Devi

Devi

Tuesday, November 15, 2016

ദിവസം 193 ശ്രീമദ്‌ ദേവീഭാഗവതം. 7- 35. യോഗമന്ത്രസാധനം


ദിവസം 193 ശ്രീമദ്‌ ദേവീഭാഗവതം. 7- 35. യോഗമന്ത്രസാധനം

യോഗം വദ മഹേശാനി സാംഗം സംവിത്പ്രദായകം
കൃത്യേന യേന യോഗ്യോയം ഭവേയം തത്വദർശനേ
ന യോഗോ നഭസ: പൃഷ്ഠ നഭൂമൌ ന രസാതലേ
ഐക്യം ജീവാത്മനോരാഹുർയോഗം യോഗവിശാരദാ:

ഹിമാലയൻ പറഞ്ഞു: 'അമ്മേ ഏതൊക്കെ അനുഷ്ഠാനങ്ങൾ കൊണ്ടു് പരമാത്മചൈതന്യത്തെ സാക്ഷാത്ക്കരിക്കുവാനാകുമോ ആ യോഗമാർഗ്ഗങ്ങൾ ഞങ്ങൾക്കായി ഉപദേശിച്ചാലും. അങ്ങിനെ ആ മഹത്തത്വം ഞങ്ങൾക്ക് സുവിധിതമാകുമല്ലോ.'

ദേവി അരുളി: 'യോഗം എന്നത് ആകാശത്തും ഭൂമിയിലും മറ്റുമുള്ള നമ്മില്‍ നിന്നും വേറിട്ട ഒരു സംഗതിയല്ല. അത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യമാണ്. ഈ യോഗഭാവത്തെ മുടക്കുവാൻ കാമം, ക്രോധം, മദം, മോഹം, ലോഭം, മാത്സര്യം എന്നീ ആറ് വൈരികൾ ഉണ്ടു്. ഇവയെ യോഗാംഗങ്ങൾ ഉപയോഗിച്ച് തന്നെ നമ്മുടെ നിയന്ത്രണത്തിലാക്കാം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് സാധനകളിലൂടെ ജീവാത്മാ-പരമാത്മാ യോഗത്തിൽ ഒരു സാധകനെത്താൻ കഴിയും.

അഹിംസ, സത്യം, അസ്തേയം, ദയ, ശൗചം, ധൃതി, ക്ഷമ, ബ്രഹ്മചര്യം, മിതാഹാരം, ആർജ്ജവം, എന്നീ പത്ത് സ്വഭാവങ്ങളാണ് യമങ്ങൾ എന്നറിയപ്പെടുന്നത്.

ബ്രഹ്മചര്യം എന്നാൽ അഷ്ട മൈഥുനങ്ങളിൽ നിന്നും വിട്ടു നില്ക്കുക എന്നതാണ്. ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, സംഗമത്തിനായുള്ള പ്രയത്നം, സ്ത്രീപുരുഷസംഗമം, എന്നിവയാണ് ഈ എട്ട് മൈഥുനങ്ങൾ.

തപസ്സ്, സന്തോഷം, ആസ്തിക്യം, ദാനം, ദേവപൂജനം, സിദ്ധാന്തശ്രവണം, ഹ്രീ, മതി, ജപം. ഹോമം, എന്നീ പത്ത് നിയമങ്ങളാണ് സാധകൻ അനുഷ്ഠിക്കേണ്ടത്.

പത്മാസനം, സ്വസ്തികം, ഭദ്രാസനം, വജ്രാസനം, വീരാസനം, എന്നിവയാണ് അഞ്ച് ആസനങ്ങൾ. പത്മാസനത്തിൽ യോഗി തന്റെ കാൽപാദങ്ങൾ തുടയ്ക്ക് മുകളിൽ വച്ച് കൈകൾ പിണച്ച് കാലിലെ പെരുവിരൽ രണ്ടും പിടിച്ചു കൊണ്ട് ഏകാഗ്രതയോടെ ഇരിക്കുന്നു.

