Devi

Devi

Monday, January 30, 2017

ദിവസം 224. ശ്രീമദ്‌ ദേവീഭാഗവതം. 9. 2. പഞ്ചപ്രകൃതി സംഭവം

ദിവസം 224.  ശ്രീമദ്‌ ദേവീഭാഗവതം. 9. 2. പഞ്ചപ്രകൃതി സംഭവം

സമാസേന ശ്രുതം സർവ്വം ദേവീനാം ചരിതം പ്രഭോ
വിബോധനായ ബോധസ്യ വ്യാസേന വക്തുമർഹസി
സൃഷ്ടേരാദ്യാ സൃഷ്ടിവിധൌ കഥമാവിർബഭുവ ഹ
കഥം വാ പഞ്ചധാ ഭൂതാ വദ വേദവിദാം വര

നാരദൻ പറഞ്ഞു: അങ്ങ് പറഞ്ഞു കേട്ടിട്ട് ദേവീചരിതം  കുറച്ചു വിസ്തരിച്ചുതന്നെ കേൾക്കണമെന്ന് എന്നിലാഗ്രഹം വന്നിരിക്കുന്നു. എന്റെ ബോധം വികസിച്ചു വളരാൻ അത് മൂലം സാധിക്കട്ടെ. സൃഷ്ടിക്കു മുൻപേ എങ്ങിനെയാണാ  ദേവി ഉണ്ടായത്? അവളെങ്ങിനെ അഞ്ചു ഭാവങ്ങളിൽ അവതരിച്ചു? ത്രിഗുണാത്മികയായ ദേവിയുടെ കലാംശങ്ങളായി പിറന്ന അംശദേവതമാരുടെ ചരിതങ്ങളും പറഞ്ഞു തന്നാലും. അവരെങ്ങിനെ സംജാതരായി എന്നും അവരെ പൂജിക്കേണ്ട ക്രമം എന്തെന്നും എനിക്കുവേണ്ടി വർണ്ണിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: ആത്മാവ്, നഭസ്സ്, കാലം, ദിക്ക് എന്നിവ നിത്യമാണ്. നിത്യമെന്നാൽ പ്രാകൃതപ്രളയപര്യന്തം  നില നിൽക്കുന്നത് എന്നർത്ഥം. വാസ്തവത്തിൽ ആത്യന്തികമായി ശാശ്വതമായുള്ളത് പരമാത്മാവു മാത്രമാണ്.

വിശ്വഗോളവും ഗോലോകവും നിത്യമാണ് മാമുനേ. ഗോലോകത്തിനു താഴെയുള്ള വൈകുണ്ഡവും നിത്യമാണ്. ബ്രഹ്മലീലയാകുന്ന പ്രകൃതിയും സനാതനിയാണ്. തീയിൽ ചൂടെങ്ങിനെയോ ചന്ദ്രനിലും താമരയിലും പ്രഭയെങ്ങിനെയോ അതുപോലെ ആത്മാവും പ്രകൃതിയും അഭിന്നമായി നിലകൊള്ളുന്നു. സ്വർണ്ണമില്ലെങ്കിൽ തട്ടാന് കുണ്ഡലം പണിയാനാവില്ല. മണ്ണില്ലാതെ കുലാലന് കുടവുമുണ്ടാക്കാനാവില്ല.

ആത്മാവിന് പ്രകൃതിയെക്കൂടാതെ സൃഷ്ടി ചെയ്യാനാവില്ല. ശക്തി എന്ന വാക്കിൽ ‘ശ’ ഐശ്വര്യത്തെയും ‘ക്ത’ എന്നത് പരാക്രമത്തേയും സൂചിപ്പിക്കുന്നു. ജ്ഞാനം, സമൃദ്ധി, സമ്പത്ത്, യശസ്സ്, ബലം, എന്നിവയാണ് ‘ഭഗ’ങ്ങൾ. ഇവയുള്ള ശക്തി ‘ഭഗവതി’യാകുന്നു. ഭഗവതിയോടു ചേർന്നിരിക്കുന്നതിനാൽ പരമാത്മാവിനെ ‘ഭഗവാൻ’ എന്നു വിളിക്കുന്നു.

യോഗികൾ തേജോമയവും നിരാകാരവുമായ ഭഗവദ് ഭാവത്തെ ധ്യാനിക്കുന്നു. എന്നാൽ വൈഷ്ണവർ ഭഗവാന്റെ അദൃശ്യരൂപത്തെ സച്ചിദാനന്ദമായോ പരബ്രഹ്മമായോ സർവ്വസ്വരൂപനായോ കണക്കാക്കുന്നില്ല. തേജസ്വിയായൊരാളില്ലെങ്കിൽ തേജസ്സിന് സാംഗത്യമില്ല എന്നവർ വാദിക്കുന്നു.

തേജോമണ്ഡലമധ്യസ്ഥനും, ബ്രഹ്മതേജോമയനും, പരനും, സ്വേച്ഛാമയനും, സർവ്വസ്വരൂപനും, സർവ്വകാരണനും, സുന്ദരസ്വരൂപനും, കോമളവിഗ്രഹനും, കിശോരപ്രായനും, ശാന്തനും, കാന്തനും, പരാത്പരനും, ശ്യാമളകോമളനും, ശരത്കാലമദ്ധ്യാഹ്ന്നത്തിൽ വിടർന്നു വിലസുന്ന താമരത്താരിന്റെ ശോഭയോലുന്ന കൺകളുള്ളവനും, തൂമുത്തൊളി ചിന്നുന്ന ദന്തശോഭയുള്ളവനും, മനോഹരനും, പീലിത്തിരുമുടിക്കെട്ടുള്ളവനും, മാലതീമാല കഴുത്തിലണിഞ്ഞവനും, അഴകാർന്ന മൂക്കുള്ളവനും, പുഞ്ചിരി തൂകുന്നവനും, അഴകു  നിറഞ്ഞവനും, അനുഗ്രഹദായകനും, ജാജ്വല്യമാർന്ന മഞ്ഞപ്പട്ടുടയാട ധരിച്ചവനും, കൈയിൽ ഓടക്കുഴൽ പിടിച്ചവനും, രത്നഭൂഷണാലങ്കാരങ്ങൾ അണിഞ്ഞവനും, എല്ലാത്തിനും ആധാരമായിരിപ്പവനും, സർവ്വേശനും, സർവ്വശക്തനും, വിഭുവും, സർവ്വൈശ്വര്യപ്രദനും, സർവ്വമംഗളകാരകനും, സർവ്വസ്വതന്ത്രനും, പരിപൂർണ്ണനും, സിദ്ധനും, ദേവദേവനും, സനാതനനും, ജന്മമൃത്യുജരാവ്യാധിശോകഭീതികളെ ഇല്ലാതാക്കുന്നവനും, പരമപുരുഷനുമായാണ് വൈഷ്ണവർ ഭഗവാനെ ഉപാസിക്കുന്നത്. ബ്രഹ്മാവിന്റെയൊരു വർഷം ഭഗവാന്റെ ഒരു നിമിഷം മാത്രം.

പരമാത്മാവും പരബ്രഹ്മവും ആയുള്ള ഭഗവാൻ കൃഷ്ണനാണ്. ‘കൃഷ്’ എന്ന വാക്ക് ഭക്തിയെ ദ്യോതിപ്പിക്കുന്നു. ‘ന’ എന്നത് ദാസ്യത്തെ സൂചിപ്പിക്കുന്നു. ഭക്തിദാസ്യങ്ങൾ നൽകുന്നവനാണ് കൃഷ്ണൻ. ‘കൃ’ എന്നാൽ സർവ്വം.  ‘ന’ എന്നത് ബീജാക്ഷരമാണ്. സർവ്വത്തിനും ബീജമായിരിക്കുന്നത് കൃഷ്ണനാണ് എന്നർത്ഥം.

സൃഷ്ടിവാഞ്ഛയുമായി ആ പരമപുരുഷൻ ഇടത്തേഭാഗം സ്ത്രീയായും വലതുഭാഗം പുരുഷനായും സ്വയം രൂപം കൊണ്ടു. സനാതനനായ പരൻ കാമേശ്വരിയെ കണ്ട് സകാമിയായി. അഴകാർന്ന താമരപ്പൂപോലെ വിടർന്നുല്ലസിച്ചു നില്ക്കുന്ന കാമാധാരയെ അദ്ദേഹം സൂക്ഷിച്ചു നോക്കി. ചന്ദ്രബിംബം തോൽക്കുന്ന നിതംബദ്വയങ്ങൾ, വാഴത്തട പോലെ അഴകാർന്ന തുടകൾ. നല്ല കൂവളക്കായ പോലുള്ള സ്തനദ്വയങ്ങൾ, പൂമാലകളും വല്ലികളും അലങ്കാരമാക്കിയ അവളുടെ അരക്കെട്ട് കൃശമാണ്.  മനോഹരമായ പുഞ്ചിരി, അഗ്നിപോലെ ശുദ്ധമായ പട്ടാണ് അവളുടുത്തിരിക്കുന്നത്. ഇടക്കണ്ണിട്ടുള്ള നോട്ടം, രത്നഭൂഷകൾ. കോടി ചന്ദ്രബിംബം തോൽക്കുന്ന കാന്തിയോലുന്ന ശ്രീകൃഷ്ണമുഖചന്ദ്രനെ കണ്ടു കൊതിയാർന്നു നില്കുകയാണവൾ. നെറ്റിമേൽ കസ്തൂരിക്കുറി, ചന്ദനപ്പൊട്ട്, സിന്ദൂരം എന്നിവ ധരിച്ച് അതിസുന്ദരിയായി വിളങ്ങുകയാണവൾ. കോടിചന്ദ്രപ്രഭാസമമാണവളുടെ മുഖശോഭ. നടപ്പിൽ രാജഹംസവും ആനയും അവളോട് തോൽവി സമ്മതിച്ചു മാറിനില്ക്കും.

അങ്ങിനെയുള്ള അവളെക്കണ്ട് ആകൃഷ്ടനായ കാമേശ്വരൻ അവളുമായി രാസക്രീഡയിൽ ഏർപ്പെട്ടു. രാസമണ്ഡലത്തിൽ രാസേശ്വരൻ ശൃംഗാരത്തിന്റെ മൂർത്തിമദ്ഭാവമായി അനേകം ബ്രഹ്മദിനങ്ങൾ രാസക്രീഡയിൽ മുഴുകി സുഖാനുഭൂതിയിൽ സ്വയം വിലയിച്ചു കഴിഞ്ഞു. ഒടുവിൽ സുരതാന്തത്തിൽ പരിക്ഷീണനായി  ഭഗവാന്‍ അവളിൽ വീര്യാധാനം നടത്തി.

അവളുടെ ദേഹത്തുനിന്നും സുരതാന്ത തളർച്ചയിൽ വിയർപ്പൊഴുകിവീണു. അവളിൽനിന്നും പുറത്തുവന്ന ശ്രമജലം വിശ്വഗോളത്തിൽ നിറഞ്ഞു. വരുണൻ വിയർപ്പിന്റെ അധിദേവതയായി. അവന്റെ വാമഭാഗത്തുനിന്നും വരുണാനി ഉണ്ടായി.

ഹരിയുടെ മാരപരാക്രമത്തിൽ ക്ഷീണിതയായ അവൾ നെടുവീർപ്പിട്ടു. ചുടുനെടുവീർപ്പുകൾ ജീവജാലങ്ങൾക്കുള്ള നിശ്വാസവായുവായി. വായു ഉടലാണ്ട് അവന്റെ ഇടതുഭാഗത്തുനിന്ന് അവനൊരു പത്നിയുണ്ടായി വന്നു.  അവർക്ക് പഞ്ചപ്രാണങ്ങൾ പുത്രൻമാരുമായി. പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ എന്നിവയാണീ അഞ്ചു പേർ.

കൃഷ്ണന്റെ ചിച്ഛക്തിസ്വരൂപയായി ദിവ്യഗർഭം പേറി അവൾ നൂറു മന്വന്തരം കഴിഞ്ഞു. കൃഷ്ണപ്രാണപ്രേയസിയും കൃഷണസംഗിനിയുമായി അവൾ കൃഷ്ണന്റെ മാറിൽത്തന്നെ കുടിയിരുന്നു. നൂറു മന്വന്തരം കഴിഞ്ഞ് അവൾ സ്വർണ്ണാഭമായ ഒരു മാംസപിണ്ഡത്തെ പ്രസവിച്ചു. അതിനെകണ്ട് വിഷാദംപൂണ്ട ദേവി മാംസപിണ്ഡത്തെ ആഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു.

ദേവിയാ ഡിംഭത്തെ വലിച്ചെറിഞ്ഞതിനാൽ ഭഗവാൻ അവളെ ശപിച്ചു. “കഷ്ടം, കഷ്ടം, കോപശീലേ, നിഷ്ഠൂരേ, നിനക്കിനി സന്താനങ്ങൾ ഉണ്ടാവാതെ പോകട്ടെ. നിന്റെ അംശസംഭൂതരായ ദേവസത്രീകൾക്കും അങ്ങിനെ തന്നെ സംഭവിക്കട്ടെ. അവരെല്ലാം നിത്യയൗവനകളും അനപത്യരും ആയിത്തീരട്ടെ.”

അപ്പോൾ ദേവിയുടെ നാവിൻതുമ്പത്തു നിന്നും മനോജ്ഞയായ ഒരു കന്യക ആവിർഭവിച്ചു. വെളുത്ത നിറം. ശുഭ്രവസ്ത്രം. കയ്യിൽ വീണയും പുസ്തകവുമുണ്ട്. രത്നഭൂഷണങ്ങൾ ധരിച്ച ആ കന്യക സർവ്വശാസ്ത്രങ്ങൾക്കുമധിദേവതയായി വിളങ്ങി. കാലാന്തരത്തിൽ അവളും രണ്ടായി. ഇടത് ഭാഗം ലക്ഷ്മി, വലത് ഭാഗം രാധ. അപ്പോൾ ശ്രീകൃഷ്ണനും രണ്ടായിത്തീര്‍ന്നു. വലതു ഭാഗം രണ്ടു കയ്യുള്ള രൂപവും. ഇടത് ഭാഗം നാല് കൈകളോടുകൂടിയ രൂപവുമായി. കൃഷ്ണൻ വാണീദേവിയോട് ചതുർഭുജപത്നിയാവാൻ നിർദ്ദേശിച്ചു. ഭഗവാന്‍ ലക്ഷ്മീദേവിയേയും നാരായണന് തന്നെ നല്കി. ചതുർബാഹുവായ നാരായണൻ ദേവിമാരോടുകൂടി വൈകുണ്ഡത്തിലേയ്ക്ക് പോയി. രാധ കൃഷ്ണന്റെ കൂടെത്തന്നെ നിന്നു.

രാധാംശത്തിൽ നിന്നും ജനിച്ച രണ്ടുദേവിമാർക്കും കുട്ടികളുണ്ടായില്ല. എന്നാൽ നാരായണന്റെ അംശമായി ചതുർഭുജരായ പാർഷദൻമാർ തേജസ്സിലും രൂപഗുണങ്ങളിലും ഹരിക്ക് തുല്യരായി ഉണ്ടായി. ലക്ഷ്മീദേവിയുടെ അംഗങ്ങളിൽ നിന്നും ദാസീകോടികൾ ഉണ്ടായി. പിന്നെ ഗോലോകനാഥനായ ശ്രീകൃഷ്ണന്റെ രോമകൂപങ്ങളിൽ നിന്നും എണ്ണമറ്റ ഗോപൻമാരും ഉണ്ടായി. അവർ കൃഷ്ണനു സമാനരായിരുന്നു. അവർ ഭഗവാന്റെ പാർഷദന്മാരായി. രാധയുടെ രോമകൂപങ്ങളിൽ നിന്നാണ് അനേകം ഗോപികമാർ ഉണ്ടായത്. അവരും രാധയ്ക്ക് തുല്യരായിരുന്നു. നിറയൗവനം പൂണ്ട ആ സുന്ദരിമാരും പരമപുരുഷശാപത്താൽ അനപത്യരായിരുന്നു.

പെട്ടെന്ന് മൂലപ്രകൃതിയിൽ നിന്നും കൃഷ്ണദേവതയായ ദുർഗ്ഗ ഉദ്ഭൂതയായി. അവളാണ് ശക്തിസ്വരൂപിണിയായ വിഷ്ണുമായ. കൃഷ്ണന്റെ ബുദ്ധ്യധിഷ്ഠാനദേവതയാണവൾ. നാരായണിയും ഈശാനയും സർവ്വശക്തയുമാണ് ശ്രീദുർഗ്ഗ. എല്ലാ ദേവികൾക്കും ബീജമാണവൾ. ത്രിഗുണാത്മികയും സമ്പൂർണ്ണയുമായ അവൾ തേജോരൂപിണിയായ ഈശ്വരിതന്നെയാണ്. കാച്ചിയ പൊന്നിന്റെ കാന്തിയോലുന്ന പ്രഭയാണവൾക്ക്. കോടിസൂര്യപ്രഭയാണവളുടെ തേജസ്സിന്. ആയിരം കൈകളാണവൾക്ക്. സദാ പുഞ്ചിരി തൂകുന്ന മുഖത്ത് മൂന്നു കണ്ണുകളുണ്ട്. തീപോൽ തിളങ്ങുന്ന ശുഭ്രപട്ടാംബരവും രത്നഭൂഷകളും അവൾക്ക് സൗന്ദര്യമേറ്റുന്നു. എല്ലാ സ്ത്രീകളും അവളുടെ അംശകലകളായാണ് ജനിക്കുന്നത്. സർവ്വപ്രാണികളും അവളുടെ മായക്കധീനരാണ്.

ഗൃഹസ്ഥർക്ക് അവൾ കാമിതങ്ങളെ നൽകുന്നു. അവര്‍ക്ക് കൃഷ്ണഭക്തിയും നൽകുന്നു. വൈഷ്ണവർക്ക് അവൾ വൈഷ്ണവിയാണ്. മുമുക്ഷുക്കൾക്ക് മോക്ഷം, സുഖേച്ഛുക്കൾക്ക് സൗഖ്യം, എന്നിവ നൽകുന്നതവളാണ്. സ്വർഗ്ഗത്തിലെ സ്വർഗ്ഗലക്ഷ്മിയും വീട്ടിലെ ഗൃഹലക്ഷ്മിയും അവളാകുന്നു. താപസരിലെ തപസ്സ്, രാജാക്കൻമാരിലെ ഐശ്വര്യം, അഗ്നിയിലെ ദാഹകശക്തി, സൂര്യനിലെ ദ്യുതി, ചന്ദ്രനിലെയും താമരയിലെയും ശോഭ, ശ്രീകൃഷ്ണനിലെ ശക്തി എന്നിവയെല്ലാം അവൾ തന്നെയാണ്. ആത്മാവ് ശക്തിയാർജ്ജിക്കുന്നത് അവൾ മൂലമാണ്. അവളുടെ അഭാവത്തിൽ ജഗത്ത് ജീവച്ഛവമായിത്തീരും.

സംസാരവൃക്ഷത്തിന്റെ ബീജം, സ്ഥതി, വൃദ്ധി, ഫലം, എന്നീ രൂപഭാവങ്ങൾ ഇവളാണ്. അവൾ സർവ്വേശ്വരനെ സ്തുതിച്ചു നിൽക്കവേ ഭഗവാൻ അവൾക്കൊരു രത്നസിംഹാസനം നല്കി. അപ്പോൾ പത്മനാഭന്റെ പൊക്കിൾക്കൊടിയിൽ നിന്നും നാന്മുഖൻ സാവിത്രീസമേതനായി ആവിർഭവിച്ചു. കമണ്ഡലു കൈയിലേന്തിയ ചതുർമുഖൻ തന്റെ നാലുമുഖങ്ങളാലും രാധികേശനായ ഭഗവാനെ സ്തുതിച്ചുവന്ദിച്ചു.

