Devi

Devi

Saturday, October 8, 2016

ദിവസം 179 ശ്രീമദ്‌ ദേവീഭാഗവതം. 7.21. ഹരിശ്ചന്ദ്രശോകം

ദിവസം 179    ശ്രീമദ്‌ ദേവീഭാഗവതം.  7.21. ഹരിശ്ചന്ദ്രശോകം

ഏതസ്മിന്നന്തരേ പ്രാപ്തോ വിശ്വാമിത്രോ മഹാതപാ:
അന്തകേന സമ: ക്രുദ്ധോ ധനം സ്വം യാചിതും ഹൃദാ
തമാലോക്യ ഹരിശ്ചന്ദ്ര: പാത ഭുവി മൂർച്ഛിത:
സവാരിണാ തമഭ്യുക്ഷ്യ രാജാനമിദമബ്രവീത്

മഹാ തപസ്വിയാണെങ്കിലും ക്രുദ്ധനായ കൗശികൻ തനിക്ക് കിട്ടാനുള്ള പണത്തിനായി ഹരിശ്ചന്ദ്രന്റെ മുന്നിൽ ഒരന്തകനെപ്പോലെ ആഗതനായി. മുനിയെ കണ്ട് മോഹാലസ്യപ്പെട്ട രാജാവിനെ വിശ്വാമിത്രൻ വെള്ളം മുഖത്തു തളിച്ച് എന്നേൽപ്പിച്ചു. വേഗമാകട്ടെ തരാനുള്ള പണം ഉടനെ തന്നു തീർക്കണം. അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയേയുള്ളൂ.

മുഖത്ത് തണുത്ത ജലം വീണപ്പോൾ ഉണർന്നുവെങ്കിലും രാജാവ് വീണ്ടും മൂർഛിച്ചു വീണു. മുനി വീണ്ടും പറഞ്ഞു: വാക്കിനു വിലയുണ്ടെങ്കിൽ എനിക്കുള്ള ദക്ഷിണ ഉടനെ തന്നെ തരിക. ശ്രേഷ്ഠൻമാർ സത്യം വെടിഞ്ഞു നടക്കുകയില്ല. ഭൂമിയുടെ നിലനില്പ് സത്യത്തെ അടിസ്ഥാനമാക്കിയാണ്. സൂര്യൻ ജ്വലിക്കുന്നതും സ്വർഗ്ഗ നരകങ്ങൾ നിലകൊള്ളുന്നതും സത്യത്താലത്രേ. സത്യം ഒരു തട്ടിലും മറ്റേ തട്ടിൽ ആയിരം അശ്വമേധയാഗഫലങ്ങളും വച്ചാൽ സത്യത്തിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും. ഇന്ന് അസ്തമയത്തിനു മുൻപ് തരാനുള്ള പണം തന്നില്ലെങ്കിൽ എന്‍റെ  ശാപശക്തി നീയനുഭവിക്കുകതന്നെ ചെയ്യും.

ഇങ്ങിനെ ഭീഷണിപ്പെടുത്തി കൌശി കൻ പോയപ്പോൾ രാജാവ് ഇനിയെന്താണു ചെയ്യുക എന്ന് വേവലാതിപ്പെട്ടു. 

ആ സമയത്ത് ജ്ഞാനിയായ  ഒരു ബ്രാഹ്മണൻ മറ്റു ബ്രാഹ്മണരുമൊത്ത് തന്‍റെ വീട്ടിൽ നിന്നും പുറത്തിറങ്ങിപ്പോവുന്നത് കണ്ടു. അവർ വരുന്നതുകണ്ട രാജ്ഞി പറഞ്ഞു: വർണ്ണങ്ങളിൽ പിതാവായി കണക്കാക്കുന്നത് ബ്രാഹ്മണരെയാണല്ലോ. അപ്പോൾപ്പിന്നെ അവരോടു് സഹായമഭ്യർത്ഥിക്കുന്നതിൽ അപാകതയൊന്നുമില്ല. മകന് അച്ഛനോടു് ധനം ചോദിക്കാം. അതു കൊണ്ട് മഹാരാജാവേ, കടം വീട്ടാനുള്ള ധനം ഇവരോട് ചോദിച്ചാലും.

