Devi

Devi

Tuesday, October 24, 2017

ദിവസം 295 ശ്രീമദ്‌ ദേവീഭാഗവതം. 11-10 ഭസ്മനിർമ്മാണവിധി

ദിവസം 295   ശ്രീമദ്‌ ദേവീഭാഗവതം. 11-10 ഭസ്മനിർമ്മാണവിധി

ആഗ്നേയം ഗൗണമജ്ഞാനധ്വംസകം ജ്ഞാനസാധകം
ഗൗണം നാനാവിധം വിദ്ധി ബ്രഹ്മൻ ബ്രഹ്മവിദാം വര
അഗ്നിഹോത്രാഗ്നിജം തദ്വദ്വിരജാനലജം മുനേ
ഔപാസനമുത്പന്നം സമിദഗ്നിസമുദ്ഭവം

ശ്രീ നാരായണൻ പറഞ്ഞു. ഗുണമയമായ ഭസ്മം അജ്ഞാനത്തെ നശിപ്പിക്കുന്നതും ജ്ഞാനത്തെ ഉണർത്തുന്നതുമാണ്. അത് പല വിധത്തിൽ ഉണ്ട്. അഗ്നിഹോത്രം നടത്തിയ അഗ്നിയിൽ നിന്നുമെടുത്തതും വിരജാഗ്നിയിൽ നിന്നും ഉണ്ടായതും ഔപാസനത്തീയിൽ നിന്നെടുത്തതും സമിദഗ്നിയിൽ നിന്നുള്ളതും അടുപ്പിൽ നിന്നെടുത്തതും ദാവാഗ്നിയിൽ നിന്നെടുത്തതും ഗൗണഭസ്മമാണ്.

മൂന്നു വർണ്ണങ്ങളിൽപ്പെട്ടവർ അഗ്നിഹോത്രജവും വിരജാഗ്നിജന്യവുമായ ഭസ്മം ധരിക്കണം. ഗൃഹസ്ഥർ ഔപാസനാഗ്നീ ഭസ്മമാണ് ധരിക്കേണ്ടത്. ബ്രഹ്മചാരികൾ ഹോമാഗ്നിയിൽ നിന്നുമുള്ള സമദഗ്നി ഭസ്മവും ശൂദ്രർ വേദാർഹരായ ബ്രാഹ്മണരുടെ അടുപ്പിൽ നിന്നെടുത്ത ഭസ്മവും ധരിക്കണം. മറ്റുള്ള എല്ലാർക്കും കാട്ടുതീയിൽ നിന്നുണ്ടാവുന്ന ദാവാഗ്നി ഭസ്മം ധരിക്കാം.

മേടമാസത്തിലെ ചിത്രാപൗർണ്ണമി ദിവസമാണ് വിരജാഹോമം നടത്തി ഭസ്മം ശേഖരിക്കാൻ ഉത്തമം. അത് സ്വഗൃഹത്തിലോ ക്ഷേത്രത്തിലോ പൂന്തോട്ടങ്ങളിലോ വച്ച് ചെയ്യാവുന്നതാണ്. പൗർണ്ണമാസിക്ക് മുൻപുള്ള ത്രയോദശി ദിവസം കുളിച്ച് അഗ്നിയെയും ഗുരുവിനെയും വന്ദിച്ച് ശുഭ്രവസ്ത്രം ധരിച്ച് വിശേഷാൽ പൂജകൾ ചെയ്യുക.  വെളുത്ത പൂണൂലും വെള്ള മാലയും ധരിക്കണം. സുഗന്ധചന്ദനം പൂശി കിഴക്കോട്ടോ വടക്കോട്ടോ ദർശനമായിരുന്ന് ദർഭ കൈയിൽ പിടിച്ച് പ്രാണായാമസഹിതം ദേവതാ ധ്യാനം ചെയ്യുക.  "ഞാനീ വ്രതം അനുഷ്ഠിക്കുന്നു" എന്ന സങ്കൽപ്പദീക്ഷ വരിക്കുക. മരണപര്യന്തം, അല്ലെങ്കിൽ പന്ത്രണ്ടു വർഷം ,അല്ലെങ്കിൽ ആറ് വർഷം ,പന്ത്രണ്ട് മാസം, ആറ് മാസം, മൂന്നു മാസം, ഒരു മാസം, പന്ത്രണ്ടു ദിവസം, ആറു ദിവസം മൂന്നു ദിവസം, അല്ലെങ്കിൽ ഒരു ദിവസം, ഞാനീ വ്രതം നടത്തുമെന്ന് ഉചിതം പോലെ സങ്കൽപ്പിക്കുക.

