Devi

Devi

Wednesday, October 18, 2017

ദിവസം 288 ശ്രീമദ്‌ ദേവീഭാഗവതം. 11-3. സ്നാനാദി വിധി

ദിവസം 288  ശ്രീമദ്‌ ദേവീഭാഗവതം. 11-3. സ്നാനാദി വിധി

ശുദ്ധം സ്മാർത്തം ചാചമനം പൗരാണം വൈദികം തഥാ
താന്ത്രികം ശ്രൗത്രമിത്യാഹു: ഷഡ്വിധം ശ്രുതി ചോദിതം
വിൺമൂത്രാദികശൗചം ച ശുദ്ധം ച പരികീർത്തിതം
സ്മാർത്തം പൗരാണികം കർമ്മ ആചാന്തേ വിധിപൂർവകം

ശ്രീ നാരായണൻ പറഞ്ഞു: ആചമനങ്ങൾ ആറു വിധമാണെന്ന് ശ്രുതികൾ പറയുന്നു. ശുദ്ധം, സ്മാർത്തം, പൗരാണീകം,  വൈദികം, താന്ത്രികം എന്നിവയാണ്  ആചമനവിധികൾ.  മലമൂത്ര വിസർജ്ജന ശേഷമുള്ളത് ശുദ്ധാചമനമാണ്. വിധിപൂർവ്വം ചെയ്യുന്ന ആചമനത്തിന് സ്മാർത്തമെന്നും പൗരാണികമെന്നും പറയുന്നു. ബ്രഹ്മയജ്ഞത്തിനോട് കൂടിയുള്ളതിന് വൈദികമെന്നും ശ്രൗതമെന്നും പറയുന്നു. അസ്ത്രവിദ്യാ പൂർവ്വമാണെങ്കിൽ അത് താന്ത്രികം.

രാവിലെ എഴുന്നേറ്റയുടനേ ഓംകാര ജപത്തോടെ മുടി കെട്ടി ആചമനത്തോടെ ഹൃദയം, ചുമൽ, കൈകൾ എന്നിവ തൊടുക. തുമ്മൽ, ഛർദ്ദി, തുപ്പൽ, അസത്യശ്രവണം, നീചരോടുള്ള വർത്തമാനം എന്നീ സന്ദർഭങ്ങളിൽ വലത്തേ ചെവിയിൽ തൊടുക. വലം കാത് അഗ്നിയുടെയും ജലത്തിന്റെയും സൂര്യന്റെയും സോമന്റെയും വായുവിന്റെയും ഇരിപ്പിടമത്രേ.

രാവിലെ നദിയിലോ മറ്റോ ഇറങ്ങി സ്നാനം കഴിക്കാം. അങ്ങിനെ ദേഹശുദ്ധി വരുത്തി നവദ്വാരങ്ങളിലും ഉള്ള അഴുക്ക് കളയാനാണ് പ്രാത:സ്നാനം പറഞ്ഞിട്ടുള്ളത്. പ്രതിഫലം പറ്റിയതിനും അഗമ്യഗമനം ചെയ്തതിനും ആർജ്ജിച്ച പാപങ്ങൾ പ്രാത: സ്നാനം കൊണ്ട് ഇല്ലാതാക്കാം. കുളിക്കാതെ ചെയ്യുന്ന പ്രവൃത്തികൾ വിഫലമാകുന്നു. അതിനാൽ ബ്രാഹ്മണർക്ക് നിത്യസ്നാനം വിധിച്ചിരിക്കുന്നു. പവിത്രം ഇട്ടു കൊണ്ടാണ് സ്നാനവും സന്ധ്യാ കർമ്മവും ചെയ്യേണ്ടത്. ഏഴു ദിവസം പ്രാത: സ്നാനം ചെയ്യാത്തവനും മൂന്നു ദിവസം സന്ധ്യാവന്ദനം മുടക്കിയവനും പന്ത്രണ്ടുനാൾ അഗ്നിയചനം ചെയ്യാത്തവനും ശൂദ്രന് തുല്യനാണ്.

