Devi

Devi

Thursday, December 31, 2015

ദിവസം 71. ശ്രീമദ്‌ ദേവീഭാഗവതം. 4. 4. അധര്‍മ്മ സ്ഥിതി

ദിവസം 71. ശ്രീമദ്‌ ദേവീഭാഗവതം. 4. 4. അധര്‍മ്മ സ്ഥിതി

വിസ്മിതോ fസ്മി മഹാഭാഗ ശ്രുത്വാ f fഖ്യാനം മഹാമതേ
സംസാരോ fയം പാപരൂപ: കഥം മുച്യേത ബന്ധനാത്
കശ്യപസ്യാപി ദായാദസ്ത്രിലോകീവിഭവേ സതി
ക്രതവാനീ ദൃശം കര്‍മ്മ കോ ന കുര്യാജ്ജുഗുപ്സിതം  

ജനമേജയന്‍ പറഞ്ഞു: 'അങ്ങില്‍ നിന്നും ഈ ആഖ്യാനം കേട്ടിട്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. പാപമയമായ ഈ സംസാരബന്ധനത്തില്‍ നിന്നും എങ്ങിനെയാണ് മോചനം സാദ്ധ്യമാവുക? മൂന്നുലോകത്തിലെയും സകല സൌഭാഗ്യങ്ങളും സ്വായത്തമായിരുന്നിട്ടുകൂടി കശ്യപപുത്രന്‍ നിന്ദ്യമായ ആ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടുവല്ലോ? അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? സഹായിക്കാനാണെന്ന വ്യാജേന മാതൃഗര്‍ഭത്തിലെ ഭ്രൂണത്തെ കൊല്ലുക! ധര്‍മ്മം രക്ഷിക്കാന്‍ നിയുക്തനായ ഇന്ദ്രന്‍ ഇതുപോലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്നാവുമല്ലോ! കുരുക്ഷേത്രത്തില്‍ വച്ച് എന്റെ പ്രപിതാമഹന്മാരും ക്രൂരകര്‍മ്മങ്ങള്‍ അനേകം ചെയ്തു കൂട്ടിയിട്ടുണ്ട്. ബന്ധുക്കളെയും സ്വന്തം സഹോദരന്മാരെയും കൊന്ന ചരിത്രം കേട്ടിട്ടുണ്ട്. കൃഷ്ണന്‍റെ പ്രേരണയും അതിനുണ്ടായിട്ടുണ്ട്. ദ്രോണര്‍, ഭീഷ്മര്‍, കര്‍ണ്ണന്‍, യുധിഷ്ഠിരന്‍ തുടങ്ങിയവരെല്ലാം ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിച്ചു. സംസാരത്തിന്‍റെ നിസ്സാരതയെ മനസ്സിലാക്കാനുള്ള ധിഷണ അവര്‍ക്കുണ്ടായിരുന്നില്ലേ? എന്നിട്ടും ഇങ്ങിനെ അധര്‍മ്മം വര്‍ത്തിക്കാന്‍ അവര്‍ക്കെങ്ങിനെ മനസ്സ് വന്നു? ധര്‍മ്മത്തിനെക്കുറിച്ചുള്ള പ്രമാണങ്ങള്‍ എന്തൊക്കെയാണ്? ഈ അധര്‍മ്മികളെ പ്രമാണമാക്കി ജീവിക്കുന്നത് ധാര്‍മ്മികമാവുമോ? എന്‍റെ മനസ്സ് ആകെ ചഞ്ചലമായിരിക്കുന്നു.

ആപ്തവാക്യം പ്രമാണമാണെങ്കില്‍ അതനുസരിച്ച് ആരാണ് യോഗ്യന്‍? രാഗിയും വിഷയലോലുപനും എല്ലാം ആപ്തന്മാരാണോ? ആരായാലും സമ്പത്തില്ലാതാവുമ്പോള്‍ അവനിലെ രാഗം ദ്വേഷമായിത്തീരുന്നു. പിന്നെ സ്വന്തം കാര്യം നേടാന്‍ അവന്‍ കളവു പറയാനും തുടങ്ങും. ജരസന്ധനെ വധിക്കാനായി സത്യവാനായ സാക്ഷാല്‍ ശ്രീഹരിപോലും കപടബ്രാഹ്മണവേഷം കെട്ടിയില്ലേ? ഭഗവാന്‍ പോലും ഇങ്ങിനെ ചെയ്തുവെങ്കില്‍ ആരെയാണ് നാം ആപ്തനായി കണക്കാക്കേണ്ടത്? അര്‍ജുനനനും യജ്ഞാര്‍ത്ഥം ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ശിശുപാലവധം പോലുള്ള അനര്‍ത്ഥങ്ങള്‍ ഉണ്ടായ ആ യജ്ഞത്തെ താമസമെന്നോ രാജസമെന്നോ നാം പറയേണ്ടത്? അത് ചെയ്തത് യശസ്സിനായാണോ അതോ പരലോകപദത്തിനോ? വേദപ്രമാണമനുസരിച്ച് ധര്‍മ്മത്തിന്റെ ആദ്യപാദം സത്യമാണ്. പിന്നെ ശുദ്ധിയും ദയയും. നാലാമത് ദാനമാണ്. ഈ നാല് കാലുകളില്ലെങ്കില്‍ ധര്‍മ്മത്തിന് നിലനില്‍പ്പുണ്ടോ? സ്ഥിരചിത്തന്മാര്‍ എന്നറിയപ്പെടുന്നവരില്‍പ്പോലും ധര്‍മ്മബുദ്ധി ഉറച്ചതായി തോന്നുന്നില്ല. മഹാവിഷ്ണു ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയെ പറ്റിച്ചാണല്ലോ വാസ്തവത്തില്‍ കീഴടക്കിയത്. ഒരുനൂറു  യജ്ഞങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച ബലി, ധര്‍മ്മിഷ്ഠനും ഇന്ദ്രിയനിഗ്രഹം വന്ന മഹാത്മാവുമായിരുന്നു. അതീവ ദാനശീലന്‍. അങ്ങിനെയുള്ള മഹാബലിയെ വിഷ്ണു സ്ഥാനഭ്രഷ്ടനാക്കിയതുകൊണ്ട് ആര്‍ക്കാണ് ജയമുണ്ടായത്? വാമനനോ ബലിക്കോ? പുരാണകര്‍ത്താവും ധര്മ്മിഷ്ഠനുമായ അങ്ങ് തന്നെ എന്‍റെ സംശയങ്ങളെ ദൂരീകരിച്ചാലും.'

വ്യാസന്‍ പറഞ്ഞു: 'അന്ന് ജയിച്ചത് മഹാബലി തന്നെ. കാരണം അദ്ദേഹത്തിനു പ്രതിജ്ഞ ലംഘിക്കേണ്ടി വന്നില്ല. വാഗ്ദാനം പോലെ തന്നെ അദ്ദേഹം ഭൂദാനം ചെയ്തു. ഭഗവാന്‍ ഹരി പിന്നീട് വാമനന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് ബലിയുടെ ദ്വാരപാലകനായും ഹരി വര്‍ത്തിച്ചു. രാജാവേ, ധര്‍മ്മത്തിന്‍റെ മൂലം സത്യം തന്നെയാണ്. ദേഹമെടുത്തവര്‍ക്ക് സത്യപരിപാലനം ബുദ്ധിമുട്ടു നിറഞ്ഞതാണ്‌. ത്രിഗുണാത്മികയായ മായയുടെ ശക്തി അപാരമാണ്. മൂന്നുഗുണങ്ങളും കൂട്ടിച്ചേര്‍ത്താണ് വിശ്വത്തെ സൃഷ്ടിച്ചിരിക്കുന്നത്. അതാണെങ്കില്‍ മായയുമാണ്. ദേഹമെടുത്തവര്‍ മായയെ ആശ്രയിച്ചു കഴിയുമ്പോള്‍ സത്യപരിപാലനം ക്ലേശകരം തന്നെയാണ്. രാജസഗുണമാണ് മനുഷ്യരില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ വൈഖാനസന്മാരും ആത്മനിഷ്ടരുമായ മുനിമാരില്‍ നിസ്സംഗതയാണ് മുന്നിട്ടു നില്‍ക്കുന്നത്. മാലോകര്‍ക്ക് മാതൃകകളായി കാണിക്കാന്‍ മാത്രമാണ് ഈ ഋഷിമാരെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം ഗുണദോഷസമ്മിശ്രരാണ്. അതാണ്‌ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമാണഭിന്നമായ കര്‍മ്മങ്ങള്‍ കാണപ്പെടുന്നത്. ധര്‍മ്മശാസ്ത്രങ്ങളിലും വേദങ്ങളില്‍പ്പോലും ഈ മിശ്രഗുണങ്ങള്‍ കാണപ്പെടുന്നു. കാരണം ഈ വേദങ്ങള്‍ എല്ലാം രചിച്ചത് സഗുണന്മാരാണല്ലോ. അവരുടെ രചനകള്‍ നിര്‍ഗുണമാവുകയില്ല. ഈ ഗുണങ്ങള്‍ക്കാണെങ്കില്‍  ഒറ്റയ്ക്ക് നിലനില്‍പ്പില്ല താനും. അവയ്ക്ക് മിശ്രിതമായേ നിലകൊള്ലാനാവൂ. അതിനാല്‍ നിര്‍വ്യാജവും സ്ഥിരവുമായ ധര്‍മ്മത്തില്‍ ആരുടെ ഉള്ളവും ഉറയ്ക്കുന്നില്ല. സംസാരികള്‍ മായയ്ക്ക് അടിപ്പെടുന്നു എന്ന് നിശ്ചയം. ഇന്ദ്രിയങ്ങള്‍ പിടിച്ചു വലിക്കുമ്പോള്‍ ആടിയുലയുന്നതാണവരുടെ മനസ്സ്. മനസ്സ് ത്രിഗുണങ്ങളുടെ പ്രേരണയാല്‍ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള സൃഷ്ടികള്‍ക്ക് കാരണമാവുന്നു. അങ്ങിനെ ചരാചരങ്ങളായ പ്രാണിവര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നു. എല്ലാം മായയ്ക്കധീനം. മായ പ്രപഞ്ചത്തെ മോഹിപ്പിച്ചു ലീലയാടുകയാണ്. അങ്ങിനെയവള്‍ ജഗത്തിനെ ഭ്രമിപ്പിക്കുന്നു.

ആഗ്രഹത്തിനനുസരിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാവാതെ വരുമ്പോള്‍ അതെങ്ങിനെയും സാധിക്കുന്നതിനായിട്ടാണ് മനുഷ്യന്‍ ആദ്യമായി അസത്യത്തിലേയ്ക്ക് എടുത്തു ചാടുന്നത്. അതിനായി കളവു പറയാനും അങ്ങിനെയത് പാപകര്‍മ്മങ്ങള്‍ക്കും കാരണമാവുന്നു. കാമക്രോധലോഭങ്ങളാണ് മനുഷ്യന്‍റെ ശത്രുക്കളില്‍ പ്രമുഖര്‍. ഈ ശത്രുക്കളാല്‍ ബാധിതരായാല്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മിലുള്ള വിവേചനബുദ്ധി നഷ്ടപ്പെടുന്നു. അസത്യത്തിലൂടെ കാര്യം നേടിക്കഴിഞ്ഞാലോ പിന്നെ അഹങ്കാരമായി. അഹങ്കാരത്തില്‍ നിന്ന് മോഹം, മോഹത്തില്‍ നിന്നും മരണം. മോഹത്തിലാണ് ഊഹാപോഹങ്ങളും സംശയങ്ങളും ഉടലെടുക്കുന്നത്. ഈര്‍ഷ്യ, അസൂയ, ദ്വേഷം, ആശ, തൃഷ്ണ, ദൈന്യം, ദംഭം, അധര്‍മ്മബുദ്ധി എന്നുവേണ്ട, സകലദൂഷ്യങ്ങള്‍ക്കും മനസ്സില്‍ ഇടമുണ്ടാവുന്നു. ഇതേ മോഹത്തിന്റെ ഫലമായാണ് അഹങ്കാരത്തിന്റെ ബഹിര്‍സ്ഫുരണമായി  മനുഷ്യന്‍ യജ്ഞദാനാദികള്‍ ചെയ്യുന്നതും തീര്‍ഥാടനം നടത്തുന്നതും. വ്രത, യോഗ, നിയമാദികളും ഇതില്‍ നിന്നാണ് ഉല്‍ഭവിച്ചത്. എന്നാല്‍ അഹങ്കാരത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ശുദ്ധിയില്ല.

രാഗലോഭാദികളോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുദ്ധമാവുകയില്ല. ആദ്യം ദ്രവ്യശുദ്ധി – അന്യരെ ദ്രോഹിക്കാതെ ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ മാത്രമേ ശുഭകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ദ്രോഹാര്‍ജ്ജിതമായ ധനം കൊണ്ട് ചെയ്യുന്ന യജ്ഞം വിപരീതഫലത്തെയുണ്ടാക്കുന്നു. മന:ശ്ശുദ്ധിയാണ് രണ്ടാമത്തേത്. അതില്ലാതെ ചെയ്യുന്ന കര്‍മ്മം കൊണ്ട് ശരിക്കുള്ള ഫലം കിട്ടുകയില്ല. കര്‍മ്മം ചെയ്യുന്നവരും യജമാനരും എല്ലാം മനശ്ശുദ്ധിയുള്ളവരാണെങ്കില്‍ ഉല്‍ക്കൃഷ്ടഫലം ലഭിക്കും. ദേശം, കാലം, ദ്രവ്യം, കര്‍ത്താക്കള്‍, മന്ത്രം എന്നിവയെല്ലാം ശുദ്ധമായാല്‍ പൂര്‍ണ്ണമായ കര്‍മ്മഫലപ്രാപ്തിയുണ്ടാവും. ശത്രുനാശം, സ്വാര്‍ത്ഥലാഭം എന്നിവയ്ക്കായി ചെയ്യുന്ന കര്‍മ്മം എത്ര ശുദ്ധമായാലും വിപരീത ഫലമാണുണ്ടാവുക. അങ്ങിനെയുള്ളവര്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ ആവുന്നില്ല. പ്രാരബ്ധങ്ങള്‍ കൊണ്ടാണ് അവരിങ്ങിനെ പാപം ചെയ്യുന്നത്. കശ്യപപ്രജാപതിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും. എങ്കിലും അവര്‍ പരസ്പരം കലഹിക്കുന്നു. ദേവന്മാര്‍ സത്വഗുണത്തില്‍ നിന്നും മനുഷ്യര്‍ രജോഗുണത്തില്‍ നിന്നും മൃഗങ്ങള്‍  തമോഗുണത്തില്‍ നിന്നും ഉണ്ടായവരാണെന്നു വേദങ്ങള്‍ പറയുന്നു. എന്നാല്‍ സത്വവാന്മാരായ ദേവന്മാര്‍ക്ക് പോലും ശത്രുതയുണ്ടെങ്കില്‍ എന്ത് പറയാനാണ്? അപ്പോള്‍പ്പിന്നെ മനുഷ്യര്‍ക്കും മൃഗാദികള്‍ക്കും വൈരമുണ്ടാവുന്നതില്‍ എന്തത്ഭുതം? ദേവന്മാരും സംതൃപ്തിയില്ലാത്തവരാണ്. കാരണം ദ്വേഷവൈരങ്ങള്‍ അവരിലും സജീവമായുണ്ട്. അഹങ്കാരത്തില്‍ നിന്നാണ് ജഗത്ത് ഉത്ഭവിച്ചത്. അപ്പോള്‍പ്പിന്നെ അതില്‍ ജനിച്ച നരന് രാഗദ്വേഷം ഉണ്ടാവാതിരിക്കുമോ?'

Wednesday, December 30, 2015

ദിവസം 70. ശ്രീമദ്‌ ദേവീഭാഗവതം. 4. 3. അദിതി ശാപം

ദിവസം 70. ശ്രീമദ്‌ ദേവീഭാഗവതം. 4. 3.  അദിതി ശാപം 

കാരണാനി ബഹുന്യത്രാപ്യവതാരേ ഹരേ: കില
സര്‍വേഷാം ചൈവ ദേവാനാമംശാവതരണേഷ്വപി
വാസുദേവാവതാരസ്യ കാരണം ശൃണു തത്ത്വത:
ദേവക്യാംശ്ചൈവ രോഹിണ്യാ അവതാരസ്യ കാരണം

വ്യാസന്‍ പറഞ്ഞു: ദേവന്മാരുടെ അംശാവതാരങ്ങള്‍ക്കും ഭഗവാന്‍ ഹരിയുടെ കൃഷ്ണാവതാരത്തിനും വസുദേവരുടെ ജനനത്തിനും, ദേവകിയുടെയും രോഹിണിയുടെയും ജനത്തിനുള്ള ഹേതുവും, എല്ലാം ഞാന്‍ പറയാം. വരുണന്റെ പശുവിനെ ഒരിക്കല്‍ കശ്യപന്‍ മോഷ്ടിച്ചു. പലതവണ വരുണന്‍ വന്നു ചോദിച്ചിട്ടും മുനി പശുവിനെ തിരികെ കൊടുക്കുകയുണ്ടായില്ല. അതിനാല്‍ വരുണന്‍ ലോകനാഥനായ ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ചു. തന്റെ പശുവിനെ വിട്ടുകിട്ടാത്തതുകൊണ്ട് കശ്യപനെ ഒരു ഗോപനായി ജനിക്കാന്‍ താന്‍ ശപിച്ചുവെന്നു വരുണന്‍ ബ്രഹ്മദേവനെ അറിയിച്ചു. മനുഷ്യനായുള്ള ആ ജന്മത്തിലും അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും. എന്നാല്‍ എന്റെ പൈക്കിടാങ്ങള്‍ തള്ളയില്ലാഞ്ഞു വലയുന്നതുകൊണ്ട്  അവരും മക്കള്‍ മരിച്ച് ദുഖിക്കാന്‍ ഇടവരട്ടെ എന്നു മാത്രമല്ല, കാരഗ്രഹവാസം കൂടി  ഞാന്‍ ശപിച്ചു നല്‍കിയിട്ടുണ്ട്. അദിതിയാണ് ഇങ്ങിനെ പുത്രദുഖമനുഭവിച്ച്  കാരാഗ്രഹത്തില്‍ കഴിയാന്‍ പോകുന്നത്.

