Devi

Devi

Friday, November 6, 2015

ദിവസം 16. ശ്രീമദ്‌ ദേവീഭാഗവതം. 1.11. ബുധോത്പത്തി.

ദിവസം 16. ശ്രീമദ്‌ ദേവീഭാഗവതം. 1.11.   ബുധോത്പത്തി.

കൊ fസൌ പുരൂരവാ രാജാ കോര്‍വ്വശീ ദേവ കന്യകാ
കഥം കഷ്ടം ച സമ്പ്രാപ്തം തേന രാജ്ഞാ മഹാത്മനാ
സര്‍വ്വം കഥാനകം  ബ്രൂഹി ലോമഹര്‍ഷണ ജാധുനാ
ശ്രോതു കാമാ വയം സര്‍വ്വേ ത്വന്‍മുഖാബ്ജച്യുതം രസം  

ഋഷിമാര്‍ ആകാംഷാഭരിതരായി. ആരാണ് പുരൂരവസ്സ്? ആരാണീ ദേവകന്യയായ ഉര്‍വ്വശി? ഈ രാജാവിന് വന്നുപെട്ട ദുര്‍ഗ്ഗതി എന്താണ്? ലോമഹര്‍ഷണന്റെ പുത്രനായ നിന്റെ മുഖദാവില്‍ നിന്നുമീ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

സൂതന്‍ തുടര്‍ന്നു: വ്യാസന്‍ പറഞ്ഞപോലെ തന്നെ ഞാന്‍ ആ കഥ പറയാം. ബൃഹസ്പതിയുടെ പത്നി താര അതിസുന്ദരിയും യൌവനയുക്തയുമായിരുന്നു. ഒരിക്കല്‍ ചന്ദ്രന്‍ യജമാനനായിരുന്ന ഒരു യജ്ഞസ്ഥലത്ത് അവള്‍ പോകാനിടയായി. അവിടെവച്ച് ചന്ദ്രന്‍ അവളെ കണ്ടു കാമവിവശനായി. അവള്‍ക്കും ചന്ദ്രനില്‍ കാമാവേശമുണ്ടായി. അവര്‍ ഒത്തൊരുമിച്ചു രമിച്ചു സുഖിച്ചു രതിലീലയില്‍ കഴിയവേ കാലമേറെ കഴിഞ്ഞുപോയി. ബൃഹസ്പതി ദുഖാകുലനായി. തന്റെ ശിഷ്യനെ അയച്ചിട്ടും താര തിരികെ വരാന്‍ കൂട്ടാക്കിയില്ല. പലവട്ടം ശിഷ്യനെ അയച്ചിട്ടും ഫലമില്ലെന്ന് കണ്ട മുനി ക്രുദ്ധനായി ശശിയുടെ ഗൃഹത്തിലെ എത്തിച്ചേര്‍ന്നു.

എന്തിനാണ് നീ അധര്‍മ്മം ചെയ്യുന്നത്? എന്റെ സുന്ദരിയായ ഭാര്യയെ നീ കൈവശം വെച്ചുകൊണ്ടിരിക്കുന്നത് മഹാപാപമാണ്. ഞാന്‍ നിനക്കും ഗുരുവല്ലേ? ബ്രഹ്മഘ്നന്‍, സ്വര്‍ണ്ണമോഷ്ടാവ്, മദ്യപന്‍, ഗുരുപത്നിയെ പ്രാപിക്കുന്നവന്‍, ഇവരൊക്കെയുമായി കൂട്ട് കൂടുന്നവര്‍ എന്നീ അഞ്ചു തരമാണ് മഹാപാപികള്‍. നീ അത്തരമൊരു മഹാപാപിയാണ്. ഇപ്പോള്‍ത്തന്നെ അവളെ വിട്ടു തരിക. അല്ലെങ്കില്‍ ഗുരുപത്നിയെ കട്ടവന്‍ എന്നൊരു പേരുദോഷം നിനക്കുണ്ടാവും.

അപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു: ധര്‍മ്മിഷ്ടനായ ബ്രാഹ്മണര്‍ കോപത്തിന് വശഗതരാവുകയില്ല. അവര്‍ മാത്രമേ പൂജാര്‍ഹരായുള്ളു. ഈ സുന്ദരി സ്വന്തം ഇഷ്ടത്തില്‍ അങ്ങയുടെ ഭവനത്തില്‍ എത്തും. പക്ഷെ അവള്‍ ഇവിടെ നിന്നാല്‍ എന്താണ് കുഴപ്പം? സുഖം തേടിയാണിവളിവിടെ വന്നത്. കുറച്ചു ദിവസം ഇവിടെക്കഴിഞ്ഞിട്ടവള്‍ അങ്ങോട്ട്‌ വരും. ബ്രാഹ്മണര്‍ക്ക് വേദകര്‍മ്മങ്ങള്‍ കൊണ്ടെന്നതുപോലെ മാസംതോറുമുള്ള ആര്‍ത്തവം കൊണ്ട് സ്തീക്ക് ജാരസംസര്‍ഗ്ഗദോഷം ഇല്ലാതാകുന്നു. ഇതുകേട്ട് മുനി വിഷണ്ണനായി സ്വഗൃഹത്തില്‍ തിരിച്ചെത്തി. കുറച്ചു നാള്‍ കഴിഞ്ഞു മുനി വീണ്ടും ചന്ദ്രന്റെ ഗ്രഹത്തിലെത്തി. ദ്വാരപാലന്‍ മുനിയെ തടഞ്ഞു. ചന്ദ്രനാണെങ്കില്‍ മുനിയെ സ്വീകരിക്കാന്‍ വന്നതുമില്ല. ‘എന്റെ ശിഷ്യനായിട്ടും ഇങ്ങിനെ പെരുമാറുന്ന അതി നീചനായ അവനെ ശിക്ഷിക്കണം’ എന്ന് ചിന്തിച്ച് 'എടാ കശ്മലാ, എന്തിനാണ് നീ വീട്ടില്‍ ഒളിച്ചു കഴിയുന്നത്? എന്റെ പത്നിയെ തിരികെയിപ്പോള്‍ തന്നിലെങ്കില്‍ ഞാന്‍ നിന്നെ ശപിച്ചു ഭസ്മമാക്കും' എന്നദ്ദേഹം ആക്രോശിച്ചു.

ഇതുകേട്ട് ശശി വീട്ടിനു വെളിയില്‍ വന്നു. 'എന്തിനാണ് നീ യിങ്ങിനെ പുലമ്പുന്നത്? നിനക്ക് അവള്‍ യോജിച്ചവളല്ല. വെറുമൊരു പിച്ചക്കാരന്‍ വച്ചുകൊണ്ടിരിക്കേണ്ട പെണ്ണല്ല അവള്‍. നിന്റെ വൈരൂപ്യത്തിന് ചേര്‍ന്നോരുവളെ കണ്ടെത്തിയാലും! തങ്ങള്‍ക്ക് ചേര്‍ന്നവരോട് മാത്രമേ സ്തീകള്‍ക്ക് പ്രേമം തോന്നൂ. കാമശാസ്ത്രത്തെപ്പറ്റി നിനക്കെന്തറിയാം? എവിടെയെങ്കിലും പൊയ്ക്കൊള്ളുക. ഈ മോഹനാംഗിയെ തരുന്ന പ്രശ്നമില്ല. നീ കാമാന്ധനാകയാല്‍ നിന്റെ ശാപമൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ താരയെ തരുകയില്ല.'

ഈ പരുഷവചനങ്ങള്‍ കേട്ട് വിഷണ്ണനായി അദ്ദേഹം ഇന്ദ്രന്റെ ഗൃഹത്തിലേക്ക് പോയി. അവിടെ അദ്ദേഹം അര്‍ഘ്യങ്ങള്‍ സ്വീകരിച്ചു. ഇന്ദ്രന്‍ ഗുരുവിനോട്  വിവരങ്ങള്‍ ചോദിച്ചു. 'എന്റെ ഗുരുവിന്റെ ദുഖത്തിന് കാരണമെന്താണ്? എന്റെ ഗുരുവിനു അപമാനം വരുത്തിയത് ആരായാലും ഞാന്‍ വെറുതെ വിടുകയില്ല. എന്റെ സൈന്യവും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുമെല്ലാം അങ്ങേയ്ക്ക് തുണയായുണ്ടാവും. എന്തായാലും പറഞ്ഞാലും.'

'എന്റെ സുന്ദരിയായ ഭാര്യയെ ചന്ദ്രന്‍ കട്ടുകൊണ്ടുപോയിട്ട് തിരികെ തരുന്നില്ല. എന്താണിനി ചെയ്യേണ്ടതെന്ന് നീ തന്നെ പറയുക' എന്നായി ബൃഹസ്പതി.