സമയക്കുറവ് ഉണ്ടാകുമെന്നതിനാൽ ഹോമ ദിവസങ്ങളിൽ പ്രാതഃസ്നാനം വിസ്തരിച്ച് വേണമെന്നില്ല. ഗായത്രീ മന്ത്രത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. ഗായകനെ രക്ഷിക്കുന്ന മന്ത്രമാണ് ഗായത്രി. ബ്രാഹ്മണനായ സാധകൻ പ്രണവം ജപിച്ച്, ഭൂ: ഭൂവ: സ്വ: യോടുകൂടി മൂന്നു തവണ പ്രാണായാമം ചെയ്യണം. അങ്ങിനെ പ്രാണാപാന വായുക്കളെ സമീകരിച്ചു നിർത്തണം. ശ്രുതിസമ്പന്നനായ വിപ്രൻ വേദമന്ത്രങ്ങളാണ് ജപിക്കേണ്ടത്. അവൻ ലൗകിക മന്ത്രങ്ങൾ ജപിക്കരുത്. പശുക്കൊമ്പിൽ കടുക് എന്ന പോലെ സദാ ചഞ്ചലമായി ഒരിക്കലും പ്രാണസ്ഥൈര്യമുണ്ടാകാത്തവരുടെ മുൻപും പിൻപുമുള്ള ഏഴു തലമുറകൾ ഗതി കിട്ടാതെയാവും. ജപത്തോടെയുള്ള പ്രാണായാമം സഗർഭവും അല്ലാത്തത് അഗർഭവുമാണ്.

സ്നാനത്തിന്റെ ഭാഗമായുള്ള തർപ്പണം ജലത്തിൽ നിന്നു തന്നെ നിർവ്വഹിക്കാം. ദേവൻമാർക്കും ഋഷിമാർക്കും പിതൃക്കൾക്കും അതേറെ പ്രീതികരമാണ്. സ്നാനം കഴിഞ്ഞ് കരയ്ക്ക് കയറി ശുഭ്രവസ്ത്രം ധരിക്കുക. പിന്നീട് ഭസ്മം തൊട്ട് രുദ്രാക്ഷമണിഞ്ഞ് ജപസാധന ആരംഭിക്കാം.

കഴുത്തിൽ മുപ്പത്തിരണ്ടും തലയിൽ നാൽപ്പതും കാതുകളിൽ ആറെണ്ണം വീതവും ഓരോ കൈയിലും പന്ത്രണ്ട് വീതവും ഭുജങ്ങളിൽ പതിനാറ് വീതവും കണ്ണുകളിൽ ഓരോന്നു വീതവും ശിഖയിൽ ഒരെണ്ണവും വക്ഷസ്സിൽനൂറ്റിയെട്ടും രുദ്രാക്ഷങ്ങൾ ധരിക്കുന്നവൻ സാക്ഷാൽ പരമശിവന് തുല്യനത്രെ. സ്വർണ്ണത്തിലോ വെള്ളിയിലോ രുദ്രാക്ഷം കെട്ടിച്ച് ഭക്തി പുരസ്സരം ശിഖയിലോ കാതുകളിലോ നിത്യവും ധരിക്കാം. അല്ലെങ്കിൽ പൂണൂലിലോ കൈയിലോ കഴുത്തിലോ വയറ്റത്തോ ആവാം. പഞ്ചാക്ഷര മന്ത്രമായ 'നമശിവായ ' അല്ലെങ്കിൽ ഓങ്കാരം ജപിച്ചാണ് രുദ്രാക്ഷം ധരിക്കേണ്ടത്. ശിവജ്ഞാനോപാധിയാണ് രുദ്രാക്ഷധാരണം.

