Devi

Devi

Friday, October 28, 2016

ദിവസം 185 ശ്രീമദ്‌ ദേവീഭാഗവതം. 7.27. ഹരിശ്ചന്ദ്ര സ്വർഗ്ഗഗമനം

ദിവസം 185  ശ്രീമദ്‌ ദേവീഭാഗവതം7.27. ഹരിശ്ചന്ദ്ര സ്വർഗ്ഗഗമനം

തത: കൃത്വാ ചിതാം രാജാ ആരോപ്യ തനയം സ്വകം
ഭാര്യയാ സഹിതോ രാജാ ബദ്ധാഞ്ജലിപുടസ്തദാ
ചിന്തയൻ പരമേശാനീം ശതാക്ഷീം ജഗതീശ്വരീം
പഞ്ചകോശാന്തരഗതാം പുച്ഛബ്രഹ്മസ്വരൂപിണീം

ഹരിശ്ചന്ദ്രൻ ചിതയുണ്ടാക്കി മകന്റെ ദേഹം അതിനു മുകളിൽ വച്ചു. കൈകൂപ്പി പത്നീ സമേതം ലോകമാതാവായ പരമേശ്വരിയെ സ്തുതിച്ചു. ശതാക്ഷിയും അന്നമയാദി പഞ്ചകോശങ്ങളിൽ അധിവസിക്കുന്നവളും ബ്രഹ്മപുച്ഛ സ്വരൂപിണിയുമായ ദേവി, രക്താംബരം ധരിച്ചും പലവിധ ആയുധങ്ങൾ കൈയിലേന്തിയും ജഗദ് പാലനോൽസുകയായി വിളങ്ങുന്ന കരുണാസമുദ്രമാണെന്നു മനസ്സിലുറപ്പിച്ച് ദമ്പതികൾ ചിതയിൽ കയറാൻ തുനിഞ്ഞു.

പെട്ടെന്ന് ധർമ്മദേവന്റെ നേതൃത്വത്തിൽ സകലദേവൻമാരും അവിടെയാ ചുടുകാട്ടില്‍ ആഗതരായി. ‘ ദേവന്മാര്‍ പറഞ്ഞു: ‘അല്ലയോ മഹാരാജാവേ, സാഹസമരുത്. സാക്ഷാൽ  ധർമ്മദേവനാണ് അങ്ങയെ കാണാന്‍ വന്നിരിക്കുന്നത്. പിതാമഹനും കൂടെയുണ്ട്. സാദ്ധ്യൻമാരും സിദ്ധചാരണ ഗന്ധർവ്വൻമാരും രുദ്രൻമാരും നാഗൻമാരും മരുത്തുക്കളുമെല്ലാം ഇതാ വന്നിരിക്കുന്നു. മാത്രമല്ലാ വിശ്വത്തിന്റെ സൗഹൃദം കാംഷിക്കുന്ന വിശ്വാമിത്രമഹർഷിയും കൂടെയുണ്ട്. അങ്ങയുടെ അഭീഷ്ടമെന്തെന്നു വച്ചാൽ അത് നിറവേറ്റാൻ തയ്യാറായാണ് ഗാധി പുത്രനായ മുനി വന്നിട്ടുള്ളത്.’

ധർമ്മദേവൻ പറഞ്ഞു: ‘രാജാവേ സാഹസം വേണ്ട. സാക്ഷാൽ യമനായ ഞാൻ അങ്ങയുടെ അടുത്ത് വന്നത് അങ്ങയുടെ ശമദമതിതിക്ഷാദി ഗുണങ്ങളാൽ സംപ്രീതനായിട്ടാണ്.’

ഇന്ദ്രൻ പറഞ്ഞു: ‘ഇതാ ഞാനുമുണ്ട് കൂടെ. അങ്ങേയ്ക്ക് സ്വർഗ്ഗത്തിലേക്ക് നേരിട്ടെത്താനുള്ള ക്ഷണവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ഭാര്യാപുത്രസമേതം സ്വർഗ്ഗത്തിലേക്ക് വന്നാലും. മറ്റാർക്കും ലഭിക്കാത്ത കാര്യമാണിത് എന്നറിയാമല്ലോ.’

ആ സമയത്ത് പട്ടടയ്ക്ക് മുകളിലായി മൃത്യുനാശകമായ സുധാ വർഷമുണ്ടായി. ആകാശത്തു നിന്നും പുഷ്പ വൃഷ്ടിയും, ദുന്ദുഭിനാദവും ഉണ്ടായി. മരിച്ചു പോയ രാജപുത്രൻ ഉന്മേഷവാനായി  ചൈതന്യമാർന്ന മുഖത്തോടെ എഴുന്നേറ്റ് വന്നു. രാജാവ് മകനെ ഗാഢം പുണർന്നു. ഐശ്വര്യ സമ്പൽ സമൃദ്ധിയും ദിവ്യമാലാംബരങ്ങളും ആഭരണങ്ങളും  സഭാര്യനായ രാജാവിനെ വന്നു പൊതിഞ്ഞു.

