Devi

Devi

Monday, October 17, 2016

ദിവസം 182 ശ്രീമദ്‌ ദേവീഭാഗവതം. 7.24. ചണ്ഡാളാജ്ഞാനുവർത്തനം

ദിവസം 182  ശ്രീമദ്‌ ദേവീഭാഗവതം.  7.24. ചണ്ഡാളാജ്ഞാനുവർത്തനം

തത: കിമകരോദ്രാജാ ചണ്ഡാലസ്യ ഗൃഹേ ഗത:
തദ് ബ്രൂഹി സൂതവര്യ ത്വം പൃച്ഛത: സത്വരം ഹി മേ
വിശ്വാമിത്രേ ഗതേ വിപ്രേ  ശ്വപചോ ഹൃഷ്ടമാനസ:
വിശ്വാമിത്രായ തദ്രവ്യം ദത്വാ ബദ്ധ്വാ നരേശ്വരം

ശൗനകൻ ചോദിച്ചു.  ‘ചണ്ഡാള ഗൃഹത്തിൽ എത്തിയ ശേഷം അവരെന്തു ചെയ്തു?’

സൂതൻ പറഞ്ഞു. വിശ്വാമിത്രൻ ധനവുമായി പോയിക്കഴിഞ്ഞപ്പോൾ ചണ്ഡാളൻ രാജാവിനെ ഒരു കയറുകൊണ്ടു് കെട്ടി വരിഞ്ഞിട്ട് ചാട്ടവാറുകൊണ്ടു് നല്ല പ്രഹരം നൽകി. “അടിച്ചു നിലയ്ക്ക്  നിര്‍ത്തിയില്ലെങ്കില്‍  ഈ കള്ളൻ ഓടിപ്പോകും” എന്നൊരു ന്യായവും പറഞ്ഞു.

രാജാവ് വേദനിച്ചു തളർന്ന് നിന്നു. ചണ്ഡാളൻ അദ്ദേഹത്തെ തന്റെ വീട്ടിലൊരു മുറിയിൽ ചങ്ങലകൊണ്ടു് പൂട്ടിയിട്ടു. എന്നിട്ടയാൾ സന്തോഷത്തോടെ ഉറങ്ങാൻ പോയി. ആ പറയക്കുടിലിൽ ആഹാര നീഹാരങ്ങൾ കൂടാതെ ചിന്താവിവശനായി രാജാവ് നേരം വെളുപ്പിച്ചു. ‘എന്റെ മകന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരുന്നു. എന്നെക്കാണാതെ എന്റെ പ്രിയതമ ഇപ്പോൾ എന്തു ചെയ്യുകയാവും? 

‘എന്റെ കാന്തൻ നമ്മെ മോചിപ്പിക്കും’ എന്നവൾ കിനാവു കാണുന്നുണ്ടാവും. ‘മുനിക്ക് നൽകാനുള്ള ദക്ഷിണ നൽകി നമ്മെ അദ്ദേഹം  കൂട്ടിക്കൊണ്ടുപോകാൻ വരും.’ 

അച്ഛനെ വിളിച്ചു കരയുന്ന മകനോടു് ‘നമുക്ക് അച്ഛനെ കാണാൻ പോവാം’ എന്നവൾ സമാധാനിപ്പിക്കുന്നുണ്ടാവും.

‘കഷ്ടം! ഞാനിപ്പോൾ ഒരു ചണ്ഡാള ജീവിതമാണ് നയിക്കുന്നതെന്ന് അവളുണ്ടോ അറിയുന്നു? രാജ്യം പോയി, സുഹൃത്തുക്കൾ ഇല്ലാതായി. ഭാര്യയെയും പുത്രനേയും വിൽക്കേണ്ടി വന്നു, ഇതൊക്കെ പോരാഞ്ഞ് ഇപ്പോളിതാ ചണ്ഡാലത്വവും. എന്റെ അഴലിന് ഒരവസാനമില്ല എന്നു വരുമോ?’ ഇങ്ങിനെ സങ്കടപ്പെട്ട് ഭാര്യയെയും മകനെയും മനസ്സിലോർത്ത് ഹരിശ്ചന്ദ്രൻ എന്ന നാലു ദിവസങ്ങൾ ആ തുറുങ്കിൽ കിടന്നു.

പിന്നെയൊരു ദിവസം അദ്ദേഹത്തെ ചങ്ങലയിൽ നിന്നും സ്വതന്ത്രനാക്കി  ചണ്ഡാളൻ പരുഷ വാക്കുകളോടെ പറഞ്ഞു. 'എടോ, കാശിയുടെ തെക്കുഭാഗത്തുള്ള ശ്മശാനത്തിൽ എരിയുന്ന പിണങ്ങൾക്കുള്ള കൂലി വാങ്ങിക്കൊണ്ടുവരാൻ നിന്നെ ഞാൻ നിയോഗിക്കുന്നു. മറ്റൊരിടത്തും പോകാൻ നിനക്ക് സ്വാതന്ത്ര്യമില്ല. ഈ ജീർണ്ണിച്ച ദണ്ഡ് നിനക്കുള്ള അധികാരത്തിനെ കാണിക്കും. വീരബാഹുവിന്റെ ദണ്ഡാണിത് എന്നെല്ലാവരും അറിയട്ടെ.’

