Devi

Devi

Wednesday, November 29, 2017

ദിവസം 316 ശ്രീമദ്‌ ദേവീഭാഗവതം. 12.7. ഗായത്രീദീക്ഷാവിധി

ദിവസം 316  ശ്രീമദ്‌ ദേവീഭാഗവതം. 12.7. ഗായത്രീദീക്ഷാവിധി

ശ്രുതം സഹസ്രനാമാഖ്യം ശ്രീ ഗായത്ര്യാ: ഫലപ്രദം
സ്തോത്രം മഹോന്നതികരം മഹാഭാഗ്യകരം പരം
അധുനാ ശ്രോതു മിച്ഛാമി ദീക്ഷാ ലക്ഷണമുത്തമം
വിനാ യേന ന സിദ്ധ്യേത ദേവീ മന്ത്രേfധികാരിതാ

നാരദൻ പറഞ്ഞു: അത്യുത്തമവും മഹാഭാഗ്യദായകവും മഹാഫലപ്രദായകവുമായ ഗായത്രീ സഹസ്രനാമ സ്തോത്രം അങ്ങ് പറഞ്ഞു തന്നു. ഇനിയാ ദിവ്യമന്ത്രത്തിന്റെ ദീക്ഷാവിധികൾ എന്തെന്നു കൂടി പറഞ്ഞുതരാൻ ദയവുണ്ടാകണം. ദീക്ഷാവിധിപ്രകാരം ചെയ്തില്ലെങ്കിൽ മന്ത്രസിദ്ധി  ഉണ്ടാവുകയില്ലല്ലോ. നാലു വർണ്ണങ്ങളിൽ ഉള്ളവരും സ്ത്രീകളും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിസ്തരിച്ചു തന്നെ പറഞ്ഞു തന്നാലും

ശ്രീ നാരായണൻ പറഞ്ഞു: ദേവൻമാർ, അഗ്നി, ഗുരു എന്നിവരെയെല്ലാം പൂജിക്കാൻ അധികാരമുണ്ടാവുന്നതിനായി ശിഷ്യഗണങ്ങൾ ആചരിക്കേണ്ട ദീക്ഷകൾ എന്തെന്ന് പറയാം. ദീക്ഷകൾ പാപനാശകരവും ദിവ്യജ്ഞാനദായകവുമാണെന്ന് ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. ഈ ദീക്ഷകൾ എന്താണെന്ന് ഗുരുവിനും ശിഷ്യനും അറിവുണ്ടായിരിക്കണം. രണ്ടു കൂട്ടരും അത്യന്തം നിർമ്മലഹ്രദയരും ആയിരിക്കണം.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഗുരു തന്‍റെ സ്നാനം, സന്ധ്യാവന്ദനം എന്നിവ യഥാവിധി ചെയ്യുക. എന്നിട്ട് കമണ്ഡലുവിൽ ജലമെടുത്ത് മൗനമാചരിച്ചു കൊണ്ട് നദീതീരത്തു നിന്ന് വീട്ടിലെത്തി യാഗസ്ഥലത്ത് സുഖാസനത്തിൽ ഇരിക്കുക. ആചമനവും പ്രാണായാമവും ചെയ്ത് ഗന്ധ പുഷ്പങ്ങൾ ഇട്ടു വച്ച ജലം ഏഴു വട്ടം അസ്ത്രമന്ത്രം ജപിച്ച് തീർത്ഥമൊരുക്കുക. തീർത്ഥമെടുത്ത് മണ്ഡപത്തിന്റെ വാതിലുകളിൽ തളിച്ച് ശുദ്ധമാക്കി പൂജ തുടങ്ങാം.

മണ്ഡപദ്വാരത്തിന്‍റെ മുകളിലെ പടിയിൽ ഗണേശനേയും ലക്ഷ്മീദേവിയേയും സരസ്വതിയേയും പ്രതിഷ്ഠിച്ച് അതത് മൂലമന്ത്രങ്ങൾ ജപിച്ച് അവരെ പൂജിക്കുക. വാതിലിന്റെ വലത്ത് ഭാഗത്ത് ഗംഗയും വിഘ്നേശ്വരനും; ഇടതു ഭാഗത്ത് ക്ഷേത്രപാലനും യമുനയും എന്നതാണ് ക്രമം. താഴത്തെ പടിയിൽ അസ്ത്ര ദേവതാപൂജ ചെയ്യണം. എല്ലാമെല്ലാം ദേവീമയമാണെന് സങ്കൽപ്പിച്ച് അസ്ത്രമന്ത്രത്താൽ ആകാശഗതവും അന്തരീക്ഷ ജന്യവുമായ തടസ്സങ്ങളെ ഇല്ലാതാക്കുക. ഭൂമിജങ്ങളായ വിഘ്നങ്ങളെ കാൽകൊണ്ട് ചവിട്ടി മാറ്റുക.

വാതിലിന്റെ ഇടത്തേ കട്ടിള തൊട്ട് വലതുകാൽ വച്ച് പൂജാമുറിക്കുള്ളിൽ കടന്ന് കലശം സ്ഥാപിക്കുക. പിന്നീട് അർഘ്യം ഒരുക്കുക. അർഘ്യ ജലവും ഗന്ധപുഷ്പാദികളും ഉപയോഗിച്ച് നിരൃതി കോണിൽ വാസ്തുനാഥനെ പൂജിക്കുക. സാക്ഷാൽ ബ്രഹ്മദേവനാണ് വാസ്തുനാഥൻ.