ബ്രഹ്മദേവന്‍ ഇത് കേട്ടപ്പോള്‍ കശ്യപനെ വിളിച്ചു വരുത്തി. ‘അങ്ങെന്തിനാണ് വരുണന്റെ പശുവിനെ മോഷ്ടിച്ചത്? ചോദിച്ചിട്ട് തിരികെ കൊടുക്കുന്നുമില്ല. അന്യരുടെ സ്വത്ത് അപഹരിക്കുക എന്നതെത്ര അധര്‍മ്മമാണെന്ന് അറിയാമല്ലോ? മഹാന്മാരെപ്പോലും ലോഭം ബാധിക്കുന്നു. നരകമാണ് ലോഭത്തിന്റെ ഫലം. സാക്ഷാല്‍ കശ്യപനുപോലും ലോഭത്തെ വെല്ലാന്‍ കഴിഞ്ഞില്ല! അപ്പോള്‍ ലോഭത്തിനാണ് ഞാന്‍ എന്റെ സൃഷ്ടിയില്‍ ഏറ്റവും വലിയ സ്ഥാനം നല്‍കിയതെന്ന് തോന്നുന്നു! വൈഖാനസന്മാരും ലോഭം ത്യജിച്ചവരുമായ മാമുനിമാരാണ് ശരിയ്ക്കും ധന്യര്‍. ലോഭമെന്ന ദുഷ്ടന് കശ്യപമുനിപോലും വശഗതനായി! തന്റെ പൌത്രനാണെങ്കിലും ബ്രഹ്മാവും കശ്യപനെ ശപിച്ചു. ‘നീ പശുപാലകനായി ജനിച്ചു ഭാര്യമാരോട് കൂടി യദുകുലത്തില്‍ വാഴുക!’

ഭൂഭാരം തീര്‍ക്കാന്‍ ഭഗവാന്‍ ഹരി കൈക്കൊള്ളുന്ന  അംശാവതാരത്തിനു വഴിയൊരുക്കാനായി ബ്രഹ്മാവിന്റെയും വരുണന്റെയും ശാപപ്രകാരമാണ് കശ്യപന്‍ വസുദേവരായി ജന്മമെടുത്തത്. ദുഖിതയായ ദിതി തന്റെ സഹോദരിയെയും ശപിച്ചു. “നിനക്കുണ്ടാകുന്ന പുത്രന്മാരേഴും ജനിക്കുന്നയുടനെതന്നെ മരിച്ചു പോകട്ടെ”

ജനമേജയന്‍ ചോദിച്ചു: ‘എന്തിനാണ് അദിതിയെ സഹോദരി ശപിച്ചത്? അത് ന്യായമാണോ?’

ഇതിനുത്തരമായി വ്യാസന്‍ പറഞ്ഞു: ദക്ഷന്റെ പുത്രിമാരാണല്ലോ ദിതിയും അദിതിയും. അദിതിക്ക് ഇന്ദ്രന്‍ പുത്രനായി ജനിച്ചപ്പോള്‍ തനിക്കും അങ്ങിനെയുള്ള തേജസ്സുറ്റ ഒരു പുത്രന്‍ വേണമെന്ന് ദിതിയും ആഗ്രഹിച്ചു. ‘ഇന്ദ്രന്റെ ബലം, വീര്യം, ധര്‍മ്മനിഷ്ഠ, എല്ലാമുള്ള ഒരു പുത്രനെ തനിക്ക് തരണമെന്ന് അവള്‍ ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ കശ്യപന്‍ പറഞ്ഞത്, ‘പ്രിയേ, ഞാന്‍ പറയുന്ന വ്രതം അനുഷ്ടിച്ചാല്‍ നിനക്ക് ഇന്ദ്രതുല്യനായ ഒരു പുത്രന്‍ ജനിക്കും’ എന്നാണ്. അങ്ങിനെയാവട്ടെ എന്ന് പറഞ്ഞ് ആ സുന്ദരി വ്രതമെടുത്തു. കാലക്രമത്തില്‍ ഗര്‍ഭവും ധരിച്ചു. വെറും മണ്ണില്‍ കിടന്നുറങ്ങി അവള്‍ ‘പയോവ്രതം’  അനുഷ്ടിച്ചു. ഗര്‍ഭിണികള്‍ക്കു സ്വാഭാവികമായുണ്ടാവുന്ന മുഖപ്രസാദവും, വ്രതത്താല്‍ ആര്‍ജ്ജിച്ച പ്രഭയും നിറഞ്ഞ ദിതിയെക്കണ്ട്‌ ആദിതിക്ക് അസൂയ തോന്നി. ‘ഇവള്‍ക്ക് അതിപ്രഭാവവാനായ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ പുത്രന്റെ കാന്തി മങ്ങിപ്പോകും’ എന്നവള്‍ കുണ്ഠിതപ്പെട്ടു. അവള്‍ തന്റെ മകനോടു പറഞ്ഞു: ’നിനക്ക് ശത്രുവായി ഒരാള്‍ അദിതിയുടെ ഗര്‍ഭത്തില്‍ വളരുന്നുണ്ട്‌. അതീവ ബലവാനാവാന്‍ പോകുന്ന അവനെ വെല്ലാന്‍ നീ തന്നെ ഉപായം കണ്ടെത്തുക. സഹോദരിയാണെങ്കിലും സപത്നിയായ അവളെക്കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ക്ഷയരോഗംപോലെയാണ് ശത്രുവിന്റെ വളര്‍ച്ച. അത് മുറ്റിവളര്‍ന്നാല്‍  പിന്നെ തടയാനാവില്ല. ശത്രുവിനെ വേരോടെ അറുത്തു കളയണം. എന്നെ തൃപ്തിപ്പെടുത്താനായി നീയതു ചെയ്യുക. സാമ, ദാന, ഭേദ ദണ്ഡങ്ങള്‍ എന്തായാലും വേണ്ടില്ല. അവളുടെ ഗര്‍ഭം എന്നെ ഒരിരുമ്പാണി പോലെ കുത്തി നോവിക്കുന്നു.’

ഇന്ദ്രന്‍ ഒന്ന് ചിന്തിച്ച ശേഷം ചിറ്റമ്മയെ ചെന്ന് കണ്ടു. പാപചിന്തയോടെയാണെങ്കിലും ആ അമ്മയെ വണങ്ങി. വിഷം ഉള്ളില്‍ വെച്ച് മധുരമായി ഇന്ദ്രന്‍ ഇങ്ങിനെ പറഞ്ഞു: ‘അമ്മേ, വ്രതം കൊണ്ട് തളര്‍ന്ന നിന്നെ ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നത്. അമ്മയുടെ കാലുകള്‍ ഞാന്‍ തിരുമ്മിത്തരാം. ഗുരുശുശ്രൂഷകൊണ്ട് സുകൃതം ലഭിക്കും എന്നാണല്ലോ! സദ്ഗതിക്കും നല്ലതാണ് മാതൃ ശുശ്രൂഷ. അദിതിയും നീയും എനിക്ക് ഒരുപോലെയാണ്. പാദശുശ്രൂഷ ചെയ്യുന്ന ഇന്ദ്രന്റെ  വാക്കുകള്‍ വിശ്വസിച്ച ദിതി,  ക്ഷീണത്തില്‍ ഒന്ന് മയങ്ങിപ്പോയി. ആ സമയം ഇന്ദ്രന്‍ സൂക്ഷ്മരൂപമെടുത്ത്‌ ആയുധധാരിയായി ദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. അയാള്‍ ആ ഗര്‍ഭപിണ്ഡത്തെ ഏഴായി മുറിച്ചു. വജ്രായുധം തറച്ചപ്പോള്‍ കരഞ്ഞു വിളിച്ച ശിശുവിനെ ‘മാ രുദ’ – കരയരുത് എന്ന് മയത്തില്‍ പറഞ്ഞ് ഇന്ദ്രന്‍ സമാധാനിപ്പിച്ചു. ഈ എഴു പിണ്ഡങ്ങളെ വീണ്ടും ഏഴായി മുറിച്ച് ആകെ നാല്‍പ്പത്തിയൊന്‍പതു കഷണങ്ങളാക്കി. അങ്ങിനെയാണ് മരുത്തുക്കള്‍ ഉണ്ടാവുന്നത്.

ഉറക്കമുണര്‍ന്ന ദിതി തന്റെ ഗര്‍ഭത്തിന്റെ അവസ്ഥ കണ്ടു ഖിന്നയായി. അവള്‍ തന്റെ സഹോദരിയുടെ ചതി മനസ്സിലാക്കി, കോപത്തോടെ അമ്മയെയും മകനെയും ശപിച്ചു:  “ഭുവനത്തിന്റെ നായകസ്ഥാനം ഇന്ദ്രന് ഇല്ലാതെ പോകട്ടെ. പാപിയായ നിന്റെ മകന്‍ എന്റെ ഗര്‍ഭം നശിപ്പിച്ചതുപോലെ, അടുത്ത ജന്മത്തില്‍ നിനക്കുണ്ടാകുന്ന പുത്രന്മാര്‍ അപ്പപ്പോള്‍ത്തന്നെ മരിച്ചു പോകട്ടെ. പുത്രദുഖവും കാരാഗ്രഹവാസവും നിനക്കുണ്ടാവട്ടെ.

ഇങ്ങിനെയുള്ള ശാപവര്‍ത്തമാനം അറിഞ്ഞ കശ്യപന്‍ ദിതിയെ ആശ്വസിപ്പിച്ചു. ‘മരുത്തുക്കള്‍ നിനക്ക് പ്രബലരായ മക്കളായിത്തീരും. അവര്‍ ഇന്ദ്രന്റെ സഖാക്കളുമാകും. ഇരുപത്തിയെട്ടാം ദ്വാപരത്തില്‍ നാരിയായി അംശാവതാരമെടുക്കുമ്പോള്‍  അദിതിക്ക് നിന്റെ ശാപം അനുഭവമാകും. വരുണനും അവളെ ശപിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ വാക്കുകള്‍ കേട്ട് ആശ്വാസം കൊണ്ട ദിതി തന്റെ കുലീനത കാരണം മറുത്തൊന്നും പറഞ്ഞില്ല. ഇതാണ് രാജാവേ, അദിതിയുടെ അംശം ദേവകിയായി ജനിക്കാനിടയായത്തിന്റെ പിറകിലുള്ള കഥ.  

Tuesday, December 29, 2015

ദിവസം 69. ശ്രീമദ്‌ ദേവീഭാഗവതം. 4.2. ജന്മാദി കാരണ നിരൂപണം

ദിവസം 69. ശ്രീമദ്‌ ദേവീഭാഗവതം. 4.2.  ജന്മാദി കാരണ നിരൂപണം

ഏവം പ്രഷ്ട: പുരാണജ്ഞോ വ്യാസ: സത്യവതീ സുത:
പരീക്ഷിത സുതം ശാന്തം തതോ വൈ ജനമേജയം
ഉവാച സംശയഛേത്ത്യവാക്യം വിശാരദ:
രാജന്‍ കിമേതദ്വക്തവ്യം കര്‍മ്മണോ ഗഹനാ ഗതി:  

ജനമേജയന്‍ ഇങ്ങിനെ ചോദിച്ചപ്പോള്‍ മഹാമുനിയായ വ്യാസന്‍ ഇങ്ങിനെ പറഞ്ഞു: ഞാനെന്തു പറയട്ടെ, കര്‍മ്മത്തിന്റെ ഗതി അതി വിചിത്രം തന്നെ! വിണ്ണവര്‍ക്ക് പോലും അതിനെപ്പറ്റി അറിയാന്‍ കഷ്ടം. പിന്നെ മാനവരുടെ കാര്യം പറയാനുണ്ടോ? ത്രിഗുണാത്മകമായി എന്നീ ലോകം ഉണ്ടായോ അന്ന് മുതല്‍ കര്‍മ്മത്തിനു വിധേയമാണ് അതിന്റെ ഗതിവിഗതികള്‍. ജീവനുകള്‍ അനേകം യോനികളില്‍ പലയാവര്‍ത്തി ജനിച്ചു ജീവിച്ചു മരിക്കുന്നു. കര്മ്മബന്ധം നശിച്ചാല്‍ മാത്രമേ ദേഹബന്ധം അവസാനിക്കൂ. തത്വജ്ഞാനികള്‍ കര്‍മ്മത്തെ ശുഭം, അശുഭം, മിശ്രം എന്നിങ്ങിനെ മൂന്നായി തിരിച്ചിട്ടുണ്ട്. ദേഹത്തിനുള്ള കര്‍മ്മബന്ധത്തെ സഞ്ചിതം, പ്രാരബ്ധം, വര്‍ത്തമാനം (ആഗാമികം) എന്നിങ്ങിനെയും തരം തിരിച്ചിരിക്കുന്നു. ബ്രഹ്മാവുമുതല്‍ എല്ലാം കര്‍മ്മാധീനമായാണ് വര്‍ത്തിക്കുന്നത്. സുഖദുഖാദികളും, ജരാനരകളും, മൃത്യുവും എല്ലാം കര്‍മ്മാനുസാരിയാണ്. കാമക്രോധാദികളും ദേഹത്തോട് ബന്ധപ്പെട്ടുതന്നെയിരിക്കുന്നു. അവ പ്രകടമാവുന്നത് പ്രാരാബ്ധപ്രേരിതമായാണ്. രാഗദ്വേഷാദിഭാവങ്ങള്‍ ഭൂമിയിലും ആകാശത്തും, നരനും ദേവനും അസുരനും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ബാധകമാണ്. പൂര്‍വ്വജന്മങ്ങളിലെ സ്നേഹവൈരങ്ങള്‍ ദേഹത്തോടോപ്പം ജനിക്കുന്നു. സൂര്യചന്ദ്രന്മാരുടെ ചലനമടക്കം  യാതൊന്നും കര്‍മ്മബന്ധമില്ലാതെ ഉണ്ടാവുന്നില്ല. രുദ്രന്‍ കപാലമേന്തുന്നതും അത് നിരന്തരമായ ഉല്‍പത്തി ചക്രത്തിന് നിദാനമാവുന്നതും കര്‍മ്മം മൂലമത്രേ. ചാക്രികചലനമെന്ന നിലയില്‍ വിശ്വം ശാശ്വതമായി നില്‍ക്കുന്നു എന്ന് പറയാം. നിത്യാനിത്യ വിചാരത്തില്‍ മുഴുകിക്കഴിയുന്ന മാമുനിമാര്‍ക്ക് പോലും അതിന്റെ പൊരുള്‍ അറിയാനായിട്ടില്ല. നിലനില്‍ക്കുന്നിടത്തോളം കാലം ‘നിത്യം’ ആണ് എന്നൊരു തോന്നല്‍ വിട്ടുപോവുകയില്ല. പ്രപഞ്ചം ഉണ്മയാണെന്ന തോന്നല്‍ ഉള്ളതിനാല്‍ ‘കാരണം നിലനില്‍ക്കുമ്പോള്‍ കാര്യം ഇല്ലെന്നെങ്ങിനെ പറയും?’ എന്നാണു വാദം. മായയാണല്ലോ എല്ലാറ്റിന്റെയും കാരണം. അതുകൊണ്ട് കര്‍മ്മമെന്ന ബീജം സത്യമാണെന്ന്, അത് ശാശ്വതമാണെന്ന് ചിന്തിക്കുന്നവര്‍ വിചാരിക്കുന്നു. നാനാ യോനിയില്‍ വന്നു പിറക്കാനുള്ള കാരണം കര്‍മ്മമാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എപ്പോഴാണോ ഈ കര്‍മ്മം (പ്രാരബ്ധം) നശിക്കുന്നത് അപ്പോള്‍ ജനനവും ഇല്ല.

