Devi

Devi

Wednesday, July 27, 2016

ദിവസം 166 ശ്രീമദ്‌ ദേവീഭാഗവതം. 7.8. രേവതീ ചരിതം

ദിവസം 166   ശ്രീമദ്‌ ദേവീഭാഗവതം7.8. രേവതീ ചരിതം

സംശയോfയം മഹാൻ ബ്രഹ്മൻ വർത്തതേ മമ മാനസേ
ബ്രഹ്മലോകഗതോ രാജാ രേവതീ സംയുത: സ്വയം
മയാ പൂർവ്വം ശ്രുതം കൃത്സ്നം ബ്രാഹ്മണേഭ്യ: കഥാന്തരേ
ബ്രാഹ്മണോ ബ്രഹ്മ വിച്ഛാന്തോ ബ്രഹ്മലോകമവാപ്നുയാത്

ജനമേജയൻ ചോദിച്ചു.'ഭഗവൻ, ബ്രഹ്മലോകത്ത് ചെല്ലണമെങ്കിൽ ഒരുവൻ ബ്രഹ്മജ്ഞനും പ്രശാന്തനും ശുദ്ധബ്രാഹ്മണനും ആയിരിക്കണമെന്ന് കേട്ടിരിക്കുന്നു. അപ്പോൾപ്പിന്നെ രേവതനും പുത്രിക്കും അവിടെ എത്താൻ കഴിഞ്ഞതെങ്ങിനെ? സത്യലോകം പ്രാപിക്കുക അതീവ ദുഷ്കരം തന്നെയെന്നാണ് കേട്ടിട്ടുള്ളത്. മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ എത്തുന്നവരെക്കുറിച്ച് ശാസ്ത്രങ്ങൾ പറയുന്നുണ്ട്. എന്നാൽ ഉടലോടെ രാജാവെങ്ങിനെ അവിടെയെത്തിഎന്നിലെ സംശയം തീർക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയൂ.’

വ്യാസൻ പറഞ്ഞു. 'സകല ലോകങ്ങളും നിലകൊള്ളുന്നത് മേരുപർവ്വതത്തിന്റെ ശിഖിരങ്ങളിലത്രേ. ഇന്ദ്രലോകം, യമലോകം, കൈലാസം, വൈകുണ്ഠം മുതലായ ലോകങ്ങളെല്ലാം അവിടെയാണ്. കുന്തിയുടെ മകനായ അർജുനൻ അഞ്ചു കൊല്ലം വില്ലാളിയായി സ്വര്‍ഗ്ഗലോകത്ത് ഇന്ദ്രസന്നിധിയിൽ പാർത്തിട്ടുണ്ട്. മാത്രമല്ലാ കകുത്സ്ഥൻ തുടങ്ങിയ രാജാക്കൻമാരും അങ്ങിനെ ചെയ്തിട്ടുണ്ടു്.

ദൈത്യൻമാർ ഇന്ദ്രനെ തോൽപ്പിച്ച് സ്വർഗ്ഗത്തിൽ വാണ കഥകളും പ്രസിദ്ധമാണല്ലോ. മഹാ ഭിക്ഷൻ എന്ന രാജാവ് ബ്രഹ്മലോകത്ത് പോയപ്പോൾ അതിസുന്ദരിയായ ഗംഗയെ അവിടെ കണ്ടു. അവളുടെ വസ്ത്രം കാറ്റിൽത്തട്ടി നീങ്ങിയപ്പോൾ രാജാവ് ആ സുന്ദരിയുടെ നഗ്നമേനി കാണാൻ ഇടയായി. കാമാതുരനായ രാജാവ് അവളെ നോക്കി പുഞ്ചിരിച്ചു. ഗംഗയും രാജാവിനെ നോക്കി വശ്യമായി മന്ദഹസിച്ചു. സമയമറിയാതെയുള്ള അനൗചിത്യമായ  പ്രണയചേഷ്ടകള്‍ കണ്ട ബ്രഹ്മാവ് രണ്ടു പേരെയും ശപിച്ചു ഭൂമിയിലേക്ക് പറഞ്ഞയച്ചു.

അസുരൻമാർ തങ്ങളെ പീഡിപ്പിക്കുന്ന അവസരങ്ങളിൽ എല്ലാം ദേവൻമാർ വൈകുണ്ഠത്തിൽ ചെന്ന് പരാതി പറയുന്നതിന്റെ കഥകളും അങ്ങ് കേട്ടിട്ടുണ്ടല്ലോ. സംശയം വേണ്ട. ആ ലോകങ്ങളിൽ പുണ്യം ചെയ്ത മനുഷ്യർക്കും താപസർക്കും ചെന്നത്താം. യാഗകർമ്മങ്ങൾ വിധിയാംവണ്ണം ചെയ്തു വിശുദ്ധിയാർജ്ജിച്ചവർക്കും സ്വർഗ്ഗലോകങ്ങൾ അഭിഗമ്യമാണ്. ആർജിതപുണ്യങ്ങളാണ് മനുഷ്യനെ ഇതിനു പര്യാപ്തനാക്കുന്നത്.'

ജനമേജയൻ ചോദിച്ചു: ‘പിന്നീട് രാജാവും രേവതിയും സത്യലോകത്ത് എന്താണ് ചെയ്തത്?

വ്യാസൻ തുടർന്നു. ‘ബ്രഹ്മലോകത്ത് ഗന്ധർവ്വൻമാരുടെ സംഗീതസദിര് നടക്കുമ്പോഴാണല്ലോ അവരവിടെ ചെന്നത്. മകൾക്ക് വരനെ തേടിപ്പോയ രാജാവ് സംഗീതത്തിൽ ഒരൽപ്പനേരം ലയിച്ചു നിന്നു. ഗാനം അവസാനിച്ചപ്പോൾ രാജാവ് മകളെ പിതാമഹന് കാട്ടിക്കൊടുത്തു.

'ദേവേശാ, എന്റെ മകളെ ഞാനാർക്കാണ് പാണിഗ്രഹണം ചെയ്ത് നൽകേണ്ടത്? അത് ചോദിക്കാനാണ് ഞാനിവിടെ വന്നത്. കുലമഹിമയുള്ള കുറെയേറെ രാജാക്കൻമാരെപ്പറ്റി ഞാനാലോചിച്ചു എന്നാൽ അവരൊന്നും ഇവൾക്ക് യോജിച്ചതായി തോന്നിയില്ല. കുലീനനും ധർമ്മിഷ്ഠനും ലക്ഷണമൊത്തവനും ബലവാനും ദാനശീലനും യോഗ്യനുമായ ഒരു വരനെ അങ്ങു തന്നെ നിർദ്ദേശിച്ചാലും.'

അപ്പോൾ ബ്രഹ്മാവ് ചിരിച്ചുകൊണ്ടു് പറഞ്ഞു. 'രാജാവേ, കാലം മാറിയത് അറിഞ്ഞില്ല അല്ലേ? അങ്ങ് കണ്ടു വെച്ച രാജകുമാരൻമാർ മാത്രമല്ല അവരുടെ പൗത്രൻമാരും ബന്ധുക്കളും മരിച്ചു മണ്ണടിഞ്ഞിരിക്കുന്നു. അങ്ങയുടെ വംശത്തിന്റെ സ്ഥിതിയും  അങ്ങിനെതന്നെയാണ്. അങ്ങയുടെ രാജ്യമിപ്പോൾ അസുരൻമാർ കീഴടക്കിയിരിക്കുകയാണ്.  സോമവംശത്തിലെ ഒരു രാജാവാണ് ഇപ്പോള്‍ അവിടം ഭരിക്കുന്നത്. മഥുര ഭരിക്കുന്നത് ഉഗ്രസേനൻ. ഈ ഉഗ്രസേനന്റെ മകൻ കംസൻ  മഹാബലവാൻ ആണെങ്കിലും ഒരു വിവരദേഷിയാണ്. സ്വന്തം പിതാവിനെ അയാള്‍ തുറുങ്കിൽ അടച്ചിരിക്കുന്നു. ഒരു ദുഷ്ടക്കൂട്ടമാണ് കംസനെ ഭരണത്തിൽ സഹായിക്കുന്നത്. ഇവരുടെ ഭാരം സഹിക്കാതെ ഭൂമീദേവി എന്നെക്കണ്ട് സങ്കടം പറഞ്ഞിരിക്കുന്നു. സാക്ഷാൽ നാരായണന് അംശാവതാരത്തിനുള്ള സമയം ആയിരിക്കുന്നു. ഇത് ഇരുപത്തിയേഴാമത് ദ്വാപരയുഗമാണ്.

ഗംഗാതടത്തിൽ നരനുമൊത്ത് മഹാതപം ചെയ്യുന്ന നാരായണനെ ദേവൻമാരും ഞാനും കൂടി ചെന്ന് കാണുകയുണ്ടായി. നാരായണമുനി പുണ്യവതിയായ ദേവകിയിൽ വാസുദേവപുത്രനായ കൃഷ്ണനായി അവതരിച്ചു. ഈ കൃഷ്ണനാണ് പാപിയായ കംസനെ വകവരുത്തിയത്. കംസൻ മരിച്ചപ്പോൾ രാജ്യം ഉഗ്രസേനനെ ഏൽപ്പിച്ച് കൃഷ്ണൻ എല്ലാവർക്കും മാതൃകയായി. കംസന്റെ ശ്വശുരൻ ജരാസന്ധൻ പകരം ചോദിക്കാൻ വന്നപ്പോൾ അവനെയും കൃഷ്ണൻ പരാജയപ്പെടുത്തി. പിന്നീട് വന്നത് മ്ലേച്ഛ യവനനാണ്. അപ്പോൾ യവനനെ ഭയന്നിട്ടെന്നപോലെ കൃഷ്ണൻ മഥുര വിട്ട് ദ്വാരകയെന്ന ദ്വീപിലേക്ക് താമസം മാറ്റി.  ദ്വാരകയിലെ ജീർണ്ണിച്ച പട്ടണത്തെ അദ്ദേഹം മഹാനഗരമാക്കി പുതുക്കിപ്പണിതു. കോട്ടകളും കൊട്ടാരങ്ങളും അങ്ങാടികളും നിറഞ്ഞ നഗരിയെ തലസ്ഥാനമാക്കി ഉഗ്രസേനനെ അവിടെ വാഴിച്ചു. യദുക്കളായ ബന്ധുക്കളെ കൃഷ്ണൻ ദ്വാരകയിൽ താമസിപ്പിച്ചു. അവിടെയാണ് കൃഷ്ണൻ വസിക്കുന്നത്.
 
കൃഷ്ണന്റെ ജ്യേഷ്ഠൻ ബലരാമൻ എന്ന വീരൻ നിന്റെ മകൾക്ക് ചേർന്ന വരനായിരിക്കും. ഈ കമലലോചനയെ അങ്ങ് ഹലായുധപാണിയായ ബലരാമന് നല്കുക. എന്നിട്ട് പരമ പവിത്രമായ ബദരികാശ്രമത്തിലേക്ക് തപസ്സിനായി പുറപ്പെട്ടാലും.

വ്യാസൻ തുടർന്നു. ബ്രഹ്മദേവന്റെ അനുജ്ഞ പ്രകാരം രാജാവ് രേവതിയെക്കൂട്ടി ദ്വാരകയിലെത്തി. ബലരാമന് മകളെ നൽകി അദ്ദേഹം തപസ്സിനായി പുറപ്പെട്ടു. ബദരിയിൽ തപസ്സിലിരിക്കേ അദ്ദേഹം ശരീരമുപേക്ഷിച്ചു.

രാജാവ് ചോദിച്ചു. രേവത രാജൻ ബ്രഹ്മലോകത്ത് ഏകദേശം നൂറ്റിയെട്ട് യുഗങ്ങൾ കഴിഞ്ഞുവല്ലോ. അപ്പോഴേക്ക് ആ കന്യക ഒരു പടുവൃദ്ധയായിക്കഴിഞ്ഞു കാണുമല്ല? രാജാവും  മകളും ഇത്രയധികം ദീർഘായുസ്സോടെ എങ്ങിനെ നിലനിന്നു?

