Devi

Devi

Monday, November 27, 2017

ദിവസം 314 ശ്രീമദ്‌ ദേവീഭാഗവതം. 12.5. ഗായത്രീസ്തോത്രം

ദിവസം 314  ശ്രീമദ്‌ ദേവീഭാഗവതം. 12.5. ഗായത്രീസ്തോത്രം

ഭക്താനുകമ്പിൻ സർവ്വജ്ഞ ഹൃദയം പാപനാശനം
ഗായത്ര്യാ: കഥിതം തസ്മാദ്ഗായത്ര്യാ: സ്തോത്രമീരയ
ആദിശക്തേ ജഗന്മാതർ ഭക്താനുഗ്രഹകാരിണി
സർവത്ര വ്യാപികേfനന്തേ ശ്രീ സന്ധ്യേ തേ നമോസ്തു തേ

ശ്രീ നാരായണൻ  ഗായത്രീസ്തോത്രം പറഞ്ഞു.

ആദിശക്തേ, ജഗന്മാതേ, ഭക്താനുഗ്രഹകാരിണീ, സർവ്വവ്യാപികേ, അനന്തേ, ശ്രീസന്ധ്യേ നമസ്കാരം. നീയാണ് സന്ധ്യയും ഗായത്രിയും സാവിത്രീ ദേവിയും വാണിയും. രക്തവർണ്ണയായ ബ്രാന്മിയും, ശ്വേതവർണ്ണയായ വൈഷ്ണവിയും, ശ്യാമളവർണ്ണയായ  രൗദ്രിയും നീയാകുന്നു. പ്രഭാതത്തിൽ അരയന്നപ്പുറത്ത് ബാലയായി, മദ്ധ്യാഹ്നത്തിൽ ഗരുഡന്റെ മേൽ യുവതിയായി, സായംകാലത്ത് കാളപ്പുറത്ത്  വൃദ്ധയായി, നീയിരിക്കുന്നു. സദാ  ഋഗ്‌വേദം ചൊല്ലിക്കൊണ്ട് നീ ഭൂമി മുഴുവൻ ചുറ്റി സഞ്ചരിക്കുന്നു. യജുർവേദപഠനനിരതയായി നീ അന്തരീക്ഷത്തിലും സാമം പാടിക്കൊണ്ട് ഭൂമിയിലുമുല്ലസിക്കുന്നതാണ് വേദജ്ഞർ ദർശിക്കുന്നത്.

രുദ്രലോകവാസിനിയായ നീ തന്നെയാണ് വിഷ്ണുലോകത്ത് വസിക്കുന്നതും ദേവൻമാരെ അനുഗ്രഹിച്ചു കൊണ്ടു്  ബ്രഹ്മലോകത്ത് വിരാജിക്കുന്നതും. സപ്തർഷിമാർക്ക് തുഷ്ടിയേകുന്നവളും സർവ്വവരങ്ങൾ ലഭിക്കാനായി സമാശ്രയിക്കാവുന്നവളുമായ ദേവി മായാ സ്വരൂപിണിയാകുന്നു.

ശിവശക്തികളുടെ കണ്ണ്, കൈ, അശ്രു, വിയർപ്പ്, എന്നിവയിൽ നിന്നും ദശരൂപയായ ദുർഗ്ഗയുണ്ടായി. ആ ദേവിയാണ് വരേണ്യ, വരദാ, വരിഷ്ഠാ, വരവർണ്ണിനി, ഗരിഷ്ഠാ, വരാർഹാ, വരാരോഹാ, നീലഗംഗാ,  സന്ധ്യാ, ഭോഗമോക്ഷദാ, എന്നീ പേരുകളില്‍ വിഖ്യാതയായിരിക്കുന്നത്.

മനുഷ്യലോകത്ത് നീ ഭാഗീരഥിയാണ്. പാതാളത്തിൽ ഭോഗവതിയാണ്. സ്വർഗ്ഗത്തിൽ നീ മന്ദാകിനിയാണ്.  ഭൂർ ലോകവാസിയായി ഭാരം താങ്ങുന്ന ധരണിയാണ് നീ. ഭുവർ ലോകത്ത് വായു ശക്തിയാണ് നീ. സ്വർലോകത്ത് തേജോ നിധിയാണ് നീ. മഹർലോകത്ത് മഹാസിദ്ധി നീയാകുന്നു. ജനലോകത്ത് ജനം നീയാണ്. തപോലോകത്തെ തപസ്സും നീയാണ്.

