Devi

Devi

Wednesday, November 4, 2015

ദിവസം 14. ശ്രീമദ്‌ ദേവീഭാഗവതം. 1. 9. മധുകൈടഭവധം

ദിവസം 14. ശ്രീമദ്‌ ദേവീഭാഗവതം. 1. 9.  മധുകൈടഭവധം

യദാ വിനിര്‍ഗതാ നിദ്രാ ദേഹാത്തസ്യ ജഗദ്‌ഗുരോ:
നേത്രാസ്യ നാസികാ ബാഹു ഹൃദയേഭ്യസ്തയോ രസ:
നി:സ്യത്യ ഗഗനേ തസ്ഥൌ താമസീ ശക്തിരുത്തമാ
ഉദതിഷ്ഠജ്ജഗന്നാഥോ ജൃംഭമാണ: പുന:പുന:

സൂതന്‍ തുടര്‍ന്നു: മഹാവിഷ്ണുവിന്റെ കണ്ണ്, മൂക്ക്, കൈകള്‍, ഹൃദയം, മാറിടം എന്നീക്രമത്തില്‍ നിദ്ര വിട്ടൊഴിഞ്ഞു. ആകാശത്ത് ജഗന്മയിയായ ദേവി നിലകൊണ്ടു. തന്റെ മുന്നില്‍ പേടിച്ചു നില്‍ക്കുന്ന ബ്രഹ്മാവിനോട് വിഷ്ണു കാര്യം തിരക്കി. 'എന്തിനാണ് വിധാതാവേ അങ്ങ് ഭയചകിതനായിരിക്കുന്നത്' എന്ന് ചോദിക്കേ, മധുകൈടഭന്മാര്‍ തന്നെ കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു എന്ന് ബ്രഹ്മാവുണര്‍ത്തിച്ചു. 'എന്നാലവരെ ഞാന്‍ വകവരുത്തുന്നുണ്ടെന്നു' വിഷ്ണു ബ്രഹ്മദേവന് ഉറപ്പു കൊടുത്തു.

അപ്പോഴേക്കും രാക്ഷസര്‍ അവിടെയെത്തി മദഗര്‍വ്വത്തോടെ ആ ജലത്തില്‍ നിരാധാരരായി നിലകൊണ്ടു. എന്തിനാണ് ഇയാളുടെ അടുത്തേയ്ക്ക് വന്നത്? 'ഇവിടെവച്ച് തന്നെ നിന്നെ കൊന്നുകളയാം' എന്നവര്‍ വീമ്പു പറഞ്ഞു. 'നിന്നെ കൊന്നുകഴിഞ്ഞ് സര്‍പ്പമെത്തമേല്‍ക്കിടക്കുന്ന ഇവനെയും കൊന്നുകളയണം! അല്ലെങ്കില്‍ പോരിനു തയ്യാറാവുക!' ഇതുകേട്ട് ശ്രീഹരി താന്‍ പോരിനു തയ്യാറാണെന്ന് അവരോടറിയിച്ചു. 'നിങ്ങളുടെ പോര്‍മദം തീര്‍ക്കാന്‍ ഞാനുണ്ട് 'എന്ന് പറഞ്ഞു വിഷ്ണു തയ്യാറെടുത്തു. 

മധു ആദ്യം പോരിനായി വിഷ്ണുവിന്റെ അടുത്തേയ്ക്ക് പാഞ്ഞു. കൈടഭന്‍ അത് കണ്ടു നിന്നു. മല്ലയുദ്ധം കൊടുമ്പിരികൊണ്ടു. മധു ക്ഷീണിതനായപ്പോള്‍ കൈടഭന്‍ കളത്തില്‍ ഇറങ്ങി. രാക്ഷസര്‍രണ്ടുപേരും മാറി മാറി വിഷ്ണുവിനോടു പോരാടി. ബ്രഹ്മാവും ദേവിയും വാനില്‍ നിന്ന് ഇക്കാഴ്ച കണ്ടു നിന്നു. വിഷ്ണു ക്ഷീണിതനായിരിക്കുന്നു. ദൈത്യര്‍ക്ക് ക്ഷീണമൊട്ടില്ലതാനും. അയ്യായിരം കൊല്ലം തുടര്‍ച്ചയായി പോരാടിയിട്ടും അസുരന്മാര്‍ക്ക് മരണമടുക്കുന്നില്ലല്ലോ എന്ന് ശ്രീഹരി ചിന്തിച്ചു. വിഷ്ണുവിന്റെ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ‘ദാസോസ്മി’ എന്ന് പറഞ്ഞു കീഴടങ്ങുകയാണ് നല്ലതെന്ന് ഭഗവാനെ വെല്ലുവിളിച്ചു. 'അല്ലെങ്കില്‍ പോര്‍ തുടരണം. നിന്നെയും നാന്മുഖനെയും കൊല്ലാനാണ് ഞങ്ങളുടെ തീരുമാനം.'