പിന്നീടാ അർഘ്യം ഉപയോഗിച്ച് പഞ്ചഗവ്യം ഉണ്ടാക്കി എല്ലാം ദേവീമയമെന്ന സങ്കൽപ്പത്തോടെ സ്തംഭമാകെ തളിച്ച് മൂലമന്ത്രജപത്തോടെ പൂജ ചെയ്യാം. ശരമന്ത്രം ജപിച്ച് മണ്ഡപത്തെ താഡിച്ച് 'ഹും' മന്ത്രത്തോടെ പ്രോഷിക്കുക. ഇനി ധൂപങ്ങൾ പുകയ്ക്കാം. മലർ, ചന്ദനം, കടുക്, ഭസ്മം, കറുകനാമ്പ്, നെല്ല്, അരി, തുടങ്ങിയവ തൂകിയ ശേഷം അവയെ ദർഭപ്പുൽചൂലുകൊണ്ട് തൂത്തു വൃത്തിയാക്കുക. അത് ഈശാന ദിക്കിൽ കൂനയായി കൂട്ടി വയ്ച്ച് അതിനു മുകളിൽ ചൂലും വയ്ക്കുക. ഇനി പുണ്യാഹം തളിക്കാം.

സ്വഗുരുവിനെ വന്ദിച്ച് ശിഷനായി ഉപദേശിക്കാൻ ഉദ്ദേശിക്കുന്ന മന്ത്രത്തിന്റെ ദേവതയെ ധ്യാനിച്ച് ഋഷിന്യാസം ചെയ്യുക. ഋഷിയെ ശിരസ്സിൽ, ഛന്ദസ്സിനെ മുഖത്ത്, ദേവതയെ ഹൃദയകമലത്തിൽ, ബീജത്തെ ഗുഹ്യത്തിൽ എന്നിങ്ങിനെയാണ് ന്യസിക്കേണ്ടത്. പാദങ്ങളിൽ ശക്തിയെ ന്യസിക്കുക. മൂന്നു തവണ കൈകൊട്ടി താളത്രയ ശബ്ദമുണ്ടാക്കി ആകാശത്തിലും അന്തരീക്ഷത്തിലും ഭൂമിയിലും ഉണ്ടാകാവുന്ന വിഘ്നങ്ങളെ നീക്കി ദിഗ്ബന്ധം ചെയ്യുക.

മൂലമന്ത്ര സ്മരണയോടെ പ്രാണായാമം ചെയ്ത് ദേഹത്തിൽ മാതൃകാന്യാസം ചെയ്യണം. മാതൃകാ ന്യാസത്തിൽ ആദ്യം തന്നെ 'ഓം അം നമ:' എന്നു ചൊല്ലി ശിരസിൽ ന്യസിക്കണം. ഇങ്ങിനെ എല്ലാ സ്ഥാനങ്ങളും ക്രമീകമായി ന്യസിക്കുക. അതിനായി 'ഓം അം നമ:', 'ആം നമ:'  'ഓം ഇം നമ:', 'ഓം ഈം നമ:' എന്നിങ്ങിനെയാണ് ജപിക്കേണ്ടത്.

ഇനി മൂലമന്ത്രം ചൊല്ലി ഷഡംഗന്യാസം ചെയ്യുക - അംഗുഷ്ഠം മുതലായ വിരലുകളിലും ഹൃദയത്തിലും തൊട്ടാണ് ക്രമത്തിൽ ഷഡംഗന്യാസം ചെയ്യേണ്ടത്. ഓങ്കാരത്തോടെ നമ:, സ്വാഹാ, വഷട്, ഹും, വൗഷട് എന്നിവ ചേർത്താണ് ന്യാസ വിധി. 'ഓം ഹൃദയായ നമ:', 'ഓം ശിഖായൈ വഷട്', 'ഓം കവചായ ഹും', 'ഓം നേത്രത്രയായവൗഷട്' എന്നിങ്ങിനെ ജപിച്ചാണ് ന്യാസം ചെയ്യേണ്ടത്.

ഇനി കല്പാദികളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വർണന്യാസം ചെയ്യാം. സ്വശരീരത്തെദേവിയുടെ ഇരിപ്പിടമായി ഭാവനയിൽ കൊണ്ടുവരിക. വലം തോളിൽ ധർമ്മവും ഇടം തോളിൽ ജ്ഞാനവുമാണെന്ന് സങ്കൽപ്പിച്ച് ന്യാസം ചെയ്യുക. വലം തുടയിൽ വൈരാഗ്യം, ഇടം തുടയിൽ ഐശ്വര്യം, മുഖത്ത് അധർമ്മം, ഇടം പള്ളയിൽ അജ്ഞാനം, വലംപള്ളയിൽ അനൈശ്വര്യം, നാഭിയിൽ അവൈരാഗ്യം എന്നിങ്ങിനെയാണ് ന്യസിക്കേണ്ടത്. ധർമ്മായ നമ: 'ഐശ്വര്യായ നമ: എന്നിങ്ങിനെ നമസ്കാരം ചൊല്ലിയാണ് ന്യസിക്കേണ്ടത്.

ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ യജ്ഞപീഠത്തിന്റെ കാലുകളാകുന്നു. അധർമ്മാദികൾ നാലെണ്ണം ആ പീഠത്തിന്‍റെ പലകകളാണ്. ഹൃദയപത്മത്തിലെ ഇരിപ്പിടത്തിൽ അനന്തനേയും അതിനു മുകളിൽ പ്രപഞ്ചപത്മത്തേയും ഭാവന ചെയ്യുക. അതിൽ സൂര്യചന്ദ്രാദികളേയും അഗ്നിയേയും അതതിന്റെ കലകളോടെ ന്യസിക്കുക. സൂര്യന് പന്ത്രണ്ട് കലകളുണ്ട്. ചന്ദ്രന് പതിനാറാണ് കലകൾ. അഗ്നിക്ക് പത്ത്. അതിനുമുകളിൽ ത്രിഗുണങ്ങളായ സത്വരജതമോഗുണങ്ങളെയും ആത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, ജ്ഞാനാത്മാവ്, എന്നിവയെയും ന്യസിക്കുക. ഇതാണ് പീഠകൽപ്പന.

