Devi

Devi

Monday, January 30, 2017

ദിവസം 224. ശ്രീമദ്‌ ദേവീഭാഗവതം. 9. 2. പഞ്ചപ്രകൃതി സംഭവം

ദിവസം 224.  ശ്രീമദ്‌ ദേവീഭാഗവതം. 9. 2. പഞ്ചപ്രകൃതി സംഭവം

സമാസേന ശ്രുതം സർവ്വം ദേവീനാം ചരിതം പ്രഭോ
വിബോധനായ ബോധസ്യ വ്യാസേന വക്തുമർഹസി
സൃഷ്ടേരാദ്യാ സൃഷ്ടിവിധൌ കഥമാവിർബഭുവ ഹ
കഥം വാ പഞ്ചധാ ഭൂതാ വദ വേദവിദാം വര

നാരദൻ പറഞ്ഞു: അങ്ങ് പറഞ്ഞു കേട്ടിട്ട് ദേവീചരിതം  കുറച്ചു വിസ്തരിച്ചുതന്നെ കേൾക്കണമെന്ന് എന്നിലാഗ്രഹം വന്നിരിക്കുന്നു. എന്റെ ബോധം വികസിച്ചു വളരാൻ അത് മൂലം സാധിക്കട്ടെ. സൃഷ്ടിക്കു മുൻപേ എങ്ങിനെയാണാ  ദേവി ഉണ്ടായത്? അവളെങ്ങിനെ അഞ്ചു ഭാവങ്ങളിൽ അവതരിച്ചു? ത്രിഗുണാത്മികയായ ദേവിയുടെ കലാംശങ്ങളായി പിറന്ന അംശദേവതമാരുടെ ചരിതങ്ങളും പറഞ്ഞു തന്നാലും. അവരെങ്ങിനെ സംജാതരായി എന്നും അവരെ പൂജിക്കേണ്ട ക്രമം എന്തെന്നും എനിക്കുവേണ്ടി വർണ്ണിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: ആത്മാവ്, നഭസ്സ്, കാലം, ദിക്ക് എന്നിവ നിത്യമാണ്. നിത്യമെന്നാൽ പ്രാകൃതപ്രളയപര്യന്തം  നില നിൽക്കുന്നത് എന്നർത്ഥം. വാസ്തവത്തിൽ ആത്യന്തികമായി ശാശ്വതമായുള്ളത് പരമാത്മാവു മാത്രമാണ്.

വിശ്വഗോളവും ഗോലോകവും നിത്യമാണ് മാമുനേ. ഗോലോകത്തിനു താഴെയുള്ള വൈകുണ്ഡവും നിത്യമാണ്. ബ്രഹ്മലീലയാകുന്ന പ്രകൃതിയും സനാതനിയാണ്. തീയിൽ ചൂടെങ്ങിനെയോ ചന്ദ്രനിലും താമരയിലും പ്രഭയെങ്ങിനെയോ അതുപോലെ ആത്മാവും പ്രകൃതിയും അഭിന്നമായി നിലകൊള്ളുന്നു. സ്വർണ്ണമില്ലെങ്കിൽ തട്ടാന് കുണ്ഡലം പണിയാനാവില്ല. മണ്ണില്ലാതെ കുലാലന് കുടവുമുണ്ടാക്കാനാവില്ല.

ആത്മാവിന് പ്രകൃതിയെക്കൂടാതെ സൃഷ്ടി ചെയ്യാനാവില്ല. ശക്തി എന്ന വാക്കിൽ ‘ശ’ ഐശ്വര്യത്തെയും ‘ക്ത’ എന്നത് പരാക്രമത്തേയും സൂചിപ്പിക്കുന്നു. ജ്ഞാനം, സമൃദ്ധി, സമ്പത്ത്, യശസ്സ്, ബലം, എന്നിവയാണ് ‘ഭഗ’ങ്ങൾ. ഇവയുള്ള ശക്തി ‘ഭഗവതി’യാകുന്നു. ഭഗവതിയോടു ചേർന്നിരിക്കുന്നതിനാൽ പരമാത്മാവിനെ ‘ഭഗവാൻ’ എന്നു വിളിക്കുന്നു.

യോഗികൾ തേജോമയവും നിരാകാരവുമായ ഭഗവദ് ഭാവത്തെ ധ്യാനിക്കുന്നു. എന്നാൽ വൈഷ്ണവർ ഭഗവാന്റെ അദൃശ്യരൂപത്തെ സച്ചിദാനന്ദമായോ പരബ്രഹ്മമായോ സർവ്വസ്വരൂപനായോ കണക്കാക്കുന്നില്ല. തേജസ്വിയായൊരാളില്ലെങ്കിൽ തേജസ്സിന് സാംഗത്യമില്ല എന്നവർ വാദിക്കുന്നു.

