Devi

Devi

Saturday, November 4, 2017

ദിവസം 302 ശ്രീമദ്‌ ദേവീഭാഗവതം. 11.17. ത്രിഭാഗാന്തം സന്ധ്യാദികൃത്യം

ദിവസം 302  ശ്രീമദ്‌ ദേവീഭാഗവതം. 11.17.  ത്രിഭാഗാന്തം സന്ധ്യാദികൃത്യം

ഭിന്നപാദാ തു ഗായത്രീ ബ്രഹ്മഹത്യാ പ്രണാശിനീ

അഭിന്നപാദാ ഗായത്രീ ബ്രഹ്മഹത്യാം പ്രയച്ഛതി
അച്ഛിന്നപാദാ ഗായത്രീജപം കുർവ്വന്തി യേ ദ്വിജാ:
അധോമുഖാശ്ച തിഷ്ഠന്തി കല്പകോടിശതാനി ച

ശ്രീ നാരായണൻ പറഞ്ഞു. ഗായത്രിയുടെ മൂന്നു പാദങ്ങൾ മൂന്നു ശ്വാസങ്ങളിലായി പാദം മുറിച്ച് ജപിച്ചാൽ ബ്രഹ്മഹത്യാ പാപം പോലും ഇല്ലാതാവും. എന്നാൽ ഇങ്ങിനെ പാദം മുറിക്കാതെ ഒറ്റ ശ്വാസത്തിന് ഗായത്രി ജപിക്കുന്നവർക്ക് ബ്രഹ്മഹത്യാ ദോഷം കിട്ടും. മാത്രമല്ല അവർ കല്പാന്തകാലം തലകീഴായിക്കിടന്ന് നരകിക്കും.

ആറ് ഓങ്കാരങ്ങളോട് കൂടി ഒന്നിച്ചും വെവ്വേറെയായും ഗായത്രി ജപിക്കാൻ വിധിയുണ്ട്. ധർമ്മശാസ്ത്രങ്ങൾ അഞ്ച് ഓങ്കാരത്തോടെ ഗായത്രി ജപിക്കാൻ നിർദ്ദേശിക്കുന്നു. ജപസംഖ്യയുടെ എട്ടിലൊന്നാവുമ്പോൾ ഗായത്രിയുടെ 'പരോ രജസേ'  തുടങ്ങിയ നാലാംപാദം മാത്രമായും ജപിക്കാം. ഇപ്രകാരം ജപിക്കുന്ന വിപ്രന് സായൂജ്യം സിദ്ധിക്കുന്നു. എന്നാലിത് തെറ്റിക്കുന്നവരുടെ ജപം വിഫലമാകും.

സന്യാസിമാർ ഏക സമ്പുടമായും ആറ് ഓങ്കാരങ്ങൾ ചേർത്തും ഗായത്രി ജപിക്കുന്നു. ഗൃഹസ്ഥനും ബ്രഹ്മചാരിയും ഓങ്കാര സഹിതം തുരീയവും ജപിക്കണം. അത് 'ഓം പരോരജസേസാവദോം ' എന്നാണ്. ഇത് സാംഗമായി ജപിക്കുന്നത് അതീവ ഫലപ്രദമാണ്.

'പ്രണവസ്വരൂപനും അചിന്ത്യനും സൂര്യചന്ദ്രാഗ്‌നികൾക്ക് തുല്യമായ തേജസ്സുള്ളവനും വികസിതമായ ഹൃത്താമരയെ ആസനമാക്കിയവനും അചലനും സച്ചിദാനന്ദസ്വരൂപനും പരംജ്യോതിസ്സും സൂക്ഷ്മസ്വരൂപനുമായ പരബ്രഹ്മം എനിക്ക് തുഷ്ടിയെ നല്കട്ടെ എന്ന സങ്കൽപ്പിക്കുക.

പിന്നീട് ത്രിശൂലം, യോനി, സുരഭി, യക്ഷമാല, സരോരുഹം, ലിംഗം, മഹാമുദ്ര എന്നീ ഏഴു മുദ്രകൾ പ്രദർശിപ്പിക്കുക. ചിത്സ്വരൂപയായ ഗായത്രിയാണ് സന്ധ്യ. അതു കൊണ്ട് നിത്യസാധനയാണ് ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ളത്.

'ലം' ബീജം കൊണ്ട് പൃഥ്വ്യാത്മാവിന് ഗന്ധം നൽകുക.
'ഹം' ബീജം കൊണ്ട് ആകാശാത്മാവിന് പുഷ്പം നൽകുക.
'യം' ബീജം കൊണ്ട് വായ്വാത്മാവിന് ധൂപം കാണിക്കകം
'രം' ബീജം കൊണ്ട് അഗ്ന്യാത്മാവിന് ഭീപം കാണിക്കുക
'വം' ബീജം കൊണ്ട് അമൃതാത്മാവിന് നൈവേദ്യവും നൽകുക.