ശിഖയിലെ രുദ്രാക്ഷം താരതത്വമായും കർണ്ണങ്ങളിലെ രുദ്രാക്ഷങ്ങൾ ദേവീദേവ തത്വങ്ങളായും ഭാവന ചെയ്യണം. പൂണുനൂലിൽ കോർത്തവ വേദങ്ങളായും കൈയിൽ ധരിക്കുന്നവ ദിക്കുകളായും കണ്ഠത്തിലുള്ളവ സരസ്വതിയായും വഹ്നിയായും സങ്കൽപ്പിക്കണം. എല്ലാ വർണ്ണത്തിലുള്ളവർക്കും രുദ്രാക്ഷം ധരിക്കാൻ വിധിയുണ്ട്. ബ്രാഹ്മണൻ മന്ത്രജപത്തോടെ വേണം രുദ്രാക്ഷം ധരിക്കാൻ. രുദ്രാക്ഷം ധരിച്ചാൽ ഒരുവന് രുദ്രനായിത്തീരാം.

നിഷിദ്ധമായ കാര്യങ്ങൾ കാണുകയോ കേൾക്കുകയോ പറയുകയോ ഭക്ഷിക്കുകയോ അഗമ്യഗമനം ചെയ്യുകയോ കൊണ്ടുണ്ടാവുന്ന പാപങ്ങൾ രുദ്രാക്ഷം ധരിച്ച് ഇല്ലാതാക്കാം. രുദ്രാക്ഷധാരി ഭക്ഷിച്ചാൽ അത് ദേവൻ ഭുജിച്ചതിന് തുല്യമാണ്. അവൻ കുടിച്ചാലും, മണത്താലും പരമശിവൻ കുടിച്ചതുപോലെയും മണത്തതുപോലെയുമാണ്. രുദ്രാക്ഷധാരണത്തിനു ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തിയുണ്ടാവില്ല.

രുദ്രാക്ഷം ധരിച്ചവനെ കളിയാക്കുന്നവൻ സങ്കരജാതിയിൽ ജനിച്ചവനാണെന്ന് നിശ്ചയിക്കാം. ശ്രീരുദ്രൻ രുദ്രനായത് രുദ്രാക്ഷം ധരിച്ചാണ്. മുനിമാർക്ക് സത്യ സങ്കൽപ്പത്തിനുള്ള കഴിവുണ്ടായതും ബ്രഹ്മാവ് തൽസ്ഥാനാർഹനായതും രുദ്രാക്ഷം ധരിച്ചാണ്. അതിശ്രേഷ്ഠമാണ് രുദ്രാക്ഷധാരണം. രുദ്രാക്ഷധാരിക്ക് വസ്ത്രധാന്യാദികൾ നൽകുന്നവന്റെ സകലപാപങ്ങളും ഇല്ലാതായി അവൻ ശിവ ലോകത്ത് പൂജാർഹനാവും. രുദ്രാക്ഷധാരിയെ ഭക്തിപൂർവ്വം ശ്രാദ്ധമൂട്ടിയാൽ അവന് പിതൃലോകം പ്രാപിക്കാം. രുദ്രാക്ഷം ധരിച്ചവന്റെ പാദതീർത്ഥം കുടിക്കുന്നവന്റെ പാപങ്ങൾ തീർന്നൊഴിഞ്ഞു പോവും. അവനും ശിവലോകത്ത് പൂജിതനാവും. രുദ്രാക്ഷത്തോടു കൂടി മലയോ വളയോ സ്വർണ്ണമോ ധരിക്കുന്നവന് രുദ്ര സായൂജ്യം ലഭിക്കും.

രുദ്രാക്ഷം മാത്രമായി ദേഹത്ത് എവിടെയെങ്കിലും മന്ത്രസഹിതമോ അല്ലാതെയോ, ഭക്തിയോടെയോ അല്ലാതെയോ ലജ്ജയോടെയോ അല്ലാതെയോ  കെട്ടുന്ന ഒരുവന് പരമജ്ഞാനവും സർവ്വപാപവിമുക്തിയും ലഭിക്കും. ഇത്ര ദിവ്യമായ രുദ്രാക്ഷത്തിന്റെ മാഹാത്മ്യം വർണ്ണിക്കാൻ എനിക്കാവില്ല. അതു കൊണ്ട് എല്ലാവരും എങ്ങിനെയും രുദ്രാക്ഷം ധരിക്കാൻ ശ്രമിക്കണം.

No comments:

Post a Comment