Devi

Devi

Tuesday, November 24, 2015

ദിവസം 34. ശ്രീമദ്‌ ദേവീഭാഗവതം. 2. 9. രുരുവിവാഹം

ദിവസം 34. ശ്രീമദ്‌ ദേവീഭാഗവതം. 2. 9. രുരുവിവാഹം

കാമാര്‍ത്ത: സ മുനിര്‍ഗത്വാ രുരു: സുപ്തോ നിജാശ്രമേ
പിതാ പപ്രച്ഛ ദീനം തം കിം രുരോ വിമനാ അസി
സ തമാഹാതി കാമാര്‍ത്ത: സ്ഥൂലകേശസ്യ ചാശ്രമേ
കന്യാ പ്രമദ്വരാ നാമ സാ മേ ഭാര്യാ ഭവേദിതി

പരീക്ഷിത്ത് തുടര്‍ന്നു: മകന്‍ കാമപാരവശ്യത്തോടെ വിഷണ്ണനായി കിടക്കുന്നത് കണ്ട് രുരുവിനോട് അച്ഛന്‍ കാരണം അന്വേഷിച്ചു. ‘സ്ഥൂലകേശന്‍റെ മകളായ പ്രമദ്വരയെന്ന കന്യകയെ എനിക്ക് പത്നിയായി ലഭിക്കാതെ എന്‍റെ ഈ ആകുലത അവസാനിക്കുകയില്ല’ എന്നായിരുന്നു രുരുവിന്‍റെ ഉത്തരം. പ്രമതി സ്ഥൂലകേശനെ സമീപിച്ച് കന്യകയെ തന്‍റെ പുത്രനായി തരണമെന്നഭ്യര്‍ത്ഥിച്ചു. വിവാഹത്തിനുള്ള ശുഭ മുഹൂര്‍ത്തത്തിനായി അവര്‍ കാത്തിരുന്നു. വേളിക്കായുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ട് പ്രമതിയും സ്ഥൂലകേശനും അടുത്തടുത്ത പര്‍ണ്ണശാലകളില്‍ വസിക്കുകയും ചെയ്തു.

അങ്ങിനെ മംഗള മുഹൂര്‍ത്തം കാത്തു കഴിയവേ പ്രമദ്വര  ഒരിക്കല്‍ മുറ്റത്ത് ഉറങ്ങിക്കിടന്ന ഒരു പാമ്പിനെ ചവിട്ടാന്‍ ഇടയായി. ആ സര്‍പ്പം അവളെ ദംശിക്കുകയും ഉടനെ മരണം സംഭവിക്കുകയും ചെയ്തു. മുനിമാര്‍ എല്ലാവരും ശോകഗ്രസ്തരായി നിലവിളിച്ചു. സ്ഥൂലകേശനും, രുരുവും ദുഃഖം സഹിയാതെ പൊട്ടിക്കരഞ്ഞു. ‘എന്‍റെ സുഖത്തെ നശിപ്പിക്കാനായി ആരാണീ സര്‍പ്പത്തെ ഇപ്പോള്‍ ഇവിടെ വരുത്തിയത്? ഇവളെ വെടിഞ്ഞുള്ള ഒരു ജീവിതം എനിക്ക് വേണ്ട. ഇവളെ ഒന്നു പുണരാനോ ചുംബിക്കാണോ എനിക്ക് കഴിഞ്ഞില്ല. അവളുടെ കൈ പിടിക്കുംമുന്‍പ്, ലാജാഹോമം ചെയ്യും മുന്പ് അവളെ മരണം കവര്‍ന്നിരിക്കുന്നു. ഞാനും അവള്‍ക്കൊപ്പം ജീവനൊടുക്കും. എത്ര നിന്ദ്യമാണ് മനുഷ്യന്‍റെ ആശകള്‍! ഇപ്പോള്‍ത്തന്നെ എന്‍റെ പ്രാണന്‍ പോകട്ടെ. കഷ്ടം ദുഖിതന്‍ വേണമെന്ന് വിചാരിച്ചാല്‍പ്പോലും പ്രാണന്‍ അവനെ വിട്ടുപോകുന്നില്ല. ഇനിയീ ഭൂമിയിലെ സുഖം എനിക്കെങ്ങിനെ അനുഭവിക്കാനാവും? ഞാന്‍ കടലില്‍ ചാടിയോ അഗ്നിയില്‍ എരിഞ്ഞോ മരിക്കാന്‍  പോവുന്നു. അല്ലെങ്കില്‍ വിഷം കുടിക്കും അതുമല്ലെങ്കില്‍ ഞാന്‍ കയറെടുക്കും. അപ്പോഴും എന്നില്‍ ഒരു സംശയം ബാക്കിയാണ്. ആത്മഹത്യ ചെയ്തവന് ഗതി കിട്ടുമോ? ഞാന്‍ പോയാല്‍ മാതാപിതാക്കള്‍ ദുഖിക്കും. മറ്റുള്ളവരും ദൈവവും സന്തോഷിക്കുമായിരിക്കും. പക്ഷേ എന്‍റെ പ്രിയതമയ്ക്ക് അതില്‍ എന്താണൊരു നേട്ടം? ആത്മഹത്യ ചെയ്‌താല്‍ എനിക്ക് പരലോകത്ത് പോലും ആ പ്രിയതമയെ ലഭിക്കില്ല.’ 