അമിതതേജസ്വികളായ വിഷ്ണുവും മറ്റും സ്വേച്ഛയാലാണോ നീചയോനികളിലും മറ്റും വന്നു പിറക്കുന്നത്? വിഷ്ണ്വാദികളെപ്പോലും കര്‍മ്മമാണ്‌ നിയന്ത്രിക്കുന്നത്. അല്ലെങ്കില്‍ സുഖഭോഗങ്ങള്‍ നിറഞ്ഞ വൈകുണ്ഡവാസം പോലും ഉപേക്ഷിച്ച് അദ്ദേഹം അവതാരങ്ങള്‍ എടുക്കുമോ? ജലക്രീഡാദിലീലകള്‍, പൂവിറുക്കല്‍, സുഖാസനം എല്ലാമുപേക്ഷിച്ചു ഗര്‍ഭമെന്ന മലമൂത്രം നിറഞ്ഞ ഗേഹത്തില്‍ വാഴാന്‍ ആരാണ് ആഗ്രഹിക്കുക? അവിടെയുള്ള വാസമാണെങ്കില്‍ തലകീഴായിട്ടാണ് താനും. ആരാണതിനു കൊതിക്കുക? ആട്ടും പാട്ടും കൊട്ടും നിറഞ്ഞ ജീവിതമുപേക്ഷിച്ച് നരകവാസം ആരാണ് സ്വീകരിക്കുക? സാക്ഷാല്‍ ലക്ഷ്മീദേവിയുടേതു പോലുള്ള വശ്യഭാവരസങ്ങളെ വിട്ട് കളഞ്ഞു ഗര്‍ഭപാത്രത്തിലെ മൂത്രപാനം ആരാണ് കൊതിക്കുക? ഗര്‍ഭവാസത്തേക്കാള്‍ വലിയൊരു ദുഃഖം പറയാനില്ല.അതിനാലാണ് മാമുനിമാര്‍ അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പണിപ്പെടുന്നത്. അത് പേടിച്ച് അവര്‍ നാടും വീടും വിട്ടു കാട്ടിലെത്തി തപസ്സിരിക്കുന്നു. ശരീരം കുത്തിത്തുളക്കാന്‍ കൃമികള്‍, അടിയില്‍ ജടരാഗ്നിയുടെ താപം, പുറത്താണെങ്കില്‍ ഞെക്കിപ്പിടിക്കാന്‍ തൊലികൊണ്ടുള്ള പൊതിയല്‍ എല്ലാമുള്ള ഗര്‍ഭത്തില്‍ സുഖമെവിടെ? അതിലും ഭേദം കാരാഗ്രഹം തന്നെ. പത്തുമാസം അവിടെ കഴിഞ്ഞു കൂടുക എത്ര ദുഷ്കരം! ഒടുവില്‍ യോനിയെന്ന ഇറുകിപ്പിടിച്ച ഇടനാഴിയിലൂടെ പുറത്തുവരുക എന്നത് അതിലും ക്ലേശതരം. പുറത്തുവന്നാലോ വിശപ്പ്‌, ദാഹം, എന്നുവേണ്ട എല്ലാറ്റിനെയും മറ്റുള്ളവരെ ആശ്രയിച്ചുള്ള നിലനില്‍പ്പാണ് പിന്നെ. മിണ്ടാന്‍ വയ്യാതെ, സദാ കരഞ്ഞുകൊണ്ട്‌, ഭയം വിടാതെ പിടികൂടുന്ന അവസ്ഥ. അത് കാണുമ്പോള്‍ മാതാവിനും ദുഃഖം. മാതാവിന്റെ അപ്പപ്പോഴത്തെ തോന്നലനുസരിച്ച് ഉള്ളതോ ഇല്ലാത്തതോ ആയ രോഗങ്ങള്‍ക്കുള്ള മരുന്നും കഴിച്ചുള്ള ജീവിതം. അപ്പോള്‍പ്പിന്നെ എന്ത് സുഖം കണ്ടിട്ടാണ് ഒരുവന്‍ ഇനിയൊരു ജന്മം ആഗ്രഹിക്കുക? സുഖങ്ങള്‍ ഉപേക്ഷിച്ചു സദാ സമരം ചെയ്തു ജീവിക്കാനാരാണ് ഇഷ്ടപ്പെടുക?

രാജാന്‍, ബ്രഹ്മാദി ദേവന്മാര്‍ പോലും താന്താങ്ങളുടെ കര്‍മ്മഫലം അനുഭവിക്കുന്നു.  തപോദാനങ്ങള്‍കൊണ്ട് മനുഷ്യന് ഇന്ദ്രപദവി നേടാം എന്നാല്‍ അവനിലെ പുണ്യം ക്ഷയിച്ചാല്‍പ്പിന്നെ അവന പിന്നെ അധപ്പതിക്കുകയാണ് ചെയ്യുക. ശുഭാശുഭങ്ങളായ കര്‍മ്മഫലങ്ങള്‍ മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും അനുഭവിച്ചേ തീരൂ. രാമാവതാരത്തില്‍ ദേവന്മാര്‍ വാനരന്മാരായി. കൃഷ്ണാവതാരത്തില്‍ അവര്‍ യാദവരായി. ബ്രഹ്മപ്രേരണയാല്‍ യുഗം തോറും വിഷ്ണു അവതരിക്കുന്നു. അദ്ദേഹം നാനായോനികളില്‍ വന്നു പിറക്കുന്നു. അസുരന്മാരെ നിഗ്രഹിക്കുക എന്ന കര്‍മ്മത്തില്‍ ഏര്‍പ്പെടുന്നു. രഥം ഉരുളുംപോലെ ഇത് ചാക്രികമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഇനി ഞാന്‍ കൃഷ്ണാവതാര കഥ ചുരുക്കി പറയാം. യദുവംശത്തില്‍ കൃഷ്ണനായി പിറന്നത് സാക്ഷാല്‍ വിഷ്ണുവാണ്. കശ്യപന്റെ അംശമാണ് പ്രതാപിയായ വസുദേവന്‍. എന്നാല്‍ പണ്ട് കിട്ടിയ ശാപം മൂലം അദ്ദേഹത്തിനൊരു  പശുപാലനായി കഴിയേണ്ടി വന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. അദിതിയും സുരസയും. വരുണശാപത്താല്‍ അവരാണ് പിന്നീട് സഹോദരിമാരായ ദേവകിയും രോഹിണിയും ആയി പിറന്നത്.

രാജാവ് ചോദിച്ചു: ഭഗവന്‍, ഭാര്യമാരോടോപ്പം ഇങ്ങിനെ ശാപം കിട്ടാനായി കശ്യപമഹര്‍ഷി എന്ത് പാപമാണ് ചെയ്തത്? വൈകുണ്ഡത്തില്‍ ശ്രീലക്ഷ്മിയുമായി വസിക്കുന്ന വിഷ്ണു എങ്ങിനെയാണ് ഗോപകുമാരനായി പിറക്കാന്‍ ഇടയായത്? ദേവനായകനായ ഹരി മറ്റാര്‍ക്കും വിധേയനല്ല. അങ്ങിനെയുള്ള ഭഗവാന്‍ എങ്ങിനെയാണ് മാനുഷവേഷത്തില്‍ ജനിക്കാന്‍ ഇടയായത്? അദ്ദേഹം പോലും കര്‍മ്മത്തിനധീനമാണെന്നോ? ചിലപ്പോള്‍ മനുഷ്യനായി, മറ്റുചിലപ്പോള്‍ പരിഹാസപാത്രമായി, അദ്ദേഹം ദുഷ്ടഭാവവും കൈക്കൊണ്ടു. മര്‍ത്ത്യനാവുമ്പോള്‍ കാമ-ക്രോധ-മോഹ-മാത്സര്യങ്ങളും സുഖ-ദുഃഖ-ഭയ-ദൈന്യ-പ്രീതി-ആര്‍ജ്ജവ ഭാവങ്ങളും മാറിമാറി അവനില്‍ അങ്കുരിക്കുന്നു. മാത്രമല്ല, സുകൃതം, ദുഷ്കൃതം, ഭാഷണം, കള്ളം, ദംഭ്, കൊലപാതകം, പോഷണം, ചലനം, ജല്പനം, വിമര്‍ശനം എന്നിത്യാദികള്‍ അവനില്‍ അല്ലെങ്കില്‍ അവനിലൂടെ പ്രത്യക്ഷമായും പരോക്ഷമായും സംഭവിച്ചുകൊണ്ടേയിരിക്കും. അനശ്വരസുഖത്തില്‍ അഭിരമിക്കുന്ന വിഷ്ണുഭഗവാന്‍ എങ്ങിനെയാണ് അതെല്ലാം വെടിഞ്ഞു നരജന്മം സ്വീകരിച്ചത്?

മനുഷ്യജന്മം എടുത്താല്‍പ്പിന്നെ ഗര്‍ഭദുഃഖം, ജന്മദുഃഖം, ശൈശവദുഃഖം, കാമദുഃഖം, ഗാര്‍ഹസ്ത്യദുഃഖം എന്നിങ്ങിനെ അനവധി ആകുലതകളാണ്. എന്നിട്ടും ഭഗവാന്‍ മനുഷ്യനായി ജന്മമെടുക്കുന്നു! രാമനായി അവതരിച്ചതിനാല്‍ അദ്ദേഹം കാട്ടിലെ വാസവും അതിനോടൊപ്പം മറ്റു ദുഖങ്ങളും അനുഭവിച്ചു. സീതാവിരഹം, രാക്ഷസന്മാരുമായുള്ള യുദ്ധങ്ങള്‍ എന്നുവേണ്ട, ഭഗവാന്‍ ദുരിതങ്ങള്‍ ഏറെ അനുഭവിച്ചു. ഇനി കൃഷ്ണനായി പിറന്നപ്പോഴോ? ജനിച്ചത് കല്ലറയ്ക്കുള്ളില്‍. ഗോകുലത്തില്‍ കാലികളെ മേച്ചുള്ള ജീവിതം. അദ്ദേഹത്തിന് സ്വന്തം അമ്മാവനായ കംസനെ നിഗ്രഹിക്കേണ്ടിവന്നു. പിന്നീട് ദ്വാരകയില്‍ ഒളിച്ചു കഴിയേണ്ടതായും വന്നു. ഇങ്ങിനെ സ്വേച്ഛയാല്‍ ദുരിതം ചോദിച്ചു വാങ്ങാന്‍ ബുദ്ധിയുള്ളവര്‍ തുനിയുമോ? ഇതിനെ പുറകിലുള്ള വസ്തുത എന്തെന്ന് ദയവായി വിസ്തരിച്ചു പറഞ്ഞു തന്നാലും. അങ്ങേയ്ക്കറിയാത്തതാവില്ല ഈ  അവതാരോദ്ദേശങ്ങള്‍.    

Monday, December 28, 2015

ദിവസം 68. ശ്രീമദ്‌ ദേവീഭാഗവതം. 4.1. ജനമേജയപ്രശ്നം

ദിവസം 68. ശ്രീമദ്‌ ദേവീഭാഗവതം. 4.1. ജനമേജയപ്രശ്നം

വാസവേയ മുനിശ്രേഷ്ഠ സര്‍വ്വജ്ഞാനനിധേനഘ
പ്രഷ്ടുമിച്ഛാമ്യഹം സ്വാമിന്നസ്മാകം കുലവര്‍ദ്ധന
ശൂരസേന സുത: ശ്രീമാന്‍ വാസുദേവ: പ്രതാപവാന്‍
ശ്രുതം മയാ ഹരിര്‍ യസ്യ പുത്രഭാവമവാപ്തവാന്‍ 

ജനമേജയന്‍ ചോദിച്ചു: മഹാനുഭാവനും സര്‍വ്വജ്ഞനുമായ വേദവ്യാസാ, ഞങ്ങളുടെ കുലത്തിനുതന്നെ മംഗളം ഭവിക്കുന്നത് അങ്ങയുടെ കൃപയാലാണ്. ശൂരസേനന്റെ പുത്രനാണല്ലോ വസുദേവര്‍‌. അദ്ദേഹത്തിന്‍റെ പുത്രനായി ശ്രീവിഷ്ണു സ്വയം അവതരിച്ചു എന്ന് കേട്ടിട്ടുണ്ട്. ആനകദുന്ദുഭി എന്ന് പുകള്‍പെറ്റ വസുദേവര്‍ കംസന്റെ കാരാഗ്രഹത്തില്‍ എങ്ങിനെയെത്തി? ദേവന്മാര്‍ക്ക് കൂടി പൂജ്യനായിരുന്നല്ലോ അദ്ദേഹം? തന്റെ ഭാര്യയായ ദേവകിയോടോപ്പം കാരഗ്രഹവാസം ചെയ്യാന്‍ തക്കതായ എന്ത് കുറ്റമാണവര്‍ ചെയ്തത്? ദേവകിയുടെ ആറുമക്കള്‍ എന്തിനായാണ് കൊല്ലപ്പെട്ടത്? യയാതിയുടെ വംശത്തില്‍പ്പിറന്ന കംസന്‍ ഇത്തരം ക്രൂരതകള്‍ ചെയ്യാനിടയായതെന്തുകൊണ്ടാണ്? അവരുടെ പുത്രനായി ശ്രീഹരിയെങ്ങിനെയാണ് പിറവിയെടുത്തത്? എങ്ങിനെയാണാ കോമളശിശു  ഗോകുലത്തിലെത്തിയത്? എന്തിനാണദ്ദേഹം അവതരിച്ചത്? ജഗസൃഷ്ടിക്ക് ശക്തിയുള്ള ശ്രീഹരി എന്തുകൊണ്ടാണ് തന്റെ മാതാപിതാക്കളെ കാരാഗ്രഹത്തില്‍ നിന്നും മോചിപ്പിക്കാതിരുന്നത്? അതോ അവരുടെ മുജ്ജന്മകര്‍മ്മങ്ങള്‍ അവരെ പിന്തുടര്‍ന്നതാണോ? കംസന്റെ കൈകൊണ്ട്‌ മരിച്ച ആറുപേര്‍ ആരൊക്കെയാണ്? കംസന്‍ പാറയില്‍ അടിച്ചു വധിക്കാനായി എടുത്തപ്പോള്‍ ആകാശത്തേയ്ക്ക് രക്ഷപ്പെട്ട ആ ബാലിക ആരായിരുന്നു? കൃഷ്ണന്‍ ബഹുഭാര്യനായിരുന്നല്ലോ, അദ്ദേഹത്തിന്‍റെ ഗാര്‍ഹസ്ത്യം എങ്ങിനെയുള്ളതായിരുന്നു? അദ്ദേഹത്തിന്‍റെ മറ്റുള്ള പ്രവൃത്തികളെപ്പറ്റിയും തിരോധാനത്തെപ്പറ്റിയും പലവിധത്തിലുള്ള കഥകള്‍ ഞാന്‍ കേട്ട് ഞാനാകെ മോഹിച്ചു വശായിരിക്കുന്നു. ആ വാസുദേവന്റെ ചരിതം ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.

നരനാരായണന്മാര്‍ പണ്ട് ധര്‍മ്മപുത്രന്മാരായി ജനിച്ച് ബദരികാശ്രമത്തില്‍ ഉത്തമമായ തപസ്സനുഷ്ഠിച്ചു. കാമാക്രോധാദി ഷഡ് ഗുണങ്ങളെ വെന്ന വിഷ്ണ്വംശഭൂതരായ അവര്‍ ലോകകല്യാണാര്‍ത്ഥമാണല്ലോ ആഹാരം പോലും വെടിഞ്ഞ് തപസ്സുചെയ്തത്. അര്‍ജുനനും കൃഷ്ണനും ആ നരനാരായണന്‍മാരുടെ അംശാവതാരങ്ങളാണെന്ന് നാരദാദി മാമുനിമാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ അവരും നരനാരായണന്മാരും ഒരേസമയം സശരീരരായി എങ്ങിനെയാണ് നിലകൊള്ളാനിടയായത്? ഉഗ്രതപസ്സിന്റെ പ്രഭാവത്താല്‍ യോഗനിലയിലെത്തിയ നരനാരായണന്‍മാര്‍ വീണ്ടും ദേഹമെടുക്കാനിടയായതെങ്ങിനെയാണ്? സ്വധര്‍മ്മനിരതനായ ശൂദ്രന്‍ മരിച്ചാല്‍ ക്ഷത്രിയനായും അയാള്‍ ആചാരവിശുദ്ധനാണെങ്കില്‍ ബ്രാഹ്മണനായും ജനിക്കും. അനാസക്തനായ ബ്രാഹ്മണന് സംസാരത്തില്‍ നിന്നും മുക്തിയും കിട്ടുമെന്നാണല്ലോ? അപ്പോള്‍പ്പിന്നെ നരനാരായണന്‍മാരുടെ അനുഭവം എങ്ങിനെ മറിച്ചായി? തപസ്സ് ചെയ്ത് നിര്‍മനാവസ്ഥയിലെത്തിയ അവര്‍ വീണ്ടും ക്ഷത്രിയരായി മാറാന്‍ അവര്‍ എന്ത് കുറ്റമാണ് ചെയ്തത്? വിപ്രശാപത്താല്‍ യദുവംശനാശം സംഭവിച്ചതായി ഞാനും കേട്ടിട്ടുണ്ട്. ഗാന്ധാരീശാപവും അതിനു കാരണമായിട്ടുണ്ടാവും. ശംബരാസുരന്‍ പണ്ട് പ്രദ്യുമ്നനെ കട്ടുകൊണ്ടു പോയതെങ്ങിനെയാണ്? ദേവദേവനായ ശ്രീകൃഷ്ണന്‍ ഇരിക്കുമ്പോള്‍ സൂതികാഗൃഹത്തില്‍ നിന്നും ശിശുവിനെ കൊണ്ടുപോയി എന്നത് വിസ്മയകരം തന്നെ. ശ്രീഹരി ത്രികാലജ്ഞാനല്ലേ? അദ്ദേഹമറിയാതെ ഇത് നടക്കുമോ? എപ്പോഴാണ് കൃഷ്ണഭഗവാന്‍ സ്വര്‍ഗ്ഗസ്ഥനായത്? വാസുദേവന്റെ പത്നിമാരെ കൊള്ളക്കാര്‍ പിടിച്ചുകൊണ്ടുപോയില്ലേ? ഈ കഥകള്‍ എല്ലാം എന്നില്‍ സന്ദേഹങ്ങള്‍ നിറച്ചിരിക്കുന്നു. 

