Devi

Devi

Sunday, October 30, 2016

ദിവസം 186 ശ്രീമദ്‌ ദേവീഭാഗവതം. 7- 28. ശതാക്ഷീ പ്രാദുര്‍ഭാവം

ദിവസം 186  ശ്രീമദ്‌ ദേവീഭാഗവതം7- 28. ശതാക്ഷീ പ്രാദുര്‍ഭാവം

വിചിത്രമിദമാഖ്യാനം ഹരിശ്ചന്ദ്രസ്യ കീര്‍ത്തിതം
ശതാക്ഷീ പാദഭക്തസ്യ രാജര്‍ഷേര്‍ ധാര്‍മ്മികസ്യ ച
ശതാക്ഷീ സാ കുതോ ജാതാ ദേവീ ഭഗവതീ ശിവാ
തദ് കാരണം വദ മുനേ സാര്‍ത്ഥകം ജന്മ മേ കുരു

ജനമേജയൻ പറഞ്ഞു: 'ഭഗവതിയുടെ പരമഭക്തനും രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ അത്ഭുതാവഹം തന്നെ. ശതാക്ഷിയെന്നു പ്രസിദ്ധയായ ആ ദേവിയുടെ ഉത്ഭവകഥ കൂടി അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ദേവിയുടെ സത്കഥകൾ കേട്ടു് മതി വന്ന ആരുണ്ടീ ലോകത്ത് ? ഓരോ പദത്തിലും അശ്വമേധഫലം നൽകുന്നതാണാ ചരിതശ്രവണം.'

വ്യാസൻ പറഞ്ഞു: രാജാവേ, ദേവീ ഭക്തനായ അങ്ങയോടു് ശതാക്ഷീചരിതം പറയാൻ സന്തോഷമേയുള്ളൂ.   ഹിരണ്യാക്ഷന്റെ കൂട്ടത്തില്‍ രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നു പേരുള്ള ഒരു രാക്ഷസൻ ജനിച്ചു. മഹാബലവാനായ അവൻ ഹിമാലയത്തിൽ പോയി കഠിന തപം ചെയ്തു. ‘ദേവൻ മാർക്ക് വേദമാണല്ലോ ബലം നൽകുന്നത്. ആയതിനാൽ വേദങ്ങളെയെല്ലാം നശിപ്പിക്കണം' എന്നതായിരുന്നു അവന്റെ ഉദ്ദേശം. വായു മാത്രം ഭക്ഷിച്ചുകൊണ്ടു് ആയിരം കൊല്ലമവൻ ഉഗ്രമായ തപസ്സു ചെയ്തു. ദേവൻമാരും അസുരൻമാരും അവന്‍റെ തേജസ്സിനാൽ തപിക്കപ്പെട്ടു.

ഒടുവിൽ ചതുമുഖൻ തന്റെ വാഹനമായ അരയന്നത്തിലെത്തി അവനു മുന്നിൽ പ്രത്യക്ഷനായി. ‘നിന്റെ തപസ്സിൽ സന്തുഷ്ടനായി വരദാനത്തിനായി ഞാനിതാ വന്നിരിക്കുന്നു’ എന്ന് നാന്മുഖൻ ദൈത്യനോടു് പറഞ്ഞു.

ദുർഗ്ഗമൻ പറഞ്ഞു: ‘സുരേശ്വരാ, വേദങ്ങളാണ് എനിക്കു വേണ്ടത്. മൂന്നു ലോകങ്ങളിലും നില നിൽക്കുന്നതും  ദേവൻമാരിലും ബ്രാഹ്മണരിലും നിരന്തരം നിലകൊള്ളുന്നതുമായ വേദമന്ത്രങ്ങൾ ഇനി മുതൽ എന്റെ കീഴിലാവണം. അങ്ങിനെ ദേവൻമാരെ പരാജയപ്പെടുത്താൻ എനിക്കു കഴിയണം.’

‘തഥാസ്തു’ എന്നു പറഞ്ഞ്‌ വിരിഞ്ചൻ വേദങ്ങളെ ദുർഗ്ഗമനു നൽകി അപ്രത്യക്ഷനായി.