വ്യാസൻ പറഞ്ഞു. ‘ബ്രഹ്മലോകത്ത് ജരാനരകളോ വിശപ്പോ ദാഹമോ മരണമോ ഭയമോ ക്ഷീണമോ ഇല്ല എന്നറിഞ്ഞാലും. കാലമവിടെ നിശ്ചലമാണ്. നാമറിയുന്ന മാറ്റങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല.
 
ഇനി ശര്യാതിയുടെ കുലത്തിന് എന്തു പറ്റിയെന്നു നോക്കാം. ശര്യാതിരാജാവ്  സ്വർഗ്ഗം പൂകിയപ്പോൾ രാക്ഷസൻമാർ അദ്ദേഹത്തിന്റെ മക്കളെ ആക്രമിച്ചു. അവർ കുശസ്ഥലി ഉപേക്ഷിച്ചു പോയി. പിന്നീടു് സൂര്യവംശം അന്യം നിന്നു പോവും എന്ന സ്ഥിതിയായി. അപ്പോൾ വൈവസ്വതമനുവിന്റെ തുമ്മലിൽ നിന്നും ഇക്ഷ്വാകു എന്നൊരു വീരപുത്രൻ ജനിച്ചു. സൂര്യവംശം നില നിർത്തിയത് ഇക്ഷ്വാകുവാണ്. ക്ഷുതത്തിൽ (തുമ്മൽ) നിന്നുണ്ടായതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് സിദ്ധിച്ചത്.

ഇക്ഷ്വാകു രാജാവ് വംശവർദ്ധനാർത്ഥം നാരദന്റെ ഉപദേശം സ്വീകരിച്ച് ജഗദംബയെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ചു. അങ്ങിനെ അദ്ദേഹത്തിന് ബലിഷ്ഠരും പേരുകേട്ടവരുമായ നൂറ് പുത്രൻമാർ ഉണ്ടായി. അവരിൽ ആദ്യ സന്താനം വികുക്ഷിയായിരുന്നു.  ഇക്ഷ്വാകു സ്വയം അയോദ്ധ്യ ഭരിച്ചു. ശകുനിയടക്കം അൻപത് മക്കളെ  ഉത്തരാപഥത്തിലും നാൽപ്പത്തിയെട്ടു പുത്രന്മാരെ ദക്ഷിണാപഥത്തിലും അദ്ദേഹം വാഴിച്ചു. ബാക്കിയുള്ള രണ്ടു പേർ രാജാവിനെ സേവിക്കാൻ കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞുവന്നു.

Sunday, July 24, 2016

ദിവസം 165. ശ്രീമദ്‌ ദേവീഭാഗവതം.7.7. ച്യവന തപോബലം

ദിവസം 165. ശ്രീമദ്‌ ദേവീഭാഗവതം.7.7. ച്യവന തപോബലം

ദത്തേ ഗ്രഹേ തു രാജേന്ദ്ര വാസവ:  കുപിതോ ഭൃശം
പ്രോവാച ച്യവനം തത്ര ദർശയൻ ബലമാത്മന:
മാ ബ്രഹ്മബന്ധോ മര്യാദാമിമം ത്വം കർത്തുമർഹസി
വധിഷ്യാമി  ദ്വിഷം തം ത്വാം വിശ്വരൂപമിവാപരം

വ്യാസൻ തുടര്‍ന്നു: ച്യവനമഹർഷി അശ്വിനീ ദേവൻമാർക്ക് സോമപാത്രം നൽകിയപ്പോൾ ഇന്ദ്രന് കോപം വന്നു.  ക്രുദ്ധനായി ശക്രൻ മുനിയോടു് പറഞ്ഞു: 'നീതികേട് കാണിക്കുന്ന നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട്. ബ്രാഹ്മണാധമ, പണ്ടു് വിശ്വരൂപനെ വധിച്ചതു പോലെ നിന്നെയും ഞാൻ കാലപുരിക്കയക്കും.’

അപ്പോൾ ച്യവന മഹർഷി പറഞ്ഞു: ‘അരുത് ദേവേന്ദ്രാ. ഈ അശ്വിനികളാണ് എന്നെ ദേവതുല്യനാക്കി മാറ്റിയത്. അവരെ അപമാനിക്കരുത്. നിന്നെക്കൂടാതെ മറ്റ് ദേവൻമാരും സോമപാനികൾ അല്ലെ? ഇവരും ദേവസമൂഹത്തിൽ ഉള്ളവരാണെന്ന് മറക്കരുത്.’

'അതൊന്നും പറയണ്ട. ഈ വൈദ്യൻമാർക്ക് സോമം നൽകിയാൽ അങ്ങയെ വധിക്കാൻ തന്നെയാണ് എന്റെ തീരുമാനം.' ഇന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു.

ഏതായാലും മഹർഷി ദേവഭിഷഗ്വരൻമാർക്ക് സോമരസം നൽകി. ദേവൻമാർ സോമപാനത്തിനായി പാത്രമെടുക്കാൻ തുടങ്ങവേ ഇന്ദ്രൻ മുനിയുടെ നേര്‍ക്ക് അലറി. 'അങ്ങ് സ്വന്തം കാര്യം നേടാൻ ഇവരെക്കൊണ്ട് സോമപാനം ചെയ്യിപ്പിച്ചാൽ വജ്രായുധം കൊണ്ടു് കഴുത്തറുക്കും ഞാൻ. വിശ്വരൂപന് അങ്ങിനെയാണ് അന്ത്യമുണ്ടായത്.'

ഇന്ദ്രന്റെ വാക്കുകൾ വകവയ്ക്കാതെ ച്യവനൻ സോമപാത്രമെടുത്ത് ഉപചാരപൂർവ്വം വൈദ്യൻമാർക്ക് നൽകി. ദേവേന്ദ്രൻ കോടി സൂര്യപ്രഭ മിന്നുന്ന വജ്രായുധം ച്യവനന് നേരേ പ്രയോഗിച്ചു. എന്നാൽ മഹർഷിയുടെ തപോബലം ആയുധത്തെ നിശ്ചലമാക്കി നിർത്തി.
പെട്ടെന്ന് ഇന്ദ്രനെ നശിപ്പിക്കാൻ ഒരു കൃത്യയെ  സൃഷ്ടിക്കണമെന്ന സങ്കല്പ്പത്തോടെ  മഹർഷി യജ്ഞഹവിസ്സ് യാഗാഗ്നിയിൽ നിക്ഷേപിച്ചു. ആ ഹവിസ്സ് മഹാകായനും അതിശക്തിമാനുമായ ഒരു ഭീകരസത്വമായി അഗ്നിയിൽ നിന്നും പുറത്ത് വന്നു. മദൻ എന്നാണവന്റെ പേര്. പർവ്വതതുല്യമായ ദേഹം. സകലജീവികൾക്കും അവനെ ഭയമായിരുന്നു. നൂറു യോജന നീളമുള്ള നാലു ദംഷ്ട്രങ്ങൾ! പത്തുയോജന നീളമുള്ള പല്ലുകൾ! പുലിനഖങ്ങൾ! തടിച്ചുരുണ്ട  കൈയ്യുകൾ. ആകാശം മുട്ടെ ഉയരം. മഷി നിറത്തിൽ ദേഹം. ഭയം ജനിപ്പിക്കുന്ന ജടാ ഭാരം. ചുവന്നു കലങ്ങിയ കണ്ണുകൾ. ഭയാനകമായ മുഖം. അവനെ കണ്ടപാടെ ദേവൻമാർ ഓടിയൊളിക്കാൻ തുടങ്ങി. അവനെക്കണ്ടു പേടിച്ചു വിറച്ച ശക്രൻ യുദ്ധം ചെയ്യാൻ കൂടി മറന്നുപോയി. ഇപ്പോള്‍ ഇതാ മദന്റെ വായിലാണ് വജ്രായുധം ഇരിക്കുന്നത്. അവൻ ഇന്ദ്രനെ വിഴുങ്ങാനായി അടുത്തപ്പോൾ ദേവൻമാർ പേടിച്ച് ആർത്തുവിളിച്ചു.

ദേവേന്ദ്രന് തന്‍റെ അടുത്തിരിക്കുന്ന ആയുധം എടുക്കാനുള്ള ത്രാണി പോലും പേടി കൊണ്ട്‌ ഇല്ലാതായി. അദ്ദേഹം ദേവഗുരുവിനെ മനസാ സ്മരിച്ചു.

മനക്കണ്ണിൽ ഇന്ദ്രന്റെ അവസ്ഥ കണ്ടറിഞ്ഞ ബ്രഹസ്പതി വേഗംതന്നെ യജ്ഞശാലയിൽ എത്തി.   'ദേവേന്ദ്രാ, ഇവനിൽ മന്ത്രമോ വജ്രായുധമോ ഏൽക്കുകയില്ല. ഋഷിയായ ച്യവനൻ അഗ്നിയിൽ നിന്നും  മനസാ സൃഷ്ടിച്ച ഇവൻ അജയ്യനാണ്. നമുക്കൊന്നും അവനെ ജയിക്കാൻ കഴിയില്ല. നീയാ ച്യവനനെത്തന്നെ ആശ്രയിക്കുക. അതേ വഴിയുള്ളു. അദ്ദേഹം മദനെ തടുത്ത് നമ്മെ രക്ഷിക്കും. മുനി, പരാശക്തിയായ അമ്മയെ ആരാധിക്കുന്നവനാണ്. അങ്ങിനെയുള്ള സാധകനെ തടുക്കാൻ ആർക്കും ആവില്ല തന്നെ.’

വ്യാസൻ തുടർന്നു. ഗുരുവിന്റെ നിർദ്ദേശപ്രകാരം ഇന്ദ്രൻ മുനിയെ ചെന്ന് നമസ്കരിച്ചു. 'എന്റെ ധാർഷ്ട്യം പൊറുത്ത് ക്ഷമിച്ചാലും. അങ്ങുണ്ടാക്കിയ ഈ ഭീകരനെ ഒതുക്കി നിർത്തി ഞങ്ങളെ രക്ഷിച്ചാലും. അങ്ങയുടെ വാക്കുകൾ ഞാൻ അക്ഷരംപ്രതി അനുസരിച്ചു കൊള്ളാം. അങ്ങയുടെ തീരുമാനം പോലെ അശ്വിനികൾ ഇന്നു മുതൽ സോമം കുടിച്ചുകൊള്ളട്ടെ. അങ്ങയുടെ യജ്ഞം സഫലമായി. ശര്യാതി മഹാരാജാവും കൃതകൃത്യനായി ഭവിക്കട്ടെ. അങ്ങയുടെ മഹത്വം നാലാൾ അറിയുന്നതിനായി ഞാൻ ചെയ്ത ഒരു കുസൃതിയായി മാത്രം ഇതിനെ കണ്ടാൽ മതി. മദനെ അടക്കിനിര്‍ത്തി ദേവൻമാർക്ക് ശുഭമണച്ചാലും.’

മുനി  ഇന്ദ്രന്റെ അഭ്യർത്ഥനയെ മാനിച്ച് മദന്റെ ഗർവ്വടക്കി. അവന്റെ വീരസ്യത്തെ മുഴുവൻ സത്രീയിലും മദ്യപാനത്തിലും ചൂതിലും നായാട്ടിലും വീതിച്ചു വച്ചു.

ദേവൻമാർ സോമപാനം നടത്തി തുഷ്ടരായി. സൂര്യപുത്രൻമാരായ അശ്വിനീദേവൻമാർക്ക് യജ്ഞവീതമായി അന്നു മുതൽ സോമം ലഭ്യമായി. യജ്ഞസ്ഥലവും മുനിയുടെ ആശ്രമവും രാജാവും എല്ലാം ഇതോടെ അതിപ്രശസ്തമായിത്തീര്‍ന്നു.