നടുക്കടലില്‍ വെച്ചിങ്ങിനെ വെല്ലുവിളിച്ച രാക്ഷസന്മാരോടു മഹാവിഷ്ണു സാമോക്തിയായി ഇങ്ങിനെ പറഞ്ഞു: 'സനാതന ധര്‍മ്മത്തില്‍, പേടിച്ചവന്‍, വീണവന്‍, വില്ല് താഴെ വച്ചവന്‍, ബാലന്‍, തളര്‍ന്നവന്‍, ഇവരോടൊന്നും യുദ്ധം പാടില്ല. ഞാന്‍ ഒറ്റയ്ക്ക് അയ്യായിരം കൊല്ലം നിങ്ങളോട് മല്ലിട്ടു. നിങ്ങളാണെങ്കില്‍ അതീവബലശാലികളായ രണ്ടു മല്ലന്മാര്‍! മാറിമാറി പോരാടുന്നതിനിടയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ അവസരവും കിട്ടുന്നു. എനിക്ക് ഏറെക്കാലമായി വിശ്രമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനൊന്ന് വിശ്രമിച്ചു വരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക.'

ഈ വാക്കുകള്‍ കേട്ട് അവര്‍ കുറച്ചു മാറി നിന്നു. അവരെ കൊല്ലാനുള്ള മാര്‍ഗ്ഗം എന്തെന്ന് വിഷ്ണു ചിന്തിച്ചു. 'ദേവിയുടെ വരലാഭം കിട്ടിയ ഇവര്‍ സ്വേഛാമൃത്യുക്കളാണ്. എന്റെ യുദ്ധപരാക്രമം വൃഥാവിലായി. സത്യമിങ്ങിനെയാണെന്നറിഞ്ഞിട്ടും ഇനി ഞാന്‍ എങ്ങിനെ യുദ്ധം തുടരാനാണ്? എന്നാല്‍ യുദ്ധം ചെയ്യാതിരുന്നാല്‍ ഇവര്‍ നശിക്കുകയില്ല, അവര്‍ക്ക് വീര്യം കൂടുകയും ചെയ്യും. ആ മഹാശക്തി ഇവര്‍ക്ക് കൊടുത്ത വരം വിചിത്രം തന്നെ. ദുഖനിമഗ്നരായാലും ആരെങ്കിലും സ്വമൃത്യു ആഗ്രഹിക്കുമോ? തീരാരോഗിയാണെങ്കിലും ആരും മരിക്കാന്‍ ഇഷ്ടപ്പെടില്ല. പിന്നെയീ മല്ലന്മാരുടെ കാര്യം പറയാനുണ്ടോ? ആ മാഹാശക്തിയെ ശരണം പണിയുക മാത്രമേ മാര്‍ഗ്ഗമുള്ളു.' വാനില്‍ നിലകൊള്ളുന്ന ആ തേജസ്വിനിയായ ദേവിയെ യോഗേശ്വരനായ മഹാവിഷ്ണു കൈകൂപ്പി വാഴ്ത്തി സ്തുതിച്ചു.