തീപോലെ തെളിഞ്ഞു ശുഭ്രമായ വസ്ത്രമുടുത്ത് രത്നഭൂഷയണിഞ്ഞ് നൂറു ചന്ദ്രൻമാരുടെ പ്രഭയോടെ വിളങ്ങുന്ന ദേവിയും ശ്രീകൃഷ്ണനെ വാഴ്ത്തി സ്തുതിച്ചു. പെട്ടെന്ന് ശ്രീകൃഷ്ണൻ രണ്ടുരൂപങ്ങളാർന്നു നില്‍പ്പായി. വലതു ഭാഗത്ത് ഗോപിനാഥനും ഇടത് മഹേശ്വരനുമായി ഭഗവാന്‍ നിലകൊണ്ടു.

ശുദ്ധസ്ഫടികസങ്കാശനും, നൂറുകോടി സൂര്യൻമാരുടെ പ്രഭയോലുന്നവനും ത്രിശൂലം, പട്ടിശം, എന്നിവ ധരിച്ചവനും, പുലിത്തോലുടുത്തവനും, സ്വർണ്ണവർണ്ണമുള്ള ദേഹത്തോടുകൂടിയവനും, ജടാഭാരം ധരിച്ചവനും, ഭസ്മവിഭൂഷിതനും, സദാ പുഞ്ചിരി തൂകുന്നവനുമായ ആ ദിഗംബരചന്ദ്രശേഖരൻ സർപ്പഭൂഷണനായി വലതുകരത്തിൽ രത്നമാല ധരിച്ച് നീലകണ്ഠനായി വിളങ്ങുന്നു. അദ്ദേഹം തന്റെ അഞ്ചുമുഖങ്ങളാലും കൃഷ്ണനാമമാലപിക്കുന്നു.

സർവ്വകാരണവും സർവ്വമംഗളകാരിയും ജന്മമൃത്യുജരാശോകവ്യാധി വിനാശകനുമായ പരനെ, കാലകാലനായ കൃഷ്ണനെ സ്തുതിച്ചു കൊണ്ടു് മൃത്യുഞ്ജയനായ പരമശിവൻ ശ്രീഹരിയുടെ മുന്നിൽ ചാരുവായൊരു രത്നസിംഹാസനത്തിൽ ആസനസ്ഥനായി.

Sunday, January 29, 2017

ദിവസം 223. ശ്രീമദ്‌ ദേവീഭാഗവതം. 9. 1. പ്രകൃതിലക്ഷണം

ദിവസം 223.  ശ്രീമദ്‌ ദേവീഭാഗവതം. 9. 1.  പ്രകൃതിലക്ഷണം

ഗണേശ ജനനീ ദുർഗാരാധാലക്ഷ്മീ: സരസ്വതീ
സാവിത്രീ ച സൃഷ്ടിവിധൗ പ്രകൃതി: പഞ്ചധാ സ്മൃതാ
ആവിർബഭൂവ സാ കേന കാ വാ സാ ജ്ഞാനിനാം വര
കിം വാ തല്ലക്ഷണം സാധോ ബഭൂവ പഞ്ചധാ കഥം

ശ്രീ നാരായണൻ പറഞ്ഞു: ‘സൃഷ്ടികാലത്ത് ഗണപതീമാതാവായ ദുർഗ്ഗ, രാധ, ലക്ഷ്മി, സരസ്വതി, സാവിത്രി, എന്നീ അഞ്ച് ദേവിമാർ ചേർന്ന് മൂലപ്രകൃതിയുടെ സ്ഥിതിയായി നിലകൊണ്ടിരുന്നു. ‘

നാരദൻ പറഞ്ഞു: ‘പ്രകൃതി ഇങ്ങിനെ അഞ്ചു ദേവിമാരായി ഉണ്ടാവാനിടയായത് എങ്ങനെയെന്നും അവയുടെ ലക്ഷണവിശേഷങ്ങൾ എന്തെന്നും അറിയാൻ ആഗ്രഹമുണ്ടു്. ഈ അഞ്ചുപേരുടെ അവതാരചരിതങ്ങളും പൂജാവിധികളുമെല്ലാം ഫലസഹിതം പറഞ്ഞു തന്നാലും.’

ശ്രീ നാരായണൻ തുടർന്നു: പ്രകൃതിയുടെ ലക്ഷണം പൂർണ്ണമായും പറയാൻ ആർക്കു കഴിയും? എങ്കിലും ധർമ്മൻ എനിക്ക് പറഞ്ഞു തന്നതായ കാര്യങ്ങൾ ഞാൻ പറയാം. ‘പ്ര' എന്ന ശബ്ദം പ്രകൃഷ്ടത്തെയും ‘കൃതി’ എന്നത് സൃഷ്ടിയെയും വിവക്ഷിക്കുന്നു. ദേവി സൃഷ്ടികർമ്മത്തിൽ അതിപ്രവീണയാണ് എന്നാണിവിടെ പ്രകൃതിയെന്ന വാക്കിലൂടെ ദ്യോതിപ്പിക്കുന്നത്. ‘പ്ര’ എന്ന ശബ്ദം സത്വഗുണത്തെയും ‘കൃ’ എന്ന ശബ്ദം രജോഗുണത്തെയും ‘തി’ എന്നത് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ത്രിഗുണാത്മികയും സൃഷ്ടികർമത്തിൽ പ്രമുഖയുമായി വർത്തിക്കുന്ന ദേവിയാണ് പ്രകൃതി. ‘പ്ര’ എന്നത് പ്രഥമസ്ഥാനത്തെയും സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ആദ്യമായി സൃഷ്ടിയെ സാക്ഷാത്ക്കരിച്ച പ്രകൃതിയെന്ന ദേവി, ‘പ്രധാന’യുമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ പ്രകൃതിയാണ് സംജാതയായത്.

സൃഷ്ടിയുടെ തുടക്കത്തിൽ പരംപൊരുൾ രണ്ടുതരത്തിൽ പ്രകടമായി. പുരുഷനും പ്രകൃതിയുമാണീ രണ്ടുരൂപങ്ങൾ. വലതുപകുതി പുരുഷനും ഇടതുപകുതി സ്ത്രീയും. ബ്രഹ്മസ്വരൂപയും നിത്യയുമാണ് പ്രകൃതി. തീയും ചൂടുമെന്ന പോലെ പരാശക്തിയും പരമാത്മാവും അഭിന്നമാണ്. യോഗീന്ദ്രൻമാർക്ക് സ്ത്രീപുരുഷ ഭേദമില്ലാത്തത് ഈ അഭിന്നഭാവം നിമിത്തമാണ്. എല്ലാം ബ്രഹ്മമയം. ശാശ്വതം, സത്യം, സനാതനം.

സർവ്വതന്ത്ര സ്വതന്ത്രനായ പരംപുരുഷനായി ശ്രീകൃഷ്ണനെ കണക്കാക്കാം. അദ്ദേഹത്തിൽ സൃഷ്ടിവാഞ്ഛയുണ്ടായപ്പോൾ മൂലപ്രകൃതിയായ ദേവി സംജാതയായി. പരമാത്മാവിന്റെ കല്പനപ്രകാരം സൃഷ്ടിചെയ്യാനും ഭക്താനുഗ്രഹം ചൊരിയാനും വേണ്ടിയുണ്ടായ ദുർഗ്ഗ, സ്വയം അഞ്ചു ഭാവങ്ങളിൽ അവതരിച്ചു. ശിവരൂപ, ശിവപ്രിയ, നാരായണി, വിഷ്ണുമായ, പൂർണ്ണബ്രഹ്മസ്വരൂപിണി എന്നീ നാമങ്ങളിലാണ് അവൾ പൂജിക്കപ്പെടുന്നത്. ബ്രഹ്മാദികളും മുനികളും മനുക്കളും ദേവിയെ പൂജിക്കുന്നു. സർവ്വരൂപയും സനാതനയും ആയ ദുർഗ്ഗയാണ്  ഒരു സാധകന് ധർമ്മം, സത്യം, പുണ്യം, കീർത്തി, പ്രസിദ്ധി, മംഗളം എന്നിവയെ നൽകുന്നത്. സുഖം, മോക്ഷം, ആനന്ദം, എന്നിവ നൽകി ശോകത്തെ നശിപ്പിക്കുന്ന ദേവി അഭയവരദയാണ്. ശരണാഗതസംരക്ഷകയും തേജ:സ്വരൂപയും തേജസ്സിന്റെ ഉറവിടവും ദേവിയാണ്.

ഈശ്വരൻ സ്വയം ദേവിയുടെ ശക്തിയാണ്. സിദ്ധൻമാരിലെ സിദ്ധി, ദേവിയാണ്. സിദ്ധസ്വരൂപയും സിദ്ധിപ്രദയുമാണ് ദേവി. ബുദ്ധി, നിദ്ര, ദയ, വിശപ്പ്, ദാഹം, ആലസ്യം, സ്മൃതി, ജാതി, ക്ഷമ, ഭ്രാന്തി, ശാന്തി, കാന്തി, ചേതന, തുഷ്ടി, പുഷ്ടി, ലക്ഷ്മി, ധൃതി, മായ എന്നെല്ലാം അറിയപ്പെടുന്ന ഭാവവിലാസങ്ങളെല്ലാം ദേവി തന്നെയാണ്. ശ്രീകൃഷ്ണപരമാത്മാവിന്റെ ശക്തിയും ദേവിയാകുന്നു.

വേദങ്ങളിൽ ദുർഗ്ഗയുടെ ഗുണഗണങ്ങൾ അനേകം പറയുന്നുണ്ട്. പരമാത്മാവിന്റെ സത്വസ്വരൂപിണിയാണ് ലക്ഷ്മി. താമരപ്പൂവിൽനിന്നും സംജാതയായ ദേവിയിൽ സർവ്വസമ്പത്തും ഐശ്വര്യവും അടങ്ങിയിരിക്കുന്നു. സുന്ദരിയും ശാന്തയും ശുഭയുമാണവൾ. ഇന്ദ്രിയങ്ങളെ ജയിച്ചവളും പതിവ്രതയും ലോഭമോഹാദി ദോഷങ്ങൾ ഇല്ലാത്തവളും ഭഗവാന്റെ പ്രാണപ്രിയയുമാണ് ലക്ഷ്മി. സർവ്വ സസ്യജാലങ്ങൾക്കും പ്രാണനേകുന്നത് ദേവിയാണ്. പ്രാണികളിലെ പ്രാണനാണവൾ. വൈകുണ്ഠത്തിൽ ഭഗവാന്റെ പാദസേവ ചെയ്യുന്ന പ്രിയപത്നിയുമാണ് ദേവി.

സകല പ്രാണികളിലും പ്രഭാസിച്ചു കാണുന്ന ശോഭ ദേവിയുടേതാണ്. രാജാക്കൻമാരിലുള്ള ഐശ്വര്യത്തിനു നിദാനം ദേവിയാണ്. കച്ചവടക്കാരിൽ അവൾ വാണിജ്യരൂപത്തിൽ തിളങ്ങുന്നു. പാപികളിൽ അവൾ കലഹരൂപത്തിലാണ്. ഗൃഹത്തിൽ അവൾ ഗൃഹലക്ഷ്മിയാകുന്നു. ചരാചരങ്ങളിലുള്ള ശോഭ അവളാണ്. ദയാമയിയാണവൾ. വേദങ്ങൾ പ്രകീർത്തിക്കുന്നത് അവളെയാണ്. ബുദ്ധി, വിദ്യ, വാക്ക്, ജ്ഞാനം, എന്നിവയുടെ അധിഷ്ഠാനദേവതയാണവൾ. മനുഷ്യരിൽ കവിതയും മേധാശക്തിയും പ്രതിഭയും സ്മൃതിയും നിറച്ചതവളാണ്. വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയാണവൾ.

ന്നനാർത്ഥഭേദങ്ങൾ നിറഞ്ഞ ശാസ്ത്രഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനം നൽകുന്നതവളാണ്. സർവ്വ സംശയങ്ങളും നിവർത്തിക്കുന്ന ബോധമാണവൾ. മനുഷ്യനെ ചിന്തിപ്പിക്കുന്നതും അവനെ ഗ്രന്ഥരചനയ്ക്ക് കഴിവുറ്റവനാക്കുന്നതും ദേവിയാണ്. സ്വര,ഗീത,ശ്രുതി,ലയ,താളങ്ങൾക്ക് നിദാനമായി നില്ക്കുന്നതും ദേവിതന്നെയാണ്. വിക്ഷയജ്ഞാനവും അത് സംവദിക്കാനാവശ്യമായ വാക്കുകളും ദേവിയാണ്. വ്യാഖ്യാനവും വാക്കും അർത്ഥവും വാദവും ദേവിയാണ്. വീണാപുസ്തകധാരിണിയാണവൾ.

സുശീലയും ശുദ്ധസത്വാത്മാവും ഹരിപ്രിയയും പ്രശാന്തയുമായ ദേവി നറുമഞ്ഞിന്റെ വെണ്മയും ചന്ദനം, മുല്ല, പനിമതി, വെളളാമ്പൽ, താമര, എന്നിവയുടെ നൈർമ്മല്യവും കാന്തിയും ചേർന്നു വിലസുന്നു. ശ്രീകൃഷ്ണപരമാത്മാവിനെ അവൾ മാലയിട്ടു പൂജിക്കുന്നു. താപസർക്ക് അവൾ തപോഫലം നൽകുന്നു. സർവ്വസിദ്ധിപ്രദായിനിയാണ് ദേവി. മുനിവര്യൻമാർപോലും ദേവിയുടെ അഭാവത്താൽ മൂകരും മൃതപ്രായമൂഢരുമായിപ്പോകും.

ഇനി വേദങ്ങൾ വാഴ്ത്തുന്ന സാവിത്രീദേവിയെക്കുറിച്ച് പറയാം. നാലു വർണ്ണങ്ങൾക്കവൾ മാതാവാണ്. സന്ധ്യാവന്ദനം, തന്ത്രങ്ങൾ, ഛന്ദസ്സുകൾ, വേദങ്ങൾ, എന്നിവയുടെ ഉറവിടം സാവിത്രിയാണ്. ദ്വിജസ്വരൂപ, ബ്രഹ്മതേജ:സ്വരൂപിണി, സർവ്വസംസ്കാരസമ്പന്ന, ജപരൂപ, തപസ്വിനി എന്നിങ്ങിനെ പ്രകീർത്തിതയായ സാവിത്രീ ദേവി തന്നെയാണ് ഗായത്രി . തീർത്ഥങ്ങൾപോലും ആത്മശുദ്ധിക്കായി അവളുടെ സ്പർശനം ആഗ്രഹിക്കുന്നു. ശുദ്ധസ്ഫടികതുല്യയും ശുദ്ധസത്വസ്വരൂപയും സനാതനിയും, പരബ്രഹ്മസ്വരൂപയും, മുക്തിപ്രദായിനിയും ബ്രഹ്മതേജസ്സിന്റെ ശക്ത്യധിഷ്ഠാനവും അവിടുന്നാണ്. അവിടുത്തെ പാദധൂളികൾ വിശ്വത്തെ നിർമലമാക്കുന്നു.

ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് രാധ. പഞ്ചപ്രാണങ്ങൾക്കും നാഥയായ രാധ, പഞ്ചപ്രാണസ്വരൂപിണിയാണ്. ശ്രീകൃഷ്ണന് സ്വന്തം പ്രാണനേക്കാൾ പ്രിയപ്പെട്ടവൾ. ഏവരേക്കാളും സുന്ദരിയും, സർവ്വപ്രിയയും, കാര്യകാരണസ്വരൂപയും, ധന്യയും, മാന്യയും സർവ്വപൂജിതയും, സനാതനിയും, പരമാനന്ദസ്വരൂപയും, ശ്രീകൃഷ്ണ രാസക്രീഡയുടെ അധിഷ്ഠാനദേവതയും, രാസമണ്ഡലസംഭൂതയും, രാസമണ്ഡലഭൂഷണയും, രാസേശിയും, രസികയും, രാസമണ്ഡലവാസിയും, ഗോലോകനിവാസിനിയും, ഗോപികാനാരീജനയിത്രിയും, നിസ്സംഗയും, നിർഗ്ഗുണയും, പരമാഹ്ളാദരൂപയും, സന്തോഷഹർഷസ്വരൂപിണിയും, നിരാകാരയും, ആത്മസ്വരൂപിണിയുമാണ് രാധ.

നിരീഹ, നിരഹങ്കാര, ഭക്താനുഗ്രഹമൂർത്തി, വേദവിജ്ഞാത, എന്നിങ്ങിനെ പ്രസക്തയായ ദേവിയെ ദേവേന്ദ്രാദികൾക്കുപോലും കാണാനാവില്ല. അഗ്നിപോലെ പ്രോജ്വലിക്കുന്ന ശുദ്ധമായ പട്ടുടയാട, നാനാഭരണവിഭൂഷകൾ, എന്നിവയാൽ അലങ്കൃതയായ ദേവിക്കുചുറ്റും സർവ്വസമ്പത്തുക്കളും നിരന്നുനില്ക്കുന്നു.

കോടി തിങ്കൾക്കല ഒന്നിച്ചുനിന്നാലുണ്ടാകുന്ന പ്രഭയാണവൾക്ക്. ഐശ്വര്യദേവതയായി നില്ക്കുന്ന അവളുടെ കൈകൾ ശ്രീകൃഷ്ണസേവയ്ക്കായി എപ്പോഴും സന്നദ്ധമാണ്. വരാഹകല്പത്തിലവൾ വൃഷഭാനുപുത്രിയായി ജനിച്ച് ഭൂമിയെ പവിത്രയാക്കി. ബ്രഹ്മാദികൾക്ക് കാണാൻ പോലും കിട്ടാത്ത ഈ ദേവിയെ ഭാരതത്തിലെ ജനങ്ങൾ കാണുന്നു. ദേവകീവസുദേവപുത്രനായ കൃഷ്ണനോടൊപ്പം കളിച്ചുരസിച്ച രാധയെ വൃന്ദാവനവാസികൾ എത്ര കണ്ടിരിക്കുന്നു! സ്ത്രീരത്നങ്ങളിൽ ഉത്തമയായ രാധ ഭഗവാന്റെ വക്ഷസ്സിൽ കുടികൊള്ളുന്നു.

ബ്രഹ്മാവ് ഈ ദേവിയുടെ കാൽനഖകാന്തിയൊന്നു ദർശിക്കണമെന്ന ഉദ്ദേശത്തോടെ അറുപതിനായിരം വർഷം തപസ്സുചെയ്തു. എന്നിട്ടോ അദ്ദേഹത്തിന്‌ സ്വപ്നത്തിൽപ്പോലും അവ ദൃശ്യമായില്ല. എന്നാൽ ആ തപസ്സ് വൃഥാവിലായില്ലതാനും വൃന്ദാവനത്തിൽവച്ച് ബ്രഹ്മദേവൻ രാധയെ കാണുകയുണ്ടായി.

ദേവിയുടെ അഞ്ച് ഭാവങ്ങൾ. ഇപ്പറഞ്ഞവയാണ്ഈ.  ലോകത്തുള്ള എല്ലാ നാരിമാരും പ്രകൃതീശ്വരിയുടെ അംശങ്ങളാണ്. എല്ലാവരും ദേവിയുടെ അംശാവതാരങ്ങളാണ്. ദുർഗ്ഗമുതലായ അഞ്ചുദേവിമാരും മൂലപ്രകൃതിയുടെ പൂർണ്ണാവതാരങ്ങളാണ്. ഇനി അംശാവതാരങ്ങളായ ചില ദേവിമാരെക്കുറിച്ചു ഞാൻ പറയാം.