ഒടുവില്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്നത് തന്നെയെന്നു നിശ്ചയിച്ച് രുരു കുളിച്ചു ശുദ്ധമായി വന്നു. “ഞാന്‍ സുകൃതം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഞാനിതുവരെ അനുഷ്ടിച്ച ജപഹോമപൂജാദികള്‍ ഭക്തിപൂര്‍വ്വം ചെയ്യപ്പെട്ടവയാണെങ്കില്‍, ഞാന്‍ സൂര്യദേവനെ ഗായത്രി ജപത്താല്‍ ഇതുവരെ അര്‍ച്ചിച്ചതില്‍ കളങ്കലേശമില്ലെങ്കില്‍ എന്‍റെ പ്രിയ ഇപ്പോള്‍ ജീവനോടെ എഴുന്നേല്‍ക്കട്ടെ, അല്ലെങ്കില്‍ ആ ക്ഷണം ഞാനെന്‍റെ പ്രാണന്‍ ത്യജിക്കും’ എന്ന് പറഞ്ഞ് ധ്യാനനിരതനായി രുരു കയ്യിലിരുന്ന ജലമെടുത്ത് കുടഞ്ഞു.

ഇങ്ങിനെ വിരഹതാപത്താല്‍ ഉരുകുന്ന രുരുവിന്‍റെ മുന്നില്‍ ഒരു ദേവദൂതന്‍ വന്ന് ഇങ്ങിനെ  പറഞ്ഞു: 'സാഹസമരുത് മുനികുമാരാ, മരിച്ചവള്‍ എങ്ങിനെ ജീവിക്കാനാണ്? ഈ ദേവനാരിയുടെ ആയുസ്സ് തീര്‍ന്നുപോയി. അങ്ങിനി മറ്റൊരു നാരിയെ വേള്‍ക്കുകയെ നിവൃത്തിയുള്ളു. വെറുതെ കരഞ്ഞിട്ടു കാര്യമില്ല. അങ്ങേയ്ക്ക് ഇവളില്‍ ഇത്രയ്ക്ക് പ്രീതി തോന്നാന്‍ എന്താണ് കാരണം?'

‘ഇവള്‍ അല്ലാതെ മറ്റൊരുവളെ വരിക്കാന്‍ എനിക്കാവില്ല. ഇവള്‍ക്ക് ജീവനുണര്‍ന്നില്ലെങ്കില്‍ എന്‍റെ മാര്‍ഗ്ഗം മരണം മാത്രമാണ്.' അപ്പോള്‍ ദേവദൂതന്‍ രുരുവിനായി ഒരുപായം പറഞ്ഞു കൊടുത്തു. ‘ദേവന്മാര്‍ പണ്ട് കല്‍പ്പിച്ച ഒരു വിദ്യയാണിത്. നിന്‍റെ ആയുസ്സിന്‍റെ പകുതി ഇവള്‍ക്ക് നല്‍കിയാല്‍ ഇവളെ വീണ്ടും ജീവിപ്പിക്കാന്‍ സാധിക്കും.’