മഹാമായേ, സൃഷ്ടി, സംഹാരങ്ങള്‍ക്ക് കാരണഭൂതയായ അമ്മേ, ചണ്ഡികേ, അവിടുത്തെ ചരിതം ആരറിയാന്‍! നിന്റെ സഗുണനിര്‍ഗ്ഗുണ സ്വരൂപം ആര്‍ക്ക് കാണാനാകും! എന്നാലും അമ്മെ, ഇന്ന് ഞാന്‍ അവിടുത്തെ വൈഭവം അറിഞ്ഞു. നിദ്രയ്ക്ക് വശഗതനായി ഞാന്‍ എത്രനാള്‍ കിടന്നു! നാന്മുഖാദികള്‍ എത്ര ശ്രമിച്ചിട്ടും ഞാന്‍ ഉണര്‍ന്നില്ല. എന്റെ ഇന്ദ്രിയങ്ങള്‍ മുഴുവനും അപ്പോള്‍ ഉള്‍വലിഞ്ഞിരുന്നല്ലോ! നിന്റെ പിടിയില്‍പ്പെട്ട ഞാന്‍ നിശ്ചേതനായിരുന്നു. നീ പിടിവിട്ടപ്പോള്‍ ഞാന്‍ ഉണര്‍ന്നു. ഇപ്പോള്‍ ഞാനിതാ ക്ഷീണിച്ചു വശായി ഈ ദൈത്യരുടെ മുന്നില്‍ നില്‍ക്കുന്നു. അവര്‍ക്ക് അവിടുത്തെ വരം കിട്ടിയിട്ടുണ്ടല്ലോ. ഞാന്‍ അവരുമായി ഘോരമായ പോരാട്ടം നടത്തി. അപ്പോഴാണ് അവര്‍ക്ക് കിട്ടിയ വരത്തെപ്പറ്റി എനിക്ക് ബോധമുണ്ടായത്. അതറിഞ്ഞ് അമ്മെ, നിന്നെ ഞാന്‍ ശരണം പണിയുന്നു. വരദായിനിയായ അവിടുന്നെന്നെ തുണയ്ക്കണം. പാപികളായ അവരെ എങ്ങിനെയാണ് ഞാന്‍ നേരിടേണ്ടത്?'

ഇതുകേട്ട് മന്ദഹാസത്തോടെ ദേവി പറഞ്ഞു: ദേവദേവനായ ഹരി, വീണ്ടും അങ്ങീ പോര് തുടരുക. ഇവരെ ചതിച്ചു മോഹിപ്പിക്കുകയേ നിവൃത്തിയുള്ളൂ. എന്റെ കടക്കണ്ണിനാല്‍ ഇവരെ ഞാന്‍ ഭ്രമിപ്പിക്കാം. എന്റെ മായയില്‍ മുങ്ങുന്ന അവരെ നിനക്ക് വധിക്കാനാവും. ഇതുകേട്ട് മഹാവിഷ്ണു അലകടലിലെ പോര്‍ക്കളത്തില്‍ വീണ്ടും എത്തിച്ചേര്‍ന്നു. 'നാലുകയ്യുള്ളവനേ, നില്‍ക്കവിടെ. ഞങ്ങളോട് ചുണയുണ്ടെങ്കില്‍ യുദ്ധം ചെയ്യ്‌' എന്നായി മല്ലന്മാര്‍. 

'തോല്‍വിയും ജയവും ദൈവാധീനമാണ്. പോരില്‍ ബലമുള്ളവന് വിജയം സുനിശ്ചയം. എന്നാല്‍ ചിലപ്പോള്‍ ദുര്‍ബ്ബലനെയും ദൈവം അനുഗ്രഹിച്ചേക്കാം. മഹാത്മാവിനെ സംബന്ധിച്ചിടത്തോളം ജയവും തോല്‍വിയും സന്തോഷിക്കാനോ ദുഖിക്കാനോ ഇടയാക്കുന്നില്ല. പണ്ട് നീ തന്നെ എത്രയെത്ര ദൈത്യരെ കൊന്നിരിക്കുന്നു. ഇന്നിപ്പോള്‍ നിനക്കു പരാജയം വന്നിരിക്കുന്നു. അതിലൊന്നുമൊരു കാര്യവുമില്ല' എന്ന് പറഞ്ഞ് മധുകൈടഭന്മാര്‍ വീണ്ടും പോരിനിറങ്ങി.! മുഷ്ടി ചുരുട്ടി വിഷ്ണു അവരെയും അവര്‍ തിരിച്ചുമിടിച്ചു. പിന്നെയും ക്ഷീണിതനായി വിഷ്ണു ദേവിയെ നോക്കി. അപ്പോള്‍ ദേവിയുടെ കണ്ണുകള്‍ തുടുത്തു. എന്നിട്ട്  ദൈത്യരെ നോക്കി പ്രേമപാരവശ്യത്തോടെ ഒന്ന് പുഞ്ചിരിച്ചു. പൂവമ്പന്റെ ശരമേറ്റത്‌ പോലെ ദേവീ വദനം കണ്ട് അവര്‍ മോഹാന്ധരായിപ്പോയി. മാരപരവശരായി ദേവിയുടെ സുന്ദരമുഖം കണ്ട് അവര്‍ വിഷണ്ണരായി നിന്നു. മല്ലന്മാര്‍ മോഹത്തില്‍ കുടുങ്ങിയെന്നറിഞ്ഞ ഉടനെ ശ്രീഹരി അവരോട് അഭീഷ്ടവരം എന്താണ് വേണ്ടതെന്ന് ആരാഞ്ഞു.

