Devi

Devi

Tuesday, November 7, 2017

ദിവസം 303 ശ്രീമദ്‌ ദേവീഭാഗവതം. 11.18. ദേവീവിശേഷ പൂജാവിധി

ദിവസം 303  ശ്രീമദ്‌ ദേവീഭാഗവതം. 11.18.  ദേവീവിശേഷ പൂജാവിധി

പൂജാവിശേഷം ശ്രീദേവ്യാ: ശോതുമിച്ഛാമി മാനദ
യേനാശ്രിതേന മനുജ: കൃതകൃത്യത്വമാവഹേത്
ദേവർഷേ ശൃണു വക്ഷ്യാമി ശ്രീമാതു: പൂജനക്രമം
ഭുക്തിമുക്തിപ്രദം സാക്ഷാത്സമസ്താപന്നിവാരണം

ശ്രീ നാരദൻ പറഞ്ഞു. ഭഗവാനേ, ദേവീപൂജാവിധാനങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. മനുഷ്യന് കൃതാർത്ഥതയുണ്ടാക്കുന്ന ഉപാസനയാണല്ലാ ദേവീ പൂജ.

ശ്രീ നാരായണൻ പറഞ്ഞു: എല്ലാ ദു:ഖങ്ങളെയും ആപത്തുകളെയും ഇല്ലാതാക്കുന്ന ദേവീപൂജ ഭുക്തിമുക്തിപ്രദായകമാണ്. ആ പൂജയുടെ വിധാനക്രമം ഞാൻ വിവരിക്കാം.

മൗനമാചരിച്ച് ആചമനം ചെയ്ത് സങ്കൽപ്പത്തോടെ ഭൂതശുദ്ധി ചെയ്യുക. പിന്നെ മാതൃകാന്യാസവും ഉപാസ്യ ദേവതയ്ക്കായി ഷഡംഗന്യാസവും ചെയ്ത് ശംഖ് വച്ച് തീർത്ഥമുണ്ടാക്കുക. ആ തീർത്ഥം അസ്ത്രമന്ത്രത്തോടെ പൂജാദ്രവ്യങ്ങളിൽ തളിക്കുക. ഇനി ഗുരുവിന്റെ സമ്മതത്തോടെ പൂജ തുടങ്ങാം.

ആദ്യം തന്നെ പീഠപൂജ ചെയ്ത് ദേവിയെ ധ്യാനിച്ച് ആസനാദി ഉപചാരങ്ങൾ അർപ്പിച്ച് പഞ്ചാമൃതാദി വസ്തുക്കൾ കൊണ്ട് ദേവിക്ക് അഭിഷേകം ചെയ്യുക. നൂറ് പുണ്ഡരീകക്കരിമ്പിൻനീർ കലശം കൊണ്ട്  ജഗദംബികയെ അഭിഷേകം ചെയ്യുന്നവന് പുനർജന്മമില്ല. വേദപാരായണ സഹിതം മാമ്പഴച്ചാറ്, അല്ലെങ്കിൽ കരിമ്പിൻ നീര് കൊണ്ടാണ് അഭിഷേകം ചെയ്യുന്നതെങ്കിൽ അവന്റെ ഗൃഹത്തിൽ എന്നും  ലക്ഷ്മിയും വാണിയും വിളയാടും. മുന്തിരിച്ചാറാണ് അഭിഷേകത്തിനുപയോഗിക്കുന്നതെങ്കിൽ അവന്റെ കടുംബം മുന്തിരിരസ ബിന്ദുക്കൾ എത്രയുണ്ടോ അത്രകാലം ദേവലോകത്ത് പൂജിതരാവും.

കർപ്പൂരം, അകിൽ, കസ്തൂരി, കുങ്കുമപ്പൂ എന്നിവ ചാലിച്ച ജലം വേദോച്ചാരണത്തോടെ അഭിഷേകം ചെയ്യുന്നത് കൊണ്ട് സാധകന്റെ നൂറു ജന്മങ്ങളിലെ കർമ്മദോഷങ്ങൾ ഇല്ലാതാകും. പാൽകൊണ്ട് അഭിഷേകം ചെയ്യുന്നവൻ കല്പാന്തകാലം ക്ഷീരസാഗരവാസിയാകും. അഭിഷേക വസ്തു തൈരാണെങ്കിൽ അവൻ സപ്തദ്വീപുകൾക്കും അധിപതിയാകും. തേൻ, നെയ്യ്, ശർക്കര എന്നിവ കൊണ്ടുള്ള അഭിഷേകവും ഒരുവനെ സപ്തദ്വീപുകൾക്ക് അധിപതിയാക്കും.

