Devi

Devi

Saturday, November 11, 2017

ദിവസം 306 ശ്രീമദ്‌ ദേവീഭാഗവതം. 11.21. ഗായത്രീ പുരശ്ചരണവിധി

ദിവസം 306  ശ്രീമദ്‌ ദേവീഭാഗവതം. 11.21. ഗായത്രീ പുരശ്ചരണവിധി

അഥാത: ശ്രൂയതാം ബ്രഹ്മൻ ഗായത്ര്യാ: പാപനാശനം
പുരശ്ചരണകം പുണ്യം യഥേഷ്ടഫലദായകം
പർവതാഗ്രേ നദീതീരേ ബില്വമൂലേ ജലാശയേ
ഗോഷ്ഠേ ദേവാലയേf ശ്വത്ഥേ ഉദ്യാനേ തുളസീവനേ

ശ്രീ നാരായണൻ പറഞ്ഞു. ഇനി പുണ്യപ്രദവും പാപനാശകരവുമായ ഗായത്രീ പുരശ്ചരണക്രമം പറയാം. സർവ്വാഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതാണ് ഗായത്രീജപം. മലമുകളിലോ നദീതീരത്തോ ആൽച്ചുവട്ടിലോ തടാകതീരത്തോ ഗോശാലയിലോ ദേവാലയത്തിലോ ഉദ്യാനത്തിലോ തുളസീവനത്തിലോ പുണ്യക്ഷേത്രത്തിലോ ഗുരുസവിധത്തിലോ ഇരുന്ന് ഗായത്രി ജപിക്കുന്നത് ഉത്തമമത്രേ.

ഏതു മന്ത്രമായാലും വ്യാഹൃതിത്രയത്തോടെ ആദ്യം പതിനായിരം ഗായത്രി ജപിക്കുക. നരസിംഹം, സൂര്യൻ, വരാഹം, മുതലായ ദേവകളെ വാഴ്ത്തുന്ന താന്ത്രികമോ വൈദികമോ ആയ ഏതു പുരശ്ചരണത്തിനു മുൻപും ഗായത്രി ജപിച്ചാലേ അത് പൂർണ്ണമാവൂ. ശാക്തരും വൈഷ്ണവരും ശൈവരും എന്നുവേണ്ട എല്ലാ വിഭാഗക്കാരും ആദിശക്തിയായ ഗായത്രിയെ ഉപാസിക്കണം.

പുരശ്ചരണത്തിന്റെ ആദ്യം ആത്മശുദ്ധിയാണ്. അനേകം തവണ ഗായത്രി ജപിച്ച് ഒരാളിൽ പുരശ്ചരണത്തിനായുള്ള താൽപര്യം ഉണ്ടാവുന്നു. മൂന്നു ലക്ഷം ഉരു, അല്ലെങ്കിൽ കുറഞ്ഞത് ലക്ഷം ഉരു, ശ്രുതിപ്രോക്തമായ രീതിയിൽ ഗായത്രി ജപിച്ച് ആത്മശുദ്ധി വരുത്തി വേണം ജപഹോമങ്ങൾ ചെയ്യാൻ. അല്ലെങ്കിൽ അവ ഫലവത്താകില്ല.

ദേഹത്തെ തപസ്സു ചെയ്ത് തപിപ്പിച്ച്, പിതൃക്കൾക്കും ദേവതകൾക്കും തർപ്പണം ചെയ്യുക. സ്വർഗ്ഗപ്രാപ്തിക്കും ബ്രഹ്മജ്ഞാന സിദ്ധിക്കും തപസ്സ് അനിവാര്യമാണ്. ബ്രാഹ്മണർ അവശ്യം തപസ്സനുഷ്ഠിക്കേണ്ടതുണ്ട്. ക്ഷത്രിയൻ കൈക്കരുത്തിനാലും  വൈശ്യശൂദ്രൻമാർ ധനത്താലും ബ്രാഹ്മണൻ തപഹോമാദികളാലുമാണ് ആപത്തൊഴിവാക്കുന്നത്.

ബ്രാഹ്മണൻ തപസ്സിനാൽ ദേഹത്തെ ശോഷിപ്പിക്കുന്നു. അതിന് പണിപ്പെട്ടും ചന്ദ്രായണാദി വ്രതങ്ങൾ അനുഷ്ഠിക്കണം. ചോദിക്കാതെ ലഭിച്ച ധാന്യം, യാചിച്ചു കിട്ടിയത്, പാടത്തിന്റെ കരയിൽ നിന്നും അല്ലെങ്കിൽ നിരത്തിൽ നിന്നും പെറുക്കിയെടുത്ത ധാന്യം, ഭിക്ഷയെടുത്ത് കിട്ടിയത്, എന്നിങ്ങിനെ നാലു വിധത്തിലാണ് ബ്രാഹ്മണൻ നിത്യാഹാരം സമാർജിക്കുക. ദിവസവും ഇങ്ങിനെ കിട്ടുന്ന ഭിക്ഷാന്നം നാലായി പകുത്ത് ഒരു പങ്ക് മറ്റു ബ്രാഹ്മണർക്കും, ഒരു പങ്ക് പശുക്കൾക്കും, ഒരു പങ്ക് അതിഥിക്കും, നൽകി ബാക്കിയുള്ളത് തനിക്കും പത്നിക്കും വേണ്ടി ഉപയോഗിക്കാം.