"അം സൂര്യ മണ്ഡലായ ദ്വാദശ കലാത്മനേ നമ:
ഉം ചന്ദ്രമണ്ഡലായ ഷോഡശകലാത്മനേ നമ:
മം വഹ്നി മണ്ഡലായ അകലാത്മനേ നമ:
സം സത്വായ നമ:, രം രജസേ നമ: തം തമസേ നമ:"
എന്നിങ്ങിനെ ജപിച്ച് കിഴക്കുമുതൽ നാല് ആത്മാക്കളെയും ന്യസിച്ച് 'ആസനായ നമ:' എന്ന് ദേവിയെ ആവാഹിച്ചിരുത്തുക. ദേവീ സാന്നിദ്ധ്യം ധ്യാനിച്ചുറപ്പിക്കുക. മാത്രമല്ല, ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള മുദ്രകളും ഓരോന്നായി പ്രദർശിപ്പിച്ച് ദേവിയെ പ്രസന്നയാക്കുക.

ഇടത്ത് ഭാഗത്ത് മുന്നിലായി ചന്ദനം കൊണ്ട് ഒരു ഷഡ് കോണം വരയ്ക്കുക. അതിനു മുകളിൽ ഒരു വൃത്തവും മദ്ധ്യത്തിൽ ഒരു സമചതുരവും വരയ്ക്കണം. സമചതുരത്തിന്റെ നടുക്ക് ത്രികോണം വരച്ച് ശംഖമുദ്ര കാണിക്കുക - ആറു കോണുകളിലും അഗ്നികോൺ മുതൽ വലം വച്ച് ഷഡംഗ പുഷ്പാർച്ചന ചെയ്യുക. ശംഖെടുത്ത് ശരമന്ത്രം കൊണ്ട് പ്രോഷിച്ച്‌ മണ്ഡലത്തിൽ വച്ച് പൂജ തുടങ്ങാം.

മം വഹ്നി മണ്ഡലായൈ എന്നും ദശകലാത്മനേ 'ദുർഗാദേവ്യർഘ്യപാത്രസ്ഥാനായ നമ:' എന്നും ഉച്ചരിച്ചാണ് ശംഖ് സ്ഥാപിക്കേണ്ടത്. ശംഖാധാരം മുതൽ പത്തഗ്നികൾക്കുമായി വലം വച്ച് പൂജകൾ അനുഷ്ടിക്കുക. മൂലമന്ത്രം കൊണ്ട് പ്രോഷിച്ച ശംഖ് മൂലമന്ത്ര സഹിതം ശംഖുകാലിനു മുകളിലായി വയ്ക്കുക. 'അം സൂര്യ മണ്ഡലായ ദ്വാദശ കലാത്മനേ ദുർഗാദേവ്യർഘ്യ പാത്രായ നമ:' എന്നതാണ് മന്ത്രം.

'ശം ശംഖായ നമ:' എന്ന് പന്ത്രണ്ടുരു ചൊല്ലി ജലം കൊണ്ട് പോഷിച്ച് ശംഖിൽ തീർത്ഥം പകർന്ന് തപിനി, താപിനി, ധൂമ്രാ മുതലായ പന്ത്രണ്ട് സൂര്യ കലകളെ പൂജിച്ച് മൂലമന്ത്രവും മാതൃകാ മന്ത്രവും ജപിച്ച് ശംഖിൽ ജലം നിറച്ച് ചന്ദ്രന്റെ ഷോഡശകലകളെ ധ്യാനിച്ച് അങ്കുശ മുദ്രകൾ കാണിച്ച് ദേവിയെ അർച്ചിക്കുക.

'ഉം സോമമണ്ഡലായ ഷോഡശ കലാത്മനേ അമുകാർഘ്യാമൃതായ നമ:' എന്ന മന്ത്രം ജപിച്ച് സൃണി മുദ്ര കാട്ടി ജലത്തെ പൂജിക്കുക. എട്ടുതവണ മന്ത്രമാവർത്തിച്ച് ഇടതു തോളിനു നേരേ ഉയർത്തി 'ഹൃദാ നമ:' എന്ന ചൊല്ലി ഷഡംഗന്യാസം ചെയ്യുക. മത്സ്യ മുദ്ര കൊണ്ട് തീർത്ഥത്തെ വലത്തു കൈ കൊണ്ട് അടച്ചുപിടിച്ചാണ് മന്ത്രം ചൊല്ലേണ്ടത്. ശംഖിലെ തീർത്ഥമെടുത്ത് സർവവസ്തുക്കളിലും തളിച്ച് വിശുദ്ധമാക്കി സ്വയം താനും പൂജാദ്രവ്യങ്ങളും വിശുദ്ധമായതായി സങ്കല്പിക്കുക.

