Devi

Devi

Thursday, October 13, 2016

ദിവസം 180 ശ്രീമദ്‌ ദേവീഭാഗവതം. 7. 22. പത്നീപുത്രവിക്രയം

ദിവസം 180   ശ്രീമദ്‌ ദേവീഭാഗവതം7. 22. പത്നീപുത്രവിക്രയം

സ തയാ നോദ്യമാനസ്തു രാജാ പത്ന്യാ പുന: പുന:
പ്രാഹ ഭദ്രേ കരോമ്യേഷ വിക്രയം തേ സുനീർഘൃണ:
നൃശംസൈരപി യത്കർത്തും ന ശക്യം തത്കരോമ്യഹം
യദി തേ ഭ്രാജതേ വാണീ വക്തുമീദൃക്  സുനിഷ്ഠുരം

ഭാര്യ വീണ്ടും നിർബന്ധിച്ചപ്പോൾ ഹരിശ്ചന്ദ്രൻ പറഞ്ഞു. 'ശരി നിർദ്ദയം നിന്നെ വിറ്റിട്ടും മുനിയുടെ കടം തീർത്തുകളയാം. കഠിനഹൃദയൻമാർ പോലും ചെയ്യാൻ മടിക്കുന്ന ഇക്കാര്യം ചെയ്യാൻ നീയെന്നോട് പറഞ്ഞുവല്ലോ.' ഇത്രയും പറഞ്ഞ് കണ്ണീരോടെ ആ മന്നൻ വഴിയരുകിൽ ഭാര്യയെ മുന്നിൽ നിർത്തി ഇങ്ങിനെ വിളിച്ചു പറഞ്ഞു. "അല്ലയോ നാട്ടുകാരേ, എന്റെ പ്രാണപ്രിയയായ ഈ നാരിയെ ദാസിവേലയ്ക്കായി വിൽക്കാൻ ഞാൻ തയ്യാറാണ്. എനിക്കു വേണ്ടത്ര പണം തന്ന് നിങ്ങൾ വാങ്ങിക്കൊണ്ടു പെയ്ക്കൊള്ളുക.

സ്വന്തം ഭാര്യയെ വിൽക്കാൻ നോക്കുന്ന നിങ്ങൾ ആരാണ്?’ എന്ന് നഗരത്തിലെ ചിലർ ചോദിച്ചു.

അതിനുത്തരമായി ഞാനൊരു ക്രൂരൻ! മനുഷ്യത്വമില്ലാത്ത രാക്ഷസൻ, മഹാപാപി" എന്നാ രാജാവ് ആത്മനിന്ദയോടെ ഉത്തരം പറഞ്ഞു.

ശബ്ദം കേട്ട് വിശ്വാമിത്രൻ ഒരു ബ്രാഹ്മണവേഷത്തിൽ വന്ന് ഞാനിവളെ ദാസിയായി വാങ്ങാം, എന്നറിയിച്ചു. ആവശ്യത്തിനു ധനം ഞാൻ തരാം. എന്റെ ഭാര്യ സുന്ദരിയാണ് പക്ഷേ വീട്ടുജോലിക്കായി പ്രാപ്തിയുള്ള ഒരാളെയാണ് എനിക്കാവശ്യം. എത്ര പണമാണ് അങ്ങേയ്ക്ക് വേണ്ടത്?

രാജാവ് ഒന്നും മിണ്ടാതെ ദുഖിതനായി നിന്നു.

ബ്രാഹ്മണൻ വീണ്ടും പറഞ്ഞു. ശാസ്ത്രങ്ങളിൽ ആണിനും പെണ്ണിനും വില പറഞ്ഞു വച്ചിട്ടുണ്ട്. പ്രവൃത്തി, രൂപശീലങ്ങൾ എന്നിവയ്ക്ക് അനുസരിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്. മുപ്പത്തിരണ്ടു ലക്ഷണങ്ങളും ഗുണശീലങ്ങളും തികഞ്ഞ സ്ത്രീയ്ക്ക് ഒരു കോടി പവൻ. അങ്ങിനെയുള്ള പുരുഷനാണെങ്കിൽ പത്തുകോടിയാണ് നിരക്ക്. എന്താ പോരേ?’ വീണ്ടും ഹരിശ്ചന്ദ്രൻ ഒന്നും മിണ്ടിയില്ല.

ധനം മരവുരിക്ക് മുകളില്‍ വച്ച് ബ്രാഹ്മണൻ രാജ്ഞിയുടെ മുടിക്കെട്ടിൽ പിടിച്ചു വലിച്ച് അവളെ നടത്താന്‍ തുടങ്ങി. 