പിന്നെ വിധിയാംവണ്ണം വിരജാഗ്നിയുണ്ടാക്കി അതിൽ നെയ്യ്, ചമത, പായസം എന്നിവ ഹോമിക്കണം. സാധകനിൽ തത്വശുദ്ധിയുണ്ടാവാനാണ് പൗർണ്ണമിക്ക് മുൻപേ ഈ ഹോമം ചെയ്യുന്നത്. ആദ്യം മൂലമന്ത്രം കൊണ്ട് ഹോമിച്ച് പിന്നീട് പൃഥ്വീതത്വം തുടങ്ങിയ നാമങ്ങൾ ചൊല്ലി "ഈ ഹോമം കൊണ്ട് എന്റെ ദേഹതത്വങ്ങൾ ശുദ്ധീകരിക്കപ്പെട്ടെ" എന്നു സങ്കൽപ്പിക്കുകയാണ് ചെയ്യുന്നത്. ആയിരത്തെട്ട് ഉരുവാണ് ഈ മന്ത്രങ്ങൾ ജപിക്കേണ്ടത്. പഞ്ചഭൂതങ്ങൾ, അവയുടെ തന്മാത്രകൾ, അഞ്ചു കർമേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, ത്വക് തുടങ്ങിയ സപ്തധാതുക്കൾ, പഞ്ചവായുക്കൾ, മനോബുദ്ധി അഹങ്കാരങ്ങൾ, ത്രിഗുണങ്ങൾ,  പുമാൻ, പ്രകൃതി, രാഗം, വിദ്യ, കാലം, നിയതി കല, മായ, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ, ശിവതത്വം,ശക്തി, ഇവയാണ് തത്വങ്ങൾ .

വിരജാമന്ത്രങ്ങൾ ജപിച്ച് ഹോമം ചെയ്താൽ സാധകനിലെ രജസ്സ് നശിക്കും. പിന്നെ പഞ്ചാക്ഷരി ജപിച്ച് ചാണകമുരുട്ടി അഗ്നിയിലിടുക. അന്ന് ഹവിസ്സ് മാത്രം ആഹരിച്ച് അഗ്നിയെ സംരക്ഷിക്കുക. പിറ്റേ ദിവസവും അതായത് പതിന്നാലാം ദിവസം (ചതുർദശി ) അതുപോലെ തന്നെ നിരാഹാരനായി കഴിയണം. പൗർണ്ണമിക്ക് ശുദ്ധനായി ഹോമം അവസാനിപ്പിച്ച് ഭസ്മം ശേഖരിക്കുക. പിന്നീട് കുളിക്കാം. ശിഖാധാരിയോ ജടാധാരിയോ മുണ്ഡനോ ആയാലും ലജ്ജ വിട്ടവനാണെങ്കിൽ ദിഗംബരനോ ആയാലും കുഴപ്പമില്ല. അല്ലെങ്കിൽ കാവിമുണ്ട്, മരത്തോൽ, എന്നിവയുടുക്കാം. ദണ്ഡും മേഖലയും ധരിച്ച് കാൽ കഴുകി രണ്ടു തവണ ആചമിച്ച് വിരജാഭസ്മം കയ്യിലെടുത്ത് പൊടിച്ച് അഗ്നി മുതലുള്ള ആറ് അഥർവ്വണ മന്ത്രങ്ങൾ ജപിച്ച് മൂർദ്ധാവ് മുതൽ പാദം വരെ ക്രമത്തിൽ തൊടുക. പിന്നെ ദേഹമാസകലം ഭസ്മലേപനം ചെയ്യാം. ആ സമയത്ത് പ്രണവമോ ശിവപഞ്ചാക്ഷരിയോ ജപിക്കുക. പിന്നെ പൂണൂൽ ധരിക്കാം.

ശിവഭാവം സ്വയം ഭാവന ചെയ്ത് ശിവനെപ്പോലെ ഇരിക്കുക. മൂന്നു സന്ധ്യകളിലും ഇതാവർത്തിക്കുന്നത് പാശുപതവ്രതമാണ്. പാശുപതം അനുഷ്ഠിക്കുന്നവന് ഭുക്തിയും മുക്തിയും ലഭിക്കും. അവനിലെ മൂഢത്വം പോയി അവന്‍ സകലര്‍ക്കും പൂജനീയനാവും. അവൻ ലിംഗമൂർത്തിയായ സദാശിവനാകുന്നു. സകല സൗഖ്യങ്ങളും പ്രദാനം ചെയ്യുന്ന ഭസ്മസ്നാനം അതീവ പുണ്യപ്രദമത്രേ. ആയുർബലങ്ങളും ശ്രീയും മംഗളവും സമ്പത്തും ലഭിക്കാൻ ഇപ്രകാരം ഭസ്മസ്നാനം ചെയ്താൽ മതി. സർവ്വാംഗം ഭസ്മം പൂശിയവനെ മഹാമാരികൾ ബാധിക്കയുമില്ല.

ഭസ്മങ്ങൾ ശാന്തികം, പുഷ്ടികം, കാമദം എന്നിങ്ങിനെ മൂന്ന് വിധമാണ്.

No comments:

Post a Comment