അന്നു മുതൽ ബ്രാഹ്മണർക്ക് വേദമന്ത്രങ്ങൾ മനസ്സിൽ തോന്നാതെയായി. നിത്യ കർമ്മങ്ങളും വിശേഷാൽ പൂജകളും ഇല്ലാതെയായി. സന്ദ്യാവന്ദനം, ശ്രാദ്ധം, യജ്ഞതപോകർമ്മങ്ങൾ എന്നിവയൊന്നും നടക്കുന്നില്ല.   ‘കഷ്ടം! കഷ്ടം!’ എന്ന് ബ്രാഹ്മണർ വിലപിച്ചു. വേദമന്ത്രങ്ങൾ അപ്പാടെ മറക്കാൻ എന്താണ് കാരണമെന്ന് അവർ പരസ്പരം ചോദിച്ചു. ഭൂമിയിൽ വിപത്തുകൾ കണ്ടുതുടങ്ങി. അർഘ്യം കിട്ടാതെ ദേവൻമാരും കഷ്ടത്തിലായി. നിർജരൻമാരെ ജര ബാധിക്കാൻ തുടങ്ങി. ദൈത്യൻമാർ അമരാവതീ നഗരം ആക്രമിച്ചു കീഴടക്കി. ദേവൻമാർ നഗരം വിട്ട് ഓടിപ്പോയി. മലമുകളിലും മേരുപർവ്വതത്തിലുള്ള ഗുഹകളിലുമൊക്കെയാണ് അവരപ്പോൾ കഴിഞ്ഞു വന്നത്. എങ്കിലും അവിടെയിരുന്നും ദേവൻമാർ ഭഗവതിയെ പൂജിച്ചിരുന്നു.

നാട്ടിൽ ഹോമങ്ങൾ നിലച്ചപ്പോൾ മഴയില്ലാതായി. കിണറും കുളങ്ങളും നദികളും വറ്റിവരണ്ടു. നൂറു വർഷത്തോളം ഭൂമി വരണ്ടു കിടന്നു. അനേകം മനുഷ്യരും പശുക്കളും ചത്തൊടുങ്ങി. ഇങ്ങിനെയുള്ള അനർത്ഥങ്ങൾ നടക്കുമ്പോഴും പരാശക്തിയായ ജഗദംബയെ പൂജിക്കുക എന്ന ഉദ്ദേശത്തോടെ ബ്രാഹ്മണർ ഹിമവാന്റെ അടിത്തട്ടിൽ ഒത്തുചേർന്നു. നിരാഹാരരായി ഏകാഗ്ര ചിത്തത്തോടെ അവർ ദേവിയെ സ്തുതിച്ചു. ‘അമ്മേ, ദേവീ ഞങ്ങളിൽ കരുണ ചെയ്താലും. ഞങ്ങൾ തെറ്റുകാരാണെങ്കിൽ കൂടി അമ്മ ഞങ്ങളെ ഉപേക്ഷിക്കരുതേ. ഞങ്ങളുടെ അജ്ഞാനമാണ് ആ തെറ്റുകൾക്കു കാരണം. അവിടുന്നല്ലേ സകല ജീവികൾക്കും അന്തര്യാമി? ഞങ്ങളിൽ കോപമരുതേ. അവിടുത്തെ നിയന്ത്രണത്തിലാണ് ഏവരും കർമ്മം ചെയ്യുന്നത്. ഞങ്ങളുടെ ഈ ദു:സ്ഥിതിയിൽ നിന്നും ഞങ്ങളെ കരകയറ്റിയാലും. വെള്ളമില്ലാതെ ഞങ്ങൾ കഷ്ടപ്പെടുന്നു. ഞങ്ങളെ രക്ഷിച്ചാലും. മഹേശാനി, ജഗദംബികേ, കൂടസ്ഥരൂപേ, ചിദ്രൂപേ, വേദാന്തവേദ്യ, ഭുവനേശീ, നമസ്കാരം.

‘ഇതല്ല! ഇതല്ല!’ (നേതി, നേതി) എന്ന് വേദങ്ങൾ വാഴ്ത്തിയത് നിന്നെയല്ലേ? അങ്ങിനെ ദുർജ്ഞേയയായ അമ്മയെ ഞങ്ങളിതാ കമ്പിടുന്നു. സർവ്വകാരണരൂപിണിയാണമ്മ.’