ഒടുവിൽ 'യം, രം, ലം, വം, ഹം' എന്നീ അഞ്ച് ബീജങ്ങൾ കൊണ്ട് പുഷ്പാഞ്ജലിയും ചെയ്യണം. മുദ്രകൾ കാട്ടി നമസ്ക്കരിക്കണം. പിന്നെ ധ്യാനപൂർവ്വം പുറത്തു കേൾക്കാതെ  മന്ത്രോച്ചാരണം ചെയ്യുമ്പോൾ മുഖവും കഴുത്തും അനങ്ങരുത്. പല്ല് പുറത്തു കാൺകയുമരുത്. നൂറ്റിയെട്ട് അല്ലെങ്കിൽ ഇരുപത്തിയെട്ട് ജപം എന്നാണ് കണക്ക്. ഏറ്റവും കുറഞ്ഞത് പത്തെങ്കിലും ജപിക്കണം.

പിന്നെ 'ഉത്തമേ ശിഖരേ ജാതേ' എന്നു ജപിച്ച് ദേവിയെ മന്ത്രപൂർവ്വം സ്വസ്ഥാനത്തേക്ക് പറഞ്ഞയക്കുക. ജലത്തിൽ നിന്ന് കൊണ്ട് ഗായത്രി ജപമരുതെന്നും ആവാമെന്നും രണ്ടുപക്ഷമുണ്ട്. ദേവി അഗ്നിമുഖിയാകയാലാണ് ജലത്തിൽ നിന്ന് ഗായത്രി ജപിക്കരുത് എന്നു പറയുന്നത്.

ധേനു, ശൂർപ്പം, യോനി, കൂർമ്മം, ലിംഗം ജ്ഞാനം, താമര, നിർവ്വാണം എന്നീ അഷ്ടമുദ്രകൾ പ്രദർശിപ്പിച്ച് ജപം അവസാനിപ്പിക്കാം. 'സ്വരങ്ങളിലോ വൃഞ്ജനങ്ങളിലോ വല്ല ഉച്ചാരണപ്പിഴവും ഞാൻ വരുത്തിയിട്ടുണ്ടെങ്കിൽ അക്ഷരങ്ങൾ വിട്ടു പോയിട്ടുണ്ടെങ്കിൽ, കശ്യപപ്രിയ വാദിനിയായ ദേവീ അതവിടുന്ന് പൊറുക്കണം' എന്ന് പ്രാർത്ഥിച്ച് ഗായത്രീതർപ്പണം ചെയ്യുക.

ഗായത്രിയാണ്  ഛന്ദസ്.  ഋഷി വിശ്വാമിത്രൻ. സവിതാവാണ് ദേവത. 'ഭൂ:' എന്ന് ജപിച്ച് ഋഗ്‌വേദ പുരുഷനെയും 'ഭുവ:' എന്നു ജപിച്ച് യജുർവേദ പുരുഷനെയും 'സ്വ: എന്നു ചൊല്ലി സാമവേദ പുരുഷനേയും 'മഹ:' എന്നു ജപിച്ച് അഥർവവേദ പുരുഷനെയും തർപ്പിക്കുക.

'ജന:' എന്നു ജപിച്ച് ഇതിഹാസപുരുഷനെയും 'തപഃ' ജപിച്ച് വേദ പുരുഷനെയും 'സത്യം' എന്ന് ചൊല്ലി സത്യലോകപുരുഷനെയും 'ഓം ഭൂ:' എന്നു ചൊല്ലി ഭൂലോകപുരുഷനെയും തർപ്പിക്കുക. പിന്നെ 'ഭുവ:' എന്നു ചൊല്ലി ഭുവർലോകപുരുഷനെയും 'സ്വ:' ചൊല്ലി സ്വർല്ലോക പുരുഷനെയും തർപ്പിക്കുക.

'ഓം ഭൂ:' എന്നു ചൊല്ലി ഏക പദയായഗായത്രിയെയും 'ഓംഭുവ:' എന്നു ചൊല്ലി ദ്വിപദയായ ഗായത്രിയെയും 'ഓം സ്വ:' എന്നുച്ചരിച്ച് ത്രിപദയായഗായത്രിയെയും 'ഓം ഭൂർ ഭുവ സ്വഃ' എന്ന് ചൊല്ലി ചതുഷ് പദ ഗായത്രിയെയും തർപ്പിക്കുക.