അവയിൽ പ്രധാനയാണ് പുണ്യനദിയായ ഗംഗാനദി. വിഷ്ണുവിന്റെ ദേഹത്തുനിന്നും പുറപ്പെടുന്ന ഗംഗ ലോകത്തെ മുഴുവൻ പരിശുദ്ധമാക്കാൻ കഴിവുള്ളവളാണ്. പാപങ്ങളാകുന്ന വിറകിൻ കഷണങ്ങൾ എരിച്ചുകളയുന്ന അഗ്നിസ്വരൂപയാണീ നദി. സ്പർശനമാത്രയിൽ സൗഖ്യമേകുന്ന ഗംഗാദേവി സ്നാനപാനങ്ങൾകൊണ്ടു് മുക്തിപ്രദാനം ചെയ്യുന്നു. സകല തീർത്ഥങ്ങളിലുംവച്ച് ഏറ്റവും പവിത്രയാണ് ഗംഗ. സാധകന് ഗോലോകത്തേക്ക് കയറാനുള്ള ചവിട്ടുപടിയാണ് ഗംഗാസ്നാനം. ശംഭുവിന്റെ ജടയിൽനിന്നും ഒഴുകിയിറങ്ങുന്നതും  മുത്തുമാലപോലെ പരിസിക്കുന്നതുമായ ഗംഗ ഭാരതഭൂവിലെ താപസർക്ക് ക്ഷിപ്രഫലം നൽകുന്നു.

ചന്ദ്രൻ, താമര, പാൽ, എന്നിവയ്ക്ക് തുല്യമാണവളുടെ കാന്തി. സത്വസ്വരൂപിണിയും അഹങ്കാരരഹിതയും ഹരിപ്രിയയും നിർമ്മലയുമാണ് ഗംഗ .

അതുപോലെ പ്രധാനപ്പെട്ട ഒരംശാവതാരമാണ് തുളസീദേവി. ഭഗവാന് ഭൂഷണമായി വിഷ്ണുപാദത്തിലാണ് അവള്‍ നിലകൊള്ളുന്നത്. പൂക്കളിൽവച്ച് ഏറ്റവും പുണ്യപ്രദയും പവിത്രയും സാരഭൂതയുമാണ് തുളസി. അവളുടെ ദർശനവും സ്പർശനവും മുക്തിപ്രദമത്രേ. കലിയുഗത്തിലെ കാലുഷ്യമെന്ന ഉണങ്ങിവരണ്ട കാടിനെ എരിയിച്ചു കളയാൻ പ്രാപ്തയാണ് തുളസി. തീർത്ഥങ്ങൾ അവളുടെ പാദസ്പർശനം കൊതിക്കുന്നു. ഭൂമിയവളുടെ പാദസ്പർശനംകൊണ്ട് പവിത്രമാകുന്നു. അവളില്ലെങ്കിൽ ഭൂമിയിലെ കർമങ്ങൾ വിഫലമാകുന്നു. മുമുക്ഷുക്കൾക്കവൾ മോക്ഷമേകുന്നു. കാമികൾക്കവൾ സർവ്വകാമദയാണ്. കല്പവൃക്ഷം പോലെയുള്ള തുളസി ഭാരതവാസികൾക്ക് സന്തോഷമേകാൻ വൃക്ഷരൂപമെടുത്ത പരദേവതതന്നെയാണ്.

കശ്യപപുത്രിയായ മാനസ, ജഗദംബയുടെ മറ്റൊരംശമാണ്. ശിവന്റെ ശിഷ്യയും മഹാജ്ഞാനവിശാരദയും വാസുകിസർപ്പത്തിന്റെ സഹോദരിയും നാഗപൂജിതയും നാഗേശ്വരിയും നാഗമാതാവും സുന്ദരിയും സിദ്ധയോഗിനിയും നാഗവാഹനയും, നാഗേന്ദ്രഗണസംയുക്തയും നാഗഭൂഷണയുക്തയും നാഗവന്ദിതയും നാഗശായിനിയും വിഷ്ണുസ്വരുപിണിയും വിഷ്ണുഭക്തയും വിഷ്ണുപൂജാനിരതയും തപസ്വരൂപയും തപോഫലദായിനിയും തപസ്വിനിയും ആയ മാനസ മൂന്നുലക്ഷം വർഷം ഹരിതപസ്സ് ചെയ്ത് ഭാരതത്തിലെ സകല തപസ്വികൾക്കും സംപൂജ്യയായി വിലസുന്നു. ബ്രഹ്മതേജസ്സ് പ്രോജ്വലിച്ചു നില്ക്കുന്ന മാനസാദേവി ബ്രഹ്മധ്യാനത്തിൽ മുഴുകുന്ന ബ്രഹ്മരൂപിണിയാണ്. കൃഷ്ണാംശമായ ജരത്കാരുവിന്റെ പത്നിയും ആസ്തികമുനിയുടെ അമ്മയുമാണ് മാനസാദേവി.

മറ്റൊരു പ്രധാന അംശദേവതയാണ് ദേവസേന. ഷഷ്ഠിദേവിയെന്നപേരിലും  അറിയപ്പെടുന്ന പൂജ്യതമയായ ദേവസേന മൂലപ്രകൃതിയുടെ ആറിലൊന്നായതിനാലാണ് ഷഷ്ഠി എന്ന പേര് സിദ്ധിച്ചത്. സന്താനസൗഭാഗ്യദായിനിയും ജഗജ്ജനനിയും യോഗിനിയും ശിശുക്കൾക്ക് വൃദ്ധരൂപയും ആയ ദേവിയെ ഈറ്റില്ലങ്ങളിൽ പന്ത്രണ്ടുമാസവും പൂജിക്കുന്നു. പ്രസവാനന്തരം ആറാംനാളിലും ഇരുപത്തിയൊന്നാംനാളിലും അവളെ പൂജിക്കുന്നത് ശിശുവിന് മംഗളപ്രദമാണ്. മുനിവന്ദിതയും നിത്യകാമയും ഉത്തമമാതാവും ദയാരൂപയുമായ ദേവി സകലരേയും സംരക്ഷിക്കുന്നവളാണ്. ജലത്തിലും കരയിലും ആകാശത്തും കുട്ടികളെ സംരക്ഷിക്കുന്നത് ദേവസേനാദേവിയാണ്.

പ്രധാനാംശഭൂതയായ മറ്റൊരു ദേവിയാണ് മംഗളചണ്ഡിക. ദുർഗ്ഗയുടെ മുഖത്തിൽ നിന്നും ജനിച്ച ഇവൾ സർവ്വമംഗളദായിനിയാണ്. സൃഷ്ടിസമയത്ത് മംഗളകാരിണിയും സംഹാരത്തിൽ ചണ്ഡികയും ആയതിനാലാണ് ദേവിക്ക് മംഗളചണ്ഡിക എന്ന പേരുണ്ടായത്. മംഗളദിവസമായ ചൊവ്വാഴ്ചയാണ് മംഗളചണ്ഡിയെ പൂജിക്കേണ്ടത്. അവളെ പ്രസാദിപ്പിച്ചാൽ വിത്തവും പുത്രപൗത്രസമ്പത്തുക്കളും ഐശ്വര്യമംഗളങ്ങളും സര്‍വ്വസ്ത്രീജനങ്ങള്‍ക്കും  യഥേഷ്ടം നൽകുന്നവളാണ് ദേവി. കോപിച്ചാൽ വിശ്വത്തെപ്പോലും ക്ഷണത്തിലവൾ സംഹരിച്ചു കളയും.

മറ്റൊരു പ്രധാന അംശാവതാരമാണ് കാളി. പൂർണ്ണാവതാരമായ ദുർഗ്ഗയുടെ ലലാടത്തിൽ നിന്നാണവൾ ഉണ്ടായത്. ശുംഭനിശുംഭന്മാരെ നിഗ്രഹിച്ചത് കാളിയാണ്. ഗുണത്തിലും പ്രഭാവത്തിലും ദുർഗ്ഗയ്ക്ക് തുല്യയായ കാളി കോടിസൂര്യപ്രഭചിന്നുന്ന തേജസ്വരൂപിണിയാണ്. സർവ്വശക്തികളിലുംവച്ച് മുഖ്യയാണവൾ. സർവ്വസിദ്ധിപ്രദയും ശ്രേഷ്ഠയുമാണീ യോഗരൂപിണി. കൃഷ്ണഭാവനകൊണ്ടു് കൃഷ്ണവർണ്ണയും കൃഷ്ണഭക്തയുമായ കാളി പ്രാഭവത്തിൽ കൃഷ്ണതുല്യയുമാണ്. വിശ്വത്തെ വെറും ശ്വാസോച്ഛ്വാസം കൊണ്ടു് സംഹരിക്കാൻ അവൾക്കാവും. രാക്ഷസൻമാരുമായി അവൾ യുദ്ധം ചെയ്യുന്നത് വെറുമൊരു ലീല മാത്രമാണ്. ധർമ്മാർത്ഥകാമമോക്ഷങ്ങൾ നല്കാൻ കഴിവുള്ള സംപൂജ്യയാണവൾ. വിണ്ണവരും മാമുനിമാരും മനുക്കളും മനുഷ്യരും കാളീദേവിയെ സ്തുതിക്കുന്നു.

ദുർഗ്ഗയുടെ മറ്റൊരംശാവതാരമാണ് ഭൂമീദേവി. സകലജീവജാലങ്ങൾക്കും ആധാരമായി അവൾ രത്നാകരയും രത്നഗർഭയും സർവ്വസസ്യസമ്പൂർണ്ണയുമായി വിളങ്ങുന്നു. രാജാക്കൻമാർ എല്ലാവരും ഭൂമീദേവിയെ പൂജിക്കുന്നു. സകലർക്കും ഉപജീവനത്തിനുള്ള ഉപാധികൾ നൽകുന്നതവളാണ്. ഭൂമീദേവിയില്ലെങ്കിൽ സകലചരാചരങ്ങളും ജഗത്തും നിരാധാരമാകും.

ആരുടെ പ്രാഭവത്താലാണോ ജഗത്ത് നിലനില്ക്കുന്നത്, ആ പ്രകൃതീശ്വരിയുടെ കലാംശജന്യകൾ ആരൊക്കെയെന്ന് ഇനി പറയാം. അഗ്നിയുടെ പത്നിയായ സ്വാഹാദേവിയെ ലോകം പൂജിക്കുന്നു. ദേവൻമാർക്ക് ഹവിസ്സ് സ്വീകരിക്കണമെങ്കിൽ അവളുടെ സഹായം കൂടിയേ തീരൂ. യജ്ഞത്തിന്റെ പത്നി ദക്ഷിണയാണ്. ദീക്ഷയെന്നും അറിയപ്പെടുന്ന ഇവളും സർവ്വാരാധ്യയാണ്. കാരണം ദക്ഷിണ കൂടാതെയുള്ള യജ്ഞത്തിനു ഫലമുണ്ടാവുകയില്ല.

പിതൃക്കളുടെ പത്നിയാണ് സർവ്വപൂജിതയായ സ്വധ. പിതൃദാനത്തെ സഫലമാക്കുന്നത് സ്വധയാണ്. വായുപത്നിയാണ് സ്വസ്തിദേവി. സ്വസ്തീദേവിയെ കൂടാതെ ചെയ്യുന്ന ദാനവും പ്രതിഗ്രഹവും ഫലവത്താവുകയില്ല. ഗണേശപത്നിയാണ് പുഷ്ടി. പുഷ്ടിയില്ലെങ്കിൽ നരനാരിമാർ ക്ഷീണിച്ചവശരായിപ്പോകും. അനന്തപത്നിയാണ് തുഷ്ടി. തുഷ്ടിയില്ലെങ്കിൽ വിശ്വത്തിൽ സന്തുഷ്ടിയുണ്ടാവുകയില്ല. സർവ്വം ദു:ഖമയമായിത്തീരും. ഈശാനപത്നിയാണ് സമ്പത്തി. അവളുടെ അഭാവത്തിൽ ദാരിദ്ര്യമാണ് എല്ലായിടത്തും നടമാടുക.

കപിലന്റെ പത്നിയാണ് ധൃതി. ലോകത്തിനു ധൈര്യം നൽകുന്നതവളാണ്. സത്യപത്നിയായ സതി മുക്തരായ മാമുനിമാർക്കു പോലും പൂജിതയാണ്. ജഗത്പ്രിയംകരിയായ ഇവളില്ലെങ്കിൽ ലോകത്ത് ബന്ധുക്കൾ ഉണ്ടാവുകയില്ല. മോഹത്തിന്റെ പത്നി ദയയാണ്. ലോകപ്രിയംകരിയായ ഇവളില്ലെങ്കിൽ ലോകങ്ങളെല്ലാം നിഷ്ഫലമായിത്തീരും. പുണ്യത്തിന്റെ പത്നി പ്രതിഷ്ഠ, സർവ്വരാലും വന്ദ്യയാണ്. അവളില്ലാത്ത ജഗത്ത് ജീവച്ഛവമായിപ്പോകും.

സത്കർമ്മത്തിന്റെ പത്നിയാണ് കീർത്തി. ധന്യൻമാർ കീർത്തിയെ പൂജിക്കുന്നു. കീർത്തിയില്ലാത്ത ലോകം മരിച്ചയിടം പോലെയാണ്. ഉദ്യോഗപത്നിയാണ് ക്രിയ. സർവ്വലോകങ്ങളെയും കർമ്മനിരതമാക്കുന്നതവളാണ്. എല്ലാ ധൂർത്തൻമാർക്കും പൂജിതയായ മിഥ്യ അധർമ്മത്തിന്റെ പത്നിയാണ്. മിഥ്യയാണ് വിധി വിഹിതമായി സൃഷ്ടിക്കപ്പെട്ട ജഗത്തിനു കാരണമായിരിക്കുന്നത്. സത്യയുഗത്തിൽ അവൾ അദൃഷ്ടയാണ്. ത്രേതായുഗത്തിൽ സൂക്ഷ്മരൂപിണിയും ദ്വാപരത്തിൽ അർദ്ധാംഗവതിയുമാണ് മിഥ്യ. എന്നാൽ കലിയിൽ അവൾ മഹാപ്രഗല്ഭയാണ്. എല്ലായിടത്തും അവൾ വ്യാപിച്ചു നിറഞ്ഞു നിലകൊള്ളുന്നു. അവളുടെ സഹോദരനായ കപടവുമൊത്ത് അവൾ എല്ലാടവും ചുറ്റിനടക്കുന്നു.

സുശീലത്തിനു രണ്ടാണ് ഭാര്യമാർ. ശാന്തിയും ലജ്ജയും. അവരില്ലാത്ത ലോകം ഉന്മത്തമായിത്തീരും. ജ്ഞാനത്തിന് ബുദ്ധി, മേധ, ധൃതി, എന്നീ മൂന്നു ഭാര്യമാരാണുള്ളത്. അവരില്ലാത്ത ജഗത്ത് മൂഢവും മത്തുപിടിച്ചതുമാകും. ധർമ്മത്തിന്റെ പത്നിയായ മൂർത്തി സുരൂപയും സുന്ദരിയും പ്രകാശം പരത്തുന്നവളുമാണ്. വിശ്വവും പരമാത്മാവും അവൾ പരത്തുന്ന ശോഭയില്ലെങ്കിൽ നിരർത്ഥകമാവും. ലക്ഷ്മിക്ക് പ്രഭനൽകുന്നതവളാണ്. ശ്രീയും മൂർത്തിയും സകലാരാദ്ധ്യയായ അവളുടെ രണ്ടു ഭാവങ്ങളാണ്.

കാലാഗ്നിരുദ്രന്റെ പത്നി, നിദ്രയെന്ന സിദ്ധയോഗിനിയാണ്. ഓരോ നിശയിലും അവൾ ലോകത്തെ ഉറക്കിക്കിടത്തുന്നു. കാലത്തിന് സന്ധ്യ, രാത്രി, പകൽ, എന്നീ മൂന്നു ഭാര്യമാരാണ്. ബ്രഹ്മാവിനുപോലും കാലനിർണ്ണയം നടത്താൻ ഇവർ മൂവരും വേണം. ലോഭത്തിന്റെ ഭാര്യമാരാണ് വിശപ്പും ദാഹവും. സംപൂജ്യരായ ഇവർ ലോകത്തെ ചിന്തിപ്പിച്ചു മുന്നോട്ടു നയിക്കുന്നു. തേജസ്സിന്റെ പത്നിമാർ പ്രഭയും ദാഹികയുമാണ്. വിധാതാവിന് ലോകസൃഷ്ടി ചെയ്യാൻ ഇവരുടെ സഹായം വേണം.

കാലത്തിന്റെ പുത്രിമാർ ജരയും മൃത്യുവുമാണ്. അവർ ജ്വരന്റെ പത്നിമാരാണ്. അവരാണ് ധാതുനിർമ്മിതമായ സൃഷ്ടിയെ നിലനിർത്തുന്നത്. സുഖത്തിന്റെ ഭാര്യമാരാണ് നിദ്രാസന്താനങ്ങളായ മടിയും പ്രീതിയും. സൃഷ്ടി തുടങ്ങിയപ്പോൾമുതൽ ഇവർ രണ്ടാളും ജഗത്താകെ നിറഞ്ഞ് നില്ക്കുന്നുണ്ട്. വൈരാഗ്യത്തിന്റെ ഭാര്യമാർ സംപൂജ്യരായ ശ്രദ്ധയും ഭക്തിയുമാണ്. ജഗത്തിന് ജീവൻമുക്തി നൽകുന്നതിവരത്രേ.

ദേവമാതാവായ അദിതി,ഗോമാതാവായ കാമധേനു, ദൈത്യമാതാവായ ദിതി, സർപ്പമാതാവായ കദ്രു, ഗരുഡമാതാവായ വിനത, ദക്ഷപുത്രിയും കശ്യപപത്നിയുമായ ദനു, എന്നിവരൊക്കെ സൃഷ്ടിക്കായി ഉപയുക്തരായ ദേവീകലകളാണ്. ഇനിയും ദേവീകലാവതാരങ്ങൾ അസംഖ്യമായുള്ളതിൽ ചിലതുമാത്രം പറയാം. സൂര്യപത്നി സംജ്ഞ, ചന്ദ്രപത്നി രോഹിണി, ദേവേന്ദ്രപത്നി ശചി, ദേവഗുരു ബ്രഹസ്പതിയുടെ ഭാര്യ താര, വസിഷ്ഠപത്നി അരുന്ധതി, ഗൗതമപത്നി അഹല്യ, അത്രിപത്നി അനസൂയ, കർദ്ദമപത്നി ദേവഹൂതി, ദക്ഷപത്നി പ്രസൂതി, പാർവ്വതീ മാതാവായ മേന, പിതൃക്കളുടെ പുത്രി മാനസി, ലോപാമുദ്ര, കുന്തി, കുബേരപത്നി യക്ഷി, വരുണപത്നി വരുണാനി, ബലിയുടെ പത്നി വിന്ധ്യാവലി, ദമയന്തി, യശോദ, ദേവകി, ഗാന്ധാരി, ദ്രൗപദി, ശൈബ്യ, സത്യവതി,വൃഷഭാനുപത്നിയായ കലോദ്വഹ, മന്ദോദരി, കൗസല്യ, സുഭദ്ര, രേവതി, സത്യഭാമ, കാളിന്ദി, ലക്ഷ്മണ, ജാംബവതി, നാഗ്നജിതി, മിത്രവിന്ദ, രുക്മിണി, സീത, വ്യാസ മാതാവായ കാളി, ഉഷ, ചിത്രലേഖ, പ്രഭാവതി, ഭാരമതി, മായാവതി, ഭാർഗ്ഗവമാതാവായ രേണുക, ബലരാമന്റെ അമ്മ രോഹിണി, ഏകനന്ദ, കൃഷ്ണസഹോദരി ദുർഗ്ഗ, തുടങ്ങിയ ദേവീകലകൾ ഭാരതവർഷത്തിൽ അവതരിച്ചിട്ടുണ്ട്.