ഇന്ദ്രന്‍ പറഞ്ഞു: 'വിഷമിക്കണ്ട, ഗുരോ, ഞാന്‍ കൊണ്ടുവരും ഗുരുപത്നിയെ. എന്റെ ദൂതനെ ഞാനാദ്യം ചന്ദ്രനടുത്തെയ്ക്ക് അയക്കും എന്നിട്ടും തന്നില്ലെങ്കില്‍ ദേവസൈന്യവുമായി ഞാന്‍ തന്നെ രംഗത്തിറങ്ങും. വാഗ്മിയായ ഒരു ദൂതനെ ഇന്ദ്രന്‍ ചന്ദ്രന്റെയടുത്ത് പറഞ്ഞയച്ചു. ‘ഇന്ദ്രന്‍ പറഞ്ഞുവിട്ട ദൂതനാണ്‌ ഞാന്‍. അങ്ങേയ്ക്ക് ധര്‍മ്മവും നീതിയും അറിയാം. അത്രിയാണല്ലോ അങ്ങയുടെ പിതാവ്. നിന്ദ്യമായ പ്രവൃത്തി അങ്ങില്‍ നിന്നുണ്ടായിക്കൂടാ. എല്ലാ മനുഷ്യരും തങ്ങളുടെ ഭാര്യമാരെ അവര്‍ക്കാവും വിധം പോറ്റുന്നു. നീയും അങ്ങിനെയാണല്ലോ. നിന്നെപ്പോലെ തന്നെ അപരനെയും കണ്ടാല്‍പ്പിന്നെ ഒരു പ്രശ്നവും ഇല്ല. നിനക്ക് ദക്ഷപുത്രിമാരായ ഇരുപത്തിയെട്ടു ഭാര്യമാരുണ്ട്. മാത്രമല്ല മേനകാദികളായ അപ്സരസ്സുകളേയും നിനക്ക് അനുഭവിക്കാം. ഈ ഗുരുപത്നിയെ വെറുതെ വിടുക. ദേവന്മാരിങ്ങിനെ അഹന്തയില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സാധാരണ മനുഷ്യര്‍ അത് അനുകരിക്കും. ഒരു യുദ്ധം ഒഴിവാക്കുക.'

ഈ ദൂതവാക്യം കേട്ടപ്പോള്‍ കൂടുതല്‍ ക്രുദ്ധനായി, ഇന്ദ്രനുകൊടുക്കാനുള്ള മറുപടിയായി  ചന്ദ്രന്‍ പറഞ്ഞു: 'നീ വലിയൊരു ധര്മ്മജ്ഞന്‍! ദേവാധിപന്‍!. ബ്രഹ്മാവിന് തുല്യനാണ് അങ്ങ്. ബുദ്ധിയിലും തഥൈവ. ഉപദേശിക്കാന്‍ എല്ലാവരും ബഹുസമര്‍ത്ഥരാണ്. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ എല്ലാം തകരാറില്‍ ആവും. തന്നെ കാമിക്കുന്ന സ്ത്രീയെ കൈക്കൊള്ളുന്നതില്‍ തെറ്റെന്താണ്? ബലശാലികള്‍ക്ക് എല്ലാം തന്റെതാണ്. ദുര്ബ്ബലര്‍ക്ക് ഒന്നുമില്ല. മന്ദബുദ്ധികള്‍ക്ക് നിന്റെ, എന്റെ എന്നിങ്ങിനെയുള്ള ഭ്രമമാണ്. എന്നിലുള്ളതുപോലെ താരയ്ക്ക് ഗുരുവില്‍ പ്രേമമില്ല. അനുരാഗിണിയെ ത്യജിക്കുന്നത് ശരിയാണോ? ഗാര്‍ഹസ്ത്യത്തിന്റെ തുടക്കം അനുരാഗത്തില്‍ നിന്നാണ്. ഈ ബൃഹസ്പതി തന്റെ അനുജനായ ഉതഥ്യന്റെ ഭാര്യ മമതയെ കാമിച്ചുവല്ലോ. ആ വെറുപ്പിലാണ് താരക്ക് മുനിയോടുള്ള അനുരാഗം ഇല്ലാതായത്. പ്രേമമില്ലെങ്കില്‍ എന്ത് സുഖമാണ് ഗൃഹസ്ഥനു ലഭിക്കുക? ഹേ ഇന്ദ്രാ, നീ എന്താണെന്ന് വെച്ചാല്‍ ചെയ്യുക. താരയെ ഞാന്‍ വിട്ട് തരികയില്ല.'

