Devi

Devi

Wednesday, November 16, 2016

ദിവസം 195 ശ്രീമദ്‌ ദേവീഭാഗവതം. 7-37. ഭക്തി മാഹാത്മ്യം

ദിവസം 195 ശ്രീമദ്‌ ദേവീഭാഗവതം. 7-37. ഭക്തി മാഹാത്മ്യം

സ്വീയാം ഭക്തം വദസ്വാംബ യേ ന ജ്ഞാനം സുഖേന ഹി
ജായേത മനുജസ്യാസ്യ മധ്യമസ്യാ വിരാഗിണ:
മാർഗ്ഗാ സ്ത്രയോ മേ വിഖ്യാതാ മോക്ഷപ്രാപ്തൗ നഗാധിപ
കർമ്മയോഗോ ജ്ഞാനയോഗോ ഭക്തിയോഗശ്ച സത്തമ


ഹിമാലയൻ പറഞ്ഞു. 'അമ്മേ ഇപ്പറഞ്ഞ യോഗമാർഗ്ഗം വിരക്തിയെത്താത്ത മദ്ധ്യമാധികാരിയായ ഒരു സാധകന് എങ്ങിനെയാണ് ആചരിക്കാൻ സാധിക്കുക? അതിനുള്ള എളുപ്പമാർഗ്ഗം കൂടി ഞങ്ങൾക്ക് ഉപദേശിച്ചു തരണം.'

ശ്രീദേവി ഇങ്ങിനെ അരുളി. 'നഗാധിപാ, മോക്ഷ സിദ്ധിക്ക് പ്രധാനമായും മൂന്നാണ് ഉപായങ്ങൾ. കർമ്മം, ജ്ഞാനം, ഭക്തി എന്നിവയാണവ. അതിൽ അയത്നമെന്നു പറയാവുന്നത് ഭക്തിയോഗമാണ്. അതിൽ ശരീരത്തെയോ മനസ്സിനെയോ വല്ലാതെ കഷ്ടപ്പെടുത്തേണ്ടതില്ല. ഇപ്പറഞ്ഞ ഭക്തിസാധനയും മനുഷ്യന്റെ ഗുണഭേദങ്ങൾ അനുസരിച്ച് മൂന്നു വിധത്തിലാണ് ഉള്ളത് . അന്യനെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തിൽ അഹങ്കാരത്തോടെ മത്സരബുദ്ധിയിൽ ചെയ്യുന്ന ഭക്തി സാധന, താമസമാണ്. പരപീഡയില്ലെങ്കിലും തനിക്ക് യശസ്സും പ്രതിഫലവും ലഭിക്കാനായി ചെയ്യുന്ന ഭക്തി, രാജസമാണ്. ഇതിൽ ഭക്തൻ അവനെ എന്നിൽ നിന്നും വേറിട്ട ഒരു സത്തയായി കാണുന്നു. ഭോഗലോലുപത്വം, പ്രത്യാശ എന്നിവയാണ് രാജ്യസഭക്തന്റെ സ്വഭാവം. ഭേദബുദ്ധിയോടെ ചെയ്യുന്ന ഈ ഭക്തിസാധന അജ്ഞാന ജന്യമത്രെ. ഈശ്വരാർപ്പണഭാവത്തോടെ തന്റെ പാപങ്ങൾ കഴുകിക്കളയാൻ നിത്യവും സാധനകൾ അനുഷ്ഠിക്കണം എന്നുറച്ച് അതിനായി പ്രയത്നിക്കുന്നവന്റെ ഭക്തി സാത്വികമാണ്. അവൻ എന്നെ പ്രീതിപ്പെടുത്താനാണ് സാധന ചെയ്യുന്നത്. സാത്വികഭക്തികൊണ്ട് പരാഭക്തിയില്‍ എത്താന്‍ സാധിക്കും. എന്നാൽ താമസഭക്തിയും രാജ്യസഭക്തിയും മനുഷ്യനെ പരാഭക്തിയിലേക്ക് നയിക്കുകയില്ല. സാധകൻ ഇവയെ തീര്‍ച്ചയായും വർജിക്കണം.