തുടയ്ക്കും മുട്ടിനും മദ്ധ്യേ പാദതലങ്ങൾ ഏറ്റിവച്ച് നീണ്ടു നിവർന്നിരിക്കുന്നത് സ്വസ്തികാസനം. വൃഷണങ്ങളുടെ അടിയിലുള്ള കീഴ് ഞരമ്പിന്റെ രണ്ടു വശങ്ങളിലും ഞെരിയാണി വച്ച്, കാൽ മടമ്പുകൾ കൈ കൊണ്ടു് പിടിച്ചിരിക്കുന്നത് ഭദ്രാസനം. തുടയ്ക്ക് മുകളിൽ കാലുകൾ കയറ്റി വച്ച് കൈകൾ പിണച്ച് കാൽമുട്ടുകളിൽ വച്ച് നിവർന്ന് ഇരിക്കുന്നതാണ് വീരാസനം.

ഈ പ്രാണായാമത്തെപ്പറ്റി പറയാം. പതിനാറു മാത്രാ നേരം കൊണ്ടു് ഇടത് നാസാ ദ്വാരത്തിലൂടെ വായു അകത്തേക്കെടുത്ത് അറുപത്തിനാലു മാത്ര കുംഭകം ചെയ്ത് വായുവിനെ സുഷുമ്നയിൽ നിർത്തി അതിനെ മുപ്പത്തിരണ്ടു മാത്രകൾ കൊണ്ട് വലത്തേ നാസാദ്വാരം വഴി സാവധാനം പുറത്തേക്ക് വിടുന്നതിനാണ് പ്രാണായാമം എന്നു പറയുന്നത്. ഇങ്ങിനെ ഇടതും വലതും മാറി മാറി പന്ത്രണ്ടോ പതിനാറോ തവണ പ്രാണായാമം ആവർത്തിക്കണം. ജപ ധ്യാനങ്ങളോടെ ചെയ്യുന്ന പ്രാണായാമം സഗർഭവും അല്ലാത്തത് വിഗർഭവും എന്നറിയപ്പെടുന്നു. പ്രാണായാമസമയത്ത് ദേഹത്ത് വിയർപ്പുണ്ടായാൽ അത് അധമപ്രാണായാമമാകുന്നു. ദേഹം വിറച്ചാൽ അത് മദ്ധ്യമവും ദേഹം ഉയർന്നു പൊങ്ങിയാൽ അത് ഉത്തമവും ആകുന്നു. ഉത്തമമായ ഈ അവസ്ഥയുണ്ടാകുന്നതുവരെ പ്രാണായാമം അഭ്യസിച്ചാൽ തേജസ്സ്, ലാഘവത്വം, തുടങ്ങിയ സിദ്ധികള്‍ ഉണ്ടാകും.

പ്രത്യാഹാരം എന്നത് ബാഹ്യ വിഷയങ്ങളിൽ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങളെ ബലാൽക്കാരേണ പിടിച്ചു നിയന്ത്രിക്കുന്ന പ്രവൃത്തിയാണ്.

കാൽ പെരുവിരൽ, നെരിയാണി, മുട്ട്‌, തുട, മൂലാധാരം, ലിംഗം,നാഭി, ഹൃദയം, കഴുത്ത്, കണ്ഠം, തൊണ്ട, മൂക്ക്, നെറ്റി മദ്ധ്യം, ശിരസ്സ്, മൂർദ്ധാവ്, ദ്വാദശാന്തം, (ദേഹത്തു നിന്നും പന്ത്രണ്ട് അംഗുലം അകലത്തിലുള്ള വായു വലയം) എന്നിവയിൽ പ്രാണനെ പിടിച്ചു നിർത്തുന്നതാണ് ധാരണ.

ഏകാഗ്രമായ മനസ്സിനുള്ളിൽ സദാ ഉണർന്നു വിലസുന്ന ചൈതന്യത്തെ തന്റെ ഇഷ്ടദേവതയുടെ ഭാവത്തിൽ ധ്യാനിക്കുന്നതാണ് ധ്യാനം.

ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു കണ്ട് ആ പരമാത്മൈക്യബോധം സദാ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സമാധി.

