Devi

Devi

Saturday, August 27, 2016

ദിവസം 171 ശ്രീമദ്‌ ദേവീഭാഗവതം. 7. 13. കൌശിക സമാഗമം

ദിവസം 171   ശ്രീമദ്‌ ദേവീഭാഗവതം7. 13. കൌശിക സമാഗമം

ഹരിശ്ചന്ദ്ര: കൃതോ രാജാ സചിവൈർ നൃപ ശാസനാത്
ത്രിശങ്കുസ്തു കഥം മുക്തസ്തസ്മച്ചാണ്ഡാലദേഹത:
മൃതോ വാ വനമദ്ധ്യേ തുഗംഗാ തീരേ പരിപ്ളുത:
ഗുരുണാ വാ കൃപാം കൃത്വാ ശാപാത്തസ്മാദ്വിമോചിത:

രാജാവ് ചോദിച്ചു: ഹരിശ്ചന്ദ്രനെ രാജാവാക്കിയശേഷം ത്രിശങ്കു എങ്ങിനെയാണ് തന്റെ ചണ്ഡാളദേഹം കൈവിട്ടത്? അത് ഗുരുവിന്റെ പ്രസാദം നേടിയിട്ടാണോ? അതോ ഗംഗാതീരത്തുള്ള വനങ്ങളിൽ താപസനായി അലഞ്ഞു നടന്ന് അവസാനം അദ്ദേഹം മരണപ്പെടുകയാണോ ഉണ്ടായത്? ത്രിശങ്കുവിന്റെ കഥ തുടർന്നും കേൾക്കാൻ എനിക്ക് ഏറെ ആകാംക്ഷയുണ്ട്.

വ്യാസൻ പറഞ്ഞു: മകന്റെ പട്ടാഭിഷേകം കഴിഞ്ഞതിന്റെ സംതൃപ്തിയോടെ അദ്ദേഹം ദേവീഭജനവുമായി കാട്ടിൽത്തന്നെ കഴിഞ്ഞുകൂടി. അക്കാലത്ത് കൗശികൻ തപസ്സുകഴിഞ്ഞ് തന്റെ കുടുംബത്തെ കാണാനായി നാട്ടിൽ മടങ്ങിയെത്തി. തന്റെ കുടുബം സുഖമായിക്കഴിയുന്നു എന്നു കണ്ട വിശ്വാമിത്രൻ ഭാര്യയോട്  ചോദിച്ചു: 'നിങ്ങൾ ഇക്കാലമത്രയും എങ്ങിനെ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി? നാട്ടിൽ ക്ഷാമമായിരുന്നല്ലോ. ഞാൻ തപസ്സിൽ പൂർണ്ണമായും ലയിച്ചിരുന്നതിനാൽ അപ്പോള്‍ അതിനെപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല. കുട്ടികളുടെ വിശപ്പടക്കാൻ നീയെന്തുചെയ്തു? നാട്ടിലെ പട്ടിണിയെപ്പറ്റി പിന്നീടു് ഞാനുമറിഞ്ഞുവെങ്കിലും വെറും കയ്യോടെ നിന്നെ വന്നു കാണാൻ വയ്യാത്തതിനാൽ ഞാൻ കാട്ടിൽത്തന്നെ കഴിഞ്ഞു. വനത്തിൽ എനിക്കും പട്ടിണിതന്നെയായിരുന്നു.

ഒരിക്കൽ വിശപ്പു സഹിക്കാതെ ഞാനൊരു ചണ്ഡാളക്കുടിയിൽ കള്ളനെപ്പോലെ കടന്നു ചെന്നു . ഗൃഹനാഥൻ നല്ല ഉറക്കത്തിലായിരുന്നു. ഞാൻ അടുക്കളയിൽ കയറി. പാത്രം തുറന്ന് പാകം ചെയ്തു വച്ചിരുന്ന നായ് മാംസം എടുക്കാൻ  ഒരുങ്ങി. അപ്പോഴേക്കും ഗൃഹനാഥനായ ചണ്ഡാളൻ ഉറക്കമുണർന്നു വന്നു.

'നീയാരാണ്? എന്റെ വീട്ടിൽക്കയറി എന്തിനാണ് അടുക്കളയിലെ കലം തുറന്നു നോക്കിയത്?.'

'ഞാനൊരു ബ്രാഹ്മണനാണ്. വിശപ്പ് സഹിക്കുന്നില്ല. കള്ളനെപ്പോലെ ഇവിടെ കയറിയത് വല്ലതും ആഹരിക്കാൻ കിട്ടുമോ എന്ന് തിരക്കിയാണ്. കള്ളനെപ്പോലെ നിന്റെ വീട്ടിൽ കയറിയ എന്നെ ഒരഥിയായി കണക്കാക്കാനുള്ള മഹാമനസ്കത നീ കാണിക്കണം. എനിക്ക് ക്ഷുത്തടക്കാൻ എന്തെങ്കിലും തരിക.'

ദീനനായി ഞാൻ അവനോടു് ഭക്ഷണത്തിനായി യാചിച്ചപ്പോൾ അവൻ പറഞ്ഞു. 'അരുത്, അരുത്. ഇതൊരു ചണ്ഡാളക്കുടിയാണ്. ബ്രാഹ്മണനായ അങ്ങേയ്ക്ക് യോജിച്ചതല്ല ഈ ഭക്ഷണം. മനുഷ്യജന്മം ദുർലഭം. അതിൽ ദ്വിജത്വം അതീവ ദുർലഭം. ഉൽകൃഷ്ടലോകഗമനം ലക്ഷ്യമാക്കിയവർ നികൃഷ്ടമായ ഭക്ഷണം ഉപേക്ഷിക്കുകതന്നെ വേണം. മനുസംഹിതയിൽ കർമം കൊണ്ട് വർജ്യരായ ഏഴുതരം ചണ്ഡാള വർഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ടു്. അക്കൂട്ടത്തിൽപ്പെട്ട ഞാൻ ത്യാജ്യനാണ്. ഞാൻ ലോഭം കൊണ്ടു പറയുന്നതല്ല. ഭക്ഷണം ഞാൻ തരില്ല. അങ്ങിത് കഴിക്കരുത്. അങ്ങ് ജാതിഭ്രഷ്ഠനാവുന്നത് ഞാൻ മൂലമാകരുത്. അങ്ങയെ വർണ്ണസങ്കരദോഷം ബാധിക്കാതിരിക്കട്ടെ.'

വിശ്വാമിത്രൻ പറഞ്ഞു: ' ശരിയാണ്. സത്യമാണ് നിന്റെ മൊഴി. ധർമ്മത്തെപ്പറ്റി നിനക്കറിയാം. എങ്കിലും ഞാനൊന്നു പറയട്ടെ. ആപദ്ധർമ്മത്തിന്റെ സൂക്ഷ്മമായ ഗതി വേറെയാണെന്ന് നീയറിയുക. ആത്മസംരക്ഷണാർത്ഥം ഏതുമാർഗ്ഗവും സ്വീകരിക്കാം എന്നു വിധിയുണ്ടു്. പാപങ്ങൾ ചെയ്താണെങ്കിലും ദേഹസംരക്ഷ ചെയ്തുകഴിഞ്ഞാൽ ആ പാപം പോക്കാനുള്ള പ്രായശ്ചിത്തങ്ങൾ ചെയ്യണം എന്നേയുള്ളു. ആപത്തില്ലാത്തപ്പോൾ ചെയ്യുന്ന അധാർമ്മിക പ്രവൃത്തികൾക്ക് ദോഷമുണ്ടു്. എന്നാൽ ആപത്തിൽ അധർമ്മം ചെയ്യേണ്ടതായി വന്നാലും അതിൽ ദോഷമില്ല. വിശന്നു മരിക്കുന്നവന് നരകമാണ് പറഞ്ഞിട്ടുള്ളത്. അതിനാൽ മോഷ്ടിച്ചായാലും ഒരുവൻ ക്ഷുത്തടക്കുകതന്നെ വേണം. അതുകൊണ്ടാണ് ഞാൻ  നിന്റെ അടുക്കളയിൽ കയറിയത്. മഴയില്ലാത്തതുകൊണ്ട്‌ ഒരുവൻ വിശപ്പടക്കാനായി ചെയ്യുന്ന പാപം മേഘങ്ങളെക്കൊണ്ട് മഴ പെയ്യിക്കാതിരിക്കുന്ന ഇന്ദ്രനിൽത്തന്നെ ചെന്നുചേരും.'

ഞാനിത്രയും പറഞ്ഞതും തുമ്പിക്കൈ വണ്ണത്തിൽ ഇടിവെട്ടോടെ മഴ പെയ്യാൻ തുടങ്ങി. ഇടിയും മിന്നലും വർഷവും കണ്ടു് സംതൃപ്തനായി ഞാനാ കുടിലിൽ നിന്നുമിറങ്ങി. എല്ലാവർക്കും കഷ്ടകാലമായിരുന്ന ആ വറുതി സമയം പ്രിയേ നീയെങ്ങിനെ കഴിച്ചുകൂട്ടി?