തേജോമണ്ഡലമധ്യസ്ഥനും, ബ്രഹ്മതേജോമയനും, പരനും, സ്വേച്ഛാമയനും, സർവ്വസ്വരൂപനും, സർവ്വകാരണനും, സുന്ദരസ്വരൂപനും, കോമളവിഗ്രഹനും, കിശോരപ്രായനും, ശാന്തനും, കാന്തനും, പരാത്പരനും, ശ്യാമളകോമളനും, ശരത്കാലമദ്ധ്യാഹ്ന്നത്തിൽ വിടർന്നു വിലസുന്ന താമരത്താരിന്റെ ശോഭയോലുന്ന കൺകളുള്ളവനും, തൂമുത്തൊളി ചിന്നുന്ന ദന്തശോഭയുള്ളവനും, മനോഹരനും, പീലിത്തിരുമുടിക്കെട്ടുള്ളവനും, മാലതീമാല കഴുത്തിലണിഞ്ഞവനും, അഴകാർന്ന മൂക്കുള്ളവനും, പുഞ്ചിരി തൂകുന്നവനും, അഴകു  നിറഞ്ഞവനും, അനുഗ്രഹദായകനും, ജാജ്വല്യമാർന്ന മഞ്ഞപ്പട്ടുടയാട ധരിച്ചവനും, കൈയിൽ ഓടക്കുഴൽ പിടിച്ചവനും, രത്നഭൂഷണാലങ്കാരങ്ങൾ അണിഞ്ഞവനും, എല്ലാത്തിനും ആധാരമായിരിപ്പവനും, സർവ്വേശനും, സർവ്വശക്തനും, വിഭുവും, സർവ്വൈശ്വര്യപ്രദനും, സർവ്വമംഗളകാരകനും, സർവ്വസ്വതന്ത്രനും, പരിപൂർണ്ണനും, സിദ്ധനും, ദേവദേവനും, സനാതനനും, ജന്മമൃത്യുജരാവ്യാധിശോകഭീതികളെ ഇല്ലാതാക്കുന്നവനും, പരമപുരുഷനുമായാണ് വൈഷ്ണവർ ഭഗവാനെ ഉപാസിക്കുന്നത്. ബ്രഹ്മാവിന്റെയൊരു വർഷം ഭഗവാന്റെ ഒരു നിമിഷം മാത്രം.

പരമാത്മാവും പരബ്രഹ്മവും ആയുള്ള ഭഗവാൻ കൃഷ്ണനാണ്. ‘കൃഷ്’ എന്ന വാക്ക് ഭക്തിയെ ദ്യോതിപ്പിക്കുന്നു. ‘ന’ എന്നത് ദാസ്യത്തെ സൂചിപ്പിക്കുന്നു. ഭക്തിദാസ്യങ്ങൾ നൽകുന്നവനാണ് കൃഷ്ണൻ. ‘കൃ’ എന്നാൽ സർവ്വം.  ‘ന’ എന്നത് ബീജാക്ഷരമാണ്. സർവ്വത്തിനും ബീജമായിരിക്കുന്നത് കൃഷ്ണനാണ് എന്നർത്ഥം.

സൃഷ്ടിവാഞ്ഛയുമായി ആ പരമപുരുഷൻ ഇടത്തേഭാഗം സ്ത്രീയായും വലതുഭാഗം പുരുഷനായും സ്വയം രൂപം കൊണ്ടു. സനാതനനായ പരൻ കാമേശ്വരിയെ കണ്ട് സകാമിയായി. അഴകാർന്ന താമരപ്പൂപോലെ വിടർന്നുല്ലസിച്ചു നില്ക്കുന്ന കാമാധാരയെ അദ്ദേഹം സൂക്ഷിച്ചു നോക്കി. ചന്ദ്രബിംബം തോൽക്കുന്ന നിതംബദ്വയങ്ങൾ, വാഴത്തട പോലെ അഴകാർന്ന തുടകൾ. നല്ല കൂവളക്കായ പോലുള്ള സ്തനദ്വയങ്ങൾ, പൂമാലകളും വല്ലികളും അലങ്കാരമാക്കിയ അവളുടെ അരക്കെട്ട് കൃശമാണ്.  മനോഹരമായ പുഞ്ചിരി, അഗ്നിപോലെ ശുദ്ധമായ പട്ടാണ് അവളുടുത്തിരിക്കുന്നത്. ഇടക്കണ്ണിട്ടുള്ള നോട്ടം, രത്നഭൂഷകൾ. കോടി ചന്ദ്രബിംബം തോൽക്കുന്ന കാന്തിയോലുന്ന ശ്രീകൃഷ്ണമുഖചന്ദ്രനെ കണ്ടു കൊതിയാർന്നു നില്കുകയാണവൾ. നെറ്റിമേൽ കസ്തൂരിക്കുറി, ചന്ദനപ്പൊട്ട്, സിന്ദൂരം എന്നിവ ധരിച്ച് അതിസുന്ദരിയായി വിളങ്ങുകയാണവൾ. കോടിചന്ദ്രപ്രഭാസമമാണവളുടെ മുഖശോഭ. നടപ്പിൽ രാജഹംസവും ആനയും അവളോട് തോൽവി സമ്മതിച്ചു മാറിനില്ക്കും.