‘രാജാവേ, ഭാര്യയോടും പുത്രനോടും കൂടി നാക ലോകത്തേക്ക് പുറപ്പെട്ടാലും’, എന്ന് ശക്രൻ പറഞ്ഞപ്പോൾ 'ദേവേന്ദ്രാ, എന്റെ യജമാനനായ ചണ്ഡാളന്റെ അനുവാദമില്ലാതെ ഞാൻ ഇവിടം വിട്ടു പോവുകയില്ല. അദ്ദേഹത്തോടു് കൃതഘ്നത കാണിക്കാൻ എനിക്കാവില്ല.’ എന്നായി ഹരിശ്ചന്ദ്രന്‍.

അപ്പോൾ ധർമരാജാവ് പറഞ്ഞു: ‘അങ്ങയുടെ കഷ്ടസ്ഥിതി കണ്ടിട്ട് അന്ന് ഞാൻ തന്നെയാണ് ചണ്ഡാളനായി വന്ന് ആ കുടിലിലേക്ക് അങ്ങയെ കൂട്ടിക്കൊണ്ടുപോയത്.’

ഇന്ദ്രൻ പറഞ്ഞു: ‘ഭുമിയിലെ മനുഷ്യർക്കെല്ലാം ഞാന്‍ അങ്ങയെ ക്ഷണിച്ചതായ സ്വര്‍ഗ്ഗത്തിലേക്ക് പോകാനാണ് ആഗ്രഹം. അങ്ങയുടെ സുകൃതത്താൽ അങ്ങേയ്ക്ക് ആ ഭാഗ്യം തനിയേ വന്നു ചേർന്നിരിക്കുന്നു.

ഹരിശ്ചന്ദ്രൻ പറഞ്ഞു: ‘വാസവാ എന്റെ പ്രജകളുടെ കാര്യം നോക്കാൻ ഞാനല്ലാതെ ആരുണ്ട്?കോസലരാജ്യത്തെ ജനങ്ങൾ ഞാൻ കാരണം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നിട്ടിപ്പോൾ ഞാൻ തൻകാര്യം നോക്കി സ്വർഗ്ഗത്തിൽ പോവുന്നത് ഉചിതമല്ല.  തന്നെ  ആശ്രയിക്കുന്നവരെ കൈവിടുന്നത്, ബ്രഹ്മഹത്യ, ഗോവധം നാരീവധം എന്നിവയെപ്പോലെ പാപമാണ്. അതുകൊണ്ടു് എന്റെ പ്രജകൾക്കില്ലാത്ത സ്വഗ്ഗം എനിക്കു വേണ്ട. അങ്ങ് മടങ്ങിപ്പൊയ്ക്കൊള്ളുക . എന്റെ പ്രജകൾ കൂടെയുണ്ടെങ്കിൽ നരകവും എനിക്കു സമ്മതം തന്നെ.’

‘പ്രജകൾ ഓരോരുത്തരും ഓരോ വ്യക്തികളാണ് രാജാവേ. അവരുടെ പാപ പുണ്യക്കണക്കുകളാണ് അവർക്ക് സ്വർഗ്ഗവും നരകവുമൊക്കെ വിധിക്കുന്നത്. അങ്ങേക്ക് അക്കാര്യം അറിയാവുന്നല്ലേ? പിന്നെ എന്താണ് അവരെ കൂടെ കൂട്ടാൻ വാശി പിടിക്കുന്നത്?’