വിശ്വാമിത്രൻ ഇങ്ങിനെ ചോദിച്ചപ്പോൾ ആ പതിവ്രത പറഞ്ഞു: ‘അങ്ങ് തപസ്സിനായി പുറപ്പെട്ട് അധികം കഴിയും മുൻപേ നാട്ടില്‍ ക്ഷാമം വന്നു. മക്കൾ വിശന്നുവലഞ്ഞു. മക്കൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കുന്നതിനായി ഞാൻ കാട്ടിൽ പലയിടത്തും നടന്നു. പിന്നെ കുറച്ചു വരിനെല്ലു കിട്ടിയതുകൊണ്ടു് ഏതാനും ദിനങ്ങള്‍ കഴിച്ചുകൂട്ടി. അത് തീർന്നപ്പോൾ ആകെ വിഷമിച്ചു. നാട്ടിൽ ആരും ആര്‍ക്കും ഭിക്ഷ നൽകാതായി. ഉണ്ടെങ്കിലല്ലേ ദിക്ഷ കൊടുക്കാൻ  ഗ്രഹസ്ഥർക്ക് സാധിക്കൂ. വൃക്ഷങ്ങളിൽ ഫലങ്ങൾ ഉണ്ടാകുന്നില്ല. മണ്ണിൽ കിഴങ്ങുകളുമില്ല. കാട്ടരി പോലും കിട്ടാനില്ല. എല്ലാവരും പട്ടിണി കൊണ്ട് വലഞ്ഞു.

ഒടുവിൽ പണക്കാരനായ ഒരാൾക്ക് നമ്മുടെ ഒരു മക്കളില്‍ ഒരാളെ  വിറ്റ് ആ ധനം കൊണ്ട് മറ്റ് കുട്ടികളുടെ ക്ഷുത്തകറ്റാം എന്നൊരു കഠിനമായ തീരുമാനം ഞാനെടുത്തു. മധ്യമപുത്രനെ അതിനു തിരഞ്ഞെടുത്തു. മിടുക്കനാണെങ്കിലും അവൻ വിവരമറിഞ്ഞ് ആർത്തലച്ചു കരഞ്ഞു. കയറുകൊണ്ട് അവന്റെ കഴുത്തിലൊരു കെട്ടുകെട്ടി നാണമില്ലാതെ ഞാനവനെ വില്ക്കാൻ വേണ്ടി നമ്മുടെ കുടില്‍  വിട്ടിറങ്ങി. അങ്ങിനെ വഴിയില്‍ നടക്കുന്ന എന്നെ സത്യവ്രതൻ കാണുകയുണ്ടായി. അദ്ദേഹം കാരുണ്യത്തോടെ എന്നോട് ചോദിച്ചു: ‘എന്തിനാണ് ഈ കുട്ടിയിങ്ങനെ കരയുന്നത്?

‘ഞാനിവനെ   വിൽക്കാനായി കൊണ്ടുപോവുകയാണ്.  കുട്ടികളുടെ വിശപ്പകറ്റാൻ ഇനി എനിക്ക്  അതേയുള്ളു ഒരു മാർഗ്ഗം.’

അതു വേണ്ട, ഭവതി മകനെയും കൊണ്ടു് വീട്ടിലേയ്ക്ക് പൊയ്ക്കൊള്ളു’ എന്നാ മഹാമനസ്കൻ എന്നോട് പറഞ്ഞു. 

'മാമുനി മടങ്ങി വരുന്നത് വരെ കുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ളത് ഞാൻ നായാടി കൊണ്ടുവന്നു തന്നുകൊള്ളാം’ എന്നദ്ദേഹം വാക്കു എനിക്ക് തന്നു. പിന്നീടു് ഒരുനാളും തെറ്റാതെയാ കൃപാനിധി ഞങ്ങൾക്കുള്ള മാംസം അതാ ആ മരക്കൊമ്പിൽ തൂക്കിയിടും. ഞാനത് പാകം ചെയ്ത് കുഞ്ഞുങ്ങൾക്ക് നൽകും. അങ്ങിനെയാണാ രാജകുമാരൻ ഞങ്ങളുടെ ജീവൻ നിലനിർത്തിച്ചത്.

പക്ഷേ നാഥാ, ഞാൻ മൂലം ആ രാജകുമാരൻ തീവ്രമായ ഒരു ശാപത്തിനിരയായി. ഒരു ദിവസം മറ്റ് മൃഗങ്ങളെയൊന്നും വേട്ടയാടാൻ ലഭിക്കാതെ സത്യവ്രതൻ വസിഷ്ഠമുനിയുടെ നന്ദിനിപ്പശുവിനെ  കൊന്ന് മാംസമെടുത്തു. ക്രുദ്ധനായ മുനി അദ്ദേഹത്തെ ശപിച്ച് 'ത്രിശങ്കു'വാക്കി. അങ്ങിനെയാ രാജകുമാരൻ ചണ്ഡാളനായി. ദേഹം കറുത്തിരുണ്ട്‌ വികൃതമായി. ഞാൻ മൂലം അദ്ദേഹത്തിന് ഈ ഗതി വന്നുവല്ലോ എന്നു ഞാനിപ്പോൾ ദുഖിക്കുന്നു. മഹാമുനേ ഏതെങ്കിലും വിധത്തിൽ അങ്ങയുടെ തപോബലം കൊണ്ടു് രാജാവിന്റെ മേലുള്ള ശാപത്തിന് അറുതി വരുത്തണം.

വിശ്വാമിത്രൻ പ്രിയതമയെ ആശ്വസിപ്പിച്ചു. 'നിന്നെ കാട്ടിൽ വെച്ച് സഹായിച്ചു സംരക്ഷിച്ച അദ്ദേഹത്തെ സഹായിക്കുന്നത് എന്റെ ധർമ്മമാണ്. അതിനായി ഞാൻ എന്റെ വിദ്യയും തപോബലവും വിനിയോഗിക്കും."
   സത്യവ്രതൻ ദുഖിതനായി കിടക്കുന്ന ചണ്ഡാളപ്പുരയിൽ  മഹര്‍ഷി   കടന്നു ചെന്നു. ത്രിശങ്കു മഹർഷിയെ ദണ്ഡനമസ്കാരം ചെയ്തു.

മുനി ചോദിച്ചു:'അങ്ങ് എന്റെ കുടുംബം സംരക്ഷിക്കാനായി മുനിശാപമേറ്റുവല്ലോ. ഞാനെന്താണ് അങ്ങേയ്ക്കായി ചെയ്യേണ്ടത്?.'

സത്യവ്രതൻ  പറഞ്ഞു.: മഹാമുനേ പണ്ടു ഞാൻ വസിഷ്ഠമുനിയോടു് എനിക്കു വേണ്ടി ഒരു യാഗം നടത്തിത്തരാൻ അപേക്ഷിച്ചിരുന്നു. എന്റെയീ ഉടലോടെ നാകലോകത്ത് ജീവിക്കാനുള്ള ആഗ്രഹമാണ് യാഗത്തിലൂടെ എനിക്ക് നേടേണ്ടിയിരുന്നത്. ‘എന്റെ മോഹം സഫലമാകാനുള്ള യജ്ഞം അങ്ങ് നടത്തിത്തന്നാലും’ എന്ന പ്രാർത്ഥന മുനി നിഷ്ക്കരുണം തള്ളിക്കളഞ്ഞു. മാത്രമല്ല എന്നെ ശകാരിക്കുകയും ചെയ്തു. അപ്പോൾ ‘ഞാൻ മറ്റാരെയെങ്കിലും പുരോഹിതനാക്കി യാഗം നടത്തിക്കൊള്ളാം' എന്നു പറഞ്ഞത് അദ്ദേഹത്തെ കൂടുതല്‍ ക്രുദ്ധനാക്കി

അദ്ദേഹം എന്നെ ശപിച്ചു. 'മൂർഖ, നീയൊരു ചണ്ഡാലനായിപ്പോകട്ടെ.  എനിക്കുണ്ടായ ശാപത്തിന്റെ വൃത്താന്തം ഇതാണ്. അങ്ങ് ദിവ്യജ്ഞനാണ്. എല്ലാമറിയുന്നവൻ. എന്റെ ദുഖമില്ലാതാക്കാൻ വേണ്ടുന്നത് ചെയ്തു തന്നാലും.

വിശ്വാമിത്രൻ എന്താണിനി കരണീയം എന്നു ചിന്തിക്കാൻ തുടങ്ങി.

