Devi

Devi

Friday, November 10, 2017

ദിവസം 305 ശ്രീമദ്‌ ദേവീഭാഗവതം. 11.20. ബ്രഹ്മയജ്ഞാദി കീർത്തനം

ദിവസം 305  ശ്രീമദ്‌ ദേവീഭാഗവതം. 11.20.  ബ്രഹ്മയജ്ഞാദി കീർത്തനം

ത്രിരാചമ്യ ദ്വിജഃ പൂർവ്വം ദ്വിർമാജനമഥാചരേത്
ഉപസ്പൃശേത് സവ്യപാണിം പാദൗ ച പ്രോക്ഷയേത്തത:
ശിരസി ചക്ഷുഷി തഥാ നാസായാം ശ്രോത്രദേശകേ
ഹൃദയേ ച തഥാ മൗലൗ പ്രോഷണം സമ്യഗാചാരത്

ശ്രീ നാരായണൻ പറഞ്ഞു: മൂന്നു തവണ ആചമിച്ചിട്ട് രണ്ടു തവണ വായ് നനച്ചിട്ട് ബ്രഹ്മയജ്ഞത്തിനായി തയ്യാറെടുക്കുക. പിന്നെ മുഖം തുടച്ച് ഇടതു കൈയും കാലുകളും വെള്ളം തളിക്കുക. തലയിലും കണ്ണിലും മൂക്കിലും ചെവികളിലും മാറിലും മൂർധാവിലും ജലം പ്രോഷിച്ചതിനു ശേഷം ബ്രഹ്മയജ്ഞം തുടങ്ങണം.

ദേശകാലങ്ങൾ പറഞ്ഞ് വലതു കയ്യിൽ രണ്ടു ദർഭയും ഇടതു കയ്യിൽ മൂന്നുദർഭയും പിടിച്ച് ഇരിപ്പിടത്തിൽ ഒരു ദർഭയിട്ട്, ശിഖയിലൊരെണ്ണം വച്ച് പൂണൂലിലും ഉള്ളം കാലിലും ഓരോ ദർഭ വച്ച്, 'വിമുക്തിയണയാനും സർവ്വപാപ ശമനത്തിനായും ദേവതാപ്രീതി ലഭിക്കാനും ഞാൻ ബ്രഹ്മ യജ്ഞം നടത്തുന്നു' എന്ന് സങ്കൽപ്പിച്ച് മൂന്നു തവണ ഗായത്രിയും 'അഗ്നിമീളേ, യദംഗേ, അഗ്നിർവ്വൈ, മഹാവ്രതം, പന്ഥാ ഏതച്ച, സംഹിതായാശ്ച, വിദാ, മഘവദ, മഹാവ്രതസ്യ, ഇഷേതോർജേ, അഗ്നേ ആയാഹി, ശന്നോദേവീ'എന്നീ മന്ത്രങ്ങളും സൂക്തങ്ങളും ചൊല്ലുക.  പിന്നീട് 'വൃദ്ധിരാദൈച്' എന്ന വ്യാകരണസൂത്രവും ജപിക്കണം.

ഇനി ശിക്ഷാക്രമം പറയാം. പഞ്ചസംവത്സരാ, മ യ ര, സ ത ജ ഭ ന,  എന്നീ അക്ഷരങ്ങളും, ഗൗ ഗ്മ, എന്നീ കൂട്ടക്ഷരങ്ങളും ജപിക്കുക.  എന്നിട്ട് 'അഥാതോ ബ്രഹ്മ ജിജ്ഞാസാ, അഥാതോ ധർമ്മജിജ്ഞാസാ'  എന്നീ സൂത്രങ്ങളും 'തച്ഛംയോ' എന്നതും ചൊല്ലി 'ബ്രഹ്മണേ നമ:' എന്ന് ബ്രഹ്മാവിനെ വന്ദിക്കുക.

മറ്റ് ദേവൻമാർക്കുള്ള തർപ്പണം ചെയ്ത് പ്രദക്ഷിണം ചെയ്ത് പ്രജാപതി, ബ്രഹ്മാവ്, വേദങ്ങൾ, ദേവൻമാർ, ഋഷികൾ, ഛന്ദസ്സുകൾ, ഓംകാരം, വഷട്കാരം, വ്യാഹൃതികൾ, സാവിത്രി, ഗായത്രി, യജ്ഞങ്ങൾ, ഭൂമി, നാകം, നരകം, അന്തരീക്ഷം, അഹോരാത്രങ്ങൾ, സാംഖ്യൻമാർ, സിദ്ധൻമാർ, സമുദ്രങ്ങൾ, നദികൾ, പർവ്വതങ്ങൾ, ക്ഷേത്രങ്ങൾ, ഔഷധങ്ങൾ, വനസ്പതികൾ, ഗന്ധർവ്വൻമാർ, അപ്സരസ്സുകൾ, നാഗങ്ങൾ, പക്ഷികൾ, ഗോക്കൾ, സാദ്ധ്യൻമാർ, സിദ്ധർ, വിപ്രൻമാർ, യക്ഷൻമാർ, ഭൂതങ്ങൾ, രക്ഷസ്സുകൾ ഇങ്ങിനെയുള്ള സകലരും പ്രീതരാകട്ടെയെന്ന സങ്കൽപ്പത്തിൽ തർപ്പണം ചെയ്യുക.

