Devi

Devi

Saturday, November 25, 2017

ദിവസം 311 ശ്രീമദ്‌ ദേവീഭാഗവതം. 12.2. ഗായത്രീവർണശക്ത്യാദിവർണനം

ദിവസം 311  ശ്രീമദ്‌ ദേവീഭാഗവതം. 12.2.  ഗായത്രീവർണശക്ത്യാദിവർണനം

വർണ്ണാനാം ശക്തയ: കാശ്ച താ: ശൃണുഷ്വ മഹാമുനേ
വാമദേവീപ്രിയാ സത്യാ വിശ്വാ ഭദ്രവിലാസിനീ
പ്രഭാവതീ ജയാ ശാന്താ കാന്താ ദുർഗാ സരസ്വതീ
വിദ്രുമാച വിശാലേശാ വ്യാപിനീ വിമലാ തഥാ

ശ്രീ നാരായണൻ പറഞ്ഞു: ഇനി നേരത്തെ പറഞ്ഞ ഇരുപത്തിനാല് വർണ്ണത്തിനുമുള്ള ശക്തികളെപ്പറ്റി പറയാം. വാമദേവി, പ്രിയാ, സത്യാ, വിശ്വാ, ഭദ്രവിലാസിനി, പ്രഭാവതി, ജയാ, ശാന്താ, കാന്താ, ദുർഗാ, സരസ്വതി, വിദ്രുമാ, വിശാലേശ, വ്യാപിനീ, വിമലാ, തമോപഹാരിണീ, സൂക്ഷ്മാ, വിശ്വയോനി, ജയാ, വശാ, പത്മാലയാ, പരാശോഭാ, ഭദ്രാ, ത്രിപദാ, എന്നിങ്ങിനെയാണാ ശക്തികൾ.

ഇനിയാവർണ്ണങ്ങളുടെ നിറഭേദങ്ങളെപ്പറ്റി പറയാം. ചമ്പകപ്പൂ, അഗസ്തിപ്പൂ എന്നിവയുടെ നിറങ്ങൾ, പവിഴത്തിന്റെ പ്രഭ, പളുങ്കിന്റെ ശുഭ്രത, താമരപ്പൂ നിറം, പ്രഭാത സൂര്യന്റെ ചെങ്കതിർ നിറം, ശംഖകുന്ദേന്ദുവിന്റെ സുപ്രഭ, പവിഴപ്പൂവിതളിന്റെ നിറം, പത്മരാഗ സമപ്രഭ, ഇന്ദ്രനീലാഭ, വെൺ മുത്തിൻ നിറം, സിന്ദൂര സുപ്രഭ, അഞ്ജന നിറം, രക്തവർണ്ണം, വൈഡൂര്യപ്രഭ, തേൻ നിറം, മഞ്ഞ നിറം, ക്ഷീര വർണ്ണം, സൂര്യരശ്മി സമപ്രഭ, തത്തപ്പൂഞ്ചിറകിന്റെ ഹരിത നിറം, ശതപത്രനിറം, കൈതപ്പൂ വർണ്ണം, മുല്ലപ്പൂ നിറം, കണവീരത്തിൻ നിറം, ഇങ്ങിനെയാണാ ഇരുപത്തിനാല് വർണ്ണങ്ങളുടെ നിറഭേദങ്ങൾ.

വർണ്ണങ്ങൾക്ക് ക്രമത്തിലുള്ള തത്വങ്ങളും ഇനി പറയാം. പൃഥ്വി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളും; ഗന്ധം, രസം, രൂപം, ശബ്ദം, സ്പർശം എന്നീ പഞ്ചേന്ദ്രിയ വിഷയങ്ങളും; ഉപസ്ഥം, പായു, പാദം, പാണി, വാക്ക്, എന്നീ കർമ്മേന്ദ്രിയങ്ങളും; മൂക്ക്, നാക്ക്, ചെവി, കണ്ണ്, ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; പ്രാണൻ, അപാനൻ വ്യാനൻ, സമാനൻ എന്നീ വായുക്കളും ചേർന്ന് ഇരുപത്തിനാല് തത്വങ്ങളായി.

ഇനിയാ വർണ്ണങ്ങൾക്ക് ചേർന്ന മുദ്രകൾ എവയെന്നു പറയാം. സുമുഖം, സമ്പുടം, വിതതം, വിസ്തൃതം, ദ്വിമുഖം ത്രിമുഖം, ചതുർമുഖം ,പഞ്ചമുഖം, ഷണ്മുഖം, അധോമുഖം, വ്യാപകാഞ്ജലിമുദ്ര, ശകടം,യമപാശം, ഗ്രഥിതം, സംമുഖോന്മുഖം, വിളംബം, മുഷ്ടികം, മത്സ്യം, കൂർമ്മം, വരാഹം, സിംഹാക്രാന്തം, മഹാക്രാന്തം, മുദ്ഗരം, പല്ലവം, ത്രിശൂലം, യോനി, സുരഭി, അക്ഷമാല, ലിംഗകം, അംബുജം, മഹാമുദ്ര എന്നിവയാണ് നാലു പാദങ്ങളോടുകൂടിയ ഗായത്രിയുടെ മുദ്രകൾ. ഈ മുദ്രകൾ സാധകനിൽ കീർത്തിയും കാന്തിയും പ്രദാനം ചെയ്യുന്നു.

No comments:

Post a Comment