Thursday, August 25, 2016

ദിവസം 170 ശ്രീമദ്‌ ദേവീഭാഗവതം. 7. 12. ത്രിശങ്കു വനവാസം

ദിവസം 170   ശ്രീമദ്‌ ദേവീഭാഗവതം7. 12. ത്രിശങ്കു വനവാസം

ഏവം പ്രബോധിത: പിത്രാ ത്രിശങ്കു: പ്രണതോ നൃപ:
തഥേതി പിതരം പ്രാഹ പ്രേമ ഗദ്ഗദയാ ഗിരാ
വിപ്രാനാഹൂയ മന്ത്രജ്ഞാൻ വേദശാസ്ത്രവിശാരദാൻ
അഭിഷേകായ സംഭാരൻ കാരായാമാസ സത്വരം

വ്യാസൻ പറഞ്ഞു. പിതാവിന്റെ സദുപദേശങ്ങൾ സത്യവ്രതൻ വിനയത്തോടെ സാദരം സ്വീകരിച്ചു. മന്ത്രജ്ഞാനികളായ വേദശാസ്ത്ര പാരംഗതരെ വിളിച്ച് അഭിഷേകത്തിനുള്ള സംഭാരങ്ങൾ ഒരുക്കി. മറ്റ് രാജാക്കൻമാരെയും സാമന്ത പ്രഭുക്കളെയും ക്ഷണിച്ച് നാനാതീർത്ഥങ്ങളിൽ നിന്നുമുള്ള കലശങ്ങൾ കൊണ്ടുവന്ന് കുമാരന്റെ പട്ടാഭിഷേകം രാജാവ് അതിഗംഭീരമായി ആഘോഷിച്ചു.  മകനെ രാജ്യഭാരമേൽപ്പിച്ച് മഹാരാജാവ് ഭാര്യയുമൊത്ത് ഗംഗാതീരത്തുള്ള ആ വനപ്രദേശത്ത് വാനപ്രസ്ഥ ജീവിതം നയിച്ചുവന്നു. ആയുസ്സ് തീർന്നപ്പോൾ ദേഹമുപേക്ഷിച്ച് സ്വർഗ്ഗത്തിലെത്തി. ഇന്ദ്രസവിധത്തിൽ അദ്ദേഹം സൂര്യ തേജസ്സോടെ ശോഭിച്ചു നിലകൊണ്ടു.

ജനമേജയൻ ചോദിച്ചു: മഹാത്മൻ, അങ്ങ് കഥയിൽ സത്യവ്രതൻ നന്ദിനി പശുവിനെ വധിച്ച് വസിഷ്ഠ മുനിയുടെ ശാപത്തിനു പാത്രമായി എന്നു പറഞ്ഞുവല്ലോ. ആ ശാപത്തിൽ നിന്നും രാജകുമാരൻ എങ്ങിനെ മുക്തനായി? മഹാപാതകം ചെയ്ത് ശാപം വാങ്ങിയവന് സിംഹാസനം കിട്ടാൻ യോഗ്യതയുണ്ടാവുമോ? മകനാണെങ്കിലും പിശാചത്വം ഉള്ളവനെ സ്വീകരിക്കാൻ രാജാവെന്തുകൊണ്ടാണ് തയ്യാറായത്?

വ്യാസൻ തുടർന്നു: വസിഷ്ഠശാപം കിട്ടിയപ്പോൾ സത്യവ്രതന്റെ രൂപം അതി ഘോരമായിത്തീർന്നു. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. സത്യവ്രതൻ ദേവീ ഉപാസന ചെയ്കയാൽ ജഗദംബയുടെ കൃപയ്ക്ക് പാത്രമായി. അവനിലെ പാപവും പിശാചത്വവും മറഞ്ഞു. രൂപം വീണ്ടും കോമളമായിത്തീർന്നു. ദേവീ കാരുണ്യത്താൽ കുമാരനിൽ തേജസ്സുണർന്നു. പരാശക്തിയായ ദേവിയുടെ പ്രാഭവത്താൽ വസിഷ്ഠനും പ്രസന്നനായി. പിതാവിന്റെ ക്രോധം നശിച്ചു.  രാജാവിന് മകനോടുള്ള സ്നേഹവായ്പ് വർദ്ധിതമായി. യഥാസമയം സദുപദേശം കൈക്കൊണ്ട് സത്യവ്രതൻ രാജസിംഹാസനം നേടി.

പിതാവിന്റെ മരണശേഷം അദ്ദേഹം പലവിധത്തിൽ ദേവീപൂജകളും യജ്ഞങ്ങളും നടത്തുകയുണ്ടായി. സത്യവ്രതന്റെ പുത്രനാണ് ഹരിശ്ചന്ദ്രൻ. അതിസുന്ദരനും ശാസ്ത്രജ്ഞാനത്തിൽ നിഷ്ണാതനുമായിരുന്നു അദ്ദേഹം. ഹരിശ്ചന്ദ്രനെ രാജ്യഭാരമേൽപ്പിച്ച് മനുഷ്യ ദേഹത്തോടെ സ്വർഗ്ഗത്തിലെത്തണം എന്നാണ് ത്രിശങ്കു ആഗ്രഹിച്ചത്.

ആഗ്രഹനിവൃത്തിക്കായി അദ്ദേഹം വസിഷ്ഠമുനിയെ ചെന്നു കണ്ടു. തനിക്ക് മനുഷ്യന്റെ ഉടലിൽ ഇരുന്നു കൊണ്ടു് സ്വർഗ്ഗീയസുഖങ്ങളും അമാനുഷീകമായ ഭോഗങ്ങളും അറിയണം എന്ന മോഹം പറഞ്ഞു. 'എനിക്ക് ഗന്ധർവ്വൻമാരുടെ മധുരഗീതങ്ങൾ ഈ ചെവികൊണ്ടു് കേൾക്കണം. അപ്സര സുന്ദരിമാരുമൊത്ത് സുഖിക്കണം. ഈ ആഗ്രഹങ്ങൾ നേടാനായി ഏതു യാഗങ്ങളാണ് ഞാൻ ചെയ്യേണ്ടത്? അതിനായി എന്നെ സഹായിച്ചാലും. ദുഷ്പ്രാപ്യമാണ് സ്വർഗ്ഗം എങ്കിലും അങ്ങേയ്ക്ക് സാദ്ധ്യമല്ലാത്തതായി  എന്തുണ്ട്?'

'മനുഷ്യദേഹത്തിൽ ഇരുന്നുകൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പുണ്യമാർജിച്ച് ദേഹം ഉപേക്ഷിക്കുന്നവർക്ക് എത്തിച്ചേരാനുള്ള ഇടമാണ് സ്വർഗ്ഗം. അത് മരണശേഷം മാത്രമേ സാധിക്കൂ. അങ്ങയുടെ മോഹം സഫലമാവാൻ പറ്റുമോ എന്നെനിക്ക് സംശയമാണ്. ജീവനുളള മനഷ്യന് അപ്സരസ്ത്രീകളുമായി രമിക്കാൻ സാധിക്കില്ല. ഏതായാലും യജ്ഞങ്ങൾ ചെയ്യുക. പുണ്യമാർജിച്ച് മരിച്ചാൽ സ്വർഗ്ഗം ലഭിക്കുമല്ലോ.’

വസിഷ്ഠൻ ഉടലോടെ സ്വർഗ്ഗത്തിൽ എത്തുവാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതുകേട്ടു് രാജാവ് നിരാശനായി. 'തന്നോടു് മുനിക്ക് പണ്ടേ വൈരമുണ്ടായിരുന്നു. അതാവും ഇങ്ങിനെ ഒഴിഞ്ഞു മാറുന്നത്' എന്നാണ് രാജാവിന് തോന്നിയത്.

'എന്നാല്‍ ഞാൻ മറ്റാരെക്കൊണ്ടെങ്കിലും യജ്ഞം നടത്തിച്ചു കൊള്ളാം ' എന്നായി സത്യവ്രതൻ. മുനി കോപിഷ്ടനായി. അദ്ദേഹം രാജാവിനെ ശപിച്ചു. "മുഠാള, നീയൊരു ചണ്ഡാളനായി തീരട്ടെ. നിന്റെയീ ശരീരത്തോടെതന്നെ  നീ ചണ്ഡാളനായി മാറും. പശുവിനെ കൊന്നവനേ, ബ്രാഹ്മണപത്നിയെ അപഹരിച്ചവനേ, ധർമ്മം വെടിഞ്ഞവനേ, മഹാപാപീ, മരിച്ചാലും നിനക്ക് സ്വർഗ്ഗലാഭമുണ്ടാവാതെ പോകട്ടെ."

ആചാര്യന്റെ ശാപം കിട്ടിയപ്പോൾ രാജാവ് നായയെ ആഹരിക്കുന്ന ചണ്ഡാലന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. കാതിൽക്കിടന്ന രത്നകുണ്ഡലങ്ങൾ വെറും കൽത്തുണ്ടങ്ങളായി മാറി. ദേഹത്തണിഞ്ഞ ചന്ദനത്തിനു സുഗന്ധം നഷ്ടമായി. അരയിൽ ചുറ്റിയ മഞ്ഞപ്പട്ട് കറുത്തിരുണ്ടു. ദേഹം ആനയുടെ നിറമായി. ശക്തിയെ ഉപാസിക്കുന്ന മുനിയുടെ ശാപം ഉടനെ രാജാവിൽ പ്രകടമായി കാണപ്പെട്ടു. ശക്തിയെ പൂജിക്കുന്നവനുമായി ഒരിക്കലും പിണങ്ങരുത്. ഗായത്രീജപത്തിനു മുടക്കം വരുത്താത്ത വസിഷ്ഠമുനിയുടെ ശാപം ഫലിക്കാതെ വരില്ലല്ലോ.