അങ്ങിനെയുള്ള അവളെക്കണ്ട് ആകൃഷ്ടനായ കാമേശ്വരൻ അവളുമായി രാസക്രീഡയിൽ ഏർപ്പെട്ടു. രാസമണ്ഡലത്തിൽ രാസേശ്വരൻ ശൃംഗാരത്തിന്റെ മൂർത്തിമദ്ഭാവമായി അനേകം ബ്രഹ്മദിനങ്ങൾ രാസക്രീഡയിൽ മുഴുകി സുഖാനുഭൂതിയിൽ സ്വയം വിലയിച്ചു കഴിഞ്ഞു. ഒടുവിൽ സുരതാന്തത്തിൽ പരിക്ഷീണനായി  ഭഗവാന്‍ അവളിൽ വീര്യാധാനം നടത്തി.

അവളുടെ ദേഹത്തുനിന്നും സുരതാന്ത തളർച്ചയിൽ വിയർപ്പൊഴുകിവീണു. അവളിൽനിന്നും പുറത്തുവന്ന ശ്രമജലം വിശ്വഗോളത്തിൽ നിറഞ്ഞു. വരുണൻ വിയർപ്പിന്റെ അധിദേവതയായി. അവന്റെ വാമഭാഗത്തുനിന്നും വരുണാനി ഉണ്ടായി.

ഹരിയുടെ മാരപരാക്രമത്തിൽ ക്ഷീണിതയായ അവൾ നെടുവീർപ്പിട്ടു. ചുടുനെടുവീർപ്പുകൾ ജീവജാലങ്ങൾക്കുള്ള നിശ്വാസവായുവായി. വായു ഉടലാണ്ട് അവന്റെ ഇടതുഭാഗത്തുനിന്ന് അവനൊരു പത്നിയുണ്ടായി വന്നു.  അവർക്ക് പഞ്ചപ്രാണങ്ങൾ പുത്രൻമാരുമായി. പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ എന്നിവയാണീ അഞ്ചു പേർ.

കൃഷ്ണന്റെ ചിച്ഛക്തിസ്വരൂപയായി ദിവ്യഗർഭം പേറി അവൾ നൂറു മന്വന്തരം കഴിഞ്ഞു. കൃഷ്ണപ്രാണപ്രേയസിയും കൃഷണസംഗിനിയുമായി അവൾ കൃഷ്ണന്റെ മാറിൽത്തന്നെ കുടിയിരുന്നു. നൂറു മന്വന്തരം കഴിഞ്ഞ് അവൾ സ്വർണ്ണാഭമായ ഒരു മാംസപിണ്ഡത്തെ പ്രസവിച്ചു. അതിനെകണ്ട് വിഷാദംപൂണ്ട ദേവി മാംസപിണ്ഡത്തെ ആഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു.

ദേവിയാ ഡിംഭത്തെ വലിച്ചെറിഞ്ഞതിനാൽ ഭഗവാൻ അവളെ ശപിച്ചു. “കഷ്ടം, കഷ്ടം, കോപശീലേ, നിഷ്ഠൂരേ, നിനക്കിനി സന്താനങ്ങൾ ഉണ്ടാവാതെ പോകട്ടെ. നിന്റെ അംശസംഭൂതരായ ദേവസത്രീകൾക്കും അങ്ങിനെ തന്നെ സംഭവിക്കട്ടെ. അവരെല്ലാം നിത്യയൗവനകളും അനപത്യരും ആയിത്തീരട്ടെ.”

