Devi

Devi

Saturday, October 31, 2015

ദിവസം 10 ശ്രീമദ്‌ ദേവീഭാഗവതം 1.5. ഹയഗ്രീവാവതാരം

ദിവസം 10 ശ്രീമദ്‌ ദേവീഭാഗവതം 1.5.  ഹയഗ്രീവാവതാരം

സൂതാസ്മകം മന: കാമം മാഗ്നം സംശയസാഗരേ
യഥോക്തം മഹദാശ്ചര്യം ജഗദ്‌ വിസ്മയ കാരകം
യന്മൂര്‍ദ്ധാ മാധവസ്യാപി ഗതോ ദേഹാത് പുന: പരം
ഹയഗ്രീവസ്തതോ ജാത: സര്‍വ്വകര്‍ത്താ ജനാര്‍ദ്ദന:

ഋഷിമാര്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഭഗവാന്‍ ഹരിയുടെ തല തെറിച്ചുപോയിട്ട് അതിനുപകരം ഒരു കുതിരയുടെ തല വെച്ച് പിടിപ്പിച്ചുവെന്നോ? വിണ്ണവര്‍ക്കും മുനിമാര്‍ക്കുമെല്ലാം ആശ്രയമായിരിക്കുന്ന ശ്രീഹരിക്കും ഭാഗ്യക്കേടോ? ഞങ്ങളില്‍ സംശയങ്ങളുടെ സമുദ്രം തന്നെ ഉയരുകയാണ്. മഹാശയാ, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു:  ഭഗവാന്‍ ശ്രീഹരി പതിനായിരമാണ്ട് യുദ്ധം ചെയ്തു ക്ഷീണിതനായി തളര്‍ന്നു നില്‍ക്കുകയാണ്. ഞാണിട്ട വില്ലില്‍ തലയും താങ്ങി കാല്‍വിരല്‍ത്തുമ്പില്‍ തന്റെ ഭാരം വെച്ച് ഭഗവാന്‍ ഉറങ്ങിപ്പോയി. അങ്ങിനെ കാലം കുറേ കടന്നുപോയി. രുദ്രാദികള്‍ ഒരു യാഗം നടത്താന്‍ ഉത്സുകരായി ബ്രഹ്മാവുമൊത്ത് വൈകുണ്ഡത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. ഭഗവല്‍ സന്നിധി പൂകിയ ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമെല്ലാം കൂടി വിഷ്ണുവിനെ ഉണര്‍ത്തുവാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു. ഒരാളുടെ നിദ്രാഭംഗത്തിന് ഇടയാക്കിയാല്‍  അതില്‍ ദോഷമുണ്ട്. എന്നാല്‍ യാഗം നടക്കുകയും വേണം. അപ്പോള്‍ ബ്രഹ്മാവ്‌ ‘ചിതല്‍’ എന്ന് പേരായ ഒരു കൃമിയെ സൃഷ്ടിച്ചു. 

വില്ലിന്റെ അറ്റം ചിതലരിച്ചാല്‍ വില്ലിന്റെ പാത്തി നിവര്‍ന്നു വരും, അപ്പോള്‍ ഭഗവാന്‍ ഉണരും എന്നതായിരുന്നു ബ്രഹ്മാവിന്റെ ബുദ്ധി. ബ്രഹ്മാവ്‌ ചിതലിനോടിങ്ങിനെ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിതല് പറഞ്ഞു: 'നിദ്രാഭംഗം, കഥാഭംഗം, ദമ്പതീപ്രീതിഭേദം, അമ്മയില്‍ നിന്നും കുട്ടിയെ അകറ്റല്‍ എന്നിവയൊക്കെ മഹാപാപമല്ലേ? പിന്നെ സ്വാര്‍ത്ഥത്തിനായി ഞാനിതെങ്ങിനെ ചെയ്യും?'

ബ്രഹ്മാവ്‌ പറഞ്ഞു: 'നിനക്കും യജ്ഞത്തില്‍ ഭാഗമാകാം. യജ്ഞാഹുതിയില്‍ വീഴുന്ന ഹവിസ്സിന്റെ പൊട്ടും പൊടിയുമെല്ലാം യജ്ഞകുണ്ഡത്തിന്റെ ചുറ്റും ചിതറി വീഴുമല്ലോ? അവയെല്ലാം നിനക്കെടുക്കാം. ഇപ്പോള്‍ കാര്യം നടത്തുക.'

ബ്രഹ്മാവ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ ചിതല്‍ ആ വില്ലിന്റെ ഞാണറ്റം കരളാന്‍ തുടങ്ങി. പെട്ടെന്ന് ഭീകരാരവത്തോടെ ഞാണ് മുറിഞ്ഞു. ഞാണിന്റെ താഴ്ഭാഗം മുറിഞ്ഞപ്പോള്‍ വില്ലിന്റെ മേല്‍ത്തല പെട്ടെന്ന്‍ തെറിച്ചുയര്‍ന്നു. അതില്‍ച്ചാരി വിശ്രമിച്ചിരുന്ന ശ്രീഹരിയുടെ തല കിരീടത്തോടെ ദൂരെ തെറിച്ചു വീണു. ബ്രഹ്മാണ്ഡം കുലുങ്ങി. എല്ലാവരും ഭയചകിതരായി. കൊടുങ്കാറ്റു വീശി. സമുദ്രം ഇളകി. ആകാശത്ത് കൊള്ളിമീന്‍ വീശി. സൂര്യന്‍ ഇരുളില്‍ ഒളിച്ചു. ദിക്കുകള്‍ കാണാതായി.

അന്ധകാരം ഒട്ടൊന്നു കുറഞ്ഞപ്പോള്‍ ഭഗവാന്‍ തലയറ്റു നിലത്തു പതിച്ചതായി പരമശിവന്‍ കണ്ടു. ഈ കബന്ധം കണ്ട് എല്ലാവരും ദുഖാകുലരായി. 'പരമ പുരുഷനായ അങ്ങയെ മുറിക്കാനോ ഉടയ്ക്കാനോ എരിക്കാനോ ആവില്ലയെന്നിരിക്കെ, തലമാത്രം എവിടെയാണ് തെറിച്ചു പോയത്? നിന്റെ ഗതി ഇതാണെങ്കില്‍ വിണ്ണവര്‍ക്കും യാതൊരു രക്ഷയുമില്ലല്ലോ! ഇതിലിപ്പോ രാക്ഷസന്മാരെ കുറ്റം പറയാന്‍ പറ്റില്ല. എല്ലാം ആകാശവാസികളായ ദേവന്മാരുടെ പണിയാണ്. അവര്‍ക്കുള്ള ഏകാശ്രയം അവര് തന്നെ ഇല്ലാതാക്കി. മായയെ നിയന്ത്രിക്കുന്ന നിനക്കീ ഗതിവന്നത് സത്വരജസ്തമോ മായകള്‍ ഒന്നിനാലുമല്ല.'

അപ്പോള്‍ സുരാചാര്യന്‍ പറഞ്ഞു: ഇനി വിലപിച്ചിട്ട് കാര്യമില്ല. എന്താണ് വേണ്ടതെന്നു വച്ചാല്‍ അത് നമുക്കാലോചിക്കാം. ഈശ്വരനും, ഉത്സാഹവും, രണ്ടും സമ്യക്കായി ചേര്‍ന്നാല്‍ ദൈവഹിതംപോലെ കാര്യങ്ങള്‍ നടക്കും. വിഷ്ണുശിരസ്സ് ദേവന്മാര്‍ നോക്കിനില്‍ക്കെയാണ് തെറിച്ചത്‌. എന്നാല്‍ എല്ലാറ്റിനും മീതെ ദൈവം തന്നെയാണ് എന്ന് തന്റെ അഭിപ്രായവും ഇന്ദ്രന്‍ പറഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു: 'അതാത് കാലത്തുണ്ടാവുന്ന നന്മയും തിന്മയുമെല്ലാം ദൈവഹിതമെന്നോര്‍ത്തു നേരിടുകയെന്നതാണ് കരണീയം. ദേഹമുണ്ടെങ്കില്‍ സുഖദുഖങ്ങളും നിശ്ചയം. പരമശിവന്‍ പണ്ടൊരിക്കല്‍ എന്റെ ശിരസ്സും അറുത്തെടുത്തുവല്ലോ! ശിവന്റെ ലിംഗം മഹര്‍ഷിമാരുടെ ശാപത്താല്‍ ഒരിക്കല്‍ താഴെ വീഴുകയും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ഇന്ന് വിഷ്ണുവിന്റെ ശിരസ്സറ്റ് തെറിച്ചത്‌. ഇന്ദ്രനാണെങ്കില്‍ ആയിരം യോനികള്‍ തന്നില്‍ കൊണ്ടുനടക്കേണ്ടതായി വന്നു. സ്വര്‍ഗ്ഗഭ്രംശനായി താമരയ്ക്കുള്ളില്‍ ഒളിച്ചു താമസിക്കേണ്ട ഗതിയും അദ്ദേഹത്തിന് ഉണ്ടായി. ദുഃഖം അനുഭവിക്കാത്തതായി ആരുമില്ല ഈ ലോകത്തില്‍. അതിനാല്‍ ശോകം വെടിയുകയാണ് നല്ലത്. അതിനായി നമുക്ക് മഹാമായയായ പരാശക്തിയെ ധ്യാനിക്കാം. മൂന്നുലോകങ്ങളും സകലചരാചരങ്ങളും നിറഞ്ഞു വിളങ്ങുന്ന ബ്രഹ്മവിദ്യതന്നെയാണ് ജഗത്തിനെ നയിക്കുന്ന അമ്മ.'

സൂതന്‍ പറഞ്ഞു: ഉടലാര്‍ന്നു നില്‍ക്കുന്ന വേദങ്ങളോട് പത്മസംഭവനായ ബ്രഹ്മാവ്‌ പറഞ്ഞു: 'നിങ്ങള്‍ ബ്രഹ്മവിദ്യാസ്വരൂപിണിയായ മഹാമായയെ പ്രകീര്‍ത്തിക്കുക.' 

സനാതനയും, ജ്ഞാനാഭിഗമ്യയും ശ്രേഷ്ഠയുമായ ദേവിയെ വേദങ്ങള്‍ ഇങ്ങിനെ സ്തുതിച്ചു: നിര്‍ഗ്ഗുണയും ഭുവനേശ്വരിയും ജഗദുത്പത്തിക്ക് നിദാനവുമായ ദേവീ, ഗായത്രീ, ഞങ്ങള്‍ അവിടുത്തെ കൈകൂപ്പി തൊഴുന്നു. സകലജീവികള്‍ക്കും ആധാരമായ, അവരുടെ ബുദ്ധി, ശ്രദ്ധ, സ്മൃതി എന്നുവേണ്ട എല്ലാറ്റിന്റെയും ശാന്തിയും കാന്തിയുമായ അമ്മേ, നമസ്കാരം. അവിടുന്നാണ് ഗീതകങ്ങളിലെ അര്‍ദ്ധമാത്ര. നീ ഗായത്രിയും വ്യാകരണവുമാണ്. ജയയും വിജയയുമാണ്. മൂന്നുലോകങ്ങളും ചമയ്ക്കുന്നതില്‍ നിപുണയായുള്ള സര്‍വ്വചരാചരമാതാവായ അവിടുത്തെ പദയുഗളങ്ങളില്‍ ഞങ്ങള്‍ പ്രണമിക്കുന്നു. സകലലോകത്തിനും ഹിതകാരിണിയും വിദ്യാ സ്വരൂപിണിയും മംഗളകാരിണിയും വാഗ്ബീജ സ്ഥിതയും ഭവരോഗത്തെ ഇല്ലാതാക്കുന്നവളുമായ അമ്മേ, നിനക്ക് നമസ്കാരം. വിഷ്ണു, രുദ്രന്‍, വിധി, അഗ്നി, സൂര്യന്‍ എന്നുവേണ്ട എല്ലാറ്റിനെയും നീയാണ് സൃഷ്ടിച്ചത്. അതിനാല്‍ത്തന്നെ അവരെക്കാളേറെ വൈശിഷ്ട്യം നിനക്കുണ്ട്‌. ഭുവനനിര്‍മ്മിതിയ്ക്കായി സംസാരലേശമില്ലാതെ അവിടുന്ന് ഇച്ഛിക്കുമ്പോള്‍ അക്കാര്യങ്ങളുടെ നടത്തിപ്പിനായി അവിടുന്നു തന്നെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സൃഷ്ടിക്കുന്നു. അവരെക്കൊണ്ടു സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തിക്കുന്നു.

ലോകത്തിലെ ഒരാള്‍ക്കുപോലും അവിടുത്തെ മഹിമ പൂര്‍ണ്ണമായി അറിയാനാവില്ല. അവിടുത്തെ നാമങ്ങളെ എണ്ണാന്‍ ആര്‍ക്കാവും? ചെറിയൊരു തോടു കടക്കാന്‍ അറിയാത്ത മനുഷ്യന് കടല് താണ്ടാന്‍ എങ്ങിനെ കഴിയും? വേദവാക്യങ്ങളില്‍ പ്രകീര്‍ത്തിച്ചതുപോലെ ഈ മിഥ്യാപ്രപഞ്ചത്തെ ഒറ്റയ്ക്ക് നിര്‍മ്മിച്ചു സംരക്ഷിക്കുന്ന അമ്മയുടെ അനന്തശക്തിയെ വര്‍ണ്ണിക്കാന്‍ ആര്‍ക്കു കഴിയും? സകലജഗത്തിനും കാരണമായ അവിടുത്തെ ചരിതം എത്ര വിസ്മയകരം! അവിടുത്തെ പ്രഭാവത്തെ അറിയുക എന്നത് വേദങ്ങള്‍ക്ക് പോലും അപ്രാപ്യമാണ്. അവിടുത്തെ പരമപ്രഭയെക്കുറിച്ച് അവിടുത്തേയ്ക്ക് പോലും അറിയാമോ എന്ന് സംശയം. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ എങ്ങിനെയാണത് സാധിക്കുക?

ഭഗവാന്‍ ശ്രീഹരിയുടെ ശിരസ്സറ്റ് പോയ കഥ അവിടുന്നറിഞ്ഞില്ല എന്ന് വരുമോ? അതോ അവിടുന്നു നമ്മെ പരീക്ഷിക്കുകയാണോ? ഹരിക്ക് ഇത്തരമൊരു ദുരിതമേര്‍പ്പെടാന്‍ കാരണമെന്താണ്? അവിടുത്തെ പാദങ്ങളുടെ പുകള്‍ പാടുന്നവര്‍ക്കെങ്ങിനെയാണ് ദുരിതസഞ്ചയം അനുഭവിക്കേണ്ടി വരുന്നത്? ദേവകാര്യം നടത്താന്‍ അമാന്തമരുതേ. വിഷ്ണുവിനായുള്ള തല എവിടെനിന്നും ലഭിക്കും എന്ന് അരുളിയാലും. ദേവന്മാര്‍ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവിടുന്നു ശ്രീഹരിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്തതാണോ, അതോ ശ്രീഹരിയുടെ കോപത്തെ ശമിപ്പിക്കാന്‍ അവിടുന്നു ചെയ്യുന്ന കളിയാണോ ഇത്? അതോ ദൈത്യന്മാര്‍ അവിടുത്തെ പ്രസാദിപ്പിച്ചു നേടിയ വരബലമാണോ ഞങ്ങള്‍ കാണുന്നത് ? ശിരസ്സില്ലാത്ത ഹരിയുടെ ഉടല്‍ കാണുന്നത് അവിടുത്തേയ്ക്ക് ഒരു നേരമ്പോക്കാണോ?

അല്ല, ലക്ഷമീദേവിയോട് കോപിച്ച് അവളെ നീ നാഥനില്ലാതെയാക്കിയതാണോ? അവിടുത്തെ അംശജയായ ലക്ഷ്മീ ദേവിയുടെ വൈധവ്യം അവസാനിപ്പിച്ചാലും. അവിടുത്തെ അടി പണിയുന്നവര്‍ക്കായി ഈ ദേവന്മാരുടെ ആഗ്രഹം നിവൃത്തിച്ചു നല്‍കിയാലും. ശ്രീഹരിക്ക് ഒരു ശിരസ്സ്‌ നല്‍കി മാലോകരുടെ ദുഖത്തെ ഇല്ലാതാക്കിയാലും. ഭഗവാന്റെ തല എവിടെയാണ് തെറിച്ചു വീണതെന്ന് ഞങ്ങള്‍ക്കറിയില്ല. ജീവന്‍ നല്‍കുന്ന അമൃതുപോലെ അവിടുന്നല്ലേ ലോകത്തിനുയിരു നല്‍കുന്നത്.

സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ വേദപ്രകീര്‍ത്തനം കേട്ട് സംപ്രീതയായ ദേവി ആകാശത്തു നിന്നുകൊണ്ട് ഇങ്ങിനെ അരുളിച്ചെയ്തു. ‘ഞാന്‍ സംപ്രീതയായിരിക്കുന്നു, അതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ വേദസ്തുതികള്‍ ആര് ചൊല്ലിയാലും പഠിച്ചാലും അവന്റെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാകും. വേദതുല്യമാണീ സ്തുതി. ഇത് കേള്‍ക്കുന്നവന്‍ ദുഖങ്ങളെല്ലാം തീര്‍ന്നു സൌഖ്യത്തെ പ്രാപിക്കും. 

ഇനി ശ്രീഹരിയുടെ തലയറ്റുപോകാനുള്ള കാരണം പറയാം. ലോകത്ത് കാരണമില്ലാതെ ഒരു കാര്യവും ഉണ്ടായിട്ടില്ലല്ലോ. ഒരിക്കല്‍ ഭഗവാന്‍ ഹരി തന്റെ അടുത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ രമ്യമുഖം നോക്കി പുഞ്ചിരി തൂകി. 'എന്തിനാണിപ്പോള്‍ ഭഗവാന്‍ എന്നെ നോക്കി ചിരിച്ചത്? തന്‍റെ മുഖത്ത് വല്ല വൈരൂപ്യവും വന്നുപെട്ടിട്ടുണ്ടാവുമോ എന്ന് ദേവി ഭയപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു സുന്ദരിയെക്കൂടി ഭഗവാന്‍ സപത്നിയാക്കിക്കാണും!' ഇങ്ങിനെ ചിന്തിക്കേ, ദേവി പെട്ടെന്ന് തമോരൂപിണിയായി. ഏതോ ദേവകാര്യം സാധിക്കാനാവണം ഈ തമോഭാവം ദേവീമുഖത്തുണ്ടായത്. ‘നിന്റെ തല വീണു പോകട്ടെ’ എന്ന് ദേവിയുടെ വായില്‍നിന്നും ശാപവാക്കുകള്‍ പുറത്തുവന്നു. 

അറിയാതെയാണെങ്കിലും സ്വന്തം സുഖത്തെത്തന്നെയാണ് ദേവി നശിപ്പിച്ചത്. അസത്യം, സാഹസം, കള്ളം, മൂഢത്വം, ലോഭം, അശുദ്ധി, നിര്‍ദ്ദയത്വം, എന്നിവ സ്ത്രീകളില്‍ സഹജമത്രേ. ലക്ഷ്മീദേവിയുടെ ശാപബലത്താല്‍ ഇപ്പോഴും ആ ശിരസ്സ് ഉപ്പുകടലില്‍ പൂണ്ടു കിടക്കുകയാണ്. സാരമില്ല, ഭഗവാന്റെ തല ഞാന്‍ വീണ്ടെടുക്കാം.

ദേവന്മാരേ, ഇതിന്റെ പിറകില്‍ മറ്റൊരു കാരണവും കൂടിയുണ്ട്. അത് നിങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമാണ്! ഹയഗ്രീവന്‍ എന്നൊരു ദാനവന്‍ സരസ്വതീ തീരത്ത് ഉഗ്രതപസ്സനുഷ്ഠിച്ചിരുന്നു. എന്റെ ഏകാക്ഷരമന്ത്രം ജപിച്ച് ആഹാരംപോലും ഉപേക്ഷിച്ച് ആയിരം കൊല്ലമവന്‍ തപസ്സിരുന്നു. അപ്പോള്‍ അവനാഗ്രഹിച്ചവിധം തന്നെ താമസരൂപിയായ സിംഹവാഹനയായി ഞാനവനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. 

പ്രദക്ഷിണവും നമസ്കാരവും ചെയ്ത് വിടര്‍ന്ന കണ്ണുകളോടെ ദൈത്യന്‍ ഇങ്ങിനെ സ്തുതിച്ചു. ഹയഗ്രീവന്‍ പറഞ്ഞു: മംഗളകാരിണിയും സൃഷ്ടി സ്ഥിതി സംഹാര കാരിണിയുമായ അമ്മേ, അവിടുന്നാണ് പഞ്ചഭൂതോല്‍പ്പത്തിക്ക് പോലും കാരണം. പഞ്ചതന്മാത്രകളായ ഗന്ധ, രസ, രൂപ, സ്പര്‍ശ, ശബ്ദങ്ങള്‍ക്കും കാരണം മറ്റൊരാളല്ല. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും മഹേശ്വരിയായ നിന്നില്‍ നിന്നുമാണ് ഉല്‍പ്പന്നമായത്. അങ്ങിനെ സര്‍വ്വപ്രാഭവങ്ങളും നിറഞ്ഞ അമ്മേ, മരണമില്ലാത്ത യോഗിയാകാന്‍ എനിക്ക് വരം നല്‍കണം. സുരാസുരന്മാരെ എനിക്കെപ്പോഴും വിജയിക്കുകയും വേണം.

ശ്രീദേവി പറഞ്ഞു: ജനിച്ചാല്‍ മരണം ഉറപ്പാണ്.  അതിനു മാറ്റമുണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ മറ്റു വരങ്ങള്‍ ആവശ്യപ്പെടുക. ഹയഗ്രീവന്‍ പറഞ്ഞു: അങ്ങിനെയെന്നാല്‍ ഹയഗ്രീവനില്‍ നിന്നല്ലാതെ മറ്റൊരുവനില്‍ നിന്നും എനിക്ക് മരണം ഉണ്ടാവരുത്. കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു സത്വവും തന്നെ കൊല്ലാന്‍ വരില്ല എന്നവന് ഉറപ്പായിരുന്നു. 

ദേവി പറഞ്ഞു: തഥാസ്തു! ഹയഗ്രീവനല്ലാതെ ആരും നിന്നെ വധിക്കില്ല. പോയി രാജ്യഭാരം തുടര്‍ന്നാലും! .

“അവന്‍ സ്വരാജ്യത്തേയ്ക്ക് പോയി വേദങ്ങളെയും ഋഷിമാരെയും ദ്രോഹിച്ചു കഴിയുന്നു, അവനെ കൊല്ലാന്‍ ആരുമില്ല താനും. അതിനാല്‍ ഒരു ഹയത്തിന്റെ (കുതിരയുടെ) തലയറുത്ത് വിഷ്ണുശിരസ്സോടു ചേര്‍ത്താലും. അങ്ങിനെ ഹയഗ്രീവനായ വിഷ്ണുഭഗവാന്‍ ആ പാപിയെ കൊന്നുകളയട്ടെ.”

സൂതന്‍ തുടര്‍ന്നു: ജഗജ്ജനനിയുടെ ആകാശവാണി ഇങ്ങിനെ അവസാനിക്കെ, ദേവന്മാര്‍ സന്തുഷ്ടരായി ബ്രഹ്മാവിനോട് ഒരു കുതിരയുടെ തല വിഷ്ണുവിന്റെ ഉടലിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ വിരിഞ്ചന്‍ ദേവസവിധത്തില്‍ വച്ചു തന്നെ ഒരു കുതിരയുടെ ശിരസ്സറുത്ത് വിഷ്ണുവിന്റെ കബന്ധത്തില്‍ ഒട്ടിച്ചു ചേര്‍ത്തു. മഹാമായയുടെ പ്രസാദത്താല്‍ ഭഗവാന്‍ ഹരി അങ്ങിനെ ഹയഗ്രീവനായി. ഗര്‍വ്വിഷ്ടനായ ദാനവനെ ഭഗവാന്‍ രണത്തില്‍ തോല്‍പ്പിച്ചു വധിച്ചു. 

ഈ ശുഭകഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദുഖനിവൃത്തിയുണ്ടാകും. പാപനിവാരകമായ ശ്രീദേവീചരിതം കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഐശ്വര്യസമ്പത്തുകള്‍ താനേ വന്നുചേരും.   

Friday, October 30, 2015

ദിവസം 9 ശ്രീമദ്‌ ദേവീഭാഗവതം 1. 4. ദേവീമഹിമാനുവര്‍ണ്ണനം.

ദിവസം 9 ശ്രീമദ്‌ ദേവീഭാഗവതം 1. 4. ദേവീമഹിമാനുവര്‍ണ്ണനം.

സൌമ്യ, വ്യാസസ്യ ഭാര്യായാം കസ്യാം ജാത: സുത: ശുക:
കഥം വാ കീദൃശോ യേന പഠിതേയം സുസംഹിതാ
അയോനിജസ്ത്വയാ പ്രോക്ത: തഥാ ചാ f രണിജ: ശുക:
സന്ദേഹോ f സ്തി മഹാം സ്തത്ര കഥയാദ്യ മഹാമതേ    

അപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൌമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?

സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന്‍ കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും  കിളിക്കുഞ്ഞിനോടുള്ള സ്നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന്‍ ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന്‍ തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന്‍ ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?

ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന്‍ പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന്‍ വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും. ഇങ്ങിനെയാലോചിച്ച് വ്യാസന്‍ മേരുപര്‍വ്വതത്തിലേയ്ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്നിയെയോ ശണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന്‍ അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: 'എന്താണ് മുഖത്തൊരു വിഷാദഭാവം?'

വ്യാസന്‍ പറഞ്ഞു: 'പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ്‌ എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.'

സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന്‍  മഹാവിഷ്ണുവിനോട്‌ ഇതേ ചോദ്യം ചോദിച്ചതാണ്. കൌസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെട്ടു.

ബ്രഹ്മാവ്‌ ചോദിച്ചു: ദേവദേവാ, എന്തിനാണ് അങ്ങ് തപസ്സു ചെയ്യുന്നത്? സര്‍വ്വജഗത്തിന്റെയും നാഥനായ അങ്ങ് ധ്യാനത്തിലിരിക്കുന്നത് കണ്ടിട്ട് എനിക്ക് വിസ്മയം തീരുന്നില്ല. അങ്ങയുടെ നാഭിയില്‍ വിരിഞ്ഞ താമരയിലാണല്ലോ ഞാനുണ്ടായത്. സൃഷ്ടികര്‍മ്മങ്ങള്‍ അങ്ങെന്നെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങയെക്കാള്‍ ആരാദ്ധ്യനായ ദേവനാരാണ്? കാരണവും കാര്യവും അങ്ങാണ്. അങ്ങയുടെ ഇച്ഛയ്ക്കൊത്ത് ഞാന്‍ സൃഷ്ടിക്കുന്നു, മഹേശ്വരന്‍ ഉചിതമായി അവയെ സംഹരിക്കുന്നു. അങ്ങയുടെ ആജ്ഞാനുവര്‍ത്തികളാണ് ഞങ്ങള്‍ രണ്ടുപേരും. അഗ്നിയും സൂര്യനും അനിലനും മേഘവും എല്ലാം അങ്ങയുടെ നിയന്ത്രണത്തിലാണ്. എന്നിട്ടും അങ്ങ് മറ്റൊരു ദേവനെ ഉപാസിക്കുന്നു! എത്ര അത്ഭുതം! അങ്ങയുടെ രഹസ്യം എന്തെന്ന് പറഞ്ഞു തന്നാലും മഹാത്മാക്കള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലല്ലോ!

അപ്പോള്‍ വിഷ്ണുഭഗവാന്‍ പറഞ്ഞു: ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരായ നാം ത്രിമൂര്‍ത്തികള്‍ക്ക് സൃഷ്ടിസ്ഥിതിസംഹാരപ്രാഭവങ്ങള്‍ ഉണ്ടെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ നാം ഈ പ്രവൃത്തികള്‍ ചെയ്യുന്നത് പരാശക്തിയുടെ കല്‍പ്പനയനുസരിച്ചാണെന്നു വേദജ്ഞര്‍ പറയുന്നു. വിശ്വസൃഷ്ടിക്കു പിറകില്‍ രാജസരൂപത്തില്‍ നിന്നിലും, സ്ഥിതിപരിപാലനത്തിനായി സാത്വികരൂപത്തില്‍ എന്നിലും സംഹാരത്തിനായി താമസരൂപത്തില്‍ രുദ്രനിലും ദേവിയാണ് നിലകൊള്ളുന്നത്. ദേവിയുടെ ശക്തിസ്രോതസ്സില്ലാതായാല്‍ നാമെല്ലാം നിസ്തേജരാവും. ശക്തിക്ക് അധീനരാണ് നാമെന്നു കാണിക്കാന്‍ പല ദൃഷ്ടാന്തങ്ങളും ഞാന്‍ പറഞ്ഞു തരാം. ആദിശേഷനെന്ന മെത്തയില്‍ ഞാനുറങ്ങുന്നു. കാലമാവുമ്പോള്‍ ഞാനുണരുന്നത് ആ ശക്തിയുടെ പ്രാഭാവത്താലത്രേ. ഞാനാ ശക്തിയുടെ ബലത്തിലാണ് തപസ്സു ചെയ്യുന്നതും ലക്ഷ്മിയുമായി വിഹരിക്കുന്നതും. ചിലപ്പോള്‍ എനിക്ക് അസുരവര്‍ഗ്ഗവുമായി എറ്റ് മുട്ടേണ്ടതായും ഭയങ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടതായും വരുന്നു. പ്രളയജലത്തില്‍ നിന്നുകൊണ്ട് ഞാന്‍ അയ്യായിരം കൊല്ലം മല്ലയുദ്ധം ചെയ്ത കാര്യം അങ്ങേയ്ക്കറിയാം. എന്റെ കര്‍ണ്ണമലത്തില്‍ നിന്നുണ്ടായ മധുകൈടഭന്മാരെ ഞാന്‍ വധിച്ചത് ദേവിയുടെ പ്രഭാവത്താലാണ്.

ആ ദേവിയാണ് എല്ലാറ്റിന്റെയും പരമകാരണമെന്ന് അങ്ങേയ്ക്കറിയാം. പിന്നെയെന്തിനാണ് വീണ്ടും അതെപ്പറ്റി ചോദിക്കുന്നത്? ആ ഭഗവതിയുടെ ഇച്ഛയ്ക്കൊത്ത് ഞാന്‍ അലയാഴിയില്‍ അലയുന്നു. യുഗംതോറും ആമ, പന്നി, മുതലായ അവതാരങ്ങളും ഞാന്‍ കൈക്കൊള്ളുന്നു. മൃഗങ്ങളായി ജനിക്കാന്‍ ആരാണിഷ്ടപ്പെടുക? എന്നാല്‍ ദേവി അതിനായി കല്‍പ്പിച്ചാല്‍ നാം അനുസരിക്കുക തന്നെ! പൂമങ്കയായ ലക്ഷ്മിയെ വിട്ടു മീനാദികളായി ജനിക്കാന്‍ ആരാണ് പോവുക? സുഖമായി ഉറങ്ങാനുള്ള മെത്ത വേണ്ടെന്നുവച്ചു ഗരുഡന്റെ പുറത്തേറി യുദ്ധം ചെയ്യാന്‍ ആരാണ് ഇഷ്ടപ്പെടുക? പണ്ട് വില്ലിന്റെ ഞാണ്‍ പൊട്ടി എന്റെ തല തെറിച്ചു പോയതും അത് കണ്ട അങ്ങ് എനിക്കൊരു കുതിരത്തല വെച്ച് തന്നതും ഓര്‍മ്മയുണ്ടല്ലോ? എനിക്ക് ഹയാനനന്‍ എന്ന പേരുണ്ടായത് അങ്ങിനെയാണ്. എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇതൊക്കെ സംഭവിക്കുമോ? ഞാനും പരാശക്തിയ്ക്ക് അധീനന്‍ മാത്രം. ചതുര്‍മുഖാ, ആ ദേവിയെ പ്രീതിപ്പെടുത്താന്‍ ഞാനും നിത്യവും ദേവീധ്യാനം ചെയ്യുന്നു. ആ ഭഗവതിക്ക് മുകളിലായി ഞാന്‍ ആരെയും കാണുന്നില്ല.