രാജാവായ ക്ഷത്രിയന് സംഭാവന വാങ്ങാൻ വിധിയില്ലല്ലോ. വിപ്രർക്ക് യാചനയാവാം. പക്ഷേ ക്ഷത്രിയന് അത് നിഷിദ്ധമല്ലേ? ബ്രാഹ്മണർ എല്ലാവരാലും പൂജിക്കപ്പെടേണ്ടവരാണ്.  ദാനം, അദ്ധ്യയനം, യജ്ഞം, ശരണാഗത രക്ഷണം എന്നിവ ക്ഷത്രിയ ധർമ്മമാണ്. പ്രജകളെ പരിപാലിക്കൽ രാജാവിന്റെ ചുമതലയാണ്. ധനം സംഭാവനയായി തരൂ എന്ന് പറയാൻ എന്‍റെ നാവു പൊന്തുന്നില്ല. മറിച്ച്  ഞാനിതാ തരുന്നു എന്നേ വായിൽ വരുന്നുള്ളു. അതാണല്ലാ ഇതുവരെ ശീലിച്ചത്. എവിടെ നിന്നെങ്കിലും കുറച്ച് ധനം സംഘടിപ്പിച്ച് ആ വിപ്രന് നല്കണമെന്നാണ് ഇപ്പോഴും എന്റെയുള്ളിൽ തോന്നുന്നത്.

അപ്പോൾ രാജ്ഞി ചിതം പറഞ്ഞു. അങ്ങ് പറഞ്ഞത് രാജനീതി. പക്ഷേ കാലം ഒരാളെ ധനികനായും മറ്റൊരാളെ പിച്ചക്കാരനായും മാറ്റുന്നു. മാനാപമാനഭാവങ്ങൾക്ക് കാലം ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. മറ്റൊരു ബ്രാഹ്മണനല്ലേ നമ്മുടെ ഐശ്വര്യമെല്ലാം കവർന്നെടുത്ത് നമ്മെ പെരുവഴിയിൽ തള്ളിയത്?

എന്റെ നാവറുത്താലും “എനിക്ക്  സഹായം  തരണേന്നു  യാചിക്കാൻ എനിക്കാവില്ല. ക്ഷത്രിയനായ ഞാൻ കയ്യൂക്ക് കൊണ്ട് ധനം സമ്പാദിച്ചിട്ടാണെങ്കിലും ദാനം ചെയ്യേണ്ടവനാണ് ഇരക്കേണ്ടവനല്ല.

ശരി, അങ്ങേയ്ക്ക് ദാനം യാചിക്കാൻ വയ്യെങ്കിൽ വേണ്ട എന്നെ   വിറ്റു കൊള്ളൂ. അങ്ങിനെ സ്വന്തം  ബ്രാഹ്മണ ഋണത്തിൽ നിന്നും മോചിതനാവൂ. അങ്ങ് വിധി പ്രകാരം എന്നെ വേട്ട് രക്ഷിച്ചു വരുന്നു. സംരക്ഷിക്കുന്ന  ഭർത്താവിന് ഭാര്യയെ ശിക്ഷിക്കാനും അവകാശമുണ്ട്.  എന്നെ  ശിക്ഷിക്കുന്നത്  പാപമാവില്ല.

ഭാര്യയുടെ വാക്കുകൾ കേട്ട് ഹരിശ്ചന്ദ്രൻ കഷ്ടം കഷ്ടം എന്നു   വിലപിച്ചു.

വീണ്ടും രാജ്ഞി അദ്ദേഹത്തെ ഓർമിപ്പിച്ചു: ‘വെറുതേ മുനിശാപം  വാങ്ങി ആ ദു:ഖം കൂടി അനുഭവിക്കാൻ ഇട വരേണ്ട രാജാവേ. അങ്ങ് ഭാര്യയെ വിൽക്കുന്നത് ചൂതുകളിക്കാനോ മദ്യപിക്കാനോ മറ്റു രാജ്യങ്ങള്‍  കീഴടക്കാനോ പരനാരികളുമായി രമിക്കാനോ അല്ലല്ലോ? സത്യ സംരക്ഷണത്തിനായി സ്വന്തം പത്നിയെപ്പോലും വിറ്റ് ഗുരുദക്ഷിണയുടെ കടം വീട്ടിയ ഹരിശ്ചന്ദ്രൻ എന്നേ ആളുകൾ അങ്ങയെപ്പറ്റി പറയൂ.

No comments:

Post a Comment