ഭൂമിയുടെ ഭാരം തീര്‍ക്കാന്‍ വിഷ്ണുവിന്റെ അംശമായിപ്പിറന്ന ശ്രീകൃഷ്ണന്‍ ഭയപ്പെട്ടു മഥുരയില്‍നിന്നും പാലായനം ചെയ്തുവത്രേ! അങ്ങിനെയാണല്ലോ ബന്ധുമിത്രാദികളോടു കൂടി ദ്വാരകയില്‍ പോയി പാര്‍പ്പു തുടങ്ങിയത്. ധര്‍മ്മസംസ്ഥാപനം, ദുഷ്ടമര്‍ദ്ദനം, എന്നിവയ്ക്കായി പിറവിയെടുത്ത കൃഷ്ണന് സ്വന്തം പത്നിമാരെ രക്ഷിക്കാന്‍ ആ കള്ളന്മാരെ നേരെത്തെ അറിഞ്ഞു വകവരുത്താന്‍ സാധിക്കാത്തതെന്തുകൊണ്ട്? സര്‍വ്വജ്ഞനായ അദ്ദേഹം സദേഹനായിരിക്കുമ്പോള്‍ത്തന്നെ അക്കൂട്ടരെ നശിപ്പിക്കേണ്ടിയിരുന്നു. ഭൂഭാരം തീര്‍ക്കാനാണെങ്കില്‍ എന്തിനാണ് ഭീക്ഷ്മരെയും ദ്രോണരെയും വധിച്ചത്? യുധിഷ്ടിരന്‍ മുതലായ പാണ്ഡവന്മാര്‍ കൃഷ്ണഭക്തരും രാജസൂയം വേണ്ടപോലെ നടത്തിയവരും ബ്രാഹ്മണര്‍ക്കായി ദാനങ്ങള്‍ അനവധി ചെയ്തവരുമാണ്. എന്നിട്ടും കൃഷ്ണനെ ആശ്രയിച്ച അവര്‍ക്ക് ഘോരദുരിതങ്ങളാണല്ലോ അനുഭവമായത്! അവരുടെ സുകൃതം എങ്ങിനെ ഇല്ലാതെയായി? അവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന പാപം എന്താണ്? ദ്രൌപദിയുടെ കാര്യമെടുക്കുക. മഹാസാധ്വിയും കൃഷ്ണഭക്തയുമായ ദ്രൌപദി യജ്ഞവേദിയില്‍ നിന്നും ജനിച്ചവളാണ്. അവളെ ഏകവസ്ത്രയായി സഭയില്‍ വെച്ച് കൌരവര്‍ അപമാനിച്ചില്ലേ? വിരാടനഗരത്തില്‍ അവള്‍ക്ക് ദാസിയായി കഴിയേണ്ടിവന്നു. കീചകനില്‍ നിന്നും അപമാനം നേരിട്ടു. ജയദ്രഥന്‍ അവളെ തട്ടിക്കൊണ്ടുപോയി. പിന്നീട് അവളുടെ മഹാരഥന്മാരായ ഭര്‍ത്താക്കന്മാര്‍ അവളെ മോചിപ്പിച്ചു എങ്കിലും  ദേവാംശസംഭൂതരായ ആളുകള്‍ക്ക് ഈദൃശാനുഭവങ്ങള്‍ എങ്ങിനെയാണ് ഉണ്ടാവാനിടയായത്? അവരുടെ മുജ്ജന്മപാപങ്ങള്‍ അത്ര കഠിനമായിരുന്നോ? രാജസൂയമൊക്കെ ചെയ്ത എന്റെ പൂര്‍വ്വികരായ പാണ്ഡവന്മാര്‍ക്ക് ഇത്യധികം തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നല്ലോ! ജഗത്തിന്റെ മിഥ്യാസ്വഭാവം നന്നായി അറിയുന്ന അവര്‍ എങ്ങിനെയാണ് ഭീഷ്മാദികളെ ചതിച്ചു കൊലചെയ്തത്? ഇത്തരം ഘോരപാപങ്ങള്‍ അവരെക്കൊണ്ടു ചെയ്യിച്ചത് സാക്ഷാല്‍ കൃഷ്ണനുമാണ് എന്ന് കേട്ടിരിക്കുന്നു. ഉത്തമരെ വധിച്ചു ജീവിക്കുന്നതിലും ഭേദം ഭിക്ഷയെടുത്തോ കൂലിവേലചെയ്തോ വരിനെല്ല് വെച്ചുണ്ടോ ജീവിതം നയിക്കുന്നതാണ്. മുനിസത്തമാനായ അങ്ങാണ് വിധവമാരില്‍ പുത്രന്മാരെ ജനിപ്പിച്ച് വംശം കുറ്റിയറ്റ് പോകുന്നതില്‍ നിന്നും കുലത്തെ രക്ഷിച്ചത്. കുറച്ചുകാലം മുന്പ് എന്റെ പിതാവ് ശമീകമുനിയുടെ കഴുത്തില്‍ ഒരു ചത്ത പാമ്പിനെയിട്ടല്ലോ. ക്ഷത്രിയവംശത്തില്‍പ്പിറന്ന ഒരാളും ഉത്തമനായ ഒരു ബ്രാഹ്മണനെ നിന്ദിക്കുക എന്നത് കേട്ട്കേള്‍വിയില്‍പ്പോലും ഉണ്ടായിട്ടില്ല. എന്നാല്‍ എന്റെ പിതാവായ പരീക്ഷിത്ത് മൌനിയായ ആ മുനിശ്രേഷ്ഠനെ ഇങ്ങിനെ ദ്വേഷിക്കാന്‍ എന്താണ് കാരണം? ഇങ്ങിനെയുള്ള അനേകം ചോദ്യങ്ങള്‍കൊണ്ട് എന്റെയുള്ളം കലുഷിതമായിരിക്കുന്നു. സര്‍വ്വജ്ഞനായ അങ്ങ് തന്നെ എന്നിലെ സംശയങ്ങള്‍ ഇല്ലാതാക്കി എന്റെ മനശ്ചാഞ്ചല്യം തീര്‍ത്ത് തരണം.   



Sunday, December 27, 2015

ദിവസം 67. ശ്രീമദ്‌ ദേവീഭാഗവതം. 3.30. നാരദന്റെ വ്രതകഥനം

ദിവസം 67. ശ്രീമദ്‌ ദേവീഭാഗവതം3.30. നാരദന്റെ വ്രതകഥനം

ഏവം തം സംവിദം കൃത്വാ യാവത്തുഷ്ണീം ബഭുവതു:
ആജഗാമ തടാകാശാന്നാരദോ ഭാഗവാന്നൃഷി:
ഗണയന്‍ മഹതിം വീണാം സ്വരഗ്രാമ വിഭൂഷിതാം
ഗായന്‍ ബൃഹദ്രഥം സാമ തദാ തമുപസ്ഥിവാന്‍    

വ്യാസന്‍ തുടര്‍ന്നു: രാമലക്ഷ്മണന്മാര്‍ ഇങ്ങിനെ സംസാരിച്ചു നില്‍ക്കവേ ആകാശത്തുനിന്നും നാരദന്‍ വന്നിറങ്ങി. തന്റെ വീണയായ മഹതിയില്‍ അതി സുന്ദരമായ ഗാനവും ആലപിച്ചാണ് അദ്ദേഹത്തിന്‍റെ ആഗമനം. മുനിയെക്കണ്ടപ്പോള്‍ ജ്യേഷ്ഠാനുജന്മാര്‍ അദ്ദേഹത്തെ അര്‍ഘ്യം നല്‍കി ആദരിച്ചു. ശ്രീരാമനോട് തന്റെ അരികില്‍ ഇരിക്കാന്‍ മുനി പറയുന്നതുവരെ അദ്ദേഹം കൈകൂപ്പി കാത്തു നിന്നു. മുനി രാമനോട് കുശലം ചോദിച്ചിട്ട് ഇങ്ങിനെ പറഞ്ഞു:. ‘സാധാരണക്കാരെപ്പോലെ എന്തുകൊണ്ടാണ് നീ ശോകാകുലനായി വര്‍ത്തിക്കുന്നത്? സീതയെ രാവണന്‍ ബലം പ്രയോഗിച്ചു കൊണ്ടുപോയ വൃത്താന്തം ഞാനും അറിഞ്ഞു. ആ ദശാനനന്‍ സ്വന്തം നാശത്തിലേയ്ക്കാണ് പതിച്ചത് എന്നറിയുന്നില്ലല്ലോ! രാമാ, നിന്റെ അവതാരോദ്ദേശം തന്നെ ആ പൌലസ്ത്യനെ വധിക്കുക എന്നതാണ്. സീതാപഹരണം അതിനൊരു കാരണമായി എന്നേയുള്ളു. വൈദേഹിയുടെ പൂര്‍വ്വവൃത്താന്തം കേള്‍ക്കൂ. ഒരിക്കല്‍ തപസ്സിലേര്‍പ്പെട്ടിരുന്ന ഒരു ഋഷികന്യകയെക്കണ്ട് മോഹിച്ച രാവണന്‍ അവളോട് തന്റെ ഭാര്യയാവണം എന്നഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവള്‍ അതിനു വശംവദയായില്ല ക്രോധത്തോടെ രാവണന്‍ അവളുടെ മുടിയില്‍ കടന്നു പിടിച്ചു. അന്യപുരുഷന്‍ തൊട്ട് ദേഹം അശുദ്ധമായതിനാല്‍ അവള്‍ അതിനെ ത്യജിക്കാന്‍ തീരുമാനിച്ചു. അതിനു മുന്‍പ് രാവണനെ ശപിക്കുകയും ചെയ്തു. ‘നിന്നെ വധിക്കാനായി ഞാന്‍ അയോനിജയായി ഈ മണ്ണില്‍ത്തന്നെ ഇനിയും പിറക്കും.’ സാക്ഷാല്‍ രമയുടെ അംശമായ സീതയെ രാവണന്‍ കട്ടത്, പൂമാലയെന്നു വിചാരിച്ചു സര്‍പ്പത്തെ കഴുത്തിലിട്ടതുപോലെയായി. വംശം മുടിക്കാന്‍ ഈയൊരു കര്‍മ്മം മതി. ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടാണല്ലോ അസുരനിഗ്രഹത്തിനായി അങ്ങ് ഈ ജന്മമെടുത്തിരിക്കുന്നത്. ധൈര്യമായിരിക്കൂ. സീത ലങ്കയില്‍ നിന്നെ സദാ മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ വിവശയെങ്കിലും പരിശുദ്ധയായി കഴിയുന്നു. ആ ദേവിക്ക് യാതൊരാപത്തും ഉണ്ടാവുകയില്ല. ഇന്ദ്രന്‍ കാമധേനുവിന്റെ പാല്‍ സീതയ്ക്കായി എത്തിച്ചു. അമൃതുപോലുള്ള ആ പാല്‍ അത് കുടിച്ചു ക്ഷുത്തടങ്ങിയ ദേവിയെ ഞാന്‍ ആകാശമാര്‍ഗ്ഗേ പോവുമ്പോള്‍  കണ്ടിരുന്നു.

ഇനി ആ ദുഷ്ട രാവണനെ വധിക്കാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം. അങ്ങ് തുലാമാസത്തില്‍ ശ്രദ്ധാപൂര്‍വ്വം ഒരു വ്രതമനുഷ്ഠിക്കണം. നവരാത്രോപവാസം, ദേവീ പൂജ എന്നിവ ജപഹോമങ്ങളോടെ അനുഷ്ഠിച്ച് സര്‍വ്വ സിദ്ധികളും സ്വായത്തമാക്കാം. ആ ചണ്ഡികാദേവിയ്ക്കായി ശുദ്ധമൃഗങ്ങളെ മന്ത്രപൂര്‍വ്വം ബലിയര്‍പ്പിച്ചു നിനക്കും ശക്തിയാര്‍ജ്ജിക്കാം. ത്രിമൂര്‍ത്തികളും ഇന്ദ്രനുമെല്ലാം പണ്ട് ഈ യജ്ഞം അനുഷ്ഠിച്ച് ദേവിയുടെ അനുഗ്രഹം നേടിയിട്ടുണ്ട്. സുഖിയായിരിക്കുന്നവരും ഈ യജ്ഞം അനുഷ്ഠിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ദു:ഖാകുലന് ഇത് ഒഴിച്ച് കൂടാത്തതാണ് എന്ന് നിശ്ചയം. വിശ്വാമിത്രന്‍,ഭൃഗു, കശ്യപന്‍, വസിഷ്ഠന്‍, ബൃഹസ്പതി എന്നിവര്‍പോലും ഈ വ്രതം നോക്കിയവരാണ്. അതിനാല്‍ രാവണവധാര്‍ത്ഥമായി അങ്ങും വ്രതം നോറ്റാലും. ഇന്ദ്രന്‍ വൃത്രനെ കൊന്നതും രുദ്രന്‍ ത്രിപുരാന്തകനായതും ഈ വൃതബലത്താലാണ്. വിഷ്ണു ഈ വ്രതം നോറ്റത് മേരുവില്‍ വെച്ചാണ്. അത് മധുവിനെ നിഗ്രഹിക്കാനായിരുന്നു.'

ശ്രീരാമന്‍ ചോദിച്ചു: 'ആരാണീ പൂജാര്‍ഹയായ ദേവി? അവളുടെ മാഹാത്മ്യം എന്തൊക്കെയാണ്? ആ ദേവിയുടെ രൂപം, ശക്തിവിശേഷം, മഹത്വം എല്ലാം എനിക്കറിയണമെന്നുണ്ട്. സര്‍വ്വജ്ഞനായ അവിടുന്ന് എനിക്കായി എല്ലാം വിശദമായി പറഞ്ഞു തരണം.'

നാരദന്‍ തുടര്‍ന്നു: 'നിത്യയും ശാശ്വതിയുമായ അവളാണ് ആദിശക്തി. അവളെ പൂജിക്കുന്നതുകൊണ്ട് സര്‍വ്വ കാമങ്ങളും സാധിക്കും. ബ്രഹ്മാവ്‌ മുതലുള്ള സകല ജീവജാലങ്ങള്‍ക്കും കാരണം അവളത്രേ. ആ ദേവിയുടെ പ്രാഭവമില്ലെങ്കില്‍ യാതൊന്നും അണുവിട ചലിക്കില്ല. എന്റെ പിതാവായ ബ്രഹ്മാവിന് സൃഷ്ടിശക്തി, വിഷ്ണുവിനു പരിപാലന ശക്തി, രുദ്രന് സംഹാരശക്തി, ഇവയെല്ലാം നല്‍കുന്നത് ശിവരൂപയായ ദേവിയാണ്. ബ്രഹ്മാദികളും ഭൂമിയും സൂര്യനുമൊന്നും ഇല്ലാതിരുന്ന അനാദിയില്‍ പരിപൂര്‍ണ്ണയായ പരാശക്തിയായി അവളുണ്ടായിരുന്നു. നിര്‍ഗുണാത്മികയും  മൂലപ്രകൃതിയുമായ അവള്‍ പരമപുരുഷനുമായി യുഗാദിയില്‍ വിഹരിച്ചുവന്നു. എന്നാല്‍ സഗുണയായ അവള്‍ ബ്രഹ്മാവുതൊട്ട് സകല ജീവജാലങ്ങളെയും സൃഷ്ടിച്ച് അവയ്ക്ക് ശക്തി നല്‍കി. മൂന്നു ലോകങ്ങളും സൃഷ്ടിച്ച് അവയ്ക്ക് ഉണ്മയുടെ ഭാവം നല്‍കി. ബ്രഹ്മസ്വരൂപിണിയായി ദേവിയെപ്പറ്റി അറിയുന്നതിലൂടെയാണ് സംസാരബന്ധനത്തിന്റെ കെട്ടറുക്കാന്‍ കഴിയുക, വേദാദികളുടെ കര്‍ത്താവും വേദവിഷയവും ദേവിയാണ്. ബ്രഹ്മാദികള്‍ അവള്‍ക്കായി എണ്ണമറ്റ നാമങ്ങള്‍ കല്‍പ്പിച്ചിട്ടുള്ളതില്‍ ഏതൊക്കെയാണ് ഞാനിപ്പോള്‍ പറയേണ്ടത്? ചരാചരമായി കാണപ്പെടുന്ന സകലതും അവളുടെ തന്നെ നാമരൂപങ്ങളാണ്. അകാരത്തില്‍ തുടങ്ങി ക്ഷകാരത്തില്‍ അവസാനിക്കുന്ന സ്വരവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന നാമങ്ങള്‍ എല്ലാം അവളുടേതാണ്. അതെല്ലാം ആര്‍ക്കും എണ്ണി തിട്ടപ്പെടുത്താനാവില്ല.'

ശ്രീരാമന്‍ പറഞ്ഞു: 'മഹാമുനേ, ആ വ്രതം എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വിവരിച്ചു തന്നാലും. ശ്രദ്ധാപൂര്‍വ്വം ശ്രീദേവീപൂജ ചെയ്യാന്‍ ഞാന്‍ മനസാ തയ്യാറായിക്കഴിഞ്ഞു.'