നാരദന്‍ തുടര്‍ന്നു: ഭഗവാന്‍ വിഷ്ണു പറഞ്ഞതായ ഇക്കഥ എനിക്ക് പറഞ്ഞു തന്നത് അച്ഛന്‍ തന്നെയാണ്. ആ ദേവിയുടെ കാലടി പണിതാല്‍ എല്ലാ അഭീഷ്ടങ്ങളും പരാശക്തി നടത്തിത്തരും.

സൂതന്‍ പറഞ്ഞു: നാരദന്‍ പറഞ്ഞത് കേട്ട് സത്യവതിയുടെ പുത്രനായ വ്യാസന്‍ ദേവീ ഭജനത്തിനായി മഹാമേരുവിലേയ്ക്ക് പോയി.

Thursday, October 29, 2015

ദിവസം 8 ശ്രീമദ്‌ ദേവീഭാഗവതം 1.3. പുരാണനിര്‍ണ്ണയം

ദിവസം 8  ശ്രീമദ്‌ ദേവീഭാഗവതം 1.3.  പുരാണനിര്‍ണ്ണയം

ശൃണ്വന്തു സംപ്രവക്ഷ്യാമി പുരാണാനീ മുനീശ്വരാ:
യഥാ ശ്രുതാനി തത്ത്വേന വ്യാസാത് സത്യവതീസുതാത്
‘മ’ദ്വയം ‘ഭ’ദ്വയം ചൈവ ‘ബ’ത്രയം ‘വ’ചതുഷ്ടയം
‘അ’ ‘നാ’ ‘പ’ ‘ലിം’ ‘ഗ’ ‘കു’ ‘സ്കാ’ നി പുരാണാനി പൃഥക് പൃഥക്

വ്യാസനില്‍ നിന്നും ഞാന്‍ ഗ്രഹിച്ച പുരാണങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ പറയാം. ‘മ’ യില്‍ത്തുടങ്ങുന്ന രണ്ടു പുരാണങ്ങള്‍, ‘ഭ’യില്‍ രണ്ട്, ‘ബ’യില്‍ മൂന്ന്, ‘വ’യില്‍ നാല്, ‘അ, നാ, പ, ലിം, ഗ, കു, സ്ക,’ എന്നീ അക്ഷരങ്ങളില്‍ത്തുടങ്ങുന്ന ഓരോന്ന്, എന്നിങ്ങിനെ പതിനെട്ടാണ് പുരാണങ്ങള്‍. അവയിലെ ശ്ലോകസംഖ്യ ഇപ്രകാരമാണ്.
മത്സ്യപുരാണം: 14,000 ശ്ലോകങ്ങള്‍     
മാര്‍ക്കണ്ടേയപുരാണം: 9,000 ശ്ലോകങ്ങള്‍
ഭവിഷ്യപുരാണം: 14,500 ശ്ലോകങ്ങള്‍
ഭാഗവതപുരാണം: 18,000 ശ്ലോകങ്ങള്‍
ബ്രഹ്മപുരാണം: 10,000 ശ്ലോകങ്ങള്‍
ബ്രഹ്മാണ്ഡപുരാണം: 10,100 ശ്ലോകങ്ങള്‍
ബ്രഹ്മവൈവര്‍ത്തപുരാണം: 18,000 ശ്ലോകങ്ങള്‍
വാമനപുരാണം: 10,000 ശ്ലോകങ്ങള്‍
വായുപുരാണം: 24,600 ശ്ലോകങ്ങള്‍
വിഷ്ണുപുരാണം: 23,000 ശ്ലോകങ്ങള്‍
വരാഹപുരാണം: 24,000 ശ്ലോകങ്ങള്‍
അഗ്നിപുരാണം: 16,000 ശ്ലോകങ്ങള്‍
നാരദീയപുരാണം: 25,000 ശ്ലോകങ്ങള്‍
പത്മപുരാണം: 55,000 ശ്ലോകങ്ങള്‍
ലിംഗപുരാണം: 11,000 ശ്ലോകങ്ങള്‍
ഗരുഡപുരാണം: 19,000 ശ്ലോകങ്ങള്‍
കൂര്‍മ്മപുരാണം: 17,000 ശ്ലോകങ്ങള്‍
സ്കന്ദപുരാണം: 81,000 ശ്ലോകങ്ങള്‍

ഇനി പറയാനുള്ളത് ഉപപുരാണങ്ങളെക്കുറിച്ചാണ്. സനല്‍ക്കുമാരം,നാരസിംഹം, നാരദീയം, ശിവം, ദൌര്‍വാസവം, കാപിലം, മാനവം, ഔശസനം, വാരുണം, കാളികം, സാംബം, നന്ദീശ്വരം, സൌരം, പരാശരം, ആദിത്യം, മാഹേശ്വരം, ഭാഗവതം, വാസിഷ്ഠം, ഇങ്ങിനെ ഉപപുരാണങ്ങള്‍ മറ്റൊരു പതിനെട്ടാണ്. ഇവയെല്ലാം എഴുതിയശേഷം വ്യാസന്‍ മഹാഭാരതം എന്നൊരു ഇതിഹാസവും ചമച്ചു. ഓരോ മന്വന്തരങ്ങളിലും ലോകഹിതത്തിനായി വ്യാസന്‍ പുരാണനിര്‍മ്മിതി ചെയ്യുന്നത് ദ്വാപരയുഗത്തിലാണ്. വേദങ്ങളെ വ്യസിക്കുന്നതും ഇതേ യുഗത്തിലത്രേ.

കലിയുഗത്തില്‍ ബ്രാഹ്മണര്‍ക്ക് ആയുസ്സും ബുദ്ധിയും കുറയുമെന്നതിനാല്‍ അദ്ദേഹം ഓരോ യുഗത്തിലും ദേവീഭാഗവതം ചമയ്ക്കുന്നു. അനഭ്യസ്തരായവര്‍ക്ക് വേദാദ്ധ്യയനം വിധിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ നന്മയ്ക്കായാണ് പുരാണങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. വൈവസ്വതം എന്ന ഈ ഏഴാം മന്വന്തരത്തില്‍, ഇരുപത്തിഎട്ടാമത്തെ ദ്വാപരത്തില്‍ വ്യാസഭഗവാന്‍ ദ്രൌണിയായി ജനിക്കും. വ്യാസന്മാര്‍ ഇരുപത്തിയേഴാണ്. അവരെല്ലാം പുരാണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മുന്‍ യുഗങ്ങളിലെ വ്യാസന്മാര്‍ ഇനിപ്പറയുന്നവരാണ്. ആദ്യ ദ്വാപരത്തില്‍ സ്വയം നാന്മുഖനാണ് വേദം വ്യസിച്ചത്. രണ്ടാമത്തേതില്‍ പ്രജാപതി, മൂന്നാമത്തേതില്‍ ഉശനസ്സ്, നാലാമത്തേതില്‍ ബ്രഹസ്പതി, അഞ്ചാമത്തേതില്‍ സവിതാവ്, ആറാമത്തേതില്‍ മൃത്യു, എഴില്‍ മഘവാന്‍, എട്ടില്‍ വസിഷ്ഠന്‍, ഒന്‍പതില്‍ സാരസ്വതന്‍, പത്തില്‍ ത്രിധാമാവ്‌, പതിനൊന്നില്‍ ത്രിവൃഷന്‍, പന്ത്രണ്ടില്‍ ഭരദ്വാജന്‍, പതിമൂന്നില്‍ അന്തരീക്ഷന്‍, പതിനാലില്‍ ധര്‍മ്മന്‍, പതിനഞ്ചില്‍ ത്രയ്യാരുണി, പതിനാറില്‍ ധനജ്ഞയന്‍, പതിനേഴില്‍ മേധാതിഥി, പതിനെട്ടില്‍ വ്രതി, പത്തൊന്‍പതില്‍ അത്രി, ഇരുപതില്‍ ഗൌതമന്‍, ഇരുപത്തൊന്നില്‍ ഉത്തമന്‍, ഇരുപത്തിരണ്ടില്‍ വേനന്‍, ഇരുപത്തിമൂന്നില്‍ വാജശ്രവസ്, ഇരുപത്തിനാലില്‍ സോമന്‍, ഇരുപത്തിയഞ്ചില്‍ അമുഷ്യായണന്‍, ഇരുപത്തിയാറില്‍ തൃണബിന്ദു, ഇരുപത്തിയേഴില്‍ ഭാര്‍ഗ്ഗവന്‍, ഇരുപത്തിയെട്ടില്‍ ജാതുകര്‍ണ്ണ്യന്‍, പിന്നെ കൃഷ്ണദ്വൈപായനന്‍.

കൃഷ്ണദ്വൈപായനനില്‍ നിന്നാണ് ഞാന്‍ ഭാഗവതപുരാണം കേട്ടത്. വേദരസം വഴിയുന്നതും സാധകര്‍ക്ക് ആനന്ദത്തെയും സര്‍വ്വാഭീഷ്ടങ്ങളേയും പ്രാദാനം ചെയ്യുന്നതുമായ ഭാഗവതം മോക്ഷദായകം കൂടിയാണ്. സകല ദുഖങ്ങളും ഇല്ലാതാക്കുന്ന ഇപ്പുരാണം സദ്ജനങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതത്രേ. അത്യന്തം മഹനീയമായ ഈ ഭാഗവതം, വ്യാസന്‍ തന്റെ പുത്രനായ ശുകനെ പഠിപ്പിച്ചു. ഗുരുപ്രസാദത്താല്‍ ഞാനത് കേട്ട് പഠിച്ചതാണ്. അരണിയില്‍ നിന്നുണ്ടായ അയോനിജനായ പുത്രന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വ്യാസന്‍ ഈ പുരാണത്തെ വിവരിച്ചത്. ശ്രീമദ്‌ഭാഗവതാമൃതപാനം ചെയ്ത് ശ്രീശുകന്‍ സംസാരജലധിയെ നിഷ് പ്രയാസം  തരണം ചെയ്തു. ചേതോഹരമായ ഇക്കഥ കേള്‍ക്കാന്‍ അദ്ദേഹം ഉല്‍സുകനായിരുന്നതുപോലെ ഇത് കേള്‍ക്കുന്നതുമൂലം കലിഭയമുക്തി എല്ലാവര്‍ക്കും ലഭ്യമത്രേ. സദാചാരങ്ങള്‍ ഇല്ലാത്തവനാണെങ്കിലും, വേദവിധികളെ മാനിക്കാത്തവനാണെങ്കിലും, പാപിയാണെങ്കിലും ഇക്കഥകള്‍ ശ്രവിക്കുന്നതോടെ ഒരുവന്‍ അവനിലെ കളങ്കങ്ങള്‍ ഒടുക്കി മരണാനന്തരം യോഗികള്‍ക്ക് മാത്രം എത്തിച്ചേരാന്‍ കഴിയുന്ന പരമപദത്തെ പ്രാപിക്കുന്നതാണ്. നിര്‍ഗുണയായ ദേവി ഹരാദികള്‍ക്ക് പോലും അപ്രാപ്യയാണെങ്കിലും ഭാഗവതത്തെ ശ്രദ്ധയോടെ കേള്‍ക്കുന്നവന്റെ ഹൃദയത്തില്‍ അധിവസിക്കുന്നു.

സംസാരസാഗരത്തെ തരണംചെയ്യാനുതകുന്ന പൊങ്ങുതടിപോലെയുള്ള,  അതീവ പുണ്യദായകമായ ഇപ്പുരാണം അംഗവൈകല്യമൊന്നുമില്ലാത്ത ദേഹമുണ്ടായിട്ടുപോലും ശ്രവിക്കാന്‍ ശ്രമിക്കാത്തവര്‍ സ്വയം വഞ്ചിതരായിരിക്കുന്നു. ഭൌതീകസുഖങ്ങളില്‍ ആസക്തിപൂണ്ടു രണ്ടു കാതുകളിലും പരദൂഷണം കേള്‍ക്കുന്ന മൂഢന്‍ സര്‍വ്വാര്‍ത്ഥങ്ങളെയെല്ലാം പ്രദാനം ചെയ്യുന്ന ഭാഗവത പുരാണം കേള്‍ക്കുന്നില്ലെങ്കില്‍ അവന്റെ നരജന്മം വ്യര്‍ത്ഥമത്രേ.                   

Wednesday, October 28, 2015

ദിവസം 7 ശ്രീമദ്‌ ദേവീഭാഗവതം 1.2. ഗ്രന്ഥസംഖ്യാവിഷയം

ദിവസം 7  ശ്രീമദ്‌ ദേവീഭാഗവതം 1.2  ഗ്രന്ഥസംഖ്യാവിഷയം   

ധന്യോ fഹമതി മാന്യോ fഹം പാവിതോ fഹം മഹാത്മഭി:
യത് പൃഷ്ടം സുമഹത് പുണ്യം പുരാണം വേദ വിശ്രുതം

സൂതന്‍ പറഞ്ഞു: വേദങ്ങള്‍ വാഴ്ത്തുന്ന ദേവീ ഭാഗവതമെന്ന പുരാണത്തെ പ്രകീര്‍ത്തിക്കാനാണല്ലോ പുണ്യചരിതന്മാരായ നിങ്ങള്‍ എന്നോടാവശ്യപ്പെട്ടത്! ഞാന്‍ ധന്യനായി. മാനിതനും പവിത്രവാനുമായി. സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് അത്യുത്തമമായ ഭാഗവതപുരാണത്തെക്കുറിച്ച് ഞാന്‍ പറയാം. യോഗികള്‍ക്ക് മുക്തിദായകവും  ബ്രഹ്മാദികളാല്‍ സേവിതവും അതിലളിതവും മാമുനികള്‍ക്ക് ധ്യാനനിദാനവുമായ ആ ഭഗവല്‍ പാദമലരുകളെ നമസ്കരിച്ചുകൊണ്ടു ഞാന്‍ കഥ തുടങ്ങട്ടെ. ഇക്കഥയാണെങ്കില്‍ ഭഗവതിയുടെ നാമത്താല്‍ പ്രസിദ്ധമാണ്. വിവിധരസങ്ങള്‍ നിറഞ്ഞതാണിതിലെ വിഭവങ്ങള്‍.

വേദങ്ങള്‍ വിദ്യയെന്നു വിളിക്കുന്നവളും, ആദിപരാശക്തിയായി സദാ വിളങ്ങുന്നവളും, സംസാരബന്ധത്തില്‍ നിന്നും മുക്തിയേകുന്നവളും ദുഷ്ടന്മാര്‍ക്ക് അപ്രാപ്യമായവളും, ധ്യാനിക്കുന്ന ഉപാസകര്‍ക്ക് ക്ഷിപ്രപ്രസാദമേകുന്നവളുമായ ആ ഭഗവതി സദാ പ്രസന്നയായി സര്‍വ്വസിദ്ധികളെയും പ്രദാനം ചെയ്യട്ടെ. വിശ്വത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിക്കുന്ന ആ ജനനിയെ ഞാന്‍ നമസ്കരിക്കുന്നു. വിശ്വനിര്‍മ്മിതി ബ്രഹ്മാവാണ് ചെയ്യുന്നതെന്ന് പ്രസിദ്ധമാണ്. അദ്ദേഹമാകട്ടെ വിഷ്ണുവിന്റെ നാഭിയില്‍ നിന്നുമാണ് ഉത്ഭൂതമായത്. അപ്പോള്‍ സൃഷ്ടികാര്യത്തില്‍ ബ്രഹ്മാവ്‌ സ്വതന്ത്രനല്ല എന്ന് നിശ്ചയം. മഹാവിഷ്ണു ആദിശേഷസര്‍പ്പത്തില്‍ മയങ്ങുന്ന നേരത്താണല്ലോ അദ്ദേഹത്തിന്റെ  നാഭികമലത്തില്‍ നിന്നും വിരിഞ്ജന്‍ ഉണ്ടായത്. ഹരിക്ക് സഹസ്രശീര്‍ഷനായ വിഷ്ണുവാണ് (ആദിശേഷന്‍) അധാരമെങ്കില്‍ ഭഗവാന് സൃഷ്ടി നടത്താന്‍ സാധിക്കുന്നതെങ്ങിനെ? കല്‍പ്പകാലത്തെ പ്രളയജലം രസരൂപമാണ്. അതിനൊരു പാത്രമില്ലാതെ നിലകൊള്ളാനാവില്ല. അതിനെ താങ്ങി നിര്‍ത്തുന്നത് ശക്തിയാണ്, ദേവിയാണ്. അഖിലത്തിനും താങ്ങായ, ശക്തിയായി നിലകൊള്ളുന്ന സര്‍വഭൂതജനനിയെ ഞാന്‍ കൈതൊഴുന്നു.