ഇനി മന്ത്രയോഗം എന്താണെന്ന് നോക്കാം. സൂര്യചന്ദ്രൻമാരും അഗ്നി, തേജസ്സ്, എന്നിവയോടു കൂടി ജീവ ബ്രഹ്മൈക്യത്തോടെ നിലകൊള്ളുന്ന പഞ്ചഭൂതാത്മകമായ വിശ്വമാണ് നമ്മുടെ ശരീരം. ഈ ദേഹത്തിൽ മൂന്നരക്കോടി നാഡികളുണ്ട്. അവയിൽ പത്തെണ്ണം വളരെ പ്രധാനങ്ങളാണ്. അവയിൽത്തന്നെ മൂന്നെണ്ണം നിശ്ചിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളവയുമാണ്. ആ മൂന്നു നാഡികള്‍ ചന്ദ്രൻ, സൂര്യൻ, അഗ്നി, എന്നിവയെ പ്രതിനിധാനം ചെയ്ത് നട്ടെല്ലിൽ നിലകൊള്ളുന്നു. ഇടത് വശത്ത് ഇഡ; മദ്ധ്യത്തിൽ സുഷുമ്നാ; വലത് പിംഗള, എന്നിങ്ങിനെയാണ് അവ അറിയപ്പെടുന്നത്. ഇഡ , ശുഭ്രമായ ചന്ദ്രക്കല പോലെ പ്രകാശിക്കുന്നു. ആത്മസ്വരൂപിയാണത്. പിംഗള, പുരുഷരൂപത്തിലുള്ള സൂര്യനാണ്. സുഷുമ്ന, അഗ്നിരൂപിണിയാണ്. സുഷുമ്നയുടെ മദ്ധ്യത്തിലായി ഇച്ഛാ-ജ്ഞാന-ക്രിയാശക്തിസ്വരൂപമായി വിചിത്രമെന്ന പേരുള്ള സ്വയംഭൂ ലിംഗം നിലകൊള്ളുന്നു. അതിനും മുകളിലാണ് ‘ഹ്രീ’ എന്ന മായാബീജമന്ത്രം. ബിന്ദുനാദസ്വരൂപമാണത്.

അതിനും മുകളിലാണ് രക്തവർണ്ണത്തിൽ ദീപശിഖ പോലെ പ്രശോഭിക്കുന്ന കുണ്ഡലിനി. അത് എന്നിൽ നിന്നും അഭിന്നയാണ്. ദേവീസ്വരൂപമാണ് കുണ്ഡലിനി എന്നർത്ഥം. ആ പ്രഭയ്ക്ക്ചുറ്റും ‘വ,ശ,ഷ,സ’ വർണ്ണങ്ങളിൽ നാലിതളുകളുള്ള സ്വർണ്ണനിറത്തിലുള്ള ഒരു താമരപ്പൂ ഭാവന ചെയ്യുക. ‘ബ, ഭ, മ, യ, ര, ല’ എന്നിങ്ങിനെ ആറിതളുകളുള്ളതും വൈരക്കല്ലുപോലെ തിളങ്ങുന്നതുമായ സ്വാദിഷ്ഠാനചക്രം ആളിക്കത്തുന്ന തീ പോലെ പ്രോജ്വലിച്ചുകൊണ്ട്‌ ആ താമരയ്ക്ക് മുകളില്‍ നിലകൊള്ളുന്നു. ശ്രേഷ്ഠലിംഗങ്ങള്‍ക്ക് അധിഷ്ഠാനമായി വിളങ്ങുന്നതിനാലും ഷഡ് ചക്രങ്ങള്‍ക്ക് ആധാരമായതിനാലും ഇതിനു മൂലാധാരമെന്നും പേരുണ്ട്.

അതിനുമീതെ തൂമിന്നലിന്റെ കാന്തി ചിതറുന്ന മണിപൂരക ചക്രം. ‘ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ’ എന്നീ പത്തക്ഷരങ്ങള്‍ ഇതളുകളായ ഈ പത്മം വിഷ്ണുവിന്റെ ഇരിപ്പിടവും മണിപോലെ തിളങ്ങുന്നതുമാണ്. വിഷ്ണുദര്‍ശനത്തിനു കാരണമാകുന്നത് ഈ ചക്രമത്രേ.