ഓരോരോ ആശ്രമത്തിലുള്ളവർക്കും അർഹമായ ഉരുളകൾ എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ട്. കിട്ടിയ അന്നത്തെ ആദ്യം തന്നെ ഗോമൂത്രത്താൽ തളിക്കുക. കോഴിമുട്ടയുടെ അത്രയുമാണ് ഒരുരുളയുടെ വലുപ്പം. ഗൃഹസ്ഥന് അങ്ങിനെയുള്ള എട്ടുരുളകൾ കഴിക്കാം. വാനപ്രസ്ഥന് നാലുരുള. ബ്രഹ്മചാരിക്ക് യഥേഷ്ടം ഗോമൂത്രപുണ്യാഹത്താൽ പവിത്രമാക്കിയ അന്നം കഴിക്കാം. ഒൻപത്, ആറ്, മൂന്ന്, എന്നിങ്ങനെയാണ് ഗോമൂത്ര പ്രോക്ഷണത്തിന്റെ കണക്ക്.

വിരലുകൾക്കിടയിൽ വിടവില്ലാതെ കൈ കുമ്പിളാക്കിപ്പിടിച്ച് ഗോമൂത്രമെടുത്ത് 'സാവിത്രി'യെന്ന ഋക്കും 'തത്' എന്ന ഋക്കും ജപിച്ച് പോക്ഷിക്കുക. കള്ളൻ, ചണ്ഡാളൻ, വൈശ്യൻ, ക്ഷത്രിയൻ എന്നിവർ നൽകുന്ന അന്നം അധമമാണ്. ശൂദ്രൻ നൽകുന്ന ഭക്ഷണം കഴിക്കുന്നതും ശൂദ്രനുമായിരുന്ന് ഉണ്ണന്നതും ബ്രാഹ്മണനെ ആചന്ദ്രതാരം നരകത്തിലേക്ക് നയിക്കും.

ഗായത്രീ മന്ത്രത്തിന്റെ ശബ്ദ സംഖ്യയെത്രയോ അത്രയും ലക്ഷം ജപം എന്നതാണ് കണക്ക്. മുപ്പത്തിരണ്ടു ലക്ഷം ഉരുവാണ് പുരശ്ചരണത്തിന് ജപിക്കേണ്ടത്. വിശ്വാമിത്രന്‍റെ  ആദേശമാണിത്. പുരശ്ചരണമില്ലാത്ത മന്ത്രം ജീവനില്ലാത്ത ദേഹം പോലെ നിഷ്പ്രയോജനമാണ്.

മിഥുനം, കർക്കിടകം, കന്നി, മകരം എന്നീ മാസങ്ങളും ചൊവ്വ, ശനി, ദിവസങ്ങളും വ്യതീ പാതം, വൈധൃതി ദിനങ്ങളും അഷ്ടമി, നവമി, ഷഷ്ഠി, ചതുർത്ഥി, ത്രയോദശി, ചതുർദശി, അമാവാസി, എന്നീ തിഥികളും പ്രദോഷം, രാത്രി, എന്നീ നേരങ്ങളും ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, അവിട്ടം, തിരുവോണം, ജന്മനക്ഷത്രം എന്നീ നാളുകളും മേടം, കർക്കിടകം, കുംഭം, മകരം എന്നീ രാശികളും പുരശ്ചരണത്തിന് പറ്റിയതല്ല.

ചന്ദ്രന് ബലവും ശുക്ള പക്ഷവും ചേർന്ന ദിവസം ചെയ്യുന്ന പുരശ്ചരണം ഫലപ്രദമാവും. സ്വസ്തി ചൊല്ലി ശ്രാദ്ധമൂട്ടി ബ്രാഹ്മണർക്ക് അന്നവും വസ്ത്രവും നൽകി പ്രീതരാക്കി അവരുടെ അനുവാദത്തോടെ ശിവക്ഷേത്രത്തിലോ അതുപോലെയുള്ള മറ്റ് പുണ്യ സ്ഥലങ്ങളിലോ വേണം പുരശ്ചരണം ചെയ്യാൻ. പടിഞ്ഞാറ് അഭിമുഖമായിരുന്ന് ജപം തുടങ്ങാം.

ഭൂമിയിലെ അഞ്ച് സിദ്ധി സ്ഥാനങ്ങൾ കേദാരം, കാശീപുരം, മഹാകാളം, നാസികം, ത്രംബകം എന്നിവയാണ്. എന്നാൽ പുരശ്ചരണത്തിന് ഇരിക്കുന്ന കൂർമ്മാസനവും സിദ്ധിസ്ഥാനം തന്നെയാകുന്നു.  മുനീശ്വരൻമാർ നിത്യവും അനുഷ്ഠിക്കുന്ന ഈ ജപം ബ്രാഹ്മണൻ ഒരിക്കലും മുടക്കരുത്. പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെയാണ് ജപസമയം. മനസ്സടക്കി, മന്ത്രാർത്ഥം മനസ്സിലുറപ്പിച്ച് ഗായത്രീ ഛന്ദസ്സിന്റെയത്ര ലക്ഷം ഉരു മന്ത്രം ജപിക്കുക.