ഇനി പൂണൂൽ അലങ്കാരമായി അണിഞ്ഞ് ഋഷിതർപ്പണം ചെയ്യുക. ശതർച്ചികൾ, ഗൃത്സമദൻ, മാധ്യമൻമാർ, വിശ്വാമിത്രൻ, വാമദേവൻ, ഭരദ്വാജൻ, അത്രി, വസിഷ്ഠൻ, പ്രഗാഥൻ, പാവമാനികൻ, ക്ഷുദ്രസൂക്തർ, മഹാസൂക്തർ, സനകൻ, സനന്ദനൻ, സനത്കുമാരൻ, സനാതനൻ, കപിലൻ, ആസുരി, പഞ്ചശീർഷകൻ, ബോഹലി, പ്രാചീനാവീതിനൻമാർ, എന്നിവർക്കായി തർപ്പണം ചെയ്യണം. കൂടാതെ സൂത്രഭാഷ്യം, ഭാരതം, ഹരിവംശം - എന്നിവയുമായി ബന്ധപ്പെട്ട ഋഷിവര്യർക്ക് തർപ്പണം ചെയ്യണം. സുമന്തു, ജൈമിനി, വൈശമ്പായനൻ, ജാനന്തി, ശാകലൻ, ഗാർഗ്ഗ്യൻ, പൈലൻ, ഗൗതമൻ ,ബാഹവി, വാഭ്രവ്യൻ, മാണ്ഡവ്യൻ, മാണ്ഡുകേയൻ, ഗാർഗ്ഗി, വാചക്നവി, ബഡവാ, പ്രാതിഥേയിക, സുലഭാമൈത്രേയി, കഹോലൻ എന്നിവരേയും കൗഷീതകം, മഹാകൗഷീതകം, ഭാരദ്വാജം, പൈംഗ്യം, മഹാ പൈംഗ്യം, സൂയജ്ഞകം, സാംഖ്യായനം, ഐതരേയം, അശ്വലായനം, ബാഷ്കളം, ശാകലം, സുജാതവക്രം, ഔദവാഹിനി, സൗജാമി, ശൗനകം, എന്നിവയുടെ രചയിതാക്കളേയും തർപ്പിക്കണം. മറ്റുള്ള എല്ലാ ആചാര്യൻമാരും തൃപ്തരാവട്ടെയെന്ന സങ്കൽപ്പത്തിൽ അവർക്കായും തർപ്പണം ചെയ്യുക.

'എന്റെ കുലത്തിൽ അപുത്രരായി മരിച്ചു പോയ എല്ലാവർക്കുമായി എന്റെ വസ്ത്രം വിഴിഞ്ഞുള്ള ജലതർപ്പണത്താൽ തൃപ്തരാവട്ടെ' എന്നു സങ്കൽപ്പിച്ച് തർപ്പിച്ച് ബ്രഹ്മയജ്ഞം സമാപിപ്പിക്കാം. നിത്യവും ഇതനുഷ്ഠിക്കുന്നവന് സർവ്വവേദങ്ങളും പഠിച്ചതിന്റെ ഫലമുണ്ടാവും.

വൈശ്വദേവവും നിത്യശ്രാദ്ധവും മുടക്കാതെ ചെയ്യേണ്ട കർമ്മങ്ങളാണ്. അതുപോലെയാണ് അതിഥികൾക്കായുള്ള അന്നദാനവും. ഇനി പശുക്കൾക്ക് ചോറുരുട്ടി നൽകി പുല്ലും കൊടുത്ത് പകലിന്റെ അഞ്ചാം ഭാഗത്ത് മറ്റ് ബ്രാഹ്മണരുമൊത്ത് ഭക്ഷണം കഴിക്കാം. ആറും ഏഴും ഭാഗങ്ങൾ ഇതിഹാസപുരാണങ്ങൾ പഠിക്കാനും എട്ടാം ഭാഗം വീട്ടിനു വെളിയിലേക്ക് യാത്ര ചെയ്യാനും ഉപയോഗിക്കാം. തിരികെ വന്ന് സായംസന്ധ്യയനുഷ്ഠിക്കണം.

