Devi

Devi

Sunday, November 13, 2016

ദിവസം 192 ശ്രീമദ്‌ ദേവീഭാഗവതം. 7-34. വൈരാഗ്യജ്ഞാന കഥനം

ദിവസം 192  ശ്രീമദ്‌ ദേവീഭാഗവതം7-34. വൈരാഗ്യജ്ഞാന കഥനം

ക്വ യൂയം മന്ദഭാഗ്യാ വൈ ക്വേദം രൂപം മഹാദ്ഭുതം
തഥാപി ഭക്ത വാത്സല്യാദീദൃശം ദർശിതം മയാ
ന വേദാദ്ധ്യയനൈർയോഗൈർ ന ദാനൈസ്തപസേജ്യയാ
 രൂപം ദൃഷ്ടുമിദം ശക്യം കേവലം മൽകൃപാം വിനാ

ദേവി അരുളി: മന്ദഭാഗ്യരായ നിങ്ങൾക്ക് ഈ രൂപം കാട്ടിത്തന്നത് എന്റെ ഭക്തവാത്സല്യം കൊണ്ടാണ്. എന്റെ കൃപ കൂടാതെ, വേദം പഠിച്ചതുകൊണ്ടോ ദാനതപസ്സുകൾ അനുഷ്ടിച്ചതുകൊണ്ടോ മാത്രം ഈ ദർശനം ലഭ്യമാവുകയില്ല.   പരമാത്മാവ് ഉപാധികളുമായി ചേരുന്നതിനാലാണ് കർതൃത്വം മുതലായ ഭാവങ്ങൾ കൈക്കൊണ്ടു് ജീവാത്മാവുരുവാകുന്നത്. കർതൃത്വഭാവങ്ങൾക്കനുസൃതമായി നാനാവിധ കർമങ്ങൾ ചെയ്ത് നാനാ യോനികളിൽ ജനിച്ച് അത് ധർമ്മാധർമ്മങ്ങൾ അനുഷ്ഠിക്കുന്നു. അവിടെ കർമ്മാനുസാരിയായി സുഖദുഖങ്ങൾ അനുഭവിക്കുന്നു. കർമ്മഫലങ്ങൾക്ക് ചേർന്ന രീതിയിലുള്ള ദേഹങ്ങളാണ് ജീവൻ സ്വീകരിക്കുക. ഇത് ഒരു സമയ യന്ത്രം എന്നതുപോലെ നിരന്തരം ആവർത്തിച്ചു തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതിന്റെയെല്ലാം കാരണം അജ്ഞാനമാണ്. അജ്ഞാനനാശമാണ് ജന്മസാഫല്യം. വിദ്യയ്ക്ക് മാത്രമേ അജ്ഞാനത്തിന്റെ ഇരുട്ടകറ്റാൻ കഴിയൂ.

കർമ്മം അജ്ഞാനജന്യമാകയാൽ കർമ്മം കൊണ്ടതിനെ നശിപ്പിക്കാം എന്നു പ്രതീക്ഷിക്കരുത്. ഇരുട്ടകറ്റാൻ ഇരുട്ടിനാവുകയില്ല. കർമ്മങ്ങൾ ഇഷ്ടാനിഷ്ടങ്ങളെ ഉണ്ടാക്കുന്നു. അവയാണെങ്കിൽ വീണ്ടും അനർത്ഥങ്ങളെ ജനിപ്പിക്കുകായും ചെയ്യുന്നു. ഇതൊരു തുടർച്ചയാണ്. അതുകൊണ്ടു് ജ്ഞാനസമ്പാദനം മുഖ്യമത്രേ. ജ്ഞാനം മാത്രമാണ് കൈവല്യം എന്നുപദേശിക്കുന്ന ശ്രുതികളുണ്ട്. എന്നാൽ കർമ്മത്തെ തീരെ ഉപേക്ഷിക്കാൻ പാടില്ല എന്നാണ് മറ്റു ശ്രുതികള്‍ ഉപദേശിക്കുന്നത്. കർമ്മവും ജ്ഞാനവും ഒരുമിച്ചു കൊണ്ടുപോവുകയാണ് കരണീയം എന്നാണ് ഇനിയും ചിലർ വാദിക്കുന്നത്.