ശര്യാതിയുടെ പുത്രൻ ആനർത്തൻ. അദ്ദേഹത്തിന്റെ മകൻ രേവതൻ. സമുദ്രത്തിൽ കുശസ്ഥലി എന്ന പട്ടണം നിർമ്മിച്ചത് ഈ രാജാവാണ്. അവിടെ താമസിച്ച് രാജ്യഭരണം നടത്തിയ രേവതന് നൂറു പുത്രൻമാർ ഉണ്ടായി. അതിൽ മൂത്തയാൾ കുകുദ്മി.

രേവതന്റെ മകൾ സുന്ദരിയായ രേവതിക്ക് വിവാഹപ്രായമായപ്പോൾ 'ഇവളെ വരിക്കാൻ യോഗ്യനായി ആരുണ്ടു്?’, എന്നദ്ദേഹം ആലോചിച്ചു. 'ബ്രഹ്മാവിനോട് തന്നെ ചോദിക്കാം' എന്നു തീരുമാനിച്ച് രാജാവ് കുമാരിയെയും കൂട്ടിക്കൊണ്ടു് സത്യലോകത്ത് ബ്രഹ്മസവിധത്തിലെത്തി. ബ്രഹ്മലോകത്ത് ദിവ്യശരീരികളായ ദേവൻമാരും മാമുനിമാരും പർവ്വതങ്ങളും ഛന്ദസ്സുകളും നദികളും എല്ലാം അതിദിവ്യമായ ഒരു ഭാവഗരിമയിലായിരുന്നു.  സിദ്ധ-ചാരണ-ഗന്ധർവ്വ-ഋഷി വൃന്ദങ്ങൾ കൈകൂപ്പി ആലപിക്കുന്ന സ്തുതികളാൽ ബ്രഹ്മലോകം അപ്പോള്‍ മന്ത്രമുഖരിതമായിരുന്നു.

Thursday, July 21, 2016

ദിവസം 164. ശ്രീമദ്‌ ദേവീഭാഗവതം. 7. 6. സോമദാനം

ദിവസം 164. ശ്രീമദ്‌ ദേവീഭാഗവതം7. 6. സോമദാനം

ച്യവനേന കഥം വൈദ്യൗ തൗ കൃതൗ സോമപായിനൗ
വചനം ച കഥം സത്യം ജാതം തസ്യ മഹാത്മന:
മാനുഷ സ്യ ബലം കീദൃഗ് ദേവരാജബലം പ്രതി
നിഷിദ്ധൗ ഭിഷജൗ തേന കൃതൗ തൗ സോമപായിനൗ

ജനമേജയൻ ചോദിച്ചു: 'ദേവ ഭിഷഗ്വരമാരായ അശ്വനി ദേവൻമാർക്ക് എങ്ങിനെയാണ് ച്യവനമഹർഷി സുരപാനത്തിന് അവസരമുണ്ടാക്കിയത്? അങ്ങിനെ സാധിച്ചു എങ്കിൽ ശക്തനായ ദേവേന്ദ്രനെ മനുഷ്യന്റെ ശക്തി കീഴടക്കി എന്നല്ലേ വരിക? അശ്വിനീദേവൻമാർക്ക് സോമപാനം സിദ്ധിച്ചതിന്റെ കഥയറിയാൻ ഞങ്ങൾക്ക് ഏറെ താൽപര്യമുണ്ട്.'

വ്യാസൻ പറഞ്ഞു. 'രാജാവായ ശര്യാതി നടത്തിയ മഹായജ്ഞത്തിലാണ് മഹർഷി അത്ഭുതാവഹമായ ഇക്കാര്യം ചെയ്തത്. സുകന്യയുമൊത്ത് മഹർഷി സസുഖം വാണു എന്നു പറഞ്ഞല്ലോ. ദേവേന്ദ്രനും ഇന്ദ്രാണിയും എന്ന പോലെ അവർ യൗവനകാലം ക്രീഡിച്ചുല്ലസിച്ചു കഴിഞ്ഞു.

ഒരു ദിവസം ശര്യാതിയുടെ രാജ്ഞി കണ്ണീരോടെ തന്റെ നാഥനോട് പറഞ്ഞു: 'രാജാവേ നമ്മുടെ മകളെ അന്ധനായ മുനിക്ക് നൽകി നമ്മൾ മടങ്ങിയിട്ട് നാളേറെയായി.  അവൾക്ക് സുഖമാണോ എന്നറിയാതെ എനിക്ക് സമാധാനമില്ല. അവൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. അങ്ങ് ഒന്നു പോയി വിവരം അറിഞ്ഞു വരണം. തപസ്സു ചെയ്ത് ക്ഷീണിച്ച മകളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും വേണം. കണ്ണു കാണാത്ത മുനിയെ ശുശ്രൂഷിച്ച് വലഞ്ഞ്   എല്ലും തോലുമായി വല്ലാതെ ചടച്ചു തളർന്ന അവളെ എന്റെ മനക്കണ്ണിൽ എനിക്ക് തെളിഞ്ഞു കാണാം.’

താൻ ഉടനെ പുറപ്പെടാമെന്ന് ശര്യാതി സമ്മതിച്ചു. രാജാവ് പരിവാര സമേതം ആശ്രമം നിലകൊളളുന്ന വനത്തിലേക്ക് പുറപ്പെട്ടു. ആശ്രമത്തിലെത്തിയ രാജാവ് അത്ഭുതപ്പെട്ടു. വൃദ്ധനായ മുനിക്ക് പകരം യുവകോമളനായ ഒരു മഹർഷിയാണവിടെ താമസിക്കുന്നത്. ‘എന്റെ മകൾ നിഷിദ്ധമായ എന്തെങ്കിലും ചെയ്തു പോയോ ' എന്നദ്ദേഹം കുണ്ഠിതപ്പെട്ടു. മഹാദരിദ്രനും അന്ധനും വൃദ്ധനുമായ ഭർത്താവിനെ കൊന്ന് ഒരു യുവാവിനെ അവൾ വരിച്ചു കാണുമോ എന്നദ്ദേഹം ഭയപ്പെട്ടു. 

‘യൗവനത്തിൽ മലരമ്പൻ മനുഷ്യനെ അരുതാത്തത് ചെയ്യിപ്പിക്കും അത്ര പ്രബലമാണ് കാമം. എന്റെ വംശത്തിനിവൾ തീരാക്കളങ്കം വരുത്തിയല്ലോ. മനുഷ്യർക്ക് ദുഖാനുഭവം നൽകാനായാണ് പുത്രിമാർ ഉണ്ടാവുന്നത്. കുപുത്രിയുമായുളള ജീവിതം വ്യർത്ഥം. എന്റെ ഭാഗത്തും തെറ്റുണ്ടു്. ഞാനവളെ മുനിക്ക് നൽകിയത് പൂർണ്ണമനസോടെയല്ല. യോഗ്യനായ ഒരുവനെ കണ്ടെത്തി വേണ്ടിയിരുന്നു അവളുടെ വേളി നടത്താൻ. എങ്കിലും ഇങ്ങിനെ  കാമവശഗദയായ പുത്രിയെ കൊന്നുകളയേണ്ടതാണ്. എന്നാൽ നിന്ദ്യമായ സ്ത്രീ ഹത്യാ പാപം എന്നിൽ പതിക്കുമല്ലോ. ഞാൻ എന്താണാനി ചെയ്യുക? മനുവംശത്തിനു തന്നെ മാനക്കേടുണ്ടാക്കിയ അച്ഛനും മകളും എന്ന ദുഷ്പേര് ബാക്കിയാവും. സ്നേഹബന്ധം എത്ര പ്രബലമായാണ് മനുഷ്യനെ വരിഞ്ഞുമുറുക്കുന്നത്!'

രാജാവിങ്ങിനെ ചിന്തിച്ച് വിഷണ്ണനായി നിൽക്കുമ്പോൾ സുകന്യ അദ്ദേഹത്തെ കണ്ടു.അവൾ പിതാവിന്റെ അടുക്കലേക്ക് ഓടിയണഞ്ഞു. 'യുവാവായ മുനിയെ കണ്ടിട്ടാണോ അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത്? വരൂ അങ്ങ് അദ്ദേഹത്തെ പ്രണമിച്ചാലും. വിഷമിക്കാൻ ഒന്നുമില്ല.'

രാജാവിന് കോപം വന്നു. 'കണ്ണുകാണാത്ത വൃദ്ധതാപസൻ എവിടെ? ഈ യുവാവ് എവിടെ നിന്നു വന്നു? മഹാപാപീ, നീയദ്ദേഹത്തെ കൊന്നു കളഞ്ഞോ? കാമം മുഴുത്ത് നീയൊരു യുവാവിനെ കണ്ടെത്തി അല്ലേ? വേശ്യകൾക്ക് ചേർന്ന പ്രവൃത്തിയാണ് നീ ചെയ്തത്. നീ നമ്മുടെ കുലത്തിന് ദോഷം വരുത്തി. ആചാരം ലംഘിച്ച് തോന്നുന്ന പോലെ ജീവിക്കുന്ന നിന്നെയും ഇയാളെയും കണ്ടിട്ട് എന്നിൽ കോപതാപങ്ങൾ ഉയരുന്നു.' എന്നിങ്ങിനെ പറയുന്ന അച്ഛനെ നോക്കി സുകന്യ പുഞ്ചിരിച്ചു. അച്ഛനെ ബഹുമാനപൂർവ്വം ച്യവന മുനിയുടെ സമീപത്ത് കൊണ്ടുപോയി.

'അച്ഛൻ എന്നെ കൈപിടിച്ച് നൽകിയ മഹർഷി ച്യവനൻ തന്നെയാണിത്. സംശയിക്കേണ്ട. ദേവ വൈദ്യന്മാരായ അശ്വിനീദേവൻമാരാണ് ഇദ്ദേഹത്തെ യുവകോമളനാക്കി എനിക്ക് നൽകിയത്. ആ ദേവൻമാർ യദൃഛയാ ആശ്രമത്തിൽ വന്നപ്പോൾ നൽകിയ സമ്മാനമാണീ മോഹനരൂപം. രൂപം കണ്ടു് മോഹിക്കുന്ന മഹാപാപിയല്ല അങ്ങയുടെ മകൾ. ഭൃഗുപുത്രനായ മഹർഷിയെ വണങ്ങിയാലും കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയുമാവാം.'

രാജാവ് സന്തോഷം മുനിയെ വണങ്ങി. 'മഹാമുനേകാഴ്ച വീണ്ടു കിട്ടിയതിന്റെ കഥയെല്ലാം കേൾക്കാൻ ആഗ്രഹമുണ്ട്. പറഞ്ഞാലും. അങ്ങയുടെ വാർദ്ധക്യവും പോയി മറഞ്ഞല്ലോ.'

മുനി പറഞ്ഞു: 'ദേവവൈദ്യൻമാരാണല്ലോ അശ്വിനീ ദേവകൾ. അവരിവിടെ വരികയുണ്ടായി. അവരുടെ ദയാവായ്പാണ് അങ്ങീ കാണുന്ന മാറ്റം. പ്രത്യുപകാരമായി അവർക്ക് ഞാൻ ഒരു വാക്ക് കൊടുത്തു. യജ്ഞത്തില്‍ സോമപാനം നിഷേധിക്കപ്പെട്ട അവർക്ക് അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാം എന്നു ഞാൻ ഏറ്റിട്ടുണ്ടു്. അങ്ങയുടെ കുലത്തിന് യാതൊരു മാനഹാനിയും വന്നിട്ടില്ല. ധൈര്യമായി ആസനസ്ഥനായാലും.’