സഹസ്രകലശം ജലാഭിഷേകം ചെയ്യുന്നവന് ഇഹലോകത്തും പരലോകത്തും സുഖിയായി ജീവിക്കാനാവും. ഭഗവതിക്ക് രണ്ട് വെള്ളപ്പെട്ട് സമർപ്പിക്കുന്നവൻ വായുലോകമണയും. ദേവിക്ക് രത്നമാല്യമിടുന്നവൻ കുബേരസമനാവും. ദേവിയുടെ തൃക്കാലിൽ ചെമ്പഞ്ഞിച്ചാറ്, കസ്തൂരി എന്നിവ പൂശി സിന്ദൂരം കൊണ്ട് തിലകമണിയിച്ച് അലങ്കരിക്കുന്നവൻ ഇന്ദ്രസമനായിത്തീരും.

ദേവീപൂജയ്ക്കായി വൈവിധ്യമാർന്ന പൂക്കൾ അർപ്പിക്കാം. അവയർപ്പിക്കുന്ന ഭക്തൻ കൈലാസമണയുന്നു. കൂവളത്തില ഉപയോഗിച്ച് ദേവിയെ പൂജിക്കുന്നവന് ഒരിക്കലും ദു:ഖമുണ്ടാവില്ല. "ഹ്രീം ഭുവനേശ്വര്യൈ നമ:"  എന്നു ജപിച്ച് വില്വപത്രത്തിൽ മായാ ബീജത്രയം വൃത്തിയായി എഴുതി ഭഗവതിയുടെ പദകമലങ്ങളിൽ സമർപ്പിക്കുക. അങ്ങിനെ സാധകന് മനുത്വം കൈവരുന്നു. ഒരു കോടി കൂവളത്തില കൊണ്ട് അർച്ചിക്കുന്നവൻ ബ്രഹ്മാണ്ഡത്തിനും അധിപതിയാവും.

മുല്ലപ്പൂക്കളിൽ അഷ്ടഗന്ധം ചേർത്തൊരു കോടി അർച്ചിക്കുന്നവൻ പ്രജാപതിയാകും. പത്തുകോടിയാണെങ്കിൽ വിഷ്ണുത്വം കൈവരും. ഭഗവാൻ വിഷ്ണുവിന് തൽസ്ഥാനം ലഭിച്ചത് ഇങ്ങിനെയാണ്. നൂറ് കോടി ദളങ്ങൾ അർപ്പിച്ചാലവന് ഹിരണ്യഗർഭനാകാം. ഹിരണ്യഗർഭനും പണ്ടീ പൂജ ചെയ്തിട്ടുണ്ട്. ചെമ്പരത്തി, ഉച്ചമലരി, മാതളപ്പൂ  എന്നിവ കൊണ്ടും ഇങ്ങിനെ അർച്ചിക്കാം. പുഷ്പാർച്ചനകൾ കൊണ്ടുണ്ടാവുന്ന ഫലങ്ങൾ ആർക്കും വിവരിക്കാനാവില്ല. അതത് കാലങ്ങളിലുണ്ടാകുന്ന എണ്ണമറ്റ പൂക്കളിറുത്ത് ദേവിയെ എല്ലാ വർഷവും അർച്ചിക്കുക. അങ്ങിനെ പാപരഹിതനായിത്തീരാം. അവന്റെ ദേഹാവസാനസമയത്ത് ദേവർമാർക്കു പോലും എത്തിച്ചേരാൻ ദുർലഭമായ ശ്രീദേവീ പദാംബുജമണയാൻ ഗതി വരും.

