Devi

Devi

Wednesday, November 9, 2016

ദിവസം 191 ശ്രീമദ്‌ ദേവീഭാഗവതം. 7. 33. വിശ്വരൂപദര്‍ശനം

ദിവസം 191  ശ്രീമദ്‌ ദേവീഭാഗവതം7. 33. വിശ്വരൂപദര്‍ശനം

മന്മായാശക്തി സംക്ളുപ്തം ജഗത് സർവ്വം ചരാചരം
സാപി മത്ത: പൃഥങ് മായാ നാസ്ത്യേവ പരമാർത്ഥത:
വ്യവഹാരദൃശാ സേയം വിദ്യാ മായേതി വിശ്രുതാ
തത്ത്വദൃഷ്ട്യാ തു നാസ്ത്യേവ തത്ത്വമേവാസ്തി കേവലം

ദേവി അരുളി: എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ജഗത്ത് എന്റെ മായാശക്തി കൊണ്ട് പരിപൂർണ്ണമായും നിർണ്ണയിക്കപ്പെട്ടതാണ്. എന്നാൽ ആ മായ എന്നിൽ നിന്നും വിഭിന്നമല്ല എന്നും അറിയുക. മായാശക്തി എന്നിൽ കല്പിതം മാത്രമാകയാൽ അത് മിഥ്യയാണ്. കേവലം വ്യവഹാരത്തിൽ മാത്രമേ ഈ മായയ്ക്ക് നിലനില്പുള്ളു. തത്വദൃഷ്ട്യാ നോക്കുമ്പോൾ അത് ഉണ്മയല്ല. ബ്രഹ്മമല്ലാതെ മറ്റൊന്നും സത്യമായി ഇല്ല.

ഇങ്ങിനെയുള്ള ഞാൻ വിശ്വത്തെ സൃഷ്ടിച്ച ശേഷം ആ സൃഷ്ടികളിൽ പ്രാണനായി പ്രവേശിക്കുന്നു. കുടത്തിൽ ആകാശം എങ്ങിനെയോ അല്ലെങ്കിൽ കണ്ണാടിയിൽ പ്രതിബിബം എങ്ങിനെയോ അതു പോലെയാണത് സംഭവിക്കുന്നത്. ഹിമവാനേ, മായയും കർമ്മവും സഹിതമാണ് ഞാൻ സൃഷ്ടികളിൽ പ്രവേശിക്കുന്നത്. ഞാനങ്ങിനെ സൃഷ്ടികളിൽ നിലകൊള്ളുന്നില്ല എന്നു വരികിൽ ജീവന് വ്യവഹാരങ്ങൾ ഉണ്ടാവുകയില്ല. ലോകാന്തര പ്രാപ്തിയും സംഭവിക്കുകയില്ല. ഉപാദിഭേദം കൊണ്ടു് മായയ്ക്ക് വശംവദമായി ഓരോന്നിലും ഞാൻ ഓരോരോ വിധത്തിൽ പ്രഭാസിക്കുന്നു. കുടത്തിലെ ആകാശം പോലെയല്ല മഠത്തിലെ ആകാശം. എന്നാൽ ആകാശം സർവ്വത്ര നിറഞ്ഞിരിക്കുന്നു. സൂര്യൻ നന്മതിന്മകളെ ഒരുപോലെ പ്രകാശിപ്പിക്കുമല്ലോ. കൂടസ്ഥയാണ് ഞാനെങ്കിലും വ്യവഹാരത്തിൽ ഞാൻ നാനാ ജീവഭാവങ്ങളിൽ കാണപ്പെടുന്നു. ഉപാധിഭേദം എന്നിൽ കളങ്കമൊന്നും ഏല്പിക്കുന്നില്ല. തിന്മയെ പകൽ വെളിച്ചത്തിൽ വെളിവാക്കുന്നതു കൊണ്ട് സൂര്യനിൽ കളങ്കമുണ്ടോ?