‘ദേവേന്ദ്രാ, പ്രജകളില്ലെങ്കിൽ രാജാവുണ്ടോ? എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നത് പ്രജകളാണ്. കർമ്മങ്ങളും മഹായാഗങ്ങളും എന്നല്ല ഒരു കിണർ കുഴിക്കണമെങ്കിലും ജനങ്ങൾ വേണം. അവരുടെ പ്രഭാവമില്ലെങ്കിൽ എനിക്കിപ്പോഴുള്ള പേരും പെരുമയും ഒന്നും കിട്ടുമായിരുന്നില്ല. സ്വർഗ്ഗത്തിലെത്താനുള്ള കൊതി കൊണ്ടു് ഞാനവരെ മറക്കുന്നത് ശരിയല്ല. അവരുടെ കയ്യിൽ നിന്നും കരം വാങ്ങി ഞാൻ യാഗങ്ങളും മറ്റും ചെയ്തു. അപ്പോൾപ്പിന്നെ അതിന്റെ ഗുണഫലങ്ങളും  അവരുമായി പങ്കിട്ടു മാത്രമേ ഞാൻ അനുഭവിക്കാന്‍ പാടുള്ളൂ. വ്യക്തിപരമായി എന്റെ കർമഫലം മൂലം ഏറെക്കാലത്തെ സ്വർഗ്ഗവാസം കിട്ടുമായിരിക്കാം. എങ്കിലും അതിനു പകരമായി എന്റെ നാട്ടുകാരുമൊത്ത് ഒരു ദിവസം കിട്ടിയാൽ ഞാൻ തൃപ്തനാണ്.’

‘ശരി, അങ്ങിനെയാകട്ടെ’, എന്ന് ശക്രൻ അനുഗ്രഹിച്ചു.

ധർമ്മദേവനും വിശ്വാമിത്രനും  തുഷ്ടരായി. നാലു വർണ്ണങ്ങളിലുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ   തിങ്ങിപ്പാർക്കുന്ന കോസലത്തേക്ക് എല്ലാവരും കൂടി  പോയി. അവിടെ വച്ച് ഇന്ദ്രൻ പ്രഖ്യാപിച്ചു: ‘പൗരമുഖ്യരേ എല്ലാവരും സ്വർഗ്ഗത്തിലേക്ക് പോവാൻ തയ്യാറായിക്കൊള്ളു. ധർമ്മദേവന്റെ പ്രസാദം കൊണ്ട് നിങ്ങൾക്കീ അവസരം കൈവന്നു. നിങ്ങളുടെ ധർമ്മിഷ്ഠനായ രാജാവ് സ്വന്തം പ്രജകളുമൊത്തുള്ള സ്വർഗ്ഗവാസമാണ് ആഗ്രഹിക്കുന്നത്.’  ഹരിശ്ചന്ദ്രനും പ്രജകളെ പ്രോത്സാഹിപ്പിച്ചു.

സംസാരജീവിത വിരക്തി വന്ന കുറച്ചു പൌരന്മാര്‍ അവരുടെ ചുമതലകൾ മക്കളെ ഏൽപ്പിച്ച് സ്വർല്ലോകത്തിലേക്ക് പോവാന്‍ ശ്രേഷ്ഠമായ വിമാനത്തിൽ കയറിയിരുന്നു.

ഹരിശ്ചന്ദ്രന്‍ രോഹിതനെ രാജാവായി അഭിഷേകം ചെയ്തു. മകനെ അഭിനന്ദിച്ച്, മഹത്തായ കോസല രാജ്യഭാരം അവനെ ഏല്പിച്ച് സന്തുഷ്ടനായി ഹരിശ്ചന്ദ്രൻ ദേവൻമാർക്കു പോലും ദുർലഭമായ കീർത്തിയും പെരുമയും നേടി. 

കിങ്ങിണികളാലും തോരണജാലങ്ങളാലും  മറ്റും അലംകൃതമായ ആ ദേവവിമാനത്തിൽ ഹരിശ്ചന്ദ്രൻ കയറിയിരുന്നപ്പോൾ ദൈത്യ ഗുരുവായ ശുക്രൻ മംഗളകരമായ ഒരു ശ്ലോകം ചൊല്ലി: 'ദാനഫലം എത്ര ശ്രേഷ്ഠം! അഹോ! തിതിക്ഷയുടെ മാഹാത്മ്യം എത്ര വലുത് ! ഇതാ ഹരിശ്ചന്ദ്രന് ദേവേന്ദ്ര സാലോക്യം ലഭിച്ചിരിക്കുന്നു.’

ഇതാണ് മഹാനായ ഹരിശ്ചന്ദ്രന്റെ കഥ. ദുഃഖത്താൽ വലയുന്നവന്റെ അഴലൊഴിക്കാൻ ഈ കഥ ശ്രവിച്ചാല്‍ മതിയാകും. സ്വർഗ്ഗാർത്ഥിക്ക് സ്വർഗ്ഗപ്രാപ്തിയും സുതാർത്ഥിക്ക് പുത്രനും, രാജ്യാർത്ഥിക്ക് രാജ്യവും, ഭാര്യാർത്ഥിക്ക് ഭാര്യയും, ദുഖിതന് സുഖവും കിട്ടാൻ ഹരിശ്ചന്ദ്രോപാഖ്യാനം ഉത്തമമത്രേ.

No comments:

Post a Comment