അകിൽ, നെയ്യ്, ഗുൽഗുലം, എന്നിവയിട്ടു പുകച്ച ധൂപം ജഗദംബികയ്ക്കായി സമർപ്പിക്കുക. ആ ധൂപത്തിന്റെ പൂക ഗൃഹം മുഴുവൻ നിറയട്ടെ. ദേവി സുപ്രസന്നയായി സാധകന് മൂന്നു ലോകങ്ങളും നൽകും. ദേവിക്കായി നിത്യവും കർപ്പൂരദീപം കാട്ടുന്നവൻ സൂര്യലോകമണയും. ആയിരക്കണക്കിനു ദീപങ്ങൾ ദേവീ സവിധത്തെ ശോഭയേറിയതാക്കട്ടെ. ആ ഭഗവതിക്കു മുൻപിൽ വൈവിധ്യമാർന്ന നിവേദ്യങ്ങൾ കുന്നുപോലെ കൂടിയിരിക്കട്ടെ. കട്ടിയായും ലേഹ്യമായും നേർത്തതായും പലതരം പായസങ്ങളും അപ്പങ്ങളും അന്നങ്ങളും സ്വർണ്ണപ്പാത്രങ്ങളിൽ നിറച്ച് നിവേദിക്കുക. കർപ്പൂരം, കരിങ്ങാലി എന്നിവ ചേർത്തൊരുക്കിയ ശീതള ജലം, കലശം നിറയെ ഗംഗാജലം എന്നിവയും നൽകണം. ഏലം, ലവംഗം, കർപ്പൂരം  എന്നിവ ചേർത്തൊരുക്കിയ സുഗന്ധ താംബൂലം ദേവിക്കായി നൽകുക.

പിന്നെ ദേവിയുടെ പ്രീതിക്കായി മൃദംഗം, വീണ, മിഴാവ്, ഇടയ്ക്ക, ചെണ്ട മുതലായവാദ്യങ്ങൾ വായിച്ച് പാട്ടുപാടി സ്തുതിച്ച് പുരാണ പാഠവും വേണം. ആലവട്ടം, വെൺചാമരം, വെൺകൊറ്റക്കുട തുടങ്ങിയ രാജകീയോപചാരങ്ങൾ പതിവായി ദേവിക്കായി കരുതണം. പ്രദക്ഷിണം ചെയ്ത് നമസ്ക്കരിച്ച് ക്ഷമാപണസഹിതം ജഗദംബയെ പലവട്ടം വാഴ്ത്തുക. ഭക്തർ ഒരിക്കലെങ്കിലും അമ്മയെ സ്മരിച്ചാൽ അമ്മ  സന്തോഷവതിയാണ്. അപ്പോൾപ്പിന്നെ നിരന്തരം ദേവീസ്തുതിയിലും സേവനത്തിലും മുഴുകിയ ഭക്തനായി പുത്രവാത്സല്യമുള്ള ദേവി എന്തു തന്നെ ചെയ്യില്ല ? ജഗദംബികയിൽ നിതാന്തമായ ഭക്തിയുണ്ടായാൽ എല്ലാമായി എന്നർത്ഥം.

ഇതുമായി ബന്ധപ്പെട്ട് ബൃഹദ്രഥൻ എന്ന രാജർഷിയുടെ കഥ വളരെ വിശേഷമാണ്. ഭക്തിസംവർദ്ധകമാണാ ചരിതം. ഹിമാലയത്ത് ഒരിടത്തൊരു ചക്രവാകപ്പക്ഷി ജീവിച്ചിരുന്നു. ഇരതേടി ആ പക്ഷി പല ദിക്കുകളിലും പറന്നു നടന്നു. അങ്ങിനെയതൊടുവിൽ കാശീപുരത്തെത്തി. അവിടെ അന്നപൂർണ്ണാദേവിയെ അറിയാതെയാണെങ്കിലും പ്രദക്ഷിണം വച്ച് ഇരതേടി തന്റെ പ്രയാണം തുടർന്നു. കാലാന്തരത്തിൽ ആ പക്ഷി മരിച്ച് ദിവ്യരൂപം പ്രാപിച്ച് നേരിട്ട് സ്വർഗ്ഗത്തിലെത്തി. രണ്ടു കൽപ്പകാലം സ്വർഗഭോഗങ്ങൾ അനുഭവിച്ച് ആർജിത പുണ്യഫലം തീർന്നപ്പോൾ അവന് ഭൂമിയിലെ ഒരു ക്ഷത്രിയ കുലത്തിൽ ജനിക്കാൻ ഭാഗ്യമുണ്ടായി. അയാളാണ് ബൃഹദ്രഥൻ.