നാരദന്‍ തുടര്‍ന്നു: 'ദേവിയെ നല്ലൊരു പീഢത്തില്‍ ഉപവിഷ്ടയാക്കി ഒന്‍പതു നാളുകള്‍ ഉപവസിക്കുക. ഈ കര്‍മ്മത്തിലിപ്പോള്‍ ഞാന്‍ തന്നെ ആചാര്യനാവാം. ദേവ കാര്യം സാധിക്കാനായി ഞാനും ഉത്സാഹിക്കാം.'

വ്യാസന്‍ തുടര്‍ന്നു: മുനിയുടെ വാക്ക് മാനിച്ചു രഘുവരന്‍ നല്ലൊരു പീഢമൊരുക്കി ദേവിയെ അവിടെ പ്രതിഷ്ഠിച്ചു. അശ്വിനിമാസമായപ്പോള്‍ വിധിയാം വണ്ണം അംബികയെ രാമന്‍ പൂജിച്ചു. ഉപവാസത്തോടെ വ്രതമെടുത്തു. നാരദനിര്‍ദ്ദേശപ്രകാരം ബലി, ഹോമം, അര്‍ച്ചന എന്നിവയെല്ലാം രാമലക്ഷ്മണന്മാര്‍ യഥോചിതം ചെയ്തു. അഷ്ടമിയ്ക്ക് അര്‍ദ്ധരാത്രിയില്‍ ദേവി അവര്‍ക്ക് ദര്‍ശനം നല്‍കി. സംതുഷ്ടയായ ദേവി സിംഹത്തിന്‍മേലിരുന്നു പ്രത്യക്ഷയായി.

മേഘഗംഭീര സ്വരത്തില്‍ ദേവി ഇങ്ങിനെ അരുളി:  'മഹാബാഹോ, രാമാ, നിന്റെ വ്രതത്താല്‍ ഞാന്‍ തുഷ്ടയായിരിക്കുന്നു. നിനക്ക് ആവശ്യമുള്ള വരം എന്താണെങ്കിലും ചോദിക്കാം. ശ്രേഷ്ഠവംശത്തില്‍ ജനിച്ച നീ വിഷ്ണുവിന്റെ അംശമാണ്. ഇപ്പോള്‍ രാവണനിഗ്രഹത്തിനായി ദേവന്മാരുടെ അഭ്യര്‍ത്ഥനപ്രകാരം അവതരിച്ചിരിക്കുന്നു. പണ്ട് മത്സ്യരൂപത്തില്‍ വന്ന് അസുരനെ കൊന്ന് നീ വേദങ്ങളെ വീണ്ടെടുത്തു. കൂര്‍മ്മമായി വന്ന് താഴ്ന്നുപോയ്ക്കൊണ്ടിരുന്ന മന്ദരഗിരിയെ പൊക്കി നിര്‍ത്തി. അങ്ങിനെയാണ് ദേവന്മാര്‍ക്ക് പാലാഴി കടയാന്‍ സാധിച്ചത്. ഒരു പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട്‌ ഈ ധരയെ മുഴുവന്‍ താങ്ങി നിര്‍ത്തിയതും നീയാണ്. നരസിംഹത്തിന്റെ ആകാരമെടുത്ത് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദരക്ഷചെയ്തത് നീയാണ്. പിന്നീട് ഇന്ദ്രാനുജനായ വാമനനായി അവതരിച്ച് മഹാബലിയുടെ ഗര്‍വ്വടക്കി. എന്റെയും വിഷ്ണുവിന്റെയും അംശങ്ങള്‍ ചേര്‍ന്ന ജമദഗ്നിപുത്രനായ ഭാര്‍ഗ്ഗവരാമനായി നീ ക്ഷത്രിയകുലം മുടിച്ചു, ഭൂമി പിടിച്ചടക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അതുപോലെ ദശാസ്യനെ വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് നീയിപ്പോള്‍ ദശരഥപുത്രനായി പിറന്നിട്ടുള്ളത്. നിന്റെ സേവകരായ ഈ ബലിഷ്ഠവാനരന്മാര്‍ ദേവാംശഭൂതന്മാരാണ്. അവര്‍ക്ക് എന്റെ ശക്തിയുടെ സമാവേശമുണ്ടാവും. ശേഷാംശഭൂതനായ നിന്റെ അനുജന്‍ ലക്ഷ്മണന്‍ രാവണപുത്രനെ നിഗ്രഹിക്കും. ഹേ പാപരഹിതാ, സംശയലേശം വേണ്ട, എല്ലാം ഉചിതമായി കലാശിക്കും. വസന്തത്തിലും എന്നെ പൂജിക്കുന്നതില്‍ മുടക്കം വരുത്തരുത്. രാവണനെ നിഗ്രഹിച്ചു നീ സസുഖം വാഴുക. നിനക്ക് പതിനോന്നായിരം കൊല്ലം രാജാവായി വാഴാന്‍ യോഗമുണ്ട്. അതുകഴിഞ്ഞ് നിനക്ക് സ്വര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങാം.’

വ്യാസന്‍ തുടര്‍ന്നു: ഇത്രയും അരുളിച്ചെയ്ത് ദേവി അപ്രത്യക്ഷയായി. പത്താം നാളില്‍ വ്രതമവസാനിപ്പിച്ചു ദാനവും ചെയ്ത് ജ്യേഷ്ഠാനുജന്മാര്‍ യാത്രപുറപ്പെട്ടു. ഭഗവതിയുടെ വാക്കിനാല്‍ പ്രചോദിതനായ രാമന്‍ സാനുജനായി വാനര രാജാവായ സുഗ്രീവന്റെ സൈന്യത്തോടുകൂടി സമുദ്രതീരത്തെത്തി. പിന്നീട് ലങ്കയിലേയ്ക്ക് ഒരു പാലം തീര്‍ത്ത് അവിടെയെത്തി രാവണനെ വധിച്ച്‌ തന്റെ കീര്‍ത്തി എമ്പാടും പരത്തി. ദേവിയുടെ അദ്ഭുതചരിതം കേള്‍ക്കുന്നവര്‍ വിവിധസുഖഭോഗങ്ങള്‍ അനുഭവിച്ചശേഷം പരമപദം പ്രാപിക്കുന്നു. പുരാണങ്ങള്‍ അനേകമുണ്ട് എന്നാല്‍ ഈ ദേവീഭാഗവതത്തിന് തുല്യമായി മറ്റൊന്നില്ല എന്നാണ് എന്റെ അഭിപ്രായം.

Saturday, December 26, 2015

ദിവസം 66. ശ്രീമദ്‌ ദേവീഭാഗവതം. 3. 29 രാമശോകം

ദിവസം 66. ശ്രീമദ്‌ ദേവീഭാഗവതം. 3. 29  രാമശോകം

തദാകര്‍ണ്ണ്യ വചോ ദുഷ്ടം ജാനകീ ഭയവിഹ്വലാ
വേപമാനാ സ്ഥിരം കൃത്വാ മനോ വാചമുവാച ഹ
പൌലസ്ത്യ കിമസദ്വാക്യം ത്വമാത്ഥ സ്മരമോഹിത:
നാഹം വൈ സ്വൈരിണീ കിന്തു ജനകസ്യ കുലോദ് ഭവാ

വ്യാസന്‍ പറഞ്ഞു: രാവണന്റെ വാക്കുകള്‍ കേട്ട് ഭയത്തോടെയാണെങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് ജാനകി പറഞ്ഞു: 'പൌലസ്ത്യനായ അങ്ങ് വെറും കാമപീഡിതനായി ഇങ്ങിനെ സംസാരിക്കുന്നതെന്ത്? നിങ്ങളുടെ ഇംഗിതത്തിനു വഴങ്ങാന്‍ ഞാനൊരു വേശ്യയല്ല. വിദേഹപുത്രിയായ രാജ്ഞിയോടാണ് സംസാരിക്കുന്നതെന്ന് അറിഞ്ഞാലും. പെട്ടെന്ന് ലങ്കയിലേയ്ക്ക് മടങ്ങി പോയ്ക്കൊള്ളുക. രാമന്‍ വന്നാല്‍ നിന്നെ കൊല്ലും എന്ന് നിശ്ചയം. ഞാന്‍ മൂലമായിരിക്കും നിന്റെ അന്ത്യം.' ദാശാനനോടു പോകാന്‍ പറഞ്ഞുകൊണ്ട് സീത തന്റെ കുടിലില്‍ എരിയുന്ന അഗ്നിയുടെ സമീപത്തേയ്ക്ക് നടന്നു. എന്നാല്‍ രാവണന്‍ പെട്ടെന്ന് തന്റെ സ്വരൂപം ധരിച്ചുകൊണ്ട് പേടിച്ചരണ്ട സീതയെ വാരിയെടുത്ത് ആകാശരഥത്തില്‍ കയറ്റിയിരുത്തി. 'രാമാ, ലക്ഷ്മണാ' എന്നവള്‍ കരഞ്ഞുകൊണ്ട് ആ തേരില്‍ ഇരുന്നു പോകും വഴിയില്‍ ജഡായു എന്ന് പേരായ പക്ഷിരാജന്‍ ആ രഥത്തെ തടഞ്ഞുനിര്‍‍ത്തി രാവണനുമായി മല്ലിട്ടു. എന്നാല്‍ രാവണന്‍ ജഡായുവിന്‍റെ ചിറകുകള്‍ അരിഞ്ഞു കളഞ്ഞതിനാല്‍ പരാജിതനായി മണ്ണില്‍ വീണു. രാവണന്‍ സീതയേയും കൊണ്ട് ലങ്കയിലെത്തി. അവളെ അശോകവനത്തില്‍ കൊണ്ടുപോയി അനുനയിപ്പിച്ചു സ്വന്തമാക്കാന്‍ രാവണന്‍ പല രീതിയിലും ശ്രമിച്ചു. അതിനായി രാത്രിഞ്ചരിമാര്‍ അവന് ഒത്താശ ചെയ്തു.

അപ്പോഴേയ്ക്ക് രാമന്‍ മാനിനെ കൊന്ന് സീതയ്ക്ക് നല്‍കാനായി കുടിലിലേയ്ക്ക് വരുമ്പോള്‍ തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനെ കണ്ടു. ‘എന്തിനാണ് നീ എന്റെ പ്രിയതമയെ തനിച്ചാക്കി വന്നത്?’ എന്ന് ചോദിച്ചപ്പോള്‍ ‘അതെന്റെ കാലക്കേട്‌’ എന്നായി ലക്ഷ്മണന്‍. 'സീതയുടെ വാക്ശരം പൊറുക്കാഞ്ഞു ഞാന്‍ അങ്ങയെ തേടിയിറങ്ങിയതാണ്.' 


രണ്ടാളും കൂടി പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ സീത അവിടെയില്ല. ദുഖത്തോടെ അവര്‍ സീതയെത്തേടി നടന്നു. അങ്ങിനെ നടക്കവേ, രാവണനോടു മല്ലിട്ട് മൃതപ്രായനായിക്കിടക്കുന്ന ജഡായുവിനെ അവര്‍ കണ്ടു. ‘പാപിയായ രാവണന്‍ ജനകജയെ കട്ടുകൊണ്ടുപോകുന്നത്' താന്‍ കണ്ടുവെന്ന വൃത്താന്തം ആ പക്ഷിപ്രവരന്‍ അവരെ അറിയിച്ചു. പ്രാണന്‍ വിടാറായ പക്ഷിയെ രാമന്‍ അനുഗ്രഹിച്ചു. വിവരമറിയിച്ചു പ്രാണന്‍ വെടിഞ്ഞ പക്ഷിക്ക് വേണ്ടി ശേഷക്രിയകള്‍ നടത്തി അവര്‍ യാത്ര തുടര്‍ന്നു. കാട്ടില്‍ കണ്ടുമുട്ടിയ ദുഷ്ടനായ കബന്ധനെ രാമന്‍ വധിച്ചു. അവനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് സുഗ്രീവനുമായി രാമന്‍ സഖ്യത്തിലേര്‍പ്പെട്ടു. രാമന്‍ വീരനായ ബാലിയെക്കൊന്നു സുഗ്രീവനെ രാജാവാക്കി വാഴിച്ചു.

ക്രൂരനായ രാവണന്‍ തന്റെ പ്രിയതമയെ കട്ടുകൊണ്ടുപോയതില്‍ ദുഖിതനായ രാമന്‍ മഴക്കാലമായ നാലുമാസങ്ങള്‍ ഖിന്നമാനസനായി കഴിച്ചുകൂട്ടി. രാമന്‍ ലക്ഷമണനോടു പറഞ്ഞു: 'കൈകേയി അമ്മയുടെ മനോരാജ്യം എല്ലാം ഇപ്പോള്‍ സഫലമായി എന്ന് തോന്നുന്നു. സീതയെക്കൂടാതെ ഞാന്‍ മടങ്ങുന്നതിലും ഭേദം ആത്മഹത്യയാണ്. നാട് പോയി, അച്ഛന്‍ മരിച്ചു. ഇനി ഭാര്യയും ഇല്ലാതെ ഞാന്‍ എന്തിനു ജീവിക്കണം? 
എനിക്കെതിരെ ദുര്‍വിധിക്ക്  ഇനിയും എന്ത് ചെയ്യാനാവും? രാജപുത്രന്മാരായ നാം ഇപ്പോള്‍ വനവാസികളായി നടക്കുന്നത് മുജ്ജന്മ കര്‍മ്മഫലം തന്നെയാണ്. നീയാണെങ്കില്‍ യാതൊരു കാരണവുമില്ലാതെ നിന്റെ സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെവന്നു ദുരിതം അനുഭവിക്കുന്നു! നമ്മുടെ കുലത്തില്‍ത്തന്നെ എന്‍റെയത്ര ഭാഗ്യഹീനനായി മറ്റാരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ഈ അഴല്‍ക്കടല്‍ ഞാനെങ്ങിനെ കടക്കും? എനിക്ക് ധനമില്ല, ബലവും കുറവാണ്. ഉള്ളത് വീരനായ നിന്റെ തുണയൊന്നുമാത്രമാണ്. ഞാന്‍ ആരെ പഴിക്കാനാണ്? എന്റെ കര്‍മ്മഫലം തന്നെ. ഇന്ദ്രലോകത്തിനു തുല്യമായ രാജ്യം കയ്യില്‍ വന്ന ഉടനെ നഷ്ടപ്പെട്ടു. കാട്ടില്‍ വസിക്കാനിടയും വന്നു. ദൈവകല്‍പ്പിതം എന്തെന്നാര്‍ക്കറിയാം? ചെറുപ്പത്തിന്റെ ചാഞ്ചല്യം മാറാത്തതുകൊണ്ട് എന്റെയൊപ്പം കാട്ടില്‍ കഴിയാന്‍ വന്നതാണ് ജനകജ. എന്നാല്‍ ആ പെണ്‍ കൊടിക്ക് വന്ന ദുര്യോഗം എത്ര കഠിനതരമാണ്. എന്റെ പ്രിയതമ ലങ്കേശന്റെ കൊട്ടാരത്തില്‍ അനുഭവിക്കുന്ന ദുഃഖം എത്ര കഠിനമായിരിക്കും! അവള്‍ രാവണന് കീഴടങ്ങാന്‍ പോകുന്നില്ല. അതിനായി നിര്‍ബ്ബന്ധിച്ചാല്‍ അവള്‍ അപ്പോള്‍ത്തന്നെ ദേഹം ത്യജിക്കും എന്ന് നിശ്ചയം. സീത ഇല്ലാതായാല്‍ ഞാനും പ്രാണന്‍ കളയും. ഒരുവന് സഹധര്‍മ്മചാരിണി കൂടെയില്ലാതുള്ള ജീവിതം എന്തിനാണ്?’ ഇങ്ങിനെപറഞ്ഞു കരയുന്ന രാമനെ ലക്ഷ്മണന്‍ ആശ്വസിപ്പിച്ചു.