ഇതിനെയെല്ലാം  മറ്റു ചിലർ ഖണ്ഡിക്കുന്നുമുണ്ട്‌. ജ്ഞാനവും കർമ്മവും തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ അവ തമ്മിൽ ചേരുകയില്ല. ജ്ഞാനം ഹൃദ് ഗ്രന്ഥി ഭേദകമാണ്. അതായത് അന്ത:കരണവൃത്തികൾക്ക് അവസാനമുണ്ടാക്കുന്നതാണ്. കർമ്മമോ അത് അന്തക്കരണ പ്രചോദകമാണ്. കൂടുതൽ കർമ്മങ്ങൾ കൂടുതൽ അന്തക്കരണവൃത്തികളെ അതുണ്ടാക്കുന്നു. ഇരുട്ടും വെളിച്ചവും ഒന്നിച്ചു നിലനില്ക്കുകയില്ലല്ലോ.

നാഗരാജാവേ, ഒന്ന് മനസ്സിലാക്കിയാലും. വേദാനുസാരിയായ കർമ്മങ്ങൾ ചിത്തശുദ്ധി കൈവരുന്നതിനായിട്ടാണ് ഉപകരിക്കുക. മന:ശുദ്ധി കൈവന്നാൽ പിന്നെ കർമ്മങ്ങൾ ഉപേക്ഷിക്കാം. ശമം, തിതിക്ഷ, ദമം, വൈരാഗ്യം എന്നിവ ഉറച്ചാൽ പിന്നെ സന്യാസമാവാം.  ഉത്തമനായ ഒരു ഗുരുവിനെ സമീപിച്ച് സന്യാസം സ്വീകരിക്കുക. തത്വമസി മുതലായവാക്യങ്ങളുടെ ഉൾപ്പൊരുൾ സദാ ചിന്തിച്ചുറയ്ക്കുക.

തത്വമസി വാക്യം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യ ഭാവത്തെയാണ് കാണിക്കുന്നത്. ഈ ഐക്യ ഭാവത്തെപ്പറ്റി പദാർത്ഥ ജ്ഞാനവും വാക്യജ്ഞാനവും സമ്യക്കായി സിദ്ധിക്കുമ്പോൾ എല്ലാ ഭയങ്ങളും ഇല്ലാതായി നിങ്ങൾക്ക് എന്റെ സ്വരൂപ്യം ആർജിക്കുവാൻ കഴിയും. ‘തത് '  എന്നത്   'ഞാൻ' തന്നെയാണ്. ‘ത്വം’ എന്നത് ജീവനെയാണ് സൂചിപ്പിക്കുന്നത്. ‘അസി’ എന്ന വാക്കു കൊണ്ട് ഞാനും ജീവനും തമ്മിലുള്ള അഭേദം ഐക്യം -  വെളിവാക്കുന്നു.   ജീവനും ഈശ്വരനും ഒന്നാണെന്ന് തത്വമസിപദം സൂചിപ്പിക്കുന്നതായി പറഞ്ഞുവല്ലോ. എന്നാൽ അതിൽ വാച്യാർത്ഥമായി വൈരുദ്ധ്യം തോന്നിയേക്കാം. കാരണം ജീവൻ പരിമിതനും ഈശ്വരൻ അപരിമിതനും ആണല്ലോ. അതിനാൽ ലക്ഷണ ന്യായം ഉപയോഗിച്ചു വേണം ഇത് വിവക്ഷിക്കുവാൻ.

ജീവൻ എന്നു പറയുമ്പോഴും ഈശ്വരൻ എന്നു പറയുമ്പോഴും ചിത്തത്തിനെയാണ് നാം ലക്ഷ്യമാക്കുന്നത്. ‘അല്പജ്ഞാനത്വാദി വിശിഷ്ട ചൈതന്യം’ ജീവൻ. ‘സർവ്വജ്ഞാനത്വാദി വിശിഷ്ട ചൈതന്യം’ ബ്രഹ്മം. രണ്ടിന്റെയും വിശേഷണങ്ങൾ നീക്കിയാൽ അവശേഷിക്കുന്നത് ചിത്ത് എന്ന ചൈതന്യം മാത്രം. ലക്ഷണ വ്യാപാരത്തിലൂടെ ഇത് വ്യക്തമാക്കാം.