യോഗനിദ്രയിലാണ്ട വിഷ്ണുഭാഗവാനെക്കണ്ട് താമരയിലയില്‍ ഇരുന്നുകൊണ്ട് ബ്രഹ്മാവ്‌ സ്തുതിച്ചതായ ദേവിയെ ഞാനും ഇതാ നമിക്കുന്നു. അരൂപയും, സുഗുണയും, മായാമയിയും മുക്തിപ്രദായികയുമായ ദേവിയെക്കുറിച്ചുള്ള പുരാണം നിങ്ങള്‍ ശദ്ധിച്ചു കേട്ടാലും. പതിനെണ്ണായിരം സാരഗര്‍ഭങ്ങളായ ഉത്തമശ്ലോകങ്ങളാണ് ഇതിനുള്ളിലുള്ളത്.  പന്ത്രണ്ടു സ്കന്ധങ്ങള്‍, മുന്നൂറ്റിപ്പതിനെട്ടദ്ധ്യായങ്ങള്‍. ഒന്നാം സ്കന്ധത്തില്‍ ഇരുപത്, രണ്ടില്‍ പന്ത്രണ്ട്, മൂന്നില്‍ മുപ്പത്, നാലില്‍ ഇരുപത്തഞ്ച്, അഞ്ചില്‍ മുപ്പത്തിയഞ്ച്, ആറില്‍ മുപ്പത്തിയൊന്ന്, എഴില്‍ നാല്‍പ്പത്, എട്ടില്‍ ഇരുപത്തിനാല്, ഒന്‍പതില്‍ അന്‍പത്, പത്തില്‍ പതിമൂന്ന്, പതിനൊന്നില്‍ ഇരുപത്തിനാല്, പന്ത്രണ്ടില്‍ പതിനാല് എന്നിങ്ങിനെയാണ് അദ്ധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിങ്ങിനെ അഞ്ചു ലക്ഷണങ്ങളാണ് പുരാണങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്. അവയെല്ലാം ഇതിലുമുണ്ട്.

സര്‍ഗ്ഗം: സര്‍വ്വവ്യാപിയും, സദാ നിത്യയും, നിര്‍ഗ്ഗുണയും, നിശ്ചലയും, മുക്തിദായികയും, യോഗാഭിഗമ്യയും, സര്‍വ്വാശ്രയവുമായ ദേവിയുടെ മൂന്നു പ്രകൃതികളായ സാത്വികം, രാജസികം, താമസം എന്നിവ യഥാക്രമം മാഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നീ ദേവീശക്തിഭാവങ്ങളില്‍ പ്രകടമായിരിക്കുന്നു. ജഗദംബിക ഈ മൂന്നു ശക്തികളെ സൃഷ്ടിക്കായി കൈക്കൊണ്ടതിന്റെ കഥകളാണ് സര്‍ഗ്ഗം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വര ത്രിമൂര്‍ത്തികളുടെ ആവിര്‍ഭാവങ്ങളാണ് പ്രതിസര്‍ഗ്ഗത്തില്‍ ഉള്ളത്. സൃഷ്ടിസ്ഥിതിസംഹാര പ്രവര്‍ത്തനങ്ങള്‍ ത്രിമൂര്‍ത്തികളുടേതാണല്ലോ. 

വംശത്തില്‍ സൂര്യചന്ദ്രവംശങ്ങളില്‍പ്പെട്ട രാജാക്കന്മാര്‍, അസുരന്മാര്‍ എന്നിവരുടെ വംശങ്ങളെ വര്‍ണ്ണിക്കുകയാണ്. സ്വായംഭുവ മനുതൊട്ടുള്ള രാജാക്കന്മാരെയും അവരുടെ കാലത്തെയും വര്‍ണ്ണിക്കുന്നത് മന്വന്തരം. അവരുടെ വംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് വംശാനുചരിതം. ഇതുകൂടാതെ വേദ തുല്യമെന്ന് പേരുകേട്ട മഹാഭാരതം എന്ന ഇതിഹാസവും വ്യാസനിര്‍മ്മിതമത്രേ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ശൌനകന്‍ പറഞ്ഞു: എത്രയാണ്, ഏതൊക്കെയാണ് ആ പുരാണങ്ങള്‍ എന്ന് വിസ്തരിച്ചു പറയൂ. ഞങ്ങള്‍ക്കത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാലഭീതിയിലാണ് ഞങ്ങള്‍ ഈ പുണ്യഭൂമിയില്‍ വസിക്കുന്നത്. മനോമയമായ ഒരു ചക്രം ഞങ്ങള്‍ക്ക് തന്നിട്ട് ബ്രഹ്മാവ് ഞങ്ങളോട് പറഞ്ഞു- ‘ഈ ചക്രത്തിനെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് പവിത്രമായ ഒരിടത്തെത്താം. അവിടെ കലിക്ക് പ്രവേശനമില്ല. സത്യയുഗം വരെ നിങ്ങള്‍ക്കവിടെ താമസിക്കാം’.

ആ മനോമയചക്രമുരുട്ടി ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നു. നേമി (ചക്രം) ഇവിടെയെത്തിയപ്പോള്‍ നിശ്ചലമായി. അങ്ങിനെ ഇപ്രദേശത്തിനു നൈമിഷം എന്ന് പേരും സിദ്ധിച്ചു. കലിക്ക് പ്രവേശനമില്ലാത്തയിടമായതിനാല്‍ ഞാന്‍ മാത്രമല്ല, സിദ്ധന്മാരും മുനീന്ദ്രന്മാരുമെല്ലാം ഇവിടെ എന്നോടൊപ്പം കൂടി. അരി, എള്ള്, ഉഴുന്ന്, പഞ്ചസാര, മധു, നെയ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പുരോഡാശം ഉപയോഗിച്ച് പശുക്കളെക്കൂടാതെയുള്ള യാഗങ്ങള്‍ ചെയ്താണ് ഞങ്ങള്‍ സത്യയുഗം വരെ കാലം കഴിക്കുന്നത്. അങ്ങിപ്പോള്‍ വന്നെത്തിയത് ഞങ്ങളുടെ മഹാഭാഗ്യം. ഭാഗവതകഥ ഉടനെതന്നെ തുടങ്ങിയാലും. പറയാന്‍ അങ്ങയെപ്പോലൊരുവനും, കേള്‍ക്കാന്‍ ഉത്സുകരായി ഞങ്ങളും ഉണ്ടല്ലോ! മറ്റുകാര്യങ്ങള്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്തതിനാല്‍ എകാഗ്രചിത്തരുമാണ് ഞങ്ങള്‍. താപത്രയങ്ങളില്‍ നിന്നും അങ്ങേയ്ക്ക് മുക്തിയുണ്ടാവട്ടെ.

ധര്‍മ്മാര്‍ത്ഥകാമങ്ങളെക്കൂടാതെ ജ്ഞാനത്തെയും ഭാഗവതത്തില്‍ ഭംഗിയായി വര്‍ണ്ണിച്ചിട്ടുണ്ടല്ലോ! മോക്ഷദായകമാണ് ജ്ഞാനം. കൃഷ്ണദ്വൈപായനന്‍ ചൊല്ലിത്തന്ന കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. സകലഗുണങ്ങള്‍ക്കും നിദാനമായ, പവിത്രയായ, ജഗജ്ജനനിയുടെ ചരിത്രം എത്ര വിചിത്രം! എല്ലാ പാപങ്ങള്‍ക്കും നാശകാരണവും ആശകളുടെ ആദിമൂലവുമായ ഭഗവതിയെക്കുറിച്ചുള്ള പുരാണം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അത്യധികം ആഗ്രഹമുണ്ട്. അങ്ങ് കഥ തുടങ്ങിയാലും. 

Tuesday, October 27, 2015

ദിവസം 6 ശ്രീമദ്‌ ദേവീഭാഗവതം 1.1. ശൌനക പ്രശ്നം


ദിവസം 6 
ശ്രീമദ്‌ ദേവീഭാഗവതം. 1. 1. ശൌനക പ്രശ്നം   

ഓം ശ്രീ ചൈതന്യ രൂപാം
താമാദ്യാം വിദ്യാം ച ധീമഹി
ബുദ്ധിം യാ ന: പ്രചോദയാത്

സൂത സൂത മഹാഭാഗ ധന്യോ fസി പുരുഷര്‍ഷഭ
യദധീതാ ത്വയാ സമ്യക് പുരാണ സംഹിതാ: ശുഭാ:

സര്‍വ്വചൈതന്യമൂര്‍ത്തിയും ബുദ്ധിക്ക് പ്രചോദനമേകുന്നതുമായ വിദ്യയെ മനസാ ധ്യാനിച്ചുകൊണ്ട് നമുക്കാരംഭിക്കാം.

ശൌനകന്‍ പറഞ്ഞു: പുരുഷ ശ്രേഷ്ഠനായ സൂതാ, സത്പുരാണപാരംഗതനായ അങ്ങ് എത്ര ധന്യന്‍! കൃഷ്ണദ്വൈപായനന്‍ വിരചിച്ചതായ പതിനെട്ടു പുരാണങ്ങളും അങ്ങ് പഠിച്ചിരിക്കുന്നു. അവയാണെങ്കില്‍ അഞ്ചു ലക്ഷണങ്ങളും ഗൂഢമായ അര്‍ത്ഥങ്ങളും നിറഞ്ഞവയാണ്. സത്യവതീപുത്രനായ വ്യാസനില്‍ നിന്നും അവയുടെ അന്തരാര്‍ത്ഥങ്ങള്‍ അങ്ങ് മനസ്സിലാക്കിയിട്ടുമുണ്ട്. കലിമലം തീണ്ടാത്ത ഈ പരിപാവനദേശത്ത് അങ്ങെത്തിച്ചേര്‍ന്നത് ഞങ്ങളുടെ പുണ്യത്താലാണ്. ഞങ്ങള്‍ മുനിമാരുടെ ഈ സംഘം പുരാണശ്രവാണോല്‍സുകരായി വന്നിരിക്കുന്നു. ദയവായി കഥ ആരംഭിച്ചാലും. അങ്ങേയ്ക്ക് താപത്രയങ്ങളില്‍ നിന്നും മുക്തിയുണ്ടാവട്ടെ. വേദസന്നിഭമായ കഥകളെ കേള്‍ക്കാത്ത കാതുകള്‍ എന്തിനാണ്! കേള്‍ക്കാനും ആസ്വദിക്കാനും കഴിവുണ്ടെങ്കിലും പുരാണം കേള്‍ക്കാത്തവര്‍ ദൈവശാപമേറ്റവര്‍ തന്നെ. എരിവ്, പുളി മുതലായ ആറ് രസങ്ങള്‍ രസനയ്ക്ക് എങ്ങിനെ രസമേകുന്നുവോ അതുപോലെ ബുദ്ധിമാന്‍മാരായ മഹത്തുക്കളുടെ വചനങ്ങള്‍ കാതിനെ രസിപ്പിക്കുന്നു. കാതില്ലാത്ത ഉരഗങ്ങള്‍ പോലും സംഗീതത്തില്‍ ലയിക്കുന്നു. ചെവിയുണ്ടായിട്ടും ഇത് കേള്‍ക്കാത്തവര്‍ ബധിരര്‍ തന്നെയാണ്, തീര്‍ച്ച. കലിഭീതരായ മാമുനിമാര്‍ ഈ നൈമിശാരണ്യത്തില്‍ കഥോല്‍സുകരായാണ് വന്നിരിക്കുന്നത്.

മൂഢന്മാര്‍ തങ്ങളുടെ ഇഹലോകവാസക്കാലം ദുഖിച്ചു കഴിയുന്നു. വിദ്വാന്മാര്‍ ശാസ്ത്രചിന്തയില്‍ സമയം കഴിക്കുന്നു. ശാസ്ത്രങ്ങളില്‍ സാത്വികമായുള്ളത് വേദാന്തമാണ്. മീമാംസകള്‍ രാജസവും തര്‍ക്കശാസ്ത്രം താമസവുമാണ്. കുതര്‍ക്കവും ഹേതു നിര്‍ണ്ണയവും നിറഞ്ഞ ന്യായശാസ്ത്രം വിചിത്രമാണ് എന്നും നമുക്കറിയാം. പുരാണങ്ങളിലും ഇങ്ങിനെ ത്രിഗുണാത്മകങ്ങളായ അനേകം കഥകളുണ്ട്. വേദതുല്യമായ അഞ്ചാംവേദമായി അങ്ങുതന്നെ ഭാഗവതത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളും മുക്തിയും പ്രദാനം ചെയ്യാനുതകുന്ന കഥകളില്‍ ചിലത് മാത്രം അങ്ങയില്‍ നിന്നും ഞങ്ങള്‍ കേട്ടു. ഇനി ഈ പുരാണത്തെ വിശദമായി പറഞ്ഞു തരാന്‍ ദയവുണ്ടാവനം.

സത്വ ഗുണനിധിയായ അങ്ങേയ്ക്ക് വ്യാസനിര്‍മ്മിതമായ ഭാഗവതം നന്നായറിയാം. ദേവന്മാര്‍ക്ക് അമൃതിലുള്ള ആശ തീരാത്തതുപോലെ ഞങ്ങള്‍ താപസര്‍ക്ക് അങ്ങയുടെ മുഖദാവില്‍ നിന്നും വരുന്ന കഥാമൃതമുണ്ട് മതി വരുന്നില്ല. അമൃത് കഴിക്കുന്നവര്‍ക്ക് മുക്തി ലഭിക്കണമെന്നില്ല, എന്നാല്‍ ഭഗവതാമൃതം ഉണ്ണുന്നത് മുക്തിദായകമത്രേ. ഞങ്ങള്‍ യജ്ഞങ്ങള്‍ അനവധി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ മനസ്സില്‍ പ്രശാന്തിയുണ്ടായിട്ടില്ല. യാഗങ്ങള്‍ക്ക് സദ്‌ഫലമുണ്ട്‌ എന്നാലത് വെറും നൈമിഷികം മാത്രം. ഫലത്തിന്റെ അനുഭവകാലം കഴിഞ്ഞാല്‍ നാം തിരികെ വരണമല്ലോ! സംസാരചക്രത്തില്‍ നിരന്തരമായി ചുറ്റാന്‍ വിധിക്കപ്പെട്ടവരാണ് നാം. എന്നാല്‍ ജ്ഞാനമാണ് ഈ അനന്തമായ ചംക്രമണത്തെ  അവസാനിപ്പിക്കുന്നത്. അത് ലഭിക്കാന്‍ ഗുഹ്യമാണെങ്കിലും രസനിഷ്യന്തിയായ ഭാഗവതം ഈ മുമുക്ഷുക്കള്‍ക്കായി പകര്‍ന്നു തരാന്‍ ദയവുണ്ടാവണം. 


