Devi

Devi

Thursday, November 30, 2017

ദിവസം 322. ശ്രീമദ്‌ ദേവീഭാഗവതം. 12.13. പരീക്ഷിദുദ്ധരണം

ദിവസം 322.  ശ്രീമദ്‌ ദേവീഭാഗവതം. 12.13. പരീക്ഷിദുദ്ധരണം

ഇതി തേ കഥിതം ഭൂപയദൃത് പൃഷ്ടം ത്വയാനഘ
നാരായണേന യത് പ്രോക്തം നാരദായ മഹാത്മനേ
ശ്രുത്വൈതത്തു മഹാദേവ്യാ: പുരാണം പരമാദ്ഭുതം
കൃതകൃതോ ഭവേൻമർത്യോ ദേവ്യാ: പ്രിയതമോ ഹി സ:

വ്യാസൻ പറഞ്ഞു: അല്ലയോ മഹാരാജാവേ അങ്ങ് ചോദിച്ച കാര്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു. ശ്രീ നാരായണൻ നാരദമഹർഷിയ്ക്ക് പറഞ്ഞു കൊടുത്ത കഥകളും മഹാശയനായ അങ്ങേയ്ക്ക് പറഞ്ഞു തന്നു. പരമാദ്ഭുതമായ ഈ ദേവീ പുരാണം കേൾക്കുന്ന മനുഷ്യൻ ജീവിതത്തിൽ  കൃതാർത്ഥനായിത്തീരുന്നു.  മാത്രമല്ല അവനിൽ ദേവി സംപ്രീതയുമാകും.

മഹാരാജാവേ, അങ്ങ് പിതാവിന്റെ സദ്ഗതിയ്ക്കായി അംബായജ്ഞം തുടങ്ങിയാലും. പിതാവിന്റെ മരണാനന്തരഗതിയെപ്പറ്റി നീ ആകുലനാകയാൽ അത് പോക്കാൻ സർവ്വോത്തമമായ ദേവീമന്ത്രം സ്വീകരിച്ചാലും, അത് വിധിപോലെ കൈക്കൊണ്ട് നിന്റെ ജന്മം സഫലമാക്കിയാലും.

സൂതൻ പറഞ്ഞു: വ്യാസന്റെ വാക്കുകൾ കേട്ട് മഹാരാജാവായ ജനമേജയൻ മഹർഷി യിൽ നിന്നും ദീക്ഷാവിധിയോടെ പ്രണവാത്മകമായ ദേവീമന്ത്രം അപേക്ഷിച്ചു വാങ്ങി. നവരാത്രിയ്ക്ക് ധൗമ്യാദി മുനിമാരെ കൊട്ടാരത്തിലേയ്ക്ക് വിളിച്ചു വരുത്തി യാതൊരുവിധ ലുബ്ധും കൂടാതെ ബ്രാഹ്മണരെക്കൊണ്ട് അംബാമഖം നടത്തിച്ചു. ഈ ദേവീഭാഗവത പുരാണം ദേവിയുടെ മുന്നിൽ വച്ച് പാരായണം ചെയ്ത് ഭഗവതിയെ പ്രസന്നയാക്കി.

ബ്രാഹ്മണർക്കും സുവാസിനികൾക്കും സന്യാസിമാർക്കും കുമാരിമാർക്കും അനാഥർക്കും ദീനർക്കുമെല്ലാം കയ്യയച്ച് ദാനം ചെയ്ത്, മൃഷ്ടാന്നഭോജനവും നൽകി സംപ്രീതരാക്കി. അതിവിപുലമായി നടത്തിയ അംബായജ്ഞം കഴിഞ്ഞ് ജനമേജയൻ കൊട്ടാരത്തിൽ വിശ്രമിക്കവേ ആകാശമാർഗ്ഗത്തിലൂടെ മഹതിയിൽ ഗാനമാലപിച്ചു കൊണ്ട് മഹാമുനിയായ  നാരദൻ ആഗതനായി. കത്തുന്ന തീ പോലുള്ള തേജസ്സിനുടമയായ നാരദമഹർഷിയെ രാജാവ് അർഘ്യപാദ്യാദികൾ നൽകി സ്വീകരിച്ചു. കുശലത്തിനു ശേഷം രാജാവ് മഹർഷിയുടെ ആഗമനോദ്ദേശം ആരാഞ്ഞു.

രാജാവ് പറഞ്ഞു: "മഹർഷേ, അങ്ങിപ്പോൾ എവിടെ നിന്നാണ് വരുന്നത്? എന്താണ് ആഗമനോദ്ദേശം? അങ്ങയുടെ സാന്നിദ്ധ്യം മൂലം  ഞാൻ സനാഥനും കൃതകൃത്യനുമായി."