'ആ ദേവദത്തനാണ് ഇവൻ' എന്നു പറയുമ്പോൾ മറ്റൊരു ദേവദത്തനും ഉണ്ടു് എന്നനുമാനിക്കാം. അതായത്, ദേവദത്തന്റെ നിലനിൽപ്പ് കാലത്തിനനുസരിച്ചാണ്. എന്നാൽ കാലദേശാധീനമായ വിശേഷണങ്ങൾ നീക്കിയാൽ  'അവനാണ് ദേവദത്തൻ' എന്നൊരു തീര്‍ച്ച വരുന്നു. അപ്പോൾ ഒരാളേയുള്ളു. അതുപോലെ സ്ഥൂലമായ ദേഹത്തെ മാറ്റി നിർത്തിയാൽ ജീവനും ബ്രഹ്മവും ഒന്നാണ്.
പഞ്ചഭൂതങ്ങൾ പഞ്ചീകരണ പ്രക്രിയയിലൂടെ സംഘാതമാവുന്നതാണ് സ്ഥൂലവും സൂക്ഷ്മവുമായ  ദേഹം എന്ന ആദ്യ ഉപാധി.  ഭോഗം, കർമം, ജര, വ്യാധി ഇവയക്കെല്ലാം ക്ഷേത്രമാവുന്നത് സ്ഥൂലദേഹമാണ്. എന്റെ മായാശക്തിയാലാണ് വെറും മിഥ്യയായ ദേഹത്തിന് സ്ഫുടമായ ഒരു  രൂപം കൈവരുന്നത്. അപഞ്ചീകൃത പഞ്ചഭൂതങ്ങളിൽ നിന്നുമുണ്ടാകുന്ന സൂക്ഷ്മ ദേഹം സുഖദുഖബോധങ്ങളെ ഉണ്ടാക്കുന്നു. ഇതെന്റെ രണ്ടാമത്തെ ഉപാധിയാണ്.   എന്‍റെ മൂന്നാമത്തെ ഉപാധിയാകുന്നത് അജ്ഞാനമാണ്. അവാച്യവും അനാദിയുമാണത്. കാരണ ശരീരമായി പ്രശോഭിക്കുന്നത് ഈ മൂന്നാംഉപാധിയാണ്.

'നേതി, നേതി', (ഇതല്ല ഇതല്ല), എന്ന് ഓരോരോ ഉപാധികളെ നിരീക്ഷിച്ച് ഉപേക്ഷിച്ചു ബാക്കിയാവുന്നതെന്തോ അതാണ് ആത്മാവ്. ദേഹത്രയങ്ങളുടെ, അതായത്, സ്ഥൂല സൂക്ഷ്മ, കാരണ ശരീരങ്ങളുടെ മദ്ധ്യത്തിലാണ് പഞ്ച കോശങ്ങളായ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ നിലകൊള്ളുന്നത്.
പഞ്ചകോശങ്ങളെയും ഉപേക്ഷിച്ചു ബാക്കി വരുന്നതാണ് എന്റെ രൂപം. നിത്യവസ്തുവായ ബ്രഹ്മം. അതൊരിക്കലും ജനിച്ചിട്ടില്ല. അതിനാൽത്തന്നെ മരിക്കുന്നുമില്ല. യാതൊരു മാറ്റങ്ങൾക്കും അത് വിധേയമല്ല. ശാശ്വതമായ അത് ദേഹനാശത്തിനു ശേഷവും ഉള്ള ഉൺമയാകുന്നു.

'ഞാൻ കൊന്നു' എന്ന് കൊന്നവനും, ഞാൻ കൊല്ലപ്പെട്ടു എന്നു മരിച്ചവനും വിചാരിക്കുന്നു. എന്നാൽ രണ്ടും ഉണ്ടായിട്ടില്ല. ആരും ആരെയും കൊല്ലുന്നില്ല. ആരും കൊല്ലപ്പെടുന്നില്ല.
അണുക്കളിൽ അണുവായും മഹത്തായവയിൽ മഹത്തുമാണ് ബ്രഹ്മം, അല്ലെങ്കില്‍ ആത്മാവ്. എല്ലാ പ്രാണികളുടേയും ഹൃദയ നിവാസിയാണത്. മനസ്സ് തെളിഞ്ഞാൽ ഈ അറിവു് ഉണർവ്വാവും. ഉണർവ്വ് ശോകത്തെ അകറ്റും.