പിന്നീടവർ കുശലം പറഞ്ഞു. രാജാവ് ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു. എല്ലാവരും സന്തുഷ്ടരായി. ഓരോരോ കഥകൾ പറഞ്ഞിരിക്കേ ച്യവനമുനി രാജാവിനോട് പറഞ്ഞു. 'മഹാരാജൻ, അങ്ങ് ഒരു യജ്ഞത്തിനുള്ള സംഭാരങ്ങൾ തയ്യാറാക്കുക. ഞാനത് ഭംഗിയായി നടത്തിത്തരാം. ആ യജ്ഞത്തിൽ അശ്വിനീദേവൻ മാർക്ക് സോമം നൽകി എനിക്കെന്റെ വാക്ക് പാലിക്കാനും സാധിക്കും. ഇന്ദ്രന്റെ കോപമൊന്നും ഞാൻ വകവയ്ക്കുന്നില്ല. അങ്ങ് അഗ്നിഷ്ട ഹോമത്തിനായി ഏർപ്പാടുകൾ ചെയ്തു കൊള്ളുക.'

രാജാവിന് സന്തോഷമായി. മഹാമുനിയെ വന്ദിച്ച് രാജാവും രാജ്ഞിയും സസന്തോഷം കൊട്ടാരത്തിലെക്ക് മടങ്ങി. നല്ല മുഹൂർത്തം നോക്കി അദ്ദേഹം വലിയൊരു യജ്ഞപ്രാസാദം പണികഴിപ്പിച്ചു. വസിഷ്ഠൻ മുതലായ മുനിമാരെ വിളിച്ചു വരുത്തി മറ്റു പ്രധാനികളെയും പങ്കെടുപ്പിച്ചുകൊണ്ടു് ച്യവനൻ യജ്ഞം നടത്തി. 

ദേവേന്ദ്രനും കൂട്ടരും സോമപാനത്തിനായി യജ്ഞശാലയിൽ എത്തിയ കൂട്ടത്തിൽ അശ്വിനീ ദേവകളും വന്നു ചേർന്നു. ഇന്ദ്രൻ മറ്റു ദേവൻമാരോട് ചോദിച്ചു.  'എന്താണിവർ ഇവിടെ? വൈദ്യൻമാരായ ഇവർ സോമപാനത്തിന് അർഹരല്ലല്ലോ.

യാഗം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. ഒടുവിൽ മഹർഷി ഈ ദേവഭിഷഗ്വരൻമാർക്കായി സോമമെടുത്തു. അപ്പോള്‍ ഇന്ദ്രൻ അത് തടഞ്ഞു. 'മഹര്ഷേ, ഇവർക്കതിന് അർഹതയില്ല.'

'എന്തു കൊണ്ടാണ് സൂര്യപുത്രൻമാരായ ഇവർ സോമത്തിന് അനർഹരായത്? ഇവർ വേശ്യാപുത്രൻമാരൊന്നുമല്ല. രവിക്ക് ധർമ്മപത്നിയിൽ ജനിച്ചവരാണ് ഈ വൈദ്യ ശിരോമണികൾ. ദേവേന്ദ്രാ, സത്യം പറഞ്ഞാലും. ഈ യാഗവേദിയിൽ വെച്ച് ഇതിനൊരു തീർപ്പുണ്ടാക്കണം. ഇവർക്കായി ഞാൻ സോമം വിളമ്പാൻ തീരുമാനിക്കുന്നു. ശര്യാതിയെക്കൊണ്ട് മഹത്തായ ഈ യജ്ഞം നടത്തിച്ചത് തന്നെ ഈ ഉദ്ദേശത്തിലാണ്. ഞാനവർക്ക് വാക്ക് കൊടുത്തിട്ടുമുണ്ട്. എനിക്കത് പാലിച്ചേ പറ്റൂ.'

ഇന്ദ്രൻ പറഞ്ഞു: ‘ഇവർ, നാസത്യർ എന്ന അശ്വിനീ ദേവൻമാരെ നാം വൈദ്യൻമാരാക്കി നിർത്തിയിരിക്കുകയാണ്. ദേവൻമാരിലെ നികൃഷ്ടൻമാരാണിവർ. അവർക്കൊരിക്കലും സോമപാനത്തിന് അർഹതയില്ല.'

ച്യവനൻ ഇന്ദ്രനോട് കോപം അടക്കാൻ ആവശ്യപ്പെട്ടു. വിവാദം വീണ്ടും തുടർന്നു. ഏതായാലും നാസത്യൻമാർക്ക്  സോമം നൽകാൻ തപോബലത്തിന്‍റെ ഉറപ്പില്‍ ച്യവനൻ തയ്യാറായി.  ഇന്ദ്രനൊഴികെ  മറ്റാരും  മുനിയെ എതിർത്തതുമില്ല.

Tuesday, July 19, 2016

ദിവസം 163 ശ്രീമദ്‌ ദേവീഭാഗവതം. 7. 5. ച്യവനയൗവനപ്രാപ്തി

ദിവസം 163  ശ്രീമദ്‌ ദേവീഭാഗവതം7. 5. ച്യവനയൗവനപ്രാപ്തി

തയോസ്തദ്ഭാഷിതം ശ്രുത്വാ വേപമാനാ നൃപാത്മജാ
ധൈര്യമാലംബ്യ തൗ തത്ര ബഭാഷേ  മിതഭാഷിണി
ദേവൗ വാം രവി പുത്രൗ ച സർവജ്ഞൌ സുരസമ്മതൗ
സതീം മാം ധർമ്മശീലാം ച നൈവം വദിതുമർഹഥ:

വ്യാസൻ തുടർന്നു: അശ്വനീദേവതകൾ ഇങ്ങിനെ പറഞ്ഞപ്പോൾ സുകന്യ ആദ്യമൊന്ന് പതറുകയും പേടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ധൈര്യമവലംബിച്ചുകൊണ്ട് ആ സുന്ദരി പറഞ്ഞു: 'നിങ്ങൾ സർവ്വജ്ഞരും സൂര്യപുത്രമാരും ലോകത്തില്‍ സുസമ്മതരും അല്ലേ? മറ്റൊരാളുടെ ധർമ്മപത്നിയും സതിയുമായ എന്നോട് ഇങ്ങനെ സംസാരിക്കുന്നത് നിങ്ങൾക്ക് ചേർന്ന പ്രവൃത്തിയല്ല. അച്ഛൻ എന്നെ യോഗമാർഗ്ഗിയായ ഒരു താപസന് നൽകിക്കഴിഞ്ഞു. ഇനി മറ്റൊരാളെ വരിക്കുന്നത് ഞാൻ വേശ്യാവൃത്തി ചെയ്യുന്നതിന് തുല്യം. സത്ചരിതകളെ സ്വൈരിണികളാക്കുകയാണോ നിങ്ങളുടെ ജോലിസർവ്വസാക്ഷിയായ ദിവാകരൻ ഇതെല്ലാം അറിയുന്നുണ്ട്. കശ്യപവംശത്തിൽപ്പിറന്ന നിങ്ങൾ ഇങ്ങിനെ തരം താഴാൻ പാടില്ല. പതിപൂജ ചെയ്തു കഴിക്കുന്ന ഞാൻ ശപിച്ചാൽ നിങ്ങൾ കഷ്ടപ്പെടേണ്ടതായി വരും. അതിനു മുൻപ് ഇവിടം വിട്ടു പൊയ്ക്കൊള്ളുക.'
സുകന്യയുടെ ദൃഢനിശ്ചയവും പതിഭക്തിയും കണ്ടു് വിസ്മയിച്ച അശ്വനികൾ മുനിശാപം ഉണ്ടായേക്കുമോ എന്ന ഭയാശങ്കകളോടെ അവളോട് ഇങ്ങിനെ പറഞ്ഞു: 'ഹേ രാജപുത്രീ, നിന്റെ ധർമ്മനിഷ്ഠയിലും പതിഭക്തിയിലും ഞങ്ങൾ അതീവസന്തുഷ്ടരാണ്. നിനക്ക് എന്ത് വരമാണ് വേണ്ടത്? ദേവവൈദ്യന്മാരായ ഞങ്ങൾ നിനക്ക് വേണ്ടി ശ്രേയസ്കരമായ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുന്നു. നിന്റെ പതിയെ ഞങ്ങൾ ഞങ്ങളുടെ രൂപസാദൃശ്യത്തിൽ ഉള്ള ഒരു യുവസുന്ദരനാക്കാം. എന്നിട്ട് ഞങ്ങൾ മൂന്നു പേരിൽ ഒരാളെ നിനക്ക് വരിക്കാം.'
സുകന്യ അശ്വിനീ ദേവൻമാർ പറഞ്ഞ കാര്യം മുനിയെ അറിയിച്ചു. 'സ്വാമിൻ, ദേവ ഭിഷഗ്വരൻമാരായ അശ്വനീ ദേവൻമാർ വനത്തിൽ വെച്ച് എന്നെ കാണുകയുണ്ടായി. എന്നെക്കണ്ട് കാമാർത്തരായ അവർ അങ്ങയെ യൗവ്വനയുക്തനാക്കാം എന്ന് വരം നൽകി. എന്നാൽ അങ്ങും അവരുടെ രൂപഭാവത്തിൽത്തന്നെയായിരിക്കും ഉണ്ടാവുക. അങ്ങിനെ കാണുന്ന മൂന്നു പേരിൽ ഒരാളെ എനിക്ക് വരിക്കാം. ഇത് വിസ്മയകരമായ ഒരു വരം തന്നെ. ഞാൻ എന്താണ് ചെയ്യേണ്ടത്? ഇത് ദേവൻമാരുടെ മായയാണോ? ചതിയാണോ? എന്നൊന്നും എനിക്കറിയില്ല.’
അപ്പോൾ ച്യവനൻ ദേവകളെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ‘അവർ പറഞ്ഞതുപോലെ ചെയ്യാം. മറ്റൊന്നും ഇപ്പോൾ ചിന്തിക്കേണ്ടതില്ല.’
സുകന്യ അശ്വനീ ദേവൻമാരോട് മുനിയുടെ സമ്മതം അറിയിച്ചു.
നിന്റെ ഭർത്താവ് ഈ തടാകത്തിലിറങ്ങി മുങ്ങി വരട്ടെ. അപ്പോള്‍ അദ്ദേഹത്തിന് ഞങ്ങളെപ്പോലെ രൂപസൗകുമാര്യം ഉണ്ടാവും.’ ദേവന്മാര്‍ പറഞ്ഞു.
മഹർഷി തടാകത്തിലിറങ്ങി മുങ്ങി. പിന്നാലെ ദേവൻമാരും ജലത്തിൽ മുങ്ങി. പിന്നീടു് തടാകത്തിൽ നിന്നും ഒരേ രൂപഭാവങ്ങളുള്ള മൂന്നു യുവകോമളൻമാർ കയറി വന്നു. ദിവ്യമായ ദേഹങ്ങൾ, ആടയാഭരണങ്ങൾ, എല്ലാം മൂന്നു പേർക്കും ഒരുപോലെ.
അവർ ഒരുമിച്ച് പറഞ്ഞു: ‘സുന്ദരീ നീ ഞങ്ങളിൽ ഒരാളെ വരിച്ചാലും. നിനക്കിഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കാം.’
മൂവർക്കും രൂപംഭാവം, പ്രായം, എല്ലാം ഒരു പോലെയാണ്. സുകന്യ ആകെ കുഴങ്ങി. മൂന്നു പേരും ദേവതുല്യർ. ഞാനിതിൽ ആരെ സ്വീകരിക്കും എന്നവൾ വേവലാതിപൂണ്ടുനിന്നു. ‘മരണം വന്നാലും ഞാൻ എന്റെ പതിയെ അല്ലാതെ മറ്റൊരാളെ സ്വീകരിക്കുകയില്ല.’ അവൾ തനിക്ക് നേർവഴി കാണിച്ചു തരാൻ സാക്ഷാൽ ജഗദംബയോട് പ്രാർത്ഥിച്ചു.
അല്ലയോ ജഗജ്ജനനീ, അമ്മേ, ഞാൻ ദുഖാകുലയായി അവിടുത്തെ ശരണം പ്രാപിക്കുന്നു. എന്റെ സതീധർമ്മത്തെ കളങ്കലേശം കൂടാതെ പരിപാലിക്കാൻ അവിടുന്ന് അനുഗ്രഹിക്കണേ. വേദമാതാവേ, വിഷ്ണുപ്രിയേ, ശങ്കരവല്ലഭേ, ഞാൻ അവിടുത്തെ മുന്നിൽ ശിരസ്സു നമിക്കുന്നു. സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് കാരണമായത് അവിടുത്തെ പ്രാഭവം മാത്രമാണെന്ന് ഞാനറിയുന്നു. ഈ മൂന്നു കാര്യങ്ങളും നടത്തിക്കാൻ ത്രിമൂർത്തികൾക്ക് ശക്തി നൽകുന്നത് അവരുടെപോലും മാതാവായ അമ്മതന്നെയല്ലേ?
അജ്ഞാനിക്ക് ജ്ഞാനവും, ജ്ഞാനികൾക്ക് മുക്തിയും പ്രദാനം ചെയ്യുന്ന ദേവീ, അവിടുന്നാണ് ആജ്ഞയും പൂർണ്ണപ്രകൃതിയും ആയി വിളങ്ങുന്നത്. നിർമ്മലമനസ്കർക്ക് ഭുക്തിമുക്തികളെ കനിഞ്ഞു നൽകുന്നത് അമ്മയല്ലാതെ മറ്റാരാണ്? അജ്ഞാനികൾക്ക് ദു:ഖം, സത്വാത്മാക്കൾക്ക് സുഖം, യോഗികൾക്ക് സിദ്ധിയും ജയവും കീർത്തിയും, എന്നു വേണ്ട എല്ലാത്തരത്തിലുള്ളവർക്കും അമ്മയുടെ പ്രാഭവമല്ലേ അനുഭവത്തിൽ പ്രകടമാകുന്നത്? അവിടുത്തെ സ്മരണമാത്രം കൊണ്ട് എന്നിലുണരുന്ന വിസ്മയത്തെ ഞാൻ മറച്ചുവയ്ക്കുന്നില്ല. അമ്മേ, ഞാനും അവിടുത്തെ ശരണം പണിയുന്നു.
സ്വഭർത്താവിനെ തിരിച്ചറിയാനാകാതെ ഞാൻ ദുഖക്കടലിലാണ്. ഇതിൽ നിന്ന് കരകയറ്റാൻ അമ്മയല്ലാതെ എനിക്കാരും തുണയില്ല. ഈ മൂന്നുപേരില്‍ എന്റെ നാഥനെ അമ്മ തന്നെ എനിക്കു കാണിച്ചു തരണം. എന്റെ പാതിവ്രത്യം തെറ്റാതിരിക്കാൻ ഞാനാരെയാണ് സ്വീകരിക്കേണ്ടത്?
സുകന്യയുടെ സ്തുതി കേട്ട് സംപ്രീതയായ ദേവി അവളുടെ മനോമുകരത്തിൽ വിജ്ഞാനദീപ്തി തെളിയിച്ചു കൊടുത്തു.  അവൾ ദൃഢബുദ്ധിയോടെ ഒരേ രൂപഭാവങ്ങളുള്ള മൂന്നു പേരിൽ നിന്നും തന്റെ കാന്തനെത്തന്നെ മാലയിട്ടു വരിച്ചു.
സുകന്യയുടെ ഭർതൃഭക്തിയിൽ പ്രീതി പൂണ്ട അശ്വിനീ ദേവൻമാർ അവൾക്ക് അഭീഷ്ടവരം നല്കി. ച്യവനമുനിക്ക് കാഴ്ചയും യുവത്വവും വീണ്ടുകിട്ടി.
ച്യവനൻപറഞ്ഞു: ‘നിങ്ങൾ എനിക്ക് ദുഖനിവൃത്തി വരുത്തി. ഈ സംസാരത്തിൽ സുന്ദരിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ ആവാതെ ഭോഗനിരാസവുമായി കഴിയാൻ വിധിക്കപ്പെട്ട എന്നെ നിങ്ങൾ അതിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും പകരം തരാൻ എനിക്കാഗ്രഹമുണ്ടു്. പ്രത്യുപകാരം ചെയ്യാത്തവൻ നിന്ദ്യനത്രെ. അങ്ങിനെയുള്ളവന്റെ ഋണബാദ്ധ്യത ഒരിക്കലും തീരുകയില്ല. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാലും. ദേവാസുരൻമാർക്ക് ചെയ്യാനരുതാത്ത കാര്യമാണെങ്കിൽ കൂടി ഞാനത് നടത്തിത്തത്തരും.’
ദേവമാർ പരസ്പരം നോക്കി തീരുമാനിച്ച ശേഷം പറഞ്ഞു: ‘ഞങ്ങളുടെ പിതാവനുഗ്രഹിച്ച് ഞങ്ങൾ എല്ലാ വിധത്തിലും സന്തുഷ്ടരാണ്. എങ്കിലും ഞങ്ങൾക്ക് ഒരാഗ്രഹം ബാക്കിയാണ്. മറ്റു ദേവൻമാരോടൊപ്പം സുരാപാനം ചെയ്യാൻ ഞങ്ങൾക്ക് ഇപ്പോൾ അനുവാദമില്ല. സുമേരുവിൽ ബ്രഹ്മ യജ്ഞം നടത്തിയപ്പോൾ ഞങ്ങൾ കേവലം വൈദ്യൻമാരാണ് എന്ന കാരണം പറഞ്ഞ് ദേവേന്ദ്രൻ ഞങ്ങളെ സോമപാനത്തിന് സമ്മതിച്ചില്ല. അതു കൊണ്ട്  ഞങ്ങൾക്ക് സോമപാനാനുവാദം വാങ്ങിത്തരാൻ മഹാതാപസനായ അങ്ങേക്ക് കഴിഞ്ഞാൽ അത് വലിയൊരു ഭാഗ്യമായി ഞങ്ങൾ കണക്കാക്കും.’
മുനി പറഞ്ഞു: ‘നിങ്ങൾ എന്റെ ജരാനരകൾ മാറ്റി, എനിക്ക് യൗവനം തന്ന ദേവൻമാരാണ്. നിങ്ങളുടെ ആഗ്രഹം നിവൃത്തിക്കുക എന്നത് എന്റെ കടമയാണ്. അതിതേജസ്വിയായ ശര്യാതി മഹാരാജാവ് നടത്തുന്ന യജ്ഞത്തിൽ വച്ച് ദേവേന്ദ്രൻ നോക്കിനിൽക്കെ ഞാൻ നിങ്ങളെ സോമം കുടിപ്പിച്ചു സന്തുഷ്ടരാക്കാം.'
മുനിയുടെ വാക്കു കേട്ട് സന്തുഷ്ടരായ ദേവൻമാർ ദേവലോകം പൂകി. സുന്ദരിയായ സുകന്യയുമൊത്ത് യുവാവായ ച്യവനമഹർഷി തന്റെ പർണ്ണശാലയിലേക്ക് പോയി സസുഖം വാണു.