ഇങ്ങിനെ വാഴ്ത്തി സ്തുതിച്ചപ്പോൾ ദേവി അവർക്ക് പ്രത്യക്ഷയായി. നീലാഞ്ജനാഭ നിറഞ്ഞ നീലത്താമരയിതളുകൾ പോലെ കമനീയമായ എണ്ണമറ്റ കണ്ണുകളുള്ള ഭുവനേശ്വരി, തടിച്ചുയർന്ന സ്തനദ്വയങ്ങളോടെ, അനേകം കൈകളോടെ, വരദയായി ജഗദംബയുടെ ദിവ്യരൂപത്തില്‍ അവർക്ക് ദൃശ്യമായി. ദാഹവും വിശപ്പുമടക്കുന്ന ദിവ്യഫലങ്ങൾ, പച്ചക്കറിക്കൂട്ടങ്ങൾ, പൂക്കൾ, വില്ല്, എന്നിവയെല്ലാം അമ്മയുടെ കൈകളിൽ കാണാം.അതീവ ലാവണ്യമോലുന്ന അമ്മയുടെ കണ്ണിൽ കരുണാസാഗരം അലതല്ലുന്നു. കോടി സൂര്യപ്രഭ ചിന്നുന്ന അസംഖ്യം കണ്ണകളിൽ നിന്നുമായി ദേവി ജലം നിറഞ്ഞ നദികളെയും അരുവികളെയും ഒഴുക്കിവിട്ടു. ആ ജലധാര ഒൻപതു ദിനരാത്രങ്ങൾ അനുസ്യൂതം പ്രവഹിക്കുകയുണ്ടായി.

ജീവരാശികൾ ദുഖിക്കുന്നതു കണ്ടു് ജഗദംബിക തൂകിയ അശ്രുബാഷ്പമായിരുന്നു അത്. അങ്ങിനെ മനുഷ്യരും മറ്റ് ജീവജാലങ്ങളും സസ്യങ്ങളും ഓജസ്സ് വീണ്ടെടുത്തു. മഹാമാരി കൊണ്ട് നദികളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു. ദേവൻമാർ ഒളിത്താവളങ്ങളിൽ നിന്നും പുറത്തു വന്ന് ദേവിയെ വാഴ്ത്തി.

‘വേദാന്തവേദ്യയും ബ്രഹ്മസ്വരൂപിണിയുമായ അമ്മയ്ക്ക് നമസ്കാരം. നിന്നെ ഞങ്ങൾ കൈകൂപ്പി സ്തുതിക്കുന്നു. സ്വമായാ പ്രഭാവം കൊണ്ട് ജഗത്തിനെ സൃഷ്ടിക്കുന്ന അമ്മ ഭക്തർക്കായി രൂപം കൊണ്ട മഹേശ്വരിയാണ്. നിത്യ തൃപ്തയും നിരുപമയുമായ ഭുവനേശ്വരി ഭക്തജനപാലനത്തിനായി ആയിരം കണ്ണുകളെ ദേഹത്തണിഞ്ഞു. അതിനാൽ ‘ശതാക്ഷി’ എന്നു നിന്റെ പുകൾ എങ്ങും പരക്കട്ടെ. ഞങ്ങൾക്ക് യജ്ഞവീതം കിട്ടാത്തതിനാൽ വിശപ്പോടെ അവിടുത്തെ അപദാനങ്ങൾ വാഴ്ത്താൻ പോലും ആവുന്നില്ല. മാഹേശ്വരീ, വേദങ്ങളെ വീണ്ടെടുക്കാൻ ദയ കാട്ടണേ.’

വ്യാസൻ തുടർന്നു. ദേവൻമാർ ഇങ്ങിനെ വാഴ്ത്തി അപേക്ഷിച്ചപ്പോൾ ഭഗവതി തന്റെ കയ്യിലിരുന്ന ഫലമൂലങ്ങൾ അവർക്ക് വിശപ്പടക്കാൻ നൽകി. മനുഷ്യർക്കുള്ള ഫലങ്ങളും ധാന്യവർഗ്ഗങ്ങളും മൃഗങ്ങൾക്കായുള്ളവയും അമ്മയുടെ കൈവശം ധാരാളമുണ്ടായിരുന്നു. രസമൂറുന്ന വിവിധാന്നങ്ങളും പശുഭക്ഷ്യങ്ങളും പുതുതായി കൃഷി ചെയ്തുണ്ടാക്കും വരേയ്ക്കുളളതെല്ലാം അമ്മ അവർക്കു നൽകി. അങ്ങിനെ ദേവിക്ക് ‘ശാകംഭരി’ എന്ന നാമവും സിദ്ധിച്ചു.

