Devi

Devi

Thursday, November 2, 2017

ദിവസം 301 ശ്രീമദ്‌ ദേവീഭാഗവതം. 11.16. സന്ധ്യോപാസനം

ദിവസം 301   ശ്രീമദ്‌ ദേവീഭാഗവതം. 11.16. സന്ധ്യോപാസനം

അഥാത:ശ്രൂയതാം പുണ്യം സന്ധ്യോപാസനമുത്തമം
ഭസ്മധാരണമാഹാത്മ്യം കഥിതം ചൈവ വിസ്തരാത്
പ്രാത: സന്ധ്യാവിധാനം ച കഥയിഷ്യാമി തേf നഘ
പ്രാത: സന്ധ്യാം സനക്ഷത്രാം മധ്യാഹ്നേ മധ്യഭാസ്കരം

ശ്രീ നാരായണൻ തുടർന്നു: ഇനി സന്ധ്യോപാസനത്തെപ്പറ്റി കേട്ടാലും. ആദ്യം പ്രാത: സന്ധ്യയെപ്പറ്റി പറയാം. പ്രഭാതത്തിൽ വെള്ളകീറുന്നതിനു മുൻപും മദ്ധ്യാഹ്നത്തിലും സൂര്യൻ അസ്തമിക്കുന്ന സന്ധിയിലും മൂന്നു സന്ധ്യകളെയാണ് നാം ഉപാസിക്കേണ്ടത്. അവ മൂന്നും തമ്മിലുള്ള ഭേദങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നക്ഷത്രങ്ങൾ വാനിൽ നിന്നുമിനിയും മറഞ്ഞിട്ടില്ലാത്ത പുലരിസമയം പ്രാത: സന്ധ്യയ്ക്ക് ഉത്തമമാണ്. താരകൾ മറഞ്ഞുകഴിഞ്ഞുവെങ്കിൽ അത് മദ്ധ്യമം. സൂര്യൻ ഉദിച്ച ശേഷമുള്ള സമയമാണെങ്കിൽ അത് അധമം. അതുപോലെ സൂര്യനിനിയും അസ്തമിക്കാത്ത സായംകാലം ഉത്തമവും അസ്തമിച്ചശേഷമുള്ള സമയം മദ്ധ്യമവും നക്ഷത്ര സഹിതമാണെങ്കിൽ അത് അധമവുമാകുന്നു.

ബ്രാഹ്മണൻ എന്ന വൃക്ഷത്തിന്റെ വേരുകളാണ് സന്ധ്യകൾ. വേദങ്ങൾ ആ വൃക്ഷത്തിന്റെ ശാഖകളാണ്. ധർമ്മകർമ്മങ്ങളാണ് ഇലകൾ. അതു കൊണ്ട് ആ മരത്തിന്റെ വേരുകൾ സംരക്ഷിച്ചാൽ മാത്രമേ കൊമ്പുകളും ചില്ലകളും നിലനിൽക്കൂ. ഇതാണ് സന്ധ്യാചരണത്തിന്റെ പ്രാധാന്യം. സന്ധ്യോപാസനയില്ലാത്ത വിപ്രൻ ശൂദ്രനാണ്. പിന്നീടവൻ ജനിക്കുന്നത് നായായാണ്.

സന്ധ്യാ കർമ്മങ്ങൾ അനുഷ്ഠിക്കാത്തവന് മറ്റു കർമ്മങ്ങൾക്ക് അധികാരമില്ല. ഉപാസനകൾ ചെയ്യാൻ ഉദയാസ്തമയങ്ങൾ കഴിഞ്ഞ് മൂന്നു നാഴികയോളം സമയമുണ്ട്. ഈ സമയപരിധി കഴിഞ്ഞാൽ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അൽപസമയം തെറ്റിയാൽ മറ്റൊരർഘ്യംകൂടി നൽകിയാൽ പ്രായശ്ചിത്തമായി. അല്ലെങ്കിൽ നൂറ്റിയെട്ട് ഗായത്രി ജപിച്ചേ സന്ധ്യ അനുഷ്ഠിക്കാവൂ.