അപ്പോൾ ദേവിയുടെ നാവിൻതുമ്പത്തു നിന്നും മനോജ്ഞയായ ഒരു കന്യക ആവിർഭവിച്ചു. വെളുത്ത നിറം. ശുഭ്രവസ്ത്രം. കയ്യിൽ വീണയും പുസ്തകവുമുണ്ട്. രത്നഭൂഷണങ്ങൾ ധരിച്ച ആ കന്യക സർവ്വശാസ്ത്രങ്ങൾക്കുമധിദേവതയായി വിളങ്ങി. കാലാന്തരത്തിൽ അവളും രണ്ടായി. ഇടത് ഭാഗം ലക്ഷ്മി, വലത് ഭാഗം രാധ. അപ്പോൾ ശ്രീകൃഷ്ണനും രണ്ടായിത്തീര്‍ന്നു. വലതു ഭാഗം രണ്ടു കയ്യുള്ള രൂപവും. ഇടത് ഭാഗം നാല് കൈകളോടുകൂടിയ രൂപവുമായി. കൃഷ്ണൻ വാണീദേവിയോട് ചതുർഭുജപത്നിയാവാൻ നിർദ്ദേശിച്ചു. ഭഗവാന്‍ ലക്ഷ്മീദേവിയേയും നാരായണന് തന്നെ നല്കി. ചതുർബാഹുവായ നാരായണൻ ദേവിമാരോടുകൂടി വൈകുണ്ഡത്തിലേയ്ക്ക് പോയി. രാധ കൃഷ്ണന്റെ കൂടെത്തന്നെ നിന്നു.

രാധാംശത്തിൽ നിന്നും ജനിച്ച രണ്ടുദേവിമാർക്കും കുട്ടികളുണ്ടായില്ല. എന്നാൽ നാരായണന്റെ അംശമായി ചതുർഭുജരായ പാർഷദൻമാർ തേജസ്സിലും രൂപഗുണങ്ങളിലും ഹരിക്ക് തുല്യരായി ഉണ്ടായി. ലക്ഷ്മീദേവിയുടെ അംഗങ്ങളിൽ നിന്നും ദാസീകോടികൾ ഉണ്ടായി. പിന്നെ ഗോലോകനാഥനായ ശ്രീകൃഷ്ണന്റെ രോമകൂപങ്ങളിൽ നിന്നും എണ്ണമറ്റ ഗോപൻമാരും ഉണ്ടായി. അവർ കൃഷ്ണനു സമാനരായിരുന്നു. അവർ ഭഗവാന്റെ പാർഷദന്മാരായി. രാധയുടെ രോമകൂപങ്ങളിൽ നിന്നാണ് അനേകം ഗോപികമാർ ഉണ്ടായത്. അവരും രാധയ്ക്ക് തുല്യരായിരുന്നു. നിറയൗവനം പൂണ്ട ആ സുന്ദരിമാരും പരമപുരുഷശാപത്താൽ അനപത്യരായിരുന്നു.

പെട്ടെന്ന് മൂലപ്രകൃതിയിൽ നിന്നും കൃഷ്ണദേവതയായ ദുർഗ്ഗ ഉദ്ഭൂതയായി. അവളാണ് ശക്തിസ്വരൂപിണിയായ വിഷ്ണുമായ. കൃഷ്ണന്റെ ബുദ്ധ്യധിഷ്ഠാനദേവതയാണവൾ. നാരായണിയും ഈശാനയും സർവ്വശക്തയുമാണ് ശ്രീദുർഗ്ഗ. എല്ലാ ദേവികൾക്കും ബീജമാണവൾ. ത്രിഗുണാത്മികയും സമ്പൂർണ്ണയുമായ അവൾ തേജോരൂപിണിയായ ഈശ്വരിതന്നെയാണ്. കാച്ചിയ പൊന്നിന്റെ കാന്തിയോലുന്ന പ്രഭയാണവൾക്ക്. കോടിസൂര്യപ്രഭയാണവളുടെ തേജസ്സിന്. ആയിരം കൈകളാണവൾക്ക്. സദാ പുഞ്ചിരി തൂകുന്ന മുഖത്ത് മൂന്നു കണ്ണുകളുണ്ട്. തീപോൽ തിളങ്ങുന്ന ശുഭ്രപട്ടാംബരവും രത്നഭൂഷകളും അവൾക്ക് സൗന്ദര്യമേറ്റുന്നു. എല്ലാ സ്ത്രീകളും അവളുടെ അംശകലകളായാണ് ജനിക്കുന്നത്. സർവ്വപ്രാണികളും അവളുടെ മായക്കധീനരാണ്.