ദൂതന്‍ ചന്ദ്രന്റെ മറുപടി ഇന്ദ്രനെ അറിയിച്ചു. കോപിഷ്ടനായ ഇന്ദ്രന്‍ സൈന്യത്തെ സജ്ജമാക്കി. യുദ്ധവൃത്താന്തം കേട്ടിട്ട് അസുരഗുരുവായ ശുക്രന്‍ ഗുരുപത്നിയെ നീ വിട്ടുകൊടുക്കരുതെന്ന് ചന്ദ്രനെ ഉപദേശിച്ചു. ‘ഞാന്‍ നിനക്ക് ഇന്ദ്രനെ നേരിടാന്‍ മന്ത്ര സഹായം നല്‍കാം.’ ശങ്കരന്‍ ഇന്ദ്രന് സഹായം ചെയ്തു. ദേവാസുരയുദ്ധം ആരംഭിച്ചു. താരകാസുരനുമായുണ്ടായ യുദ്ധം പോലെ അനേകവര്‍ഷങ്ങള്‍ ഈ യുദ്ധവും നീണ്ടുപോയി. ഈ യുദ്ധമിങ്ങിനെ തുടരുന്നതുകണ്ടിട്ട് ഹംസവാഹനത്തില്‍ ബ്രഹ്മാവ്‌ യുദ്ധക്കളത്തില്‍ എത്തി.

‘നീ ഗുരുപത്നിയെ വിട്ടു കൊടുക്കുക. അല്ലെങ്കില്‍ നിനക്ക് മഹാവിഷ്ണുവിന്റെ പ്രഹരവും എല്‍ക്കേണ്ടതായിവരും! ബ്രഹ്മാവ്‌ ശുക്രനോടും പറഞ്ഞു: ദുഷ്ട സംഗത്താല്‍ നീയും ദുര്‍ബുദ്ധിയായോ?
ശുക്രന്‍ ഉടനെതന്നെ ഗുരുപത്നിയെ വിട്ടുകൊടുക്കാന്‍ ചന്ദ്രനെ ഉപദേശിച്ചു. ചന്ദ്രന്‍ ഗുരുവിനെ അനുസരിച്ച്. ഗര്‍ഭിണിയായ താരയെ ബൃഹസ്പതിക്ക് വിട്ടുകൊടുത്തു. മുനി സന്തോഷവാനായി. 

കാലം തികഞ്ഞപ്പോള്‍ ചന്ദനെപ്പോലെ തേജോമയനായ ഒരു പുത്രന്‍ ജനിച്ചു. ഗുരു ജാതകര്‍മ്മങ്ങളെല്ലാം യഥാവിഥി നടത്തി. പുത്രജന്മവൃത്താന്തം അറിഞ്ഞ ചന്ദ്രന്‍ വ്യാഴത്തിന്റെ (ഗുരു)യടുത്തേയ്ക്ക് ഒരു ദൂതനെയയച്ചു. 'ഇവന്‍ നിന്റെ പുത്രനല്ല, എന്റെ വീര്യത്തില്‍ നിന്നും ജനിച്ചവനാണല്ലോ. പിന്നെ എന്തിനാണവന്റെ ജാതകര്‍മ്മങ്ങള്‍ നീ ചെയ്തത്?'

‘ഇവന്‍ എന്റെ പുത്രന്‍ തന്നെ, എനിക്കതില്‍ സംശയമില്ല’ എന്നായി ഗുരു. പിന്നെ വാഗ്വാദമായി. ദേവാസുരയുദ്ധം വീണ്ടും ഉണ്ടാവുമെന്ന അവസ്ഥയായി. സമാധാനത്തിനായി ബ്രഹ്മാവ്‌ അവിടെയെത്തി. താരയോട് ചോദിച്ചു: ഈ പുത്രന്‍ ആരുടേതാണ്?’ ‘ചന്ദ്രന്റെതാണ്’ എന്ന് പറഞ്ഞു നാണത്തോടെ താര അകത്തളത്തിലേക്ക് വലിഞ്ഞു. ചന്ദ്രന്‍ പുത്രനെയെടുത്ത് അവനു ബുധന്‍ എന്ന് പേരിട്ടു സ്വഗൃഹത്തില്‍ വളര്‍ത്തി.

ഇന്ദുവിന് വ്യാഴക്ഷേത്രത്തില്‍ ബുധന്‍ പിറന്നതിന്റെ കഥ ഇതാണ്.


No comments:

Post a Comment