കാലാനുസാരിയായി അതത് സമയത്തിന്റെ അധീശ്വരിയെ ഉപാസിച്ചാണ് കർമ്മങ്ങൾ ചെയ്യേണ്ടത്. സ്വന്തം ഗൃഹത്തിൽ വെച്ച് സന്ധ്യയെ ഉപാസിക്കാം. ഗോശാലയിലും നദീതീരത്തും വച്ച് സന്ധ്യോപാസന ചെയ്യുന്നത് മധ്യമവും ഉത്തമവുമാണ്. ദേവീക്ഷേത്രത്തിൽ വെച്ചായാലത് അത്യുത്തമം.  മൂന്നു സന്ധ്യകളും ദേവീസന്നിധിയിൽ വച്ച് ചെയ്യുന്നത് ശുഭോദർക്കമാണ്.

ബ്രാഹ്മണർക്ക് ഇതിലും മേലെയൊരു ദൈവതവുമില്ല. ശൈവാരാധനയോ വിഷ്ണുപൂജയോ ത്രിസന്ധ്യോപാസനയ്ക്ക് തുല്യമാവില്ല. ഗായത്രീദേവിയെ ഉപാസിക്കുന്നത് സർവ്വവേദസാരതത്വങ്ങളെയും ഉപാസിക്കുന്നതിനു തുല്യമത്രെ. ബ്രഹ്മാദിദേവകളും, വേദങ്ങൾ പോലും ഗായത്രീ ദേവിയെ വാഴ്ത്തുന്നു. വേദോപാസ്യയെന്ന് ഗായത്രി അറിയപ്പെടുന്നു. ശാക്തരും ശൈവരും വൈഷ്ണവരും എന്നു വേണ്ട എല്ലാ ബ്രാഹ്മണരും ഗായത്രീ ഉപാസകരാണ്.

ആദ്യം നാമസ്മരണയോടെ ആചമനം ചെയ്യുക. കേശവൻ, നാരായണൻ, മാധവൻ, ഗോവിന്ദൻ, വിഷ്ണു, മധുസൂദനൻ ,ത്രിവിക്രമൻ, വാമനൻ, ശ്രീധരൻ, ഹൃഷീകേശൻ, പത്മനാഭൻ ,ദാമോദരൻ, സങ്കർഷണൻ, വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ, അധോക്ഷജൻ, നരസിംഹം, അച്യുതൻ, പുരുഷോത്തമൻ ,ജനാർദ്ദനൻ, ഉപേന്ദ്രൻ, ഹരി, കൃഷ്ണൻ, എന്നീ ക്രമത്തിൽ ഇരുപത്തിനാല് നാമങ്ങൾ ഓങ്കാരം സഹിതം സ്വാഹാന്തമായി ചൊല്ലി ആചമിച്ച് 'നമോ ' എന്നവസാനിപ്പിച്ച് ദേഹത്തിൽ ഓരോയിടത്ത് ക്രമത്തിൽ സ്പർശിക്കുക.

ഓം കേശവായ സ്വാഹാ, ഓം നാരായണായ സ്വാഹാ, ഓം മാധവായ സ്വാഹാ എന്നാദ്യം ജപിച്ച് മൂന്നുവട്ടം ജലം കുടിക്കുക.

ഓം ഗോവിന്ദായ നമ:,  വിഷ്ണവേ നമ:, എന്നു ജപിച്ച് രണ്ടു കൈകളും കഴുകുക.

ഓം മധുസൂദനായ നമ:, ത്രിവിക്രമായ നമ:, എന്നു ജപിച്ച് വിരൽത്തുമ്പു കൊണ്ട് ചുണ്ടുകൾ വടിക്കുക.

ഓം വാമനായ നമ:, ശ്രീധരായ നമ:, എന്നു ചൊല്ലി  മുഖം കഴുകുക.

ഓം ഹൃഷീകേശായ നമ: എന്ന് ചൊല്ലി ഇടതു കയ്യിൽ ജലമെടുത്ത് പത്മനാഭായ നമ: എന്നു ചൊല്ലി കാലുകൾ കഴുകുക.