മണിപൂരകത്തിനു മുകളിലാണ് സൂര്യപ്രഭ ചിന്നുന്ന അനാഹതചക്രം. അനാഹതപത്മത്തിന് ‘ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ’ എന്നീ പന്ത്രണ്ടു് അക്ഷരദളങ്ങളാണുള്ളത്. അതിന്റെ മദ്ധ്യത്തിൽ പതിനായിരം സൂര്യന്മാരുടെ പ്രഭയോലുന്ന ബാണലിംഗം. ശബ്ദബ്രഹ്മമായ ഇത് കൊട്ടാതെ തന്നെ ശബ്ദമുണ്ടാക്കുന്നതിനാൽ അനാഹതം എന്നറിയപ്പെടുന്നു. ആനന്ദസദനമാണിത്. രുദ്രന്റെ ആവാസസ്ഥലം. ഹൃദയത്തിലാണ് അനാഹതചക്രത്തിന്റെ സ്ഥാനം.

അനാഹതത്തിനും മുകളിലായി പതിനാറിതളുകൾ ഉള്ള വിശുദ്ധിചക്രം. കണ്ഠത്തിലാണ് ഇതുള്ളത്. ധൂമ്രവർണ്ണത്തിൽ പ്രശോഭിക്കുന്ന ഇത് ഹംസത്തെ കാട്ടിത്തന്ന് ജീവന് വിശുദ്ധി നൽകുന്നു. വിശുദ്ധിപത്മത്തിന് ആകാശം എന്നും പേരുണ്ട്.

വിശുദ്ധിക്കും മുകളിൽ ‘ഹ, ക്ഷ’ എന്നീ രണ്ടക്ഷരങ്ങൾ ഇതളുകളായുള്ള ആജ്ഞാചക്രം ഭ്രൂമദ്ധ്യത്തിലായി നിലകൊള്ളുന്നു. പരമാത്മാവിൽ നിന്നുള്ള ആജ്ഞകൾ സംവദിക്കപ്പെടുന്നത് ഇതിലാണ്. ആജ്ഞാചക്രനിവാസിയായ പുരുഷന് പരമേശ്വരാജ്ഞയനുസരിച്ച് ഏതാണ് കരണീയം ഏതാണ് ഉപേക്ഷണീയം എന്ന വിവേകം ഉണ്ടാവുന്നത് ഇവിടെയാണ്.

ഇതിനും മുകളിലായി കൈലാസം, രോധിനി എന്നിങ്ങിനെ രണ്ടു് ചക്രങ്ങൾ കൂടിയുണ്ട്. ഈ രണ്ടു ആധാരചക്രങ്ങളുടെയും മുകളിലാണ് സഹസ്രാരങ്ങൾ ചേർന്ന ബിന്ദുസ്ഥാനം.

മഹാനുഭാവാ, ശ്രേഷ്ഠമായ യോഗമാർഗ്ഗമാണ് ഞാനിപ്പോൾ പറഞ്ഞത്. ആദ്യം പൂരകയോഗം ചെയ്ത് മനസ്സിനെ മൂലാധാരത്തോടു് ചേർക്കണം. ഇതിനായി ബാഹ്യവായുവിനെ ഉളളിലേക്കെടുത്ത് കുംഭകം ചെയ്ത് മനസ്സിനെ മൂലാധാരത്തിലേക്ക് നയിക്കണം. എന്നിട്ട് ഗുദത്തിന്റെയും ലിംഗത്തിന്റെയും മദ്ധ്യത്തിൽ നിലകൊള്ളുന്ന കുണ്ഡലിനിയെ തട്ടിയുണർത്തി നേരത്തേ പറഞ്ഞ സ്വയംഭൂലിംഗാദികളെ ഭേദിച്ച് ക്രമീകമായി ആ ശക്തിയെ സഹസ്രാരത്തിൽ എത്തിക്കണം. പിന്നെ ആ സഹസ്രാരത്തിൽ കുടികൊള്ളുന്ന ശംഭുവുമായി കുണ്ഡലിനീ ശക്തി ഏകീഭവിച്ചതായി ഭാവന ചെയ്ത് ധ്യാനിക്കണം.