സർവ്വഗുണസമ്പന്നനും വിഖ്യാതനുമായിരുന്നു അദ്ദേഹം. ധാർമ്മികനും സത്യസന്ധനും ജീതേന്ദ്രിയനുമായ അദ്ദേഹത്തിന് പൂർവ്വജന്മ സ്മൃതിയുണ്ടായിരുന്നു. ത്രികാലജ്ഞനും യതിശ്രേഷ്ഠനുമായ അദ്ദേഹത്തിന്റെ മഹിമ കേട്ടറിഞ്ഞ ഏതാനും മഹർഷിമാർ രാജാവിനെ സന്ദർശിക്കാനെത്തി. ഉപചാരങ്ങൾ കഴിയവേ ഋഷിമാർ ചോദിച്ചു: "മഹാരാജൻ, അങ്ങേയ്ക്ക് പൂർവ്വജന്മസ്മൃതിയുള്ളതായി കേട്ടിട്ടുണ്ട്. അതുണ്ടാവാൻ എന്തെന്തു പുണ്യങ്ങളാണവിടുന്ന് ചെയ്തത്? എന്തു ചെയ്താണ് ത്രികാലജ്ഞാനമാർജ്ജിക്കുക?  അങ്ങയിൽ നിന്നും ഇതെല്ലാം പഠിക്കാനാണ് ഞങ്ങളിവിടെ വന്നിട്ടുള്ളത്."

ഋഷിമാരുടെ അഭ്യർത്ഥനയെ മാനിച്ച് രാജാവ് പറഞ്ഞു: "എന്റെ പൂർവ്വജന്മം ചക്രവാകപ്പക്ഷിയായിട്ടായിരുന്നു. എന്നാൽ അറിയാതെയാണെങ്കിലും ഞാൻ അന്നപൂർണ്ണാ ദേവിയെ ഒരിക്കൽ പ്രദക്ഷിണംവച്ച് പറന്നിട്ടുണ്ട്. ആ പുണ്യം മൂലം എനിക്ക് രണ്ടു കല്പകാലം സ്വർഗ്ഗവാസം ലഭിച്ചു. ഈ ജന്മത്തിൽ എനിക്ക് ത്രികാലജ്ഞാനവും സിദ്ധിച്ചു. അമ്മയുടെ പദകമലങ്ങൾ പണിഞ്ഞാൽ കിട്ടുന്ന ഫലമെന്തെന്ന് ആർക്കും വർണ്ണിക്കാനാവില്ല. അതോർക്കുമ്പോഴേ എന്റെ കണ്ണു നിറയുന്നു. സർവ്വജനങ്ങൾക്കും ജനനിയായ, സർവ്വാനുഗ്രഹദായകിയായ ജഗദംബികയെ ഭജിക്കാത്തവർ എത്ര കൃതഘ്നരാണ്!

ശിവനെയും വിഷ്ണുവിനെയും നിത്യം ഉപാസിക്കേണ്ട കാര്യമില്ല. എന്നാൽ പരാശക്തിയെ നിത്യവും ഉപാസിക്കണമെന്ന് ശ്രുതിയിലും പറയുന്നുണ്ട്. ദേവീപൂജയുടെ പ്രാധാന്യത്തെപ്പറ്റി ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല. ജഗദംബികയെ നിരന്തരം ധ്യാനിക്കുക തന്നെയാണ് ലോകത്ത് ഏറ്റവും മഹത്തായ കർത്തവ്യം. ദേവിയെ നിർഗുണയായോ സഗുണയായോ ആരാധിക്കാം."

ധർമ്മിഷ്ഠനായ ബൃഹദ്രഥൻ പറഞ്ഞതു കേട്ട് തുഷ്ടരായ മഹർഷിമാർ മടങ്ങിപ്പോയി. ഇത്രയേറെ മാഹാത്മ്യമുള്ള ദേവീപൂജയെപ്പറ്റി വാക്കുകളാൽ വിവരിക്കാൻ ആരോടും പറയരുത്. കാരണം വാക്കുകൾക്ക് ആ മാഹാത്മ്യത്തെ യഥാതഥമായി വിവരിക്കാനാവില്ല. ജന്മസാഫല്യമുള്ളവർക്ക് ദേവീപൂജയിൽ ശ്രദ്ധയുണ്ടാവുന്നു. എന്നാൽ ജന്മസാങ്കര്യമുള്ളവർക്ക് ദേവീപൂജയിൽ താൽപ്പര്യം ഉണ്ടാവുകയില്ല തന്നെ.

No comments:

Post a Comment