എല്ലാ ഗ്രാമദേവതകളും മൂലപ്രകൃതിയുടെ കലാംശങ്ങളാണ്. ലോകത്തിലെ എല്ലാ സ്ത്രീകളും ദേവീകലകളുടെ അംശാംശ അവതാരങ്ങളാണ്. സ്ത്രീകളെ അപമാനിക്കുന്നത് ജഗദംബയായ പ്രകൃതിയെ അപമാനിക്കലാണ്. അത് ദേവിയെ കോപിഷ്ഠയാക്കും. ഭർത്തൃമതിയും പുത്രവതിയുമായ വിപ്രപത്നിയെ വസ്ത്രചന്ദനാദികൾ കൊണ്ടു് പൂജിക്കുന്നത് ദേവീപൂജയാണ്. എട്ടു വയസ്സായ കുമാരിയെ പൂജിക്കുന്നത് മൂലപ്രകൃതിയ്ക്കായി ബ്രാഹ്മണൻ ചെയ്യുന്ന പൂജയ്ക്ക് സമമാണ്.

ഉത്തമ, മധ്യമ, അധമ വിഭാഗങ്ങളിൽപ്പെട്ട എല്ലാ സ്ത്രീകളും മൂലപ്രകൃതിസംഭൂതകളത്രേ. അതിൽ സത്വാംശം ഏറി നില്ക്കുന്നവർ സുശീലകളും പതിവ്രതരുമായ ഉത്തമകളും, രജോഗുണമേറിയവർ ഭോഗപ്രിയരായ മധ്യമരും, തമോഗുണികൾ ദുർമുഖരും, കുലദ്രോഹികളും, ധൂർത്തരും, കലഹപ്രിയരായ  അധമരുമാണ്.  ഭൂമിയിലെ വേശ്യകളും, ദേവലോകത്തെ അപ്സരസ്സുകളും മൂലപ്രകൃതിയുടെ താമസാംശത്തിൽ നിന്നും ജനിച്ചവരാണ്. ഇവരെല്ലാം ഭാരതഭൂമിയിൽ പൂജാർഹരാണ്.

സുരക്ഷൻ, ദുർഗ്ഗതിനാശിനിയായ ദുർഗ്ഗയെ ആദ്യം പൂജിച്ചു. ശ്രീരാമൻ രാവണവധത്തിനു സഹായം നേടാന്‍ ദുർഗ്ഗയെ പൂജിച്ചു. അങ്ങിനെ മൂലോകവും ജഗന്മാതാവായ ദുർഗ്ഗയെ പൂജിക്കാൻ തുടങ്ങി. ദേവി ദക്ഷപുത്രിയായി അവതരിച്ച് ദൈത്യനിഗ്രഹം നടത്തി. തന്റെ കാന്തനായ ശിവനെ നിന്ദിച്ചതിൽ മനംനൊന്ത് സതീദേവിയായുള്ള ശരീരത്തെ ഉപേക്ഷിച്ചു. പിന്നീട് ഹിമവാന്റെ മകളായിപ്പിറന്നു  പരമശിവന് പത്നിയായി. പാര്‍വ്വതീ ദേവി, ഗണേശനും സ്കന്ദനും മാതാവായി. ഗണേശൻ കൃഷ്ണകലയും, സ്കന്ദൻ വിഷ്ണുകലയുമാകുന്നു.

മംഗളഭൂപതി ലക്ഷ്മീപൂജ ചെയ്ത ശേഷം മൂന്നുലോകങ്ങളിലെ ദേവാസുരമാനുഷന്മാർ ദേവിയെ പൂജിച്ചു തുടങ്ങി. അശ്വപതി, സാവിത്രിയെ പൂജിച്ചു. പിന്നെ മൂന്നു ലോകങ്ങളും അത് പിൻതുടർന്നു. ബ്രഹ്മദേവൻ ആദ്യമായി സരസ്വതിയെ പൂജിച്ചു. അതും മൂന്നുലോകങ്ങളിലും ആവർത്തിക്കപ്പെട്ടു. പരമാത്മാവായ ശ്രീകൃഷ്ണൻ ഗോലോകത്തിലെ രാസമണ്ഡലത്തിൽ വെച്ച് രാധയെ ആദ്യമായി പൂജിച്ചു. കാർത്തികാമാസപൗർണ്ണമിയിൽ ഗോപീഗോപൻമാരും ഗോവൃന്ദവും കാമധേനവും ശ്രീ കൃഷ്ണാജ്ഞയാൽ ദേവീപൂജ തുടർന്നു. ബ്രഹ്മാദികളും പുഷ്പധൂപങ്ങൾ കൊണ്ടു് ഭക്തിപൂർവ്വം ദേവിയെ പൂജിച്ചുവന്നു.

ഭൂമിയിൽ രാധാദേവിയെ പൂജിക്കാൻ ആരംഭിച്ചത് ശങ്കരന്റെ ഉപദേശത്താൽ സുയജ്ഞനാണ്. അതിനുശേഷം മൂന്നുലോകങ്ങളിലും മുനിമാർ പുഷ്പങ്ങളും ധൂപങ്ങളും കൊണ്ടു് ദേവിയെ പൂജിക്കാൻ തുടങ്ങി. ദേവിയുടെ കലാംശമായി പിറന്ന എല്ലാവരും ഭാരതത്തിൽ പൂജിക്കപ്പെടുന്നു. ഭാരതത്തിൽ ഗ്രാമങ്ങൾ തോറും ഗ്രാമദേവതമാർ പൂജിക്കപ്പെടുന്നു.

നാരദരേ, മൂലപ്രകൃതിയുടെ ശുഭചരിതമാണ് ആഗമലക്ഷണാനുസാരം ഞാൻ വിവരിച്ചുതന്നത്. ഇനിയും എന്താണ് അങ്ങേയ്ക്കറിയേണ്ടത്?

Saturday, January 28, 2017

ദിവസം 222. ശ്രീമദ്‌ ദേവീഭാഗവതം. 8. 24. ദേവീപൂജാഭേദങ്ങൾ

ദിവസം 222.  ശ്രീമദ്‌ ദേവീഭാഗവതം. 8. 24.  ദേവീപൂജാഭേദങ്ങൾ  

ധർമ്മശ്ച കീദൃശസ്താത ദേവ്യാരാധനലക്ഷണ:
കഥമാരാധിതാ ദേവി സാ ദദാതി പരം പദം
ആരാധന വിധി: കോ വാ കഥമാരാധിതാ കദാ
കേന സാ ദൂർഗനരകാദ്ദുർഗാ ത്രാണപ്രദാ ഭവേത്

നാരദൻ പറഞ്ഞു: ദേവീപൂജയുടെ ആരാധനാലക്ഷണധർമ്മങ്ങൾ ദയവായി പറഞ്ഞു തന്നാലും. എങ്ങിനെ ആരാധിച്ചാലാണ് ദേവി ഒരു സാധകനു പരമപദം നല്കുക? എന്തൊക്കെയാണ് ദേവീപ്രീതിക്കായി ചെയ്യേണ്ട പൂജാവിധികൾ? എന്തൊക്കെ ചെയ്താലാണ് നരകവാതിൽ ഒരിക്കലും കാണേണ്ടതായി വരാതെ  ശ്രീദുർഗ്ഗ നമ്മെ  പരിരക്ഷിക്കുക?

ശ്രീ നാരായണൻ പറഞ്ഞു: ദേവിയെ സംപ്രീതയാക്കാനുള്ള മാർഗ്ഗങ്ങൾ ഞാൻ പറയാം. അതിനുള്ള ധർമ്മാനുസാരിയായ പൂജാക്രമങ്ങൾ കേട്ടാലും. അനാദികാലം മുതൽ സർവ്വപൂജിതയാണ് ദേവി. എല്ലാവരുടെയും ദു:ഖനിവാരണം ചെയ്യുന്ന ദുർഗ്ഗയാണ് ദേവി.

പ്രതിപദത്തിൽ ദേവീപൂജ തുടങ്ങാം. അന്ന് നെയ്യാണ് നിവേദ്യം. പൂജയുടെ ഭാഗമായി ഒരുത്തമബ്രാഹ്മണന് നെയ്യ് ദാനവും ചെയ്യണം. രോഗനാശത്തിന് ഇതുത്തമമാണ്.

രണ്ടാം ദിവസം ശർക്കരനിവേദ്യം, ശർക്കരദക്ഷിണ, എന്നിവയാണ് വേണ്ടത്. ദീർഘായുസ്സാണ് ഇതിന്റെ ഫലം.

മൂന്നാം ദിവസം പാലുകൊണ്ടുള്ള നിവേദ്യവും ദക്ഷിണയും ചെയ്താൽ സർവ്വ ദു:ഖങ്ങളും ഒഴിഞ്ഞു പോവും.

നാലാംനാൾ പൂജയ്ക്കും ദാനത്തിനുമായി നെയ്യപ്പം ഉണ്ടാക്കണം. സർവ്വവിഘ്നനിവാരകമാണിത്.

അഞ്ചാം നാൾ കദളിപ്പഴ നിവേദ്യവും ദക്ഷിണയും ചെയ്യുന്നവന്റെ ബുദ്ധികൂർമ്മത വർദ്ധിതമാവും.

ആറാം നാൾ മധുവാണ് പൂജയ്ക്കും ദക്ഷിണയ്ക്കും വേണ്ടത്. മധുതുല്യമായ കാന്തിയാണ് സാധകനുണ്ടാവുക.

ഏഴാം നാൾ ശർക്കരപ്പായസം ഉണ്ടാക്കണം. ബ്രാഹ്മണനും അതു തന്നെ നൽകണം. സാധകൻ ഈ പൂജകൊണ്ട് ശോകരഹിതനാവും.

എട്ടാംനാൾ ഇളനീരാണ് നിവേദ്യം. ബ്രാഹ്മണദാനത്തിനും ഇളനീര് വേണം. ദുഃഖ നിവൃത്തിയാണിതിന്റെ ഫലം.

നവമിക്ക് ദേവീനിവേദ്യം മലരാണ്. ബ്രാഹ്മണനും മലർ ദക്ഷിണ നൽകണം. ഇഹലോക പരലോകസുഖമാണ് മലർപൂജകൊണ്ടുള്ള ഫലം.

ദശമിക്ക് കാരെള്ള് നിവേദ്യവും ദക്ഷിണയും ഉത്തമം. യമലോകഭയത്തെ ഇല്ലാതാക്കാൻ എള്ള് നിവേദ്യം കൊണ്ടാവും.

ഏകാദശിക്ക്  തൈരാണ് നിവേദ്യവും ദക്ഷിണയും.  ദേവിക്ക് പ്രിയപ്പെട്ടവനാകാൻ ഏകാദശീ നൈവേദ്യം ഉത്തമം.

ദ്വാദശിക്ക് അവിൽ നിവേദ്യം ദക്ഷിണ സഹിതം ചെയ്താൽ സാധകൻ അംബികാ പ്രീതനാവും.

ത്രയോദശിക്ക് പയർ നിവേദ്യം. ദക്ഷിണയും പയർ തന്നെ. സന്താനസൗഭാഗ്യം ഫലം.

ചതുർദ്ദശിക്ക് വഹ്നിച്ചമതകൊണ്ടു് നിവേദ്യവും ബ്രാഹ്മണദാനവും ചെയ്ത് സാധകന് ശിവപ്രീതിയാർജിക്കാം.

വെളുത്ത വാവിന്റെയന്ന് അംബികയ്ക്ക് പായസാന്നമാണ് നിവേദ്യം. ബ്രാഹ്മണന് പായസാന്നദാനവും ചെയ്ത് സർവ്വപിതൃക്കളെയും ഉദ്ധരിക്കാം. ഇപ്പറഞ്ഞ വസ്തുക്കൾ കൊണ്ടു് ഓരോ ദിവസവും ദേവീപ്രീതിക്കായി നിവേദ്യവും ഹോമവും ചെയ്യുമ്പോൾ ഭക്തന്റെ അരിഷ്ടതകൾ ഇല്ലാതാവും.

ഞായറാഴ്ച ദേവിക്ക് പായസാന്നം നിവേദിക്കണം. തിങ്കളാഴ്ച പാൽ; ചൊവ്വാഴ്ച കദളിപ്പഴം; ബുധനാഴ്ച പുതുവെണ്ണ; വ്യാഴാഴ്ച ശർക്കര; വെള്ളിയാഴ്ച പഞ്ചസാര; ശനിയാഴ്ച നെയ്യ്, ഇങ്ങിനെയാണ് ഒരാഴ്ചയിലെ ഓരോ ദിവസവും ദേവിക്ക് നിവേദിക്കേണ്ടത്.

ഇനി ഇരുപത്തിയേഴ് നക്ഷത്രങ്ങളിലെ നൈവേദ്യക്രമം പറയാം. നെയ്യ്, എള്ള്, ശർക്കര, തൈര്, പാല്, പാൽപ്പാട, തൈര് വെള്ളം, മോദകം, ഫേണി (റവപ്പായസം), ശർക്കരപ്പാവ്, ഗോതമ്പ് പായസം, വത്സൻ, അലുവ, വട, ഈത്തപ്പഴച്ചാറ്, പൂരണം, തേൻ, ചേന, വെല്ലം, മുന്തിരിനീരിൽ കുഴച്ച അവിൽ, കാരയ്ക്ക, ചാരകം, അപ്പം, വെണ്ണ, പയറ്, കുഴക്കട്ട, മാതളപ്പഴം, എന്നിവയാണ് നക്ഷത്ര നൈവേദ്യങ്ങൾ.

ഇനി വിഷ്കംഭാദി വിശേഷദിനങ്ങളിൽ നിവേദിക്കേണ്ട വസ്തുക്കളെപ്പറ്റി പറയാം. ശർക്കര, തേൻ, നെയ്യ്, പാൽ, തൈര്, മോര്, അപ്പം, വെണ്ണ, വെള്ളരിക്ക, കുമ്പളങ്ങ, മോദകം, ചക്കപ്പഴം, ഞാവൽപ്പഴം, മാമ്പഴം, എള്ള്, മുള്ളങ്കി, താളിമാതളം, ഇലന്തപ്പഴം, നെല്ലിക്ക, പായസം, അവൽ, പയർ, നാളികേരം, നാരങ്ങ, ശർക്കരചേർത്ത ഗോതമ്പ്, ചേന, എന്നിവ ദേവീനൈവേദ്യങ്ങളായി ഉപയോഗിക്കാം.

ഇനി കരണങ്ങളിൽ വേണ്ട നൈവേദ്യങ്ങൾ എന്തെല്ലാമെന്നു പറയാം. വെല്ലം ചേർത്ത ഗോതമ്പ്  കംസാരം, ശർക്കരപ്പാവ്, ഫേണി, മോദകം, വത്സൻ, അട, ലഡ്ഡു, ഘൃതം, എള്ള്, പാല്, തൈര്, തേൻ, എന്നിവയാണ് കരണങ്ങൾക്ക് ചേർന്ന നൈവേദ്യങ്ങള്‍.

ഇനി ദേവിയെ സംപ്രീതയാക്കാൻ ഉതകുന്ന പൂജാവിധികൾ പറയാം. ചൈത്രമാസത്തിലെ ശുദ്ധതൃതീയദിനത്തിൽ ഇരിപ്പമരത്തെ (മധുകവൃക്ഷം) ദേവീ സങ്കല്പത്തോടെ പൂജിക്കുക. ചവച്ചുകഴിക്കാൻ അഞ്ചു വിധത്തിലുള്ള ഖാദ്യങ്ങൾ നിവേദിക്കുകയും വേണം. പന്ത്രണ്ടു മാസത്തിലും ക്രമാൽ ശുദ്ധതൃതീയദിനങ്ങളിൽ വിധിപ്രകാരം നൈവേദ്യമൊരുക്കണം.

ശുക്ളപക്ഷങ്ങളിൽ വൈശാഖത്തിൽ ശർക്കര ചേർത്ത നൈവേദ്യം; ജ്യേഷ്ഠമാസത്തിൽ മധു; ആഷാഢത്തിൽ വെണ്ണ; ശ്രാവണത്തിൽ തൈര്; ഭാദ്രമാസത്തിൽ ശർക്കര; ആശ്വിനത്തിൽ പായസം; കാർത്തികമാസത്തിൽ പാല്; മാർഗ്ഗശീർഷത്തിൽ റവപ്പായസം; പൗഷത്തിൽ മോര്; മാഘത്തിൽ നെയ്യ്; ഫൽഗുനത്തിൽ ഇളനീര്; ഇങ്ങിനെ പന്ത്രണ്ട് മാസവും ക്രമത്തിൽ ദേവിക്കായി നിവേദ്യം അർപ്പിക്കണം.

ഓരോ മാസവും ഇരിപ്പമരത്തില്‍ മംഗളാ, വൈഷ്ണവി, മായാ, കാളരാത്രി, ദുരത്യയാ, മഹാമായാ, മാതംഗി, കാളി, കമലവാസിനി, ശിവ, സഹസ്രചരണാ, സർവ്വമംഗളസ്വരൂപിണി എന്നീ ക്രമത്തിൽ ദേവീസങ്കല്പത്തോടെയാണ് നിവേദ്യം ചെയ്യേണ്ടത്. ആ മധുകവൃക്ഷത്തെ സർവ്വകാമസിദ്ധിക്കും പൂജയുടെ പൂർണ്ണതയ്ക്കും വേണ്ടി സ്തുതിച്ച് നമിക്കണം.

മഹാദേവീ, മഹാമംഗളരൂപിണീ, മഹേശീ, ജഗദ്ധാത്രീ, പുഷ്കരനേത്രേ, നമസ്കാരം, നമസ്കാരം. പരാത്പരേ, പാപഹരീ, മോക്ഷമാർഗ്ഗപ്രദായിനീ, പരമേശീ, ജഗദ്കർത്ത്രി പരബ്രഹ്മസ്വരൂപിണീ, മദദാത്രീ, മദോൻമത്തേ, മാനഗമ്യേ, മഹോന്നതേ, മനസ്വിനീ, മന:ധ്യേയേ, സൂര്യമണ്ഡലവർത്തിനീ, അവിടുന്ന് വിജയിച്ചരുളിയാലും. അല്ലയോ ലോകേശീ, പ്രാജ്ഞേ, പ്രളയാംബുദസന്നിഭേ, മഹാമോഹം ഇല്ലാതാക്കുന്ന സുരാസുരപൂജിതേ, യമപൂജ്യേ, യമാഗ്രജേ, യമനിഗ്രഹസ്വരൂപേ, യജനീയേ, സമസ്വഭാവേ, സർവേശീ, സർവ്വസംഗവിവർജിതേ, സംഗനാശകരീ, കാമ്യരൂപേ, കാരുണ്യവിഗ്രഹേ, കങ്കാളക്രൂരേ, കാമാക്ഷീ, മീനാക്ഷീ, മർമ്മഭേദിനീ, മാധുര്യരൂപശീലേ, മധുരസ്വരപൂജിതേ, മഹാമന്ത്രരൂപേ, മന്ത്രഗമ്യേ, മന്ത്രപ്രിയംകരീ, മനുഷ്യമാനസഗമ്യേ, മന്മഥാരിപ്രിയംകരീ, ക്ഷീരവൃക്ഷസ്വരൂപിണീ, (അരയാൽ, വേപ്പ്, മാവ്, എരുക്ക്, പ്ലാവ്, ലന്ത, വിളാർമരം, കൂവളം എന്നിവയാണ് ക്ഷീരവൃക്ഷങ്ങൾ), നമസ്കാരം, നമസ്കാരം.