പിന്നീട് മുന്നിലെ തറയിൽ സർവതോഭദ്രം എന്ന മണ്ഡലം വരയ്ക്കുക. അതിന്റെ കർണ്ണികാ മദ്ധ്യത്തിൽ നെല്ല്, അരി എന്നിവയിട്ട് ദർഭ കൊണ്ട് കൂർച്ചം കെട്ടി മന്ത്രം ജപിച്ച് പീഠസ്ഥാപനം ചെയ്യുക. 'ആധാരശക്തയേ നമ:, മൂലപ്രകൃതൈ നമ:, കൂർമ്മായ നമ:,  ശേഷായ നമ:, ക്ഷമായൈ നമ:, സുധാംബുധയേ നമ:, മണി ദ്വീപായ നമ:, പാരിജാതതരവേ നമ:, ചിന്താമണി ഗൃഹായ നമ:, മണിമാണിക്യവേദികായൈ നമ: ദുർഗാദേവീ യോഗപീഠായ നമ: ' എന്നതാണ് ജപമന്ത്രം.

പിന്നെ ഒരു പുതു കുടമെടുത്ത് അത് അസ്ത്ര മന്ത്രജലം കൊണ്ട് വൃത്തിയാക്കി ചുവന്ന നിറത്തിലുള്ള മൂന്ന് നൂലിഴകൾ ആതിൽ ചുറ്റി വയ്ക്കുക. ഗന്ധാദി കൊണ്ട് പൂജിച്ച നവരത്നങ്ങളും കൂർച്ചവും കുടത്തിലിട്ട് പ്രണവ ജപത്തോടെ കുടം പീഠത്തിൽ സ്ഥാപിക്കുക. കൂർച്ചം എന്നാൽ പവിത്രക്കെട്ടോടുകൂടിയ ഇരുപത്തിയേഴു കടമുറിച്ച ദർഭകളാണ്.

പീഠത്തിനും കുംഭത്തിനും ഐക്യം സങ്കൽപ്പിച്ച് ദേവീ സ്മരണയോടെ കുംഭത്തിൽ ജലം നിറയ്ക്കുക.  ദേവീഭാവത്തോടെ കലശം നിറയ്ക്കുമ്പോൾ അതിൽ അരയാലില, പ്ലാവില, മാന്തളിരില എന്നിവയും അക്ഷതവും ഫലവും ഇടണം. രണ്ട് ചെമ്പട്ട് കൊണ്ട് ഇണപ്പുടവ ചുറ്റി കലശം മൂടിവയ്ക്കുക. ഇനി മന്ത്രത്തോടെ പ്രാണസ്ഥാപനം ചെയ്യാം. ആവാഹനം ചെയ്ത് ദേവിയെ പ്രസാദിപ്പിച്ച് പരമേശ്വരിയെ കൽപോക്തമായ രീതിയിൽ ധ്യാനം ചെയ്യണം. ദേവിക്ക് സ്വാഗതം പറഞ്ഞ് കുശലം ചോദിക്കണം. പാദ്യം, അർഘ്യം, ആചമനീയം, മധുപർക്കം, അഭ്യംഗ സ്നാനം, എന്നിവയ്ക്ക് ശേഷം ദേവിക്കായി  രണ്ടുപട്ടുചേലകൾ നൽകുക. ഇനി നാനാ മണിഗണ ഭൂഷകൾ നൽകാം. പിന്നെ അംഗങ്ങളിൽ മന്ത്രസംയുതമായി മാതൃകാ വർണ്ണ വിന്യാസപൂർവ്വം ചന്ദനം മുതലായ കൊണ്ട് പൂജിക്കണം. കർപ്പൂരമിട്ട കാരകിൽ, ചന്ദനം, കുങ്കുമം , കസ്തൂരി, മുല്ലപ്പൂക്കൾ, മറ്റു പൂക്കള്‍ എല്ലാം ദേവിക്ക് നൽകണം.

രാമച്ചം, പനിനീർ, താമ്രാണി, ശർക്കര, മധു, എന്നിവ പുകച്ച് ദേവിയെ സംപ്രീതയാക്കുക. നാനാ ദീപങ്ങൾ കത്തിക്കുക. എന്നിട്ട് നിവേദ്യം സമർപ്പിക്കുക. ഓരോ ദ്രവ്യത്തിനൊപ്പവും പ്രോക്ഷണം ചെയ്ത ജലം നൽകണം. മറ്റു ജലങ്ങൾ അതിനുപയോഗിക്കരുത്. തുടർന്ന് അംഗ പൂജയും കൽപ്പോക്ത മുദ്രകളും കാണിക്കുക. ദേവിയെ സാംഗമായി അർച്ചന ചെയ്ത് വൈശ്വദേവം ചെയ്യുക. വലതുഭാഗം മെഴുകി ഒരുക്കി വച്ച് അവിടെ അഗ്നിയെ കൂട്ടി കലശസ്ഥിതമായ ദേവിയെ ആവാഹിച്ച് അർച്ചന ചെയ്യുക. പ്രണവ വ്യാഹൃതികളാലും മൂലമന്ത്രത്താലും ഇരുപത്തിയഞ്ചു തവണ ഹോമിക്കണം. പായസം, നെയ്യ്, എന്നിവയാണ് അഗ്നിയിൽ ഹോമിക്കേണ്ടത്. ഇനി അത്ര തന്നെ തവണ വ്യാഹുതികൾ കൊണ്ടും ഹോമിക്കണം.