സ്വന്തം ദേഹം എത്ര നികൃഷടമാണെന്ന് കണ്ട്‌ രാജാവ് ഖിന്നനായി കൊട്ടാരത്തിൽ കയറാതെ വനത്തിലേക്ക് പോയി. 'ഈ രൂപത്തിൽ കൊട്ടാരത്തിൽ ചെന്നാൽ ഭാര്യകൂടി എന്നെ തിരിച്ചറിഞ്ഞു് അംഗീകരിക്കില്ല. മന്ത്രിമാർ ബഹുമാനിക്കുകയുമില്ല. ഇനി ഞാൻ എന്നോട്ടു പോവും? എന്നെ കണ്ടാൽ മകന് പേടിയാവും. സ്വന്തക്കാരും  ബന്ധുക്കളും  എന്നെ വിലവയ്ക്കുകയില്ല. വിഷം കഴിച്ചോ കെട്ടിത്തൂങ്ങിയോ വെള്ളത്തിൽ ചാടിയോ മരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ ഒരു ചിത കൂട്ടി അതിൽ ചാടാം. പട്ടിണി കിടന്നു മരിക്കയും ആവാം. പക്ഷേ ആത്മഹത്യാ പാപം ജന്മാന്തരങ്ങളിൽ വിടാതെ പിൻതുടരുമല്ലോ. ഈ ശാപഫലമായുള്ള ചണ്ഡാലത്വം വരും ജമങ്ങളിലും ഉണ്ടാവും താനും. എതായാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കർമ്മഫലം അനുഭവിക്കുക തന്നെ.

അനുഭവിച്ചു മാത്രമേ പ്രാരബ്ധ കർമ്മങ്ങൾക്ക് അറുതിയുണ്ടാവൂ. ശുഭമായാലും  അല്ലെങ്കിലും ഞാനെന്റെ കർമങ്ങൾ അനുഭവിച്ചു തീർക്കണം. പുണ്യാശ്രമങ്ങളുടെ സാമീപ്യം, പൂജ്യതീർത്ഥങ്ങളിലെ സ്നാനം, സജ്ജന സേവനം, ജഗദംബികാ ധ്യാനം എന്നിവയിൽ ഞാനെന്റെ ദിനരാത്രങ്ങൾ ചിലവഴിക്കാൻ പോകുന്നു. വനവാസത്തിനിടക്ക് എനിക്ക് ചിലപ്പോൾ സത്സംഗം ഉണ്ടാവാനും മതി. ഭാഗ്യമുണ്ടെങ്കിൽ എന്റെ കർമഫലം അങ്ങിനെ ക്ഷയിക്കാനും സാദ്ധ്യതയുണ്ടു്.'

രാജാവ് നഗരജീവിതം മതിയാക്കി ഗംഗാ തീരത്ത് താമസിച്ച് ദിനരാത്രങ്ങൾ ദു:ഖത്തോടെ കഴിച്ചുകൂട്ടി. ഹരിശ്ചന്ദ്രൻ അച്ഛന്റെ വിവരമറിഞ്ഞു വ്യാകുലപ്പെട്ടു. അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം മന്ത്രിമാരെ അയച്ചു. ‘മഹാരാജാവേ അങ്ങയെ കാത്ത് കൊട്ടാരവും പ്രജകളും ഇരിക്കുന്നു. നമുക്ക് എങ്ങിനെയെങ്കിലും ഗുരുവിനെ പ്രീതിപ്പെടുത്തി ശാപമോക്ഷം നേടാം. അദ്ദേഹം അങ്ങയുടെ ദു:ഖം ശമിപ്പിക്കും.'

മന്ത്രിമാർ ഇതൊക്കെ പറഞ്ഞിട്ടു പോലും ചണ്ഡാള വേഷത്തിൽ കൊട്ടാരത്തിലേക്ക് പോവാൻ ത്രിശങ്കു തയ്യാറായില്ല. മകനോടു് രാജ്യഭാരം കൈയാളാൻ അദ്ദഹം പറഞ്ഞയച്ചു. 'ബ്രാഹ്മണരെയും ദേവൻമാരെയും ഉചിതമായി പൂജിച്ച് നീ രാജ്യം ഭരിക്കുക.' മന്ത്രിമാർ ദുഖത്തോടെ മടങ്ങി.അവർ ഹരിശ്ചന്ദ്രനെ രാജാവായി വാഴിച്ചു. അദ്ദേഹം പിതാവിന്റെ ഇംഗിത പ്രകാരം ധാർമികമായ രീതിയിൽ രാജ്യഭരണം നിർവ്വഹിച്ചു.

Friday, August 19, 2016

ദിവസം 169 ശ്രീമദ്‌ ദേവീഭാഗവതം. 7.11. അരുണരാജോപദേശം

ദിവസം 169   ശ്രീമദ്‌ ദേവീഭാഗവതം7.11. അരുണരാജോപദേശം

വസിഷ്ഠേ ച ശപ്തോ സൗ ത്രിശങ്കൂർ നൃപതേ: സുത:
കഥം ശാപാദ്വിനിർമുക്തസ്തന്മേ  ബ്രൂഹിമഹാമതേ
സത്യവ്രതസ്തഥാ ശപ്ത: പിശാചത്വമവാപ്തവാൻ
തസ്മിന്നേവാശ്രമേ തസ്ഥൗ ദേവീ ഭക്തിപരായണ:

ജനമേജയൻ ചോദിച്ചു: വസിഷ്ഠ മുനിയുടെ ശാപമേറ്റ ത്രിശങ്കു എങ്ങിനെയാണ് പാപമുക്തനായത്?

വ്യാസൻ പറഞ്ഞു: ശാപം മൂലം പിശാചത്വം പ്രാപിച്ച സത്യവ്രതൻ ദേവീ ഉപാസന ചെയ്ത് കാട്ടിൽത്തന്നെ കഴിഞ്ഞുകൂടി. നവാക്ഷരീ മന്ത്രം ജപിച്ച് ഹോമിക്കാനായി അദ്ദേഹം ബ്രാഹ്മണരെ ചെന്നു കണ്ട് ക്ഷണിച്ചു. 'നിങ്ങൾ ഭൂസുരൻമാർ എല്ലാവരും ചേർന്ന് എന്റെയീ യജ്ഞം ഭംഗിയായി നടത്തിത്തരണം. ജപത്തിന്റെ പത്തിലൊന്ന് കൊണ്ട് ഹോമം നടത്താം എന്നാണല്ലോ ശാസ്ത്രം. എന്റെ കാര്യസിദ്ധിക്കായി ദ്വിജന്മാരും കൃപാലുക്കളുമായ നിങ്ങൾ എന്നെ തുണയ്ക്കണം.'
എന്നാൽ ബ്രാഹ്മണർ പറഞ്ഞു: ഗുരുശാപം  മൂലം പിശാചത്വം അനുഭവിക്കുന്ന നീ യാഗം ചെയ്യാൻ യോഗ്യനല്ല. വേദാധികാരം നഷ്ടപ്പെട്ട് നിന്ദ്യമായ പൈശാചികത്വം നിനക്കുള്ളതിനാൽ ഞങ്ങൾ നിന്നെ സഹായിക്കുകയില്ല.'

ത്രിശങ്കു ദുഖിതനായി. 'എന്റെ ജീവിതം തന്നെ വ്യർത്ഥം. അച്ഛന്‍ ശപിച്ചു. രാജ്യ ഭ്രഷ്ടനാക്കി, പോരാഞ്ഞ് പൈശാചികത്വവും എന്നെ ബാധിച്ചിരിക്കുന്നു.' ഇങ്ങിനെ ചിന്തിച്ച് വിഷണ്ണനായ രാജാവ് വലിയൊരു ചിത കൂട്ടി പ്രാണാഹൂതി ക്കായി തയ്യാറെടുത്തു. മഹാമായയെ മനസ്സിലുറപ്പിച്ച് കൈകൂപ്പി അദ്ദേഹം ചിതയിൽച്ചാടാൻ തുടങ്ങവേ പെട്ടെന്ന് ആകാശത്ത് ദേവി പ്രത്യക്ഷയായി. സിംഹാരൂഢയായ ദേവി മേഘനാദത്തിൽ അവനോട് പറഞ്ഞു: ‘സാധോ, നീയെന്തു ചെയ്യാനാണ് ഭാവം? വെറുതെ ശരീരം നശിപ്പിക്കണ്ട. ധൈര്യം കൈക്കൊണ്ടാലും. നിന്റെ പിതാവിന് വാർദ്ധക്യമായി. മറ്റന്നാൾ തന്നെ നിനക്ക് രാജ്യഭാരം കൈമാറി അദ്ദേഹം വനവാസത്തിനു പുറപ്പെടും. നിന്നെ ബഹുമാനിച്ച് കൂട്ടിക്കൊണ്ടുപോവാൻ അദ്ദേഹം മന്ത്രിമാരെ അയക്കും. എന്റെ പ്രസാദം നിന്നിൽ ഉള്ളതുകൊണ്ട് അദ്ദേഹം സ്വമനസാ നിന്നെ സിംഹാസനത്തിൽ ഇരുത്തും. അത് കഴിഞ്ഞ് അദ്ദേഹം ധന്യനായി ബ്രഹ്മലോകം പൂകും.' ഇങ്ങിനെ അരുളിച്ചെയ്ത ദേവി വാനിൽ നിന്നു മറഞ്ഞു.