ആത്മാവ് കർമ്മം ചെയ്യുന്നു എന്ന തെറ്റിദ്ധാരണ മൂഢൻമാർക്കേ ഉണ്ടാവൂ. ബുദ്ധി മുതലായ കർത്തൃത്വഭാവങ്ങൾ എന്നിൽ ആരോപിക്കുന്നത് തെറ്റാണ്. കാരണം എന്റേത് സാക്ഷി ഭാവം മാത്രമാണ്. ജീവനെന്നും ഈശ്വരനെന്നും പറയുന്നത് ഘടാകാശം, മഹാകാശം എന്നിങ്ങിനെയുള്ള വ്യവഹാര വ്യത്യാസങ്ങൾ മാത്രമാണ്. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുളള ഭേദവും ഇപ്രകാരമാണ്. അനേകം ജീവൻ ഉണ്ടെന്നു തോന്നുന്നത് മായയാലാണ്. വിഷ്ണു, ശിവൻ മുതലായ വിവിധ ദേവൻമാരും ഇതേ മായയുടെ കല്പനകളാണ്. സ്വയം നിലനില്പില്ലാത്ത ജീവന്റെ  ബഹുത്വം കാണിക്കാനാണ് അനേകം ജീവനുകളും ഈശ്വരൻമാരും മായാ കല്പിതങ്ങളായി സൃഷ്ടിക്കപ്പെട്ടത്. അവ തമ്മിലുള്ള ഭേദങ്ങൾ മായാ കല്പിതങ്ങൾ മാത്രമാണ്.
ദേഹം, ഇന്ദ്രിയം, സംസ്കാരം, എന്നിവകൊണ്ടു് അവിദ്യ ഭേദഭാവം കൈക്കൊള്ളുന്നു. എന്നാൽ ത്രിഗുണങ്ങളാൽ ബാധിക്കപ്പെട്ട മായ തന്നെയാണ് ജീവഭേദത്തിനു കാരണം. ഈശ്വരഭേദവും ഇങ്ങിനെയാണ് ഉണ്ടാവുന്നത്. 

വിശ്വം മുഴുവനും എന്നിൽ കുടികൊള്ളുന്നു എന്നറിഞ്ഞാലും. ഞാൻ തന്നെയാണ് വിഷ്ണുവും രുദ്രനും ഈശ്വരനും വിരാട്ടും  ബ്രഹ്മാവും ഗൌരിയും വൈഷ്ണവിയും, താരകളും ജന്തുക്കളും മറ്റ് ജീവജാലങ്ങളും കള്ളനും ചണ്ഡാളനുമോക്കെയായി  കാണപ്പെടുന്നത്. ക്രൂരകർമ്മം ചെയ്യുന്നവനും സത് കർമ്മം ചെയ്യുന്നവനും ആണും പെണ്ണും നപുംസകവും ഞാനാകുന്നു. കാണുന്നവയും കേൾക്കുന്നവയും അകത്തുള്ളവയും പുറത്തുള്ളവയും എല്ലാം ഞാൻ തന്നെ. വൃഷ്ടിയിലോ സമഷ്ടിയിലോ ഞാനല്ലാതെ യാതൊന്നുമില്ല. ഉണ്ടെന്നു പറയുകയാണെങ്കില്‍ അത് ‘വന്ധ്യാപുത്രന്‍’ എന്നു പറയും പോലെ അസംബന്ധം മാത്രമാകുന്നു. ഒരേ കയറിൽത്തന്നെയാണ് മാലയും പാമ്പും ഉള്ളത്. അതുപോലെയാണ് ഞാൻ സകലതിലും നിലകൊണ്ടുന്നത്.

ആപേക്ഷികവും സദാ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ  ജഗത്ത് , സത്തായ ഒന്നിൽ കല്പിതവും സദാ  സത്താണെന്ന തോന്നൽ ഉളവാക്കി നിലകൊള്ളുന്നതുമായ   ഒരു കേവല പ്രതിഭാസം മാത്രമാണ്.

ജഗദംബിക ഇങ്ങിനെ അരുളി നിർത്തിയപ്പോൾ ഹിമാലയൻ ഭഗവതിയോട് അവിടുത്തെ സമഷ്ടി സ്വരൂപം കാണാൻ ആഗ്രഹമുണ്ടെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ വിഷ്ണുവും മറ്റ്  ദേവൻമാരും ഹിമവാന്റെ അഭ്യർത്ഥന ശരിവച്ചു. അവരുടെ ആഗ്രഹം കൂടിയാണ് ഹിമവാൻ ഉണർത്തിച്ചത്.

