീ അവിടുന്ന് സദാ ജയിച്ചാലും; വിജയിച്ചരുളിയാലും" എന്നവർ വാഴ്ത്തി.

ദേവി എല്ലാവരെയും അനുഗ്രഹിച്ചു. അവർക്ക് ഭക്തി സമ്പത്തും വരങ്ങളും നൽകി. ദേവൻമാർ നോക്കിനിൽക്കെ ദേവി അപ്രത്യക്ഷയായി. ഇതാണ് ഭ്രമരിചരിതം. ആശ്ചര്യ പൂർണ്ണമായ ഇക്കഥ കേൾക്കുന്നതും പഠിക്കുന്നതും പറയുന്നതും സർവ്വ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും. അവർ സംസാരസാഗരത്തെ നിഷ്പ്രയാസം തരണം ചെയ്യാൻ പ്രാപ്തിയുള്ളവരായിത്തീരും. ഇക്കഥ നിത്യവും പഠിക്കുന്നവൻ പാപവിമുകതനായി ദേവീസായൂജ്യമടയും.

ദശമസ്കന്ധം അവസാനിച്ചു.

No comments:

Post a Comment