പാൽവള്ളികളിൽ വാഴുന്ന ദയാമയീ, ദയാനിധേ, ദാക്ഷിണ്യകരുണാകരേ, സർവ്വജ്ഞവല്ലഭേ, അവിടുന്ന് ജയിച്ചാലും. എന്നിങ്ങിനെ സ്തുതിച്ച് പൂജിച്ചാൽ സകലപുണ്യങ്ങളും സാധകനിൽ വന്നുചേരും. ഈ സ്തോത്രം നിത്യവും ചൊല്ലുന്ന ഭക്തനെ ആധിവ്യാധികൾ ബാധിക്കുകയില്ല. അവനിലെ ശത്രുഭയം ഇല്ലാതാകും. ധർമ്മാർത്ഥിക്ക് ധർമ്മവും ധനമാഗ്രഹിക്കുന്നവന് ധനവും ജ്ഞാനം ആഗ്രഹിക്കുന്നവന് ജ്ഞാനവും ലഭിക്കും. മോക്ഷാർത്ഥിക്ക് മോക്ഷവും കാമിക്ക് കാമപൂർത്തിയും ഉണ്ടാവും.

ബ്രാഹ്മണൻ വേദജ്ഞനാവും. ക്ഷത്രിയന് വിജയം, വൈശ്യന് ധനസമ്പത്ത്, ശൂദ്രന് സുഖമെന്നിവ ഉണ്ടാവും. ശ്രാദ്ധസമയത്ത് ഈ സ്തോത്രം ചൊല്ലുന്നത് പിതൃക്കളിൽ പ്രീതിയുണ്ടാക്കും.

ദേവൻമാരും ഭഗവതിയെ പൂജിക്കുന്നത് ഇങ്ങിനെയാണ്. ഞാൻ പറഞ്ഞുതന്ന വിധത്തിൽ ദേവിയെ പൂജിച്ചാൽ സർവ്വാഭീഷ്ടങ്ങളും സാധിക്കാം. അങ്ങിനെ ഭക്തനിലെ സകലപാപങ്ങളും ഇല്ലാതായി മനസ്സ് നിർമലമാവും. എവിടെയിരുന്നാലും അവന് ജഗദംബാപ്രീതിയുണ്ടാവും. അവൻ സംപൂജ്യനും മാന്യനും ആയിത്തീരും. സ്വപ്നത്തിൽപ്പോലും നരകഭീതിയില്ലാതെ പുത്രപൗത്രസമ്പത്തിനുടമയാവുകയും ചെയ്യും. ദേവീഭക്തന് എന്നും മംഗളമുണ്ടാവും.

നരകോദ്ധാരണലക്ഷണം, ശ്രീദേവീപൂജ, മധുകപൂജ, മാസക്രമപൂജ, എന്നിവയെപ്പറ്റിയെല്ലാം ഞാൻ പറഞ്ഞു തന്നു. മധുകപൂജ ചെയ്യുന്നവനെ രോഗഭയാദികൾ ബാധിക്കുകയില്ല.

ഇനി ജഗദാനന്ദകാരകവും മുക്തിപ്രദവുമായ പ്രകൃതിപഞ്ചകത്തെപ്പറ്റി പറയാം

അഷ്ടമസ്കന്ധം അവസാനിച്ചു.

Friday, January 27, 2017

ദിവസം 221 . ശ്രീമദ്‌ ദേവീഭാഗവതം 8. 23. നരകവിസ്താരം

ദിവസം 221 .  ശ്രീമദ്‌ ദേവീഭാഗവതം 8. 23.  നരകവിസ്താരം
  
യേ നരാ: സർവദാ സാക്ഷ്യേ അനൃതം ഭാഷയന്തി ച
ദാനേ വിനിമയേ fർത്ഥസ്യ ദേവർഷേ പാപബുദ്ധയ:
തേ പ്രേത്യാമുത്ര നരകേ അവീ ച്യാഖ്യേ f തിദാരുണേ
യോജനാനാം ശതോച്ഛ്രായാദ് ഗിരി മൂർധന: പതന്തി ഹി

ശ്രീ നാരായണൻ തുടർന്നു: ധനമിടപാടിന്റെ കാര്യത്തിൽ കള്ളസാക്ഷി പറയുന്ന മഹാപാപികളെ അവീചിയെന്ന നരകത്തിൽ നൂറുയോജന ഉയരത്തിലുള്ള ഒരു മലയിൽ നിന്ന് യമകിങ്കരന്മാര്‍ തലകീഴായി വലിച്ചെറിയും. മുകളിൽ നിന്നു കാണുമ്പോൾ അവിടം നുരയും പതയുമുള്ള ജലമാണെന്നു തോന്നും. അതിനാലാണ് അവീചി എന്ന നാമം അതിനു സിദ്ധിച്ചത്. അതിൽ വീഴുന്നവർ എള്ള് മണി പോലെ നുറുങ്ങി നരകിക്കും.  ചത്തില്ലെങ്കിൽ അവനെയവര്‍ വീണ്ടും മലമുകളിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി താഴേയ്ക്ക് വലിച്ചെറിയും.

ബ്രാഹ്മണനോ, വ്രതമെടുത്ത രാജാവോ അവരുടെ ഭാര്യമാരോ മദ്യപിച്ചാൽ മയ:പാനകുണ്ഡത്തിൽ അവർക്കുള്ള ശിക്ഷ കാരിരുമ്പ് ഉരുക്കിയ ദ്രാവകം കുടിപ്പിക്കുക  എന്നതാണ്. മദ്യപാനം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ശിക്ഷ അതുതന്നെയാണ്.

നീചകുലത്തിൽ പിറന്നിട്ടും തന്റെ കേമത്തം കാണിക്കാൻ വേണ്ടി വിദ്യാജന്മതപോവർണ്ണാശ്രമാചാരങ്ങളിൽ നിഷ്ണാതരായവരെ ബഹുമാനിക്കാദി ജീവിക്കുന്നവനെ യമഭടന്മാർ കൊണ്ടു പോകുന്നത് ക്ഷാരകർദ്ദമം എന്ന നരകത്തിലേക്കാണ്. അവിടെയവനെയവര്‍ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിക്കും.

നരബലി നടത്തിയ പാപികൾ മരിച്ചു ചെന്നാൽ അവർ സ്വയം മനുഷ്യമാംസം തിന്നേണ്ടി വരും. അവർ കൊന്നവർ വാളുമായി വന്ന് ആ കൊലയാളികളെ വെട്ടിനുറുക്കും. അവരുടെ രക്തം കുടിച്ച് ആ പിശാചുക്കൾ നൃത്തം ചെയ്യും.

ആർക്കും ദോഷമേതും ചെയ്യാതെ കാട്ടിലോ നാട്ടിലോ ശാന്തരായി ജീവിക്കുന്ന ജന്തുജീവികളെ സ്നേഹം നടിച്ച് പിടികൂടി കളിപ്പാട്ടങ്ങൾ എന്ന പോലെ കുത്തിയും ഉപദ്രവിച്ചും രസിക്കുന്നവരെ ശൂലപ്രോതമെന്ന നരകത്തിൽ യമഭടന്മാര്‍ ശൂലങ്ങളിൽ കോർത്ത് എടുക്കും. എന്നിട്ടവരെ പരുന്തിനും കഴുകനും കൊത്തിവലിക്കാൻ ഇട്ടു കൊടുക്കും. അപ്പോഴാണ് തങ്ങൾ ചെയ്ത പ്രാണിദ്രോഹത്തെപ്പറ്റി അവർക്ക് ഓര്‍മ്മ വരിക.

സർപ്പങ്ങളെന്നപോലെ മറ്റുള്ളവരെയും ജീവജാലങ്ങളെയും പേടിപ്പിച്ച് ജീവിക്കുന്ന നരാധമർ ദന്ദശൂകം എന്ന നരകത്തിൽ ചെന്ന് വീഴും. അവിടെ അനേകം തലകളുള്ള സർപ്പങ്ങൾ അവരെ പിടിച്ചു വിഴുങ്ങും. ആ സർപ്പങ്ങൾക്ക് അഞ്ചും ഏഴും തലകളാണുള്ളത്. പാമ്പ് എലിയെയെന്നപോലെ  അവരാ സർപ്പങ്ങൾക്ക് ആഹാരമാകും.

പൊട്ടക്കിണറ്റിലും ഇരുളടഞ്ഞ ഗുഹയിലും ജീവികളെ തള്ളി ദ്രോഹിക്കുന്നവരെ യമകിങ്കരൻമാർ വിഷപ്പുകയടിച്ച് കൊന്നുകളയും.

ഭക്ഷണസമയത്ത് വീട്ടിൽക്കയറി വരുന്നവരെ വെറുപ്പോടെ നോക്കുന്ന ഗൃഹനാഥനായ ബ്രാഹ്മണന്റെ രണ്ടു കണ്ണുകളും കഴുകനും പരുന്തും കൊത്തിപ്പറിച്ചെടുക്കും.

അഹങ്കാരത്തോടെ തന്റെ ധനം വരുന്നതും പോകുന്നതും നോക്കി മുഖവും മനസ്സും സദാ അതിൽത്തന്നെ മുഴുകി നിധി കാക്കുന്ന ഭൂതത്താനെപ്പോലെ ജീവിക്കുന്ന പണക്കാരൻ  സൂചീമുഖമെന്ന നരകത്തിലാണ് ചെല്ലുക. അവിടെ പണം കാക്കുന്ന പിശാചിന്റെ മുന്നിൽ അവന്റെ തുന്നൽക്കാർ അനേകം സൂചികൾ കൊണ്ടവനെ കുത്തിക്കോർത്ത് തുന്നും.

ഇങ്ങിനെ എല്ലാ പാപികൾക്കും യോജിച്ച നൂറുകണക്കിനു നരകങ്ങൾ ഉണ്ടു്. എന്നാൽ ഇവിടെ പറഞ്ഞിട്ടില്ലാത്ത ആയിരക്കണക്കിനു നരകങ്ങൾ ഇനിയും കണ്ടേക്കാം. നരകങ്ങളിലെ ഇരുപത് എണ്ണമാണ് ഞാൻ ഇതുവരെ വിവരിച്ചത്. ധർമ്മലോപം വരുത്താതെ ജീവിക്കുന്നവർക്ക് സുഖാനുഭവദായികളായ മറ്റ് ലോകങ്ങളും ഉണ്ടെന്നറിയുക. സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ട ധര്‍മ്മാശ്രമങ്ങളെപ്പറ്റിയും നരകവാസം ഒഴിവാക്കാൻ ഉതകുന്ന ജീവിതരീതികളെപ്പറ്റിയും ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ദേവീപൂജ ചെയ്യുന്നവന് നരകവാസഫലം അനുഭവിക്കേണ്ടതായി വരില്ല. ഭവസാഗരതരണത്തിന് ദേവീപൂജ തന്നെയാണ് ഉത്തമം.

Monday, January 23, 2017

ദിവസം 220. ശ്രീമദ്‌ ദേവീഭാഗവതം. 8. 22. നരകവര്ണ്ണനം

ദിവസം 220. ശ്രീമദ്‌ ദേവീഭാഗവതം. 8. 22. നരകവര്ണ്ണനം

കർമ്മഭേദാ: കതിവിധാ: സനാതന മുനേ മമ
ശ്രോതവ്യം സർവഥൈ വൈതേ യാതനാപ്രാപ്തി ഭൂമയ:
യോ വൈപരസ്യവിത്താനി ദാരാപത്യാനി ചൈവ ഹി
ഹരതേ സ ഹി ദുഷ്ടാത്മാ യമാനുചരഗോചര:

നാരദൻ ചോദിച്ചു: ‘മഹർഷേ ഏതെല്ലാം കർമ്മങ്ങളാണ് ജീവനെ വൈവിദ്ധ്യങ്ങളായ നരകപ്രാപ്തിയിലേയ്ക്ക് എത്തിക്കുക?

ശ്രീ നാരായണൻ തുടർന്നു: അന്യന്റെ ഭാര്യയെയും അവന്റെ സ്വത്തും അപഹരിക്കുന്ന ദുഷ്ടനെ മരണശേഷം യമകിങ്കരൻമാർ കാലപാശം കൊണ്ട് പിടിച്ചുകെട്ടി താമിസ്രം എന്ന നരകത്തിൽ കൊണ്ടിടും. അവിടെ അടിയും തൊഴിയും ഏറെ കിട്ടി അവൻ അവശനാവും. പലവട്ടം ബോധംകെട്ടു വീഴുവോളം ആ പീഢനം തുടരും.

അപരന്റെ ഭാര്യയെ അനുഭവിക്കുന്ന പാപിയെ യമകിങ്കരൻമാർ അന്ധതാമിസ്രം എന്ന നരകത്തിലാണ് തള്ളുക. ഉടനെ അവന്‍റെ കണ്ണു കാണാതാകും. ബുദ്ധി കെട്ട് വേരറ്റമരം പോലെ അവനവിടെ പതിക്കും. അന്ധതാമിസ്രം എന്ന പേരിന് ചേര്‍ന്ന രീതിയിലാണ് അവിടുത്തെ വാസം.

'എന്റെ, എനിക്ക്' എന്നീ വിചാരത്തോടെ, സ്വാർത്ഥതയോടെ ജീവിച്ച് മറ്റുള്ളവരെ ദ്രോഹിച്ച് കുടുംബം പോറ്റുന്നവൻ മരണശേഷം രൗരവം എന്ന നരകത്തിലാണ് എത്തിച്ചേരുക. ജീവിച്ചിരുന്ന കാലത്ത് അയാളുടെ ദ്രോഹം സഹിച്ചിട്ടുള്ളവർ അവിടെ സർപ്പത്തേക്കാൾ ക്രൂരൻമാരായ രൂരുക്കളായി വന്ന് അവനെ ആക്രമിക്കും. ഈ നരകത്തിന് രൗരവം എന്ന പേരുണ്ടാവാൻ കാരണം ഈ രുരുക്കളാണ്. സ്വന്തം വയർ വീർപ്പിക്കാനായി മാത്രം ജീവിച്ച ഇവനെ മാംസം തീനികളായ രുരുക്കൾ മഹാരൗരവനരകത്തിൽ കാർന്നുതിന്നു രസിക്കുന്നു.

ഈ ലോകത്ത് പക്ഷിമൃഗാദികളെ നിർദ്ദയം കൊന്നൊടുക്കുന്നവനെ യമകിങ്കരൻമാർ കുംഭീപാകമെന്ന നരകത്തിൽത്തള്ളും. അവിടെ തിളച്ച എണ്ണയിലാണ് അവന്‍ ചെന്നുവീഴുക. അവൻ കൊന്നിട്ടുളള മൃഗങ്ങൾക്ക് ദേഹത്തെത്ര രോമങ്ങൾ ഉണ്ടായിരുന്നോ അത്രയും കൊല്ലം അവൻ കുംഭീപാകത്തിൽ കിടക്കേണ്ടിവരും.

പിതൃക്കളെയോ ബ്രാഹ്മണരെയോ ദ്രോഹിക്കുന്നവർക്ക് കാലസൂത്രം എന്ന നരകമാണ് വിധിച്ചിട്ടുള്ളത്. ചുട്ടുപൊള്ളുന്ന വെയിലും തീയുമാണവരെ കാത്തിരിക്കുന്നത്. വിശപ്പും ദാഹവും സഹിക്കാതെ അകവും പുറവും ചുട്ടു നീറിപ്പുകഞ്ഞ് വലയുന്ന അവൻ ഓടിയും കുറച്ച് നേരം ഇരുന്നിട്ട് വീണ്ടും പിടഞ്ഞെണീറ്റോടിയും നരകിക്കും.

ആപത്തില്ലാത്ത സമയത്ത് സ്വധർമ്മം വെടിഞ്ഞ് പാപവൃത്തി ചെയ്യുന്നവൻ അസിപത്രവനം എന്ന നരകത്തിൽ എത്തിച്ചേരുന്നു. അവിടെ ചാട്ടവാർ കൊണ്ടുള്ള അടിയേറ്റു പുളഞ്ഞ് അങ്ങുമിങ്ങും പാഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മൂർച്ചയേറിയ വാളുകൾ അവനെ വെട്ടിമുറിക്കുന്നു. ദേഹമാകെ മുറിഞ്ഞ് ചോരയൊഴുക്കി ദുസ്സഹമായ വേദനയോടെ അവൻ അലമുറയിടും.

രാജാവോ രാജകിങ്കരൻമാരോ ആരെയെങ്കിലും അന്യായമായി ശിക്ഷിക്കുകയോ പീഢിപ്പിക്കുകയോ ചെയ്താൽ അവന് സൂകരമുഖം എന്ന നരകത്തിൽ ശിക്ഷ കിട്ടും. അവിടെ അതിശക്തരായ യമകിങ്കരൻമാർ അവരെ കരിമ്പിൽ നിന്ന് നീരെടുക്കുംപോലെ ഞെക്കിപ്പിഴിഞ്ഞ് പീഡിപ്പിക്കും. ബ്രാഹ്മണദ്രോഹിക്കും ഇതാണ് ഗതി.

പരപീഡ പാപമാണെന്ന അറിവുണ്ടായിട്ടും അന്യരെയും മറ്റ് പ്രാണികളെയും ദ്രോഹിച്ച് ജീവിക്കുന്നവൻ അതേ പ്രാണികൾ വീണു കിടക്കുന്ന അന്ധകൂപത്തിൽ എത്തിച്ചേരും. അവിടെ ആ പ്രാണികൾ അവനെ ഇഞ്ചിഞ്ചായി കടിച്ചു കീറും. കൂടാതെ ഇഴജന്തുക്കളും പേനും, കൊതുകും ഈച്ചയും അട്ടയും അവനെ പൊതിയും. ചീഞ്ഞുനാറിയ ദേഹവുമായി ഏറെനാൾ അവനവിടെ കഴിയേണ്ടിവരും.

വിധിവിഹിതങ്ങളായ പഞ്ചമഹായജ്ഞങ്ങൾ ചെയ്ത് മറ്റുളളവർക്ക് കൊടുക്കാനുള്ളത് കൊടുക്കാതെ കാക്കയെപ്പോലെ എല്ലാം ഒറ്റയ്ക്കനുഭവിക്കുന്നവനെ കൃമിഭോജനമെന്ന നരകത്തിലേക്കാണ് മരണശേഷം അയക്കുക. ലക്ഷം യോജനയാണ് ആ നരകത്തിന്റെ വിസ്തൃതി. കൃമികൾക്ക് മൃഷ്ടാന്നമാവാനാണ് അവന് വിധി. അന്യർക്ക് കൊടുക്കാതെ എല്ലാം തനിക്കായി മാത്രം സ്വരുക്കൂട്ടി വയ്ക്കുന്നവന്റെയെല്ലാം വിധി ഇതാണ്.

രത്നം, സ്വർണ്ണം എന്നിവ മോഷ്ടിക്കുകയോ പിടിച്ചുപറിക്കുകയോ, ബ്രാഹ്മണധനം അപഹരിക്കുകയോ ചെയ്യുന്നവന് സംദംശം എന്ന നരകമാണ് വിധിച്ചിട്ടുള്ളത്. ആപത്തുകാലത്തു മാത്രമേ അന്യന്റെ മുതൽ എടുക്കാൻ പാടുള്ളു. സംദംശ നരകത്തിൽ ചുട്ടുപഴുത്ത കൊടിലുകൊണ്ടു് ദേഹം പൊളിക്കാൻ വിദഗ്ധരായ യമകിങ്കരൻമാരുണ്ട്.

അഗമ്യഗമനക്കാരായ സ്ത്രീയും പുരുഷനും ചെന്നെത്തുന്നത് തപസൂർമ്മി എന്ന നരകത്തിലാണ്. അവിടെയവരെ യമദൂതൻമാർ ചമ്മട്ടി കൊണ്ടു് പ്രഹരിക്കും. മാത്രമല്ല ചുട്ടുപഴുത്ത ലോഹപ്രതിമകളിൽ അവരെക്കൊണ്ടു ആലിംഗനം ചെയ്യിപ്പിക്കുകായും ചെയ്യും.

