Devi

Devi

Thursday, November 5, 2015

ദിവസം 15. ശ്രീമദ്‌ ദേവീഭാഗവതം. 1. 10 ശിവവരദാനം

ദിവസം 15. ശ്രീമദ്‌ ദേവീഭാഗവതം. 1. 10   ശിവവരദാനം 

സൂത പൂര്‍വ്വം ത്വയാ പ്രോക്തം വ്യാസേനാമിത തേജസാ
കൃത്വാ പുരാണമഖിലം ശുകായാദ്ധ്യാപിതം ശുഭം
വ്യാസേന തു തപസ്തപ്ത്വാ കഥമുത്പാദിത ശുക:
വിസ്തരം ബ്രൂഹി സകലം യച് ഛ്രുതം കൃഷ്ണതസ്ത്വയാ    

ഋഷിമാര്‍ ചോദിച്ചു: സൂത, അങ്ങ് പറഞ്ഞുവല്ലോ വ്യാസന്‍ അനേകം പുരാണങ്ങള്‍ ഉണ്ടാക്കിയിട്ട് അത് ശുകന് പറഞ്ഞു കൊടുത്തുവെന്ന്? ഈ വ്യാസമഹാമുനി തപശ്ശക്തികൊണ്ട് എങ്ങിനെയാണ് പുത്രോല്‍പ്പാദനം നടത്തിയത്? വ്യാസന്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.

സൂതന്‍ പറഞ്ഞു: സത്യവതീ സുതനായ വ്യാസന് പുത്രഭാഗ്യമുണ്ടായതിന്റെ കഥ ഞാന്‍ പറയാം. പുതനുണ്ടാകാനുള്ള ഇച്ഛയോടെ മേരുപര്‍വ്വതത്തിലിരുന്ന്‍ വ്യാസന്‍ ഉഗ്രതപസ്സു തുടങ്ങി. നാരദനില്‍ നിന്നും കിട്ടിയ ഏകാക്ഷര ബീജമന്ത്രം ഉരുവിട്ട് മഹാമായയായ പരാശക്തിയെയാണ് അദ്ദേഹം ഉപാസിച്ചത്. പഞ്ചഭൂതങ്ങളുടെയെല്ലാം ശക്തിപ്രാഭവങ്ങള്‍ ഒത്തുചെര്‍ന്നൊരു പുത്രനെയാണ് വ്യാസന്‍ ആഗ്രഹിച്ചത്. ശക്തനെയാണല്ലോ ലോകത്തിനു വേണ്ടത്? ദുര്‍ബ്ബലനെ ലോകര്‍ വെറുക്കുന്നു. അതുകൊണ്ട് പൂജാര്‍ഹയായുള്ളവള്‍ ആ പാരാശക്തി തന്നെയെന്നു വ്യാസന് നിശ്ചയമുണ്ടായിരുന്നു.ആഹാരം ഉപേക്ഷിച്ച് ഒരു നൂറു കൊല്ലം മഹാദേവനെയും സദാശിവയെയും മുനി ആരാധിച്ചു. ദേവന്മാരും ഋഷിവൃന്ദവും തപസ്സനുഷ്ഠിച്ചു വാഴുന്ന ആ മേരുപര്‍വ്വത ശൃംഗത്തില്‍ ദേവയക്ഷകിന്നരന്മാര്‍ ലീലയാടുന്നു. അനേകം കര്‍ണ്ണികാരാദി വൃക്ഷലതകള്‍ അവിടെ ഇടതിങ്ങി വളരുന്നുമുണ്ട്‌. ദേവസംഗീതം സദാ മുഴങ്ങുന്ന ആ ഹേമഗിരിയുടെ മകുടത്തിലിരുന്നു വ്യാസമുനി തന്റെ തപസ്സു തുടര്‍ന്നു. ആ തപസ്വിയുടെ കീര്‍ത്തി ലോകമാകെ പരന്നു. അദ്ദേഹത്തിന്റെ ജഡാഭാരം അഗ്നിവര്‍ണ്ണമാവുകയും ചെയ്തു. ഈ ഉഗ്രതേജസ്സ് കണ്ടു ഭയന്ന ഇന്ദ്രന്‍ രുദ്രനെ ചെന്ന് കണ്ടു.