Saturday, July 16, 2016

ദിവസം 162. ശ്രീമദ്‌ ദേവീഭാഗവതം. 7.4. അശ്വിനീ സംഗമം

ദിവസം 162. ശ്രീമദ്‌ ദേവീഭാഗവതം7.4. അശ്വിനീ സംഗമം

ഗതേ രാജനി സാ  ബാലാ പതിസേവാപരായണാ
ബഭൂവ ച തഥാഗ്നീനാം സേവനേ ധർമ്മതത്പരാ
ഫലാന്യാദായ സ്വാദിനി മൂലാനി വിവിധാനി ച
ദദൗ സാ മുനയേ ബാലാ പതി സേവാപരായണാ

വ്യാസൻ തുടർന്നു: അച്ഛനും പരിവാരങ്ങളും പോയിക്കഴിഞ്ഞപ്പോൾ സുകന്യ ഭർതൃശൂശ്രൂഷ ചെയ്ത് അഗ്നിയെ പൂജിച്ച്, ദിവസങ്ങൾ കഴിച്ചുകൂട്ടി. അവൾ നല്ല സ്വാദുള്ള കായ്കനികൾ കണ്ടു പിടിച്ചു കൊണ്ടുവന്ന് മുനിക്ക് കൊടുത്തു. അദ്ദേഹത്തെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുകയും മാൻതോലുകൊണ്ടുള്ള മുണ്ടടുപ്പിക്കുകയും ചെയ്തു. ദർഭാസനവും, എള്ളും യവവും കമണ്ഡലുവും തയ്യാറാക്കി വച്ച് മുനിയെ നിത്യ കർമ്മങ്ങൾക്കായി അവള്‍ സഹായിച്ചു. നിത്യകർമം കഴിയുമ്പോൾ മുനിയെ ആസനസ്ഥനാക്കി, നല്ല കായ്കനികൾ ഊട്ടി സന്തുഷ്ടനാക്കി. ഊണ്കഴിഞ്ഞു താംബൂലവും നൽകി  ഭർത്താവിനെ സന്തോഷിപ്പിച്ചശേഷം അവൾ തന്റെ ഭക്ഷണം കഴിക്കും. ഭർത്താവിന്റെ കാലുകൾ തടവും. കുലസ്ത്രീ ധർമ്മത്തെപ്പറ്റി അവൾ മുനിയോട് ചോദിച്ചു മനസ്സിലാക്കും.

തന്റെ നാഥൻ ഉറങ്ങിയശേഷം അവളും നിലത്ത് കിടന്നുറങ്ങും. വേനൽക്കാലത്ത് ഇലവിശറി കൊണ്ട് തന്‍റെ ഭര്‍ത്താവിന്  വീശിക്കൊടുക്കും. തണുപ്പുകാലത്ത് തീ കൂട്ടി ഭർത്താവിന് ചൂടു നൽകും.സഡ്യാ ഹോമം കഴിഞ്ഞാൽ മധുരഫലങ്ങൾ തിരഞ്ഞെടുത്ത് നൽകും.

ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് മുനിക്കായി ജലവും മണ്ണുമെടുത്ത് വച്ച് ശൗചകർമ്മത്തിനു സഹായം ചെയ്യും. അതിനായി കൊണ്ടിരുത്തി അവൾ ദൂരെ മാറിയൊതുങ്ങി നിൽക്കും. ശൗചം കഴിയുമ്പോൾ മുനിയെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവരും. ഭർത്താവിന്റെ കാൽ കഴുകി ജലാചമനത്തിനും ദന്തധാവനത്തിനും വേണ്ടതെല്ലാം അവൾ തയ്യാറാക്കും. പിന്നെ കുളിക്കാനുള്ള ചൂടുവെള്ളം തയ്യാറാക്കി മന്ത്രസ്നാനത്തിനായി മുനിയെ ക്ഷണിക്കും. മഹാമുനേ, പൂർവ്വ സന്ധ്യാ ഹോമത്തിനു കാലമായി’, എന്നവൾ മുനിയെ ഓർമ്മിപ്പിക്കും.

ഇങ്ങിനെയാ തന്വംഗി ഭർത്താവിനെ ഉത്തമമായ രീതിയിൽ സേവിച്ചു വന്നു. ഹോമാഗ്നി കെടാതെ സൂക്ഷിച്ചും ഭർതൃപൂജ ചെയ്തും അതിഥികളെ സ്വീകരിച്ചും സുകന്യ ച്യവനമുനിക്ക് വേണ്ട കാര്യങ്ങളെല്ലാം സ്വമനസാ ചെയ്തു വന്നു.