ദേവ കോലാഹലം കേട്ട് ദുർഗ്ഗമൻ സൈന്യസമേതം എത്തി ശരവർഷം ആരംഭിച്ചു. ആയിരം അക്ഷൗഹിണികൾ ദേവസൈന്യത്തെ വളഞ്ഞു. ‘രക്ഷിക്കണേ!’ എന്നു നിലവിളിച്ച ബ്രാഹ്മണരും ദേവൻമാരും ദേവിയെ അഭയം പ്രാപിച്ചു. ദേവി അവർക്കു ചുറ്റും അഗ്നി വലയം സൃഷ്ടിച്ച് അതിനു പുറത്തു നിന്ന് അസുരനോടു് ഒറ്റയ്ക്ക് യുദ്ധം തുടങ്ങി. പരസ്പരം എയ്ത അമ്പുകള്‍ കൊണ്ടുള്ള മഴയാൽ വിണ്ഡലം മേഘാവൃതമായി. കാതടയ്ക്കുന്ന ടണൽക്കാര ശബ്ദത്തോടെ ഞാണുകൾ വലിഞ്ഞു മുറുകി. ദേവിയുടെ ദേഹത്തു നിന്നും അനേകം ഉഗ്ര ശക്തികളായ സത്വങ്ങൾ പുറത്തുവന്നു.
കാളിക, താരിണി, ബാലാ, ത്രിപുരാ, ഭൈരവി, രമാ, ബഗളാ, ലക്ഷ്മി, മാതംഗി, ത്രിപുര സുന്ദരി, പതിനായിരം കൈകളുള്ള ഗുഹൃകാളിക, ജംഭിനി തുടങ്ങി തൊണ്ണൂറ്റിയാറ് ശക്തികൾ അവിടെ പ്രകടമായി. ആയുധധാരികളായ ദേവിമാർ അങ്ങിനെ അനേകം പേർ യുദ്ധക്കളത്തിൽ വിന്യസിക്കപ്പെട്ടു. മൃദംഗാദിവാദ്യങ്ങളും പടക്കളത്തിൽ മുഴങ്ങിക്കേട്ടു. ദേവിമാർ അസുരന്റെ നൂറ് അക്ഷൗഹിണികളെ വകവരുത്തിയപ്പോൾ ദുർഗ്ഗമൻ നേരിട്ട് യുദ്ധത്തിനിറങ്ങി. പത്തു ദിവസത്തിൽ അവന്റെ ആയിരം അക്ഷൗഹിണികളും നശിച്ചു. 

എന്നാൽ പതിനൊന്നാം നാൾ അസുരൻ രക്തമാല്യവും രക്താംബരവുമണിഞ്ഞ് ഉത്സാഹത്തോടെ വീണ്ടും പടക്കളത്തിലിറങ്ങി. ദേവിമാര്‍ക്കു മുന്നിൽ രഥം നിർത്തി അവൻ പോരു തുടങ്ങി. രണ്ടു യാമത്തോളം അവിടെ നടന്ന സംഗരം അതിഭീകരമായിരുന്നു. പിന്നെ ദേവിയുടെ പതിനഞ്ചു ശരങ്ങൾ അവന്റെ നാലു കുതിരകളെയും സാരഥിയെയും രണ്ടു് കൈകളെയും രണ്ട് കണ്ണകളെയും ധ്വജത്തെയും തകര്‍ത്തു. പിന്നെയുള്ള അഞ്ചെണ്ണം അവന്റെ  ഹൃദയത്തിലാണ് ചെന്നു കൊണ്ടത്. രക്തവര്‍ണ്ണത്തില്‍ അണിഞ്ഞൊരുങ്ങി വന്ന ദുർഗ്ഗമൻ രക്തത്തിൽ മുങ്ങി ദേവിയുടെ മുന്നിൽ മരിച്ചുവീണു. ആ ദേഹത്തു നിന്നും ഒരു തേജ: പുഞ്ജം പുറത്തു വന്ന് ദേവിയിൽ ലയിച്ച് ചേർന്നു. മൂന്നു ലോകവും അങ്ങിനെ വീണ്ടും പ്രശാന്തമായി. ബ്രഹ്മാദിദേവ വൃന്ദം ഹരിഹരൻമാരെ മുന്നിൽ നിർത്തി ജഗദംബികയെ ഭക്തിപൂർവ്വം സ്തുതിച്ചു.