ഓം ദാമോദരായ നമഃ എന്നു ചൊല്ലി ജലം മൂർധാവിൽ തളിക്കുക.

ഓം സങ്കർഷണായ, എന്നു ജപിച്ച് നടുക്കുള്ള മൂന്നു വിരലുകൾ മടക്കി മുഖത്ത് തൊടുക

ഓം വാസുദേവായ നമ:, പ്രദ്യുമ്നായ നമ:, എന്നു ജപിച്ച് തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് നാസികാഗ്രം തൊടുക

ഓം അനിരുദ്ധായ നമ:, പുരുഷോത്തമായ നമ:, എന്ന് ചൊല്ലി തളള വിരലും മോതിരവിരലും ചേർത്ത് രണ്ടു കണ്ണുകളും തൊടുക.

ഓം അധോക്ഷജായ നമ:, നാരസിംഹായ നമ:, എന്നു ജപിച്ച് രണ്ടു കാതുകളും തൊട്ടുക.

ഓം അച്യുതായ നമ:, എന്നു ജപിച്ച് ചെറുവിരലും അംഗുഷ്ഠവും ചേർത്ത് നാഭിയിൽ തൊടുക.

ഓം ജനാർദ്ദനായ നമ: എന്നു ജപിച്ച് കൈപ്പത്തി കൊണ്ട് ഹൃദയഭാഗം തൊടുക.

ഓം ഉപേന്ദ്രായ നമ: എന്നു ജപിച്ച് ശിരസ്സ് തൊടുക.

ഓ ഹരയേ നമ: , കൃഷ്ണായ നമ:, എന്നു ജപിച്ച് രണ്ട് ബാഹു മൂലങ്ങളെയും തൊടുക.

ആചമന സമയത്ത് ഇടം കൈ വലം കൈയിൽ സ്പർശിക്കണം. ഇടംകൈ സ്പർശനമില്ലെങ്കിൽ ജലം ശുദ്ധമാവുകയില്ല. വലംകൈ ഗോകർണ്ണം പോലെയാക്കിപ്പിടിച്ച് അതിലൊരുഴുന്നു മണിയിട്ടാൽ മുങ്ങാനുള്ള ജലമെടുത്താൽ മതി. അതിന്റെയളവ് കൂടിയാലും കുറഞ്ഞാലും ബ്രാഹ്മണനത് മദ്യപാനംപോലെ നിക്ഷിദ്ധമാണ്. വലതു കയ്യിലെ നടുവിരലുകൾ അകത്തേയ്ക്ക് വളച്ചു പിടിച്ച് ചെറുവിരലും തള്ളവിരലും അകത്തിപ്പിടിച്ച് വേണം ആചമനം ചെയ്യാൻ.

പ്രണവ ജപത്തോടെ ഇനി ഗായത്രി ആലപിക്കാം. എന്നിട്ട് പ്രാണായാമം ചെയ്യുക. മൂക്കിലെ വലത്തേ രന്ധ്രത്തിലൂടെ രേചകം, ഇടതിലൂടെ പൂരകം, വായുവിനെ ഉള്ളിലടക്കി നിർത്തി കുംഭകം, എന്നിങ്ങിനെയാണ് പ്രാണായാമക്രമം. തള്ളവിരലാൽ മൂക്കിന്റെ വലതു ഭാഗം, ചെറുവിരലാൽ ഇടംഭാഗം, എന്നതാണ് ചിട്ട . നടു വിരലുകൾ ഉപയോഗിക്കരുത്.

പൂരകത്തിൽ വായുവിനെ സാവകാശം അകത്തേക്ക് എടുക്കുന്നു. അപ്പോൾ നീലോൽപ്പലദളശ്യാമനായ കൃഷ്ണനെ നാഭിമധ്യത്തിൽ നാലു തൃക്കരങ്ങളോടെയിരിക്കുന്നതായി സങ്കൽപ്പിക്കുക.
കുംഭകം ചെയ്യുമ്പോൾ നാൻമുഖനായ ബ്രഹ്മാവിനെ കമലാസനനും ജഗന്നാഥനുമായി ഹൃദയസ്ഥാനത്ത് സങ്കൽപ്പിക്കുക.