ഗൃഹസ്ഥർക്ക് അവൾ കാമിതങ്ങളെ നൽകുന്നു. അവര്‍ക്ക് കൃഷ്ണഭക്തിയും നൽകുന്നു. വൈഷ്ണവർക്ക് അവൾ വൈഷ്ണവിയാണ്. മുമുക്ഷുക്കൾക്ക് മോക്ഷം, സുഖേച്ഛുക്കൾക്ക് സൗഖ്യം, എന്നിവ നൽകുന്നതവളാണ്. സ്വർഗ്ഗത്തിലെ സ്വർഗ്ഗലക്ഷ്മിയും വീട്ടിലെ ഗൃഹലക്ഷ്മിയും അവളാകുന്നു. താപസരിലെ തപസ്സ്, രാജാക്കൻമാരിലെ ഐശ്വര്യം, അഗ്നിയിലെ ദാഹകശക്തി, സൂര്യനിലെ ദ്യുതി, ചന്ദ്രനിലെയും താമരയിലെയും ശോഭ, ശ്രീകൃഷ്ണനിലെ ശക്തി എന്നിവയെല്ലാം അവൾ തന്നെയാണ്. ആത്മാവ് ശക്തിയാർജ്ജിക്കുന്നത് അവൾ മൂലമാണ്. അവളുടെ അഭാവത്തിൽ ജഗത്ത് ജീവച്ഛവമായിത്തീരും.

സംസാരവൃക്ഷത്തിന്റെ ബീജം, സ്ഥതി, വൃദ്ധി, ഫലം, എന്നീ രൂപഭാവങ്ങൾ ഇവളാണ്. അവൾ സർവ്വേശ്വരനെ സ്തുതിച്ചു നിൽക്കവേ ഭഗവാൻ അവൾക്കൊരു രത്നസിംഹാസനം നല്കി. അപ്പോൾ പത്മനാഭന്റെ പൊക്കിൾക്കൊടിയിൽ നിന്നും നാന്മുഖൻ സാവിത്രീസമേതനായി ആവിർഭവിച്ചു. കമണ്ഡലു കൈയിലേന്തിയ ചതുർമുഖൻ തന്റെ നാലുമുഖങ്ങളാലും രാധികേശനായ ഭഗവാനെ സ്തുതിച്ചുവന്ദിച്ചു.

തീപോലെ തെളിഞ്ഞു ശുഭ്രമായ വസ്ത്രമുടുത്ത് രത്നഭൂഷയണിഞ്ഞ് നൂറു ചന്ദ്രൻമാരുടെ പ്രഭയോടെ വിളങ്ങുന്ന ദേവിയും ശ്രീകൃഷ്ണനെ വാഴ്ത്തി സ്തുതിച്ചു. പെട്ടെന്ന് ശ്രീകൃഷ്ണൻ രണ്ടുരൂപങ്ങളാർന്നു നില്‍പ്പായി. വലതു ഭാഗത്ത് ഗോപിനാഥനും ഇടത് മഹേശ്വരനുമായി ഭഗവാന്‍ നിലകൊണ്ടു.

ശുദ്ധസ്ഫടികസങ്കാശനും, നൂറുകോടി സൂര്യൻമാരുടെ പ്രഭയോലുന്നവനും ത്രിശൂലം, പട്ടിശം, എന്നിവ ധരിച്ചവനും, പുലിത്തോലുടുത്തവനും, സ്വർണ്ണവർണ്ണമുള്ള ദേഹത്തോടുകൂടിയവനും, ജടാഭാരം ധരിച്ചവനും, ഭസ്മവിഭൂഷിതനും, സദാ പുഞ്ചിരി തൂകുന്നവനുമായ ആ ദിഗംബരചന്ദ്രശേഖരൻ സർപ്പഭൂഷണനായി വലതുകരത്തിൽ രത്നമാല ധരിച്ച് നീലകണ്ഠനായി വിളങ്ങുന്നു. അദ്ദേഹം തന്റെ അഞ്ചുമുഖങ്ങളാലും കൃഷ്ണനാമമാലപിക്കുന്നു.

സർവ്വകാരണവും സർവ്വമംഗളകാരിയും ജന്മമൃത്യുജരാശോകവ്യാധി വിനാശകനുമായ പരനെ, കാലകാലനായ കൃഷ്ണനെ സ്തുതിച്ചു കൊണ്ടു് മൃത്യുഞ്ജയനായ പരമശിവൻ ശ്രീഹരിയുടെ മുന്നിൽ ചാരുവായൊരു രത്നസിംഹാസനത്തിൽ ആസനസ്ഥനായി.

No comments:

Post a Comment