ഒരുദിവസം സൂര്യപുത്രൻമാരായ അശ്വിനീ ദേവൻമാർ യാത്രാമദ്ധ്യേ ച്യവനാശ്രമസമീപത്തെത്തി. കുളി കഴിഞ്ഞു മടങ്ങുന്ന സർവ്വാംഗ സുന്ദരിയായ സുകന്യയെ കണ്ടു് അശ്വിനീ ദേവൻമാർ മോഹിതരായി. അവർ ചോദിച്ചു: 'സുന്ദരീ നീയാരാണ്? ഞങ്ങൾ ദേവൻമാരാണ്. നീ ആരുടെ മകൾ? ആരാണ്  നിന്റെ പതി? എന്താണീ കാട്ടിൽ നീയൊറ്റക്ക് നീരാടുന്നത്?. കാഴ്ചയിൽ നീ ലക്ഷ്മീദേവിക്ക് സമം. നിന്റെ പൂ പാദങ്ങൾ പാദരക്ഷയൊന്നുമില്ലാതെ വെറും നിലത്ത് പതിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സഹിക്കുന്നില്ല. നിനക്ക് സഞ്ചരിക്കാൻ നല്ലൊരു വിമാനമാണുചിതം.  മൂടുപടം പോലുമില്ലാതെ എന്താണ്  നീയീ കാട്ടിൽ അലയുന്നത്? നിന്റെ തോഴിമാർ എവിടെപ്പോയി? നീ രാജകുമാരിയാണോ? അല്ല അപ്സര കന്യകയാണോ? നിന്റെ മാതാപിതാക്കൾ എത്ര ധന്യർ! നിന്റെ കാന്തന്റെ ഭാഗ്യമോർത്ത് ഞങ്ങള്‍ അസൂയാലുക്കളാണ്. നിന്റെ വാർകൂന്തൽ തഴുകി വരുന്ന കാറ്റേറ്റ് ഈ ഭൂമി ദേവലോകത്തേക്കാള്‍ പവിത്രമായിത്തീര്‍ന്നിരിക്കണം. നിന്നെക്കണ്ടതുകൊണ്ട് മൃഗങ്ങൾപോലും ഭാഗ്യശാലികളായിരിക്കണം. നിന്നെയിനി വാഴ്ത്താൻ വാക്കുകളില്ല. ഇനി നീ തന്നെ പറയൂ. ആരാണ് നീ?

ഇങ്ങിനെ അശ്വനീ ദേവൻമാർ പുകഴ്ത്തിപ്പറഞ്ഞപ്പോൾ അവൾ നമ്രമുഖിയായി ഇങ്ങിനെ പറഞ്ഞു: ‘ഞാൻ ശര്യാതി രാജാവിന്റെ മകൾ സുകന്യയാണ്. മഹർഷിയായ ച്യവനന്റെ ധർമ്മപത്നി. യദൃച്ഛാ ഉണ്ടായ സംഭവങ്ങൾ കൊണ്ട് അച്ഛൻ എന്നെ മഹർഷിക്ക് നൽകുകയാണുണ്ടായത്. മുനിയാണെങ്കിൽ അന്ധനും വൃദ്ധനുമാണ്. ഞാൻ അഹോരാത്രം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിയുകയാണ്.’

ദിവ്യരൂപികളായ നിങ്ങൾ ആരാണ്? വരൂ, എന്റെ നാഥൻ ആശ്രമത്തിലുണ്ടു്. നിങ്ങൾ ആശ്രമത്തിലേക്ക് വന്നാലും. അങ്ങിനെ അവിടം പവിത്രമാക്കിയാലും.’

അപ്പോൾ അശ്വിനീ ദേവൻമാർ ചോദിച്ചു: ‘ആ വൃദ്ധനായ മുനിക്ക് നിന്നെ നൽകാൻ കാരണമെന്താണ്? ഈ കാട്ടിൽ നീയൊരു മിന്നൽ പിണരിന്റെ സൗന്ദര്യവുമായി വിലസുന്നു. പട്ടുടയാടകൾ അലങ്കരിക്കേണ്ട മേനിയിൽ ഇപ്പോള്‍ മരവുരിയാണ് !  വിധിയുടെ വിളയാട്ടം എത്ര വിചിത്രം! വൃദ്ധ താപസന്റെ പത്നിയായി നിനക്ക് വനത്തിൽ കഷ്ടപ്പാടുകൾ സഹിച്ച് കഴിയേണ്ടതായി വന്നുവല്ലോ കഷ്ടം! നവയൗവനയുക്തയായ നിന്റെ ദേഹം അദ്ദേഹവുമായി എങ്ങിനെ ചേരും? വിധിയൊരു ക്രൂരൻ തന്നെയാണ്. നിന്റെ യൗവനം ഇങ്ങിനെ പാഴാക്കിക്കളയുന്നതെന്തിന്

നിന്നിലൂടെ കാമദേവൻ തൊടുത്തുവിടുന്ന അമ്പുകളെ തടുക്കാൻ ആ വൃദ്ധന് എങ്ങിനെ സാധിക്കാനാണ്നീ മറ്റൊരാളെ വരിക്കുക. അന്ധനായ  ഒരാൾക്ക് നിന്റെ ലാവണ്യം ആസ്വദിക്കാൻ ആവില്ല. നല്ലപോലെ ആലോചിച്ച് നീ ഞങ്ങളിൽ ഒരാളെ സ്വീകരിച്ചാലും. അല്ലാതെ യൗവനകാലം വൃഥാ കളയരുത്. താപസസേവയല്ല ഈ പ്രായത്തിൽ സുന്ദരിമാർക്ക് ചേർന്ന പ്രവൃത്തി. സുഖങ്ങൾ വർജ്ജിച്ച മുനിയെ വർജിച്ച് നീ ഉത്തമനായ ഒരു യുവാവിനെ വരിക്കണം.

നിനക്ക് നന്ദനോദ്യാനങ്ങളിലും ചൈത്രരഥവാടികകളിലും വിഹരിക്കാൻ മോഹമില്ലേ? ഈ വൃദ്ധനെ പരിചരിച്ച് ജീവിതം പാഴാക്കാതെ നീ ഞങ്ങളില്‍ ഒരാള്‍ക്കൊപ്പം വരിക. രാജകുമാരിയായവൾ കാട്ടിൽക്കിടന്നു കായ്കനികൾ തിന്നു കഷ്ടപ്പെടുന്നതെന്തിനാണ്? ഞങ്ങളിൽ ഒരാളെ വരിച്ച് നിനക്ക് സ്വർഗ്ഗസുഖം അനുഭവിക്കാം. ജരാനരകൾ ബാധിച്ച വൃദ്ധ താപസനെ വിട്ട് നീ ദുഃഖത്തിൽ നിന്നും നിവൃത്തയാവുക.അതിസുന്ദരിയായ നിനക്ക് വനവാസം ചേരില്ല. ചന്ദ്രമുഖിയായ നീ നവയൗവനം വിട്ടു പോകും മുൻപ് യൗവന സഹജമായ സൗഖ്യം അനുഭവിക്കുന്നതാണ് ഉചിതം. അല്ലാതെ കാട്ടുപഴങ്ങളും കിഴങ്ങും ശേഖരിക്കൽ നിന്നെപ്പോലുള്ള സുന്ദരിമാര്‍ക്ക് ചേര്‍ന്ന പണിയല്ല.'

Wednesday, July 13, 2016

ദിവസം 161. ശ്രീമദ്‌ ദേവീഭാഗവതം. 7.3. സുകന്യാ വിവാഹം

ദിവസം 161. ശ്രീമദ്‌ ദേവീഭാഗവതം7.3. സുകന്യാ വിവാഹം

ഇതി പപ്രച്ഛതാൻ സർവ്വാൻ രാജാ ചിന്താകുലസ്തദാ
പര്യപൃച്ഛദ് സുഹൃദ്വർഗ്ഗം സാമ്നാ ചോഗ്രതയാfപി ച
പീഡ്യമാനം ജനം വീക്ഷ്യ പിതരം ദുഖിതം തഥാ
വിചിന്ത്യ ശൂലഭേദം സാ സുകന്യാ ചേദമബ്രവീത്

വ്യാസൻ പറഞ്ഞു: രാജാവായ ശര്യാതി സൈനികരടക്കം എല്ലാവരോടും അന്വേഷിച്ചു. ആദ്യം സൌമ്യനായും പിന്നീടു് കോപത്തോടെയും നമ്മുടെ  നാട്ടില്‍ ആരെങ്കിലും പാപകർമ്മങ്ങൾ ചെയ്യുകയുണ്ടായോ എന്നദ്ദേഹം ആരാഞ്ഞു. ഒടുവിൽ സുകന്യ പിതാവിനോട് കളിക്കിടയില്‍ താനൊരു മുള്ളെടുത്ത് മൺപുറ്റ് പൊളിക്കാൻ നോക്കിയ കാര്യം പറഞ്ഞു.

അച്ഛാ, ഞാൻ കാട്ടിൽ കളിക്കുമ്പോൾ വള്ളിച്ചെടികൾ ചുറ്റും നിറഞ്ഞ ഒരു മൺപുറ്റ് കണ്ടു. അതിൽ തിളക്കമേറിയ രണ്ടു ചെറിയ ദ്വാരങ്ങൾ കണ്ടപ്പോൾ മിന്നാമിനുങ്ങുകൾ ഒളിച്ചിരിക്കയാണ് എന്നു കരുതി ഞാൻ ഒരു മുള്ളെടുത്ത് അവിടെ തോണ്ടി നോക്കി. മുള്ളുകുത്തി വലിച്ചൂരിയപ്പോൾ അതിന്റെ അഗ്രം നനഞ്ഞിരിക്കുന്നു. പുറ്റിന്റെ ഉളളിൽ നിന്നും ഞാനൊരു രോദനവും കേട്ടു. ഞാനതു കേട്ട് അമ്പരന്നു പോയി. ഞാനാ പുറ്റിലുള്ള എന്തിനേയോ മുറിപ്പെടുത്തിയെന്നു തോന്നുന്നു. എന്താണെന്ന് എനിക്കറിയില്ല.’

സുകന്യയുടെ ബാലഭാഷണം കേട്ടപ്പോൾ രാജാവിന് സംശയം തോന്നി.  ഇനി മഹർഷി ച്യവനനെ ആണോ ഇവള്‍ ഉപദ്രവിച്ചത് ? മകള്‍ മുനിദ്രോഹം ചെയ്തു എന്നു കരുതിയ രാജാവ് ച്യവനന്റെ അടുത്ത് പോയി മാപ്പപേക്ഷിച്ചു. എന്റെ മകൾ അറിവില്ലായ്മകൊണ്ട് അങ്ങയുടെ വല്മീകം പൊട്ടിച്ചു. അവളുടെ അവിവേകം അങ്ങ് പൊറുക്കണം. രാജാവ് മുനിയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു മാപ്പപേക്ഷിച്ചു.

മഹർഷി ദയവായ്പോടെ പറഞ്ഞു: 'രാജാവേ വിഷമിക്കണ്ട. ഞാൻ ഒരിക്കലും കോപത്തിനു വശംവദനാവാറില്ല. അങ്ങയുടെ മകളെ ഞാൻ ശപിച്ചുമില്ല. അങ്ങയുടെ മകളുടെ കുസൃതി എന്റെ കണ്ണുകളുടെ  കാഴ്ചയില്ലാതാക്കി. മകളുടെ പാപകർമ്മം മൂലം അങ്ങും ദുഖിതനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ജഗദംബയുടെ ഭക്തനായ ഒരുവനെ നിന്ദിച്ചാൽ അതിന്റെ പാപത്തിൽ നിന്നും മോചനം നൽകാൻ സാക്ഷാൽ ശിവന് പോലും അസാദ്ധ്യം. ഞാനൊരു വൃദ്ധ താപസൻ. ഇപ്പോൾ അന്ധനുമാണ്. എന്നെ നോക്കാൻ ആരുണ്ട്?'

മഹാമുനേ ഞാൻ എത്ര പരിചാരകരെ വേണമെങ്കിലും നിയോഗിക്കാം. എന്നോടു് ക്ഷമിച്ചാലും. അങ്ങയെപ്പോലുള്ള താപസൻമാർ കോപത്തെ വെന്നവരാണല്ലാ.’