രാജകുമാരൻ ചിതയിൽ ചാടാനുള്ള ശ്രമം ഉപേക്ഷിച്ചു. ആ സമയം നാരദമഹർഷി അയോദ്ധ്യയിൽ ചെന്ന് രാജാവിനെ വിവരമറിയിച്ചു. നിരാശമൂലം മകൻ ആത്മാഹൂതി ചെയ്യാൻ ശ്രമിച്ചതറിഞ്ഞ രാജാവ് ഏറെ ദു:ഖിച്ചു. ‘എന്റെ ബുദ്ധിമാനായ  മകനെ ഞാൻ കാട്ടിൽ ഉപേക്ഷിച്ചു. എങ്കിലും ആ മിടുക്കൻ ദേവീഭജനം ചെയ്ത് വനത്തിൽ കഴിഞ്ഞുകൂടുകയാണ്. വാസ്തവത്തിൽ അവൻ സിംഹാസനത്തിന് അർഹനാണ്. വസിഷ്ഠ ശാപമാണ് അവനെ പിശാചതുല്യനാക്കി മാറ്റിയത്. ജഗദംബ നേരിട്ടു വന്ന് തടഞ്ഞില്ലായിരുന്നുവെങ്കിൽ എന്റെ മകൻ ഇപ്പോൾ ചിതയിൽ എരിഞ്ഞമർന്നേനെ. അവനെ നിങ്ങൾ മന്ത്രിമാർ പോയി നല്ല വാക്കു പറഞ്ഞു സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരിക. അവനാണല്ലോ മൂത്ത പുത്രൻ. അതുകൊണ്ടു് രാജ്യാധികാരം അവനുള്ളത് തന്നെയാണ്. മകനെ രാജ്യഭാരമേൽപ്പിച്ച് വനത്തിലേക്ക് പുറപ്പെടാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു.'

മന്ത്രിമാർ സസന്തോഷം രാജകുമാരനെ കൂട്ടിക്കൊണ്ടുവന്നു. ക്ഷീണിച്ച് കീറത്തുണി അരയിൽ ചുറ്റിയ കുമാരനെ കണ്ടു് രാജാവ് സങ്കടപ്പെട്ടു. 'കഷ്ടം ഇവനെ ഞാൻ ആട്ടി പുറത്താക്കാൻ ഇടയായല്ലോ.' രാജകുമാരനെ അദ്ദേഹം കെട്ടിപ്പുണർന്ന് സിംഹാസനത്തിനടുത്ത് ഉത്തമമായ ഒരു പീഠത്തിൽ അവന് ആസനം നൽകി.

ഇടറുന്ന സ്വരത്തോടെ രാജാവ് മകനോട് പറഞ്ഞു: ‘മകനേ, നീയെന്നും ധർമ്മത്തിന്റെ വഴിയേ ചരിച്ചാലും. ബ്രഹ്മാവിന്റെ മുഖത്തു നിന്നും ഉണ്ടായ ഭൂസുരൻമാരെ നീയെന്നും മാനിക്കണം. ധര്‍മ്മ  മാർഗ്ഗത്തിൽ വിത്തമാർജിച്ച് പ്രജാ സംരക്ഷണം ചെയ്യണം. അസത്യം പറയരുത്. തെറ്റായ വഴിയിൽ ചരിക്കാതെ തപസ്വികളെ പൂജിച്ച് ബഹുമാനിക്കുക. ശത്രുക്കളോട് ദയ വേണ്ട. ഇന്ദ്രിയങ്ങളെ ജയിച്ച് ശിഷ്ടരായ മന്ത്രിമാരോട് ആലോചിച്ച് സദാ കർമ്മനിരതനായി വാഴുക. ശത്രു നിസ്സാരനാണെന്ന് കരുതി ഒരിക്കലും അലംഭാവം പാടില്ല. ഏറാൻ മൂളികളായ അവസരവാദികളെ തിരിച്ചറിഞ്ഞ് അവരെ മാറ്റി നിർത്തണം. മിത്രങ്ങളുടെ ഇടയിലും ചാരൻമാരെ നിയോഗിക്കണം. രാജപദവിക്ക് നിദാനമായിരിക്കുന്നത് ധർമം മാത്രമായിരിക്കണം. നിത്യദാനം മുടക്കരുത്. വൃഥാവാദത്തിൽ ഒരിക്കലും ഏർപ്പെടരുത്. ദുഷ്ടസംഗം ത്യജിച്ച്  ഋഷിമാരുമായുള്ള സത്സംഗത്തിന് സമയം കണ്ടെത്തുക. യജ്ഞങ്ങൾ യഥാവിധി അനുഷ്ടിക്കുക. സ്ത്രീ, ചതി, ചൂത് എന്നിവയിൽ ഭ്രമമുള്ളവരെ അകറ്റി നിർത്തുക. നായാട്ടിലും അമിതമായ താൽപര്യം പാടില്ല. മദ്യം, വേശ്യ, ചൂത് എന്നിവയിൽ രാജാവിനും പ്രജകൾക്കും ആസക്തിയരുത്. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനാദികൾ ചെയ്ത് നിത്യവും മുടങ്ങാതെ പരാശക്തിയെ പൂജിക്കുക. ദേവീ പദഭജനത്തേക്കാൾ വലുതായ ജന്മസാഫല്യം മറ്റൊന്നുമില്ല. ദേവീപൂജ ചെയ്ത് ആ പാദതീർത്ഥം സേവിക്കുന്നവന് ജന്മദുഖം ഇനിയുണ്ടാവുകയില്ല. ദൃഷ്ടാവ്, ദൃഷ്ടി, ദൃശ്യം എന്നീ ത്രിപുടികൾ സാക്ഷാൽ ദേവി തന്നെയാണെന്ന് മനസ്സിലുറപ്പിച്ച് നിർഭയനായി വർത്തിച്ചാലും. നിത്യകർമങ്ങൾ ചെയ്തിട്ടു് സംശയങ്ങൾ ഉണ്ടെങ്കിൽ പണ്ഡിതരായ ബ്രാഹ്മണരെ സമീപിക്കണം. വേദപാരംഗതരായ പണ്ഡിതൻമാരെ പൂജിക്കുകയും അവർക്ക് ഭൂമി, ധനം, ധാന്യം, പശു മുതലായവ യഥാവിധി സമ്മാനിക്കുകയും വേണം. എന്നാൽ അവിദ്വാനായ വിപ്രന് ആഹാരത്തിനുള്ള വക മാത്രമേ ദാനം ചെയ്യാവൂ. ലോഭം കൊണ്ടു് നീയൊരിക്കലും ധർമ്മത്തിനെതിരായി പ്രവർത്തിക്കാൻ ഇടവരരുത്. വിപ്രരെ ഒരിക്കലും അപമാനിക്കരുത്. പാറയിൽ ലോഹമെന്നത് പോലെ ബ്രാഹ്മണരാണ് ക്ഷത്രിയർക്ക് കാരണഭൂതരായിരിക്കുന്നത്. വെള്ളത്തിൽ നിന്നാണ് അഗ്നി. അതാത് വസ്തുവിന്റെ വീര്യവും തേജസും ആ വസ്തുവിന്റെ കാരണത്തിൽ അടങ്ങുന്നു എന്നറിയുക. അതിനാൽ ബുദ്ധിയുള്ള രാജാവ് ബ്രാഹ്മണരെ ദാനാദികളാൽ പൂജിച്ച് സംപ്രീതരാക്കുന്നു. ധർമ്മശാസ്ത്രാനുസാരമായി ദണ്ഡനീതി നടപ്പാക്കുന്നതും രാജവിന്റെ കർത്തവ്യങ്ങളിൽ പെടുന്നു. ധാർമ്മികമായ രീതിയിൽ കൈവരുന്ന ധനം മാത്രമേ രാജാവ് പ്രജാക്ഷേമത്തിനായി വിനിയോഗിക്കാവൂ.'

Thursday, August 11, 2016

ദിവസം 168 ശ്രീമദ്‌ ദേവീഭാഗവതം. 7. 10. ത്രിശങ്കുചരിതം

ദിവസം 168   ശ്രീമദ്‌ ദേവീഭാഗവതം.  7. 10. ത്രിശങ്കുചരിതം

ബഭൂവ ചക്രവർത്തീ സ നൃപതി: സത്യ സംഗര:
മാന്ധാതാ പൃഥിവീം സർവാമജയൻ നൃപതീശ്വരഃ
ദസ്യ വോ സ്യ ഭയത്രസ്താ യയുർഗിരി ഗുഹാസു ച
ഇന്ദ്രേണാസ്യ കൃതം നാമ ത്രസദ്ദസ്യുരിതി സ്ഫുടം

വ്യാസൻ തുടർന്നു: മാന്ധാതാവ് ലോകം മുഴുവൻ കീഴടക്കി ചക്രവർത്തിയായി വാണു. ശത്രുക്കൾ രാജാവിനെ പേടിച്ച് കാട്ടിലും മലയിലും പോയി ഒളിച്ചു.   ദേവേന്ദ്രൻ അദ്ദേഹത്തിന്    'ത്രസദ്ദസ്യു' എന്ന പേര് നൽകി. മാന്ധാതാവിന്റെ പത്നി സർവ്വലക്ഷണസമ്പന്നയായ ബിന്ദുമതിയായിരുന്നു. ശശബിന്ദുവിന്റെ മകൾ. അവർക്ക് രണ്ടു പുത്രൻമാർ. പുരുകുത്സനും മുചുകുന്ദനും.

