Devi

Devi

Friday, November 10, 2017

ദിവസം 304 ശ്രീമദ്‌ ദേവീഭാഗവതം. 11.19. മദ്ധാഹ്നസന്ധ്യാവിധി

ദിവസം 304  ശ്രീമദ്‌ ദേവീഭാഗവതം. 11.19.  മദ്ധാഹ്നസന്ധ്യാവിധി

അഥാത: ശ്രൂയതാം ബ്രഹ്മൻ സന്ധ്യാം മാധ്യാഹ്നികീം ശുഭാം
യദനുഷ്ഠാനതോfപൂർവം ജായതേfത്യുത്തമം ഫലം.
സാവിത്രീം യുവതീം ശ്വേത വർണ്ണാം ചൈവ ത്രിലോചനാം
വരദാം ചാക്ഷമാലാഢ്യാം ത്രിശൂലാഭയ ഹസ്തകാം

ശ്രീ നാരായണൻ പറഞ്ഞു: ഇനി അത്യുത്തമഫലങ്ങൾ പ്രദാനം ചെയ്യുന്ന മദ്ധ്യാഹ്നസന്ധ്യാപൂജയെപ്പറ്റി ഇനി പറയാം. "കയ്യിൽ ത്രിശൂലവും അഭയമുദ്രയും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ച ശ്വേതവർണ്ണയായ മുക്കണ്ണകളോടുകൂടിയ സാവിത്രി വൃഷാരൂഢയും യജുർവേദ സ്വരൂപിണിയുമാണ്. രുദ്രോപാസ്യയും ഗുണോത്കൃഷ്ടയും ഭൂവർലോകസ്ഥിതയും സൂര്യമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവളും മായാസ്വരൂപിണിയുമായ സാവിത്രീദേവിയെ ഞാൻ നമസ്ക്കരിക്കുന്നു." എന്നിങ്ങിനെ ധ്യാനിച്ച് ആചമനം ചെയ്യുക.

പിന്നീട് ദേവിക്കുള്ള അർഘ്യം നൽകി പൂക്കൾ അർച്ചിക്കുക. പൂക്കൾക്ക് പകരം വില്വപത്രങ്ങളിട്ട ജലം മേലോട്ട് തൂകിക്കൊണ്ട് സൂര്യാഭിമുഖമായി നിന്ന് അർഘ്യം നൽകാം. പ്രാതഃ സന്ധ്യയ്ക്ക് ചെയ്യുന്ന ജപാദിയായ എല്ലാ ആചാരങ്ങളും മദ്ധ്യാഹ്ന പൂജയ്ക്കും വേണം.

ചിലർ ഉച്ചയ്ക്ക് 'തത്' എന്നു തുടങ്ങുന്ന ഗായത്രിയുടെ ഋക്ക് ചൊല്ലി സന്ധ്യാവന്ദനം നടത്തുന്നുണ്ട്. അത് സാമ്പ്രദായികമല്ലാത്തതിനാൽ ഒരു പക്ഷേ അഹിതവും ആയിത്തീർന്നേക്കാം. മന്ദേഹൻമാർ എന്നറിയപ്പെടുന്ന രാക്ഷസൻമാർ രണ്ടു സന്ധ്യകളിലും സൂര്യനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി പാഞ്ഞടുക്കുന്നുണ്ട്. അതിനെപ്പറ്റി വേദത്തിൽ പരാമർശമുണ്ടല്ലോ. അതു കൊണ്ട് ബ്രാഹ്മണർ രണ്ടു സന്ധ്യകളിലും ഓങ്കാര സഹിതം സന്ധ്യാവന്ദനം മുടക്കാതെ ചെയ്യണം. അതിനോടു ചേർന്ന് അർഘ്യവും തൂകണം. മറ്റുള്ള രീതികളിൽ അർഘ്യം കൊടുക്കുന്നത് ശ്രുതി വിരുദ്ധമാകുന്നു. മദ്ധ്യാഹ്നത്തിൽ 'ആകൃഷ്ണേന' എന്നു ജപിച്ച് പൂക്കളിട്ട ജലം സാംഗമായി തർപ്പിച്ചാൽ അത് സന്ധ്യാ തർപ്പണഫലം തന്നെ നൽകും.