സായംസന്ധ്യ അനുഷ്ഠിക്കേണ്ടവിധം ഇനിപ്പറയാം. നിത്യം ഇതനുഷ്ഠിച്ചാൽ ജഗൻമയിയായ അമ്മ പ്രസാദിക്കും. ആചമനശേഷം സാധകൻ പത്മാസനത്തിലിരുന്ന് പ്രാണായാമം ചെയ്ത് ചിത്തമുറപ്പിക്കുക. മന്ത്രപൂർവ്വകമായ സഗർഭ പ്രാണായാമമാണ് അഗർഭ പ്രാണായാമത്തേക്കാൾ ഉത്തമം. ഭൂതശുദ്ധി ക്രിയകൾ ഇനി ചെയ്യുക. പ്രാണായാമത്തിലെ രേചകം, പൂരകം, കുംഭകം ഇങ്ങിനെ മുന്നു ഘട്ടങ്ങളും ഉചിതമായി ക്രമാല്‍ ചെയ്യുക.

ഇനി ദേവതാധ്യാനം. "കോടക്കാർ നിറത്തിൽ മഞ്ഞച്ചേലയണിഞ്ഞ് രത്നഭൂഷിതയായി തിളങ്ങുന്ന കമ്മലുമിട്ട് അവയുടെ തിളക്കം മാറ്റുകൂട്ടുന്ന കവിൾത്തടങ്ങളുമായി അമൂല്യ കിരീടം ധരിച്ച് ശംഖചക്രഗദാപങ്കജ ധാരിണിയായി ചിലമ്പുന്നകാൽത്തളകൾ അണിഞ്ഞ ഗരുഡവാഹനയായ വൃദ്ധ സരസ്വതീദേവിയെ ഭാവന ചെയ്യുക". "സാമവേദത്തോടെ സൂര്യമണ്ഡലം കടന്നു വരുന്ന ആനന്ദാത്മികയായ ദേവിയെ ഞാനിവിടേക്കാവാഹിക്കുന്നു" എന്നു സങ്കൽപ്പിക്കുക.

തുടർന്ന് 'ആപോഹിഷ്ഠാമയോ' അല്ലെങ്കിൽ 'അഗ്നിശ്ച' മന്ത്രം ജപിച്ച് ആചമിക്കുക. ശുദ്ധമനസ്സോടെ ഗായത്രീമന്ത്രം ജപിച്ച് നാരായണപ്രീതി നേടിയ ശേഷം ആദിത്യന് ജലമർപ്പിക്കുക. രണ്ടു പാദങ്ങളും ചേർത്ത് വച്ച് കൈയിൽ വെള്ളം കോരിയെടുത്ത് ആദിത്യമണ്ഡല വിരാജിതനായ ദേവനെ സങ്കൽപ്പിച്ച് മൂന്നുവട്ടം അർഘ്യം നൽകുക. സ്മൃതിയെയും മന്ത്രങ്ങളെയും അനുസരിക്കാതെ അർഘ്യം നൽകുന്നവൻ പ്രായശ്ചിത്തം ചെയ്യേണ്ടതായി വരും. ഒടുവിൽ 'അസാവാദിത്യ മന്ത്രം' ജപിച്ച് സൂര്യോപാസന ചെയ്ത് ഇരുന്ന് ദേവീധ്യാനത്തോടെ ആയിരമോ അഞ്ഞൂറോ ഗായത്രി ജപിക്കുക.  തുടർന്ന് പ്രാത: സന്ധ്യയിൽ ചെയ്ത ഉപസ്ഥക്രിയകൾ ചെയ്യുക.  ഇതാണ് സായംസന്ധ്യാക്രമം.

സായംസന്ധ്യയിലെ തർപ്പണത്തിന് വസിഷ്ഠൻ ഋഷിയാണ്. ശ്രീ സരസ്വതി ദേവത. ഛന്ദസ്സും സരസ്വതി തന്നെ. 'സ്വ: പുരുഷം തർപ്പയാമി' എന്നു ചൊല്ലി പുരുഷനെയും സാമവേദത്തെയും പിന്നീട് ഹിരണ്യഗർഭനേയും, പരമാത്മാവിനെയും, മണ്ഡലത്തെയും, വേദമാതാവിനെയും. സാംകൃതിയേയും, വിഷ്ണുരൂപയായ വൃദ്ധസരസ്വതിയേയും, പ്രാത:സന്ധ്യയേയും നിമൃജയേയും സർവ്വമന്ത്രേശ്വരിയേയും സർവ്വസിദ്ധികാരിണിയേയും പുരുഷനേയും 'ഭൂർ ഭുവ: സ്വ:' ചൊല്ലി തർപ്പിക്കണം.

ദു:ഖവ്യാധികളും പാപങ്ങളും നശിപ്പിക്കുന്നതും ശ്രുതിസമ്മതവുമായ അനുഷ്ഠാനമാണിത്. മോഷദായകവും സദാചാരങ്ങളിൽ ഏറ്റവും പ്രധാനവുമാണ് സന്ധ്യാവന്ദനം. നിത്യമിതനുഷ്ഠിക്കുന്ന സാധകന് ദേവി സർവ്വാഭീഷ്ടങ്ങളും സാധിച്ചു കൊടുക്കുന്നു.

No comments:

Post a Comment