എന്നെയൊന്നു വിടണേ, ഞാനെന്റെ മകനെ ഒന്നുകൂടി കണ്ടുകൊള്ളട്ടെ. ഇനിയെന്നാണവന്റെ മുഖമൊന്നു കാണാൻ എനിക്കു യോഗമുണ്ടാവുക? മകനേ, നീയെന്നെ ഒന്നു നോക്കിയാൽ മതി. ദാസിയായി പോകുന്ന എന്നെ രാജകുമാരനായ നീയിനി തൊടാൻ പാടില്ല.” എന്നൊക്കെ ആ അമ്മ നിലവിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അമ്മയുടെ കഷ്ടസ്ഥിതി കണ്ടിട്ട് ബാലൻ അമ്മേ, അമ്മേ എന്ന നിലവിളിച്ചുകൊണ്ടു് രാജ്ഞിയെ ചുറ്റിപ്പിടിച്ചു കൂടെ ചെന്നു. തലയിൽ ചെറിയൊരു കുടുമയുള്ള കോമളകുമാരൻ അമ്മയുടെ ചേല പിടിച്ചുവലിച്ചു.

അപ്പോൾ രാജ്ഞി ബ്രാഹ്മണനോടു് പറഞ്ഞു. 'ദയവുണ്ടായി ഈ കുഞ്ഞിനെക്കൂടി അങ്ങ് വാങ്ങണം. അവനെക്കുടാതെ എനിക്ക് ഒന്നും ചെയ്യാനാവില്ല.'

ശരി. എന്നാൽ ഈ പണം കൂടിയെടുത്ത് ഇവനെയും വിലയ്ക്ക് തരിക. ധർമ്മശാസ്ത്രങ്ങൾ പറയുന്ന വിലയായ പത്തുകോടി പവന്‍ ഞാൻ തരാം.’ അദ്ദേഹം പണം വീണ്ടും മരവുരിക്ക് മുകളില്‍ വച്ചു.

അമ്മയെയും മകനെയും ഒരു കയറാല്‍ ബന്ധിച്ച് ബ്രാഹ്മണൻ സ്വന്തം വീട്ടിലേയ്‌ക്ക് പുറപ്പെട്ടു. രാജ്ഞി ഹരിശ്ചന്ദ്രനെ വലംവച്ച് നമസ്ക്കരിച്ച്   ഇങ്ങിനെ പ്രാര്‍ത്ഥിച്ചു.  'ഭഗവാനേ, ഇതുവരെ ഞാൻ ചെയ്ത ദാനധർമ്മങ്ങളും വിപ്രപൂജയും അങ്ങ് സ്വീകരിച്ചുവെങ്കിൽ ഇനിയുള്ള   ജന്മത്തിലും ഈ മഹാരഥൻ എന്റെ കാന്തനായി തീരേണമേ'.

പ്രാണപ്രിയ ഇങ്ങിനെ നമസ്കരിച്ചു നിൽക്കുമ്പോൾ രാജാവ് കണ്ണീരൊഴുക്കി. 'ഹാ ഹാ ' എന്നദ്ദേഹം നിലവിളിച്ചു. 'മരത്തിനെ അതിന്‍റെ തണൽ വേർപിരിയുമോ? എന്നെ വിട്ട് നിനക്കെങ്ങിനെ പോവാനാകും? ഇതുപോലെ സദ്ഗുണശീലയായ ആരുണ്ടീ ലോകത്ത് ?  എന്റെ മകനേ, നീയും എന്നെ വിട്ട് എങ്ങോട്ടാണ് പോവുന്നത്? ഇനി ഞാൻ എവിടെപ്പോവും? എന്റെ രാജ്യം പോയതിലും വനവാസവിധിയിലും എനിക്ക് വിഷമമില്ല. എന്നാൽ സ്വന്തം പുത്രനെ ഞാനെങ്ങിനെ പിരിഞ്ഞു ജീവിക്കും? നല്ല ഭർത്താക്കൻമാർക്ക് സുഖഭോഗം നൽകുന്നവളാണ് ഭാര്യ. എന്നാലിപ്പോൾ നീയിതാ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളായി. ഇക്ഷ്വാകു കുലത്തിൽ പിറന്ന രാജാവിന്റെ ഭാര്യക്കാണ് ഈ ഗതി വന്നത്! ഈ ദുഖസമുദ്രത്തിൽ നിന്നു കരകയറ്റി എനിക്ക് സമാധാനം തരാൻ ഏതു പഴംപുരാണം ആര് പറഞ്ഞാലാണ് മതിയാവുക?