കുറച്ചുകാലം ഹരിശ്ചന്ദ്രൻ ശ്മശാനത്തിൽ ശവം എരിക്കുന്നതിന്റെ കൂലി പിരിച്ചെടുക്കുന്ന ജോലിയിൽ വ്യാപൃതനായി കഴിഞ്ഞു. പിന്നീടു് ചണ്ഡാളന്‍ അദ്ദേഹത്തിന്‍റെ ജോലി മറ്റൊരു ചുടലക്കാട്ടിലേക്ക് മാറ്റി. കാശിക്ക് തെക്കുഭാഗത്ത് തിരക്കുപിടിച്ച ഒരു ശ്മശാനത്തിലാണ് ഹരിശ്ചന്ദ്രനെ പിന്നീട്  നിയോഗിച്ചത്. സദാ ശവമെരിയുന്ന ദുർഗന്ധം മാത്രം. അനവധി  കുറുക്കനും കഴുകനും ചെന്നായും പട്ടികളും  നിറഞ്ഞ  അവിടെ വെന്തു ബാക്കിയാവുമ്പോള്‍  പല്ലിളിച്ചുകാട്ടുന്ന ശവങ്ങൾ കാണാം. അസ്ഥികൂടങ്ങള്‍ ആ ഇളിയിലൂടെ മനുഷ്യദേഹത്തിന്റെ അവസ്ഥയെ കളിയാക്കി ചിരിക്കുകയാണോ എന്നു തോന്നും. എമ്പാടും ശവങ്ങള്‍ തിന്നാൻ ആർത്തു വരുന്ന മാംസഭോജികളായ മൃഗങ്ങള്‍. മരിച്ചവരുടെ  ബന്ധുക്കളും മിത്രങ്ങളും വാവിട്ടു കരയുന്ന ശബ്ദവും മൃഗങ്ങൾ കടി പിടി കൂടുന്ന ശബ്ദവും കൊണ്ട് ചുടലക്കളമാകെ ശബ്ദായമാനമാണ്. മാംസം ദഹിക്കുമ്പോൾ  ‘ഛും ഛും..’ നാദവും വിറകെരിയുന്ന ‘ചടചടാ’ ശബ്ദവും എപ്പോഴും കേൾക്കുന്നു. അതിഭീകരമാണ് ആ ചുടലക്കാടിന്റെ അന്തരീക്ഷം.

തനിച്ചിരിക്കുമ്പോള്‍ ‘അല്ലയോ മിത്രങ്ങളേ, ഭൃത്യരേ, മന്ത്രിമാരേ, മകനേ, നിങ്ങളൊക്കെ എവിടെയാണ്? എന്റെ രാജ്യവും ഭാര്യയും മകനും ആരുമിപ്പോൾ എനിക്ക് തുണയില്ല. ഭാഗ്യം കെട്ട എനിക്ക് ബ്രാഹ്മണ ശാപം മൂലം വന്ന ദുരന്തങ്ങൾ എത്ര വലുതാണ്? ധർമ്മം  വെടിഞ്ഞ് നടക്കുന്നവന് എങ്ങിനെ ശുഭമുണ്ടാകാനാണ്?’ എന്നിങ്ങിനെ ഹരിശ്ചന്ദ്രന്‍ വിലപിച്ചുകൊണ്ട് കാലം കഴിച്ചു കൂട്ടി.   എരി തീയ്ക്കരികിൽ നിന്നും ശവങ്ങള്‍ എണ്ണി കണക്കെടുത്ത്, രാജാവിന്റെ ദേഹം കറുത്തിരുണ്ടു് വിറകുകമ്പുപോലെ ശോഷിച്ചു.

ശവം ഏരിക്കുന്നതിന്റെ കൂലിക്കണക്ക് ‘ഈ ശവത്തിന് നൂറു പണം കൂലി വാങ്ങണം, അതിൽ രാജാവിനിത്ര പണം, യജമാനനായ ചണ്ഡാലനിത്ര പണം,’ തുടങ്ങിയ കാര്യങ്ങൾ കൂട്ടിയും കിഴിച്ചും രാജാവ് കഷ്ടപ്പെട്ടു. കീറിപ്പഴകിയ ഒരൊറ്റ മുണ്ട് അരയിലും അതുപോലൊന്ന് തോളത്തുമാണ് വേഷം. മേലാകെ ചിതാഭസ്മം പുരണ്ടിരിക്കുന്നു. കൈ വിരലുകളിൽ മൃതദേഹങ്ങളില്‍ നിന്നുള്ള മേദസ്സും വസയും മജ്ജയും പറ്റിപ്പിടിച്ചിരിക്കുന്നു. ശവത്തിനു വായ്ക്കരിയിടാൻ ബന്ധുക്കള്‍ കൊണ്ടുവരുന്ന ചോറാണ് ദിവസവും തിന്നാൻ കിട്ടുന്നത്. കഴുത്തിലിടാൻ ശവങ്ങളെ  അണിയിച്ച പൂമാലകൾ ആവശ്യത്തിനുണ്ട്. രാപകൽ ജോലി ചെയ്ത് രാജാവ് തളർന്നു. അങ്ങിനെ പന്ത്രണ്ടു മാസം ഹരിശ്ചന്ദ്രൻ അവിടെ തള്ളി നീക്കി. എന്നാല്‍ അതൊരു നൂറു കൊല്ലമായി എന്നാണ് അദ്ദേഹത്തിനു തോന്നിയത്.

No comments:

Post a Comment