രേചകത്തിൽ ശുദ്ധസ്ഫടിക വർണ്ണത്തിൽ  പാപനാശകനും മഹേശ്വരനുമായ പരമശിവനെ ഭ്രൂമദ്ധ്യസ്ഥിതനായി സങ്കൽപ്പിക്കുക.

പൂരകം വിഷ്ണു സാത്മ്യവും, കുംഭകം ബ്രഹ്മത്വവും, രേചകം ശിവപ്രാപ്തിയും, പ്രദാനം ചെയ്യുന്നു.

പുരാണ പ്രോക്തമായ ആചാരങ്ങൾക്കു പുറമേ വേദവിധിയനുസരിച്ചുള്ള ആചാരങ്ങളും ഉണ്ട്.

ആദ്യം ഓങ്കാരം. പിന്നീട് ഭൂ: ഭൂവ: സ്വ: എന്നീ വ്യാഹൃതികൾ ജപിച്ച് "ഓം തത്സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോന:പ്രചോദയാത് " എന്ന ജപിച്ച് ആചമനം ചെയ്യുക. ഗായത്രീമന്ത്രം മൂന്നു തവണ ഉരുവിട്ട് പ്രാണായാമം ചെയ്യുക.

ഇനി പാപനാശകരവും പുണ്യപ്രദായകവുമായ പ്രാണായാമം എന്തെന്നു വിശദമാക്കാം. പ്രണവമന്ത്രത്തോടെ അഞ്ചുവിരലും ചേർത്ത് പിടിച്ച് നാസാഗ്രം അമർത്തിയാണ് വാനപ്രസ്ഥർക്കും ന ഗൃഹസ്ഥർക്കും വിധിച്ചിട്ടുള്ള പ്രാണായാമ പദ്ധതി. സന്യാസിക്കും ബ്രഹ്മചാരിക്കും ചെറുവിരൽ, മോതിരവിരൽ, തള്ളവിരൽ എന്നിവ മൂന്നും ചേർത്ത് പിടിച്ച് 'ആപോഹിഷ്ഠാമയോ ' എന്ന മന്ത്രം മൂന്നു തവണ ചൊല്ലി പ്രോക്ഷിച്ച ശേഷം ഒൻപതു തവണ ഓങ്കാരം ജപിക്കാം.  'ആപോഹിഷ്ഠാമയോ' എന്ന മന്ത്രത്തിന് മൂന്ന് ഋക്കുകളും ഒൻപതു പാദങ്ങളുമാണുള്ളത്. ഓരോ പാദാന്ത്യത്തിലും പ്രണവസഹിതം മാർജനം ചെയ്യണം. ഒരാണ്ട് കാലം ചെയ്തുപോയ പാപങ്ങളെല്ലാം ഈ മാർജനം കൊണ്ടു് മാത്രം ഇല്ലാതാകുന്നു.

പിന്നീട് 'സൂര്യ' മന്ത്രം ജപിച്ച് ആചമിച്ച് ജലപാനം ചെയ്യാം. ഇതോടെ സാധകന്റെ അന്ത:കരണ പാപങ്ങളെല്ലാം നശിക്കുന്നു. പ്രണവം കൊണ്ട്, ഗായത്രി ജപിച്ച്, അല്ലെങ്കിൽ 'ആപോഹിഷ്ഠാമയോ' മന്ത്രം എന്നിവ കൊണ്ട് ആചമിക്കാൻ വിധിയുണ്ട്. വലതു കൈ പശുവിന്റെ ചെവി പോലെ പിടിച്ച് അതിൽ ജലമെടുത്ത് മൂക്കിൻ തുമ്പുവരെയുയർത്തി വാമകുക്ഷിയിൽ കറുത്ത നിറമുള്ള പാപപുരുഷനെ സങ്കൽപ്പിച്ച് 'ഋതം ച' എന്ന മന്ത്രം ജപിക്കുക. പിന്നെ 'ദ്രുപദാദി' ഋക്കു ചൊല്ലി വലത്തേ നാസികയിലൂടെ ആ പാപിയെ ജലത്തിലേക്ക് കൊണ്ടുവരിക. ആ ജലത്തെ വീണ്ടും നോക്കാതെ ഇടതു ഭാഗത്ത് തളിച്ച് ദേഹത്തു നിന്നും പാപമെല്ലാം പൊയ്പ്പോയതായി സങ്കൽപ്പിക്കുക. പിന്നെ എഴുന്നേറ്റ് നിന്ന് പാദങ്ങൾ ചേർത്ത് വച്ച് ചൂണ്ടാണിവിരലും തള്ളവിരലും തൊടാതെ കയ്യിൽ വെള്ളമെടുത്ത് സൂര്യനെ നോക്കി ഗായത്രി ജപിച്ച് മൂന്നുതവണ അർഘ്യം സമർപ്പിക്കുക. ഇതാണ് ശ്രുതി പ്രകാരമുള്ള അർഘ്യ വിധി.