ച്യവനൻ പറഞ്ഞു. ‘രാജാവേ, ഞാൻ ഒരു തുണയില്ലാതെ എങ്ങിനെയാണ് തപസ്സ് തുടരുക? അങ്ങയുടെ സേവകർക്ക് എന്നെ സദാ ശുശ്രൂഷിക്കാൻ കഴിയുമോ? അതു കൊണ്ട് എന്നെ പരിചരിക്കാൻ അങ്ങയുടെ മകളെത്തന്നെ നിയോഗിച്ചാലും. ഞാൻ തപസ്സു ചെയ്യുമ്പോൾ സുന്ദരിയായ അവൾ എന്നെ സഹായിക്കട്ടെ. അങ്ങിനെ ചെയ്‌താല്‍ എനിക്കും അങ്ങേയ്ക്കും അങ്ങയുടെ സൈന്യങ്ങൾക്കും സൗഖ്യമാവും. എനിക്ക് സംതൃപ്‌തിയായാൽ എല്ലാവരുടെ ശാരീരികാസ്വാസ്ഥ്യങ്ങളും ഇല്ലാതെയാവും. അതുകൊണ്ടു് രാജാവേ കന്യാദാനത്തിനുള്ള ഒരുക്കങ്ങൾ ചെയ്താലും. ഇതിൽ തെറ്റൊന്നുമില്ല. ഞാൻ വൃതനിഷ്ഠനായ താപസനാണ്.'

മുനിയുടെ വാക്കുകൾ കേട്ട രാജാവ് അങ്ങിനെയാകട്ടെയെന്നോ, പറ്റില്ലെന്നോ ഒന്നും പറഞ്ഞില്ല. 'കണ്ണു  കാണാത്ത വയസ്സൻ മുനിക്ക് എന്റെ ഓമന മകളെ നൽകുന്നതെങ്ങിനെ' എന്ന് ശര്യാതി ദുഖിച്ചു. 'തന്റെയും സൈന്യത്തിന്റെയും സുഖത്തിനായി മകളുടെ ജീവിതം ബലികഴിക്കണോ?' എന്നദ്ദേഹം ചിന്താകുലനായി. ‘അന്ധനായ മുനിയെ വരിച്ച് സുന്ദരിയായ ഇവർ കാമപീഢിതയായി ജീവിതകാലം മുഴുവൻ കഴിയേണ്ടി വരുമല്ലോ.  യൗവനത്തിൽ കാമത്തെ ചെറുക്കാൻ സാദ്ധ്യമല്ല. പ്രത്യേകിച്ചും സുന്ദരികളായ സുഭഗനാരിമാർക്ക്. അനുരൂപനായ ഒരു കാന്തൻ ഉണ്ടെങ്കിൽപ്പോലും അവരുടെ കാമം ശമിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ വൃദ്ധനും അന്ധനുമായ ഒരുവനെയാണ് കിട്ടുന്നതെങ്കിൽ എന്തു പറയാൻ? താപസനായ ഗൗതമന്റെ പത്നി അഹല്യയുടെ കഥ നമുക്കറിയാം. താപസപത്നിയായിരിക്കേ അഹല്യ ഇന്ദ്രനാൽ വഞ്ചിക്കപ്പെട്ടു. ഗൗതമൻ അവളെ ശപിച്ചു ശിലയാക്കി. എന്നിലെ ദു:ഖം തീരാൻ ഞാൻ ഈ കടുംകൈ ചെയ്യുകയില്ല. ദോഷങ്ങൾ അറിഞ്ഞുവച്ചു കൊണ്ട് ഞാനെങ്ങിനെ മകളെ നൽകും?

രാജാവ് ദുഖിതനായി കൊട്ടാരത്തിലേക്ക് മടങ്ങി. മന്ത്രിമാരെ വിളിച്ച് അദ്ദേഹം കാര്യാലോചന നടത്തി. മന്ത്രിമാർക്കും അന്ധതാപസന് കുമാരിയെ നൽകുന്നതിൽ സമ്മതമില്ലായിരുന്നു.

അപ്പോൾ സുകന്യ പിതാവിന്റെ വ്യാകുലത മനസ്സിലാക്കി ഇങ്ങിനെ പറഞ്ഞു. ‘അച്ഛാ എന്തിനാണ് വിഷമിക്കുന്നത്? ഞാൻ നിമിത്തമാണല്ലോ. അങ്ങും രാജ്യവും ദുഖിക്കുന്നത്? ഞാൻ മുനിയെ സന്തുഷ്ടനാക്കാം.’

മകളേ നീയെങ്ങിനെ ജരാനരകൾ ബാധിച്ച മുനിയെ പരിചരിക്കും? മാത്രമല്ല അതിസുന്ദരിയും സുശീലയുമായ നിന്നെ ആ വൃദ്ധ താപസന് കന്യാദാനം ചെയ്യുന്നതെങ്ങിനെ? നിന്റെ രൂപമെവിടെ? ആ കിഴവന്റെ ദേഹമെവിടെ? ഒരു പിതാവിന്റെ ധർമ്മം തന്റെ പുത്രിയെ യുവാവും അരോഗദൃഢഗാത്രനുമായ ഒരുവനെ ഏല്പിക്കുക എന്നതാണ്. ആ വൃദ്ധനുമൊത്ത് വെറുമൊരു പർണ്ണശാലയിൽ ജീവിതം മുഴുവൻ നിനക്ക് കഴിച്ചുകൂട്ടേണ്ടതായി വരും. ഞാനതെങ്ങിനെ സഹിക്കും? നീ ധൈര്യമായിരിക്കൂ. ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല. ഞാനും രാജ്യവും നശിച്ചാലും ഞാൻ എന്റെ മകൾക്ക് അഹിതം ചെയ്യുകയില്ല.’

'അച്ഛാ, എന്നെക്കുറിച്ച് അങ്ങ് ദുഖിക്കരുത്. ഞാൻ നിമിത്തം രാജ്യത്തിലെ പ്രജകൾക്കും സൈന്യത്തിനും സുഖം സിദ്ധിക്കട്ടെ.  കാട്ടിൽക്കഴിയുന്ന വൃദ്ധതാപസനെ ഞാൻ പരമാദരപൂർവ്വം ശുശ്രൂഷിച്ച് കഴിഞ്ഞു കൊള്ളാം. എന്നിൽ ഭോഗേച്ഛ തീരെയില്ല. അതിനാൽ ഞാൻ സത്രീധർമ്മം തെറ്റിക്കാതെ പതിവ്രതയായി ജീവിച്ചു കൊള്ളാം.’ കുമാരിയുടെ ദൃഢനിശ്ചയം കണ്ടു് രാജാവും മന്ത്രിമാരും അത്ഭുതപ്പെട്ടു. എല്ലാവർക്കും സമാധാനമായി.

രാജാവ് മുനിയുടെ സമീപം ചെന്ന് നമസ്കരിച്ചു. ‘പ്രഭോ, അങ്ങയുടെ പരിചരണത്തിനായി ഞാനിതാ എന്റെ മകളെ തരുന്നു. ഇതാ എന്റെ കഴിവിനൊത്ത പാരിതോഷികങ്ങളും സ്വീകരിച്ചാലും’ സുകന്യയെ ലഭിച്ചപ്പോൾ മുനി സംതൃപ്തനായി. പാരിതോഷികങ്ങൾ അദ്ദേഹം നിരസിച്ചു. 'എനിക്ക് കന്യകയെ മാത്രം മതി'.

മുനി പ്രസാദിച്ചപ്പോൾ രാജാവിന്റെയും സൈന്യത്തിന്റെയും അസുഖം മാറി. ശര്യാതി മകളെ ച്യവനന് നൽകി കൊട്ടാരത്തിലേക്ക് മടങ്ങി. മടങ്ങും മുൻപ് സുകന്യ തന്റെ പട്ടുടയാടകള്‍ പിതാവിനെ ഏൽപ്പിച്ചു.

'എനിക്ക് മാനം മറയ്ക്കാൻ വല്കലം മാത്രം മതിയിനി. മുനിപത്നിയുടെ വേഷമാണ് എനിക്കിനി ചേരുക. നാടിനും നാട്ടാര്‍ക്കും വേണ്ടി വൃദ്ധതാപസന് മകളെ നല്‍കിയ അങ്ങയുടെ കീർത്തിപരക്കാൻ എന്റെ ഭർതൃശുശ്രൂഷ കൊണ്ടു് സാധിക്കും. ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും അങ്ങയുടെ പേരും പെരുമയും അറിയപ്പെടും. വൃദ്ധനു മകളെ നൽകിയതിനാൽ അവൾ വഴി തെറ്റിപ്പോവുമെന്ന ഭീതിയൊന്നും വേണ്ട . വസിഷ്ഠപത്നിയായ അരുന്ധതിയെപ്പോലെ ഞാൻ ജീവിക്കും. അത്രിമുനിയുടെ പത്നി അനസൂയ എങ്ങിനെ അറിയപ്പെട്ടോ അതുപോലെ സുശീലയായി ഞാൻ ജീവിക്കും. അച്ഛന്റെ പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ഞാൻ ചെയ്യുകയില്ല.'

സുകന്യയുടെ വാക്കുകൾ കേട്ട് പ്രസന്നനായ ശര്യാതി മകൾക്ക് വൽക്കലം നൽകി. മകൾ മുനിവേഷം ധരിച്ചതുകണ്ട് അദ്ദേഹം കണ്ണീർ വാർത്തു. രാജ്ഞിമാരും കരഞ്ഞുകൊണ്ടു് മകളോട് യാത്ര പറഞ്ഞു. രാജാവും കൂട്ടരും കൊട്ടാരത്തിലേക്ക് മടങ്ങി.

Saturday, July 9, 2016

ദിവസം 160 ശ്രീമദ്‌ ദേവീഭാഗവതം.7. 2. സൂര്യവംശ കഥാവിസ്താരം

ദിവസം 160  ശ്രീമദ്‌ ദേവീഭാഗവതം.72. സൂര്യവംശ കഥാവിസ്താരം

മമാഖ്യാഹി മഹാഭാഗ രാജ്ഞാം വംശം സവിസ്തരം
സൂര്യാന്വയ പ്രസൂതാനാം ധർമ്മജ്ഞാനാം വിശേഷത:
ശൃണു ഭാരത വക്ഷ്യാമി  രവിവംശസ്യ വിസ്തരം
യഥാ ശ്രുതം  മയാ പൂർവ്വം നാരദാദൃഷിസത്തമാത്