ജഗദംബിക ദേവൻമാർക്കായി തന്റെ വിരാഡ് രൂപം കാട്ടിക്കൊടുത്തു. ആകാശമാണ് അവളുടെ ശിരസ്സ്. സൂര്യചന്ദ്രൻമാർ കണ്ണുകൾ. ദിക്കുകൾ ചെവികൾ. വേദങ്ങൾ വാക്കുകൾ. വായുവാണ് പ്രാണൻ. വിശ്വമാണ് ഹൃദയം. ഭൂമിയാണ് ജഘനം. നഭസ് നാഭിപ്രദേശം. ജ്യോതിശ്ചക്രമാണ്  മാറിടം. മഹർലോകം കണ്ഠം. ജനലോകം മുഖം. സത്യ ലോകത്തിനും കീഴെയുള്ള തപോലോകമാണ് നെറ്റി. ഇന്ദ്രാദിദേവൻമാർ കൈകാലുകൾ. ശബ്ദം ചെവികൾ. അശ്വിനീ ദേവതമാർ നാസികകൾ. ഗന്ധം ഘ്രാണമായി. മുഖം അഗ്നി. രാപകലുകൾ ഇമകൾ. ബ്രഹ്മസ്ഥാനം പുരികക്കൊടികളുടെ ചലനം. ജലം താലു പ്രദേശമായി. രസം നാക്കായി. യമൻമാർ ദംഷ്ട്രങ്ങളായി. സ്നേഹ കലകളായത് പല്ലുകൾ. മായ പുഞ്ചിരിയായി. കടക്കൺകോൺ സൃഷ്ടിയായി. ലജ്ജ മേൽചുണ്ടു്. ലോഭം അധരം. അധർമ്മം പൃഷ്ഠം. ലോകസൃഷ്ടാവായ പ്രജാപതി ദേവിയുടെ ലിംഗഭാഗമായി. സമുദ്രങ്ങൾ വയറായി. പർവ്വതങ്ങൾ അസ്ഥികളായി. നദികൾ നാഡികളായി. വൃക്ഷങ്ങൾ രോമങ്ങളായി. കൗമാര യൗവന വാർദ്ധക്യാദി അവസ്ഥകൾ ചലനങ്ങളായി. മേഘങ്ങൾ മുടിക്കെട്ടായി. സന്ധ്യകൾ രണ്ടു വസ്ത്രങ്ങളായി. ചന്ദ്രൻ മനസ്സ്. ഹരി വിജ്ഞാനശക്തി. രുദ്രൻ അന്തഃകരണം. കുതിരയുടെ വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ ശ്രോണിദേശത്തും കടിദേശത്തിനു താഴെയായി അതല,വിതലാദി ലോകങ്ങളും വ്യാപിച്ചു  കിടക്കുന്നു.

ഇങ്ങിനെ മഹത്തായ ആ അഭൌമഗംഭീര രൂപം ദർശിച്ച് ദേവൻമാർ വിസ്മയപ്പെട്ടു. ജ്വാലാമാലകൾ ആ രൂപത്തെ പ്രശോഭിപ്പിക്കുന്നു. ആയിരം ജിഹ്വകൾ ഭൂമിയെ നക്കിയുഴിയുന്നു. ആയിരം ദംഷ്ട്രകൾ 'കടകടാ'രവത്തോടെ ചലിക്കുന്നു. കണ്ണകള്‍ അഗ്നി ജ്വാലകൾ വർഷിച്ചും കൈകൾ അനേകായിരം ആയുധങ്ങൾ ധരിച്ചും കാണപ്പെടുന്നു.

ആയിരം തലകൾ, ആയിരം കണ്ണുകൾ, ആയിരം കാലുകൾ, കോടി സൂര്യപ്രഭ, കോടിമിന്നലിന്റെ പ്രഭാപൂരം, മഹാഘോര രൂപം. ഭയം അങ്കരിപ്പിക്കുന്ന അതിഭീകര ഭാവത്തിലുള്ള ആ വിരാഡ് രൂപം കണ്ട് ദേവൻമാർ ‘ഹാ.. ഹാ..’ എന്നു വിളിച്ച് മൂർച്ഛിച്ചു വീണു. അവര്‍ തന്നെ അഭ്യര്‍ഥിച്ചു  ലഭ്യമായ  ഈ ദര്‍ശനം  ജഗദംബയുടെ സമഷ്ടി സ്വരൂപമാണെന്ന വസ്തുത  അവർ മറന്നു പോയി.