ഇനി 'അസവാദിത്യ' എന്നാരംഭിക്കുന്ന മന്ത്രം ചൊല്ലി പ്രദക്ഷിണം ചെയ്യുക. മദ്ധ്യാഹ്നത്തിൽ ഒരു തവണ, പ്രഭാതത്തിലും സായാഹ്നത്തിലും മൂന്നു തവണ എന്നിങ്ങിനെയാണ് പ്രദക്ഷിണം നടത്തേണ്ടത്. രാവിലെ കുനിഞ്ഞുനിന്ന്, ഉച്ചക്ക് നിവർന്നു നിന്ന്, വൈകുന്നേരം ഇരുന്ന്, എന്നിങ്ങിനെയാണ് ബ്രാഹ്മണൻ അർഘ്യം നൽകേണ്ടത്.

'മന്ദേഹർ' എന്ന പേരായ മൂന്നു കോടി രാക്ഷസൻമാർ ഉണ്ട്. വീരൻമാരെങ്കിലും ഘോരപാപികളായ ഈ രാക്ഷസൻമാർ ആദിത്യനെ വിഴുങ്ങാൻ ഒരുങ്ങുന്നവരത്രേ. അതിനാൽ ഋഷിമുനിമാർ മഹാസന്ധ്യയെ ഓർത്തു കൊണ്ട് ഉദകാഞ്ജലി തൂകുകയാണ്. ആ ജലകണങ്ങൾ രാക്ഷസരെ വജ്രായുധം പോലെ ദഹിപ്പിക്കുന്നു. വിപ്രൻമാർ ഇക്കാരണങ്ങളാലാണ് സന്ധ്യകൾ അനുഷ്ഠിക്കുന്നതെന്ന്  പറയപ്പെടുന്നു. മഹാപുണ്യപ്രദായകമായ ആചാരമാണിത്.

'ഞാൻ സൂര്യൻ, ജ്യോതിസ്വരൂപനാണ്. ഞാനാണ് ശിവൻ. ഞാനാണാത്മാവ്. ഞാൻ ആത്മ ജ്യോതിസ്സാണ്. ശുദ്ധനും സർവ്വ ജ്യോതിസ്വരൂപമായ രസവുമാണ് ഞാൻ. വരദേ, ഗായത്രീ ദേവീ, ബ്രഹ്മ രൂപിണീ, എന്റെ ഹൃദയത്തിൽ വന്നിരുന്നാലും. ഇങ്ങു വന്ന് ഞാനേകുന്ന അർഘ്യം അവിടുന്ന് സ്വീകരിച്ചാലും.' എന്ന ധ്യാനത്തോടെ ഒരാസനമുണ്ടാക്കി അവിടെയിരുന്ന്  വേദമാതാവായ ഗായത്രി ജപിക്കുക. പ്രാണായാമം ചെയ്ത് ഈ സമയത്ത്  സന്ധ്യാവന്ദനത്തിലെ 'ഖേചരീ' മുദ്ര ധരിക്കണം.