‘ജ്യേഷ്ഠാ, ധൈര്യം വിടാതിരിക്കൂ. ദശമുഖനായ ആ ദൈത്യനെ കൊന്നു ഞാന്‍ സീതയെ തിരികെ കൊണ്ടുവരാം. ദു:ഖത്തിലും സന്തോഷത്തിലും ഒരുപോലെ വാഴുന്നവനല്ലേ ധീരന്‍? അതിലേതെങ്കിലും വന്നണഞ്ഞാ ല്‍ അതില്‍ത്തന്നെ മുങ്ങിപ്പോകുന്നത്. കേവലം ബുദ്ധികുറഞ്ഞവരാണ്. വേര്‍പാടും ചേര്‍ച്ചയും ദൈവാധീനങ്ങള്‍ മാത്രമാണ്. ദേഹത്തിനു മാത്രമാണ് ദുഃഖം. ആത്മാവിനെ യാതൊന്നും ബാധിക്കില്ല. ഇപ്പോള്‍ നാട് പോയി, വാസം കാട്ടിലായി, സീതയുമായി വേര്‍പെട്ടു ജീവിക്കുന്നു. എന്നാല്‍ കാലം അനുകൂലമാകുമ്പോള്‍ ഇതെല്ലാം തിരിഞ്ഞു മറിഞ്ഞു വരും. മനുഷ്യനായി ജനിച്ചുപോയാല്‍ സുഖവും ദുഖവും മാറിമാറി അനുഭവിക്കുകതന്നെ വേണം. ദേവിയെ എല്ലാടവും പോയി തിരയാന്‍ തയ്യാറായി അനേകം വാനരന്മാര്‍ നമ്മുടെ സ്വാധീനത്തിലുണ്ട്. ജാനകീ ദേവിയുടെ വാര്‍ത്ത അവര്‍ കൊണ്ടുവന്നു തരും. വിവരം കിട്ടിയാല്‍ അവിടെയെത്താനുള്ള വഴി കണ്ടുപിടിച്ച് ഞാന്‍ പോയി ദേവിയെ കൊണ്ട് വരാം. വേണമെങ്കില്‍ ഭരതനേയും ശത്രുഘ്നനെയും അവരുടെ സൈന്യങ്ങളെയും  കൂടി വരുത്തി നമ്മുടെ ശത്രുവിനെ വെല്ലാമല്ലോ. എന്തിനാണ് ഖേദം? പണ്ട് നമ്മുടെ കുലത്തിലെ രഘു ഒറ്റത്തേരുകൊണ്ട് പോയി സകല ദിക്കുകളും ജയിച്ചില്ലേ! എന്നിട്ടും എന്തിനാണ് ഖേദം? ദേവാസുരന്മാരെയെല്ലാം ജയിക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് മതിയാകും. പിന്നെ സഹായിക്കാന്‍ ആളുകള്‍ കൂടിയുണ്ടെങ്കില്‍ പറയാനുണ്ടോ? ആ ദുഷ്ടനെ ജയിക്കുക നമുക്ക് നിഷ് പ്രയാസം സാധിക്കും. വേണ്ടിവന്നാല്‍ ജനകനെപ്പോലും നമുക്ക് സഹായത്തിനായി വരുത്താം. ദുരാചാരിയും ദേവാരിയുമായ ദശാനനനെ നമുക്ക് കാലപുരിക്കയക്കാം. തേരിന്റെ ചക്രങ്ങള്‍ കറങ്ങുന്നതുപോലെ സുഖദുഖങ്ങള്‍ ചാക്രികമായി ആവര്‍ത്തിച്ച് വരുന്നു. യാതൊന്നും സ്ഥിരമായി നില്‍ക്കില്ല. ഈ ദ്വന്ദങ്ങളില്‍ മാഴ്കുന്നവര്‍ക്ക് സുഖം ലഭിക്കുക അസാദ്ധ്യം. ഇന്ദ്രനും പണ്ട് ഇതുപോലെയുള്ള  ദുരനുഭവം ഉണ്ടായി. ആ സമയത്ത് ദേവന്മാര്‍ നഹുഷനെ ഇന്ദ്രപദവിയില്‍ വാഴിക്കുകയും ചെയ്തു. ഇന്ദ്രന് അനേകസംവത്സരങ്ങള്‍ ഒരു താമരയ്ക്കുള്ളില്‍ അജ്ഞാതവാസത്തില്‍ കഴിയേണ്ടിവന്നു. നഹുഷന് പിന്നീട് ആ പദവി നഷ്ടമായിട്ട്, ശാപം മൂലം ഒരു പെരുമ്പാമ്പിന്റെ ജന്മമെടുക്കുക്കേണ്ടിവരികയും ചെയ്തു. ഇന്ദ്രാണിയെ കാമിക്കുകയും ബ്രാഹ്മണനിന്ദ ചെയ്യുകയും മൂലമാണ് അഗസ്ത്യമുനി ആ രാജാവിനെ ശപിച്ച് സര്‍പ്പമാക്കിയത്. വ്യസനമുണ്ടാവുമ്പോള്‍ ഖേദിച്ചിട്ട്‌ കാര്യമില്ല. ബുദ്ധിമാന്മാര്‍ താന്താങ്ങളുടെ ഉദ്യമങ്ങളില്‍ ഉള്ളുറപ്പിച്ചു നില്‍ക്കുകയാണ് വേണ്ടത്. അങ്ങേയ്ക്ക് എല്ലാമറിയാം. പിന്നെ പ്രാകൃതന്മാരെപ്പോലെ എന്തിനാണിങ്ങിനെ ദുഖിതനായിരിക്കുന്നത്?’

ലക്ഷ്മണന്റെ വാക്കുകള്‍ കേട്ട് ബോധം വന്ന രാമന്‍ ശോകം വിട്ട് തനിക്ക് താല്ക്കാലികമായുണ്ടായ ഭീരുത്വം വെടിഞ്ഞ് കര്‍മ്മനിരതനായി.

Friday, December 25, 2015

ദിവസം 65. ശ്രീമദ്‌ ദേവീഭാഗവതം. 3. 28. രാമായണ കഥാ പ്രശ്നം

ദിവസം 65. ശ്രീമദ്‌ ദേവീഭാഗവതം. 3. 28. രാമായണ കഥാ പ്രശ്നം

കഥം രാമേണ തച്ചീര്‍ണ്ണം വ്രതം ദേവ്യാ: സുഖപ്രദം
രാജ്യഭ്രഷ്ട: കഥം സോ f ഥ കഥം സീതാ ഹൃതാ പുന:
രാജാ ദശരഥ: ശ്രീമാനയോദ്ധ്യാധിപതി: പുരാ
സൂര്യവംശധരശ്ചാസീദ്ദേവ ബ്രാഹ്മണ പൂജക:

ജനമേജയന്‍ ചോദിച്ചു: ശ്രീരാമന്‍ പോലും ഭഗവതിയുടെ നവരാത്രിവ്രതം അനുഷ്ഠിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്? ആ മഹാനുഭാവന്‍ എങ്ങിനെയാണ് രാജ്യഭ്രഷ്ടനായത്? അദ്ദേഹത്തിനു സീതാവിരഹദുഖം ഉണ്ടായതെങ്ങിനെ?

വ്യാസന്‍ പറഞ്ഞു: പണ്ട് അയോദ്ധ്യയില്‍ സൂര്യവംശത്തില്‍ ദശരഥന്‍ എന്നു പേരുള്ള മഹാനായ ഒരു രാജാവുണ്ടായിരുന്നു. ദേവപൂജയിലും വിപ്രപൂജയിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിനു മൂന്നു രാജ്ഞിമാരിലായി ലോകപ്രശസ്തരായ നാല് മക്കളുണ്ടായി. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നീ ബാലന്മാര്‍ സകല ഗുണങ്ങളും തികഞ്ഞവരായിരുന്നു. രാജ്ഞിമാരായ കൌസല്യയില്‍  ശ്രീരാമന്‍; കൈകേയിയില്‍ ഭരതന്‍. സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്നനും എന്നിങ്ങിനെയാണ് രാജാവിനു മക്കളുണ്ടായത്. ആ ഉത്തമകുമാരന്മാര്‍ രാജാവിന് അദമ്യമായ  സൌഖ്യത്തെ പ്രദാനം ചെയ്തു. ഒരുദിവസം യാഗരക്ഷയ്ക്കായി വിശ്വാമിത്രമഹര്‍ഷി രാജാവിന്റെ സഹായം തേടി കൊട്ടാരത്തിലെത്തി. പതിനാറു വയസ്സുള്ള രാമനെയാണു മഹര്‍ഷി യാഗരക്ഷയ്ക്കായി വിളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചത്. എന്നാല്‍ രാജാവ് ലക്ഷ്മണനെക്കൂടെ രാമനൊപ്പം മഹര്‍ഷിയുടെ സഹായത്തിനു പറഞ്ഞയച്ചു. വഴിയില്‍വെച്ച് ഒരൊറ്റ അമ്പുകൊണ്ട് ഘോരരൂപിണിയായ താടകയെ ശ്രീരാമന്‍ വധിച്ചു. മുനിമാര്‍ക്ക് സദാ ശല്യം ചെയ്തിരുന്ന ആ രാക്ഷസിയെ മാത്രമല്ല, ദുഷ്ടനായ സുബാഹുവിനെയും രാമന്‍ വകവരുത്തി. യജ്ഞം മുടക്കാന്‍ അവിടെയെത്തിയ മാരീചനെ മൃതപ്രായനാക്കി ഓടിച്ചു. ഇങ്ങിനെ യജ്ഞരക്ഷ ചെയ്ത കുമാരന്മാരെക്കൂട്ടി മഹര്‍ഷി, മിഥിലയില്‍ ജനകന്റെ രാജധാനിയിലേയ്ക്ക് പോയി. പോകും വഴിയില്‍ ശിലയായി കിടന്നിരുന്ന അഹല്യക്ക് രാമന്‍ ശാപമോചനം നല്‍കി. വിദേഹന്റെ കൊട്ടാരത്തിലെത്തി അവിടെ നടന്ന മത്സരത്തില്‍ ശ്രീരാമന്‍ ശിവധനുഷ് ഭഞ്ജിച്ചു വിജയം നേടി. സീതാസ്വയംവരത്തിനായി എര്‍പ്പെടുത്തിയ പന്തയം ജയിച്ച രാമന്‍ സീതയെ പാണിഗ്രഹണം ചെയ്തു. ജനകന്‍ തന്റെ മകളായ ഊര്‍മ്മിളയെ ലക്ഷ്മണന് നല്‍കി. ഭരതശത്രുഘ്നന്‍മാര്‍ കുശധ്വജന്റെ പുത്രിമാരായ മാണ്ഡവിയെയും ശ്രുത്രകീര്‍ത്തിയെയും വിവാഹം കഴിച്ചു. അങ്ങിനെ നാല് കുമാരന്മാരുടെയും വിവാഹം മിഥിലയില്‍ത്തന്നെയായിരുന്നു.

യഥാകാലം ദശരഥന്‍ തന്റെ സീമന്തപുത്രനായ രാമനെ രാജാധികാരം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാമനെ രാജാവാക്കാനുള്ള ഒരുക്കം കണ്ട കൈകേയി പൂര്‍വ്വകല്‍പ്പിതമായ രണ്ടുവരങ്ങള്‍ രാജാവിനോട് ചോദിക്കാന്‍ തീരുമാനിച്ചു. ഭരതന് രാജ്യഭാരം നല്‍കണം, പിന്നെ രാമനെ പതിന്നാലുവര്‍ഷം കാട്ടിലേയ്ക്ക് പറഞ്ഞയക്കണം എന്നിവയായിരുന്നു അവള്‍ ചോദിച്ച വരങ്ങള്‍. രാമന്‍ അങ്ങിനെ ലക്ഷമണനും സീതയുമൊരുമിച്ചു കാനനവാസം തുടങ്ങി. ഘോരരാക്ഷസന്മാര്‍ വാഴുന്ന വനം അവരെ സംരക്ഷിച്ചു. പുത്രദുഖത്താല്‍ രാജാവ് മരണമടഞ്ഞു. ജ്യേഷ്ഠനു നിഷേധിച്ച രാജ്യം വാഴാന്‍ ഭരതന്‍ തയ്യാറായില്ല. അതിനാല്‍ രാമന്റെ പ്രതിപുരുഷനായാണ് സ്വയം ഒരു കുടിലില്‍ വാണുകൊണ്ട് അദ്ദേഹം രാജ്യഭാരം നിര്‍വ്വഹിച്ചത്. പഞ്ചവടിയില്‍ മൂവരും താമസിക്കുമ്പോള്‍ കാമാര്‍ത്തയായി വന്ന ശൂര്‍പ്പണഖയെ ലക്ഷ്മണന്‍ വികൃതയാക്കി വിട്ടു. ഈ കൃത്യത്തിനെതിരെ ഖരാദി രാക്ഷസന്മാര്‍  പ്രതികാരത്തിനു വന്നപ്പോള്‍ ഘോരയുദ്ധം ചെയ്ത് രാമന്‍ അവനെയും കൂട്ടരെയും കാലപുരിക്കയച്ചു. തപസ്സും യാഗവും മുടക്കിയിരുന്ന രാക്ഷസരില്‍ നിന്നും അങ്ങിനെ രാമന്‍ മുനിമാരെ രക്ഷിച്ചു വന്നു.

അംഗഭംഗം വന്ന ശൂര്‍പ്പണഖ തന്റെ സഹോദരനായ രാവണന്റെയടുക്കല്‍ പരാതിപറഞ്ഞു. ഖരദൂഷണന്മാര്‍ വധിക്കപ്പെട്ട വൃത്താന്തവും അറിയിച്ചു. ഇതുകേട്ട് കോപിഷ്ഠനായ ദശകണ്ഠന്‍ മാരീചന്റെ കുടിലില്‍ചെന്ന് അദ്ദേഹത്തിന്‍റെ സഹായം അഭ്യര്‍ഥിച്ചു. മായാവിയായ മാരീചന്‍ ഒരുപൊന്മാന്റെ രൂപഭാവത്തില്‍ ചെന്ന് സീതയെ മോഹിപ്പിക്കണം എന്നതായിരുന്നു രാവണന്റെ ആജ്ഞ. കമനീയമായ പുള്ളികളുള്ള ഒരു മാന്‍ തന്‍റെ കുടിലിനരികെ വിളയാടുന്നത് കണ്ടു സീതക്ക് അതിന്റെ സ്വര്‍ണ്ണവര്‍ണ്ണമുള്ള തോല്  സ്വന്തമാക്കാന്‍ കലശലായ ആഗ്രഹം തോന്നി. അത് തന്റെ കാന്തനായ രാമനോട് ആവശ്യപ്പെടുകയും ചെയ്തു. അനുജനായ ലക്ഷ്മണനെ സീതയ്ക്ക് കാവലിരുത്തി രാമന്‍ മാനിനെ പിടിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ മായാവിയായ മാരീചന്‍ ‘കണ്ടു കണ്ടില്ല’ എന്ന മട്ടില്‍ അങ്ങുമിങ്ങും ഓടി രാമന് പിടി കൊടുക്കാതെ വനത്തിനുള്ളിലേയ്ക്ക് കയറിക്കയറിപ്പോയി. തനിക്ക് മൃഗത്തെ കിട്ടും എന്നുറപ്പായപ്പോള്‍ രാമന്‍ ഒരമ്പെയ്ത് അതിനെ വീഴ്ത്തി. അമ്പ്‌ തറഞ്ഞപാടേ മാരീചന്‍ രാമന്റെ ശബ്ദത്തില്‍ “ഹാ ഹാ ലക്ഷ്മണാ ഞാന്‍ മരിച്ചേ” എന്ന് നിലവിളിച്ചു. ആ ശബ്ദം കേട്ട മൈഥിലി ലക്ഷ്മണനോട് രാമനെ ചെന്ന് സഹായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കര്‍ത്തവ്യം സീതയെ സംരക്ഷിക്കുകയാണെന്നും ആശ്രമം വിട്ടു പോകാന്‍ സാദ്ധ്യമല്ല എന്നും ലക്ഷ്മണന്‍ ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല രാമനെ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ ശബ്ദം മായാവികളുടെ വേലയാണ്, എന്നെല്ലാം ലക്ഷ്മണന്‍ പറഞ്ഞു നോക്കി. എന്നാല്‍ ആസമയം സ്വതവേ ക്രൂരസ്വഭാവമില്ലാത്ത സീത അതിക്രൂരമായി ലക്ഷ്മണനെ ഭര്‍സിച്ചു. തന്നില്‍ അനുരാഗമുള്ളത് കൊണ്ടാണ് 'ഭരതന്റെ പ്രേരണയാല്‍ നീ ഞങ്ങളുടെ കൂടെ വന്നത് 'എന്നും മറ്റുമുള്ള നീച വാക്കുകള്‍ സീതയില്‍ നിന്നുമുണ്ടായി. ‘രാമന്‍ മരിച്ചാല്‍ നിന്നെ ഞാന്‍ വരിക്കും എന്ന വ്യാമോഹമോന്നും വേണ്ട. അങ്ങിനെയുള്ള സ്വൈരിണിയല്ല ഞാന്‍. രാമനില്ലാതെ ഒരുനിമിഷം ഞാന്‍ ജീവിക്കുകയില്ല.’ സീതയുടെ ദുര്‍വചനം കേട്ട് ഖിന്നനായ ലക്ഷ്മണന്‍ പറഞ്ഞു: നിന്നില്‍ നിന്നും ഇത്തരം വാക്കുകള്‍ ഉണ്ടാവാന്‍ കാരണമെന്താണ്? എന്തോ ആപത്തു വരാന്‍ പോകുന്നു എന്നെനിക്കു തോന്നുന്നു.’ ലക്ഷ്മണന്‍ ജ്യേഷ്ഠനെത്തേടി കാട്ടിലേയ്ക്ക് പോയി.

ലക്ഷ്മണന്‍ പോയ തഞ്ചം നോക്കി കപട മുനിവേഷധാരിയായി അവിടെയെത്തിയ രാവണന്‍ സീതയോട് ഭിക്ഷ ചോദിച്ചു. ഫലമൂലങ്ങള്‍ ഭിക്ഷ നല്‍കിയ സീതയോട് അദ്ദേഹം വിനയത്തോടെ ചോദിച്ചു: ‘എന്താണ് ഭവതി ഇവിടെ കാട്ടില്‍ കഴിയുന്നത്? നിന്റെ അച്ഛനാരാണ്? നിനക്ക് ആങ്ങളമാര്‍ ഉണ്ടോ? ഭര്‍ത്താവോ? ഒറ്റയ്ക്കിവിടെ കഴിയാന്‍ തക്ക മൂഢയാണോ നീ? ദേവകന്യയെപ്പോലെയുള്ള നീയിവിടെ താപസിയെപ്പോലെ കഴിയുന്നു! കഷ്ടം!’