പരാഭക്തിയുടെ പ്രത്യേകതകൾ ഇനിപ്പറയാം. നിത്യവും എന്റെ ഗുണഗണങ്ങളും കീർത്തനങ്ങളും കേൾക്കുക, എന്റെ നാമം പ്രകീർത്തിക്കുക, അവയെ സദാ ഉള്ളിൽ ഇടമുറിയാതെ എണ്ണയൊഴുകുന്നത് പോലുള്ള ഋജുധാരയായി നിലനിർത്തുക, ഫലപ്രതീക്ഷ കൂടാതെ, എന്നെ സംപ്രീതയാക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പരമപ്രേമത്തിൽ നിമഗ്നമാക്കി മനസ്സർപ്പിക്കുക, എന്നിവയെല്ലാം പരാഭക്തി ലക്ഷണങ്ങളാണ്. എന്നെ സേവിക്കുക എന്ന ഏക ലക്ഷ്യം മാത്രമുള്ള സാധകമനസ്സ്, സാമീപ്യം, സാരൂപ്യം, സായൂജ്യം, എന്നിവയെപ്പോലും ലക്ഷ്യമാക്കാതെ സേവ്യ-സേവക ഭാവത്തിൽ അഭിരമിക്കുന്നു. സദാ ഉൻമേക്ഷത്താടെ സച്ചിദാനന്ദസ്വരൂപഭാവനയില്‍ എന്നെത്തന്നെ ധ്യാനിക്കുക. 'ഞാൻ, താൻ' എന്ന ഭേദഭാവം ഉള്ളിൽ നിന്നും തീർത്തും ഒഴിവാക്കി സർവ്വജീവജാലങ്ങളെയും എന്റെ രൂപത്തിൽ മാത്രം കാണുക. അവയിലെല്ലാം സ്പന്ദിക്കുന്ന ചൈതന്യസ്ഫുരണം അഭേദമാണെന്ന് കണ്ട് എല്ലാത്തിലും വർത്തിക്കുന്നത് ഞാൻ മാത്രമാണെന്ന് അറിയുക. തന്നോടുള്ള സ്വയമുള്ള പ്രീതിഭാവം മറ്റുള്ള ജീവജാലങ്ങളോടും അനുവർത്തിക്കുക.

എല്ലാവരിലും എന്റെ ചൈതന്യം ദർശിച്ച് ഏതു ചണ്ഡാളനെയും അഭേദഭാവേന നമസ്കരിക്കാൻ സഹജമായി തോന്നുക. എന്റെ ചരിതം കേൾക്കാൻ ഉത്സാഹമുണ്ടാവുക, എന്റെ ഭക്തരുമായുള്ള സത്സംഗത്തിൽ അഭിരുചിയുണ്ടാവുക, ഭക്തി വർദ്ധിച്ച് രോമാഞ്ചമുണ്ടാവുക, കണ്ണിൽ ആനന്ദാശ്രു താനേ വഴിയുക, എന്നിവയെല്ലാം പരാഭക്തി ലക്ഷണങ്ങളാണ്.

എന്റെ പൂജകളെ വിത്തശാഠ്യം കൂടാതെ സഹജമായ ശ്രദ്ധയോടെ അനുഷ്ഠിക്കുകയും എന്റെ ഉത്സവങ്ങൾ കൊണ്ടാടാൻ സഹജമായ താൽപര്യം സദാ ഉണ്ടാവുകയും ദേഹതാദാത്മ്യം കൂടാതെ ഉറക്കെ നാമം ജപിച്ച് നൃത്തം ചെയ്യുകയും, ദേഹരക്ഷയിലും പ്രാരാബ്ധങ്ങളിലും ചിന്തകൾ കുടുങ്ങി നില്‍ക്കാതെ കഴിയുകയും ചെയ്യുന്നത് പരാഭക്തി ലക്ഷണമാണ്. 'ദേവിയല്ലാതൊരു വസ്തുവില്ലെങ്ങും എവിടെയും എക്കാലത്തും' എന്ന അറിവ് ഉണര്‍വ്വായി ആ സാധകനില്‍ ഉറച്ചിരിക്കുന്നു.

പരാഭക്തിയിൽ വിലയിച്ചവൻ എന്റെ ചിന്മാത്രമായ മായാരൂപത്തിൽ വിലയിക്കുക തന്നെ ചെയ്യും. ഭക്തിയുടെ പാരമ്യംതന്നെയാണ് ജ്ഞാനം. അതു തന്നെ വൈരാഗ്യസീമയും. രണ്ടും ജ്ഞാനസിദ്ധിക്ക് നിദാനമാവുന്നു. ചിലർക്ക് പ്രാരാബ്ധത്തിന്റെ ആധിക്യത്താൽ ജ്ഞാനം സിദ്ധമായില്ല എങ്കിൽക്കൂടി അവരും ഭക്തിയൊന്നിനാൽത്തന്നെ ഞാൻ വാഴുന്ന മണിദ്വീപിൽ എത്തിച്ചേരും. മണിദ്വീപിൽ എത്തിയാൽ ഭോഗേച്ഛയില്ലെങ്കിലും സാധകന് ഭോഗസുഖം അനുഭവവേദ്യമാവും. അവനിൽ ചിദ്രൂപ ജ്ഞാനവും ഉണ്ടാവും.

ജ്ഞാനം കൂടാതെ മുക്തിയില്ല. ആർക്കാണോ ഈ ജന്മത്തിൽ ഇവിടെ വച്ചുതന്നെ ജ്ഞാനോദയം ഉണ്ടാവുന്നത്, അവന് മരണമില്ല. സ്വഹൃദ്ഗതനാണ് പ്രത്യഗാത്മാവ് എന്ന അറിവിന്റെ ഉണർവ്വാണ് എന്റെ സംവിത് രൂപജ്ഞാനം. 'ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മം തന്നെയാകുന്നു'.