'ഞാന്‍ ഏറെപ്പേരോടു യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല്‍ നിങ്ങളോളം വീരരെ ഇതുവരെ കണ്ടിട്ടില്ല . നിങ്ങള്‍ ചേട്ടനും അനിയനും അനുപമബലത്തിനുടമകളാണ്. ഞാന്‍ സംപ്രീതനായിരിക്കുന്നു. 

നിങ്ങള്‍ക്ക് വരം നല്‍കാം എന്ന് പറഞ്ഞപ്പോള്‍ ദേവിയെ നോക്കിക്കൊണ്ട്‌ സുന്ദരന്മാരായ അവര്‍ വീരവാദം പറഞ്ഞു. 'ഞങ്ങള്‍ ദാനം ഇരക്കുന്നവരല്ല. ഞങ്ങള്‍ ദാനം നല്‍കുന്നവരാണ്! നിനക്ക് എന്തുവരം വേണമെന്ന് ചോദിച്ചാലും. നിന്റെ രണം ഞങ്ങള്‍ക്കും ഇഷ്ടമായി'. അവര്‍ വരം വാഗ്ദാനം ചെയ്തപ്പോള്‍ വിഷ്ണു പറഞ്ഞു. 'നിങ്ങള്‍ എനിക്ക് വധ്യരാകണം!'

സൂതന്‍ പറഞ്ഞു: 'വിഷ്ണു നമ്മളെ പറ്റിച്ചു കളഞ്ഞല്ലോ!' എന്ന് അവര്‍ വിഷണ്ണരായി. എന്നാല്‍ പെട്ടെന്നവര്‍ ചുറ്റുപാടും നോക്കി. എങ്ങും വെള്ളം മാത്രമേയുള്ളൂ! ‘അങ്ങ് ഞങ്ങള്‍ക്ക് വരം നല്‍കാമെന്നു പറഞ്ഞുവല്ലോ! സത്യവാക്കായ അവിടുന്ന് ജലമില്ലാത്ത ഇടത്തുവച്ചു മാത്രമേ ഞങ്ങളെ വധിക്കാവൂ.' 'അങ്ങിനെയാവട്ടെ' എന്ന് വിഷ്ണുവും പറഞ്ഞു. എന്നിട്ട് തന്റെ തുടകളെ വലുതാക്കി കാണിച്ചുകൊടുത്തു. 'ഇതാ വെള്ളത്തിന്മീതെ ജലമില്ലാത്തയിടം! നിങ്ങളുടെ തല ഇവിടെ വയ്ക്കുക. ഞാന്‍ സത്യം പാലിച്ചു. നിങ്ങളും അപ്രകാരം ചെയ്യണം.' എന്നാല്‍ ഈ വാക്കുകേട്ട ദൈത്യന്മാര്‍ സ്വയം ആയിരം യോജന വളര്‍ന്നു വലുതായി. ശ്രീഹരി തന്റെ തുടയുടെ വലുപ്പം ഇരട്ടിയാക്കി. അവരുടെ തലകള്‍ തുടയ്ക്ക് മേലെ വെച്ച് ശ്രീചക്രം കൊണ്ട് ആ തലകള്‍ അറുത്തു. അവരുടെ പ്രാണന്‍ വേര്‍പെട്ടപ്പോള്‍ ഉടല്‍ സമുദ്രത്തില്‍ വീണു. അങ്ങിനെ അവരുടെ മേദസ്സ് വീണുണ്ടായ ഭൂമിക്ക് മേദിനിയെന്ന പേരുണ്ടായി. മണ്ണ് ആഹരിക്കാന്‍ കൊള്ളാത്തതാവാന്‍ കാരണമിതാണ്.

സര്‍വ്വസുരാസുരന്മാര്‍ക്കും ആരാധ്യയായ ആ മഹാമായയുടെ ശക്തിക്ക് അതീതമായി മൂവുലകത്തിലും യാതൊന്നുമില്ല. സഗുണയായും നിര്‍ഗ്ഗുണയായും പൂജിതയായ ആ ദേവിയുടെ കഥ നിങ്ങള്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ഞാന്‍ പറഞ്ഞതാണ്.


No comments:

Post a Comment