ആരെന്നോ എവിടെയെന്നോ നോക്കാതെ ഭോഗാസക്തനായി ജീവിച്ചവനെ ശാല്മലി എന്ന നരകത്തിലെ വജ്രമുള്ളുകളും ലോഹമുനകളും കുത്തിക്കീറും.

ധർമ്മനിഷ്ഠകൾ തെറ്റിച്ചു ജീവിക്കുന്നവൻ രാജാവായാൽ പോലും വൈതരണിയെന്ന നരകത്തിൽ ചെന്നുചേരും. അവിടെയാ നരകനദിയിലെ ജന്തുക്കൾ അവരെ കുറേശ്ശെ കൊത്തിത്തിന്നും, എന്നാൽ അവരെ പൂർണ്ണമായി കൊല്ലുകയുമില്ല. അങ്ങിനെ ദീര്‍ഘകാലം ദുരിതമനുഭവിക്കാൻ ഇടവരുത്തും. പിന്നീടവന്‍ അവിടെനിന്ന് പോയി മലമൂത്രവും ചോരയും ചലവും നഖവും മുടിയും അസ്ഥിയും നിറഞ്ഞ നദിയിൽ ഏറെനാൾ നീന്തി കിടന്നലയും.

നാണമില്ലാതെ ദാസിമാരെ പ്രാപിച്ച് അശുദ്ധരായവർ, ആചാരനിയമങ്ങൾ വെടിഞ്ഞവർ, മൃഗജീവിതം നയിക്കുന്നവർ എന്നിവർക്കെല്ലാം പുയോദം എന്ന നരകമാണ് വിധിച്ചിട്ടുള്ളത്. മലമൂത്രങ്ങളും കഫവും മലവും നിറഞ്ഞ ഇടമാണത് . കിങ്കരൻമാർ അവരെയാ മലിനവസ്തുക്കൾ തീറ്റിക്കുകയും ചെയ്യും.

നായ, കഴുത, മുതലായ മൃഗങ്ങളെ വളർത്തുകയും നായാട്ടിൽ ഏർപ്പെടുകയും ചെയ്യുന്ന ബ്രാഹ്മണൻ മരിച്ച് ചെല്ലുന്നത് പ്രാണരോധം എന്ന നരകത്തിലാണ്. അവരെ എയ്ത് പിളർക്കാൻ കൂർത്ത അമ്പുകളുമായി യമഭടൻമാർ കാത്തുനില്ക്കുന്നു.

തന്റെ വീരസ്യം കാണിക്കാൻ മാത്രം പശുഹിംസയോടെയും മറ്റുമുള്ള യാഗം നടത്തുന്നവനെ വിശസനം എന്ന നരകത്തിൽ ചാട്ട കൊണ്ടുള്ള അടിയാണ് കാത്തിരിക്കുന്നത്.

കാമപരവശനായി ഭാര്യയെക്കൊണ്ടു് തന്റെ രേതസ്സ് പാനം ചെയ്യിപ്പിക്കുന്ന മൂഢബ്രാഹ്മണനെ രേത:കുണ്ഡം എന്ന നരകത്തിൽ യമഭടൻമാർ രേതസ്സ് കുടിപ്പിക്കുന്നു.

വിഷം കൊടുത്ത് കൊല്ലുന്നവർ, കുത്തിക്കൊല്ലുന്നവർ, തീവെട്ടിക്കൊള്ളക്കാർ, ധനാപഹരണത്തിനു വേണ്ടി കൊല്ലുന്നവർ, പ്രജകളെ കൊള്ളയടിക്കുന്ന രാജാക്കൻമാർ, അവരുടെ ആജ്ഞാനുവർത്തികളായ ഭടൻമാർ എന്നിവർ മരിച്ചു കഴിഞ്ഞാൽ ശ്വാനകാദനം എന്ന നരകത്തിലെത്തും. അവിടെ വിചിത്രരൂപികളായ എഴുനൂറ്റിയിരുപത് നായ്ക്കൾ ചേർന്ന് ചാടി വീണ് അവരെ കടിച്ചുകീറും. സാരമേയാദനം എന്നും ഈ നരകം അറിയപ്പെടുന്നു.

Sunday, January 22, 2017

ദിവസം 219. ശ്രീമദ്‌ ദേവീഭാഗവതം. 8.21. നരകസ്വരൂപം

ദിവസം 219. ശ്രീമദ്‌ ദേവീഭാഗവതം. 8.21. നരകസ്വരൂപം

തസ്യാനുഭാവം ഭഗവാൻ ബ്രഹ്മപുത്ര: സനാതന:
സഭായാം ബ്രഹ്മദേവസ്യ ഗായമാന ഉപാസതേ
ഉത്പത്തി സ്ഥിതിലയ ഹേതവോ f സ്യ കൽപാ :
സത്വാദ്യാ: പ്രകൃതി ഗുണാ യദീക്ഷയാ f സൻ
യദ്രൂപം ധ്രുവമകൃതം യദേകമാത്മൻ
നാനാധാത് കഥമുഹ വേദ തസ്യ വർത്മ

ശ്രീ നാരായണൻ തുടർന്നു: ബ്രഹ്മപുത്രനായ സനാതനൻ ആദിശേഷന്റെ മഹത്വം ബ്രഹ്മസഭയിൽ പാടി വാഴ്ത്തുന്നു. ആരുടെ കാരുണ്യത്താലാണ് സൃഷ്ടിസ്ഥിതിലയകാര്യങ്ങൾ നടത്താൻ സത്വാദി ഗുണങ്ങൾക്ക് പ്രാഭവമുണ്ടാകുന്നത്, ആരുടെ രൂപമാണോ അനന്ത വിസ്തൃതമായി നിലകൊള്ളുന്നത്, ആരാണോ തനിച്ചീ ജഗത്തിനെ മുഴുവൻ സൃഷ്ടിച്ചു രക്ഷിച്ചു നിലനിർത്തുന്നത്, ആ ഭഗവാൻ സങ്കർഷണ ദേവന്റെ മഹിമ ആരറിഞ്ഞു?

നമ്മോടുള്ള കരുണാതിരേകം മാത്രം കൊണ്ടാകണം ആ ഭഗവാൻ ശുദ്ധസാത്വികമായ ഈ രൂപത്തെ കൈക്കൊണ്ടത്. അതുപോലെ സ്വജനങ്ങളുടെ മനസ്സ് കവരുവാനാണ് ആ മൃഗേന്ദ്രൻ അവിടുത്തെ ദയവാൽ ദിവ്യലീലകൾ മനസ്സിലാക്കിയത്. ദു:ഖിതനോ പാപിയോ ആരുമായ്ക്കൊള്ളട്ടെ ഭഗവാന്റെ നാമം കേൾക്കുകയോ ഉച്ചരിക്കുകയോ അറിയാതെയെങ്കിലും സ്മരിക്കുകയോ ചെയ്യുന്ന പക്ഷം അവന്റെ എല്ലാ പോരായ്മകൾക്കും അവസാനമായി. അങ്ങിനെയുള്ള ഭഗവാനെ വിട്ട് സാധകർ മറ്റാരെയെങ്കിലും ശരണം പണിയുമോ?

ആയിരം നാവുണ്ടെങ്കിലും അനന്തനെ വാഴ്ത്താൻ അത് പര്യാപ്തമല്ല. കാരണം സകല ജീവജാലങ്ങളെയും ശൈലാർണ്ണവങ്ങളെയും മൂർദ്ധാവിൽ അണുവിട തെറ്റാതെ ധരിച്ചു വിളങ്ങുമ്പോഴും ഭഗവാന് യാതൊരു കലുക്കവുമില്ല. അനുപമ ഭൂരിവിക്രമവും അനന്തമഹിമയുമുള്ള ഒന്നിനെ കേവലം പരിമിതമായ വാക്കുകൾ കൊണ്ട് എങ്ങിനെയാണ് വിവരിക്കുക? രസാതലത്തിൽ വാണു കൊണ്ട് വെറുമൊരു ലീലയായി ഭൂമിയെ നിലനിർത്തുന്നത് അമേയവീര്യഗുണപ്രഭാവനായ സാക്ഷാൽ അനന്തനാണ്.

മുനി ശ്രേഷ്ഠാ, മനുഷ്യർക്ക് അവരവരുടെ കർമ്മങ്ങൾക്കനുസരിച്ച് ഓരോരോ സ്ഥാനങ്ങൾ പ്രാപ്യമാകുന്നു. അങ്ങിനെയാണ് ചിലർ രാജാക്കൻമാരും മറ്റു ചിലർ മാമുനിമാരും ഇനിയും ചിലർ പക്ഷിമൃഗാദികളും മറ്റും ആകുന്നത്. സകാമൻമാരുടെ ലക്ഷ്യസ്ഥാനങ്ങളാണിവ. ധർമ്മാനുസൃതമാണ് ഈ ജന്മങ്ങളിലെ ഗതിവിഗതികൾ .

നാരദൻ ചോദിച്ചു: ഭഗവാൻ ഈ ലോകത്തിനെ സൃഷ്ടിച്ചപ്പോൾ എന്തിനാണ് ഇത്രയേറെ വൈവിദ്ധ്യങ്ങൾ അതിൽ സന്നിവിശിപ്പിച്ചത്? എല്ലാം കർമ്മങ്ങൾ മുഖേനയല്ലേ സംജാതമാകുന്നത്?

ശ്രീ നാരായണൻ തുടർന്നു: കർമ്മം ചെയ്യുന്നയാളിന്റെ ശ്രദ്ധ ഇതിൽ സുപ്രധാനമാണ്. ത്രിഗുണങ്ങളുടെ സ്വാധീനവും ഇതില്‍ ഉണ്ടു്. സാത്വിക ശ്രദ്ധയുള്ള ഒരാൾക്ക് സുഖം സഹജമായും ഉണ്ടാവുന്നു. രാജസീകമായ ശ്രദ്ധ ദുഖദായകമാണ്. താമസികമായ ശ്രദ്ധ ദു:ഖത്തെ മാത്രമല്ല മൗഢ്യത്തേയും ക്ഷണിച്ചു വരുത്തും.

അനാദിയായ അവിദ്യയും നാനാവിധത്തിലുള്ള കമ്മഫലങ്ങളെ നൽകുന്നു. അനേകായിരം ഗതികളിൽ അത് പ്രകടമാവുന്നു. അവയിൽ ചില സുപ്രധാന ഗതികൾ ഞാൻ പറയാം. മൂന്നു ലോകങ്ങൾക്കും നടുക്ക് തെക്കേ ദിക്കിൽ ഭൂമിയുടെ താഴെ, എന്നാൽ അതലത്തിന്റെ മേലെയായി പിതൃക്കളും അഗ്നിഷ്വാത്തൻമാരും ഉണ്ടു്. അവർ സ്വന്തം ഗോത്രത്തിലുള്ളവർക്ക് ശാന്തിയേകിക്കൊണ്ടു് സമാധിസ്ഥരായി നിലകൊള്ളുന്നു. പിതൃക്കളുടെ രാജാവായ യമൻ അവിടെയാണ്. അവിടെയെത്തിച്ചേരുന്ന ആത്മാക്കള്‍ക്കായി യമന്‍ കർമ്മദോഷാനുസാരം ദണ്ഡനങ്ങൾ വിധിക്കുന്നു. ഭഗവൽ കല്പനയനുസരിച്ചാണ് യമധർമ്മൻ ധർമ്മതത്വവിശാരദൻമാരായ പാർഷദൻമാരെ യഥാസ്ഥാനങ്ങളിൽ വിന്യസിച്ച് ഓരോ വിധികളും ഉചിതമായി നടപ്പാക്കുന്നത്.

നരകങ്ങള്‍ ഇരുപത്തിയൊന്നെണ്ണം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുപത്തിയെട്ടെന്ന് പറയുന്നവരുമുണ്ട്. താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം. കാലസൂത്രം, അസിപത്രവനം, പോത്രീമുഖം, അന്ധകൂപം, കൃമിഭോജനം, സംദംശം, തപ്ത കുണ്ഡം വജ്രകണ്ടകശാൽമലി, വൈതരണി, പുയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി അയപാനം, ക്ഷാരകർദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദംദശുകം, വടാരോധം, പര്യാവർത്തനകം, സൂചീമുഖം , ഇങ്ങിനെ ഇരുപത്തെട്ട് നരകങ്ങളുണ്ട് . ജീവജാലങ്ങൾ അവരുടെ കർമ്മഫലമനുസരിച്ച് എത്തിച്ചേരേണ്ട ഇടങ്ങളാണിവ.

Monday, January 16, 2017

ദിവസം 218. ശ്രീമദ്‌ ദേവീഭാഗവതം. 8. 20. തലാതലാദി വര്‍ണ്ണനം

ദിവസം 218. ശ്രീമദ്‌ ദേവീഭാഗവതം. 8. 20. തലാതലാദി വര്‍ണ്ണനം

തതോfധസ്താദ്വിവരകം തലാ തല മുദീരിതം
ദാന വേന്ദ്രോ മ യോനാ മ ത്രിപുരാധിപതിർ മഹാൻ
ത്രിലോക്യാ: ശങ്കരേണാ fയം പാലിതോ ദഗ്ദ്ധപുസ്ത്രയ:
ദേവദേവ പ്രസാദാത്തു ലബ്ധ രാജ്യ സുഖാസ്പദഃ

ശ്രീ നാരായണൻ തുടർന്നു: സുതലത്തിനും താഴെയാണ് തലാതലം. അവിടെ ദാനവപ്രമുഖനായ മയനാണ് വാഴുന്നത്. ലോകമംഗളത്തിനായി ത്രിപുരാന്തകനായ പരമശിവനാൽ പാലിതനായ മയൻ അവിടെ സസുഖം വാഴുന്നു. അവിടെ ഘോരരാക്ഷസർ മായാവിയായ മയനെ പ്രീതിപ്പെടുത്തി അവരുടെ അഭീഷ്ടങ്ങൾ സാധിക്കുന്നു. മായാവിദ്യക്കാരുടെ ആചാര്യനാണ് മയൻ.

തലാതലത്തിനും താഴെ മഹാതലം. കദ്രുവിന്റെ മക്കളായ അനേകം ഫണങ്ങളുള്ള നാഗങ്ങൾ അവിടെക്കഴിയുന്നു. അതിൽ പ്രമുഖരായ സർപ്പങ്ങൾ അതിക്രൂരസ്വഭാവികളായ കുഹകൻ, തക്ഷകൻ, സുഷേണൻ, കാളിയൻ എന്നിവരാണ്. അവർക്ക് പക്ഷിരാജാവായ ഗരുഡനെ മാത്രമേ ഭയമുള്ളു. അവർ ഭാര്യാപുത്രാദികളോടെ മഹാതലത്തിൽ സുഖിച്ചു ക്രീഡിച്ചു വാഴുന്നു.

ഇനി രസാതലം എന്ന ‘വിവര’മാണ്. അവിടെ ദൈതേയൻമാരും ഫണികൾ എന്ന വിളിക്കപ്പെടുന്ന അസുരൻമാരും വാഴുന്നു. കാലകേയൻമാരും നിവാതകവചൻമാരും അവിടെയാണുള്ളത്. ദേവവൈരികളാണ് അവരെന്ന് പ്രശസ്തമാണല്ലോ. അവർ ജൻമനാ വീരൻമാരും മഹാസാഹസികരുമാണ്. എന്നാൽ ഭഗവാൻ ഹരിയുടെ തേജസ്സ് അവരുടെ പരാക്രമത്തെ കെടുത്തിയിരിക്കുന്നു. സർപ്പങ്ങളെപ്പോലെ അവരാ 'ബില'ത്തിലാണ് സ്ഥിരവാസം. ഇന്ദ്രന്റെ ദൂതിയായ സരമ ജപിക്കുന്ന മന്ത്രങ്ങൾ അവരെ സദാ പീഢിപ്പിക്കുന്നു. ഒരിക്കൽ ഈ അസുരൻമാർ ഒളിപ്പിച്ചു വച്ച പശുവിനെ അന്യോഷിക്കാനിറങ്ങിയത് ഇന്ദ്രൻ പറഞ്ഞയച്ച സരമ എന്ന പേരുള്ള ഒരു നായയായിരുന്നു. അസുരൻമാരോട് സന്ധിക്കു കൂട്ടാക്കാതെ സരമ അവരോട് സദാ കയർത്തുകൊണ്ടിരുന്നു എന്നൊരു കഥയും പ്രസിദ്ധമാണല്ലോ.

ഇതിനും താഴെ പാതാളത്തിൽ നാഗലോകരാജാക്കൻമാർ വസിക്കുന്നു. വാസുകി. ശംഖൻ, കൂളികൻ, ശ്വേതൻ, ധനഞ്ജയൻ മഹാശംഖൻ, ധൃതരാഷ്ട്രൻ, ശംഖചൂഡൻ, കബളാശ്വതരൻ, ദേവോപദത്തകൻ തുടങ്ങിയ ഉഗ്രവിഷമുള്ള സർപ്പങ്ങളാണവിടെയുള്ളത്. അഞ്ചു ഫണങ്ങൾ, ഏഴു ഫണങ്ങൾ, പത്ത്, നൂറ്, ആയിരം, എന്നിങ്ങിനെ അനേകശിരസ്സുകൾ ഉള്ള ഈ സർപ്പങ്ങളുടെ തലയിൽ രത്നങ്ങളുമുണ്ട്. ആ രത്നങ്ങൾ തിളക്കമുള്ളതാകയാൽ അവ പാതാളത്തിലെ ഇരുട്ട് ഇല്ലാതാക്കുന്നു. ഇവിടെയുള്ള  നാഗങ്ങൾ സദാ കോപിഷ്ഠരാണ്.

ഈ 'വിവര’ത്തിന്റെ ഒരു മൂലയ്ക്കായി മുപ്പതിനായിരം യോജന ദൂരത്ത് ഭഗവാന്റെ ‘താമസകല’ നിലകൊള്ളുന്നു. അനന്തൻ എന്നു പേരുള്ള ഈ സത്തയെ എല്ലാ ദേവൻമാരും പൂജിക്കുന്നു. അഹംഭാവത്തിന്റെ തെളിവായി, ദൃശ്യാദൃശ്യങ്ങളെ 'കർഷണം' ചെയ്ത് ഏകീകരിക്കുന്നവനാകയാൽ അതിന് സങ്കർഷണൻ എന്നു പേരും സിദ്ധിച്ചു. ദൃശ്യം പ്രപഞ്ചവും ദൃഷ്ടാവ് പരമാത്മാവുമാണല്ലോ. ഇവയെ വഴി പോലെ ഏകീകരിക്കുന്നത് അനന്തനത്രേ.

ഈ ഭൂമണ്ഡലം ആയിരം ഫണങ്ങളുള്ള സങ്കർഷണപ്രഭുവിന്റെ ശിരസ്സിൽ ഒരു കടുകുമണി പോലെയാണ് നിലകൊള്ളുന്നത്. അനന്തൻ എന്നും ശേഷൻ എന്നും പേരുള്ള ഈ നാഗത്തിന്റെ ശിരസ്സാണ് ഭൂലോകത്തിനെ താങ്ങി നിർത്തുന്നത്. ഒരിക്കൽ ചരാചരത്തെ മുഴുവൻ സംഹരിക്കാൻ ആഗ്രഹിച്ച ശേഷന്റെ മദ്ധ്യഭാഗത്തു നിന്ന് ഒരു മഹാസത്വം സങ്കർഷണൻ എന്നപേരില്‍ പതിനൊന്നു പേരടങ്ങിയ രുദ്രഗണമായി ആവിർഭവിച്ചു. മഹാസത്വമായ ആ മുക്കണ്ണൻ ത്രിശൂലധാരിയായി, ഉൽക്കടമായ വീര്യത്തോടെ സർവ്വഭൂതങ്ങളെയും സംഹരിക്കാൻ തയ്യാറായി എഴുന്നേറ്റു.