പീഠത്തിൽ ദേവിയെ ആസനസ്ഥയാക്കുക. പിന്നീട് അഗ്നിവിടർത്തി ചുറ്റിലും ഹവിസ്സുകൊണ്ട് ഗന്ധ പുഷ്പങ്ങൾ ചേർത്ത് പാർഷദൻമാർക്കുള്ള ബലിതൂവുക. തുടർന്ന് പഞ്ചോപചാരപൂജ. ദേവിക്കായി ഛത്രം, ചാമരം, താംബൂലം, എന്നിവ സമർപ്പിച്ച് ഈശാന കോണിൽ നേരത്തേ കൂനകൂട്ടി വച്ചിരുന്ന വികിരത്തിനു മുകളിൽ ഹോമാവശിഷ്ടം ഗന്ധപുഷ്പസഹിതം തൂവാം. കരകക്കിണ്ടി വച്ച് ദുർഗ്ഗയെ അതിലാവാഹിച്ച് 'രക്ഷിക്കണേ' എന്നു പ്രാർത്ഥിച്ച് കിണ്ടി വാലിലൂടെ ജലം പ്രദക്ഷിണമായി തളിക്കണം. ശരമന്ത്രം ജപിച്ച് ശരദേവതയെ പ്രാർത്ഥിച്ചു വേണം ജലം തളിക്കാൻ. കിണ്ടി വീണ്ടും മുൻ സ്ഥാനത്ത് വച്ച് ദുർഗ്ഗാ പൂജ ചെയ്യുക. ഗുരുവും ശിഷ്യനും നിശ്ശബ്ദം ഭക്ഷണം കഴിച്ച് ആ വേദിയിൽത്തന്നെ കിടന്നുറങ്ങണം.

ഇനി വ്രതസ്ഥലം, കുണ്ഡം എന്നിവ എങ്ങിനെയാണ് യഥാവിധി സംസ്ക്കരിക്കേണ്ടത് എന്നു നോക്കാം. മൂലമന്ത്രം ജപിച്ചു കൊണ്ട് കുണ്ഡം നോക്കി ഫട് മന്ത്ര സഹിതം പ്രോഷണം ചെയ്യുക. സമിത്തുകൊണ്ട് വേദിയിൽ അടിച്ച് 'ഹും' മന്ത്രം ജപിച്ച് ജലം തളിച്ച് സമിത്ത് കൊണ്ടുതന്നെ മൂന്നു വരകൾ തലങ്ങനെയും വിലങ്ങനെയും  ഇടുക. ഈ ദേവീ പീഠത്തെ പ്രണവം ജപിച്ചു ജലം തളിച്ച് പൂജിക്കണം. ആചാര്യൻ ആ പീഠത്തിലേയ്ക്ക് ശിവശക്തികളെ ആവാഹിച്ച് ഗന്ധാദി ഉപചാരങ്ങൾ അവർക്ക് നൽകി ഏകാഗ്രചിത്തനായി പൂജിക്കണം. ഋതു സ്നാതയായ ദേവി മഹാദേവനുമായി രമിക്കുന്നു എന്ന സങ്കൽപ്പത്തിൽ ധ്യാനം ചെയ്യുക.

ഇനിയൊരു പാത്രത്തിൽ തീ കൊണ്ടുവന്ന് രാക്ഷസാംശം കളയുന്നു എന്ന സങ്കല്പിച്ച് കുറച്ച് തീ നിര്യതി കോണിൽ കളയുക. മുൻഭാഗത്ത് 'രം' ബീജമുച്ചരിച്ചു കൊണ്ട് അഗ്നിയെ സ്ഥാപിക്കുക. പ്രണവം ജപിച്ച് അഗ്നിയിൽ ചൈതന്യം ചേർക്കുക. ഏഴു തവണ ധേനു മുദ്ര കാണിച്ച് ശരമന്ത്രത്താൽ 'ഹും' ജപത്തോടെ അത് ഭദ്രമാക്കി വയ്ക്കുക. ആ അഗ്നിയ്ക്ക് മൂന്നുവട്ടം വലം വച്ച് ശിവ ബീജസങ്കൽപ്പത്തോടെ ദേവിയോനിയായ കുണ്ഡത്തിൽ അഗ്നി നിക്ഷേപിക്കുക. എന്നിട്ട് മഹാദേവനെയും ദേവിയെയും ആചമിപ്പിച്ച് ' 'ചിത് പിംഗള ഹനഹന ദഹ ദഹ പച പച സർവ്വജ്ഞാജ്ഞാപയ', എന്നു ജപിച്ച് അഗ്നിയെ ജ്വലിപ്പിക്കുക. സ്വർണ്ണവർണ്ണത്തിൽ നിറഞ്ഞു ജ്വലിച്ചു കത്തുന്ന വിശ്വതോമുഖനായ ജാതവേതസ്സാകുന്ന അഗ്നിയെ ഞാനിതാ വന്ദിക്കുന്നു എന്നു ഭാവന ചെയ്ത് സ്തുതിച്ച് ഷഡംഗങ്ങളും തൊട്ട് വഹ്നി മന്ത്രന്യാസം ചെയ്യണം.

സഹസ്രാർച്ചി, സ്വസ്തി പൂർണ്ണ, ഉത്തിഷ്ഠ പുരുഷൻ, ധൂമവ്യാപി, സപ്ത ജിഹ്വൻ, ധനുർധരൻ എന്നീ ക്രമത്തിന് നമ: സ്വാഹാ, വഷട്, ഹും, വൗഷട്, ഫട് പദങ്ങളോടുകൂടി ആറ് അംഗങ്ങളിലും ന്യസിച്ച് 'സ്വർണ്ണവർണ്ണനും ത്രിനേത്രനും വരദാഭയസ്വസ്തിശക്തിധരനായി പത്മപീഠത്തിൽ ഇരിക്കുന്ന പരമമംഗളപ്രദായകനായ അഗ്നിയെ ഞാൻ ധ്യാനിക്കുന്നു ' എന്നു ഭാവന ചെയ്ത് കുണ്ഡത്തിനു ചുറ്റും വെള്ളം തളിക്കണം.