ജനമേജയൻ പറഞ്ഞു: ധർമ്മജ്ഞരായ സൂര്യവംശ രാജാക്കൻമാരുടെ  കഥകൾ കേൾക്കാൻ ഞങ്ങൾ ഏവരും ആകാംഷാഭരിതരാണ്. അവയെല്ലാം വിശദമായിത്തന്നെ പറഞ്ഞു തന്നാലും.
വ്യാസൻ തുടർന്നു: നാരദമുനിയിൽ നിന്നും കേട്ടതായ ആ സദ് കഥകൾ ഞാൻ വിശദമായി പറയാം. സരസ്വതീ നദീതീരത്തുള്ള എന്റെ ആശ്രമത്തിൽ ഒരു ദിവസം നാരദമുനി വന്നെത്തിയപ്പോള്‍ ഞാൻ അദ്ദേഹത്തെ ഉപചാരപൂർവ്വം സ്വീകരിച്ചിരുത്തി. അദ്ദേഹത്തെ നമസ്ക്കരിച്ച് കുശലാന്വേഷണം നടത്തി.
അങ്ങയുടെ ആഗമനംമൂലം ഞാൻ ധന്യധന്യനായി. അങ്ങയോട് ചോദിക്കാന്‍ എനിക്ക് ചില സംശയങ്ങൾ ഉണ്ടു്. അവയെ നിവൃത്തിച്ചു തന്നാലും. ഏഴാം മന്വന്തരത്തിലെ പ്രസിദ്ധരായ രാജാക്കൻമാർ ആരൊക്കെയായിരുന്നു? അവരുടെ ജനനവും ചരിത്രവും അദ്ഭുതാവഹമാണെന്ന് കേട്ടിരിക്കുന്നു. സൂര്യവംശജരായ അവരുടെ കഥകൾ എനിക്ക് പറഞ്ഞു തന്നാലും.’
നാരദൻ പറഞ്ഞു: 'അദ്ഭുത കരവും കർണ്ണാനന്ദകരവുമാണാ കഥകൾ. ബ്രഹ്മാവ് മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്നുമാണ് ഉദ്ഭവിച്ചത് എന്ന കാര്യം എല്ലാവർക്കും അറിയാം. അദ്ദേഹം സ്വയംഭൂവും സർവ്വശക്തനുമാണ്. ജഗത്തിന്റെ സൃഷ്ടാവ് ബ്രഹ്മദേവനാണ്. സൃഷ്ടിവാഞ്ഛയുമായി അദ്ദേഹം പരമേശ്വരിയായ ശിവയെ തപസ്സു ചെയ്ത് സംപ്രീതയാക്കി. അങ്ങിനെ ശുഭലക്ഷണ സംയുക്തരായ മാനസപുത്രൻമാരെ സൃഷ്ടിക്കാൻ ബ്രഹ്മദേവന് സാധിച്ചു. ആ പുത്രൻമാരിൽ മരീചി വളരെ കാര്യപ്രാപ്തി പ്രകടിപ്പിച്ചയാളാണ്. മരീചിയുടെ പുത്രനാണ് കശ്യപൻ. ദക്ഷന്റെ പതിമൂന്ന് പുത്രിമാർ കശ്യപന്റെ പത്നിമാരായിരുന്നു. ദേവൻമാരും അസുരൻമാരും യക്ഷൻമാരും ഉരഗങ്ങളും പക്ഷിമൃഗാദികളുമെല്ലാം കശ്യപസന്തതികളാണ്:
ദേവൻമാരിൽ സൂര്യനാണ് വിഖ്യാതൻ. വിവസ്വാൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പുത്രനാണ് വൈവസ്വത മനു. വൈവസ്വതം എന്ന കുലത്തെ പോഷിപ്പിച്ചത് മനുവിന്റെ പുത്രൻ ഇക്ഷ്വാകുവാണ്. ഇദ്ദേഹത്തിന് ഒൻപത് സഹോദരൻമാർ ഉണ്ടായിരുന്നു. നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്തൻ, പ്രാംശു, നൃഗൻ, ദിഷ്ടൻ, കരുഷൻ, പൃഷധൻ എന്നിങ്ങിനെയുള്ള പേരുകളില്‍ അവർ പ്രസിദ്ധരായി. മനുവിന്റെ മകനായ ഇക്ഷ്വാകുവിന് മക്കൾ നൂറാണ്. അതിൽ മൂത്തവൻ വികുക്ഷി.
മറ്റ് ഒൻപത് മനുപുത്രൻമാരും പ്രഭാവത്തില്‍ മനുവിന് തുല്യരാണ്. നാഭാഗന്റെ പുത്രനാണ് പ്രതാപിയായ അംബരീഷൻ. ധർമ്മിഷ്ഠനും സത്യവാനുമായ ഒരു രാജാവായിരുന്നു അദ്ദേഹം. ധൃഷ്ടന് ധാർഷ്ടൻ എന്ന പേരുള്ള ഒരു മകൻ ജനിച്ചു. ക്ഷത്രിയനാണെങ്കിലും രണഭീരുവായ അദ്ദേഹം ബ്രഹ്മകർമ്മങ്ങളിൽ മുഴുകി ആത്മനിഷ്ടനായി കഴിഞ്ഞു കൂടി. അങ്ങിനെ അയാൾ ബ്രഹ്മജ്ഞാനിയായിത്തീർന്നു.
ശര്യാതിക്ക് ആനർത്തൻ എന്ന പേരിൽ വിഖ്യാതനായ ഒരു പുത്രൻ ജനിച്ചു. സുകന്യയെന്നൊരു പുത്രിയും അദ്ദേഹത്തിനുണ്ടായി. അതിസുന്ദരിയായ സുകന്യയെ അന്ധനായ ച്യവനമുനിക്കാണ് വിവാഹം ചെയ്ത് കൊടുത്തത്. അവളുടെ സൌശീല്യം മൂലം മുനിക്ക് കാഴ്ചയും കിട്ടി. സൂര്യപുത്രൻമാരായ അശ്വിനീ ദേവകളാണ് സുകന്യയെ ഇതിനു സഹായിച്ചത്.
ജനമേജയൻ ചോദിച്ചു: ‘മഹാമുനേ, എന്നിൽ ഒരു സംശയം നാമ്പെടുക്കുന്നു. രൂപഗുണവതിയായ കന്യകയെ ഒരന്ധന് നൽകുക എന്ന കാര്യം ചിന്തിക്കാൻ കൂടി വയ്യ. ഒരുവന് ഗുണഹീനയോ അന്ധയോ ആയ പുത്രിയാണ് ജനിച്ചതെങ്കിൽ അവളെ ഒരന്ധന് നൽകിയാൽ അതില്‍ തെറ്റില്ലഎന്ന് പറയാം. എന്നാല്‍ ഈ പിതാവ് സുന്ദരിയായ മകളെ അന്ധനായ ച്യവന മുനിക്ക് നൽകാനുണ്ടായ കാരണം എന്താണ്?
വ്യാസൻ ചിരിച്ചുകൊണ്ടു് പറഞ്ഞു: വൈവസ്വതമനുവിന്റെ മകനായ ശര്യാതി നാലായിരം രാജ കന്യകമാരെ വേളി കഴിച്ചുവത്രേ. സുന്ദരികളും സുഭഗകളുമായ അവർക്കെല്ലാവർക്കുമായി സുകന്യ എന്ന ഒരൊറ്റ മകളേ ഉണ്ടായിരുന്നുള്ളു. അച്ഛനും അമ്മമാർക്കും അരുമയായി അവൾ വളർന്നു. മാനസസരസ്സിനു  തുല്യമായ ഒരു തടാകം കൊട്ടാരത്തില്‍ നിന്നും അധികം ദൂരത്തല്ലാതെ ഉണ്ടായിരുന്നു. ഹംസം, ചക്രവാകം പണ്ടാരക്കോഴി, സർപ്പങ്ങൾ, പക്ഷിക്കൂട്ടങ്ങൾ, താമരകൾ, എന്നിവ കൊണ്ടു് തടാകം കമനീയമായിരുന്നു. വൻ മരങ്ങൾ അവിടെ തണൽ വിരിച്ചു നിന്നു. വണ്ടിനങ്ങളുടെ മൂളൽ, പക്ഷികളുടെ കളകൂജനം, എന്നിവയാൽ അന്തരീക്ഷം മുഖരിതമായിരുന്നു. അശോകം, കൊന്ന, മാതളം, പ്ലാവ്,  മാവ്, കുടകപ്പാല, പ്ലാശ്, വേപ്പ്, കരിങ്ങാലി, കൂവളം, നെല്ലി, പനകള്‍, വാഴത്തോട്ടങ്ങൾ, ആല്, ചമ്പകം, കവുങ്ങ്, തെങ്ങിനങ്ങൾ, എന്നിവയാൽ ആ പൊയ്കയും പരിസരവും അതീവ രമണീയമായി കാണപ്പെട്ടു.
ഈ തടാകക്കരയിൽ മഹാനായ ച്യവനമുനി തപസ്സിൽ മുഴുകിക്കഴിഞ്ഞിരുന്നു. ജലപാനം പോലുമില്ലതെ ജഗദംബികയെ ധ്യാനിച്ച് ഏറെക്കാലം കഴിവേ, അദ്ദേഹത്തിന്റെ ദേഹം മുഴുവൻ ചിതൽപ്പുറ്റ് പൊതിഞ്ഞു. അതിനു ചുറ്റും വള്ളിപ്പടർപ്പ് പടർന്ന് അവിടം ഒരു മൺകൂമ്പാരമായി .
ഒരിക്കല്‍ ശര്യാതി തന്റെ പത്നിമാരുമായി തടാകക്കരയിൽ വിഹരിക്കുകയായിരുന്നു. താമരപ്പൂക്കൾ നിറഞ്ഞ തടാകത്തിൽ രാജാവും പത്നിമാരും കളിക്കാനിറങ്ങി. സുകന്യ തന്റെ കൂട്ടുകാരുമൊത്ത് ചുറ്റുമുള്ള കാട്ടിൽ കളിച്ചു നടന്നു. കാൽചിലങ്കയുടെ ശബ്ദം കേൾപ്പിച്ചുകൊണ്ടു് അവൾ മുനിയിരിക്കുന്ന മൺകൂനയ്ക്കടുത്ത് കളി തുടർന്നു. ഇടക്ക് അവള്‍ മൺപുറ്റിലേയ്ക്ക് നോക്കിയപ്പോൾ അതിലെ വിടവുകളിലൂടെ മിന്നാമിനുങ്ങിനെപ്പോലെ തിളക്കമുള്ള രണ്ടു് തുളകൾ കണ്ടു.
'എന്താണിതെന്ന് അറിയണം' എന്നു പറഞ്ഞ് അവളൊരു കൂർത്ത മുള്ളെടുത്ത് മൺപുറ്റ് തോണ്ടാൻ തുടങ്ങി. സുന്ദരിയായ ഒരുവള്‍ മൺപുറ്റിൽ തൊട്ടപ്പോൾ അതറിഞ്ഞ ച്യവനൻ ‘എന്താണ് ചെയ്യുന്നത്? ദൂരെപ്പോവൂ ഞാനൊരു താപസനാണ്. മുള്ളു കൊണ്ടു് ഈ മൺപുറ്റ് പൊളിക്കരുത്.’ എന്നദ്ദേഹം വിളിച്ചു പറഞ്ഞു.
മുനി പറഞ്ഞത് വകവയ്ക്കാതെ സുകന്യ മുള്ളുകൊണ്ടു് ആ വല്മീകത്തിലെ തിളങ്ങുന്ന തുളകൾ കുത്തിക്കീറി. അവ പാവം മുനിയുടെ കണ്ണുകളായിരുന്നു.
ദൈവഹിതമെന്നോ കാലദോഷമെന്നോ പറയട്ടേ ആ കുട്ടികള്‍ കുറച്ചൊന്നു ശങ്കിച്ചു നിന്ന ശേഷം അവരുടെ കളികൾ തുടർന്നു. കണ്ണിൽ മുളളു കൊണ്ടപ്പോൾ വേദനയും കോപവും കൊണ്ട് മുനിയൊന്നു വിറച്ചു. അപ്പോഴേക്കും രാജാവിന്റെ ആന, കുതിര, കാലാൾ, പടകൾക്കും മറ്റ് മൃഗങ്ങൾക്കും മന്ത്രിമാർക്കും രാജാവിനും പോലും മലമൂത്രതടസ്സം അനുഭവപ്പെട്ടു. രാജാവ് അസ്വസ്ഥനായി. തന്റെ രാജ്യത്ത് ഇങ്ങിനെയൊരു കാര്യമുണ്ടാവാൻ എന്താണ് കാരണം എന്നദ്ദേഹം ചിന്താകുലനായി.
'ആരാണ് എന്റെ നാട്ടില്‍ ദുഷ്കൃതം ചെയ്തത്? അല്ലെങ്കില്‍ ഇങ്ങിനെയൊരവസ്ഥ നാട്ടില്‍ ഉണ്ടാവുകയില്ല. തടാകത്തിന്റെ പടിഞ്ഞാറേകരയില്‍ മഹാനായ ച്യവനൻ തപസ്സ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ആരെങ്കിലും ദുഖിപ്പിച്ചിട്ടുണ്ടാവും. അതാവും രാജ്യത്തിലെ എല്ലാവര്‍ക്കും ഇങ്ങിനെയൊരു ദുര്യോഗമുണ്ടാവാൻ കാരണം. അറിഞ്ഞോ അറിയാതെയോ മഹാത്മാക്കളെ ദ്രോഹിച്ചാൽ നാടിന്റെ ഗതി ഇതാണ്.'
വേദനകൊണ്ടു് വലഞ്ഞ സൈനികർ പറഞ്ഞു:  'പ്രഭോ ഞങ്ങൾ മനസാ വാചാ കർമ്മണാ മുനിയെ അനാദരിച്ചിട്ടില്ല. മറ്റാരും അങ്ങിനെ ചെയ്തതായി കേട്ടതുമില്ല.'