ആ മഹത് സത്വത്തിന്റെ പാദനഖമണ്ഡലത്തിൽ തെളിഞ്ഞു വിളങ്ങുന്ന മണിബിംബത്തിൽ മഹാനാഗൻമാർ വിഷ്ണുഭക്തരോടു ചേർന്ന് നമസ്കരിക്കുന്നു. അവർ തങ്ങളുടെ തന്നെ മുഖം ആ മണിബിംബത്തിൽ പ്രതിഫലിച്ചു കാണുന്നു. കുണ്ഡലമണികൾ അവരുടെ കവിൾത്തടങ്ങളെ പ്രകാശിപ്പിച്ച് ശോഭയുള്ളതാക്കുന്നുണ്ട്. അംഗവിലാസത്തഴപ്പാർന്ന നാഗരാജകുമാരിമാർ അവരുടെ കൊഴുത്തുരുണ്ട കൈകളിൽ സുഗന്ധ കുറിക്കൂട്ടുകൾ അണിഞ്ഞ് കാമാസക്തിയോടെ, എന്നാൽ ലജ്ജാവിവശരായി ആദിശേഷനെ കടാക്ഷിക്കുന്നു. അനുരാഗഗർവ്വിനാൽ ചുവന്ന കണ്ണുകൾ കൊണ്ട് അനന്തനും അവരിലേക്ക് ദൃഷ്ടി പായിക്കുന്നു.

ഭഗവാൻ അനന്തൻ അനന്ത ബലവാനും സദ്ഗുണവാരിധിയും മഹാശയനും മഹാതേജസ്വിയുമാകുന്നു. ഉള്ളിലെ ഉൽക്കടമായ കോപത്തെ  അടക്കിക്കൊണ്ട് ലോകസംരക്ഷണാർദ്ധം ദേവപൂജിതനായ ശേഷൻ വസിക്കുന്നു. സുരാസുരൻമാരും സിദ്ധചാരണഗന്ധർവ്വാദികളും മുനികളും അനന്തനെ പൂജിക്കുന്നു. ചുവന്നു കലങ്ങിയ കണ്ണുകളോടെ അമൃതസമാനമായ വാക്കുകള്‍ ചൊരിഞ്ഞ് ദേവൻമാരെയും പാർഷദൻമാരെയും തൃപ്തിപ്പെടുത്തി വിരാജിക്കുന്ന ആ ഭഗവാൻ ഒരിക്കലും വാടാത്ത തുളസീദലങ്ങളാൽ കോർത്തെടുത്ത ഒരു വൈജയന്തിമാല ആഭരണമായി ധരിച്ചിട്ടുണ്ട്. ആ മാലയ്ക്ക് ചുറ്റും വണ്ടുകൾ മൂളിപ്പറക്കുന്നതിന്റെ നാദത്താല്‍ അവിടം സദാ മുഖരിതമാണ്. നീലപ്പട്ടു വസ്ത്രം, ഒറ്റ കുണ്ഡലം എന്നിവയണിഞ്ഞ് തടിച്ച കൈത്തലം ഒരു കലപ്പമേൽവച്ച്, ആനയുടെ ചങ്ങലയെന്ന പോലെയൊരു സ്വർണ്ണച്ചങ്ങല ചുറ്റി ആ കരുണാനിധി ദേവദേവനായി നിലകൊള്ളുന്നു.

Sunday, January 15, 2017

ദിവസം 217. ശ്രീമദ്‌ ദേവീഭാഗവതം. 8. 19. അതലസുതല വര്‍ണ്ണനം

ദിവസം 217. ശ്രീമദ്‌ ദേവീഭാഗവതം. 8. 19. അതലസുതല വര്‍ണ്ണനം

പ്രഥമേ വിവരേ വിപ്ര അതലാഖ്യേ മനോരമേ
മയ പുത്രോ ബലോ നാമവിവർത്തതേfഖർവ ഗർവ കൃത്
ഷണ്ണവത്യോ യേന സൃഷ്ടാ മായാ: സർവാർത്ഥസാധികാ:
മായാവിനോ യാശ്ച സദ്യോ ധാതയന്തി ച കാശ്ചന

മയന്റെ പുത്രനായ ബകൻ മനോഹരമായ അതലമെന്ന ‘വിവര’ത്തിലാണ് വസിക്കുന്നത്. തൊണ്ണൂറ്റിയാറ് മഹാമായാവിദ്യകളെ സൃഷ്ടിച്ച ബകൻ ബലവാനും ഗർവിഷ്ഠനുമാണ്. ആ മായാവിദ്യകളിൽ ചിലത് ഇപ്പോഴും മായാവികൾ പ്രയോഗിച്ചു വരുന്നുണ്ട്. ബകൻ കോട്ടുവായിടുമ്പോൾ വർണ്ണഭേദം കൂടാതെ വ്യഭിചരിക്കുന്ന ‘പുംശ്ചലി’കളും, സവർണ്ണവർഗ്ഗത്തിനു മാത്രം വേണ്ടി വ്യഭിചാരവൃത്തിയിൽ ഏർപ്പെടുന്ന ‘സ്വൈരിണി’കളും, അവർണ്ണർക്കായുള്ള ‘കാമിനി’കളും ഉണ്ടാവുന്നു.

ബിലമെന്നു പ്രസിദ്ധമായ ഇവിടെ പ്രവേശിക്കുന്നവരെ ആ സ്ത്രീകള്‍ ശൃംഗാരചേഷ്ഠയാലും ഹടകരസമെന്ന മദ്യത്താലും മയക്കി ഭോഗലാലസരാക്കി മാറ്റുന്നു. അവര്‍ പ്രേമകടാക്ഷങ്ങളും പുഞ്ചിരിയും പ്രകടിപ്പിച്ച് ആശ്ലേഷവും സല്ലാപവും ശൃംഗാരവേഴ്ചയും കൊണ്ട് ആണുങ്ങളെ രസിപ്പിച്ച് രമിപ്പിച്ച് കീഴടക്കും. ‘ഞാന്‍ പത്താനയുടെ ബലമുള്ള വീരനാണ്, ഞാൻ ഈശ്വരനാണ് , മഹാനാണ്’ എന്നെല്ലാം ഊറ്റം കൊണ്ടിരുന്ന വീരശൂരപരാക്രമികൾ ഈ സ്ത്രീകളുടെ മുന്നിൽ മദാന്ധരായി വീണുപോവും. ഇതാണ് അതലത്തിന്റെ അവസ്ഥ.

ഇനി വിതലം എങ്ങിനെയെന്നു നോക്കാം. അവിടെ ഭഗവാൻ ഹരൻ ഹാടകേശ്വരൻ എന്ന പേരിൽ പാർഷദൻമാരോടുകൂടി വാഴുന്നു. ഭവാനീദേവിയുമായി ചേർന്ന് ഹരൻ സൃഷ്ടിയെ സമ്പുഷ്ടമാക്കുന്നു. അങ്ങിനെ ജീവജാലങ്ങളും മറ്റുവസ്തുക്കളും അഭിവർദ്ധിക്കുന്നു. അവര്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന വീര്യം ഹാടകിയെന്ന നദിയായി ഒഴുകുന്നു. എന്നാൽ കാട്ടുതീയാളി ആ താപത്തില്‍ ഈ നദിയിലെ വെള്ളം വറ്റുമ്പോൾ അവിടെ ‘ഹാടകം’ എന്നു പേരായ സ്വർണ്ണം അടിഞ്ഞുകൂടുന്നു. ദൈത്യർക്ക് ഏറ്റവും പ്രിയമാണീ ലോഹം. അവരുടെ സ്ത്രീകൾ ഹാടകാഭരണങ്ങൾ അണിയുന്നു.

വിതലത്തിനു താഴെയാണ് പുണ്യശ്ലോകനായ മഹാബലി വാഴുന്ന സുതലം. ഭഗവാൻ വിഷ്ണു വാമനരൂപത്തിൽ അവതരിച്ച് ഇന്ദ്രനെ ‘സഹായിച്ച’തിന്റെ കഥ പ്രസിദ്ധമാണല്ലോ. മൂന്നു ലോകവും മൂന്നടിയാൽ അളന്ന് ഭഗവാൻ ത്രിവിക്രമനായ കഥയാണ് മഹാബലി ചരിതം. ബലിയുടെ ത്രൈലോക്യശ്രീയെ ഭഗവാൻ അപഹരിച്ചുവെങ്കിലും സുതലത്തിൽ അദ്ദേഹത്തിന് ഇന്ദ്രാദികൾക്ക് പോലും ലഭിക്കാനരുതാത്ത ഐശ്വര്യം നൽകി. ഇന്ദ്രാദ്യലഭ്യയായ ലക്ഷ്മി സുതലത്തിൽ മഹാബലിക്കൊപ്പമുണ്ട്. സുതലത്തിന്റെ നാഥനായ ബലി ഹരിയെ പൂജിച്ചുകൊണ്ട് ഇന്നും വാഴുന്നു.

നാരദരേ, ഭഗവാന് ഭൂദാനം ചെയ്തതിനാലാണ് ബലിക്ക് ഐശ്വര്യം ഉണ്ടായത് എന്നെല്ലാം മഹാൻമാർ പറയുന്നത് യുക്തിസഹമല്ല. പുരുഷാർത്ഥങ്ങൾ സകലതിനും ഉടയവനായ ഭഗവാന് ദാനം നൽകി എന്നു പറയുന്നതിൽ അർത്ഥമില്ല. ഭക്തിവിവശനായ ഒരുവൻ ഭഗവന്നാമങ്ങൾ ജപിച്ചും സാംഖ്യയോഗാദി സാധനകൾ ചെയ്തും പരമപുരുഷനെ ഉപാസിക്കുന്നു. അങ്ങിനെയുള്ള സാധകന് മായാമോഹമയമായ ഭോഗൈശ്വര്യങ്ങൾ കിട്ടിയാൽ അത് അനുഗ്രഹമാകുന്നില്ല. കാരണം അവ ആത്മാവിനെ വിസ്മരിപ്പിക്കുന്ന ക്ലേശകാരിണികളാണല്ലോ.

മഹാസാധകനും പുണ്യവാനുമായ ബലിയെ ലോകസുഖങ്ങളില്‍ നിന്നും രക്ഷിക്കാൻ മറ്റു മാർഗ്ഗങ്ങൾ കാണാത്തതു കൊണ്ട് ഭഗവാൻ അവനിൽ നിന്നും സൂത്രത്തിൽ ഭോഗൈശ്വര്യങ്ങൾ പിടിച്ചു വാങ്ങി. വരുണപാശത്താൽ ബന്ധിച്ച് അദ്ദേഹത്തെ ഗിരിഗുഹയിലിട്ടു. അപ്പോൾ ജ്ഞാനിയും മഹാനുമായ ബലി കൃതാര്‍ത്ഥനായി ഇങ്ങിനെ പറഞ്ഞുവത്രേ 'ദേവഗുരുവായ ബൃഹസ്പതിയുടെ ഉപദേശമുണ്ടായിട്ടും ഈ ഇന്ദ്രൻ എത്ര മൂഢനാണ്? സുപ്രസന്നനായ ഭഗവാൻ ഹരിയെ കണ്ടിട്ടും ഇന്ദ്രൻ ആവശ്യപ്പെട്ടത് വെറും ലോകസമ്പത്ത് മാത്രമാണല്ലോ! ത്രിലോകൈശ്വര്യങ്ങൾ ആ ആനന്ദകന്ദത്തിനു മുന്നിൽ എത്ര നിസ്സാരം! എല്ലാ അനുഗ്രഹങ്ങളുടെയും പ്രഭവപ്രദേശമായ ഭഗവാനെ വിട്ട് ലോകസമ്പത്തിനെ ആരാണാശ്രയിക്കുക? എന്റെ മുത്തശ്ശൻ പ്രഹ്ളാദൻ സ്വന്തം പിതാവ് മരിച്ചപ്പോൾ ഭഗവാന്റെ ദാസ്യം മാത്രമാണ് സ്വീകരിച്ചത്. സമ്പത്തോ രാജ്യമോ ഒന്നും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. അതുലപ്രഭാവവാനായ ഭഗവാൻ ഹരിയുടെ പദ്ധതികൾ എന്തെന്ന് അപക്വമതിയായ എനിക്കെങ്ങിനെ അറിയാനാകും?'

ഇങ്ങിനെ സുതലത്തില്‍ ബലി സംപൂജ്യനായി വാഴുന്നു. ഭഗവാൻ ശ്രീഹരി സ്വയം സുതലത്തിന്റെ കവൽക്കാരനായി നില്ക്കുന്നു. ഒരിക്കല്‍ ദിഗ്വിജയത്തിനായി രാവണൻ സുതലദ്വാരത്തിലെത്തി. ഭക്താനുഗ്രഹാര്‍ത്ഥം ഭഗവാൻ അവനെ കാൽവിരൽത്തുമ്പുകൊണ്ട് തോണ്ടിയെറിഞ്ഞുകളഞ്ഞു. രാവണൻ പതിനായിരംയോജന ദൂരത്താണ് ചെന്നു വീണത്. സുതലത്തിൽ ദേവദേവനായ ഹരിയുടെ അനുഗ്രഹത്താൽ ബലി സകലസുഖങ്ങളും അനുഭവിച്ചുകൊണ്ട് ഇപ്പോഴും രാജാവായി വാഴുന്നു.

Wednesday, January 11, 2017

ദിവസം 216. ശ്രീമദ്‌ ദേവീഭാഗവതം. 8.18. രാഹുമണ്ഡല വര്‍ണ്ണനം

ദിവസം 216. ശ്രീമദ്‌ ദേവീഭാഗവതം. 8.18. രാഹുമണ്ഡല വര്‍ണ്ണനം

അധസ്താത്സവിതു: പ്രോക്തമയുതം രാഹു മണ്ഡലം
നക്ഷത്രവച്ചരതി സ സൈംഹികേയോfതദർഹണ:
സൂര്യാചന്ദ്രമസോരേവ മർദന: സിംഹികാസുത:
അമരത്വം ച ഖേടത്വം ലേഭേ യോ വിഷ്ണ്വനുഗ്രഹാത്

ശ്രീ നാരായണൻ തുടർന്നു: സൂര്യനു കീഴെ പതിനായിരം യോജന താഴെയാണ് രാഹുമണ്ഡലം നിലകൊള്ളുന്നത്. നക്ഷത്രമല്ലെങ്കിലും സിംഹികാപുത്രനായ രാഹു ഒരു നക്ഷത്രത്തെപ്പോലെ സദാ സഞ്ചരിക്കുന്നു. സൂര്യചന്ദ്രൻമാരെ ദ്രോഹിക്കുന്നവനാണ് രാഹു എങ്കിലും അവന് വിഷ്ണുഭഗവാന്റെ അനുഗ്രഹം സിദ്ധിച്ചിട്ടുണ്ട്. അതാണ് നക്ഷത്രങ്ങളുടെ സ്ഥാനവും അമരത്വവും അവനുണ്ടാവാൻ ഇടയായത്.

സദാ ജ്വലിക്കുന്ന സൂര്യന്റെ വിസ്തൃതി പതിനായിരം യോജന വരും. ആ സൂര്യനെ മറയ്ക്കുന്നവനാണ് രാഹു. പന്തീരായിരം യോജന പ്രകാശവിസ്തൃതിയുള്ള ചന്ദ്രനെയും മറയ്ക്കുന്ന രാഹുവിന് പതിമൂവായിരം യോജനയാണ് വലുപ്പം. വാവുദിവസം രാഹു ദൂരത്ത് നിന്നേ സൂര്യനെയും ചന്ദ്രനെയും മറയ്ക്കുന്നു. അത് രാഹുവിന് അവരോടുള്ള വൈരം കൊണ്ടാണെന്ന് പറയപ്പെടുന്നു. ഇതറിയാവുന്ന ഭഗവാൻ വിഷ്ണു തന്റെ ജാജ്വല്യമാനമായ സുദർശനമെടുക്കുന്നു. അതിന്റെ തീവ്രമായ തേജസ്സ് സഹിയാതെ രാഹു ഖിന്നനായി ദൂരെ മാറി നില്ക്കുന്നു. അതാണ് ഗ്രഹണം.

രാഹു മണ്ഡലത്തിന് താഴെ സിദ്ധചാരണവിദ്യാധരൻമാരുടെ ലോകമാണ്. പതിനായിരം യോജന വിസ്തൃതിയുണ്ടതിന്. അതിനും കീഴെയായി പിശാചപ്രേതങ്ങൾ, യക്ഷർ, രാക്ഷസർ, എന്നിവർ വസിക്കുന്നു. അതിനും കീഴെ വായുസഞ്ചാരമുള്ള ഇടമാണ് അന്തരീക്ഷം. മഹാമുനേ, അവിടെ നിന്നും നൂറ് യോജന താഴത്തായി കഴുകനും പരുന്തും മറ്റ് പക്ഷികളും പൊങ്ങിപ്പറക്കുന്ന ഇടമുണ്ടു്. അതാണ് ഭൂമിക്ക് മുകളിൽ ഭൂമിയുടെ പരിധിയായി കണക്കാക്കപ്പെടുന്നത്.

ഭൂമിക്ക് കീഴെ ഏഴ് ഇടങ്ങളാണ് ‘വിവരങ്ങൾ' ആയുള്ളത്. അവ ഓരോന്നിന്റെയും വിസ്താരവും തമ്മിലുള്ള ദൂരവും പതിനായിരം യോജനയാണ്. അവിടെ എല്ലാ ഋതുക്കളും സുഖപ്രദമാണ്. അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നിങ്ങിനെയാണ് ആ ഏഴ് തലങ്ങൾ. ഇവിടങ്ങളിൽ സ്വർഗ്ഗത്തിലുള്ളതിനേക്കാൾ  കൂടുതൽ കാമഭോഗൈശ്വര്യങ്ങൾ ലഭ്യമാണ്. എപ്പോഴും പൂത്തുലഞ്ഞ ഉദ്യാനങ്ങളും രത്നം പതിച്ച രമ്യഹർമ്യങ്ങളും അവടെക്കാണാം. ദൈത്യൻമാരും നാഗങ്ങളും അവരുടെ കളത്രപുത്രാദി ബന്ധുക്കളും സസുഖം വാഴുന്ന അവിടം ഈശ്വരകൃപയാൽ സമ്പൽസമൃദ്ധമാണ്. അവിടെ വസിക്കുന്ന ഗൃഹനാഥൻമാരായ മായാവികൾ മയനിർമ്മിതമായ പുരങ്ങളിൽ സുഖമായി കഴിഞ്ഞുവരുന്നു

അവിടെ കാണുന്ന രത്നം പതിച്ച ഗോപുരങ്ങളും ദേവാലയങ്ങളും മണിമന്ദിരങ്ങളും ദേവൻമാർക്കു പോലും ഇല്ലാത്തവയാണ്‌. ഇണക്കിളികളും നാഗദമ്പതിമാരും വിലാസലോലരായി ഉല്ലസിക്കുന്ന കേളീ ഗൃഹങ്ങൾ അവിടെക്കാണാം. ഓരോ തലങ്ങളിലെ ‘വിവരങ്ങൾ’ക്കും ഈശൻമാരായ അധിപൻമാരുണ്ടു്. അവരുടെ കൊട്ടാരങ്ങളെ മനോഹരങ്ങളായ നന്ദനോദ്യാനങ്ങൾ അലങ്കരിക്കുന്നു. അവയ്ക്ക് ചുറ്റും പൂക്കളും കായ്കളും നിറഞ്ഞ പൂവാടികകൾ, സുന്ദരതരുണികളുടെ വിഹാര സ്ഥാനങ്ങൾ, എന്നിവ കാണാം. പറവകളും ജലജീവികളും ഉല്ലസിച്ചു കഴിയുന്ന തടാകങ്ങളിൽ ആമ്പലും താമരയും, കരിങ്കൂവളവും പൂത്തുലഞ്ഞ് വിലസുന്നു. ആ ജലാശയങ്ങളുടെ കരയിൽ പണിത രമ്യഹർമ്മ്യങ്ങൾ ദേവലോകത്തിന്റെ ഐശ്വര്യത്തെ വെല്ലുവിളിക്കുന്നു.