നാരദമഹർഷി പറഞ്ഞു: "രാജാവേ, ഞാൻ ദേവലോകത്ത് ഒരാശ്ചര്യം ദർശിച്ചു. അക്കാര്യം അങ്ങയോട് പറയാനാണിപ്പോൾ പറന്നെത്തിയത്. കർമ്മദോഷം കൊണ്ട് ദുർഗതിയിലായ നിന്റെ പിതാവ് ഇപ്പോള്‍ ദിവ്യശരീരിയായി ദേവൻമാരാൽ സ്തുതിക്കപ്പെട്ട് അപ്സരസ്സുകളാൽ പരിസേവിതനായി ശ്രേഷ്ഠമായൊരു വിമാനത്തിലേറി ദേവിയുടെ മണിദ്വീപിലേയ്ക്ക് പോവുന്ന കാഴ്ച ഞാൻ കണ്ടു. ദേവീഭാഗവതം കേൾക്കയാലും അങ്ങ് അംബായജ്ഞം നടത്തിയതിനാലുമാണ് അങ്ങയുടെ പിതാവിന് സത്ഗതി പ്രാപിക്കാൻ കഴിഞ്ഞത്. അങ്ങ് ധന്യനും അങ്ങയുടെ ജീവിതം സഫലവുമായി എന്നറിയുക. പിതാവിനെ നരകത്തിൽ നിന്നും കയറ്റി പുത്രനാമത്തെ അങ്ങ് അന്വർത്ഥമാക്കി. നിന്റെ ഖ്യാതി ലോകമെങ്ങും പരന്നിരിക്കുന്നു.

സൂതന്‍ പറഞ്ഞു:  വ്യാസവചനങ്ങൾ കേട്ട രാജാവ് മഹർഷിയുടെ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു.

"ദേവദേവ, അങ്ങയുടെ വാക്കുകൾ കേട്ട്, അങ്ങയുടെ അനുഗ്രഹത്താൽ  ഞാന്‍ ധന്യധന്യനായി. ഇനിയാ പാദങ്ങളിൽ വീണു നമസ്ക്കരിക്കുക എന്നതുമാത്രമേ എനിക്കു ചെയ്യാനുള്ളൂ. അങ്ങേയ്ക്കായി പ്രത്യുപകാരം ചെയ്യാൻ ഞാൻ യോഗ്യനല്ല. അവിടുത്തെ കൃപ എന്നും എന്നാലുണ്ടാവണേ"  എന്ന് രാജാവ് പറഞ്ഞപ്പോൾ മഹർഷി അദ്ദേഹത്തെ അനുഗ്രഹിച്ചു.

"മഹാരാജാവേ, എല്ലാമുപേക്ഷിച്ച് അങ്ങ് ദേവിയുടെ പാദാംബുജങ്ങളെ ആശ്രയിച്ചു കൊള്ളുക. നിത്യവും ദേവീഭാഗവതം പാരായണം ചെയ്യുക. നിത്യവും മുടക്കം കൂടാതെ ഉത്സാഹപൂർവ്വം അംബായജ്ഞം നടത്തുക. അങ്ങിനെ അങ്ങേയ്ക്ക് അനായാസം സംസാരക്കടൽ കടക്കാനാവും.

ഹരി, രുദ്രൻ തുടങ്ങിയവരുടെ പുരാണങ്ങളും പ്രചാരത്തിലുണ്ടെങ്കിലും ദേവീഭാഗവതത്തിന്റെ പതിനാറിലൊന്ന് മാഹാത്മ്യം പോലും അവയ്ക്കില്ല. ഇത് സാക്ഷാൽ മൂലപ്രകൃതിയെ പ്രതിപാദിക്കുന്നതും സകലപുരാണങ്ങളുടേയും വേദങ്ങളുടേയും സാരസാരവുമാണ്. ഇതിനു തുല്യം മറ്റൊന്നില്ല. വേദം പഠിച്ചാലുള്ള പുണ്യമാണ് ഈ പഠിച്ചാൽ ഉണ്ടാവുക. അതു കൊണ്ട് ജനമേജയാ, അൽപ്പം ബുദ്ധിമുട്ടിയായാലും വിദ്വാൻമാർ ഇത് നിത്യവും പഠിക്കണം."

ഇങ്ങിനെ രാജാവിനെ ഉപദേശിച്ചനുഗ്രഹിച്ച് മഹർഷി ബാദരായണൻ എന്ന വ്യാസമുനി  അവിടെ നിന്നു പോയി. സഭയിൽ സന്നിഹിതരായ മുനിമാരും അവരവരുടെ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. എല്ലാവരും ദേവീഭാഗവതത്തെ പ്രശംസിക്കകയം സ്തുതിക്കുകയും ചെയ്തു. മുനിമാരുടെ ഉപദേശപ്രകാരം ദേവീഭാഗവതം നിത്യപാരായണം ചെയ്ത് ജനമേജയൻ സദാ സന്തുഷ്ടചിത്തത്തോടെ രാജ്യഭാരം തുടർന്നു.

No comments:

Post a Comment