ഖേചരീമുദ്ര ധരിക്കുന്നവന്റെ ചിത്തവും ജിഹ്വയും  'ഖം' എന്നറിയപ്പെടുന്ന ആകാശത്ത് സ്വച്ഛവിഹാരം ചെയ്യുന്നു. അതിനാലാണ് ഖേചരീ മുദ്ര എന്ന പേരുണ്ടായത്. ഭ്രൂ മധ്യത്തിൽ ദൃഷ്ടിയൂന്നിയുള്ള മുദ്രയ്ക്ക് സമമായി മറ്റൊന്നില്ല. മണിനാദം പോലെ മുഴങ്ങുന്ന പ്രണവം ഉച്ചരിച്ച്, സ്ഥിരചിത്തനായി, അഹങ്കാരമൊഴിഞ്ഞ്, സിദ്ധാസനത്തിൽ എത്തിച്ചേരുക.

യോനിസ്ഥാനത്ത് ഒരു കുതികാൽ മുട്ടിച്ച് പിടിച്ച് മറ്റേ കാൽ അതിനു മുകളിലായി വൃഷണത്തെ മറച്ചു വയ്ക്കുക. ഭ്രൂ മധ്യത്തിൽ ദൃഷ്ടിയൂന്നി ശരീരം വളയാതെ നിവർന്നിരുന്ന്, ഇന്ദ്രിയസംയമനത്തോടെ  ഏകാഗ്രചിത്തത്തോടെയിരിക്കുന്നതാണ് യോഗികൾക്ക് സുഖപ്രദമായ  സിദ്ധാസനം.

'വരദയും, ഗായത്രിയും, വേദജനനിയുമായ ദേവീ അവിടുന്ന് ഈ സ്തോത്രത്തെ അലങ്കരിച്ചാലും.  ഞാൻ പകൽ സമയത്ത് ചെയ്തു പോകുന്ന പാപങ്ങൾ അന്നു രാത്രിയിൽത്തന്നെ ഇല്ലാതാകണേ. സർവ്വ വർണേ, മഹാദേവീ, സന്ധ്യേ, വിദ്യേ, സരസ്വതീ, നിത്യയൗവനസമ്പന്നേ, സർവേശീ, നമോസ്തുതേ! എന്നു സ്തുതിച്ച് 'തേജോfസി' മന്ത്രത്താൽ ദേവിയെ ആവാഹിക്കണം.

'നിന്റെ നാമത്തിൽ ചെയ്യുന്ന കർമ്മങ്ങളെല്ലാം പൂർണ്ണമാകണേ ' എന്നു ദേവിയോട് പ്രാർത്ഥിച്ച് ശാപമോക്ഷത്തിനായി വേണ്ടതു ചെയ്യുക. ബ്രഹ്മശാപം, വിശ്വാമിത്രശാപം, വസിഷ്ഠ ശാപം, എന്നിങ്ങിനെ മൂന്നുതരമാണ് ശാപങ്ങൾ. ബ്രഹ്മസ്മരണ മാത്രയിൽ ബ്രഹ്മശാപവും വിശ്വാമിത്ര സ്മരണമാത്രയിൽ ആ ശാപവും വസിഷ്ഠസ്മരണയിൽ വസിഷ്ഠശാപവും ഒഴിയും.

"സത്യാത്മകനും സർവ്വജഗത് സ്വരൂപനും അവർണ്യനും ഏകനും പുരുഷനും പ്രമാണവും, ചിദ്രൂപനും പരമാത്മാവെന്ന പേരിൽ അറിയപ്പെടുന്നവനുമായ ആ പരംപുമാനെ ഞാൻ ധ്യാനിക്കുന്നു."