പുരുകുത്സന് അരണ്യൻ എന്ന ഒരു പുത്രനും അദ്ദേഹത്തിന് ബൃഹദശ്വൻ എന്നൊരു മകനുമുണ്ടായി. അവർക്ക് പിന്നാലെ ക്രമത്തിൽ പരമാർത്ഥ വേദി, ഹര്യശ്വൻ, ത്രിധന്വാവ്, അരുണൻ, സത്യവ്രതൻ എന്നിവർ യഥാക്രമം ആ പരമ്പരയിൽ ജനിച്ച  രാജാക്കന്മാരാണ്.    സത്യവ്രതൻ തന്റെ യൌവന കാലം താന്തോന്നിയായി നടന്നു. അയാൾ ഒരു ബ്രാഹ്മണ വധുവിനെ വിവാഹസമയത്ത് മോഷ്ടിച്ചു കൊണ്ടുപോയി. വിപ്രൻമാർ വിഭ്രാന്തരായി നിലവിളിച്ച് രാജാവായ അരുണന്റെയടുക്കൽ സങ്കടം പറഞ്ഞു. രാജാവ് മകനെ ഭർസിച്ചു. "ദുഷ്ടനായ നീ കുലത്തിന്റെ പേര് കളഞ്ഞു. നീ ഇവിടം വിട്ട് പെയ്ക്കൊള്ളുക. ഈ നാട്ടിലിനി നിന്നെ കാണാൻ ഇടയാവരുത്."

"ഞാനെവിടെ പോകാനാണ്?"

"വല്ല  ചണ്ഡാലവർഗ്ഗത്തിന്റെ കൂടെയും കഴിഞ്ഞോളുക. വിപ്രപത്നിയെ അപഹരിക്കുക എന്നത് നീചകർമമമാകയാൽ നിനക്ക് അവരുടെ ഒപ്പമുള്ള ജീവിതമാണ് ഉചിതം. കുലനാമം മുടിക്കാൻ പിറന്ന നിന്റെ പേരിൽ എനിക്ക് 'പുത്രവാൻ' ആവണ്ട."

സത്യവ്രതൻ ഒരു പറയച്ചേരിയിൽ താമസം തുടങ്ങി. കവചവും വില്ലും ധരിച്ച് ചണ്ഡാള വർഗ്ഗത്തിനൊപ്പം അയാൾ കഴിഞ്ഞു. കൊട്ടാരത്തിൽ നിന്നും രാജാവ് മകനെ പുറത്താക്കിയപ്പോൾ രാജഗുരുവായ വസിഷ്ഠൻ തടഞ്ഞില്ല എന്നതിൽ സത്യവ്രതന് മഹർഷിയോടു് ദേഷ്യമുണ്ടായിരുന്നു.

അരുണൻ മറ്റൊരു പുത്രനുണ്ടാവാനായി കാട്ടിൽപ്പോയി പന്ത്രണ്ടു കൊല്ലം തപസ്സു ചെയ്തു. ധർമ്മവൈകല്യം ഉണ്ടായ ആ നാട്ടിൽ അക്കാലമത്രയും മഴ പെയ്തില്ല. ദേവേന്ദ്രനാണല്ലോ മഴ പെയ്യിക്കേണ്ടത്.

അക്കാലത്ത് വിശ്വാമിത്രൻ തന്റെ ഭാര്യാപുത്രാദികളെ അരുണന്റെ രാജ്യത്ത് വിട്ടിട്ട് കാട്ടിൽ തപസ്സനുഷ്ടിച്ചിരുന്നു. വിശ്വാമിത്രന്റെ ധർമപത്നി മഴയില്ലാത്ത ഈ രാജ്യത്ത് വളരെ ക്ലേശിച്ചാണ് ജീവിച്ചത്. കുട്ടികൾ അന്നത്തിനായി ആർത്തിപൂണ്ടു് കരഞ്ഞു. 'ഈ നാട്ടിൽ ഉത്തരവാദിത്വമുള്ള ഒരു രാജാവില്ലല്ലോ' എന്നാ അമ്മ ആവലാതിപ്പെട്ടു. 'ഞാൻ ആരോടു് പറയും? ഭർത്താവാണെങ്കിൽ കാട്ടിലുമാണ്. എന്റെ ദുഖം അദ്ദേഹം അറിയുന്നത് പോലുമുണ്ടാവില്ല. ഏതായാലും ഒരു മകനെ വിറ്റ് കിട്ടുന്ന പണം കൊണ്ടു് മറ്റു മക്കൾക്ക് ആഹാരം കൊടുക്കാം. കഷ്ടം! ഇതെന്റെ തലവിധി! എല്ലാവരെയും പട്ടിണിക്കിട്ടു കൊല്ലുന്നതിലും ഭേദം ഇതാണ്.'

ആ അമ്മ മദ്ധ്യമപുത്രനെ ദർഭക്കയർ കൊണ്ടു് കെട്ടി വീട്ടിൽ നിന്നും ഇറങ്ങി നടന്നു. മകന്റെ കഴുത്തിൽ കുരുക്കിട്ട് വിൽക്കാൻ കൊണ്ടു് നടക്കുന്ന ആ സാധ്വിയെ സത്യവ്രതൻ കാണുവാനിടയായി. അദ്ദഹം അവളോടു് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

'വിശ്വാമിത്രപത്നിയായ ഞാനിപ്പോൾ വല്ലാത്ത കഷ്ടത്തിലാണ്. പട്ടിണി മാറ്റാൻ ഈ മകനെ വിൽക്കാൻ കൊണ്ടുപോവുകയാണ്. മഹർഷി തപസ്സിനായി കാട്ടിൽ പോയിരിക്കുന്നു. ഇവനെ വിറ്റിട്ടെങ്കിലും ബാക്കിയുള്ളവരുടെ ക്ഷുത്തകറ്റണം'

ഇതു കേട്ട സത്യവ്രതൻ മുനിപത്നിയെ സമാധാനിപ്പിച്ചു. 'നിന്റെ പുത്രനെ വിൽക്കണ്ട. മുനി തിരികെയെത്തുന്നത് വരെ ഞാൻ നിന്റെ കുടുംബത്തിന്നുള്ളത് കൊണ്ടുവന്നു തരാം.  ആശ്രമ സമീപത്തുള്ള വൃക്ഷക്കൊമ്പിൽ ഞാൻ നിത്യവും വന്ന് ഭക്ഷണ സാധനങ്ങൾ കെട്ടിത്തൂക്കിയിടാം.'

സത്യവ്രതന്റെ വാക്കു കേട്ട മുനി പത്നി മകന്റെ കെട്ടഴിച്ചു. അവനെക്കൂട്ടി ആശ്രമത്തിലേയ്ക്ക് തിരിച്ചു പോയി. കഴുത്തിൽ കെട്ട് വീണ മകന് ഗാളവൻ എന്നൊരു പേരും കിട്ടി. സത്യവ്രതൻ വാക്കു പാലിച്ചു. പതിവായി മാൻ, പോത്ത്, പന്നി, എന്നിവയെ നായാടിക്കൊണ്ടുവന്ന് ആശ്രമസമീപം ഒരു മരക്കൊമ്പിൽ തൂക്കിയിട്ട് അവൻ മടങ്ങും. മുനിപത്നി അവയെടുത്ത് പാകം ചെയ്ത് മക്കളുടെ വിശപ്പകറ്റി. ഗാളവൻ പിന്നീട് സ്വയം വലിയൊരു മഹർഷിയായിത്തീർന്നു.

രാജാവായ അരുണൻ തപസ്സിനായി കാട്ടിൽ പോയ സമയത്ത് വസിഷ്ഠനാണ് രാജ്യകാര്യങ്ങൾ നടത്തിയിരുന്നത്. സത്യവ്രതൻ മൃഗഹിംസയും മറ്റും ചെയ്ത് ചണ്ഡാള ജീവിതം തുടർന്നു വന്നു. വസിഷ്ഠമുനിയോട് സത്യവ്രതന്‍റെയുള്ളില്‍ അടക്കാനാവാത്ത പകയുണ്ടായിരുന്നു.  ‘ഒരു വിവാഹകർമ്മം പൂർത്തിയാവാൻ സപ്തപദി കഴിയണമെന്ന് മുനിക്കറിയാം. എങ്കിലും വിപ്ര’പത്നി’യെ മോഷ്ടിച്ചു എന്ന കുറ്റത്തിനാണല്ലാ തന്നെ അച്ഛൻ ഉപേക്ഷിച്ചത്. താൻ ആ കന്യകയെ  മോഷ്ടിച്ചത് അവൾ ഒരാളുടെ പത്നിയായകുന്നതിന് മുന്‍പാണ്. എന്നാൽ ശിക്ഷിക്കപ്പെട്ടത് 'പരദാരചോരണ'മെന്ന കുറ്റത്തിനാണ്. നീതിന്യായത്തില്‍   ഇക്കാര്യമറിയാവുന്ന വസിഷ്ഠൻ എന്തുകൊണ്ടെന്റെ ശിക്ഷയ്ക്ക് തടസ്സം പറഞ്ഞില്ല?’ എന്നൊക്കെയായിരുന്നു സത്യവ്രതന്‍ ചിന്തിച്ചത്.