വലിയൊരു മുനിശ്രേഷ്ഠനായിരിക്കും ആഗതന്‍ എന്ന് കരുതിയ സീത വൃത്താന്തമെല്ലാം പറഞ്ഞു. ‘ദശരഥരാജാവിന്റെ നാല് മക്കളില്‍ മൂത്തവനായ രാമന്റെ ധര്‍മ്മപത്നിയാണ് ഞാന്‍. ജനകജയായ എന്നെ വീരനായ രാമന്‍ പാണിഗ്രഹണം ചെയ്തത് ശൈവചാപം കുലച്ചാണ്. അയോദ്ധ്യയില്‍ കൈകേയി അമ്മ പണ്ട് കിട്ടിയ വരം രാജാവില്‍ നിന്നും ഇപ്പോഴാണ് വാങ്ങിയത്. ആ വരദാനമനുസരിച്ചു രാമന് പതിന്നാലുവര്‍ഷം വനവാസമാണ് രാജാവ് വിധിച്ചിട്ടുള്ളത്. ലക്ഷ്മണനും ഞാനും രാമന്റെ കൂടെ വനവാസം ചെയ്യുന്നു. രാമന്റെ പ്രാഭവം കൊണ്ട് ഭീതിയില്ലാതെ ഞാനീ കാട്ടില്‍ കഴിയുന്നു. ഇപ്പോള്‍ സ്വര്‍ണ്ണമാനിനെ പിടിക്കാനായി എന്റെ കാന്തന്‍ പോയിരിക്കുകയാണ്. രാമന്റെ കരച്ചില്‍ ശബ്ദം കേട്ട് അദ്ദേഹത്തിന്‍റെ അനുജനും ഇപ്പോള്‍ അദ്ദേഹത്തെ തിരക്കി കാട്ടില്‍ പോയിരിക്കുന്നു. അവര്‍ തിരിച്ചു വന്നാല്‍ അങ്ങേയ്ക്കുള്ള അര്‍ഘ്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഭിക്ഷുവായ അവിടുത്തെ ഞാന്‍ വിഷ്ണുരൂപനായി കണക്കാക്കുന്നു. രാക്ഷസന്മാര്‍ വാഴുന്നയിടമാണല്ലോ ഇത്. സത്യം പറയൂ, അങ്ങാരാണ്?’

രാവണന്‍ പറഞ്ഞു: ഞാന്‍ ലങ്കേശനായ രാവണനാണ്. ഞാന്‍ മണ്ഡോദരിയുടെ കാന്തനുമാണ്. നിനക്ക് വേണ്ടി ഞാനീ മോഹനരൂപത്തില്‍ എത്തിയതാണ്. ഖരദൂഷണന്‍മാരെ രാമന്‍ വധിച്ച കാര്യം എന്റെ സഹോദരി ശൂര്‍പ്പണഖ പറഞ്ഞു ഞാന്‍ അറിഞ്ഞു. അവളാണ് നിന്നെപ്പറ്റി പറഞ്ഞത്. നീയാ കേവല മനുഷ്യനെ വിട്ടിട്ട് എന്നെ സ്വീകരിച്ചാലും. നിന്നെ മണ്ഡോദരിക്കും മേലെയുള്ള രാജ്ഞിയാക്കാം ഞാന്‍. നിന്റെ ദാസനാകാം ഞാന്‍. നീ തന്നെ യജമാനത്തി. ദിക്പാലരെ ജയിച്ചിട്ടുള്ള എനിക്ക് നിന്നില്‍ ആഗ്രഹം മുഴുത്തിരിക്കുന്നു. പണ്ട് നിന്റെ പിതാവിനോടു ഞാന്‍ നിന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കല്യാണപന്തയം ശൈവചാപ ഭഞ്ജനമാനെന്നു മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങിയതാണ്. ഇപ്പോള്‍ നീ കാട്ടില്‍ ഉണ്ടെന്നറിഞ്ഞ് പ്രണയപരവശനായി ഞാന്‍ വന്നിരിക്കുന്നു. എന്റെ വിരഹത്തീയണക്കാന്‍ നിനക്കേ കഴിയൂ. എന്റെ യത്നം നീ സഫലമാക്കിയാലും.

Thursday, December 24, 2015

ദിവസം 64. ശ്രീമദ്‌ ദേവീഭാഗവതം. 3.27. കുമാരീ പൂജനം

ദിവസം 64. ശ്രീമദ്‌ ദേവീഭാഗവതം. 3.27. കുമാരീ പൂജനം 

ഹീനാംഗീം വര്‍ജ്ജയേത് കന്യാം കുഷ്ഠായുക്താം വ്രണാങ്കിതാം
ഗന്ധസ്ഫുരിതഹീനാംഗീം വിശാലകുലസംഭവാം
ജാത്യന്ധാം കേകരാം കാണാം കുരൂപാം ബഹുരോമാശാം
സന്ത്യജേദ്രോഹിണീം കന്യാം രക്തപുഷ്പാദിനാങ്കിതാം

കുഷ്ഠം, വ്രണം, അംഗഭംഗം, കുലനാശം, ദുര്‍ഗ്ഗന്ധം, മുതലായ ദുരവസ്ഥകളില്‍ ഉള്ള കുമാരിമാര്‍ ഈ പൂജയ്ക്ക് വര്‍ജ്യമാണ്‌. മേലാകെ രോമമുള്ളവളും മെലിഞ്ഞവളും, കോങ്കണ്ണിയും ഒറ്റക്കണ്ണുള്ളവളും തീണ്ടാരിയായിരിക്കുന്നവളും പ്രസവിച്ച് അധികം ദിവസമാവാത്തവളും, രോഗിണിയും, വിധവാ പുത്രിയും, കന്യകാപുത്രിയും ഈ പൂജയ്ക്ക് വര്‍ജ്യം. സുഭഗയും അരോഗയും മാതാപിതാക്കള്‍ക്ക് ജനിച്ചവളുമായ കന്യകയെയാണ് പൂജയ്ക്ക് ഇരുത്തേണ്ടത്. സകലവിധ അഭീഷ്ടങ്ങളും നേടാന്‍ ബ്രാഹ്മണ കന്യക, ജയത്തിനു രാജകന്യക, വിത്തലാഭമുണ്ടാവാന്‍ വൈശ്യകന്യകയോ ശൂദ്രകന്യകയോ ആവാം. സ്വവര്‍ണ്ണത്തിലുള്ള കന്യകമാരെ പൂജിക്കുന്നതും ഉത്തമം. ബ്രാഹ്മണന് ബ്രാഹ്മണ കന്യകയെ; ക്ഷത്രിയന് ബ്രാഹ്മണ-ക്ഷത്രിയ കന്യകമാരെ, വൈശ്യന് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ കന്യകമാരെ, ശൂദ്രന് നാലുവര്‍ണ്ണത്തിലുള്ളവരെയും പൂജിക്കാവുന്നതാണ്. ശില്‍പികള്‍ അവരുടെ വംശത്തിലുള്ള കന്യകമാരെ പൂജിക്കണം. നവരാത്ര വിധിയനുസരിച്ചുള്ള പൂജകള്‍ തന്നെ അവരും ചെയ്യേണ്ടതാണ് . നിത്യപൂജയ്ക്ക് കഴിവുപോലെ എല്ലാവരും പങ്കെടുക്കണം. അഷ്ടമിക്ക് വിശേഷാല്‍ പൂജയും വേണം. പണ്ട് ദക്ഷയാഗം മുടക്കാനായി ദേവി, ഭദ്രകാളിയായി ഒരുകോടി യോഗിനിമാരുമായി പിറന്നുവത്രേ! അതുകൊണ്ട് അഷ്ടമീപൂജ അതിവിശേഷമാണ്. സുഗന്ധദ്രവ്യങ്ങള്‍, മാലകള്‍, കുറിക്കൂട്ട്, ഹോമം, ബ്രാഹ്മണഭോജനം, പഴം, മാംസം, പായസം, തുടങ്ങിയ വസ്തുക്കള്‍ പൂജയ്ക്ക് ഉപയോഗിക്കാം. ഒന്‍പതു ദിവസം ഉപവസിക്കാന്‍ ആവാത്തവര്‍ മൂന്നു നാള്‍ ഉപവസിച്ചാലും മതി. അഷ്ടമി, സപ്തമി, നവമി നാളുകളില്‍ ഭക്തിയോടെ ഭാജിക്കുന്നവര്‍ക്ക് ഉത്തമഫലം നിശ്ചയമാണ്. പൂജ, ഹോമം, ബ്രാഹ്മണഭോജനം, കുമാരീപൂജ എന്നിവയാണ് പ്രധാന കാര്യങ്ങള്‍. നവരാത്രിപൂജയ്ക്ക് സമമായി മറ്റു പൂജകള്‍ ഒന്നുമില്ല. ധനധാന്യ സൌഭാഗ്യ സമ്പത്തുകള്‍, ആയുരാരോഗ്യം, സന്താനവൃദ്ധി എന്നിവയ്ക്ക് നവരാത്രി പൂജ അത്യുത്തമം. വിദ്യാര്‍ത്ഥിക്ക് വിദ്യാവിജയം, രാജ്യഭ്രഷ്ടനു രാജ്യം, എന്നുവേണ്ട അഭീഷടങ്ങളെ സാധിപ്പിക്കാന്‍ ഇതിലും ഉത്തമമായ പൂജകള്‍ വേറെയില്ല. മുജ്ജന്മങ്ങളില്‍പ്പോലും ഈ വ്രതം നോക്കാത്തവര്‍ക്ക് ആധിയും വ്യാധിയും ഇപ്പോള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല. വന്ധ്യത, ദാരിദ്ര്യം, വൈധവ്യം ഇവ സൂചിപ്പിക്കുന്നത് ആ വ്യക്തി ഈ വ്രതം ഒരിക്കലും ചെയ്തിട്ടില്ല എന്നാണ്. ഭൂമിയിലെ ഐശ്വര്യം, മരണാനന്തര സൌഭാഗ്യം ഇവയ്ക്കെല്ലാം നവരാത്രിപൂജ ഉത്തമം. വില്വപത്രത്തില്‍ രക്തചന്ദനം പുരട്ടി ഭവാനിയെ അര്‍ച്ചിച്ചാല്‍ അവനു രാജപദവി ലഭ്യം. നിത്യകല്യാണദായിണിയും മംഗള സ്വരൂപയുമായ അമ്മയെ പൂജിക്കാത്തവര്‍ക്ക് ദുഃഖം സഹജമായും ഉണ്ടാവും. വിഷ്ണു, ശങ്കരന്‍, ബ്രഹ്മാവ്‌, ഇന്ദ്രന്‍, കുബേരന്‍, വരുണന്‍, ആദിത്യന്‍ തുടങ്ങിയവര്‍ അവരുടെ സര്‍വ്വവിധങ്ങളായ കഴിവുകളും നേടിയത് ഭഗവതിയെ പൂജിച്ചിട്ടാണ്. എന്നിട്ടും മനുഷ്യര്‍ എന്തുകൊണ്ടാണ് ആ ദേവിയെ അവലംബമാക്കാത്തത്? സ്വാഹാ, സ്വധാ എന്നീ രണ്ടു നാമങ്ങള്‍ക്കുള്ള മന്ത്രശക്തി കാരണം വിപ്രന്മാര്‍ മന്ത്രാവസാനം ഈ ശബ്ദങ്ങള്‍ ഉച്ചരിക്കുന്നു. ഇതിനാല്‍ ദേവന്മാരും പിതൃക്കളും സന്തോഷിക്കുന്നു. ആരുടെ കല്‍പനയാലാണോ ബ്രഹ്മാവ്‌ വിശ്വസൃഷ്ടി ചെയ്യുന്നത്, ആരുടെ നിയന്ത്രണത്തിലാണോ വിഷ്ണുഭഗവാന്‍ സ്ഥിതികര്‍മ്മം അനുഷ്ഠിക്കുന്നത്, ആരുടെ കീഴിലാണോ ശങ്കരന്‍ സകലതിനെയും സംഹരിക്കുന്നത്, ആ ദേവിയെ ഭജിക്കാന്‍ മനുഷ്യനെന്താണ് മടി? ദേവാസുരതിര്യക്കുകള്‍ എന്നുവേണ്ട സകല ചരാചരങ്ങള്‍ക്കും ലോകത്തില്‍ എങ്ങും എന്തിനും ഏതിനും ഒരു ചെറു ചലനം നടത്തണമെങ്കിലും ദേവിയുടെ കൃപ കൂടിയെ കഴിയൂ. സര്‍വ്വാര്‍ത്ഥപ്രദായിനിയും, ചണ്ഡികയും, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ പ്രദാനം ചെയ്യുന്നവളുമായ ഭഗവതിയെ ആരാണ് ഭജിക്കാതിരിക്കുക? മഹാപാപിയാണെങ്കിലും അവനുപോലും നവരാത്രി വ്രതം നോല്‍ക്കാം. അവന്റെ പാപത്തിനങ്ങിനെ ശമനമാവുന്നു. 

പണ്ട് ദാരിദ്രനായൊരു വൈശ്യന്‍ കോസലരാജ്യത്തു ജീവിച്ചിരുന്നു. അവനു പുത്രഭാഗ്യം വേണ്ടുവോളം ഉണ്ടായിരുന്നു, എന്നാല്‍ അഷ്ടിക്ക് വകയില്ല. രാത്രി ഒരുനേരം ഭക്ഷണം. അന്യന്റെ വിടുവേല ചെയ്താണ് അതുപോലും സംഘടിപ്പിക്കുന്നത്. ഈ ദാരിദ്ര്യത്തിലും അദ്ദേഹം സത്യത്തില്‍ അടിയുറച്ചവനും           സാത്വികനും ശാന്തനും ധര്മ്മിഷ്ഠനും ആയിരുന്നു. ആരോടും പകയില്ല, ധൂര്‍ത്തില്ല. സമ്പന്നനല്ലെങ്കിലും പിതൃക്കള്‍, ദേവതകള്‍, അതിഥികള്‍, തന്റെ സംരക്ഷണത്തില്‍ ഉള്ളവര്‍ എന്നിവരെ കഴിവനുസരിച്ച് ഊട്ടിയാണ് അദ്ദേഹം കാലം കഴിച്ചത്. സദ്‌വൃത്തനായ അയാള്‍ ഒരു ബ്രാഹ്മണന്റെ അടുക്കല്‍ ചെന്ന് ഉപദേശം ചോദിച്ചു. ‘ഭഗവന്‍, എങ്ങിനെയാണ് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക? എനിക്ക് ധനികനാവാന്‍ ആശയില്ല. കുടുംബം പോറ്റണമെന്നേയുള്ളൂ. വിശന്നു കരയുന്ന എന്റെ പേരക്കുട്ടിക്ക് ഒരുപിടി ചോറ് നല്‍കാന്‍ കഴിയാതെ ഞാനവനെ പറഞ്ഞയച്ചു. അതിനെക്കുറിച്ചോര്‍ത്ത് ഉള്ളു നീറി ഞാനിരിക്കുന്നു. പണമില്ലാതെ എന്തുചെയ്യും? മകള്‍ക്കാണെങ്കില്‍ പത്തു വയസ്സ് കഴിഞ്ഞു. അവളുടെ കല്യാണത്തിനും പണം വേണം. മഹാമതേ, ദയവായി പറയൂ, തപസ്സോ, ദാനമോ, വ്രതമോ ഏതാണ് ദാരിദ്ര്യമോചനത്തിന് ഉത്തമായുള്ളത്? എനിക്ക് ധനമോഹമില്ല. കഴിഞ്ഞു കൂടണം, അത്ര തന്നെ. അങ്ങയുടെ അനുഗ്രത്താല്‍ എന്റെ കുടുംബത്തിനു മംഗളം ഭവിക്കട്ടെ. അങ്ങുതന്നെ ചിന്തിച്ചൊരുപായം പറഞ്ഞു തരണം.