ദിനരാത്രങ്ങളെ വേർതിരിക്കുന്ന 'പ്രകാശവും ഇരുട്ടും' എന്ന വേർതിരിവ് അവിടെയില്ല. നാഗത്താൻമാരുടെ തലയിലെ മാണിക്യക്കല്ലുകൾ  സദാ പ്രോജ്വലിച്ച് പ്രഭ തൂകി നില്ക്കുന്നതിനാൽ അവിടെ ഇരുട്ടില്ല. അവിടെയുള്ളവർക്ക് ആധിയോ വ്യാധിയോ ഇല്ല. ദിവ്യെൌഷധങ്ങളും രസായനങ്ങളും ഉപയോഗിക്കുന്നതിനാൽ അവിടെയുള്ളവർക്ക് ജരാനരകളില്ല. വിയർപ്പോ വിളർച്ചയോ മന്ദതയോ വാർദ്ധക്യമോ അവരെ ബാധിക്കുന്നതേയില്ല.

നാരദാ, വിഷ്ണുതേജസ്സ് പ്രഭ ചൊരിഞ്ഞ് അവരെ നിത്യമംഗളസ്വരൂപികൾ ആക്കിയിരിക്കുന്നു. അതിനാൽ അവർക്ക് മൃത്യു ഭയവും ഇല്ല. എങ്കിലും സുദർശനചക്രം അവിടെ എത്തുമ്പോൾ  ഭയം മൂലം അവിടുത്തെ ദൈത്യ സ്ത്രീകളുടെ ഗർഭം  താനേ അലസിപ്പോകുന്നു.

Wednesday, January 4, 2017

ദിവസം 215. ശ്രീമദ്‌ ദേവീഭാഗവതം. 8. 17. ധ്രുവ മണ്ഡല കഥനം

ദിവസം 215. ശ്രീമദ്‌ ദേവീഭാഗവതം. 8. 17. ധ്രുവ മണ്ഡല കഥനം

അഥർഷി മണ്ഡലാദൂർധ്വം യോജനാനാം പ്രമാണത:
ലക്ഷൈസ്ത്രയോദശമിതൈ: പരമം വൈഷ്ണവം പദം
മഹാഭാഗവത: ശ്രീമാൻ വർത്തതേ ലോകവന്ദിത:
ഔത്താനപാദിരിന്ദ്രേണ വഹ്നിനാ കശ്യപേന ച

സപ്തർഷി മണ്ഡലത്തിന്നും പതിമ്മൂന്നു ലക്ഷം യോജന ദൂരെയാണ് വിഷ്ണുപദം. ഉത്താനപാദന്‍റെ മകനായ ധ്രുവൻ വാഴുന്നതവിടെയാണ്. മഹാഭക്തനും ശ്രീമാനുമായ ധ്രുവൻ സകലരാലും ആരാധ്യനത്രേ. ഭഗവാനെ പ്രദക്ഷിണം ചെയ്യുന്ന നക്ഷത്രങ്ങളും ഇന്ദ്രാദിദേവതകളും ധ്രുവനോടൊപ്പം ഭഗവാനെ വലംവച്ച് ഉപാസിക്കുന്നു.

കാലം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അസ്പഷ്ടവേഗത്തിൽ ചുറ്റിക്കുന്നു. ആ കറക്കങ്ങൾക്കെല്ലാം ആധാരസ്തംഭമായി നില്ക്കുന്നത് ധ്രുവനാണ്. സ്വകാന്തിയാൽ പ്രകാശം ചൊരിഞ്ഞ് ധാന്യം മെതിക്കുന്ന തിരുകുറ്റിക്ക് ചുറ്റും നില്ക്കുന്ന കാളകളെന്നപോലെ ജ്യോതിർമണ്ഡലങ്ങൾ ധ്രുവനെ മൂന്നുകാലവും വലം വയ്ക്കുന്നു.

പരുന്തു മുതലായ പറവക്കൂട്ടങ്ങൾ വാനിൽ വിന്യസിച്ചു പറക്കുന്നതുപോലെ എല്ലാ ഗ്രഹതാരകളും വായുവിനാൽ പ്രേരിതങ്ങളായി കാലചക്രത്തിനകത്തും പുറത്തുമായി യഥാക്രമം സഞ്ചരിക്കുന്നു. ഇത് ഒരു കല്പം കഴിയുവോളം തുടരുന്നു. പ്രകൃതിയും പുരുഷനും കനിഞ്ഞനുഗ്രഹിക്കയാൽ ഈ ഗ്രഹതാരകൾ അതത് പഥങ്ങളിൽ നിന്നു വ്യഥിചലിക്കുന്നില്ല. ഭൂമിയിലേക്ക് വഴുതിവീഴുന്നുമില്ല.

പരംപുമാന്റെയും ഭഗവതിയുടെയും കൃപയാൽ നിലകൊള്ളുന്ന ജ്യോതിമണ്ഡലത്തെ ചിലർ ഒരു മുതലയുടെ രൂപത്തോട് ഉപമിക്കുന്നു. മുതലയുടെ പിന്നാക്കം വളഞ്ഞിരിക്കുന്ന വാൽത്തുമ്പത്ത് ഒത്താനപാദനായ ധ്രുവന്‍ ഇരിക്കുന്നു. വാലിന്റെ ബാക്കി ഭാഗത്ത് കശ്യപൻ, അഗ്നി, ഇന്ദ്രൻ, ധർമ്മൻ, എന്നിവർ ഇരിക്കുന്നു. വാലിന്റെ മൂലഭാഗത്ത് ബ്രഹ്മാവ്. അരക്കെട്ടിൽ സപ്തർഷികൾ.

കുണ്ഡലാകൃതിയുള്ള ദേഹത്തിന്റെ വലത്ത് ഭാഗത്ത് അഭിജിത്ത് മുതലായ പതിന്നാല് ഉത്തരായണ നക്ഷത്രങ്ങൾ. ഇടത്ത് ഭാഗത്ത് പുഷ്യം മുതലായ പതിന്നാല് ദക്ഷിണായന നക്ഷത്രങ്ങൾ. ഉദരഭാഗത്ത് ആകാശഗംഗ. പൃഷ്ഠഭാഗത്ത് അജവീഥി. നിതംബങ്ങളിൽ പുണർതവും പൂയവും. ഇടം കാലിൽ ആയില്യം. വലതുകാലിൽ തിരുവാതിര. നാസികകൾ ഉത്രാടവും അഭിജിത്തും. കണ്ണുകൾ തിരുവോണവും പൂരാടവും. മൂലവും അവിട്ടവും ഇരുചെവികൾ. മകം തുടങ്ങി എട്ടു ദക്ഷിണായന നക്ഷത്രങ്ങൾ ഇടത് വാരിയെല്ലുകൾ. മകീര്യം തുടങ്ങിയ എട്ടെണ്ണം വലത്തുഭാഗത്തുള്ള ഉത്തരായണ താരങ്ങളാണ്.

ഇടത് സ്കന്ദം ചതയവും വലത്തുള്ളത് കേട്ടയും ആണ്. മേൽത്താടിയെല്ലിൽ അഗസ്ത്യൻ. കീഴെ യമൻ. മുഖത്തിൽ കുജൻ. ഉപസ്ഥത്തിൽ ശനീശ്വരൻ. പിൻകഴുത്തിൽ ബൃഹസ്പതി. വക്ഷസ്സിൽ അർക്കൻ. ഹൃദയത്തിൽ നാരായണൻ. മനസ്സിൽ ചന്ദ്രൻ. സ്തനദ്വയങ്ങളിൽ അശ്വനീ ദേവൻമാർ. നാഭിയിൽ ശുകൻ. കണ്ഠത്തിൽ രാഹുവും കേതുവും. പ്രാണാപാനവായുക്കളിൽ ബുധൻ. ഓരോ രോമകൂപത്തിലും താരാഗണങ്ങൾ. ശ്രീഹരിയുടെ ദിവ്യരൂപമാണിത്.

ഈ രൂപത്തെ നിത്യവും സന്ധ്യാസമയത്ത് നിശ്ശബ്ദനായി മനസംയമനത്തോടെ ധ്യാനിക്കുക. “മഹാപുരുഷനും ജ്യോതിർമയനും കാലരൂപനും ദേവൻമാർക്ക് നാഥനും ആയ പരമപുരുഷനെ ഞാനിതാ വണങ്ങുന്നു” എന്ന സ്മരണയോടെ വേണം നിത്യവും എഴുന്നേൽക്കാൻ.

ഗ്രഹതാരാദികൾ വലംവയ്ക്കുന്ന ഭഗവദ് രൂപം ആധിദൈവികവും കാലസ്വരൂപവുമാണ്. ത്രികാലങ്ങളിലും ഈ രൂപത്തെ സ്മരിച്ച് നമിക്കുന്നവന്റെ എല്ലാ പാപങ്ങളും കാലദോഷങ്ങളും ഇല്ലാതാവുന്നു

Sunday, January 1, 2017

ദിവസം 214. ശ്രീമദ്‌ ദേവീഭാഗവതം. 8. 16. ചന്ദ്രാദിഗ്രഹചാരം

ദിവസം 214. ശ്രീമദ്‌ ദേവീഭാഗവതം. 8. 16. ചന്ദ്രാദിഗ്രഹചാരം

അഥാത: ശ്രൂയതാം ചിത്രം സോമാദീനാം ഗമാദികം
തദ്ഗത്യനുസൃതാ നൃണാം ശുഭാശുഭനിദർശനാ
യഥാ കുലാല ചക്രേണ ഭ്രമതാ ഭ്രമതാം സഹ
തദാശ്രയാണാം ച ഗതിരന്യാ കീടാദിനാം ഭവേത്

ശ്രീ നാരായണൻ തുടർന്നു: ഇനി ചന്ദ്രന്റെയും മറ്റും വിചിത്രമായ ഗതികളെപ്പറ്റി കേട്ടുകൊള്ളൂ. അവയുടെ ഗതിയ്ക്കനുസരിച്ച് മനുഷ്യർ അവരുടെ ശുഭാശുഭങ്ങളെപ്പറ്റി പറയുന്നു. മൺകുടമുണ്ടാക്കുന്ന കുലാലന്റെ ചക്രത്തിൽ പറ്റിയിരിക്കുന്ന കീടങ്ങളും വെറുതെ കൂടെ ചുറ്റിക്കൊണ്ടിരിക്കും. വിട്ടുപോകാന്‍ അവസരം ഉണ്ടെങ്കിലും അവർ അതിൽ നിന്നും ഓടിപ്പോവുന്നില്ല. അതുപോലെ രാശികൾ ചേർന്ന് കാലചക്രം ചുറ്റുമ്പോൾ സൂര്യാദിഗ്രഹങ്ങൾ മേരുഗിരിയെ പ്രദക്ഷിണം വയ്ക്കുന്നു. സൂര്യാദികൾക്ക് സ്വന്തമായി മറ്റൊരു സഞ്ചാരപദം ഉണ്ടെങ്കിലും ഈ രണ്ടു് ഗതികളും തമ്മിൽ ഒരിക്കലും ഇടയുന്നില്ല. സ്വയം കറങ്ങലും വലയം വയ്ക്കലും സദാ നടന്നു കൊണ്ടേയിരിക്കുന്നു.

ആദിത്യനാണ് ആദിപുരുഷനായ ഭഗവാൻ. വേദങ്ങളും കവികളും വർണ്ണിക്കുന്ന സാക്ഷാൽ നാരായണപ്രഭുവാണ് സൂര്യൻ. ലോകമംഗളത്തിനായി, കർമശുദ്ധിക്കായി ആദിത്യൻ ഭ്രമണം ചെയ്യുന്നു. അദ്ദേഹം സ്വയം പന്ത്രണ്ടായി വിഭജിച്ച് വസന്താദികളായ ആറ് ഋതുക്കൾ ഉണ്ടാക്കി ശീതോഷ്ണവ്യവസ്ഥകൾ ക്രമീകരിച്ചു. ആദിത്യനെ മർത്യർ സശ്രദ്ധം പൂജിക്കുന്നത് വേദമന്ത്രങ്ങളാലും വർണ്ണാശ്രമാചാരങ്ങൾ മുഖേനെയും ആഗമാനുസാരിയായ കർമ്മങ്ങളാലും യോഗാഭ്യാസങ്ങൾ കൊണ്ടുമാണ്. അങ്ങിനെയവർ താന്താങ്ങളുടെ അഭീഷ്ടങ്ങൾ നേടിയെടുക്കുന്നു.

ലോകാത്മാവായ സൂര്യൻ ആകാശത്തിനും ഭൂമിക്കുമിടയില്‍ അന്തരീക്ഷമദ്ധ്യത്തിലുള്ള രാശികളിൽ നിന്നുകൊണ്ടു് പന്ത്രണ്ടു മാസങ്ങൾ താണ്ടുന്നു. ഒരു മാസത്തിൽ രണ്ടു പക്ഷങ്ങളുണ്ട്. ശുക്ളപക്ഷവും കൃഷ്ണപക്ഷവും. പിതൃക്കൾക്ക് അതൊരു പകലും രാത്രിയുമാകുന്നു. ചാന്ദ്രമാസക്കണക്കാണിത്. സൂര്യ മാസക്കണക്കിന് രണ്ടേകാൽ നക്ഷത്രമാണിത്. വർഷത്തിന്റെ ആറിലൊന്ന് കാലം ഒരു ഋതു.

ആകാശവീഥിയിൽ സൂര്യൻ പകുതിഭാഗം സഞ്ചരിക്കുന്ന കാലമാണ് അയനം. നഭോമണ്ഡലത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിക്കാൻ എടുക്കുന്ന കാലം സംവത്സരം എന്നറിയപ്പെടുന്നു. ഈ സംവത്സരം അഞ്ചു തരത്തിലാണെന്ന് വിദ്വാൻമാർ പറയുന്നു. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ്വത്സരം എന്നിങ്ങനെയാണാ അഞ്ച്. ഇത് സൂര്യഗതിയുടെ ഭേദം അനുസരിച്ചാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.

ഇനി ചന്ദ്രഗതിയെപ്പറ്റി പറയാം. സൂര്യരശ്മികൾക്ക് ലക്ഷം യോജന മുകളിലാണ് ചന്ദ്രൻ നിലകൊള്ളുന്നത്. സൂര്യൻ ഒരു വഷം കൊണ്ടു് സഞ്ചരിക്കുന്ന ദൂരം ചന്ദ്രൻ രണ്ടുപക്ഷങ്ങൾ കൊണ്ടു് തീർക്കുന്നു. സൂര്യൻ ഒരു മാസമെടുക്കുന്ന ദൂരത്തിന് ചന്ദ്രൻ രണ്ടേകാൽ ദിനമേ എടുക്കുന്നുള്ളു. സൂര്യന്റെ ഒരു പക്ഷം നീങ്ങാൻ ചന്ദ്രന് ഒരു ദിവസമേ വേണ്ടൂ. അത്ര വേഗത്തിലാണ് ചന്ദ്രൻ രാശിചക്രത്തെ ചുറ്റുന്നത്. ചന്ദ്രൻ ക്രമപ്രവൃദ്ധി കൊണ്ടു് ദേവപ്രീതിയും ക്ഷയം കൊണ്ട് പിതൃപ്രീതിയും സാധിക്കുന്നു. മാത്രമല്ല വൃദ്ധിക്ഷയങ്ങൾ കൊണ്ട് അവർക്കുള്ള രാപകലുകൾ നിർമിക്കുന്നതും ചന്ദ്രനത്രെ.

ജീവജാലങ്ങൾക്ക് പ്രാണനും ജീവനുമായിരിക്കുന്നത് ചന്ദ്രൻ തന്നെയാണ്. മുപ്പത് മുഹൂർത്തങ്ങൾ കൊണ്ട് ചന്ദ്രൻ ഓരോ നക്ഷത്രത്തെയും കടന്നു പോകുന്നു. മനോമയനും, നിത്യനും, അന്നമയനും, സർവ്വമയനും, പ്രഭുവും, പുരുഷനും, ഷോഡശകലകൾക്ക് ഉടയോനും, പീയൂഷധാമവും, സുധാകരനും എല്ലാമാണ് ചന്ദ്രൻ. ദേവൻമാർക്കും പിതൃക്കൾക്കും മനുഷ്യർക്കും സകലജീവികൾക്കും ചിത്തരഞ്ജകനാണ് ചന്ദ്രൻ.

അവിടെ നിന്നും മൂന്നുലക്ഷം യോജന മുകളിൽ ഇരുപത്തിയെട്ടു നക്ഷത്രങ്ങൾ ചേർന്ന അഭിജിത്ത് എന്നൊരു നക്ഷത്ര സമൂഹം മേരുവിനെ ചുറ്റുന്നു. അതിനും രണ്ടു ലക്ഷം യോജനമുകളിൽ ശുക്രൻ. സൂര്യനു മുന്നിലും ഒപ്പവും പിന്നിലുമായി ശുക്രൻ ലോകർക്ക് ശുഭമണയ്ക്കാനായി സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. ഭൂമിയിൽ എപ്പോഴും മഴ പെയ്യിക്കുന്നത് ശുക്രനാണ്.

ശുക്രനിൽ നിന്നും രണ്ടുലക്ഷം യോജന അകലെയാണ് ബുധൻ. ബുധന്റെ സഞ്ചാരവും ശുക്രന്റേതുപോലെയാണ്. എന്നാൽ സോമപുത്രനായ ഈ ഗ്രഹം സൂര്യനിൽ നിന്നും അകലുമ്പോൾ അത് കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുന്നതിന്റെ സൂചനയാകുന്നു. ബുധനിൽ നിന്നും മൂന്നു ലക്ഷം യോജനമുകളിൽ കുജൻ നിലകൊള്ളുന്നു. മുമ്മൂന്നു പക്ഷങ്ങൾ കൊണ്ട് രാശികൾ ഓരോന്നും കടന്ന് പന്ത്രണ്ടു രാശികളും കടന്നു പോകുന്ന കുജൻ പാപഗ്രഹമാണ്. ദോഷഫലങ്ങളാണ് കുജൻ നല്കുന്നത്.

കുജന് രണ്ടു ലക്ഷം യോജനമുകളിൽ നില്ക്കുന്ന ഗുരു ഓരോ രാശിയിലും ഒരാണ്ട് വീതം നില്ക്കുന്നു. ബ്രഹ്മജ്ഞാനികൾക്ക് ഈ ഗ്രഹം ശുഭമണയ്ക്കുന്നു. ഇനിയും രണ്ടു ലക്ഷം യോജന ഉയരത്തിലാണ് സൂര്യപുത്രനെങ്കിലും അശുഭപ്രദനായ ശനി നില്ക്കുന്നത്. ശനി മുപ്പതു മാസം ഓരോ രാശിയിലും നിലനില്ക്കുന്നു.

ശനിയിൽ നിന്നും പതിനൊന്നു ലക്ഷം യോജന വടക്കുമാറിയാണ് സപ്തതർഷി മണ്ഡലം. ഈ മണ്ഡലത്തില്‍ സർവ്വലോകമംഗളം കാംഷിക്കുന്ന ഏഴു മഹർഷിവര്യൻമാർ മഹാവിഷ്ണുവിന്റെ പരമപദത്തെ സദാ വലംവച്ചുകൊണ്ടിരിക്കുന്നു.