പിന്നെ ദർഭ കൊണ്ട് പരിധി വച്ച് ഒരു ത്രികോണം വരച്ച് അതിൻ മീതേ വൃത്തം വരച്ച് പിന്നെ ഷട് കോണം, അഷ്ടദളം, ഭൂപുരം എന്നിവയുള്ള യന്ത്രം തയ്യാറാക്കി സ്ഥാപിക്കുക. ഈ യന്ത്രം സങ്കൽപ്പത്തിൽ കൊണ്ടു വന്നാലും മതി. യന്ത്രമദ്ധ്യത്തിൽ അഗ്നിയെ മന്ത്രം ജപിച്ച് പൂജിക്കുക . "ഓം വൈശ്വാനരോ ജാതവേദാ ഇഹാവഹ ലോഹിതാക്ഷ സർവ്വകർമാണി സാധയ സ്വാഹ" എന്നതാണ് അഗ്നിപൂജാ മന്ത്രം.

അഗ്നി മദ്ധ്യവും ആറുകോണുകളും ചേർത്ത് ഏഴ് അഗ്നിജിഹ്വകൾ പൂജനീയങ്ങളത്രെ. ഹിരണ്യാ, ഗഗനാ, രക്താ, കൃഷ്ണാ, സുപ്രഭാ, ബഹുരൂപാ, അതിരിക്തികാ എന്നിവയാണ് ആ ജിഹ്വകൾ.  കേസരങ്ങളിൽ അംഗപൂജ ചെയ്ത് എട്ടു ദളങ്ങളിലായി ശക്തി സ്വസ്തിക ധാരിണികളായ മൂർത്തികളെ പൂജിക്കുക. ജാതവേദസ്സ്, സപ്തജിഹ്വൻ, ഹവ്യവ്യാഹൻ, അശ്വോദരജൻ, വൈശ്വാനരൻ, കൗമാരതേജസ്, വിശ്വമുഖൻ, ദേവമുഖൻ എന്നിവരാണ് അഷ്ടദളങ്ങളിൽ പൂജനീയരായ മൂർത്തികൾ. ഓം സഹിതം നമ: ചൊല്ലി വേണം ഓരോ മൂർത്തികളെയും പൂജിക്കാൻ. നാലു ദിക്കുകളിൽ ആയുധധാരികളായി നില്ക്കുന്ന ദ്വാരപാലകരേയും പൂജിച്ചശേഷം സ്രുക്, സ്രവം എന്നിവയെയും നെയ്യിനെയും സംസ്ക്കരിച്ച്  നെയ്യൊഴിച്ച് ഹോമം ആരംഭിക്കാം.

സ്രുവമെടുത്ത് നെയ്യ് കോരി അഗ്നിയുടെ വലതു കണ്ണിൽ ഹോമിക്കുമ്പോൾ 'ഓം അഗ്നയേ സ്വാഹാ' എന്നു ജപിക്കുക. ഇടതു ഭാഗത്ത് നിന്ന് നെയ്യ് കോരി 'ഓം സോമായ സ്വാഹാ' ജപിച്ച് അഗ്നിയുടെ ഇടം കണ്ണിൽ ഹോമിക്കുക. മദ്ധ്യ നേത്രത്തിൽ ഹോമിക്കുമ്പോൾ 'ഓം അഗ്നീ ഷോമാഭ്യാം സ്വാഹാ' എന്നു ചൊല്ലുക. വീണ്ടും നെയ്പാത്രത്തിന്റെ വലതുഭാഗത്തു നിന്നും നെയ് കോരി 'ഓം അഗ്നയേ സ്വിഷ്ടകൃതേ സ്വാഹാ' എന്നു ചൊല്ലി അഗ്നി മുഖത്ത് ഹോമിക്കുക. ഓങ്കാര സഹിതം വ്യാഹൃതികൾ കൊണ്ട് അഗ്നി മന്ത്രം ചൊല്ലി മൂന്നു തവണ കൂടി നെയ്യ് ഹോമിക്കുക.

പിന്നെ പ്രണവം ചൊല്ലി എട്ടെട്ടു തവണ ഗർഭാധാന സംസ്ക്കാരാർത്ഥം നെയ് ഹോമിക്കുക. വേദാനുസാരമായി ഗർഭധാനം, പുംസവനം, സീമന്തം, ജാതകർമ്മം, നാമകരണം, വാതിൽ പുറപ്പാട്, ചോറൂണ്, ചൗളം, മഹാനാമാഖ്യവ്രതം, ഉപനിഷദ് വ്രതം, ഗോദാനം, ഉദ്വാഹം എന്നിവയാണ് മനുഷ്യൻ അനുഷ്ഠിക്കേണ്ട സംസ്ക്കാരങ്ങൾ.  ഇനി ശിവപാർവ്വതീപൂജ ചെയ്ത് ഹോമം വിടർത്തി അഞ്ചു ചമതക്കഷണങ്ങൾ അഗ്നിയ്ക്ക് നൽകി പ്രസാദിപ്പിക്കുക. ആവരണങ്ങൾക്കായി ഓരോ ആഹുതി വീതം ചെയ്യുക. പിന്നെ നെയ് പാത്രത്തിൽ സ്രുവം കൊണ്ട് നാലു തവണ നെയ്യ് പകർന്ന് സ്രുവം കൊണ്ട് മൂടി എഴുന്നേറ്റ് അവിടെത്തന്നെ നിന്ന് വൗഷട് എന്നവസാനിക്കുന്ന അഗ്നിമന്ത്രം ജപിച്ച് ഗണേശ മന്ത്രത്താൽ പത്ത് ആഹുതികൾ ചെയ്യണം.