Monday, October 26, 2015

ദിവസം 5 ഭാഗവത ശ്രവണവിധി


ദിവസം  5  ഭാഗവത ശ്രവണവിധി

സൂത സൂത മഹാഭാഗ ശ്രുതം മാഹാത്മ്യമുത്തമം
അധുനാ ശ്രോതുമിച്ഛാമ: പുരാണശ്രവണേ വിധിം
ശ്രൂയതാം മുനയ: സര്‍വ്വേ പുരാണശ്രവണേ വിധിം
നരാണാം ശൃണ്വതാം യേന സിദ്ധി: സ്യാത് സര്‍വ്വകാമികീ

ഉത്തമമായ ഭാഗവതമാഹാത്മ്യം കേള്‍പ്പിച്ചതുപോലെ ഈ പുരാണശ്രവണത്തിനായുള്ള ക്രമംകൂടി വിധിയാംവണ്ണം പറഞ്ഞു തരണമെന്ന് ഋഷിമാര്‍ സൂതനോട് അഭ്യര്‍ത്ഥിച്ചു. പുരാണശ്രവണ വിധി കേള്‍ക്കുന്നതുപോലും മനുഷ്യര്‍ക്ക് ശുഭമണയ്ക്കും എന്ന് പറഞ്ഞുകൊണ്ട് സൂതന്‍ തുടങ്ങി. ആദ്യമായി ദൈവജ്ഞനായ ഒരാളെ വിളിച്ച് ഉചിതമായ മുഹൂര്‍ത്തം നിശ്ചയിക്കണം. മിഥുനം തുടങ്ങി ആറുമാസം പുരാണപഠനത്തിനുത്തമമാണ്. അത്തം, അശ്വതി, മൂലം, പൂരം, രോഹിണി, തിരുവോണം മകയിരം, അനിഴം എന്നീ നാളുകളും നല്ല ആഴ്ചയും തിഥിയുമൊക്കെ ഉത്തമങ്ങളാണ്.

വ്യാഴം ഏതു നക്ഷത്രത്തിലാണെന്ന് നോക്കുക. അന്നാള് മുതല്‍ ദിനങ്ങള്‍ എണ്ണി നാല്, നാല്, ഒന്ന്‍, അഞ്ച്, ആറ്, നാല്, മൂന്ന്‍, നാളുകളില്‍ പുരാണം കേട്ടാല്‍ യഥാക്രമം ധര്‍മ്മപ്രാപ്തി, ധനസംപ്രാപ്തി, കഥാസിദ്ധി, മഹാസുഖം, രോഗപീഡ, രാജഭയം, ജ്ഞാനപ്രാപ്തി എന്നിവയാണ് ഫലം. ഈ ഫലചക്രം സാക്ഷാല്‍ ശങ്കരനാല്‍ നിര്‍മ്മിതമാണ്. നാല് നവരാത്രികളിലും നാളും തിഥിയുമൊക്കെ നോക്കി മറ്റുള്ള മാസങ്ങളിലും ദേവീ ഭാഗവതം കേള്‍ക്കാം. ദേവീഭാഗവതം വായനയുണ്ടെന്ന് സജ്ജനങ്ങളെ അറിയിച്ച് ഒരു വിവാഹത്തിനു വേണ്ട ഒരുക്കങ്ങള്‍ ഇതിനും ചെയ്യണം. ദംഭാദികള്‍ ഇല്ലാത്ത സ്വയംസേവകരും ഈ പുരാണഘോഷനടത്തിപ്പിന് അത്യാവശ്യമാണ്.

സൂര്യന്‍, ചന്ദ്രന്‍, ഗണപതി, ശിവന്‍ തുടങ്ങിയ മറ്റു ദേവതമാരെ ഭജിക്കുന്നവര്‍ക്കും ദേവീ ഉപാസന ചെയ്യാം. കാരണം ‘ശക്തി’യില്ലാതെ ദേവതയില്ലല്ലോ! ബ്രാഹ്മണാദി നാല് വര്‍ണ്ണക്കാരും, സ്ത്രീകളും, ബ്രഹ്മചാരികളും, ലൌകീകസുഖകാംക്ഷികളും, അല്ലാത്തവരും ഒക്കെ ഇപ്പുരാണശ്രവണത്തിനു യോഗ്യരത്രേ. ഒന്‍പതുനാളും കേള്‍ക്കാനായില്ലെങ്കിലും പറ്റുന്ന ദിവസങ്ങള്‍ എല്ലാവരും വരിക. വൃത്തിയായി ചാണകം മെഴുകിയൊരുക്കിയ പാരായണ വേദിയില്‍ അതിഥികളെ വേണ്ട രീതിയില്‍ ഉപച്ചരിച്ച് ഇരുത്തി ബഹുമാനിക്കണം. കൊടിതോരണങ്ങള്‍, വാഴത്തടകൊണ്ടുള്ള ശ്രീകോവില്‍ അലങ്കാരങ്ങള്‍ ഒക്കെ വേണം. പുരാണം വായിക്കുന്നയാള്‍ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി ആസനസ്ഥനാവണം.

ശാസ്ത്രജ്ഞാനിയും  സമര്‍ത്ഥനും വാക്ചാതുരിയുള്ളവനും അനാസക്തനും ധീരനും ദേവീഭക്തനുമായിരിക്കണം വക്താവ്. ദേവനിന്ദകനും, സ്ത്രീജിതനും, കോപിഷ്ഠനും, ധര്‍മ്മനാട്യക്കാരനും, ലുബ്ധനും വക്താവാകാന്‍ യോഗ്യതയില്ല. ഗുണവാനും പണ്ഡിതനും സംശയനിവാരണം ചെയ്യാന്‍ കഴിവുള്ളവനുമായ ഒരാള്‍ വക്താവിന് സഹായിയായി വേണം. കഥാരസികനും വിനയവാനും ബ്രഹ്മജ്ഞാനിയും ദേവതാഭക്തനും ഉദാരവാനും വിഷയാസക്തി ഇല്ലാത്തവനും അഹിംസവാനുമായിരിക്കണം ശ്രോതാവ്.

വക്താവും ശ്രോതാക്കളും മുഹൂര്‍ത്തനാളിനു മുന്നേതന്നെ ക്ഷൌരാദികള്‍ ചെയ്ത് വൃത്തിയായി തയ്യാറെടുക്കണം. യജ്ഞനിയമങ്ങള്‍ തീരുമാനിക്കണം. സൂര്യോദയത്തില്‍ത്തന്നെ കുളി, സന്ധ്യാവന്ദനം എല്ലാം ചുരുക്കമായി ചെയ്ത് തയ്യാറാവണം. ഗണപതി ഹോമം, പശുദ്ദാനം എന്നിവ തീര്‍ച്ചയായും വേണം. സപ്തമാതാക്കള്‍, അഷ്ടയോഗിനികള്‍, ക്ഷേത്രപാലന്‍, തുളസി, ശങ്കരന്‍, നവഗ്രഹങ്ങള്‍, എന്നിവര്‍ക്കായി കലശം സ്ഥാപിച്ചു പൂജ ചെയ്യണം. നവാക്ഷരമന്ത്രത്താല്‍ ജഗദംബികയെ പൂജിക്കണം. ശ്രീദേവിയുടെ വാഗ്രൂപമായ ഭാഗവതത്തെ എല്ലാ ഉപചാരങ്ങളും നല്‍കി പൂജിക്കണം. കഥാശ്രവണവിഘ്നം വരാതിരിക്കാന്‍ അഞ്ചു ബ്രാഹ്മണരെ സ്വീകരിച്ചാനയിച്ച്‌ അവരെക്കൊണ്ടു ദേവീസപ്തശതീ മന്ത്രം, നവാര്‍ണ്ണവം എന്നിവ ജപിപ്പിക്കണം.

‘കാര്‍ത്ത്യായനീ, മഹാമായേ, ഭവാനീ, ഭുവനേശ്വരീ’ എന്ന നാമജപത്തോടെ അമ്മയെ പ്രദക്ഷിണം ചെയ്ത് നമസ്കരിക്കുക. ‘ഈ ഭാവാബ്ധിയില്‍ ആണ്ടുമുങ്ങിയ എന്നെ കൈക്കൊള്ളണമേ, ബ്രഹ്മവിഷ്ണുശിവന്മാര്‍ക്ക് പോലും ആരാധ്യയായ അമ്മേ, എന്നെ അഭീഷ്ടവരങ്ങളേകി  അനുഗ്രഹിച്ചാലും’ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു വേണം കഥ കേള്‍ക്കാന്‍.

വക്താവിനെ വ്യാസനായി കണക്കാക്കി, യജ്ഞവേദിയില്‍ അദ്ദേഹത്തെ അലങ്കാര വിഭൂഷകളോടെ ഉപവിഷ്ടനാക്കണം. ‘സര്‍വ്വശാസ്ത്രവിഷാരദനായ, വ്യാസരൂപനായ, അങ്ങയെ ഞങ്ങള്‍ നമസ്കരിക്കുന്നു. ദേവിയുടെ കഥകളാകുന്ന വെണ്ണിലാവ് എന്നിലെ ഇരുട്ടിനെയകറ്റുമാറാകട്ടെ എന്ന് ശ്രോതാവ്  സങ്കല്‍പ്പിക്കണം.

ആദ്യദിവസത്തെ ചിട്ടകള്‍തന്നെ ഒന്‍പതു ദിവസവും പാലിക്കണം. ബ്രാഹ്മണാദികളെ ഉപവിഷ്ടരാക്കിയ ശേഷമേ യജമാനന്‍ ഇരിക്കാവൂ. ഗൃഹപുത്രധനാദി ചിന്തകള്‍ വെടിഞ്ഞ് ശ്രദ്ധാഭക്തിപുരസ്സരം കഥ കേള്‍ക്കുക. സൂര്യോദയം മുതല്‍ അസ്തമയം വരെയാണ് കഥ വായിക്കേണ്ടത്. മദ്ധ്യാഹ്നത്തില്‍ ഒരു മണിക്കൂര്‍ വിശ്രമം, ലഘുഭക്ഷണം, എന്നിങ്ങിനെ ചിട്ടയായി വേണം കഥ കേള്‍ക്കാന്‍. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെ പ്രദാനം ചെയ്യുന്നതാണ് ഇക്കഥാശ്രവണം.

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ ഭേദദൃഷ്ടിയുള്ളവരും, ഹിംസകരും, നാസ്തികരും, ദുഷ്ടരും, വേദവിരോധികളും, കള്ളന്മാരും, ബ്രഹ്മസ്വം, ദേവസ്വം, പരധനം, പരസ്ത്രീകള്‍, എന്നിവ അപഹരിക്കുന്നവരും അതില്‍ താല്‍പ്പരരായവരും ഇക്കഥകേള്‍ക്കാന്‍ അനര്‍ഹരാണ്.  നവാഹദിനങ്ങളില്‍ ബ്രഹ്മചര്യം വേണം, തറയില്‍ കിടന്നുറങ്ങുക, സത്യം പറയുക, ജിതേന്ദ്രിയനാവുക, മുതലായ വ്രതങ്ങള്‍ കൃത്യമായി പാലിക്കണം. വഴുതിനങ്ങ, താന്നിക്ക, എണ്ണ, പരിപ്പ്, തേന്‍, ഉള്ളി, വെള്ളുള്ളി, കുമ്പളങ്ങ, മുരിങ്ങ, വെന്തുകരിഞ്ഞ ഭക്ഷണം, രജസ്വല തൊട്ട ചോറ്, കിഴങ്ങുകള്‍, കടല, ഇവയൊന്നും ഭക്ഷിക്കരുത്. കാമാക്രോധലോഭദംഭമാനങ്ങള്‍ വര്‍ജ്ജിക്കണം. ബ്രാഹ്മണദ്രോഹി, ജാതിമര്യാദകള്‍ പാലിക്കാത്തവന്‍, ചണ്ഡാളന്‍, ആര്‍ത്തവകളായ സ്ത്രീകള്‍, മ്ലേച്ഛര്‍, അന്ത്യജര്‍, വേദനിന്ദചെയ്യുന്നവര്‍ എന്നിവരോടോന്നും സംസാരിക്കപോലും അരുത്. വേദങ്ങള്‍, ഗോക്കള്‍,ഗുരുക്കന്മാര്‍, ബ്രാഹ്മണര്‍, സ്ത്രീകള്‍, രാജാക്കന്മാര്‍, മഹാത്മാക്കള്‍, ഭക്തന്മാര്‍ തുടങ്ങിയ സത്വമതികളെ നിന്ദിക്കുകയോ അത്തരം വാര്‍ത്തകള്‍ കേള്‍ക്കുകയോ അരുത്.

വിനയം, സത്യസന്ധത, ഭൂതദയ, വൃത്തി, മിതമായ സംസാരം എന്നീ ഗുണങ്ങള്‍ ഉള്ളവരാണ് കഥാ ശ്രവണവ്രതമെടുക്കേണ്ടത്. കുഷ്ഠം, പാണ്ട്, തുടങ്ങിയ രോഗങ്ങളാല്‍ വലയുന്നവരും, ദാരിദ്ര്യദുഃഖം പേറുന്നവരും, പാപികളും, സന്താനസൌഭാഗ്യമില്ലാത്തവരും, ഒറ്റക്കുഞ്ഞുള്ളവരും, ഗര്‍ഭമലസിയവരും, ചാപിള്ളകള്‍ ഉണ്ടാകുന്നവരും എല്ലാം ഭാഗവത ശ്രവണത്താല്‍ ദുഖനിവൃത്തരാവും.

ജീവിതത്തില്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ വലിയ ബുദ്ധിമുട്ട് കൂടാതെ ആര്‍ജ്ജിക്കാനായി ഭാഗവതം കേള്‍ക്കുക. ഒന്‍പതു നാളുകള്‍ ഓരോന്നും ഓരോ നവാഹയജ്ഞത്തിന്റെ ഫലം ചെയ്യും. കഥയുടെ എല്ലാ ദിനങ്ങളിലും വക്താവിനെയും പുസ്തകത്തെയും പൂജിച്ച് പ്രസാദം സ്വീകരിക്കണം. അപ്പോള്‍ച്ചെയ്യുന്ന ജപം, ദാനം ഹോമം എന്നിവയ്ക്ക് വലിയ ഫലമാണുള്ളത്. കുമാരീപൂജ, സുമംഗലീപൂജ, ബ്രാഹ്മണപൂജ എന്നിവയും വേണം. സര്‍വ്വദോഷങ്ങളും ഇല്ലാതാക്കാന്‍ ഓരോ ദിനാന്ത്യത്തിലും ഗായത്രീ സഹസ്രനാമമോ വിഷ്ണു സഹസ്രനാമമോ ജപിക്കണം. യജ്ഞപൂര്‍ണ്ണതയ്ക്കായി വിഷ്ണുവിനെ സ്തുതിക്കണം. കഥയുടെ പരിസമാപ്തിയില്‍ ദേവീസപ്തശതീമന്ത്രം അലെങ്കില്‍ നവാക്ഷരമന്ത്രം ജപിക്കണം. ഗായത്രിചൊല്ലി നെയ്പായസം നിവേദിക്കയുമാകാം.

മഹാഷ്ടമീവ്രതമെന്നപോലെ ഒന്‍പതാം ദിനം യജ്ഞം പൂര്‍ത്തിയാക്കണം. നിഷ്കാമന്‍മാര്‍ക്ക് മുക്തിയും സകാമന്മാര്‍ക്ക് അഭീഷ്ടസിദ്ധിയും ഇതിനാല്‍ ലഭ്യമാകും. വസ്ത്രാദികളും ധനവും മറ്റു സമ്മാനങ്ങളും ദക്ഷിണ നല്‍കി വക്താവിനെയും ബ്രാഹ്മണരെയും സന്തോഷിപ്പിക്കണം. കുമാരിമാരെയും സുമംഗലികളെയും ദേവീഭാവത്തില്‍ ഊട്ടണം. സ്വര്‍ണ്ണം, കറവപ്പശു, ആന, കുതിര, ഭൂമി എന്നിവയെല്ലാം ദാനം ചെയ്യാന്‍ ഉത്തമമാണ്. നല്ല വടിവൊത്ത അക്ഷരത്തില്‍ എഴുതി ഈ ഗ്രന്ഥം പട്ടില്‍പ്പൊതിഞ്ഞ് എട്ടാം ദിനമോ ഒന്‍പതാം ദിനമോ വക്താവിന് നല്‍കണം. ദാരിദ്രനായാലും, ബാലനായാലും, വൃദ്ധനായാലും, പുരാണപാരംഗതന്‍ എന്നും ബഹുമാന്യനാണ്. പലതരത്തിലുള്ള പുരാണമറിയുന്നയാളാണ് ഗുരുക്കന്മാരുള്ളതില്‍ ഏറ്റവും ശ്രേഷ്ഠം. കഥയുടെ ഇടയ്ക്ക് വ്യാസപീഠത്തില്‍ ഉപവിഷ്ടനായ വക്താവിനെ മാത്രമേ സാധകര്‍ നമിക്കാവൂ.