സന്ധ്യയുമായി ബന്ധപ്പെട്ട അംഗന്യാസ വിധിയെങ്ങിനെയെന്ന് ഇനി പറയാം. എല്ലാ മന്ത്രങ്ങൾക്ക് മുൻപും പ്രണവം ചേർക്കണം. 'ഭൂ:' എന്ന് ജപിച്ച് രണ്ടു കാലിലും തൊട്ട് നമ: എന്നോതുക. കാൽമുട്ടിൽതൊട്ട് 'ഭുവ:' എന്നും കടികളിൽ തൊട്ട് 'സ്വ:' എന്നും നാഭിയിൽ തൊട്ട് 'മഹ' എന്നും മാറിൽത്തൊട്ട് 'ജന' എന്നും കണ്ഠത്തിൽത്തൊട്ട് 'തപ' യെന്നും നെറ്റിമേൽത്തൊട്ട് 'സത്യ' എന്നും അംഗുഷ്ഠത്തിൽ 'തത് സവിതു' എന്നും ചൂണ്ടാണിയിൽ 'വരേണ്യ'വും മധ്യമയിൽ 'ഭർഗോ ദേവസ്യ' എന്നും അനാമികയിൽ 'ധീമഹി'യെന്നും ചെറുവിരലിൽ 'ധിയോ യോ ന:'  എന്നും ഉള്ളം കയ്യിലും പുറത്തും  'പ്രചോദയാൽ' എന്നും ന്യസിക്കണം.

'തത്സവിതു' എന്ന് ഹൃദയത്തിൽത്തൊട്ട് ബ്രഹ്മാവിനും 'വരേണ്യം' എന്ന് ശിരസ്സിൽത്തൊട്ട് വിഷ്ണ്വാത്മാവിനും 'ഭർഗോദേവസ്യ' എന്ന് ശിഖയിൽത്തൊട്ട് രുദ്രനും കവചമായി ശക്ത്യാത്മാവിന് 'ധീമഹി' എന്നും പ്രണവമോതി ന്യസിക്കുക. 'ധിയോ യോന:' എന്നുചൊല്ലി കണ്ണിൽത്തൊട്ട് കാലാത്മാവിനേയും, 'പ്രചോദയാത്' എന്ന അസ്ത്രം ചൊല്ലി സർവ്വാത്മാവിനേയും ന്യസിക്കണം.

ഇനി അക്ഷരന്യാസം പറയാം. ഗായത്രിയുടെ അക്ഷര ന്യാസം പാപങ്ങളെ തീരെയില്ലാതാക്കുന്നു. പ്രണവം ചൊല്ലി ഓം തത് ചൊല്ലി പാദ വിരലുകൾ തൊട്ട് നരിയാണിയിൽ 'ഓം സ' എന്നും മുട്ടിനു താഴെ 'ഓം വി' എന്നും മുട്ടുകളിൽ 'ഓം തു' എന്നും ഊരുക്കളിൽ 'ഓം വ' എന്നും ന്യസിക്കുക. 'ഓം രേ' എന്നു ഗുദത്തിലും 'ഓം ണി' എന്നു ലിംഗത്തിലും 'ഓംയം' എന്നു കടി പ്രദേശത്തും 'ഓം ഭ' എന്നു നാഭിയിലും 'ഓം ഗോ' എന്ന് ഹൃദയത്തിലും 'ഓം ദേ' എന്ന് സ്തനങ്ങളിലും, 'ഓം വ' എന്ന് നെഞ്ചിലും 'ഓം സ്യ' എന്ന് കണ്ഠത്തിലും 'ഓംധീ' എന്ന മുഖത്തും 'ഓം മ' എന്നു താലു പ്രദേശത്തും 'ഓം ഹി' എന്നു നാസികാഗ്രത്തും 'ഓം ധി' എന്ന് നേത്ര മണ്ഡലത്തിലും 'ഓം യോ' എന്ന് ഭ്രൂ മധ്യത്തിലും 'ഓം യോ' എന്ന് നെറ്റി മധ്യത്തിലും 'ഓം ന' എന്ന് മൂക്കിനു കീഴിൽ മേൽ ചുണ്ടിലും 'ഓംപ്ര' എന്ന് വലം ഭാഗത്തും 'ഓം ചോ' എന്ന് ഇടം ഭാഗത്തും 'ഓം ദ' എന്ന് മൂർധാവിലും 'ഓംയോ' എന്ന് ശിരസ്സിലും വിന്യസിച്ച് 'ഓം ത' എന്ന് വ്യാപകം ചെയ്യുക.