ബ്രഹ്മലോകത്ത് ഗായത്രിയും വിഷ്ണു ലോകത്ത് കമലയും രുദ്രലോകത്തെ ഗൗരിയും നീ തന്നെ. മഹത്തിലും മഹത്താണ് നീ. നീയാണ് പ്രകൃതി. ത്രിഗുണങ്ങൾ സാമ്യാവസ്ഥയിൽ വിരാജിക്കുന്ന 'പ്രധാന' നീയാകുന്നു. എങ്ങും നിറയുന്ന ശബളബ്രഹ്മരൂപിണിയാണ് നീ. നിന്നെ 'പരാ' എന്നും 'പരാശക്തി'യെന്നും ലോകമറിയുന്നു. ഇച്ഛാശക്തി, ക്രിയാശക്തി , ജ്ഞാനശക്തി ഇവ മൂന്നിനും നിദാനമായ നീയാണ് ത്രയശക്തിയായി വിളങ്ങുന്നത്.

ഗംഗ, യമുന, വിപാശാ, സരയൂ, ദേവിക, സിന്ധു, നർമദ, ഐരാവതി, ഗോദാവരി, ശതദ്രു, കാവേരി, സ്വർഗംഗ, കൗശികി, ചന്ദ്രഭാഗാ, വിതസ്താ, സരസ്വതി, ഗണ്ഡകി, താപിനി, തോയാ, വേത്രവതി, എന്നീ നദികളെല്ലാം ദേവീ നിന്റെ രൂപങ്ങളാകുന്നു.

ഇഡ, പിംഗള, സുഷുമ്ന, ഗാന്ധാരി, ഹസ്തി ജിഹ്വ, പൂഷാ, അപൂഷാ, അലംബുഷാ, കൂഹു, ശംഖിനി, പ്രാണവാഹിനി, എന്നീ പേരുകളിലും മറ്റും അറിയപ്പെടുന്ന നാഡികളെല്ലാം നീയാകുന്നു.

ഹൃദയകമലസ്ഥിതയായ പ്രാണനും, കണ്ഠത്തിൽ കുടികൊള്ളുന്ന സ്വപ്ന നായികയും, താലുവിൽ ഉള്ള സദാധാരവും, നെറ്റിയിലുള്ള ബിന്ദു മാലിനിയും, രോമങ്ങൾ തോറും വ്യാപിച്ചിരിക്കുന്നതും  മൂലത്തിൽ കുടികൊള്ളുന്നതുമായ കുണ്ഡലിനീ ശക്തിയും നീ തന്നെയാകുന്നു.

മൂർദ്ധാവിൽ ജ്ഞാനകലയും ശിഖാമദ്ധ്യത്തിൽ പരമാത്മശക്തിയും ശിഖാഗ്രത്ത് മനോന്മനിയും എല്ലാമായി വിലസുന്നത് അമ്മേ, നീ തന്നെയാണ്. മൂന്നു ലോകത്തും എന്തെല്ലാമുണ്ടോ അവയെല്ലാം നീ തന്നെയാകുന്നു. സന്ധ്യാദേവീ, ലക്ഷ്മീ പ്രാപ്തിക്കായി നിന്നെയിതാ ഞാന്‍ നമസ്ക്കരിക്കുന്നു.

സന്ധ്യാസമയത്ത് ഈ കീർത്തനം ചൊല്ലുന്നത് അതീവ പുണ്യദായകമത്രേ. പാപങ്ങൾ നശിച്ച് മഹാപുണ്യ സിദ്ധികൾ നേടാൻ ഇതു മൂലം സാധിക്കും.

സന്ധ്യക്ക് ഇതു പഠിക്കുമെങ്കിൽ പുത്ര സൗഭാഗ്യം, ധനൈശ്വര്യം, സർവ്വ പുണ്യതീർത്ഥ സ്നാനാനഫലം, തപോഫലം, യജ്ഞഫലം, യോഗഫലം, എന്നിവയെല്ലാം ലഭിക്കും. ദീർഘകാലം ഭോഗങ്ങൾ അനുഭവിച്ച് ഒടുവിൽ സാധകന് മോക്ഷവും ലഭിക്കും.

സ്നാന സമയത്ത് ഈ സ്തോത്രം ചൊല്ലിയാൽ എവിടെയാണെങ്കിലും സന്ധ്യാ സ്നാനത്തിന്റെ ഫലമുണ്ടാവും.  നാരദപ്രേരിതനായി ശ്രീ നാരായണൻ പറഞ്ഞു തന്ന ഈ സ്തോത്രം കേട്ടാൽപ്പോലും ഒരു വൻ പാപനിർമുക്തനായിത്തീരും.

No comments:

Post a Comment