'ഭൂ പുരുഷനെ ഞാനിതാ നമിക്കുന്നു' എന്ന് സ്മരിച്ച് ഭൂപുരുഷനും യജുർവേദത്തിനും മണ്ഡലത്തിനും ഹിരണ്യഗർഭനും അന്തരാത്മാവിനും തർപ്പണം ചെയ്യുക. സാവിത്രി, വേദ മാതാവ്, സാംകൃതി, സന്ധ്യ, യുവതി, രുദ്രാണി, നീമൃജ, സർവ്വാർത്ഥ സിദ്ധികരി, മന്ത്രാർത്ഥസിദ്ധിദ, എന്നിവരെയെല്ലാം ചേർത്ത് 'ഭൂർഭുവ: സ്വ: തർപ്പയാമി നമോ നമ: ' എന്ന് എല്ലാവർക്കുമായി തർപ്പണം ചെയ്യുക. പിന്നെ 'പുരുഷം തർപ്പയാമി' എന്നു പുരുഷനെയും തർപ്പണം ചെയ്യുക.

'ഉദുത്യം' എന്നു തുടങ്ങുന്ന സൂക്തം കൊണ്ട് അല്ലെങ്കിൽ 'ചിത്രം ദേവാനാം' എന്നു തുടങ്ങുന്ന മന്ത്രം കൊണ്ട് സൂര്യോപസ്ഥാനം ചെയ്യുക. പിന്നെ ഗായത്രി ജപിക്കാം. അതിനും ചിട്ടകളുണ്ട്. പ്രഭാതത്തിൽ ഗായത്രി ചൊല്ലുമ്പോൾ കൈ മലർത്തിവയ്ക്കണം. വൈകുന്നേരം കൈ കമിഴ്ത്തിവയ്ക്കണം. മദ്ധ്യാഹ്നത്തിൽ കൈമാറോടു ചേർക്കണം.

ഗായത്രീ ജപത്തിന്റെ എണ്ണമെടുക്കാൻ കരമാലാക്രമമാണ് നല്ലത്. തള്ളവിരൽ മോതിരവിരലിന്റെ മധ്യ മൂലം തുടങ്ങി ചെറുവിരലിന്റെ മൂലം വരെ പ്രദക്ഷിണമായാണ് കരമാലാക്രമത്തിൽ എണ്ണുന്നത്.

ഗോഹത്യ, പിതൃഹത്യ, മാതൃഹത്യ, മദ്യപാനം, ഗുരുദാരഗമനം, ഭ്രൂണഹത്യ, ബ്രഹ്മസ്വം ദേവസ്വം എന്നിവ മോഷ്ടിക്കൽ, തുടങ്ങിയ മഹാപാതകങ്ങൾ ചെയ്തവനും ആയിരം ഗായത്രി ജപിച്ച് പാപങ്ങളിൽ നിന്നും വിമുക്തനാവാം. മനസ്സുകൊണ്ടോ ശരീരം കൊണ്ടോ വാക്കു കൊണ്ടോ കഴിഞ്ഞ മൂന്നു ജന്മങ്ങളിൽ ചെയ്ത പാപങ്ങൾ ഗായത്രീജപം മൂലം ഇല്ലാതാവും.

ഗായത്രി അറിയാത്തവൻ ചെയ്യുന്ന പ്രവൃത്തികൾ നിഷ്ഫലമാകുന്നു. ഗായത്രി ഒരിക്കൽ ചൊല്ലിയാലതിന് നാലു വേദങ്ങളും ആവർത്തിച്ചു ചൊല്ലുന്നതിനേക്കാൾ ഫലമുണ്ട്.

ഇനി ബ്രഹ്മയജ്ഞ വിധിക്രമം എങ്ങിനെയെന്നു പറയാം.

No comments:

Post a Comment