‘ലോകമെന്ന മിഥ്യാഭ്രമത്തിനു കാരണഭൂതയായ അമ്മ ശാകംഭരിയാണ്. നമസ്കാരം! നമസ്കാരം! ആയിരം കണ്ണുകളുള്ള അമ്മയ്ക്ക് നമസ്കാരം!. മഹേശ്വരീ, ശിവേ, പഞ്ചകോശാന്തരസ്ഥിതേ, ദേവീ,  വേദോപനിഷദുക്കൾ പ്രകീർത്തിക്കുന്നത് നിന്നെ മാത്രമാണ്. ദുർഗ്ഗമാസുരനെ നശിപ്പിച്ച് ദേവരക്ഷചെയ്ത അമ്മേ നമസ്കാരം!. ആരെയാണോ  മാമുനിമാർ നിർവികല്പസമാധിയിൽ ധ്യാനിക്കുന്നത്, ആരാണോ പ്രണവാർത്ഥസ്വരൂപയായി നിലകൊള്ളുന്നത്, ആ ദേവിയെ ഞങ്ങൾ സ്തുതിക്കുന്നു. അനന്തകോടി ബ്രഹ്മാണ്ഡങ്ങൾക്കും മാതാവായ ജനനി ബ്രഹ്മാവിഷ്ണു രുദ്രാദികൾക്കും അമ്മയാണ്. ശതാക്ഷീ മാതാവല്ലാതെ അജ്ഞരായ ഞങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കാൻ മറ്റാരുണ്ട്?’

ദേവപൂജയാൽ സംതൃപ്തയായ ദേവി പ്രസന്ന ഭാവത്തിൽ മാമറകളാകുന്ന നാലു വേദങ്ങളെ വീണ്ടെടുത്ത് അവര്‍ക്ക് നൽകി. മധുരോദാരമായി  അമ്മ ഇങ്ങിനെ പറഞ്ഞു: ‘എന്റെ വേദശരീരത്തെ ആദരപൂർവ്വം കൈകാര്യം ചെയ്യുക. സദാ സേവിക്കുക. എന്നെ സദാ പൂജിക്കുക. മംഗള പ്രദമായ കർമ്മങ്ങൾ ഇതിൽ കൂടുതലായി മറ്റൊന്നുമില്ല. എന്റെ മാഹാത്മ്യത്തെ പഠിക്കുന്നതുകൊണ്ടു് നിങ്ങളിലെ ആപത്തുകൾ നീങ്ങിപ്പോവട്ടെ. ദുർഗ്ഗമനെ കൊന്നതിനാൽ ‘ദുർഗ്ഗ’യെന്നും ആയിരം കണ്ണുകളിൽ നിന്നും ജലധാരയുണ്ടായതിനാൽ ‘ശതാക്ഷി’യെന്നും എനിക്കു സംസിദ്ധമായ നാമങ്ങൾ ജപിക്കുന്നവന് മായയെ വെല്ലാനാകും. ദേവൻമാർക്കും ദൈത്യൻമാർക്കും ഞാൻ ഒരു പോലെ സമാരാദ്ധ്യയാണ് എന്നുമോർക്കുക.’

ദേവൻമാർക്ക് ഇങ്ങിനെ ഉപദേശം നൽകി ജഗദംബിക അപ്രത്യക്ഷയായി. അങ്ങിനെ ദേവിയുടെ ഒരേ അവതാരത്തിൽത്തന്നെ കർമ്മഭേദാനുസാരമായി ശാകംഭരി, ശതാക്ഷി, ദുർഗ്ഗ, എന്നീ നാമങ്ങൾ ഉണ്ടായതിന്റെ കഥ കേൾക്കുന്നതു പോലും സർവ്വാഭീഷ്ടപ്രദായകമാണ്.

No comments:

Post a Comment