അപ്പോൾ നാലു ദിക്കുകളിൽ നിന്നുമായി വേദങ്ങൾ ഉച്ചത്തിൽ ശബ്ദിച്ച് ദേവൻമാരെ മയക്കത്തിൽ നിന്നും ഉണർത്തി. ദേവൻമാർ  കണ്ണീരൊഴുക്കിക്കൊണ്ടു് ദേവിയെ സ്തുതിക്കാൻ തുടങ്ങി.
'അമ്മേ, ഈ മക്കളെ അഭയം തന്നു രക്ഷിക്കണേ! ഞങ്ങളുടെ അപരാധങ്ങൾ പൊറുക്കണേ. അവിടുത്തെ കോപം അടക്കണേ! ഞങ്ങൾ ഭയം കൊണ്ടു് അവിടുത്തെ സ്തുതിക്കാൻ പോലും വയ്യാത്തവരായിത്തീർന്നിരിക്കുന്നു. നിന്റെ വിക്രമം എത്രത്തോളമുണ്ടെന്ന് നിനക്കു പോലും അറിയാൻ വയ്യെന്നു തോന്നുന്നു. അപ്പോൾ ഞങ്ങൾ അതെങ്ങിനെ അറിയാനാണ്?

ഭുവനേശ്വരീ, പ്രണവാത്മികേ, സർവ്വ വേദാന്തസിദ്ധാന്തേ, ഹ്രീങ്കാര മൂർത്തേ, നമസ്തേ നമസ്തേ !
അഗ്നിയും സൂര്യനും ഔഷധികളും ഉണ്ടായതാരിൽ നിന്നാണോ ആസർവ്വാത്മികയെ ഞങ്ങളിതാ കുമ്പിടുന്നു.

ദേവാസുരൻമാരും പശു പക്ഷികളും മനുഷ്യരും ആരിൽ നിന്നും ഉദ്ഭൂതമായോ ആ സർവ്വാത്മികയെ ഞങ്ങളിതാ വണങ്ങുന്നു.

പ്രാണാപാന വായുക്കളും ധാന്യങ്ങളും, തപസ്സും ശ്രദ്ധയും സത്യവും ബ്രഹ്മചര്യവും വിധിയുമെല്ലാം ആരിൽ നിന്നുമുദ്ഭവിച്ചുവോ ആ സർവ്വാത്മാവിനെ ഞങ്ങൾ നമസ്കരിക്കുന്നു.

ഏഴു പ്രാണങ്ങളും അവയുടെ ഏഴ് ദീപ്തികളും ഏഴ് വിഷയങ്ങളും ഏഴ് വിഷയവിജ്ഞാനങ്ങളും ഏഴു ലോകങ്ങളും (ഇന്ദ്രിയസ്ഥാനങ്ങളും) ജനിപ്പിച്ചതാരോ ആ സർവ്വാത്മികയെ ഞങ്ങൾ തൊഴുന്നു.

ആഴിയും, മലയും, ഔഷധികളും രസങ്ങളും തന്നതാരാണോ ആ സർവ്വാത്മികയെ ഞങ്ങളിതാ നമസ്കരിക്കുന്നു.

യജ്ഞവും ദീക്ഷയും യൂപവും ദക്ഷിണയും ഋക്, സാമ യജുസ്സുകളും ആരിൽ നിന്നു പുറത്തു വന്നുവോ ആ സർവ്വാത്മികയ്ക്ക് നമസ്കാരം.

അമ്മേ അവിടുത്തെ മുന്നിലും പിന്നിലും നമസ്കാരം. മേലും കീഴും നമസ്കാരം. നാലു ദിക്കുകളിലും നമസ്കാരം. 

ഇനി ഈ ഭയാനകമായ അലൌകിക രൂപത്തെ മറച്ചാലും. അമ്മയുടെ മനോജ്ഞമായ രൂപത്തെ ഞങ്ങൾക്ക് കാട്ടിത്തന്നാലും.'

വ്യാസൻ പറഞ്ഞു: ദേവൻമാർ ഭീതിയോടെ ഇങ്ങിനെ സ്തുതിച്ച് അഭ്യർത്ഥിച്ചപ്പോൾ കരുണാമയിയായ ജഗദംബിക ഭീകരരൂപം വെടിഞ്ഞ് തന്റെ സുന്ദരരൂപം അവരെ കാട്ടിക്കൊടുത്തു. പാശം, അങ്കുശം, വരം, അഭയം എന്നിവയണിഞ്ഞ നാല്  തൃക്കരങ്ങൾ, കാരുണ്യം പൊഴിയുന്ന കണ്ണുകൾ, പുഞ്ചിരി വഴിയുന്ന മുഖകമലം.  ഭയവിമുക്തരായ ദേവൻമാർ രോമഹർഷമനുഭവിച്ചുകൊണ്ട്  ഗദ്ഗദത്തോടെ ജഗദംബികയായ ദേവിയെ വീണ്ടും വീണ്ടും വീണു നമസ്കരിച്ചു.

No comments:

Post a Comment