ഭക്തിയില്ലാതെ ഇക്കഥ കേള്‍ക്കുന്നതുകൊണ്ട്‌ പുണ്യം ലഭിക്കുന്നില്ല. പൂവ്, താംബൂലം എന്നിവയാല്‍ അര്‍ച്ചന ചെയ്തുവേണം ഇക്കഥ കേള്‍ക്കാന്‍. അല്ലെങ്കില്‍ ദാരിദ്ര്യമാകും ഫലം. കഥാശ്രവണത്തിനിടയ്ക്ക് മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ധനസമ്പത്തും കളത്രവുമെല്ലാം നഷ്ടമാവും. ദംഭോടെയാണിക്കഥ കേള്‍ക്കുന്നതെങ്കില്‍ നരകവാസം കഴിഞ്ഞ് അടുത്ത ജന്മം കാക്കയായി ജനിക്കും. സിംഹാസനത്തിലും വീരാസനത്തിലും ഇരുന്ന് കഥ കേള്‍ക്കുന്നവര്‍ അടുത്ത ജന്മത്തില്‍ നീര്‍മരുതുകളായിപ്പിറക്കും. കഥയ്ക്കിടയ്ക്ക് വേണ്ടാത്ത വര്‍ത്തമാനം പറയുന്നവര്‍ ആദ്യം കഴുതകളായും പിന്നീട് ഓന്തുകളായും പിറക്കും. പുരാണം പറയുന്നവരെയും കേള്‍ക്കുന്നവരെയും നിന്ദിക്കുന്നവര്‍ നൂറു ജന്മം പട്ടിയായി ജീവിക്കും. വക്താവിനൊപ്പം ഉയര്‍ന്ന പീഠത്തില്‍ ഇരുന്നു കഥ കേള്‍ക്കുന്നവര്‍ക്ക് ഗുരുപത്നിയെ പ്രാപിച്ചാലുള്ള പാപം ലഭിക്കും. തലകുമ്പിട്ടു കഥ കേള്‍ക്കുന്നവര്‍ വിഷവൃക്ഷങ്ങളും, കിടന്നുകൊണ്ട് കേള്‍ക്കുന്നവര്‍ പെരുമ്പാമ്പുകളുമാവും. ഒരു ദിവസം പോലും ഇപ്പുരാണം കേള്‍ക്കാത്തവര്‍ അടുത്ത ജന്മം കാട്ടുപന്നികളായി ജനിക്കും. ഇക്കഥ കേട്ട് രസിക്കാത്തവരും ഇതിനു വിഘ്നം ഉണ്ടാക്കുന്നവരും നരകയാതനകള്‍ അനുഭവിച്ച ശേഷം നാട്ടുപന്നികളായി ജനിക്കും.

പുരാണപാരായണം ചെയ്യുന്നയാള്‍ക്ക് ഉചിത സമ്മാനങ്ങള്‍ - വസ്ത്രം, ആസനം, പാത്രം, കമ്പിളി മുതലായവ നല്‍കുന്നവര്‍ക്ക് വിഷ്ണുപദം ലഭ്യം. പുരാണഗ്രന്ഥം പൊതിഞ്ഞു വയ്ക്കാന്‍ പട്ടും ചരടും നല്‍കുന്നവര്‍ സുഖികളാവും. ദേവീഭാഗവതം കേട്ടാല്‍ അത് നൂറു പുരാണങ്ങള്‍ കേട്ടതിന്റെ ഫലം ചെയ്യും. നദികളില്‍ ഗംഗ, ദൈവതങ്ങളില്‍ ശങ്കരന്‍, കാവ്യങ്ങളില്‍ രാമായണം, ഗ്രഹങ്ങളില്‍ സൂര്യന്‍, ധനങ്ങളില്‍ യശസ്സ്, ആഹ്ലാദകാരികളില്‍ ചന്ദ്രന്‍, ക്ഷമയില്‍ ഭൂമി, ഗാംഭീര്യത്തില്‍ സമുദ്രം, മന്ത്രങ്ങളില്‍ ഗായത്രി, പുണ്യങ്ങളില്‍ ഹരിസ്മരണ, എന്നതുപോലെ പുരാണങ്ങളില്‍ അത്യുത്തമമത്രേ ദേവീഭാഗവതം.

നവാഹമായി ഇപ്പുരാണം മുഴുവന്‍ കേള്‍ക്കുന്നവന്‍ ജീവന്മുക്തനാവും. രാജാവില്‍ നിന്നും, ശത്രുക്കളില്‍ നിന്നും, ഭൂകമ്പം മുതലായ പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും രാഷ്ട്രനാശത്തില്‍നിന്നും രക്ഷ നേടാനും, ഭൂതപ്രേതനാശത്തിനും ശത്രു കീഴടക്കിയ രാജ്യം തിരിച്ചു പിടിക്കാനും, പുത്രലാഭത്തിനും ദേവീ ഭാഗവതം കേള്‍ക്കുക. ഇത് കേള്‍ക്കുകയോ പഠിക്കുകയോ ഒരു ശ്ലോകമോ അതിന്റെ ഭാഗമോ എങ്കിലും ഹൃദിസ്ഥമാക്കുകയോ ചെയ്യുന്നവന്‍ പരമഗതിയടയും. ഭഗവതീദേവി ഇപ്പുരാണം ആദ്യമായി ചൊല്ലിയത് ഒരു ശ്ലോകാര്‍ത്ഥത്തിലാണ്. അത് പിന്നീട് ശിഷ്യപ്രശിഷ്യ വിപുലമായി വലിയൊരു പുരാണമായതാണ്.

ഗായത്രിക്ക് മുകളിലായി ധര്‍മ്മമോ, തപസ്സോ, മന്ത്രമോ, അതിനു സമനായ ദൈവതമോ ഇല്ല. ഗായത്രി എന്ന പേരുണ്ടായത് അത് ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നു എന്നതിനാലാണ്. ആ ഗായത്രീദേവി ഭാഗവതത്തില്‍ പ്രതിഷ്ഠിതയത്രേ. മഹാപുരാണങ്ങള്‍ മറ്റൊന്നും ഇതിന്റെ പതിനാറിലൊന്നു പ്രാഭവം പോലുമില്ലാത്തവയാണ്.

നാരായണസ്വരൂപിയായ ധര്‍മ്മനന്ദനന്‍ ഇതിലൂടെ ധര്‍മ്മമുപദേശിക്കുന്നു. ഗായത്രീ മന്ത്ര രഹസ്യം, മണിദ്വീപവര്‍ണ്ണനം, ഹിമാദ്രിഗീത എന്നിവയും ദേവീഭാഗവതത്തിലുണ്ട്. ഇതിനു സമാനമായി മറ്റൊന്നില്ലാത്തതിനാല്‍, മഹാന്മാരേ, ഈ പുരാണത്തെ സദാ ഉപാസിക്കൂ. ആരുടെ പ്രഭാവമാണോ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കോ അനന്തനോ പോലും അറിയാനോ അളക്കാനോ കഴിയാത്തത്, ആ പരാശക്തിയെ ഞാന്‍ നമസ്കരിക്കുന്നു.  ആരുടെ കാല്‍പ്പാദധൂളീകണങ്ങളാണോ വിശ്വനിര്‍മ്മിതിക്കായി ബ്രഹ്മാവ്‌ ഉപയോഗിച്ചത്, ആ ജഗദംബികയെ ഞാന്‍ സദാ നമസ്കരിക്കുന്നു. സുധാസമുദ്രത്തില്‍ ദേവവാടികയില്‍ പ്രശോഭിക്കുന്ന മണിദ്വീപത്തില്‍ ചിന്താമണിമയമായ ഗേഹത്തില്‍ വിരാജിക്കുന്നവളും  ശിവന്റെ ഹൃദയത്തില്‍ മൃദുമന്ദഹാസത്തോടെ ഇരുന്നരുളുന്നവളുമായ ജഗദംബികയെ ധ്യാനിച്ചാല്‍ സര്‍വവിധ ഐശ്വര്യങ്ങളും ലഭിക്കും. ത്രിമൂര്‍ത്തികളും ദേവ-ഋഷി വൃന്ദങ്ങളും ഉപാസിക്കുന്ന മണിദ്വീപാധിപയായ ദേവി, ജഗത്തിന് ശുഭമണയ്ക്കട്ടെ.

ദേവീഭാഗവതമാഹാത്മ്യം അവസാനിച്ചു.   

Sunday, October 25, 2015

ദിവസം 4 ഋതാവാങ്മുനി ചെയ്ത ഇതിഹാസ വര്‍ണ്ണനം

ദിവസം 4 ഋതാവാങ്മുനി ചെയ്ത ഇതിഹാസ വര്‍ണ്ണനം  

ഇതി ശ്രുദ്ധ്വാ കഥാം ദിവ്യാം വിചിത്രാം കുംഭസംഭവ:
ശുശ്രൂഷ്യ പുനരാഹേദം വിശാഖം വിനയാന്വിത:
ദേവസേനാപതേ ദേവ വിചിത്രേയം ശ്രുതാ കഥാ
പുനരന്യച്ച മാഹാത്മ്യം വദ ഭാഗവതസ്യ മേ

വിചിത്രമായ ഈ കഥകള്‍ കേട്ട് ആകാംക്ഷാഭരിതനായി അഗസ്ത്യമുനി വീണ്ടും ദേവീ ഭാഗവതമാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഗുഹനോടഭ്യര്‍ത്ഥിച്ചു

ഗുഹന്‍ പറഞ്ഞു: ഭാഗവതത്തിന്റെ മാഹാത്മ്യം കുറച്ചൊക്കെ മനസ്സിലാക്കാന്‍ പോന്ന ഗായത്രീ വൃത്താന്തം ഇനി ഞാന്‍ പറയാം. ഭഗവതിയെ സംബന്ധിക്കുന്നത് ഭാഗവതം. പണ്ട് ഋതവാക്ക് എന്നപേരില്‍ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു പുത്രനുണ്ടായി. അദ്ദേഹം അവനുവേണ്ട ജാതകര്‍മ്മങ്ങളെല്ലാം യഥാവിധി നടത്തി. എന്നാല്‍ ആ പുത്രന്റെ ജനനം മുതല്‍ മുനിയ്ക്ക് ആകുലതകള്‍ ഒഴിഞ്ഞ നേരമില്ല എന്നതായി അവസ്ഥ. കുട്ടിയുടെ മാതാവിനെ രോഗവും മുനിയെ ക്രോധലോഭാദികളും പിടികൂടി. ഏതോ മുനിപുത്രന്റെ ഭാര്യയെ ഈ മകന്‍ കട്ടു കൊണ്ടുപോവുകയും ചെയ്തു. ‘എന്റെ മകനിങ്ങിനെ ദുര്‍ബ്ബുദ്ധിയാകാന്‍ കാരണമെന്ത്’ എന്നദ്ദേഹം ചിന്തിച്ചു വിഷമിച്ചു. കുപുത്രനായി ഒരാള്‍ ഉള്ളതിനേക്കാള്‍ നല്ലത് അനപത്യതയാണെന്ന് മുനി വിഷണ്ണനായി ആത്മഗതം പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ എത്തിയ പിതാമഹാന്മാരെ നരകത്തിലേയ്ക്ക് നയിക്കാന്‍ ഇങ്ങിനെ ഒരൊറ്റ പുത്രന്‍ മതി. ഇഹലോകത്തിലും അവന്‍ മാതാപിതാക്കളെ ദുഖിപ്പിക്കും. അവനെക്കൊണ്ട്‌ യാതൊരുപകാരവുമില്ല. എന്നാല്‍ മാതാപിതാക്കന്മാര്‍ക്ക് സുഖവും അന്യന്മാര്‍ക്ക് ഉപകാരവും ചെയ്യുന്ന സദ്‌സന്താനങ്ങളുള്ളവര്‍ തികഞ്ഞ ഭാഗ്യവാന്മാര്‍ തന്നെയാണ്. കുപുത്രന്‍ കുലം മുടിക്കും. കീര്‍ത്തിയ്ക്ക് കളങ്കം വരുത്തും. ഇഹലോകത്തും പരലോകത്തും ദുഖമാണ് അവന്‍ നല്‍കുക. കുപുത്രന്‍ കുലവും, കുഭാര്യ ജന്മവും കുമിത്രം സുഖവും നശിപ്പിക്കും. കുഭുക്തിയാല്‍ അന്നത്തെ ദിവസം തന്നെ പോക്കാവും.

ദുഖിതനായ മുനി, ഗര്‍ഗ്ഗമുനിയോട് ഉപദേശമാരാഞ്ഞു. 'അങ്ങ് ജ്യോതിശാസ്ത്രം അറിഞ്ഞവനാണല്ലോ. എന്താണെന്റെ പുത്രന്റെ ദുര്‍ന്നടത്തയ്ക്ക് കാരണം? ഞാന്‍ ബ്രഹ്മചര്യം വിധിയാംവണ്ണം ചെയ്ത് വിധിപോലെ വിവാഹിതനായതാണ്. ഗൃഹസ്ഥന്‍ ചെയ്യേണ്ട അനുഷ്ഠാനങ്ങള്‍ ഉചിതമായി ചെയ്യുന്നുമുണ്ട്. ഞാന്‍ പുത്രോല്‍പ്പാദനം ചെയ്തത് കാമം തീര്‍ക്കാനല്ല, മറിച്ച് നരകഭയം ഉള്ളതുകൊണ്ടാണ്. എന്നാല്‍ ഇങ്ങിനെയൊരു പുത്രന്‍ എനിക്കുണ്ടായത് എന്റെ കുറ്റമോ അതോ മാതൃദോഷമോ?'

ഗര്‍ഗ്ഗമുനി പറഞ്ഞു: ഇതില്‍ അങ്ങേയ്ക്കോ പത്നിക്കോ കുറ്റമില്ല. അവന്റെ ജനനം രേവതിയുടെ അന്ത്യത്തിലുള്ള ഗണ്ഡാന്തത്തിലായതാണ് ഈ ദുസ്വഭാവത്തിന്റെ കാരണം. ഈ ദുഃഖം നിവര്‍ത്തിക്കാന്‍ ഭഗവതിയെ ആരാധിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു.'

ഇതുകേട്ട ഋതവാക്ക് ക്രോധത്തോടെ രേവതിയെ ശപിച്ചു: 'നീ ആകാശത്തുനിന്നും ഭൂമിയില്‍പ്പതിക്കട്ടെ! എല്ലാവരും കാണ്‍കെ രേവതി കുമുദാദ്രിയില്‍ പതിച്ചു. അന്നുമുതല്‍ ആ പര്‍വ്വതം കൂടുതല്‍ രമണീയമായിത്തീരുകയും രൈവതകം എന്നറിയപ്പെടുകയും ചെയ്തു. ഋതവാക്ക് ജഗദംബികയെ ഭജിച്ച് ദുഖനിവൃത്തി നേടി.

രേവതി നക്ഷത്രത്തിന്റെ തേജസ്സില്‍ നിന്നും അതിസുന്ദരിയായ ഒരു കന്യക സംജാതയായി. ലക്ഷ്മീദേവിക്കൊത്ത അവളെ കണ്ടെടുത്ത പ്രമുചമുനി രേവതിയെന്ന പേരിട്ടു സ്വന്തം മകളെപ്പോലെ അവളെ വളര്‍ത്തി. കാലക്രമത്തില്‍ അവള്‍ക്ക് യോജിച്ചൊരു വരന്‍ ആരാകും എന്ന് മുനി ആലോചിച്ചു. യജ്ഞശാലയിലെ അഗ്നി, മുനിയോടു പറഞ്ഞത് അവള്‍ക്ക് അനുയോജ്യനായ വരന്‍ ധര്‍മ്മിഷ്ഠനും ബലവാനും വീരനും പ്രിയംവദനുമായ ദുര്‍ദ്ദമന്‍ എന്ന രാജാവായിരിക്കും എന്നാണ്.