"ഓം ഓം സ്വാഹാ, ഓം ശ്രീം സ്വാഹാ, ഓം ശ്രീം ഹ്രീം സ്വാഹാ, ഓം ശ്രീം, ഹ്രീം, ക്ളീം സ്വാഹാ , ഓം ശ്രീം ഹ്രീം ക്ളീം ഗ്ളൗം സ്വാഹാ, ഓം ശ്രീം ഹ്രീം ക്ളീം ഗ്ളൗം ഗം സ്വാഹാ, ഓം ശ്രീം ഹ്രീം ക്ളീം ഗ്ളൗം ഗം ഗണപതയേ സ്വാഹാ, വര വരദ സർവ്വം ജനം മേ വശം ആനയ സ്വാഹാ" എന്നിവയാണ് പത്ത് മഹാഗണേശ മന്ത്രാഹുതികൾ.

അഗ്നിയിൽ പീഠത്തെ സമർപ്പിച്ച് അഗ്നിദേവതാവക്ത്രങ്ങളെ ഏകീകരിക്കാനായി ഇരുപത്തിയഞ്ചു തവണ മൂലമന്ത്രം ജപിച്ച് ഹോമം ചെയ്യണം. താനും വഹ്നി ദേവതകളും ഒന്നാണെന്ന് വിഭാവനം ചെയ്ത് ആറ് അംഗദേവതകൾക്കും പതിനൊന്ന് ആവരണ ദേവതകൾക്കും ആഹൂതികൾ അർപ്പിക്കണം.  എല്ലാ ആവൃതിദേവതകൾക്കും പ്രത്യേകം പ്രത്യേകം നെയ്യ് ഹോമിക്കുകയും വേണം. ഇതുകൊണ്ടെല്ലാം ദേവതകളുടെ നാഡീസന്ധാനം ചെയ്തിരിക്കുന്നു എന്നാണ് സങ്കൽപ്പിക്കേണ്ടത്.

കല്പോക്തമായ ദ്രവ്യങ്ങൾ അല്ലെങ്കിൽ എള്ളെടുത്ത് ആയിരം തവണ ഹോമം ചെയ്യുക. ഈ ഹോമങ്ങളാൽ ദേവിയും മറ്റു ദേവതകളും പ്രസന്നരായിരിക്കുന്നു എന്നു മനസ്സിൽക്കണ്ട് കളിച്ച് വന്ന് സന്ധ്യാവന്ദനം ചെയ്ത് പുടവയുടുത്ത് ദേഹത്ത് ആഭരണമണിഞ്ഞ് കമണ്ഡലു കൈയിൽ പിടിച്ചു വരുന്ന ശിഷ്യനെ ഗുരു ഹോമകുണ്ഡ സമീപത്തേക്ക് ആനയിക്കണം. പിന്നെ ശിഷ്യൻ ഗുരുവിനെയും സദസ്സിനെയും നമസ്ക്കരിച്ച് കുലദേവതാ വന്ദനം ചെയ്ത് ആസനസ്ഥനാകണം.

ഗുരു പിന്നീടാ ശിഷ്യനെ കരുണാപൂർവ്വം വീക്ഷിച്ച്‌ അവന്റെ ചൈതന്യം തന്നിലേയ്ക്ക് വിലയിച്ചതായി ഭാവന ചെയ്ത് ശിഷ്യ ദേഹത്തിലെ അദ്ധ്വാക്കളെ ശുദ്ധീകരിക്കാനായി തന്റെ ദിവ്യദൃഷ്ടിയിൽ ഓരോന്നോരോന്നായി വീക്ഷിച്ച് ആഹൂതി ചെയ്യണം. അങ്ങിനെ ശിഷ്യൻ ശുദ്ധചിത്തനും ദേവാനുഗ്രഹപാത്രവുമാക്കിത്തീർക്കണം.

കാലിൽ കലാധ്വാവ്, ഗുഹൃത്തിൽ തത്ത്വാദ്ധ്വാവ്, നാഭിയിൽ ഭുവനാദ്ധ്വാവ്, ഹൃദയത്തിൽ വർണ്ണാദ്ധ്വാവ്, ഭാലത്തിൽ പദാദ്ധ്വാവ്, മൂർധാവിൽ മന്ത്രാദ്ധ്വാവ് എന്നിങ്ങനെയാണ് ആറ് അദ്ധ്വാക്കളെ ധ്യാനിക്കേണ്ടത്. പിന്നീട് ഗുരു നെയ്യ് ചേർത്ത് കുഴച്ച എള്ള് കൊണ്ട് കൂർച്ചമുണ്ടാക്കി ശിഷ്യനെ തൊട്ട് 'ഓം അസ്യ ശിഷ്യസ്യ കലാധ്വാനം ശോധയാമി സ്വാഹാ' എന്നു മന്ത്രിച്ച് ഓരോ അദ്ധ്വാവിനെയും സങ്കൽപ്പത്തിൽ വരുത്തി ഇടത്തേക്കൈ കൊണ്ട് വലത്തേക്കൈ തൊട്ട് എട്ടുതവണ വീതം അഗ്നിയിൽ ഹോമിക്കുക. ഈ അദ്ധ്വാക്കൾ ബ്രഹ്മത്തിൽ ലയിച്ചതായി ഭാവന ചെയ്ത് ബ്രഹ്മത്തിൽ നിന്നുമവയെ പുന:സൃഷ്ടിക്കുന്ന സങ്കൽപ്പത്തിൽ ആത്മസ്ഥമായ ചൈതന്യത്തെ ശിഷ്യനിൽ യോജിപ്പിച്ചു വയ്ക്കുക