ശരീരം ഒരു തേരായും ആത്മാവ് അതിന്റെ ഉടമസ്ഥനായും സങ്കൽപ്പിക്കുക. മനസ്സാണ് കടിഞ്ഞാൺ. പഞ്ചേന്ദ്രിയങ്ങൾ കുതിരകൾ. രൂപ, രസങ്ങളാകുന്ന വിഷയങ്ങളിലേക്കാണ് കുതിരകൾ ഓടിപ്പോകാൻ ആയുന്നത്. ബുദ്ധിയാണ് തേരാളി. ദേഹേന്ദ്രിയമനോബുദ്ധികൾ ഒറ്റക്കെട്ടായി നിന്ന് കർമഫലങ്ങൾ അനുഭവിക്കുന്നു. ഇതാണ് ജീവാത്മാവ്.

മനോനിയന്ത്രണം കൈവന്നവൻ പരമപദത്തിൽ എത്തുന്നു. അവന് പിന്നീടു് ജനിമരണങ്ങളില്ല. വിവേകബുദ്ധിയായ സാരഥി മനസ്സിനെ നിയന്ത്രിച്ച്‌ അവിടെയെത്തുന്നു. എന്നാൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവന് പരമപദ സിദ്ധി അപ്രാപ്യമത്രെ.

ശ്രവണമനനാദികൾ കൊണ്ടു് ആത്മതത്വം മനസ്സിലുറപ്പിക്കുക. ആത്മസ്വരൂപിണിയായി എന്നെ ഉള്ളിൽ പ്രതിഷ്ഠിക്കുക. ഏകാഗ്ര ചിത്തത്തോടെ മൂന്ന് ബീജാക്ഷരങ്ങളുള്ള ‘ഹ്രീം’ എന്ന മൂലമന്ത്രത്തെ ഭാവനാപൂർവ്വം ധ്യാനിച്ച് ഉപാസിക്കുക. ‘ഹ്രീം’ മന്ത്രത്തിലെ ‘ഹ’ എന്നത് എന്റെ സ്ഥൂലശരീരമാകുന്നു. ‘ര’ എന്നത് സൂക്ഷ്മദേഹവും ‘ഈ’ എന്നത് കാരണശരീരവുമാണ്. മൂന്നും ചേര്‍ന്നുള്ള ‘ഹ്രീ’ങ്കാരം  തുരീയാവസ്ഥയെ കാണിക്കുന്നു.

വൃഷ്ടിയിലും സമഷ്ടിയിലും ഈ മൂലമന്ത്രമായ അക്ഷരത്രയത്തിന്റെ സഹായത്തോടെ വൃഷ്ടിയും സമഷ്ടിയും ഒന്നാണെന്നു ഭാവന ചെയ്യുക. സമാധി യോഗത്തിനു മുൻപ് ഈ ഭാവനയോടെ കണ്ണുകളടച്ച് ജഗദീശ്വരിയെ ധ്യാനിക്കുക. പ്രാണായാമം ചെയ്ത് വായുക്കളെ അടക്കി സമീകരിക്കുക.

ആദ്യം ‘ഹ’ കാരത്തെ ‘ര’ കാരത്തിൽ അടക്കുക. അതായത് സ്ഥൂലത്തെ സൂക്ഷ്മത്തിൽ ലയിപ്പിക്കുക. പിന്നീടു് ‘ര’ കാരത്തെ ‘ഈ’ ബീജത്തിൽ ലയിപ്പിക്കുക. അങ്ങിനെ സൂക്ഷ്മം കാരണത്തിൽ വിലയിതമാവട്ടെ. ഒടുവിൽ ‘ഹ്രീ’ങ്കാരം തുരീയത്തിൽ ഒന്നാവണം. എന്നിട്ട് വാക്കും അർത്ഥവും തമ്മിൽ ഭേദമില്ലാത്ത ആ ചൈതന്യ സത്തയെ, ദ്വൈതഭാവം വെടിഞ്ഞ അഖണ്ഡ സച്ചിദാനന്ദത്തെ, അഗ്നിശിഖയിൽ ഭാവന ചെയ്ത് രമ്യമായിരിക്കുക.

ഇങ്ങിനെ എന്നെ ധ്യാനിച്ചു സാക്ഷാത്കരിക്കുന്ന സാധകൻ എന്റെ സാരൂപ്യമണയുന്നു. എന്റെ പരാത്പരമായ രൂപദർശനം അവനിലെ അജ്ഞാനത്തിനെ ക്ഷണത്തിൽ ഇല്ലാതാക്കുന്നു.

No comments:

Post a Comment