ആ രാജാവ് നോക്കിനിൽക്കെ ചാട്ടവാർ കൊണ്ടു് പ്രഹരിച്ച് രണ്ടാളെയും വിപ്രൻ ആട്ടിത്തെളിച്ചു. 

സൂര്യചന്ദ്രൻമാരടക്കം പരപുരുഷൻമാർ ആരും കണ്ടിട്ടില്ലാത്ത എന്‍റെ മഹാരാജ്ഞിയിതാ നഗരവീഥിയിലൂടെ ദാസിയായി പോകുന്നു! പൂംപട്ടുവിരലുകളുള്ള എന്റെ മകൻ, രാജകുമാരനായി ജനിച്ചിട്ടുമിതാ നീചനായ എന്റെ ദുർനയങ്ങൾ മൂലം ഈ ഗതിയിലായി. ഇത്രയൊക്കെ വിധിവൈപരീത്യങ്ങൾ വന്നിട്ടും  എന്റെ പ്രാണൻ എന്നെ വിട്ടു പോവാത്തതെന്തേ?'

കാശിയിലെ ഉയർന്ന മരങ്ങളും രമ്യഹർമ്യങ്ങളും നിറഞ്ഞ ആ വീഥിയിൽ രാജ്ഞിയും കുമാരനും നടന്നു മറഞ്ഞു. അപ്പോഴേക്കും വിശ്വാമിത്രൻ അവിടെയെത്തി. അദ്ദേഹത്തിന്റെ ശിഷ്യൻമാരും കൂടെയുണ്ട്.

നീ തരാമെന്ന് പറഞ്ഞദക്ഷിണയെവിടെ? സത്യത്തെ മാനിക്കുന്നുവെങ്കിൽ അതിപ്പോൾത്തന്നെ തരിക.

ഇതാ അങ്ങേക്ക് തരാനുള്ള പണം. ഞാൻ രാജസൂയദക്ഷിണ തരാമെന്നേറ്റിരുന്നത് മുഴുവനുമുണ്ട്.

നിനക്കീ പണം എങ്ങിനെ കിട്ടി? എന്നായി മുനി.

അത് അങ്ങെന്തിന്നറിയണം.?ക്കഥ പറഞ്ഞ് എന്റെ ദുഖം വർദ്ധിപ്പിക്കാൻ ഞാനുദ്ദേശിക്കുന്നില്ല.

ഞാൻ ശുദ്ധമായ ധനമേ സ്വീകരിക്കൂ. അതുകൊണ്ടു്  ദ്രവ്യം ഉണ്ടാക്കിയത് എങ്ങിനെയെന്ന് എനിക്കറിഞ്ഞേ തീരൂ.’ മാമുനി വിട്ടില്ല.

ഞാൻ പതിനൊന്നു കോടി പവൻ വിലയ്ക്ക് എന്റെ മകനെയും പ്രിയ പത്നിയെയും വിറ്റുകിട്ടിയ പണമാണിത്. അങ്ങതു സ്വീകരിച്ചാലും.

'ഇതു മതിയാവില്ല രാജാവേ, പണം ഇനിയും ഉണ്ടെങ്കിലല്ലേ ദക്ഷിണയുടെ തുക മുഴുവനുമാവൂ. അതു കൊണ്ട് ഇനിയും പണമുണ്ടാക്കാൻ വേണ്ടത് ചെയ്യുക. ക്ഷത്രിയാധമനായ നീ ദക്ഷിണയായിട്ട് ഉള്ളതു മതി എന്നു തീരുമാനിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. എന്റെ ശാപശക്തി എന്തെന്ന്, ബ്രാഹ്മണന്റെ ആത്മപ്രഭാവം, ശുദ്ധമായ അദ്ധ്യയനം എന്നിവയുടെ ശക്തി നിനക്കറിയണമെന്നുണ്ടോ?

ഭഗവൻ, ക്ഷമിക്കൂ ഞാൻ ബാക്കി ധനം എങ്ങിനെയും തന്നുതീർത്തു കൊള്ളാം. കുറച്ചു സാവകാശം തന്നാലും.

ശരി, ഇനിയും ദിവസത്തിന്റെ നാലിലൊന്ന് തീരാനുണ്ടല്ലോ. അതുവരെ ക്ഷമിക്കാം. പിന്നെ അവധിക്കായി ചോദിച്ചേക്കരുത്.

No comments:

Post a Comment