പരമശിവന്‍ പറഞ്ഞു : നീയെന്തിനാണ്‌ ഭയചകിതനാവുന്നത്? താപസന്മാരോട് അമര്‍ഷം തോന്നാന്‍ പാടില്ല. ഞാന്‍ ‘ശക്തി’യുക്തനാണെന്നു കണ്ടിട്ടാണ് ഋഷികള്‍ എന്നെ ആരാധിക്കുന്നത്. മാത്രമല്ല മറ്റുള്ളവര്‍ക്ക് അഹിതമായ ഒന്നും ഈ താപസര്‍ ആഗ്രഹിക്കുന്നുമില്ല. വ്യാസന്‍ പുത്രലബ്ധിക്കായാണ് തപസ്സു ചെയ്യുന്നത്. നൂറു വര്‍ഷങ്ങളായി തപസ്സിലിരിക്കുന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം ഞാന്‍ നിവര്‍ത്തിക്കാന്‍ പോകുന്നു. സര്‍വ്വലോകത്തിനും പ്രിയംകരനും കീര്‍ത്തിമാനും മഹാതേജസ്വിയുമായ ഒരു സത്പുത്രന്‍ അദ്ദേഹത്തിനുണ്ടാവട്ടെ.

പരമശിവന്‍ ഋഷിയുടെ സവിധമെത്തി ഈ വൃത്താന്തം അദ്ദേഹത്തെ അറിയിച്ച് അനുഗ്രഹം നല്‍കി. ശൂലപാണിയെ നമസ്കരിച്ച് മുനി തന്റെ ആശ്രമത്തിലേക്ക് മടങ്ങി. അഗ്നിക്കായി അരണികടയവേ അദ്ദേഹത്തില്‍ പുത്രോല്‍പ്പാദനവാഞ്ഛ അങ്കുരിച്ചു. അരണികള്‍ കടയുമ്പോള്‍ അഗ്നിയെന്നതുപോലെ എനിക്കൊരു പുത്രന്‍ ഉണ്ടായി വരണമെങ്കില്‍ ഉചിതമായൊരു പുത്രാരണി എനിക്കില്ലല്ലോ എന്നദ്ദേഹം വ്യഥ പൂണ്ടു. പതിഭക്തിയുള്ള കുലീനയായ ഒരുവളെ കിട്ടിയാലും അവളെ എങ്ങിനെ സഹധര്‍മ്മചാരിണിയാക്കും? അതൊരു നിത്യ ബന്ധനമല്ലേ? സാക്ഷാല്‍ ശിവന്‍പോലും പെണ്ണാകുന്ന കെട്ടില്‍പ്പെട്ടിരിക്കുകയല്ലേ? ദുര്‍ഘടമായ ദാമ്പത്യം ഞാനെങ്ങിനെ നയിക്കും!

ഇങ്ങിനെ ആലോചിച്ചിരിക്കെ അദ്ദേഹം ദിവ്യരൂപമാര്‍ന്ന ഘൃതാചിയെ ആകാശത്ത് കണ്ടു. താപസനാണെങ്കിലും മുനി കാമപീഢിതനായി. ഇവളെ പരിഗ്രഹിച്ചാല്‍ എന്നെ മറ്റു താപസന്മാര്‍ ‘നൂറാണ്ട് തപസ്സുചെയ്ത മുനിയിതാ കാമവിവശനായിപ്പോയി’ എന്ന് പരിഹസിക്കും. എങ്കിലും ധര്‍മ്മത്തിന്റെ മുന്നില്‍ കടക്കാനാവാത്തവിധത്തില്‍ കാമമെന്നെ പിടികൂടിയിരിക്കുന്നു. പുത്രലാഭം ഗൃഹസ്ഥന്മാര്‍ക്ക് സൌഖ്യം നല്‍കുന്നു. മാത്രമല്ല ജ്ഞാനികള്‍ക്ക് മോക്ഷപ്രദവുമാണത് എന്ന് കേട്ടിരിക്കുന്നു. ഈ ദേവകന്യകയില്‍ നിന്നും ഈ സുഖങ്ങളെല്ലാം കിട്ടുമോ എന്ന് സംശയമാണ്. ഉര്‍വ്വശിയെന്ന അപ്സരസ്സിനാല്‍ പുരൂരവസ്സ് വഞ്ചിതനായ കഥ ഞാന്‍ നാരദനില്‍ നിന്ന് കേട്ടിട്ടുള്ളതാണ്!.


No comments:

Post a Comment