ഒരിക്കൽ സത്യവ്രതൻ വസിഷ്ഠന്റെ കറവപ്പശു ഒറ്റയ്ക്ക് മേയുന്നത് കണ്ടു. മറ്റ് മൃഗങ്ങൾ അവിടെയപ്പോൾ ഉണ്ടായിരുന്നില്ല. ക്രോധവും മോഹവും വിശപ്പും ബാധിച്ച അയാൾ ആ പശുവിനെ കൊന്ന് അതിന്റെ മാംസം വേണ്ടുവോളം കഴിച്ചിട്ട് പതിവുപോലെ കുറച്ചു മാംസം മുനിപത്നിക്കായി മരക്കൊമ്പിൽ തൂക്കിയിട്ടു.

പശുവിന്റെ മാംസമാണ് എന്നറിയാതെ ആ മുനിപത്നി മാംസമെടുത്ത് പാകം ചെയ്ത് കുട്ടികൾക്ക് കൊടുത്തു. സാധാരണ കൊണ്ടുവരാറുള്ളത് മാനിന്റെയോ പന്നിയുടേയോ മാംസമാണല്ലോ.

'ഒരു പിശാചിനെപ്പോലെ ഗോഹത്യ ചെയ്ത നീയെത്ര ശഠൻ' എന്ന് വസിഷ്ഠൻ ക്രുദ്ധനായി. 'നിന്റെ തലയിൽ ഗോഹത്യാപാപം, പരദാരഹരണപാപം, പിതൃകോപം എന്നിവ മൂന്നും ഒരുമിച്ചു വന്നു ചേരട്ടെ. ഈ മൂന്നു വ്രണങ്ങൾ (ശങ്കുക്കൾ) നിന്നിൽ  ഇപ്പോൾത്തന്നെ ഉണ്ടാകട്ടെ. പിശാചരൂപത്തിൽ ലോകർക്ക് കാണാവുന്ന വിധത്തിൽ ത്രിശങ്കു എന്ന പേരിൽ നീ ഭൂമിയിൽ അറിയപ്പെടട്ടെ.'

വസിഷ്ഠശാപമേറ്റ സത്യവ്രതൻ ആശ്രമത്തിലിരുന്ന് തീവ്രമായ തപസ്സാരംഭിച്ചു. ഒരു മുനികുമാരനെ ഗുരുവാക്കി മന്ത്രദീക്ഷയെടുത്ത് അദ്ദേഹം ജഗദംബയെ ധ്യാനിക്കാൻ തുടങ്ങി. മൂലപ്രകൃതിയായ അമ്മയിൽ മനസ്സർപ്പിച്ച് സത്യവ്രതൻ ആ കാനനത്തിൽ  തപസ്സിൽ മുഴുകിക്കഴിഞ്ഞു.

Wednesday, August 3, 2016

ദിവസം 167 ശ്രീമദ്‌ ദേവീഭാഗവതം. 7. 9. കകുത്സ്ഥാദ്യോത്പത്തി

ദിവസം 167   ശ്രീമദ്‌ ദേവീഭാഗവതം7. 9. കകുത്സ്ഥാദ്യോത്പത്തി

കദാചിദഷ്ടകാശ്രാദ്ധേ വികുക്ഷിം പൃഥ്വിവീപതി:
ആജ്ഞാപയദസംമുഢോ മാംസമാനയ സത്വരം
മേധ്യം ശ്രാദ്ധാർത്ഥമധുനാ വനേ ഗത്വാ സുതാദരാൽ
ഇത്യുക്തോ സൗ തഥേത്യാശു ജഗാമ വനമസ്ത്രഭൃത്

വ്യാസൻ തുടർന്നു: ഒരു ദിവസം ഇക്ഷ്വാകു മഹാരാജാവ് അഷ്ടക ശ്രാദ്ധത്തിനായി മാംസം കൊണ്ടുവരാൻ വികുക്ഷിയോട് കൽപ്പിച്ചു. ശ്രാദ്ധ കർമ്മത്തിനുള്ള മാംസം ശുദ്ധമായിരിക്കണം എന്ന് രാജാവ് മകനെ ഓർമ്മിപ്പിച്ചു. 'വനത്തിൽപ്പോയി സമാദരപൂർവ്വം ഒരു മൃഗത്തെക്കൊന്ന് വേണം അത് കൊണ്ടുവരാൻ' രാജാവ് പറഞ്ഞു.

വികുക്ഷി വനത്തിലെത്തി പലവിധ മൃഗങ്ങളെയും അമ്പെയ്ത് വീഴ്ത്തി നടക്കവേ പരിക്ഷീണനായിത്തീർന്നു. അഷ്ടകശ്രാദ്ധത്തിന്റെ കാര്യം അയാൾ മറന്നു പോയി. പോരാത്തതിന് അയാൾ ഒരു മുയലിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. അതില്‍ ബാക്കി വന്ന ശ്രാദ്ധകർമ്മത്തിനു യോജിക്കാത്ത ദുഷ്ടമാംസമാണ് മകൻ തിരിച്ചെത്തി അച്ഛനെ ഏൽപ്പിച്ചത്.

പ്രോക്ഷണത്തിനായി കൊണ്ടുവന്ന മാംസം ശുദ്ധമല്ല എന്ന് വസിഷ്ഠൻ മനസ്സിലാക്കി. ഭക്ഷിച്ചതിന്റെ ബാക്കി എച്ചിലായതൊന്നും ശ്രാദ്ധ പ്രോക്ഷണ യോഗ്യമല്ലല്ലോ. മുനി രാജാവിനെ വിവരമറിയിച്ചു. ക്രുദ്ധനായ രാജാവ് മകനെവീട്ടിൽ നിന്നും ആട്ടി പുറത്താക്കി. 'ശശ'ത്തെ (മുയൽ) ഭക്ഷിച്ചു ബാക്കി വന്ന മാംസം ശ്രാദ്ധത്തിനു നൽകിയ അയാൾ ശശാദൻ എന്നറിയപ്പെട്ടു.

അച്ഛന്റെ കോപത്തിൽ പതറാതെ അദ്ദേഹം ധർമ്മിഷ്ഠനായി വനത്തിൽ കഴിഞ്ഞു. പിതാവിന്റെ കാലശേഷം അദ്ദേഹം നാട്ടിൽ തിരിച്ചെത്തി രാജപദവി ഏറ്റെടുത്തു. അയോദ്ധ്യാധിപനായി അദ്ദേഹം യജ്ഞങ്ങൾ നടത്തി പേരെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ കകുത് സ്ഥൻ. ഇന്ദ്രവാഹൻ, പുരം ജയൻ എന്ന പേരുകളിലും അദ്ദേഹം അറിയപ്പെട്ടു.

അവന് ഇത്തരം അപൂർവ്വനാമങ്ങൾ എങ്ങിനെ കിട്ടിയെന്ന് ജനമേജയൻ ചോദിച്ചപ്പോള്‍ വ്യാസൻ തുടർന്നു: ‘കകുത്സ്ഥൻ നാടുനീങ്ങിയപ്പോൾ മകൻ രാജാവായി. അക്കാലത്ത് അസുരൻമാർ ദേവൻമാരെ യുദ്ധത്തിൽ കീഴടക്കിയിരുന്നു. ദേവൻമാർ മഹാവിഷ്ണുവിനെക്കണ്ട് സങ്കടം പറഞ്ഞു. ഭഗവാൻ അവരോട് കകുത്സ്ഥനെ ചെന്ന് കാണാൻ ഉപദേശിച്ചു. 'ആ രാജാവ് നിങ്ങൾക്കു വേണ്ടി ദൈത്യരെ കീഴടക്കും. പരാശക്തി അദ്ദേഹത്തിന് അതിനുള്ള ശക്തി നൽകിയിട്ടുണ്ട്.'

വിണ്ണവർ ഇന്ദ്രന്റെ നേതൃത്വത്തിൽ രാജാവിനെ ചെന്നു കണ്ടു. അദ്ദേഹം ദേവൻമാരെ വേണ്ട രീതിയിൽ ഉപചരിച്ചു. ദേവൻമാർ ആഗമനോദ്ദേശം അറിയിച്ചു.

രാജാവ് പറഞ്ഞു. ‘ഞാൻ ധന്യനും പവിത്രനുമായി. നിങ്ങൾ എന്നെക്കാണാൻ ഇവിടെ വന്നുവല്ലോ. മനുഷ്യർക്ക് അസാദ്ധ്യമായ കാര്യമാണെങ്കിലും ഞാൻ നിങ്ങൾക്കായി ചെയ്യുന്നതാണ്.
"അങ്ങ് ഞങ്ങളെ സംഗരത്തിൽ സഹായിക്കണം. പരാശക്തിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള അങ്ങേയ്ക്ക് ക്ഷിപ്രസാദ്ധ്യമാണിക്കാര്യം. സാക്ഷാൽ ഹരിയാണ് ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്." ദേവന്മാര്‍ പറഞ്ഞു.