ആ സമയം  നായാട്ടിനായി ദുര്‍ദ്ദമന്‍ കാട്ടില്‍ എത്തിച്ചേര്‍ന്നു. വിക്രമശീലന്റെയും കാളിന്ദിയുടെയും പുത്രനായ അദ്ദേഹം ആശ്രമത്തില്‍ കടന്നു ചെന്ന്. മുനിയെ കാണാഞ്ഞ്, രേവതിയോട് ‘പ്രിയേ’ എന്നു സംബോധന്‍ ചെയ്ത് വിളിച്ച് മുനിയെവിടെ എന്നന്വേഷിച്ചു. 'മഹര്‍ഷി അഗ്നിശാലയില്‍പ്പോയിരിക്കുന്നു' എന്ന് കന്യക മറുപടിയും പറഞ്ഞു. മുനി അഗ്നിശാലയ്ക്കരുകില്‍ തേജസ്വിയായ രാജാവിനെ കണ്ടു. തന്റെ മകള്‍ക്ക് യോജിച്ചവന്‍ തന്നെയിദ്ദേഹം എന്ന് മുനി നിശയിച്ചു. ‘രാജ്യത്തിനും അങ്ങേയ്ക്കും മാതാപിതാക്കന്മാര്‍ക്കും സൌഖ്യമാണല്ലോ, അല്ലെ? അങ്ങയുടെ പ്രിയപത്നി ഇവിടെയുണ്ടല്ലോ അതുകൊണ്ട് അങ്ങ് മറ്റുള്ളവരുടെ വിശേഷങ്ങള്‍ എന്തൊക്കെയെന്നു പറയൂ.’ രാജാവ് ചിന്താക്കുഴപ്പത്തിലായി. 'ആരാണ് എന്റെ പത്നിയായി ഒരുവള്‍ ഇവിടെക്കഴിയുന്നത്?' ‘നിന്റെ പത്നി, അതിസുന്ദരിയായ രേവതിയെ നീയറിയില്ലെന്നോ?’ ‘എനിക്ക് കൊട്ടാരത്തില്‍ ഭാര്യമാരുണ്ട്. എന്നാല്‍ അങ്ങ് പറഞ്ഞയാളെ ഞാനറിയില്ല.’

‘നീയിപ്പോള്‍ പ്രിയേ എന്ന് വിളിച്ചില്ലേ? അവളാണ് നിന്റെ ഭാര്യ. അഗ്നിയുടെ അനുഗ്രഹ പ്രഭാവത്താലാണ് നീയവളെ പ്രിയേ എന്ന് അഭിസംബോധന ചെയ്തത്’. 

തന്റെ വേളിക്കായി ഒരുക്കം നടത്തുന്നതുകണ്ട് രേവതി പറഞ്ഞു: അച്ഛാ, എന്റെ വിവാഹം രേവതി നാളില്‍ത്തന്നെ നടത്തണം.’. ‘പണ്ട് രേവതിയെ ഭൂമിയിലേയ്ക്ക് ഇറക്കി കൊണ്ടുവന്ന ഋതവാക്ക്മുനി തടുത്താല്‍ രേവതി ദിനത്തില്‍ മംഗലം നടക്കാതെ പോവുമല്ലോ?’ എന്ന് പിതാവ് ശങ്ക പൂണ്ടു. ‘തപസ്സുചെയ്ത് പ്രബലരായിത്തീര്‍ന്നവരില്‍  ഋതവാക്ക് മാത്രമല്ലല്ലോ ഈ ഭൂമിയില്‍ ഉള്ളത്? അച്ഛന്റെ തപ:ശക്തി എനിക്കറിയാം. രേവതീ നക്ഷത്രത്തെ യഥാ സ്ഥാനത്ത് വച്ചിട്ട് എന്റെ വിവാഹം നടത്തിത്തന്നാലും.’

അങ്ങിനെയാകട്ടെ എന്ന് പറഞ്ഞു മുനി നക്ഷത്രത്തെ ചന്ദ്രവീഥിയില്‍ പുന:സ്ഥാപിച്ചു. എന്നിട്ട് രേവതി നാളില്‍ കന്യാദാനവും നടത്തി. വിവാഹാനന്തരം എന്താണ് വരന്റെ ആഗ്രഹം എന്ന് ദുര്‍ദ്ദമനോട് ചോദിച്ചപ്പോള്‍ ‘ഞാന്‍ സ്വയംഭുവമനുവിന്റെ കുലത്തില്‍ ജനിച്ചവനാണെന്നും അതിനാല്‍ മന്വന്തരാധിപനായ ഒരു പുത്രനുണ്ടാവാന്‍ ഞങ്ങളെ അനുഗ്രഹിക്കണം’ എന്നുമദ്ദേഹം പറഞ്ഞു. ‘അതാണ്‌ നിന്റെ അഭീഷ്ടമെങ്കില്‍ നീ ദേവിയെ ആരാധിക്കുക. മന്വന്തരാധിപനായ പുത്രന്‍ നിനക്കുണ്ടാവും. അഞ്ചാംവേദമെന്ന് പുകള്‍പെറ്റ ദേവീഭാഗവതം അഞ്ചു നാള്‍ കേട്ടാല്‍ത്തന്നെ നിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. രേവതിയില്‍ നിനക്കുണ്ടാവുന്ന അഞ്ചാമത്തെ പുത്രനാണ് മനുവാകുക.’ വേദജ്ഞനും ധര്‍മ്മിഷ്ഠനുമായിരിക്കും ആ മനുവെന്നു മുനി അവരെ അനുഗ്രഹിച്ചയച്ചു.

സ്വന്തം മക്കളെപ്പോലെയാണ് ദുര്‍ദ്ദമന്‍ തന്റെ പ്രജകളെ പരിപാലിച്ചിരുന്നത്. അക്കാലം ഒരു ദിനം ലോമേശന്‍ എന്ന് പേരായ മുനി കൊട്ടാരത്തിലെത്തി. അര്‍ഘ്യങ്ങള്‍ അര്‍പ്പിച്ചശേഷം രാജാവ് മുനിയോട് പുത്രലാഭത്തിനായി തനിക്ക് ദേവീഭാഗവതം കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു. ‘എല്ലാവര്‍ക്കും സമാരാദ്ധ്യയായ ജഗജ്ജനനിയെപ്പറ്റി കേള്‍ക്കാനായാണല്ലോ നീയാഗ്രഹിച്ചത്. ഇത് കേട്ടാല്‍പ്പിന്നെ നിന്നില്‍ ആഗ്രഹങ്ങളൊന്നും ബാക്കിയാവില്ല.’ നല്ലൊരു നാളില്‍ സമാരംഭിച്ച് അഞ്ചുദിവസം കൊണ്ട് രാജാവും രാജ്ഞിയും ദേവിയുടെ കഥകേട്ടു. ഏഴാം നാളില്‍ രാജാവും മുനിയും പുരാണത്തെ പൂജിച്ചു. എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി. കാലക്രമത്തില്‍ രാജ്ഞി ഗര്‍ഭിണിയായി. ഉചിതമായ ഒരു ശുഭമുഹൂര്‍ത്തത്തില്‍ രാജ്ഞിക്ക് ഒരു പുത്രനെ പ്രസവിച്ചു. രാജാവ് അതീവ സന്തുഷ്ടനായി. രൈവതന്‍ എന്ന് പേരിട്ട്, അവനെ എല്ലാ വിദ്യകളും പഠിപ്പിച്ചു. ഉപനയനാദി കര്‍മ്മങ്ങള്‍ കഴിപ്പിച്ച് ഉത്തമനായി അവനെ വളര്‍ത്തി. സര്‍വ്വവിദ്യാവിചക്ഷണനും പണ്ഡിതനുമായ രൈവതനെ ബ്രഹ്മാവ്‌ മനുവായി വാഴിച്ചു.

സൂതന്‍ പറഞ്ഞു: ഇങ്ങിനെ ദേവീഭാഗവത മാഹാത്മ്യം പറഞ്ഞതിന് ശേഷം അഗസ്ത്യമുനി സ്കന്ദനെ വണങ്ങി സ്വന്തം ആശ്രമത്തിലേയ്ക്ക് മടങ്ങി.

ഇതൊക്കെയാണ് ദേവീ ഭാഗവതത്തിന്റെ മാഹാത്മ്യം. ഇത് പൂര്‍ണ്ണമായി വര്‍ണ്ണിക്കാന്‍ ആര്‍ക്കുമാവില്ലതന്നെ. ഇത് കേള്‍ക്കുന്നവര്‍ക്ക് സകല ഐശ്വര്യങ്ങളും ഒടുവില്‍ മുക്തിയും ലഭ്യമാകും.


Saturday, October 24, 2015

ദിവസം 3 സ്കന്ദാഗസ്ത്യ സംവാദം

ദിവസം 3 സ്കന്ദാഗസ്ത്യ സംവാദം  

ഭഗവാന്‍ താരകാരാതേ ദേവീ ഭാഗവതസ്യ തു
മാഹാത്മ്യ ശ്രവണേന തസ്യ വിധിം ചാപി വദ പ്രഭോ
ദേവീ ഭാഗവതം നാമ പുരാണം പരമോത്തമം
ത്രൈലോക്യ ജനനീ സാക്ഷാദ്ഗീയതേ യാത്ര ശാശ്വതീ        

അഗസ്ത്യന്‍ സ്കന്ദനോട് പറഞ്ഞു: "ദേവീഭാഗവതത്തിന്റെ മാഹാത്മ്യവും അത് ശ്രവിക്കേണ്ട ക്രമവിധാനവും പറഞ്ഞു തന്നാലും പ്രഭോ. പരമോത്തമമായ ദേവീഭാഗവതപുരാണം സാക്ഷാല്‍ ശ്രീദേവിയായ ത്രൈലോക്യജനനിയെ പ്രകീര്‍ത്തിക്കുന്നതാണല്ലോ."

സ്കന്ദന്‍ പറഞ്ഞു: മുനേ, ദേവിയുടെ പുരാണങ്ങള്‍ എനിക്ക് വിവരിക്കാനാവുന്നതില്‍ കൂടുതല്‍ വിപുലമായതിനാല്‍ എനിക്കത്  ചുരുക്കിപ്പറയാനേ കഴിയൂ. നിത്യജഗദംബികയായി സാധകന് അഭീഷ്ടങ്ങളെ കനിഞ്ഞു നല്‍കുന്ന ദേവിയെയാണ് ഇപ്പുരാണത്തില്‍ നാം കാണുന്നത്.

വസിഷ്ഠോപദേശപ്രകാരം ആദിത്യപുത്രനായ ശ്രദ്ധദേവന്‍ എന്ന രാജാവ് പുത്രകാമേഷ്ടി ചെയ്തു. എന്നാല്‍ രാജ്ഞിയായ ശ്രദ്ധ തങ്ങള്‍ക്ക് ഒരു മകളുണ്ടാവണം എന്നാണാഗ്രഹിച്ചത്. അതുകൊണ്ട് മഹര്‍ഷിമാര്‍ ഒരു മകളെ ലഭിക്കാനുള്ള യജ്ഞമാണ് ചെയ്തത്. അങ്ങിനെ ഇള എന്ന പേരില്‍ ഒരു കുമാരി ജനിച്ചു. എന്നാല്‍ രാജാവ് ദുഖിതനായിത്തീര്‍ന്നു. യജ്ഞസങ്കല്‍പ്പത്തില്‍ ഇത്തരം ഒരു തെറ്റ് വരാന്‍ കാരണമെന്തെന്നദ്ദേഹം മുനിയോടു ചോദിച്ചു. ഇളയില്‍ പൌരുഷമുണ്ടാക്കാന്‍ മുനി പരമശിവനോട് പ്രാര്‍ത്ഥിക്കയാലും തന്റെ തപസ്സിന്റെ പ്രാഭവത്താലും ഇളയില്‍ ക്രമേണ പൌരുഷം ഉണ്ടായി വന്നു. സുദ്യുമ്നന്‍ എന്നപേരില്‍ ഒരുത്തമ കുമാരനായി അവന്‍ വളര്‍ന്നു. യുവാവായപ്പോള്‍ അയാള്‍ മൃഗയാവിനോദത്തിനായി കാട്ടിലേയ്ക്ക് പുറപ്പെട്ടു. കുതിരപ്പുറമേറി കാടുകള്‍ താണ്ടി അയാള്‍ ഹിമാലയവനപ്രദേശത്ത് എത്തിച്ചേര്‍ന്നു.  

പണ്ട് പരമശിവനും പാര്‍വ്വതിയും ക്രീഡിച്ചിരുന്ന ഈ വനപ്രദേശത്തില്‍ ശിവദര്‍ശനത്തിനായി കുറെ മുനിമാര്‍ എത്തിച്ചേര്‍ന്നു. ക്രീഡയിലായിരുന്നതിനാല്‍ അവരെക്കണ്ട് പാര്‍വ്വതീദേവി വല്ലാതെ ലജ്ജിച്ചുപോയി. മുനിമാര്‍ പെട്ടെന്നുതന്നെ ശിവനെ കാണാതെ വൈകുണ്ഡത്തിലേയ്ക്ക് തിരിച്ചു പോയെങ്കിലും പാര്‍വ്വതിയുടെ അഭീഷ്ടപ്രകാരം പരമശിവന്‍ ആ വനപ്രദേശത്തെ ശപിച്ചു. ‘ഇവിടെ കയറുന്ന പുരുഷന്മാര്‍ എല്ലാം സ്ത്രീകളായിപ്പോകട്ടെ!’ അങ്ങിനെ സുദ്യുമ്നനും പരിവാരങ്ങളുമെല്ലാം നിമിഷമാത്രയില്‍ സ്ത്രീകളായിത്തീര്‍ന്നു.

അതിസുന്ദരിയായ ‘അവള്‍’ കാട്ടിലൂടെ നടന്നു ബുധാശ്രമത്തിലെത്തി. ബുധന്‍ അവളില്‍ അനുരക്തനായി. അവര്‍ അവിടെ രമിച്ചു ജീവിച്ചു കുറേക്കാലം കഴിഞ്ഞു. അവര്‍ക്ക് പുരൂരവസ്സ് എന്ന പുത്രനുണ്ടായി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പൂര്‍വ്വ വൃത്താന്തം ഓര്‍മ്മ വന്നു. അവള്‍ വസിഷ്ഠനെ ചെന്ന് കണ്ടു.

വസിഷ്ഠന്‍ പരമശിവനെ സ്തുതിച്ചു: “ശങ്കരനും, തിങ്കള്‍ക്കലാധരനുമായ പരമശിവനെ ഞാന്‍ നമിക്കുന്നു. ഭക്തര്‍ക്ക് ഭുക്തിയും മുക്തിയും നല്‍കുന്ന നീലകണ്ഠനെ ഞാന്‍ തൊഴുന്നു. ഭക്തരുടെ ആധികളെ തീര്‍ക്കുന്ന പരമാത്മസ്വരൂപനായ ഭഗവാന്‍ സൃഷ്ടിസ്ഥിതിലയ കാരണങ്ങള്‍ മൂന്നുമാകുന്നു. യജ്ഞസ്വരൂപനും ഗംഗാധരനുമായ ദേവദേവനെ ഞാന്‍ സ്തുതിക്കുന്നു." ഇങ്ങിനെ സ്തുതിക്കവേ ഭഗവാന്‍ പ്രത്യക്ഷനായി. ഇളയ്ക്ക് വീണ്ടും പൌരുഷ്യം ലഭിക്കാനായി മുനി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. മാസങ്ങള്‍ ഇടവിട്ടിടവിട്ട് ഇളയെന്ന സുദ്യുമ്നന്‍ പുരുഷനും സ്ത്രീയുമായിത്തീരാനായി ഭഗവാന്‍ അനുഗ്രഹിച്ചു.

പരമശിവനോട് ഈ വരം വാങ്ങി മടങ്ങവേ കോടിചന്ദ്രക്കലകളുടെ ഭാസുരപ്രഭയുള്ള  പാര്‍വ്വതീദേവിയെക്കണ്ട് മുനി വണങ്ങി സ്തുതിച്ചു. ഇളയ്ക്ക് പുരുഷത്വം സ്ഥിരമായി ലഭിക്കാനായുള്ള മാര്‍ഗ്ഗമാരാഞ്ഞു ദേവിയെ വാഴ്ത്തി. "ഭക്തിഗമ്യയും മഹാമായയും ബ്രഹ്മാദികള്‍ നമിക്കുന്നവളുമായ ദേവീ, അവിടുന്നാണ് സൃഷ്ടിസ്ഥിതിലയ പ്രഭാവങ്ങള്‍ നല്‍കുന്നത്. അവിടുത്തെ വണങ്ങുന്നവര്‍ക്ക് അസാദ്ധ്യമെന്താണ്?." സംപ്രീതയായ ദേവി മുനിയെ അനുഗ്രഹിച്ചു. 