പിന്നെ പൂർണ്ണാഹുതി ചെയ്ത് ജഗദംബികയെ കുണ്ഡത്തിൽ നിന്നും  കലശത്തിലേയ്ക്ക് ആവാഹിച്ച്  വ്യാഹൃതികൾ കൊണ്ട് വീണ്ടും അഗ്നിയിൽ ആഹുതികൾ ചെയ്ത് അവ തന്നിലേയ്ക്ക് വിസർജിക്കുക. ശിഷ്യന്റെ കണ്ണുകൾ വസ്ത്രം കൊണ്ട് കെട്ടി നേത്രമന്ത്രം ജപിച്ച് അവനെ കുണ്ഡത്തിനടുത്തു നിന്നും കലശ സമീപമെത്തിക്കുക. അവനെക്കൊണ്ട് ദേവിക്കായി പുഷ്പാർച്ചന നടത്തിക്കുക. ഇനി ശിഷ്യന്റെ കൺകെട്ടഴിക്കാം. ശിഷ്യനെ ദർഭാസനത്തിൽ ഇരുത്തി ദേഹത്തിൽ ഭൂതശുദ്ധി വരുത്തുക. ശിഷ്യദേഹത്ത് മന്ത്രന്യാസങ്ങൾ ചെയ്ത്  അയാളെ അഭിഷേകത്തിനായി മറ്റൊരിടത്തേയ്ക്ക് മാറ്റിയിരുത്തുക.

ഇനി ശിഷ്യനെ അഭിഷേകം ചെയ്യണം. അതിനു മുൻപ് കലശത്തിൽ ഇട്ടു വച്ചിരുന്ന ഇലകളെ അയാളുടെ ശിരസ്സിൽ വയ്ക്കണം. മന്ത്രജപത്തോടെ ദേവതാത്മകമായ കലശജലം കൊണ്ട് അഭിഷേകം നടത്തുക. പിന്നീട് ഈശാന കോണിൽ മാറ്റി വച്ചിരിക്കുന്ന തീർത്ഥവും ശിഷ്യന്റെ ശിരസ്സിൽ ഒഴിക്കുക. പിന്നീട് ശിഷ്യൻ വസ്ത്രം മാറി വന്ന് ഭസ്മം തൊട്ട് തയ്യാറാവണം. തന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ദേവിയിപ്പോൾ ശിഷ്യന്റെ ഹൃദയത്തിലായി എന്ന സങ്കൽപ്പ പൂർവ്വം ഗുരു താനും ശിഷ്യനും തമ്മിൽ മേദമില്ലെന്നു ഭാവന ചെയ്ത് അയാളുടെ കാതിൽ മഹാദേവീ മന്ത്രം മൂന്നു തവണ ഓതിക്കൊടുക്കണം. ശിഷ്യനാ മന്ത്രം നൂറ്റിയെട്ടു തവണ ആവർത്തിച്ച ശേഷം ഗുരുവിനെ സാഷ്ടാംഗം നമസ്കരിക്കണം.

എല്ലാം ഗുരു സമക്ഷം അർപ്പിച്ച് വിപ്രൻമാർക്കും ബ്രഹ്മചാരികൾക്കും സന്യാസിമാർക്കും കന്യകമാർക്കും ദീനൻമാർക്കും യഥാവിധി ദാനം ചെയ്ത് ദരിദ്രർക്ക് അന്നം നൽകി ചാരിതാർത്ഥ്യത്തോടെ ദീക്ഷാകർമ്മം പൂർത്തിയാക്കുക. മന്ത്ര ദീക്ഷ കിട്ടിക്കഴിഞ്ഞാൽ ശിഷ്യനത് നിത്യവും അനുഷ്ഠിക്കണം. ബ്രാഹ്മണർക്ക് ഇതിലുമുപരിയായി മറ്റ് കർമ്മങ്ങൾ ഇല്ല തന്നെ. ഓരോരോ ഗോത്രരീതികൾ അനുസരിച്ച് വൈദികരും താന്ത്രികരും അവരുടെ ശിഷ്യൻമാർക്ക് ചെറിയ പാഠഭേദങ്ങളോടെ മന്ത്രദിക്ഷ നൽകുന്നു. അവരവരുടെ പാരമ്പര്യ രീതികൾക്കനുസരിച്ചാണ് നിത്യാനുഷ്ഠാന കർമ്മങ്ങൾ ചെയ്യേണ്ടത്.

പരമാംബികയുടെ പദകമലങ്ങൾ മുടക്കം കൂടാതെ ഭജിക്കുക . ആ നിത്യഭജനം തന്നെയാണ് എന്നെ സദാ നിർവൃതിയിൽ നിലനിർത്തിയിരിക്കുന്നത്.

നാരദന് ഇങ്ങിനെ ദിവ്യോപദേശം നൽകിയ നാരായണ മഹർഷി സ്വയം സമാധിയിൽ ആമഗ്നനായി. നാരദൻ മഹാമുനിയെ വന്ദിച്ച് നമസ്ക്കരിച്ച ശേഷം ദേവീദർശനമെന്ന പരമമായ ലക്ഷ്യം സഫലീകരിക്കണമെന്ന ഉദ്ദേശത്തോടെ തപസ്സു ചെയ്യാൻ പുറപ്പെട്ടു.

No comments:

Post a Comment