അങ്ങിനെ ശിവശക്തിസംഗമത്തിൽ ഉണ്ടാകുന്ന അമൃതരസം ചെമ്പഞ്ഞിച്ചാറ് പോലെയാണ്. ആ അമൃതരസം മായാശക്തിയെക്കൊണ്ടു് പാനം ചെയ്യിപ്പിക്കുക. ആറു ചക്രങ്ങളിൽ കുടികൊള്ളുന്ന ദേവതമാരെ ഈ അമൃതധാര കൊണ്ട് തർപ്പണവും ചെയ്യുക. ഒടുവിൽ കണ്ഡലിനീ ശക്തിയെ മുകളിലേയ്ക്ക് കയറിപ്പോയ അതേ വഴിയിലൂടെ മൂലാധാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക. ഇങ്ങിനെ നിത്യാഭ്യാസം ചെയ്യുന്ന പക്ഷം സാധകന് സകലദോഷവിനിർമുക്തിയാണ് ഫലം. പിന്നെ ജരാമരണദോഷങ്ങൾ അവനെ ബാധിക്കുകയില്ല. അവന് മന്ത്രസിദ്ധികൾ കരഗതമാവുന്നു. ജഗദീശ്വരിയായ എനിക്കുള്ള പ്രാഭവങ്ങൾ അതേപോലെതന്നെ അവനിലും അങ്കരിക്കുന്നു. ഇതാണ് പ്രാണായാമം അല്ലെങ്കിൽ വായുധാരണം.

ഇനി ചിത്തധാരണയെക്കുറിച്ചാണ് പറഞ്ഞുതരാനുള്ളത്. കാലദേശാദികളാൽ അവച്ഛിന്നമാകാത്ത ദേവിയിൽ മനസ്സുറപ്പിച്ചു നിർത്തുമ്പോൾ ജീവനും ബ്രഹ്മവും ഒന്നാണെന്നബോധം ഉണ്ടാവും. ഇതിന് മനഃശുദ്ധി അനിവാര്യമാണ്. മനസ്സിൽ കറയുണ്ടെങ്കിൽ അത് മാറാനായി എന്റെ സഗുണരൂപത്തെ ആരാധിക്കുക. എന്റെ മധുരോദാരമായ അംഗങ്ങള്‍ ഓരോന്നും അനുക്രമത്തില്‍ മന്ത്രപൂർവ്വം ധ്യാനിച്ചുകൊണ്ടു് മനസ്സിനെ പിടിച്ചു നിർത്താം. അങ്ങിനെ പടിപടിയായി ഒടുവിൽ എന്റെ സമഗ്രമായ രൂപത്തെ ധ്യാനിച്ചുറപ്പിക്കണം. സംവിത്തായ ദേവിയിൽ ചിത്തലയം സംഭവിക്കുന്നതുവരെ ജപഹോമാദികളും മന്ത്രാപാസനയും തുടരണം. യോഗവും മന്ത്രവും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റേതില്ല. ഇവരണ്ടും ചേരാതെ ജ്ഞാനസിദ്ധി ഉണ്ടാവുകയില്ല. മന്ത്രവും യോഗവും സമ്യക്കായി അഭ്യസിക്കുമ്പോൾ അത് ബ്രഹ്മസിദ്ധിപ്രദമാണ്. ഇരുണ്ട മുറിയിലേയ്ക്ക് വിളക്കു കൊളുത്തി പ്രവേശിക്കുന്നതു പോലെ ഫലപ്രദമാണത്. മായയാൽ മൂടി മറഞ്ഞിരിക്കുന്ന ആത്മാവ് മന്ത്രങ്ങളാൽ ദൃശ്യമാവുന്നു.

സാംഗമായ യോഗം നിങ്ങൾക്കായി ഞാൻ വിശദീകരിച്ചു. എന്നാല്‍ ഒരു സാധകന്‍ നേരിട്ട് ഗുരുമുഖത്തു നിന്നും പഠിച്ച ശേഷമേ ഇത് അഭ്യസിക്കാവൂ. തനിയെ അഭ്യസിക്കാന്‍ പുറപ്പെടരുത്. വെറും ശാസ്ത്രപഠനം കൊണ്ടു് മാത്രം ഇതിനെ ശരിയായ വിധത്തിൽ അറിയാനാവുകയില്ല.

1 comment:

  1. പതഞ്ചലിയുടെ അഷ്ടാംഗ യോഗത്തെ ഇത്രയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.

    ReplyDelete