രാജാവ് പറഞ്ഞു: ‘ഇന്ദ്രൻ എന്റെ വാഹനമാവുമെങ്കിൽ ഞാനിതാ പുറപ്പെടുകയായി. ദൈത്യരെ തോൽപ്പിക്കുന്ന കാര്യം എനിക്ക് വിട്ടുതരിക'

ദേവൻമാർ ഇന്ദ്രനെ പ്രോത്സാഹിപ്പിച്ചുവെങ്കിലും മനുഷ്യനായ ഒരു രാജാവിന്റെ വാഹനമാകുന്നതിൽ ഇന്ദ്രന് ലജ്ജ തോന്നി. ഒടുവിൽ ഭഗവാൻ ഹരിയുടെ പ്രേരണയോടെ ഇന്ദ്രൻ ഒരു വൃഷഭമായി രാജാവിന് വാഹനമായിത്തീർന്നു. വൃഷഭത്തിന്റെ കകുത്തിൽ  (കാളയുടെ പൂഞ്ഞ) കയറിയ രാജാവ് കകുത്സ്ഥൻ എന്നറിയപ്പെട്ടു. ഇന്ദ്രനെ വാഹനമാക്കിയതിനാൽ ഇന്ദ്ര വാഹനൻ എന്ന പേരും രാജാവിന് കിട്ടി. ദൈത്യരുടെ പുരം ജയിച്ചതിനാൽ പുരംജയൻ എന്ന പേരും അദ്ദേഹത്തിനു ലഭിച്ചു.

ദേവൻമാർക്കു വേണ്ടി അസുരൻമാരെ തോൽപ്പിച്ച് അദ്ദേഹം ഇന്ദ്രന്റെ സുഹൃത്തായി. ഈ രാജാവിന്റെ പരമ്പരയാണ് കാകുത്സ്ഥർ എന്നറിയപ്പെടുന്നത്.

കകുത്സ്ഥന് പൃഥു എന്നൊരു പുത്രനുണ്ടായി. വിശ്രുതനായ പൃഥു പരാശക്തി ഉപാസകനായിരുന്നു. വിഷ്ണുവിന്റെ അംശമായിരുന്ന അദ്ദേഹത്തിന് വിശ്വരന്ധി എന്ന പേരിൽ ഒരു സത്പുത്രൻ ജനിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ചന്ദ്രൻ. ചന്ദ്രവംശം സുപ്രസിദ്ധമായത് ഇദ്ദേഹത്തിന്റെ പേരിലാണ്. ചന്ദ്രന്റെ പുത്രൻ യുവനാശ്വനും പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശാവന്തി. ശാവന്തി നിർമ്മിച്ച ശാവന്തിയെന്ന നഗരം ഇന്ദ്രപുരിക്ക് സമമായിരുന്നുവത്രേ. ശാവന്തിയുടെ പുത്രൻ ബൃഹദശ്വൻ. അദ്ദേഹത്തിന്റെ മകൻ കുവലയാശ്വൻ. ധുംധു എന്ന് പേരായ അസുരനെ വധിച്ചതുകൊണ്ടു് ധുന്ധുമാരൻ എന്ന പേരിലും അദ്ദേഹം പ്രസിദ്ധനായി. ഇദ്ദേഹത്തിന്റെ പുത്രൻ ദൃഢാശ്വൻ. ദൃഢാശ്വന്റെ പുത്രൻ ഹരൃശ്വൻ. അദ്ദേഹത്തിന്റെ മകൻ നികുംഭൻ. ബഹർണാശ്വൻ നികുംഭന്റെ മകനാണ്. ബഹർണാശ്വന്റെ മകൻ കൃശാശ്വൻ. അദ്ദേഹത്തിന്റെ പുത്രൻ യൗവനാശ്വൻ. മാന്ധാതാവ് ഇദ്ദേഹത്തിന്റെ മകനാണ്. ആയിരത്തിയെട്ട് ക്ഷേത്രങ്ങൾ നിർമ്മിച്ച് അദ്ദേഹം വിശ്വപ്രസിദ്ധനായി.

മാന്ധാതാവ് മാതൃഗർഭത്തിലല്ല ഉണ്ടായത്. മറിച്ച് പിതാവിന്റെ ഉദരത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവിന്റെ വയർ പിളർന്ന് മാന്ധാതാവ് പുറത്തുവന്നുവത്രേ.

ജനമേജയൻ പറഞ്ഞു. 'ഇത്തരത്തിലുള്ള ഒരു ജനനത്തെപ്പറ്റി കേട്ടിട്ടു കൂടിയില്ല. അതിനെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട് ദയവായി അതൊന്നു വിസ്തരിച്ചു പറഞ്ഞാലും.’

വ്യാസൻ തുടർന്നു. യവനാശ്വന് നൂറ് ഭാര്യമാർ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന് പുത്ര ഭാഗ്യം ഉണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം ഒരിക്കൽ വനത്തിൽ സഞ്ചരിക്കവേ മുനിമാരുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. തന്റെ ദുർവിധിയെപ്പറ്റിയോർത്ത് ദീർഘനിശ്വാസം വിട്ട രാജാവിന്റെ അവസ്ഥ മുനിമാർക്ക് മനസ്സിലായി. ‘അങ്ങയെ അലട്ടുന്ന പ്രശ്നം എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാംഎന്നവർ രാജാവിനെ സമാധാനിപ്പിച്ചു.

എനിക്ക് രാജ്യവും സമ്പത്തും ഭാര്യമാരും കുതിരകളുമെല്ലാം ആവശ്യത്തിനുണ്ടു്. നല്ല മന്ത്രിമാർ എന്നെ സേവിക്കാൻ കൂടെയുണ്ട്. എന്റെ ഒരേയൊരു ദു:ഖം സന്താനമില്ലാത്തതാണ്. അപുത്രന് സ്വർഗ്ഗലാഭം ഉണ്ടാവുകയില്ല. വേദശാസ്ത്രപാരംഗതരായ നിങ്ങൾ എന്റെയീ പ്രശ്നം പരിഹരിക്കാൻ ഏതു യാഗമാണ് അനുയോജ്യമായുള്ളത് എന്ന് ഉപദേശിച്ചാലും. മാത്രമല്ല അത് നിങ്ങളായിട്ട് എനിക്ക് നടത്തിത്തരികയും വേണം.’

രാജാവിൽ കൃപ തോന്നിയ മുനിമാർ രാജാവിനെക്കൊണ്ടു് ഇന്ദ്രദേവതായാഗം ചെയ്യിച്ചു. യജ്ഞവേദിയിൽ പുത്രനുണ്ടാകാനുള്ള സങ്കൽപ്പത്തോടെ ഒരു ജലകുംഭം സ്ഥാപിച്ചിരുന്നു. യജ്ഞം നടക്കുമ്പോൾ ഒരു രാത്രി ഉറക്കമുണർന്ന രാജാവ് കലശലായ ദാഹം സഹിയാതെ ഈ ജലമെടുത്ത് കുടിച്ചു. രാജപത്നിമാർക്ക് കുടിക്കാനായി പുത്രാർത്ഥം അഭിമന്ത്രിച്ച ജലമാണ് അതിന്റെ പ്രാധാന്യം അറിയാതെ രാജാവ് ആചമിച്ചത്. അന്യോഷിച്ചു വന്നപ്പോൾ ജലം കുടിച്ചത് രാജാവു തന്നെയെന്നറിഞ്ഞ ബ്രാഹ്മണർ യജ്ഞം അവസാനിപ്പിച്ചു. എല്ലാം  വിധിക്ക് വിട്ടുകൊടുത്ത് അവർ  പിരിഞ്ഞു പോയി.

താമസംവിനാ രാജാവിന് ഗർഭം ഉണ്ടായി. സമയായപ്പോൾ രാജാവിന്റെ ഇടത്തേ കുക്ഷി പിളർന്ന് ഒരു പുത്രൻ ഉണ്ടായി. മന്ത്രിമാർ ആ ശിശുവിനെ ഉപേക്ഷിച്ചു. എന്നാൽ വിധിവിഹിതം പോലെ ആ ശിശു മരിച്ചില്ല. ഈ ശിശു ആരുടെ മുല കടിച്ചു വളരും എന്ന് മന്ത്രിമാർ ആർത്തു വിളിക്കവേ ദേവേന്ദ്രൻ തന്റെ ചൂണ്ടുവിരൽ ശിശുവിന്റെ വായിൽ വച്ചു കൊടുത്തു. "മാം ധാതാ - ഞാൻ പാലു കൊടുക്കും" എന്ന്  ഇന്ദ്രൻ പറഞ്ഞതിനാൽ ശിശുവിന് മാന്ധാതൻ എന്നു പേരു വന്നു. പ്രശസ്തനും പ്രഗൽഭനുമായ ഒരു രാജാവായിരുന്നു മാന്ധാതൻ. മഹാരാജൻ ഇതാണ് അസാധാരണമായ ആ ജനനത്തിന്റെ കഥ.