പിന്നീട് ഉഷസീ ദേവിയെയും ഗായത്രീ ദേവിയെയും, സാവിത്രിയെയും, ശാരദയെയും, സരസ്വതിയെയും, പൃഥ്വിയെയും, വേദമാതാവിനെയും, സാംകൃതിയെയും സാർവജിതിയെയും തർപ്പിച്ചു വന്ദിച്ച് 'ജാതവേദസേ' എന്ന മന്ത്രം ജപിക്കുക. 'മാനസ്തോകേ..' എന്ന മന്ത്രവും 'ത്രയംബകം' മന്ത്രവും 'തച്ഛം യോ' എന്ന മന്ത്രവും 'അതോ ദേവാ:' എന്ന മന്ത്രവും ശാന്ത്യർത്ഥമായി ജപിച്ച് രണ്ടു കൈ കൊണ്ടും സർവാംഗം സ്പർശിക്കുക.

പിന്നീട് 'സ്യേനാ പൃഥിവ്യാ' എന്ന മന്ത്രം ചൊല്ലി സ്വഗോത്രവും സൂത്രവും പറഞ്ഞ് ഭൂമിയെ പ്രണമിക്കുക. പ്രാത: സന്ധ്യാ കർമ്മം ഇങ്ങിനെയാണനുഷ്ഠിക്കേണ്ടത്. സന്ധ്യ കഴിഞ്ഞാൽ അഗ്നിഹോത്രവും ചെയ്യണം.

തുടർന്ന് ദേവി, ശിവൻ, ഗണപതി, സൂര്യൻ, വിഷ്ണു എന്നീ പഞ്ചദേവതകളെ പുരുഷസൂക്തമോ,  'ധ്രീശ്ചതേ' എന്ന മന്ത്രമോ ചൊല്ലി അർച്ചിക്കുക.  മദ്ധ്യത്തിൽ ശിവയും ഈശാന കോണിൽ വിഷ്ണുവും അഗ്നികോണിൽ ശിവനും നിരൃതി കോണിൽ ഗണപതിയും വായുകോണിൽ സൂര്യനും എന്നീ ക്രമത്തിലാണ് പഞ്ചദേവതമാരെ വിന്യസിക്കേണ്ടത്. ഷോഡശ ഋക്കുകൾ ചൊല്ലി അവർക്ക് ഷോഡശാചാര പൂജകൾ അർപ്പിക്കണം.

ഏറ്റവും പുണ്യ പ്രദമാകയാൽ ആദ്യം ദേവീപൂജയാണ് ചെയ്യേണ്ടത്. അക്ഷതം വിഷ്ണുപൂജയ്ക്ക് വിരുദ്ധമാണ്. തുളസി ഗണേശപൂജയ്ക്കും അരുത്. ദുർഗ്ഗാപൂജയ്ക്ക് കറുക നിഷിദ്ധമാണ്. കൈതപ്പൂ കൊണ്ട് മഹേശ്വരനെ അർച്ചിക്കരുത്.

മല്ലിക, ജാതി, കുടകപ്പാല,  പനസം, പാച്ചോറ്റി, മുല്ല, പ്ലാശിൻ പൂ , കണവീരം, വിഷ്ണുക്രാന്തി, ഇരുളിൻ പൂ, അഗസ്തിപ്പൂ, പലാശം, മദനപ്പൂ , ബന്ധുകം, കരിനൊച്ചി, കറുകപ്പൂ , കൂവളം, കുഞ്ഞിളം ദർഭ, ഈന്തില, കുരുക്കുത്തി, എരുക്കിൻ പൂ , കൊങ്ങപ്പൂ , കടമ്പിൻ പൂ, മന്ദാരം, കൈതപ്പൂദളം, വാടാങ്കുറിഞ്ഞി, പുന്നപ്പൂ , മാതളം പൂ, ചമ്പകം, എന്നിവയെല്ലാം ഭഗവതിക്ക് പ്രിയംകരമാണ്. ധൂപത്തിനായി ഗുൽഗുലുവും ദീപത്തിന് നല്ലെണ്ണയും ഉപയോഗിക്കണം. ഇങ്ങിനെ പൂജ കഴിഞ്ഞാൽ മൂലമന്ത്രജപവും വേദാഭ്യസനവും വേണം.

പകൽസമയത്തെ മൂന്നു വിഭാഗങ്ങളാക്കിയാൽ ആദ്യഭാഗത്ത് പഞ്ചായതന പൂജയും രണ്ടാം വിഭാഗത്ത് വേദപഠനവും മൂന്നാം വിഭാഗത്ത് കാലദേശാനുസൃതം നിത്യവൃത്തിക്കായുള്ള ജോലികളിലും മുഴുകുക എന്നതാണ് സാധകധർമം.

No comments:

Post a Comment