ജപത്തിന്റെ പത്തിലൊന്ന് തവണ നെയ്ചേർത്ത പായസാന്നം ഹോമിക്കുക. വില്വപത്രം, പൂക്കൾ, മധുരം ചേർത്ത യവം എന്നിവയും ഹോമിക്കണം. മന്ത്രസിദ്ധിക്കും ധർമ്മകാമാർത്ഥമോക്ഷസിദ്ധിക്കും ഗായത്രീ മന്ത്രജപം വിശേഷമാണ്. ഇഹപരങ്ങളിലെല്ലാം ഗായത്രിയ്ക്ക് അതീതമായി മറ്റൊരു മന്ത്രമില്ല. നിത്യനൈമിത്തിക  കാമ്യകർമ്മങ്ങളിൽ ഇടപെടുന്ന സകലരും ഗായത്രിയെ സേവിക്കുക.

മൂന്നു നേരം കുളിച്ച് ഉച്ചയ്ക്ക് അൽപ്പമാഹാരം കഴിച്ച് മൗനിയായും അർച്ചനാവ്യഗ്രനായും മൂന്നു ലക്ഷം തവണ മന്ത്രം ജപിക്കുക. പുരശ്ചരണം കഴിഞ്ഞാൽ കാമ്യകർമ്മങ്ങളുടെ കാര്യസിദ്ധിക്കായും ജപസാധന ചെയ്യാം.  അതിനുള്ള വിധികൾ ഇനിപ്പറയാം.

അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ആയിരം ഗായത്രി ജപിക്കുക. ആയുസ്സിനും ആരോഗ്യത്തിനും ഇതുത്തമമാണ്. ഒരു വർഷം ഇതു തുടരുന്നതു കൊണ്ട് ഒരാൾക്ക് സിദ്ധനാകാം. ഒരു ലക്ഷം താമരദളങ്ങള്‍ നെയ്യിൽ മുക്കി ഹോമിക്കുന്നത് കൊണ്ട് എല്ലാ വാഞ്ഛിതങ്ങളും, മോക്ഷം പോലും ലഭിക്കും. ഇരുപത്തിയഞ്ചു ലക്ഷം തവണ പാലു കൊണ്ടോ നെയ് കൊണ്ടോ ഹോമിക്കുന്നതു കൊണ്ട് ഒരുവന് ജീവൻമുക്തനാവാം. അഷ്ടാംഗയോഗം കൊണ്ടുള്ള ഫലം ഇതുകൊണ്ടു് നേടാം.

മിതാഹാരം ശീലിക്കുക. ഉണ്ടും ഉണ്ണാതെയും ഗുരുഭക്തിയോടെ ആറു മാസം ജപനിഷ്ഠയോടെ കഴിഞ്ഞാൽ സിദ്ധനാവാം. ഒരു ദിവസം പഞ്ചഗവ്യം സേവിച്ചും പിറ്റേന്ന് വായുമാത്രം കഴിച്ചും ഒരുനാൾ ബ്രാഹ്മണഭോജനം കഴിച്ചും ഗായത്രീ തൽപ്പരനായി കഴിയുക.

ഗംഗ പോലുള്ള പുണ്യതീർത്ഥങ്ങളിൽ മുങ്ങിക്കിടന്ന് നൂറുരു ഗായത്രി ജപിച്ച് നൂറു തവണ ആ തീർത്ഥം സേവിക്കുന്നത് ഒരുവനെ സകലപാപങ്ങളിൽ നിന്നും മോചിപ്പിക്കും. ബ്രാഹ്മണരും രാജാക്കൻമാരുമെല്ലാം സ്വഗൃഹത്തിൽ വെച്ച് സ്വാധികാരമനുസരിച്ച് തപസ്സിൽ ഏർപ്പെടുക. അതിനുശേഷം ചെയ്യുന്ന പുരശ്ചരണം ഫലപ്രദമാവും.

വേദവാക്യപ്രകാരമുള്ള കർമ്മങ്ങൾ ചെയ്ത് മോക്ഷ കാംക്ഷികൾ സദാചാര നിഷ്ഠയോടെ മിതാഹാരിയായി ഗുരൂപദേശാനുസരണം ജീവിക്കണം. കിഴങ്ങോ പഴങ്ങളോ എട്ടുരുള ചോറോ മാത്രം കഴിച്ച് പുരശ്ചരണം വിധിയാംവണ്ണം അനുഷ്ഠിച്ച് അവന് പുണ്യവും ഫലസിദ്ധിയും ആർജിക്കാം .

മന്ത്രസിദ്ധി ലഭിക്കാത്തവൻ ചെയ്യുന്ന കർമ്മങ്ങൾ ഫലവത്താവുകയില്ലതന്നെ.

No comments:

Post a Comment