'തീര്‍ച്ചയായും ഞാനവള്‍ക്ക് എന്‍റെ ആയുസ്സിന്‍റെ പകുതി നല്‍കാം. എന്‍റെ പ്രിയ ജീവനോടെ എഴുന്നേല്‍ക്കട്ടെ!' ആ സമയം തന്‍റെ മകള്‍ മരിച്ചുവെന്നറിഞ്ഞ വിശ്വാവസു വിമാനമാര്‍ഗ്ഗം അവിടെയെത്തിച്ചേര്‍ന്നു. തന്‍റെ പുത്രിയായ പ്രമദ്വരയെ ജീവിപ്പിക്കണമെന്ന് അദ്ദേഹം യമധര്‍മ്മരാജനോടഭ്യര്‍ത്ഥിച്ചു. ‘ധര്‍മ്മരാജന്‍, രുരുകാമിനിയായ പ്രമദ്വര പാമ്പിന്‍ കടിയേറ്റു മരിച്ചിരിക്കുന്നു. അവളുടെ കാമുകന്‍ രുരു തന്‍റെ അര്‍ദ്ധായുസ്സ് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നു. അങ്ങയുടെ പ്രഭാവം കൊണ്ട് അവളില്‍ ജീവന്‍ അങ്കുരിപ്പിച്ചാലും’.  'അങ്ങിനെയാകട്ടെ' എന്ന് ധര്‍മ്മരാജന്‍ അനുഗ്രഹിച്ചു. പ്രമദ്വരയെ ദേവദൂതന്‍ ജീവിപ്പിച്ചു. രുരു അവളെ വിധിപൂര്‍വ്വകം വേളി കഴിച്ചു.

പരീക്ഷിത്ത് തുടര്‍ന്നു: അങ്ങിനെ മണി-മന്ത്ര-ഔഷധങ്ങളാലും ഉപായമാര്‍ഗ്ഗങ്ങള്‍ കൊണ്ടും പ്രാണരക്ഷചെയ്ത പൂര്‍വ്വ സംഭവങ്ങള്‍ ഉണ്ട്. ഇങ്ങിനെ മന്ത്രിമാരോട് പറഞ്ഞു രാജാവ് പള്ളിയറയ്ക്ക് ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി. ഏഴു നിലയുള്ള മാളികയുടെ മുകളില്‍ സചിവന്മാരോടൊപ്പം രാജാവ് താമസം തുടങ്ങി. കാവലിനായി മണിമന്ത്ര വിദ്യകള്‍ അറിയാവുന്നവര്‍ നിരന്നു നിന്നു. രാജാവ് തന്‍റെ തെറ്റുകള്‍ പൊറുക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഗൌരമുഖന്‍ എന്ന് പേരായ ഒരു മുനിയെ മഹര്‍ഷി ശമീകന്‍റെ ആശ്രമത്തിലേക്ക് പറഞ്ഞയച്ചു.

കാവല്‍ അതിശക്തമായിരുന്നു. മന്ത്രിപുത്രന്‍ ആനകളെ നിരത്തി നിര്‍ത്തി. കാറ്റിനുപോലും ഉള്ളില്‍ക്കടക്കാന്‍ അനുവാദം വേണമെന്നപോലെയായിരുന്നു സംവിധാനങ്ങള്‍. ആഹാരം, സ്നാനം, സന്ധ്യ, എന്നുവേണ്ട എല്ലാക്കാര്യങ്ങളും രാജാവ് മാളികയില്‍ത്തന്നെ ചെയ്തു. രാജ്യകാര്യങ്ങള്‍ മന്ത്രിമാരോട് ചര്‍ച്ച ചെയ്തു. ആ സമയത്ത് കശ്യപന്‍ എന്ന് പേരായ ബ്രാഹ്മണന്‍ രാജാവിന് മൃത്യുശാപം കിട്ടിയ വിവരമറിഞ്ഞ് രാജാവില്‍ നിന്നും തനിക്ക് എന്തെങ്കിലും ദക്ഷിണ കിട്ടും എന്ന ഉറപ്പോടെ രാജാവിനെ കാണാന്‍ പുറപ്പെട്ടു. വേദപണ്ഡിതനാണെങ്കിലും കശ്യപന്‍ ധനമോഹിയായിരുന്നു. അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെട്ടു വഴിയിലെത്തി.      

No comments:

Post a Comment