സുദ്യുമനന്റെ ഗ്രഹത്തില്‍ചെന്ന് ഒരു നവാഹയജ്ഞമായി ദേവീ ഭാഗവതം കേള്‍പ്പിച്ചാല്‍ ഇളയ്ക്ക് നഷ്ടപ്പെട്ട പുംസ്ത്വം തിരികെ ലഭിക്കും. എന്നായിരുന്നു ദേവിയുടെ ഉപദേശം. ദേവിയുടെ അനുജ്ഞ സ്വീകരിച്ചു മാമുനി നവാഹം നടത്തി. ഒന്‍പതു ദിനരാത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇള വീണ്ടും സുദ്യുമ്നനായി. അദ്ദേഹത്തെ രാജാവ് കിരീടധാരിയാക്കി. രാജാവ് സത്യധര്‍മ്മനിഷ്ഠകളോടെ, യജ്ഞാദികര്‍മ്മങ്ങളോടെ ഭരണം നടത്തി ഒടുവില്‍ രാജ്യത്തെ മക്കള്‍ക്ക് നല്‍കി ദേവീസാലോക്യം പ്രാപിച്ചു.

ഇക്കഥ ഭക്തിപൂര്‍വ്വം പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഭഗവതിയുടെ അനുഗ്രഹവും അഭീഷ്ടസിദ്ധിയും ഒടുവില്‍ ദേവീസാലോക്യവും ഉണ്ടാവും    

Friday, October 23, 2015

ദിവസം 2 വസുദേവരുടെ ദേവീ ഭാഗവത മാഹാത്മ്യ ശ്രവണം

ദിവസം 2 വസുദേവരുടെ ദേവീ ഭാഗവത മാഹാത്മ്യ ശ്രവണം

വസുദേവോ മഹാഭാഗ: കഥം പുത്രമവാപ്തവാന്‍
പ്രസേന: കുത്ര കൃഷ്ണേന ഭ്രമതാ fന്വേഷിത: കഥം
വിധീനാ കേന കസ്മാച്ച ദേവീഭാഗവതം ശ്രുതം
വസുദേവേന സുമതേ വദ സൂത്ര കഥാമീമാം

ഋഷിമാര്‍ പറഞ്ഞു: കൃഷ്ണന്‍ പ്രസേനനെ തേടിനടന്നതും വസുദേവര്‍ക്ക് മകനെ തിരികെ കിട്ടിയതുമായ കഥകള്‍ പറഞ്ഞാലും. ആരാണ്, എങ്ങിനെയാണ് വസുദേവര്‍ക്ക് ഈ പുരാണം പറഞ്ഞുകൊടുത്തത്?

സൂതന്‍ പറഞ്ഞു: അക്കാലത്ത് സത്രാജിത്ത് എന്നൊരു രാജാവ് സൂര്യോപാസകനായി വാണിരുന്നു. ഭക്തനില്‍ സംപ്രീതനായി സൂര്യഭഗവാന്‍ രാജാവിന് സ്യമന്തകം എന്നുപേരായ ഒരു മണിരത്നം നല്‍കി. സത്രാജിത്ത് മണിയും കഴുത്തില്‍ കെട്ടിയാണ് നടപ്പ്. സൂര്യതേജസ്സാണ് ആ മണിക്കുള്ളത്. മാത്രമോ, സര്‍വൈശ്വര്യങ്ങളും നല്‍കുന്ന ആ മണിയിരിക്കുന്നിടത്തു ദിവസവും എട്ടുഭാരം സ്വര്‍ണ്ണം താനേ വന്നുചേരുകയും ചെയ്യും.

സത്രാജിത്തിന്റെ കഴുത്തില്‍ സ്യമന്തകം കണ്ടമ്പരന്ന ജനങ്ങള്‍ ആ ദിവ്യരത്നത്തിന്റെ കാര്യം കൃഷ്ണനോടു പറഞ്ഞു. ചര്‍ച്ചക്കായി അദ്ദേഹം സഭയില്‍ വന്നപ്പോള്‍ കൃഷ്ണന്‍ അയാളെയൊന്നു കളിയാക്കുകയും ചെയ്തു. ‘അതാ സൂര്യന്‍ വരുന്നു... അല്ലല്ല, അത് സൂര്യന്‍ നല്‍കിയ മണിരത്നം മാത്രമാണ്!’എന്നിട്ടൊരു ചിരിയും ചിരിച്ചു.   

ഒരുനാള്‍ ഈ പ്രഭാപൂരിതമായ മണിയും കഴുത്തിലിട്ട് സത്രാജിത്തിന്റെ അനുജനായ പ്രസേനന്‍ നായാട്ടിനായി കുതിരപ്പുറത്തു കാട്ടിലേയ്ക്ക് തിരിച്ചു. കാട്ടിലൊരു സിംഹം രാജാവിനെയും ആശ്വത്തെയും കൊന്ന് ആ മണിയും കടിച്ചു കൊണ്ടുപോയി. അക്കാട്ടില്‍ കഴിഞ്ഞിരുന്ന വാനരശ്രേഷ്ഠനായ ജാംബവാന്‍ സിംഹത്തെക്കൊന്നു രത്നം കൈക്കലാക്കി തന്റെ ഗുഹയില്‍ച്ചെന്ന് മകന് കളിക്കാന്‍ കൊടുത്തു.

നാട്ടില്‍ തന്റെ അനുജനെ ദിവ്യമണി കൈക്കലാക്കാനായി ആരെങ്കിലും കൊന്നുകാണും എന്ന് സത്രാജിത്ത് ഭയന്നു. കൃഷ്ണന് സ്യമന്തകത്തില്‍ പണ്ടേയൊരു നോട്ടമുണ്ടായിരുന്നുവെന്നും പ്രസേനനെ കൊന്നത് കൃഷ്ണനാണെന്നും പെട്ടെന്നൊരു കിംവദന്തി നാട്ടില്‍പ്പരന്നു. കൃഷ്ണന് നാണക്കേടായി. തന്റെ പരിവാരത്തെയും കൂട്ടി പ്രസേനനെത്തേടി അദ്ദേഹം കാട്ടിലേയ്ക്ക് കയറി. കാട്ടില്‍ സിംഹം കൊന്നിട്ട പ്രസേനന്റെ മൃതദേഹം കാണ്‍കയാല്‍ ചോരപ്പാടു കണ്ട് നടന്ന് അദ്ദേഹം ഒടുവില്‍ ജാംബവാന്റെ ഗുഹയുടെ വാതില്‍ക്കല്‍ച്ചെന്നു. കൂടെയുള്ളവരോടു കാത്തുനില്‍ക്കാന്‍ പറഞ്ഞു കൃഷ്ണന്‍ ഗുഹയ്ക്കകത്ത് കയറി. ഒരു കുട്ടിക്കുരങ്ങന്‍ രത്നം കൊണ്ട് കളിക്കുന്നു! അത് അവനില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സാക്ഷാല്‍ ജാംബവാന്‍ ഗുഹയുടെ ഉള്ളറയില്‍ നിന്നും പുറത്തുവന്നു. പിന്നെയവിടെ അവര്‍ തമ്മില്‍ ഇരുപത്തിയേഴു ദിവസം നീണ്ട മല്ലയുദ്ധമായിരുന്നു. ആരെയും പുറത്തു കാണാഞ്ഞു കൃഷ്ണന്‍ ഗുഹയ്ക്കുള്ളില്‍പ്പെട്ടു മരിച്ചു എന്ന് കരുതി പന്ത്രണ്ടുദിനം കഴിഞ്ഞപ്പോള്‍ കൃഷ്ണന്റെ പരിവാരങ്ങള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയി. കൊട്ടാരം ദുഃഖപൂരിതമായി. വസുദേവര്‍ വല്ലാതെ സങ്കടപ്പെട്ടു.

അപ്പോള്‍ നാരദന്‍ അവിടെയെത്തി രാജാവിന്റെ ദുഃഖകാരണം അന്വേഷിച്ചു. പ്രസേനന്റെ കഥയും ഗുഹയില്‍ കൃഷ്ണന്‍ കയറിയതുമെല്ലാം രാജാവ് നാരദനോട് പറഞ്ഞു. 'ഇത്രനാളായിട്ടും എന്റെമകന്‍ മടങ്ങി വന്നിട്ടില്ല. എങ്ങിനെയാണ് ഇനി ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കുക?'

അപ്പോള്‍ നാരദന്‍ പറഞ്ഞു, പുത്രനെ കണ്ടുകിട്ടാന്‍ ദേവീ ഉപാസന ചെയ്യണം. അതു നന്മയിലേയ്ക്ക് നയിക്കും എന്നത് നിശ്ചയം. സച്ചിദാനന്ദസ്വരൂപിണിയും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് പ്രാഭവം നല്കുന്നവളുമായ ദേവി സംസാരബന്ധത്തെ തീര്‍ക്കാന്‍ സാധകനെ സഹായിക്കുന്നു. ഒന്‍പതു ദിവസംകൊണ്ട് നവാഹമായി ദേവീഭാഗവതം പഠിക്കുക. അതുകഴിയുമ്പോഴെയ്ക്കും അങ്ങയുടെ പുത്രന്‍ വന്നു ചേരും.

വസുദേവര്‍‌ പറഞ്ഞു: അങ്ങിപ്പോള്‍ ഓര്‍മ്മിപ്പിച്ചതുകൊണ്ട് പറയാം, എനിയ്ക്കും ദേവിയുടെ അനുഗ്രഹം നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. എട്ടാമനായ ദേവകീപുത്രന്‍ തന്നെ വധിക്കും എന്ന ഭീതിയായിരുന്നുവല്ലോ കംസനുണ്ടായിരുന്നത്. അക്കാരണം കൊണ്ട് കംസന്‍ ഞങ്ങളെ കാരാഗ്രഹത്തിലാക്കി. ഞങ്ങള്‍ക്കുണ്ടായ കുട്ടികളെയെല്ലാം അയാള്‍ വകവരുത്തി. ആറുകുട്ടികളും ഇങ്ങിനെ കൊല്ലപ്പെട്ടപ്പോള്‍ ദേവകിക്ക് വ്യസനം സഹിച്ചില്ല. ഞാനുടനെ ഗര്‍ഗമുനിയെ കാരാഗ്രഹത്തില്‍ വരുത്തി ദേവകിയുടെ ദു:ഖം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ദുര്‍ഗ്ഗയെ പൂജിക്കുകയാണെങ്കില്‍ നമ്മുടെ അഭീഷ്ടങ്ങള്‍ എല്ലാം സാധിക്കും എന്നാണ്. എനിക്ക് ആ കാരാഗ്രഹത്തില്‍ വെച്ച് പൂജിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഗര്‍ഗ്ഗമുനിയോടു തന്നെ എനിക്കുവേണ്ടി പൂജകള്‍ ചെയ്യാന്‍ ഞാനപേക്ഷിച്ചു. ഞാന്‍ അവിടെയിരുന്നു  മനസാ പൂജകള്‍ ചെയ്തു. വിന്ധ്യാപര്‍വ്വതത്തില്‍ മറ്റുമുനിമാരോടുകൂടി ഗര്‍ഗ്ഗമുനി വിപുലമായ ചണ്ഡീപൂജ നടത്തി. 

'പൂജയുടെ ഒടുവില്‍ ആകാശത്തുനിന്നും ഒരശരീരി കേട്ടു. ഗര്‍ഗ്ഗമുനി അശരീരി വൃത്താന്തം എന്നെ കേള്‍പ്പിച്ചു. വസുദേവര്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാവുമെന്നും  ദേവകിയില്‍ സാക്ഷാല്‍ ഹരിയുടെ അവതാരം ഉണ്ടാവുമെന്നുമായിരുന്നു ആ ശബ്ദം. കാരാഗ്രഹത്തില്‍ ജനിക്കുന്ന കുട്ടിയെ ഗോകുലത്തില്‍ കൊണ്ട് പോയാക്കി അവിടെ യശോദ പ്രസവിച്ച കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരാന്‍ വസുദേവര്‍ക്ക് നിയോഗമുണ്ടെന്നും കേട്ടു. കാരാഗ്രഹത്തില്‍ ജനിച്ച കുഞ്ഞിനെ കംസന്‍ നിലത്തടിച്ചു കൊല്ലും മുന്പ് അത് ആകാശത്തേയ്ക്കുയര്‍ന്നുപോയി, ഭൂമിയ്ക്ക് ഹിതം ചെയ്യാന്‍ ആ കുട്ടി ദുര്‍ഗ്ഗയായി നിലകൊള്ളുമെന്നായിരുന്നു മുനിപ്രവചനം.  ഞങ്ങള്‍ അതീവ സന്തുഷ്ടരായി. അന്നുമുതല്‍ ദേവീഭാഗവതം കേള്‍ക്കാന്‍ എന്നില്‍ ആശയുണ്ടായിരുന്നു. ഇപ്പോഴാണതിനു സമയമായത്. അങ്ങുതന്നെ എന്നെയത് ചോല്ലിക്കേള്‍പ്പിക്കണം.'

നാരദന്‍ നല്ലൊരു ദിവസത്തില്‍ കഥ പറയാന്‍ ആരംഭിച്ചു. ഗണപതി സ്തുതിയും ദുര്‍ഗ്ഗാസപ്തശതീസ്തോത്രവും ചൊല്ലിയാണ് പുരാണം തുടങ്ങിയത്. ഒന്‍പതു ദിവസം മഹാമുനി നാരദനില്‍ നിന്നും വസുദേവര്‍ ദേവീഭാഗവതം ശ്രവിച്ചു. മുനിയെ രാജാവ് പൂജിച്ച് ആദരിച്ചു.

ആ സമയം ഗുഹയില്‍ ജാംബവാന്‍ കൃഷ്ണന്‍റെ താഡനമേറ്റ് കുഴഞ്ഞുവീണിരുന്നു. പിന്നെയെഴുന്നേറ്റു ബോധം വന്നപ്പോള്‍ ഭക്തിയോടെ കൃഷ്ണനെ തൊഴുത്. ‘അങ്ങ് രാഘവന്‍ തന്നെയാണ്. അങ്ങയുടെ കോപത്തില്‍ ലങ്കയും രാവണനും എല്ലാം തകര്‍ന്നതല്ലേ?. രാമനും കൃഷ്ണനുമായ അങ്ങ് ആജ്ഞാപിക്കൂ. ഞാനത് ശിരസാവഹിക്കാം.' എന്ന് പറഞ്ഞു ജാംബവാന്‍ തൊഴുതു നിന്നു. താന്‍ സ്യമന്തകം കണ്ടുപിടിക്കാന്‍ വന്നതാണെന്നുള്ള കാര്യം അറിഞ്ഞപ്പോള്‍ ജാംബവാന്‍ മണിരത്നത്തോടോപ്പം തന്റെ പുത്രി ജാംബവതിയെയും കൃഷ്ണന് നല്‍കി. കഴുത്തില്‍ സ്യമന്തക മണിയുമണിഞ്ഞു ജാംബവതിയുടെ കയ്യും പിടിച്ചു കൃഷ്ണന്‍ കൊട്ടാരത്തിലെത്തി. ഭഗവതീനവാഹം കഴിഞ്ഞു ദക്ഷിണ നടക്കുന്ന സമയത്തായിരുന്നു അവരുടെ ആഗമനം. എല്ലാവരെയും അനുഗ്രഹിച്ച് നാരദന്‍ വിടകൊണ്ടു.

ഇക്കഥ ആര്‍ ഭക്തിയോടെ ചൊല്ലുന്നുവോ അവര്‍ക്ക് ലൌകീക സുഖവും അവസാനം മുക്തിയും ലഭിക്കും. 

ശ്രീ സ്കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം രണ്ടാമദ്ധ്യായം