കഴുത്തിലണിഞ്ഞ മാലയെ നാം ആഭരണമെന്നു കണക്കാക്കുന്നു. എന്നാലതിന്റെ യഥാർത്ഥ സത്ത സ്വർണ്ണം മാത്രമാണ്.

ജ്ഞാനമുദിക്കുമ്പോൾ അജ്ഞാനത്തിന്റെ ഇരുളകലുന്നു. അങ്ങിനെ നാമരൂപങ്ങൾക്കപ്പുറമുള്ള സത്ത വെളിവാകുന്നു. അങ്ങിനെ സാധകന് എല്ലാറ്റിനും കാരണമായ എന്നെ കാണാകുന്നു. കാണപ്പെടുന്ന വസ്തുവിനും കാണപ്പെടാത്ത കാരണത്തിനും അപ്പുറമാണ് എന്റെ സത്ത. നിഴലും വെയിലും പോലെ ഇടയ്ക്ക് മറഞ്ഞും ഇടക്ക് തെളിഞ്ഞും പിതൃലോകത്ത് ജലത്തിലെ പ്രതിബിംബം പോലെയും, ദേഹത്ത് കണ്ണാടിയിൽ കാണുന്ന നിഴൽ പോലെയും ഞാനിരിക്കുന്നു. എന്റെ മണിദ്വീപിൽ ദ്വൈതഭാവമില്ലാത്ത, ശുദ്ധജ്ഞാനം മാത്രമേയുള്ളു.

വൈരാഗ്യം മൂർച്ഛിച്ച ഒരാൾ ജ്ഞാനസിദ്ധിയിൽ എത്താതെ അന്തരിച്ചാൽ അവൻ ഒരു കല്പകാലം ബ്രഹ്മലോകത്ത് വസിച്ച ശേഷം ഒരു ഐശ്വര്യ സമ്പന്നമായ അന്തരീക്ഷത്തിൽ ശ്രീമാൻമാരുടെ കുലത്തിൽ സജ്ജനങ്ങളായ മാതാപിതാക്കളുടെ സന്താനമായി ജന്മമെടുക്കും. അവിടെ സാധനകൾ അനുഷ്ഠിക്കാൻ അവന് അവസരമുണ്ടാകും. അങ്ങിനെയവൻ ഒടുവില്‍ സഹജമായും ജ്ഞാനമാർഗ്ഗത്തിൽ എത്തിച്ചേരും.

ഹിമവാനേ, ഈ ജ്ഞാനസിദ്ധിക്ക് അനേകം ജന്മങ്ങൾ വേണ്ടിവന്നേക്കാം. അതിനാൽ കിട്ടിയ ജന്മത്തിൽത്തന്നെ താമസം വിനാ ജ്ഞാനസമ്പാദനത്തിനായി ഒരുവന്‍ പരിശ്രമിക്കണം. മനുഷ്യജന്മം ദുർലഭമാണ്. അതിൽ ബ്രാഹ്മണജന്മം അതീവ ദുർലഭം. അവരിലും വേദപഠനഭാഗ്യം ചുരുക്കം ചിലർക്കേ ഉണ്ടാവൂ.

ശമദമാദികൾ പരിശീലിക്കുക, യോഗസിദ്ധി കൈവരിക. ഉത്തമനായ ഗുരുവിനെ കിട്ടുക, ഇന്ദ്രിയങ്ങൾ നിപുണതയാർന്നതാവുക, ശരീരസംസ്കാരവും മോക്ഷേച്ഛയും ഉണ്ടാവുക, എന്നതെല്ലാം അനേക ജന്മങ്ങളിലെ പുണ്യം കൊണ്ടേ സിദ്ധിക്കൂ. ഇങ്ങിനെ അതീവ ദുർലഭമായ ജന്മം ഉണ്ടായിട്ടും ജ്ഞാനമാർജിക്കാൻ ശ്രമിക്കാത്തവന്റെ ജന്മം വിഫലമത്രേ! ഒരോ ചുവടുവെപ്പിലും ജ്ഞാനസമ്പാദനം ലക്ഷ്യമാക്കണം. പാലിൽ വെണ്ണ പോലെ ഗൂഢമായിരിക്കുന്ന വിജ്ഞാനത്തെ മനസ്സാകുന്ന കടകോൽ കൊണ്ട് കടഞ്ഞ് എടുക്കണം. അതിന് നിസ്തന്ദ്രമായ പരിശ്രമം അനിവാര്യമാണ്. വേദാന്തം ഉദ്ഘോഷിക്കുന്നത് ജ്ഞാനലബ്ധികൊണ്ടു് കൃതാർത്ഥനാവാം എന്നാണ്.

ഭക്തിയുടെ മാഹാത്മ്യം ഞാൻ വിശദമാക്കി. ഗിരിശ്രേഷ്ഠാ, ഇനിയും എന്നാണ് അങ്ങേയ്ക്ക് അറിയാനുള്ളത്?'

No comments:

Post a Comment