ജപത്തിൽ മാത്രം താൽപ്പര്യമുള്ളവർ ഈ ന്യാസവിധി ചെയ്യാറില്ല. ന്യാസ ശേഷം ജഗദംബാ ധ്യാനം. ചെമ്പകപ്പൂ നിറമാർന്ന ദേവി പൊൽത്താമരപ്പൂവിൽ രക്തചന്ദനവിഭൂഷിതയായി ഇരുന്നരുളുന്നു. രക്ത മാല്യമണിഞ്ഞ് നാലുമുഖങ്ങളും നാലു കൈകളും രണ്ടു കണ്ണകളുമുള്ള ദേവി കിണ്ടി, ജപമാല, ഹോമപാത്രം, തവി,  എന്നിവ കയ്യിലേന്തിയിരിക്കുന്നു. സർവ്വാഭരണ വിഭൂഷിതയായി ഋക്ക് ജപിച്ച് ഹംസ വാഹനയായ ദേവി ബ്രഹ്മദേവതയായി ആഹവനീയാഗ്നി മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നു.

നാലുകാലും (നാലു വേദങ്ങൾ ) എട്ടു കുക്ഷിയും (എട്ട് ദിക്കുകൾ)  ഏഴു തലയും (വ്യാകരണം, ശിക്ഷ, നിരുക്തം, ജ്യോതിഷം, ഇതിഹാസപുരാണങ്ങൾ, ഉപനിഷത്തുകൾ ), ഉള്ള മഹേശ്വരിയുടെ വക്ത്രം അഗ്നിയും, ശിഖ രുദ്രനും, ചിത്തം വിഷ്ണുവുമാണ്, എന്ന് ഭാവന ചെയ്ത് ഗായത്രീ ദേവിയെ ഉപാസിക്കുക. ദേവിക്ക് ബ്രഹ്മാവാണ് കവചം. ഗോത്രം സാംഖ്യായനമാണ്. രവി മണ്ഡല മദ്ധ്യസ്ഥയായ ദേവിയെ ഇങ്ങിനെ ഉപാസിക്കുക.

ഇനി ദേവീപ്രീതികരങ്ങളായ മുദ്രകൾ ചെയ്യണം. സമ്മുഖം, സമ്പുടം, വിതതം, വിസ്തൃതം, ദ്വിമുഖം. ത്രിമുഖം ചതുഷ്കം, പഞ്ചകം, ഷൺമുഖം, അധോമുഖം, വ്യാപകാഞ്ജലികം, ശകടം,യമപാശം, ഗ്രഥിതം, സംമുഖോൻ മുഖം, വിളംബം, മുഷ്ടികം, മത്സ്യം, കൂർമ്മം, വരാഹകം, സിംഹാക്രാന്തം, മഹാക്രാന്തം, മുദ്ഗരം, പല്ലവം എന്നിങ്ങിനെ ഇരുപത്തിനാല് ഗായത്രീമുദ്രകൾ ജപസമയത്ത് കാണിക്കുക. പിന്നെ നൂറ് അക്ഷരമുള്ള ഗായത്രി ജപിക്കണം.

ഗായത്രിക്ക് അക്ഷരങ്ങൾ ഇരുപത്തിനാലാണല്ലോ.  'ജാതവേദസ്സേ' എന്നാരംഭിക്കുന്ന ഋക്കും 'ത്രംബകം' എന്ന മന്ത്രവും ചേർന്നാണ് നൂറക്ഷരം. ഈ പുണ്യമന്ത്രം ഒരിക്കലെങ്കിലും ജപിക്കുക. അതാവർത്തിക്കുന്നത് അതീവ പുണ്യപ്രദമാണ്. ഓംകാരം ജപിച്ചിട്ട് വ്യാഹൃതികൾ ഉച്ചരിച്ച് നിത്യവും ഗായത്രീ ജപം ചെയ്യുന്ന വിപ്രൻ സന്ധ്യോപാസനയുടെ സദ്ഫലം അനുഭവിച്ച് സുഖിയായി വാഴും.

No comments:

Post a Comment