വിപ്രന്‍ ഇതിനു മറുപടിയായി പറഞ്ഞു: വൈശ്യരില്‍ ഉത്തമനായ മഹാനുഭാവാ, അങ്ങ് നവരാത്രി വ്രതം നോല്‍ക്കൂ. ദേവീയജ്ഞം, പൂജനം, വിപ്രഭോജനം, വേദപാരായണം, ഹോമം ഇവയെല്ലാം അങ്ങയുടെ കഴിവിനൊത്ത് ചെയ്താലും. മനുഷ്യര്‍ക്ക് ചെയ്യാന്‍ ഇതിലും പവിത്രമായ മറ്റൊന്നില്ല. നിനക്ക് ജ്ഞാനമോക്ഷങ്ങളും ഗൃഹസുഖവും, ശത്രുനാശവും ഉണ്ടാവും സംശയമില്ല. രാജ്യവും പത്നിയും നഷ്ടമായ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ കിഷ്കിന്ധയില്‍ വെച്ച് ഈ വ്രതം അനുഷ്ടിച്ചിട്ടുണ്ട്. സീതാവിരഹത്തീയിലും അദ്ദേഹം ദേവിയെ പൂജിച്ചു. അങ്ങിനെയാണ് ഒടുവില്‍ സേതുബന്ധിച്ച് ലങ്കയില്‍ചെന്നു രാവണനെ തോല്‍പ്പിച്ച് സീതയെ അദ്ദേഹം വീണ്ടെടുത്തത്. ഇന്ദ്രജിത്തിനെയും കുംഭകര്‍ണ്ണനെയും കൊന്നു വിഭീഷണനെ രാജ്യമേല്‍പ്പിച്ചു തിരിച്ചു വന്ന രാമന്‍ ‘രാമരാജ്യം’ വാണു. നവരാത്രിവ്രതത്തിന്റെ മഹിമയാണ് ഇത് കാണിക്കുന്നത്.’ ഈ വാക്കുകള്‍ കേട്ട് ആ വൈശ്യന്‍ ബ്രാഹ്മണനെ ഗുരുവാക്കി മായാ ബീജമന്ത്രം സ്വീകരിച്ചു. നവരാത്രിയില്‍ ഏറ്റവും ഭക്തിയോടെ അദ്ദേഹം പൂജകള്‍ ചെയ്തു. കഴിവൊത്തവണ്ണം നാനാവിധ വസ്തുക്കള്‍ അര്‍ച്ചിച്ചു ദേവിയെ പ്രീതിപ്പെടുത്തി. അങ്ങിനെ ഒന്‍പതു വര്‍ഷം അദ്ദേഹം നവരാത്രി വ്രതം അനുഷ്ഠിച്ചു. ഒന്‍പതാം വര്‍ഷം നവരാത്രിപൂജയ്ക്കിടയ്ക്കിടയിലെ അഷ്ടമി ദിവസം അര്‍ദ്ധരാത്രി സാക്ഷാല്‍ ജഗദംബിക അദ്ദേഹത്തിനു പ്രത്യക്ഷയായി. ആ മഹേശ്വരി സകലവിധ ഐശ്വര്യങ്ങളും നല്‍കി അദ്ദേഹത്തെ കൃതകൃത്യനാക്കി.

Wednesday, December 23, 2015

ദിവസം 63. ശ്രീമദ്‌ ദേവീഭാഗവതം. 3. 26. നവരാത്രി പൂജാവിധി

ദിവസം 63. ശ്രീമദ്‌ ദേവീഭാഗവതം. 3. 26. നവരാത്രി പൂജാവിധി 


നവരാത്രേ തു സമ്പ്രാപ്തേ കിം കര്‍ത്തവ്യം ദ്വിജോത്തമ
വിധാനം വിധിവദ് ബ്രൂഹി ശരത്കാലേ വിശേഷത:
കിം ഫലം ഖലു കസ്തത്ര വിധി: കാര്യോ മഹാമതേ
ഏതദ്വിസ്തരതോ ബ്രൂഹി കൃപയാ ദ്വിജസത്തമ 

ജനമേജയന്‍ ചോദിച്ചു: നവരാത്രിക്കാലമായാല്‍ എന്തൊക്കെയാണ് നാം ചെയ്യേണ്ട പൂജകള്‍? പ്രത്യേകിച്ച് ശരത്ക്കാല നവരാത്രിയുടെ അനുഷ്ഠാനങ്ങളും പൂജാപദ്ധതികളും എന്തൊക്കെയാണ്? അവയുടെ ഫലപ്രാപ്തിയും എന്താണെന്നറിയാന്‍ താല്പര്യമുണ്ട്.  


വ്യാസന്‍ പറഞ്ഞു: ശരത്തിലും വസന്തത്തിലും ഉള്ള നവരാത്രിക്കാലത്ത്‌ വിശേഷാല്‍ ദേവീപൂജകള്‍ ചെയ്യണം. കാലദംഷ്ട്രങ്ങള്‍ എന്നതുപോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഇവ. ഈ രണ്ടു കാലവും പ്രാണികള്‍ക്ക് തുലോം കഷ്ടം നിറഞ്ഞവയാണ്. അതിനാല്‍ ശുഭകാംഷികള്‍ ദേവീപൂജയില്‍ ആമഗ്നരാവാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മനുഷ്യര്‍ക്ക് രോഗപീഡകള്‍ ഉണ്ടാവുന്ന രണ്ട് ഋതുക്കളാണിവ. മേടം, തുലാം മാസങ്ങളില്‍ ചണ്ഡികയെ പൂജിക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. അമാവാസി ദിനത്തില്‍ 'ഒരിക്കല്‍' നോമ്പ് നോല്‍ക്കണം. അന്ന് ഹവിഷ്യാന്നം (വരിനെല്ലരിച്ചോറ്) മാത്രമേ കഴിക്കാവൂ. നിരപ്പായ വൃത്തിയുള്ള ഒരിടത്ത് പതിനാറു മുഴം നീളത്തില്‍ ഒരു മണ്ഡപം ഒരുക്കുക. കൊടിയും തോരണങ്ങളും അലങ്കാരപ്പണികളും ആകാം. വെള്ള മണ്ണും ചാണകവും കൊണ്ട് മെഴുകിയൊരുക്കിയ ഇതിന്റെ മദ്ധ്യത്തില്‍ നാലുമുഴം ചതുരത്തില്‍ ഒരുമുഴം ഉയരത്തില്‍ പീഠമുണ്ടാക്കി വേദിയൊരുക്കണം. ദേവീ തത്വനിപുണരും വേദപാരംഗതരുമായ ബ്രാഹ്മണരെ ആദരപൂര്‍വ്വം ക്ഷണിച്ചുവരുത്തണം. ആ ദിവസം ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ചു ശുദ്ധരായി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. യജ്ഞത്തിനു വന്ന ബ്രാഹ്മണരെ വേണ്ട ഉപചാരങ്ങളോടെ മധുരം നല്‍കി സ്വീകരിച്ചു മണ്ഡപത്തിലേയ്ക്ക് ആനയിക്കണം. അവനവന്റെ കഴിവനുസരിച്ച് വസ്ത്രാദികള്‍ നല്‍കി വിപ്രരെ തൃപ്തരാക്കുക. ഒന്നോ, മൂന്നോ, അഞ്ചോ ഒന്‍പതോ ബ്രാഹമണരെ ഇങ്ങിനെ ആദരിക്കാം. 


പ്രശാന്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠനെ ശാസ്ത്രഗ്രന്ഥപാരായണത്തിനായി ക്ഷണിക്കണം. അദ്ദേഹത്തെക്കൊണ്ട് സ്വസ്തി ചൊല്ലിക്കണം. ചണ്ഡിക, ശപ്തസതി എന്നിവയാണ് സാധാരണ പാരായണം ചെയ്യുക. ദേവീഭാഗവതവും പതിവുണ്ട്. ശുഭ്രമായ പീഠത്തിനു മുകളില്‍ വെള്ളപ്പട്ടുമൂടി അവിടെ നാലുതൃക്കയ്യുകളിലും ആയുധമേന്തിയ ദേവിയുടെ മനോജ്ഞമായ ഒരു വിഗ്രഹം സ്ഥാപിക്കുക. രത്നാഭരണങ്ങളും മുത്തുമാണിമാലകളും ദിവ്യാംബരങ്ങളും അണിഞ്ഞു ദേവി സിംഹാസനാരൂഢയായി അവിടെ വിരാജിക്കട്ടെ. ശംഖചക്രഗദാപത്മങ്ങള്‍ മുതലായവ ധരിച്ച, നിത്യസൌമ്യയായ ദേവിയെ പതിനെട്ടു കരങ്ങളോടെ പ്രതിഷ്ഠിക്കാം. എന്നാല്‍ വിഗ്രഹം ഇല്ലെങ്കില്‍ നവാര്‍ണ്ണവ മന്ത്രം ആലേഖനം ചെയ്ത യന്ത്രവും കലശസഹിതം പൂജയ്ക്കായി ഉപയോഗിക്കാം. കലശത്തില്‍ ജലം നിറച്ച് അതില്‍ സ്വര്‍ണ്ണം, പഞ്ചരത്നങ്ങള്‍ എന്നിവ നിക്ഷേപിച്ച് വേദമന്ത്രങ്ങളാല്‍ പരിശുദ്ധമാക്കണം. എന്നിട്ട് മംഗളഗീതങ്ങളും വാദ്യങ്ങളും മുഴക്കണം. ആദ്യ തിഥി അത്തം നക്ഷത്രമാണെങ്കില്‍ ആ ദിനത്തില്‍ പൂജിക്കുന്നത് മനുഷ്യര്‍ക്ക് ഉത്തമമാണ്. പൂര്‍ണ്ണോപവാസം, ഒരിക്കല്‍, രാത്രി ഉപവാസം ഇങ്ങനെ പലവിധത്തിലും വ്രതമെടുത്ത് ആദ്യം സങ്കല്‍പ്പപൂജയാണ് നടത്തേണ്ടത്. ‘അമ്മേ, ഭഗവതീ, ഞാന്‍ നവരാത്രി വ്രതം ആരംഭിക്കുന്നു. അതിനായി എല്ലാ സഹായങ്ങളും അമ്മ തന്നെ കനിഞ്ഞു നല്‍കണം’ എന്ന് പ്രാര്‍ത്ഥിക്കുക. വ്രതാനുഷ്ഠാനം അവരവരുടെ കഴിവുപോലെ ചെയ്യാവുന്നതാണ്. കര്‍പ്പൂരം, ചന്ദനം, അകില്‍, മന്ദാരം, മറ്റു സുഗന്ധപുഷ്പങ്ങള്‍, അശോകം, കരവീരം, ചെമ്പകം, പിച്ചി, പൂക്കുല, കൂവളത്തില, ധൂപദീപങ്ങള്‍, എന്നിവയാല്‍ ദേവിക്ക് അര്‍ച്ചന ചെയ്യാം. വാഴപ്പഴം, തേങ്ങ, ചക്ക, നാരങ്ങ, കൂവളക്കായ, നാളികേരം, മാതളം എന്നിവയെല്ലാം ദേവിക്കായി നിവേദിക്കാം. പിന്നെ ഭക്തിപുരസ്സരം അന്നവും നിവേദിക്കണം. സ്വയം മാംസം കഴിക്കുന്നവരാണെങ്കില്‍ പന്നി, പോത്ത്, ആട് ഇവയെ ബലി കൊടുക്കാം. ദേവീ പൂജക്കായി ചെയ്യുന്ന ഹിംസയ്ക്ക് പാപമില്ല. കാരണം ഹിംസയാണെങ്കിലും അങ്ങിനെയാ ജന്തുക്കള്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തിയാണ് ലഭ്യമാകുന്നത്. ഹോമത്തിനായി മുക്കോണ്‍ ഹോമകുണ്ഡങ്ങള്‍ ഉണ്ടാക്കണം. ഒന്നുമുതല്‍ പത്തുവരെ മുഴമാണ് ഈ കോണിന്റെ അളവുകള്‍. വിവിധങ്ങളായ ആകര്‍ഷണീയ വസ്തുക്കള്‍ കൊണ്ട് ദിവസവും പൂജനടത്തണം. ഗീതവാദ്യങ്ങളോടെ ആഘോഷവും വേണം. പൂജയില്‍ പങ്കെടുക്കുന്നവര്‍ നിത്യവും തറയില്‍ക്കിടന്നുറങ്ങണം. 

നിത്യവും വസ്ത്രാലങ്കാരങ്ങള്‍ നല്‍കി കുമാരിമാരെ ആദരിക്കണം. ആദ്യദിവസം ഒരു കുമാരിയെ; രണ്ടാം ദിനം രണ്ടുപേരെ. ഇങ്ങിനെ ഒന്‍പതുദിവസം പൂജകള്‍ നടത്തണം. ഇതില്‍ പാഠഭേദങ്ങളും ഉണ്ട്. അവനവന്റെ കഴിവുപോലെ, എന്നാല്‍ ലുബ്ധില്ലാതെ വേണം ഈ പൂജകള്‍ നടത്താന്‍. ഗന്ധാദി കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഒരു വയസ്സുള്ള കുട്ടിയെ പൂജയ്ക്ക് ഇരുത്തരുത്. രണ്ടുവയസ്സുള്ളവളാണ് കുമാരിക. മൂന്നു വയസ്സുകാരി ത്രിമൂര്‍ത്തി. നാലുവയസ്സില്‍ അവള്‍ കല്യാണി. അഞ്ചില്‍ രോഹിണി. ആറില്‍ കാളിക. എഴില്‍ ചണ്ഡിക. എട്ടില്‍ ശാംഭവിയും ഒന്‍പതില്‍ അവള്‍ ദുര്‍ഗ്ഗയുമാണ്. പത്തുവയസ്സുകാരി സുഭദ്രയാണ്. പത്തില്‍ കൂടുതല്‍ പ്രായമുള്ളവരെ പൂജയ്ക്ക് ഇരുത്താന്‍ പറ്റില്ല. കന്യകമാരെ ഇപ്പറഞ്ഞ പേരുകളിട്ടാണ് പൂജിക്കേണ്ടത്. 


ഓരോ പൂജകളുടെയും ഫലപ്രാപ്തി ഇനിപ്പറയാം. കുമാരീപൂജ കൊണ്ട് ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതെയാവും. ത്രിമൂര്‍ത്തിപൂജയാല്‍ ആയുസ്സും ധനാഭിവൃദ്ധിയും, പുത്രലാഭം എന്നിവയാണ് ഫലം. വിദ്യാര്‍ത്ഥികള്‍ക്കും ജയകാംഷിയായ രാജാവിനും കല്യാണീപൂജയാണ് ഉത്തമം. ശത്രുനാശത്തിനു കാളികാ പൂജ. ചണ്ഡികാപൂജകൊണ്ട് ഐശ്വര്യം, ധനം എന്നിവയുണ്ടാവുന്നു. ശാംഭവിയെ പൂജിക്കുന്നതുകൊണ്ട് ദുഃഖദാരിദ്ര്യമോചനം ഫലം. പോരില്‍ ജയിക്കാനും വശ്യത്തിനായും ശാംഭവിയെ പൂജിക്കാം. ദുഷ്ട ശത്രു നിവാരണത്തിന് ദുര്‍ഗ്ഗാപൂജ. പരലോകസുഖപ്രാപ്തിക്കും ഉത്തമമാണിത്. സര്‍വ്വാഭീഷ്ടങ്ങള്‍ സാധിക്കാന്‍ സുഭദ്രയെ പൂജിക്കാം. രോഗശാന്തിക്കായി രോഹിണിയെയും പൂജിക്കാം. ‘ശ്രീരസ്തു’ മന്ത്രമോ, ശ്രീ ചേര്‍ത്ത മറ്റു മന്ത്രങ്ങളോ ജപിച്ച് ഇങ്ങിനെ സങ്കല്‍പ്പിക്കാം. “സ്കന്ദന്റെ തത്വങ്ങളെയും ബ്രഹ്മാദിദേവന്മാരെയും ആരാണോ വെറുമൊരു ലീലയായി സൃഷ്ടിക്കുന്നത്, ആ ദേവിയെ ഞാന്‍ ആരാധിക്കുന്നു. ത്രിമൂര്‍ത്തിയായ അമ്മ ത്രികാലയും ത്രിഗുണയുമാണ്. ആ ദേവിയെ ഞാന്‍ നമസ്കരിക്കുന്നു. സകലരുടെയും അഭീഷ്ടം നല്‍കുന്ന കല്യാണിയാണ് അമ്മ. അവളുടെ കാല്‍ക്കല്‍ ഞാന്‍ കുമ്പിടുന്നു. ജീവജാലങ്ങളില്‍ മുന്‍ജന്മ കര്‍മ്മഫലങ്ങള്‍ അങ്കുരിപ്പിച്ചു  വളര്‍ത്തുന്ന ‘രോഹിണി’ യെ ഞാന്‍ പൂജിക്കുന്നു. കല്‍പ്പാന്ത പ്രളയത്തില്‍ ചരാചരമാകെ കാലനം ചെയ്യുന്ന കാളിയെ ഞാനിതാ വണങ്ങുന്നു. ചണ്ഡമുണ്ഡന്മാരെ ഇല്ലാതാക്കിയ ചണ്ഡപാപനിവാരിണിയായ ചണ്ഡികയെ ഞാന്‍ പൂജിക്കട്ടെ. സുഖദാത്രിയായ ശാംഭവി സ്വയംഭുവയായ വേദസ്വരൂപിണിയാണ്. അകാരണജന്യയായ ദേവിയെ  ശാംഭവിയായി ഞാന്‍ വന്ദിക്കുന്നു. ഭക്തരക്ഷ ചെയ്യുന്ന ദുര്‍ഗ്ഗതി നാശിനിയായ, ദേവന്മാര്‍ക്ക് പോലും ദുര്‍ജ്ഞേയയായ ദുര്‍ഗ്ഗാദേവിയെ ഞാന്‍ നമസ്കരിക്കുന്നു. അഭദ്രമായ എല്ലാം നീക്കുന്ന ഭക്താഭയവരദയായ സുഭദ്രയെ ഞാനിതാ പൂജിക്കുന്നു.” ഇങ്ങിനെയുള്ള ഉചിത സങ്കല്‍പ്പങ്ങളാലും മന്ത്രങ്ങളാലും സാധകന്‍ നവ കന്യകമാരെ പൂജിക്കണം. സമുചിതസമ്മാനങ്ങളും, വസ്ത്രമാലാഗന്ധങ്ങളും നല്‍കി അവരെ പ്രീതിപ്പെടുത്തുകയും വേണം.